The Shadows 3
Previous Parts Of this Story | Part 1 | Part 2 |
“ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?”
നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു.
“സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്.”
“ഹാ നസ്രാണിയാണല്ലേ.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു.
“നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം.”
ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു.
“താനെന്തായാലും അയാളെ ഒന്നുകോണ്ടക്റ്റ് ചെയ്യാൻ പറ്റുമോയെന്നു നോക്ക്.”
“ഓക്കെ സർ.”
ഐജി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ശേഷം ഡിജിപിക്ക് സല്യൂട്ടലിടിച്ച് മുറിയിൽനിന്നും ഇറങ്ങി തന്റെ ഓഫീസിലേക്ക് പോയി.
ശേഷം കേസ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് കൊടുക്കാനുള്ള ഉത്തരവ് നൽകി. രഞ്ജൻ ഫിലിപ്പിന്റെ ഫോൺനമ്പർ കണ്ടുപിടിച്ച് അയാളെ ബന്ധപ്പെടാൻ ശ്രമിച്ചു പക്ഷെ ഫലംകണ്ടില്ല.
×××××
വൈഗയെകണ്ട് ഇറങ്ങിയ അർജ്ജുവിന്റെ മനസുമുഴുവൻ നീനയെകുറിച്ച് അവൾ പറഞ്ഞ കാര്യങ്ങളായിരുന്നു.
ഉടനെ ഫോണെടുത്ത് വൈഗയെവിളിച്ചു.
“വൈഗേ, എനിക്ക് നിങ്ങളുടെ കമ്പനിയിലെ സി സി ടി വി ഒന്നു പരിശോദിക്കാൻ പറ്റോ?”
“അയ്യോ ഏട്ടാ, ഞാൻ പറഞ്ഞാലൊന്നും അത് കിട്ടില്ല്യാ, മാനേജറെ പോയി കാണണം”
മറുവശത്തുനിന്ന് അവളുടെ മറുപടികേട്ട അർജ്ജുവിന്റെ പ്രതീക്ഷകൾക്ക് കോട്ടം സംഭവിച്ചു.
“മ്, ശരി അതുഞാനൊപ്പിച്ചോളാ. എനിക്കറിയാം.”
അത്രെയും പറഞ്ഞിട്ട് അർജ്ജുൻ കോൾ കട്ട് ചെയ്തു. ശേഷം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ വ്യാജ ഐഡി കാർഡ് നിർമ്മിച്ച് വൈഗ ജോലിചെയ്യുന്ന ഹോമെക്സ് ബിൽഡേഴ്സിന്റെ കാക്കനാട്ടെ ഓഫീസിലേക്കുപോയി.
ബൈക്ക് പാർക്കുചെയ്ത് അർജ്ജുൻ ചുറ്റിലുംനോക്കി. സിസിടിവി പുറത്തുനിന്നുകൊണ്ട് അവനെനോക്കി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ഡോർ തുറന്ന് അർജ്ജുൻ അകത്തേക്കുകയറി.
റിസപ്ഷനിലിരിക്കുന്ന പെൺകുട്ടിയോട് മാനേജരെകാണണം എന്ന തന്റെ ആവശ്യം
അറിയിച്ചു. വെയ്റ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് ആ പെൺകുട്ടി ഫോണെടുത്ത് ഒരാൾ കാണണം എന്ന ആവശ്യം മാനേജരെ അറിയിച്ചു.
അല്പനേരം അർജ്ജുൻ വൈഗ ജോലിചെയ്യുന്ന ആ ഓഫീസിന് ചുറ്റും കണ്ണോടിച്ചു.
വളരെ നന്നായി ഇന്റീരിയർവർക്ക് ചെയ്‌തിട്ടുണ്ട്. ഏതൊരാളുടെയും സ്വാപ്നമായ വീട്, ഹോമെക്സ് ബിൽഡേഴ്‌സിന്റെ സാനിധ്യവും കൂടെയുണ്ടെങ്കിൽ അതിനെ യാഥാർഥ്യമാക്കാൻ ദിനങ്ങൾ മാത്രം മതിയെന്ന് അവിടെവരുന്ന ഉപഭോക്താക്കളോട് സംസാരിച്ചപ്പോൾതന്നെ അവന് മനസിലായി.
“എസ്ക്യൂസ്‌മീ സർ.
സോഫയിലിരുന്ന് ഹോമെക്സ് ബിൽഡേഴ്സിന്റെ പതിപ്പുകൾ മറിച്ചുനോക്കുന്നതിനിടയിൽ റീസെപ്ഷനിലുള്ളപെൺകുട്ടി വിളിച്ചു.
“യെസ്.” കൈയിലുള്ള പുസ്തകം മടക്കിപ്പിടിച്ച് അർജ്ജുൻ അവളെ നോക്കി.
“സർ യൂ ക്യാൻഗോ.” പുഞ്ചിരിപൊഴിച്ചുകൊണ്ട് അവൾ പറഞ്ഞു.
“താങ്ക് യൂ..” സോഫയിൽ നിന്നും എഴുന്നേറ്റ് അർജ്ജുൻ അവളെനോക്കി പുഞ്ചിരിച്ചു. ശേഷം ഡോർതുറന്ന് അകത്തേക്കുകയറി. വലിയ ഒരു ഹാൾ. നിറയെ ക്യാബിനുകൾ. അതിലെ ഒരു ക്യാബിനുള്ളിൽ വൈഗ ഉണ്ടാകുമെന്ന് അവനുറപ്പുണ്ടായിരുന്നു. മാനേജർ എന്ന ബോർഡുവച്ചിരിക്കുന്ന മുറിയുടെ അടുത്തേക്ക് അവൻചെന്നു.
“എസ്ക്യൂസ്‌മീ, ക്യാൻ ഐ ?..” ഡോറിൽ മുട്ടിക്കൊണ്ട് അർജ്ജുൻ ചോദിച്ചു.
“യെസ് ഒഫ്‌കോസ്. യൂ ക്യാൻ.” അകത്തുനിന്ന് മറുപടി കിട്ടിയപ്പോൾ അർജ്ജുൻ ഡോർ തുറന്ന് അകത്തേക്കുകയറി.
“യെസ്, വാട്ട് ക്യാൻ ഐ ഡു ഫോർ യൂ?”
തുറന്നിരിക്കുന്ന ലാപ്ടോപ് അടച്ചുവച്ചിട്ട് മാനേജർ ചോദിച്ചു.
ഉടനെ അർജ്ജുൻ താനുണ്ടാക്കിയ വ്യാജ ഐഡി കാർഡ് എടുത്തുകാണിച്ചു
“ആം കിഷോർ. ഫ്രം ഐ ബി. സർ ഐ നീഡ് യൂർ ഹെല്പ്. കഴിഞ്ഞ ഒരാഴ്ച ഇവിടെവന്ന വിസിറ്റേഴ്സിന്റെ ഡീറ്റൈൽസ് ആൻഡ് സിസിടിവി ഡാറ്റ. എനിക്കൊന്നു പരിശോധിക്കണം. “
അല്പം ഗാംഭീര്യത്തോടെ അർജ്ജുൻ പറഞ്ഞു.
“ഷുവർ സർ., പ്ലീസ് കം.
ഐഡി വാങ്ങി പരിശോദിച്ച ശേഷം മാനേജർ കസേരയിൽനിന്നും എഴുന്നേറ്റ് അർജ്ജുവിനെയും കൂട്ടി സിസിടിവി ക്യാബിനിലേക്ക് നടന്നു.
വൈഗ പറഞ്ഞത് ശരിയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുൻപ് നീന ബുർക്കയണിഞ്ഞു ഒരു ചെറുപ്പക്കാരനെയുംകൂട്ടി ഹോമെക്സ് ബിൽഡേഴ്സിന്റെ ഓഫീസിലേക്ക് വരുന്നത് സിസിടിവിയിൽ വ്യക്തമായി അർജ്ജുൻ കണ്ടു. ശേഷം അതിന്റെ ഒരു കോപ്പി പെൻഡ്രൈവിലേക്ക് പകർത്തി അർജ്ജുൻ അവിടെനിന്നും നേരെ വീട്ടിലേക്കുപോയി.
തന്റെ കമ്പ്യൂട്ടറിലേക്ക് ഡാറ്റ കോപ്പിചെയ്ത് അർജ്ജുൻ സിസിടിവി ദൃശ്യങ്ങൾ വീണ്ടുംവീണ്ടും പരിശോധിച്ചുകൊണ്ടിക്കുമ്പോഴാണ് ശ്രദ്ധയിൽ ഒരുകാര്യം മിനിമാഞ്ഞത്. തൊപ്പികൊണ്ടു മുഖം പാതിമറച്ച ആ ചെറുപ്പക്കാരൻ ഓടിച്ചുവന്ന ബൈക്ക് താൻ ഇതിനുമുൻപ് കണ്ടിട്ടുണ്ടെന്ന് അവനുതോന്നി.
“യെസ്, ഇതുതന്നെ, എനിക്ക് ഓർമ്മയുണ്ട്. ചാനലിലെ പ്രോഗ്രാംകഴിഞ്ഞുവരുന്ന വഴിയിൽ രാത്രി റോഡിൽ ആക്‌സിഡന്റായ അതേബൈക്ക്. ഇനി ആ ചെറുപ്പക്കാരനാണോ ഇയാൾ.” അർജ്ജുൻ സ്വയം ചോദിച്ചു. അന്ന് രാത്രി തന്റെ സംശയങ്ങൾ വൈഗയുമായിപങ്കുവച്ചു. വൈഗ പറഞ്ഞപ്രകാരം പുതിയ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ചാർജ്എടുത്താൽ നേരിൽപോയി കാണണമെന്ന് അർജ്ജുൻ തീരുമാനിച്ചു.
××××××××
ആവിപറക്കുന്ന കട്ടൻചായ ചുണ്ടോട് ചേർത്തുകുടിച്ചുകൊണ്ട് ഉമ്മറത്തിരുന്ന് ‘മലയാള മനോരമ ന്യൂസ് പേപ്പർ വായിക്കുകയായിരുന്നു രഞ്ജൻഫിലിപ്പ്.
മണ്ണാർക്കാടുനിന്ന് മൂന്നുകിലോമീറ്റർ മാറി കിഴക്ക് കാഞ്ഞിരം ഭാഗത്ത് ഒന്നരയേക്കർ പറമ്പിൽ സ്ഥിതിചെയ്യുന്ന പഴയ ഓടുമേഞ്ഞ നാടൻ വീട്. ഉദിച്ചുയർന്ന അരുണ രശ്മികൾ ഭൂമിയെ ചുംബിക്കാൻ സമയം അല്പംകൂടെ മുന്നോട്ടുകടക്കേണ്ടി വന്നു.
തലേദിവസം പെയ്തമഴയുടെ കുളിര് അയാളുടെ ശരീരത്തെ അടിമുടി കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
കൈയിലുള്ള ചായഗ്ലാസ് തിണ്ണയിൽവച്ചിട്ട് തന്റെ കൈകൾ പരസ്പരം കൂട്ടിയുരുമ്മി അയാൾ ചൂടിനെ ആവാഹിച്ചെടുത്തു.
അപ്പോഴേക്കും ഇളങ്കാറ്റ് അടുത്തുള്ള വൃക്ഷത്തെ തലോടി ഉമ്മറത്തേക്ക് ഒഴുകിയെത്തി.
“രഞ്ജിയേട്ടാ, ദേ ഫോൺ.”
അകത്തുനിന്ന് ഒരു കൈയിൽ ചട്ടുകവും മറുകൈയിൽ ഫോണുമായി സഹധർമ്മിണി ശാലിനി ഉമ്മറത്തേക്ക് കടന്നുവന്നുകൊണ്ട് പറഞ്ഞു.
“ആരാ ശാലു..”
“അറിയില്ല, ഏട്ടന് ഫോൺ കൊടുക്കാൻ പറഞ്ഞു.”
വലതുകൈയിലുള്ള ഫോൺ അയാൾക്ക് കൊടുത്തിട്ട് ശാലിനി തിരിഞ്ഞുനടന്നു.
രഞ്ജൻ ഫോൺ ചെവിയോട് ചേർത്തുവച്ചു.
“യെസ്, രഞ്ജൻഫിലിപ്പ് ഹിയർ. ഹു ഈസ് ദിസ്.?”
“എടോ ഇത് ഞാനാ ഐ ജി ചെറിയാൻ പോത്തൻ. ” മറുവശത്തുനിന്നുള്ള ശബ്ദംകേട്ട് രഞ്ജൻ ഒന്നു നെടുങ്ങി.
“സോറി സാർ, അറിഞ്ഞില്ല. എന്താ സർ വിശേഷിച്ച്.?”
“താൻ സസ്‌പെൻഷനിലാണെന്നറിയാം. എങ്കിലും തന്നെപോലെ എഫിഷ്യന്റ് ആയ ഉദ്യോഗസ്ഥരുടെ സേവനം ഇപ്പോൾ പോലീസിന് ആവശ്യമാണ്. സോ പ്ലീസ് ചെക്ക് യുവർ ജി മെയിൽ. ആൻഡ് കം ബാക്ക്. ഓക്കെ?”
“യെസ് സർ, വിൽ കോൾ യൂ ബാക്ക്.”
ഫോൺ കട്ട് ചെയ്ത് രഞ്ജൻ അകത്തുപോയി തന്റെ ലാപ്ടോപ്പ് തുറന്നു. ഐ ജി പറഞ്ഞത് ശരിയായിരുന്നു സസ്‌പെൻഷൻ പിൻവലിച്ച് പുതിയ അപ്പോയിന്മെന്റ് ലെറ്റർ വന്നുകിടക്കുന്നു.
“ശാലു… ഒന്നിങ്ങുവന്നേ ” അടുക്കളയിലേക്കുനോക്കിക്കൊണ്ട് രഞ്ജൻ നീട്ടിവിളിച്ചു.
വൈകാതെ ശാലിനിവന്ന് കസേരയിൽ ഇരിക്കുന്ന രഞ്ജന്റെ കഴുത്തിനുപിന്നിലൂടെ കൈകളിട്ട് കവിളിൽ അമർത്തിചുംബിച്ചുകൊണ്ട് ചോദിച്ചു.
“ഒരുപണിയെടുക്കാൻ സമ്മതിക്കില്ലേ രഞ്ജിയേട്ടാ? “
“ഉവ്വ്, ആദ്യം ന്റെ നായരുട്ടി ഇതൊന്ന് നോക്ക്.”
ലാപ്ടോപ്പ് ശാലിനിയുടെ നേരെ തിരിച്ചുപിടിച്ചുകൊണ്ടു രഞ്ജൻ പറഞ്ഞു.
“സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ. ക്രൈംബ്രാഞ്ച്.
പകുതി വായിച്ചുനിറുത്തി ശാലിനി അയാളുടെ മുഖത്തേക്ക് നോക്കി.
“തിരിച്ചുപോണം ല്ലേ ? ആറുമാസം കൂടെ ഉണ്ടാകുമെന്നുകരുതി. അത്രയുംപറഞ്ഞു ശാലിനി രഞ്ജന്റെ കഴുത്തിലെ പിടി അയച്ച് പതിയെ എഴുന്നേറ്റു.,”
“ഹാ,പിണങ്ങല്ലേ, ഇങ്ങുവാ” രഞ്ജൻ അവളുടെ അരക്കുമുകളിൽ കൈകൾകൊണ്ട് ആവരണം ചെയ്ത് തന്നിലേക്ക് ചേർത്തുനിർത്തി.
“നമുക്ക് ഒരുമിച്ചുപോയലോ കൊച്ചിയിലേക്ക്.”
“അയ്യോ വേണ്ട, ഏട്ടൻ ഒറ്റക്ക് പോയാമതി. കഴിഞ്ഞതവണ വയനാട്ടിലേക്ക് പോയത് ഓർമ്മയുണ്ടോ? പെട്ടിയും കിടക്കയുമൊക്കെ പെറുക്കിയെടുത്തു അവിടെചെന്ന് എല്ലാം ഒന്നു അടക്കിയൊതുക്കിവച്ച് മൂന്നുമാസം തികയുന്നതിനു മുൻപേ എ സി പി യുടെ കരണത്തടിച്ചു സസ്‌പെൻഷൻ ഇരന്നുസ് വാങ്ങി വീണ്ടും മണ്ണാർക്കാട്ടേക്ക് വണ്ടി കയറുമ്പോൾ ഉറപ്പിച്ചതാ ഇനി ഞാൻ വരൂലാ ന്ന്. ഞാനിവിടെ നിന്നോളാ ഐ പി യസുകാരൻ കിട്ടിയജോലി പോയി ചെയ്യ്.”
അത്രെയും പറഞ്ഞ് ശാലിനി അയാളുടെ ബന്ധനം വേർപെടുത്തി അടുക്കളയിലേക്കുപോയി. കൂടെ രഞ്ജനും കസേരയിൽനിന്നും എഴുന്നേറ്റ് അവളോടൊപ്പം നടന്നു.
“ശാലു, നാളെ ജോയിൻചെയ്യണം.” അല്പം നീരസത്തോടെ അയാൾ പറഞ്ഞു.
“മ്, ചെയ്യൂ. ന്നിട്ട് ഏറ്റെടുത്ത ജോലിപൂർത്തിയാക്കിട്ട് വായോ. ഞാനില്ല കൊച്ചിയിലേക്ക്. ഐപിയസുകാരൻ പോ.”
എത്രനിർബന്ധിച്ചിട്ടും തന്റെകൂടെ കൊച്ചിയിലേക്ക് ഇല്ലായെന്നു തീർത്തുപറഞ്ഞ ശാലിനി, നാളെ ജോയിൻചെയ്യാൻ പോകാനുള്ള രഞ്ജന്റെ വസ്ത്രങ്ങൾ ഒതുക്കിവച്ച് യാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്തുകൊടുത്തു.
××××××××
ഇടപ്പള്ളിയിലെ സിഗ്നൽകടന്ന് ഒറ്റപ്പാലം റെജിസ്സ്ട്രെഷനിലുള്ള രഞ്ജന്റെ മാരുതിസുസുക്കി ബെലെനോ കാർ ഐജി ഓഫീസ് ലക്ഷ്യമാക്കി കുതിച്ചു.
ഓഫീസ് സമയം അടുത്തതിനാൽ റോഡുകളിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ അയാൾ ആക്സലറേറ്റിൽ കാൽ അമർത്തിചവിട്ടി. അധികസമയം എടുക്കാതെ മറൈൻഡ്രൈവിലുള്ള ഐജി ഓഫീസിലേക്ക് രഞ്ജൻഫിലിപ്പ് തന്റെ ബെലെനോ കാർ ഓടിച്ചുകയറ്റി.
ഡോർതുറന്ന് പുറത്തിറങ്ങി നേരെ പോയത് ഐജിയുടെ ക്യാബിനിലേക്കായിരുന്നു.
“മെ ഐ കമിങ് സർ.” ഹാഫ് ഡോറിന്റെ ഒരു പൊളിപിടിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“യെസ്..”
രഞ്ജൻ അകത്തേക്കുകടന്ന് ഐ ജിക്ക് മുൻപിൽ സല്യൂട്ടലിടിച്ചുനിന്നു.
“ആ.. എത്തിയോ?, ഇരിക്കടോ.” ഐജി തന്റെ മുൻപിലുള്ള ഒഴിഞ്ഞകസേര ചൂണ്ടിക്കാട്ടികാണിച്ചുകൊണ്ട് പറഞ്ഞു. രഞ്ജൻ പതിയെ ആ കസേരയിൽ ഇരുന്നു.
“ഡിജിപിയുടെ ഒറ്റ നിർബന്ധമാണ് തന്നെ ഇവിടെ ക്രൈംബ്രാഞ്ചിലേക്ക് പോസ്റ്റ് ചെയ്തത്.
“ഉവ്വ് സർ.” പുഞ്ചിപൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“എന്ത് ഉവ്വ്, ഇനി ഇവിടെക്കിടന്നു തല്ലുകൊള്ളിത്തരം കാണിച്ചാൽ ഡിസ്മിസ് ലെറ്റർ അങ്ങുവരും പോസ്റ്റുവഴി.”
“സർ നെറികേട് ആരുകാണിച്ചാലും ഞാൻ പ്രതികരിക്കും. തല്ല് കൊടുക്കേണ്ടിടത്ത് തല്ലുതന്നെ കൊടുക്കും. അന്നേരം പ്രായത്തിന് മൂത്തതാണോ ഇളയവരാണോ എന്നൊന്നും ഞാൻ നോക്കില്ല.”
രഞ്ജന്റെ ശബ്ദം ആ മുറിയിൽ അലയടിച്ചുയർന്നു.
“ഓക്കെ, ഓക്കെ, ബിപി കൂട്ടണ്ട ഞാൻ പറഞ്ഞതാ. ആ പിന്നെ തനിക്കുള്ള അസൈന്മെന്റ് ഇതാണ്.”
കേരളാപോലീസ് എന്നെഴുതിയ ഫയൽ ഐജി രഞ്ജൻഫിലിപ്പിന് കൈമാറി.
“ഇത് നീന, റെവന്യൂ മന്ത്രി പോളച്ചന്റെ കൊച്ചുമകൾ. ആനി, വർഗീസ് ദമ്പതികളുടെ രണ്ടാമത്തെ മകൾ.
15 – 11 – 2018 വ്യാഴാഴ്ച്ച പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കുമിടയിൽ ഇന്ദിര വിമൻസ് ഹോസ്റ്റലിലെ അടുക്കളയിൽ തൂങ്ങിമരിച്ചു. മരണകാരണം വ്യക്തമല്ല. ഒരു ആത്മഹത്യകുറിപ്പുപോലുമില്ല. രണ്ടു ദിവസം മുൻപ്. അതായത് 12-11-2018 തിങ്കളാഴ്ച്ച ‘അമ്മ ആനിയുമായി രാത്രിഒരു വഴക്ക് കഴിഞ്ഞിരുന്നു. ആ ദേഷ്യത്തിന് ‘അമ്മ ആനി അവളുടെ ഇടതുകവിളിൽ ഒരടികൊടുത്തു. അതിന്റെ ഫലമായി വീട്ടിൽനിന്നും പിറ്റേന്ന് രാവിലെ അതായത് ചൊവ്വാഴ്‌ച്ച തിരിച്ചു ഹോസ്റ്റലിലേക്ക് വന്നു. മരണപ്പെടുന്നതിന് മുൻപ് അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. പക്ഷെ നേരത്തെ വഴക്കിട്ടതിന്റെ ദേഷ്യമോ വിഷമമോ ഒന്നും ആ സംഭാക്ഷണത്തിൽ നിന്നും ഉണ്ടായിട്ടുമില്ല. പിന്നെ എങ്ങനെ ? അതാണ് കണ്ടുപിടിക്കേണ്ടത്. “
ഐജി ചെറിയാൻപോത്തൻ ദീർഘശ്വാസമെടുത്തുവിട്ടു.
“ആത്മഹത്യകുറിപ്പ് ഇല്ല, ഫിംഗർ പ്രിന്റ് ഇല്ല, ആരുടെ മൊഴിയിലും ഒരു അസ്വാഭാവികതയില്ല. എന്തിന് തെളിവിന് തുണ്ട് കടലാസുപോലുമില്ല ല്ലേ..” രഞ്ജൻഫിലിപ്പ് തന്റെ മീശയുടെതലപ്പ് ഇടതുകൈകൊണ്ട് മെല്ലെ തടവി.
“ഇല്ല.. ഇന്നേക്ക് പതിനാലാം ദിവസം നീനയുടെ മരണത്തിന്റെ കാരണം എനിക്ക് അറിയണം. പിന്നെ, തന്നെ അസിസ്റ്റ് ചെയ്യാൻ സി ഐ അനസും, സി ഐ ശ്രീജിത്തും ഉണ്ടായിരിക്കും. രണ്ടു ദിവസം കൂടുമ്പോൾ എനിക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിക്കണം. “
“സർ.” രഞ്ജൻ കേസ്ഫയൽ മടക്കിവച്ചിട്ട് ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് ഐജിയെ സല്യൂട്ട് അടിച്ച് ഓഫീസിൽനിന്നും പുറത്തേക്കിറങ്ങി.
ശേഷം തന്നെ അസിസ്റ്റ് ചെയ്യാൻ നിയോഗിച്ച സിഐ അനസിനെയും, ശ്രീജിത്തിനെയും ഫോണിൽ ബന്ധപ്പെട്ടു. ശേഷം മൂവരുംകൂടെയുള്ള ഒരു മീറ്റിങ്ങിന് വേദിയൊരുക്കി. അന്ന് ഉച്ചക്കുതന്നെ അവർ മറൈൻ ഡ്രൈവിൽ കണ്ടുമുട്ടി. രണ്ടായിരത്തിപതിനേഴിൽ ഉണ്ടായ വെണ്മല കൂട്ടകൊലപാതകേസിൽ രഞ്ജൻഫിലിപ്പിനെ അസിസ്റ്റ് ചെയ്തിരുന്നത് ഇവർ രണ്ടുപേരുമാണ്.
“അനസ്, കേസ് വായിച്ചല്ലോ? എന്താണ് അഭിപ്രായം.”
തെക്കുനിന്ന് വരുന്ന കാറ്റിൽ പാറിനടക്കുന്ന തന്റെ മുടിയിഴകളെ കോതിയൊതുക്കികൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ, ആത്മഹത്യ ആണെങ്കിൽ ഒരു കുറിപ്പ് ഉണ്ടാകും ഇല്ലങ്കിൽ എന്തെങ്കിലും ഒരു സൂചന അവർവെയ്ക്കും. ഒന്നുമില്ലെങ്കിലും എന്റെ മരണത്തിന് ഉത്തരവാദി ആരുമല്ല എന്നെങ്കിലും എഴുതിവക്കും.ഇതൊന്നും ഇല്ലാത്തപക്ഷം ഇതൊരു കൊലപാതകമായികൂടെ?
“മ്, സാധ്യതയുണ്ട് അനസ്. ശ്രീജിത്ത്?.
രഞ്ജൻഫിലിപ്പ് ഇളകിമറിയുന്ന കടലിലേക്കുനോക്കിക്കൊണ്ട് സി ഐ ശ്രീജിത്തിനോട് അഭിപ്രായം ചോദിച്ചു.
“സർ, തന്റെ മരണംകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് ചിന്തിച്ചതുകൊണ്ട് അവൾ എഴുതാതിരുന്നതാണെങ്കിലോ? പോസ്റ്റുമോർട്ടം റിപ്പോർട്ട് സാറും വായിച്ചതല്ലേ?” ശ്രീജിത്ത് പറഞ്ഞു.
“അതെ ശരിയാണ്. എന്തായാലും നമുക്ക് നാളെ രാവിലെ ഇന്ദിര വിമൻസ് ഹോസ്റ്റലിലേക്ക് പോയി ഒന്നിൽനിന്നും തുടങ്ങാം. വത്സല, നീനയുടെ മൃതദേഹം ആദ്യമായികണ്ട പാചകക്കാരി. എനിവേ, ലറ്റ്സ് സ്റ്റാർട്ട് എ ന്യൂ ഗെയിം. എ ന്യൂ ഗെയിം ഫൈൻഡ് ദ ഹിഡൻ ഫേസ് ഓഫ് ദ ട്രൂ.”
രഞ്ജൻ പതിയെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് പരന്നുകിടക്കുന്ന സാഗരത്തെനോക്കി ദീർഘശ്വാസമെടുത്തു.
തുടരും…
Comments:
No comments!
Please sign up or log in to post a comment!