The Shadows 7

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 |

പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി. കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു. അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു കട്ടിലിൽ കിടന്ന അവന്റെ മൊബൈൽഫോൺ ശബ്ദിക്കാൻ തുടങ്ങിയത്.

“ഓഹ്, നശിച്ച ഫോൺ.” കലിതുള്ളി അർജ്ജുൻ ഫോണെടുത്തതും മറുവശത്തുനിന്ന് ആര്യ പറഞ്ഞു.

“എടാ, നീ പെട്ടന്ന് സ്റ്റുഡിയോയിലേക്കുവാ ഒരു ന്യൂസ് കവർചെയ്യാനുണ്ട്.” അത്രയും പറഞ്ഞുകൊണ്ട് ആര്യ ഫോൺ വച്ചു. ഉടനെ അർജ്ജുൻ വൈഗയുടെ നേരെ തിരിഞ്ഞു.

“ജോലിയാണ് മോളെ, പോണം.” താൽപ്പര്യമില്ലാതെ അർജ്ജുൻ കിടക്കയിൽനിന്നും എഴുന്നേറ്റതും വൈഗ അവനെപിടിച്ചു വീണ്ടും തന്നിലേക്ക് വലിച്ചിട്ടു.

“വേഗം എന്റെ വീട്ടിൽ പറഞ്ഞോളൂ ഞാനിവിടെയുണ്ടെന്ന്. ഇല്ലങ്കിൽ അടുത്ത പോലീസ്കേസ് പിന്നാലെ വരും.” വൈഗയുടെ ചുടുശ്വാസം അവന്റെ അധരങ്ങളിൽ സ്പർശിച്ചപ്പോൾ അവളുടെ നെറുകയിൽ ഒരു ചുംബനം ചാലിച്ച് അർജ്ജുൻ പതിയെ എഴുന്നേറ്റു.

“ഞാൻവിളിച്ചു പറഞ്ഞോളാം” വൈകാതെ അർജ്ജുൻ വസ്ത്രംമാറി ബൈക്കെടുത്ത് സ്റ്റുഡിയോയിലേക്കുപോയി.

××××××××××

ഉച്ചയാകാറായപ്പോഴേക്കും രഞ്ജൻഫിലിപ്പും സംഘവും വയനാട് ചുരത്തിന് താഴെയത്തി. അടുത്തുകണ്ട ചെറിയ തട്ടുകടയിൽ നിന്ന് രണ്ടുകുപ്പി കുടിവെള്ളം വാങ്ങി ചുരം കയറാൻതുടങ്ങി. തിരുവനന്തപുരത്തുകാരനായ ശ്രീജിത്ത് രണ്ടാംതവണയായിരുന്നു വയനാട്‌ ചുരംകയറുന്നത്. പ്രകൃതി ആസ്വദിക്കുന്ന ഒരാളാണ് ശ്രീജിത്ത് എന്ന് അയാളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ രഞ്ജനും അനസിനും കഴിഞ്ഞിരുന്നു.

മഹാരാഷ്ട്ര റെജിസ്ട്രേഷനിലുള്ള ഒരു ചരക്കുലോറി മുന്നിൽകിടന്ന് ഉരുണ്ടുകളിക്കുന്നതുകൊണ്ട് തേർഡ് ഗിയറിൽ വലിമുട്ടിയപ്പോൾ സെക്കന്റിലേക്ക് ഗിയർമാറ്റി ലോറിയെ മറികടന്ന് കാർ മുന്നോട്ടുകുതിച്ചു.

ചുരം കയറി കൽപ്പറ്റയെത്തിയപ്പോൾ രഞ്ജൻ കൈയ്യിൽ കെട്ടിയ വാച്ചിലേക്കൊന്നു നോക്കി. സമയം രണ്ടുമണി കഴിഞ്ഞ് നാല്പത്തിയഞ്ച് മിനുട്ട്.

മീനങ്ങാടി കഴിഞ്ഞ് അമ്പലവയലിൽ എത്തിയപ്പോൾ അടുത്തുകണ്ട ചെറിയ തട്ടുകടയുടെ മുമ്പിൽ കാർ നിറുത്തി ശ്രീജിത്ത് ജിനുവിന്റെ അഡ്രസ്സ് കാണിച്ചു വീട്ടിലേക്കുള്ള വഴി ചോദിച്ചു.

പുതുതലമുറയേക്കാൾ കൂടുതൽ വിവരങ്ങൾ പഴയ ആളുകളോട് ചോദിച്ചാൽ അറിയാൻ കഴിയുമെന്ന ഒരു ലക്ഷ്യവും ഉണ്ടായിരുന്നു.

അല്പനേരം കടക്കാരനോട് സംസാരിച്ചു. ശേഷം അയാൾ പറഞ്ഞുതന്ന വഴിയിലൂടെ അവർ യാത്രതുടർന്നു. വയനാടിന്റെ ദൃശ്യമനോഹാരിത ശ്രീജിത്ത് ശരിക്കും ആസ്വദിച്ചു. ചെറിയ പോക്കറ്റ്റോഡിലേക്ക് തിരിഞ്ഞ് അവർ ജിനുവിന്റെ വീടിന് മുൻപിൽ കാർ നിറുത്തി.

പുതുതായി പണികഴിപ്പിച്ച ഇരുനിലവീട്. വീടിന് ചുറ്റും ധാരാളം കൃഷിയും മറ്റു നിറഞ്ഞു നിൽക്കുന്നുണ്ട്. കാറിന്റെ ഡോർ തുറന്ന് അവർ മൂന്നുപേരും ഇറങ്ങി. കാറിന്റെ ശബ്ദം കേട്ടതുകൊണ്ടാകണം ഉമ്മറത്തേക്ക് ഒരു മധ്യവയസ്‌കൻ ഇറങ്ങിവന്നു. അവരെ കണ്ടപാടെ അയാൾ അകത്തേക്കുക്ഷണിച്ചു. ജിനുവിന്റെ അച്ഛനാണെന്ന് സ്വയം പരിചയപ്പെടുത്തി. ക്രൈം ബ്രാഞ്ചിൽ നിന്നാണ്,ജിനുവിനോട് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ആദ്യം അയാൾ ഒന്നുപകച്ചു. വന്നതിന്റെ ഉദ്ദേശം പറഞ്ഞപ്പോഴായിരുന്നു അയാൾക്ക് അൽപ സമാധാനം കിട്ടിയതെന്ന് മുഖത്തുനിന്ന് രഞ്ജന് മനസിലായി.

“സർ ഞങ്ങൾക്ക് ജിനുവിനോട് ഒന്നുസംസാരിക്കണം.” രഞ്ജൻ തങ്ങളുടെ ആവശ്യം വീണ്ടും ആവർത്തിച്ചു.

“മോളേ, വാവേ..” അയാൾ അകത്തേക്കുനോക്കി നീട്ടിവിളിച്ചു. അകത്തെ മുറിയിൽനിന്ന് അവൾ ഹാളിലേക്ക് വന്നു.

വെളുത്ത് മെലിഞ്ഞ പ്രകൃതം. ഷോൾഡറിൽ നിന്നും അല്പം താഴെവരെ മുടി അഴിഞ്ഞുകിടക്കുന്നു. രഞ്ജൻ അവളെ അടിമുടിയൊന്നുനോക്കി.

“ജിനു, അല്ലെ?”

“അതെ സർ.”

“ജിനു, എവിടെയാ വർക്ക് ചെയ്യുന്നേ?”

“സർ, ഞാൻ ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്.”

“ഓക്കെ, ഞങ്ങൾ അതുല്യയേയും, അക്സയെയും കണ്ടിട്ടാണ് വരുന്നത്. ഇനി ജിനുവിന്റെ ഉത്തരങ്ങളാണ് ഞങ്ങൾക്ക് വേണ്ടത്.” അനസ് അതുപറഞ്ഞപ്പോൾ അവൾ മൂന്നുപേരെയും മാറിമാറി നോക്കി.

ശ്രീജിത്ത് നീനയുടെ ചെരിപ്പോടുകൂടിയ പ്ലാസ്റ്റീക്ക് കവർ ബാഗിൽനിന്നും പുറത്തേക്കെടുത്തു. കൂടെ രണ്ടുതാക്കോലുകളും.

“സീ, ജിനു. നീനയുടെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് കിട്ടിയ മൂന്നു തെളിവുകളിൽ രണ്ടെണ്ണമാണ് ഇത്. ഈ കീ. ഇത് ഏതിന്റെയാണെന്ന് അറിയാമോ?”

“സർ അവളുടെ കൈയ്യിൽ ഒരുബോക്‌സ് ഉണ്ടായിരുന്നു. ചിലപ്പോൾ അതിന്റെയായിരിക്കും. ഞാൻ കണ്ടിട്ടുണ്ട് അവളത് തുറക്കുന്നത്. “

“മ്, ഇന്നലെ അതുല്യ വിളിച്ചിരുന്നോ?” രഞ്ജൻ ചോദിച്ചു.

“ഉവ്വ് സർ രാവിലെ വിളിച്ചിരുന്നു.

“പിന്നെ വിളിച്ചില്ലേ.?

രഞ്ജൻ വീണ്ടും ചോദിച്ചു.

“ഇല്ല സർ.” ജിനു നിന്നുപരുങ്ങി.

“ജിനുവിന് സുധിയെ എങ്ങനെയാണ് പരിചയം” അനസ് ചോദിച്ചു.

“ഏത് സുധി.
?” അറിയാത്തപോലെ ജിനു മറുചോദ്യം ചോദിച്ചു.

ശ്രീജിത്ത്,” രഞ്ജൻ അല്പം ഉച്ചത്തിൽ വിളിച്ചു.

“സർ” രഞ്ജന്റെ വലതുവശത്തിരുന്നുകൊണ്ട് ശ്രീജിത്ത് വിളികേട്ടു.

“പ്ലേ ദ വോയിസ് ക്ലിപ്പ്.”

“സർ,”

ശ്രീജിത്ത് തന്റെ ഫോണെടുത്ത് അതുല്യ ജിനുവിന് വിളിച്ചുസംസാരിച്ച ശബ്ദരേഖ മൊബൈലിൽ നിന്നും കേൾപ്പിച്ചു.

“ജിനു, ഇന്ന് മൂന്നുപോലീസുകാർ വന്നിരുന്നു. നീനയുടെ മരണവുമായി എന്തെങ്കിലും അറിയാമോയെന്ന് ചോദിച്ചു. ആത്മഹത്യക്ക് സാധ്യതകുറവാണ് എന്നാ അവർ പറയുന്നേ. സുധി. ഇനി അവൻ ആണോ? മറ്റേ കാര്യം ഞാൻ പറഞ്ഞില്ല. അഥവാ പറഞ്ഞാൽ ഉറപ്പായും വീട്ടിൽ അറിയും, അപ്പൊ ആകെ പ്രശ്നമാവും. ജിനു, നിന്റെ അടുത്ത് വൈകാതെ അവരെത്തും നീയും ആ കാര്യം പറയരുത്.”

ശബ്ദരേഖ നിറുത്തി. രഞ്ജൻ ജിനുവിനെ നോക്കി.

“ഇപ്പൊ എന്തുപറയുന്നു ജിനു.?”

“സർ, അത്…”

“സീ,ജിനു. നമ്മൾ ഒരുകള്ളം പറഞ്ഞാൽ അതിനെ മറച്ചുവെക്കാൻ നൂറുകള്ളങ്ങൾ പിന്നെയും പിന്നെയും പറയും. അവസാനം പല ബന്ധങ്ങളും കൈവിട്ടുപോകുമ്പോഴായിരിക്കും ചിന്തിക്കുക ഒന്നും വേണ്ടായിരുന്നു എന്ന്.”

“സോറി, സർ.” ശിരസ് താഴ്ത്തിക്കൊണ്ട് അവൾ പറഞ്ഞു.

“ഇറ്റ്സ് ഓക്കെ. എന്താണ് ആ കാര്യം.” രഞ്ജൻ ചോദിച്ചു.

“സർ അതുല്യ ട്രെയിനിയായിട്ടാണ് ജോലിചെയ്യുന്നത്. അവിടെ സാലറി വളരെ കുറവാണ്. ചിലപ്പോൾ വീട്ടിൽനിന്നായിരിക്കും ഹോസ്റ്റൽ ഫീ അടക്കാനുള്ള പൈസ കൊടുക്കുക. നാല് മാസം മുൻപ് എന്റെ കൈയ്യിൽ നിന്നും ഹോസ്റ്റൽ ഫീസ് അടക്കാൻ അയ്യായിരം രൂപ വാങ്ങിച്ചിരുന്നു. അതേമാസം ഫീ അടക്കാൻ വീട്ടിൽനിന്നും പൈസ കൊടുത്തു. പക്ഷെ അവൾ മറ്റെന്തോ ആവശ്യത്തിന് ആ പൈസ എടുത്തതുകൊണ്ടായിരുന്നു എന്നോട് ചോദിച്ചത്. രാവിലെതന്നെ ഞാൻ പൈസകൊടുത്തു അവൾ അതുമായി ഓഫീസിലേക്ക് പോയി.വൈകുന്നേരം തിരിച്ചുവന്നപ്പോൾ ഞാൻ കൊടുത്ത അയ്യായിരം കളഞ്ഞുപോയിയെന്ന് എന്നോട് പറഞ്ഞു. പക്ഷെ അവൾക്കത് ബാഗിൽ വച്ചതായി നല്ല ഓർമ്മയുണ്ട്. പിന്നീട് അത് പുറത്തേക്ക് എടുത്തില്ലന്നു പറഞ്ഞു.”

“എന്നിട്ട്.” രഞ്ജൻ ചോദിച്ചു.

ഇടക്കിടക്ക് പൈസ മോഷണം പോകുന്നത് പതിവായി. ഒരു ദിവസം അതുല്യക്ക് കൊടുത്ത അയ്യായിരംരൂപ നീനയുടെ ബാഗിനിന്നും കിട്ടി. ആദ്യം വിസമ്മതിച്ചു. പിന്നീട് അവളുടെ ചേച്ചിയെ വിവരം അറിയിച്ചു. ചേച്ചി വന്നു ഞങ്ങൾ കാര്യങ്ങൾ അവരോട് പറഞ്ഞു. അവസാനം അവൾ സമ്മതിച്ചു. അവളാണ് പൈസ എടുത്തത് എന്ന്.”

“ഈ അയ്യായിരം അതുല്യയുടെയാണെന്ന് എങ്ങനെ മനസിലായി.
നോട്ടിന്റെ സീരിയൽ നമ്പർ നിങ്ങൾ നോട്ട് ചെയ്തിരുന്നോ? ഈ അയ്യായിരം അവൾക്ക് വേറെ ആരെങ്കിലും കൊടുത്തതായികൂടെ .?”

അനസ് ചോദിച്ചു.

“സർ, അയ്യായിരം രൂപയും ഒരു ബില്ലുംകൂടെ റബർബാന്റ് ഇട്ടുവച്ചതായിരുന്നു. അതോടുകൂടെയാണ് അതുല്യക്ക് നീനയുടെ ബാഗിൽനിന്നും കിട്ടിയത്. അങ്ങനെയായതുകൊണ്ടാണ് ഞങ്ങൾക്ക് മനസിലായത്. ഇല്ലങ്കിൽ ഇന്നും തിരിച്ചറിയില്ലായിരുന്നു. അവളുടെ അപ്പന് ഡയമണ്ട് ബിസ്നെസാണ്. അത്യാവശ്യം ചുറ്റുപാടുള്ള അവൾ എന്തിനാ പൈസ മോഷ്ടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. സർ ഇത് വീട്ടിൽ അറിഞ്ഞാൽ ഹോസ്റ്റൽ ഫീ അടക്കാൻതന്ന പൈസയെവിടെ എന്നചോദ്യം വരും അതുപേടിച്ചിട്ടാണ് അതുല്യ പറയരുതെന്നുപറഞ്ഞത്.”

“എന്നിട്ട് അവൾ ആ പണം എന്തുചെയ്തു?”

അനസ് ചോദിച്ചു.

“സർ, അവൾക്കൊരു ബോയ്ഫ്രണ്ട് ഉണ്ട്. അവന്റെ ഒരാവശ്യത്തിന് കൊടുത്തതാ”

“ജിനു ഈ സുധിയെ കണ്ടിട്ടുണ്ടോ.?” ഇടത്തുകാലിന്റെ മുകളിലേക്ക് വലതുകാൽ കയറ്റിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.

“ഇല്ല സർ, പറഞ്ഞുകേട്ട അറിവാണ്.”

“നീന, ഫോൺ വിളിക്കുന്നതിനും മറ്റും ഹോസ്റ്റലിൽ അധിക സമയം ചിലവഴിക്കുന്നത് എവിടെയാണ്.? റൂമിലാണോ അതോ പുറത്തോ?” ശ്രീജിത്ത് ചോദിച്ചു.

“അവളുടെയടുത്തേക്ക് ആരെങ്കിലും വന്നാൽ ഫോൺ അപ്പൊൾതന്നെ കട്ട് ചെയ്യും സർ, നീന ഹോസ്റ്റലിലെ സെക്കന്റ് ഫ്‌ളോറിൽ നിന്നുകൊണ്ട് ഫോണിൽ ഇടക്ക് സംസാരിക്കുന്നത് കാണാം” അല്പസമയം ആലോചിച്ചു നിന്നുകൊണ്ട് ജിനു പറഞ്ഞു.

“ഓക്കെ, ജിനു. താങ്ക് യൂ.” രഞ്ജൻ സോഫയിൽ നിന്നും എഴുന്നേറ്റു.

“സർ, എന്റെ വിവാഹമാണ് ജനുവരി 30ന്. പുഞ്ചിരിപൊഴിച്ചുകൊണ്ട് അവൾ പറഞ്ഞു.

” ആഹാ, ആശംസകൾ, എവിടെനിന്നാണ്?”

“മലപ്പുറം, തിരൂരിൽ നിന്നാണ്.”

“മ്, എന്നാൽ ശരി ഞങ്ങൾ ഇറങ്ങി. ജിനു, ആരേയും കള്ളം പറഞ്ഞുപറ്റിക്കരുത്. അത് തെറ്റാണ്. നമ്മളിൽ വിശ്വസിക്കുന്നവരുടെ ആ വിശ്വാസത്തെയാണ് അത് ചോദ്യം ചെയ്യുന്നത് ആ പിന്നെ ജിനു എപ്പോഴും അവയിലബിളായിരിക്കണം ഞങ്ങൾ വിളിക്കും.”

“ഉവ്വ് സർ, “

അനസ് അവരുടെ നമ്പർ കുറിച്ചുവച്ചു.

വയനാട്ടിൽ നിന്നും ചുരമിറങ്ങുമ്പോൾ വൈകുന്നേരം നാലുമണി കഴിഞ്ഞിരുന്നു. അടിവാരതെത്തിയപ്പോൾ ഓരോ ചായ കുടിച്ച് അവർ കൊച്ചിയിലേക്കു യാത്രതിരിച്ചു.

“അക്സ, ജിനു, അതുല്യ. ഇവരിൽ നിന്നും കിട്ടിയ മൊഴി ഒന്ന് വിലയിരുത്തിയലോ?” കാറിലിരുന്ന് രഞ്ജൻ അതുപറഞ്ഞപ്പോൾ പിൻസീറ്റിലിരുന്ന് ശ്രീജിത്ത് കേസ് ഫയൽ മറിച്ചു.


“സർ, ഈ ജിനുവിനെ വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്.” ശ്രീജിത്ത് പറഞ്ഞപ്പോൾ അനസും അതേ അഭിപ്രായം പറഞ്ഞു.

“തുടർന്നുള്ള അന്വേഷണത്തിൽ ജിനു വരുന്നുണ്ടോ എന്നുനോക്കാം.” രഞ്ജൻ തന്റെ മീശയെ ഒന്നുതടവികൊണ്ടു പറഞ്ഞു.

“സർ അക്സ പറഞ്ഞ ഒരുകാര്യം ശ്രദ്ധിച്ചിരുന്നോ? നീന ഫോണിൽ ഡയമണ്ടിന്റെ കാര്യങ്ങൾ സംസാരിക്കാറുണ്ടന്ന്. സർ, എന്റെ ഒരു സംശയമാണ്. രഹസ്യമായി കീ സൂക്ഷിക്കണമെങ്കിൽ നിനക്ക് ആ ബിസ്നെസുമായി എന്തെങ്കിലും ബന്ധം.”

“അതെന്താ ശ്രീ, അങ്ങനെ സംശയിക്കാൻ കാരണമെന്തെങ്കിലും.?” രഞ്ജൻ ചോദിച്ചു.

“ഉവ്വ് സർ, ഒരുവർഷം മുൻപ് ഞാൻ കസ്റ്റംസിലായിരുന്നു. അന്ന് തൃശ്ശൂരിലെ തെയ്യാല ടെക്സ്റ്റൈൽസിൽ ഒരു റൈയ്ഡ് നടത്തി. അന്ന് ഇതുപോലെ ഒരു ചെറിയ കീ കിട്ടിയിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ അയാളുടെ കൈയിൽ ഒരു ചെപ്പ് ഉണ്ടെന്നും അതിന്റെ കീ ആണെന്നും അറിയാൻ കഴിഞ്ഞു. പരിശോധന തുടങ്ങി വൈകാതെ ഒരുകോടിയോളം വിലവരുന്ന രതനങ്ങൾ ആ ചെപ്പിൽനിന്നും കിട്ടി. സോ, നീനയുടെ കേസ് എടുക്കുമ്പോൾ ഇതുപോലെ എന്തോ..” ശ്രീജിത്ത് പറഞ്ഞവസാനിപ്പിച്ചു.

“യെസ്, അവളുടെ വീട്ടിലെ റൂമൊന്നു പരിശോധിക്കണം.” രഞ്ജൻ പറഞ്ഞു.

“സർ,” അനസ് ഗിയർമാറ്റി കാറിന്റെ വേഗതകൂട്ടി.

അന്തിച്ചോപ്പ് പതിയെ നഗരങ്ങളെ വിഴുങ്ങാൻ തുടങ്ങി. തെരുവുവിളക്കുകൾ വഴിയോരങ്ങളിൽ തെളിഞ്ഞു.

×××××××××××××

സ്റ്റുഡിയോയിൽ എഡിറ്റിംഗ് ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്ന അർജ്ജുവിനെ ആര്യ രഹസ്യമായി വിളിച്ച് അപ്പുറത്തേക്ക് കൊണ്ടുപോയി.

“എടാ ഒരു ന്യൂസുണ്ട്. ഇന്ന് രാത്രി 10.55ന് അലിഞ്ചുവട് വച്ച് ഒരു ടെമ്പോ ട്രാവല്ലർ കൈമാറ്റം ചെയ്യുന്നുണ്ട്. ഒന്നെങ്കിൽ പണം, അല്ലങ്കിൽ മറ്റെന്തോ..”

“അതിന്, ” അർജ്ജുൻ ചോദിച്ചു.

“നമ്മൾ പോകുന്നു അതെന്താണെന്ന് അറിയാൻ. സക്‌സസ് ആയാൽ മോനെ പിന്നെ പ്രമോഷനാണ്. മാനേജർ പറഞ്ഞത് നീയും കേട്ടില്ലേ, എക്‌സ്ക്ലുസീവ് ന്യൂസ് ആരാണോ കവർ ചെയ്യുന്നത് അയാളെ പ്രോഗ്രാം ഡയറക്ടറായി തിരഞ്ഞെടുക്കുമെന്ന്.”

“മ്, ശരി. രാത്രിയല്ലേ ? ഞാൻ വൈഗയോട് പറഞ്ഞിട്ട് വരാം.” അത്രെയും പറഞ്ഞ് അർജ്ജുൻ ഓഫീസിൽനിന്നും ഇറങ്ങി നേരെ വീട്ടിലേക്കുപോയി.

അല്പസമയം അർജ്ജുൻ വൈഗയോടൊപ്പം ചിലവഴിച്ച് നേരത്തെ നിശ്ചയിച്ച പ്രകാരം ആലിഞ്ചുവട്ടിലേക്ക് പോകാൻ തയ്യാറായി നിന്നു.

ഒമ്പതുമണിയായപ്പോൾ ആര്യ ഫോണിൽവിളിച്ച് സ്റ്റുഡിയോയിലേക്ക് വരാൻ പറഞ്ഞു. അർജ്ജുൻ സ്റ്റുഡിയോയിലെത്തുമ്പോൾ എല്ലാം തയ്യാറാക്കി ആര്യ റീസെപ്ഷനിൽ തന്നെയുണ്ടായിരുന്നു. ക്യാമറയും മറ്റുമെടുത്ത് ചാനലിന്റെ വണ്ടിയിലേക്ക് വച്ചു.

“പോവാം.” ആര്യ മുന്നിലെ ഡോർ തുറന്ന് കയറിയിരുന്നു. അർജ്ജുൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സീറ്റ്ബെൽറ്റ് ഇട്ട് ആര്യയെ ഒന്നുനോക്കി.

“നീയെന്താടാ ഇങ്ങനെ നോക്കുന്നെ?” അവന്റെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കികൊണ്ട് ആര്യ ചോദിച്ചു.

“ന്യൂസ് എങ്ങാനും ഫെയ്ക്ക് ആണെന്ന് പറഞ്ഞാൽ പുന്നാരമോളേ ആര്യേ, നീ കണ്ടംവഴി ഓടേണ്ടിവരും.

അർജ്ജുൻ കാർ സ്റ്റാർട്ട് ചെയ്തു. ആലിഞ്ചുവടിൽ നിന്ന് അമ്പതുമീറ്റർ മാറി അർജ്ജുൻ കാർ പാർക്കുചെയ്ത് എൻജിൻ ഓഫ്‌ചെയ്തു. ശേഷം ഗ്ലാസ് കയറ്റി അവർ ചുറ്റിലും വീക്ഷിച്ചു.

കുറച്ചുമാറി ഒരു സ്‌കോർപിയോ പാർക്കിങ്ലൈറ്റ് ഇറ്റ് നിൽക്കുന്നതല്ലാതെ അസ്വാഭാവികമായി ഒന്നുംതന്നെ കാണാൻകഴിഞ്ഞില്ല.

10.45 ആയപ്പോഴേക്കും നേരത്തെ പാർക്ക് ചെയ്ത സ്‌കോർപിയോയുടെ എതിർ ദിശയിൽ ഒരു ബൊലീറോ വന്നുനിന്നപ്പോൾ അർജ്ജുവും ആര്യയും മുഖത്തോട് മുഖംനോക്കി.

10; 50 ആയപ്പോൾ ഒരു ടെമ്പോ ട്രാവലർ കുറച്ചുമാറി വന്നുനിന്നു. അതിലൊരാൾ വന്നിറങ്ങി സ്കോര്പിയോയിലെ ആളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

നിമിഷങ്ങൾക്കകം കാക്കനാട് ഭാഗത്തുനിന്ന് ഒരു ബിഎംഡബ്ല്യു എക്‌സ്ഫൈവ് കാർ. ഹെഡ്ലൈറ്റ് ഡിം ചെയ്യാതെ സഡൻ ബ്രെക്കിട്ട് വന്നുനിന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ അർജ്ജുൻ അയാളെ തിരിച്ചറിഞ്ഞു. “ലൂക്ക..” അർജ്ജുവിന്റെ ചുണ്ടുകൾ ചലിച്ചു.

“അതാരാ?” ആകാംഷയോടെ ആര്യ ചോദിച്ചു.

“ഹോമെക്സ് ബിൽഡേഴ്സിന്റെ.. ഇയ്യാളാ എന്നെ പിടിച്ചുകൊണ്ടുപോയത്. എന്തായിരിക്കും ആ ട്രാവല്ലറിനുള്ളിൽ?”

“അറിയില്ല,അവർ മൂവ് ചെയ്യട്ടെ നമുക്ക് ഫോളോ ചെയ്യാം.” ആര്യ പറഞ്ഞു.

10 ; 55 ആയപ്പോഴേക്കും ടെമ്പോ ട്രാവല്ലറിൽ വന്നയാൾ അതിന്റെ ചാവി ലൂക്കയ്ക്ക് കൈമാറ്റം ചെയ്തതും ആരോ തങ്ങളുടെ കാറിന്റെ ഗ്ലാസ്സിൽ മുട്ടിയതും ഒരുമിച്ചായിരുന്നു.

പുറത്തേക്കിറങ്ങാൻ ആംഗ്യം കാണിച്ചുകൊണ്ട് അയാൾ ആരൊക്കെയോ കൈനീട്ടി വിളിച്ചു.

“അർജ്ജു..” ഭയത്തോടെ ആര്യവിളിച്ചു. ഉടനെ അർജ്ജുൻ താനിട്ടിരിക്കുന്ന ബനിയൻ ഊരിമാറ്റി.

“നീയെന്തായികാണിക്കുന്നെ,?”

“ആര്യ നീ ഷർട്ടിന്റെ രണ്ട് ബട്ടൻസും, മുടിയും അഴിച്ചിട് വേഗം.”

ആര്യ ബട്ടൻസ് അഴിച്ചയുടൻ അർജ്ജുൻ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. നിമിഷനേരംകൊണ്ട് ഒരു സ്‌കോർപിയോ വളരെ വേഗത്തിൽവന്ന് അർജ്ജുവിന്റെ കാറിന് സമാന്തരമായി സഡൻബ്രേക്കിട്ട് വന്നുനിന്നു. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ കണ്ടത് കാറിനുള്ളിൽ അർജ്ജുവും ആര്യയും പരസ്പരം കെട്ടിപിടിച്ചിരിക്കുന്നതായിരുന്നു.

ഗ്ലാസിൽ മുട്ടിയയുടൻ അർജ്ജുൻ കാറിന്റെ ഗ്ലാസ് അല്പം താഴ്ത്തി.

“ന്തുട്ടാണ്ടാ, വീടോ, കുടിയോ ഒന്നുല്ല്യേ. നടുറോഡിൽ കിടന്നിട്ടാണോ ഇമ്മാരി പണി ചെയ്യണേ?”

അകത്തേക്ക് തലയിട്ട് അയാൾ ചോദിച്ചു.

“സോറി ചേട്ടാ..” അർജ്ജുൻ കൈകൾ കൂപ്പികൊണ്ടു പറഞ്ഞു.

“എടുത്തോണ്ട് പോടാ”

മുന്നിൽ കിടക്കുന്ന സ്‌കോർപിയോ റിവേഴ്‌സ് എടുത്ത് അവർക്ക് പോകാനുള്ള വഴിയൊരുക്കി അർജ്ജുൻ കാർ സ്റ്റാർട്ട് ചെയ്ത് യൂ ടേൺ ചെയ്ത് അല്പം മുന്നോട്ട് എടുത്തപ്പോഴായിരുന്നു കാറിന്റെ പിന്നിലുള്ള ചാനൽ ബി യുടെ പേരും ലോഗോയും അവർ ശ്രദ്ധിച്ചത്.

“അണ്ണാ, മീഡിയ.” അതിലൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞു. ഉടനെ അയാൾ കൈയ്യിലുള്ള പിസ്റ്റൺ ഉപയോഗിച്ച് കാറിന്റെ ബാക്കിലെ ടയറിനെ ലക്ഷ്യമാക്കി വെടിവച്ചു.

ഇടത്തോട്ടും വലത്തോട്ടും ഉലഞ്ഞാടിയ കാർ അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിന്നു. കാറിനിന്നും അർജ്ജുവും ആര്യയും ഇറങ്ങിയോടുന്നതുകണ്ട അയാൾ കൂടെയുള്ളവർക്ക് വിവരം നൽകി അവർ മൂന്നുപേരും അവരുടെ പിന്നാലെയോടി. ഏതുനിമിഷവും മരണം സംഭവിക്കുമെന്നുമാനസിലാക്കിയ ആര്യ ഭയംകൊണ്ട് അർജ്ജുവിന്റെ കൈകളിൽ മുറുക്കെ പിടിച്ച് സ്ട്രീറ്റ് ലൈറ്റിന്റെ ഇരുണ്ട വെളിച്ചത്തിൽ അവർ മുന്നോട്ട് ഓടി.

ഉടനെ തങ്ങൾക്ക് നേരെ വെടിയുതിർത്തപ്പോൾ ആര്യ അടിതെറ്റി നിലത്തേക്കുവീണു. ആര്യയെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന സമയം തൊട്ടുപിന്നിൽ മൂവരും തോക്കുമായി കിതച്ചുകൊണ്ട് വന്നുനിന്നു.

ആര്യയെ പിടിച്ച് എഴുന്നേല്പിച്ചയുടനെ അയാൾ അവർക്കുനരെ തോക്കുചൂണ്ടി. പെട്ടന്ന് വളവുതിരിഞ്ഞുവന്ന ഒരു ചുവന്ന ബെലേനോ കാർ അർജ്ജുവിന്റെയും ആര്യയുടെയും പിന്നിൽ ബ്രേക്കിട്ട് നിന്നു.

തുടരും…

Comments:

No comments!

Please sign up or log in to post a comment!