പെൺകരുത്ത്
” ഏട്ടായി …. നാളെ എനിക്കൊപ്പം ഒന്ന് കോളേജിൽ വരാമോ ..”
പതിവില്ലാതെ രാത്രി ശിവാനി അരികിൽ വന്നിരിക്കുമ്പോൾ സംശയത്തോടെ ആദിയൊന്ന് തിരിഞ്ഞു
” എന്നാപറ്റി ശിവ… എന്തേ ഇപ്പോൾ ഇങ്ങനെയൊരു ആവശ്യം എന്തേ എന്തേലും പ്രശ്‌നമുണ്ടോ കോളേജിൽ “
ആ ചോദ്യത്തിനു മറുപടി നൽകാതെ അവൾ പതിയെ ആദിയുടെ ചുമലിലേക്ക് മുഖമമർത്തി . ഷർട്ടിൽ നനവു പടർന്നപ്പോഴാണ് ശിവാനി കരയുകയാണെന്ന് അവൻ മനസ്സിലാക്കിയത്.
” എന്ത് പറ്റി ശിവാ… എന്തിനാ നീ കരയുന്നേ.. എന്താ എന്റെ അനിയത്തി കുട്ടിക്ക് പറ്റിയത് ഏട്ടനോട് പറയ് “
ആ മുഖം വാടിയപ്പോൾ ആദിയ്ക്ക് ആകെ വെപ്രാളമായി
” ഏട്ടാ.. കോളേജിൽ ഒരു പ്രശ്നം സെക്കൻഡ് ഇയറിലെ ഒരു ചെക്കൻ കുറച്ചു ദിവസായി എന്നെ വല്ലാണ്ട് ശല്യം ചെയ്യുന്നു. മടുത്തു എനിക്ക്.. ഏട്ടൻ ഒന്ന് വരാവോ കോളേജിലേക്ക്. “
നിസ്സഹായയായി അവൾ നോക്കുമ്പോൾ ആ നോട്ടം ആദിയുടെയുള്ളിൽ നോവായി
“എന്താ അവന്റെ പേര് എന്തേ നീ എന്നോടിത് മുന്നേ പറഞ്ഞില്ല “
” അവന്റെ പേര് ആകാശ് പേടിയായിരുന്നുഏട്ടാ.. ഞങ്ങളൊക്കെ ഫസ്ററ് ഇയർ അല്ലേ പരമാവധി ഒരു പ്രശ്നം വേണ്ടാന്ന് കരുതീട്ടാ ഞാൻ പക്ഷേ …”
“മ് …..”
അൽപസമയം ആദി നിശബ്ദനായി തന്നെ ഇരുന്നു.
” എന്താ അവൻ ചെയ്തേ ….”
ആ ചോദ്യത്തിനു മുന്നിൽ മറുപടി നൽകുവാൻ ശിവാനി പതറുന്നത് കാൺകെ ആദിയുടെ മിഴികൾ കുറുകി.
” മോളെ… എന്തേ… നിന്റെ ശരീരത്തിൽ തൊട്ടോ അവൻ “
നിശബ്ദയായി തല കുമ്പിട്ട് അവൾ
വീണ്ടും കരയവേ മാറോട് ചേർത്തു പിടിച്ചു ആദി
” പോട്ടെ ..ഇനി കരഞ്ഞിട്ട് കാര്യമില്ല … അവനുള്ളത് നമുക്ക് നാളെ തന്നെ കൊടുക്കാം… പക്ഷേ ഏട്ടൻ നാളെ ഉണ്ടാകില്ല … അവനുള്ളത് മോള് തന്നെയങ്ങ് കൊടുത്തേക്കണം “
ആ വാക്കുകൾ കേൾക്കേ സംശയത്തോടെ ശിവാനി തലയുയർത്തി ആദിയുടെ മുഖത്തേക്ക് നോക്കി
” ഞാനോ … ഞാൻ എന്ത് ചെയ്യാനാ ഏട്ടാ … എന്നെ കൊണ്ട് കഴിയില്ല ഏട്ടാ .. നിക്ക് പേടിയാ …”
” എന്തിനു പേടിക്കണം … ഏട്ടൻ ഇല്ലന്നേ ഉള്ളൂ … ആ കോളേജിൽ എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട് .. അവർ നിന്റെ ചുറ്റിനുമുണ്ടാകും.. മോള് നേരെ ചെന്ന് അവന്റെ കരണം അടിച്ചു പുകയ്ക്കണം… ഇനി ഈ തെണ്ടിത്തരം ആരോടും ചെയ്യരുത് എന്നും പറയണം തിരിച്ച് അവനൊന്നും ചെയ്യില്ല.. ചെയ്യാൻ മുതിർന്നാൽ നമ്മുടെ പിള്ളേര് കേറി മേഞ്ഞോളും ആ കാര്യം ഏട്ടനേറ്റു നീ ധൈര്യമായിരിക്ക് “
മനസ്സിൽ ഭയം അലയടിക്കുമ്പോഴും ആദിയുടെ വാക്കുകൾ ശിവാനിക്ക് ആശ്വാസമായി ഒപ്പം ആകാശിനോടുള്ള വെറുപ്പുകൂടി ചേർന്നപ്പോൾ പ്രതികരിക്കുവാൻ തന്നെ അവൾ ഉറച്ചു
രാവിലെ കോളേജു ഗേറ്റിനു മുന്നിലെത്തുമ്പോൾ ശിവാനിയുടെ ഉടലാകെ വിറയ്ക്കുന്നുണ്ടായിരുന്നു.
” എന്തായി മോളെ … കോളേജിലെത്തിയോ നീ “
മറുതലയ്ക്കൽ ആദിയുടെ ശബ്ദം കേൾക്കേ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി അവൾക്ക്
” ഏട്ടാ .. എനിക്ക് വല്ലാതെ പേടിയാകുന്നു … ശരീരമാകെ വിറയ്ക്കുന്നു … ഒന്നും വേണ്ട ഏട്ടാ.. എന്നെകൊണ്ട് കഴിയില്ല ഏട്ടൻ ഇങ്ങ് വന്നാൽ മതി “
സംസാരിക്കുമ്പോൾ അവളുടെ ശബ്ദമിടറി മിഴികളിൽ നീർ പൊടിഞ്ഞു
” ശിവാനി …. മോളെ ഇപ്പോൾ നീ പ്രതികരിച്ചില്ലെങ്കിൽ ഇനിയും ശല്യമേറും … ധൈര്യമായി അകത്തേക്ക് ചെല്ല് നീ പോലുമറിയാതെ നിനക്ക് ചുറ്റും ആൾക്കാരെ നിർത്തിയിട്ടുണ്ട് ഞാൻ ഒന്നും പേടിക്കാനില്ല …. ഇനി അവനിട്ട് പൊട്ടിച്ച ശേഷമേ എന്നെ നീ വിളിക്കാവൂ കേട്ടല്ലോ ….”
മറുത്തൊരു വാക്ക് പറയുവാൻ അവസരം നൽകാതെ ആദി കാൾ കട്ടു ചെയ്തപ്പോൾ ഒടുവിൽ ധൈര്യം സംഭരിച്ചവൾ അകത്തേക്ക് കയറി
കോളേജു ക്യാന്റീനിനു മുന്നിൽ കൂട്ടുകാരുമൊത്ത് നിൽക്കുന്ന ആകാശിനെ കാൺകെ അറിയാതെ തന്നെ അവളുടെ മിഴികളിലേക്ക് രോക്ഷം ഇരച്ചു കയറി. രണ്ടും കൽപ്പിച്ച് അവനു നേരെ വീറോടെ നടന്നടുക്കുമ്പോൾ ചുറ്റും പലരും തന്നെ ശ്രദ്ധിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. ആദിയുടെ വാക്കുകൾ മനസിലോർക്കവേ ധൈര്യം ഇരട്ടിയായി. തൊട്ടു മുന്നിൽ ശിവാനിയെ കാൺകെ ഒരു നിമിഷം ആകാശൊന്നു സംശയിച്ചു
” നിനക്ക് എന്റെ അടി വസ്ത്രത്തിന്റെ അളവെടുക്കണം അല്ലേടാ നായേ …”
അതൊരു ഗർജ്ജനമായിരുന്നു മറുപടി പറയുവാൻ ആകാശിന് അവസരം ലഭിച്ചില്ല. അതിനു മുന്നേ ശിവാനിയുടെ വലതു കാൽമുട്ട് അവന്റെ അടി വയറ്റിലമർന്നു. അപ്രതീക്ഷിത പ്രഹരത്തിന്റെ വേദനയാൽ കുമ്പിട്ടുപോയ അവന് അടുത്ത നിമിഷം കിട്ടി ചെകിടു പൊട്ടുമാറ് ഒരെണ്ണം കൂടി. ഇത്തവണ പിടിച്ചു നിൽക്കുവാൻ ആകാശിനു കഴിഞ്ഞില്ല. നിലത്തേക്കവൻ വീഴുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പകച്ചു പോയി. അപ്പോഴേക്കും വിദ്യാർഥികളുടെയും അധ്യാപകരുടെയും ഒരു കൂട്ടം തന്നെ അവർക്ക് ചുറ്റും കൂടിയിരുന്നു. അതോടെ ശിവാനിക്ക് ആവേശമായി.
” പെൺപിള്ളേരെ കണ്ണിനു മുന്നിൽ കാണുമ്പോൾ കാമം മൂക്കുന്ന എല്ലാ അവന്മാർക്കും ഇതൊരു പാഠമാകണം. എന്നോട് ഇന്നലെ ഇവൻ കാട്ടിയ ചെറ്റത്തരത്തിന്റെ മറുപടിയാണ് ഇന്നിപ്പോൾ ഞാനീ നൽകിയത്… ഇനി ഇതിനു പ്രതികാരമായി വീണ്ടും എന്റെ പിന്നാലെ കൂടിയാൽ ഓർത്തോ … ഒരേട്ടൻ എനിക്കുമുണ്ട്… പിന്നെ നിന്നെയൊക്കെ കാണുവാൻ വരുന്നത് എന്റെ ഏട്ടനാകും “
നിലത്തു കിടക്കുന്ന ആകാശിനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം പിൻതിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ നിന്നുമെന്തോ വലിയൊരു ഭാരമകന്ന പോലെ തോന്നി അവൾക്കു.
” ഏട്ടാ… ഞാൻ അങ്ങട് വിളിക്കുവാൻ തുടങ്ങുകയായിരുന്നു കൊടുത്തു ഞാൻ അവന് ഏട്ടൻ പറഞ്ഞ പോലെ രണ്ട് ഡയലോഗും വച്ചു കാച്ചി ഇപ്പോൾ മനസ്സു തണുത്തു … വല്ലാത്തൊരു ധൈര്യം തോന്നുന്നുണ്ട് എനിക്ക് ഏട്ടന്റെ ആൾക്കാർ കൂടെയുണ്ടെന്നുള്ള ധൈര്യത്തിലാ ഞാൻ ….. താങ്ക്സ് ഏട്ടാ “
മനസ്സിലെ സന്തോഷം അവളുടെ വാക്കുകളിൽ പ്രതിഫലിച്ചപ്പോൾ പുഞ്ചിരിയോടെ ആദി ഫോൺ കട്ടാക്കി. പതിയെ തിരിഞ്ഞു നടക്കുമ്പോൾ അവൻ കണ്ടു സന്തോഷത്തോടെ ക്ലാസിലേക്ക് നടന്നു പോകുന്ന ശിവാനിയെ. അപ്പോഴേക്കും അവന്റെ ഫോണിലേക്ക് അടുത്ത കോൾ എത്തി വീട്ടിലെ നമ്പർ കണ്ട് പുഞ്ചിരിച്ചു കൊണ്ട് ആദി അത് അറ്റന്റ് ചെയ്തു
” ആ അമ്മാ… പേടിക്കാനൊന്നും ഇല്ല അവള് തകർത്തു ആ ചെക്കനിട്ട് നല്ലോണം കൊടുത്തു.. എനിക്ക് പേടിയായിരുന്നു അവളെ കൊണ്ട് കഴിയോ എന്ന് പക്ഷേ.. ഞാൻ ചുറ്റും ആളെ നിർത്തിയിട്ടുണ്ടെന്നൊക്കെ കേട്ടപ്പോൾ പെണ്ണ് കേറി പുലിയായി. ഈ കാലത്തു പെൺകുട്ടികൾക്ക് നേരെയുള്ള അധിക്രമങ്ങൾക്ക് അവർ തന്നെ പ്രതികരിക്കണം എങ്കിലേ ഈ ഞരമ്പ് രോഗികൾക്കൊക്കെ ഒരു പേടി വരുള്ളൂ.. എന്തായാലും ഇത്രയുമായില്ലേ ഇനി പ്രിൻസിപ്പലിനെ കൂടെ കേറി കണ്ട് വിവരമൊന്നറിയിച്ചിട്ട് ഞാനങ്ങ് വന്നേക്കാം “
കോൾ കട്ടാക്കി പ്രിൻസിപ്പലിന്റെ ഓഫീസ് ലക്ഷ്യമാക്കി നടക്കുമ്പോൾ അവൻ കണ്ടു കൂട്ടുകാരന്റെ ചുമരിൽ കയ്യിട്ട് വേച്ചു വേച്ചു നടന്നു പോകുന്ന ആകാശിനെ…..
ഓഫീസ് ബ്ലോക്കിലേക്ക് ആദി കയറിപ്പോകുന്നത് ദൂരെ നിന്നും നോക്കി നിൽക്കുന്നുണ്ടായിരുന്നു ശിവാനി.അവനവിടെയുണ്ടാകുമെന്ന് അവൾക്കറിയാമായിരുന്നു. ആ ഒരു വിശ്വാസമാണല്ലോ ഏട്ടൻ എന്ന വാക്കിന്റെ അർത്ഥം….
Comments:
No comments!
Please sign up or log in to post a comment!