The Shadows 8
Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 |
പെട്ടന്ന് വളവുതിരിഞ്ഞുവന്ന ഒരു ചുവന്ന ബെലേനോ കാർ അർജ്ജുവിന്റെയും ആര്യയുടെയും പിന്നിൽ പതിയെ വന്നുനിന്നു.
വയനാട്ടിൽനിന്നും മടങ്ങിവരികയായിരുന്ന ഡിവൈഎസ്പി രഞ്ജൻഫിലിപ്പിന്റെ കാറിന് മുൻപിൽ നിന്നുകൊണ്ട് ആര്യ അർജ്ജുവിന്റെ പിന്നിലേക്ക് ഒതുങ്ങിനിന്നു.
കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഒരാൾ തോക്കുപിടിച്ചുനിൽക്കുന്നതു കണ്ട അനസ് രഞ്ജന്റെ മുഖത്തേക്ക് നോക്കി.
മുന്നിലെ ഡോർ തുറന്ന് രഞ്ജൻ പുറത്തേക്കിറങ്ങി. ഹാൻഡ്ബ്രേക്ക് വലിച്ച് അനസും ബാക്ക് ഡോർ തുറന്ന് ശ്രീജിത്തും പിന്നാലെ ഇറങ്ങി.
മൂവർ സംഘത്തെ കണ്ടപ്പോൾ തോക്കുമായിയെത്തിയവർ പിൻവലിഞ്ഞു.
പതിയെ അവർ ഇരുട്ടിന്റെ മറവിലേക്ക് തിരിഞ്ഞോടി.
“താങ്ക് യൂ ചേട്ടാ നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കഥ തീർന്നേനെ.”
കിതച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.
“അവരൊക്കെ ആരാ? എന്താ പ്രശ്നം.”
രഞ്ജൻ അടുത്തേക്കുചെന്നിട്ട് ചോദിച്ചു.
“ഞങ്ങൾ മാധ്യമപ്രവർത്തകരാണ്. ഒരു ഇൻഫോർമേഷൻ കിട്ടിയപ്പോൾ വെരിഫൈ ചെയ്യാൻവേണ്ടി പോയതാ. ചേട്ടാ ബുദ്ധിമുട്ടില്ലെങ്കിൽ ഞങ്ങളെ കാക്കനാട് വരെ ഒന്നാക്കിത്തരുവോ. “
“ഓഹ്, അതിനെന്താ. അവർ വീണ്ടും വരുമോ?”
രഞ്ജൻ ചോദിച്ചു.
“അറിയില്ല ചേട്ടാ, തിരിച്ചറിഞ്ഞിട്ടുണ്ടാകും.”,
“ആവേശം നന്ന് പക്ഷെ കൂടെ സ്വയം രക്ഷയും നോക്കണം. കയറിക്കോളൂ, ഞങ്ങൾ കാക്കനാട്ടേക്ക് തന്നെയാണ് പോകുന്നത്.”
അനസ് ഇൻചെയ്ത പാന്റ് അല്പം മുകളിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.
ശേഷം അർജ്ജുവും,ആര്യയും ശ്രീജിത്തിനൊപ്പം പിൻ സീറ്റിൽ കയറിയിരുന്നു. അപ്പോഴാണ് കേരളാപോലീസ് എന്നെഴുതിയ ഫയൽ കാറിനുള്ളിൽനിന്ന് ആര്യ കണ്ടത്. ഉടനെതന്നെ അർജ്ജുവിന്റെ ചെവിയിൽ താൻ കണ്ടകാര്യം പറഞ്ഞു.
“സർ, പോലീസിലാണോ?”
അർജ്ജുൻ ആര്യ കാണിച്ചുകൊടുത്ത ഫയൽ കണ്ടമാത്രയിൽ ചോദിച്ചു.
“അതെ, ഞാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഞ്ജൻ. രഞ്ജൻഫിലിപ്പ് , ദിസ് ഈസ് സിഐ അനസ് മുഹമ്മദ്, ആൻഡ് ഹി ഈസ് സിഐ ശ്രീജിത്ത് നായർ.”
ഏസിയുടെ തണുപ്പ് കഠിനമായപ്പോൾ രഞ്ജൻ ഏസി ഓഫ് ചെയ്തുകൊണ്ട് പറഞ്ഞു.
“സർ കേട്ടിട്ടുണ്ട്. വെണ്മല കൂട്ടകൊലപാതകം സാറല്ലെ അന്വേഷിച്ചത്.
“അതെ, ”
രഞ്ജൻ മറുപടി ചുരുക്കി.
“സർ, സാറല്ലേ നീനയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.”
ആര്യയുടെ ചോദ്യം കേട്ടപ്പോഴായിരുന്നു അർജ്ജുൻ അക്കാര്യത്തെക്കുറിച്ചു ചിന്തിച്ചത്.
“സർ, നീനയുടെ മരണവുമായി ബന്ധപ്പെട്ട് എനിക്ക് ചിലകാര്യങ്ങൾ പറയാനുണ്ട്. ” കാക്കനാട് എത്താറായപ്പോൾ രണ്ടും കല്പിച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.
റോഡിന്റെ ഇടതുവശം ചേർന്ന് അനസ് കാർ ചവിട്ടിനിറുത്തി. ശേഷം അനസും, രഞ്ജനും പിൻസീറ്റിലേക്ക് തിരിഞ്ഞുനോക്കി.
“നിനക്ക് എങ്ങനെ അറിയാം?” രഞ്ജൻ ആകാംഷയോടെ ചോദിച്ചു.
“സർ എനിക്ക് സംസാരിക്കണം.” അർജ്ജുൻ ശിരസ് താഴ്ത്തി പറഞ്ഞു.
രഞ്ജൻ അനസിന്റെ മുഖത്തേക്കുനോക്കികൊണ്ട് കാർ മുന്നോട്ട് ചലിപ്പിക്കാൻ നിർദ്ദേശം കൊടുത്തു.
കാക്കനാടുനിന്ന് ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് സീപോർട് എയർപോർട്ട് റോഡിലേക്ക് കാർ തിരിഞ്ഞു. വൈകാതെ അനസ് രഞ്ജന്റെ വാടക വീടിന്റെ മുറ്റത്തേക്ക് കാർ ഓടിച്ചുകയറ്റി. കാറിന്റെ മുന്നിലെ ഡോർ തുറന്ന് രഞ്ജൻ ഇറങ്ങി വീടിന്റെ ഉമ്മറത്തെ ലൈറ്റ് ഇട്ടു. ശേഷം മുൻവാതിൽ തുറന്ന് അവരെ അകത്തേക്കുക്ഷണിച്ചു.
ഹാളിലെ സോഫയിലേക്ക് അവർ അഞ്ചുപേരും ഇരുന്നു. ചുമരിൽ തൂക്കിയ വലിയ ഘടികാരത്തിലെ രണ്ടുസൂചികളും ഒരേസമയം പന്ത്രണ്ടിലേക്ക് ചാടിയപ്പോൾ ഹാൾ മുഴുവനും മണിമുഴങ്ങി.
“എസ്, എന്താണ് നീനയുടെ മരണവുമായി നിങ്ങൾക്ക് പറയാനുള്ളത്.” രഞ്ജൻ ചോദിച്ചു.
ഉടനെ അർജ്ജുൻ പാന്റിന്റെ പോക്കെറ്റിൽ കൈയിട്ട് തന്റെ മൊബൈൽ ഫോണെടുത്ത് ഹോമെക്സ് ബിൽഡേഴ്സിൽ വന്നുപോയ നീനയുടെയും ചെറുപ്പക്കാരന്റെയും വീഡിയോ ദ്യശ്യം കാണിച്ചുകൊടുത്തു. കൂടാതെ, വൈഗ ഓഫീസിൽ നിന്നെടുത്ത അക്കൗണ്ട് ഡീറ്റൈൽസും. പിന്നെ ഈ കാരണം കൊണ്ട് തന്നെ പിടിച്ചുകൊണ്ടുപോയതും അർജ്ജുൻ വിവരിച്ചു കൊടുത്തു.
“സർ, ഇത് അവനാണ് സുധീഷ് കൃഷ്ണ.” വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച അനസ് ഉടൻതന്നെ പറഞ്ഞു.
ധനുമാസത്തിലെ ഇളങ്കാറ്റ് തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് ഒഴുകിയെത്തിയപ്പോൾ ദീർഘശ്വാസമെടുത്ത് രഞ്ജൻ കണ്ണുകളടച്ച് അല്പനേരം തുറന്നിട്ട ജലകത്തിനടുത്തുള്ള കസേരയിൽ ഇരുന്നു. അനസും, ശ്രീജിത്തും മുഖത്തോട് മുഖം നോക്കി. ഇടക്കിടക്ക് അർജ്ജുവിന്റെ ഫോണിലേക്ക് വൈഗ വിളിച്ചുകൊണ്ടിരുന്നു.
“ശ്രീജിത്ത്, താൻ നാളെ നീനയുടെ ബോഡി പോസ്റ്റ്മോർട്ടംചെയ്ത ഡോക്ടറെ ഒന്നുപോയി കാണണം. പറ്റുമെങ്കിൽ അയാളുടെ കുറച്ചു ഡീറ്റൈൽസ് ഐ മീൻ ഈയൊരു മാസത്തിൽ എന്തെങ്കിലും തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ടോയെന്നുനോക്കണം”
“സർ, നോക്കാം.”
“അനസ്. താൻ നാളെ നീനയുടെ വീട്ടിൽ പോയി അവളുടെ റൂമൊന്നു സെർച്ച് ചെയ്യണം. മെയ് ബി വി വിൽ ഗെറ്റ് സംത്തിങ്..”
“യെസ് സർ”
“ലൂക്ക.’ ഹോംമെക്സ് ബിൽഡേഴ്സ്. നാളെ ഞാനൊന്നുപോയി കാണുന്നുണ്ട് അയാളെ. അതിനുമുന്പേ സുധീഷ് കൃഷ്ണയെ കണ്ടുപിടിക്കണം.” രഞ്ജൻ നെറ്റിതടവികൊണ്ടു പറഞ്ഞു.
“സർ, സുധിയുടെ അഡ്രസ്സിൽ അന്വേഷിച്ചു. ബട്ട് നോട്ട് അവയ്ലബിൾ. അനസ് പറഞ്ഞപ്പോൾ രഞ്ജൻ അയാളെയാന്ന് നോക്കി.
അപ്പോഴാണ് അർജ്ജുവിന് നീന മരണപ്പെടുന്ന അന്ന് രാത്രി കണ്ട ബൈക്ക് ആക്‌സിഡന്റിനെ കുറിച്ച് ഓർമ്മവന്നത്. ഉടനെ അക്കാര്യം രഞ്ജൻഫിലിപ്പിനെ അറിയിച്ചു. കൂടെ തനിക്ക് അന്നുകിട്ടിയ കടലാസുകഷ്ണവും രഞ്ജനുനേരെ നീട്ടി.
പേനകൊണ്ട് എഴുതിയ, ഏതോ ബില്ലിന്റെ ബാക്കിപത്രം എന്നപോലെ അതിൽ ഇംഗ്ലീഷ് അക്ഷരങ്ങളായ കെ എ. എന്നുമാത്രം അവശേഷിക്കുന്നുണ്ടായിരുന്നു. രഞ്ജൻ തലങ്ങും വിലങ്ങും മറിച്ചുനോക്കി. ശേഷം അത് ഭദ്രമായി സൂക്ഷിച്ചുവച്ചു.
“ഓക്കെ, ഇനി നിങ്ങൾ എങ്ങനാ, വീട്ടിലേക്കോ അതോ?” ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുകൊണ്ട് രഞ്ജൻ അർജ്ജുവിനോടായി ചോദിച്ചു.
“ഞങ്ങളെ വീട്ടിൽവിട്ടാൽ മതി സർ.” അർജ്ജുൻ പറഞ്ഞു. ശേഷം രഞ്ജൻ അനസിനുനേരെ തിരിഞ്ഞു
“ഇവരെ വീട്ടിൽ കൊണ്ടുചെന്നാക്കണം, എന്നിട്ട് രാവിലെ ഞാൻപറഞ്ഞ കാര്യങ്ങൾ ഒന്നന്വേഷിക്കണം.”
“സർ.”
” കാർ സ്റ്റേഷനിൽ കൊടുത്താൽമതി രാവിലെ ഞാൻപോയി എടുത്തോളാം.”
“ശരി സർ.”
അത്രേയും പറഞ്ഞിട്ട് അനസും, ശ്രീജിത്തും അർജ്ജുവിനെയും ആര്യയെയും കൂട്ടി പുറത്തേക്കിറങ്ങി.
വാതിലടച്ച് ഷർട്ടിന്റെ ഓരോ കുടുക്കുകൾ അഴിക്കുമ്പോഴായിരുന്നു. ഭാര്യ ശാലിനിയുടെ കോൾ അയാളെ തേടിവരുന്നത്.
“ഒരു കേസ് കിട്ടിയാൽ പിന്നെ നമ്മളെയൊന്നും വേണ്ടേ മാഷേ..?” ഫോണെടുത്ത രഞ്ജൻ അവളുടെ സംസാരംകേട്ട് പുഞ്ചിരിപൊഴിച്ചു.
“ഓരോ തിരക്കാണ് വാവേ..” ബാക്കി കുടുക്കുകൾ ഇടതുകൈകൊണ്ട് അഴിക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
“ഉവ്വ്, പിന്നെയ്,മരിയമോളുടെ അകൗണ്ട് നമ്പറൊന്നുവേണം. അവര് തന്നപ്പോൾ ഏട്ടന്റെ ലാപ്ടോപിലാണ് ഞാനന്ന് സേവ് ചെയ്തത്.
“ഒരു മിനിറ്റ്, നോക്കട്ടെ.” രഞ്ജൻ തന്റെ ബാഗ് തുറന്ന് ലാപ്ടോപ്പ് പുറത്തേക്കെടുത്തു.
“ഏതാ ഫോൾഡർ?”
“ഡി, ഓപ്പൺ ചെയ്താൽ, ഡോക്യുമെന്റ് എന്ന ഫോൾഡർ ഉണ്ട്, അതിൽ പോയാ മരിയമോൾ എന്ന ഡോക്യുമെന്റ് ഫയൽ ഉണ്ടാകും അതാണ്.”
ഫയൽ കിടക്കുന്ന സ്ഥലം പറഞ്ഞുകൊടുത്ത ശാലിനി അക്കൗണ്ട് നമ്പറിന് വേണ്ടി കത്തുനിന്നു.
“മ്, പേപ്പറും പേനയുമെടുത്തോ?”
“ഉവ്വ്,”
“എഴുതിക്കോളൂ., ഐ.എഫ്.എസ് സി കോഡ് യൂ ബി ഐ യൻ. 0537047 അക്കൗണ്ട് നമ്പർ 56740000003478.”
അക്കൗണ്ട് നമ്പർ പറഞ്ഞുകൊടുക്കുമ്പോഴായിരുന്നു പെട്ടന്ന് രഞ്ജൻ എന്തോ ആലോചിച്ചു നിന്നത്.
ഉടനെ തിരിച്ചു വിളിക്കാമെന്നു പറഞ്ഞ് ശാലിനിയുടെ കോൾ കട്ട് ചെയ്ത് രഞ്ജൻ അർജ്ജുൻ കൊടുത്ത സിസിടിവി ദൃശ്യങ്ങൾ വീണ്ടുമെടുത്ത് പരിശോധിച്ചു. സുധി ഹോമെക്സ് ബിൽഡേഴ്സിന്റെ റിസപ്ഷനിൽ നിന്നുകൊണ്ട് പോക്കെറ്റിൽ നിന്നെടുത്ത ഒരു ബില്ലിന്റെ മറുവശത്ത് എന്തോ കുറിക്കുന്നുണ്ടായിരുന്നു. രഞ്ജൻ ആ ദൃശ്യങ്ങൾ വീണ്ടും വീണ്ടും വലുതാക്കിയും ചെറുതാക്കിയും പരിശോധിച്ചു. അവസാനം അർജ്ജുൻ കൊടുത്ത കടലാസുകഷ്ണം സുധി എഴുതിയ കടലാസിന്റെ ബാക്കിയാണെന്നു രഞ്ജൻ സ്ഥിതീകിരിച്ചു. ഉടൻ തന്നെ അനസിനെ ഫോണിൽ ബന്ധപ്പെട്ടു.
“അനസ്, അർജ്ജുൻ ഒരു ബില്ലിന്റെ പകുതിതന്നില്ലേ, അത് സുധിയുടെ കൈയിലുള്ളതാണ്. സിസിടിവി പരിശോധിച്ചപ്പോൾ ഞാൻ കണ്ടു. വ്യക്തമായി കാണാം.”
“സർ, അങ്ങനെയാണെങ്കിൽ അർജ്ജുൻ പറഞ്ഞത് അവനെ കുറച്ചുപേർ ചേർന്ന് പിടിച്ചുകൊണ്ടുപോയത് എന്നല്ലേ? അപ്പോൾ സുധിയുടെ ആസൂത്രിതമായ ഒരു മിസ്സിങ് ആണ്. അല്ലെ സർ.?” “അങ്ങനെയാകാം. എന്തായാലും നാളെ രാവിലെ കാണാം.”
“സർ.” രഞ്ജൻ ഫോൺ കട്ട് ചെയ്ത് കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് കയറി. ഷവറിന്റെ ചുവട്ടിൽ അല്പനേരം നിന്നുകൊണ്ട് നാളത്തെ കാര്യങ്ങൾ ക്രമപ്പെടുത്തിയെടുത്തു.
××××××××
രാവിലെ എട്ടുമണിക്കുതന്നെ രഞ്ജൻ പോലീസ് സ്റ്റേഷനിലെത്തി. കഴുകിവൃത്തിയാക്കിയ തന്റെ കാർ കണ്ട് അയാൾ ചെറുപുഞ്ചിരിതൂവി സ്റ്റേഷനിനുള്ളിലേക്ക് കയറിച്ചെന്നു. ഓഫീസ് മുറിയിൽ അനസും ശ്രീജിത്തും ഇരിക്കുന്നുണ്ടായിരുന്നു. രഞ്ജനെ കണ്ടമാത്രയിൽ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ചു.
“ഇന്നലെ പറഞ്ഞപോലെ അനസ്, താൻ ഡോക്ടറെ ചെന്നുകാണണം. മാക്സിമം ഡീറ്റൈൽസ്. ആൻഡ് ശ്രീജിത്ത് താൻ നീനയുടെ വീട്ടിൽ പോയി അവളുടെ റൂമൊന്ന് പരിശോധിക്കണം.
“സർ.”
“നൗ യൂ ക്യാൻ ഗോ.”
“സർ.
ആദ്യം എവിടെ തുടങ്ങണം എന്ന ചിന്തയിൽ മുഴുകിനിൽകുമ്പോഴായിരുന്നു ഐജി ചെറിയാൻപോത്താൻ വിളിച്ചത്. വൈകിട്ട് കാണണം എന്ന ആവശ്യം അദ്ദേഹം അറിയിച്ചു. വരാമെന്ന് മറുപടി പറഞ്ഞ് രഞ്ജൻ ഫോൺ കട്ട് ചെയ്ത് കാറിലേക്ക് കയറി.
പത്തുമണിയായപ്പോഴേക്കും രഞ്ജൻ ഹോമെക്സ് ബിൽഡേഴ്സിന്റെ പാർക്കിങ് ഏരിയയിൽ തന്റെ ബെലേനോ കാർ നിറുത്തിയിട്ട് റിസെപ്ഷനിലേക്ക് കടന്നുചെന്നു.
പുഞ്ചിരി പൊഴിച്ചുകൊണ്ട് റീസെപ്ഷനിലുള്ള പെണ്കുട്ടി രഞ്ജനെ സ്വാഗതം ചെയ്തു. ക്രൈംബ്രാഞ്ചിൽ നിന്നും ഡിവൈഎസ്പി രഞ്ജൻഫിലിപ്പ് ആണെന്നുള്ള ഐഡി കാർഡ് പെണ്കുട്ടിയെ കാണിച്ചപ്പോൾ അവൾ ഫോണിന്റെ റിസീവർ എടുത്ത് മാനേജറുടെ റൂമിലേക്ക് വിളിച്ചു വിവരങ്ങൾ പറഞ്ഞു. അകത്തേക്കുവാരാനുള്ള അനുമതികിട്ടിയപ്പോൾ രഞ്ജൻ സോഫയിൽനിന്നും എഴുന്നേറ്റ് ഗ്ലാസിന്റെ ഡോർ തുറന്ന് അകത്തേക്ക് കടന്നു.
അവിടെ ഒരുവശത്തായി മാനേജർ എന്ന ബോർഡഴുതിയ മുറിയെ ലക്ഷ്യമാക്കി രഞ്ജൻ നടന്നു. കുറച്ചപ്പുറത്ത് എച്ചിങ് ചെയ്ത് ഗ്ലാസോടുകൂടിയ ഒരു മുറി അയാൾ ശ്രദ്ധിച്ചു. മുകളിൽ നീലബോർഡിൽ വെളുത്ത നിറത്തിലുള്ള അക്ഷരങ്ങൾകൊണ്ട് മാനേജർ എന്ന് ഇംഗ്ലീഷിൽ എഴുതിയ ആ ഒറ്റമുറി കണ്ടു. ഉടനെ ആ വാതിലിൽമുട്ടി അയാൾ അകത്തേക്ക് പ്രവേശിക്കാൻ അനുമതി തേടി.
“എസ് കമിങ്.” അകത്തുനിന്നും മറുപടികിട്ടിയപ്പോൾ രഞ്ജൻ ഡോർ മുന്നിലേക്ക് തള്ളി അകത്തേക്ക് കടന്നു.
“ഡിവൈഎസ്പി രഞ്ജൻ, രഞ്ജൻഫിലിപ്പ് ഫ്രം ക്രൈംബ്രാഞ്ച്.” രഞ്ജൻ തന്റെ ഐഡി കാർഡ് എടുത്ത് മാനേജരെ കാണിച്ചു.
“സർ, ടേക്ക് യൂവർ സീറ്റ്.” മുന്നിലെ കസേര ചൂണ്ടികാണിച്ചുകൊണ്ട് മാനേജർ പറഞ്ഞു.
“ഒരു അന്വേഷണത്തിന്റെ ഭാഗമായി എനിക്ക് ചിലകാര്യങ്ങൾ ഇവിടെനിന്നും അറിയേണ്ടതുണ്ട്.” കസേരയിൽ ഇരുന്നുകൊണ്ട് രഞ്ജൻ പറഞ്ഞു.
“എസ്ക്യൂസ്‌മീ ഓഫീസർ, വാട്ട് യൂ വാണ്ട്.” ഡോർ തുറന്ന് കറുത്ത കൂളിംഗ് ഗ്ലാസ് വച്ച് ഒരാൾ അകത്തേക്കുവന്നുകൊണ്ട് ചോദിച്ചു.
“ഹു ആർ യൂ.?” അയാളെ നോക്കിക്കൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ,ഹി ഈസ് അവർ ചെയർമാൻ ലൂക്ക ഫ്രാൻസിസ്.” കസേരയിൽ നിന്ന് എഴുന്നേറ്റ് മാനേജർ അയാളെ രഞ്ജന് പരിചയപ്പെടുത്തി. ശേഷം മാനേജർ തന്റെ കസേര ചെയർമാനുവേണ്ടി ഒഴിഞ്ഞുകൊടുത്തു. കസേരയിൽ ഇരുന്നുകൊണ്ട് അയാൾ രഞ്ജൻ ഹസ്തദാനം ചെയ്തു.
“നൈസ് ടു മീറ്റ്‌യൂ..മിസ്റ്റർ ഓഫീസർ. എന്താണ് നിങ്ങൾക്ക് അറിയേണ്ടത്.” കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ലൂക്ക ചോദിച്ചു.
“ഈ ചെറുപ്പക്കരനെ അറിയാമോ.?”
6×4 സൈസിലുള്ള സുധിയുടെ ഒരു ഫോട്ടോ കാണിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“നോ, ഓഫീസർ ഞാൻ കണ്ടതായി ഓർക്കുന്നില്ല.”
“മ്, ശരിക്കും ഒന്നോർത്തുനോക്കിക്കോളൂ, മറന്നിട്ടുണ്ടാകും.” രഞ്ജൻ വീണ്ടും ആവർത്തിച്ചു.
“നോ, നെവർ. “
“സീ മിസ്റ്റർ ലൂക്ക. KL-7-BM 696 നിങ്ങളുടെ വണ്ടിയല്ലേ?”
“യെസ്. ഇവിടെ കമ്പനി ആവശ്യത്തിനുപോകുന്ന മാരുതി ഏർട്ടിക്ക കാറാണ്.”
“15 – 11- 2018 ൻ പൈപ്പ്ലൈൻ ജംഗ്ഷനിൽവച്ച് രാത്രി പുലർച്ചെ ഒന്നരക്ക് ഒരാളെ ബലമായി കാറിൽ കയറ്റികൊണ്ടുപോയില്ലേ അയാൾ എവിടെ? അയാളെ തിരക്കിയാണ് ഞാൻ വന്നത്.”
ഇരുട്ടുമൂടിയ ഗഗനംപോലെ ലൂക്കയുടെ മുഖം മങ്ങുന്നത് രഞ്ജൻ ശ്രദ്ധിച്ചു.
“സോറി ഓഫീസർ എനിക്ക് അറിയില്ല. നിങ്ങളെ ആരോ തെറ്റുധരിപ്പിച്ചിരിക്കുന്നു.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ തന്റെ ചോദ്യം ആവർത്തിച്ചു. ശേഷം ഓരോ തെളിവുകൾ നിരത്തി. ഇടപ്പള്ളിയിൽനിന്നും പൈപ്പ് ലൈൻ ജംങ്‌ഷനിലേക്കുള്ള വഴിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ. അതിൽ വളരെ വേഗത്തിൽ പോകുന്ന ഒരു ബൈക്ക്. മിനിറ്റുകൾ ശേഷിക്കെ വെളുത്ത നിറത്തിലുള്ള ഒരു മരുതികാർ തൊട്ടുപിന്നിൽ. രഞ്ജൻ പൈപ്പ് ലൈനിൽ സ്ഥാപിച്ച ട്രാഫിക് പോലീസിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തതായി കാണിച്ചുകൊടുത്തു.
അതിൽ അതേ ബൈക്ക് വേറൊരു ചെറുപ്പക്കാരൻ ഓടിച്ചുപോകുന്നു. രഞ്ജൻ ആ വീഡിയോ ദൃശ്യം വലുതാക്കി കാണിച്ചു ബൈക്കിന് സാരമായി പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് വ്യക്തമായി കാണാം.
അടുത്തത് അർജ്ജുൻ കണ്ട ആക്‌സിഡന്റിന്റെ മൊഴിയുടെ ശബ്ദരേഖ.
എല്ലാംകേട്ട് ലൂക്ക രഞ്ജനെ തീക്ഷ്ണമായി നോക്കി.
“ഇനി പറയൂ, നിങ്ങൾക്ക് അറിയില്ലേ?” രഞ്ജൻ കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ചോദിച്ചു.
“എനിക്ക് ഒന്നും പറയാനില്ല. യൂ ക്യാൻ ഗോ”
“ഇങ്ങോട്ടുവന്ന എനിക്ക് തിരിച്ചുപോകാനും അറിയാം മിസ്റ്റർലൂക്ക. ഞാനിപ്പോ പോകുന്നു. പക്ഷെ ഒരുവരവ് കൂടെ വരും. അന്ന് നീയുമുണ്ടാകും എന്റെകൂടെ. ഓർത്തുവച്ചോ.”
അത്രെയും പറഞ്ഞ് രഞ്ജൻ അയാളുടെ ഓഫീസിൽ നിന്നുമിറങ്ങി കാറിലേക്ക് കയറിയിരുന്നതും, അനസ് ഫോണിൽ വിളിക്കുന്നതും ഒരുമിച്ചായിരുന്നു.
“സർ, ഡോക്ടറെ ഞാൻ പൊക്കട്ടെ?”
“എന്തിന് ?” ആശ്ചര്യത്തോടെ രഞ്ജൻ ചോദിച്ചു.
“ഐ തിങ്ക് ഇറ്റ്‌സ് എ മർഡർ.”
“വാട്ട്?”
“എസ് സർ, ഡോക്ടറെ പിടിച്ചു കുടഞ്ഞാൽ വ്യക്തമാകും. കാരണം 6 ദിവസങ്ങൾക്ക് മുൻപ് ഡോക്ടറുടെ പെങ്ങളുടെ മകന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ട്. അതും ക്രിസ്റ്റീഫർ എന്ന ആളുടെ അകൗണ്ടിൽ നിന്ന്. പിന്നെ പണം വന്ന വഴി അന്വേഷിച്ചു. ഡോക്ടറുടെ മൊഴിയും അയാളുടെ അനന്തിരവന്റെ മൊഴിയും രണ്ടും രണ്ടാണ്. സർ.”
“താൻ അവിടെത്തന്നെ നിൽക്ക് ഞാനിതാ വരുന്നു.”
രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്ത് ഹാൻഡ്ബ്രേക്ക് താഴ്ത്തി മുന്നോട്ടെടുത്തു.
തുടരും…
Comments:
No comments!
Please sign up or log in to post a comment!