The Shadows 4
Previous Parts Of this Story | Part 1 | Part 2 | Part 3 |
“എനിവേ, ലറ്റ്സ് സ്റ്റാർട്ട് എ ന്യൂ ഗെയിം. എ ന്യൂ ഗെയിം ഫൈൻഡ് ദ ഹിഡൻ ഫേസ് ഓഫ് ദ ട്രൂ.”
രഞ്ജൻഫിലിപ്പ് പതിയെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് പരന്നുകിടക്കുന്ന സാഗരത്തെനോക്കി ദീർഘശ്വാസമെടുത്തു.
×××××××××××××
“ആര്യാ, നീനയുടെ ആത്മഹത്യയിൽ നേരത്തെ ഒരു ദുരൂഹതയുണ്ടെന്നു പറഞ്ഞില്ലേ, ആ കേസിൽ ഞാനെന്റെതായരീതിയിൽ ഒരന്വേഷണം നടത്തി.?”
ഇടപ്പള്ളിയിലേക്ക് പോകുന്നവഴിക്ക് തന്റെ ബൈക്കിന്റെ പിന്നിലിരിക്കുന്ന ആര്യയോട് അർജ്ജുൻ പറഞ്ഞു.
“എങ്ങനെ?”
“വൈഗ പറഞ്ഞ ചിലകാര്യങ്ങൾ ഞാൻ നിന്നോട് പറഞ്ഞില്ലേ, അതിന്റെ അടിസ്ഥാനത്തിൽ ഞാനിന്നലെ അവൾ ജോലിചെയ്യുന്ന ഹോമെക്സ് ബിൽഡേഴ്സിലേക്ക് പോയിരുന്നു.”
“എന്നിട്ട്.”
“അവിടെ ഒരാഴ്ച്ചക്കിടയിൽ വന്നുപോയ വിസിറ്റേഴ്സിന്റെ ഡീറ്റൈൽസും, സിസിടിവി ഡാറ്റയും, കളക്റ്റ് ചെയ്തിട്ടുണ്ട്. നീന ബുർക്കയണിഞ്ഞ് ഒരു ചെറുപ്പക്കാരന്റെകൂടെ അവിടെ വന്നുപോകുന്നത് അതിലുണ്ട്. കൂടെയുള്ള ചെറുപ്പക്കാരൻ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എന്നാ അവനോടിച്ചുവന്ന ആ ബൈക്ക് എനിക്ക് നല്ല പരിചയമുണ്ട്. എന്റെ ഊഹം ശരിയാണെങ്കിൽ നീന ആത്മഹത്യ ചെയ്യുന്ന അന്നുരാത്രി കൃത്യം പറഞ്ഞാൽ നമ്മുടെ സ്റ്റാഫ്മീറ്റിംഗ് കഴിഞ്ഞ അന്ന്.
അന്നു വീട്ടിലേക്കുവരുന്ന വഴിക്ക് എന്നെ ഓവർടൈക്ക് ചെയ്ത് ഒരു ബൈക്ക് കടന്നുപോയി. നിമിഷ നേരം കൊണ്ടുതന്നെ ആ ബൈക്ക് ആക്‌സിഡന്റായി. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ ചെറുപ്പക്കാരനെ കുറച്ചുപേർ ചേർന്ന് പിടിച്ചുകൊണ്ടുപോകുന്നത് ഞാൻ കണ്ടതാണ്. ആ ബൈക്കുപോലെതന്നെയാണ് നീനയുടെ കൂടെവന്ന ചെറുപ്പക്കാരന്റെ ബൈക്കും. ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ എവിടെയോ എന്തോ പോലെ..”
“അർജ്ജുൻ, നീ കണ്ട ബൈക്ക് പലർക്കും ഉണ്ടവില്ലേ, അതെങ്ങനെ സംശയിക്കാൻ പറ്റും.”
ആര്യയുടെ ചോദ്യത്തെ അവൻ പരിഹസിച്ചുകൊണ്ട് തള്ളി.
“എന്തോ ഒളിക്കാൻ വേണ്ടിയല്ലേ നീന ബുർക്കയണിഞ്ഞു നടക്കുന്നത്. അല്ലേ?”
“ആയിരിക്കാം.ഒരുപക്ഷെ അവളുടെ കാമുകനാണെങ്കിലോ അത്.”
“അങ്ങനെയും വേണമെങ്കിൽ ചിന്തിക്കാം.
ആര്യാ, ഇത് നമ്മുടെ ചാനലിൽ ഒരു പ്രോഗ്രാമായി കൊടുത്താലോ? നല്ല റൈറ്റിംഗ് കിട്ടും.”
“കുഴപ്പമില്ല, നോക്കാം”
അർജ്ജുൻ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് ബൈക്കിന്റെ വേഗത കുറച്ച്
ഇടപ്പള്ളിയിലെ ലുലുമാളിലേക്ക് തന്റെ ബൈക്ക് ഓടിച്ചുകയറ്റി.
×××××××××
കാക്കനാട്ടെ ഒരു സ്വകാര്യലോഡ്ജിൽ തന്റെ സാധങ്ങൾ ഒതുക്കിവക്കുമ്പോഴാണ് ഫോണിൽ ഒരു സന്ദേശം വന്നുകിടക്കുന്നത് രഞ്ജൻഫിലിപ്പിന്റെ ശ്രദ്ധയിൽപെട്ടത്.
“രഞ്ജൻ, സീപോർട്ട് എയർപോർട്ട് റോഡിൽനിന്നും അല്പം ഉള്ളിലേക്ക് തനിക്കുവേണ്ടി ഒരു വീട് വാടകക്കെടുത്തിട്ടുണ്ട്. ഫ്രീയാണെങ്കിൽ ഒന്നുപോയി നോക്ക്.”
ഐജി ചെറിയാൻപോത്തൻ വാട്സ്ആപ്പ് ശബ്ദത്തിന്റെകൂടെ ആ വീടിന്റെ ലൊക്കേഷനും അയച്ചിട്ടുണ്ടായിരുന്നു.
സിഐ ശ്രീജിത്തിനെയും,അനസിനെയും കൂട്ടി രഞ്ജൻഫിലിപ്പ് തനിക്ക് താമസിക്കാനുള്ള വാടകവീട്ടിലേക്ക് പോകുന്നവഴിക്കാണ് ഇന്ദിര വിമൻസ്ഹോസ്റ്റലിന്റെ ബോർഡ് കണ്ടത്.
“സർ, ഇതാണ് ഇന്ദിര വിമൻസ് ഹോസ്റ്റൽ.” ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട് അനസ് പറഞ്ഞു.
“അപ്പൊ, നമ്മുടെ അടുത്തുതന്നെയാണ് അല്ലെ ?..”
“അതെ സർ, “
“എന്നാലും ഒരു സൂചനപോലും തരാതെ ആ കുട്ടി ആത്മഹത്യ ചെയ്യാനുള്ളകാരണമെന്താണെന്നാ ഞാൻ ആലോചിക്കുന്നത്.”
കാറിന്റെ വിൻഡോയിലൂടെ അകത്തേക്കു പ്രവേശിച്ച കാറ്റിനെ മുഖത്തുതൊടാൻ അനുവദിക്കാതെ ഇടതു കൈകൊണ്ട് രഞ്ജൻ തടഞ്ഞുവച്ചുകൊണ്ട് പറഞ്ഞു.
“ഒരു തെളിവ് അവിടെ എവിടെയെങ്കിലും ഉണ്ടാകും സർ.” പുഞ്ചിരി പൊഴിച്ചുകൊണ്ട് ശ്രീജിത്ത് അയാളെ നോക്കി.
“ഉവ്വ്, നമുക്കുനോക്കാം.”
ചിറ്റേത്ക്കര ചെറിയപള്ളിയുടെ അടുത്ത് ലൊക്കേഷനിൽകണ്ട ആളൊഴിഞ്ഞ ഒരു നാടൻവീട്ടിലേക്ക് അനസ് കാർ കയറ്റിനിറുത്തി. ഐജി കണ്ടുവച്ച സ്ഥലം ഒറ്റനോട്ടത്തിൽതന്നെ രഞ്ജന് ഇഷ്ട്ടപ്പെട്ടു. മുറ്റത്ത് വലിയ ഒരു പ്ലാവ്. അതിനോട് ചാരി കിണറും. മുറ്റമാകെ പ്ലാവിലകൾ വീണ് അലങ്കോലപ്പെട്ടു കിടക്കുന്നു. പഴയ നായന്മാർ താമസിച്ചിരുന്ന വീടാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. മുറ്റത്ത് തുളസിത്തറയും എണ്ണക്കറപിടിച്ച ചിരാതും കണ്ട രഞ്ജന് തന്റെ ഭാര്യ ശാലിനിയെയാണ് ഓർമ്മവന്നത്. മൊബൈൽഫോണെടുത്ത് രഞ്ജൻ ശാലിനിയെ വിളിച്ചു സംസാരിക്കുന്നതിനിടയിൽ ശ്രീജിത്തും, അനസും കാറിന്റെ ഡിക്കുതുറന്ന് സാധനങ്ങളെല്ലാം വീട്ടിനുള്ളിലേക്ക് എടുത്തുകൊണ്ടുപോയിവച്ചു. അല്പസമയത്തിനുള്ളിൽ വീടിന്റെ കാര്യസ്ഥൻ എന്നുതോന്നിക്കുന്ന ഒരാൾ മൂന്നാല് സ്‌ത്രീകളുമായിവന്ന് വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി.
“എന്നാ, നിങ്ങൾ വിട്ടോ, നാളെ രാവിലെ കൃത്യം 8 മണിക്ക് ഇവിടെ എത്തണം.” ഫോൺ കട്ട് ചെയ്ത് രഞ്ജൻ പറഞ്ഞു.
“സർ”
“അനസ്, ടേക്ക് ദ കാർ. ആൻഡ് കെയർഫുൾ “
“സർ” അനസ് ഡ്രൈവിംഗ് സീറ്റിലേക്കുകയറി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ മുൻസീറ്റിലേക്ക് ശ്രീജിത്ത് കയറിയിരുന്നു. പതിയെ കാർ ചലിച്ചു. കണ്മുൻപിൽ നിന്നും മാഞ്ഞുപോകുന്നതുവരെ രഞ്ജൻ നോക്കിനിൽക്കുന്നതുകണ്ട കാര്യസ്‌ഥൻ അയാളോട് കുശലം ചോദിച്ചുകൊണ്ട് അടുത്തേക്കുവന്നു.
പിറ്റേന്ന് രാവിലെ 7.45 ആയപ്പോഴേക്കും സിഐ ശ്രീജിത്തും, അനസും രഞ്ജൻഫിലിപ്പ് താമസിക്കുന്ന പുതിയവീട്ടിലേക്ക് എത്തിച്ചേർന്നു. ഫ്ലാസ്കിൽനിന്നും ഓരോകപ്പ് ചായയെടുത്ത് ഇരുവർക്കും നൽകി രഞ്ജൻ അവരെ സ്വാഗതംചെയ്‌തു.
പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും രഞ്ജൻ വസ്ത്രംമാറി കറുത്തപാന്റും, ആകാശനീല കളറുള്ള ഷർട്ടും ഇൻ ചെയ്ത് റയ്ബാന്റെ കണ്ണടയും വച്ച് ഉമ്മറത്തേക്ക് കടന്നുവന്നു.
“അനസ്, യൂ ടേക്ക് ദ കാർ. ശ്രീജിത്ത് എല്ലാ ഫയലുകളും എടുക്കണം.
“സർ.”
“വീ ആർ സെർച്ചിങ് ഫോർ ഫ്രം ഡാർക്ക്നെസ്സ്. കാറിലേക്ക് കയറുന്നതിന് മുൻപ് രഞ്ജൻ പറഞ്ഞു. ശേഷം കാറിലേക്ക് കയറി ഇന്ദിര വിമൻസ് ഹോസ്റ്റലിലേക്ക് കുതിച്ചു. ഹോസ്റ്റലിന്റെ ഗെയ്റ്റിന്റെ മുൻപിൽ അനസ് കാർ നിർത്തി രണ്ടുതവണ ഹോൺ മുഴക്കി. വൈകാതെ വാച്ച്മാൻവന്ന് ഗെയ്റ്റ് തുറന്നു. അനസ് കാർ മുന്നോട്ടെടുത്തു.
കാർ പാർക്കുചെയ്ത് മൂവരും റീസെപ്ഷനിലേക്ക് കയറിച്ചെന്നു. അവരുടെ നിർദേശപ്രകാരം വാർഡനെ അവരുടെ ഓഫീസിൽ ചെന്നുകണ്ടു.
“മാഡം, വീ ആർ ഫ്രം ക്രൈംബ്രാഞ്ച്. ഐ ആം ഡിവൈഎസ്‌പി രഞ്ജൻ. രഞ്ജൻ ഫിലിപ്പ്. ആൻഡ് ഹീ ഇസ് മൈ സബോർഡിനെറ്റ് അനസ്, ശ്രീജിത്ത്. നീനയുടെ ആത്മഹത്യകേസ് ഇനി ഞങ്ങളാണ് അന്വേഷിക്കുന്നത്.
“വാർത്തകണ്ടിരുന്നു. നിലവിലുള്ള ഉദ്യോഗസ്ഥനെ മാറ്റിയെന്നുപറഞ്ഞ്. ഞാൻ എങ്ങനെയാണ് സഹായിക്കേണ്ടത്.? പറയു.” വാർഡൻ അവരോട് ഇരിക്കാൻ പറഞ്ഞിട്ട് ചോദിച്ചു.
“എനിക്ക് ആ സ്ത്രീയെ ഒന്നുകാണണം. വത്സല, നീനയുടെ മൃതദേഹം ആദ്യംകണ്ട.”
“ഉവ്വ് വിളിപ്പിക്കാം” വാർഡൻ തന്റെ അടുത്തുള്ള ഫോണിന്റെ റെസീവർ വലതുകൈകൊണ്ട് എടുത്ത് ചെവിയോട് ചേർത്തുവച്ചു.
“നോ മാഡം, ഞങ്ങൾ അവരെ അവിടെപ്പോയി കണ്ടോളാം ” ഇടയിൽ കയറി രഞ്ജൻ പറഞ്ഞു.
“ഓക്കെ, വരൂ.” വാർഡൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് നീളമുള്ള വരാന്തയിലൂടെ ഹോസ്റ്റലിന്റെ പാചകപ്പുരയിലേക്ക് നടന്നു. പിന്നാലെ രഞ്ജനും സംഘവും.
വലിയൊരു ഹാൾ. ചുരുങ്ങിയത് ഒരു പന്തിയിൽ നൂറുപേർക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻതക്ക വ്യാപ്തി ആ ഹാളിനുണ്ടായിരുന്നു. വാർഡൻ ഹാളിലേക്ക് കടന്നു. പിന്നാലെ രഞ്ജനും,ശ്രീജിത്തും, അനസും. ചുരുക്കം ചില പെൺകുട്ടികൾ ഹാളിലിരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്.
രഞ്ജനെ കണ്ടതും അവർ പതിയെ എഴുന്നേറ്റു. പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ അവരോട് ഇരുന്നു കഴിക്കാൻ കൈയാൽ ആംഗ്യം കാണിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ഹാളുകഴിഞ്ഞാൽ നേരെ ചെല്ലുന്നത് പാചകപ്പുരയിലേക്കാണ്.
“വത്സലാമ്മേ, ദേ ഈ സാറുമ്മാര് നിന്നെകാണാൻ വന്നതാ.”
തിരക്കിട്ട എന്തോ പണിയിലായിരുന്ന വത്സല സാരിയുടെ തലപ്പുകൊണ്ടു മുഖം തുടച്ച് തന്റെ സഹായിയെ അരികിലേക്ക് നിറുത്തി, പതിയെ മുന്നോട്ടുവന്നു.
“എന്താ സാറേ?” അല്പം ഭയത്തോടെ വത്സല അവർ മൂന്നുപേരെയും മാറിമാറി നോക്കി.
ഭയം അവരുടെ കണ്ണുകളിൽ തെളിയുന്നുണ്ടന്നു മനസിലാക്കിയ രഞ്ജൻ പുഞ്ചിരിപൊഴിച്ചു നിന്നു.
“ചേച്ചി പേടിക്കേണ്ട, ഞങ്ങൾ ഒന്നുരണ്ട് കാര്യങ്ങൾ ചോദിച്ചറിയാൻവേണ്ടി വന്നതാണ്.”
“അന്നത്തെ സംഭവം ഒന്നൂടെ പറയാവോ?” അനസ് കൈയിലുള്ള ഫയൽ മറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
“സാറേ, എന്നും ഞാൻ അഞ്ചുമണിക്ക് എണീക്കും, നീനകൊച്ച് മരിച്ച അന്നും ഞാൻ പതിവുപോലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് അഞ്ചര അഞ്ചേമുക്കാൽ ആയപ്പോഴേക്കും അടുക്കളയിലേക്ക് ചെന്നു. ഭക്ഷണംകഴിക്കുന്ന ഹാളിലെമേശ തുണിമുക്കി തുടച്ചു. എന്നിട്ടാണ് ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് കയറിയത്. അപ്പോഴാണ് അവിടെ… ഞാനുടനെ വാച്ച്മാനെ വിളിച്ചുകൊണ്ടുവന്നു.”
ബാക്കിപറയാൻ വത്സല അല്പം ബുദ്ധിമുട്ടി.
“അന്ന് നിങ്ങൾ വരുമ്പോൾ ഹാളിലും അടുക്കളയിലും അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ..?” ശ്രീജിത്തിന്റെ ചോദ്യം മനസിലാകാതെ വത്സല അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“ചേച്ചി, എന്താ ഉദ്ദേശിച്ചത് എന്നുവച്ചാൽ. കസേര മറിഞ്ഞുവീഴുകയോ, ബലപ്രയോഗം നടക്കുകയോ, അങ്ങനെ ക്രമം തെറ്റി എന്തെങ്കിലും?”
“ഏയ് ഇല്ലാ..” വത്സലാമ്മയുടെ ആ ഉത്തരം രഞ്ജനിൽ നിരാശയുണ്ടാക്കി.
“ഒന്ന് ഓർത്തുനോക്കു. അങ്ങനെ അസ്വാഭാവികമായ എന്തെങ്കിലും. പത്രങ്ങൾ നിലത്തുവീഴുകയോ അടുക്കളയിലെ വാതിൽ തുറന്നുകിടക്കുകയോ അങ്ങനെ?”
അനസ് വീണ്ടും ചോദിച്ചപ്പോൾ
വത്സല മുഖം താഴ്ത്തി അല്പനിമിഷം നിന്നു.
“ഉവ്വ് സർ.” വത്സല മുഖം ഉയർത്തി മൂന്നുപേരുടെ മുഖത്തേക്ക് മാറിമാറിനോക്കിക്കൊണ്ടു പറഞ്ഞു.
“എസ്..” രഞ്ജന്റെ മുഖത്ത് പുഞ്ചിരിവിടർന്നു.
വത്സല ഹാളിലേക്കുനടന്നു. കൂടെ രഞ്ജനും ശ്രീജിത്തും, അനസും,വാർഡനും.
“സാറെ, രാത്രി 8 മണിമുതൽ 9.30 വരെയാണ് ഭക്ഷണം കഴിക്കുന്ന സമയം. അതുകഴിഞ്ഞാൽ പിന്നെ പാത്രം കഴുകിവയ്ക്കും. അന്നു ഞാൻ എല്ലാം ഒതുക്കിവച്ചിട്ടാണ് പോയത്. രാവിലെ വന്നപ്പോൾ രണ്ടുകസേര ദേ ഇങ്ങനെ കിടക്കുന്നു. ” അത്രെയും പറഞ്ഞിട്ട് അവർ അന്ന് എങ്ങനെയാണോ കണ്ടത് അതുപോലെ ഒരു കസേരയുടെ എതിർ ദിശയിൽ മറ്റൊരു കസേര ഇട്ട് കാണിച്ചുകൊടുത്തു.
രഞ്ജൻഫിലിപ്പും, ശ്രീജിത്തും, പരസ്പരം മുഖത്തോട് മുഖംനോക്കി.
“അതു ചിലപ്പോൾ കുട്ടികൾ ആരെങ്കിലുമാകും.” വാർഡൻ ഇടയിൽ കയറി പറഞ്ഞപ്പോൾ അനസിന്റെ മുഖഭാവം മാറി.
“കുട്ടികൾ വെള്ളം കുടിക്കാനോ മറ്റോ ആ സമയത്ത് അതായത് മെസ്സ് പൂട്ടികഴിഞ്ഞാൽ വരാറുണ്ടോ?” രഞ്ജൻ വത്സലയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ടു ചോദിച്ചു.
“ഇല്ല സർ, അവർക്കുള്ള കുടിവെള്ളം ഹാളിന്റെ പുറത്താണ് വാക്കാറുള്ളത്.”
“മ്, ശരി ചേച്ചി. ആവശ്യംവരുമ്പോൾ ഞങ്ങൾ വിളിപ്പിക്കാം. ഇപ്പൊ പൊയ്ക്കോളൂ.”
രഞ്ജൻ പോകാൻ കൈകൊണ്ട് ആംഗ്യംകാണിച്ചു.
വത്സല തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു. ശേഷം മൂവരും വാർഡന്റെ നേരെ തിരിഞ്ഞു.
“മാഡം, ഞങ്ങൾക്ക് നീനയുടെ മുറിയൊന്നു പരിശോദിക്കണം.” രഞ്ജൻ പറഞ്ഞു.
“സർ, കഴിഞ്ഞ തവണവന്നവർ പരിശോദിച്ചു പോയതാണ്. കൂടുതലൊന്നും അവർക്ക് കിട്ടിയിട്ടില്ല.”
വാർഡൻ താല്പര്യക്കുറവ് അറിയിച്ചു.
“സീ മാഡം, ഇതൊരു ആത്‍മഹത്യയാണോ അല്ലയോ എന്നുറപ്പിക്കണമെങ്കിൽ ഞങ്ങൾക്ക് നീനയുടെ റൂം പരിശോധിച്ചേ മതിയാകൂ. സോ പ്ലീസ് അറയ്ഞ്ച്.”
രഞ്ജൻഫിലിപ്പ് തറപ്പിച്ചു പറഞ്ഞു.
“മ് “
വാർഡൻ ഒന്നുമൂളി. ശേഷം നീനയുടെ മുറിയിലേക്ക് അവരെ കൂട്ടികൊണ്ടുപോയി.
‘ഫോർ കെ’ എന്ന മുറി വാർഡൻ തുറന്നു.
“നമുക്ക് വേണ്ടത് ഇവിടെനിന്നും കിട്ടണം, കിട്ടിയേ തീരൂ.”
രഞ്ജൻ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു. ശേഷം മൂവരും ആ മുറിയുടെ നാലുദിക്കിലേക്കും നോക്കി.
“ശ്രീജിത്ത്, അനസ്. ഈ റൂമിന്റെ ഓരോ മുക്കും മൂലയും പരിശോധിക്കണം.” രഞ്ജൻ കർശന നിർദേശംകൊടുത്തു.
“സർ.” ശ്രീജിത്തും,അനസും പരിശോധന തുടങ്ങി. അടക്കിവച്ചിരുന്ന പുസ്തകത്തിലെ ഓരോ ഏടുകൾവരെ അവർ പരിശോധിച്ചു. നീനയുടെ ആത്മഹത്യയുമായി ബന്ധമുള്ള ഒരു തെളിവും അവർക്ക് അവിടെനിന്നും കണ്ടെത്താനായില്ല.
“സർ, നോ എവിടൻസ്.” നിരാശയോടെ അനസ് പറഞ്ഞു.
“നോ അനസ്, ഒന്നുമില്ലാതെ നമുക്ക് ഇവിടെനിന്നും പോകാൻ കഴിയില്ല..! സെർച്ച് എഗൈൻ.”
ഇത്തവണ നീനയുടെ അലമാരയിലെ മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് വിശദമായി പരിശോധിച്ചു. കട്ടിലിന്റെ ചുവടും, കിടക്കയും നിലത്തേക്ക് നീക്കിയിട്ട് പരിശോധന നടത്തി. പക്ഷെ ഫലം കണ്ടില്ല. നിരാശയോടെ രഞ്ജൻ അടുത്തുള്ള കസേരയിൽ ഇരുന്നു.
“സർ, ഞാൻ മുൻപേ പറഞ്ഞതാണ് ഇതിനുമുൻപേ വന്ന അന്വേഷണഉദ്യോഗസ്ഥനക്ക് ഒന്നും തന്നെ കിട്ടിയിട്ടില്ലയെന്ന്. ഈ അലങ്കോലമാക്കിയിട്ടതൊക്കെ നിങ്ങൾ എടുത്തുവക്കുമോ? “
അരിശം മൂത്ത വാർഡൻ ചോദിച്ചു.
“മാഡം പ്ലീസ്..” രഞ്ജൻ തന്റെ ഇടതുകൈകൊണ്ട് നെറ്റിയെ ഉഴിഞ്ഞു.
നിരാശനായ ശ്രീജിത്ത് കട്ടിലിന്റെ അടിയിൽനിന്നും കിട്ടിയ നീനയുടെ ചെരുപ്പ് നിലത്തേക്ക് വീശിയെറിഞ്ഞു. ആ വീഴ്ചയിൽ ചെരുപ്പ് രണ്ടായി പിളർന്നു. അതിൽ നിന്നും രണ്ട് താക്കോൽ നിലത്തേക്ക് വീണശബ്ദം കേട്ട് രഞ്ജൻ ശ്രീജിത്തിനെ ഒന്നുനോക്കി.
” യെസ്.. ഗോട്ട് ഇറ്റ്.” സന്തോഷം കൊണ്ട് രഞ്ജൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് നിലത്തുവീണ താക്കോൽ കൈയിലെടുത്തുകൊണ്ട് വാർഡനോടായി പറഞ്ഞു.
“സീ മാഡം, എനിക്ക് അപ്പഴേ തോന്നിയിരുന്നു. അവൾ എന്തൊക്കെയോ മറക്കുന്നുണ്ടെന്ന്. കണ്ടോ? ചെരുപ്പിന്റെ അടിയിൽ ഇങ്ങനെ രണ്ടു കീ വെയ്ക്കണമെങ്കിൽ അവൾ എന്തോ ഒളിക്കുന്നുണ്ട്. അതിന്റെ തെളിവാണിത്.”
“അനസ്, ഈ കട്ടിലൊന്നു പിടിക്കു.” ശ്രീജിത്ത് പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് കട്ടിൽ മറിച്ചിട്ട് പരിശോധിച്ചു. കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന. ആറിഞ്ചു നീളമുള്ള നെട്ട് ബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് അത് കുത്തിയെടുത്തപ്പോൾകണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി.
“സാർ.. ” അനസ് നീട്ടിവിളിച്ചു.
തുടരും…
Comments:
No comments!
Please sign up or log in to post a comment!