The Shadows 9
Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 |
രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്ക് താഴ്ത്തി മുന്നോട്ടെടുത്തു.
അനസ് അയച്ചുകൊടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി രഞ്ജൻ വളരെ വേഗത്തിൽ കാറോടിച്ചു.
ഫോർട്ട് കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ശ്രീനിവാസൻ ഇരുപതുവർഷമായി ഗവണ്മെന്റ് സർവീസിലായിരുന്നു. അയാളുടെ വളർച്ചകണ്ട പലർക്കും തോന്നിയിട്ടുണ്ട് നിയമവിരുദ്ധമായി എന്തൊക്കെയോ ബിസ്നസുകൾ ചെയ്യുന്നുണ്ടെന്ന്. പക്ഷെ സമൂഹത്തിൽ വളരെ മാന്യനും ധനസഹായിയും ആയിരുന്നു ഡോക്ടർ.
നാല്പത്തഞ്ചു മിനിറ്റെടുത്തു രഞ്ജൻ അനസ് അയച്ചുകൊടുത്ത ലൊക്കേഷനിലെത്താൻ.
ആഢംഭരത്തോടെ പണികഴിപ്പിച്ച ഇരുനിലവീട്. വീടിന്റെ മുറ്റത്ത് അനസിന്റെ പോലീസ്ജീപ്പ് കണ്ട രഞ്ജൻ അയാളെക്കുറിച്ചോർത്ത് അഭിമാനംകൊണ്ടു.
ഉടനെ അനസിന്റെ നമ്പറിലേക്ക് വിളിച്ചു.
“അനസ് ഐആം ഹിയർ. ”
വലതു ചെവിയിൽ ഫോണുമായി, ബന്ധിപ്പിച്ചുവച്ച ബ്ലൂടൂത്ത്ഹെഡ്സെറ്റിനെ തടവികൊണ്ടു രഞ്ജൻ പറഞ്ഞു.
നിമിഷങ്ങൾക്കകം മുൻവാതിൽ തുറന്ന് ഒരാൾ പുറത്തേക്കുവന്നു. ശേഷം അയാൾ രഞ്ജനേയും കൂട്ടി വീടിന്റെ മുകളിലത്തെ നിലയിലേക്ക് നടന്നു.
ബാൽക്കണിയിൽ അനസിന്റെ എതിർദിശയിൽ ഡോക്ടർ ശിരസ്സ് താഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു.
രഞ്ജനെകണ്ടതും അനസ് എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ചു. അടുത്തുള്ള കസേരയിൽ രഞ്ജൻ ഇരിപ്പുറപ്പിച്ചുകൊണ്ട് ഡോക്ടറെ നോക്കി.
“രഞ്ജൻഫിലിപ്പ്, ഡിവൈഎസ്പി.”
“ഹെലോ സർ.” ഡോക്ടർ മുഖമുയർത്തി രഞ്ജനെ നോക്കി.
“സീ ഡോക്ടർ, അനസ് പറഞ്ഞല്ലോ കാര്യങ്ങൾ. കൃത്യം പറഞ്ഞാൽ 22 – 11- 2018 വ്യാഴാഴ്ച്ച നിങ്ങളുടെ മരുമകന്റെ അക്കൗണ്ടിലേക്ക് ക്രിസ്റ്റീഫർ എന്നയാളുടെ അകൗണ്ടിൽ നിന്നും വന്ന ഒരുകോടി എന്തിനുവേണ്ടിയാണ്.?
ഉത്തരം മുട്ടിയ ഡോക്ടർ മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നും ഒരുഗ്ലാസ് വെള്ളമെടുത്തുകുടിച്ചു.
“സർ, അത്.. അത് അവന്റെ ഒരു പ്രോപ്പർട്ടി എന്റെ കെയർഓഫിൽ വിറ്റിരുന്നു. ആ പണമാണ് അക്കൗണ്ടിൽ ഉള്ളത്.”
“ഡോക്ടർ, ഞങ്ങൾ മരുമകനോട് ചോദിച്ചിട്ടാണ് ഇവിടേക്ക് വന്നത്. അവന് ഇതേക്കുറിച്ച് ഒന്നുമറിയില്ല. എന്റെ ഡോക്ടറേ, നിങ്ങൾ ഒരു പോലീസുകാരന്റെ മുന്പിലാണ് ഇരിക്കുന്നത്. അക്കാര്യം മറക്കരുത്. ഇവിടെ നിങ്ങളുടെ അടുത്ത് ഇങ്ങനെ വന്നിരിക്കുന്നുണ്ടെങ്കിൽ അതിന്റെ വ്യക്തമായ കാരണം ഞങ്ങൾക്കുമറിയാം നിങ്ങൾക്കുമറിയാം.
ഇനി അതല്ല പറയാൻ താല്പര്യമില്ലായെങ്കിൽ മൂന്നോ നാലോ ദിവസം.
പുഞ്ചിരിപൊഴിച്ചു കൊണ്ട് രഞ്ജൻ പറഞ്ഞു. “പിന്നെ ഇത്രെയും കാലം നിങ്ങൾ ഉണ്ടാക്കിയ സൽപ്പേര്, സമൂഹത്തിലെ സ്ഥാനം എല്ലാം ദേ ഇങ്ങനെ പാറിനടക്കും.”
നെറ്റിയിൽ നിന്നും അടർന്നുവീഴാൻ നിൽക്കുന്ന വിയർപ്പുതുള്ളികളെ ഡോക്ടർ ഇടതുകൈകൊണ്ട് ഒപ്പിയെടുത്തു.
“സർ, ഹോമെക്സ് ബിൽഡേഴ്സിന്റെ ചെയർമാൻ ലൂക്ക പറഞ്ഞപ്രകാരമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞാൻ തിരുത്തിയത്. അയാൾ ലണ്ടനിൽ പഠിക്കുന്ന എന്റെ മോളെ വച്ച്…”
ബാക്കിപറയാൻ ഡോക്ടർ നന്നേബുദ്ധിമുട്ടി.
“മോളെ വച്ച്.?” അനസ് ചോദിച്ചു.
“റിപ്പോർട്ട് തിരുത്തിയില്ലങ്കിൽ നാട്ടിലേക്ക് മോൾടെ ശരീരം മാത്രമേ ഉണ്ടാകുയെന്ന് ഭീഷണിപെടുത്തി. വെറുതെ വേണ്ട ഒരു തിരുത്തിന് ഒരുകോടി രൂപ. അതായിരുന്നു ഓഫർ.”
“റിപ്പോർട്ടിൽ എന്താണ് തിരുത്തിയത്.?” കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് രഞ്ജൻ ചോദിച്ചു. കിഴക്കുനിന്നുവീശിയ തണുത്തകാറ്റ് ബാൽക്കണിയിൽ പടർന്നുപന്തലിച്ച വള്ളിച്ചെടികളെ കോരിത്തരിപ്പിച്ചുകൊണ്ട് ഒഴുകിയെത്തി.
“സർ, മോർഫിനെന്ന മരുന്നിന്റെ അളവ് കൂടുതലായി ആ കുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ ലൂക്ക എന്നെവന്നുകണ്ടു. തോക്കുചൂണ്ടി എന്നെ ഭീക്ഷണിപ്പെടുത്തി.”
“മോർഫിൻ എന്നുപറഞ്ഞാൽ?” സംശയത്തോടെ രഞ്ജൻ ചോദിച്ചു.
“സർ, നോർമൽ ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷനിൽ വരുന്ന ഒരു ഡ്രഗ്ഗ് ആണ് മോർഫിൻ. 50 kg ക്ക് ശരീരഭാരമുള്ള ഒരാൾക്ക് ബോധമണ്ഡലം നഷ്ടപ്പെടാൻ സാധാരണ മോർഫിൻ 1mg മതിയാകും. 50 kg ക്ക് കൂടുത്തലുള്ള ആളുകൾക്ക് 4mg മുതൽ 10 mg വരെ 4 മുതൽ 6 മണിക്കൂർ ഇടവിട്ട് ഞങ്ങൾ കൊടുക്കാറുണ്ട്. അളവ് കൂടികഴിഞ്ഞാൽ ശ്വാസോച്ഛ്വാസം താഴും ബിപി കുറയും. പെട്ടന്നുതന്നെ ബോധംകെട്ട് വീഴും.”
“ഇതുതന്നെയാണോ നിങ്ങളും ഉപയോഗിക്കുന്നത്. അമിതമായി ശരീരത്തിൽ ചെന്നാൽ അതിനെ കണ്ട്രോൾ ചെയ്യാൻ കഴിയില്ലേ?” സംശയത്തോടെ അനസ് ചോദിച്ചു.
“ഉവ്വ് സർ. ഇത് ഒന്നുമാത്രമാണ്. ഇതുപോലെ ഒരുപാടുമരുന്നുകൾ വേറെയുമുണ്ട്. സർ പ്ലീസ്, ഭീക്ഷണിക്കുവഴങ്ങിയാണ് ഞാൻ അങ്ങനെ ചെയ്തത്. സമൂഹത്തിൽ അല്പം നിലയും വിലയുമുള്ളയാളാണ് ഞാൻ ഡോക്ടർ തന്റെ സത്യാവസ്ഥ പറഞ്ഞു.
“ഈ ലൂക്കയെ ഇതിന് മുൻപ് പരിചയമുണ്ടോ? “
“ഇല്ല സർ..” ഡോക്ടർ മുഖത്തുനോക്കാതെ പറഞ്ഞു.
“ഓക്കെ. ഡോക്ടർ പറഞ്ഞത് ഞങ്ങൾ വിശ്വസിക്കുന്നു.
ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി അവർ രണ്ടുപേരും അവിടെനിന്നും ഇറങ്ങിയസമയം ഡോക്ടർ ശ്രീനിവാസൻ തന്റെ ഫോണെടുത്ത് ബാൽക്കണിയിൽ നിന്ന് ലൂക്കയുടെ നമ്പറിലേക്ക് വിളിച്ചു.
“ഡോ, താനവിടെ എന്തു കോപ്പാടോ ചെയ്യുന്നേ.? ആ ഡിവൈഎസ്പി വന്നിരുന്നു ഇവിടെ. ആരും ചോദിക്കാൻ വരില്ലായെന്നുപറഞ്ഞതുകൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്. ഇതിപ്പോ എനിക്ക് എല്ലാം പറയേണ്ടിവന്നു, എല്ലാം. “
വലതുകൈയ്യിൽ കത്തിയെരിയുന്ന സിഗരറ്റ് അയാൾ ചുണ്ടോട് ചേർത്ത് ആഞ്ഞുവലിച്ചു. ശേഷം പുക വളരെ ശക്തമായി പുറത്തേക്ക് തള്ളി.
“ഹഹഹ, താൻ ടെൻഷനടിക്കേണ്ടടോ. ഇവിടെയും വന്നിരുന്നു. നാളെ ഉദയസൂര്യനെ കാണാൻ ആ ചള്ള് ചെക്കൻ ഉണ്ടാവില്ല. ലൂക്കയാണ് പറയുന്നത്.” മറുവശത്ത് നിന്നും ലൂക്കയുടെ മറുപടികേട്ട ഡോക്ടർ കത്തിയെരിഞ്ഞ സിഗരറ്റിന്റെ കുറ്റി ബാൽക്കണിയിൽ വച്ച ആഷ്‌ട്രേയിലേക്ക് തിരുകിവച്ചു.
“അവന്റെയൊരു അന്വേഷണം.. തുഫ്..” ഡോക്ടർ അകത്തേക്ക് കയറി.
×××××××××××××××
“സർ, കീയുടെ കാര്യത്തിൽ ഒരു തീരുമാനമായി. “
കാറിലിരുന്ന് രഞ്ജൻ ശ്രീജിത്തിന്റെ കോൾ എടുത്തതും മറുവശത്തുനിന്ന് അയാൾ പറഞ്ഞു.
“എന്താ ശ്രീ..?”
“നീനയുടെ റൂം ഞങ്ങൾ പരിശോധന നടത്തി. അവളുടെ തലയിണയുടെ ഉള്ളിൽനിന്നും ഒരു ബോക്സ് കിട്ടിയിട്ടുണ്ട്. സർ, നമുക്കുകിട്ടിയ കീ അതിന്റെയാണ്.”
ഇടത്തെഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട് രഞ്ജൻ തന്റെ കാർ റോഡിൽനിന്നുമിറക്കി അടുത്തുകണ്ട അരയാലിന്റെ ചുവട്ടിലേക്ക് ഒതുക്കിനിറുത്തിയിട്ട് ഡോർതുറന്ന് രഞ്ജൻ പുറത്തേക്കിറങ്ങി.
“എന്നിട്ട് താൻ അതുതുറന്നു നോക്കിയോ?” ആകാംക്ഷയോടെ രഞ്ജൻ ചോദിച്ചു.
“ഉവ്വ് സർ. അതിൽ ഒരു ബില്ല്‌മാത്രമേയുള്ളു.”
“എന്ത് ബില്ല് ?.” “വർഷ ബില്യൺ ആൻഡ് എലമെന്റൽ അനലാബ്.”
“അത് എവിടെയാണ് ശ്രീ.?” സംശയത്തോടെ രഞ്ജൻ വീണ്ടും ചോദിച്ചു.
“ദറാംകാന്ത ബിൽഡിങ് നിയർ മുംബൈദേവീ ടെമ്പിൾ മുംബൈ.”
“അതിലെന്താ ഉള്ളത്.”
“കാൽസ്യം, സിലികോൺ, അലുമിനിയം, സ്ട്രോൺറ്റിയം… ഇതിന്റെയൊക്കെ മാസും സിഗ്മയും അടങ്ങിയ രേഖകൾ. പിന്നെ വേറെയൊരു ബില്ലുകൂടെയുണ്ട് സർ. അതിൽ മാർക്കറ്റ് വാല്യൂ എന്നുപറഞ്ഞ് 50 സി ആർ.
“ഓക്കെ, താൻ വേഗം ഐജി ഓഫീലേക്ക് വാ, ആം ഓൺ ദ വേ.”
“സർ.”
രഞ്ജൻ ഫോൺ കട്ട് ചെയ്ത് കാറിലേക്കു കയറി. കാർ സ്റ്റാർട്ട് ചെയ്ത് റോഡിലേക്കുകയറ്റി. ലൈലാന്റിന്റെ വലിയ ഒരു ലോറി തനിക്ക് നേരെ ചീറിപ്പാഞ്ഞുവരുന്നതുകണ്ടയുടനെ രഞ്ജൻ റിവേഴ്‌സ് ഗിയറിട്ട് നിമിഷനേരംകൊണ്ട് കാർ പിന്നിലേക്ക് എടുത്തു. ലോറി അതേസ്പീഡിൽ രഞ്ജന്റെ മുൻപിലൂടെ കടന്നുപോയി.
“പന്ന കഴുവേറിയുടെ മോൻ ആർക്ക് വായുഗുളിക വാങ്ങാനാ പോണത്.”
വളവുതിരിഞ്ഞ് ലോറി കടന്നുപോയിട്ടും അയാളുടെ ഉള്ളിലെ വിറയലിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.
രഞ്ജൻ പിന്നിൽനിന്നും മറ്റു വാഹനങ്ങൾ കടന്നുവരുന്നുണ്ടോയെന്നു നോക്കി തന്റെ കാർ വീണ്ടും മുന്നോട്ട് ചലിപ്പിച്ചു.
××××××××××××××
ഐജിഓഫീസിലേക്ക് ആദ്യം എത്തിയത് രഞ്ജൻ ആയിരുന്നു. ഐജിയുമായി കൂടിക്കാഴ്ച്ച നടത്തിക്കൊണ്ടിരിക്കുമ്പോൾ അനസ് കയറിവന്നു. അല്പനിമിഷത്തിനകം ശ്രീജിത്തും ഹാഫ് ഡോർ തുറന്ന് അകത്തേക്ക് വന്നു.
“രഞ്ജൻ എനി പ്രോഗ്രസ്..?” ഐജി ചെറിയാൻപോത്തൻ കൈയ്യിലുള്ള പേനയുടെ അടപ്പുതുറന്ന് രഞ്ജനെനോക്കികൊണ്ട് ചോദിച്ചു.
“യെസ് സർ. ഇറ്റ് വാസ് എ മർഡർ.”
“വാട്ട്.”
“യെസ് സർ. ഡോക്ടർ ശ്രീനിവാസൻ നീനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചില തിരുത്തലുകൾ നടത്തി. ഡോക്ടർ പറയുന്നത് തന്റെ മകളെ കൊല്ലുമെന്ന് ഭീക്ഷണിപെടുത്തിയതുകൊണ്ടാണ് റിപ്പോർട്ട് തിരുത്തിയത് എന്നാണ്. പക്ഷെ സർ, അത് പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല. കാരണം ഒരു കോടിയാണ് അയാൾക്ക് പ്രതിഫലം നൽകിയത്. നേരെമറിച്ച് ഒരുലക്ഷമോ, രണ്ടുലക്ഷമോ, കൂടിപ്പോയാൽ അഞ്ചു ലക്ഷമോ കൊടുക്കുകയാണെങ്കിൽ ഊഹിക്കാവുന്നതേയുള്ളൂ. ഇതിപ്പോ.”
“എങ്ങനെ നീന കൊല്ലപ്പെട്ടു.? എന്തിന് വേണ്ടി? ആര് കൊന്നു.?” ഐജി ചോദിച്ചു.
“ശ്രീജിത്ത്.” രഞ്ജൻ ഇടതുഭാഗത്തിരിക്കുന്ന ശ്രീജിത്തിനെ നോക്കി.
ശ്രീജിത്ത് ബാഗുതുറന്ന് ഒരു ബില്ല് എടുത്തുകൊടുത്തു.
“സർ, ഇതുകണ്ടോ.? 50 കോടി വിലമതിക്കുന്ന ഡയമണ്ടിന്റെ ടെസ്റ്റ് റിസൾട്ടാണ് ഇത്. ഒന്നെങ്കിൽ ഈ ഡയമണ്ട് നീനയുടെ കൈവശമുണ്ട്. അല്ലെങ്കിൽ അവൾ മുഖേന മറ്റാർക്കോ എത്തിച്ചു കൊടുക്കാൻവേണ്ടി. സർ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മോർഫിൻ അധികമായി ശരീരത്തിൽ കണ്ടുയെന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷെ അതുനമുക്ക് വിശ്വസിക്കാനാകില്ല. കാരണം അതിന് തെളിവുകൾ ഇല്ല. ഡോക്‌ടറുടെ മൊഴിമാത്രമാണ് ഉള്ളത്.
“അല്ല രഞ്ജൻ, ഈ മോർഫിൻ കൂടുതലായി കണ്ടെങ്കിൽ ആ കുട്ടി എങ്ങനെ ആത്മഹത്യ ചെയ്യും.? ബോധം നഷ്ടപെടില്ലേ?”
“സർ അതാണ് പറഞ്ഞത് ഇതൊരു കൊലപാതകമാണ്. വത്സലയുടെ മൊഴിപ്രകാരം ഭക്ഷണം കഴിക്കുന്ന ഹാളിൽ രണ്ടുകസേരകൾ മുഖത്തോട് മുഖം നോക്കിയിരിക്കുന്നപോലെ കിടന്നിരുന്നു. ഒരുപക്ഷേ മോർഫിൻ കുത്തിവെച്ച് മയക്കികിടത്തി ശേഷം അവളെ കെട്ടിത്തൂക്കിയതാണെങ്കിലോ? ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാൻ ഇതിലും നല്ല വഴി വേറെയുണ്ടോ സർ?.”
“ദെൻ, വാട്ട് നെക്സ്റ്റ്.”
“ഇനിയൊരു ഷാഡോ പോലുള്ള അന്വേഷണമാണ്. ചില പ്ലാനുകളുണ്ട് സർ. കാര്യങ്ങൾ വിചാരിച്ചപോലെയാണ് പോകുന്നതെങ്കിൽ മിനിസ്റ്റർ പോളച്ചൻ ആവശ്യപ്പെട്ടപോലെ പതിനാലാം ദിവസം പ്രതിയെ ഞാൻ ഹാജരാക്കും സർ. വ്യക്തമായ തെളിവുകളോടെ.”
“മ്, അതെനിക്ക് അറിയാടോ. ആ പിന്നെ ഒരു സംശയം രഞ്ജൻ.?”
ഐജി വലതുകൈയിലിരിക്കുന്ന പേന മേശപ്പുറത്ത് വച്ചിട്ട് രഞ്ജനെ നോക്കി ചോദിച്ചു.
“സർ. ചോദിക്കൂ.”
“ഈ ഡോക്ടറെ എങ്ങനെയിത്ര കറക്റ്റായി കിട്ടി.”
“ഹഹഹ, അയാൾക്ക് വേറെ വഴിയില്ല സർ. ഒരു നുണപറഞ്ഞ് തടിയൂരുമ്പോൾ അടുത്ത ചോദ്യത്തിന് മറ്റൊരു നുണപറയേണ്ടി വരും, നീനയുടെ അക്കൗണ്ടിലേക്ക് ക്രിസ്റ്റീഫർ എന്നയാളുടെ അക്കൗണ്ടിൽ നിന്നും പണം ഒഴുകിയെത്തിയിരുന്നു. അതേ കൗണ്ടിൽ നിന്നാണ് ഡോക്ടറുടെ മരുമകന്റെ അക്കൗണ്ടിലേക്ക് ഒരുകോടി വന്നത്. സോ ഐ ഗസ്സ്. ഹോംമെക്സ് ഗ്രൂപ്പിന്റെ മുക്കാൽഭാഗത്തിന്റെ പണമിടപാട് നടത്തുന്നത് ക്രിസ്റ്റീഫർ എന്ന ആളാണ്. അജ്ഞാതൻ.
“മ്, എനി വേ, അന്വേഷണം നടക്കട്ടെ.”
“സർ.” രഞ്ജനും ശ്രീജിത്തും അനസും. എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ച് ഐജിയുടെ മുറിയിൽനിന്നും പുറത്തേക്ക് കടന്നു.
അരുണൻ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. ഉച്ചഭക്ഷണം അടുത്തുള്ള ഹോട്ടലിൽനിന്നും കഴിച്ചിട്ട് അവർ മൂന്നുപേരും രഞ്ജന്റെ കാറിലേക്ക് കയറി.
“ലൂക്ക, ഡോക്ടർ, ഇവരുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ആരെങ്കിലും നമ്മുടെ ലിസ്റ്റിൽ ഉണ്ടോയെന്ന് നോക്കണം ഉണ്ടെകിൽ അവരെ ഫോളോ ചെയ്യണം. ഈ ക്രിസ്റ്റീഫർ ആരാ? ഇങ്ങനെ പണം കായ്ക്കുന്ന മരം” രഞ്ജൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നുകൊണ്ട് ചോദിച്ചു.
“അറിയില്ല സർ.”
“നമുക്ക് ആ അർജ്ജുവിനെ ഒന്നുപോയികണ്ടാലോ?” കാർ സ്റ്റാർട്ട് ചെയ്ത് രഞ്ജൻ ചോദിച്ചു.
“അതെന്തിനാ സർ?”
“ഈ അവസരത്തിൽ അവന് നമ്മളെ സഹായിക്കാൻ പറ്റും.”
രഞ്ജൻ ഗിയർമാറ്റി കാർ മുന്നോട്ടെടുത്തു. മറൈൻഡ്രൈവിൽനിന്നും കാക്കനാട്ടെക്ക് പോകുന്ന വഴിക്ക് ഇടയിൽനിന്നും കറുത്ത ഒരു സ്‌കോർപിയോ അവരെ പിന്തുടരുന്നുണ്ടായിരുന്നു. അല്പദൂരംകൂടെ മുന്നോട്ട് പോയപ്പോഴാണ് മുൻസീറ്റിലിരിക്കുന്ന അനസ് അക്കാര്യം ശ്രദ്ധിച്ചത്.
“സർ ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട്.”
“ഉവ്വ്, ഞാനത് ശ്രദ്ധിച്ചു.”
രഞ്ജൻ ഗിയർ ഡൗൺ ചെയ്ത്. കാറിന്റെ വേഗത കുറച്ചു. പക്ഷെ മറികടന്നുപോകാൻ ആ കറുത്ത സ്‌കോർപിയോ മടികാണിച്ചു കൊണ്ടേയിരുന്നു.
“അനസേ, ഇത് നമുക്കുള്ള പണിയാണ്.” പുഞ്ചിരിപൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു
“വരട്ടെ സർ. മുന്നോട്ടുള്ള യാത്രക്ക് ഇത് ഉപകാരപ്പെടുമെങ്കിൽ ഈ പണി നമുക്ക് ഏറ്റെടുക്കാം.” മുൻകൂട്ടി പ്ലാൻ ചെയ്തപോലെ രഞ്ജൻ കാറിന്റെ വേഗതകൂട്ടി. തൊട്ടുപിന്നാലെ സ്‌കോർപിയോയും കുതിച്ചുപാഞ്ഞു. അറുപതിൽ നിന്നും നൂറിലേക്ക് മീറ്റർസൂചി ചെന്നുനിന്നു.
ഹൈവേയിൽനിന്നും രഞ്ജൻ പോക്കറ്റ് റോഡിലേക്ക് കാർ തിരിച്ചു. ആളൊഴിഞ്ഞ ഒരു പറമ്പിലേക്ക് അയാൾ തന്റെ കാർ ഹാൻഡ് ബ്രേക്ക് വലിച്ചിട്ട് കറക്കി നിറുത്തി. ഓടികിതച്ചുവന്ന സ്‌കോർപിയോ രഞ്ജന്റെ ബെലെനോ കാറിന് സമാന്തരമായി കിതച്ചുകൊണ്ട് വന്നുനിന്നു.
“അപ്പൊ എങ്ങനാ അനസേ, ഒരു കൈ നോക്കിയാലോ?” സീറ്റ്ബെൽറ്റ് ഊരി രഞ്ജൻ ചോദിച്ചു.
“റെഡി സർ.”
“ആ പിന്നെ ഒരു കാര്യം. കിട്ടുന്നതൊക്കെ തിരിച്ചുകൊടുത്തേക്കണം.അതും പിടിച്ച് തിരികെ വരരുത്.”
“ഹഹഹ്, ഇല്ല സർ.”
“എന്നാൽ വാ”
രഞ്ജനുപിന്നാലെ അനസും ശ്രീജിത്തും പുറത്തേക്കിറങ്ങി. സ്‌കോർപിയോയിൽ നിന്ന് അഞ്ചുപേർ ഇറങ്ങിവന്നു. ജിമ്മിൽപോയി ഉരുട്ടിയെടുത്ത മസിൽ കണ്ടപ്പോൾതന്നെ ശ്രീജിത്ത് നെടുവീർപ്പിട്ടു.
“എന്താ വിശേഷിച്ച്?” അവർക്കുനേരെനിന്ന് രഞ്ജൻ ചോദിച്ചു.
“ക്വട്ടേഷനാണ്. ജീവനൊടുക്കാൻ. എന്നാ ഞങ്ങളങ്ങു എടുക്കട്ടേ,” കൂട്ടത്തിൽ നേതാവ് എന്നുതോന്നിക്കുന്ന ഒരാൾ പറഞ്ഞു. ശേഷം അയാൾ തന്റെ വലതുകൈ രഞ്ജന്റെ മുഖത്തിനു നേരെ വീശി. പക്ഷെ ഇടതുകൈകൊണ്ട് രഞ്ജൻ തടുത്തു നിറുത്തി മുഷ്ഠി ചുരുട്ടി അയാളുടെ മൂക്കിന് നേരെ ഇടിച്ചു. ഒറ്റയടിക്ക് തന്നെ കട്ടപിടിച്ച രക്തം മൂക്കിൽനിന്നും ഒഴുകിയൊലിച്ചു. അവസരം കിട്ടിയ അനസും ശ്രീജിത്തും അതുനന്നായിത്തന്നെ ഉപയോഗിച്ചു. തലവൻ എന്നുതോന്നിക്കുന്ന അയാളെ രഞ്ജൻ കഴുത്തിന് കുത്തിപ്പിടിച്ച് അടുത്തുള്ള മരത്തിന്റെ ശിഖരത്തിനോട് ചേർത്തുനിർത്തിയപ്പോഴേക്കും മറ്റുള്ളവർ കാറിലേക്ക് തിരിച്ചുകയറി. രഞ്ജൻ അരയിൽനിന്നും തോക്കെടുത്ത് അയാളുടെ കഴുത്തിന് നേരെ കുത്തിപ്പിടിച്ചു.
“ഒറ്റ ചോദ്യം. ആര്?”
“ക്രി…ക്രിസ്റ്റീഫർ.” വിറച്ചുകൊണ്ട് അയാൾ പറഞ്ഞു.
കഴുത്തിൽ കുത്തിപ്പിടിച്ച തോക്ക് പതിയെ രഞ്ജൻ പിൻവലിച്ചു.
ജീവൻ തിരിച്ചുകിട്ടിയ വെപ്രാളത്തിൽ അയാൾ സ്കോർപിയോയിലേക്ക് തിരിച്ചുകയറി.
“അല്ല പിന്നെ, പണ്ട് ബോക്സിങ് ന് പോയതുകൊണ്ട് ഒരു ഗുണം കിട്ടി.”
രഞ്ജൻ കാറിൽകരുതിയ കുപ്പിവെള്ളം മെടുത്ത് മുഖം കഴുകുന്നതിനിടയിലാണ് അർജ്ജുൻ അയാളുടെ ഫോണിലേക്ക് വിളിക്കുന്നത്.
“സർ, അന്ന് രാത്രി ആലിഞ്ചുവടിൽ ഞങ്ങൾ ഒരു ഇൻഫോർമേഷൻ ഉണ്ടെന്ന് പറഞ്ഞിട്ട് അത് നോക്കാൻവേണ്ടി പോയില്ലേ അതേ വണ്ടി ഇവിടെ കാക്കനാട് ലൂക്കയുടെ ഗോഡൗണിൽ ഉണ്ട് സർ.”
“അത് അയാളുടെ വണ്ടിയല്ലേ ?”
“അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ മറ്റേയാളെ കണ്ടു.”
“ആരെ?” രഞ്ജൻ ചോദിച്ചു.”
“സുധീഷ് കൃഷ്ണ.” സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു.
തുടരും…
Comments:
No comments!
Please sign up or log in to post a comment!