അന്ന് പെയ്ത മഴയിൽ 1
‘വൈറ്റ് പേൾ മാൻഷൻ’ എന്ന് സുവർണ്ണ ലിപികളിൽ എഴുതി വെച്ചിരിക്കുന്ന നെയിം ബോർഡിലേക്ക് വർഷ ഒന്നുകൂടി നോക്കി. പൊള്ളുന്ന വെയിലേറ്റ് ആ അക്ഷരങ്ങൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഗേറ്റിന്റെ സൈഡിലുള്ള ആ നെയിം ബോർഡിന് താഴെ ഉള്ള കാളിങ് ബെല്ലിൽ അവൾ വിരലമർത്തി.വീഡിയോ ഇന്റർകോമിൽ അവളെ കണ്ടതും അകത്ത് നിന്നും ആരോ ആ റിമോട്ട് ഗേറ്റ് തുറന്നു കൊടുത്തു.ഷോൾഡർ ബാഗ് ഒന്നുകൂടി ചുമലിലേക്ക് വലിച്ച് അവൾ പതിയെ ആ വീട്ടിലേക്ക് നടന്നു.
ഇംഗ്ലീഷ് സിനിമകളിൽ കാണുന്നതുപോലെ വലിപ്പം കൊണ്ടും ഭംഗി കൊണ്ടും അലങ്കാരപ്പണികൾ കൊണ്ടും അതിമനോഹരമായ ഒരു ബംഗ്ലാവായിരുന്നു അത്! ഐ.റ്റി ഇന്ടസ്ട്രിയലിസ്റ്റ് ആയ മൾട്ടി നാഷണൽ കോർപറേഷൻ ഉടമ വികാസ് മേനോൻ തന്റെ അവധിക്കാല വസതി ആയി മുംബൈയിൽ പണികഴിപ്പിച്ചതായിരുന്നു ആ വീട്. മുംബൈയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി തുടങ്ങിയതായിരുന്നു വികാസ് മേനോൻ.അദ്ദേഹത്തിന്റെ സഹപ്രവർത്തക ആയ ശാരദ പിന്നീട് അദ്ദേഹത്തിന്റെ പത്നിയുമായി .വളരെ നാളുകൾക്ക് മുൻപ് മുബൈയിൽ സെറ്റിൽ ആയ ഒരു മലയാളി കുടുംബമായിരുന്നു ശാരദയുടേത്. വികാസ് മേനോനും ശാരദയ്ക്കും രണ്ടു മക്കൾ ആണ്.പ്രിയ മേനോനും ആദിത് മേനോനും.പ്രിയ ആണ് മൂത്തയാൾ . കുറച്ച് നാൾ മുംബൈയിൽ ജോലി ചെയ്ത ശേഷം അദ്ദേഹത്തിന് ഒരു അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യാൻ അവസരം കിട്ടി.ശാരദയെയും കുഞ്ഞുങ്ങളെയും മുംബൈയിൽ ശാരദയുടെ മാതാപിതാക്കളുടെ കൂടെ നിർത്തി അദ്ദേഹം അമേരിക്കയിൽ പോയി.താമസിയാതെ വിസ ശരിയായി ശാരദയും കുഞ്ഞുങ്ങളും അദ്ദേഹത്തോടൊപ്പം ചെന്നു. വികാസ് മേനോൻന്റെ ആത്മാർത്ഥതയും ജോലിയോടുള്ള അർപ്പണബോധവും കൊണ്ട് കുറച്ച് വർഷങ്ങൾ കൊണ്ട് അദ്ദേഹം ആ കമ്പനിയിൽ ഡയറക്ടർ പദവിയിലെത്തി .ഇതിനിടയ്ക്ക് അദ്ദേഹം സ്വന്തം നാട്ടിലെ തന്റെ കളിക്കൂട്ടൂകാരനും ഉറ്റ സുഹൃത്തുമായ ജയശങ്കറിനെ താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് റെഫർ ചെയ്തു.ജോലി കിട്ടി കമ്പനി സ്പോൺസർ ചെയ്ത വിസയിൽ ജയശങ്കറും
താമസിയാതെ അദ്ദേഹത്തിന്റെ പത്നി മായയും മകൻ ജയദേവനും അമേരിക്കയിൽ എത്തി. പിന്നീട് വികാസ് മേനോൻ സ്വന്തമായി അമേരിക്കയിൽ ആർട്ടിൻ സൊല്യൂഷൻസ് എന്ന പേരിൽ ഒരു ഐ.റ്റി കമ്പനി ആരംഭിച്ചു . കുറച്ച് നാളുകൾ കഴിഞ്ഞ് ജയശങ്കറും വികാസ് മേനോന്റെ കമ്പനിയിൽ ജോയിൻ ചെയ്തു.ആദിത്തും ജയശങ്കറിന്റെ മകൻ ജയദേവനും ഒരേ പ്രായം.അവർ ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്…വെക്കേഷന് അമേരിക്കയിൽ നിന്നും രണ്ടു കുടുംബങ്ങളും ഒരുമിച്ചായിരുന്നു നാട്ടിൽ വന്നുകൊണ്ടിരുന്നത്.
“എന്തിനാ കുട്ടി നീ ഇതും കൊണ്ട് പിന്നേം പിന്നേം വരുന്നേ?എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ ഇതൊന്നും ഇവിടെ വേണ്ട എന്ന് ” അവർ അവളോട് പറഞ്ഞു.
“സതി അമ്മയെ എനിക്കറിയില്ലേ..രണ്ടുമൂന്നു മാസ്സമായിലെ ഞാൻ ഇവിടെ വരാൻ തുടങ്ങിയിട്ട്.വേണ്ട വേണ്ട എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും അമ്മ എന്റെ കൈയിൽ നിന്ന് എന്തെങ്കിലും ഒന്ന് മേടിക്കുമെന്ന് എനിക്കറിയാം” വർഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ ബാഗ് തുറന്ന് അതിൽ നിന്നും കുറച്ച് പാത്രങ്ങളും കറി കത്തികളും അടുക്കളയിലേക്ക് ആവശ്യമായ കുറച്ച് സാധനങ്ങളുമെടുത്ത് സതിയോട് എന്തോ പറയാൻ തുടങ്ങി.
“എന്റെ പൊന്നു മോളെ ഇനി ഇതിന്റെ ഗുണഗണങ്ങളെ പറ്റി വിവരിക്കണ്ട.ഇത് തന്നെ അല്ലെ നീ കഴിഞ്ഞ മാസവും കൊണ്ടുവന്നത്.അന്ന് നിന്റെ പ്രസംഗം ഞാൻ കുറെ കേട്ടതാ.ഓവനിൽ വെച്ചാ ഒരു കുഴപ്പോം പറ്റില്ല മൈക്രോവേവ് സേഫ് ആണ് എന്നൊക്കെ പറഞ്ഞ് തന്നിട്ടുപോയ പാത്രം ദാണ്ടെ കത്തി കരിഞ്ഞ് അകത്തിരിപ്പുണ്ട്.നല്ല മൂർച്ചയുള്ള കത്തിയാ കച കച അരിയാം എന്ന് പറഞ്ഞ് മേടിച്ച സാധനം കച കച എന്ന് രണ്ടു പീസ് ആയി കിടപ്പുണ്ട്.ഇങ്ങോട്ട് കാശൊന്നും തരണ്ട നീ അത് കൊണ്ടുപോക്കോ.” സതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ജീവിച്ചുപോകണ്ടേ അമ്മെ.മനപ്പൂർവ്വമല്ല .
“നിനക്ക് വേറെ വല്ല ജോലിക്കും പൊയ്ക്കൂടേ മോളെ” സതി ചോദിച്ചു.
“ഓർഫനേജിലെ അച്ഛന്റെ കാരുണ്യം കൊണ്ട് പത്താം ക്ലാസ് വരെ പഠിച്ചു .പിന്നീട് അവിടുത്തെ മദർ ഏർപ്പാടാക്കിയ ഒരു വീട്ടിൽ ജോലിക്ക് നിന്നു .വീട് വൃത്തിയാക്കണം ഭക്ഷണം വെക്കണം പിന്നെ അവിടെ പ്രായമായ ഒരമ്മച്ചി ഉണ്ട്.അമ്മച്ചിയെ കുളിപ്പിക്കുവേം മരുന്നും ആഹാരോം ഒക്കെ സമയത്തിന് കൊടുക്കുവേം ചെയ്യണം.അതൊക്കെ ചെയ്യാം പക്ഷെ അവിടുത്തെ സാറിന്റെ പെരുമാറ്റം ശരിയല്ലായിരുന്നു .സഹിക്കാൻ വയ്യാതായപ്പോ ഞാൻ പോന്നു . ഒരു കൂട്ടുകാരി ഇവിടെ മുംബൈയിൽ ഉണ്ട് .എന്തെങ്കിലും ജോലി കിട്ടുമോ എന്നറിയാൻ ഇങ്ങോട്ട് വന്നു.അവളാ ഈ ഏജന്റിനെ പരിചയപ്പെടുത്തി തന്നത്.അവളുടെ കൂടെ ആയിരുന്നു കുറച്ച് നാൾ. പിന്നെ അവൾക്കും ബാധ്യത ആയി തുടങ്ങി എന്ന് മനസ്സിലായപ്പോൾ അവിടുന്നിറങ്ങി.ഏജന്റ് തന്നെ ഒരു വീട് ശരിയാക്കിത്തന്നു . പക്ഷെ കിട്ടുന്നതിന്റെ പകുതി കാശ് അങ്ങേരെടുക്കും.ബാക്കി ഉള്ളത്കൊണ്ട് വേണം ജീവിക്കാൻ. .” വർഷയുടെ കണ്ണുകൾ നിറഞ്ഞുവന്നു. സതി സഹതാപത്തോടെ അവളെ നോക്കി.
“എനിക്ക് ഇവിടെ എന്തെങ്കിലും ജോലി തരാമോ അമ്മെ?”വർഷ പ്രതീക്ഷയോടെ സതിയെ നോക്കി.
അവളെ തന്റെ കൂടെ നിർത്താൻ ആഗ്രഹമുണ്ടെങ്കിലും അങ്ങനെ ഒരു ചോദ്യം സതി പ്രതീക്ഷിച്ചില്ലായിരുന്നു.
“ഞാൻ ഈ വീട്ടിലെ വെറും ജോലിക്കാരി അല്ലെ മോളെ.ഞാൻ എങ്ങനെയാ നിന്നെ ഇവിടെ ജോലിക്കെടുക്കുന്നെ ?” സതി വിഷമത്തോടെ പറഞ്ഞു.
“ഞാൻ ഒരു പ്രശ്നക്കാരി ആണെന്ന് അമ്മയ്ക്ക് എപ്പഴെങ്കിലും തോന്നിയിട്ടുണ്ടോ?രണ്ടു മൂന്നു മാസ്സമായില്ലെ ഞാൻ ഇവിടെ സാധനങ്ങൾ വിൽക്കാൻ വരുന്നു.
“മോൾ കേട്ടിട്ടുണ്ടോ എന്നറിയില്ല.ആർട്ടിൻ സൊല്യൂഷൻസ് കമ്പനി ഉടമ വികാസ് മേനോൻന്റെ വീടാ മോളെ ഇത്.കുറച്ചുനാളുകൾക്ക് മുൻപ് അദ്ദേഹവും ഭാര്യയും മരിച്ചുപോയി..
അദ്ദേഹത്തിന്റെ മോനാ ഇപ്പൊ ഇവിടെ താമസം.എനിക്ക് മോനോട് ചോദിക്കാതെ ഒന്നും പറയാൻ പറ്റില്ല..മാത്രമല്ല തൽക്കാലം ഇവിടെ ഒരാൾക്ക് ചെയ്യാനുള്ള പണികളെ ഉള്ളു.”സതി പറഞ്ഞു.
“ആ ഒരാളുടെ പണികളൊക്കെ ഞാൻ ചെയ്തോളാം അമ്മെ .ഈ വീട് കണ്ടാൽ തന്നെ അറിയാം ഇതിന്റെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകണമെങ്കി ഓട്ടോറിക്ഷ വേണമെന്ന്.എന്ത് വലിയ വീടാ ഇത്! ഈ വീടൊക്കെ തൂത്ത് തുടച്ച് വൃത്തിയാക്കാൻ അമ്മയ്ക്ക് ഒറ്റയ്ക്ക് പറ്റുവോ?ഞാനും കൂടി വന്നോട്ടെ അമ്മെ..സാറിനോട് ഒന്ന് ചോദിക്കുവോ? ഇങ്ങനെ അലഞ്ഞ് നടക്കാൻ വയ്യാത്തതുകൊണ്ട് ചോദിക്കുവാ അമ്മെ..” വർഷ വീണ്ടും കെഞ്ചി..
എന്ത് പറയണം എന്നറിയാതെ സതി നിന്നു .പ്രതീക്ഷയോടെ നിൽക്കുന്ന വർഷയുടെ ദയനീയമായ മുഖവും അവളുടെ അമ്മെ എന്നുള്ള വിളിയും കേട്ടപ്പോൾ അവർക്ക് അവളോട് മറുത്ത് പറയാൻ തോന്നിയില്ല .
“മോൻ വരട്ടെ ഞാൻ ചോദിക്കാം.” ഒടുവിൽ സതി പറഞ്ഞു.
വർഷ സന്തോഷത്തോടെ സതിയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു.ഏതോ ഓർമ്മയിൽ സതിയുടെ കണ്ണുകൾ നിറഞ്ഞു.
“സോറി അമ്മെ എന്റെ മേല് മുഴുവൻ വിയർപ്പാ..ഞാൻ അറിയാതെ ചെയ്തുപോയതാ.” വർഷ പേടിയോടെ പറഞ്ഞു.
സതി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അടുക്കളയിൽ ചെന്ന് വർഷയ്ക്ക് കഴിക്കാൻ ചോറും കറികളും എടുത്ത് അവർ ഡൈനിങ്ങ് ടേബിളിൽ വെച്ചു.
“മോളിരിക്ക്..ഊണ് കഴിക്കാം .”സതി പറഞ്ഞു.
“ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചോളാം അമ്മെ..” വർഷ മടിയോടെ പറഞ്ഞു.
“എന്തിനാ കുട്ടി ഓരോ തവണ വരുമ്പോഴും എന്നെകൊണ്ട് പറയിപ്പിക്കുന്നെ? ഇവിടെ മേശയിൽ ഇരുന്ന് കഴിക്കുന്നത്കൊണ്ട് ഒരു കുഴപ്പവുമില്ല. ..” സതി അവളെ നിർബന്ധിച്ച് അവിടെ ഇരുത്തി.
ചോറും കറികളും വിളമ്പിക്കൊടുത്തു.അവൾ കഴിക്കുന്നതും നോക്കി സതി അടുത്ത് തന്നെ ഇരുന്നു .. പെട്ടെന്ന് എന്തോ ഓർത്തത് പോലെ സതി മുകളിലേക്ക് നോക്കി.
“ഞാൻ ഇപ്പൊ വരാം..കുട്ടി കഴിച്ചോളൂ..കറികൾ ആവശ്യമുള്ളതൊക്കെ എടുക്കണം കേട്ടോ. ” വർഷയോട് പറഞ്ഞിട്ട് സതി പെട്ടെന്ന് സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.
ഈ സമയം വീടിന്റെ പോർച്ചിൽ ഒരു കാർ വന്ന് നിന്നു.
################################
വർഷയുടെ മുഖം കണ്ടതും ആദിത് ഒരു നിമിഷം തരിച്ച് നിന്നു! അവന്റെ ചുണ്ടുകൾ എന്തോ പേര് മന്ത്രിക്കുന്നത് അവൾ കണ്ടു.. അത് ആദിത് മേനോൻ ആണെന്ന് മനസ്സിലായതും കഴിക്കുന്നതിനിടയിൽ വർഷ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു .രണ്ടു മൂന്ന് പ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെങ്കിലും അവൾ ആദിത്തിനെ നേരിട്ട് കാണുന്നത് ആദ്യമായിരുന്നു.എച്ചിൽക്കൈയുമായി എന്ത് ചെയ്യണമെന്നറിയാതെ അവൾ പേടിയോടെ അവനെ നോക്കി നിന്നു .
“ഹു ആർ യു ?” ആദിത് അവളോട് ചോദിച്ചു.
“ഞാൻ..ഞാൻ ..” വർഷ ഉത്തരം പറയാൻ വിക്കി.
“ഓഹ് മലയാളി ആണോ..ചോദിച്ചത് മനസ്സിലായില്ലേ? നീ ആരാ?”ആദിത് ശബ്ദമുയർത്തി ചോദിച്ചു .
“സെയിൽസ് ഗേൾ ആണ്..” വർഷ പറഞ്ഞു.
“ഡു യു തിങ്ക് ദിസ് ഈസ് എ ചോൾട്രി ?” ആദിത് ഒച്ചവെച്ചു.
“എന്താ?..” വർഷ അവനെ നോക്കി കണ്ണുമിഴിച്ചു.
“കണ്ട വഴിപോക്കർക്ക് കേറി നിറങ്ങാനുള്ള സത്രമല്ലിത് .” ആദിത് ചൂടായി.
“സാറിന് മലയാളം അറിയാമായിട്ടാണോ എനിക്കറിയാത്ത ഭാഷ പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നോക്കുന്നത് ?” ധൈര്യം സംഭരിച്ച് വർഷ ചോദിച്ചു.
അവളുടെ സംസാരം കേട്ട് ആദിത് അവളെ തന്നെ നോക്കി നിന്നു .ആദ്യമായിട്ടാണ് തനിക്കൊരു പരിചയവും ഇല്ലാത്ത ഒരു പെണ്ണ് തന്നോട് തറുതല സംസാരിക്കുന്നത്. അവരുടെ സംസാരം കേട്ട് മുകളിൽ നിന്നും സതി ഇറങ്ങിവന്നു.
“മോൻ എപ്പോ വന്നു ?”സതി ചോദിച്ചു.
“ആരാ സതിയാന്റി ഇത്?” ആദിത് വർഷയെ അവജ്ഞയോടെ നോക്കി സതിയോട് ചോദിച്ചു.
“ഞാൻ പറയാം.മോൻ വാ.കുറച്ച് സംസാരിക്കാനുണ്ട്.മോൾ അവിടിരുന്ന് കഴിക്ക് ” സതി അവനെ വിളിച്ച് അകത്തെ റൂമിലേക്ക് പോവാൻ തുടങ്ങി.
“ഞാൻ പോവാ അമ്മെ.ഉണ്ടോണ്ടിരുന്ന ചോറിനു മുൻപിൽ നിന്നാ ഇദ്ദേഹം എന്നെ അപമാനിച്ച് വിടുന്നത്.” വർഷ ടേബിളിൽ ഇരുന്ന പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി.
“മോൾ അവിടെ നിന്നെ.ഞാൻ അല്ലെ കുട്ടിയെ ഇവിടെ വിളിച്ചിരുത്തിയത്.മോനോട് ഞാൻ സംസാരിക്കട്ടെ.അന്നം കളയരുത്.അത് കഴിച്ചിട്ട് വാ.” സതി അവളെ സമാധാനിപ്പിച്ചു.
“ഞാൻ ഈ ഭക്ഷണം കളയാനോ നല്ല കഥ!. ഈ സാറൊക്കെ സമ്പത്തിന്റെ മടിത്തട്ടിൽ ജനിച്ചുവളർന്നവർ ആണ്. ഉണ്ണാനും ഉടുക്കാനും ഇഷ്ടംപോലെ ഉള്ളവർക്ക് ഞങ്ങളെ പോലെ കിട്ടുന്ന കാശ് ഒരുനേരത്തെ ആഹാരത്തിനു പോലും തികയാതെ വരുന്നവരുടെ ഗതികേടും നിസ്സഹായാവസ്ഥയും മനസ്സിലാകില്ല അമ്മെ.ഞാൻ ഈ മേശയിൽ ഇരുന്നു കഴിച്ചതല്ലേ സാറിന് ഇഷ്ടപ്പെടാഞ്ഞത്. ഞാൻ അടുക്കളയിലേക്ക് പോവാ.അവിടിരുന്ന് കഴിച്ചോളാം.” വർഷ കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.
“ഇതേതാ ഈ സാധനം?” ആദിത് സതിയോട് ചോദിച്ചു.
“പാവമാ മോനെ.ഓരോ സാധനങ്ങൾ വിൽക്കാൻ ഇടയ്ക്കിടെ വരും.വേണ്ട എന്നുണ്ടെങ്കിലും ഞാൻ ഓരോന്ന് മേടിക്കും.ഇതുപോലെ കഴിക്കാൻ എന്തെങ്കിലും കൊടുക്കും.അനാഥകുട്ടിയാ.വലിയ കഷ്ടപ്പാടാ.ഇവിടെ എന്തെങ്കിലും ജോലി തരുവോ എന്ന് ചോദിച്ചു.മോനോട് ചോദിക്കട്ടെ എന്ന് ഞാൻ പറഞ്ഞു.” സതി പ്രതീക്ഷയോടെ അവനെ നോക്കി.
“മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ ഞാൻ ചിലപ്പൊ സമ്മതം മൂളിയേനേം .പക്ഷെ ഇപ്പൊ..അമേരിക്കയിലെ കമ്പനിയും അവിടുത്തെ ജോലിയും തിരക്കുകളും മാറ്റി വെച്ച് ഞാൻ എന്തിനാ ഇവിടെ വന്ന് നിൽക്കുന്നതെന്ന് സതിയാന്റിക്ക് അറിയാമല്ലോ.”ആദിത് സതിയോട് പറഞ്ഞു.
“എനിക്കറിയാം മോനെ.അതുകൊണ്ടാ മോനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞത്.മോനിഷ്ടമല്ലെങ്കിൽ പറഞ്ഞ് വിട്ടേക്കാം..”സതി വിഷമത്തോടെ പറഞ്ഞു.
ആദിത് കുറച്ചുനേരം എന്തോ ആലോചിച്ചു.
“ഞാൻ വേണ്ട എന്ന് പറഞ്ഞാൽ സതിയാന്റിയുടെ മനസ്സിൽ അവളുടെ മുഖം എന്നുമൊരു വിങ്ങലായി കിടക്കും എന്നെനിക്ക് അറിയാം..” ആദിത് സതിയെ സൂക്ഷിച്ച് നോക്കി.അവർ ഒന്നും മിണ്ടാതെ തല താഴ്ത്തി.
“അതുകൊണ്ട് തൽക്കാലം അവൾ ഇവിടെ നിൽക്കട്ടെ.പക്ഷെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്നവളോട് പ്രത്യേകം പറഞ്ഞേക്കണം.”ആദിത് പറഞ്ഞു.
“പുണ്യം കിട്ടും മോനെ.ഞാൻ ആ കുട്ടിയോട് പറഞ്ഞിട്ട് വരം.” സതി സന്തോഷത്തോടെ പറഞ്ഞു.
അവർ അടുക്കളയിൽ ചെന്നപ്പോൾ വർഷ പാത്രം കഴുകുകയായിരുന്നു.
“ഞാൻ ഇറങ്ങുവാ അമ്മെ”
പാത്രം തിരിച്ച് പാതകത്തിൽ വെച്ചിട്ട് വർഷ തന്റെ ബാഗ് എടുത്ത് പോവാൻ ഒരുങ്ങി .
“മോള് ഇവിടെ എന്റെ കൂടെ കൂടുന്നോ ?” സതി വർഷയോട് ചോദിച്ചു.
“സാർ സമ്മതിച്ചോ?” വിശ്വാസം വരാത്തപോലെ അവൾ സതിയെ നോക്കി.
“സമ്മതിച്ചു.പക്ഷെ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. അടുക്കളക്കാര്യത്തിനപ്പുറം വീട്ടുകാര്യങ്ങളിൽ ഇടപെടാൻ വരരുത്.ഇവിടെ നടക്കുന്ന പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം.വീട്ടിനകത്തെ കാര്യങ്ങൾ പുറത്താരോടും ചെന്ന് പറയരുത്. മനസ്സിലായോ?” സതി വർഷയോട് ചോദിച്ചു..
“ഞാൻ പരദൂഷണം പറഞ്ഞ് നടക്കാറില്ല അമ്മെ.അമ്മയ്ക്ക് എന്നെ വിശ്വസിക്കാം .” വർഷ അവർക്ക് ഉറപ്പ് നൽകി.
“ഞാൻ എന്റെ തുണിയൊക്കെ എടുത്തിട്ട് വരാം അമ്മെ.ഈ സാധനങ്ങൾ ഒക്കെ തിരിച്ച് ഏൽപ്പിക്കുകയും വേണം.” വർഷ അവരോട് യാത്ര പറഞ്ഞ് അടുക്കളയുടെ പിൻവശത്തുകൂടി ഇറങ്ങി ഗേറ്റിനരികിലേക്ക് നടന്നു..
മുറ്റത്ത് എത്തിയതും അവൾ തിരിഞ്ഞു നോക്കി.അവിടെ വീടിന്റെ ബാൽക്കണിയിൽ അവളെ തന്നെ നോക്കി ആദിത് നിൽപ്പുണ്ടായിരുന്നു.അവൾ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കിയതിനു ശേഷം തന്റെ ഷോൾഡർ ബാഗ് ഒന്നുകൂടി വലിച്ചിട്ട് വെളിയിലേക്ക് നടന്നു. വർഷയുടെ മുഖം കാണും തോറും മറ്റാരുടെയോ ഓർമ്മകൾ തികട്ടി വന്ന് അവന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു!
അന്ന് വൈകിട്ട് വർഷ വൈറ്റ് പേളിലേക്ക് താമസം മാറി.താഴത്തെ നിലയിൽ അടുക്കളയുടെ സൈഡിലുള്ള സതിയുടെ മുറിയിൽ ഒരു ചെറിയ ബെഡ് ഇട്ട് അവർ അവൾക്കായി മുറി ഒരുക്കിയിരുന്നു.തന്റെ സാധനങ്ങൾ എല്ലാം അവിടെ ഒതുക്കി വെച്ച ശേഷം കുളിച്ച് വേഷം മാറി അവൾ അടുക്കളയിൽ കയറി ജോലികൾ തുടങ്ങി.എട്ടു പത്ത് മുറികളുള്ള ഭീകര വീടായിരുന്നു അത്.മുകൾ നിലയിൽ ആദ്യത്തെ മുറി ആദിത്തിന്റെതായിരുന്നു.മുകൾ നിലയിൽ തന്നെയുള്ള മുറികളിൽ മൂന്നെണ്ണം പൂട്ടികിടക്കുന്നത് കണ്ടു.വർഷ അന്വേഷിച്ചപ്പോൾ ഒന്ന് വികാസ് മേനോന്റെ സുഹൃത്ത് ജയശങ്കറിന്റെയും ഭാര്യ മായയുടെയും മുറിയും രണ്ടാമത്തേത് അവരുടെ മകൻ ജയദേവന്റെ മുറിയുമാണെന്ന് അറിയാൻ കഴിഞ്ഞു.വെക്കേഷന് വരുമ്പോൾ അവർ താമസിക്കുന്ന മുറികളാണത്..താക്കോൽക്കൂട്ടം സതിയുടെ കൈയിൽ ഉണ്ടെങ്കിലും അവർ വരുമ്പോൾ മാത്രമേ അത് തുറക്കാറുള്ളു എന്നറിയാൻ കഴിഞ്ഞു.അവിടെ നിന്നും കുറച്ച് മാറി അങ്ങേയറ്റത് ഉള്ള മുറിയും അടഞ്ഞ് തന്നെ കിടക്കുന്നു. ഈ മൂന്ന് മുറികളൊഴിച്ച് ബാക്കി എല്ലാം ഇടയ്ക്ക് തൂത്ത് തുടച്ച് വൃത്തിയാക്കണമെന്ന് സതി വർഷയോട് പറഞ്ഞു.രാത്രി ആദിത്തിന് കഴിക്കാനുള്ള ചപ്പാത്തിയും കറികളും അവൾ ഉണ്ടാക്കി.സതി കുറച്ച് കഞ്ഞിയും ചമ്മന്തിയും തയ്യാറാക്കി.അതുമായി അവർ സ്റ്റെയർകേസ് കയറി മുകൾ നിലയിലേക്ക് പോയി.ആദിത്തിനായിരിക്കും ആ ഭക്ഷണം എന്നവൾ ഊഹിച്ചു.പിന്നെന്തിനാണ് ആദിത്തിന് വേണ്ടി തന്നോട് ചപ്പാത്തിയും കറികളും ഉണ്ടാക്കാൻ സതി പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല.കുറച്ച് കഴിഞ്ഞ് കാലിയായ പ്ലേറ്ററും കൊണ്ട് സതി ഇറങ്ങി വന്നു.അവരുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു എന്ന് വർഷ ശ്രദ്ധിച്ചു.ആദിത് മുകളിൽ അവന്റെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.ആ ഭൂതം സതിയോട് എന്തെങ്കിലും പറഞ്ഞ് ദേഷ്യപ്പെട്ടുകാണുമെന്ന് വർഷ മനസ്സിൽ ഓർത്തു.കുറച്ച് കഴിഞ്ഞ് ആദിത് താഴേക്ക് ഇറങ്ങി വന്ന് ഡൈനിങ്ങ് ടേബിളിന്റെ അരികിലെ കസേരയിൽ ഇരുന്നു.
“സതിയാന്റി..” ആദിത് വിളിച്ചു.
“ഹോ മുകളിൽ ഇരിക്കുന്നിടത്തോട്ട് ഭക്ഷണം കൊണ്ടുപോയി കൊടുത്തിട്ടും ആയമ്മയെ കരയിപ്പിച്ചതും പോരാ ഇപ്പൊ തേനും പാലും ഒഴുക്കി സതിയാന്റി എന്ന് വിളിക്കുന്നു.” വർഷ അവൻ കേൾക്കാതെ ദേഷ്യത്തിൽ പിറുപിറുത്തു.
“കഴിക്കാൻ ഇപ്പൊ എടുക്കാം മോനെ.” സതി വർഷ തയ്യാറാക്കി വെച്ചിരുന്ന ചപ്പാത്തിയും കറികളും എടുത്തുകൊണ്ട് വന്നു.
“ഇയാളുടെ വയറ്റിൽ എന്താ കൊക്കോ പുഴു ഉണ്ടോ ? കുറച്ച് മുൻപല്ലേ സതിയമ്മ കൊണ്ടുകൊടുത്ത കഞ്ഞിയും ചമ്മന്തിയും വെട്ടി വിഴുങ്ങിയത്? ഇപ്പൊ പിന്നേം വിശക്കുന്നോ ?” വർഷ മനസ്സിൽ വിചാരിച്ചു.
ആദിത് കഴിക്കുന്ന സ്ഥലത്തേക്ക് വർഷ വന്നില്ല.ആദിത്തിന് ഭക്ഷണം വിളമ്പിക്കൊടുത്ത് സതിയും അവന്റെ അടുത്ത് തന്നെ ഇരുന്നു.വർഷ അടുക്കളയിൽ തന്നെ നിന്നു . ഇനി തന്നെ കണ്ടിട്ട് അദ്ദേഹത്തിന് ഭക്ഷണം ഇറങ്ങാതിരിക്കണ്ട.
“വർഷേ.” സതി വിളിച്ചു.
“എന്തോ അമ്മെ” വിളികേട്ടുകൊണ്ട് വർഷ പെട്ടെന്ന് അവിടേക്ക് ചെന്നു .
“മോളും വാ.ഒരുമിച്ചിരുന്ന് കഴിക്കാം.” സതി വർഷയോട് പറഞ്ഞു.
അവൾക്ക് വേണ്ടി അവരുടെ അടുത്തായി കസേര നീക്കി ഇട്ടു. ആദിത് അവളെ നോക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
“വേണ്ട അമ്മെ.ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചുകൊള്ളാം.” വർഷ മടിയോടെ പറഞ്ഞു.
“അങ്ങനെ ഒന്നും വിചാരിക്കണ്ട കുട്ടി.കഴിക്കുമ്പോ എല്ലാരും ഒരുമിച്ചിരുന്നു കഴിക്കുന്നതാ ഇവിടുത്തെ പതിവ്..മോളിവിടെ വന്നിരിക്ക്.” സതി അവളെ പിന്നെയും വിളിച്ചു.
“വേണ്ട അമ്മെ.അഹങ്കാരം ആണെന്ന് വിചാരിക്കല്ലേ.എനിക്കിതൊന്നും ശീലമില്ലാത്തത് കൊണ്ടാ.ഉച്ചയ്ക്ക് അമ്മ നിർബന്ധിച്ചതുകൊണ്ടാ ഞാൻ ഇവിടെ മേശയിൽ ഇരുന്നത്..അത് തെറ്റായിപ്പോയി..ഞാൻ അടുക്കളയിൽ തന്നെ ഇരുന്ന് കഴിച്ചോളാം.”വർഷ പറഞ്ഞിട്ട് ആദിത്തിനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോവാൻ തുടങ്ങി.
“ഇന്ന് എന്താ കറിക്കൊരു വൃത്തികെട്ട ടേസ്റ്റ്? സതിയാന്റി ഉണ്ടാക്കുന്നതിന്റെ ഏഴയലത്ത് വരില്ല.. ” വർഷയെ നോക്കാതെ ആദിത് പറഞ്ഞു..
കഴിപ്പ് കണ്ടിട്ട് അങ്ങനെ അല്ലല്ലോ മനുഷ്യാ തോന്നുന്നത് എന്നുറക്കെ വിളിച്ച് പറയണമെന്നുണ്ടായിരുന്നു വർഷയ്ക്ക്.പക്ഷെ അവൾ നാവടക്കി നിന്നു. സതി അവളെ നോക്കി ആദിത് തമാശ പറഞ്ഞതാണെന്ന അർത്ഥത്തിൽ കണ്ണിറുക്കി.വർഷ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി. കഴിച്ച് കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി അടുക്കള വൃത്തിയാക്കി വർഷയും സതിയും ഉറങ്ങാൻ കിടന്നു.
രാത്രി ആയപ്പോ ഒരു അലർച്ച കേട്ട് വർഷ ഞെട്ടി എഴുന്നേറ്റു .നോക്കിയപ്പോൾ സതി അരികിലില്ല.മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നു. തനിക്ക് തോന്നിയതാകുമെന്നോർത്ത് അവൾ കിടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അതേ അലർച്ച! അത് മുകൾ നിലയിലെ ഏതോ മുറിയിൽ നിന്നാണ് വരുന്നതെന്നവൾക്ക് തോന്നി.അവൾ പതിയെ സ്റ്റെയർകേസ് കയറി മുകൾ നിലയിൽ ചെന്നു .ആദിത്തിന്റെ മുറിയും തുറന്ന് കിടക്കുകയായിരുന്നു.അവൾ അകത്തേക്ക് നോക്കിയപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല.പൂട്ടിക്കിടക്കുന്ന മൂന്ന് മുറികളിൽ ജയശങ്കറിന്റേയും കുടുംബത്തിന്റെയും അല്ലാത്ത അങ്ങേയറ്റത്തുള്ള മുറി പാതി തുറന്നുകിടക്കുകയായിരുന്നു.അവിടെ നിന്നും വീണ്ടും അലർച്ച കേട്ടു .പേടി തോന്നിയെങ്കിലും അവൾ പതിയെ അങ്ങോട്ട് നടന്നു.. .കുറച്ച് കഴിഞ്ഞ് അലർച്ചയും ബഹളവും ഒതുങ്ങിയപ്പോൾ സതി കരഞ്ഞുകൊണ്ട് ആ മുറിയിൽ നിന്നും ഇറങ്ങിവന്നു!പിറകെ ആദിത്തും ! രണ്ടുപേരും വർഷയെ കണ്ട് ഞെട്ടി. വർഷ അവരെ നോക്കി പകച്ച് നിന്നു . ആദിത് ആ മുറി പൂട്ടി താക്കോൽ സതിയെ ഏൽപ്പിച്ച് വർഷയെ നോക്കാതെ അവന്റെ മുറിയിലേക്ക് പോയി.സതി താക്കോൽകൂട്ടം കൈയിൽ പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. പതിയെ അവർ സ്റ്റെയർകേസ് ഇറങ്ങി അവരുടെ മുറിയിലേക്ക് പോയി.വർഷ ആ മുറിയുടെ മുൻപിൽ ചെന്ന് കുറച്ച് നേരം നിന്നു.അവളുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ മിന്നിമറഞ്ഞു. ഒടുവിൽ താൻ അന്വേഷിച്ച് വന്നത് കണ്ടെത്തിയിരിക്കുന്നു!….
(തുടരും…)
? അഞ്ജന ബിജോയ്
Comments:
No comments!
Please sign up or log in to post a comment!