ശിശിര പുഷ്പ്പം 16

ഷെല്ലിയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസ്സിക്കാനായില്ല. വളരെ ചെറുപ്പം തോന്നിച്ചു മിനിയുടെ പപ്പയ്ക്ക്. നല്ല കറുപ്പ് നിറമുള്ള മുടി. ഡൈ ചെയ്തതല്ല എന്ന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. ചുവന്ന ചുണ്ടുകള്‍ക്ക് മേലെയുള്ള കട്ടിമീശയ്ക്ക് പോലും നല്ല കറുപ്പ്. “സോറി..ഞാന്‍…” കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റുകൊണ്ട് ഷെല്ലി പറഞ്ഞു. “ഇന്നലെ രാത്രി ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നത് കൊണ്ട്…” പെട്ടെന്ന് ഷെല്ലി നിര്‍ത്തി. ആരോടാണ് താന്‍ സംസാരിക്കുന്നതെന്ന് അവന്‍ പെട്ടെന്നോര്‍ത്തു. ഷെല്ലി പറയുന്നത് കേട്ടു മിനി ലജ്ജയോടെ മുഖം കുനിച്ചു. മാത്യു അപ്പോള്‍ മകളെ നോക്കി. പിന്നെ അവളെ അയാള്‍ തന്നോട് ചേര്‍ത്ത് പിടിച്ചു. “അതൊക്കെ ഓക്കേ,” ഗാംഭീര്യമുള്ള സ്വരത്തില്‍ അയാള്‍ അവനോടു പറഞ്ഞു. “ബട്ട് യങ്ങ്സ്റ്റേഴ്സ് രാവിലെ ഇത്രേം ഉറങ്ങരുത്. യൂ വില്‍ ലൂസ് യുവര്‍ വിഗര്‍, ഫിഗര്‍ ആന്‍ഡ് സ്റ്റാമിന…” ഷെല്ലി പുഞ്ചിരിച്ചു. “ഞാന്‍ ലൈന്‍സ് ഒന്നും വരയ്ക്ക്വല്ല കേട്ടോ…ഞാനും ഇടയ്ക്കിടെ ഇങ്ങനെ ലേറ്റ് ആകാറുണ്ട്,” അയാള്‍ ചിരിച്ചു. “ഇടയ്ക്കിടെയോ?” മിനി അയാളെ നോക്കി. “എത്ര ടൈംസാ ഞാന്‍ പപ്പേനെ വിളിച്ചെഴുന്നേപ്പിച്ചേ..എന്നിട്ടാ…” അയാള്‍ ഉറക്കെ ചിരിച്ചു.

“ഓക്കേ… ഷെല്ലി കാര്യങ്ങള്‍ ഒക്കെ ചെയ്യൂ….ങ്ങ്ഹാ..മോളെ ഷെല്ലിയ്ക്ക് കോഫി കൊടുത്തില്ലല്ലോ…ഷെല്ലിയ്ക്ക് പതിവില്ലേ അതൊക്കെ…?” “ഇല്ല…ഇല്ല സാര്‍…” അവന്‍ പറഞ്ഞു. അവള്‍ ഷെല്ലിയെ നോക്കി. അവര്‍ പരസ്പ്പരം നോക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. “ശരി..ഞാന്‍…” ഷെല്ലി അകത്ത് കയറി ഒരു തോര്‍ത്തും ബ്രഷും പേസ്റ്റും എടുത്ത് ബാത്ത്റൂമിലേക്ക് കയറി. ഹോം തീയെറ്ററിന്റെ റിമോട്ട് എടുത്ത് മാത്യു പ്രസ് ചെയ്തു. ഹാള്‍ നിറയെ എല്‍വിസ് പ്രേസ് ലിയുടെ വശ്യവും മന്ത്രമുഗ്ദ്ധവുമായ സ്വരം നിറഞ്ഞു. “പപ്പാ…” പാട്ട് കേട്ടിട്ട് അവള്‍ അയാളെ വിഷാദസ്പര്‍ശമുള്ള സ്വരത്തില്‍ വിളിച്ചു. “എനിക്ക് മോളോട് സംസാരിക്കാനുണ്ട്…അപ്പോള്‍ അപ്പോള്‍ …മമ്മിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഈ പാട്ട് തന്നെ ബാക്ഗ്രൌണ്ടില്‍ വേണം…” “പപ്പാ…” അവള്‍ അയാളെ ചേര്‍ത്ത് പിടിച്ചു. “മോള്‍ വരൂ…” അയാള്‍ മിനിയുടെ കൈയില്‍ പിടിച്ച് ലോണിലേക്ക് നടന്നു. വെയിലും അതിരില്‍ നില്‍ക്കുന്ന മരങ്ങളുടെ നിഴലുകളും ലോണിനെ ചേതോഹരമാക്കിയിരുന്നു. ദൂരെ മലകളില്‍ മഞ്ഞിന്‍റെ സ്പര്‍ശം ഒരൌലികിക സാന്ത്വനമായി അവരിലേക്ക് പകര്‍ന്നണഞ്ഞു . ദൈവത്തിന്‍റെ കിനാവുപോലെ പുലരിയുടെ ചിത്രം പക്ഷികളായും പുല്‍നാമ്പുകളില്‍ തപം ചെയ്യുന്ന മഞ്ഞുതുള്ളികളായും ചുറ്റും നിറഞ്ഞു.

ലോണില്‍, ബെഞ്ചില്‍, മാത്യുവിന്‍റെ സമീപം മിനിയിരുന്നു. “ഷെല്ലി ഫ്രണ്ട് മാത്രമല്ലല്ലോ; അല്ലേ ?” അയാള്‍ മുഖവുരയൊന്നുമില്ലാതെ പെട്ടെന്ന് ചോദിച്ചു. കാര്‍മേഘത്തില്‍ നിന്ന്‍ പിടഞ്ഞുതെറിക്കുന്ന മഴതുള്ളിയെപ്പോലെ അവള്‍ അയാളെ നോക്കി. “പപ്പായ്ക്കെങ്ങനെ…അത്…?” അയാള്‍ അവളെ നോക്കി. അയാളുടെ ചുണ്ടുകളില്‍ നിറഞ്ഞുകിടന്ന പുഞ്ചിരി അവളെ ആശ്വസിപ്പിച്ചു. “നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യ മോളെ കണ്ടിട്ട് ഇപ്പൊ എത്ര മാസമായി?” പുഞ്ചിരി വിടാതെ അയാള്‍ ചോദിച്ചു.

“പപ്പാ…!” അനിഷ്ട്ടത്തോടെ അവള്‍ അയാളെ നോക്കി. “എന്തിനാ ഇപ്പം അയാടെ കാര്യം പറയുന്നെ?” അയാള്‍ ചിരിച്ചു. അവള്‍ അയാളുടെ തോളില്‍ അടിച്ചു. “കോളേജില്‍, കേരളത്തില്‍, ചേര്‍ന്നതിന്‍റെ തലേ ദിവസം; അല്ലേ?” “ഉം…അതിന്?” “അല്ല..അന്ന് അയാള്‍ടെ പ്രൊപ്പോസല്‍ മേഴ്സിലെസ്സ് ആയി തട്ടിക്കളഞ്ഞ അതേ ആള്‍..ബോയ്സ്നെക്കണ്ടാല്‍ പാക്കിസ്ഥാനിയെ കണ്ട സംഘിയെപ്പോലെ ബീഹേവ് ചെയ്യുമായിരുന്നയാള്‍….. ഇന്ന്‍ ഒരു ബോയിയുടെ കൂടെ യാത്ര ചെയ്യുന്നു, അയാളുടെ കൂടെ ഒറ്റയ്ക്ക് നൈറ്റ് സ്പെന്‍ഡ് ചെയ്യുന്നു, അയാള്‍ടെ മുമ്പില്‍ നാണിക്കുന്നു….ഇറ്റ്‌ മീന്‍സ്…ഹി ഈസ് നോട്ട് ജസ്റ്റ് എ ഫ്രണ്ട് ഓഫ് യൂ…” അവള്‍ അയാള്‍ക്ക് മുമ്പില്‍ നാണിച്ചു. മകളുടെ നാണത്തിന്‍റെ ഭംഗിയില്‍ അയാളുടെ മനസ്സുലഞ്ഞു. എന്‍റെ നക്ഷത്രക്കുട്ടീ…നീ എന്‍റെ പ്രാണന്‍ അല്ലേ….എന്‍റെ ജീവരക്തമല്ലേ…. അയാള്‍ അവളെ തന്‍റെ നെഞ്ചോട്‌ ചേര്‍ത്തു. “പപ്പായ്ക്ക് ഇഷ്ടമായില്ലേ ഷെല്ലിയെ?” അയാളുടെ ആലിംഗനം നല്‍കുന്ന സാന്ത്വനത്തില്‍ മുഖമമര്‍ത്തി, അയാളുടെ നെഞ്ചിടിപ്പിന്‍റെ താളമറിഞ്ഞ് അവള്‍ ചോദിച്ചു. “ഇഷ്ടമായോന്നോ?” അയാള്‍ പെട്ടെന്ന് പറഞ്ഞു. “തെലുങ്ക് നടന്‍ നാഗചൈതന്യയെവിടെ? ഷെല്ലി അലക്സ് എവിടെ?” അവള്‍ പെട്ടെന്ന് അയാളുടെ നെഞ്ചില്‍ നിന്ന്‍ മുഖം മാറ്റി. അണപൊട്ടിയ ആഹ്ലാദത്തോടെ അയാളെ അവള്‍ കെട്ടിപ്പിടിച്ചു. അയാളുടെ കവിളില്‍ ഉമ്മ വെച്ചു. “താങ്ക്യൂ പപ്പാ…” അവള്‍ മന്ത്രിച്ചു. “ഫോര്‍ അക്സെപ്റ്റിംഗ് മൈ ചോയ്സ്…” അയാള്‍ എന്തോ ഓര്‍ത്തു. “എന്താ പപ്പാ?” അവള്‍ തിരക്കി. “ഹൈദരാബാദ് പോലെ ഒരു വലിയ സിറ്റി ..അവിടെയുള്ള ഏറ്റവും നല്ല ഡോക്റ്റര്‍ക്ക് മാറ്റാന്‍ കഴിയാത്തത് …അതല്ലേ ഷെല്ലി അലക്സ് എനിക്ക് വേണ്ടി…അപ്പോള്‍…അപ്പോള്‍ ഐ കുഡ് നോട്ട് ഹെല്പ് അക്സെപ്റ്റിംഗ് യുവര്‍ ചോയിസ്…”

മിനി അയാളുടെ വാക്കുകള്‍ കേട്ടു. “സത്യത്തില്‍ മോള്‍ടെ സോണ്ടിയ അങ്കിള്‍ അവിടുന്ന് മോളെ മാറ്റുന്നതാണ് എന്നും ദൂരെ ട്രിവാണ്ട്രം പോലെ ഒരിടത്തേക്ക് വിടുന്നതാണ് നല്ലത് എന്നും പറഞ്ഞപ്പോള്‍ ഒരു പരീക്ഷണത്തിന് വെറുതെ സമ്മതം മൂളുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ….
ബട്ട് നൌ ഐ നോ ഹൌ റൈറ്റ് ഹീ വാസ്….” മിനിയുടെ മുഖത്തെ അസാധാരണമായ തിളക്കത്തിലേക്ക് നോക്കി അയാള്‍ പുഞ്ചിരിച്ചു. മുറിയില്‍ നിന്ന്‍ എല്‍വിസ് പ്രസ് ലി യുടെ പാട്ട് വെയിലിന്‍റെ പ്രഭയില്‍ സന്നിവേശിച്ച് അവര്‍ക്ക് ചുറ്റും നിറഞ്ഞു. ലോണിന്‍റെ അതിരില്‍ നിന്ന മരങ്ങളുടെ ഇലകള്‍ക്കിടയിലൂടെ പ്രകാശരേഖകള്‍ അവരുടെ മേല്‍ വൃത്തങ്ങളായി കറങ്ങി. “എനിക്ക് എന്തോ പപ്പാ അങ്ങനെ ബോയ്സിനെ ആരേം….മറ്റ് ഗേള്‍സിനെപ്പോലെ ഇഷ്ട്ടപ്പെടാന്‍ …പണ്ട് തൊട്ടേ…. ഐ ഡോണ്ട് നോ….. എന്‍റെ ഏജിനു മാച്ചായ ഇഷ്ടങ്ങള്‍ ..റൊമാന്‍സ് അങ്ങനെയൊന്നും തോന്നീട്ടില്ല…. ചിലപ്പോ ഐ തോട്ട് വെദര്‍ ഐ വാസ് നോട്ട് മച്ചുവേഡ്….മച്ചുവേഡ് ഇനഫ്‌ റ്റു ഫാള്‍ ഇന്‍ ലവ് വിത്ത് ദേം…” “അല്ല മോളെ…” അയാള്‍ വീണ്ടും അവളെ ആശ്ലേഷിച്ചു. “മോള്‍ക്ക് അങ്ങനെ യാതൊരു പ്രോബ്ലോം ഇല്ല…യൂ ആര്‍ മച്ചുവേഡ്…എല്ലാ മച്ചുരിറ്റീം ദൈവം തന്നിട്ടുണ്ട്….ഫിസിക്കലി..മെന്‍റ്റലി…സ്പിരിച്ച്വലി..സെക്ഷ്വലി…ബട്ട് മോള്‍ടെ ഉള്ളില്‍ മമ്മീടെ സ്പിരിറ്റ്‌ ഉണ്ട്…അത് കൊണ്ട് ഏറ്റവും നല്ലത് വരുമ്പം മാത്രേ ഇഷ്ട്ടപ്പെടൂ…” അവള്‍ പുഞ്ചിരിച്ചു. “എനിക്ക് ദൈവം ഏറ്റവും നല്ലതേ തന്നിട്ടുള്ളൂ മോളെ,” അയാള്‍ തുടര്‍ന്നു. “മമ്മിയെ, മോളെ, മോളുടെ ഭാവിയ്ക്ക് വേണ്ടി കുറച്ച്, അല്‍പ്പം പണം, പിന്നെ ഇപ്പോള്‍ നല്ലൊരു ചെറുപ്പക്കാരന്‍…നല്ല സംസ്ക്കാരവും വിദ്യാഭ്യാസവും സ്വഭാവശുദ്ധിയുമുള്ളയാള്‍…മോളെ ഷെല്ലി സ്നേഹിക്കും, തങ്കം പോലെ നോക്കും, സംരക്ഷിക്കും…” മിനിയുടെ മുഖം അദ്ഭുതത്താല്‍ വിടര്‍ന്നു. “പപ്പാ..” അവള്‍ വിളിച്ചു. അയാള്‍ അവളെ നോക്കി. “പപ്പാ ഒരിക്കല്‍പോലും ഷെല്ലിയോട് മനസ്സ് തുറന്ന്‍ സംസാരിച്ച് കൂടിയില്ല…പിന്നെങ്ങനെ..ഷെല്ലിയെപ്പറ്റി….?” അയാള്‍ പുഞ്ചിരിച്ചു. “ഞാന്‍ ഒരു നല്ല ബിസിനെസ്സ്കാരനാണ് എന്നൊക്കെ പലരും എഴുതിയത് വായിച്ചിട്ടുണ്ട്…മോളും വായിച്ചിട്ടുണ്ട്. അതെന്നേ കാണിച്ച് തന്നിട്ടുണ്ട്…..” അയാള്‍ പറഞ്ഞു. പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി. “ഒരാള്‍ നല്ല ബിസിനെസ്സ്കാരനാണ് എങ്കില്‍ ഒറ്റനോട്ടത്തില്‍ ആറിയാം ഒരു വസ്തു, ഒരു വ്യക്തി നല്ലതാണോ അല്ലയോ എന്ന്‍…”

“ഓ..!” മിനി അഭിനന്ദിക്കുന്ന മുദ്ര കാണിച്ചു. “ജീനിയസ്! ജീനിയസ്!! ഹഹഹ…” അയാളും ചിരിച്ചു. “പിന്നെ….” അയാള്‍ തുടര്‍ന്നു. “പപ്പാടെ..മമ്മീടെ മോളാണ് നീ…മോള്‍ ഒരിക്കലും ചീത്ത ചെയ്യില്ല, ചീത്തയായത് തിരഞ്ഞെടുക്കില്ല എന്ന്‍ ഞങ്ങള്‍ക്കറിയാം. പ്രത്യേകിച്ച് മോള്‍ടെ മമ്മിയ്ക്ക്….” സജലങ്ങളായ മിഴികളോടെ അവര്‍ പരസ്പ്പരം നോക്കി.
വെയിലിന്‍റെ സുഖകരമായ നിറവില്‍ മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ ലോണിലേക്ക് ഒഴുകി വന്നു. മിനി മിഴികളുയര്‍ത്തി അവയെ നോക്കി. അയാളും. താഴ്വാരവും ദൂരെ മലനിരകളും അപ്പോഴും മൂടല്‍മഞ്ഞിന്‍റെ നേര്‍ത്ത സ്വപ്നത്തില്‍ പുഞ്ചിരിച്ചു നിന്നു. ഹൈറേഞ്ചില്‍, പ്രത്യേകിച്ച് ഒക്റ്റോബര്‍ മാസം മുതല്‍ മലനിരകളൊക്കെ മഞ്ഞിന്‍റെ പുതപ്പിലൊളിക്കും. താഴ്വാരത്ത് വെയിലിന് കൂട്ടായി എപ്പോഴും സുഖമുള്ള കുളിരുണ്ടാവും. “മോളെ..ഷെല്ലീടെ..ഫാമിലി…പാരെന്‍റ്റ്സ്…?” മിനി അയാളെ നോക്കി. “മിഡില്‍ ക്ലാസ് ഫാമിലിയാണ് പപ്പാ. ഷെല്ലീടെ പപ്പാ ടീച്ചറാണ്…” “മമ്മി? അവര്‍ ഹൌസ് വൈഫ് ആണോ?” “മമ്മി…” മിനി വെയിലില്‍ ഒഴുകിപ്പറക്കുന്ന ചുവന്ന ചിത്രശലഭങ്ങളെ നോക്കി. “ഷീയീസ് നോ മോര്‍…” പെട്ടെന്ന് മാത്യുവിന്‍റെ മുഖത്തെ പ്രകാശം മാഞ്ഞു. “എന്താ പപ്പാ?” അയാള്‍ ഒരു നിമിഷം മൌനിയായി. “മോള്‍ക്ക് ഒരു മമ്മിയെ…. നല്ല മമ്മിയെ കിട്ടുന്ന വീടായിരുന്നു എന്‍റെ സ്വപ്നം…അതിപ്പോ…പോട്ടെ സാരമില്ല…” മിനിയും പുഞ്ചിരിച്ചു. “അതിനിനീം ചാന്‍സ് ഉണ്ട്,” അയാള്‍ ഒന്നും മനസ്സിലാകാതെ അവളെ നോക്കി. “ആ മാളവികാ നായിഡു…ഠണ്‍ഡണേയ്…” അയാളുടെ മുഖത്തെ പ്രകാശം മാഞ്ഞു. “എത്ര നാളായി ആ സുന്ദരിക്കുട്ടി എന്‍റെ പപ്പാ എന്ന സുന്ദരന്‍റെ പിന്നാലെ ഇങ്ങനെ..ഒന്ന്‍ പരിഗണിച്ച്കൂടെ പപ്പാ…?” മാത്യുവിന്‍റെ വലത് കൈ മിനിയുടെ ചെവിയിലേക്ക് നീണ്ടു . അവള്‍ കുസൃതിച്ചിരിയോടെ ഒഴിഞ്ഞുമാറി.

“കേരളത്തി വന്നിട്ട് മോള്‍ടെ മലയാളം ഇപ്പോള്‍ എഴുത്തച്ചന്‍റെതിനേക്കാള്‍ മെച്ചപ്പെട്ടല്ലോ…എന്താ ഒരു ഗ്രാമര്‍…!പരിഗണിക്കുക എന്ന വേഡ് ഒക്കെ എങ്ങനെ പഠിച്ചു?” “എന്‍റെ ലാങ്ങ്‌വേജും ഗ്രാമറും ഒക്കെ അവിടെ നിക്കട്ടെ…എന്ത് പെട്ടെന്നാ ബിസിനെസ്സ് ടൈക്കൂണ്‍ ഒഴിഞ്ഞുമാറാന്‍ നോക്കുന്നെ! ഞാന്‍ ചോദിച്ചേന് ആന്‍സര്‍ പറ,” ദൂരെ മഞ്ഞ് പതിയെ വാര്‍ന്ന്‍ പോയി മലമുടികളുടെ അതിരുകള്‍ വ്യക്തമാകുന്നത് അവര്‍ കണ്ടു. പ്രതാപികളായ രാജാക്കന്മാരെപ്പോലെ മലനിരകള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയാണ്. “മോള്‍ടെ മമ്മിയാണ് പപ്പായുടെ സ്ഥാനത്ത് എങ്കില്‍…എങ്കില്‍ മമ്മി വേറെ ഒരു പ്രൊപ്പോസല്‍ അക്സെപ്റ്റ് ചെയ്യുവോ?” “പപ്പായെ സോഷ്യോളജി പഠിപ്പിക്കാന്‍ മാത്രമുള്ള അഹങ്കാരം ഒന്നും എനിക്കില്ല…ബട്ട് ഐ തിങ്ക്‌ ഇഫ്‌ ഐ സെ മെന്‍ ആര്‍ മെന്‍ ആന്‍ഡ്‌ വിമന്‍ ആര്‍ വിമന്‍…ബോത്ത്‌ ക്യാന്‍ നോട്ട് ബി സെയിം ഇന്‍ ആറ്റിറ്റ്യൂഡ് …ഐ വില്‍ ബി റൈറ്റ്…” അയാള്‍ അദ്ഭുതപ്പെട്ടു. “എപ്പോഴും മോള്‍ മമ്മിയെപ്പോലെ തന്നെ സംസാരിക്കുന്നു!” അയാള്‍ പറഞ്ഞു.
“ആണുങ്ങള്‍ ആണുങ്ങളാണ്. അതുകൊണ്ട് ഒരു സ്ത്രീയില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. പെണ്ണിന് സാധിക്കും. അതുകൊണ്ട് മമ്മി റീ മാരിചെയ്യാന്‍ ആഗ്രഹിക്കില്ല…ഞാന്‍ റീ മാരിചെയ്യണം എന്നല്ലേ മോള്‍ പറഞ്ഞെ?” മിനി അയാളെ വിഷാദത്തോടെ നോക്കി. “അതൊന്നും അല്ല പപ്പാ….നല്ല ഒരാള്‍ പപ്പാടെ ലൈഫില്‍ വന്നാല്‍..മാളവിക മാഡത്തെപ്പോലെ …എനിക്ക് ..ഐ ഡോണ്ട് നോ വാട്ട് റ്റു സേ…” അവള്‍ ദൂരേയ്ക്ക് നോക്കി. അയാളും. “പപ്പാ വേറെ ഒരാളെ ആക്സെപ്റ്റ് ചെയ്യുന്ന ഒരു മാനസികാവസ്ഥയിലെത്തട്ടെ…മാനസികാവസ്ഥ എന്ന് പറഞ്ഞാല്‍ എന്താണ് എന്നറിയാമോ?” “അറിയാം,” “ഗുഡ്!” അയാള്‍ അവളുടെ തോളത്ത് തട്ടി. “എങ്കില്‍ അന്ന് പപ്പാ ആലോചിക്കാം…അന്ന്‍ മാത്രം. മാളവികയോ മായാമോഹിനിയോ ആരെയെങ്കിലും…അത് പോട്ടെ ….ഷെല്ലിയുടെ മമ്മി എങ്ങനെയാ മരിച്ചത്?” ചോദ്യം അപ്രതീക്ഷിതമായത് കൊണ്ട് മിനി ഒരു നിമിഷം സ്തംഭിച്ചു. പെട്ടെന്ന് അവളില്‍ അകാരണമായ ഒരു ഭയം നിഴലിടുന്നത് അയാള്‍ കണ്ടു. “എന്താ മോളെ?”

അവളിലെ ഭാവമാറ്റം കണ്ട്‌ മാത്യു ചോദിച്ചു. “പപ്പാ അത്….” അവള്‍ വിശദമാക്കി. “അത് ഒരു ആക്സിഡന്‍റ്റ് ആരുന്നു…പാപ്പാ എന്നോട് ചോദിച്ചത് നന്നായി…ഷെല്ലിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യമാ അത് ..എന്ന്‍ വെച്ചാ ഷെല്ലി ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന ..സങ്കടം..യൂ നോ…സൊ ഡോണ്ട് ആസ്ക് എനിതിംഗ് എബൌട്ട് ഇറ്റ്‌…” “ഓക്കേ….അപ്പോള്‍ ഷെല്ലിയോട് ഞാന്‍ ചോദിക്കാഞ്ഞത് നന്നായി..ഷെല്ലീടെ പപ്പാ സെക്കന്‍ഡ് മാരി ചെയ്തില്ലേ?” അവള്‍ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു. കാറ്റില്‍ മഞ്ഞുത്തുള്ളികള്‍ ബോഗൈന്‍വില്ലകളില്‍ നിന്ന്‍ താഴേക്ക് അടര്‍ന്നു വീണു. വീണ്ടും വെയിലില്‍ നൃത്തം ചെയ്യുവാനായി മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ അവര്‍ക്ക് മുകളിലേക്ക് വന്നു. “ഋഷികേശില്‍ വെച്ചാണ്‌ മാളവിക മാഡം അവസാനമായി പപ്പയെ കാണുന്നെ,” പുഞ്ചിരിയോടെ അവള്‍ തുടര്‍ന്നു. “എന്‍റെ സുന്ദരന്‍ പപ്പാടെ ഭാര്യയാകാന്‍ അന്ന് മാഡം എന്തേരെ കരഞ്ഞു…അന്നേരം പപ്പാ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്…പപ്പാടെ പ്രൈവസീല്‍ സ്നേഹമുള്ള ഒരു ഒളിഞ്ഞുനോട്ടമായി ഞാനന്ന് ശങ്കര്‍ സരോവറിന്‍റെ പിമ്പിലെ ഗോപുരത്തിന് പിമ്പില്‍, നിങ്ങടെ തൊട്ടുപിമ്പില്‍ ശങ്കര്‍ ഭഗവാനേ എന്‍റെ പപ്പാ മാളവിക മാഡത്തിന്‍റെ പ്രൊപ്പോസല്‍ അക്സെപ്റ്റ് ചെയ്യണേന്ന്‍ പ്രാര്‍ഥിച്ചോണ്ട് നിക്കുവാരുന്നല്ലോ….അന്ന്‍ പാപ്പാ മാഡത്തോട് പറഞ്ഞ ഓരോ വാക്കും എന്‍റെ കാതില്‍ ഇപ്പോഴുമുണ്ട്” അയാള്‍ മകളുടെ നേരെ നോക്കി. അല്‍പ്പ സമയം അയാളെ നോക്കിയിരുന്നതിനുശേഷം അവളുടെ കണ്ണുകള്‍ വീണ്ടും ചിത്രശലഭങ്ങളെ തേടി. “അന്ന്‍ പപ്പാ പറഞ്ഞു, മാളവികാ, എനിക്ക് ഒരു ഭാര്യോടെ വിശ്വസ്ഥനായ ഭര്‍ത്താവായിരിക്കാനേ സാധിക്കൂ…. ഞാന്‍ നിന്നെ സ്വീകരിച്ചാല്‍ നിന്നെ വഞ്ചിക്കുന്നതിന് തുല്യമാകും…കാരണം നിന്‍റെ ഭര്‍ത്താവായിരുന്നാലും എന്‍റെ മനസ്സും ഓര്‍മ്മയും ഹൃദയവുമൊക്കെ കരോലിന എന്ന എന്‍റെ ഒരേയൊരു ഭാര്യയില്‍ നിന്ന്‍ ഒരിക്കലും വേര്‍പെട്ടുപോകില്ലല്ലോ… ” മാത്യൂ മകളുടെ വാക്കുകളില്‍ സ്വയം നഷ്ട്ടപ്പെട്ടു. മിനി മിഴികള്‍ തുടച്ചു. ചിത്രശലഭങ്ങളില്‍ നിന്ന്‍ മിഴികള്‍ മാറ്റി അവള്‍ മാത്യുവിനെ നോക്കി. “ഷെല്ലിയുടെ പപ്പായും അങ്ങനെയാ….ആന്റ്റിയെ മാത്രം ഓര്‍ത്ത്….” മാത്യു പുഞ്ചിരിച്ചു. അനുരാഗത്തിന്‍റെ വസന്തത്തില്‍ ഒരു പുഷ്പ്പത്തിന്‍റെ മാത്രം നിറത്തെയും പരിമളത്തെയും മാത്രം പ്രണയിച്ചവനാണ് ഞാന്‍. ഒരു പെണ്ണിന്‍റെ മാത്രം പുരുഷനായിരിക്കുക എന്ന അദ്ഭുതത്തിന്‍റെ രഹസ്യം എന്താണ് എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് അവരെ പഠിപ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ അങ്ങനെ മറ്റൊരാളെക്കൂടി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഒരു സ്ത്രീയുടെ പരിക്രമണ പഥത്തില്‍ ചരിക്കവേ എനിക്ക് മറ്റൊരു സൂര്യനെക്കൂടി കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു. ആ സൂര്യന്‍റെ മകനെയാണ് ദൈവം എന്‍റെ മകള്‍ക്ക് വേണ്ടി കണ്ടെത്തിയത്. ദിവസവും പെണ്‍ശരീരം മാറുന്ന പുരുഷനും ആണ്‍ശരീരത്തെ തേടുന്ന സ്ത്രീയുമുള്ള ലോകത്ത് ഷെല്ലി നിന്‍റെ പിതാവ് വ്യത്യസ്തന്‍. വ്യതസ്തതയുള്ളയാളുടെ മകന്‍റെ ധമനികളിലും ആ വ്യത്യസ്തതയുടെ രക്തകോശങ്ങളുണ്ടായിരിക്കും.

മാത്യുവും മിനിയും ലോണില്‍ നിന്ന്‍ തിരികെ ഹാളിലെത്തിയപ്പോള്‍ ഷെല്ലി കുളി കഴിഞ്ഞ് വസ്ത്രങ്ങള്‍ മാറി സോഫയിലിരിക്കുകയായിരുന്നു. കയ്യില്‍ മൊബൈല്‍. “ഓ..!” അവനെക്കണ്ട് മാത്യു പെട്ടെന്ന്‍ പറഞ്ഞു. “വി കെപ്റ്റ് യൂ വെയിറ്റിംഗ്…” ഷെല്ലി പെട്ടെന്ന് എഴുന്നേറ്റു. “നോ, സാര്‍..ഐ ജസ്റ്റ്…” മാത്യു അവനെ നോക്കി പുഞ്ചിരിച്ചു. പിന്നെ മിനിയുടെ നേരെ നോക്കി. “മിനി പറഞ്ഞ കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍…യൂ ഷുഡ് നോട്ട് കോള്‍ മീ സാര്‍…” മിനിയുടെയും ഷെല്ലിയുടെയും മുഖത്ത് ഒരേ സമയം നിലാവുദിച്ചത് പോലെ ലജ്ജയില്‍ നനഞ്ഞ് കുതിര്‍ന്ന്‍ പ്രകാശം നിറഞ്ഞു. “എന്‍റെ ഈശോയേ…” മിനി ലജ്ജയുടെ പുഷ്പ്പിക്കലില്‍ പറഞ്ഞു. “എന്‍റെ പപ്പാ ഷെല്ലി യൂണിയന്‍ ചെയര്‍മാനാ…ഫയര്‍ ബ്രാന്‍ഡ് സ്പീക്കര്‍ ആണ്…എപ്പോഴും ബഹളവും ഒക്കെയാ…ആ ആളാണ്‌ ഇങ്ങനെ ഷൈ ആയിട്ട്…” “ഹഹഹ…നമ്മള്‍ ആണുങ്ങള്‍ അല്‍പ്പം നാണം ഒക്കെയുള്ള കൂട്ടത്തില്‍ ആണ് അല്ലേ ഷെല്ലി…” മാത്യു ചിരിച്ചു. “അതെ..അതേ ഷെയിംലെസ്സ്…” അവള്‍ പറഞ്ഞു. “പിന്നെ ചെയര്‍മാന്‍ ..അതൊക്കെ മോള്‍ അപ്ഡേറ്റ് ചെയ്തിരുന്നു….ആക്റ്റിവിസം എനിക്കും ഉണ്ടാരുന്നു. സ്റ്റീഫന്‍സില്‍…അങ്ങനാ മോള്‍ടെ മമ്മീനെ പരിചയപ്പെടുന്നത് തന്നെ….” ഷെല്ലി എന്തോ ചോദിക്കാന്‍ തുടങ്ങുമ്പോള്‍ പുറത്ത് നിന്ന്‍ ജോസ്‌ ചേട്ടന്‍ മൂന്ന്‍ നാല് ടിഫിന്‍ കരിയറുകളുമായി അകത്തേക്ക് വന്നു. പിന്നാലെ മധ്യവസ്ക്കയായ കാണാന്‍ ഭംഗിയുള്ള ഒരു സ്ത്രീയും. അവര്‍ ജോസ്‌ ചേട്ടന്‍റെ ഭാര്യയെപ്പോലെ തോന്നിച്ചു. അവരുടെ കയ്യിലും നാലഞ്ചു പാത്രങ്ങളും. “ഇതെന്തൊക്കെയാ ജോസ്‌ ചേട്ടാ?” മാത്യു ചോദിച്ചു. “രാവിലത്തെ കഴിക്കാനുള്ളതാ സാറേ,” വന്ന സ്ത്രീ പറഞ്ഞു. “അതിനിത്രേം പാത്രത്തിലോ?” മാത്യു ചോദിച്ചു.

“ഓ അതിനും മാത്രവൊന്നും ഇല്ല സാറേ…” ജോസ്‌ ചേട്ടനോടൊപ്പം ഡൈനിംഗ് ഹാളിലേക്ക് കയറവേ അവര്‍ പറഞ്ഞു. “ആ വന്നത് സൂസന്നയാ. ജോസ്‌ ചേട്ടന്‍റെ ഭാര്യ. രണ്ടു പേരുംകൂടിയാ ഈ എസ്റ്റേറ്റ് കാര്യങ്ങള്‍ ഒക്കെ നോക്കുന്നെ…നല്ല മനുഷ്യര്‍…” മാത്യു മിനിയോടും ഷെല്ലിയോടും പറഞ്ഞു. “വാ..വിശക്കുന്നില്ലേ…കഴിച്ചേക്കാം,” മാത്യു ഷെല്ലിയുടെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. “എന്നതാ കൊണ്ടുവന്നെ?” ഡൈനിംഗ് ഹാളിലേക്ക് ചെന്ന് മാത്യു ചോദിച്ചു. സൂസന്ന ജോസ്‌ ചേട്ടനെ വല്ലായ്മയോടെ നോക്കി. “അത് സാറേ…അത് പച്ചക്കപ്പ പുഴുങ്ങീതും പോത്ത്‌ കറീം മോരു കറീം ഒക്കെയാ..ടൌണിലെപ്പോലെ ഒന്നും ഇവിടെ കിട്ടാന്‍…” “എന്‍റെ പരുമലപ്പിതാവേ…” മാത്യു വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു. “ടൌണിലെപ്പോലെ എന്തേലും കൊണ്ടാന്നാര്ന്നേല് ജോസ്‌ ചേട്ടാ നിങ്ങടെ പരിപ്പ് ഞാന്‍ എടുത്തേനെ..കപ്പപ്പുഴുക്ക് ആണോ…എന്നാ ഇന്നത്തെ എന്‍റെ ഡയറ്റ് കണ്ട്രോള്‍ ഗോപി…” “ഇപ്പം എങ്ങനൊണ്ടെഡീ?” വിജയശ്രീലാളിതനായ ഭാവത്തോടെ ജോസ്‌ ചേട്ടന്‍ ഭാര്യയെ നോക്കി. “നീയല്ലേ പറഞ്ഞെ സാറിന് ഇതൊന്നും ഇഷ്ടവാകുവേലന്ന്‍?” പിന്നെ അയാള്‍ മാത്യുവിനെ നോക്കി. “കേട്ടോ സാറേ ഇവള് എന്നെപ്പറയാത്തതൊന്നുവില്ല. സാറ് ഏത് നേരോം അമരിക്കേലും ശീമേലും ഒക്കെയാ, ഇവിടുത്തെ നാട്ടുഫക്ഷണം ഒന്നും പിടിക്കുവേല, അവിടുത്തെ മാതിരി ഒന്നും നമക്ക് ഒണ്ടാക്കാനും അറീത്തില്ല എന്നൊക്കെ….” “സൂസന്ന ചേച്ചി…അങ്ങനത്തെ ഒരു അബദ്ധധാരണേം ഇനി വേണ്ട…ഇക്കാര്യത്തി ഞാന്‍ തനി കണ്ട്രിയാ…” മാത്യു സൂസന്നയോട് പറഞ്ഞു. സൂസന്ന പാത്രങ്ങളുടെ അടപ്പുകള്‍ തുറന്നു. പച്ചക്കപ്പ പുഴുങ്ങിയത്തിന്‍റെ, പോത്ത് കറിയുടെ, സവാളയും തൈരും കലര്‍ന്ന സാലഡിന്‍റെ നറുമണം ഡൈനിംഗ് റൂമില്‍ നിറഞ്ഞു. “മക്കളെ കൈ കഴുകിയേച്ചുംവെച്ച് ഇരിക്ക്,” ജോസ്‌ ചേട്ടന്‍ ഷെല്ലിയേയും മിനിയേയും നോക്കിപ്പറഞ്ഞു. “ശരിയാ , ഷെല്ലി, മോളെ വാ,” മാത്യുവും പറഞ്ഞു. പെട്ടെന്ന് മാത്യു എന്തോ ഓര്‍ത്തു. “ജോസ്‌ ചേട്ടാ ഇങ്ങ് വന്നേ…” ജോസ്‌ ചേട്ടന്‍ മാത്യുവിന്‍റെ നേരെ റൂമിന്റെ മൂലയിലേക്ക് ചെന്നു. “ജോസ്‌ ചേട്ടാ..അതേ…” “എന്താ സാറേ?” “നല്ല കള്ളു കിട്ടുവോ,” ജോസ്‌ ചേട്ടന്‍ നിസ്സാരമട്ടില്‍ അയാളെ നോക്കി.

“കിട്ടുവോന്നോ…? സാറിന് എന്തേരെയാ വേണ്ടേ?” “അതായത് നല്ല സാധനം ആരിക്കണം. പൊടി ഒക്കെ ഇടത്തില്ലേ ചെത്തുന്നോര്. അതൊന്നും ഇല്ലാത്ത നല്ല പ്യുവര്‍ സാധനം.ഇളംകള്ളും വേണം. മക്കള് ഒക്കെയില്ലേ…” “എന്‍റെ പൊന്നു സാറേ….ദാ ഇപ്പത്തന്നെ സാധനം ഇങ്ങെത്തും..എടീ സൂസന്നെ നീ മക്കക്ക് വെളമ്പിക്കൊട്….” ജോസ്‌ ചേട്ടന്‍ പോകാന്‍ തിരിഞ്ഞു. “ഉം…” സൂസന്ന പുഞ്ചിരിച്ചുകൊണ്ട് അമര്‍ത്തി മൂളി. “എനിക്കറിയാം…” ഷെല്ലിയും മിനിയും പരസ്പ്പരം നോക്കി. “എന്നാ അറിയാന്ന്?” പോകാന്‍ തുടങ്ങിയ ജോസ്‌ ചേട്ടന്‍ സൂസന്നയെ കടുപ്പിച്ചു നോക്കി. “എന്‍റെ സൂസന്നെ നീ കരുതുന്നപോലെ ഒന്നുവല്ല…നീ കൊച്ചുങ്ങളെ വെറുതെ പേടിപ്പിക്കാതെ,” “എന്നതാ സൂസന്‍ ആന്‍റി?” ജോസ്‌ ചേട്ടന്‍ പോയിക്കഴിഞ്ഞ് മിനി പതിയെ ചോദിച്ചു. സൂസന്‍ പെരുവിരല്‍ വളച്ച് ചുണ്ടുകള്‍ക്കിടയില്‍ മുട്ടിച്ച് മിനിയെ കാണിച്ചു. “പപ്പാ…!” മാത്യു ചിരിച്ചു. “വെയിറ്റ് ആന്‍ഡ് വാച്ച്…” അയാള്‍ പറഞ്ഞു. “ആന്‍റിയും ഇരിക്ക്…” സമീപത്തിരുന്ന കസേരയില്‍ തൊട്ടുകൊണ്ട് മിനി പറഞ്ഞു. “അയ്യോ വേണ്ട മോളെ…” സൂസന്ന പുഞ്ചിരിയോടെ മിനിയുടെ ക്ഷണം തിരസ്ക്കരിച്ചു. “ഞാനും അച്ചായനും കഴിച്ചിട്ടാ വന്നേ,” “നേര്?” “നേര്,” സൂസന്‍ പാത്രങ്ങളില്‍ കപ്പയും പോത്തുകറിയും വിളമ്പി. “കഴിക്ക് സാറേ…അച്ചായന്‍ ഇപ്പം ഇങ്ങെത്തും,” അവര്‍ മാത്യുവിനോട് പറഞ്ഞു. “ഇടയ്ക്ക് ഇഷ്ടവാണേല്‍ മോരു കറീം കൂട്ടാം കേട്ടോ,” അവര്‍ കഴിക്കുന്നത് നോക്കിക്കൊണ്ട് സൂസന്ന പറഞ്ഞു. “കപ്പേം മോരും നല്ല ചേര്‍ച്ചയാ…” പത്ത് മിനിട്ടു കഴിഞ്ഞപ്പോള്‍ പുറത്ത് കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവര്‍ കേട്ടു. എല്ലാവരും വാതില്‍ക്കലേക്ക് നോക്കിയപ്പോള്‍ ജോസ്‌ ചേട്ടന്‍ ഒരു വലിയ പ്ലാസ്റ്റിക് കവറും തൂക്കി അകത്തേക്ക് വന്നു. “ഓ..ഇത്ര പെട്ടെന്നൊ?” മാത്യു അദ്ഭുതത്തോടെ ജോസ്‌ ചേട്ടനോട് ചോദിച്ചു. “കാര്യങ്ങള്‍ ചെയ്യുമ്പം സായിപ്പിനില്ല ഇത്രേം പങ്ങ്ച്ച്വാലിറ്റി,”

“ഇങ്ങനത്തെ കാര്യങ്ങള്‍ ഒക്കെ നല്ല ഞെരിപ്പായി നടക്കും സാറേ,” പ്ലാസ്റ്റിക് കവര്‍ തുറന്ന് നാലഞ്ച് ബോട്ടിലുകള്‍ മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് ജോസ്‌ ചേട്ടന്‍ പറഞ്ഞു. “ഓ…കള്ളാരുന്നോ?” പുഞ്ചിരിയോടെ സൂസന്ന പറഞ്ഞു. “നീ പിന്നെ എന്നതാ കരുതിയെ? പട്ടച്ചാരായവാന്നോ? ഒന്ന്‍ പോടീ!” “എന്‍റെ ജോസ്‌ ചേട്ടാ….” മാത്യു ജോസ്‌ ചേട്ടനെ അസന്തുഷ്ടിയോടെ നോക്കി. “എന്നതാ സാറേ?” മാത്യുവിന്‍റെ പെട്ടെന്നുള്ള ഭാവമാറ്റത്തിലേക്ക് സംശയത്തോടെ നോക്കിക്കൊണ്ട് ജോസ്‌ ചേട്ടന്‍ ചോദിച്ചു. “ലോകത്തിലെ ഏറ്റവും വിശിഷ്ടമായ ഔഷധരസം ഒഴിച്ചുകൊണ്ടുവരാന്‍ ജോസ്‌ ചേട്ടന്‍ കണ്ടെത്തിയ ബോട്ടില്‍ കൊള്ളാം. കൊക്കകോള…” ഷെല്ലി ചരിച്ചു. “ഷെല്ലിയ്ക്ക് മനസ്സിലായി ഞാന്‍ പറഞ്ഞത്,” മാത്യു അടുത്തിരുന്ന ഷെല്ലിയുടെ തോളില്‍ തട്ടി. “ഒരു ആക്റ്റിവിസ്റ്റിന് അത് മനസിലാകും,” “സൂസന്നെ നീയാ ഗ്ലാസൊക്കെ എടുത്തോണ്ട് വാ,” ജോസ്‌ ചേട്ടന്‍ ഭാര്യയോട് പറഞ്ഞു. സൂസന്ന അകത്തേക്ക് പോയി. “ഇരിക്ക് ജോസ്‌ ചേട്ടാ,” മാത്യു പറഞ്ഞു. “വേണ്ട വേണ്ട..സാറും മക്കളും കഴിച്ചാട്ടെ,” ജോസ്‌ ചേട്ടന്‍ എളിമയോടെ പറഞ്ഞു. “അങ്ങനെ കുറച്ച് പേര് കഴിക്കാനും കുറച്ച് പേര് അത് നോക്കിയിരിക്കാനും ആണേല്‍ എന്നെത്തിനാ ഞാന്‍ കള്ള് കൊണ്ടരാന്‍ പറഞ്ഞെ…ഇരി,” സൂസന്ന ഗ്ലാസുകളുമായി വന്നു. “എന്തിനാ ആന്‍റി ഇത്രേം ഗ്ലാസ്?” മിനി ചോദിച്ചു. “മോളെ ജോസ്‌ ചേട്ടന്‍ ഇളംകള്ള് കൊണ്ടുവന്നിട്ടുണ്ട്. മോള്‍ക്കും മോനുവാ അത്,” സൂസന്ന പറഞ്ഞു. “കള്ളുകുടിക്കാനോ? ഞാനോ? അയ്യേ…!!” മിനി അനിഷ്ടത്തോടെ പറഞ്ഞു. “സൂസന്നെ നീയതങ്ങ്‌ ഒഴിക്ക് പെണ്ണേ,” ജോസ്‌ ചേട്ടന്‍ ഭാര്യയോട് പറഞ്ഞു. സൂസന്ന ഗ്ലാസുകളിലേക്ക് കള്ള് പകര്‍ന്നു. കള്ളിന്‍റെ സുഗന്ധം മുറിയില്‍ നിറഞ്ഞു.

“ആ ബോട്ടിലേയാ ഇളം കള്ള്…അതേന്ന്‍ മക്കള്‍ക്ക് ഊറ്റ്…” ജോസ്‌ ചേട്ടന്‍ ഭാര്യയോട് നിര്‍ദ്ദേശിച്ചു. “പപ്പാ…ശരിക്കും എനിക്കും സെര്‍വ് ചെയ്യാണോ? ഞാനും കള്ളുകുടിക്കാന്‍ പോക്വാണോ?” “ഫോര്‍ച്ചുനേറ്റ്ലി, യെസ്,” ഷെല്ലി പറഞ്ഞു. “സൂസന്നയ്ക്കെന്തിയെ?” ഗ്ലാസുകളിലെക്ക് നോക്കി മാത്യു ചോദിച്ചു. “അയ്യേ…എനിക്ക് വേണ്ട..ഈ സാറിന്‍റെ കാര്യം…” “ഓ..അവക്കടെ ഒരു നാണം!” ജോസ്‌ ചേട്ടന്‍ ഭാര്യയെ നോക്കി. “എന്‍റെ സാറേ വാറ്റടിക്കുന്ന പാര്‍ട്ടിയാ എന്നിട്ടാ…” “അച്ചായാ!!” സൂസന്ന അനിഷ്ടത്തോടെ, എന്നാല്‍ ലജ്ജിച്ച് ശബ്ദമുയര്‍ത്തി. “നീ ഒന്ന്‍ പോ സൂസന്നെ,” ജോസ്‌ ചേട്ടന്‍ ഭാര്യയുടെ പരിഭ്രമത്തെ നിസ്സാരമാക്കി. “നമ്മള് എന്നെത്തിനാ സാറിനേം മക്കളേം ഒളിക്കുന്നെ? ഇവരേ, ഇന്നാട്ടുകാരെപ്പോലെ കരക്കമ്പി ഒന്നുവല്ല…നമുക്ക് ഏതു കാര്യവാ സൂസന്നെ ഇവരോട് പറയാന്‍ പറ്റാത്തെ?” “ഓ, എന്നാലും ഞാന്‍ എപ്പഴാ വാറ്റുചാരായം കുടിച്ചേ?” “എന്‍റെ സൂസന്നെ ഞാനതൊരു താളത്തിന് പറഞ്ഞതല്ലേ?” അവരോടോപ്പമിരുന്നുകൊണ്ട് ജോസ്‌ ചേട്ടന്‍ പറഞ്ഞു. “കേട്ടോ സാറേ, എന്‍റെ ഫാര്യ വാറ്റൊന്നും അടിക്കുകേല. ബിജോയ്സ്, റോയല്‍ സ്റ്റാഗ്, മിലിട്ടറി റം, എം സി, ഇമ്പീരിയല്‍ ബ്ലൂ അങ്ങനത്തെ മുന്തിയ ഇനം മാത്രേ അടിക്കൂ…” “ശ്യോ…ഈ അച്ചായന്‍..വേറെ ആരേലും കേക്കുന്നൊണ്ടോ മിശിഹാ തമ്പുരാനെ…” സൂസന്ന ചുറ്റും നോക്കി. “പിന്നെ ഇവിടെ ആരാ നിന്‍റെ അപ്പന്‍ കൊച്ചൌസേപ്പ് എങ്ങാനും വന്നിട്ടൊണ്ടോ…നീ ഒന്നിരിക്ക് സൂസന്നെ..നീ ഇരിക്കാത്തത് കൊണ്ടാ സാറും തൊടങ്ങീല്ല…” ജോസ്‌ ചേട്ടന്‍ ശബ്ദമുയര്‍ത്തി. സൂസന്ന മിനിയുടെ സമീപം ഇരുന്നു. “കുടിക്ക് മോളെ,”

സൂസന്ന മിനിയുടെ നേരെ ഗ്ലാസ് നീക്കി വെച്ച് കൊണ്ട് പറഞ്ഞു. “ഇളംകള്ളാ..നല്ലതാ. ആരോഗ്യത്തിനും കൂടുതല്‍ സുന്ദരിയാകാനും…” മാത്യു ഗ്ലാസുയര്‍ത്തി. കൂടെ എല്ലാവരും. “ഈശോയേ..പപ്പാടെ കൂടെ ഞാന്‍ കള്ളുകുടിക്കുന്നു…!” ഗ്ലാസ്സുയര്‍ത്തവേ മിനി അദ്ഭുതത്തോടെ പറഞ്ഞു. “ഡിസ്റ്റെയിസ്റ്റ് എന്തേലും ഒണ്ടാകുവോ ഷെല്ലി …സ്മെല്‍ ഒക്കെ?” അവള്‍ ഷെല്ലിയോട് ചോദിച്ചു. “ആദ്യം ടേയ്സ്റ്റ് ചെയ്യൂ..” ഷെല്ലി പറഞ്ഞു. മിനി ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. നീര്‍മാതളത്തിന്‍റെ ചുവപ്പുള്ള അവളുടെ അധരത്തിന് വിലങ്ങനെ പാല്‍നുരവര്‍ണ്ണമുള്ള കള്ള് നിറഞ്ഞ ഗ്ലാസ്മുട്ടി നില്‍ക്കുന്നത് അവന്‍ നോക്കി. രുചിച്ച് കഴിഞ്ഞ് അവള്‍ എല്ലാവരെയും നോക്കി. അവര്‍ അവളെയും. “വൌ!!” അവള്‍ വിളിച്ചുകൂവി. “ഫന്‍റ്റാസ്റ്റിക് ഷെല്ലി…നല്ല രസം…!” അവള്‍ വര്‍ധിച്ച ഇഷ്ട്ടത്തോടെ, സാവധാനം ഗ്ലാസ് ശൂന്യമാക്കി. “ഓഹോ…തീര്‍ത്തോ…” മാത്യു ചോദിച്ചു. “അയ്യോ കിക്കാവുമോ പപ്പാ?” “ഏയ്‌..ഇല്ല മോളേ…അതിന് ഒട്ടും ലഹരിയില്ല…” “ഷെല്ലീം കുടിക്കുന്നെ ഇതല്ലേ…” “പിന്നെയല്ലേ…” ഷെല്ലി ചിരിച്ചു. “എന്നെത്തിനാ ചിരിക്കുന്നെ?” മിനി ചോദിച്ചു. “അപ്പം ഞാന്‍ കുടിച്ചത് അല്ല ഷെല്ലി കുടിച്ചേ? സ്ട്രോങ്ങ്‌ ആയതാ കുടിച്ചത് അല്ലേ?” എല്ലാവരും ചിരിച്ചു. ലജ്ജയോടെയാണെങ്കിലും സൂസന്നയും അല്‍പ്പാല്‍പ്പമായി കുടിച്ചിറക്കി ഗ്ലാസ് കാലിയാക്കി. എല്ലാവരുടെയും ഗ്ലാസ്സുകള്‍ ഒഴിഞ്ഞു. ജോസ്‌ ചേട്ടന്‍ എല്ലാവരുടെയും ഗ്ലാസ്സുകള്‍ വീണ്ടും നിറയ്ക്കാന്‍ തുടങ്ങി. “ജോസ്‌ ചേട്ടാ എനിക്ക് ഇളംകള്ള് വേണ്ട,” മിനിയ്ക്ക് വേണ്ടി പ്രത്യേകമായ ബോട്ടില്‍ തുറന്നപ്പോള്‍ അവള്‍ ജോസ്‌ ചേട്ടനോട് പറഞ്ഞു. “പപ്പാ ഞാന്‍ നിങ്ങള് കുടിക്കുന്ന കള്ളു കുടിച്ചോട്ടെ?”

“അതില്‍ അധികം ആല്‍ക്കഹോളിക് കണ്‍റ്റെന്‍റ്റ് ഉണ്ട്,” മാത്യു മകളെ ഓര്‍മ്മിപ്പിച്ചു. “എങ്കിലും കുഴപ്പമില്ല. അല്‍പ്പം കഴിച്ചോളൂ,” മാത്യുവില്‍ നിന്ന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതിനാല്‍ ജോസ്‌ ചേട്ടന്‍ മിനിയുടെ ഗ്ലാസ്സിലേക്ക്‌ വീണ്ടും കള്ള് ഒഴിച്ചു. ഡൈനിംഗ് ഹാളിലേ വലിയ ജാലകങ്ങളിലൂടെ പുറത്ത് മലനിരകള്‍ പാതി വെയിലിലും പാതി ഇരുട്ടിലും നിറഞ്ഞു നില്‍ക്കുന്നത് അവരെ കാണിച്ചു കൊടുത്തു. വെളിച്ചത്തിന്‍റെ വന്‍കരകള്‍. ഇരുട്ടിന്‍റെ സമുദ്രങ്ങള്‍. ഹൈറേഞ്ച് മുഴുവന്‍ അങ്ങനെയാണ്. ലോകത്തെ ഏറ്റവും ഭംഗിയും നിഗൂഡതയും തോന്നിപ്പിക്കുന്ന മലനിരകളെ ഹൈറേഞ്ച് നിങ്ങള്‍ക്ക് കാണിച്ചു തരുന്നു. ഭക്ഷണം കഴിഞ്ഞപ്പോഴേക്കും എല്ലാ കുപ്പികളും ശൂന്യമായിരുന്നു. “ഷെല്ലി എനിക്ക് ബൂസ് ആയി എന്ന്‍ തോന്നുന്നു,” മിനി മറ്റാരേയും കേള്‍പ്പിക്കാതെ ഷെല്ലിയോട് മന്ത്രിച്ചു. “പ്രശ്നമുണ്ടോ?” അവന്‍ ആകാംക്ഷയോടെ ചോദിച്ചു. “ഏയ്‌…നോ…എ ഫീലിംഗ് ഓഫ് ഫ്ലോട്ടെഡ്…ഇന്‍റ്റു ദ തിന്‍ എയര്‍…” അവള്‍ പറഞ്ഞു. അവളുടെ നാവ് അല്‍പ്പം കുഴഞ്ഞിരുന്നത് അവന്‍ ശ്രദ്ധിച്ചു. “എന്താ മോളെ?” മാത്യു ചോദിച്ചു. “നതിംഗ് പപ്പാ,” അവള്‍ പുഞ്ചിരിച്ചു. അവര്‍ എല്ലാവരും കൈ കഴുകി വന്നു. പിന്നെ ഹാളിലേക്ക് പോയി. “എന്‍റെ ജോസ്‌ ചേട്ടാ,” മാത്യു പറഞ്ഞു. “സൂസന്ന ചേച്ചീടെ മേക്കിംഗ് ആണോ കപ്പേം കറീം ഒക്കെ?” സൂസന്ന പെട്ടെന്ന് ജോസ്‌ ചേട്ടനെ നോക്കി. “എല്ലാം ഇവള്ടെയാ സാറേ…” അയാള്‍ പറഞ്ഞു. “ഇവള് ഒരു ദിവസം എങ്കിലും വീട്ടി ഇല്ലേല്‍ എന്നാ വിഷമം ആന്നറിയാമോ എനിക്കും പിള്ളേര്‍ക്കും…” ജോസ്‌ ചേട്ടന്‍ പറഞ്ഞു. സൂസന്നയുടെ കവിളുകള്‍ ലജ്ജകൊണ്ടും സന്തോഷം കൊണ്ടും ചുവന്നു. “യെസ്..ജോസ്‌ ചേട്ടന്‍ പറഞ്ഞത് ഫുള്‍ കറക്റ്റാ…” തല കുടഞ്ഞുകൊണ്ട് മിനി പറഞ്ഞു.

“വീട്ടില്‍ വൈഫ് വേണം..അമ്മ വേണം… ആണുങ്ങക്ക് വിഷമം വരുന്നേനു കാരണം വൈഫ് ഇല്ലാത്തതാണേല്‍..കുഞ്ഞുങ്ങക്ക് വിഷമം വരുന്നേനു കാരണം അമ്മ അടുത്തില്ലാത്തതാണേല്‍…ആ ആണ് നല്ല ഒരാണ് ആരിക്കും…ആ മക്കള്‍ നല്ല മക്കള്‍ ആരിക്കും…അല്ലേ? അല്ലേ ഷെല്ലി…? ഓണ്‍ലി വി ബോത്ത്‌ നോ ഇറ്റ്‌….” സൂസന്ന ദേഷ്യപ്പെടുന്ന രീതിയില്‍ ജോസ്‌ ചേട്ടനെ നോക്കി. അവര്‍ മിനിയുടെ തലമുടിയില്‍ തഴുകി. പെട്ടെന്നുണ്ടായ ഒരു വികാരത്തള്ളിച്ചയില്‍ അവള്‍ സൂസന്നയുടെ മാറിലേക്ക് ചാഞ്ഞു. സൂസന്ന മിനിയെ തന്നോട് ചേര്‍ത്തു. അവരുടെ തഴുകലിന്‍റെ സാന്ത്വനത്തില്‍ മിനിയുടെ മിഴികള്‍ നനഞ്ഞു. “കിക്കിന്‍റെയാണ്,” വിഷമത്തോടെ മിനിയെ നോക്കിയ മാത്യുവിനോട് ഷെല്ലി പറഞ്ഞു. “മിനി ഇതൊക്കെ ആദ്യായിട്ടല്ലെ?” “പപ്പാ മനസ്സ് വെച്ചാ എനിക്ക് ഇഷ്ടംപോലെ മമ്മിമാരെ കിട്ടും ആന്റ്റി,” സൂസന്നയുടെ കരവലയത്തില്‍ അമര്‍ന്നിരുന്ന് മിനി പറഞ്ഞു. “ആന്റ്റിക്കറിയോ..കേട്ടോ ജോസ്‌ ചേട്ടാ…എത്ര സുന്ദരിപ്പെമ്പിള്ളേരാ പപ്പാടെ പൊറകെ നടക്കുന്നേന്ന്‍ അറിയാവോ…എങ്ങനെ നടക്കാതിരിക്കും…നോക്കിക്കേ എന്ത് സുന്ദരനാ എന്‍റെ പപ്പാ….അല്ലേ ആന്‍റി?” സൂസന്ന വീണ്ടും അവളെ ചേര്‍ത്ത് പിടിച്ചു. സൂസന്നയ്ക്ക് അവളുടെ ചോദ്യത്തിന് മുമ്പില്‍ മാത്യുവിനെ നോക്കാതിരിക്കാനും കഴിഞ്ഞില്ല. “എല്ലാരേം വേണ്ട…” മിനി വീണ്ടും പറഞ്ഞു. “ഒരു മാളവിക മാഡം ഉണ്ട്. ആ ആന്റീടെ ഒരു നോട്ടം കിട്ടാന്‍ വേണ്ടി ജെന്റ്സ് ഒക്കെ തപസിരിക്കുവാ. ആ ആന്‍റി പപ്പാടെ പൊറകെ നടക്കാന്‍ തൊടങ്ങീട്ട് എത്ര കാലം ആയീന്നറിയാവോ? ആ ആന്‍റി അമ്പലത്തി പോകുന്ന തന്നെ പപ്പായെ കിട്ടാന്‍ പ്രാര്‍ഥിക്കാനാ…” ഷെല്ലി അദ്ഭുതത്തോടെ മാത്യുവിനെ നോക്കി. ജോസ്‌ ചേട്ടനും സൂസന്ന ചേച്ചിയും. “അതെന്നതാ സാറേ?” സൂസന്ന ചോദിച്ചു. “പപ്പാ പറയത്തില്ല ആന്‍റി,” മിനി തുടര്‍ന്നു.

“ഞങ്ങടെ നൈബറാ. ഹൈദരാബാദില്‍. ബന്‍ജാരാ ഹില്‍സില്‍. സ്വന്തവായി ഒരു കമ്പനിയുണ്ട്. ഐ ടി. പണ്ട് മമ്മിയുണ്ടാരുന്നപ്പം മുതലേ ഞങ്ങള് നല്ല ഫ്രണ്ട്സാ. എപ്പഴും വീട്ടില്‍ ഒക്കെ വരും ഞാനും ആന്‍റിടെ വീട്ടില്‍ ഒക്കെ പോകും. ഒരു ദിവസം ആന്‍റി ചോദിച്ചു. മോളെ ഞാന്‍ മോള്‍ടെ മമ്മിയാകട്ടെ? എനിക്കെന്താ പറയാന്ന് ഒരു രൂപോം കിട്ടില്ല. എന്തൊക്കെയോ ഒരു വല്ലാത്ത ഫീല്‍…ഞാന്‍ ആന്‍റിയെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു..അല്ലാതെന്ത് ചെയ്യും? ഞാനെന്നേ അതൊക്കെ ആഗ്രഹിക്കുനതാണ്! അറിയാവുന്ന നല്ല നേച്ചര്‍ ഉള്ള, നല്ല ഭംഗിയുള്ള ലേഡീസിനെ ആരെക്കണ്ടാലും ഞാന്‍ അവരെ പപ്പാടെ കൂടെ സങ്കല്‍പ്പിക്കും….അപ്പഴാ നല്ല തങ്കം പോലത്തെ മാളവിക ആന്‍റി ഇങ്ങോട്ട് നേരിട്ട് പ്രൊപ്പോസ് ചെയ്യുന്നേ. അപ്പത്തന്നെ പിടിച്ച് കെട്ടിക്കാന്‍ എനിക്ക് തോന്നി…പക്ഷെ പപ്പാ ഔട്ട്‌ റൈറ്റ് ആയി അതങ്ങ് റിജക്റ്റ് ചെയ്തു…” “അതൊക്കെ പോട്ടെ..” മാത്യു എഴുന്നേറ്റു. “ഇത്രേം നല്ല സൂപ്പര്‍ ഫുഡും അതിലും സൂപ്പര്‍ കള്ളും കുടിച്ചത് ഇങ്ങനെ സെന്റി ആകാനാണോ…ജോസ്‌ ചേട്ടാ…ഞാന്‍ ഷെല്ലി ആരാന്ന് പറഞ്ഞാരുന്നോ?” മിനിയുടെ മുഖം പെട്ടെന്ന് ചുവന്നു. ഷെല്ലിയുടെ മുഖത്തേക്കും ലജ്ജയുടെ ശോഭ കടന്നുവന്നു. “ഏതാണ്ടൊക്കെ ഒരു ധാരണ ഒണ്ട് സാറേ,” ജോസ്‌ ചേട്ടന്‍ പറഞ്ഞു. “അച്ചായന് ഏതാണ്ടൊക്കെ ധാരണയേയൊള്ളോ…? എനിക്ക് ഫുള്‍ ധാരണ ഒണ്ട്,” മിനിയുടെ തലമുടിയില്‍ തലോടിക്കൊണ്ട് സൂസന്ന പറഞ്ഞു. “ഷെല്ലി നല്ല ഒന്നാന്തരം പ്രാസംഗികനാ. രാഷ്ട്രീയക്കാരനാ…പിന്നെ പാട്ട് പാടും…മോള്‍ടെ കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍..ഇവരുടെ പാര്‍ട്ടീടെ ചെയര്‍മാന്‍ എന്നൊക്കെ പറയുമ്പം അറിയാല്ലോ…” “എന്‍റെ മോള്‍ക്ക് ഇഷ്ടമാ ഷെല്ലിയെ…എല്ലാക്കാര്യോം ആദ്യം തൊട്ട് മോള്‍ പറയുവാരുന്നു. മോള്‍ടെ ഒരു ഇഷ്യൂ സോള്‍വ് ചെയ്തത് ഷെല്ലിയാ…ഇവരുടെ പഠിപ്പൊക്കേ കഴിഞ്ഞ്…. എനിക്ക് മോളെപ്പോലെ ഒരു മോനും കൂടെ…ന്ന്വച്ചാല്‍ മോളെ കല്യാണം കഴിക്കുന്നയാള്‍…” “പപ്പാ…” ആത്മാവില്‍ ചുണ്ടുകള്‍ ചേര്‍ത്തിട്ടെന്നപോലെ മിനി വിളിച്ചു. അവള്‍ സൂസന്നയുടെ മാറില്‍ മുഖം ചേര്‍ത്തു. “അയ്യോ ഇത്രേം നാണം ഒക്കെയുള്ള ആളെങ്ങനെയാ പ്രേമിക്കുന്നെ?” “രണ്ടുപേരും പാട്ടുകാരല്ലേ?” ജോസ്‌ ചേട്ടന്‍ ചോദിച്ചു.

“എന്നാ രണ്ട് പേരും കൂടി ഒരു പാട്ടങ്ങാ പാടിക്കേ,” “പാട് മോളെ,” മാത്യു പ്രോത്സാഹിപ്പിച്ചു. “മലയാളം പാട്ട് ഒത്തിരിയൊന്നും അറിയില്ല എനിക്ക്,” അവള്‍ ആലോചിച്ചു. “ഷെല്ലീം കൂടെപ്പാടില്ലേ?” “നോക്കാം,” അവന്‍ പുഞ്ചിരിച്ചു. “ഒരു പാട്ടെനിക്ക് ഇഷ്ടവാ…” അവള്‍ പറഞ്ഞു. “സ്റ്റാര്‍ട്ട് ചെയ്തോ..” ഷെല്ലി പറഞ്ഞു. മിനി എല്ലാവരെയും നോക്കി “തങ്കതേരില്‍ ശരത്ക്കാലം…തിങ്കള്‍ക്കൊമ്പില്‍ പറന്നേറി…” ജോസ്‌ ചേട്ടനും സൂസന്നയും അദ്ഭുതപ്പെട്ടു പരസ്പ്പരം നോക്കി. പ്രണയതീക്ഷണത കത്തുന്ന അവളുടെ നോട്ടത്തിലേക്ക് അവനു കണ്ണുകളയക്കാതിരിക്കാനായില്ല. അവന്‍റെ കണ്ണുകളിലേക്ക് നോക്കി മന്ത്രശുദ്ധിയുള്ള സ്വരത്തില്‍ അവള്‍ പാടി. സ്വയമലിഞ്ഞ്, ലയിച്ച്, പ്രണയത്തില്‍ ജ്വലിച്ച് അവള്‍ പാടി. തുടര്‍ച്ച അവനും. പാട്ടിലെ വരികള്‍ പോലെ മനസ്സുകളെ നനയിക്കുന്ന പാട്ടിന്‍റെ നാദഭംഗിയില്‍ സ്വയം മറന്ന്‍ അവര്‍ ഗാനമാസ്വദിച്ചു. മാത്യുവിന്‍റെ ഫോണ്‍ അപ്പോഴാണ്‌ ശബ്ദിച്ചത്. അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അതിനുശേഷം അയാള്‍ അവരെ നോക്കി. “എന്താ പപ്പാ?” മിനി ചോദിച്ചു. ട്രിവാന്‍ഡ്രത്ത് എത്തണം ഉടനെ ..നമ്മുടെ നെടുമാങ്ങാടുള്ള ഓഫീസില്‍… ” അയാള്‍ പറഞ്ഞു.

Comments:

No comments!

Please sign up or log in to post a comment!