അനുരാഗതീരങ്ങളിൽ 1

എത്ര നിയന്ത്രിക്കാൻ ശ്രമിച്ചട്ടും എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വന്നു കൊണ്ടിരുന്നു… “നീ എന്റെ എല്ലാമെല്ലാമായിരുന്നില്ലേ… എന്നിട്ടും എന്തിനുവേണ്ടിയാണ് നീ എന്നെ തനിച്ചാക്കിയത്… നിന്റെ വീട്ടുകാർക്ക് വേണ്ടിയാണെന്ന സ്ഥിരം തേപ്പുകാരിയുടെ ഡിയലോഗ് നീ പറയരുത്… ശ്രീ… നീ എന്താ ഒന്നും മിണ്ടാത്തത്…?”

രണ്ടു സെക്കൻഡ് നിശ്ശബ്ദതക്കു ശേഷം ഫോൺ കട്ടായി… ഞാൻ അവളെ വീണ്ടും വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… പക്ഷെ അവളുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

ഞാൻ മൊബൈൽ ബെഡിലേക്ക് വലിച്ചെറിഞ്ഞു.. കിടക്കയിലേക്ക് കമഴ്ന്നുവീണു.

ഞാൻ വിഷ്ണു ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ ജനിച്ചുവളർന്നതിനാൽ അതിന്റെതായ പരിമിതികളും എനിക്കുണ്ടായൊരുന്നു. എനിക്ക് മുകളിൽ രണ്ടു സഹോദരിമാരും താഴെ ഒരു അനുജത്തിയും ഉണ്ട്.

പലപെണ്‌കുട്ടികളോടും പ്രായത്തിന്റേതായ ഒരാകർഷണം തോന്നിയിട്ടുണ്ടെങ്കിലും ഒരു പെണ്കുട്ടിയോട് പ്രണയം തോന്നുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു.

“അമൃത ” അതായിരുന്നു അവളുടെ പേര് . ഞാൻ പഠിച്ചിരുന്നതിന്റെ തൊട്ടപ്പുറത്തെ ബ്ലോക്കിൽ 8ആം ക്ലാസ്സിൽ അവൾ വന്നു ചേർന്നപ്പോഴാണ് ഞാൻ ആദ്യമായി അവളെ ശ്രദ്ദിക്കുന്നത് അവളെന്റെ തൊട്ടടുത്ത നാട്ടുകാരിയാണെന്നും അന്നാണ് ഞാനറിയുന്നതും. ഒരു പാവം നാടൻ പെണ്കുട്ടി അതായിരുന്നു അവൾ. കൂട്ടുകാരികളോടൊപ്പം രാത്രിമഴ നനച്ച പുൽത്തകിടികളിലൂടെ അവൾ നടന്നു നീങ്ങുമ്പോൾ ഒരു മായാലോകത്തിലെന്നപോലെ ഞാൻ അവളെ തന്നെ നോക്കിനിൽക്കാറുണ്ടായിരുന്നു… ഒരു പക്ഷെ അവളും എന്നെ ശ്രദ്ധിച്ചിരുന്നുവോ.. അറിയില്ല..

അവളോട് ഒന്ന് സംസാരിക്കാൻ കൊതിച്ചു ഞാൻ അവളെ ഒറ്റയ്ക്കു കിട്ടുന്ന ദിവസം കാത്തു പിന്തുടർന്നുകൊണ്ടിരുന്നു…

ഇടവപ്പാതി തിമിർത്തു പെയ്തുകൊണ്ടിരുന്നു… ഒരിക്കൽ അവളുടെ കൂട്ടുകാരോടൊപ്പമല്ലാതെ തനിച്ചുകിട്ടുന്ന ദിവസം വിദൂരമല്ലെന്ന വിശ്വാസത്തോടെ ഞാനും…

അന്നൊരു തിങ്കളാഴ്‌ച്ചയായിരുന്നു. ഞാൻ പതിവുതെറ്റിക്കാതെ അവളെ കാണാനായി വഴിയോരത്ത് കാത്തുനിന്നു. ചാറ്റൽ മഴ പെയ്തുകൊണ്ടിരുന്നു. അങ്ങുദൂരെനിന്നും കുടക്കീഴിൽ അവളുടെ കണ്ണുകൾ അവ്യക്തമായി ഞാൻ കണ്ടു. ഭാഗ്യത്തിന് അന്നവളുടെ കൂടെ വാലുകൾ ഉണ്ടായിരുന്നില്ല. ഇതുതന്നെയാണ് എന്റെ അനുരാഗം അവളെ അറിയിക്കാൻ പറ്റിയ ദിവസം എന്ന് ഞാൻ തീരുമാനിച്ചു. ഒരുപക്ഷേ പ്രകൃതി എന്റെ പ്രണയം മനസ്സിലാക്കി എന്നു തോന്നുന്നു. അവൾ എന്റെ അടുത്തെത്തിയതും ചാറ്റൽ മഴ പെരുമഴയായി.

. ഞാൻ ഒന്നും ചിന്തിക്കാതെ യാന്ത്രികമായിത്തന്നെ അവളുടെ കുടയിലേക്ക് ഓടിക്കയറി. “സ്കൂൾ വരെ ഞാനും പൊന്നോട്ടെ?” എന്റെ ചോദ്യത്തിന് “ഉം” എന്നൊരു മൂളൽ മാത്രമായിരുന്നു മറുപടി… എന്റെ ഉള്ളിൽ സന്തോഷം അലതല്ലി. പത്തുമിനിറ്റ് കൊണ്ട് ഞങ്ങളുടെ ആദ്യരാത്രിവരെ ഞാൻ സ്വപ്നം കണ്ടു.

സ്കൂൾ കെട്ടിടം അടുത്തടുത്തുവന്നു. രണ്ടും കൽപിച്ചു ഞാൻ എന്റെ ഹൃദയം തുറന്നു ” അമൃത… എനിക്ക് തന്നെ ഇഷ്ടമാണ്. താൻ ആലോചിച്ചു മറുപടിതന്നാ മതി” അതു പറഞ്ഞുകൊണ്ട് ഞാൻ വരാന്തയിലേക്ക് കയറി. “ചേട്ടൻ ഒന്നു നിന്നെ” ഞാൻ തിരിഞ്ഞു നോക്കി. ” ചേട്ടൻ എന്റെ പുറകെ ചുറ്റിപ്പറ്റി നടക്കുന്നതൊക്കെ ഞാൻ കാണാറുണ്ടായിരുന്നു. പക്ഷെ ചേട്ടാ സോറി. എനിക്ക് ചേട്ടനെ ഇഷ്ടമല്ല” അവളുടെ വാക്കുകൾ എന്റെ സ്വപ്ന കൊട്ടാരത്തെ നിർദയം തകർത്തു കളഞ്ഞു. വരാന്തയിലൂടെ അവൾ നടന്നു നീങ്ങുന്നത് ഞാൻ നോക്കിനിന്നു. ക്ലാസ്സിലിരിക്കുമ്പോഴും അവളുടെ വാക്കുകൾ എന്റെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു. അവളുടെ വാക്കുകൾ എന്നെ നിരാശനാക്കിയെങ്കിലും ഞാൻ പിന്തിരിയില്ല എന്ന് തീരുമാനിച്ചു.

വീണ്ടും അവളെ വഴിയരികിൽ കാത്തുനിന്നു എന്റെ പ്രണയം ഞാൻ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. പ്രണയം എന്റെ തൊലിക്കട്ടി കൂട്ടി എന്നുതോന്നുന്നു. അവളുടെ കൂട്ടുകാരികൾ കൂടെയുണ്ടായിരുന്നതും ചുറ്റും മറ്റുകുട്ടികളുണ്ടായിരുന്നതും എന്നെ പിന്തിരിപ്പിച്ചില്ല ഞാൻ അവളെ പ്രണയിച്ചുകൊണ്ടേയിരുന്നു.

വർഷം കഴിഞ്ഞു പൂക്കാലവും മഞ്ഞുകാലവും വന്നുപോയി… വേനലായി… മാർച്ച് മാസത്തിലെ വെള്ളിയാഴ്ചയായിരുന്നു അത് സംഭവിച്ചത്. പതിവുപോലെ ഞാൻ അവളുടെ പുറകെ നടന്നുകൊണ്ട് “ഐ ലവ് യൂ” പറഞ്ഞുകൊണ്ടിരുന്നു. “അമൃത ഒന്ന് നിൽക്കൂ… എത്ര കാലമായി ഞാൻ നിന്റെ പുറകെ നടക്കുന്നു. നിനക്ക് എന്നെ ഒന്ന് പ്രേമിച്ചൂടെ.. അല്ലെങ്കിൽ അതിന്റെ കാരണമെങ്കിലും ഒന്ന് പറഞ്ഞൂടെ. സ്നേഹം ഒരിക്കലും പിടിച്ചുവാങ്ങാൻ പറ്റില്ല അല്ലെ… ഇനിയൊരിക്കലും ഞാൻ നിന്നെ ശല്യം ചെയ്യില്ല…” അത് അവസാനത്തെ അടവായിരുന്നു.’സെന്റിമെൻസ്”. ഭാഗ്യത്തിന് അത് വർക് ആയി.

“എനിക്ക് ചേട്ടനെ ഇഷ്ടമാണ് പക്ഷെ എനിക്കെല്ലാതിനും വലുത് എന്റെ അച്ഛനും അമ്മയുമാണ് ഒന്നിനു വേണ്ടിയും അവരെ ഞാൻ വിഷമിപ്പിക്കില്ല..” അത്രയും പറഞ്ഞു അവൾ നടന്നു.

“അമ്മു… “

അവൾ തിരിഞ്ഞു നോക്കി “എനിക്കും എന്റെ അച്ഛനും അമ്മയും ആണ് വലുത്.. എന്റെ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അമ്മക്ക് തന്നെ വലിയ ഇഷ്ടമാണ്..”

അവൾ ഒന്ന് ചിരിച്ചുകൊണ്ട് നടന്നു നീങ്ങി.
എന്റെ സന്തോഷം ആരോടെങ്കിലും പറയാതെ എനിക്ക് സമാധാനമില്ലെന്നായി. ഞാൻ എന്റെ സുഹൃത്തുക്കളോടും പിന്നെ അമ്മയോടും ഈ സന്തോഷ വാർത്ത പറഞ്ഞു… പ്രേമിച്ച് ഒരിക്കലും പഠിത്തത്തിൽ ഉഴപ്പരുതെന്ന് അമ്മ ഉപദേശിച്ചപ്പോൾ ഫ്രണ്ട്‌സ് എന്നെ തൂക്കിയെടുത്തു കൂൾ ബാറിൽ കൊണ്ടുപോയി പോക്കറ്റ് കാലിയാക്കി.

പിന്നീടങ്ങോട്ട് ഞങ്ങളുടെ സമയമായിരുന്നു പൂമരച്ചോട്ടിലും പുഴയരികിലും കൈകോർത്തുപിടിച്ചു ഞങ്ങൾ പ്രണയം കൈമാറി, ജീവിതം പ്ലാൻ ചെയ്തു.. മാസങ്ങൾ കൊഴിഞ്ഞു വീണു. പ്ലസ് ടു ന് പഠിക്കുമ്പോഴായിരുന്നു അവൾ ആദ്യമായി എന്റെ ഫോണിലേക്ക് ആദ്യമായി വിളിച്ചത്.. വീട്ടിൽ ഒറ്റക്കാകുമ്പോൾ അത് ഒരു ശീലമാക്കി. എനിക്കവളോട് വിശുദ്ധ പ്രണയമായിരുന്നു അതുകൊണ്ടുതന്നെ ലൈംഗികത ഞങ്ങളുടെ വിഷയമായില്ല. ചിലപ്പൊഴുള്ള ചില അടൽട്‌സ് ഒൺലി തമാശകൾ ഒഴിച്ച്.

അങ്ങനെ എന്റെ പ്ലസ് ടു കഴിഞ്ഞു. ഞാൻ ബി ടെക് ഇലക്ട്രോണിക്സ് എടുത്തു. സാധാരണ എന്ജിനീറിങ് കോളേജിലെ പോലെ തന്നെ ഞങ്ങൾക്കിടയിലും സൗഹൃദവും രൂപപ്പെട്ടു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടെല്ലാം ഞാനെന്റെ പ്രണയകഥ പറഞ്ഞിരുന്നു.

*കോളേജിലെ സൗഹൃദങ്ങൾ കഥയുടെ രണ്ടാം ഘട്ടത്തിൽ മാത്രമാണ് പ്രധാന്യമർഹിക്കുന്നത് അതുകൊണ്ട് തന്നെ അവരെ അധികം പരമാർധഷിക്കുന്നില്ല*

ബിടെക് നാലാം സെമസ്റ്റർ പരീക്ഷയുടെ ഇടയിലാണ് എന്നെ ഞെട്ടിച്ചുകൊണ്ട് അമൃതയുടെ കാൾ എന്നെ തേടിയെത്തുന്നത്. അവളുടെ വീട്ടിൽ കല്യാലോചനകൾ നടക്കുന്നുവെന്നും ഞങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചുവെന്നും. യാഥാസ്ഥിതികരായ അവരുടെ വീട്ടുകാർക്ക് എന്റെ പ്രായം ജോലി എല്ലാം പ്രശ്നമായിരുന്നു. അതുകൊണ്ടുതന്നെ പരസ്പര ധാരണയോടെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. ഞാൻ ഒന്നു വിളിച്ചെങ്കിൽ അവൾ എന്റെ കൂടെ വന്നേനെ. പക്ഷെ ഒരു വിദ്യാർത്ഥിയായ ഞാൻ അവളെ എങ്ങനെ സ്വീകരിക്കും. പെങ്ങമ്മാരുടെ കല്യാണം, ബാധ്യതകൾ എല്ലാം എന്റെ മുന്നിൽ ചോദ്യചിഹ്നമായി.

*ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു. ഇഷ്ടപ്പെട്ടെങ്കിൽ തുടരാം… *

Comments:

No comments!

Please sign up or log in to post a comment!