പ്രണയമാണ് ഇപ്പോഴും

സമർപ്പണം: പ്രിയ സുഹൃത്തും സൈറ്റിലെ മികച്ച എഴുത്തുകാരനുമായ അസുരന് [ജയകൃഷ്ണന്]

ജയകൃഷ്ണന്‍ ഉറക്കമുണര്‍ന്നപ്പോള്‍ വാതില്‍ക്കല്‍ നിന്ന് തന്‍റെ മുഖത്തേക്ക് നോക്കുന്ന മീരയെക്കണ്ടു. ഭിത്തിയില്‍ ഫ്രെയിം ചെയ്ത് വെച്ച ഗായത്രിയുടെ വലിയ ചിത്രത്തിന് സമീപമാണ് അവള്‍ നിന്നിരുന്നത്. വെയിലില്‍ തെളിഞ്ഞുനിന്ന സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് മുമ്പില്‍, അതിനുമപ്പുറത്ത് മഞ്ഞുനിറഞ്ഞ മലമുടികളുടെ പശ്ചാത്തലത്തില്‍ നിന്ന് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഗായത്രി… “മീനമാസം ഒന്നാം തീയതിയാണ് ഇന്ന്‍,” പറഞ്ഞു കഴിഞ്ഞാണ് മീര ഓര്‍ത്തത്. മാസത്തിന്‍റെ പേര് പറയേണ്ടിയിരുന്നില്ല. ഇന്ന് ഒന്നാം തീയതിയാണ്. എന്‍റെ മുഖം കണികണ്ട് ഉണരാന്‍ വേണ്ടി വന്നു നിന്നതാണ്. മതിയായിരുന്നു. അത്രമാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ഇനി ദിവസം മുഴുവനും അച്ഛന്‍ കണ്ണുനനയിക്കും. ഓര്‍മ്മകളില്‍ നഷ്ട്ടപ്പെടും.മനസ്സും ശരീരവും രാമനാട്ടുകര വിട്ട് രാംഗഡിലേ ഗോതമ്പ് പാടങ്ങളില്‍, സൂര്യകാന്തിപ്പൂക്കള്‍ സ്വര്‍ണ്ണസാഗരമാക്കിയ ശിവാനിപുരിയില്‍, ജുഗല്‍ബന്ദിയും ഖവ്വാലിയും ദൃപദും സൈക്കഡലിക് വിസ്മയങ്ങള്‍ തീര്‍ക്കുന്ന പുരാണകിലയുടെ ചുവട്ടിലെ ഗംഗാഖേഡയില്‍….അവിടെയൊക്കെ അലയും ഇന്ന് അച്ഛന്‍… മീര ജയകൃഷ്ണന്‍റെ കിടക്കയുടെ അരികിലിരുന്നു. അയാളുടെ തോളില്‍ കൈവെച്ച് കണ്ണുകളിലേക്ക് നോക്കി. നനവുണ്ടോ? അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു. സൂര്യകാന്തിപ്പാടങ്ങള്‍ക്കും പുരാണകിലയ്ക്കും മദ്ധ്യേ അമ്മയെ പ്രണയിച്ച് പാടിനടന്ന ഇടങ്ങളില്‍ അച്ഛന്‍ പുഞ്ചിരിച്ചത് ഇങ്ങനെയായിരിക്കണം. “എഴുന്നേല്‍ക്കൂ അച്ഛാ,” അവള്‍ അയാളുടെ കയ്യില്‍ പിടിച്ച് വലിച്ചു.

“ഓക്കേ…ഓക്കേ…” അയാള്‍ പറഞ്ഞു. “എല്ലാ ഒന്നാം തീയതികളിലും ഉറക്കമുണര്‍ന്ന് കണ്ണുകളച്ച് തപ്പിത്തടഞ്ഞ് അച്ഛന്‍ എന്‍റെ ബെഡ് റൂമില്‍ വന്ന് കഷ്ടപ്പെട്ട് എന്നെ കണികാണണ്ട എന്ന് വെച്ചാണ് ഈ ഒന്നാം തീയതി ഞാന്‍ അച്ഛന്‍റെ ബെഡ് റൂമിലേക്ക് വന്നെ,” അയാള്‍ വീണ്ടും പുഞ്ചിരിച്ചു. അച്ഛനും മകളും ജനാലയിലൂടെ പുറത്തേക്ക് നോക്കി. പുറത്ത് കുന്നിന്‍ പുറങ്ങളില്‍ വെയില്‍ പരന്നുകിടന്നു. മരച്ചുവട്ടിലെ തണല്‍ വൃത്തങ്ങളില്‍ ഇടയന്മാര്‍ പശുക്കളെയും ആടുകളെയും നോക്കിയിരിക്കുന്നു. “വാ,” കിടക്കയില്‍ നിന്ന് എഴുന്നേറ്റിട്ട് ജയകൃഷ്ണന്‍ പറഞ്ഞു. “പുറത്ത് മാവിന്‍ ചുവട്ടില്‍ പോയി അല്‍പ്പ സമയം ഇരിക്കാം,” അവളും എഴുന്നേറ്റു. “അച്ഛന്‍ പൊയ്ക്കോളൂ” അടുക്കളയിലേക്ക് നടന്നുകൊണ്ട് മീര പറഞ്ഞു. “ഞാന്‍ അച്ഛന് കോഫിയുമായി വരാം,” ജയകൃഷ്ണന്‍ വാഷ്ബേസിനിലേക്ക് പോയി.

കയ്യും മുഖവും കഴുകി. ഈറന്‍ കൈത്തലം കൊണ്ട് നീണ്ട മുടിയിഴകള്‍ മാടിയൊതുക്കി. മാവിന്‍ ചുവട്ടിലേക്ക് നടന്നപ്പോഴേക്കും രണ്ടു കപ്പുകളില്‍ കാപ്പിയുമായി മീര അവിടേയ്ക്ക് വന്നുകഴിഞ്ഞിരുന്നു. “ഇന്ന് സണ്‍ഡേ അല്ലെ?” കാപ്പി കപ്പ് അയാള്‍ക്ക് നല്‍കിക്കൊണ്ട് അവള്‍ പറഞ്ഞു. ജയകൃഷ്ണന്‍ കസേരയില്‍ ഇരുന്ന് കാപ്പി കപ്പ് ടീപ്പോയില്‍ വെച്ചു. എന്നിട്ട് അവളെ ചോദ്യരൂപത്തില്‍ നോക്കി. “ഇന്ന് ഒന്ന് പുറത്ത് പോകാം,” അവള്‍ അയാളുടെ നോട്ടത്തിനുള്ള ഉത്തരമായി പറഞ്ഞു. “ഷോപ്പിംഗ്‌?” “ഷോപ്പിംഗ്‌ ഒന്നുമല്ല,” ശബ്ദമുയർത്തി മീര പറഞ്ഞു. “ഇടയ്ക്കൊക്കെ അച്ഛൻ ശരിക്കും ഒന്ന് പുറത്തൊക്കെ വരണം. ഇങ്ങനെ ഇങ്ങനെ എപ്പഴും വായനയും എഴുത്തും ഒക്കെ മാത്രം പോരാ,” “ഞാൻ എന്നും ഓഫീസിൽ പോകുന്നില്ലേ? ഓഫീസ് വീടിനകത്താണോ മോളെ!” “അതൊക്കെ എനിക്കറിയാം. ആരുടേയും മുഖത്തും നോക്കാതെ കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്ത് വെച്ചപോലെ ഒരു പോക്കും വരവും അല്ലെ അച്ഛന്റെ രീതി. ഇത് അങ്ങനത്തെയല്ല. എന്റെ ഫ്രണ്ട് സോഫിയ പറയുന്നപോലെ ഞെരിപ്പൻ ഔട്ടിങ്!”

കോളേജ് കാന്‍റ്റീനിലെ തന്‍റെ സ്ഥിരം ടേബിളിനടുത്തെക്ക് നടക്കവേ മീര, പതിവിലേറെ വിഷാദമുഖിയായിരുക്കുന്ന സോഫിയയെക്കണ്ട് പുഞ്ചിരിച്ചു. “പറ,” സോഫിയയ്ക്ക് അഭിമുഖമായി ഇരുന്നിട്ട് മീര ചോദിച്ചു. “എന്താ ഇന്നത്തെ പ്രോഗ്രാം?” “ഇന്നത്തെ പ്രോഗ്രാമോ?” സോഫിയ ഈര്‍ഷ്യയോടെ ചോദിച്ചു. “അതേ, ഇന്നത്തെ പ്രോഗ്രാം,” മീരാ പുഞ്ചിരി നിലനിര്‍ത്തിക്കൊണ്ട് പറഞ്ഞു. “നിന്നോട് ഇന്നത്തെ പ്രോഗ്രാം എന്താ എന്ന് ചോദിച്ചാ അതിനൊരു മീനിങ്ങെ ഉള്ളൂ വെടക്കൂസേ. എന്താ ഇന്നത്തെ പ്രോബ്ലം. ഹഹഹ,” മീരാ പൊട്ടിചിരിച്ചു. “ഓ തമാശിച്ചതാണോ പെണ്ണ്‍?” സോഫിയയുടെ മുഖം കൂടുതല്‍ ഇരുണ്ടു. “ഒരു മിനിറ്റെ,” മീര കൌണ്ടറിലേക്ക് നോക്കി. “രമേശേട്ടാ ഒരു കട്ടന്‍,” കൌണ്ടറിലെ മേശക്കരികില്‍ നിന്ന്‍ ഓര്‍ഡര്‍ സ്വീകരിക്കുകയായിരുന്ന മധ്യവയസ്ക്കനോട് മീര വിളിച്ചു പറഞ്ഞു. “നിനക്കോ?” സോഫിയുടെ നേരെ നോക്കി അവള്‍ ചോദിച്ചു. “എനിക്കെങ്ങും ഒന്നും വേണ്ട,” മുഖത്തെ ഇരുളിമ മാറ്റാതെ സോഫിയ പറഞ്ഞു. അവളുടെ മുഖഭാവം മീരയില്‍ വീണ്ടും ചിരിയുണര്‍ത്തി. “നീ ചിരിച്ചോ…” സോഫിയയുടെ കണ്ണുകള്‍ നിറഞ്ഞു. “അയ്യേ..ഛെ!! എന്താടീ ഇത്?” ശബ്ദത്തിലെ കുസൃതിമാറ്റി സഹതാപാര്‍ദ്രമായ സ്വരത്തില്‍ മീര ചോദിച്ചു. “ആരേലും കാണൂന്നെ. നീ വെഷമിക്കാതെ. നമുക്ക് വഴിയൊണ്ടാക്കാം,” സോഫിയയില്‍ നിന്ന്‍ കണ്ണുനീര്‍ പൊഴിഞ്ഞു.

“ഇന്നും ആളെ കണ്ടില്ല; അല്ലേ?” രമേശേട്ടന്‍ കൊണ്ടുവന്നു വെച്ച കട്ടന്‍ ചായയുടെ ഗ്ലാസ്സില്‍ പിടിച്ചുകൊണ്ട് മീര ചോദിച്ചു.
സോഫിയ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയനക്കി. രണ്ടാഴ്ച്ചയ്ക്ക് മുമ്പാണ് സംഭവം. സോഫിയ രാമനാട്ടുകരയിലേ തന്‍റെ വീട്ടില്‍ നിന്ന്‍ കോളെജിലേക്ക് വരികയായിരുന്നു. തന്‍റെ സ്കൂട്ടറിനെ പിന്തുടര്‍ന്നു നാലഞ്ചു ബൈക്കുകള്‍ വരുന്നതവള്‍ കണ്ടു. തിരിഞ്ഞുനോക്കാതെ തന്നെ അതാരാണ് എന്ന് അവള്‍ക്കറിയാം. സെബാസ്റ്റിയനും സംഘവുമാണ്. നാളുകളായി ശല്യം ചെയ്യുകയാണ്. ഇതുവരെ ആരെയുമറിയിച്ചില്ല. വീട്ടില്‍ പറഞ്ഞാല്‍ അത് വലിയ പ്രശ്നമാകും. വെട്ടൊന്ന് മുറിരണ്ട് എന്നാണ് ആങ്ങളമാരുടെ രീതി. തന്‍റെ പഠിപ്പ് വരെ മുടക്കും. അതുകൊണ്ട് ശല്യം സഹിക്കുകയായിരുന്നു. സ്കൂട്ടറിനു പിന്നാലെ വരിക. അശ്ലീല കമന്റുകള്‍ പറയുക. അതൊക്കെയാണ്‌ കലാപരിപാടികള്‍. എന്നാല്‍ അന്ന് അവന്മാരുടെ വികൃതി കുറെ കൂടിപ്പോയി. യൂണിവേഴ്സിറ്റി റോഡിലേക്ക് തിരിയുന്നിടത്ത് വെച്ച് അവര്‍ അവളെ വളഞ്ഞു. സിനിമയിലൊക്കെ കാണുന്നത് പോലെ മൂന്നുനാല് പ്രാവശ്യം അവളുടെ സ്കൂട്ടറിനു ചുറ്റും അവര്‍ വളയം തീര്‍ത്തു. ബൈക്കില്‍ നിന്ന്‍ സെബാസ്റ്റിയന്‍ ഇറങ്ങി വന്ന് അവളുടെ കയ്യില്‍ കയറിപ്പിടിച്ചു. “പൊന്നുമോളല്ലേ, വാന്നേ. നമുക്ക് നല്ല ഒരു ഫിലിമിന് പോകാന്നെ. ബ്ലൂ ഡയമണ്ടില്‍ ഇപ്പോ റയീസ് ആണ്. നമ്മടെ സണ്ണി ലിയോണീടെ ഐറ്റം ഡാന്‍സ് ഒക്കെ ഉണ്ട്. പണ്ടത്തെ പാട്ടില്ലേ…ലൈലാ ഓ ലൈലാ…” അരയും ചന്തിയുമിളക്കി അവന്‍ ആ പാട്ടിന്‍റെ ആദ്യ വരികള്‍ പാടി. അപ്പോഴാണ്‌ വെളുത്ത ഒരു കാര്‍ അവിടേക്ക് വന്നത്. വേഗം സാവധാനത്തിലാക്കി അത് അവരുടെ തൊട്ടുമുമ്പില്‍ മുമ്പില്‍ നിര്‍ത്തി. അതില്‍ നിന്ന്‍ ഭംഗിയായി വസ്ത്രധാരണം ചെയ്ത, ഇന്‍സര്‍ട്ട് ചെയ്ത ആഷ് നിറമുള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിച്ച നല്ല ഉയരമുള്ള, സുഭഗനായ ഒരാള്‍ ഇറങ്ങി. അയാള്‍ കറുത്ത ഗ്ലാസ് ധരിച്ചിരുന്നു.

“വൌ!!” സെബാസ്റ്റ്യന്‍റെ സംഘത്തിലെ ഒരാള്‍ അയാളുടെ വരവ് കണ്ട്‌ മന്ത്രിച്ചു. “ആരായിത്?? ….മനോജ്‌ കേ ജയനാണോ?” “എന്താടാ ഇത്?” അവളുടെ കയ്യില്‍ പിടിച്ചിരുന്ന സെബാസ്റ്റ്യനോട് ഘനഗാംഭീര്യമുള്ള സ്വരത്തില്‍ അയാള്‍ ചോദിച്ചു. അയാളുടെ ആജ്ഞാശക്തിയുള്ള ഭാവത്തിനും ശബ്ദത്തിനും മുമ്പില്‍ സെബാസ്റ്റ്യന്‍ ഒന്ന്‍ പതറി. “ആരാ? നിങ്ങളാരാ?” “ജില്ലാ കലക്റ്ററെ നോക്കി നിങ്ങളെന്ന് വിളിക്കുന്നോ??” അയാള്‍ അവന്‍റെ നേരെയടുത്തു. കലക്റ്റര്‍ എന്ന് കേട്ടതും കൂട്ടാളികള്‍ തിടുക്കത്തില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോയി. “എന്ത്വാടാ ഇത്?” സെബാസ്റ്റ്യന്‍റെ കൈയില്‍ പിടിച്ച് ഞെരിച്ച്കൊണ്ട് അയാള്‍ ചോദിച്ചു. “തമിഴ് സിനിമയോ? നടുറോട്ടില്‍ വെച്ച് പെമ്പിള്ളേരുടെ കയ്യേല്‍ കേറിപ്പിടിക്കാന്‍? എന്നിട്ട് വഴിയേ പോകുന്ന എന്നെപ്പോലെ ഒള്ലോര്‍ക്ക് വെറുതെ ചിന്ന ദളപതീടെ റോള്‍ ചെയ്യിക്കാന്‍? വില്ലത്തരം കണ്ടിട്ട് ഒറ്റ ചോദ്യമേയുള്ളൂ.
ഏത് എമ്മെല്ലേടെ, ഏത് എമ്പീടെ ഏത് കോണ്ട്രാക്റ്ററുടെ മോനാ നീ?” സെബാസ്റ്റ്യന്‍റെ ദേഹം വിയര്‍പ്പില്‍ പുതഞ്ഞു. അവന്‍റെ കൈയ്യിലെ അയാളുടെ പിടി ഒന്ന് കൂടി മുറുകി. “പറയെടാ…” “ആഹ്,” അയാളുടെ പിടുത്തത്തിന്‍റെ ദൃഡതയില്‍ അവന്‍ പുളഞ്ഞു. “എന്‍റെ പപ്പാ ദുബായീലാ…ഹാങ്ങ്…” “അത് പറ,” കൈത്തണ്ടയിലെ ഞെരിക്കലിന്റെ വേഗം ഒന്നുകൂടി കൂട്ടി അയാള്‍ ചോദിച്ചു. “എന്താടാ, വേദനിക്കുന്നോ?” “ആഹ് ..അതെ പ്ലീസ് പിടി വിട്,” “നിന്‍റെ എറച്ചിക്ക് നൊന്തപ്പം അതങ്ങ് സഹിക്കത്തില്ല അല്ലേ? ഈ കൊച്ചിന്റെ മനസ്സ് നോന്തത്നീ അറിഞ്ഞാരുന്നോടാ? അന്നേരം നീയൊക്കെ അത് കണ്ട്‌ സുഖിക്കുവല്ലാരുന്നോ?” അയാള്‍ ശബ്ദമുയര്‍ത്തി. “ഇനിയില്ല…ഷുവര്‍ സാര്‍..ഇനി ചെയ്യില്ല…തീര്‍ച്ച,” “അതിനുനിന്റെ തീര്‍ച്ചേടെ ആവശ്യമില്ല. വിമന്‍ മോളസ്റ്റിങ്ങിനു ഞാനങ്ങു കേയ്സ് ചാര്‍ജ് ചെയ്യാമ്പൂവാ നിന്‍റെ പേരില്‍. മോനേ ലൈഫ് കോഞ്ഞാട്ടയാകുവേ,”

“അയ്യോ സാര്‍…പ്ലീസ് സര്‍ ഇനി ഒരിക്കലും ചെയ്യില്ല സാര്‍ പ്ലീസ് സാര്‍,” “ശരി,” അവസാനമായി ഒന്നുകൂടി അവന്‍റെ കൈ പിടിച്ചു ഞെരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. “ഇനി മേലാല്‍ ഇവളെയെന്നല്ല ഏതേലും ഒരു പെണ്ണിനെ ശല്യം ചെയ്തൂന്ന് ഞാനറിഞ്ഞാ ഞാന്‍ റെഡ് കാര്‍ഡ് കാണിക്കും. നിന്നെ കളത്തീന്ന്‍ പെര്‍മനന്‍റ്റ് ആയി ഞാന്‍ പറപ്പിക്കും. മനസ്സിലായോ?” “യെസ് സാര്‍…ഹാങ്ങ്!!” “എന്നാ വിട്ടോ,” അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ജീവനും കൊണ്ട് വിട്ടുപോയി. “എന്നാ പൊക്കോ കൊച്ചേ. ഇനി കൊഴപ്പം ഒന്നും ഇല്ല,” ആ രംഗങ്ങള്‍ അത്രയും അദ്ഭുതത്തോടെ വീക്ഷിക്കുകയായിരുന്ന സോഫിയ പെട്ടെന്ന്‍ പരിസരതിലേക്ക് കടന്നുവന്നു. അന്ന് കൈവിട്ടുപോയ മനസ്സാണ് സോഫിയയുടെ. അയാളോട് ആരാധനയായിരുന്നു ആദ്യം. പിന്നെ അസ്ഥിക്ക് പിടിച്ച പ്രണയം. പിന്നീട് ഒന്നുരണ്ടു തവണ അയാളെ കണ്ടു. അയാളെ കാണുവാന്‍ വേണ്ടി മാത്രം അവള്‍ സ്കൂട്ടറുമായി യൂണിവേഴ്സിറ്റിയിലേക്ക് തിരിയുന്ന വഴിയില്‍ വന്നു നില്‍ക്കും. എന്നാല്‍ രണ്ടു ദിവസമായി അയാളെ അവള്‍ കണ്ടില്ല. ഇപ്പോഴത്തെ സങ്കടത്തിനു കാരണമതാണ്. “എന്‍റെ സോഫീ,” മീര അവളെ ആശസിപ്പിച്ചുകൊണ്ട് പറഞ്ഞു. “നീ ഇത്ര ഇമ്മച്ച്വര്‍ ആകാതെ. ഒന്നുവല്ലേലും നീ ഡിഗ്രിക്ക് പഠിക്കുന്ന പെണ്ണല്ലേ? പത്താം ക്ലാസ്സോ പ്ലസ് വണ്ണോ ഒന്നുവല്ലല്ലോ.” സോഫിയ മീരയില്‍ നിന്ന്‍ നോട്ടം മാറ്റി. “ഹ…എന്‍റെ പൊന്നു മോളെ…” മീര അവളുടെ താടിപിടിച്ചുയര്‍ത്തി. “ആരും എന്നെ മനസ്സിലാക്കുന്നില്ല. ബെസ്റ്റ് ഫ്രെണ്ടായ നീ പോലും എന്നെ പരിഹാസത്തോടെ കാണുന്നു എന്നൊക്കെയല്ലേ നീ ഇപ്പോള്‍ ചിന്തിക്കുന്നെ…ഞാന്‍ ഉറപ്പ് തരാം.
നമുക്ക് വഴിയൊണ്ടാക്കാന്നെ…” മീരയുടെ അവസാനത്തെ വാക്കുകള്‍ സോഫിയയെ തൊട്ടു. അവള്‍ പ്രതീക്ഷയോടെ മീരയെ നോക്കി. “നെനക്കറിയാല്ലോ…പ്ലസ് വണ്‍ മൊതല്‍ ഞാന്‍ പോണ്‍ ക്ലിപ്പുകള്‍ ഒക്കെ കാണുന്നതാ. മിക്കവാറും എന്നും തന്നെ വിരല്‍ ഇട്ടില്ലേല്‍ ഒറക്കം വരാത്ത ആളാ ഞാന്‍…കാമം കയറുപൊട്ടിക്കുന്ന പെണ്ണാ ഞാന്‍ ഇതുവരേം ഒരാണും എന്നെ തൊട്ടില്ലേലും….ആ അങ്ങനെയുള്ള ഞാന്‍ ഇപ്പം രണ്ടാഴച്ചായി ക്രോം തൊറന്നിട്ട്. എന്ന്‍ വെച്ചാ എന്നാ അര്‍ഥം? ആ മനുഷ്യന്‍ പ്രാന്ത് പോലെ എന്‍റെ അസ്ഥിയേലും ചോരേലും ഞരമ്പേലും ഇങ്ങനെ കത്തി നിക്കുവാ…മീരേ എനിക്ക് അയാളെ വേണം. വേണം എന്ന്‍ വെച്ചാ…വേണം…” മീരയുടെ അദ്ഭുതം നിമിഷം തോറും പെരുകി. അവള്‍ അതീവ വിസ്മയത്തോടെ സോഫിയയെ നോക്കി.

“എടീ അതിനയാള്‍ കല്യാണം കഴിച്ചതാണോ, കുടുംബം ഒള്ളതാണോ എന്നൊക്കെ നീ അന്വേഷിച്ചോ? ഇനി ബാച്ചിലര്‍ ആണെന്ന് വെക്കുക. കമ്മിറ്റഡ് ആണെങ്കിലോ? ഇതൊന്നും അറിയാതെ…!” “അല്‍പ്പം പ്രായക്കൂടുതല്‍ കണ്ടേക്കാം,” “അല്‍പ്പം എന്ന് വെച്ചാല്‍? അറുപത് ? ഓര്‍ എഴുപത്?” “നീ പോടീ!” സോഫിയ മുഖം വീര്‍പ്പിച്ചു. “ഹ!ഇങ്ങനെ തൊട്ടാവാടി അകല്ലേ പെണ്ണെ!പറ!” “ഒരു തേര്‍ട്ടി…തേര്‍ട്ടി റ്റു…” “ഇങ്ങ്ഹേ! അത്രേം പ്രായവോ! അത് കൊള്ളാല്ലോ! എന്ന് വെച്ചാല്‍ നിന്നേക്കാളും പന്ത്രണ്ട് വയസ്സിന്…ഒന്ന് പോ പെണ്ണെ ഇതെങ്ങനെ ശരിയാകും?” “അപ്പം നസ്രിയേം ഫഹദുവോ? ആ…പറ. അവരുടെ ഏജ് ഡിഫറന്‍സ് എത്രയാ? ഷേക്സ്പിയര്‍ അന്നാ ഹതാവെ അതോ? അറിയാമോ നിനക്ക് ഡോക്റ്റര്‍ ജോണ്‍സന്‍റെ ഭാര്യക്ക് അയാളേക്കാള്‍ ഇരട്ടി ഏജ് ഉണ്ടാരുന്നു. പ്രായമല്ല പ്രണയമാണ് വലുത്!” “സമ്മതിച്ചു,” മീര സോഫിയയുടെ നേര്‍ക്ക് കളിയായി കൈകള്‍ കൂപ്പി. “പ്രായം പോട്ടെ,” മീര പറഞ്ഞു. “ഈ ഡിസ്ട്രിക്റ്റില്‍ നിന്‍റെ ഡാഡീടെ അത്രേംപണമുള്ളയാള്‍ വേറെ ഇല്ല. നീയീ പറയുന്ന മന്മഥന്‍, നിന്‍റെ റോമിയോ, നിന്‍റെ മജ്നു ഒരു സാധാരണക്കാരന്‍ ആണേല്‍? വെറും തെറുപ്പു ബീഡി മാത്രം വാങ്ങാന്‍ മാത്രം ആസ്തിയുള്ളവന്‍ ആണേല്‍? നിന്‍റെ ഡാഡി ആ പാവം കെവിനേകൊന്നത് പോലെ അവനെ വെള്ളത്തില്‍ മുക്കിക്കൊന്നാല്‍?” “എങ്കില്‍ ഞാനും ചാവും,” സോഫിയ ദൃഡസ്വരത്തില്‍ പറഞ്ഞു. “നീന ഇപ്പഴും കെവിനേ മാത്രം ഓര്‍ത്ത് ജീവിക്കുന്നില്ലെ? അതുപോലെ!” ഒരു നിമിഷം അവരിരുവരും മൌനമായി മുഖാമുഖം നോക്കിയിരുന്നു. “എന്‍റെ മീരേ,” സോഫിയ അവളുടെ തോളില്‍ പിടിച്ചു.

“നമ്മക്ക് ഈ പ്രായത്തില്‍ ഒരിക്കലും ഇമ്മച്ച്വര്‍ ആയ ഒരു ലവ് ഫീല്‍ ചെയ്യില്ല. ഏജ് ട്വന്‍റി ട്വന്‍റി വണ്‍ ഒക്കെയായില്ലേ? അല്ലാതെ പതിനഞ്ചോ പതിന്നാലോ ഒന്നും അല്ലല്ലോ…സോ ട്രസ്റ്റ് മി…ഐം ടോട്ടലി ഫെയിത്ത്ഫുള്‍ റ്റു മൈ ലവ്!” “എന്‍റെ ഭഗവതീ…! നീയിത്രേം…!” അവളുടെ സ്വരത്തിലെ ദൃഡത തിരിച്ചറിഞ്ഞ് മീര അദ്ഭുതപ്പെട്ടു. സോഫിയയുടെ മിഴികള്‍ വീണ്ടും നിറയാന്‍ തുടങ്ങുകയാണ്. മീരയുടെ ഹൃദയവും വിതുമ്പി. എനിക്ക് തെറ്റ് പറ്റി മോളെ,” മീരയും കണ്ണുകളില്‍ നനവ് നിറച്ചുകൊണ്ട് പറഞ്ഞു. “മൊബൈല്‍ഫോണും ടാബ്ലെറ്റും കമ്പ്യൂട്ടര്‍ ഗെയിമുകളുമൊക്കെ പ്രണയത്തെ വേദനയെ ഒക്കെ ഈ ലോകത്ത് നിന്ന് തന്നെ നീക്കിക്കളഞ്ഞു എന്നാ ഞാന്‍ കരുതിയെ. ഇത് പോലെ കരഞ്ഞ് സ്നേഹിക്കാന്‍ ഇക്കാലത്തും ആളുകളുണ്ടാവും എന്ന് നീയെനിക്ക് കാണിച്ച് തന്നല്ലോ കുട്ടീ,” “നീതന്നെ പറയണം ഇത്!” കണ്ണുനീര്‍ തുടച്ച് സോഫിയ പറഞ്ഞു. “കരഞ്ഞ് സ്നേഹിക്കുന്ന ഒരാള്‍ നിന്‍റെ വീട്ടിലുമുള്ളപ്പോള്‍. നിന്‍റെ അച്ഛന്‍,” ദൂരെ എവിടെ നിന്നോ പള്ളിമണിയുടെ നാദം അവര്‍ കേട്ടു. അവര്‍ ഇരുന്നിരുന്നതിന് മുകളില്‍,മരചില്ലയിലൊരു പ്രാവ് കുറുകി. ശരിയാണ്. മനസ്സിൽ അമ്മയെ മാത്രം ഇപ്പോഴും ഭ്രാന്തമായി സ്നേഹിച്ചുകൊണ്ട് തന്റെ അച്ഛൻ. എത്രയോ വർഷങ്ങൾ! തനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ടതാണ് അമ്മയെ. എന്നിട്ടും എത്രയോ പ്രലോഭനങ്ങളുണ്ടായിട്ടും എത്രയോ പേർ പിന്നാലെ ഭ്രാന്ത് പിടിച്ചു നടന്നിട്ടും അവരുടെ കണ്മുനകളിലെ പ്രണയവും കാമവും കണ്ടില്ലെന്ന് ഭാവിച്ച് അമ്മയെ മാത്രം പൂജിക്കുന്ന അച്ഛൻ! “എനിക്ക് ഒരു ദിവസം ഒന്ന് കാണണം നിന്റെ അച്ഛനെ എന്റെ മീരേ,” സോഫിയ പറഞ്ഞു. “എനിക്ക് തോന്നുന്നു നിന്റെ അച്ഛൻ എന്നെ ഒന്ന് തലയിൽ തൊട്ട് അനുഗ്രഹിച്ചാൽ ചിലപ്പോൾ എന്റെ പ്രേമം സഫലമാകും.” “നീ പോടീ!” മീര അവളുടെ തോളിൽ പതിയെ അടിച്ചു. “എന്റെ അച്ഛൻ എന്താ നിന്റെ ഗീവർഗ്ഗീസ് പുണ്യാളനെപ്പോലെ പ്രേമത്തിന്റെ കുന്തോം ആയി നടക്കുവാണോ?” സോഫിയയും ചിരിച്ചു. “എടീ അടുത്ത ഞായറാഴ്ച ടൗൺ ഹാളിൽ അച്ഛന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനമുണ്ട്. നീയും വാ..നമുക്ക് അവിടെ വെച്ച് കാണാം. അച്ഛനെ പരിചയപ്പെടൽ അവിടെയാകട്ടെ,” “കവിതയോ? അതിന് നിന്റെ അച്ഛൻ എഴുത്തുകാരനാണോ? കളക്ട്രേറ്റിൽ എന്തോ ജോലിയല്ലേ?” “ജോലി ഒക്കെ അവിടെത്തന്നെയാ! പക്ഷെ അച്ഛൻ ആദ്യമായി എഴുതുന്ന പുസ്തകമായ അത്. ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നെ അമ്മയ്ക്കും,” “ഓ! ഇക്കാലത്ത് സ്വന്തം ഭാര്യക്ക് ഡെഡിക്കേറ്റ് ചെയ്യുന്ന ഭർത്താക്കൻമാർ വളരെ റെയർ ആണ്,”

സോഫിയ ചിരിച്ചു. “എന്ന് വെച്ചാൽ?” മനസ്സിലാകാതെ മീര ചോദിച്ചു. “നിന്റെ ചിരിയിൽ എന്താ ഒരു ദുസ്സൂചന?” “ഒന്നുമില്ല,” സോഫിയ വീണ്ടും ചിരിച്ചു. “നീ കുഞ്ഞാ, വലുതാവുമ്പോൾ താനേ മനസ്സിലായിക്കോളും ഡെഡിക്കേഷൻ എന്ന് വെച്ചാൽ എന്താണ് എന്ന്!” ഉള്ളിൽ ശരിക്ക് ചൊടിച്ചെങ്കിലും മീര അവളോട് തുടർന്നൊന്നും ചോദിക്കുകയുണ്ടായില്ല. സ്വർണ്ണ നിറമുള്ള ഇലച്ചാർത്തുകൾക്ക് താഴെ, വെള്ളി മേഘങ്ങൾക്ക് താഴെ, വാഹനങ്ങൾ പ്രേതങ്ങളുടെ വേഗതയിൽ പായുമ്പോൾ ജയകൃഷ്ണനും മീരയും ടാഗോർ ഹാളിലേക്ക് നടന്നു. “ഉം കൊള്ളാം,” മീര ജയകൃഷ്ണന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. “സെക്ഷൻ ഓഫീസറുടെ കവിത ഒരുപാട് ആളുകൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. നല്ല ആളുകൾ ഉണ്ടല്ലോ.” ജയകൃഷ്ണൻ അകത്തേക്ക് കയറിയപ്പോൾ ആളുകൾ അയാളെ തന്നെ നോക്കി. ചിലർ എഴുന്നേറ്റു. സുന്ദരിയായ ഒരു മധ്യവയസ്‌ക അവരെ സമീപിച്ചു. “ആരാ ഇത് ജയാ?’ അവർ മീരയെ നോക്കി ചോദിച്ചു. “മകളാണ്,” അയാൾ പറഞ്ഞു. “ങ്ഹേ!” അവർ അവിശ്വസനീയതയോടെ ഇരുവരെയും നോക്കി. “ജയന് ഇത്രേം മുതിർന്ന മകളോ?” അയാൾ പുഞ്ചിരിച്ചു. പെട്ടെന്ന് മറ്റുള്ളവരും ചുറ്റും കൂടി. സാഹിത്യ പ്രേമിയായ ജില്ലാ കളക്റ്ററാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്. കരഘോഷത്തിനിടയിലൂടെ ജയകൃഷ്ണൻ വേദിയിലേക്ക് കയറുമ്പോൾ അയാൾ മീരയെ നോക്കി. “മോളും വാ സ്റ്റേജിലേക്ക്,” അവൾ പുഞ്ചിരിച്ചു. “ഇല്ല,” അവൾ വിസമ്മതിച്ചു. “എനിക്ക് അച്ഛനെ ശരിക്ക് കാണാൻ താഴെ ഇരുന്നാൽ മതി…” അവൾ വേദിക്ക് തൊട്ടുമുമ്പിൽത്തന്നെയിരുന്നു.

കളക്‌ടർ ആദ്യം കവിയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും സംസാരിച്ചു.പിന്നെയായിരുന്നു പ്രകാശനം. അതിനു ശേഷം ജയകൃഷ്ണൻ മൈക്കിനെ സമീപിച്ചു. “എന്റെ ഈ പുസ്തകം ഞാൻ സമർപ്പിക്കുന്നത്…ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ ഭാര്യ ഗായത്രി ചതുർവേദിയ്ക്കാണ്…” കണ്ണുകൾ വേദിയ്ക്ക് മുമ്പിലിരുന്ന മീരയെ തിരഞ്ഞു. അവൾ പുഞ്ചിരിയോടെ അയാളെ നോക്കി. “ഒരിക്കൽ സൈനികനായിരുന്ന അവളുടെ ബന്ധു അതിർത്തിയിൽ രക്തസാക്ഷിയായപ്പോൾ, അയാളുടെ ശരീരം അവളുടെ ഗ്രാമത്തിലെത്തിച്ചപ്പോൾ ഞാൻ അരികിൽ ഉണ്ടായിരുന്നു. അന്ന് അടുത്ത ബന്ധുക്കൾ ഒക്കെ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിക്കുന്നത് ഞാൻ കണ്ടു. രണ്ടു ദിവസങ്ങൾക്ക് ശേഷം ഗായത്രി എന്നോട് ചോദിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും മറക്കാനാവാത്ത മാധുര്യമുള്ള ചുംബനമേതാണ്? അമ്മയുടെ ചുണ്ടിൽ നിന്ന് അപ്പൂപ്പൻ താടിപോലെ കുഞ്ഞിന്റെ കവിളിലേക്ക് പറന്നിറങ്ങുന്ന ചുംബനമാണോ? മന്താരപ്പൂക്കൾ നിറഞ്ഞ താഴ്വാരത്ത് മഴവില്ലുകൾ സാക്ഷി നിൽക്കേ ആണ് പെണ്ണിന് നൽകുന്ന ആദ്യത്തെ ചുംബനമാണോ? ഭാര്യയുടെ ജഡത്തിന്റെ മരവിച്ച ചുണ്ടിൽ വിരഹ സ്നിഗ്ധനായ പുരുഷനർപ്പിക്കുന്ന അന്ത്യ ചുംബനമാണോ? ഏതാണ്? അവസാനം പറഞ്ഞ ആ ചുംബനത്തിന്റെ ഊഷ്മാവാണ്‌ ഈ കവിതകൾക്ക് ഊർജ്ജം നൽകിയത്…” പെട്ടെന്ന് തൊട്ടടുത്ത് നിന്ന് മീര ഒരേങ്ങൽ കേട്ടു. മുഖം ചരിച്ചു നോക്കിയപ്പോൾ സോഫിയയാണ്. അച്ഛന്റെ വാക്കുകളിലെ സ്നേഹജ്വാല നൽകിയ കണ്ണുനീരിനിടയിലൂടെ അവൾ കൂട്ടുകാരിയെ നോക്കി പുഞ്ചിരിച്ചു. “നീയെപ്പഴായിരുന്നു വന്നേ?” അച്ഛന്റെ വാക്കുകളിൽ നിന്ന് ശ്രദ്ധമാറ്റി മീര സോഫിയയോട് ചോദിച്ചു. “അച്ഛന്റെ വാക്കുകൾ നിന്നെ ഇത്രേം ടച്ച് ചെയ്തോ മോളേ?” സോഫിയയിൽ നിന്ന് ഉത്തരമുണ്ടാകാതെ വന്നപ്പോൾ മീര വീണ്ടും ചോദിച്ചു. “അത്! അത് ..എന്റെ മോളേ …നിന്റെ അച്ഛൻ…അച്ഛനാരുന്നോ?” മീരയെ അദ്‌ഭുതപ്പെടുത്തികൊണ്ട് സോഫിയ പെട്ടെന്ന് ചാടിയെഴുന്നേറ്റു. ആളുകൾ നോക്കി നിൽക്കെ അവൾ വേദിയിലേക്ക് കയറി. സദസ്സിലെ ആളുകളൊക്കെ വിസ്മയപ്പെട്ടു നിൽക്കെ അവൾ ജയകൃഷ്ണനെ സമീപിച്ചു. തന്നെ സമീപിക്കുന്ന പെൺകുട്ടിയെ അയാൾ പുഞ്ചിരിയോടെ നോക്കി. സോഫിയ അയാൾക്ക് മുമ്പിൽ കുനിഞ്ഞ് അയാളുടെ പാദം തൊട്ടു വന്ദിച്ചു. പിന്നെ വിസ്മയം കൊണ്ട് തീവ്രഭാവം പൂണ്ട സദസിനെയും വേദിയിലെ വിശിഷ്ടവ്യക്തികളെയും നോക്കാതെ അവൾ ടൗൺ ഹാളിന്റെ വാതിൽക്കലേക്ക് വേഗത്തിൽ നടന്നു. മീരയ്‌ക്കൊന്നും മനസ്സിലായില്ല.

“സോഫിയക്ക് അച്ഛന്റെ സ്പീച്ച് വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു,”

ചടങ്ങുകൾ കഴിഞ്ഞ് തിരികെ കാറിലേക്ക് കയറവെ മീര പറഞ്ഞു. “അവള് അച്ഛന്റെ കാലൊക്കെ തൊട്ടു വണങ്ങി. എന്നിട്ട് ഓടിപ്പോകുവേം ചെയ്തു,” “അതാണോ മോൾടെ ബെസ്റ്റ് ഫ്രണ്ട് സോഫിയ?” ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട് ജയകൃഷ്ണൻ ചോദിച്ചു. “അതെ,” കാർ നീങ്ങവേ മീര പറഞ്ഞു. “ഓ! അച്ഛൻ കണ്ടിട്ടില്ലല്ലോ അല്ലേ?” “ഞാനോ? ഇല്ല മോളേ…പക്ഷേ ആ കുട്ടിയെ എവിടെയോ, എപ്പോളോ കണ്ടിട്ടുണ്ട്. വ്യക്തമായി അങ്ങ് കിട്ടുന്നില്ലല്ലോ….ഓഫീസിൽ പോകുമ്പോൾ എപ്പോഴോ ആണ് എന്നാണ് ഓർമ്മ!”

Comments:

No comments!

Please sign up or log in to post a comment!