മധുരമീ പ്രണയം
(പ്രിയപ്പെട്ട ;വായനക്കാരെ, ഇതൊരു കമ്പിക്കഥ അല്ല. ഈ കഥ വലിയ ഒരു നോവലിന് സ്കോപ് ഉള്ളതും വേണമെങ്കില്‍ മനോഹരമായ ഒരു ചലച്ചിത്രം ആക്കാവുന്നതുമായ കഥയാണ്. ആര്‍ക്കെങ്കിലും അത്തരം താല്പര്യം ഉണ്ടെങ്കില്‍, ഈ കഥ അതിന്റെ പൂര്‍ണ്ണതയില്‍ വിപുലപ്പെടുത്തി നല്‍കാന്‍ തയാറാണ്)
മധുരമീ പ്രണയം…..!
“സര്‍..ആനന്ദ് സര്‍ വിളിക്കുന്നു”
ഓഫീസ് ബോയ് ബഹാദൂര്‍ എന്റെ അടുത്തെത്തി പറഞ്ഞു. ആനന്ദ് സര്‍ ഞങ്ങളുടെ വൈസ് പ്രസിഡന്റ് ആണ്. ഞാന്‍ എഴുന്നേറ്റ് ക്യാബിനിലേക്ക് ചെന്നു.
“യെസ് സര്‍”
“ങാ..ദീപക്..നാളെ ഒരു പുതിയ അപ്പോയിന്റ്മെന്റ് വരും..ഷി വില്‍ റിപ്പോര്‍ട്ട് ടു യു..വേണ്ട ട്രെയിനിംഗ് നല്‍കണം..പുതിയ കുട്ടിയാണ്…ആന്‍ഡ് അയാം ഗോയിംഗ് ടു പാരിസ് ടുനൈറ്റ്…” ആനന്ദ് സര്‍ അന്നത്തെ പത്രം ഓടിച്ചു നോക്കുന്നതിനിടെ പറഞ്ഞു.
“ശരി സര്‍..”
“എന്തെങ്കിലും അത്യാവശ്യ ഡോക്യുമെന്റ്സ് സൈന്‍ ചെയ്യാന്‍ ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് മുന്‍പേ നല്‍കണം.. ഐ വില്‍ ലീവ് അറ്റ് എറൌണ്ട് വണ്‍”
“ഷുവര്‍ സര്‍”
ഞാന്‍ പുറത്തിറങ്ങി.
സെയില്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ അജിത്ത് രേഖയുമായി സോള്ളിക്കൊണ്ട് ഇരിക്കുകയാണ്. ഓഫീസിലുള്ള മൂന്നു പെണ്‍കുട്ടികളും അവന്റെ പിന്നാലെയാണ്. രേഖ, സുനന്ദ, അശ്വതി എന്നിങ്ങനെ മൂന്നു പേരാണ് സ്ത്രീകളായി ഞങ്ങളുടെ ഓഫീസില്‍ ഉള്ളത്. അതില്‍ അശ്വതി വിവാഹിതയാണ്; മറ്റു രണ്ടുപേരും അവിവാഹിതര്‍. മൂവരെയും അജിത്ത് തന്റെ വലയില്‍ ആക്കിയത് നിസാരമായാണ്.
ചെറുപ്പം മുതല്‍ അപകര്‍ഷതാബോധം കൂടെപ്പിറപ്പായ എനിക്ക് പെണ്‍കുട്ടികളോട് സംസാരിക്കാനും ഇടപഴകാനും ധൈര്യക്കുറവ് ആണ്. ഒന്നാമത് ഞാന്‍ കാണാന്‍ സുന്ദരനല്ല. ഇരുനിറം ആണ്; ഒപ്പം വലിയ അഴക് അവകാശപ്പെടാന്‍ ഇല്ലാത്ത ശരീരവും. കൂലിപ്പണിക്കാരനായ അച്ഛന്‍ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ മക്കള്‍ക്ക് മൂന്നു നേരം ആഹാരം നല്‍കി സര്‍ക്കാര്‍ സ്കൂളില്‍ ആണെങ്കിലും പഠിപ്പിക്കാന്‍ വിട്ടിരുന്നത്. ചെറുപ്രായത്തില്‍ പോഷകാഹാരം ഞാനോ എന്റെ അനുജനോ കണി കണ്ടിട്ടില്ല. മമ്മി പാല് തന്നിട്ട് ഞാന്‍ കുടിക്കാതെ സൂത്രത്തില്‍ കളഞ്ഞു എന്നൊക്കെ പറയുന്ന സഹപാഠികളെ കാണുമ്പോള്‍ ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്. കാരണം പാലിന്റെ രുചി എന്താണ് എന്ന് അറിയാന്‍ എനിക്കോ എന്റെ അനുജനോ അക്കാലത്ത് കഴിഞ്ഞിരുന്നില്ല. എന്നും രാവിലെ പഴങ്കഞ്ഞി എങ്കിലും കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെ ജീവിച്ചിരുന്ന നാളുകള്‍. എവിടെ ചെന്നാലും ഒപ്പമുള്ളവരെക്കാള്‍ ചെറിയവനാണ് താന്‍ എന്ന തോന്നല്‍ ബാല്യം മുതല്‍ തന്നെ ഉണ്ട്; അത് വെറും തോന്നലല്ല, സത്യമായ വസ്തുത തന്നെ ആയിരുന്നു.
സ്കൂള്‍ കഴിഞ്ഞു കോളജില്‍ പഠിക്കുമ്പോഴും ഇതായിരുന്നു സ്ഥിതി. മറ്റു കുട്ടികള്‍ കാമ്പസ് ജീവിതം ആഘോഷിക്കുമ്പോള്‍ അവരുടെ ഇടയില്‍ ഒറ്റപ്പെട്ടവന്‍ ആയിരുന്നു ഞാന്‍. ഒരു പെണ്‍കുട്ടി പോലും എന്നെ ശ്രദ്ധിച്ചിരുന്നില്ല. മറ്റ് ആണ്‍കുട്ടികള്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഒപ്പം സംസാരിക്കുകയും തമാശകള്‍ പറയുകയും ചെയ്യുമ്പോള്‍ അതൊക്കെ നോക്കി അസൂയപ്പെടാന്‍ മാത്രമേ എനിക്ക് വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ.
ജോലി കിട്ടി ഓഫീസില്‍ എത്തിയപ്പോഴും എന്നെ എന്റെ അപകര്‍ഷതാബോധം വിടാതെ പിന്തുടര്‍ന്നിരുന്നു. ഒന്നുമില്ലാത്തവന്‍ എന്ന ഒരു തോന്നല്‍..എന്നെ ഒന്നിനും കൊള്ളിക്കില്ല എന്ന ചിന്ത സദാ മനസിനെ വേട്ടയാടിക്കൊണ്ടിരുന്നു. ഓഫീസിലും പെണ്‍കുട്ടികളുടെ എന്നോടുള്ള സമീപനം പഴയത് തന്നെ ആയിരുന്നു. എന്നെ ഒരാള്‍ പോലും ഗൌനിച്ചില്ല. അജിത്ത് സെയില്‍സ് ഓഫീസര്‍ ആണ്. പണമുള്ള വീട്ടിലെ സുമുഖനായ വെളുത്ത് സുന്ദരനായ പയ്യന്‍. ജിം ബോഡി. സരസമായ സംഭാഷണം. പുതുപുത്തന്‍ ബൈക്കില്‍ ആണ് അവന്‍ ഓഫീസില്‍ എത്തുന്നത്. അവന്റെ ഒപ്പം ബൈക്കില്‍ പോകാന്‍ പെണ്‍കുട്ടികള്‍ തമ്മില്‍ മത്സരമാണ്. ബസില്‍ വരുന്ന എന്റെയൊപ്പം ഒരാളും വരാറില്ല.
ഇപ്പോള്‍ പുതിയ ഒരു പെണ്ണ് കൂടി ഓഫീസിലേക്ക് എത്തുകയാണ്. എന്റെ ഒപ്പമാണ് അവള്‍ ജോലി ചെയ്യുക എന്ന് ബോസ് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പല ആശകളും പൊട്ടി വിരിയാന്‍ തുടങ്ങിയിരുന്നു. പക്ഷെ വേഗം തന്നെ അതിന്റെ ആവേശം കെട്ടടങ്ങി. ഒരു പെണ്ണും എന്നെ ഇഷ്ടപ്പെടാന്‍ പോകുന്നില്ല. എന്തിനു വെറുതെ ആശിച്ച് ദുഖിക്കണം.
അടുത്ത ദിവസം ഞാന്‍ ഓഫീസില്‍ എത്തുമ്പോള്‍ അല്പം വൈകിയിരുന്നു. വെളുക്കെ ചിരിച്ചുകൊണ്ട് വരുന്ന അജിത്തിനെ ആണ് ഞാന്‍ ആദ്യം കണ്ടത്.
“എന്റെ ദീപക് സാറേ..എവിടെപ്പോയി കിടക്കുകയായിരുന്നു..സാറിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ജോയിന്‍ ചെയ്യാന്‍ പുതിയ ആള് വന്നിരിക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായെന്നോ..പാവം തനിച്ചായതുകൊണ്ട് ഞാന്‍ അല്പം കമ്പനി കൊടുത്ത് ഇരിക്കുകയായിരുന്നു” അവന്‍ എന്നെ നോക്കി പറഞ്ഞിട്ട് മൊബൈലുമായി പുറത്തേക്ക് പോയി.
ഹും..അപ്പോള്‍ പുതിയ പെണ്ണിനേയും വന്ന വഴിക്ക് തന്നെ അവന്‍ കൈയില്‍ എടുത്തു കഴിഞ്ഞിരിക്കുന്നു. ഞാന്‍ മനസംഘര്‍ഷത്തോടെ എന്റെ ഓഫീസിലേക്ക് കയറി.
“ദീപക് സര്‍ എത്തി..”
എന്റെ അസിസ്റ്റന്റ്റ് തോംസണ്‍ പറയുന്നത് ഞാന്‍ കേട്ടു. അവിടെ സോഫയില്‍ അവള്‍ ഇരിപ്പുണ്ടായിരുന്നു. അവളെ ആദ്യം കണ്ടപ്പോള്‍ എന്റെ മനസിനുണ്ടായ ഒരു ഇളക്കം, അതെനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഒരു സ്വര്‍ണ്ണ നിലവിളക്ക് പോലെ, മന്ദമായി ഒഴുകുന്ന പാലരുവി പോലെ, ഒരു നിഷ്കളങ്കയായ പ്രാവിനെപ്പോലെ ഒക്കെ എനിക്ക് തോന്നിപ്പോയി അവളെ കണ്ടപ്പോള്‍. ആ തുടുത്ത നിഷ്കളങ്കമായ മുഖത്തെ ചെറിയ പരിഭ്രമവും, പിടയ്ക്കുന്ന മിഴികളിലെ ഭയവും കണ്ടപ്പോള്‍ എന്റെ മനസ് ആര്‍ദ്രമായി.
“സര്‍..ഷി ഈസ് ദ ന്യൂ അപ്പോയിന്റ്മെന്റ്” മറ്റൊരു അസിസ്റ്റന്റ്റ് ആയ ബക്കര്‍ പറഞ്ഞു.
“പ്ലീസ് കം” അവളെ നോക്കി ഞാന്‍ പറഞ്ഞിട്ട് എന്റെ ക്യാബിനിലേക്ക് കയറി.
ഞാന്‍ ഉള്ളില്‍ കയറി എന്റെ സീറ്റില്‍ ഇരുന്നപ്പോള്‍ അവള്‍ ഉള്ളിലേക്ക് വന്നു. ഞാന്‍ അവളെ ആപാദചൂഡം ഒന്ന് നോക്കി. വെളുത്തു മെലിഞ്ഞ സുന്ദരിയായ കുട്ടി. നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖം. നീണ്ട മുടി പിന്നിലേക്ക് വിടര്‍ത്തിയിട്ടിരിക്കുന്നു. കഴുത്തില്‍ ചെറിയ ഒരു കുരിശുമാല. നെറ്റിയിലും കഴുത്തിലും എന്തോ എണ്ണ പുരട്ടിയിട്ടുണ്ട്.
“ഇരിക്ക്..” ഞാന്‍ പറഞ്ഞു. അവള്‍ മടിച്ചുമടിച്ച് ഇരുന്നു.
“പേര്?”
“ശാലിനി”
മുഖത്തിനും രൂപത്തിനും ചേരുന്ന പേര്; ഞാന്‍ മനസ്സില്‍ പറഞ്ഞു.
“ശാലിനിയുടെ ആദ്യ ജോലി ആണോ ഇത്?’
“അതെ സര്‍”
“വീട്ടില്‍ ആരൊക്കെ ഉണ്ട്?”
“ഇളയമ്മ…ഇളയച്ഛന്‍…അവരുടെ മക്കള്‍”
“ശാലിനിയുടെ പേരന്റ്സ്?”
“മരിച്ചു..” അവളുടെ കണ്ണുകളില്‍ മുത്തുമണികള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. അവള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചു.
“സോറി..ഞാന്‍ സിവി കണ്ടിരുന്നില്ല…എത്ര വരെ പഠിച്ചു?”
“ബി കോം..”
“ബ്രദേഴ്സ്, സിസ്റ്റേഴ്സ് അങ്ങനെ ആരേലും ഉണ്ടോ?”
“ഇല്ല”
“ഓക്കേ ശാലിനി..വെല്‍ക്കം ടു ദിസ് ഓഫീസ്..ഇത് സ്വന്തം വീടുപോലെ കരുതിയാല്‍ മതി….പൊയ്ക്കോളൂ”
അവള്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. എന്റെ മനസിന്റെ ഉള്ളില്‍ അവളുടെ രൂപം ആഴത്തില്‍ കൊത്തിവച്ചത് പോലെ പതിഞ്ഞു കഴിഞ്ഞിരുന്നു. ഞാന്‍ തോംസനെ ഉള്ളിലേക്ക് വിളിപ്പിച്ചു.
“സര്‍..”
“തോംസണ്‍..താങ്കള്‍ക്ക് വര്‍ക്ക് ലോഡ് കൂടുതല്‍ ആണെന്നല്ലേ പറഞ്ഞത്.. ആ പുതിയ കുട്ടിക്ക് നിങ്ങള്‍ ചെയ്യുന്ന ജോലി കുറെ പഠിപ്പിച്ചു കൊടുക്കൂ..”
“ശരി സര്‍.
“സര്‍..സൂക്ഷിക്കണം..ഈ കൊച്ചിനെയും ആ അജിത്ത്…”
“നെവര്‍ മൈന്‍ഡ്..ഞാന്‍ പറഞ്ഞത് ചെയ്യൂ..”
അയാള്‍ പോയി. പക്ഷെ അയാള്‍ പറഞ്ഞത് എന്റെ മനസിനെയും മഥിക്കുന്നുണ്ടായിരുന്നു. ശാലിനി അവന്റെ വലയില്‍ വീഴില്ല എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ശാലിനി എന്റെ പെണ്ണാണ്..അച്ഛനും അമ്മയുമില്ലാത്ത പാവം….അവളെ ഞാന്‍ സ്നേഹിക്കുന്നു. എന്തോ ഒരു പുതിയ ഉത്സാഹം എന്നില്‍ നിറഞ്ഞത് ഞാന്‍ തിരിച്ചറിഞ്ഞു.
ലഞ്ച് എന്റെ ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നാണ് കഴിക്കുന്നത്. ഇപ്പോള്‍ ഓഫീസിലെ ഏറ്റവും സുന്ദരിയായ പെണ്ണ് ഞങ്ങളുടെ കൂടെയാണ്. ഞാനൊഴികെ ബാക്കി എല്ലാവരും എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ വിവാഹിതരാണ്. എന്റെ താഴെയുള്ളവരില്‍ ശാലിനി ഒഴികെ ബാക്കി എല്ലാവരും എന്നേക്കാള്‍ മൂത്തവരാണ്. ഉച്ചയ്ക്ക് ഞങ്ങള്‍ ലഞ്ച് കഴിക്കാനായി ഇരുന്നപ്പോള്‍ ആരോ ശാലിനിയെയും വിളിച്ചു. അവള്‍ ലഞ്ച് ബോക്സ് എടുത്ത് വരാന്‍ തുടങ്ങിയപ്പോള്‍ അജിത്ത് അവിടെയെത്തി.
“ഹേയ് ശാലു..കമോണ്‍..ഈ കിഴവന്മാരുടെ കൂടെ ഇരുന്നാണോ ലഞ്ച് കഴിക്കാന്‍ പോകുന്നത്..സോറി ദീപക് സാറിനെ ഞാന്‍ അതില്‍ കൂട്ടിയിട്ടില്ല കേട്ടോ..അവിടെ എല്ലാവരും ശാലിനിയെ കാത്ത് ഇരിക്കുകയാണ്..രാവിലെ ഇവിടെ വന്നപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളായിരുന്നു ഒരു ധൈര്യം തരാന്‍..അത് മറക്കല്ലേ”
വികടച്ചിരിയോടെ അവന്‍ പറഞ്ഞു. തോംസണ്‍ എന്നെ അര്‍ത്ഥഗര്‍ഭമായി നോക്കി. ഞാന്‍ അത് ശ്രദ്ധിക്കാതെ എന്റെ ലഞ്ച് ബോക്സ് തുറന്നു. ശാലിനി പോകില്ല എന്നും അവള്‍ ഞങ്ങളുടെ കൂടെ ഇരിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. നിഷ്കളങ്കയായ എന്റെ ശാലിനി എന്നെ വിട്ടിട്ട് പോകില്ല. ഞാന്‍ മെല്ലെ ആഹാരം തുറന്നിട്ടു നോക്കി. മനസ്സിനെ അപ്പാടെ തകര്‍ക്കുന്ന കാഴ്ചയാണ് പക്ഷെ ഞാന്‍ കണ്ടത്. അജിത്തിന്റെ ഒപ്പം പോകുന്ന ശാലിനി. എന്റെ വിശപ്പ് ഒരു സെക്കന്റ് കൊണ്ട് കെട്ടു. വലിയ, ഘനമേറിയ ഒരു ഭാരം എന്റെ ഉള്ളിലേക്ക് ഇറങ്ങി അതെന്നെ വീര്‍പ്പുമുട്ടിച്ചു കൊല്ലുന്നതുപോലെ എനിക്ക് തോന്നി. പേരിന് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ക്യാബിനില്‍ ചെന്നിരുന്ന എന്റെ മനസ് അശാന്തമായ കടലിനെപ്പോലെ പ്രക്ഷുബ്ധമായിരുന്നു. ആദ്യം കണ്ട നിമിഷം തന്നെ എന്റെ മനസ് കീഴടക്കിയ പെണ്ണ്..നിഷ്കളങ്ക..വെള്ളരിപ്രാവ് എന്നൊക്കെ താന്‍ കരുതിയ, അച്ഛനും അമ്മയും ഇല്ലാത്ത ശാലിനി ഒന്നാം ദിനം തന്നെ അവന്റെ വലയിലേക്ക് സ്വയം ചെന്നു വീണുകൊടുത്തിരിക്കുന്നു.
ഓഫീസ് സമയം കഴിയാറായി വന്നതോടെ എന്റെ മനസ് കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ തുടങ്ങി. ഇനി അവന്റെ അടുത്ത പരിപാടി അവളെ ഒപ്പം ബൈക്കില്‍ കൊണ്ടുപോകുക എന്നതായിരിക്കും. ഇല്ല..ഉച്ചയ്ക്ക് അവിടെ മറ്റു പെണ്‍കുട്ടികള്‍ കൂടി ഉള്ളതുകൊണ്ട് ശാലിനി പോയതാണ്. ഇവിടെ വേറെ പെണ്ണുങ്ങള്‍ ആരും ഇല്ലല്ലോ. പരിചയമില്ലാത്ത ആണുങ്ങളുടെ കൂടെ ഇരുന്നു കഴിക്കാന്‍ അവള്‍ക്ക് വിഷമം കാണും. അതിന്റെ അര്‍ഥം അവള്‍ക്ക് അജിത്തിനെ ഇഷ്ടമയിട്ടു പോയി എന്നല്ല. അങ്ങനെ ഞാന്‍ ആശ്വസിച്ചെങ്കിലും എന്റെ മനസിന്റെ മറ്റൊരു കോണില്‍ വേറെ ഒരു ആധി സുനാമി പോലെ രൂപപ്പെട്ടു വരുന്നുണ്ടായിരുന്നു. ഇല്ല..ശാലിനി അവന്റെ കൂടെ ബൈക്കില്‍ പോകില്ല. അവള്‍ വൈകിട്ട് തന്നോട് ചോദിക്കും എപ്പോഴാണ് പോകേണ്ടത് അന്ന്. അപ്പോള്‍ തനിക്ക് അവളെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് പോകാന്‍ പറ്റും. അതെ..അങ്ങനെ ചെയ്യണം.
അന്നത്തെ പ്രവൃത്തിസമയം തീര്‍ന്നു. സ്റ്റാഫുകള്‍ ഒന്നൊന്നായി എന്നോട് പറഞ്ഞിട്ടു പോയി. അവസാനമാണ് ശാലിനി വന്നത്. അവളെ കണ്ടപ്പോള്‍ എന്റെ മനസ് പൂത്തുലഞ്ഞു.
“സര്‍..പൊക്കോട്ടെ” അവള്‍ സൌമ്യമായി ചോദിച്ചു.
“ബസ് സ്റ്റോപ്പിലേക്ക് ഞാനുമുണ്ട് ശാലിനി..വണ്‍ മിനിറ്റ്..”
“സര്‍.അജിത്ത് സര്‍ എനിക്ക് ലിഫ്റ്റ് തരാം എന്ന് പറഞ്ഞു..ഹി ഈസ് വെയിറ്റിംഗ്…”
അവള്‍ ലേശം മടിച്ചാണ് അങ്ങനെ പറഞ്ഞത്. എന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ എനിക്ക് തോന്നി. ഞാന്‍ അവളെ നോക്കാതെ തലയാട്ടി. എന്റെ തൊണ്ടയുടെ താഴെ നിന്നും പൊക്കാനാകാത്ത ഒരു വലിയ ഭാരം മേലേക്ക് കയറി വരുന്നത് പോലെ എനിക്ക് തോന്നി. ശരീരം പാടെ തളര്‍ന്നവനെപ്പോലെ ഞാന്‍ ഇരുന്നു. പുറത്ത് അജിത്തിന്റെ ബൈക്ക് സ്റ്റാര്‍ട്ട് ആകുന്ന ശബ്ദം കേട്ടു ഞാന്‍ വേഗം ചെന്നു ജനലിലൂടെ നോക്കി. അവന്റെ പിന്നിലേക്ക് കയറി ഇരിക്കുന്ന ശാലിനി. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. മനസും ശരീരവും തളര്‍ന്ന ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു. രാവിലെ ഒരു മാലാഖയെപ്പോലെ എന്റെ മനസിലേക്ക് പറന്നുകയറിയവള്‍ ഇപ്പോള്‍ കൂട് വിട്ടു പോകുന്ന പക്ഷിയെപ്പോലെ എന്നില്‍ നിന്നും പറന്നു പോയിരിക്കുന്നു.
രാത്രി അല്പം പോലും ഉറങ്ങാന്‍ എനിക്ക് സാധിച്ചില്ല. സാമാന്യം ഭേദപ്പെട്ട ജോലി ഉണ്ടായിട്ടും, വീട്ടിലെ പ്രാരാബ്ധങ്ങളും കടങ്ങളും തീര്‍ക്കേണ്ടതുള്ളതുകൊണ്ട് എനിക്ക് സ്വന്തമായി യാതൊന്നും അപ്പോഴും ഉണ്ടായിരുന്നില്ല. ഒരു സ്കൂട്ടര്‍ എനിക്കും ഉണ്ടായിരുന്നു എങ്കില്‍, ശാലിനി എന്റെ കൂടെ വന്നേനെ എന്നെനിക്ക് തോന്നി. അജിത്തിനെപ്പോലെ വിലകൂടിയ ബൈക്ക് വാങ്ങാനൊന്നും എനിക്ക് കഴിയില്ല. പക്ഷെ ഒരു പഴയ സ്കൂട്ടര്‍ എങ്കിലും വാങ്ങാന്‍ തനിക്ക് പറ്റില്ലേ? തനിക്കൊരു വണ്ടി ഉണ്ടെങ്കില്‍ അവള്‍ തന്റെ കൂടെയും വരും. അങ്ങനെ അന്നുമുതല്‍ ഞാന്‍ കുറേശ്ശെ പണം മിച്ചം പിടിച്ച് നാലഞ്ച് മാസങ്ങള്‍ കൊണ്ട് ഒരു പഴയ സ്കൂട്ടര്‍ വാങ്ങി. അത് തുടച്ചു മിനുക്കി ആദ്യമായി ഓഫീസിലേക്ക് പോയപ്പോള്‍ ഞാനും എന്തൊക്കെയോ ആയി എന്നൊരു തോന്നല്‍ മനസിലുണ്ടായി.
“ഹായ് ദീപക് സര്‍ സ്കൂട്ടര്‍ വാങ്ങിയോ..പാര്‍ട്ടി വേണം സര്‍” ഞാന്‍ ചെന്നപ്പോള്‍ അജിത്ത് പറഞ്ഞു.
“പഴയ സ്കൂട്ടര്‍ ആണ് അജിത്ത്..ഇതിനും വേണോ പാര്‍ട്ടി”
എന്റെ കണ്ണ് ശാലിനിയില്‍ ആയിരുന്നു. പക്ഷെ അവളുടെ നോട്ടം എന്റെ മേലായിരുന്നില്ല; അജിത്തിന്റെ മേല്‍ ആയിരുന്നു. സ്കൂട്ടര്‍ വാങ്ങിയതിന്റെ ആഹ്ലാദം എന്റെ മനസില്‍ നിന്നും നിമിഷനേരം കൊണ്ട് ഓടിയൊളിച്ചു.
അന്ന് വൈകിട്ടും ശാലിനി അജിത്തിന്റെ ഒപ്പം പോയില്ല. കാരണം അന്നവന്റെ കൂടെ പോയത് രേഖയാണ്. ശാലിനി ബസിനാണ് പോയത്. എനിക്ക് അവളോട് എന്റെയൊപ്പം വരുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവള്‍ ബസ് കയറാന്‍ കാത്തു നില്‍ക്കുന്ന ഇടത്ത്കൂടി ഞാന്‍ സ്കൂട്ടറില്‍ പോയി. എന്നെ അവള്‍ കണ്ടോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.
“എന്താ ദീപക് സാറെ ഇത്.. ആ കൊച്ച് ബസ് സ്റ്റോപ്പില്‍ നിന്നിട്ട് സാറ് അതിനൊരു ലിഫ്റ്റ് കൊടുക്കാതെ പോയത് മോശമായിപ്പോയി..ഒന്നുമില്ലെങ്കിലും സാറിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന കുട്ടിയല്ലേ?”
അടുത്ത ദിവസം രാവിലെ അജിത്ത് എന്നോട് ചോദിച്ചു.
“ഇതാരാണ് അജിത്തിനോട് പറഞ്ഞത്?” ഞാന്‍ അത്ഭുതം മറച്ചു വച്ചില്ല.
“അവള് തന്നെ..രാവിലെ എന്റെ കൂടെയല്ലേ അവള് വന്നത്…ങാ പിന്നെ സാറെ അവള്‍ക്കൊരു സന്തോഷ വാര്‍ത്ത ഉണ്ട്..അത് അവള്‍ തന്നെ നേരില്‍ സാറിനോട് പറയും” അങ്ങനെ പറഞ്ഞിട്ട് അവന്‍ പോയി.
എന്റെ മനസിലെ നഷ്ടബോധം മെല്ലെ മായുന്നത് ഞാനറിഞ്ഞു. അപ്പോള്‍ എന്നെ അവള്‍ കണ്ടിരുന്നു; താന്‍ വണ്ടി നിര്‍ത്തി ലിഫ്റ്റ് കൊടുക്കണം എന്നവള്‍ ആഗ്രഹിച്ചിരുന്നു. തന്റെ കുറ്റം കൊണ്ടാണ് അവള്‍ ഒപ്പം വരാഞ്ഞത്. ഛെ…താന്‍ അവളോട് ചോടിക്കെണ്ടാതായിരുന്നു..
അജിത്ത് നല്ലവനാണ് എന്നെനിക്ക് ജീവിതത്തില്‍ ആദ്യമായി അന്ന് തോന്നി. അവനത് പറഞ്ഞിരുന്നില്ലെങ്കില്‍ താന്‍ അറിയുമായിരുന്നില്ലല്ലോ. എന്താണോ അവള്‍ക്ക് പറയാനുള്ള സന്തോഷവാര്‍ത്ത? എന്തായാലും ഇന്ന് താന്‍ അവളെ ഒപ്പം കൊണ്ടുപോകും. അവളെ കാണുമ്പോള്‍ത്തന്നെ ഇന്നലത്തെ കാര്യം പറയണം. അവള്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നത് താന്‍ കണ്ടിരുന്നില്ല എന്ന് പറഞ്ഞാല്‍ മതി. ഇന്ന് അങ്ങനെ സംഭവിക്കില്ല എന്നും എന്റെ ഒപ്പം വരാം എന്നും പറയണം. എന്റെ മനസിന്റെ സന്തോഷത്തിന് പരിധികള്‍ ഇല്ലായിരുന്നു. നാളിതുവരെ ഒരു പെണ്‍കുട്ടിയും എന്റെയൊപ്പം എവിടെയും വന്നിട്ടില്ല; എന്നെ സ്നേഹത്തോടെ നോക്കിയിട്ട് പോലുമില്ല. പക്ഷെ എന്റെ ശാലിനി എന്നെ സ്നേഹിക്കുന്നുണ്ട്. ലോകത്തിലേക്കും ഏറ്റവും ഭാഗ്യവാന്‍ ഞാനാണ് എന്നെനിക്ക് തോന്നി.
എന്തോ സംശയം ചോദിക്കാനായി ശാലിനി ക്യാബിനിലേക്ക് വന്നപ്പോള്‍ ഞാനവളെ പ്രേമവായ്പ്പോടെ നോക്കി. ഹോ.ഇതാണ് എന്റെ പെണ്ണ്. എന്റെ ജീവിതസഖി..എന്നെ അവള്‍ സ്നേഹിക്കുന്നുണ്ട്! ഇല്ലെങ്കില്‍ അജിത്തിനോട് അങ്ങനെ പറയേണ്ട കാര്യമുണ്ടോ? എന്റെ ചക്കരെ നിന്റെ മനസ് ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ..എന്നോട് ക്ഷമിക്ക് മോളെ..ഞാന്‍ മനസ്സില്‍ പറഞ്ഞു.
“സര്‍..ഇത് എങ്ങനെയാണ് ചെയ്യേണ്ടത്”
എന്റെ മുന്‍പില്‍ ഒരു പേപ്പര്‍ വച്ച ശേഷം അവള്‍ ചോദിച്ചു. ആ തുടുത്തു മനോഹരമായ വിരലുകള്‍ കണ്ടപ്പോള്‍ അവയില്‍ ചുംബിക്കാന്‍ എനിക്ക് ആര്‍ത്തി തോന്നി.
“ഞാന്‍ അജിത്തിനെ കണ്ടിരുന്നു…ശാലിനിക്ക് എന്തോ ഗുഡ് ന്യൂസ് പറയാന്‍ ഉണ്ട് എന്നവന്‍ പറഞ്ഞു..എന്താണത്?” ആകാംക്ഷ അടക്കാനാകാതെ ഞാന്‍ ചോദിച്ചു.
ശാലിനി നാണിച്ചു തുടുത്ത് വിരല്‍ കടിച്ച് എന്നെ നോക്കി. എന്റെ മനസ് ബലൂണ്‍ പോലെ ഭാരമില്ലതായി അനന്തവിഹായസ്സിലൂടെ പാറിപ്പറക്കാന്‍ തുടങ്ങി.
“അത്..സര്‍…എന്റെ മാര്യേജ് ഫിക്സ് ചെയ്തു…ഉച്ചയ്ക്ക് അദ്ദേഹം നേരില്‍ ഇങ്ങോട്ട് വരുന്നുണ്ട്..അപ്പോള്‍ പറയാം എന്ന് കരുതി വെയിറ്റ് ചെയ്യുകയായിരുന്നു” എന്റെ മുഖത്ത് നോക്കാതെയാണ് ശാലിനി അത് പറഞ്ഞത്.
ഒരു കൂടം കൊണ്ട് എന്റെ തലയ്ക്ക് അടികിട്ടിയാല്‍ എനിക്കിത്ര വേദന ഉണ്ടാകില്ലായിരുന്നു. ഞാന്‍ കെട്ടിപ്പൊക്കിയ സ്വപ്നങ്ങളുടെ കൂടാരം ഒരു നിമിഷംകൊണ്ട് തകര്‍ന്നു വീഴുന്നത് ഞാന്‍ കണ്മുന്നില്‍ കണ്ടു. കണ്ണില്‍ ഇരുള്‍ കയറിയവനെപ്പോലെ ഞാന്‍ ശാലിനി കൊണ്ടുവന്ന പേപ്പറിന്റെ സംശയം തീര്‍ത്ത് കൊടുത്തു. ഒരക്ഷരം അവളുടെ വിവാഹത്തെപ്പറ്റി ചോദിക്കാനോ, അഭിനന്ദിക്കാനോ എനിക്ക് സാധിച്ചില്ല. ഞാന്‍ മരിച്ചവനെപ്പോലെ ആയിത്തീര്‍ന്നിരുന്നു. അപ്രതീക്ഷിതമായി എന്റെ മനസിലേക്ക് ചേക്കേറിയ ആ പഞ്ചവര്‍ണ്ണക്കിളിയെ ആരോ ബലമായി എന്നില്‍ നിന്നും പിടിച്ചകത്തി കൊണ്ടുപോകുന്നു! ഞാന്‍ തളര്‍ന്ന് ഒരു ജോലിയും ചെയ്യാനാകാതെ കസേരയില്‍ പിന്നോക്കം ഇരുന്നു. അങ്ങനെ എത്ര സമയം പോയി എന്നെനിക്ക് അറിയില്ല. ആരോ വരുന്നത് കേട്ടു ഞാന്‍ വെറുതെ ഒരു പേപ്പര്‍ എടുത്ത് അതിലേക്ക് നോക്കിയിരുന്നു.
“സര്‍..ദിസ് ഈസ് നവീന്‍..നവീന്‍ അലക്സ്..എന്റെ വുഡ് ബി..”
ശാലിനിയുടെ ശബ്ദം കേട്ടു ഞാന്‍ തല ഉയര്‍ത്തി നോക്കി. വെളുത്ത് സുമുഖനായ നല്ല ഉയരമുള്ള ഒരു പയ്യന്റെ കൂടെ നില്‍ക്കുന്ന ശാലിനി.
“എന്ത് പറ്റി സര്‍..മുഖം വല്ലാതെ ഇരിക്കുന്നല്ലോ” അവള്‍ എന്റെ ഭാവഭേദം കണ്ടു ചോദിച്ചു.
“നത്തിംഗ്..ഒരു തലവേദന..ഹായ് നവീന്‍ ഗ്ലാഡ് ടു മീറ്റ് യു..” ഞാന്‍ എഴുന്നേറ്റ് അവനു ഹസ്തദാനം നല്‍കി.
“താങ്ക് യു സര്‍..” അവന്‍ പറഞ്ഞു.
“ആള്‍ ദ ബെസ്റ്റ് ടു ബോത്ത് ഓഫ് യു..ചെല്ല് ശാലിനി..നവീനെ എല്ലാവരെയും പരിചയപ്പെടുത്തൂ..”
ഞാന്‍ പറഞ്ഞു. അവള്‍ തലയാട്ടി. അവന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങാന്‍ നേരം ശാലിനി എന്നെ തിരിഞ്ഞൊന്നു നോക്കി. ആ കണ്ണുകളിലെ ഭാവം എന്താണ് എന്നെനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല.
അവര്‍ പോയപ്പോള്‍ ഞാന്‍ കൈലേസ് എടുത്ത് മുഖം പൊത്തി പൊട്ടിക്കരഞ്ഞു. കുറെ ഏറെ നേരം. എന്റെ ഭാഗ്യത്തിന് ആ സമയത്ത് ആരും ഉള്ളിലേക്ക് വന്നില്ല. ജനലിന്റെ അരികില്‍ ചെന്നു ഞാന്‍ പുറത്തിരിക്കുന്ന എന്റെ പഴയ സ്കൂട്ടറിലേക്ക് നോക്കി.
“എന്നെപ്പോലെ നീയും നിര്‍ഭാഗ്യവാന്‍ ആണെടാ…ശാലിനിയെ വഹിക്കാനുള്ള ഭാഗ്യം നിനക്കില്ല….” ഞാന്‍ തകര്‍ന്ന മനസോടെ സ്വയം പറഞ്ഞു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാലിനിയുടെ വരവ് നവീന്റെ ഒപ്പമായി. പെണ്ണുകാണല്‍ ചടങ്ങ് നടന്നു എന്നും അടുത്ത മാസം വിവാഹനിശ്ചയം നടക്കുമെന്നും ഞാന്‍ പലരില്‍ നിന്നുമായി അറിഞ്ഞു. ജീവിതത്തോടു കടുത്ത വിരക്തി തോന്നിയെങ്കിലും എന്നെ പഠിപ്പിച്ചു വലുതാക്കിയ എന്റെ അച്ഛനെയും അമ്മയെയും ഓര്‍ത്ത് ഞാന്‍ ജീവിച്ചു. അവര്‍ക്ക് വാര്‍ധക്യത്തില്‍ ഒരു തണലായി മാറാന്‍ എങ്കിലും എന്റെ ഈ ജന്മം കൊണ്ട് ഗുണമുണ്ടാകട്ടെ എന്ന് കടുത്ത നിരാശയുടെ നടുവിലും ഞാന്‍ ചിന്തിച്ചു. എന്നും വളരെ ആഹ്ലാദവതിയായി പുതിയ വേഷങ്ങള്‍ അണിഞ്ഞെത്തുന്ന ശാലിനിയെ കടുത്ത നഷ്ടബോധത്തോടെ നോക്കി നെടുവീര്‍പ്പിടാനല്ലാതെ എനിക്ക് ഒന്നും സാധിക്കുമായിരുന്നില്ല. രാവിലെ അവളെ കൊണ്ട് വിട്ടിട്ട് പോകുന്ന നവീന്‍ വൈകിട്ട് അവളെ തിരികെ കൊണ്ടുപോകാന്‍ എത്തും.
അടുത്ത ദിവസം രാവിലെ ശാലിനി എന്റെ ക്യാബിനില്‍ എത്തി.
“സര്‍..ഇന്ന് എനിക്ക് അവധി വേണം” നാണത്തോടെ അവള്‍ പറഞ്ഞു.
“എന്താ ശാലിനി? എന്ത് പറ്റി?”
“നവീനും ഞാനും കൂടി ഒരു സിനിമ..അല്പം ഷോപ്പിംഗ്” അവള്‍ വിരല്‍ കടിച്ചു നാണിച്ച് മുഖം കുനിച്ചു.
“പൊയ്ക്കോ”
അവളെ നോക്കാതെ ഞാന്‍ പറഞ്ഞു. ശാലിനി എന്റെ മുഖത്തേക്ക് അല്‍പനേരം നോക്കിനിന്ന ശേഷം പോയി. പുറത്ത് നവീന്റെ ബൈക്ക് വന്നതും അവള്‍ പോയതും ഞാനറിഞ്ഞു. എന്റെ മനസ്സില്‍ നിന്നും ദുഃഖം മാറി അവിടം ഏറെക്കുറെ കല്ലുപോലെ ആയിത്തീര്‍ന്നിരുന്നു. ആശകള്‍ക്കോ മോഹങ്ങള്‍ക്കോ ഇനിയൊരിക്കലും അവിടെ സ്ഥാനമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.
അടുത്ത ദിവസം ശാലിനി ഓഫീസില്‍ എത്തിയില്ല. തോംസണ്‍ ആണ് അവള്‍ വന്നില്ല എന്ന് പറഞ്ഞത്. ഫോണ്‍ ചെയ്തിരുന്നോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഇല്ലെന്നു മറുപടി നല്‍കി. അവളെ കാണുമ്പോഴാണ് എനിക്കെന്റെ മനസ് കൈമോശം വരുന്നത്. കാണാതിരുന്നാല്‍ അത്രയ്ക്ക് സമാധാനമുണ്ട്. എങ്കിലും അവളില്ലാത്ത ഓഫീസ് ശൂന്യമയാത് പോലെ എനിക്ക് തോന്നി. പ്രസരിപ്പോടെ ഓടിനടക്കുന്ന ശാലിനി ഇപ്പോള്‍ അവിടെയില്ല. അവളുടെ അസാന്നിധ്യം എല്ലാവര്‍ക്കും ഒരു മ്ലാനത സമ്മാനിച്ചിരുന്നു. അതോ എനിക്കങ്ങനെ തോന്നിയതോ.
അടുത്ത ദിവസവും അവള്‍ വന്നില്ല.
മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശാലിനി ഓഫീസില്‍ എത്തിയില്ല. അതുവരെ ഞാന്‍ പാലിച്ചിരുന്ന നിസംഗത മെല്ലെ ഇല്ലാതാകുന്നത് ഞാനറിഞ്ഞു. അവള്‍ എന്റെ ആരുമല്ല..മറ്റാരുടെയോ ഭാര്യ ആകാന്‍ പോകുന്നവള്‍ ആണ്..പക്ഷെ അവളെ കാണാതിരിക്കാന്‍ തനിക്ക് പറ്റുന്നില്ല. അവള്‍ ആരുടെയോ സ്വന്തമായിക്കോട്ടേ..തനിക്ക് ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ ഇവിടെ ഉണ്ടെങ്കില്‍! അവള്‍ പോയത് മുതല്‍ ഓഫീസ് ശ്മശാനമൂകമാണ്. അജിത്ത് മാത്രം യാതൊരു മാറ്റവും ഇല്ലാതെ അടിച്ചു പൊളിച്ചു നടക്കുന്നുണ്ട്.
അടുത്ത ദിവസം അവനെ ഞാന്‍ വിളിച്ചു.
“യെസ് സര്‍” അജിത് എന്നെ ചോദ്യഭാവത്തില്‍ നോക്കി.
“അജിത്ത്..ശാലിനി ഇപ്പോള്‍ നാല് ദിവസങ്ങളായി വന്നിട്ട്..വിളിച്ചിട്ട് അവളുടെ ഫോണ്‍ സ്വിച്ചോഫ് ആണ്..ഇങ്ങോട്ട് അവധി വേണമെന്ന് വിളിച്ചു പറഞ്ഞിട്ടുമില്ല. ഇന്ന് ആനന്ദ് സര്‍ എന്നോട് തിരക്കിയിരുന്നു അവളുടെ കാര്യം. പറയാതെ അവധി എടുത്താല്‍ ആക്ഷന്‍ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്…അജിത്തിന് അവളുടെ വീട് അറിയാമോ? എന്താണ് പ്രശ്നം എന്നൊന്ന് തിരക്കി അറിയാനാണ്..” ഞാന്‍ പറഞ്ഞു.
“വീട് എനിക്കറിയാം സര്‍..നാളെ രാവിലെ ഞാന്‍ കയറി തിരക്കാം”
“താങ്ക്സ്”
എന്റെ മനസ് വല്ലാതെ ആശങ്കപ്പെടുന്നത് ഞാനറിഞ്ഞു. അവള്‍ സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞാല്‍ മതി തനിക്ക്. അവള്‍ ഓഫീസില്‍ വന്നാലും ഇല്ലെങ്കിലും ജീവിതത്തില്‍ ഒരിക്കലും അവള്‍ക്ക് ഒരു ദോഷവും സംഭവിക്കരുത്. പാവം അച്ഛനോ അമ്മയോ സഹോദരങ്ങളോ ഇല്ലാത്ത കുട്ടിയാണ്..ഞാന്‍ മനമുരുകി അവള്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചു.
അടുത്ത ദിവസം ഞാന്‍ ചെല്ലുമ്പോള്‍ ശാലിനി സീറ്റില്‍ ഉണ്ട്. നാലുദിവസം മുന്‍പ് ഞാന്‍ കണ്ട ശാലിനി ആയിരുന്നില്ല അത്; സകല പ്രസരിപ്പും ഉന്മേഷവും നഷ്ടപ്പെട്ട, പ്രേതതുല്യയായ ശാലിനി. അവളെ കണ്ടപ്പോള്‍ എന്റെ മനസ് തകര്‍ന്നു പോയി.
“വരൂ സര്‍..ഒരു കാര്യം പറയാനുണ്ട്” അജിത്ത് എന്നെ ക്യാബിനിലേക്ക് വിളിച്ചു.
ഞാന്‍ ഉള്ളില്‍ കയറി സീറ്റില്‍ ഇരുന്നപ്പോള്‍ അവന്‍ കതകടച്ചു.
“ഇന്ന് രാവിലെ ഞാന്‍ അവളുടെ വീട്ടില്‍ പോയിരുന്നു സര്‍..മൂന്നു ദിവസം മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ശാലിനിയെ അവളുടെ കസിന്‍ ബ്രദര്‍ കണ്ടത് കൊണ്ടാണ് രക്ഷപെടുത്തിയത്..അല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ നമുക്കൊപ്പം കാണുമായിരുന്നില്ല സര്‍..”
ഫ്രീക്കനായ അജിത്തിന്റെ കണ്ണുകള്‍ പോലും നിറഞ്ഞു പോയിരുന്നു അത് പറഞ്ഞപ്പോള്‍. അസ്തപ്രജ്ഞനായി നാവിറങ്ങിപ്പോയവനെപ്പോലെ ഞാന്‍ ഇരുന്നു. അല്‍പനേരം ഞാനോ അവനോ ഒന്നും മിണ്ടിയില്ല.
“സാറ് അവളെ വിളിച്ച് സംസാരിക്ക്..എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും പറയാനോ പറഞ്ഞു കൊടുക്കാനോ അറിയില്ല..സാറ് അവളെ തനിച്ചിരുത്തി ഒന്ന് ഉപദേശിക്ക്”
കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു. ഞാന്‍ എന്റെ കണ്ണുനീര്‍ വിടാതെ പിടിച്ചു നിര്‍ത്തിയത് പാടുപെട്ടാണ്. എന്റെ ശാലിനി..അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന്! മൂടിപ്പോയ കണ്ണുകള്‍ ഞാന്‍ ടിഷ്യു എടുത്ത് തുടച്ചിട്ടു നോക്കിയപ്പോള്‍ എന്റെ മുന്‍പില്‍ ജീവച്ഛവം പോലെ ശാലിനി നില്‍പ്പുണ്ടായിരുന്നു. നാല് ദിവസം മുന്‍പ് നാണിച്ചു തുടുത്ത് പ്രസരിപ്പോടെ ഇവിടെ നിന്നും ഇറങ്ങിപ്പോയ പെണ്ണാണ് അവിടെ നില്‍ക്കുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
“ഇരിക്ക് ശാലിനി…” എന്റെ മനസിലെ വ്യഥ അവളെ അറിയിക്കാതെ ഞാന്‍ പറഞ്ഞു. അവള്‍ ഇരുന്നു.
“എന്താണ് ചോദിക്കാതെ അവധി എടുത്തത്? ഒന്ന് ഫോണ്‍ ചെയ്തെങ്കിലും പറഞ്ഞൂടായിരുന്നോ”
അവള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നത് ഞാന്‍ അറിഞ്ഞിട്ടില്ല എന്ന് നടിച്ചുകൊണ്ടായിരുന്നു എന്റെ ചോദ്യം.
“ഞാന്‍ ജോലി വിടുകയാണ് സര്‍”
നിര്‍വികാരമായ ഭാവത്തോടെ അവള്‍ പറഞ്ഞു. എന്റെ ഞെട്ടല്‍ അവളെ അറിയിക്കാതിരിക്കാന്‍ എനിക്ക് നന്നായി ബുദ്ധിമുട്ടേണ്ടി വന്നു.
“എന്ത് പറ്റി ശാലിനി? വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് ഇഷ്ടമല്ലേ ശാലിനി ജോലിക്ക് പോകുന്നത്..” ഞാന്‍ ചോദിച്ചു.
അവള്‍ എന്റെ കണ്ണിലേക്ക് നോക്കി. നിര്‍ജീവങ്ങളായിരുന്ന ആ കണ്ണുകളില്‍ ജലം വന്നു മൂടുന്നത് ഞാനറിഞ്ഞു. അത് ഒരു പൊട്ടിക്കരച്ചിലായി പരിണമിച്ചു. ഞാന്‍ വേഗം ചെന്നു ക്യാബിന്റെ കതടച്ചു പൂട്ടി. കാരണം അവള്‍ ഉറക്കെയുറക്കെ കരയുകയായിരുന്നു. ഞാന്‍ ഇന്റര്‍കോമില്‍ തോംസനെ വിളിച്ചു.
“തോംസണ്‍..ശാലിനി അപ്സെറ്റ് ആണ്..ഡോണ്ട് ലെറ്റ് എനിബഡി ഇന്‍..”
“ശരി സര്‍”
ശാലിനിയുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ നദി പോലെ ഒഴുകിയിറങ്ങി. അവള്‍ കരഞ്ഞു വിഷമം തീര്‍ക്കാനായി ഞാന്‍ കാത്തു. ഏതാണ്ട് പത്തുമിനിറ്റ് നിര്‍ത്താതെ കരഞ്ഞ അവള്‍ അവസാനം തളര്‍ന്ന് പിന്നിലേക്ക് ചാരി. ഞാന്‍ ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് അവള്‍ക്ക് നല്‍കി. ശാലിനി അത് വാങ്ങി മൊത്തവും കുടിച്ചു തീര്‍ത്തു.
“ഇനി പറ ശാലിനി..എന്ത് സംഭവിച്ചു? തുറന്ന് പറയൂ”
അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ പറഞ്ഞു. കുഞ്ഞുങ്ങളെപ്പോലെ അവള്‍ ഏങ്ങലടിച്ചു. പിന്നെ ദുര്‍ബ്ബലമായ ശബ്ദത്തില്‍ ഇങ്ങനെ പറഞ്ഞു.
“അയാള്‍..അയാളൊരു നീചനാണ് സര്‍..എന്നെ..എന്നെ അയാള്‍ ചതിച്ചു….”
ഞാന്‍ ഒരിക്കല്‍ക്കൂടി ഞെട്ടി. അപ്പോള്‍ നവീന്‍ ഇവളെ ചതിച്ചു! വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി അവളുടെ വിലപ്പെട്ടതെല്ലാം അവന്‍ കവര്‍ന്നു..പിന്നെ അവളെ ഉപേക്ഷിച്ചു..അവളെ ആത്മഹത്യയുടെ വക്കിലേക്ക് നയിച്ച കാരണം എന്റെ മനസില്‍ വെളിപ്പെട്ടു വന്നു.. ഞാന്‍ അവളുടെ കണ്ണിലേക്ക് നോക്കി. എന്റെ ജീവിതസഖിയായി ഒപ്പം കൂട്ടാന്‍ ഞാന്‍ അതിയായി മോഹിച്ച പെണ്‍കുട്ടിയാണ് ഒരു പഴന്തുണിയെപ്പോലെ വിലയില്ലാത്തവളായി എന്റെ മുന്‍പില്‍ ഇരിക്കുന്നത്. ജീവിതത്തിന്റെ മറിമായം ഞാന്‍ നേരില്‍ കാണുകയായിരുന്നു.
“എന്ത് ചെയ്തു അയാള്‍? പറയൂ ശാലിനി..എന്താണ് സംഭവിച്ചത്?”
അവള്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ച ശേഷം എന്നെ നോക്കി.
“അന്ന് ഞാന്‍ അവധി ചോദിച്ചു പോയത് സാറിന് ഓര്‍മ്മയില്ലേ..അന്ന് ഞങ്ങള്‍ നേരെ പോയത് ഒരു ഐസ് ക്രീം പാര്‍ലറില്‍ ആണ്..അവിടെ നിന്നും ഒന്നുരണ്ടു മാളുകളില്‍ കയറിയ ശേഷം അവന്‍ എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു…അവിടെ അവന്റെ അച്ഛനും അമ്മയും ഉണ്ടല്ലോ എന്ന് കരുതിയാണ് ഞാന്‍ ചെന്നത്..പക്ഷെ അവിടെ ഉണ്ടായിരുന്നത് അവന്റെ രണ്ടു സുഹൃത്തുക്കളാണ്..അവര്‍ പുറത്തിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഉള്ളിലേക്ക് പോകാന്‍ വിസമ്മതിച്ചു..പക്ഷെ അവന്‍ പറഞ്ഞു അവര്‍ അച്ഛനെയും അമ്മയെയും കാണാനായി വന്നതാണ്..ഇരുവരും ഉടനെ എത്തുമെന്നും, നമുക്ക് ഉള്ളില്‍ ഇരിക്കാമെന്നും.. മനസോടെയല്ലെങ്കിലും ഞാന്‍ ഉള്ളില്‍ കയറി..പിന്നെയാണ് സര്‍ ഞാനവന്റെ തനിരൂപം കണ്ടത്..വിവാഹത്തിന് മുന്‍പ് നമ്മുടെ ആദ്യ മധുവിധു ഇന്നാണ് എന്നവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചു..എങ്കില്‍ അച്ഛനും അമ്മയും വന്നിട്ട് പോകാം എന്ന് പറഞ്ഞിട്ട് അവന്‍ എന്നെ ഉള്ളില്‍ ഇരുത്തിയിട്ട് പുറത്തിറങ്ങി സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിച്ചു..ഞാനിത് അറിയുന്നുണ്ടായിരുന്നില്ല. എനിക്ക് കാണാന്‍ ടിവി ഓണാക്കി തന്നിട്ടാണ് അവന്‍ പോയിരുന്നത്..”
നിര്‍ത്തി, ഒന്ന് ഏങ്ങലടിച്ച ശേഷം അവള്‍ വീണ്ടും തുടര്‍ന്നു:
“അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവന്‍ അവരെയും കൂട്ടി ഉള്ളില്‍ കയറി. അവരുടെ ഭാവം കണ്ടപ്പോള്‍ത്തന്നെ എനിക്ക് ഭയമായി സര്‍…എനിക്ക് പോകണം എന്ന് അവനോടു ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു. ഇരിക്കെടി..അമ്മേം അച്ഛനും വന്നിട്ട് പോകാം എന്നവന്‍ പറഞ്ഞു. ഊട്ടിയില്‍ പോയ നിന്റെ അച്ഛനും അമ്മയും ഇന്നെങ്ങനെ വരുമെടാ അളിയാ എന്നൊരു കൂട്ടുകാരന്‍ ചോദിച്ചപ്പോള്‍ അവന്റെ ചിരി ഒന്ന് കാണണമായിരുന്നു…പിന്നെ അവന്‍ എന്നോട് ഇങ്ങനെ പറഞ്ഞു..എടി പെണ്ണെ..കല്യാണം കഴിഞ്ഞാല്‍ നമ്മള്‍ ചെയ്യാന്‍ പോകുന്നത് ഇപ്പോള്‍ ചെയ്താല്‍ എന്താണ് കുഴപ്പം..നീ വാ..നമുക്ക് സുഖിക്കാമെടി…. എന്റെ കൈയില്‍ കടന്നു പിടിച്ചുകൊണ്ട് അവനങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി സര്‍.. എന്നെ അവര്‍ വളഞ്ഞിരിക്കുകയാണ് എന്ന് ഞാന്‍ മനസിലാക്കി. ഓടാന്‍ ശ്രമിച്ച എന്നെ ഒരുത്തന്‍ തടഞ്ഞു..അപ്പോള്‍ കൈയില്‍ കിട്ടിയ ഒരു കുപ്പി എടുത്ത് അവന്റെ തലയ്ക്ക് ഞാന്‍ അടിച്ചു..അവന്റെ തല പൊട്ടി ചോര വരുന്നത് കണ്ടപ്പോള്‍ അവര്‍ അന്ധാളിച്ചു നിന്നുപോയി..ഞാന്‍ വേഗം കതക് തുറന്ന് ഇറങ്ങിയോടി…ഏതു നിമിഷവും എന്നെ തേടി പോലീസ് എത്തും സര്‍…എനിക്കിനി ഒരു ജീവിതമില്ല..ഈ ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു എങ്കിലും അതിനും എനിക്ക് കഴിഞ്ഞില്ല..”
ശാലിനി ഏങ്ങലടിച്ചുകൊണ്ട് മേശപ്പുറത്ത് തല കുമ്പിട്ടു കിടന്നു. എന്റെ മനസ്സില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരികള്‍ ഒരുമിച്ചു കത്തി. ഈ കിടക്കുന്ന എന്റെ മാലാഖ പരിശുദ്ധയാണ്..അവളെ ഒരുത്തനും നശിപ്പിച്ചിട്ടില്ല…പക്ഷെ അവളെ ശാരീരികമായി ഒരുത്തന്‍ മലിനപ്പെടുത്തിയിരുന്നു എങ്കില്‍പ്പോലും അവളെ താന്‍ കൈവിടില്ലായിരുന്നു..പക്ഷെ അത് സംഭവിച്ചിട്ടില്ല…ഇന്നവള്‍ ഒരുത്തന്റെയും സ്വന്തവുമല്ല…ദൈവം എനിക്ക് വേണ്ടി കരുതിവച്ച നിധിയാണ് ഇവള്‍. മുന്‍പൊരിക്കലും തോന്നിയിട്ടില്ലാത്ത ധൈര്യത്തോടെ ഞാന്‍ എഴുന്നേറ്റ് അവളുടെ അരികില്‍ ചെന്ന് ആ ശിരസില്‍ തലോടി. ശാലിനി മെല്ലെ തലയുയര്‍ത്തി.
“സര്‍..” വിതുമ്പലോടെ അവളെന്നെ നോക്കി.
“മോളെ…നിന്നെ ആദ്യം കണ്ട നിമിഷം തന്നെ നിന്നെ എന്റെ സ്വന്തമാക്കണം എന്ന് ആശിച്ചവനാണ് ഞാന്‍. പക്ഷെ സൌന്ദര്യമില്ലാത്ത എന്നെ നിനക്ക് ഇഷ്ടമല്ല എന്ന് പോകെപ്പോകെ ഞാന്‍ മനസിലാക്കി..ഞാന്‍ അതുകൊണ്ട് നിന്റെ വഴിയില്‍ ഒരു തടസ്സമാകാതെ ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു..നീ എവിടെ ജീവിച്ചാലും സന്തോഷത്തോടെ ജീവിക്കണേ ദൈവമേ എന്ന പ്രാര്‍ത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ..ഇന്ന്..പക്ഷെ ഞാനെന്റെ മനസ് നിന്നെ അറിയിക്കുകയാണ്…നിനക്ക് എന്തും തീരുമാനിക്കാം…നീ എന്ത് തീരുമാനിച്ചാലും അത് നിന്റെ സന്തോഷത്തിനായിരിക്കും എന്നെനിക്ക് അറിയാം..അതുകൊണ്ട് എന്നോടുള്ള ഒരു സിമ്പതിയും നിന്നെക്കൊണ്ട് തീരുമാനം എടുപ്പിക്കരുത്..നിനക്ക് പൂര്‍ണ്ണ മനസ് ഉണ്ടെങ്കില്‍, നിന്നെ ഞാന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു…”
പറഞ്ഞു കഴിഞ്ഞപ്പോള്‍ നാളുകളായി പേറിക്കൊണ്ടിരുന്ന ഒരു വലിയ ഭാരം ഇറക്കിവച്ച ആശ്വാസം എനിക്കുണ്ടായി.
ശാലിനിയുടെ കണ്ണുകളിലെ അവിശ്വസനീയത ഞാന്‍ ശ്രദ്ധിച്ചു. ആ കണ്ണുകള്‍ വല്ലാതെ പിടയ്ക്കുന്നതും, നഷ്ടമായിപ്പോയ പ്രസരിപ്പ് അതിലേക്ക് ഇരച്ചെത്തുന്നതും ഞാന്‍ കണ്ടു. പക്ഷെ വേഗം തന്നെ അത് മാഞ്ഞുപോയി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് അവള്‍ എഴുന്നെല്‍ക്കുന്നതും ഞാന്‍ കണ്ടു.
“വേണ്ട സര്‍..വേണ്ട..അങ്ങിത് മുന്പെന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്..പക്ഷെ അങ്ങന്നെ അപ്പോഴെല്ലാം ഒഴിവാക്കി..ആദ്യദിനം ലഞ്ച് കഴിക്കാന്‍ ഞാന്‍ വന്നപ്പോള്‍ എന്നെ അജിത് അവരുടെ അടുത്തേക്ക് വിളിച്ചപ്പോള്‍ സാറ് അത് ഗൌനിച്ചത് പോലുമില്ല..എന്റെ മനസ് അപ്പോള്‍ എത്ര വേദനിച്ചു എന്ന് സാറിനറിയുമോ?” അവള്‍ വിതുമ്പിക്കൊണ്ടാണ് അത് പറഞ്ഞത്. ഞാന്‍ ഞെട്ടി.
“ശാലിനി..നീ എന്താണ് പറയുന്നത്”
“അതെ സര്‍..ഞാന്‍ ഓഫീസില്‍ ആദ്യം വന്ന ദിവസം സാറ് എന്നെ നോക്കിയ രീതി ഞാന്‍ ശ്രദ്ധിച്ചതാണ്…സാറിന് എന്നോടുള്ള എല്ലാ സ്നേഹവും ആ നോട്ടത്തില്‍ ഞാന്‍ ദര്‍ശിച്ചിരുന്നു..ഞാനും ആദ്യ ദര്‍ശനത്തില്‍ സാറിനെ മനസുകൊണ്ട് വരിച്ചിരുന്നു….ജീവിതത്തില്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു വലിയ ആകര്‍ഷണം എനിക്ക് അന്ന് സാറിനോട് തോന്നിയിരുന്നു..പക്ഷെ സാറ് എന്നെ ആരംഭം മുതല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് വേദനയോടെ ഞാന്‍ മനസിലാക്കി…..എനിക്ക് ചെയ്യാനുള്ള വര്‍ക്ക് പോലും സാറ് വേറെ ഒരാളെക്കൊണ്ടാണ് എന്നെ പഠിപ്പിച്ചത്..ഞാന്‍ അജിത്തിന്റെ ഒപ്പം പോയത് സാറിനോടുള്ള ദേഷ്യം കൊണ്ട് മാത്രമായിരുന്നു..സ്കൂട്ടര്‍ വാങ്ങിയ ദിവസം സാറ് എന്നെ കൊണ്ടുപോകും എന്ന് ഞാന്‍ കരുതി..അന്ന് അജിത് വിളിച്ചിട്ടും ഞാന്‍ പോയില്ല..ബസ്സ് സ്റ്റോപ്പില്‍ എനിക്ക് പോകാനുള്ള ബസ് പോയിട്ടും ഞാന്‍ സാറ് അതുവഴി വരുമ്പോള്‍ എന്നെ വിളിക്കും എന്ന് ഞാന്‍ കരുതി കാത്ത് നിന്നു….പക്ഷെ സാറ് എന്നെ നോക്കിയതുപോലുമില്ല…എന്റെ വിവാഹക്കാര്യം ഞാന്‍ ആദ്യം പറഞ്ഞപ്പോള്‍ സാറിന്റെ ഭാവം ഞാന്‍ ശ്രദ്ധിച്ചിരുന്നു..നവീന്റെ ഒപ്പം ഞാന്‍ വന്നപ്പോഴും സാറിന്റെ കണ്ണുകളിലെ വേദന തിരിച്ചറിഞ്ഞവള്‍ ആണ് ഞാന്‍.. അപ്പോഴും സാറൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവനെ വേണ്ടെന്നു വച്ചേനെ…പക്ഷെ അതുണ്ടായില്ല…ഇനി എനിക്ക് ഒരു ജീവിതമില്ല സര്‍…ഞാന്‍ ഏതു നിമിഷവും പോലീസ് പിടിയിലാകും..മൂന്നു ദിവസങ്ങള്‍ ആയിട്ടും അവരെന്നെ തേടി വരാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്..” കരഞ്ഞുകൊണ്ടാണ് അവള്‍ പറഞ്ഞത്.
അക്കമിട്ട് അവള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടു ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. എന്റെ മനസ് എപ്പോഴെല്ലാം അവളെ മോഹിച്ചോ, എപ്പോഴെല്ലാം അവള്‍ക്ക് വേണ്ടി വേദനിച്ചോ, അതെല്ലാം അവള്‍ അതേപടി അറിഞ്ഞിരിക്കുന്നു. അവിശ്വസനീയമായിരുന്നു എനിക്കീ അനുഭവം. ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി. അല്‍പസമയം എടുക്കേണ്ടി വന്നു എനിക്ക് സംസാരിച്ചു തുടങ്ങാന്‍.
“ശാലിനി..നിന്റെ മനസ് ഞാന്‍ അറിയാതെ പോയി..സഹജമായ എന്റെ അപകര്‍ഷതാബോധം മൂലം നിന്നോട് ഒന്നും തുറന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല..നിനക്കും എന്നെ ഇഷ്ടമല്ല എന്നായിരുന്നു എന്റെ ധാരണ..പക്ഷെ ഇപ്പോള്‍ നീ ആത്മഹത്യ ചെയ്യാന്‍ പോലും തുനിഞ്ഞു എന്ന് കേട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ സാധിച്ചില്ല..നിന്നെ ഒരു പോലീസിനും ഞാന്‍ വിട്ടുകൊടുക്കില്ല..നിന്നെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു എന്നത് ഈ പ്രപഞ്ചം മൊത്തം ഒരു ക്യാന്‍വാസ് ആക്കി എഴുതിയാലും മതിയാകില്ല..ഞാന്‍ നിന്നെ..എന്നേക്കാള്‍ അധികം സ്നേഹിക്കുന്നു..എന്നേക്കാള്‍ അധികം..ഇനിയും നീയെന്നെ ഉപേക്ഷിക്കല്ലേ..പ്ലീസ്..” എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിപ്പോയി. എനിക്ക് അവളെ അല്പനെരത്തെക്ക് കാണാന്‍ സാധിച്ചില്ല.
എന്റെ കൈകളില്‍ മൃദുവായ അവളുടെ കരം അമരുന്നതും എന്റെ കണ്ണുകള്‍ അവളുടെ വലതുകരം തുടയ്ക്കുന്നതും ഞാനറിഞ്ഞു.
“സര്‍..മേ ഐ കമിന്‍” പുറത്ത് അജിത്തിന്റെ ശബ്ദംകേട്ട് ഞാന്‍ മാറി. ഞങ്ങള്‍ ഇരുവരും കണ്ണുകള്‍ തുടച്ച ശേഷം ഞാന്‍ ചെന്നു കതക് തുറന്നു.
“ഓ..സാറും കരഞ്ഞോ..എന്നാല്‍ ഇനി കരയണ്ട..ഒരു ഹാപ്പി ന്യൂസ് ഉണ്ട്” അവന്‍ ഞങ്ങളെ നോക്കി പറഞ്ഞു.
ഞാനും അവളും ഉദ്വേഗത്തോടെ അവനെ നോക്കി.
“നവീനും കൂട്ടുകാരും പോലീസ് പിടിയിലായി..സാറേ ആ തെണ്ടിയുടെ അച്ഛനും അമ്മയും വിദേശത്താണ്…അവനിവിടെ ഇത് സ്ഥിരം പരിപാടി ആണ്..ചോദിക്കാനും പറയാനും ആളുകളില്ലാത്ത വീടുകളില്‍ ചെന്നു പെണ്ണ് കാണുക..പെണ്ണിനെ തുടര്‍ന്നു ബൈക്കില്‍ കൊണ്ട് കറങ്ങുക..അവളെ തനിക്കും കൂട്ടുകാര്‍ക്കും വേണ്ടി ഉപയോഗിക്കുക. പല പെണ്ണുങ്ങളും അപമാനം കാരണം പരാതി നല്‍കാന്‍ മടിച്ചു.. പക്ഷെ ഇവള്‍.. ഈ കാന്താരി അവനെതിരെ പരാതി നല്‍കിയിരുന്നു എന്ന് ഇന്നാണ് ഞാന്‍ അറിഞ്ഞത്….
തലയ്ക്ക് അടിയേറ്റവന്‍ ബോധമില്ലാതെ ആശുപത്രിയില്‍ ആയിരുന്നു..അവന്‍ മരിച്ചുപോകും എന്ന ഭീതിയാണ് ഇവളെ ആത്മഹത്യയിലേക്ക് നയിച്ചത്..പക്ഷെ അവനു ബോധം വീണു..പോലീസ് അവനെക്കൊണ്ട് എല്ലാ സത്യങ്ങളും പറയിച്ചും കഴിഞ്ഞു…”
എന്റെയും ശാലിനിയുടെയും സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ഞാന്‍ അജിത്തിനെ കെട്ടിപ്പിടിച്ചു.
“എന്നെയല്ല..സാറ് അവളെ കെട്ടിപ്പിടിക്ക്..ആ കൊച്ച് എത്രമാത്രം സാറിനെ സ്നേഹിക്കുന്നുണ്ട് എന്നറിയാമോ…”
ഫ്രീക്കന്‍ അജിത്ത് കരയുന്നത് മനസു നിറഞ്ഞു കവിഞ്ഞ എനിക്ക് കാണാന്‍ സാധിച്ചില്ല. ഞങ്ങളെ തനിച്ചാക്കി കതകടച്ചിട്ട് അവന്‍ പുറത്ത് പോയതും അല്പം കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
ശാലിനിയുടെ കണ്ണുകള്‍ സജലങ്ങള്‍ ആയിരുന്നു; എന്റെയും. പക്ഷെ ആ മുഖത്ത് എന്റെ പഴയ ശാലിനിയെ ഞാന്‍ കണ്ടു. എല്ലാ പ്രസരിപ്പും ഊര്‍ജ്ജവും നിഷ്കളങ്കതയും ലജ്ജയും ഉള്ള എന്റെ മാത്രം ശാലിനിയെ. പരസ്പരം കരങ്ങള്‍ കവര്‍ന്ന് ആത്മ നിര്‍വൃതിയോടെ ആ വദന സൌകുമാര്യത്തിലേക്ക് നോക്കി നിന്ന എന്റെ ചുണ്ടില്‍ അവളുടെ ചുണ്ടുകള്‍ മെല്ലെ അമരുന്നത് ഒരു സ്വപ്നത്തിലെന്നപോലെ ഞാനറിഞ്ഞു…
Comments:
No comments!
Please sign up or log in to post a comment!