മൃഗം 10
“നില്‍ക്ക് മോളെ..പോകാന്‍ വരട്ടെ..”
രാത്രി വേഷം മാറി പുറത്തേക്ക് പോകാനിറങ്ങിയ ഡോണയെ തടഞ്ഞുകൊണ്ട് പുന്നൂസ് പറഞ്ഞു. അവള്‍ തിരിഞ്ഞ് അയാളെ കൌതുകത്തോടെ നോക്കി. സാധാരണ താന്‍ പോകുകയാണ് എന്ന് പറഞ്ഞാല്‍ പപ്പാ തിരികെ വിളിക്കാറുള്ളതല്ല.
“എന്താ പപ്പാ…” അവള്‍ അയാളുടെ അരികിലേക്ക് എത്തി.
“മോള്‍ ഇരിക്ക്..ചിലത് പറയാനുണ്ട്”
“ബട്ട് പപ്പാ..ഐ ഹാവ് നോ ടൈം..എനിക്ക് ഒന്ന് രണ്ടുപേരെ കണ്ടു ചെറിയ ഒരു ഇന്റര്‍വ്യൂ നടത്തണം. എങ്കിലേ നാളെ എനിക്ക് ന്യൂസ് നല്കാന്‍ പറ്റൂ. അവള്‍ക്കെതിരെ ആയതുകൊണ്ട് എന്റെ അഭിപ്രായം മാത്രം വച്ച് എഡിറ്റര്‍ സമ്മതിക്കില്ല..”
“അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യമാണ് എനിക്ക് പറയാനുള്ളത്..അത് കേട്ട ശേഷം നീ പൊയ്ക്കോ” പുന്നൂസ് പറഞ്ഞു.
ഡോണ ബാഗ് മാറ്റി വച്ചിട്ട് ഇരുന്നു. എതിരെ പുന്നൂസും റോസിലിനും ഇരുന്നു.
“നിനക്ക് അയാളെ കാണണോ?” പുന്നൂസ് വളച്ചുകെട്ടില്ലാതെ നേരെ ചോദിച്ചു.
“ആരെ?” ഡോണയ്ക്ക് സംഗതി മനസിലായില്ല.
“അഞ്ജനയെ തല്ലിയ ആളെ?”
ഡോണ ഞെട്ടി.
“എന്താ പപ്പ പറഞ്ഞത്? ദാറ്റ് മീന്‍സ് യു നോ ഹിം?”
“യെസ്..ഐ നോ ഹിം..റാദര്‍ ഐ ബ്രോട്ട് ഹിം ഹിയര്‍”
ഡോണയുടെ ഞെട്ടല്‍ ഇപ്പോള്‍ അവളുടെ മുഖത്ത് വളരെ പ്രകടമായിരുന്നു. അവിശ്വസനീയതയോടെ അവള്‍ പുന്നൂസിനെ നോക്കി.
“പപ്പാ, യു ബ്രോട്ട് ഹിം ഹിയര്‍? കാണ്ട് ബിലീവ്; ഫോര്‍ വാട്ട്? എന്തിട്ടെന്തുകൊണ്ട് എന്നോടിത് പറഞ്ഞില്ല?”
“നീ അറിയേണ്ട സമയത്ത് അറിഞ്ഞാല്‍ മതി എന്ന് കരുതി”
“പപ്പാ എന്താണ് പറയുന്നത്..പ്ലീസ് മേക്ക് ഇറ്റ് ക്ലിയര്‍..”
“മോളെ..നിനക്ക് അവനെ കാണണോ അതോ നീ പ്ലാന്‍ ചെയ്ത ഇന്റര്‍വ്യൂവിനു പോകുന്നോ എന്നാണ് എന്റെ ചോദ്യം..ക്ലിയര്‍ അല്ലെ?”
ഡോണ അത്ഭുതത്തോടെ പുന്നൂസിനെ നോക്കി.
അവള്‍ക്ക് ഒന്നും തന്നെ മനസിലാകുന്നുണ്ടയിരുന്നില്ല.
“അയാളെ കാണാന്‍ സാധിച്ചാല്‍ പിന്നെ എന്തിന് മറ്റുള്ളവരുടെ ഇന്റര്‍വ്യൂ? ഇറ്റ് വില്‍ ബി എ ഗ്രേറ്റ് അച്ചീവ്‌മെന്റ് ഫൊര്‍ മി.. നാളെത്തന്നെ അയാള്‍ക്ക് പറയാനുള്ളത് എന്റെ ചാനലിലൂടെ ജനം കേള്‍ക്കും…” ഉത്സാഹത്തോടെ അവള്‍ പറഞ്ഞു.
“ദെന്‍..കം വിത്ത് മി”
പുന്നൂസ് പോകാന്‍ എഴുന്നേറ്റ് സ്കൂട്ടറിന്റെ താക്കോല്‍ എടുത്തു പുറത്തിറങ്ങി. ഡോണ ചോദ്യഭാവത്തില്‍ അമ്മയെ നോക്കി. റോസ്‌ലിന്‍ പുഞ്ചിരിച്ചുകൊണ്ട് വേഗം പോ എന്ന് ആംഗ്യം കാട്ടി.
പുന്നൂസ് തിരികെപ്പോയ ശേഷം വാസു ആലോചനയിലായിരുന്നു.
വാസു കണ്ണുകള്‍ തുടച്ചുകൊണ്ട് ഒരു പെഗ് കൂടി ഒഴിച്ചു. സമയം എട്ട് ആകാറായി. കുറെ കഴിയുമ്പോള്‍ ഗോപാലേട്ടന്‍ ആഹാരവുമായി എത്തും. രുക്മിണിയുടെയും ദിവ്യയുടെയും കാര്യം ഓര്‍ത്തപ്പോള്‍ അവന്റെ മനസ് വിങ്ങുന്നുണ്ടായിരുന്നു. ഒരു സ്കൂട്ടര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു വാസു ജനലിലൂടെ നോക്കി; മുതലാളി ആണ്. ഒപ്പം മകളുമുണ്ട്. അവന്‍ മദ്യവും ഗ്ലാസും അടുക്കളയിലേക്ക് മാറ്റിയിട്ട് വേഗം പുറത്തെത്തി.
“വാസൂ..” പുറത്ത് നിന്നും പുന്നൂസിന്റെ വിളി അവന്‍ കേട്ടു. അവന്‍ മെല്ലെ വാതില്‍ക്കലേക്ക് ചെന്നു. ഒരു ടീ ഷര്‍ട്ടും ലുങ്കിയുമായിരുന്നു അവന്റെ വേഷം. വാസുവിനെ കണ്ട ഡോണയുടെ മുഖം വിടര്‍ന്നു.
“മോളെ..ഇതാണ് നീ അന്വേഷിച്ച ആള്‍..പേര് വാസു. മുഖം സൂക്ഷിച്ചു നോക്കിക്കോ..നീ വീഡിയോയില്‍ കണ്ട ആള് തന്നെയാണോ അതോ വേറെ വല്ലവരും ആണോന്ന്”
പുന്നൂസ് അവള്‍ക്ക് വാസുവിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. അവള്‍ അത്ഭുതത്തോടെയും അതിലേറെ ആദരവോടെയും അവനെ നോക്കി കൈകള്‍ കൂപ്പി.
“ഹായ്..ഞാന്‍ ഡോണ…”
അവള്‍ വിടര്‍ന്ന ചിരിയോടെ സ്വയം പരിചയപ്പെടുത്തി. വാസുവും തിരിച്ചു കൈകള്‍ കൂപ്പി പുഞ്ചിരിച്ചു.
“വാ മോളെ..കയറി ഇരിക്ക്” പുന്നൂസ് അവളെ വിളിച്ചു. അവര്‍ക്ക് ഉള്ളിലേക്ക് കയറാനായി വാസു മാറി നിന്നു.
“ആ കതക് അടച്ചിട്ട് ഇരിക്കടാ” പുന്നൂസ് വാസുവിനോട് പറഞ്ഞു. വാസു കതകടച്ച ശേഷം വന്നു പുന്നൂസും ഡോണയും ഇരുന്ന സോഫയ്ക്ക് എതിരെ ഇരുന്നു.
“ഇതെന്തൊരു നോട്ടമാ കൊച്ചെ? ഞാന്‍ കാഴ്ചബംഗ്ലാവില്‍ നിന്നും ഓടിയിറങ്ങി വന്നതല്ല..മനുഷ്യനാ..” വാസു അവളോട് പറഞ്ഞു.
അതുകേട്ടു പുന്നൂസും അല്പം കഴിഞ്ഞപ്പോള്‍ ഡോണയും ചിരിച്ചു. “എന്റമ്മോ..വീഡിയോയില്‍ കണ്ട വീരസാഹസികനെ നേരില്‍ കണ്ട ആരാധന കൊണ്ട് നോക്കിപ്പോയതാ മാഷേ..കൊല്ലല്ലേ..” അവള്‍ ചിരിക്കിടെ പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി.
“ഒരു വലിയ സീരിയസ് കാര്യം പറയാന്‍ വന്നതാണ്..അവനത് പൊട്ടിച്ച് വെറും പഞ്ഞി ആക്കിയത് കണ്ടില്ലേ…ങാ മോളെ..ഇതാണ് വാസുവിന്റെ മറ്റൊരു മുഖം.. ഞാന്‍ പറഞ്ഞല്ലോ; ഇവനെ ഞാനാണ് കൊച്ചിക്ക് കൊണ്ടുവന്നത്….” പുന്നൂസ് തുടര്‍ന്ന് വാസുവിന്റെ ലഘു ചരിത്രവും അവനെ അവളുടെ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതിന്റെ കാരണങ്ങളും അവളോട് വിശദമായി പറഞ്ഞു. അയാള്‍ സംസാരിക്കുന്നതിനിടെ അവള്‍ ഒരക്ഷരം മിണ്ടിയിരുന്നില്ല. അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഡോണ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ തലയാട്ടി.
“വളരെ നന്നായി പപ്പാ..എന്റെ സുരക്ഷയ്ക്ക് വേണ്ടി പപ്പ കണ്ടെത്തിയ ആള്‍ പെര്‍ഫക്റ്റ് ആണ്..ആ പെര്‍ഫക്ഷന്‍ എന്നെ കാണിക്കാനായി ഒരു പക്ഷെ ദൈവം ഒരുക്കിയ വഴിയാകാം ഇന്ന് രാവിലെ നടന്ന സംഭവം…”
അവള്‍ പറഞ്ഞു. പിന്നെ വാസുവിനെ നോക്കി തുടര്‍ന്നു:
“വാസുവിന് കാര്‍ ഓടിക്കാന്‍ അറിയുമോ? അറിയുമെങ്കില്‍ എന്റെ ഒപ്പം തന്നെ നാളെ മുതല്‍ വരാം..താങ്കളെപ്പോലെ ഒരാള്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ എനിക്കെന്റെ ലക്ഷ്യത്തിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും..” “കാറോടിക്കാന്‍ അറിയാം..പക്ഷെ ഞാന്‍ കൊച്ചിന്റെ കൂടെ വരുന്നതിനേക്കാള്‍ നല്ലത് അല്പം മാറിത്തന്നെ നില്‍ക്കുന്നതല്ലേ? കൊച്ചിനെതിരെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായാല്‍ അതെനിക്ക് അറിയാന്‍ സാധിക്കുമല്ലോ..നമ്മള്‍ ഒരു ടീമാണ് എന്ന് മറ്റുള്ളവര്‍ അറിയാതിരിക്കുന്നതാകും നല്ലത്” വാസു തന്റെ അഭിപ്രായം പറഞ്ഞു.
“നോ ഇഷ്യു..അത് വാസൂന്റെ ഇഷ്ടം..ഇപ്പോള്‍ വാസു എന്റെ കൂടെ ഒരിടം വരെ വരണം..ഞാന്‍ എന്തുകൊണ്ട് അറേബ്യന്‍ ഡെവിള്‍സിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ കാരണം അതോടെ വാസുവിന് നേരില്‍ ബോധ്യമാകും..പപ്പാ ഞാന്‍ പോയിട്ട് വരട്ടെ…?” ഡോണ പുന്നൂസിനോട് ചോദിച്ചു.
“ഈ രാത്രി തന്നെ വേണോ മോളെ? നാളെപ്പോരെ?” പുന്നൂസ് ചോദിച്ചു. “പപ്പാ..ഇന്നത്തെ ജോലി ഇപ്പോള്‍..നാളത്തെ ജോലി ഇന്ന്..അങ്ങനെയല്ലേ പപ്പാ എന്നെ പഠിപ്പിച്ചിട്ടുള്ളത്?”
പുന്നൂസിന് മറുപടി ഉണ്ടായിരുന്നില്ല.
“കമോണ്‍ വാസു..വേഗം ഡ്രസ്സ് ചെയ്യൂ..ലെറ്റ്സ് ഗോ” ഡോണ വാസുവിനെ നോക്കി പറഞ്ഞു.
“ബട്ട്…മോളെ എങ്ങനെ പോകും? നിനക്ക് കാര്‍ എടുക്കണ്ടേ?” “വേണ്ട പപ്പാ..ഞങ്ങള്‍ ബൈക്കില്‍ പൊക്കോളാം..മുംതാസിന്റെ വീട്ടുകാരെ വാസു ഒന്ന് കാണട്ടെ..അവര്‍ക്ക് പറയാനുള്ളത് ഇദ്ദേഹം കേള്‍ക്കണം..മറ്റ് ഇന്റര്‍വ്യൂവും ഒക്കെ നാളെ ചെയ്തോളാം….”
പുന്നൂസിന് മനസ്സില്‍ ചെറിയ ആധി തോന്നാതിരുന്നില്ല. ഗൌരീകാന്തിന്റെ ഗുണ്ടകള്‍ അവനെ സിറ്റി മൊത്തം തിരയുന്നുണ്ടാകും. ഇവര്‍ അവരുടെ കൈയില്‍ ചെന്നു കയറിയാല്‍? വാസു വേഷം മാറാന്‍ ഉള്ളിലേക്ക് പോയപ്പോള്‍ പുന്നൂസ് മകളെ നോക്കി.
“മോളെ..ഇവനെ തിരയാന്‍ അവന്മാര്‍ സിറ്റി മൊത്തം ആളുകളെ നിയോഗിച്ചിട്ടുണ്ടാകും…രാത്രിയിലുള്ള ഈ പോക്ക് വേണോ? അവന്മാര്‍ എന്ത് ചെയ്യാനും മടിക്കാത്ത ആളുകളാണ്…”
“പപ്പാ ഇത് വാസുവിനോട് പറയൂ..അയാള്‍ക്ക് ഭയമുണ്ടെങ്കില്‍ ഞാന്‍ പോകുന്നില്ല” ഡോണ ബോള്‍ പുന്നൂസിന്റെ കോര്‍ട്ടിലേക്ക് ഇട്ടുകൊടുത്തു.
“ഹും ഭയം..അതും വാസുവിന്…മോളെ അവന് ഭയമെന്ന സാധനം എന്താണ് എന്നുപോലും അറിയില്ല…പതിനായിരം പേര്‍ എതിരെ വന്നാലും പിന്തിരിയുന്നവനല്ല അവന്‍..അതാണ് എന്റെ ഭയവും”
“ദെന്‍ ഡോണ്ട് വറി പപ്പാ..ഞാന്‍ തിന്മ ചെയ്യാനല്ല പോകുന്നത് എന്ന് പപ്പയ്ക്ക് അറിയാമല്ലോ? മൃഗീയമായി ബലാല്‍സംഗം ചെയ്യപ്പെട്ട അതേത്തുടര്‍ന്ന് ജീവന്‍ ഹോമിച്ച ഒരു പാവം പെണ്‍കുട്ടിക്ക് നീതി വാങ്ങി കൊടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.. അവര്‍ക്ക് നിയമത്തെ വിലയ്ക്ക് എടുക്കാന്‍ സാധിച്ചു.. പക്ഷെ സകല നിയമങ്ങളുടെയും ഉടമയായ ദൈവത്തെ അവര്‍ക്ക് വിലയ്ക്ക് കിട്ടില്ല…ദൈവം എന്റെ കൂടെയുണ്ട് പപ്പാ..അതാണെന്റെ ധൈര്യം..പപ്പാ പേടിക്കാതെ പൊക്കോ..ഞാന്‍ വീട്ടില്‍ എത്തും….”
മകളുടെ വാക്കുകള്‍ പുന്നൂസിന് വല്ലാത്ത ആത്മവിശ്വാസം നല്‍കി. വാസു ജീന്‍സും ഷര്‍ട്ടും ധരിച്ചു വന്നു. പുന്നൂസ് നല്‍കിയ റിവോള്‍വര്‍ അവന്‍ ഡോണയുടെ കൈയില്‍ നല്‍കി.
“കൊച്ച് ഇത് വച്ചോ…തിരിച്ചു വരുമ്പോള്‍ തന്നാല്‍ മതി” അവന്‍ പറഞ്ഞു. “ഏയ്..വാസു തന്നെ വച്ചോ അത്..എനിക്കിത് ഉപയോഗിക്കാന്‍ അറിയില്ല…” അവള്‍ അത് വാങ്ങാന്‍ വിസമ്മതിച്ചു.
“ഞാന്‍ പിന്നെ ചരല് വാരാന്‍ പോയിടത്ത് ഇത് വച്ച് വെടിപൊട്ടിച്ചു കളിക്കുവല്ലാരുന്നോ? ഇതങ്ങോട്ട് പിടി കൊച്ചെ” അവന്‍ നിര്‍ബന്ധിച്ച് അവളുടെ കൈയില്‍ അതുകൊടുത്തു. പുന്നൂസ് അതുകണ്ട് തൃപ്തിയോടെ പുഞ്ചിരിച്ചു.
“അതെ..അത് മോള്‍ കൈയില്‍ വച്ചോ.
ഡോണ അത് അവളുടെ ഷര്‍ട്ടിന്റെ അടിയില്‍ പിന്നിലായി തിരുകി. “ഒരു മിനിറ്റ്..”
വാസു വേഗം അടുക്കളയിലേക്ക് ചെന്ന് ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം ഒരു വലിക്ക് കുടിച്ചു. പിന്നെ ഒരു വട എടുത്ത് അതേപടി കഴിച്ചിട്ട് പുറത്ത് വന്നു.
“പോകാം” അവന്‍ ഡോണയോട് ചോദിച്ചു.
അവള്‍ പുന്നൂസിനെ നോക്കി. അയാള്‍ തലയാട്ടി. വാസു ചെന്നു പുന്നൂസിന്റെ പാദങ്ങളില്‍ തൊട്ടു.
“സര്‍..അങ്ങ് പേടിക്കണ്ട..ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക…അങ്ങ് ധൈര്യമായി പൊക്കോ..മോളെ ഞാന്‍ വീട്ടില്‍ എത്തിച്ചിരിക്കും” അവന്‍ അയാളോട് പറഞ്ഞു. പുന്നൂസ് നിറ കണ്ണുകളോടെ അവനെ ആലിംഗനം ചെയ്തു.
വാസു പുറത്തിറങ്ങി ഹെല്‍മറ്റ് ധരിച്ചു. പിന്നെ ബൈക്കില്‍ കയറി അത് സ്റ്റാര്‍ട്ട് ചെയ്തു. പിന്നില്‍ ഡോണ കയറിയിരുന്നു. അവള്‍ പപ്പയെ കൈവീശിക്കാണിച്ചു. ബൈക്ക് ഇടിമുഴക്കം പോലെ ശബ്ദമുണ്ടാക്കി റോഡിലേക്ക് ഇറങ്ങി. അതിന്റെ ഹെഡ് ലൈറ്റ് ഇരുളിനെ കീറി മുറിച്ച് മുന്‍പോട്ടു കുതിച്ചു.
ഏകമകളുടെ മരണത്തോടെ ശ്മശാന തുല്യമായി ആ വീട് മാറിയിട്ട് മാസങ്ങള്‍ ആയിരിക്കുന്നു. മരിച്ചിട്ടില്ല എന്ന ഏക കാരണം കൊണ്ടുമാത്രം ജീവിക്കുന്നവരാണ് മുംതാസിന്റെ ബാപ്പ മൂസാക്കയും ഭാര്യ സുബൈദയും. അമ്പത് വയസേ ആയുള്ളൂ എങ്കിലും മൂസാക്ക എന്ന മെലിഞ്ഞ മനുഷ്യന്റെ മുഖത്ത് ഒരു മുഴുവന്‍ ആയുഷ്കാലത്തിന്റെ വേദനയും ദുഖവും കഷ്ടപ്പാടും വരച്ചു വച്ചതുപോലെ ദൃശ്യമായിരുന്നു. ദുഖത്തിന്റെയും സഹനത്തിന്റെയും മറ്റൊരു പര്യായമായി സുബൈദ എന്ന അയാളുടെ ഭാര്യയും ഒരു പ്രതിമ പോലെ ആ ചെറിയ കൂരയുടെ വരാന്തയില്‍ കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു. ടൌണില്‍ തട്ടുകട നടത്തി ഉപജീവിച്ചിരുന്ന മൂസാക്കയുടെ ആഗ്രഹമായിരുന്നു മകളെ പഠിപ്പിച്ചു വലിയ നിലയില്‍ എത്തിക്കണം എന്നുള്ളത്. അതിനായി അയാള്‍ രാത്രി വൈകുവോളം കച്ചവടം നടത്തി. സ്വന്തമായി ഭൂമി ഇല്ലായിരുന്ന അയാള്‍ സര്‍ക്കാര്‍ കോളനിയില്‍ ഉണ്ടാക്കിയ ചെറിയ പുരയിലയിരുന്നു താമസം. ഒരു പുതിയ സ്ഥലവും വീടും വയ്ക്കാന്‍ വേണ്ടി ചെറിയ ഒരു തുക എല്ലാ ദിവസവും അയാള്‍ മാറ്റി വച്ചിരുന്നു. മകളുടെ നിക്കാഹിനു മുന്‍പ് ഈ കോളനിയില്‍ നിന്നും മാറി രണ്ടു സെന്റ് സ്ഥലമെങ്കിലും വാങ്ങി ഒരു പുര വയ്ക്കണം എന്നത് ഏറെക്കുറെ സാക്ഷാത്കരിക്കാറായ സമയത്താണ് മകള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മറക്കാനാകാത്ത ആ ദുര്‍ദ്ദിനം ഓരോ സെക്കന്റിലും അയവിറക്കിക്കൊണ്ടിരുന്ന മൂസാക്കയുടെയും സുബൈദയുടെയും മങ്ങിയ കണ്ണുകളില്‍ കണ്ണീര്‍ പോലും വറ്റിപ്പോയിരുന്നു.
“സുബൈദ..എന്തിനിങ്ങനെ ഇരിക്കുന്നു..ഞമ്മക്ക് കഞ്ഞി കുടിച്ചിട്ട് കിടക്കാം..”
നിര്‍ജീവനെപ്പോലെ ഇരുന്ന മൂസാക്കയുടെ വരണ്ട ചുണ്ടുകള്‍ പിറുപിറുത്തു. പുറത്ത് കോളനിയിലെ ബഹളങ്ങളുടെ ഇടയ്ക്കും ജീവന്റെ അംശം പോലുമില്ലാത്ത അന്തരീക്ഷത്തില്‍ ഒറ്റപ്പെട്ടിരുന്ന ആ വീട്ടില്‍ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ കേള്‍ക്കപ്പെട്ട ആദ്യ വാക്കുകള്‍ ആയിരുന്നു അത്. തളര്‍ന്ന ശരീരത്തോടെയും മനസോടെയും സുബൈദ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആണ് വാസുവും ഡോണയും ബൈക്കില്‍ അവരുടെ വീടിന്റെ വാതില്‍ക്കല്‍ എത്തി നിന്നത്. ആരാണ് വന്നതെന്നറിയാന്‍ തലയുയര്‍ത്തി മൂസ നോക്കി. ഡോണയെ കണ്ടപ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ സജലങ്ങളായി. നിര്‍ജീവമായിരുന്ന സുബൈദയുടെ മുഖത്ത് സന്തോഷത്തിന്റെ ചെറിയ ഒരു മിന്നലാട്ടം ദൃശ്യമായി.
“ഡോണ മോള്…” മൂസയുടെ ചുണ്ടുകള്‍ പിറുപിറുത്തു. ഡോണ പ്രസരിപ്പോടെ ഉള്ളിലേക്ക് കയറി.
“ഹായ് വാപ്പച്ചി..ഉമ്മാ..എന്താ രണ്ടാളും കൂടി പരിപാടി?” ഡോണ മൂസയെയും സുബൈദയെയും തലോടിക്കൊണ്ട് ചോദിച്ചു.
“ന്റെ മോളെ..നീ വരുമ്പോഴാണ് ഞങ്ങള്‍ക്ക് ജീവനുണ്ടെന്നും മരിച്ചിട്ടില്ലെന്നും തോന്നാറുള്ളത്..ഇരിക്ക് മോളെ..കൂടാരാ ബന്നത്?” മൂസ ചോദിച്ചു.
“എന്റെ കൂടെ ജോലി ചെയ്യുന്ന ആളാ വാപ്പച്ചി..വാസു..”
വാസു ഉള്ളിലേക്ക് കയറി അവരെ ഇരുവരെയും നോക്കി കൈകള്‍ കൂപ്പി.
“ഓ ക്ഷമിക്കണം കാക്കാ..അസ്സലാമു അലൈക്കും” വാസു തനിക്ക് പറ്റിയ അബദ്ധം തിരുത്തിക്കൊണ്ട് പറഞ്ഞു.
“വാ അലൈക്കും അസ്സലാം..ഇരിക്ക് മോനെ..” മൂസാക്കയുടെ മുഖം വിടര്‍ന്നിരുന്നു അവന്റെ പെരുമാറ്റത്തില്‍.
“ഉമ്മ എന്താ നോക്കുന്നത്…” വാസുവിനെത്തന്നെ നോക്കി നിന്ന സുബൈദയോട് ഡോണ ചോദിച്ചു.
“ഒന്നൂല്ല മോളെ..ഈ ആളിന്റെ മുഖം..അതാ ഞമ്മള്‍ ഓര്‍ക്കുന്നത്…എബടോ കണ്ടിരിക്കുന്നു….ങാ..ഓര്‍മ്മ വന്നു.പെട്ടെന്ന് .” അവരുടെ മുഖത്ത് ഭീതി നിഴലിക്കുന്നത് ഡോണ കണ്ടു.
“എന്താ ഉമ്മ..പറ..എവിടെ വച്ചാ കണ്ടത്? എന്താ ഉമ്മയുടെ മുഖത്ത് ഒരു ഭയം” “മോളെ..ഇന്ന് ബൈകിട്ടു കുറെ പിള്ളേര്‍ ഇബട വന്നിരുന്നു..ഈ മോന്റെ ഒരു ഫോട്ടോ ഓരുടെ കൈയില്‍ ഉണ്ടായിരുന്നു..ഇയാളെ അറിയുമോ ഇവിടെങ്ങാനും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാണ് ബന്നത്..ഒക്കേം ഗുണ്ടകളാ..എന്താ മോനെ പ്രശ്നം”
സുബൈദ ഭീതിയോടെ ശബ്ദം വളരെ താഴ്ത്തി അവരോട് പറഞ്ഞു. ഡോണ ആശങ്കയോടെ വാസുവിനെ നോക്കി. പപ്പാ പറഞ്ഞത് ശരിയാണ്! അവന്മാര്‍ വാസുവിനെ തിരക്കി തുടങ്ങിയിരിക്കുന്നു. സിറ്റിയെ അരിപ്പ വച്ച് അവന്മാര്‍ പരിശോധിക്കും. പക്ഷെ ഭീതിപ്പെടുത്തുന്ന ആ സംഗതി കേട്ടിട്ടും വാസുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദം ഒന്നും അവള്‍ കണ്ടില്ല.
“മോനെ..നീ ആരാന്നു ഞമ്മക്ക് അറിയൂല്ല..പക്ഷെ നീ സൂക്ഷിക്കണം..ഈ കോളനിയിലെ എല്ലാ വീടുകളിലും അവര് തിരക്കിയിട്ടാണ് പോയത്..അന്നേ കാണിച്ചു കൊടുത്താല്‍ എന്തോ സമ്മാനം വരെ കൊടുക്കും എന്നും പിള്ളേര് പറേന്ന കേട്ടു” മൂസാക്കയും അവന്റെ മുഖം ഓര്‍ത്തെടുത്തുകൊണ്ട് പറഞ്ഞു. “സാരമില്ല കാക്കാ..കൊച്ച് ഇവരോട് മറ്റേ കാര്യം പറ” വാസു പറഞ്ഞു.
ഡോണ തലയാട്ടി.
“വാപ്പച്ചി..ഉമ്മാ.. എനിക്കും വാസുവിനും എതിരെ കളിക്കുന്നത് നമ്മുടെ മുംതാസിന്റെ ഘാതകര്‍ തന്നെയാണ്. അവളെ നശിപ്പിച്ചവര്‍ ഒരു ശിക്ഷയും വാങ്ങാതെ ഈ നഗരത്തെ കൈകളില്‍ ഇട്ടു അമ്മാനമാടി രാജാക്കന്മാരായി ഇവിടെ വാഴുകയാണ്…അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനുള്ള എന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ഒരു കൂട്ടാളി ആണ് ഈ വാസു..ഞങ്ങള്‍ ഒരുമിച്ചു നിന്നാല്‍ ഉദ്ദേശിച്ച ജോലി വേഗത്തില്‍ നടക്കും..വാപ്പച്ചി എല്ലാ കാര്യങ്ങളും വാസുവിനോട് പറയൂ..ഞാന്‍ പറഞ്ഞു കൊടുക്കുന്നതിലും ഇത് വാപ്പച്ചിയുടെ നാവില്‍ നിന്നും ഇദ്ദേഹം കേള്‍ക്കുന്നതാണ് നല്ലത്..വാസു ഇരിക്കൂ..”
ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്ന ശേഷം മറ്റൊരെണ്ണം വാസുവിന് നല്‍കി ഡോണ പറഞ്ഞു.
“മക്കളെ..ഉമ്മ ശകലം ചായ ഉണ്ടാക്കട്ടെ..ഈ മോന്‍ ആദ്യമായി വീട്ടില്‍ ബന്നതല്ലേ”
“ആയിക്കോട്ടേ ഉമ്മ..കൂട്ടത്തില്‍ കടിയും ആകാം”
വാസുവിന്റെ സംസാരം കേട്ടു ഡോണ അവനെ ശാസനാരൂപത്തില്‍ നോക്കി. “ഉമ്മ കടി എനിക്ക് മാത്രം മതി..ഈ കൊച്ചിന് മാണ്ട”
അവന്റെ സംസാരം കേട്ടപ്പോള്‍ കടുത്ത ദുഖത്തിന്റെ നിറുകയിലും സുബൈദ ചിരിച്ചു പോയി.
“അയിനിപ്പം ഇബട കടി ഒന്നും ഇല്ലല്ലോ പഹയാ..പിന്നെങ്ങനാ അനക്ക് മാത്രം തര്വ” വാസു സരസനാണ് എന്ന് മനസിലാക്കിയ മൂസാക്കയും വിട്ടുകൊടുത്തില്ല.
“ഓ..എന്നാപ്പിന്നെ ചായ രണ്ടു ഗ്ലാസ് പോരട്ടെ” വാസു തല ചൊറിഞ്ഞു.
വളരെ വലിഞ്ഞുമുറുകി നിന്നിരുന്ന ആ വീട്ടിലെ അന്തരീക്ഷം ഐസ് പോലെ ഉരുകുന്നത് കണ്ടപ്പോള്‍ ഡോണ അത്ഭുതത്തോടെ വാസുവിനെ നോക്കി. അവളുടെ കണ്ണുകളില്‍ ഒരുതരം ആരാധന പ്രകടമായിരുന്നു. സുബൈദ ഉള്ളിലേക്ക് പോയപ്പോള്‍ ഡോണ മൂസയെ നോക്കി.
“മോനെ..ഞമ്മള്‍ക്ക് പടച്ചോന്‍ ഒരു മോളെ തന്നിരുന്നു..ഈ ഡോണ മോളെപ്പോലെ സുന്ദരിയും മിടുക്കിയുമായിരുന്നു ഓള്‍..പേര് മുംതാസ്..സ്കൂള്‍ മുതല്‍ കോളജ് ബരെ ഇവര്‍ രണ്ടുപേരും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു. എന്റെ മുംതാസും ഡോണ മോളും എന്നെ വാപ്പച്ചി എന്നാണ് വിളിക്കുന്നത്..ഇവര് രണ്ടുപേരും എനിക്കും സുബൈദാനും ഒരേപോലെ ആണ്..ഡോണ മോള് ഈ നഗരത്തിലെ ഒരു കോടീശ്വരന്റെ മോളാണ് എന്ന് എന്റെ മുംതാസ് പറഞ്ഞിട്ട് ഞമ്മള്‍ വിശ്വസിച്ചില്ല..അവള്‍ എന്നെ ഈ മോള്‍ടെ ബീട്ടില്‍ ഒരീസം കൊണ്ടോയി..പടച്ചോനാണേ ഈ മോള്‍ടെ മനസിന്റെ ബലുപ്പം അന്നാണ് ഞമ്മള് നേരില്‍ അറീന്നത്…ഇവിടെ ഞമ്മട ഈ ചെറിയ കൂരേല്‍ ഞമ്മക്കൊപ്പം ഇരുന്ന് എത്ര തവണ ഈ മോള് ആഹാരം കയ്ചിട്ടുണ്ടെന്നോ.. ഈ ഭാഗത്തേക്ക് സാധാരണക്കാര് പോലും ബരാറില്ല..അത്രക്ക് മോസം കോളനിയാ ഇത്..” ഒരു ദീര്‍ഘനിശ്വാസത്തോടെ നിര്‍ത്തി കണ്ണുകള്‍ തുടച്ചിട്ട് മൂസാക്ക തുടര്‍ന്നു:
“റെയില്‍വേ സ്റ്റേഷന്റെ അടുത്ത് ഒരു തട്ടുകട നടത്തിയാണ് ഞമ്മള് കുടുംബം പോറ്റിയിരുന്നത്..പഠിക്കാന്‍ മിടുക്കിയായ എന്റെ മോളെ പഠിപ്പിച്ചു വല്യ ഒരാളാക്കി, നല്ല നിലയില്‍ നിക്കാഹ് നടത്തി വിടണം എന്ന ഒരൊറ്റ സ്വപ്നമേ ഞമ്മക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ. ഓള്‍ക്ക് വേണ്ടി ജോലി ചെയ്യാനും ജീവിക്കാനും ഞമ്മക്ക് പെരുത്ത് സുഖം തന്നായിരുന്നു..ഓലെ പഠിപ്പിക്കുക..ഓള്‍ക്ക് നല്ല തുണി ബാങ്ങി നല്‍കുക..ഓള്‍ക്ക് ഇഷ്ടമുള്ള ആഹാരം നല്‍കുക..ഞമ്മടെ ജീബിതം മൊത്തം ഓലെ ചുറ്റിപ്പറ്റി ആയിരുന്നു മോനെ….ഞമ്മള് രാത്രി വളരെ വൈകിയും കച്ചോടം നടത്തി നല്ലൊരു സ്ഥലത്ത് ചെറിയ ഒരു പൊര ബക്കാനും ഓള്‍ടെ നിക്കാഹ് അവിടെ വച്ച് നടത്താനും വേണ്ട പണം കുറേശ്ശെ സമ്പാദിച്ചു വയ്ക്കുന്നുണ്ടായിരുന്നു..കോളജിലെ പഠിപ്പ് കഴിഞ്ഞ് ഈ മോള് ഏതോ ടിവി കമ്പനീല് ജോലിക്ക് കയറിയപ്പോള്‍ ഓള്‍ക്ക് ഒരു ബാങ്കിലാണ് ജോലി കിട്ടിയത്. ആദ്യശമ്പളം കിട്ടിയ അന്ന് എന്റെ മോള് ഞമ്മക്ക് എന്തൊക്കെയാ ബാങ്ങി ബന്നതെന്നോ..അന്ന് ഈ മോളേം ഇബട ബിളിച്ച് നല്ല ബിരിയാണീം കയ്ച്ച് ഞങ്ങള്‍ എത്ര സന്തോഷിച്ചു….പച്ചേങ്കി ആ സന്തോസം പടച്ചോന് പിടിച്ചില്ല മോനെ..പിടിച്ചില്ല…ജോലിക്ക് കയറി ഏതാണ്ട് ആറോ ഏഴോ മാസങ്ങള്‍ ആയപ്പോഴാണ് എന്റെ കുട്ടി ആ കടുംകൈ ചെയ്തത്..ഈ വീടിന്റെ മച്ചില്‍ ഓള്…ഓള്…” പൂര്‍ത്തിയാക്കാനാകാതെ മൂസാക്ക തേങ്ങി.
വാസു ആ ചുക്കിച്ചുളിഞ്ഞ മുഖത്തെ കണ്ണീര്‍ വേദനയോടെ നോക്കി. അയാളുടെ വേദന അതിന്റെതായ ആഴത്തില്‍ അവനു മനസിലാക്കാന്‍ സാധിക്കില്ലായിരുന്നു എങ്കിലും ഒരേയൊരു മകള്‍ അകാലത്തില്‍ നഷ്ടപ്പെട്ട ഒരു പിതാവിന്റെ ദുഃഖം എത്ര കഠിനമായിരിക്കും എന്നവന് ഏറെക്കുറെ ഊഹിക്കാന്‍ സാധിക്കുമായിരുന്നു. അവരുടെ സ്വപ്നവും ജീവിതവും സന്തോഷവും എല്ലാം അവളായിരുന്നു.
“വാസു..നോക്ക്..അതാണെന്റെ മുംതാസ്” നിറകണ്ണുകളോടെ ഡോണ ഭിത്തിയില്‍ തൂക്കിയിരുന്ന ഒരു ഫോട്ടോയിലേക്ക് ചൂണ്ടി പറഞ്ഞു. വാസു നോക്കി; മാലാഖയെപ്പോലെ നിഷ്കളങ്ക മുഖമുള്ള ആ പെണ്‍കുട്ടിയുടെ മുഖം കണ്ടപ്പോള്‍ അവന്റെ മനസും വിങ്ങി.
“അവള്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് ആദ്യം ഞങ്ങള്‍ എല്ലാവരും കരുതിയത്.. അത് ആത്മഹത്യ തന്നെ ആയിരുന്നു താനും..പക്ഷെ..” ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് തുടര്‍ന്നു “ആ ആത്മഹത്യ അവളെക്കൊണ്ട് ചിലര്‍ ചെയ്യിച്ചതായിരുന്നു…” അവള്‍ അമര്‍ഷത്തോടെ പല്ലുകള്‍ ഞെരിച്ചു. “മക്കളെ ചായ..” സുബൈദ രണ്ടു ഗ്ലാസുകളില്‍ ചായയുമായി വന്ന് ഇരുവര്‍ക്കും നല്‍കി.
“മൂസാക്കയ്ക്ക് വേണ്ടേ?” വാസു ചോദിച്ചു. “മാണ്ട മോനെ..ഞമ്മള് രാത്രീല് ചായ കുടിക്കാറില്ല” “എന്താണ് മുംതാസ് മരിക്കാനുള്ള കാരണം?” ചായ കുടിച്ച ശേഷം വാസു ചോദിച്ചു.
“ഓലെ ചതിച്ചതാ മോനെ..എന്റെ പൊന്നുമോളെ അവന്മാര് ചതിച്ചു..” സുബൈദ ഏങ്ങലടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
“വാസു..എന്നോട് പൊതുവേ എല്ലാം തുറന്ന് പറയാറുള്ള മുംതാസ് ഒരു കാര്യം മാത്രം എന്നില്‍ നിന്നും ഒളിപ്പിച്ചു വച്ചിരുന്നു; അത് അവളുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയബന്ധമായിരുന്നു. എറണാകുളം നഗരത്തിലെ ഒരു പ്രധാന ജൂവലറിയുടെ ഉടമയുടെ മകനായ കബീര്‍ എന്ന യുവാവുമായി അവള്‍ പ്രേമത്തിലായിരുന്നു. അവളുടെ ബാങ്കിലാണ് ആ ജൂവലറിയുടെ പ്രധാന ഇടപാടുകള്‍ നടക്കുന്നത്.
അവിടെ സ്ഥിരമെത്തിയിരുന്ന കബീര്‍ മുംതാസിന്റെ സൌന്ദര്യം കണ്ട് അവളെ മോഹിച്ചു. സാധാരണ ഇത്തരം ചാപല്യങ്ങള്‍ക്ക് വഴങ്ങാത്ത പെണ്ണാണ് അവള്‍; പക്ഷെ ഇവന്റെ വലയില്‍ അവളെങ്ങനെ വീണു എന്നെനിക്ക് ഒരു ഊഹവുമില്ല. അവളവനെ അന്ധമായി വിശ്വസിച്ചു. ആ വിശ്വാസം അവര്‍ തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ വരെ എത്തി; മുംതാസ് ഗര്‍ഭിണിയുമായി. ആദ്യം കബീര്‍ കാണിച്ച ആവേശം അവള്‍ ഗര്‍ഭം ധരിച്ചതോടെ ഇല്ലാതായി എന്ന് വേണം അനുമാനിക്കാന്‍. മരിക്കുന്നതിന് മുന്‍പ് മുംതാസ് എനിക്കൊരു എഴുത്തെഴുതി പോസ്റ്റ് ചെയ്തിരുന്നു. അവള്‍ മരിച്ച ശേഷമാണ് ആ കത്തെനിക്ക് കിട്ടുന്നത്. അതില്‍ നിന്നുമാണ് ഞാന്‍ അവളുടെ മരണത്തിനു പിന്നിലെ സത്യങ്ങള്‍ അറിഞ്ഞത്” ഒന്ന് നിര്‍ത്തിയ ശേഷം ഡോണ ചായ അല്പം കുടിച്ചു; പിന്നെ തുടര്‍ന്നു:
“ആ കത്തില്‍ കബീറും അവളും തമ്മിലുള്ള ബന്ധവും, അവനില്‍ നിന്നും അവള്‍ ഗര്‍ഭം ധരിച്ചതും..താനൊരു ചേരിയില്‍ താമസിക്കുന്ന ആളാണ് എന്നറിഞ്ഞപ്പോള്‍ അവന്റെ സ്വഭാവം മാറിയതും..വിവാഹം നടക്കില്ല എന്നും അതുകൊണ്ട് അവള്‍ അബോര്‍ഷന്‍ നടത്തണമെന്ന് അവന്‍ പറഞ്ഞതുമെല്ലാം അവളതില്‍ എഴുതിയിരുന്നു. പക്ഷെ മുംതാസ് പല പുരുഷന്മാരുടെ പിന്നാലെ പോകുന്ന, മാനം പോയാല്‍ അത് രഹസ്യമായി വച്ച് തന്നെ മറ്റൊരു പുരുഷന്റെ വിഴുപ്പാക്കി മാറ്റാന്‍ മനസില്ലാത്ത പെണ്ണായിരുന്നു. പക്ഷെ അവളുടെ മനസിന്റെ വില അറിയാനുള്ള കഴിവോ താല്‍പര്യമോ കബീര്‍ എന്ന മാംസദാഹിക്ക് ഉണ്ടായിരുന്നില്ല..അവള്‍ക്ക് ഗര്‍ഭം അലസിപ്പിക്കാനും മനസ് വന്നില്ല. കബീര്‍ ഉപേക്ഷിച്ചാലും സാരമില്ല, കുട്ടിയെ പ്രസവിച്ചു വളര്‍ത്തും എന്നുതന്നെ അവള്‍ തീരുമാനം എടുത്തു. മേലില്‍ എങ്കിലും കബീറിന്റെ മനസ് മാറി തന്നെയും കുഞ്ഞിനേയും അവന്‍ സ്വീകരിച്ചേക്കും എന്നൊരു ചെറിയ പ്രതീക്ഷയും അവള്‍ക്ക് ഉണ്ടായിരുന്നു. ഇനി അത് സംഭവിച്ചില്ല എങ്കിലും, മറ്റൊരു പുരുഷന്റെ ഭാര്യയാകാന്‍ അവള്‍ക്ക് മനസുണ്ടായിരുന്നില്ല. ശിഷ്ടകാലം തന്റെ കുഞ്ഞിനു വേണ്ടി ജീവിക്കും എന്നവള്‍ തീരുമാനിച്ചു. പക്ഷെ ഈ തീരുമാനത്തെ കബീര്‍ എതിര്‍ത്തു. നാളെ കുഞ്ഞിനെ ഉപയോഗിച്ച് അവള്‍ തന്റെ ജീവിതത്തിന് ഭീഷണി ഉണ്ടാക്കാന്‍ ഇടയുണ്ട് എന്നവന്‍ ചിന്തിച്ചു. വേണമെങ്കില്‍ അവള്‍ക്ക് അവന്റെ പിതൃത്വം തെളിയിക്കാന്‍ പറ്റുമെന്നും, അത് തന്റെ അന്തസും അഭിമാനവും ഇല്ലാതാക്കുമെന്നും ചിന്തിച്ച കബീര്‍ അവള്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു; പക്ഷെ മുംതാസ് എന്ന എന്റെ കൂട്ടുകാരിയുടെ മനസ്സിന്റെ ഒരു അംശം പോലും മനസിലാക്കാന്‍ കഴിവില്ലാത്ത വെറുമൊരു അധമന്‍ ആയിരുന്നു അവന്‍. അവള്‍ക്ക് അങ്ങനെയുള്ള യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നവള്‍ എഴുത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അവള്‍ അവനോടു ഇനിമേല്‍ തന്നെ കാണരുത് എന്ന് താക്കീത് നല്‍കി..താന്‍ അവനൊരിക്കലും ശല്യമാകാതെ ജീവിച്ചോളാം എന്നവള്‍ അവനോടു പറയുകയും ചെയ്തു..അങ്ങനെ കബീര്‍ പോയി..പക്ഷെ പിന്നെയാണ് സംഗതി കീഴ്മേല്‍ മറിഞ്ഞത്”
വാസു ഉദ്വേഗത്തോടെയാണ് ഡോണ പറഞ്ഞത് കേട്ടുകൊണ്ടിരുന്നത്.
“അതിനു ശേഷം കബീര്‍ അവളെ കാണാന്‍ ചെന്നിട്ടില്ല..ബാങ്കില്‍ അവന്‍ പകരം ജോലിക്കാരെ വിടാന്‍ തുടങ്ങി..ഏറെ താമസിയാതെ മുംതാസിനു ചില ഭീഷണി ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. വിവരം അവള്‍ ആരോടും പറഞ്ഞില്ല. പറയാതിരിക്കാന്‍ കാരണം അവള്‍ ഗര്‍ഭിണിയാണ് എന്ന രഹസ്യം പരസ്യമാകും എന്ന ഭീതി മൂലമായിരുന്നു. പക്ഷെ അവള്‍ ഭയക്കാതെ മുന്നേറിയപ്പോള്‍ ഒരു ദിവസം വീട്ടിലേക്ക് വരുന്ന വഴി ചിലര്‍ ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയി. അവിടെവച്ച് അവളോട് അവര്‍ അബോര്‍ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ മുംതാസ് തന്റെ നിലപാടില്‍ ഉറച്ചുതന്നെ നിന്നു. താന്‍ ആര്‍ക്കും ശല്യമാകില്ല എന്നവള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ആ മൂവരും അവളെ മൃഗീയമായി ബലാല്‍സംഗം ചെയ്തു. അവരുടെ കൊതി തീര്‍ന്നപ്പോള്‍ അവരുടെ ഏതോ ഒരു റാന്‍ മൂളിയോടും അവളെ അനുഭവിച്ചോളാന്‍ പറഞ്ഞു. അവന്‍ അവളെ ബന്ധപ്പെടുന്ന വീഡിയോ അവര്‍ എടുത്തു. തളര്‍ന്ന് കിടന്ന മുംതാസിനെ അവരുടെ ഏതോ ഡോക്ടറെ വച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു…ഇതിനെതിരെ എവിടെയെങ്കിലും പരാതിക്ക് പോയാല്‍, അവളുടെ വീഡിയോ ലോകം മൊത്തം കാണും എന്നവര്‍ ഭീഷണിയും മുഴക്കി. എന്നാല്‍ അവരോട് സഹകരിച്ചു നിന്നാല്‍ അവള്‍ക്ക് സുഖമായി ജീവിക്കാം എന്നും അവര്‍ പറഞ്ഞത്രേ….അങ്ങനെ ജീവിതം പാടെ നശിച്ച അവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്നാണ് അവള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്..അത്രമാത്രം സ്വാഭിമാനം ക്ഷതപ്പെട്ടു പോയിരുന്നു അവള്‍ക്ക്..തന്നെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത ആ മൂവര്‍ സംഘത്തെ അവള്‍ക്ക് പക്ഷെ അറിയില്ലായിരുന്നു..അവര്‍ ആരാണ് എന്ന് എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍ ഞാനാണ് കണ്ടെത്തിയത്..അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയുടെ നേതാക്കന്മാരായിരുന്നു അവന്മാര്‍..മുംതാസിന്റെ മരണം ഒരു സ്വാഭാവിക മരണമല്ല എന്ന് എന്റെ ചാനലിലൂടെ ഞാന്‍ നടത്തിയ പോരാട്ടം മറ്റു ചാനലുകളും ഏറ്റെടുത്തപ്പോള്‍ പോലീസിനു ഇടപെടേണ്ടി വന്നു..അങ്ങനെയാണ് അറേബ്യന്‍ ഡെവിള്‍സ് ഇട്ടുകൊടുത്ത, അവളെ അവസാനം പ്രാപിച്ച വ്യക്തിയെ വീഡിയോ തെളിവിന്റെ അടിസ്ഥാനത്തിലും അയാള്‍ കുറ്റം സമ്മതിച്ചതിന്റെ പശ്ചാത്തലത്തിലും പോലീസ് അറസ്റ്റ് ചെയ്തത്.”
“അവന്റെ പേരെന്താണ്?” വാസു ചോദിച്ചു. “ഒരു അസീസ്..” ഡോണ വെറുപ്പോടെ പറഞ്ഞു. “കൊച്ച് ആ എഴുത്ത് പോലീസിനു നല്‍കിയില്ലേ?”
“നല്‍കി..പക്ഷെ അതില്‍ പ്രതികളുടെ പേരില്ലായിരുന്നല്ലോ? മാത്രമല്ല..ചാനലുകളില്‍ പ്രശ്നം തുടങ്ങിയതോടെ കബീര്‍ ഏതോ വിദേശ രാജ്യത്തേക്ക് പോകുകയും ചെയ്തു..അവനെവിടെയാണ് എന്നൊരു വിവരവും ഇപ്പോഴും ആര്‍ക്കുമില്ല…പണമുള്ള അവന് എവിടെയും പോകാന്‍ പറ്റുമല്ലോ…മെല്ലെമെല്ലെ ആളുകള്‍ ഇത് മറക്കുകയും മുംതാസിന്റെ ജീവിതം ചവിട്ടി അരച്ചവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇവിടെ നെഞ്ചു വിരിച്ചു ഇതേപോലെ വിലസി ജീവിക്കുകയും ചെയ്യും..അത് ഞാന്‍ അനുവദിക്കില്ല.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് നല്‍കാന്‍ ഇനി എനിക്ക് സാധിക്കുന്ന ഏക സമ്മാനം അവളെ ചതിച്ചവര്‍ക്ക് എതിരെ പ്രതികാരം ചെയ്യുക എന്നത് മാത്രമായിരിക്കും..എന്റെ മാര്‍ഗ്ഗം നിയമത്തിന്റെ വഴിയിലൂടെത്തന്നെ അവര്‍ക്കെതിരെ ഉള്ള തെളിവുകള്‍ സമാഹരിക്കുക എന്നതാണ്….”
“നിയമപരമായി അവരെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍..കൊച്ച് എന്ത് ചെയ്യും?” വാസു ചോദിച്ചു.
“അത് അപ്പോള്‍ നോക്കാം….മുംതാസിനെ കബീര്‍ സ്നേഹിച്ചിരുന്നു എന്നതിനുള്ള തെളിവുകളും സാക്ഷികളും എനിക്ക് കിട്ടിക്കഴിഞ്ഞു..ഇനി അവിടെ നിന്നും അറേബ്യന്‍ ഡെവിള്‍സിന്റെ ഇടപെടലിലേക്ക് എനിക്ക് എത്തിച്ചേരാന്‍ കണ്ണികള്‍ വേണം…അത് അപകടം പിടിച്ച വഴിയാണ്..അവിടെയാണ് എനിക്ക് വാസുവിന്റെ സഹായം അത്യാവശ്യമാകുന്നത്”
“മോളെ..ഞങ്ങളുടെ മോളോ പോയി..ഇപ്പോള്‍ ഈ വാപ്പച്ചിക്കും ഉമ്മയ്ക്കും ഏക ആശ്വാസം മോളാണ്..മോള്‍ ഇതിന്റെ പിന്നാലെ പോയി അപകടം ഒന്നും വരുത്തി ബക്കണ്ട..അവര്‍ക്കുള്ള ശിക്ഷ പടച്ചോന്‍ നല്‍കും..” കണ്ണുകള്‍ തുടച്ചുകൊണ്ട് മൂസ പറഞ്ഞു.
“ഉറപ്പായും വാപ്പച്ചി..പടച്ചോന്‍ അവര്‍ക്ക് ശിക്ഷ നല്‍കും..പക്ഷെ അത് ചിലപ്പോള്‍ എന്നില്‍കൂടി ആയിരിക്കുമെന്ന് മാത്രം..എന്റെ കൂട്ടുകാരിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ ഒരു മനുഷ്യസ്ത്രീ ആകുമോ? ഇത് എന്റെ മുംതാസിനു വേണ്ടി മാത്രമല്ല..ഇനി ഇതുപോലെ മറ്റൊരു പെണ്ണിനും സംഭവിക്കരുത്..ഇത് ചെയ്തവര്‍ക്കുള്ള ശിക്ഷ ലോകം അറിയണം…അതുവരെ ഞാന്‍ പോരാടും..വാസു..നമുക്ക് പോകാം….” ഡോണ പോകാനായി എഴുന്നേറ്റു.
“പോട്ടെ കാക്കാ..പോട്ടെ ഉമ്മ..ഞങ്ങള്‍ ഇനിയും വരാം..നിങ്ങള്‍ വിഷമിക്കരുത് എന്നെനിക്ക് പറയാന്‍ പറ്റില്ല..പക്ഷെ മുംതാസിനെ കാണുന്നത് പോലെ ഞങ്ങളെയും കാണാം എന്നെ പറയുന്നുള്ളൂ…അവള്‍ നമ്മെക്കാള്‍ ഭാഗ്യമുള്ളവള്‍ ആണെന്ന് വിചാരിക്കുക..ഈ ലോകത്തിന്റെ നെറികേട് ഇനിയും അവള്‍ക്ക് അനുഭവിക്കേണ്ടല്ലോ..പക്ഷെ അവളെ ഇതിലേക്ക് നയിച്ച ഒരുത്തനും ഇനി സമാധാനത്തോടെ ജീവിക്കാന്‍ പോകുന്നില്ല…”
വാസു മൂസയുടെ കരങ്ങളില്‍ പിടിച്ചാണ് അത് പറഞ്ഞത്.
“അനക്കത് കയിയും മോനെ..എന്റെ മോളെ നശിപ്പിച്ചവരെ നശിപ്പിക്കാന്‍ അനക്ക് സാധിക്കും..അന്റെ ഈ കൈകള്‍ക്ക് അതിനുള്ള കരുത്തുണ്ട്….” മൂസ അവന്റെ കൈകളില്‍ ബലമായി പിടിച്ചുകൊണ്ട് പറഞ്ഞു.
“ഉമ്മ ഞങ്ങള്‍ പോകുന്നു..ഇനിയും വരാം” ഡോണ സുബൈദയുടെ കരങ്ങള്‍ കവര്‍ന്നു പറഞ്ഞു.
“സൂക്ഷിക്കണേ മോളെ..ആ ശെയ്ത്താന്മാര്‍ ഈ മോനെ തേടുന്നുണ്ട്” സുബൈദ നിറ കണ്ണുകളോടെ പറഞ്ഞു. ഡോണ തലയാട്ടി.
വാസു പുറത്തിറങ്ങി ചുറ്റും നോക്കി. ധാരാളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വലിയ ഒരു കോളനിയാണ് അത്. അല്പം അകലെ നിന്നുകൊണ്ട് ഒരു യുവാവ് അവനെ നോക്കുന്നതും മൊബൈല്‍ എടുത്ത് ആരോടോ തിടുക്കത്തില്‍ സംസാരിക്കുന്നതും വാസു കണ്ടു.
“കൊച്ച് ബൈക്ക് ഓടിക്കുമോ?” ഡോണ പുറത്തു വന്നപ്പോള്‍ വാസു ചോദിച്ചു. “ഓടിക്കും..”
“എന്നാല്‍ താക്കോല്‍ പിടിക്ക്..ഇന്നാ ഹെല്‍മറ്റ്…തിരിച്ച് കൊച്ച് ഓടിച്ചാല്‍ മതി” “അതെന്താ ഇയാള് ക്ഷീണിച്ചോ..”
“ഞാന്‍ കൊച്ചിന്റെ സെക്യൂരിറ്റി ആണ്..പറയുന്നത് അനുസരിച്ചോണം..ഇങ്ങോട്ട് ചോദ്യം വേണ്ട…”
“ശരി സാര്‍…”
അവള്‍ വിനയം നടിച്ചു ഹെല്‍മറ്റ് വാങ്ങി. മൂസാക്കയും സുബൈദയും കണ്ണുകള്‍ തുടച്ചുകൊണ്ട് ചിരിച്ചു. ഡോണ ഹെല്‍മറ്റ് ധരിച്ചു കയറി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു; വാസു അവളുടെ പിന്നിലായി ഇരുന്നു. ഇരുവരെയും കൈ വീശി കാട്ടിയ ശേഷം ബൈക്ക് മുന്‍പോട്ടു നീങ്ങി.
“കൊച്ചെ..ഞാന്‍ പറയുന്നത് അതേപടി ചെയ്യണം..വഴിയില്‍ വല്ല പ്രശ്നവും ഉണ്ടായാല്‍..കൊച്ച് ബൈക്കില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിക്കോണം..എന്റെ അടുത്തു നില്‍ക്കാനോ എന്നെ സഹായിക്കാനോ ശ്രമിക്കരുത്..അതെനിക്ക് കൂടുതല്‍ പ്രശ്നം ഉണ്ടാക്കും. കൊച്ച് സ്വന്തം സുരക്ഷ മാത്രം നോക്കിയാല്‍ മതി..അതുകൊണ്ടാണ് ബൈക്ക് കൊച്ചുതന്നെ ഓടിച്ചോളാന്‍ ഞാന്‍ പറഞ്ഞത്…” പോകുന്ന വഴിക്ക് വാസു അവളോട് പറഞ്ഞു. രാത്രിയും റോഡിലെ തിരക്ക് കുറഞ്ഞിരുന്നില്ല; തിരക്കിലൂടെ ഡോണ ബൈക്ക് ഓടിച്ചു.
“ഇയാള്‍ ഈ കൊച്ചെ വിളി ഒന്ന് നിര്‍ത്താമോ? കേള്‍ക്കുമ്പോള്‍ ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണെന്ന് എനിക്ക് തന്നെ തോന്നുവാ..വേറെ എന്തേലും വിളിച്ചൂടെ?” ഡോണ ചോദിച്ചു.
“വേറെന്ത് വിളിക്കാന്‍..മാഡം എന്ന് മതിയോ?”
“മാഡോം കൂടോം ഒന്നും വേണ്ട..പേര് വിളിച്ചോ..അതിഷ്ടമല്ലെങ്കില്‍ എടീന്നോ പോടീന്നോ വിളിച്ചോ..കേട്ടോടാ ഗുണ്ടേ….”
“ഓ..കേട്ടടി..നീ വണ്ടി വിട്”
ഡോണ ചിരിച്ചു.
ബൈക്ക് പ്രധാന റോഡില്‍ നിന്നും ചെറിയ റോഡിലേക്ക് കയറി. അധികം തിരക്കില്ലാത്ത ആ റോഡിലൂടെ ഡോണയുടെ ബൈക്ക് കുതിച്ചു. അകലെ ഒരു ജംഗ്ഷന്‍ അവര്‍ കണ്ടു. സോഡിയം ലാമ്പുകളുടെ പ്രകാശത്തില്‍ വര്‍ണ്ണാഭമായ ഒരു കവല. വണ്ടി അവിടേക്ക് അടുക്കാറായ സമയത്ത് ഇരമ്പലോടെ പഴയ ഒരു ടാറ്റാ സഫാരി അവരെ മറികടന്നു. വണ്ടിയുടെ ഉള്ളില്‍ നിന്നും ചിലര്‍ പിന്നിലേക്ക് വാസുവിന്റെ മുഖത്തേക്ക് നോക്കുന്നത് ഡോണ കണ്ടു.
“വാസു…സൂക്ഷിക്കണം..” അവള്‍ വേഗം അവനോടു പറഞ്ഞു.
“കൊച്ചു വണ്ടി വിട്ടോ..അവന്മാര് എന്തെങ്കിലും ചെയ്‌താല്‍ എനിക്കിറങ്ങാന്‍ ചെറുതായി ഒന്ന് സ്പീഡ് കുറച്ചു തന്നാല്‍ മതി” വാസു പറഞ്ഞു.
“നോക്കട്ടെ..” അവള്‍ വണ്ടിയുടെ വേഗത കുറച്ചു. അവര്‍ വെറുതെ നോക്കിയതാണോ എന്നൊരു സംശയം അവള്‍ക്ക് ഉണ്ടായിരുന്നു. അങ്ങനെ ആണെങ്കില്‍ അവര്‍ പൊയ്ക്കോട്ടേ എന്നായിരുന്നു അവളുടെ മനസ്സില്‍. പക്ഷെ അവള്‍ വേഗത കുറച്ചപ്പോള്‍ അവരും കുറച്ചു. ജംഗ്ഷന്‍ അടുക്കാറായ സമയത്ത് അവളുടെ ബൈക്കിനെ തടഞ്ഞ് ആ വണ്ടി നിന്നു.
“കൊച്ചു പൊക്കോ..ഇത് പണിയാണ്..വേഗം”
താഴെ ഇറങ്ങിയ വാസു അവളോട് പറഞ്ഞു. ഡോണ നിമിഷം കൊണ്ട് ബുള്ളറ്റ് വെട്ടിച്ചു തിരിച്ച് ആ വണ്ടിയെ മറികടന്നു.
“പിടിച്ചുകൊണ്ട് വാടാ അവനെ”
വണ്ടിയില്‍ നിന്നും ആരോ പറയുന്നത് വാസു കേട്ടു. അവന്‍ ആ വണ്ടിയുടെ നേരെ തന്നെ ചെല്ലുകയായിരുന്നു. അല്പം മാറി ബൈക്ക് നിര്‍ത്തിയ ഡോണ അത് സ്റ്റാന്റില്‍ വച്ച ശേഷം അരയില്‍ നിന്നും റിവോള്‍വര്‍ എടുത്ത് ജീന്‍സിന്റെ പോക്കറ്റില്‍ ഏതു സമയത്തും എടുക്കാന്‍ തക്കവണ്ണം പിടിച്ചുകൊണ്ട് അവിടേയ്ക്ക് നോക്കി.
നാലുപേര്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി വാസുവിന്റെ നേരെ ചെന്നു. “വാടാ..ഒരിടം വരെ പോയിട്ട് വരാം”
അവരിലൊരാള്‍ അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
“വണ്ടീല്‍ ആരാ?” വാസു അവന്‍ പറഞ്ഞതിന് മറുപടി പറയാതെ ചോദിച്ചു. “വാ കാണിക്കാം” അവന്‍ വിളിച്ചു. വാസു അവന്റെ പിന്നാലെ ചെന്നു.
“ജോസേട്ടാ വണ്ടീല്‍ ആരാന്ന് എവനറിയണം..എന്തായാലും മര്യാദക്കാരനാ..വിളിച്ചപ്പോള്‍ തനിയെ വന്നത് കണ്ടില്ലേ” അവന്‍ ഉള്ളിലിരുന്ന ആളോട് പറഞ്ഞു.
“വാടാ കേറ്” ഉള്ളില്‍ ഇരുന്നവന്‍ വാസുവിനോട് കല്‍പ്പിച്ചു.
“സാറ് പോലീസാണോ?” വാസു വിനയത്തോടെയാണ് ചോദിച്ചത്.
“കണ്ടാല്‍ അറിയില്ലേടാ..പോലീസ് ഒന്നുമല്ല..ആരാന്നു വഴിയെ നീ അറിഞ്ഞോളും..കേറ് കേറ്”
“ഓ..ഞാന്‍ കരുതി ചിലപ്പോ പോലീസു വേഷം മാറി ഇറങ്ങിയതാരിക്കുമെന്ന്. അവനെ പിടിച്ചു കൊണ്ട് വാടാ എന്ന് പറേന്ന കേട്ടപ്പോള്‍ അങ്ങനാ തോന്നിയത്..എന്നാ ഞാന്‍ പോട്ടെ” വാസു വണ്ടിയില്‍ കൈകള്‍ വച്ച് ഉള്ളില്‍ ഇരുന്ന ആളോട് പറഞ്ഞു.
“പോകാനോ..പിടിച്ചു കേറ്റടാ പന്നീടെ മോനെ” അയാള്‍ അലറി.
പുറത്ത് നിന്നിരുന്നവര്‍ അവന്റെ കൈകളില്‍ പിടിച്ച് കതകു ബലമായി തുറന്ന് അവനെ സീറ്റില്‍ ഇരുത്തി. ഡോണ ഇത് കണ്ടുകൊണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു. വേറെ ചിലരും സംഗതി കാണാന്‍ മെല്ലെ അടുക്കുന്നുണ്ടായിരുന്നു.
വാസുവിനെ പിടിച്ചിരുത്തി ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചവരില്‍ രണ്ടുപേരെ അവര്‍ പിടിച്ചിരുന്ന കൈയുടെ ബലത്തില്‍ അവന്‍ മുന്‍പിലേക്ക് വലിച്ചു നിര്‍ത്തി. എന്താണ് നടക്കുന്നത് എന്നറിയാന്‍ ഉദ്വേഗത്തോടെ നോക്കി നില്‍ക്കുകയായിരുന്നു ഡോണ. അവനപകടം പിണഞ്ഞാല്‍ ആ നിമിഷം തോക്കെടുക്കാന്‍ അവള്‍ സജ്ജയായി നില്‍ക്കുകയായിരുന്നു.
പെട്ടെന്ന് റോഡിനോടു ചേര്‍ന്നുള്ള മരത്തില്‍ വാസുവിന്റെ മുന്‍പില്‍ നിന്നവരില്‍ ഒരുത്തന്‍ അലര്‍ച്ചയോടെ അടിച്ചു തല്ലി വീഴുന്നത് അവള്‍ കണ്ടു. വീണവന്റെ ബോധം അപ്പോഴേ പോയി എന്നവള്‍ക്ക് തോന്നി. കൂടെയുണ്ടയിരുന്നവന്റെ നിലവിളിയും അവള്‍ കേട്ടു. അവന്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്ന വാസുവിന്റെ കാലിന്റെ അടിയില്‍ കിടന്നു പുളയുന്നത് അപ്പോഴാണ് അവള്‍ കണ്ടത്.
“അടിക്കടാ അവനെ” ആരോ അലറി.
ഉള്ളില്‍ നിന്നും മൂന്നുപേരും ഒപ്പം വെളിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേരും വാസുവിനെ വളഞ്ഞു. അവരുടെ നേതാവെന്നു തോന്നിക്കുന്നവന്‍ വടിവാള്‍ കൈയിലെടുത്തു. ആ വടിവാള്‍ അന്തരീക്ഷത്തിലൂടെ പുളയുന്നത് ഡോണ കണ്ടു. പക്ഷെ എന്താണ് സംഭവിച്ചത് എന്നവള്‍ക്ക് മനസിലായില്ല. അയാളുടെ വടിവാള്‍ തെറിച്ച് തന്റെ മുന്‍പില്‍ വീഴുന്നതും അതിനടുത്ത് ഒരു കണ്ണ് പറിഞ്ഞു വന്നു വീണതും അവള്‍ കണ്ടു. ഭയന്ന് നിലവിളിച്ചുപോയി അവള്‍.
കൈയില്‍ ഒരു സൈക്കിള്‍ ചെയിനുമായി വാസു മിന്നല്‍ പോലെ വട്ടം കറങ്ങുന്നത് അവള്‍ കണ്ടു. മാംസക്കഷണങ്ങള്‍ ചിതറിത്തെറിച്ചു. ഗുണ്ടകളുടെ നിലവിളി ഇരുട്ടില്‍ മുഴങ്ങി. പലരും പല വഴിക്ക് ഓടുന്നത് അവള്‍ കണ്ടു. കണ്ണ് നഷ്ടമായ മനുഷ്യന്‍ ചോര വാര്‍ന്ന മുഖവുമായി നിലത്തേക്ക് കൂപ്പുകുത്തി. വാസു ചോര പുരണ്ട ചെയിന്‍ അവന്റെ തുണിയില്‍ തുടച്ചു. പിന്നെ ഡോണയുടെ സമീപമെത്തി.
അവള്‍ പൂക്കുല പോലെ വിറയ്ക്കുകയായിരുന്നു. അടുത്തു കിടന്ന വടിവാളും, തൊട്ടടുത്ത് കിടന്ന മനുഷ്യന്റെ കണ്ണും കണ്ട് അവള്‍ ഭയന്നു വിറച്ചു. കൂസലില്ലാതെ തന്റെ മുന്‍പില്‍ നില്‍ക്കുന്ന വാസുവിനെ കടുത്ത ഭയത്തോടെ അവള്‍ നോക്കി.
“നീ..നീ ഒരു മനുഷ്യനാണോ..ഇത്ര ക്രൂരമായി….”
ഗുണ്ടകള്‍ ആയിട്ടുകൂടി അവള്‍ക്ക് അത് സഹിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
വാസു അവളുടെ കൈയില്‍ നിന്നും ഹെല്‍മറ്റ് വാങ്ങി.
“അതേടി..ഞാന്‍ മനുഷ്യനല്ല..മൃഗമാണ്..മൃഗം….”
മുരണ്ടുകൊണ്ട് അവന്‍ ഹെല്‍മറ്റ് തലയില്‍ വച്ചു. പിന്നെ ബൈക്കില്‍ കയറി. വണ്ടിയില്‍ അവന്റെ പിന്നാലെ കയറി ഇരിക്കുകയല്ലാതെ ഡോണയ്ക്ക് വേറെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. ബുള്ളറ്റ് ഇരുളിനെ കീറിമുറിച്ച് മുന്‍പോട്ടു കുതിച്ചു. സൈറന്‍ മുഴക്കി ഒരു പോലീസ് വാഹനം സംഭവം നടന്ന സ്ഥലത്തേക്ക് പാഞ്ഞടുക്കുന്നത് ഡോണ കണ്ടു; തൊട്ടുപിന്നാലെ ഒരു ആംബുലന്‍സും.
Comments:
No comments!
Please sign up or log in to post a comment!