സ്നേഹമുള്ള തെമ്മാടി 2

SNEHAMULLA THEMMADI PART 2 AUTHOR ANURADHA MENON

അച്ചു ഭയന്ന് കണ്ണുകൾ ഇറുക്കിപിടിച്ചു..പെട്ടെന്ന് രാഹുൽ പുറകിലേക്ക് തെറിച്ചു വീണു…അച്ചു കണ്ണു തുറന്നപ്പോൾ മുന്നിൽ സുധി… അവളെ പുറകിലോട്ട് മാറ്റി നിർത്തി കയ്യിലുണ്ടായിരുന്ന ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് സുധി രാഹുലിനേയും കൂട്ടുകാരെയും തലങ്ങും വിലങ്ങും തല്ലി…അവരുടെ സൈക്കിളുകളും നശിപ്പിച്ചു…

“ഡാ പുല്ലേ…സുധി ജീവിച്ചിരിക്കുമ്പോൾ നിനക്കൊന്നും അച്ചുവിനെ ഒരു കോപ്പും ചെയ്യാൻ കഴിയില്ല…വാടി ഇവിടെ…” സുധി അച്ചുവിന്റെ കൈ പിടിച്ച് വേഗം നടന്നു…അച്ചു തേങ്ങി തേങ്ങി കരഞ്ഞു…

“കരയാൻ മാത്രം ഇപ്പൊ ഒന്നും ഉണ്ടായിട്ടില്ല..ഇനി ഇതൊന്നും വീട്ടിൽ ആരോടും പറയാൻ നിൽക്കണ്ട…അവർക്കെല്ലാം വിഷമം ആവും.. അതിരിക്കട്ടെ…സ്കൂൾ വിട്ടു ഇത്ര നേരം നീ എവിടായിരുന്നു…?” “അ…അത്…ഞാൻ അപ്പുവേട്ടന്റെ വീട്ടിൽ…” ദേഷ്യം കൊണ്ട് സുധിയുടെ കണ്ണു ചുവന്നു…അവൻ അച്ചുവിന്റെ മുഖത്ത് ആഞ്ഞടിച്ചു..

“അവളുടെ ഒരു അപ്പുവേട്ടൻ.. എടീ നിനക്ക് അവനുമായി കിന്നരിക്കണമെങ്കിൽ ഈ നേരമാക്കണ്ട… രാവിലെ തന്നെ പൊക്കോ.. അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചു പോയാൽ അവൻ നിന്നെ തിരിഞ്ഞു നോക്കില്ലെന്ന് എനിക്കുറപ്പുണ്ട്… ഇത്രേം വൈകീട്ടും നിന്നെ വീടു വരെ കൊണ്ടാക്കാൻ അവന് തോന്നിയില്ലല്ലോ…” അച്ചു സങ്കടത്തോടെ സുധിയെ നോക്കി.. വേദന കൊണ്ട് അവൾ കവിൾത്തടം കൈ കൊണ്ട് പൊത്തിയിരുന്നു…

“സുധി എന്താ പറഞ്ഞേ? ഞാൻ അപ്പുവേട്ടനുമായി കിന്നരിക്കാൻ പോയതാന്നോ..ദാ ഈ ചക്ക വറുത്തത് തരാൻ അപ്പച്ചി വിളിച്ചതോണ്ടാ ഞാൻ അങ്ങോട്ട് പോയേ..അപ്പുവേട്ടൻ കോളേജിൽ നിന്നും എത്തിയിട്ടു പോലും ഇല്ല… തൃപ്തിയായി സുധി…അന്ന് അപ്പുവേട്ടൻ…ഇന്ന് നീ… എല്ലാവരും അച്ചുവിനെ നല്ലോണം മനസ്സിലാക്കിയിട്ടുണ്ട്… രക്ഷിച്ചതിനു നന്ദി…ഞാൻ പോണു..”

അച്ചു കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി… സുധി വിളിച്ചിട്ട് അവൾ നിന്നില്ല…അവളെ തല്ലിയതിൽ സുധിക്ക് കുറ്റബോധം തോന്നി… വീട്ടിലെത്തി ബുക്ക്‌ തുറന്നു വെച്ചെന്നല്ലാതെ അച്ചുവിന് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല…രാഹുലിന്റെ മുഖം ഓർക്കുമ്പോൾ അവൾ ഭയന്നു വിറച്ചു… അമ്മയോടും അച്ഛനോടും പറയാൻ അവൾക്ക് ധൈര്യം ഉണ്ടായില്ല…വിഷമിപ്പിച്ചെങ്കിലും സുധിയെ ഓർക്കുമ്പോഴെല്ലാം അവളുടെ മനസ്സ് തണുത്തു…സുധി അടിച്ച കവിളിൽ അവൾ പതിയെ തലോടി… പണ്ടും അപ്പുവേട്ടനോട് താൻ മിണ്ടുന്നത് സുധിക്ക് ഇഷ്ടമല്ലായിരുന്നു…ആരെങ്കിലും തന്നോട് വല്ലാതെ കൂട്ടു കൂടിയാലോ തന്നെ വിഷമിപ്പിച്ചാലോ അവരെ കണക്കിന് ഉപദ്രവിക്കും…പലപ്പോഴും താൻ ചെയ്തു കൂട്ടിയ വികൃതികൾക്കെല്ലാം അടി വാങ്ങിച്ചത് അവനായിരുന്നു…ബുക്കിൽ തല വെച്ച് അവൾ കിടന്നു…കണ്ണടക്കുമ്പോഴെല്ലാം സുധിയുടെ മുഖം കടന്നു വരുന്നു…

“ഈശ്വരാ… എന്താ എനിക്കിങ്ങനൊക്കെ…? അമ്മ പറഞ്ഞിരുന്നു ഈ പ്രായത്തിൽ ഓരോന്നൊക്കെ തോന്നും…അതൊന്നും കാര്യമാക്കരുതെന്ന്… വേണ്ട അങ്ങനൊന്നും വേണ്ട… പഠിക്കേണ്ട പ്രായാ ഇപ്പോൾ…അമ്മയുടെയും അച്ഛന്റെയും ആഗ്രഹം പോലെ പഠിച്ചു നല്ലൊരു ജോലി വാങ്ങണം…” ഈശ്വരനെ പ്രാർത്ഥിച്ച് അച്ചു പഠിക്കാനിരുന്നു…

പിറ്റേന്നെഴുന്നേറ്റപ്പോൾ അച്ചുവിന് വല്ലാത്ത ക്ഷീണം തോന്നി…അന്ന് അവൾ സ്കൂളിൽ പോയില്ല…ഉച്ചക്ക് അൽപനേരം ഒന്നു മയങ്ങി.

.അമ്മയുടെ വിളി കേട്ടാണ് അച്ചു ഉണർന്നത്…

“അച്ചൂ…എന്തു പറ്റി നിനക്ക്? ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കാ..ഒരു ക്ഷീണം പോലെ…പനിയുണ്ടോ?” ദേവി അച്ചുവിന്റെ നെറ്റിയിൽ തൊട്ടു നോക്കി..

“ഇല്ലമ്മേ…ഒരു തലവേദന പോലെ… ഇപ്പോൾ മാറി…”

“ഉം..ഇന്നേതായാലും മോള് സ്കൂളിൽ പോവാത്തത് നന്നായി..”

“അതെന്താ അമ്മേ?”

“നീ അറിഞ്ഞില്ലേ…ആ സുധി വീണ്ടും വഴക്കുണ്ടാക്കി ഒരുത്തന്റെ കൈ ഓടിച്ചെന്ന്..അവൻ ഹോസ്പിറ്റലിൽ ആണത്രേ…അതിന്റെ പേരിൽ സുധിയെ ഇന്ന് സ്കൂൾ അസ്സംബ്ലിയിൽ വെച്ച് ഹെഡ് മാഷ് അടിച്ചു…അപ്പച്ചി ഇങ്ങോട്ട് വിളിച്ചു കുറേ കരഞ്ഞു…പാവം ലക്ഷ്മി…ആ ചെറുക്കനെ കൊണ്ട് അവൾക്ക് ഒരു സമാധാനവും ഇല്ല…”

എല്ലാം കേട്ടപ്പോൾ അച്ചുവിന്റെ കണ്ണു നിറഞ്ഞു…ഒന്നും അറിയാതെ അമ്മ സുധിയെ പഴിക്കുന്നത് കേട്ടപ്പോൾ എല്ലാം തുറന്നു പറയണമെന്ന് തോന്നി അവൾക്ക്..പക്ഷേ സുധി പറയരുതെന്ന് പറഞ്ഞതു കൊണ്ട് അവനെ ധിക്കരിക്കാൻ അവൾക്കു കഴിഞ്ഞില്ല…അവൾ അപ്പച്ചിയുടെ വീട്ടിലേക്കോടി സുധിയെ കാണാൻ… വീടിനടുത്തുള്ള കുളക്കടവിൽ സുധി ഇരിക്കുന്നത് കണ്ടു…

“സുധീ…” സുധി തിരിഞ്ഞു നോക്കി…

അവന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് അച്ചു ശ്രദ്ധിച്ചു…അവൾ സുധിക്കരികിൽ ഇരുന്നു…

“ഹെഡ് മാഷ് ഒരുപാട് തല്ലിയോ സുധി? സുധിക്ക് നടന്നതെല്ലാം പറയായിരുന്നില്ലേ…?”

“സാരമില്ല അച്ചൂ…നടന്നത് പറഞ്ഞാൽ എല്ലാവരും നിന്നോടോരോന്നൊക്കെ ചോദിക്കും നിനക്ക് സങ്കടാവും… പിന്നെ നമ്മുടെയല്ലേ നാട്ടുകാർ കഥ വരെ മാറ്റിപ്പറയും…പിന്നെ ഹെഡ് മാഷുടെ തല്ലൊന്നും എനിക്ക് പുത്തരിയല്ലെന്നു നിനക്കറിഞ്ഞൂടെ അച്ചൂ…?” സുധി പുഞ്ചിരിച്ചു…

“പിന്നെന്തിനാ സുധി കരഞ്ഞേ..?”

“അത്…അമ്മ കരഞ്ഞപ്പോൾ…അമ്മ കരഞ്ഞാൽ എനിക്ക് സഹിക്കില്ലെടീ..” അച്ചുവിന്റെ കണ്ണും നിറഞ്ഞു…

“അച്ചൂ…നിനക്കെന്നോട് പിണക്കമില്ലേ?”

“എന്തിന്?”

“നിന്നെ തല്ലിയതിന്?”

“പിണക്കമുണ്ടെൽ നിന്നെ കാണാൻ ഞാൻ വരോ? പിന്നെ നിന്റെ തല്ലും എനിക്ക് പുത്തരിയല്ലല്ലോ…” അച്ചു ചിരിച്ചു…സുധിയും…

“നിനക്ക് വേദനിച്ചോടി പൊട്ടിക്കാളി?”

“ഏയ്…അതൊക്കെ മാറി…പിന്നെ സുധി… നീയെന്തിനാ അപ്പുവേട്ടന്റെ പേര് പറയുമ്പോൾ തന്നെ എന്നെ കടിച്ചു കീറാൻ വരുന്നേ?”

“അത്‌..അത്‌ നീ അവനോട് മിണ്ടുന്നത് എനിക്കിഷ്ടല്ല…അതോണ്ട്..”

“കാരണം എന്താ?”

“കുന്തം…ദേ പെണ്ണേ ഇനി ഞാൻ വല്ല തെറിയും പറയും…അവളുടെ ഒരു ചോദ്യം ചെയ്യല്.
.”

“നീ പറഞ്ഞാൽ ഞാൻ തിരിച്ചും പറയും കാട്ടുമാക്കാനേ…ഞാൻ കുറച്ച് പാവായപ്പോൾ അവൻ എന്റെ തലേൽ കേറാ…ഹും…” സുധി ചിരിച്ചു…

“ദേ ഈ അച്ചുവിനെയാ എനിക്കിഷ്ടം… ഉരുളക്കുപ്പേരി മറുപടി പറയുന്ന എന്റെ പഴയ അച്ചുവിനെ..നിന്നോട് സംസാരിച്ചപ്പോൾ എന്റെ സങ്കടൊക്കെ പോയി..”

“സുധി വാ…അപ്പച്ചിയെങ്കിലും സത്യം അറിയണം…അങ്ങനെ എല്ലാരുടെയും മുന്നിൽ നീ ഒരു തെമ്മാടി ആവണ്ട…സുധി തെറ്റൊന്നും ചെയ്തിട്ടില്ല എന്നറിയുമ്പോൾ അപ്പച്ചിയുടെ വിഷമമൊക്കെ മാറും..”

“വേണ്ട അച്ചൂ…അത്‌ സാരല്യ…അമ്മയുടെ പിണക്കൊക്കെ ഞാൻ മാറ്റിക്കോളാം…”

“ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി.. നീ വന്നേ..”

അച്ചു സുധിയുടെ കൂടെ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു… നടന്നതെല്ലാം അവൾ അപ്പച്ചിയോട് പറഞ്ഞു… ലക്ഷ്മി സുധിയെ ചേർത്തു പിടിച്ച് നെറുകിൽ തലോടി…

“അമ്മയോട് ക്ഷമിക്ക് മോനേ…ഒന്നും അറിയാതെ മോനെ അമ്മ എന്തൊക്കെയൊ പറഞ്ഞു…മോൻ തെറ്റുകാരനല്ല എന്ന് അമ്മയ്ക്കും പിന്നെ ഈ കാന്താരിക്കും അറിയാലോ അതു മതി…നീ പറഞ്ഞ പോലെ വേറൊന്നും ആരും അറിയേണ്ട… ന്റെ അച്ചൂട്ടി ആർക്കും ഒരു സംസാരവിഷയം ആവേണ്ട…നിന്റെ സുധി ഉള്ളപ്പോൾ അച്ചുവിന് ഒന്നും സംഭവിക്കില്ല… അല്ലേടാ..”

“പിന്നല്ലാതെ…” അച്ചുവിന്റെ കണ്ണു നിറഞ്ഞു..

“ഇപ്പോഴാ എനിക്ക് സമാധാനം ആയെ.. എന്നാൽ ഞാൻ പോട്ടെ അപ്പച്ചി..പോട്ടെടാ കുരങ്ങാ…”

“ഇപ്പോൾ തന്നെ പോണോ മോളേ..?”

“പഠിക്കാനുണ്ട് അപ്പച്ചി…ഞാൻ പിന്നെ വരാം…”

“മോള് ഒറ്റക്ക് പോവണ്ട..സുധീ അച്ചുവിനെ വീട്ടിൽ കൊണ്ടു വിട്” സുധി അച്ചുവിനെ വീടിന്റെ പടിക്കൽ കൊണ്ടു വിട്ടു…

തിരിഞ്ഞു നടക്കുമ്പോൾ അവന്റെ മനസ്സിലെ അച്ചു എന്ന ഭ്രാന്തിന് തീവ്രത കൂടുന്നതായി അവനറിഞ്ഞു…അതേ സമയം തന്റെ കളിക്കൂട്ടുകാരന്റെ കണ്ണിലെ പ്രണയം നേരിൽ കണ്ടതിന്റെ ഫലമെന്നോണം അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി അച്ചുവിന്റെയും സുധിയുടെയും സ്കൂൾ കാലഘട്ടം കടന്നു പോയി…അച്ചു പഠനത്തിൽ ബഹു മിടുക്കിയും സുധി കുഴിമടിയനുമായതിനാൽ കോളേജിലെത്തിയപ്പോൾ രണ്ടു പേരും രണ്ടു വഴിക്കായി…പട്ടണത്തിലെ പേര് കേട്ട കോളേജിൽ അച്ചു ഡിഗ്രിക്ക് ചേർന്നു…അതിനടുത്തു തന്നെയുള്ള പാരലൽ കോളേജിൽ സുധിയും ചേർന്നു…രാഹുൽ സുധിയുടെ കോളേജിൽ തന്നെയുണ്ട്…എന്നാൽ അന്നത്തെ ആ സംഭവത്തിനു ശേഷം രാഹുൽ അച്ചുവിനെ ഒന്നു നോക്കിയിട്ടു പോലുമില്ല…

“സുധീ…”

“എന്താ അച്ചൂ…നീ എന്തേ നേരത്തെ പോന്നേ? സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞിട്ട്…?”

“ഞാൻ ഇരുന്നില്ലെടാ.
.ഒരു മൂഡില്ല..”

“ദേ പെണ്ണേ… ക്ലാസ്സ്‌ കട്ട്‌ ചെയ്ത് മാർക്ക്‌ കുറഞ്ഞാൽ ഒന്നങ്ങു തരും ഞാൻ..”

“ഓ പിന്നേ…അവന് കുറഞ്ഞാൽ കുഴപ്പമില്ല…എനിക്ക് കുറയാൻ പാടില്ല..”

“ആ അതങ്ങനാ…നിന്റെ വല്യ മോഹല്ലെ ടീച്ചർ ആവണം എന്ന്…നീ ടീച്ചർ ആയിട്ടു വേണം എനിക്ക് എന്റെ ടീച്ചറുട്ടിയുടെ ചിലവിൽ ജീവിക്കാൻ…”

“അയ്യട..മോനങ്ങനെയിപ്പോ എന്റെ ചിലവിൽ ജീവിക്കണ്ട ട്ടോ…”

“ഞാൻ ചുമ്മാ പറഞ്ഞതാടി മണ്ടു…വൈറ്റ് കോളർ ജോലിയൊന്നും വാങ്ങിയില്ലേലും നിന്നെ പോറ്റാനുള്ളതൊക്കെ ഈ സുധി അധ്വാനിച്ചുണ്ടാക്കും…”

“അതെനിക്കറിയാം സുധീ…”

“എന്താ നിന്റെ മുഖത്തിനൊരു വാട്ടം? ”

“സുധീ…എന്റെ ഫ്രണ്ട് അഞ്ജലിയുടെ കല്യാണം ഉറപ്പിച്ചു…”

“അതിനു നീയെന്തിനാടി സങ്കടപ്പെടുന്നേ…ഞാനൊന്നുമല്ലല്ലോ അവളെ കെട്ടുന്നേ…”

“തമാശ കള സുധി… നമ്മളിപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ്..രണ്ടു മാസം കൂടി കഴിഞ്ഞാൽ കോഴ്സ് കഴിയും…പിന്നെ എനിക്കും ഓരോ ആലോചനകൾ വരും…നമ്മുടെ കാര്യം വീട്ടിൽ പറയണ്ടേ…ഇനിയും വൈകിപ്പിച്ചാൽ…”

“ബെസ്റ്റ്… ഇപ്പോൾ ഞാനങ്ങു ചോദിക്കേണ്ട താമസം വല്ല്യമ്മാമ നിന്നെ എനിക്കങ്ങു തരും… ഡിഗ്രി കഴിഞ്ഞ് എങ്ങനേലും ഒരു വിസ ഒപ്പിക്കാൻ പറ്റോ നോക്കട്ടെ…അതു വരെ നീ എങ്ങനേലും പിടിച്ചു നിന്നേ പറ്റൂ..”

“പിജി ക്കു ചേർന്നാൽ രണ്ടു വർഷം കൂടി എങ്ങനേലും പിടിച്ചു നിൽക്കാം..എന്നാലും എനിക്ക് പേടി തോന്നുന്നു സുധി…”

“നീ ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട..പഠിക്കാൻ നോക്ക്..പിന്നെ നമ്മുടെ കാര്യം എന്റെ അമ്മക്കറിയാലോ..വിസ കിട്ടി ജോലി ശെരി ആയ ഉടനെ അമ്മയുടെയും അച്ഛന്റെയും കൂടെ വന്നു എന്റെ അച്ചൂട്ടിയെ ഞാനങ്ങു പെണ്ണ് ചോദിക്കും…” അച്ചുവിന്റെ മുഖത്തു നാണം വിടർന്നു…

“അച്ചൂ…”

“ആ… അപ്പുവേട്ടനോ…എന്താ ഈ വഴിക്ക്? ”

“ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ…ഒരു സന്തോഷവാർത്തയുണ്ട്..എനിക്ക് ജോലി കിട്ടി…KSEB അസിസ്റ്റന്റ് എഞ്ചിനീയർ ആയി…”

“ആണോ…congrats അപ്പുവേട്ടാ… ട്രീറ്റ്‌ വേണം…”

“ട്രീറ്റൊക്കെ തരാം…വീട്ടിലേക്ക് വാ…നിന്റെ പ്രിയ വിഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അമ്മ…അല്ല സുധി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ?”

“ഞാൻ എന്തു മിണ്ടാനാ..എന്നോടല്ലല്ലോ ഇതു വരെ സംസാരിച്ചേ…അച്ചൂ നീ വരുന്നേൽ വാ… എനിക്ക് പോയിട്ടൽപം തിരക്കുണ്ട്…” സുധി ദേഷ്യത്തോടെ നടന്നു…

“അച്ചൂ…സുധിക്ക് എന്നോടിപ്പോഴും ദേഷ്യം ആണല്ലേ…” “ഏയ് അങ്ങനൊന്നുല്ല്യ അപ്പുവേട്ടാ…” “ഉം.
. എന്നാൽ നീ പൊക്കോ അച്ചൂ…എനിക്ക് ഒരു സ്ഥലം വരെ പോവാനുണ്ട്…ഒഴിവു കിട്ടുമ്പോൾ വീട്ടിലേക്ക് വാ…”

“ശെരി അപ്പുവേട്ടാ…”

ബസിൽ കേറി അച്ചു സുധിയെ നോക്കി…മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്…ബസിറങ്ങി പാടവരമ്പിലൂടെ സുധി വേഗത്തിൽ നടന്നു… അച്ചു അവനൊപ്പമെത്താൻ പാട് പെട്ടു…

“സുധി…സുധീ ഒന്നു നിൽക്ക്…ഹ.. ഒന്നു നിൽക്ക് സുധീ…” അച്ചു സുധിയുടെ കൈ പിടിച്ചു നിർത്തി…

“ഇത്ര നേരമില്ലാത്ത എന്തു തിരക്കാ സുധിക്കിപ്പൊ? സുധി അപ്പുവേട്ടനോട് ഒരു കോൺഗ്രാറ്സ് പോലും പറയാതിരുന്നത് ബോർ ആയിപ്പോയി..”

“ആണെങ്കിൽ കണക്കായിപ്പോയി… അവന് എന്റെ കൺഗ്രാറ്സ് ഒന്നും ആവശ്യമില്ല… നിന്നോട് ഒലിപ്പിക്കാൻ വന്നതാ…അതിനൊത്തു തുള്ളാൻ നീയും…”

“ഒന്നു പോയേ സുധീ… അപ്പുവേട്ടനു ഞാൻ സ്വന്തം അനിയത്തിയെ പോലെയാ…കുട്ടിക്കാലത്തെ ഓരോ വഴക്കിന്റെ പേരിൽ ഇപ്പോഴും അപ്പുവേട്ടനോട്‌ മിണ്ടാതിരിക്കാൻ സുധിക്ക് വട്ടുണ്ടോ?”

“എനിക്കവനെ ഇഷ്ടല്ല…നീ അവനോട് മിണ്ടുന്നതു ഒട്ടും ഇഷ്ടല്ല…”

“സുധി എന്താ കൊച്ചു കുട്ടികളെ പോലെ…അപ്പുവേട്ടൻ ഒരിക്കലും എന്നെ വേറെ രീതിയിൽ കാണില്ല… എനിക്കുറപ്പുണ്ട്…”

“ഉറപ്പും വെച്ചവിടെ ഇരുന്നോ…അവനും നിന്റെ മുറചെറുക്കൻ അല്ലേ.. ഒരു ദിവസം അവൻ പെണ്ണുകാണാൻ വരുമ്പോൾ മനസ്സിലായിക്കോളും… ഇപ്പോൾ ജോലിയും ആയല്ലോ… പഠിച്ച കള്ളനാ അവൻ…”

“സുധിക്ക് കോംപ്ലക്സ് ആണ്… പച്ച മലയാളത്തിൽ പറഞ്ഞാൽ അസൂയ…”

“നിർത്തെടീ…നിനക്ക് അവനെ അത്രക്ക് ഇഷ്ടാണേൽ അവന്റെ കൂടെ പൊക്കോ…”

“സുധീ…മതി.. ഇനി ഒരക്ഷരം മിണ്ടരുത് എന്നോട്…” അച്ചു കരഞ്ഞു കൊണ്ട് വീട്ടിലോട്ടോടി…

“മോളേ അച്ചൂ…നീ എവിടായിരുന്നു ഇത്ര നേരം?”

“ക്ലാസ്സ്‌ കഴിയാൻ കുറച്ചു വൈകി.. എന്താ അമ്മേ?”

“നീ ആ പിന്നാമ്പുറത്തു കൂടി വന്നേ…എന്നിട്ട് അമ്മ അവിടെ എടുത്തു വെച്ചിരിക്കുന്ന ചുരിദാർ ഇട്ടു മുഖമൊക്കെ ഒന്നു വൃത്തിയാക്കിയിട്ട് ഉമ്മറത്തോട്ട് വാ…”

“എന്തിനാ അമ്മേ…?”

“മോളേ പെണ്ണു കാണാൻ ഒരു കൂട്ടർ വന്നിട്ടുണ്ട്…”

(തുടരും….)

Comments:

No comments!

Please sign up or log in to post a comment!