ഗോപാലന്റെ ക്രിസ്മസ് ചാക്കോയുടെയും!

(സുനിലിന്റെ ആരാധന എന്ന കഥ വായിച്ചതില്‍ നിന്നുണ്ടായ പ്രചോദനം ആണ് ഈ കഥ; നന്ദി സുനില്‍)

“ചേട്ടാ..നാളെ ക്രിസ്മസ് ആണ്..പിള്ളേര്‍ക്ക് ഇറച്ചി വേണമെന്ന് ഒരേ നിര്‍ബന്ധം..നാളെ ഉച്ചയ്ക്ക് വയ്ക്കാന്‍ അരി പോലും ഇവിടില്ല..നമ്മളെന്ത് ചെയ്യും?”

പായയില്‍ അവശനായി കിടക്കുന്ന ഗോപാലന്റെ അരികിലിരുന്ന് സുമതി ദുഖത്തോടെ ചോദിച്ചു. ഒമ്പതും ഏഴും വയസുള്ള മകളും മകനും പുറത്ത് കളിക്കുകയാണ്; എന്നത്തേയും പോലെ രാവിലെ പഴങ്കഞ്ഞി കുടിച്ച ശേഷം. അരവയര്‍ കഞ്ഞി പോലും കുടിക്കാന്‍ തനിക്ക് കിട്ടുന്നില്ലെങ്കിലും കിടപ്പിലായ ഭര്‍ത്താവിന്റെ ആരോഗ്യം തിരികെ കിട്ടാനായി അവള്‍ ഉള്ളത് കൊണ്ട് അയാളെയും മക്കളെയും തൃപ്തിപ്പെടുത്താന്‍ പെടാപ്പാട് പെടുകയാണ്. ഗോപാലന് അതറിയാം.

കൂലിപ്പണിക്കാരനായ അയാള്‍ കിടപ്പിലാകാന്‍ കാരണം ഒരു പുതുതലമുറക്കാരന്റെ അശ്രദ്ധമായ ഡ്രൈവിംഗ് ആയിരുന്നു. സൈക്കിളില്‍ വീട്ടിലേക്ക് വേണ്ട അരിയും പച്ചക്കറികളും വാങ്ങി വരുകയായിരുന്ന ഗോപാലനെ വണ്ടി ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച അബു എന്ന യുവാവിന്റെ കാര്‍ തട്ടിത്തെറിപ്പിച്ചു. അവന്‍ വണ്ടി നിര്‍ത്താതെ സ്ഥലം വിട്ടുപോകുകയും ചെയ്തു. ഗോപാലന്റെ സൈക്കിള്‍ രണ്ടായി ഒടിഞ്ഞുപോയി. ദൈവാധീനം മൂലം ഒടിവോ മറ്റു വലിയ പരുക്കുകളോ അയാള്‍ക്ക് സംഭവിച്ചില്ല. പക്ഷെ വീഴ്ചയില്‍ നടുവിന് ചതവ് സംഭവിച്ചിരുന്നു. രണ്ടു മാസം എങ്കിലും റസ്റ്റ്‌ എടുക്കണം എന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.

അന്നന്നത്തെ വരുമാനം കൊണ്ട് ഓരോ ദിവസവും മുന്‍പോട്ടു നീക്കിയിരുന്ന ആ കുടുംബത്തിന് ഇതുമൂലം നിത്യവൃത്തിക്ക് പോലും മാര്‍ഗ്ഗമില്ലാതായി. ഗോപാലന്‍ കിടപ്പിലായതോടെ കടം വാങ്ങിയാണ് ചികിത്സ തുടര്‍ന്നതും വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നതും. ഇപ്പോള്‍ കടം വാങ്ങാനും നിവൃത്തിയില്ലാതയിരിക്കുന്നു. എല്ലാ ക്രിസ്മസിനും മക്കള്‍ക്ക് പടക്കവും പൂത്തിരിയും ഇറച്ചിയും മീനും കൂട്ടിയുള്ള ഊണും ഒരുക്കുന്ന ഗോപാലന്‍ ഇത്തവണ തന്റെ പരിതാപകരമായ അവസ്ഥ ഓര്‍ത്ത് ദുഖത്തോടെ കിടന്നു. ഒരു നേരത്തെ അരി മാത്രമാണ് ഇനി ബാക്കിയുള്ളത്. നാളിതുവരെ ആരുടെ മുന്‍പിലും കെഞ്ചിയിട്ടില്ലാത്ത തനിക്ക് ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണം. താന്‍ കിടപ്പിലായതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും വീട്ടില്‍ വരാതായി. വന്നാല്‍ തന്‍റെ ഈ സ്ഥിതി കണ്ടു വല്ലതും തരേണ്ടി വരുമോ എന്ന പേടിയാകും അവര്‍ക്ക്.

“വിഷമിക്കാതെടി..ദൈവം ഒരു വഴി കാണിക്കും.

.എന്റെ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കില്ല..എനിക്ക് ഒറപ്പാ..” അയാള്‍ കണ്ണുകള്‍ തുടച്ചു.

പക്ഷെ ബാക്കി ഉണ്ടായിരുന്ന അരി വൈകിട്ട് വച്ച് തീര്‍ന്നതോടെ രാവിലെ കഴിക്കാന്‍ സുമതി സ്വന്തം അത്താഴത്തില്‍ നിന്നും മിച്ചം പിടിച്ച രണ്ടുതവി പഴങ്കഞ്ഞി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ കുളിച്ചൊരുങ്ങി വന്ന മക്കളെ നോക്കി ആ അമ്മയുടെ മനസു തേങ്ങി.

ഈ സമയത്ത് തൊട്ടടുത്ത ചാക്കോയുടെ വീട്ടില്‍ പ്രഭാത ഭക്ഷണം വിളമ്പുകയായിരുന്നു ഭാര്യ മേരി.

“മമ്മി..എനിക്ക് അപ്പം വേണ്ട..ഐ നീഡ്‌ സാന്ഡ്വിച്ച്..” മൊബൈലില്‍ സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്ന മൂത്തമകള്‍ ഷെറിന്‍ പ്ലേറ്റ് തള്ളി നീക്കിക്കൊണ്ട് പറഞ്ഞു. അപ്പവും മട്ടന്‍ കറിയും വിളമ്പിയ മേരി കോപത്തോടെ അവളെ നോക്കി.

“എനിക്ക് പൂരി വേണം..” ടിവിയില്‍ രാവിലെ തന്നെ കാര്‍ട്ടൂണ്‍ കാണാന്‍ തുടങ്ങിയ മകന്‍ ഷോണ്‍ ആയിരുന്നു ആ ആവശ്യത്തിന്റെ ഉടമ. മേരിക്ക് പെരുവിരല്‍ മുതല്‍ കലികയറി.

“പിള്ളേരെ കളിക്കല്ലേ..വേണേല്‍ എടുത്ത് കഴിക്ക്..മനുഷ്യന്‍ പാടുപെട്ട് എല്ലാം ഉണ്ടാക്കി വച്ചപ്പോള്‍ അവരുടെ അഹങ്കാരം കണ്ടില്ലേ..”

“മമ്മി തന്നെ കഴിച്ചോ..ഞങ്ങള്‍ക്ക് വേണ്ട..” ഷെറിന്‍ ഫോണുമായി അവളുടെ മുറിയിലേക്ക് പോയി.

“എന്താടി രാവിലെ ബഹളം?” ആഹാരം കഴിക്കാനായി വന്ന ചാക്കോ ചോദിച്ചു.

“ദേ കണ്ടില്ലേ ഈ പിള്ളേരുടെ അഹങ്കാരം..രണ്ടിനും അപ്പോം കറീം വേണ്ടാന്ന്…അവള് ദാ പിണങ്ങിപ്പോയി…” മേരി ദേഷ്യത്തോടെ പറഞ്ഞു.

“എടാ നിനക്ക് വേണോ?” ചാക്കോ മകനോട്‌ ചോദിച്ചു.

“നോ..എനിക്ക് പൂരി മതി..” ഷോണ്‍ അയാളെ നോക്കാതെ തീര്‍ത്ത്‌ പറഞ്ഞു. അയാള്‍ നേരെ മകളുടെ മുറിയില്‍ എത്തി.

“എടി പെണ്ണെ..നീ കഴിക്കാന്‍ വരുന്നോ..”

“എനിക്ക് വേണ്ട..സാന്ഡ്വിച്ച് ഉണ്ടാക്കിയാല്‍ എന്താ ഈ മമ്മിക്ക്..ഹും..” അവള്‍ തിരിഞ്ഞു കിടന്നു.

“ശരി..മോള് സാന്ഡ്വിച്ച് കഴിച്ചാല്‍ മതി…”

ചാക്കോ നേരെ മുറിയിലെത്തി ഉടുപ്പിട്ട ശേഷം ഡൈനിംഗ് മുറിയില്‍ എത്തി.

“എടീ..നീ വച്ചതെല്ലാം പത്രങ്ങളില്‍ എടുക്ക്..മൊത്തം..” അയാള്‍ ഭാര്യയോട് പറഞ്ഞു.

“എന്തിനാ മനുഷ്യാ..കഴിക്കണ്ടേ..” മേരി കാര്യം മനസിലാകാതെ ചോദിച്ചു.

“പറഞ്ഞത് കേള്‍ക്കടി….”

അവള്‍ അപ്പവും കറിയും കേക്കും പഴവും എല്ലാം പാത്രങ്ങളില്‍ ആക്കി.  രാവിലെ തന്നെ ക്രിസ്മസ് പ്രമാണിച്ച് രണ്ടെണ്ണം വീശിയിട്ട്‌ നില്‍ക്കുന്ന കണവന്‍ ഇനി പറഞ്ഞതുപോലെ ചെയ്തില്ലെങ്കില്‍ അത് മതി പുകിലുണ്ടാക്കാന്‍.
മൊത്തം സാധനങ്ങളും അവള്‍ നാല് പത്രങ്ങളില്‍ ആക്കി അടച്ചു. അതില്‍ രണ്ടെണ്ണം ചാക്കോ എടുത്തു.

“ബാക്കി നീയും എടുക്ക്..എന്നിട്ട് വാ….”

മേരി കാര്യം മനസിലാകാതെ അയാളുടെ പിന്നാലെ ഇറങ്ങി.

“ഇതെങ്ങോട്ടാ..കളയാന്‍ പോവ്വാണോ?’ മേരി എന്താണ് ചാക്കോയുടെ പരിപാടി എന്ന് മനസിലാകാതെ ചോദിച്ചു.

“നീ വാടി..”

അയാള്‍ നേരെ ഗോപാലന്റെ വീട്ടിലേക്ക് നടന്നു. മേരിക്ക് കാര്യത്തിന്റെ പോക്ക് മനസിലായി. അവളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. ഗോപാലന് സുഖമില്ലാതെ കിടക്കുകയാണ് എന്നുള്ള കാര്യം അവള്‍ സത്യത്തില്‍ മറന്ന് പോയിരുന്നു. അവര്‍ ചെല്ലുമ്പോള്‍ കുഞ്ഞുങ്ങളുടെ മുന്‍പില്‍ വച്ച സ്റ്റീല്‍ പാത്രത്തില്‍ പഴങ്കഞ്ഞി വിളമ്പുകയാണ്‌ സുമതി. എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും സ്വന്തം കണ്ണുനീര്‍ തടയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. മനസ് തകര്‍ന്നിരിക്കുന്ന ആ അമ്മയുടെ കണ്ണീര്‍ ആ പഴങ്കഞ്ഞി പാത്രങ്ങളിലേക്ക് വീഴുന്നത് കണ്ടുകൊണ്ടാണ് ചാക്കോ ഉള്ളിലേക്ക് കയറിയത്.

“ഹിതെന്നാ പണിയാടി സുമതി..ക്രിസ്മസ് ആയിക്കൊണ്ട് കൊച്ചുങ്ങള്‍ക്ക് പഴങ്കഞ്ഞിയോ..അതങ്ങോട്ട് മാറ്റടി..”

ചാക്കോ അവളോട്‌ തട്ടിക്കയറി.  സുമതി നിറ കണ്ണുകളോടെ അയാളെ നോക്കി. കണ്ണുനീര്‍ കരണം ചാക്കോയുടെ മുഖം അവള്‍ക്ക് സ്പഷ്ടമായിരുന്നില്ല.

“ഹായ് ചാക്കോ അങ്കിള്‍..” കുട്ടികള്‍ സന്തോഷത്തോടെ തുള്ളിച്ചാടി. ഇടയ്ക്കിടെ അവര്‍ക്ക് അയാള്‍ പലതും വാങ്ങി കൊടുക്കാറുണ്ട്. ഗോപാലനും ചാക്കോയുടെ ശബ്ദം കേട്ടു. നല്ല അയല്‍ക്കാരനായ ചാക്കോ എന്താവശ്യത്തിനും സമീപിക്കാവുന്ന ആളാണ്‌. പക്ഷെ അഭിമാനിയായ ഗോപാലന്‍ ആരോടും അങ്ങോട്ട്‌ ചെന്നു സഹായം ചോദിക്കില്ല. അത് ചാക്കോയ്ക്കും അറിയാം.

“ഇങ്ങോട്ട് വക്കടി മേരി..കോവാലന്‍ എന്തിയെ..എടാ കോവാലാ..വാടാ..” ചാക്കോ ഉള്ളിലേക്ക് നോക്കി വിളിച്ചു.

മേരി ഉള്ളില്‍ കയറി പാത്രങ്ങള്‍ നിലത്ത് വച്ച ശേഷം സുമതിയുടെ കൈയില്‍ പിടിച്ചു.

“വാ സുമതി..നമുക്ക് കഴിക്കാനുള്ളത് ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്..ഇന്ന് ക്രിസ്മസ് നിങ്ങളുടെ കൂടെയാണ്…” അവള്‍ പറഞ്ഞു.

സുമതിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അത് മനസ് നിറഞ്ഞുള്ള സന്തോഷം കൊണ്ടായിരുന്നു. ചാക്കോ ചെന്നു ഗോപാലനെ എഴുന്നേല്‍പ്പിച്ച് കൊണ്ടു വന്നിരുത്തി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. കണ്ണുകള്‍ തുടച്ച് എഴുന്നേറ്റ സുമതി അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കൊണ്ടുവന്നു നിരത്തി.

“യ്യോ ചാക്കോച്ചായന്‍ നിലത്തിരിക്കുമോ.
.” അവള്‍ പാത്രം വയ്ക്കുന്നതിനിടെ ചോദിച്ചു.

“അതെന്നാടി ഇരുന്നാല്‍..എനിക്കെന്നാ മൂലക്കുരു ഉണ്ടോ?’

“ഈ ഇച്ചായന്‍..വായ്ക്ക് ഒരു ലൈസന്‍സും ഇല്ല” മേരി അയാളെ നുള്ളി. ഗോപാലന്‍ സുഖമില്ലാത്ത അവസ്ഥയിലും ചിരിച്ചു.

“പിള്ളേര്‍ എന്തിയെ ചാക്കൊച്ചാ…” അവന്‍ ചോദിച്ചു.

“അയ്യോ രണ്ടും അവിടുണ്ട്..ഇങ്ങോട്ട് വെളമ്പടി….” ചാക്കോ മേരിയോടു പറഞ്ഞു. അവര്‍ എല്ലാവര്‍ക്കും വിളമ്പി. കുട്ടികളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നിരുന്നു.

“കഴിക്ക് മക്കളെ..വയറു നിറച്ച് കഴിക്ക്…ഇനി കോവാലന് പണിക്ക് പോകാന്‍ ആകുന്നത് വരെ ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത് ഞാന്‍ തരും..രണ്ടുപേരും വേണ്ടാന്ന് പറയരുത്…കേട്ടല്ലോ..” ചാക്കോ ഗോപാലനേയും സുമതിയെയും നോക്കിയാണ് അത് പറഞ്ഞത്.

അവര്‍ക്ക് മനസ്‌ നിറഞ്ഞു തുളുമ്പിയതിനാല്‍ പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല.

“എടി മേരി..കര്‍ത്താവ് ജനിച്ചത് പശുത്തൊഴുത്തില്‍ ആണ്..അവിടെ മാത്രമേ അവന്‍ കാണൂ..നമ്മുടെ ആ കോണ്ക്രീറ്റ് മാളികയില്‍ അവനില്ലടി…ഈ സന്തോഷം നമുക്ക് അവിടെ കിട്ടുമോ….” അയാള്‍ ഭാര്യയോട്‌ ചോദിച്ചു. അവള്‍ പുഞ്ചിരിച്ചതെ ഉള്ളു.

“അയ്യാ..അങ്ങനെ ഞങ്ങളെ പട്ടിണി ഇടാമെന്ന് കരുതണ്ട… ദുഷ്ടന്‍ പപ്പാ….സുമതി ആന്റി ഞങ്ങള്‍ക്കും വേണം..”

ഷെറിനും ഷോണും ചാടിക്കയറി ഇരുന്നുകൊണ്ട് പറഞ്ഞു.

“പോടീ..നീയും പോടാ..രണ്ടിനും ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കരുത്..” ചാക്കോ പറഞ്ഞു.

“പോ ഇച്ചായാ..അവര് പിള്ളേരല്ലേ….”

സുമതി അവരുടെ പാത്രത്തിലെക്കും അപ്പവും കറിയും ഒഴിച്ചുകൊണ്ട് പറഞ്ഞു…..ഈ സമയത്ത് സ്വര്‍ഗ്ഗത്തില്‍ നിന്നും ആയിരം കണ്ണുകള്‍ ആ വീട്ടിലേക്ക് അസൂയയോടെ നോക്കുന്നുണ്ടായിരുന്നു…

Comments:

No comments!

Please sign up or log in to post a comment!