The Shadows 5

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 |

കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന ആറിഞ്ച് നീളമുള്ള നെട്ടുബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് കുത്തിയെടുത്തപ്പോൾ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി.

“സാർ.. ” അനസ് നീട്ടിവിളിച്ചു.

വാർഡനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജൻ പെട്ടന്നുതിരിഞ്ഞ് അനസിനെനോക്കി.

“യെസ്.”

“സർ, ദേ ഇവിടെ.”

അനസിന്റെ മുഖത്തുണ്ടായ ഭാവമാറ്റം രഞ്ജന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. അയാൾ പതിയെ അനസിന്റെ അടുത്തേക്കുചെന്നു. ചെറിയ ഒരു പേപ്പറിൽപൊതിഞ്ഞനിലയിൽ രണ്ടു സിംകാർഡുകൾ. അനസ് കൈവെള്ളയിൽ വച്ച് രഞ്ജനുനേരെ നിന്നു.

“തേടിയവള്ളി കാലിൽചുറ്റി. അല്ലെ അനസ്.?” അനസിന്റെ കൈകളിൽ നിന്നും രഞ്ജൻ ആ സിംകാർഡുകൾ വാങ്ങി തിരിച്ചും മറിച്ചും നോക്കി.

“നീനയുടെ കൂടെയുള്ള മറ്റ് മൂന്നുപേരെവിടെ?”

രഞ്ജൻ വാർഡനോടയി ചോദിച്ചു.

“ജിനു, അവളുടെ കല്യാണത്തിന് പോയതാണ് സർ. ആക്‌സ അവളുടെ വീട്ടിലും. പിന്നെ അതുല്യ. അവളിവിടെയുണ്ട്. ഡ്യൂട്ടിക്ക് പോയതാ, വൈകീട്ട് വരും.” വാർഡൻ മറുപടിയായി പറഞ്ഞു.

“മ്.. ജിനു, അക്സ, അതുല്യ.എനിക്ക് ഈ മൂന്നുപേരുടെയും അഡ്രസ്സ് ഒന്നുവേണം” നിലത്തുനിന്നും രഞ്ജൻ പൊളിഞ്ഞുകിടക്കുന്ന നീനയുടെ ചെരുപ്പെടുത്ത് വാർഡനെ കാണിക്കുന്നതിനിടയിൽ പറഞ്ഞു.

“സീ മാഡം, ഇതുകണ്ടോ? ചെരുപ്പിന്റെ ഹീലിനടിയിൽ ഒരു രഹസ്യ അറ. ഇതെന്തിനുവേണ്ടിയുണ്ടാക്കിയതാണെന്ന്. എനിക്കറിയണം. ശ്രീജിത്ത്, ” അയാൾ നീട്ടിവിളിച്ചു.

മറ്റ് മൂന്നുപേരുടെ അഡ്രസ്സ് കളക്റ്റ് ചെയ്യണം. കൂടാതെ കഴിഞ്ഞ ഒരുമാസം ഈ മൂന്നുപേരെ ആരൊക്കെ കാണാൻ വന്നു അവരുടെ ഡീറ്റൈൽസും. ഫാസ്റ്റ്, വീ ഹാവ് നോ ടൈം.”

“സർ”

“അനസ്,” രഞ്ജൻ അനസിന്റെ നേരെ തിരിഞ്ഞു.

“ഈ സിം കാർഡുകളെ കുറിച്ച് അന്വേഷിക്കണം. ഇൻകമിങ്, ഔട്ട് ഗോയിങ്, ആൻഡ് കോണ്ടാക്റ്റ്ലിസ്റ്റ്.”

“സർ”

“ഓക്കെ മാഡം, താങ്ക് യൂ ഫോർ യൂവർ ഹെല്പ്. ശേഷം രഞ്ജൻ വാർഡന് ആയിരംരൂപ കൊടുത്തു.

” സോറി മാഡം, റൂം ഒതുക്കിവയ്ക്കാൻ സമയമില്ല. ഞങ്ങൾക്ക് ആവശ്യമുള്ളത് കിട്ടി. ആരെയെങ്കിലും വിട്ട് ഇതൊന്നു ഒതുക്കിവയ്ക്കാൻ പറയണം. അതിനാണ് ഈ പണം.”

ശേഷം മൂവരും മുറിയിൽ നിന്നും പുറത്തേക്കുകടന്നു. ശ്രീജിത്ത്‌ വാർഡനൊപ്പം ഓഫീസിൽ പോയി ജിനു, അക്സ, അതുല്യ എന്നിവരുടെ അഡ്രസ്സ് എഴുതിവാങ്ങിച്ചു.

അതേസമയം അനസ് സിംകാർഡുകൾ തന്റെ ഫോണിലേക്കിട്ട് അതിന്റെ നമ്പർ എഴുതിയെടുത്തു. ശേഷം സൈബർസെല്ലിലേക്ക് വിളിച്ചിട്ട് താൻ കൊടുത്ത നമ്പർ ആരുടെ പേരിലാണ് റെജിസ്ട്രർ ചെയ്തിരിക്കുന്നത് എന്നറിയാൻ കാത്തുനിന്നു.

രഞ്ജൻ ഹോസ്റ്റലിന്റെ മുറ്റത്ത് പാർക്കുചെയ്ത തന്റെ ബെലേനോ കാറിലേക്ക് കയറിയിരുന്നു. ഫോണെടുത്ത് ഐജി ചെറിയാൻ പോത്താനോട് നേരിൽ കാണണമെന്ന ആവശ്യം അറിയിച്ചു. വൈകുന്നേരം മൂന്നുമണിയാകുമ്പോഴേക്കും ഐജി ഓഫീസിലേക്ക് വരാൻ രഞ്ജന് അനുമതി നൽകി. ഫോൺ കട്ട്ചെയ്ത് രഞ്ജൻ നീനയുടെ മുറിയിൽനിന്നും കിട്ടിയ താക്കോൽ വീണ്ടും വീണ്ടും പരിശോധിച്ചു. വൈകാതെ ശ്രീജിത്തും, അനസും തങ്ങൾക്ക് കിട്ടിയ രേഖകളുമായി തിരികെ വന്നു.

“സർ. അഡ്രസ്സ്” ശ്രീജിത്ത് കൈയിലുള്ള ഫയൽ രഞ്ജനുനേരെ നീട്ടി. ഫയൽ വാങ്ങി അയാൾ ദീർഘശ്വാസമെടുത്ത് ഫയൽ മറിച്ചുനോക്കി.

ജിനു, D/o ഗണേഷ്. മംഗലത്ത് വീട് അമ്പലവയൽ,കൽപ്പറ്റ വയനാട്.

അക്സ. D/o ജോസഫ് തെറ്റയിൽ ഹൗസ് പന്നിത്തടം,അക്കിക്കാവ് തൃശ്ശൂർ.

അതുല്യ. D/o അശോകൻ. മാങ്ങാട്ടുകാര ഹൗസ് പാല കോട്ടയം.

“ഓക്കെ. അനസ്, സിംകാർഡുകൾ എന്തായി.?”

കൈയിലുള്ള ഫയൽ മടക്കിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.

“സർ, സിംകർഡുകൾ നീനയുടെ പേരിൽതന്നെയാണ്. കോൺടാറ്റ്‌ ലിസ്റ്റിൽ ആരുടെ നമ്പറും സേവ് ചെയ്തിട്ടില്ല ഇൻകമിങ് ആൻഡ് ഔട്ട്ഗോയിങ് കോൾലിസ്റ്റ് ഈസ് പ്രോസസിംഗ്. “

“മ്, ഗുഡ്. ഗെറ്റ് ഇൻ”

ശ്രീജിത്തും, അനസും കാറിലേക്ക് കയറിയിരുന്നു.

“നാളെ നമുക്കൊരു യാത്രയുണ്ട്. അക്സയുടെ വീട്ടിലേക്ക്, അതുകഴിഞ്ഞ് വയനാട്. ജിനുവിന്റെ വീട്ടിൽ. അതുല്യയെ വൈകിട്ട് വന്നുകാണാം. “

അത്രെയും പറഞ്ഞുകൊണ്ട് രഞ്ജൻഫിലിപ്പ് കാർ സ്റ്റാർട്ട് ചെയ്ത് ഗിയർമാറ്റി കാർ മുന്നോട്ടെടുത്തു. ഹൈവേയിലൂടെ മറൈൻഡ്രൈവിലുള്ള ഐജിയുടെ ഓഫീസിലേക്ക് കാർ പടക്കുതിരയെപോലെ കുതിച്ചുപാഞ്ഞു.

വൈകാതെ അവർ മൂന്നുപേരും ഐജി ഓഫീസിലേക്ക് കയറിചെന്നു. ഹാഫ് ഡോർ തുറന്ന് രഞ്ജൻ അകത്തേക്കുകടക്കാനുള്ള അനുമതി വാങ്ങി.

“സർ” മൂന്നുപേരും ഒരുമിച്ചുനിന്ന് സല്യൂട്ടടിച്ചു

“എന്തായി കേസിൽ വല്ല പുരോഗമനവും ഉണ്ടോ രഞ്ജൻ?

തുറന്നിരിക്കുന്ന ഫയൽ അടച്ചുവച്ചുകൊണ്ട് ഐജി ചെറിയാൻ പോത്തൻ ചോദിച്ചു.

“ഉവ്വ് സർ” രഞ്ജൻ പറഞ്ഞു.

“ദെൻ ടെയ്ക്ക് യുവർ സീറ്റ്.” ഐജി പറഞ്ഞതും അവർ മൂന്നുപേരും ഒരുമിച്ചിരുന്നു.

“സർ നീനയുടെ മരണം ഒരു അസ്വാഭാവികമരണമാണ്.
ഒന്നില്ലെങ്കിൽ അവളെ ആത്മഹത്യക്കുവേണ്ടി ആരെങ്കിലും നിർബന്ധിക്കുകയോ, അതുപോലെയുള്ള കൊലപാതകമോ ആകാം. അല്ലങ്കിൽ സ്വയം ആത്മഹത്യചെയ്യുക.”

“ഇതിലേതാണ് രഞ്ജൻ.?” ഐജി സംശയത്തോടെ ചോദിച്ചു.

“സർ, രണ്ടാമത്തെയാകാനുള്ള സാധ്യത വളരെ കുറവാണ്. കാരണം ഞങ്ങൾക്ക് കിട്ടിയ തെളിവുകൾ ചൂണ്ടികാണിക്കുന്നത് അങ്ങനെയാണ്.”

“എന്ത് തെളിവുകൾ.” ഐജി ആകാംഷയോടെ ചോദിച്ചു.

“അനസ്, ബ്രിങ് ദ എവിടൻസ്.” രഞ്ജൻ ഫിലിപ്പ് തന്റെ ഇടതുഭാഗത്തിരിക്കുന്ന അനസിനെ നോക്കി പറഞ്ഞു.

“സർ.” അനസ് തന്റെ മടിയിൽ വച്ചിരിക്കുന്ന ബാഗ് മേശപ്പുറത്തേക്കുവച്ചുകൊണ്ട് തുറന്നു. ഹോസ്റ്റലിൽനിന്നും കിട്ടിയ നീനയുടെ ചെരുപ്പടങ്ങിയ കവർ ബാഗിൽനിന്നും പുറത്തേക്കെടുത്തു.

“സർ, അവിചാരിതമായി കിട്ടിയ തെളിവുകളാണിത്.”

“ഇതെന്താടോ?” നെറ്റി ചുളിച്ചുകൊണ്ട് ഐജി ചോദിച്ചു.

“നീനയുടെ ചെരുപ്പാണ് സർ. അനസ്, മ്..” രഞ്ജൻ അനസിനെനോക്കി ഒന്നുമൂളി.

അനസ് കവർതുറന്ന് നീനയുടെ ചെരുപ്പ് പുറത്തേക്കെടുത്തു ശേഷം രഞ്ജൻ അതിന്റെ ഹീൽഭാഗം കൈകൊണ്ട് ഇളക്കിമാറ്റി. ഐജി ആകാംഷയോടെ നോക്കി.

ചെരുപ്പിന്റെ അടിഭാഗത്തെ രഹസ്യ അറയുടെയുള്ളിൽനിന്നും രണ്ട് താക്കോലെടുത്ത് ഐജിയെ കാണിച്ചുകൊടുത്തു.

“സർ, ആദ്യം പറഞ്ഞ സംശയമാണ് ശരി. അവളെ ആരോ നിർബന്ധിച്ചു. അവൾ ആത്മഹത്യ ചെയ്തു. അല്ലങ്കിൽ ആത്മഹത്യ പോലെയുള്ള കൊലപാതകം. അതിനുള്ള തെളിവുകളാണിത്. 1, ഈ രണ്ട് താക്കോൽ. 2, രഹസ്യമാക്കിവച്ച സിംകാർഡുകൾ. 3, ഹോസ്റ്റൽമെസ്സിലെ പാചകക്കാരി വത്സല രണ്ടാമത് തന്ന മൊഴി. അതിൽ പറയുന്നത് രണ്ടു കസേരകൾ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പോലെ കിടന്നിരുന്നുയെന്ന്. അതിനർത്ഥം ഒരാൾ കൂടെ അന്നുരാത്രി അവിടെ ഉണ്ടായിരുന്നു എന്നല്ലേ?

സർ നമുക്കുപറ്റിയ ഒരു വീഴ്ച്ച ആദ്യമേ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തി. കൂടുതൽ തെളിവുകൾ അന്വേഷിച്ചില്ല. കണ്ടെത്തിയില്ല. പിന്നെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുകൂലമായിരുന്നല്ലോ. നിരാശയോടെ രഞ്ജൻ പറഞ്ഞു.

“ദൻ, വാട്ട് നെക്സ്റ്റ്.” ഐജി ചോദിച്ചു.

“എനിക്ക് ആ റിപ്പോർട്ടിൽ സംശയമുണ്ട് സർ. എന്തെങ്കിലും അല്ലങ്കിൽ ഏതെങ്കിലുംതരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം.

ഇനിയിപ്പൊ നമുക്ക് കണ്ടെത്താനുള്ളത് 3 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്.

1 ഈ കീ..? 2 നീനയുടെ റൂം മേറ്റ്‌സ്ന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ? 3 ആരെ വിളിക്കാൻ വേണ്ടിയാണ് നീന ഈ രണ്ട് സിംകാർഡുകൾ ഉപയോഗിക്കുന്നത്.
ബാക്കിയുള്ള ചോദ്യങ്ങൾക്കുമുൻപേ ഇതിനുള്ള ഉത്തരങ്ങൾ കണ്ടുപിടിക്കണം.”

“ഓക്കെ രഞ്ജൻ. എനിക്ക് അറിയാമായിരുന്നു തന്നെ ഏൽപ്പിച്ചാൽ ഈ കേസ് എന്തെങ്കിലുമായിത്തീരുമെന്ന്.”

“സർ,” വൈകാതെ മീറ്റിങ് അവസാനിപ്പിച്ച് രഞ്ജൻഫിലിപ്പും, അനസും,ശ്രീജിത്തും ഐജിക്ക് സല്യൂട്ടടിച്ചിട്ട് ഓഫീസിൽ നിന്നും ഇറങ്ങി നേരെപോയത് മറൈൻഡ്രൈവിലേക്കായിരുന്നു. വൈകുന്നേരം നാലരയോടുകൂടെ സൈബർസെല്ലിൽ നിന്ന് അനസിന്റെ സുഹൃത്തായ ഉണ്ണി അവരെ കാണാൻ വന്നു. കൈയിൽ ഒരു ഫയലും ഉണ്ടായിരുന്നു.

അന്തിച്ചോപ്പ് പരന്നുതുടങ്ങിയ കൊച്ചിയിലെ സായാഹ്നം തീർത്തും മനസിനെ ബാധിച്ച മാനസികസമ്മർദ്ദത്തെ കുറക്കാനാകുമെന്ന് മനസിലാക്കിയതുകൊണ്ടാകാം വൈകുന്നേരങ്ങളിൽ ഒരുപാടു പേർ മറൈൻഡ്രൈവിലെ വീഥിയിലൂടെ സകല തിരക്കുകളും ഒഴിവാക്കിവരുന്നത്.

ആളൊഴിഞ്ഞ ഒരു ഭാഗത്ത് അവർ ഇരുന്നു. ഉണ്ണി അനസിന്റെ കൈയിലേക്ക് താൻ കൊണ്ടുവന്ന ഫയൽ വച്ചുനീട്ടി.

“സർ, ഈ രണ്ടു നമ്പറിലേക്ക് വിളിക്കുന്നതും, ഇതിൽനിന്നും തിരികെ വിളിക്കുന്നതും ഒരേ നമ്പറിലേക്ക് തന്നെയാണ്.” ഉണ്ണി കൊണ്ടുവന്ന ഫയലിലെ ആ നമ്പർ ഹൈലൈറ്റ് ചെയ്തുവച്ചിരിക്കുന്നത് അയാൾ രഞ്ജൻഫിലിപ്പിന് കാണിച്ചുകൊടുത്തു.

“സർ, ഈ നമ്പർ സുധീഷ് കൃഷ്ണ എന്നുപറയുന്ന ഒരു ചെറുപ്പക്കാരന്റെയാണ്. അധികസംസാരമില്ല ഏറിപ്പോയാൽ അഞ്ചുമിനുട്ട് അതിൽ കൂടില്ല. ലാസ്റ്റ് വിളിച്ചത് 15-11-2018 12.10 am.”

“12.10 am. സർ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം നടന്നത് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ്. അങ്ങനെയാണെങ്കിൽ ഈ സുധീഷ് കൃഷ്‌ണയാകുമോ ?” ശ്രീജിത്ത് തന്റെ സംശയം പങ്കുവച്ചു.

“അങ്ങനെയും സംശയിക്കാം.” രഞ്ജൻ ശ്രീജിത്തിന്റെ സംശയത്തെ തള്ളിക്കളഞ്ഞില്ല.

“അനസ്, ഈ സുധീഷ് കൃഷ്ണയെകുറിച്ച് ഒന്നന്വേഷിക്ക്. ഇപ്പോൾതന്നെ.”

“സർ. ” അനസ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് തന്റെ ഫോണെടുത്ത് ആർക്കോ വിളിച്ചു.

“ഓക്കെ ഉണ്ണി തന്റെ സഹായം ഇനിയും ഞങ്ങൾക്ക് ആവശ്യമുണ്ട്. വിളിപ്പിക്കും സഹായിക്കണം.” രഞ്ജൻ ഉണ്ണിയോട് പറഞ്ഞു.

സായാഹ്നങ്ങളിലെ ഇളംങ്കാറ്റിന്റെ ഒരു പ്രത്യേക തണുപ്പ് രഞ്ജന് അനുഭവപ്പെട്ടു അരുണൻ അസ്തമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അനസ് തിരികെവന്നു.

“സർ, ഹി ഈസ്‌ മിസ്സിങ്. നീന മരണപ്പെട്ട അന്നു തന്നെ, ലോക്കൽ സ്റ്റേഷനിൽ ഒരു മാൻമിസ്സിങ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. “

ഉടനെ രഞ്ജൻ ഉണ്ണിയെനോക്കി.

“ഉണ്ണി, ഒരു സഹായംകൂടെ വേണം.
ഈ നമ്പർ ഇപ്പോൾ ഏത് ടവറിലാണ് എന്നുകൂടെ പറഞ്ഞുതരണം.”

“ഷുവർ സർ.” ഉണ്ണി തന്റെ ഫോണെടുത്ത് ഓഫീസിലേക്ക് വിളിച്ച് അവശ്യം അറിയിച്ചു.

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അയാൾക്ക് തിരികെ ഒരു ഫോൺകോൾ വന്നു. ഉണ്ണി ഫോൺ എടുത്ത് അൽപസമയം സംസാരിച്ചു. ശേഷം ഫോൺ കട്ട് ചെയ്ത് രഞ്ജനോട് പറഞ്ഞു.

“സർ, സുധീഷിന്റെ നമ്പറിലെ അവസാന ലൊക്കേഷൻ കാക്കനാടാണ് കാണിക്കുന്നത്.”

“ശരി ഉണ്ണി. താങ്ക് യൂ.. ” രഞ്ജൻ നന്ദി രേഖപ്പെടുത്തി.

“സർ, എന്നാ ഞാനങ്ങോട്ട്”

“ശരി. അങ്ങനെയാകട്ടെ.” ഉണ്ണി യാത്രപറഞ്ഞ് തിരിഞ്ഞു നടന്നു.

“അപ്പോൾ നമ്മുടെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി. ഇനി രണ്ടാമത്തെ ചോദ്യം. റൂം മേറ്റ്‌സിന് പങ്കുണ്ടോ?”

രഞ്ജൻ രണ്ടുപേരോടുംകൂടെ ചോദിച്ചു.

“സർ, അതുല്യയിൽനിന്ന് തുടങ്ങാം.” ശ്രീജിത്ത് പറഞ്ഞു.

മൂന്നുപേരും ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് കാർ പാർക്ക് ചെയ്തിരുന്ന ഇടത്തേക്ക് നടന്നു.

ആറുമണിയായപ്പോഴേക്കും ഇന്ദിര വിമൻസ് ഹോസ്റ്റലിന്റെ കവാടത്തിനരികിലെത്തി. രഞ്ജനും കൂട്ടരും. വൈകാതെ വാർഡനെ ചെന്നുകണ്ട് അതുല്യയോട് സംസാരിക്കണം എന്ന ആവശ്യം അറിയിച്ചു.

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അതുല്യ ഗസ്റ്റ് റൂമിലേക്ക് വന്നു. ഇരുനിറത്തിൽ നല്ല ഭംഗിതോന്നിക്കുന്ന മുഖം. നല്ല മുടിയും അല്പം തടിയുമുള്ള ശരീരം.

“അതുല്യ അല്ലെ?” അനസ് ചോദിച്ചു.

“അതെ സർ.”

“നീനയുടെ മരണവുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ ചോദിച്ചറിയാനുണ്ട് അതാണ് ഞങ്ങൾ വിളിപ്പിച്ചത്. അതുല്യ എന്തുചെയ്യുന്നു.?” രഞ്ജൻ ചോദിച്ചു.

“സർ, ഞാനിവിടെ കൊച്ചിയിൽ സിവിൽ എൻജിനിയറായി ജോലിചെയ്യുന്നു.”

“നീനയെ എത്രനാളായി അറിയാം?.”

“ഒരു ഒൻപത് മാസം.”

” ഈ ചെരുപ്പ് നീനയുടെതല്ലേ?”

ശ്രീജിത്ത് ബാഗിൽനിന്നും നീനയുടെ ച ചെരുപ്പ് അതുല്യ കാണതക്ക രീതിയിൽ പുറത്തേക്കെടുത്തുവച്ചുകൊണ്ട് ചോദിച്ചു.

“അതെ സർ, പക്ഷെ ഈ ചെരുപ്പ് അവൾ ഇടാറില്ല. എപ്പോഴും കട്ടിലിന്റെ അടിയിലുണ്ടാകും,”

“ഈ കീ നീനയുടെതാണ്. ഇത് ഏതിന്റെ കീ ആണെന്ന് അറിയാമോ?”

“ഇല്ല സർ, ചിലപ്പോൾ വീട്ടിലെമറ്റോ ആയിരിക്കും. ” അതുല്യ അല്പനേരം രഞ്ജന്റെ കൈയിലെ ചാവിയെതന്നെ നോക്കിനിന്നുകൊണ്ട് പറഞ്ഞു.

“സുധീഷ് കൃഷ്ണയെ നിങ്ങൾ എവിടെ വച്ചാണ് കാണുന്നത്.?” ശ്രീജിത്ത് ആ ചോദ്യം ചോദിച്ചപ്പോൾ അതുല്യയുടെ മുഖഭാവത്തിന് എന്തെങ്കിലും മാറ്റമുണ്ടോയെന്ന് രഞ്ജൻ ശ്രദ്ധിച്ചു.

“ഏത് സുധീഷ് കൃഷ്ണ.” അതുല്യ സംശയത്തോടെ ചോദിച്ചു.

“നീനയുടെ കാമുകൻ സുധീഷ്. അയാളാണ് പറഞ്ഞത് നിങ്ങളെ മൂന്നുപേരെയും ഒരു ദിവസം നീനയോടൊപ്പം കണ്ടിട്ടുണ്ടെന്ന്.” ശ്രീജിത്ത് ഒരു ചൂണ്ടയിട്ടു.

“ഇല്ല സർ നുണയാണ് അയാൾ പറഞ്ഞത്. സുധിയെന്നൊരു ഫ്രണ്ട് ഉണ്ടെന്നറിയാം ഞാൻ കേട്ടിട്ടുണ്ട് ഫോണിൽ സംസാരിക്കുന്നത്. കൂടുതലൊന്നും അറിയില്ല. നീന പേഴ്സണൽ കാര്യങ്ങൾ അങ്ങനെ തുറന്ന് പറയാറില്ല സർ.”

“മ്, ശരി.” കൂടുതലൊന്നും അതുല്യക്ക് അറിയില്ലയെന്നു മനസിലാക്കിയ രഞ്ജൻ അവളുടെ മൊബൈൽ നമ്പർ വാങ്ങി സൈബർസെല്ലിലുള്ള ഉണ്ണിക്ക് കൈമാറി. ഇന്നൊരു ദിവസം അവളുടെ മൊബൈലിലേക്ക് വരുന്ന കേൾഡീറ്റൈൽസിന്റെ കോപ്പിയും പറ്റുമെങ്കിൽ അതിന്റെ ശബ്ദരേഖയും തനിക്ക് ആവശ്യം ഉണ്ടെന്നുകൂടെ അറിയിച്ചു. ശേഷം ഹോസ്റ്റലിൽ നിന്നും ഇറങ്ങിയ അവർ മൂന്നുപേരും രഞ്ജന്റെ വാടകവീട്ടിലേക്ക് പോയി.

“നാളെ നമുക്ക് വയനാട് വരെ ഒന്നുപോണം. പോകുന്നവഴിക്ക് അക്സയെ കാണാം. അവരെ സംശയിക്കണോ വേണ്ടയോയെന്ന് ഇന്ന് രാത്രിയോടുകൂടെ അറിയാം.”

“എന്താലയും ഒരു വല്ലാത്ത തലവേദനപിടിച്ച കേസായിപ്പോയി. അല്ലെ സർ.” അനസ് പറഞ്ഞു.

“മ്, നമുക്ക് നോക്കാം. നാളെ രാവിലെ അഞ്ചുമണിക്ക് വരണം. ഓക്കെ.”

“സർ” രഞ്ജനെ വീട്ടിൽ ഇറക്കിവിട്ട് കാറുമായി അവർ തിരികെപോയി.

തലേന്നുപറഞ്ഞപോലെ അവർ അഞ്ചുമണിക്ക് തന്നെ രഞ്ജന്റെ വീട്ടിലെത്തി. രഞ്ജനെയും കൂട്ടി അവർ തൃശ്ശൂർ ലക്ഷ്യമാക്കി കുതിച്ചു. രാവിലെ ഏഴുമണിയായപ്പോഴേക്കും അവർ വടക്കുംനാഥന്റെ മണ്ണിലെത്തി. കാർ പാർക്കുചെയ്ത് രഞ്ജനും, ശ്രീജിത്തും ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു. അനസ് അടുത്തുകണ്ട ആൽമരത്തിന്റെ ചുവട്ടിലേക്ക് നടന്നു. ആദിശങ്കരനെ മനസിൽ ധ്യാനിച്ചുകൊണ്ട് രഞ്ജൻ അല്പസമയം ശ്രീകോവിലിനു മുൻപിൽ ക്ഷേത്രജ്ഞനായി നിന്നു.

ആൽമരത്തിന്റെ ചുവട്ടിൽ കയറിയിരിക്കുമ്പോഴാണ് അനസിന്റെ മൊബൈൽഫോൺ ശബ്ദിച്ചത്.

മറുവശത്ത് ഉണ്ണിയാണെന്ന് കണ്ടപ്പോൾ അയാൾ ഉടനെ കോൾ എടുത്തു.

“സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്. അതു ഞാൻ ഡോക്യുമെന്റായി വാട്സാപ്പ് ചെയ്തിട്ടുണ്ട്.”

“താങ്ക് യൂ, ഉണ്ണി.” അനസ് നന്ദി രേഖപ്പെടുത്തി. ശേഷം ഫോൺ കട്ട് ചെയ്ത് വാട്സാപ്പിൽ വന്ന ശബ്ദരേഖ ഡൗൺലോഡ് ചെയ്ത് അയാൾ കേൾക്കാൻ തുടങ്ങി.

തുടരും…

Comments:

No comments!

Please sign up or log in to post a comment!