സ്നേഹമുള്ള തെമ്മാടി 4

ആ വാർത്ത സുധിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…അണ പൊട്ടിയൊഴുകുന്ന കണ്ണുനീരിനെ തടുക്കാൻ അവനു കഴിഞ്ഞില്ല…അൽപനേരത്തെ മൗനത്തിനു ശേഷം നിരാശ പടർന്ന അവന്റെ മിഴികൾ കോപം കൊണ്ടു ജ്വലിക്കുന്നത്‌ അപ്പു കണ്ടു…അപ്പുവിന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് സുധി ചോദിച്ചു..

“ആരാ…? ആരാണവൻ…? എന്റെ അച്ചുവിനെ ഉപദ്രവിച്ച ആ നാറി ആരാണെന്ന് പറയെടാ…… !!!!” സുധിയുടെ കണ്ണിൽ പ്രതികാരത്തിന്റെ തീ ആളിക്കത്തി…അവന്റെ ശബ്ദം വിറ പൂണ്ടു…അവന്റെ കണ്ണിലേക്കു നോക്കാനാവാതെ അപ്പു പറഞ്ഞു തുടങ്ങി…

“വിവാഹത്തിന്റെ ഏതാനും ആഴ്ചകൾക്ക് മുൻപ് അമ്മയുടെയും അമ്മാവന്റെയും നിർബന്ധത്തിന്റെ പുറത്ത് അച്ചുവും എന്റെ കൂടെ വന്നു..അവൾക്ക് ആവശ്യമുള്ള കുറച്ച് സാരിയും മറ്റും വാങ്ങാൻ… തിരിച്ചു വരുന്ന വഴിക്ക് എന്റെ കാർ ബ്രേക്ക്‌ ഡൌൺ ആയി…ആ സമയത്താണ് അവൻ… എന്നെ തലക്കടിച്ചു വീഴ്ത്തി അവൻ അച്ചുവിനെ…” അപ്പുവിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല… വാക്കുകൾ മുറിഞ്ഞു..

“ആരാണെന്ന് പറ…മറ്റൊന്നും എനിക്ക് കേൾക്കണ്ട…ആരാണവൻ…..??? ”

“രാ… രാഹുൽ… അജയുടെ അനിയൻ.. അച്ചുവിന്റെയും നിന്റെയും ക്ലാസ്സ്‌മേറ്റ്‌…”

സുധിയുടെ രക്തം തിളച്ചു… അച്ചുവിനെ രക്ഷിക്കാൻ കഴിയാത്ത കടുത്ത നിരാശയോടൊപ്പം രാഹുലിനോടുള്ള പകയും കൂടിയായപ്പോൾ സുധിയുടെ നിയന്ത്രണം വിട്ടു… ചുമരിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് സുധി ചോദിച്ചു..

“അവനിപ്പോ എവിടുണ്ട്?”

“അറിയില്ല സുധീ…നീ എടുത്തു ചാടി ഒന്നും ചെയ്യരുത്…He is a drug addict.. സ്വന്തം ചേട്ടന്റെ പച്ച മാംസത്തിൽ കത്തിയിറക്കിയവനാണവൻ… എന്തു ചെയ്യാനും അവൻ മടിക്കില്ല…”

“ചീ.. നിർത്തെടോ…സുധി അപ്പുവല്ല… എന്റെ അച്ചുവിനെക്കാൾ വലുതല്ല എനിക്കെന്റെ ജീവൻ…കല്യാണം ഉറപ്പിച്ച പെണ്ണിനെ കണ്മുന്നിൽ പിച്ചി ചീന്തിയവനെ സുഖമായി ജീവിക്കാൻ വിട്ട് ചാരിത്ര്യം നഷ്ടപ്പെട്ടെന്നും പറഞ്ഞ് അവളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്ന നിന്നെപോലുള്ള സ്വാർത്ഥനോട്‌, നട്ടെല്ലില്ലാത്തവനോട്‌ എനിക്കൊന്നും പറയാനില്ല…നിന്റെ ഭാര്യ ആവാൻ വിധിക്കപ്പെട്ട ആ പെൺകുട്ടിയോട് സഹതാപം തോന്നുന്നു..എന്തിനാടാ നീയൊക്കെ മീശയും വെച്ച് നടക്കുന്നെ…? എന്നിട്ടെന്നെ ഉപദേശിക്കാൻ വന്നേക്കുന്നു…എന്തു ചെയ്യണമെന്ന് എനിക്കറിയാം…” സുധിയുടെ വാക്കുകൾക്കു മുന്നിൽ തല കുനിച്ചു നിൽക്കാനേ അപ്പുവിന് കഴിഞ്ഞുള്ളൂ…

സുധി രാഹുലിനെ അന്വേഷിച്ചിറങ്ങി.. അവന്റെ വീട്ടിൽ ചെന്നപ്പോൾ കിടപ്പിലായ അവന്റെ ചേട്ടൻ അജയിനെ കണ്ടു…നിറഞ്ഞ കണ്ണോടെ അജയ് പറഞ്ഞു.

.

“കുഞ്ഞു നാളിൽ അവന്റെ വാശികൾക്കെല്ലാം കൂട്ട് നിന്നതിനുള്ള ശിക്ഷ എനിക്ക് കിട്ടി സുധീ…മയക്കു മരുന്ന് ഉപയോഗിക്കുന്നതിന് ശാസിക്കാൻ പോയതിന് എന്നെ അവൻ…”

“എവിടുണ്ട് അവനിപ്പോ?”

“അറിയില്ല… ഒരുപാട് ദ്രോഹങ്ങൾ അവൻ ചെയ്തു കൂട്ടുന്നുണ്ട്…ഈ പാപമൊക്കെ എവിടെ കഴുകി കളയുമോ എന്തോ…”

“തെറ്റ് ചെയ്തവൻ അതിന്റെ ശിക്ഷ അനുഭവിച്ചേ പറ്റൂ അജയ്…” സുധിയുടെ ശബ്ദം ഉറച്ചതായിരുന്നു…ആ കണ്ണുകളിലെ തീക്ഷണത അജയ് കണ്ടു…ഒരുപാട് കഷ്ടപ്പെട്ടാണെങ്കിലും ഒടുക്കം സുധി രാഹുലിനെ കണ്ടെത്തി… മനുഷ്യ രൂപം ധരിച്ച ആ മൃഗത്തെ…

“ഹ..ആരിത്.. എന്റെ പഴയ സഹപാഠിയോ…ഗൾഫിൽ ആണെന്നൊക്കെ കേട്ടല്ലോ..എന്തൊക്കെയുണ്ട് വിശേഷം..?”

“എനിക്ക് വിശേഷം ഒന്നുമില്ല…നിനക്ക് വിശേഷം ഉണ്ടാക്കാൻ വന്നതാ…”

“എനിക്ക് ഇതിൽ കൂടുതൽ എന്ത് വിശേഷം ഉണ്ടാക്കാൻ… ആഗ്രഹിച്ചതൊക്കെ ഞാൻ നേടിയില്ലേ…നിന്റെ അച്ചുവിനെ അടക്കം…അവളോടുള്ള മോഹത്തിനു പുറമെ നിന്നോടുള്ള പക..രണ്ടും കൂടി ഞാനങ്ങു തീർത്തു അന്ന്…അവൾ വേദനിച്ചു നിലവിളിച്ചപ്പോൾ എനിക്ക് ആവേശം കൂടി…എന്തൊക്കെയായാലും അവളൊരു മുതല് തന്നാടാ മോനെ..” അടുത്ത നിമിഷം സുധിയുടെ പ്രഹരത്തിൽ രാഹുൽ താഴേക്ക് പതിച്ചു…

“നിന്നെ ഞാൻ കൊല്ലുന്നില്ല..മരണം നിനക്ക് തരാവുന്ന ചെറിയ ശിക്ഷയാണ്…അത് നീ അർഹിക്കുന്നില്ല..എന്റെ അച്ചു അനുഭവിച്ചതിന്റെ ഇരട്ടി വേദന നീയറിയണം…ഇനി ഒരു പെണ്ണിനോടും നിനക്ക് മോഹം തോന്നില്ല…ആരെയും വെട്ടി മുറിവേൽപ്പിക്കാൻ നിന്റെ കൈകൾ ഉയരില്ല…നീ ജീവിക്കണം…നരകിച്ചു ജീവിക്കണം…”

രാഹുൽ എന്ന മനുഷ്യമൃഗത്തിന് സുധി കൊടുത്ത ശിക്ഷ കൈകളില്ലാതെ, ജനനേന്ദ്രിയമില്ലാതെ മരിച്ചു ജീവിക്കുക എന്നതായിരുന്നു… ചോര പുരണ്ട കൈകളോടെ സുധി അച്ചുവിന്റെ അരികിലേക്കു പോയി..

“അച്ചൂ…”

“സുധീ..എന്താ ഇത്…?” സുധിയുടെ കൈകളിലേക്ക് നോക്കി അച്ചു ചോദിച്ചു..

“എന്റെ അച്ചുവിനെ വേദനിപ്പിച്ചവനെ ഞാൻ കൊല്ലാതെ കൊന്നു…”

“മോനെ സുധീ നീ…”

“അമ്മയുടെ മോൻ തെറ്റ് ചെയ്തിട്ടില്ല..രാഹുൽ എന്ന മനുഷ്യമൃഗത്തെ വെറുതെ വിട്ടാൽ അച്ചുവിനോടുള്ള എന്റെ സ്നേഹത്തിന് എന്തർത്ഥം? ഇനി ഒരു പെൺകുട്ടിയെയും അവൻ വേദനിപ്പിക്കില്ല… അവനിലെ ക്രൂരമായ പുരുഷനെ ഞാൻ കൊന്നു…സ്വന്തം കൂടപ്പിറപ്പിനെ കുത്തി മുറിവേൽപ്പിച്ച അവന്റെ കൈകൾ ഞാൻ അറുത്തു മാറ്റി…”

അച്ചു മുഖം പൊത്തി പൊട്ടിക്കരഞ്ഞു…അവളുടെ കൈകൾ സുധി വകഞ്ഞു മാറ്റി…

“എന്റെ അച്ചുവിന് ഒന്നും പറ്റിയിട്ടില്ല…എല്ലാ പരിശുദ്ധിയോടും കൂടി ഇന്നും സുധിയുടെ മനസ്സിൽ നീയുണ്ട്…എന്റെ അച്ചുവിന് വേണ്ടി കുറച്ചു നാൾ ജയിലിൽ കിടക്കേണ്ടി വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ.
.ഇനി ആർക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല അച്ചൂ… കാത്തിരിക്കോ നീ എനിക്ക് വേണ്ടി…കുഞ്ഞു നാൾ തൊട്ട് നമ്മൾ ഒരുമിച്ചു കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കാൻ…?”

“സുധീ….” സുധിയുടെ നെഞ്ചിൽ വീണ് അച്ചു പൊട്ടിക്കരഞ്ഞു…

“മോനെ സുധീ ഇത് അവളുടെ കഴുത്തിൽ കെട്ട്…” രാഘവൻ നായർ കൊണ്ടു വന്ന താലിയിലേക്ക് സുധിയും അച്ചുവും ലക്ഷ്മിയും ആകാംക്ഷയോടെ നോക്കി…

“ലക്ഷ്മി…ഒരിക്കൽ നിന്നെയും സുധിയേയും ഒരുപാട് വേദനിപ്പിച്ചവനാ ഞാൻ… ഈ ഏട്ടനോട് പൊറുക്കാൻ കഴിയുമെങ്കിൽ എന്റെ മോളേ മരുമോൾ ആയി സ്വീകരിക്കാൻ നിനക്ക് കഴിയുമെങ്കിൽ ജാതകവും മുഹൂർത്തവും ഒന്നും നോക്കണ്ട…നമ്മെ സാക്ഷി ആക്കി സുധി ഈ താലി അച്ചുവിനെ അണിയിച്ചോട്ടെ.. സുധിയുടെ ഭാര്യ ആയി ജീവിക്കുന്നതിലും വലിയ ഒരു സംരക്ഷണം എന്റെ അച്ചുവിന് കിട്ടാനില്ല… ആരും അവളെ മറ്റൊരു കണ്ണോടെ നോക്കില്ല…എനിക്കുറപ്പുണ്ട്..”

“ഏട്ടാ ഞാനും ബാലേട്ടനും അച്ചുവിനെ മാത്രമേ മരുമോളായി കണ്ടിട്ടുള്ളൂ…അദ്ദേഹം ഇന്നില്ല…എങ്കിലും എനിക്കുറപ്പുണ്ട്.. ബാലേട്ടനും അതു പോലെ ദേവി ഏടത്തിയും മറ്റൊരു ലോകത്തിരുന്ന് എല്ലാം കാണുന്നുണ്ടാവും…അവരും ഇത് ആഗ്രഹിക്കുന്നുണ്ടാവും…മോനെ സുധി ആ താലി അച്ചുവിനെ അണിയിക്കൂ…അമ്മയുടെയും വല്ലിമ്മാമയുടെയും അനുഗ്രഹം എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും…” നാദസ്വരത്തിന്റെ മേളമില്ലാതെ ചമയങ്ങളില്ലാതെ സുധി അച്ചുവിന് താലി ചാർത്തി…അവളുടെ നെറുകയിൽ സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ സിന്ദൂരമണിയിച്ചു…

********************

ഏതാനും വർഷങ്ങൾക്കു ശേഷം…

“മോളേ അച്ചൂ…രാവിലെ തൊട്ടേ നീയൊന്നും കഴിച്ചിട്ടില്ലല്ലോ… വർഷങ്ങളോളം കാത്തിരുന്നില്ലേ ന്റെ കുട്ടി…ഇനി കുറച്ചു നിമിഷങ്ങൾ…അത്രയല്ലേ ഉള്ളൂ…”

“അറിയാം അപ്പച്ചി…എനിക്കൊന്നും വേണ്ട…ഇന്ന് എന്റെ സുധിയോടൊപ്പമിരുന്ന് കഴിക്കണം എനിക്ക്…ഒരുപാട് നാൾ എനിക്ക് വേണ്ടി ജയിലിൽ സുധി ഒറ്റക്ക്…ഇനി എന്റെ സുധിയെ ഒറ്റക്കാക്കില്ല ഞാൻ… ഒരിക്കലും…”

കാത്തിരുന്ന് ഒടുക്കം ആ സുവർണ നിമിഷം എത്തി…ശിക്ഷ കഴിഞ്ഞ് സുധി തിരിച്ചെത്തി…അച്ചു സുധിയുടെ അരികിലേക്ക് ഓടിചെന്നു… അൽപനേരം രണ്ടുപേർക്കുമിടയിൽ മൗനം തളം കെട്ടിക്കിടന്നു…അവരുടെ ചുണ്ടുകൾ വിറ കൊണ്ടു…കണ്ണുനീർ കഥകൾ പറഞ്ഞു…സുധി അച്ചുവിനെ ഗാഢമായ് പുണർന്നു…പിന്നീട് ഇരുവരും ഒരു പാത്രത്തിൽ നിന്നും പരസ്പരം ഊട്ടി… ലക്ഷ്മി സുധിയുടെ നെറുകിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു…

“എന്റെ കുട്ട്യോള് ഒരുപാട് അനുഭവിച്ചു… ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു വില്ലൻ ഇല്ല…നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി അമ്മയ്ക്കും അമ്മാവനും…”

“മോനെ സുധി…ഒരുപാട് നാളുകൾക്ക് ശേഷമാ എന്റെ അച്ചു ഒന്ന് ചിരിച്ചു കണ്ടത്…ഇനി അവളുടെ കണ്ണുകൾ നിറയില്ലെന്ന് എനിക്കുറപ്പാ…” രാഘവൻ നായർ കണ്ണ് തുടച്ചു കൊണ്ടു പറഞ്ഞു…

അച്ചുവും സുധിയും പുഞ്ചിരിച്ചു…

*അടിയൊഴുക്കുകൾ നിലച്ചു.
.നദി ശാന്തമായി..ഇനിയങ്ങോട്ട് അച്ചുവിന്റെയും സുധിയുടെയും ദിവസങ്ങൾ… ചക്രവാളം ചുവന്നപ്പോൾ പരസ്പരം കൈകോർത്ത് അവരിരുവരും നടന്നുനീങ്ങി… പഴയ കുളപ്പടവിലേക്ക്…പണ്ടത്തെ ഓർമ്മകൾ ഇരുവരെയും തഴുകി കടന്നു പോയി…സുധി കുറേ നേരം അച്ചുവിന്റെ മടിയിൽ കിടന്നു…അവളുടെ നെറുകയിലെ സിന്ദൂരത്തിൽ വിരലോടിച്ചു കൊണ്ട് സുധി പയ്യെ വിളിച്ചു…

“അച്ചൂസേ…”

“എന്താ സുധീ…?”

“നിന്റെ ഒരു യോഗം.. ശിഷ്ടകാലം ഈ തെമ്മാടിയുടെ ചവിട്ടും തൊഴിയും കൊള്ളണ്ടേ? ”

“അയ്യടാ… ഇങ്ങു വാ ചവിട്ടാൻ..നീ തെമ്മാടിയാണേൽ ഞാൻ ചട്ടമ്പിക്കല്യാണിയാ കേട്ടോടാ ചിമ്പാൻസി…” സുധി പൊട്ടിച്ചിരിച്ചു..

“എത്ര കാലായെടീ പെണ്ണെ നമ്മളിങ്ങനെ വഴക്കു കൂടിയിട്ട്…?”

“ശെരിയാ സുധീ…മനസ്സിപ്പോൾ ഒരുപാട് ശാന്തമാണ്…എന്നും ഉണ്ടാവണം ന്റെ സുധി ഈ അച്ചുവിന്റെ കൂടെ…”

“ഇനി ആർക്കും വിട്ടുകൊടുക്കില്ല എന്റെ പെണ്ണിനെ ഞാൻ… മരണത്തിനു പോലും…”

ആ രാത്രിയിൽ സുധിയും അച്ചുവും പരസ്പരം മതി മറന്നു സ്നേഹിച്ചു… മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവർ ഒന്നായി…സുധിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ ദൈവം തനിക്ക് തന്ന നിധിയെ അവൾ മതിവരുവോളം നോക്കിയിരുന്നു… കുറുമ്പ് കാട്ടുമ്പോൾ ശാസിച്ചും വിഷമിക്കുമ്പോൾ ചേർത്തു പിടിച്ചും വഴക്ക് പറയുമ്പോൾ പിണങ്ങിയും പിന്നീട് ഇണങ്ങിയും അച്ചു സുധിക്ക് അമ്മയും പെങ്ങളും ഭാര്യയും സുഹൃത്തും എല്ലാമായി…ഏതു സന്ദർഭത്തിലും സുധി തന്റെ പെണ്ണിനെ നെഞ്ചോട് ചേർത്തു പിടിച്ചു…അനശ്വര പ്രണയത്തിന്റെ ആൾരൂപങ്ങളായി അച്ചുവും സുധിയും അവരുടെ ജീവിതയാത്ര തുടരുന്നു… (അവസാനിച്ചു…)

(മനുഷ്യ രൂപം ധരിച്ച ഒരുപാട് മൃഗങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നും ഉണ്ട്… മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് പെൺകുട്ടികളെ പിച്ചിച്ചീന്തുന്നവർ, കൂടപ്പിറപ്പിനെയും മാതാപിതാക്കളെയും പോലും മുറിവേൽപ്പിക്കുന്നവർ…അവർക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കാൻ നമ്മുടെ നിയമ വ്യവസ്ഥക്ക് കഴിയാതെ വരുമ്പോഴാണ് പലപ്പോഴും പലരും നിയമം കയ്യിലെടുക്കുന്നത്…അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ല പക്ഷേ സമൂഹത്തിൽ ചീഞ്ഞളിഞ്ഞ ഭാഗം മുറിച്ചു മാറ്റുക തന്നെ വേണം… പാവങ്ങൾക്ക് നീതി കിട്ടാൻ വേണ്ടി … ഈ കഥ എത്രത്തോളം സ്വീകരിക്കപ്പെടും എന്നറിയില്ല…തെറ്റുകൾ ക്ഷമിക്കുക…)

? അനുരാധ മേനോൻ

Comments:

No comments!

Please sign up or log in to post a comment!