The Shadows 13
Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 | Part 12 |
മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്തുവച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു.
“സീ.. ഇതാണ് ലൂക്കപറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെനാജോസ്.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“ഓഹ് മൈ ഗോഡ്.. ”
അനസ് അത്ഭുതത്തോടെ ആ ഫോട്ടോയെ നോക്കിനിന്നു.
“സർ, ഹു ഈസ് ദിസ് .?”
അനസ് ആകാംക്ഷയോടെ ചോദിച്ചു.
“നീന കൊല്ലപ്പെടുന്ന അന്നുരാത്രി സുധി അല്പം തടിയുള്ള ഒരു പെൺകുട്ടി ഓടിമറയുന്നത് കണ്ടു എന്നുപറഞ്ഞില്ലേ? ഐ തിങ്ക് ഇറ്റ്സ്.. സീ അനസ്, ഇവളുടെ ശരീരപ്രകൃതിയും സുധിപറഞ്ഞ വാക്കുകളും വച്ചുനോക്കുമ്പോൾ. അതുതന്നെയാകും.
” ബട്ട് സർ, ഹോസ്റ്റലിൽ താമസിക്കുന്നവരുടെ പേരിലോ മൊഴിയിലോ ലെനാജോസ് എന്നുപറഞ്ഞൊരാൾ ഇല്ല.”
അനസ് തറപ്പിച്ചു പറഞ്ഞു.
“താനിതുകണ്ടോ? ”
കേരളാപോലീസ് എന്നെഴുതിയ കേസ് ഫയൽ രഞ്ജൻ മേശപ്പുറത്തുനിന്നും കൈയിലെടുത്തുകൊണ്ട് അനസിനോട് പറഞ്ഞു.
“ഒന്നരമണിക്കൂർ തലങ്ങും വിലങ്ങും ഞാനിരുന്നുവായിച്ചു. പലരുടെയും മൊഴികൾ ഞാൻതന്നെ തിരുത്തി. പലരുമായും കണക്റ്റ് ചെയ്തു.
അന്ന് ഞാൻ ഹോമെക്സ് ബിൽഡേഴ്സിൽ പോയപ്പോൾ ഒരു പെൻക്യാമറ പോക്കെറ്റിൽ വച്ചിരുന്നു. റിസെപ്ഷനിൽ ഇരിക്കുമ്പോൾ ഈ പെൺകുട്ടി ഓഫീസിൽനിന്നും ഇറങ്ങിപ്പോയി. ദേ ഇതുകണ്ടോ?”
രഞ്ജൻ തന്റെ ലാപ്ടോപ്പ് അനസിനെ കാണിച്ചു. ലെനാജോസ് ഇറങ്ങിവരുന്ന ഭാഗം എത്തിയപ്പോൾ രഞ്ജൻ ലാപ്‌ടോപ്പിലെ സ്പേസ് കീ അമർത്തി വീഡിയോ നിശ്ചലമാക്കി.
“അനസ് നാളെ ഒരിടംവരെ പോണം. അതോടുകൂടി നീനയുടെ കേസ് അവസാനിക്കും.”
അനസിന്റെ മുഖത്ത് പുഞ്ചിരിവിടർന്നു.
“അപ്പൊ സർ ഡയമണ്ട്സ് ?”
സംശയത്തോടെ അനസ്ചോദിച്ചു.
“എന്റെ ഊഹം ശരിയാണെങ്കിൽ നാളെ വൈകുന്നേരമാകുമ്പോഴേക്കും ഡയമണ്ട്സ് നമ്മുടെ കൈകളിൽ എത്തിച്ചേരും.”
മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് അടച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“എങ്ങനെ?”
“പ്ലീസ് വെയ്റ്റ് അനസ്. ആൻഡ് ടെയ്ക്ക് റെസ്റ്റ്.”
അനസിനോട് റെസ്റ്റ് എടുക്കാൻപറഞ്ഞിട്ട് രഞ്ജൻ കട്ടിലിൽ ഇരുന്നു.
×××××××××××
“എടോ, എന്തായാടോ അന്വേഷണം?”
റവന്യൂ മന്ത്രി പോളച്ചൻ ഡിജിപിയെ നേരിട്ട് വിളിച്ചുചോദിച്ചു.
“സർ പുരോഗമിക്കുന്നു.”
“ഉവ്വാ, ഇന്നേക്ക് പതിമൂന്ന് ദിവസമായി. ഇതുവരെ തെളിയിക്കാൻ പറ്റിയില്ലെങ്കിൽ കളഞ്ഞിട്ട് വേറെ വല്ല പണിക്കും പോടോ.
“സർ, നിർണ്ണായക വഴിത്തിരിവിലാണ്. കേസ്ഫയൽ ഇന്ന് വൈകിട്ട് അങ്ങെയുടെ മുൻപിലെത്തും സർ” ഡിജിപി ഉറപ്പുനൽകി.
അദ്ദേഹം ഐജി ചെറിയാൻപോത്തനെ ഉടൻ വീട്ടിലേക്കുവിളിപ്പിച്ച് കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തി. ശേഷം രഞ്ജനെ ഫോണിൽ വിളിച്ചു.
സമയം 8.15 am.
മേശപ്പുറത്തിരിക്കുന്ന ഫോൺ നിറുത്താതെ ബെല്ലടിക്കുന്നതുകേട്ട് രഞ്ജൻ ബാത്ത്റൂമിൽനിന്നു തോർത്തുമുണ്ടുടുത്ത് പുറത്തേക്കുവന്നു. കസേരയുടെ മുകളിൽ വിരിച്ചിട്ട ടർക്കിയിൽ കൈതുടച്ച് അയാൾ ഫോൺ എടുത്തു.
“ഗുഡ് മോർണിംഗ് രഞ്ജൻ, ഇന്ന് കൃത്യം 11 മണിക്ക് ഡിജിപി ഓഫീസിൽ ഇതുവരെയുള്ള ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകളുമായി എത്തണം. ഞാനുമുണ്ടാകും.”
“മോർണിംഗ് സർ. റിപ്പോർട്ടുകളുമായിട്ടല്ല. പറ്റുമെങ്കിൽ പ്രതികളെയും കൂട്ടിവരും സർ.” ആത്മവിശ്വാസത്തോടെ രഞ്ജൻ പറഞ്ഞു.
“ആർ യൂ ഷുവർ.”
“യെസ് സർ.”
ഫോൺ കട്ട് ചെയ്ത് രഞ്ജൻ വസ്ത്രംമാറി ഹാളിലേക്ക് നടന്നു.
“അനസ്, ലെറ്റ്സ് ഗോ.” മേശപ്പുറത്തുള്ള ബ്രഡിന്റെ പാക്കറ്റിൽ നിന്നും രണ്ട് ബ്രഡ് എടുത്ത് ചായയിൽകൂട്ടി കഴിക്കുകയായിരുന്ന അനസിനെ നോക്കി രഞ്ജൻ പറഞ്ഞു.
“സർ.” ഒറ്റയടിക്ക് ബാക്കിയുള്ള ബ്രഡ് വായയിലേക്കു വച്ചിട്ട് കപ്പിൽ ഉണ്ടായിരുന്ന ചായ ഒറ്റവലിക്കുകുടിച്ച് അനസ് കസേരയിൽ നിന്നും എഴുന്നേറ്റു.
“വേർ ഈസ് ലൂക്ക.?” കാറിലേക്ക് കയറുന്നതിനു മുൻപേ രഞ്ജൻ ചോദിച്ചു.
“ഇൻ ദി ജീപ്പ്.”
“മ്, ഓക്കെ. ലെറ്റ്‌സ് മൂവ്.” രഞ്ജൻ ഡോർ തുറന്ന് കാറിനുള്ളിലേക്ക് കയറി. അനസ് ജീപ്പിന്റെ പിൻവശത്തേക്ക് നടന്ന് ബാക്സ്റ്റീൽ ഇരിക്കുന്ന ലൂക്കയെ നോക്കി ഡ്രൈവിങ് സീറ്റിലേക്കുകയറി. രണ്ടു വണ്ടികളും സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു. വൈകാതെ സ്റ്റേഷനിലെത്തിയ അവർ ലൂക്കയുടെ അറസ്റ്റ് രേഖപ്പെടുത്തി.
“സർ, വാട്ട്സ് നെക്സ്റ്റ്. ”
“ലെനാജോസ്. അവളുടെ അഡ്രസ്സ് കിട്ടിയിട്ടുണ്ട്. ആളിപ്പോ വീട്ടിലാ, നമുക്ക് ചൂടാറും മുൻപേ എടുക്കാം. കമോൺ അനസ്.”
“സർ.”
സ്റ്റേഷനിൽനിന്നും ഇറങ്ങിയ അവർ ലെനാജോസിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു.
വൈറ്റിലയിൽ നിന്നും വെൽകെയർ ഹോസ്പിറ്റലിലേക്കു പോകുന്ന റോഡിലേക്ക് അവർ തിരിഞ്ഞു. ജനത ജംക്ഷനിൽ നിന്നും ആക്സിസ് ബാങ്കിലേക്ക് പോകുന്ന വഴിയിലേക്ക് തിരിഞ്ഞ ജീപ്പ് അല്പംകൂടെ മുൻപിലേക്ക് ചലിച്ചു.
റോസ് നിറത്തിലുള്ള കടലാസുപൂക്കളും മൂസാണ്ടയും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഗെയ്റ്റിന്റെ മുൻപിൽ അനസ് ജീപ്പ് നിറുത്തി.
“റോസ് വില്ല” രഞ്ജൻ മനസിൽ വായിച്ചു.
ജീപ്പിൽ നിന്നുമിറങ്ങിയ അവർ ഗെയ്റ്റുതുറന്ന് അകത്തേക്കുനടന്നു. ഇന്റർലോക്കുകൊണ്ട് മുറ്റം മനോഹരമാക്കിയിട്ടുണ്ടായിരുന്നു. ചുറ്റിലും പലനിറത്തിലുള്ള പനിനീർപൂക്കൾ വിരിഞ്ഞുനിൽക്കുന്നു. ഉമ്മറത്തേക്കുകയറി അനസ് കോളിങ്ബെൽ അമർത്തി.
വാതിൽ തുറന്നുവന്ന സ്ത്രീയെകണ്ട അനസ് അമ്പരന്നുനിന്നു.
“വാർഡൻ.”
അനസ് അറിയാതെ പറഞ്ഞു.
“ഗുഡ് മോർണിംഗ് മാഡം, ” പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“മോർണിംഗ്, ”
“ക്യാൻ യൂ റിമെമ്പർ മീ.?” രഞ്ജൻ ചോദിച്ചു.
“യെസ് സർ, വരൂ..” വാർഡൻ അവരെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്കു കയറിയ അവർ വീടിനകത്തെ സൗകര്യങ്ങൾകണ്ട് മുഖത്തോടു മുഖംനോക്കി.
“ഈ തണുപ്പിലും ഇവിടെ നല്ല ചൂടാണ് അല്ലെ മാഡം.?” സാരിയുടെ തലപ്പുകൊണ്ട് ഇടക്കിടക്ക് മുഖം തുടക്കുന്ന വാർഡനെനോക്കി രഞ്ജൻ ചോദിച്ചു. ഒരു പുഞ്ചിരിമാത്രമായിരുന്നു മറുപടിയായി വാർഡൻ നാൽകിയത്.
“ഞങ്ങൾക്ക് ലെനാജോസിനെ ഒന്നുകാണണം.” രഞ്ജൻ അതുപറഞ്ഞപ്പോൾ വാർഡൻ അനസിന്റെയും രഞ്ജന്റെയും മുഖത്തേക്ക് മാറിമാറി നോക്കി. അവരുടെ മുഖത്തുതെളിഞ്ഞുവന്ന മുഖഭാവം വാർഡനെ അസ്വസ്ഥതയാക്കി.
“ആരെ.?”
“ഹാ, നിങ്ങളുടെ മോളില്ലേ, ലെന അവളെ വിളിക്കാൻ?” അനസ് പറഞ്ഞു.
“എന്റെ മോളോ?”
വാർഡൻ തിരിച്ചു ചോദിച്ചപ്പോൾ മുകളിലെ നിലയിൽനിന്നും കോണിപ്പടികൾ ഇറങ്ങി അല്പം തടിയുള്ള ഒരു പെൺകുട്ടി താഴേക്ക് ഇറങ്ങിവന്നു.
“ആരാ മമ്മാ, എന്താ പ്രശ്നം..”
“ഐ ആം ഡിവൈഎസ്പി രഞ്ജൻഫിലിപ്പ്, ആൻഡ് ഹി ഈസ് സി ഐ അനസ്.” കോണിപ്പടികൾ ഇറങ്ങിവന്ന അവളുടെ അരികിലേക്ക് നിന്നുകൊണ്ട് രഞ്ജൻ സ്വയം പരിചയപ്പെടുത്തുമ്പോൾ അവളുടെ കണ്ണുകളിൽ തിളങ്ങുന്ന പരിഭ്രമം അയാൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.
“വളച്ചുകെട്ടില്ലാതെ കാര്യം പറയാം. നീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലൂക്കാഫ്രാൻസിസ്നെ ഞങ്ങൾ കസ്റ്റഡിയിലെടുത്തു. അയാൾ മുഖേനയാണ് ഞങ്ങൾ ദേ ഇവിടെവരെ വന്നുനിൽക്കുന്നത്. ഇനി കൂടുതലൊന്നും പറയേണ്ടല്ലോ?”
“ആരാ, ഈ ലൂക്കാഫ്രാൻസിസ്, ” ലെനയുടെ ചോദ്യം അനസിനെ വല്ലാതെ പ്രകോപനംകൊള്ളിച്ചു.
“തള്ളേം മോളുംകൂടിനടത്തുന്ന നാടകം അങ്ങ് ഹോസ്റ്റലിൽ മതി. ഇങ്ങോട്ട് എടുക്കേണ്ട കേട്ടോടി. ഞങ്ങൾ വെറും….അല്ല..! ഹോമെക്‌സ് ബിൽഡേഴ്സിന്റെ ഓഫീസിൽ നീ സ്ഥിരസന്ദർശകയാണെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഇങ്ങോട്ട് എഴുന്നെള്ളിയത്.” അനസ് പൊട്ടിത്തെറിച്ചു.
“ഹൈ, കൂൾ ഡൗൺ അനസ്.” രഞ്ജൻ അയാളെ സമാധാനിപ്പിച്ചു.
“സംശയം തോന്നുന്ന ആരെയും ചോദ്യം ചെയ്യാനും, കസ്റ്റഡിയിലെടുക്കാനും, ഞങ്ങൾക്ക് നിയമമുണ്ട്. സോ, പ്ലീസ് കോപറേറ്റ്. ഇനി അതല്ല, നിങ്ങളെ രക്ഷിക്കാൻ സാക്ഷാൽ ക്രിസ്റ്റീഫർ വരുമെന്ന ചിന്തയുണ്ടെകിൽ അതുവേണ്ട കാരണം അയാൾ എപ്പോൾവേണമെങ്കിലും പിടിക്കപ്പെടും. ഒറ്റച്ചോദ്യം നീനയുടെ കൊലപാതകത്തിൽ നിങ്ങൾക്കുള്ള പങ്ക്?”
രഞ്ജൻ പറഞ്ഞവസാനിച്ചപ്പോൾ ലെനയും അമ്മയും നിന്നുപരുങ്ങി.
“സിറ്റ് ഡൗൺ പ്ലീസ്..” രഞ്ജൻ അടുത്തുള്ള സോഫയിലേക്ക് ചൂണ്ടി പറഞ്ഞു. പക്ഷെ മുഖത്തേക്കുനോക്കാതെ അവർ രണ്ടുപേരും ഒരേ നിൽപ്പുനിന്നു.
“ഐ സേ സിറ്റ് ഡൗൺ.” രഞ്ജന്റെ ശബ്ദം കനത്തു. അയാൾ സോഫയുടെ ഒരു വശത്ത് ഇരുന്നു. എതിർദിശയിൽ ലെനയും അമ്മയും.
“സീ മാഡം, നമുക്ക് നല്ലരീതിയിൽ പറഞ്ഞവസാനിപ്പിക്കാം. ക്രിസ്റ്റീഫറുമായുള്ള നിങ്ങളുടെ ബന്ധം? നീനയുടെ കൊലപാതകത്തിൽ നിങ്ങൾക്കുള്ള പങ്ക്? അത്രേം അറിഞ്ഞാൽ മതി. ഇനിയതല്ല പറയാൻ ഉദ്ദേശമില്ലങ്കിൽ ചോദിക്കുന്ന രീതി ഞങ്ങളൊന്നു മാറ്റിപിടിക്കും.”
രക്ഷപെടാൻ മറ്റുമാർഗങ്ങൾ ഇല്ലെന്നു മനസിലാക്കിയ വാർഡൻ ദയനീയമായി രഞ്ജന്റെ മുഖത്തേക്ക് നോക്കി.
“പറയാം സർ, ക്രിസ്റ്റീഫർ എന്റെ ഹസ്ബന്റിന്റെ ഫ്രണ്ടാണ്. അദ്ദേഹം മരിച്ചപ്പോൾ പിന്നെ ബിസിനസ് കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ഞങ്ങളായിരുന്നു. ബാധ്യതകൾ പെരുകിവന്നപ്പോൾ കടങ്ങൾ മുഴുവനും ക്രിസ്റ്റീഫർ ഏറ്റെടുത്തു കമ്പനി അയാൾ നടത്തി. എന്റെ മകളെ അയാളുടെ പേഴ്സണൽ സെക്രട്ടറിയാക്കി.
പക്ഷെ മോളുടെ ഐഡന്റിറ്റി വളരെ രഹസ്യമാക്കിവച്ചു. ലൂക്കയ്ക്കുപോലും അറിയില്ല എന്റെ മകളാണ് ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറിയെന്ന്. കമ്പനി അക്കൗണ്ടന്റെന്ന നിലയിൽ അവിടെപോയി കണക്കുകളൊക്കെ നോക്കിവരും. പിന്നെ അയാൾ പല ബിസ്നെസുകളും ആരംഭിച്ചു. ഏറ്റവും കൂടുതൽ വരുമാനം വന്നുതുടങ്ങിയത് അയാൾ ഡയമണ്ടിന്റെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തതുമുതലയിരുന്നു. വരുമാനം വന്നുതുടങ്ങിയപ്പോൾ ഞങ്ങളും കൂടുതൽ സജീവമായി പ്രവർത്തിച്ചു. ഹോസ്റ്റലിലെ കുട്ടികളെവച്ചു ഞാനാണ് ഡയമണ്ട്‌സ് ഡിസ്ട്രിബ്യൂഷൻ ചെയ്യാമെന്ന് പറഞ്ഞത്. അങ്ങനെയാണ് നീനയെ ഇതിലേക്ക് കൊണ്ടുവരുന്നത്. അവളുടെ ചേച്ചി നീതുവായിരുന്നു ആദ്യ ടാർഗെറ്റ്. ആ കുട്ടിയെ വിളിച്ചു സംസാരിക്കുമ്പോഴായിരുന്നു നീന കടന്നുവരുന്നത്. പണത്തിന്റെ ആവശ്യം നീതുവിനെക്കാൾ കൂടുതൽ നീനക്കാണെന്നു ഞാൻ മനസിലാക്കിയപ്പോൾ നീതുവിനെ വിട്ട് നീനയിലേക്ക് വന്നു.
“അവളെ കൊല്ലണമെന്ന തീരുമാനമെടുക്കാൻ കാരണമെന്താ?” രഞ്ജൻ ചോദിച്ചു.
“അറിയില്ല സർ,” വാർഡൻ മറുപടി പറഞ്ഞു.
“പേഴ്‌സണൽ സെക്രട്ടറിക്ക് അറിയാമോ?” അനസ് ലെനയെ നോക്കി ചോദിച്ചു
“ഇല്ല സർ” മുഖത്തുനോക്കാതെ അവൾ മറുപടി പറഞ്ഞപ്പോൾ രഞ്ജൻ അനസിനെ നോക്കി പുഞ്ചിരിപൊഴിച്ചു.
“സാറേ, നമുക്ക് ഇവരേം കൂട്ടി സ്റ്റേഷനിലേക്ക് പോയാലോ?”
“ഏയ്, ആ കൊച്ചിന് അറിയാം, അവള് പറയും.അല്ലേ ലെനാ.?” രഞ്ജന്റെ സ്വരത്തിൽ അല്പം ഭീക്ഷണികൂടെ കലർന്നിട്ടുണ്ടെന്ന് മനസിലാക്കിയ ലെന പതിയെ മുഖമുയർത്തി രഞ്ജനെ നോക്കി.
“എന്നോട് പറഞ്ഞിരുന്നു. സേട്ടുവിന് നീന ഡയമണ്ട് മറച്ചുവിൽക്കുന്നു എന്നറിഞ്ഞ ചാച്ചന് ദേഷ്യം അടക്കാനായില്ല.”
“ഏത് ചാച്ചൻ?” സംശയത്തോടെ രഞ്ജൻ ചോദിച്ചു.
“ക്രിസ്റ്റീഫറെ മോള് ചാച്ചനെന്നാണ് വിളിക്കുക. കുഞ്ഞുന്നാൾ മുതൽ അങ്ങനെയാണ്.” വർഡൻന്റെ മറുപടിയിൽ തൃപ്തനായ രഞ്ജൻ വീണ്ടും ലെനയുടെ വാക്കുകൾക്ക് കാതോർത്തു.
“ആത്മഹത്യ ആണെന്നരീതിയിലുള്ള കൊലപാതകം അതാണ് ചാച്ചൻ പറഞ്ഞത്. മോർഫിൻ എന്ന ഇഞ്ചക്ഷൻ 10 mg കൊടുത്താൽ ബോധമണ്ഡലം മറയുമെന്നെനിക്കറിയാമായിരുന്നു. അന്നുരാത്രി മമ്മയുടെ സഹായത്തോടെ ഞാൻ ഹോസ്റ്റലിൽ കയറി. രാത്രി അവളെ ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് വിളിച്ചുവരുത്തി ഞങ്ങൾ സംസാരിച്ചു. പിടിക്കപ്പെട്ടു എന്നറിഞ്ഞ നീന ഡയമണ്ട്‌സ് അടങ്ങുന്ന കിഴി തിരികെതന്നു. ഇല്ലീഗലായി നടക്കുന്ന ഞങ്ങളുടെ ബിസ്നസ്സിൽ നീന തുടർന്നുപോയാൽ അതുഞങ്ങളെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയ ഞാൻ ചാച്ചൻ പറഞ്ഞപ്രകാരം എന്റെ കൈവശമുള്ള മോർഫിൻ അടങ്ങിയ ഇഞ്ചക്ഷൻ കുത്തിവച്ചു.”
“ബലമായിട്ട് അല്ലെ ?..” രഞ്ജൻ ചോദിച്ചു.
“മ്..”
“അമ്മയായിരിക്കും സഹായിച്ചത്.അല്ലെ?
“മ് ”
“എന്നിട്ട്.?”
“അവളെ മയക്കികിടത്തിയശേഷം ചാച്ചന് വിളിക്കാൻ പറഞ്ഞ പ്രകാരം ഞാൻ വിളിച്ചു. ഉടനെ എന്നോട് അവിടെനിന്നും പോകാൻ ചാച്ചൻ പറഞ്ഞു. ബാക്കി ലൂക്ക നോക്കിക്കോളുമെന്നും പറഞ്ഞിരുന്നു.
“ക്രിസ്റ്റീഫർ, അയാൾ ഇന്ന് നാട്ടിലേക്ക് വരുന്നുണ്ടല്ലേ? ഇടതുകാലിന്റെ മുകളിൽ വലതുകാൽ കയറ്റിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“ഉവ്വ് സർ, ഇന്ന് രാത്രി 9മണിക്കുള്ള ഗൾഫ് എയറിൽ കൊച്ചിയിൽ വരും. തൃശ്ശൂരിൽ ഒരു മീറ്റിംഗ് ഉണ്ട്, അതുകഴിഞ്ഞാൽ മോർണിംഗ് ഫ്‌ളൈറ്റായ ഖത്തർ എയർവെയ്സിൽ തിരിച്ചു പോകും.”
“ആഹാ നല്ല ബെസ്റ്റ് ടൈം” അനസ് രഞ്ജനെ നോക്കി പുഞ്ചിരിപൊഴിച്ചു.
“പേഴ്‌സണൽ സെക്രട്ടറിക്ക് ഇൻവിറ്റേഷൻ ഇല്ലേ?” സംശയത്തോടെ രഞ്ജൻ ചോദിച്ചു.
“മ്..”
“ഈ ലൂക്ക എങ്ങനെ അകത്തുകയറി ?” രഞ്ജൻ വാർഡനെ നോക്കികൊണ്ടു ചോദിച്ചു.
“അത്… അത്..”
“ഇനിയും നുണകൾ പറഞ്ഞു സ്വയം അഴിക്കാൻ പറ്റാത്ത കുരുക്കുകൾ ഉണ്ടാക്കേണ്ട മാഡം. ഇനി അത് ഞങ്ങൾക്ക് ഊഹിക്കാൻ പറ്റാവുന്നതെയുള്ളൂ. അനസ് അതുപറഞ്ഞപ്പോൾ വാർഡൻ ശിരസ് താഴ്ത്തിയിരുന്നു.
“ആ ഡയമണ്ട്‌സ് എവിടെ?” രഞ്ജൻ ലെനയെ നോക്കിക്കൊണ്ട് ചോദിച്ചു.
“സർ.അത്..”
“കവർ മാത്രമായിരുന്നു അതിലുണ്ടായിരുന്നത് അല്ലെ?” പുഞ്ചിരിപൊഴിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“മ്.. അവളുടെ റൂം മുഴുവൻ ഞങ്ങൾ പരിശോധിച്ചു. കിട്ടിയില്ല.”
“അപ്പൊ സർ ഡയമണ്ട്‌സ് എവിടെപ്പോയി?” അനസ് രഞ്ജനോട് ചോദിച്ചു.
“ഓൺ ദ വേ, നീന അതിബുദ്ധി കാണിച്ചു.”
“ഹൗ ?”
“വെയ്റ്റ് പ്ലീസ്, ഓക്കെ, ലെറ്റ്സ് ഗൊ. അനസ് അറസ്റ്റ് ദം.” രഞ്ജൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഫോണുമായി പുറത്തേക്ക് നടന്നു.
“എന്നാ പോവല്ലേ?”
പതിനഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ സ്റ്റേഷനിൽ നിന്നും മറ്റൊരു ജീപ്പിൽ രണ്ടു വനിതാപോലീസുകാരത്തി ലെനയെയും അമ്മയെയും അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഡിജിപി ഓഫീസ്. സമയം 10.55 am.
“മേ ഐ കം ഇൻ സർ..?” ഹാഫ് ഡോറിന്റെ ഒരു പൊളിപിടിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“യെസ് രഞ്ജൻ, കം ഇൻ.”
ഹാഫ്ഡോർ തുറന്ന് രഞ്ജൻ അകത്തേഒക്ക് കടന്നു. ഡിജിപിയും ഐജിയും ഒരു മേശയുടെ ഇരു വശങ്ങളിലായി ഇരിക്കുന്നുണ്ടായിരുന്നു.
രഞ്ജൻ ഒരു വശത്തേക്ക് നിന്നുകൊണ്ട് രണ്ടുപേർക്കും സല്യൂട്ടടിച്ചു. “അഞ്ചുമിനിറ്റ് നേരത്തെയാണല്ലോ രഞ്ജൻ.
“സർ” രഞ്ജൻ പുഞ്ചിരിപൊഴിച്ചുനിന്നു.
“ടെയ്ക്ക് യുവർ സീറ്റ്.” ഡിജിപി പറഞ്ഞു.
“സർ,” ഐജിയുടെ അടുത്തുള്ള കസേരയിലേക്ക് രഞ്ജൻ ഇരുന്നു.
“എന്തായി രഞ്ജൻ അന്വേഷണം.?” ഡിജിപി തുറന്നുവച്ച പേനയുടെ അടപ്പ് അടച്ചുകൊണ്ട് ചോദിച്ചു.
“സർ, 15 – 11- 2018 വ്യാഴാഴ്ച്ച പുലർച്ച ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നീന കൊല്ലപ്പെടുന്നത്. ഒറ്റനോട്ടത്തിൽ ആത്മഹത്യ ആണെന്ന് തോന്നുന്ന കൊലപാതകം. ഇതിനോടകം മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഇവരുടെയൊക്കെ തലതൊട്ടപ്പൻ ക്രിസ്റ്റീഫർ എന്നയാളെകൂടി അറസ്റ്റ് ചെയ്താലേ പൂർണ്ണമാകൂ.പക്ഷെ അയാളിപ്പോൾ വിദേശത്താണ്.”
“അയാൾക്കെതിരെയുള്ള തെളിവുകൾ ഉണ്ടെങ്കിൽ നമുക്ക് ഉടൻ നാട്ടിലെത്തിക്കാം രഞ്ജൻ.”
“ഉണ്ട്, സർ. അതിലേക്കാണ് വരുന്നത്. നീന ക്രിസ്റ്റീഫറുടെ ഡയമണ്ട്‌സ് എത്തിച്ചുകൊടുക്കുന്ന ഒരു ഏജന്റാണ്. മുംബൈയിൽനിന്നുവന്ന 50 കോടിയുടെ ഡയമണ്ട്സ് നീനയുടെ കൈകളിൽ എത്തിയപ്പോൾ അവൾ അത് മറിച്ചുവിൽക്കാൻ തീരുമാനിച്ചു, അതിൽനിന്നും കിട്ടുന്ന പണവുമായി കാമുകൻ സുധീഷ്കൃഷ്ണയുമായി നഗരം വിടാൻ തീരുമാനിക്കുന്നു. വിവരം സുധീഷ്കൃഷ്ണയെ ഫോണിൽ വിളിച്ചുപറഞ്ഞു. പക്ഷെ ക്രിസ്റ്റീഫറുടെ കൂട്ടാളികൾ അവന്റെ ഫോൺ ട്രാക്ക് ചെയ്യുന്നവിവരം നീന അറിഞ്ഞില്ല. അന്നുരാത്രിതന്നെ നീനയെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നു. അതിനായി 3 പേരെ ക്രിസ്റ്റീഫർ നിയോഗിച്ചു. 1,ബിനാമിയായ ലൂക്ക ഫ്രാൻസിസ്, 2, പേഴ്‌സണൽ സെക്രട്ടറി ലെനാജോസ്. 3, ആനി ജോസ്, ലെനയുടെ ‘അമ്മ. ഈ ആനിജോസ് നീന താമസിക്കുന്ന ഇന്ദിരാവിമൻസ് ഹോസ്റ്റലിന്റെ വാർഡനാണ്. അതുകൊണ്ടുതന്നെ അവർക്ക് അത് എളുപ്പവുമായിരുന്നു. മിനിസ്റ്റർ പോളച്ചനോട് ക്രിസ്റ്റീഫർക്ക് കാലപ്പഴക്കംചെന്ന ഒരു പ്രതികാരമുണ്ട്. അതിന്റെ ഒരു പകയുംകൂടെ ചേർത്തായിരുന്നു കൊലപാതകം. വാർഡനായ അമ്മയുടെ സഹായത്തോടെ ലെന ഹോസ്റ്റലിൽ കയറി മോർഫിൻ എന്ന മരുന്ന് നീനയിൽ കുത്തിവച്ചു മയക്കികിടത്തി. ശേഷം ലൂക്ക ഹോസ്റ്റലിലേക്ക് കയറി നീനയെ അടുക്കളയിൽ ഷാളുകൊണ്ട് കുരുക്കുണ്ടാക്കി കെട്ടിത്തൂക്കി. മരണം ആത്മഹത്യയാക്കി. ലൂക്കയുടെ ഈ പ്രവർത്തി നീനയെ കാണാൻ അവിടെയെത്തിയ സുധീഷ്കൃഷ്ണ നേരിട്ടു കണ്ടു. ദൃക്‌സാക്ഷിയുണ്ടെന്നു മനസിലാക്കിയ ലൂക്ക സുധിയെയും കൊല്ലാൻ ശ്രമിച്ചു.
“ആത്‍മഹത്യ ആണെന്ന് വിധിയെഴുതിയ ഈ കേസ് എങ്ങനെ കൊലപാതകമായി. അതിനുള്ള തെളിവുകൾ എങ്ങനെ ലഭിച്ചു. ലൂക്കാ ഫ്രാൻസിസ്, ലെനജോസ് എങ്ങനെ ഈ കേസിലേക്ക് കയറിവന്നു.”
ഐജി ചോദിച്ചപ്പോൾ മറുപടിയായി രഞ്ജൻ ഒരു പുഞ്ചിരി മാത്രമാണ് നൽകിയത്.
“ഉത്തരം മുട്ടുമ്പോൾ ഭാര്യയുടെ രൂപത്തിൽ ദൈവം ചൂണ്ടിക്കാണിച്ചുതരും സർ, ഒളിഞ്ഞിരിക്കുന്ന സത്യം പുറത്തുകൊണ്ടുവരാനുള്ള താക്കോൽ.”
രഞ്ജൻ വീണ്ടും പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.
“വാട്ട് യു മീൻ.? ഡിജിപി രഞ്ജന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
തുടരും…
Comments:
No comments!
Please sign up or log in to post a comment!