The Shadows 14
Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 |
“ദൈവം ചൂണ്ടിക്കാണിച്ചുതരും സർ ഒളിഞ്ഞിരിക്കുന്ന സത്യം പുറത്തുകൊണ്ടുവരാനുള്ള താക്കോൽ.”
രഞ്ജൻ വീണ്ടും പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.
“വാട്ട് യു മീൻ.?
ഡിജിപി രഞ്ജന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
“യെസ് സർ. അവിചാരിതമായി കണ്ടുമുട്ടിയ അർജ്ജുൻ എന്ന മാധ്യമപ്രവർത്തകനിലൂടെയാണ് ഞങ്ങൾ ലൂക്കാഫ്രാൻസിസ് എന്നയാളിലേക്കെത്തുന്നത്. ഡീറ്റൈൽസ് ഇതിലുണ്ട് സർ.”
രഞ്ജൻ ബാഗിൽനിന്നും മറ്റൊരുഫയൽ ഡിജിപിക്കുനേരെ നീട്ടി. അദ്ദേഹം അത് കൈനീട്ടി വാങ്ങിയശേഷം മറിച്ചുനോക്കി.
“സർ, വാർഡനെ മിനിഞ്ഞാന്നുവരെ സംശയമുണ്ടായിരുന്നില്ല. പക്ഷെ ഇന്നലെ അതുതിരുത്തേണ്ടിവന്നു. എന്റെ ഭാര്യ ഓൺലൈനായി ഒരു ഡയമണ്ട് നെക്ലസ് വാങ്ങിയിരുന്നു. മിനിഞ്ഞാന്ന് രാത്രി അതിന്റെ കണ്ണിപൊട്ടിയെന്നുപറഞ്ഞ് അവൾ പരിഭവം പറഞ്ഞപ്പോൾ ഞാനാസൈറ്റിൽ കയറി കംപ്ലയിന്റ് കൊടുത്തു. ശേഷം ചുമ്മായൊന്നു കറങ്ങിനടന്നപ്പോഴാണ് റോബർട്ട് മുസ്ലിൻ എഴുതിയ ‘ദ മാൻ വിത്തോട്ട് ക്വാളിറ്റി’ എന്ന പുസ്തകത്തിന്റെ മുകളിൽ ചുവന്ന കടലാസിൽവച്ച 4 ഡയമണ്ട്സ് അടങ്ങിയ ഒരു ഫോട്ടോ കണ്ടത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി മൊഴിതന്ന അതുല്യയെ ഒരുദിവസം ഹോസ്റ്റലിൽപോയി കണ്ടിരുന്നു. ഞങ്ങൾ പിരിഞ്ഞതിന് ശേഷം വാർഡനെ മുറിയിൽപോയി കണ്ടു. അന്ന് വാർഡന്റെ മേശപ്പുറത്ത് ഇടതുവശം ചേർന്ന് കുറച്ചു പുസ്തകങ്ങൾ അടക്കിവച്ചിട്ടുണ്ട്. അതിലുണ്ടായിരുന്ന ഒരു പുസ്‌തകം ഇതാണ് സർ.”
“എങ്ങനെ സ്ഥിതീകരിക്കും രഞ്ജൻ? പലരുടെ കൈകളിലുമുണ്ടാകില്ലേ ഈ പുസ്തകം.?”
ഡിജിപി ചോദിച്ചു.
ഉടനെ രഞ്ജൻ ബാഗുതുറന്ന് 6×4 സൈസിലുള്ള 2 ഫോട്ടോകൾ ഡിജിപിക്കു നേരെനീട്ടി.
“സർ ഇതുകണ്ടോ, അതേ സൈറ്റിൽനിന്നും കിട്ടിയ മറ്റൊരു ഫോട്ടോയാണ്. ഇതിൽ ടേബിളിന്റെ മുകളിൽവിരിച്ചിട്ട തുണി അല്പം കാണുന്നുണ്ട്. ഇതേ തുണിതന്നെയാണ് വാർഡന്റെ ഓഫീസിലുള്ള ടേബിളിന്റെ മുകളിലുമുള്ളത്.”
“മ്..”
ഫോട്ടോവാങ്ങി പരിശോധിച്ച ഡിജിപിക്ക് രഞ്ജൻ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു.
“ഈ വാർഡന്റെ മകൾ എങ്ങനെ കയറിവന്നു.?”
സംശയത്തോടെ രഞ്ജന്റെ വലതുവശത്തിരിക്കുന്ന ഐജി ചോദിച്ചു.
“പറയാം സർ. ഇന്ന് പലരുടെയും ബന്ധങ്ങൾ കണ്ടെത്താൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് നമ്മുടെ സോഷ്യൽ മീഡിയയാണ്. ഹോമെക്സ് ബിൽഡേഴ്‌സിന്റെ ഫേസ്ബുക്ക് പേജിൽ ഞാനൊന്ന് കയറിനോക്കി.
“പേഴ്‌സണൽ സെക്രട്ടറി ലെനയാണ് എന്നങ്ങനെ സ്ഥിതീകരിച്ചു. ? ഡിജിപി ചോദിച്ചപ്പോൾ രഞ്ജൻ ഒന്നുപുഞ്ചിരിച്ചു.
“സർ, ലെനയ്ക്ക് റോസ്‌വില്ല എന്നുപേരുള്ള ഒരുവീടുണ്ട്. ഞാൻ മുൻപ് ഒരു മാധ്യമപ്രവർത്തകനെ കുറിച്ചു പറഞ്ഞില്ലേ. അവന്റെ ഭാര്യ ഹോമെക്സ് ബിൽഡേഴ്സിലാണ് ജോലിചെയ്തിരുന്നത്. ഇപ്പോ ആ ജോലിപോയി. ആ കുട്ടിയെ വിളിച്ച് ഒന്നന്വേഷിച്ചു. അവളാണ് കമ്പനിയുടെ ചാർട്ടേർഡ് അക്കൗണ്ടിന്റെ അഡ്രസ്സ് തന്നത്. പിന്നെ മറ്റൊരുകാര്യം. സുധിയുടെ മൊഴിയിൽ ക്രിസ്റ്റീഫറുമായുള്ള വീഡിയോകോളിൽ ഒരു പൂച്ചയുടെ കാര്യം പറഞ്ഞിരുന്നു. അമേരിക്കയിൽ കണ്ടുവരുന്ന ക്യൂറൽ വിഭാഗത്തിൽപെട്ട ഒരിനം പൂച്ചക്കുട്ടി. ലെനയുടെ ടിക്ക്ടോക്ക് വീഡിയോകൾ പരിശോധിച്ചപ്പോൾ കഴുത്തിൽ മണികെട്ടിയ പൂച്ചക്കുട്ടിയെ അതിലുംകണ്ടു. സുധിയുമായി ആ വിവരം പങ്കുവച്ചപ്പോൾ സുധികണ്ട പൂച്ചകുട്ടിയും ലെനയുടെ കൂടെയുള്ളതും ഒന്നാണെന്ന് കണ്ടെത്തി. അങ്ങനെയാണ് അവളിലേക്ക് കൂടുതൽ അന്വേഷണം ചെന്നത്.കേരളത്തിന് അകത്തും പുറത്തും ക്രിസ്റ്റീഫർ പങ്കെടുത്ത പരിപാടികളിലെല്ലാം ലെനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു സർ. “
“ദെൻ, വാട്ട് നെക്സ്റ്റ് രഞ്ജൻ?”
“സർ, ഇന്നുരാത്രി 9 മണിക്ക് ഗൾഫ് എയറിൽ ക്രിസ്റ്റീഫർ കൊച്ചിയിൽ വന്നിറങ്ങും. അയാളെ കസ്റ്റഡിയിൽ വേണം അതിനുള്ള സൗകര്യങ്ങൾ സർ ചെയ്തുതരണം.” രഞ്ജൻ പറഞ്ഞു.
“ഒഫ്‌കോഴ്‌സ്, ഞാൻ എയർപോർട്ട് കണ്ട്രോൾ റൂമിലേക്ക് മെസ്സേജ് പാസ്സ് ചെയ്യാം. ബാക്കി അവര് നോക്കിക്കോളും.
“സർ.”
മീറ്റിംഗ് കഴിഞ്ഞ രഞ്ജൻ ഡിജിപിയുടെ ഓഫീസിൽനിന്നുമിറങ്ങി നേരെ പോയത് ഹോസ്പിറ്റലിൽ കിടക്കുന്ന ശ്രീജിത്തിനെ കാണാൻ വേണ്ടിയായിയുന്നു.
112ാം നമ്പർ മുറിയിൽ കിടക്കുകയായിരുന്ന ശ്രീജിത്ത് രഞ്ജനെകണ്ടപ്പോൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.
“ടെയ്ക്ക് റെസ്റ്റ് ശ്രീ, സ്ട്രെയിൻ എടുക്കേണ്ട.” രഞ്ജൻ അടുത്തുള്ള കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
“എന്തായി സർ,?”
“വാർഡനെയും മകൾ ലെനയെയും അറസ്റ്റ് ചെയ്തു. ക്രിസ്റ്റീഫർ ഇന്ന് രാത്രി കൊച്ചിയിലെത്തും. അറസ്റ്റ് അവിടെനിന്ന്.”
കേസിന്റെ സ്ഥിതിഗതികൾ ശ്രീജിത്തിനോട് സംസാരിക്കുന്നതിനിടയിലാണ് അയാളുടെ ഫോൺ ബെല്ലടിക്കുന്നത്.
“ഹൗ ഗെറ്റ് യു ദ ഇൻഫോർമേഷൻ.”
“സർ, ലെനയുടെ വാട്‌സ്ആപ്പിൽ വന്ന മെസേജാണ്. എയർ ഇന്ത്യയുടെ പസഞ്ചർ ലിസ്റ്റിൽ നോക്കിയപ്പോൾ അയാളുടെ പേരുണ്ട്. ഞാൻ വെരിഫൈ ചെയ്തതാണ്.”
“ഓക്കെ അനസ്. ഞാൻ ഐജിക്ക് വിളിക്കട്ടെ, എയർപോർട്ട് പോലീസിന് ഇൻഫോർമേഷൻ കൊടുക്കണം. ആഫ്റ്റർ ദാറ്റ് ലെറ്റ്സ് ഗോ.”
രഞ്ജൻ ഫോൺ കട്ട്ചെയ്ത് ഐജി ചെറിയാൻപോത്തനെ വിളിച്ച് അനസ് കൈമാറിയ വിവരങ്ങൾ ധരിപ്പിച്ചു. ഉടനെ അദ്ദേഹം എയർപോർട്ട് പോലീസിൽ വിളിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു.
വൈകുന്നേരം 3 മണിയായപ്പോഴേക്കും ജിനു ഐജിയുടെ ഓഫീസിൽ ചെന്ന് രഞ്ജനെ ഫോണിൽവിളിച്ചു.
30 മിനിറ്റിനുള്ളിൽ രഞ്ജൻ ഐജിയുടെ ഓഫീസിൽ എത്തിച്ചേർന്നു.
വെയ്റ്റിങ് റൂമിൽ ഇരിക്കുന്ന ജിനുവിനെയും കൂടെവന്ന ചെറുപ്പക്കാരനെയും കോൺസ്റ്റബിൾവന്ന് ഐജിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹാഫ്‌ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ ഐജിയുടെകൂടെ രഞ്ജനെകണ്ട ജിനു ശിരസ് അല്പം താഴ്ത്തി.
“ടെയ്ക്ക് യൂർ സീറ്റ്.” രഞ്ജൻ അവരോടായി പറഞ്ഞു.
“ഹൂ ഈസ് ദിസ്.?” കൂടെവന്ന ചെറുപ്പക്കാരനെ നോക്കിക്കൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ, ഇത് രാജേഷ്. ഞാൻ..”
“ഓഹ്, ഫിയാൻസി. ഓക്കെ, എന്താണ് കാണണമെന്നുപറഞ്ഞത്.” രഞ്ജൻ ജിനുവിന്റെ മുഖത്തേക്കുനോക്കികൊണ്ട് ചോദിച്ചു. ബാഗിൽനിന്നും ഒരു ചെറിയ താക്കോൽ എടുത്ത് ജിനു മേശപ്പുറത്തുവച്ചിട്ട് അവൾ രഞ്ജന്റെ മുഖത്തേക്ക് നോക്കി.
“സർ, സുധിയെ എനിക്കറിയാം. ഒന്നുരണ്ടുതവണ ഞാൻ കണ്ടിട്ടുണ്ട്.”
“പിന്നെ അന്നെന്തിനാ നുണപറഞ്ഞത്.” രഞ്ജൻ അവളുടെ മുഖത്തേക്കുനോക്കിയപ്പോൾ ജിനു ശിരസ് താഴ്ത്തി.
“ഇതെന്തിന്റെയാണ് ?” ജിനു കൊടുത്ത താക്കോൽ ഉള്ളംകൈയിൽ വച്ചിട്ട് രഞ്ജൻ ചോദിച്ചു.
“സർ, നീന സുധിയെ ഏൽപ്പിക്കാൻ തന്നുവിട്ടതാണ്. ഒരു കുറിപ്പുമുണ്ട്. പക്ഷെ അതിനിടക്കാണ് നീന ആത്മഹത്യ ചെയ്യുന്നതും സുധിയെ കാണാണ്ടാകുന്നതും. “
“എന്ത് കുറിപ്പ്.?”
ജിനു തന്റെ ബാഗിൽനിന്നും നാലായിമടക്കിയ ഒരു കടലാസ് രഞ്ജനുനേരെ നീട്ടി. അതുവാങ്ങി തുറന്നുനോക്കിയ രഞ്ജൻ ജിനുവിന്റെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കി.
“7th. ജനുവരി .1993”
രഞ്ജൻ താക്കോലും കടലാസും മാറിമാറി വീക്ഷിച്ചു.
“സീ ജിനു, നിങ്ങൾ അവസരത്തിനൊത്ത് ഓരോ നുണകൾ പറയുമ്പോൾ അതിനോട് ചുറ്റിപ്പറ്റിനടക്കുന്ന അന്വേഷണം വേറെ തലത്തിലേക്ക് പോകുകയാണ്.
“സോറി സർ. എന്നെ ഏൽപിച്ച ഈ കുറിപ്പും,കീയും സുധിയെ ഏൽപ്പിക്കണം എന്നെയുണ്ടായിരുന്നോള്ളൂ.” രഞ്ജന്റെ മുൻപിൽ അവൾ തലകുനിച്ചിരുന്നു
“യൂ നോ വൺതിങ്. ഇറ്റ് വാസ് എ മർഡർ.” രഞ്ജൻ മേശപ്പുറത്ത് തന്റെ വലതുകൈകൊണ്ട് ശക്തിയായി അടിച്ചു. ശേഷം ഐജിയുടെ മുഖത്തേക്ക് നോക്കി.
“സോറി സർ. സീ ജിനു, കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അറിയാഞ്ഞിട്ടല്ല. അത് ചെയ്യാത്തതാണ്. കൊലപാതകക്കേസിൽ കസ്റ്റഡിയിൽ എടുത്തു എന്നറിഞ്ഞാൽ നിങ്ങളുടെ ലൈഫിനെ അതു ബാധിക്കുമെന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് ഇത്രയും ഞാൻ ക്ഷമിച്ചത്. പക്ഷെ തുടരെ തുടരെ നിങ്ങൾ ഓരോ നുണകൾ പറയുമ്പോൾ ആ പരിഗണന ഞാനങ്ങുമറക്കും.” രഞ്ജൻ പല്ലുഞെരിച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല സർ, എനിക്ക് ഇത്രേ അറിയൂ. സുധിവന്നാൽ ഇതുകൊടുക്കണം എന്ന് എന്നോട് പറഞ്ഞതുകൊണ്ടാണ് ഇത്രെയും ഞാൻ വെയ്റ്റ് ചെയ്തത്. സുധി സാറിന്റെ അടുത്താണ് എന്നറിഞ്ഞപ്പോഴാണ് ഇത് നേരിട്ട് തരാൻ നിന്നത്.” നിറമിഴികളോടെ ജിനു അതുപറയുമ്പോൾ രഞ്ജൻ അനസിന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തുവെക്കുകയായിരുന്നു.
“അനസ്, കം ബാക്ക്.” അനസ് ഫോണെടുത്തയുടനെ രഞ്ജൻ പറഞ്ഞു. 15 മിനിറ്റിനുള്ളിൽ അനസ് ഹാഫ്ഡോർ തുറന്ന് അകത്തേക്ക് വന്നു.
‘സർ,”
“ഹാ, അനസ്, 7 ജനുവരി 1993. പിന്നെ ഈ കീ. നീനയുടെ ഹോസ്റ്റൽ റൂമും, കോട്ടയത്തുള്ള അവളുടെ വീടും ഉടൻ പരിശോധിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉടൻ വേണം. കോട്ടയം എസ്പിക്ക് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്. താൻ ഹോസ്റ്റലിലേക്ക് ചെല്ലൂ.”
“സർ, “
അനസ് സല്യൂട്ടടിച്ച് മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.
“ഞങ്ങൾ പൊയ്ക്കോട്ടെ സർ.?” ജിനുവിന്റെ കൂടെവന്ന രാജേഷ് ചോദിച്ചു.
“നേരെ വയനാട്ടിലേക്കണോ?”
“അല്ല സർ, മലപ്പുറം ചെമ്മാടാണ് എന്റെ വീട്. അവിടെ കയറിയിട്ടെ പോകൂ.”
“തൽക്കാലം എവിടെയും പോണില്ല. ഇന്ന് ഇവിടെ സ്റ്റേ, എപ്പോൾ പോകണമെന്ന് നാളെ ഞാൻ പറയാം.” രഞ്ജൻ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു.
“ബട്ട് സർ..” ഒപ്പം ജിനുവും എഴുന്നേറ്റു.
“ഡു വാട്ട് ഐ സെ.” അത്രയും പറഞ്ഞ് രഞ്ജൻ പുറത്തേക്ക് നടന്നു.
സമയം 4.00.pm
ഐജി ഓഫീസിനുപുറത്ത് തന്റെ ബെലേനോ കാറിൽ ഇരിക്കുകയായിരുന്ന രഞ്ജൻ ഫോണെടുത്ത് കോട്ടയം പാലാ സിഐ ജോണിനെ വിളിച്ചു.
“എന്തായി ജോണേ?”
“വീട്ടുകാർകാർക്കും ആ കുറിപ്പിനെകുറിച്ച് ഒന്നുമറിയില്ല സർ. മാത്രവുമല്ല ഇവിടെ അസ്വഭാവികതയുള്ള ഒരു ബോക്സ്‌പോലും ഇല്ല. എല്ലാ റൂമുകളും ഷെൽഫുകളും തുറന്നുനോക്കി.”
ജോണിന്റെ മറുപടി അക്ഷരാർത്ഥത്തിൽ രഞ്ജനെ നിരാശപ്പെടുത്തി. രഞ്ജൻ വേഗം സ്റ്റേഷനിലേക്ക് തിരിച്ചു.
കസ്റ്റഡിയിലുള്ള സുധീഷ്കൃഷ്ണയെ ചെന്നുകണ്ട് ജിനു കൊടുത്ത കുറിപ്പ് കാണിച്ചുകൊടുത്തു. കൂടെ ചാവിയും.
“സർ, കോഡ് അവൾ തരുന്നുണ്ടെങ്കിലും എന്റെകൈവശം കിട്ടിയാൽ ഞാൻ വിളിക്കും. സംസാരം തുടങ്ങുന്നത് ഈ കോഡ് ആദ്യം പറഞ്ഞുകൊണ്ടാണ്. ഇടപാടിൽ ആർക്കെങ്കിലും സംശയമുണ്ടെന്നു തോന്നിയാൽ മാത്രമേ ഞങ്ങൾ കോഡ് ഉപയോഗിക്കാറുള്ളൂ.”
“ഇതിനു മുൻപ് ഉപയോഗിച്ച ഏതെങ്കിലും കോഡുണ്ടോ?” രഞ്ജന്റെ ചോദ്യം കേട്ട സുധി അല്പനിമിഷം ഒന്നാലോചിച്ചുനിന്നു.
“ഉവ്വ് സർ. ആപ്പിൾ 6 എസ് പ്ലസ്, ആലിഞ്ചുവട് ഓൺലൈൻ, ടു കോഫീ , ബ്ലൂ ലാഗൂൺ 100cl, അങ്ങനെ.”
“എങ്ങനെയാണ് തിരിച്ചറിയുന്നത് ?ഈ ആപ്പിൾ 6 എസ് പ്ലസ്, ബ്ലൂ ലാഗൂൺ എന്താണ്.?” സംശയത്തോടെ രഞ്ജൻ ചോദിച്ചു.
“ആപ്പിൾ 6 എസ് പ്ലസ് ഒരു മോഡലാണ് സർ, ഐഫോണിന്റെ പാക്കിങ്ങിന്റെ കൂടെ 6 ഡയമണ്ട്‌സ് വച്ച് ഡെലിവറി നടത്തും. പിന്നെ ബ്ലൂ ലാഗൂൺ ജ്യൂസിന് ഉപയോഗിക്കുന്ന ഒരു സിറപ്പാണ്. മലേഷ്യയിൽ നിർമ്മിക്കുന്ന ഈ സിറപ്പ് മോനിൻ ഫ്രാൻസിന്റെ അതോറിറ്റിയിലാണുള്ളത്. ഒരുലിറ്റർ ബോട്ടിലിന്റെ ഇടതുവശത്ത് താഴെ100 cl എന്ന് എഴുതിയിട്ടുണ്ടാകും. അതിനോടുചാരി ബോട്ടിൽ നമ്പറും ഉണ്ടാകും. കഴിഞ്ഞ ഡെലിവറിക്ക് മലേഷ്യയിലെ ഏജന്റ് തന്ന കോഡാണ് ബ്ലൂ ലാഗൂൺ. അതിൽ വന്ന ഒരു ബോട്ടിൽനമ്പറാണ് 125533. അതുപോലെ ഓരോ ബോട്ടിലിനും ഓരോ നമ്പറുണ്ടാകും. ഡയമണ്ട്‌സ് നിറക്കുന്ന ബോട്ടിൽനമ്പർ രണ്ടക്കം വച്ച് മൊത്തത്തിൽ കൂടിയാൽ 100 കിട്ടും സർ. 12 + 55 + 33 =100 അങ്ങനെ 100 കിട്ടുന്ന ബോട്ടിലായിരിക്കും ഡയമണ്ട്സ് ഉണ്ടാകുക. സുധി പറഞ്ഞവസാനിപ്പിച്ചപ്പോൾ രഞ്ജൻ അയാളുടെ മുഖത്തേക്ക് നോക്കി.
“7 ജനുവരി 1993. ഇതിൽനിന്നും എന്താണ് നിനക്ക് മനസിലാകുന്നത്.?” രഞ്ജൻ ചോദിച്ചു.
“ഒന്നെങ്കിൽ ആ വർഷവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ. അല്ലങ്കിൽ സ്ഥലങ്ങൾ, ചിലപ്പോൾ മാസംവരുന്ന തിയ്യതിവരെയാകാം. അതിൽ ഏതാണെന്ന് അവൾ ഒരുസൂചന തരും. ബാക്കി നമ്മൾ കണ്ടെത്തണം.”
“ഷിറ്റ്..!” രഞ്ജൻ ഇടതുകൈകൊണ്ട് തന്റെ മുടിയിഴകളെ പിന്നിലേക്ക് ഒതുക്കിവച്ച് അവിടെനിന്നും മടങ്ങി. ശേഷം നേരെ ചെന്നത് അറസ്റ്റിലായ വാർഡന്റെ അടുത്തേക്കായിരുന്നു.
“നീനയുടെ കൈവശമുള്ള ഈ കീ എന്തിന്റെയാണെന്ന് അറിയോ?” ജയിലിന്റെ വാതിൽതുറന്ന് രഞ്ജൻ അകത്തേക്ക് പ്രവേശിച്ചുകൊണ്ട് ചോദിച്ചു.
“ഇല്ല സർ.” വാർഡൻ തലകുനിച്ചുനിന്നു.
“കള്ളം പറയരുത്. ” അരിശംമൂത്ത രഞ്ജന്റെ വാക്കുകൾക്ക് ശൗര്യം കൂടി.
“ഇല്ല സർ. എനിക്ക് അറിയില്ല.” വാർഡൻ തറപ്പിച്ചു പറഞ്ഞു.
“ചോദിക്കേണ്ട രീതിയിൽ ചോദിച്ചാലെ നീയൊക്കെ സത്യം പറയൂ. അതെനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല.”
സെല്ലിൽ നിന്നും പുറത്തേക്കിറങ്ങി രഞ്ജൻ വനിതാകോൺസ്റ്റബിൾ സുഷമയെകണ്ട് ചോദിക്കേണ്ടരീതിയെക്കുറിച്ചു പറഞ്ഞുകൊടുത്തു. സുഷമയും മറ്റുരണ്ടു വനിതാപോലീസുകാരും ചേർന്ന് വാർഡൻ കിടക്കുന്ന സെല്ലിലേക്ക് നടന്നു.
××××××××××××
ഇന്ദിരാവിമൻസ് ഹോസ്റ്റലിൽ പരിശോധനക്ക് എത്തിയ അനസ് നിരശോയോടെ ഹോസ്റ്റലിന്റെ പടികൾ ഇറങ്ങി. നീനയുടെ റൂമിലും വാർഡന്റെ മുറിയിലും, ഓഫീസിലും അനസും കൂട്ടരും മിന്നൽ പരിശോധന നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
“ഈ 50 കോടിയുടെ ഡയമണ്ട്‌സ് അവൾ എവിടെകൊണ്ടുപോയി ഒളിപ്പിച്ചുവച്ചിരിക്കുന്നു.?” അനസ് സ്വയം ചോദിച്ചു. ശേഷം ഫോണെടുത്ത് രഞ്ജനെ വിളിച്ചു.
“സർ, ഒരു രക്ഷയുമില്ല. ഹോസ്റ്റാലിലോ അവളുടെ കൂട്ടുകരികൾക്കോ ഒന്നുമറിയില്ല.” നിരാശയോടെ അനസ് പറഞ്ഞു.
“വാർഡന്റെ ഓഫീസിൽ സെർച്ച് ചെയ്‌തോ?” രഞ്ജൻ ചോദിച്ചു.
“ഉവ്വ് സർ, കുറച്ചു ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടെന്നല്ലാതെ മറ്റൊന്നുമില്ല.” അനസ് ജീപ്പിനടുത്തേക്ക് നടന്നു.
“എവിടെയോ എന്തോ പിഴവ് സംഭവിച്ചിരിക്കുന്നു അനസ്. അല്ലാതെ ആ ഡയമണ്ട്സ് എങ്ങും പോകില്ല.”
“നോ വേ സർ. “
“ഇറ്റ്സ് ഓക്കെ, യൂ കം ബാക്ക്. ആൻഡ് ബ്രിങ് ദ സ്റ്റേറ്റ്മെന്റ്. ക്രിസ്റ്റീഫർ വരുന്ന ഫ്‌ളൈറ്റ് അരമണിക്കൂർ ലേറ്റാണ്. 6.15 ആകുമ്പോഴേക്കും എയർപോർട്ടിൽ എത്തണം.”
“സർ, വീ ആർ ഓൺ ദ വേ.”
“മ്, ഓക്കെ.” രഞ്ജൻ ഫോൺ കട്ട് ചെയ്തയുടനെ അനസും കൂട്ടരും ജീപ്പിലേക്കുകയറി.
ഡ്രൈവർ ജീപ്പ് സ്റ്റാർട്ട്ചെയ്ത് മുന്നോട്ടെടുത്തു. ഇന്ദിരാവിമൻസ് ഹോസ്റ്റലിന്റെ ഗെയ്റ്റിന് അടുത്തെത്തിയപ്പോൾ ഹോസ്റ്റലിലെ മെസ്സിലേക്ക് സാധങ്ങളുമായിവന്ന ബജാജിന്റെ ആപ്പേ അവരുടെ മുന്നിലേക്ക് ചാടിയത്. അതിനുള്ളിലെ ഡ്രൈവറെ കണ്ട അനസ് വീണ്ടും അയാളെ സൂക്ഷിച്ചുനോക്കി.
“സാറിന് മനസിലായില്ലേ ? അത് വർക്കിയാണ് സാറേ പന്നിവർക്കി. മാർക്കറ്റിൽ പന്നികച്ചവടമാണ്. മാർക്കറ്റിൽ ഒട്ടുമിക്ക അടിപിടികേസിലും ഇവനുണ്ടാകും സർ.” ഗിയർമാറ്റിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. തന്റെ ശിരസ് പുറത്തേക്കിട്ട് മറികടന്നുപോയ ആ വണ്ടിയെ അനസ് ഒന്നുനോക്കി.
“സ്റ്റോപ്… സ്റ്റോപ്.. ” അനസ് ജീപ്പ് നിറുത്താൻ ആവശ്യപ്പെട്ടപ്രകാരം പകുതി ഗെയ്റ്റിന്. പുറത്തേക്കുകടന്ന് ജീപ്പ് നിറുത്തി.
ജീപ്പിൽനിന്നും ഇറങ്ങിയ അനസിന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു. ഇടതുകൈകൊണ്ട് മീശയെ ഒന്നുതടവി അയാൾ രഞ്ജനെ ഫോണിൽ വിളിച്ചു.
“ഞാൻ പറഞ്ഞില്ലേ സർ നമുക്ക് തെറ്റ് പറ്റില്ലാ ന്ന്.”
“വാട്ട് ഹാപ്പെണ്ട് അനസ്.” മറുവശത്തുനിന്നും രഞ്ജൻ ചോദിച്ചു.
“7 ജനുവരി 1993 എന്റെ കണ്മുൻപിലുണ്ട് സർ.” അനസിന്റെ വാക്കുകളിലെ സന്തോഷം രഞ്ജന് ഊഹിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.
“വാട്ട്…?” ആകാംക്ഷയോടെ രഞ്ജൻ ചോദിച്ചു.
“KL.7 BM 1993. യെസ് സർ വീ ഗോട്ട് ഇറ്റ്.” അനസ് സന്തോഷംകൊണ്ട് വലതുകൈ ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു.
തുടരും…
Comments:
No comments!
Please sign up or log in to post a comment!