The Shadows 11
Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 |
ഏത് ബോസ് ?..”
ആകാംഷയോടെ രഞ്ജൻ ചോദിച്ചു.
“ക്രിസ്റ്റീഫർ.”
സുധി ആ പേരുപറഞ്ഞപ്പോൾ രഞ്ജനും അനസും മുഖത്തോടുമുഖം നോക്കി.
“എന്നിട്ട്..”
“രണ്ടുദിവസം ഞാനവളെ ഫോളോ ചെയ്തു. ഒന്നുപരിചയപ്പെടാൻ കുറെ അവസരങ്ങൾ നോക്കി പക്ഷെ നടന്നില്ല. ഒടുവിൽ കാക്കനാട് ജംഗ്ഷനിൽനിന്നും ആലിഞ്ചുവട്ടിലേക്ക് പോകുകയായിരുന്ന അവൾക്ക് ഞാനൊരു കെണിവച്ചു.”
“ഈ ക്രിസ്റ്റീഫർ എവിടത്തുകാരനാണ്.?”
ഇടയിൽ കയറി ശ്രീജിത്ത് ചോദിച്ചു.
“അറിയില്ല സർ, ഞാൻ അയാളെ കണ്ടിട്ടില്ല. ഫോണിലൂടെയുള്ള ബന്ധം മാത്രമേയുള്ളു.”
ശ്രീജിത്തിനെനോക്കി സുധി പറഞ്ഞു.
“എന്ത് കെണിയാണ് നീയവൾക്ക് വച്ചത്.?”
“സർ, എന്റെ പേഴ്‌സ് ഞാൻ അവൾ വരുന്ന വഴിയിലിട്ട് കാത്തിരുന്നു. പേഴ്‌സ് വീണുകിടക്കുന്നതുകണ്ട അവൾ കുനിഞ്ഞു നിന്ന് അതെടുത്ത ആ സമയത്ത് ഞാനവിടെക്ക് ചെന്ന് അതെന്റെ പേഴ്‌സ് ആണെന്നു പറഞ്ഞു. അവളത് തിരികെ തരികയും ചെയ്തു. പിന്നീട് അവിടെനിന്നുള്ള പരിചയമാണ് സർ.”
“നീനക്ക് എന്തിനാണ് ഇത്രയധികം പണം.?”
സംശയത്തോടെ രഞ്ജൻ ചോദിച്ചു.
“അവൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, വാച്ചുകൾ, ചെരുപ്പ്, മൊബൈൽഫോൺ അതൊക്കെ ബ്രാന്റഡ് ആണ് സർ. കൂടാതെ ബ്യൂട്ടിപാർലറിലേക്ക് ആഴ്ചയിൽ പോകുന്നതിന് പതിനായിരം രൂപവരെ ചിലവുവരും. പുറത്തുനിന്നുള്ള ഭക്ഷണം യാത്രകൾ പിന്നെ ചാരിറ്റി പ്രവർത്തനവും ചുരുക്കിപ്പറഞ്ഞാൽ ഒരുലക്ഷത്തിന്റെ അടുത്ത് ഒരു മാസം അവൾക്ക് ചിലവുണ്ട്.
കൂടുതൽ പരിചയപ്പെട്ട ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. ബോസിന്റെ അടുത്തേക്ക് ഞാനാണ് അവളെകൂട്ടികൊണ്ടുപോയത്.”
“നീയല്ലേടാ പറഞ്ഞത് ബോസിനെ നേരിട്ട് കണ്ടിട്ടില്ലായെന്ന്.? നുണപറഞ്ഞ് ഇവിടെനിന്നും തടിയൂരാൻ നോക്കിയാൽ. പുന്നാരമോനെ സുധി, നീ പിന്നെ പുറംലോകം കാണില്ല..”
ഇരിപ്പിടത്തിൽ നിന്നും അല്പം മുന്നോട്ടനീങ്ങി അനസ് സുധിയുടെനേരെ തിരിഞ്ഞു.
“ഏയ്, അനസ് കൂൾഡൗൺ. അയാൾ പറയട്ടെ.”
രഞ്ജൻ അനസിനെ സമാധാനിപ്പിച്ചു.
“ഹോമെക്‌സ് ബിൽഡേഴ്സിന്റെ സ്‌പെഷ്യൽ ഗസ്റ്റ് റൂമിൽ ചെന്നാൽ
സ്‌കൈപ്പ് വഴി വീഡിയോ കോൾ വിളിക്കാം. പക്ഷെ അയാളുടെ മുഖം മാത്രമുണ്ടാകില്ല. പകരം കഴുത്തിൽ മണികെട്ടിയ ഒരു ഗ്രേ കളർ പൂച്ചകുട്ടിയുണ്ടാകും സ്ക്രീനിൽ.”
“ലൂക്ക നിന്നെ എന്തിനാ പിടിച്ചുവച്ചിരിക്കുന്നത്.?”
“അത്, നീന മരിക്കുന്ന അന്ന് രാത്രി ഞാനവളെ കണ്ടിരുന്നു.
“നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ?” രഞ്ജൻ അതുചോദിച്ചപ്പോൾ സുധി ശിരസുതാഴ്ത്തി ഇരുന്നു.
“ചോദിച്ചതുകേട്ടില്ലേ? നിങ്ങൾതമ്മിൽ പ്രണയത്തിലായിരുന്നോ എന്ന്?” രഞ്ജന്റെ ശബ്ദം ഉറച്ചു.
“മ്..” സുധി ഒന്നുമൂളുക മാത്രമേ ചെയ്തിരുന്നൊള്ളു.
“നീയല്ലേ അവളെ കൊന്നത്.?” ശരംവേഗത്തിൽ വന്ന ശ്രീജിത്തിന്റെ ചോദ്യം കേട്ടപ്പോൾ സുധി അയാളുടെ മുഖത്തേക്ക് നോക്കി.
“നോ, സർ.. ഞാനല്ല. ഞാനല്ല അവളെ കൊന്നത്.”
“പിന്നെയാരാ?” രഞ്ജൻ ചോദിച്ചു.
“പറയാം സർ.” സുധി പതിയെ സോഫയിൽനിന്നും എഴുന്നേറ്റ് വടക്കുഭാഗത്തുള്ള ജാലകത്തിന്റെ അടുത്തേക്ക് നടന്നു.
“പേരിന് മാത്രമായിരുന്നു സർ ഹോമെക്സ് ബിൽഡേഴ്സ്.അതിന്റെ മറവിൽ ഡയമണ്ടിന്റെ ഹോൾസെയിൽ കച്ചവടമായിരുന്നു നടന്നിരുന്നത്. അതിന്റെ ഒരു ഡിസ്ട്രിബ്യൂട്ടറായിരുന്നു ഞാൻ. ഞങ്ങളിൽ പെൺകുട്ടികളായിരുന്നു അധികവും. അതിൽപ്പെട്ട ഒരാളാണ് നീന. ഡെലിവറിക്ക് ലക്ഷങ്ങൾ കൊടുത്ത് ക്രിസ്റ്റീഫർ അവരെ വളർത്തികൊണ്ടുവന്നു. നിയമത്തിനോ ഇൻകംടാക്സിനോ ഒരു പഴുതുപോലും കൊടുക്കാതെ ക്രിസ്റ്റീഫർ അയാളുടെ സാമ്രാജ്യം കെട്ടിപ്പടുത്തു. അങ്ങനെ ഇരിക്കെയാണ് ഞാനും നീനയും തമ്മിൽ പ്രണയത്തിലാകുന്നത്. ഒന്നിച്ചുള്ള ജീവിതത്തിൽ ഈ ബിസ്നസ് ദോഷം ചെയ്യും എന്നറിഞ്ഞ ഞങ്ങൾ പിന്മാറാൻ തയ്യാറായി. വിവരം ക്രിസ്റ്റീഫറെ അറിയിച്ചു. അയാൾ സമ്മതവും തന്നു. പക്ഷെ അവസാന ഒരു ഡെലിവറികൂടെ ചെയ്യണം എന്ന് അയാൾ ഞങ്ങളോടുപറഞ്ഞു.
അങ്ങനെ മുംബൈ ആസ്ഥാനമായുള്ള വർഷ ബില്യൺ ആൻഡ് എലമെന്റൽ അനലാബിന്റെ കീഴിൽ പരിശോധന നടത്തിയ 50 കോടിയുടെ ഡയമണ്ട് കൊച്ചിയിലെ ജ്വല്ലറിയിലേക്ക് എത്തിച്ചുകൊടുക്കാൻ ഞങ്ങളെ ഏല്പിച്ചു. മുംബൈയിൽനിന്നും തൃശ്ശൂരിൽ എത്തിയ ഡയമണ്ട് നീന മരിക്കുന്ന അന്ന് രാവിലെ ഞാൻ തൃശ്ശൂരിൽപോയി കളറ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് ഡയമണ്ടുമായി ഞാൻ നീനയെ കണ്ടു അന്ന് അവളോടൊപ്പം ജിനുവും ഉണ്ടായിരുന്നു. “
“ങേ, ജിനുവോ?”
“അതെ സർ, നീനയുടെ ഫ്രണ്ട് ആണ് ജിനു.
രഞ്ജൻ അനസിന്റെ മുഖത്തേക്കുനോക്കി.
“അനസേ, അവൾ നമുക്കിട്ടും പണിഞ്ഞു ല്ലേ?”
“വയനാട്ടിലേക്ക് ഒരുപോക്കുകൂടെ പോകേണ്ടിവരും അല്ലെ സർ?” പുഞ്ചിരിപൊഴിച്ചുകൊണ്ട് അനസ് ചോദിച്ചു.
“ഏയ് വേണ്ടിവരില്ല അനസേ, അവൾ ഇങ്ങോട്ട് വരും.” രഞ്ജൻ സുധിയെ നോക്കിക്കൊണ്ട് പറഞ്ഞു.
“എന്നിട്ട്?” രഞ്ജൻ വീണ്ടും ചോദിച്ചു.
“നീനക്ക് വാങ്ങിയ ചുരിദാറിന്റെ കവറിനുള്ളിൽ ഞാൻ ഡയമണ്ട് വച്ച് അവൾക്കുനേരെ നീട്ടി. അവളതും വാങ്ങി ജിനുവിനോടൊപ്പം ഹോസ്റ്റലിലേക്കുപോയി. അന്ന് രാത്രി ഒൻപതുമണിയായപ്പോൾ അവളുടെ നമ്പറിൽനിന്ന് എനിക്ക് ഒരു കോൾ വന്നു. ‘സുധി, ഇന്നുരാത്രി നമ്മൾ ഈ നഗരം വിടുന്നു. എനിക്ക് നിന്റെകൂടെ ജീവിക്കണം. എല്ലാസൗകര്യങ്ങളും ഉൾകൊള്ളിച്ചുകൊണ്ടുതന്നെ. എന്റെ കൈവശമുള്ള 50 കോടിയുടെ ഡയമണ്ട് ഞാൻ മറിച്ചു കൊടുക്കാൻ പോവാണ്. 25 കോടി താരമെന്ന് എന്നോട് ആന്ധ്രാസേട്ടു പറഞ്ഞു. ആരുമറിയാതെ യൂ കെ യിലേക്ക് പോകാൻ സേട്ടു സഹായിക്കും. യുകെയിൽ പോയി നമ്മൾ സ്വപ്നംകണ്ടപോലെ ജീവിതം അവിടെ ജീവിച്ചുതീർക്കും.’ എന്റെ ഫോണിലേക്കുവിളിച്ച അവൾക്ക് തെറ്റിപോയി ലുക്കയും കൂട്ടരും എന്റെ ഫോൺ ടാപ്പ് ചെയ്യാറുണ്ട്. വരുന്ന കോളുകൾ അവർക്കു കേൾക്കാൻ കഴിയും. അവർ കരുതിയത് ഞാനും അവളോടൊപ്പം ചേർന്നു എന്നായിരുന്നു. എനിക്ക് ഉറപ്പുണ്ടായിരുന്നു അന്നുരാത്രി നീന കൊല്ലപ്പെടുമെന്ന്. അതുകൊണ്ടുതന്നെ അന്നുരാത്രി ഞാൻ അവളെകാണാൻ പോയി. രാത്രി 11 മണിയായപ്പോഴേക്കും ഇന്ദിരാ വിമൻസ് ഹോസ്റ്റലിന്റെ മതിലുചാടി ഞാൻ പിൻവശത്തേക്ക് നടന്നു. സാധാരണ പോകാറുള്ള ജനലിന്റെ സെൻസൈഡിലേക്ക് വലിഞ്ഞുകയറി നീനയെ വിളിച്ചു. ഉടനെ വരികയും ചെയ്തു.
കാര്യത്തിന്റെ ഗൗരവം ഞാനവളെ പറഞ്ഞു മനസിലാക്കി. പക്ഷെ അപ്പോഴേക്കും അവൾ സേട്ടുവുമായി എല്ലാം പറഞ്ഞുറപ്പിച്ചിരുന്നു. ആരോ അതുവഴിവരുന്നുണ്ടെന്നു മനസിലാക്കിയ അവൾ എന്നോട് ഒരു മണിയാകുമ്പോഴേക്കും പിൻഭാഗത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഒരുമണിക്കൂറുകൂടെ ഞാൻ സെൻസൈഡിന്റെ മുകളിൽ ഇരുന്നു. പെട്ടന്ന് ആരോ ഓടിവരുന്ന ശബദം കേട്ട് ഗ്ലാസുനീക്കി ഹാളിലേക്ക് നോക്കി. മങ്ങിയ വെളിച്ചത്തിൽ അല്പം തടിയുള്ള ഒരു പെണ്കുട്ടി ഓടിപോകുന്നതുകണ്ടു. അതു നീനയല്ല എന്നുമനസിലായി. ഞാൻ ഇറങ്ങി പിൻഭാഗത്തേക്ക് നടന്നു. പതിവില്ലാതെ ഹോസ്റ്റലിന്റെ അടുക്കളഭാഗത്ത് ലൈറ്റ് കണ്ട ഞാൻ പതിയെ ഔട്ട്ഫാനിന്റെ ഇടയിലൂടെ എത്തിവലിഞ്ഞു നോക്കി. അവിടെ… അവിടെ..” പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ സുധി ചുമരിനോട് ചാരിയിരുന്നു.
“അവിടെയെന്താ സംഭവിച്ചത്?” ആകാംഷയോടെ രഞ്ജൻ ചോദിച്ചു.
“ബോധരഹിതയായികിടക്കുന്ന നീനയുടെ കഴുത്തിലേക്ക് ഷാളുകൊണ്ട് കെട്ടി ഊക്കിലേക്ക് വലിച്ചുകെട്ടുന്ന കാഴ്ച്ചയാണ് ഞാനവിടെ കണ്ടത്.” നിറമിഴികളോടെ സുധി പറഞ്ഞു.
“ആരാണ് അത്.?” രഞ്ജൻ ചോദിച്ചു.
“ലൂക്ക.” രഞ്ജന്റെ മുഖത്തേക്കുനോക്കി സുധി പറഞ്ഞു.
“വാട്ട്.
സുധിയുടെ വാക്കുകൾ കേട്ട രഞ്ജൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“അതെ സർ, ഞാൻ കണ്ടതാണ്. പിടിത്തം വിട്ട ഞാൻ പിന്നിലേക്ക് മലർന്നടിച്ചു വീണു. വീഴ്ചയിൽ അയാൾക്ക് മനസിലായി പുറത്ത് ആരോ ഉണ്ടെന്ന്. ഞാൻ വേഗം വന്നവഴിയെ ഓടി. അയാളുടെ കൈയിൽനിന്നും രക്ഷപ്പെടുക എന്ന ഒറ്റചിന്ത മാത്രമേ എന്റെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. ബൈക്ക് എടുത്ത് ഞാൻ കാക്കനാട് ഭാഗത്തേക്ക് പോയി. പക്ഷെ അവരെന്നെ പിന്തുടർന്നു. ഡിവൈഡറിൽ തട്ടി ഞാൻ വീണത് മാത്രമേ ഓർമ്മയുള്ളൂ. പിന്നെ ദേ സർ വരുന്നതുവരെ അയാളുടെ അരികിലായിരുന്നു.”
“ആ ഡയമണ്ട്സ് എവിടെ?” അനസ് ചോദിച്ചു.
“എനിക്ക് അറിയില്ല സർ, ഇതേ ചോദ്യമാണ് അവരും എന്നോട് ചോദിക്കുന്നത്. പക്ഷെ കൂടെ അടിയും ഇടിയുമായിരുന്നു.”
“അപ്പോൾ 50 കോടി വിലമതിക്കുന്ന ആ ഡയമണ്ടുകൾ മിസ്സിങ് ആയിരിക്കും. അല്ലെ?” അനസ് ചോദിച്ചു.
“മ്, മെ ബീ, ആരുടെയോ കൈകളിൽകിടന്ന് തിളങ്ങുന്നുണ്ടാകും.” രഞ്ജൻ പറഞ്ഞു.
“അവൾ കൊണ്ടുവരുന്ന ഡയമണ്ട് എങ്ങനെ നീ കളക്റ്റ് ചെയ്യുന്നത്. നിങ്ങൾ ദിവസവും കാണാറുണ്ടോ?”
“കാണാറില്ല. ഡെലിവറി ഉള്ളദിവസം ജനവാതിലിന്റെ മുകളിലെ സെൻസൈഡിൽ കിഴികെട്ടി അവൾ 12 മണികഴിഞ്ഞാൽ തൂക്കിയിടും.”
“ഓഹ് അപ്പൊ അതാണ് അവളെ സെക്കന്റ് ഫ്‌ളോറിൽ ഇടക്കിടക്ക് കാണാറുണ്ടെന്ന് അവൾ പറഞ്ഞത്.” രഞ്ജൻ സ്വയം പറഞ്ഞു.
“എന്താ സർ?” ശ്രീജിത്ത് സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
“ഏയ് ഒന്നുമില്ല.”
“ലൂക്ക വെറും ബിനാമിമാത്രമാണ് സർ. സാമ്രാജ്യം മുഴുവൻ അടക്കിവാഴുന്നത് ക്രിസ്റ്റീഫറാണ്. അയാൾ കൊല്ലാൻ പറഞ്ഞാൽ ലൂക്ക കൊല്ലും സർ, ഏത് കൊമ്പത്തുള്ളവനാണെങ്കിലും. “
“ശ്രീജിത്ത്.”
സോഫയിൽ നിന്നും എഴുന്നേറ്റ് രഞ്ജൻ ശ്രീജിത്തിനെ വിളിച്ചു.
“സർ,”
“എല്ലാം റെക്കോഡ് അല്ലെ.?”
“എസ് സർ.”
“സ്കൈപ്പിൽകണ്ട ആ പൂച്ചയെ ഗൂഗിൾ ചെയ്തുനോക്ക്. ഒരുപക്ഷേ…”
“സർ, നോക്കാം.”
“സുധിക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ടുവന്നുകൊടുക്കു. അല്പനേരം റെസ്റ്റ് എടുക്കട്ടെ.”
“സർ.”
രഞ്ജൻ തന്റെ തന്റെ ഫോണുമായി മുറിയിലേക്കുനടന്നു. ലോക്ക് തുറന്നപ്പോൾ ഭാര്യ ശാലിനിയുടെ പുഞ്ചിരിക്കുന്നമുഖം വാൾപേപ്പറിൽകണ്ട രഞ്ജൻ ഉടനെ അവൾക്കുവിളിച്ചു.
ഇടറിയ ശബ്ദത്തിൽ ഫോണെടുത്ത അവളോട് കാര്യമന്വേഷിച്ചപ്പോൾ ആദ്യം രഞ്ജന് ചിരി സഹിക്കാൻ കഴിഞ്ഞില്ല. ഓൺലൈനായി ആറുമാസം മുൻപ് വാങ്ങിയ ഡയമണ്ട് നെക്ലേസിന്റെ കണ്ണിപൊട്ടിയതാണ് അവളുടെ വിഷമത്തിനുകാരണം എന്നുമനസിലാക്കിയ രഞ്ജൻ അതിനും ഒരു പരിഹാരം ഉണ്ടാക്കി.
അപ്പോഴാണ് ശ്രീജിത്ത് മുറിയിലേക്ക് കടന്നുവന്നത്.
“സ്ക്യൂസ്‌മീ സർ.”
“പറയടോ.”
“സർ ആ പൂച്ച അമേരിക്കയിൽ കണ്ടുവരുന്ന ക്യൂറൽ വിഭാഗത്തിൽ പെട്ട ഒരിനമാണ് ഇറ്റ്സ് വെരി കോസ്റ്റ്ലി സർ. ഇതാണ് ഫോട്ടോ.”
ഡൗണ്ലോഡ് ചെയ്ത പൂച്ചയുടെ ഒരു ഫോട്ടോ ശ്രീജിത്ത് രഞ്ജന് കാണിച്ചുകൊടുത്തു.
“മ്, ഗുഡ്.”
ശ്രീജിത്ത് മുറിയിൽനിന്നും പുറത്തേക്ക് കടന്നയുടനെ രഞ്ജൻ ജിനുവിനെ ഫോണിൽ വിളിച്ച് അവളെ ഒരു വിവരം ധരിപ്പിച്ചു.
“ഹലോ, ജിനു, ഞാൻ ഡിവൈസ്‌പി രഞ്ജൻഫിലിപ്പ്. സുധീഷ് കൃഷ്ണ ഇപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്.”
“സർ എനിക്കൊന്നു കാണണം.” രഞ്ജൻ വിചാരിച്ചപോലെത്തതന്നെയായിരുന്നു ജിനുവിന്റെ മറുപടി.
“നാളെ വൈകിട്ട്, ഇങ്ങോട്ട് ഐജി ഓഫീസിൽ വരണം.”
“ശരി സർ.”
ഫോൺ കട്ട് ചെയ്ത് രഞ്ജൻ ഐജി ചെറിയാൻ പോത്തനെ വിളിച്ചു നീനയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് രേഖപെടുത്താൻ ഉണ്ടെന്ന ആവശ്യം ഉന്നയിച്ചു. ഐജിയുടെ സമ്മതം കിട്ടിയപ്പോൾ. അനസിന്റെ കൂട്ടുകരൻ സൈബർ സെല്ലിൽ ജോലിചെയ്യുന്ന ഉണ്ണിയെ രഞ്ജൻ വീണ്ടും വിളിച്ചു. ലൂക്കയുടെ നമ്പർ ഏത് ലൊക്കേഷനിലാണ് എന്ന് കണ്ടുപിടിക്കാൻ ഏല്പിച്ചുകൊണ്ട് രഞ്ജൻ കസേരയിൽ ചാരിയിരുന്നു.
ഉടനെ ഉണ്ണി തിരിച്ചുവിളിച്ചു.
“സർ, അയാളുടെ ടവർ ലോക്കേഷൻ പനമ്പള്ളിനഗറാണ് കാണിക്കുന്നത്.”
“ഓക്കെ ഉണ്ണി, താങ്ക് യൂ.”
ഫോൺ കട്ട് ചെയ്ത് രഞ്ജൻ ശ്രീജിത്തിനെയും അനസിനെയും തന്റെ മുറിയിലേക്ക് വിളിപ്പിച്ചു.
“സോ, നീനയുടെ ആത്മഹത്യയുമായി,.. അല്ല..! നീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യത്തെ പ്രതിയായ മിസ്റ്റർ ലൂക്ക ഫ്രാൻസിസ്നെ നമ്മൾ ഇന്ന് അറസ്റ്റ് ചെയ്യുന്നു. ശ്രീജിത്ത്.”
“സർ.”
“പനമ്പള്ളി നഗറിൽ ലൂക്കയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഹോട്ടലുകളോ, വീടുകളോ, മറ്റ് റിസോർട്ടുകളോ ഉണ്ടെന്നു അന്വേഷിക്കണം. ഉടനെ.”
“സർ.” ശ്രീജിത്ത് മുറിയിൽനിന്നും പുറത്തേക്കിറങ്ങി.
“അനസ്, മിനിസ്റ്റർ പറഞ്ഞ 14 ദിവസത്തിനുമുൻപേ നമുക്ക് കേസ് തെളിയിക്കാനാകും ആം ഷുവർ.”
അനസിന്റെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു. രഞ്ജൻ തന്റെ ഇടതുകൈയിൽ കെട്ടിയ വച്ചിലേക്ക് നോക്കി.
“സമയം 7.14.pm.” അരമണിക്കൂർ കഴിഞ്ഞപ്പോൾ ശ്രീജിത്ത് രഞ്ജന്റെ മുറിയിലേക്ക് കടന്നുവന്നു.
“സർ, പനമ്പള്ളി നഗറിൽ ഹിമാലയ എന്നുപേരുള്ള ഒരു റിസോർട്ട് ഉണ്ട്. ലൂക്ക അതിനുള്ളിലുണ്ട് സർ. എന്റെ ഒരു സുഹൃത്തിന്റെ അനിയൻ ആ റിസോർട്ടിൽ ജോലിചെയ്യുന്നുണ്ട്. അവനാണ് ഈ ഇൻഫോർമേഷൻ തന്നത്.”
“വിശ്വസിക്കാമോ ശ്രീ..?”
“ഉവ്വ് സർ, ഞാൻ വീണ്ടും മറ്റൊരാളോടുകൂടെ ചോദിച്ചു കൺഫോം ചെയ്തതാണ്. മാത്രമല്ല അയാളുടെ ബിഎംഡബ്ല്യു ആ റിസോർട്ടിലെ പാർക്കിങ് ഏരിയയിൽ ഉണ്ടെന്ന് സെക്യൂരിറ്റികാരനും പറഞ്ഞു സർ.”
“മ്, ഗുഡ് ജോബ്. ഓക്കെ ഗയ്‌സ്, ലെറ്റ്സ് ഗൊ.” രഞ്ജൻ കസേരയിൽ നിന്നും എഴുന്നേറ്റു.
“സർ, സുധി..?”
സംശയത്തോടെ അനസ് ചോദിച്ചു.
“അവനെയുമെടുത്തോ, സ്റ്റേഷനിൽ കൊണ്ടുചെന്നാക്കാം.” രഞ്ജൻ മുറിയിൽനിന്നും പുറത്തേക്കിറങ്ങി.
അല്പസമയം കഴിഞ്ഞപ്പോൾ അനസും ശ്രീജിത്തും സുധിയെയുംകൂട്ടി വീടിനു പുറത്തേക്കിറങ്ങി. രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്തു. ശ്രീജിത്ത് സുധിയെയും കൂട്ടി പിൻസീറ്റിലേക്ക് കയറി. അനസ് രഞ്ജന്റെ കൂടെ മുൻസീറ്റിൽ കയറിയിരുന്നു.
ഹെഡ്‌ലൈറ്റ് ഓൺചെയ്ത് ഗിയർമാറ്റി രഞ്ജൻ കാർ മുന്നോട്ടെടുത്തു.
സ്റ്റേഷനിൽ സുധിയെ കൊണ്ടുചെന്നാക്കിയിട്ട് അനസ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരനെയും കൂട്ടി സ്റ്റേഷനിലെ ജീപ്പെടുത്ത് പനമ്പള്ളി നഗറിലേക്ക് രഞ്ജനോടൊപ്പം യാത്രതിരിച്ചു.
ഹിമാലയ എന്നുപേരുള്ള പനമ്പള്ളിനഗറിലെ റിസോർട്ടിനു കുറച്ചപ്പുറത്ത് അനസ് ജീപ്പ് ഒതുക്കിനിറുത്തി. മഫ്തിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരനെയും ജീപ്പിനൊപ്പം നിറുത്തി. രഞ്ജൻ തന്റെ ബെലേനോ കാർ റിസോർട്ടിനുള്ളിലേക്ക് കയറ്റി പാർക്കിങ്ങിൽ ഏരിയയിൽ കാർ പാർക്കുചെയ്തു. പക്ഷെ അവിടെ ലൂക്കയുടെ കാറിനെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സെക്യൂരിറ്റികാരനോട് ചോദിച്ചപ്പോൾ ഒരു ചെറുപ്പക്കാരൻ പത്തുമിനിറ്റുമുൻപ് കാറുമായി പുറത്തേക്കുപോയി എന്നുപറഞ്ഞു.
ഹിമാലയ റിസോർട്ട് രാത്രിയുടെ യമങ്ങളെ ചെറിയ ബൾബുകൾകൊണ്ട് വർണ്ണാലങ്കാരമാക്കിയിരുന്നു. ചുറ്റിലും തണുത്തകാറ്റ് ഓടിനടന്നു.
അനസിനെയും കൂടെവന്ന പോലീസുകാരനെയും രഞ്ജൻ അവിടെ നിറുത്തിയശേഷം ശ്രീജിത്തിനെയും കൂട്ടി റിസെപ്ഷനിലേക്കുപോയി.
കുറച്ചുകഴിഞ്ഞപ്പോൾ രഞ്ജന്റെ ഫോണിലേക്ക് അനസ് വിളിച്ചു.
“സർ, ഹി ഈസ് കമിങ്.”
“ഈസ് ദയർ എനിബടി.?”
“നോ സർ.”
“ടെയ്ക്ക് ഹിം.” രഞ്ജൻ ഒറ്റവാക്കിൽ പറഞ്ഞു.
“ബട്ട് സർ.”
“അനസ്, വാട്ട് ഹപ്പെണ്ട്.?” രഞ്ജൻ ചോദിച്ചു.
“ദേർ ആർ ടു ഗേൾ ടുഗെദർ.”
“യൂ ജസ്റ്റ് ബ്ലോക്ക് ഹിം. ഐ വിൽ കം.” രഞ്ജൻ പാർക്കിങ് ഏരിയയിലേക്ക് ചെല്ലുമ്പോൾ അനസിനെ അവൻ തള്ളിമറ്റുന്ന കാഴ്ചയായിരുന്നു കണ്ടത്. പുറമെനിന്നുള്ള ആളെന്ന നിലയിൽ രഞ്ജൻ ഇടപെട്ട് പ്രശ്നം പറഞ്ഞവസാനിപ്പിച്ചു.
പെണ്കുട്ടികളുമായി നടന്നുപോകുന്ന അവനെ രഞ്ജൻ പിന്നിലൂടെ ചെന്ന് ഒരുകാര്യം സംസാരിക്കാറുണ്ടെന്ന് പറഞ്ഞ് മുകളിലേക്കുപോകാനുള്ള സ്റ്റയർകെയ്സിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
“എന്നാടാ നിങ്ങേടെ പ്രശ്നം. ഞാനാരാന്ന് അറിയാവോ,” രഞ്ജന്റെ കോളറിൽ കുത്തിപ്പിടിച്ച് അവൻ ചോദിച്ചു.
“കൈയ്യെടുക്കട പന്നി, ഒച്ചവച്ചാൽ അണ്ണാക്കിൽ വച്ചുപൊട്ടിക്കും.” രഞ്ജൻ അരയിൽ നിന്നും തോക്കെടുത്ത് അവന്റെ വായക്കുള്ളിലേക്ക് തിരുകികൊണ്ട് പറഞ്ഞു.
“ഞാനാരാന്ന് അറിയുമോ? പോലീസ്, ലൂക്കയുടെ റൂം നമ്പർ എത്രയാ?
“105,” രഞ്ജൻ വായയിൽനിന്നും തോക്കെടുത്തപ്പോൾ അവൻ പറഞ്ഞു.
“ഏതാ ഈ പെണ്കുട്ടികൾ?” രഞ്ജൻ ചോദിച്ചു.
“സർ, അറിയില്ല. അച്ചായൻ കൊണ്ടുവരാൻ പറഞ്ഞു കൊണ്ടുവന്നു.”
“ശ്രീ,ആ പെണ്കുട്ടികളുമായി റൂംനമ്പർ 105ലേക്ക് പൊയ്ക്കോളൂ. എന്നിട്ട് സ്വകാര്യമായി പുറത്തേക്ക് അയാളെ വിളിച്ചുകൊണ്ടുവരണം.”
“ഓക്കെ സർ.”
ശ്രീജിത്ത് ആ പെണ്കുട്ടികളുമായി ലൂക്കയുടെ റൂം ലക്ഷ്യമാക്കി നടന്നു.
“പോലീസ് ആണല്ലേ?” കൂടെയുള്ള ഒരു പെണ്കുട്ടി ചോദിച്ചു.
“അല്ല, ചൊവ്വെന്ന് വന്നതാ അന്യഗ്രഹജീവി മിണ്ടാണ്ട് നടക്കടി കുരുട്ടെ, മ്..” അരിശംമൂത്ത ശ്രീജിത്ത് പറഞ്ഞു.
105 റൂമിന്റെ കോളിങ്ബെല്ലടിച്ചപ്പോൾ ലൂക്ക വന്ന് വാതിൽതുറന്നു.
“അവനെവിടെ ബെന്നി.?” ലൂക്ക ചോദിച്ചു.
“താഴെയുണ്ട്. ഞാനിവർക്ക് റൂം കാണിച്ചുകൊടുക്കാൻ വന്നതാ.” ശ്രീജിത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ലൂക്ക കൂടെയുള്ള പെണ്കുട്ടികളുടെ മുഖത്തേക്ക് മാറിമാറി നോക്കിയപ്പോൾ വന്നത് പൊലീസുകാരനാണെന്നു അയാൾക്ക് വ്യക്തമായി.
അകത്തേക്കുപോയ ലുക്ക തിരിച്ചുവന്നത് തോക്കുമായിട്ടായിരുന്നു.
“മോൻ എന്തിനാ വന്നേ?” ശ്രീജിത്തിനുനേരെ തോക്കുചൂണ്ടി ലൂക്ക ചോദിച്ചു.
“യൂ ആർ അണ്ടർ അറസ്റ്റ്. അതിക്രമം ഒന്നും ചെയ്യരുത്. ചുറ്റും പോലീസ് വളഞ്ഞിട്ടുണ്ട്. പുഞ്ചിരി പൊഴിച്ചുകൊണ്ട് ശ്രീജിത്ത് പറഞ്ഞു.
“ഹാ,, ഹഹഹ.. എന്നെ? അതിനൊന്നും നീ വളർന്നിട്ടില്ലടാ, ഹഹഹ ” ലൂക്ക ആർത്തുചിരിച്ചു. ശേഷം കാഞ്ചിവലിക്കാൻ തുനിഞ്ഞതും ശ്രീജിത്ത് തനിക്കുനേരെ ചൂണ്ടിയ തോക്കിൽ കയറിപിടിച്ചു. കുതറിമാറാൻ ശ്രമിച്ച ലൂക്ക ശ്രീജിത്തിനെ തള്ളിയിട്ട് അയാൾക്കുനേരെ നിറയൊഴിച്ചു. അപ്പോഴേക്കും രഞ്ജനും അനസും ഓടിയെത്തി. രഞ്ജനെ കണ്ടതും ലൂക്ക മുറിയുടെ വാതിലടച്ചു.
നിലത്തുവീണുകിടക്കുന്ന ശ്രീജിത്തിനെ അനസ് പിടിച്ചെഴുന്നേല്പിച്ചപ്പോൾ അയാളുടെ വെടിയേറ്റഷോൾഡറിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങിയിരുന്നു.
“അനസ്, ടേക്ക് ഹിം ടു ദ ഹോസ്പിറ്റലിൽ ഇമ്മിഡിയ്റ്റ്ലി. ഗോ ഫാസ്റ്റ്.” രഞ്ജൻ പറഞ്ഞു. അപ്പോഴേക്കും ചുറ്റിലും ആളുകൾ കൂടിയിരുന്നു.
105ആം നമ്പർ മുറിയുടെവാതിൽ രഞ്ജൻ ചവിട്ടിതുറന്നു.
“വാട്ട് ദ ഫക്ക് യൂ ഡിഡ്.” തെറിവിളിച്ചുകൊണ്ട് രഞ്ജൻ തോക്കുമായി മുറിമുഴുവൻ അരിച്ചുപെറുക്കി. ലൂക്കയുടെ പൊടിപോലും കിട്ടിയില്ല.
അനസും കൂടെയുള്ള പോലീസുകാരനും ചേർന്ന് ശ്രീജിത്തിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. രഞ്ജൻ വേഗം കാർപാർക്കിങ് ഏരിയയിലേക്ക് ചെന്നുനോക്കി. ഗേറ്റ് കടന്ന് ലൂക്കയുടെ ബിഎംഡബ്ല്യു കാർ കടന്നുപോകുന്നതുകണ്ട രഞ്ജൻ തന്റെകാറിൽ കയറി അയാളെ പിന്തുടർന്നു.
തുടരും…
Comments:
No comments!
Please sign up or log in to post a comment!