ശിശിര പുഷ്പ്പം 12

കോളേജില്‍ ഇലക്ഷന്‍ പ്രചരണം മുറുകി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷെല്ലിയ്ക്കെതിരെ മത്സരിച്ചത് എന്‍ എസ് യുവിന്‍റെ ഏറ്റവും പ്രഗദ്ഭമായ മുഖം ശ്രീധര്‍ പ്രസാദ് ആയിരുന്നു. സൌമ്യനും വാഗ്മിയും മികച്ച സംഘാടകനും കോളേജില്‍ ഏറ്റവും ജന സമ്മതിയുള്ള വിദ്യാര്‍ഥികളിലോരാളുമായിരുന്നു ശ്രീധര്‍ പ്രസാദ്. “ഞങ്ങളെ ആകെ കഷ്ടത്തിലാക്കിയല്ലോ നിങ്ങള് രണ്ടാളും,” ഹോസ്റ്റലില്‍ വെച്ച് പോള്‍സണ്‍ പറഞ്ഞു. “രണ്ട് പേരെയും കോളേജിന് ഒരുപോലെ വേണം. ഇതിപ്പം ഒരാളല്ലേ ജയിക്കൂ?” നോമിനേഷന്‍ നല്‍കിക്കഴിഞ്ഞ് ആദ്യമായി ഒരുമിച്ച് കണ്ടപ്പോള്‍ ഷെല്ലി ശ്രീധറിനോട് പറഞ്ഞു: “എടാ നീയാന്നു അറിഞ്ഞാരുന്നേല്‍ ഞാന്‍ നോമിനേഷന്‍ കൊടുക്കുവേലാരുന്നല്ലോ?” “എനിക്കും അതാ പറയാനൊള്ളത്,” ശ്രീധര്‍ ചിരിച്ചു. “നീയാ എനിക്ക് എതിരെ വരുന്നേന്നു ഒരു ക്ലൂ പോലും കിട്ടീല്ല. ലാസ്റ്റ് മൊമെന്റ് വരേം വിനോദിന്‍റെ പേരാരുന്നു പറഞ്ഞ് കേട്ടിരുന്നെ,” പ്രചരണ രംഗത്ത് സര്‍വ്വവ്യാപിയായി മിനിയായിരുന്നു. അവളുടെ ആവേശവും ഉത്സാഹവും എല്ലാവരെയും അദ്ഭുതപ്പെടുത്തി. എസ് എഫ് കേ പാനലിന് വേണ്ടിയായിരുന്നു പ്രചരണമെങ്കിലും അവളുടെ ശ്രദ്ധമുഴുവന്‍ ഷെല്ലിയ്ക്ക് വേണ്ടിയായിരുന്നു. പ്രകടനത്തിന് മുമ്പില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുക്കുവാനും ക്ലാസ്സുകള്‍ കയറിയിറങ്ങി സാംസ്ക്കാരിക പരിപാടുകള്‍ അവതരിപ്പിക്കാനും സംഘടിപ്പിക്കാനും ചിരപരിചിതയായ ഒരു രാഷ്ട്രീയപ്രവര്‍ത്തകയെപ്പോലെ അവള്‍ മുന്‍പില്‍ നിന്നു. “എന്‍റെ ചേച്ചി,” തിരക്കിട്ട പ്രചാരണ പരിപാടിക്കിടെ കാന്‍റ്റീനില്‍ വെച്ച് കണ്ടപ്പോള്‍ മിനി ഷാരോണിനോട് പറഞ്ഞു. “ഷെല്ലി ജയിക്കുന്നോടം വരെ എനിക്ക് ഒരു സ്വസ്ഥതേം ഇല്ല. ഈസിയായിട്ട് ജയിക്കണ്ട ആളാ ഷെല്ലി. എന്‍റെ ഇഷ്യൂ ഇല്ലാരുന്നേല്‍,”

മിനി ഓര്‍ഡര്‍ ചെയ്ത കട്ടന്‍ ചായയുമായി വെയിറ്റര്‍ വന്നപ്പോള്‍ അസ്വാസ്ഥ്യമായ മുഖത്തോടെ തന്നെ നോക്കുന്ന മിനിയെക്കണ്ട് ഷാരോണ്‍ പുഞ്ചിരിച്ചു. “ചേച്ചിക്ക് ടെന്‍ഷന്‍ ഇല്ലേ?” അവള്‍ ചോദിച്ചു. “എന്തിനാ മോളൂ?” “ഷെല്ലി ജയിക്കുവോ ഇല്ല്യോ എന്ന കാര്യത്തില്‍,” “ഇല്ല,” “ഇല്ലേ?” “ഇല്ല,” ഷാരോണ്‍ ദൃഡസ്വരത്തില്‍ പറഞ്ഞു. “നോട്ട് ഈവന്‍ വണ്‍ പെര്‍സെന്‍റ്റ്,” അവള്‍ കാരണം തിരക്കുന്നത് പോലെ ഷാരോണിനെ നോക്കി. “കാരണം…” അവളുടെ കണ്ണുകളിലേക്ക് നോക്കി ഷാരോണ്‍ പുഞ്ചിരിയോടെ പറഞ്ഞു. “..കാരണം മോളാണ് അവന് വേണ്ടി വര്‍ക്ക് ചെയ്യുന്നേ…അവനു വേണ്ടി ഉരുകുന്നേ…പ്രാര്‍ഥിക്കുന്നെ, അവനു വേണ്ടി…” പ്രണയം അവളുടെ മിഴികളില്‍ പൂക്കുകയും മൃദു അധരത്തില്‍ പെയ്യുകയും ചെയ്യുന്നത് ഷാരോണ്‍ കണ്ടു.

“ഇപ്പഴാണ് ഒരു ആണ്കുട്ടിയാകാത്തതിന്‍റെ നഷ്ടം ഞാനറിയുന്നത്…” അവളുടെ കണ്ണുകളില്‍ പുഞ്ചിരി വിടാതെ നോക്കി ഷാരോണ്‍ പറഞ്ഞു. അതിന്‍റെ അര്‍ത്ഥമറിഞ്ഞപ്പോള്‍ മിനിയുടെ തരളമിഴികള്‍ വീണ്ടും വിടര്‍ന്നുലഞ്ഞു. “പിന്നെ എന്‍റെ പൊന്നാങ്ങളയ്ക്ക് തന്നെയാണല്ലോ നിന്നെ കിട്ടീത് എന്നോര്‍ക്കുമ്പം നഷ്ടം തോന്നുന്നില്ല …” ഓരോ മിഴിയിലും ഓരോ പൂവനമൊരുക്കി അവള്‍ ഷാരോണിനെ നോക്കി. “ഇപ്പം അവനെ കാണണന്ന്‍ തോന്നുന്നു; അല്ലേ?” കട്ടന്‍ ചായ പതിയെ കുടിക്കുന്നതിനിടയില്‍ ഷാരോണ്‍ ചോദിച്ചു. “പോ..ചേച്ചി…” ലജ്ജയില്‍ കുതിര്‍ന്ന്‍ മിനി പറഞ്ഞു. അപ്പോള്‍ അവിടേക്ക് വിനോദും കൂടെ രണ്ട് പേരും കടന്നു വന്നു. “ങ്ങ്ഹാ മിനി,” സമീപത്ത് കിടന്ന ഒരു കസേരയെടുത്ത് അവരുടെയടുത്ത് ഇരുന്നിട്ട് വിനോദ് പറഞ്ഞു. ‘ക്യാമ്പൈന്‍ ഓക്കേ…യൂ ആര്‍ പെര്‍ഫോമിംഗ് ബ്രില്ല്യന്‍റ്റ്ലി…പക്ഷെ…” ഷാരോണും മിനിയും അയാളെ നോക്കി. “എന്താ വിനോദേട്ടാ?” “ഒരു ഡിപ്പാര്‍ട്ട്മെന്റ്…അതില്‍ കൂടി മിനി ഒന്ന്‍ സജീവമാകണം?” കാര്യം മനസ്സിലാകാതെ മിനി ഷാരോണിനെ നോക്കി. “എന്ന്‍ വെച്ചാല്‍,”

വിനോദ് വിശദീകരിച്ചു. “മിനി ഇതുവരെ കാസ്സില്‍ കയറി പ്രസംഗിച്ചിട്ടില്ല…” “എന്‍റെ വിനോദെ,” ഷാരോണ്‍ ഇടയ്ക്ക് കയറി. “ഈ കൊച്ച് ഈയിടെയാ അല്‍പ്പമെങ്കിലും മലയാളം പറഞ്ഞു തൊടങ്ങീത്‌…ഇനി ഇംഗ്ലീഷില്‍ പ്രസംഗിക്കാന്ന് വെച്ചാ, നമ്മടെ നാടല്ലെ, ജാഡയാണ് എന്ന്‍ പറയും….” വിനോദ് ഷാരോണിനെ നോക്കി. “ഷാരോണെ, നെനക്ക് തെറ്റി…” വിനോദ് ഗൌരവം വിടാതെ പറഞ്ഞു. “മിനി കേരളക്കാരിയല്ലെന്നും ഹൈദരാബാദ് കാരിയാന്നും ക്യാമ്പസ് മൊത്തം അറിയാം…” “ക്യാമ്പസ് മൊത്തവോ?” മിനി അവരെ കണ്ണുമിഴിച്ചുനോക്കി. “അതിന് ഞാന്‍…!” “അതുകൊണ്ട് കഷ്ട്ടപ്പെട്ട് മലയാളം പഠിച്ച് മിനി പ്രസംഗിക്കണ്ട,” വിനോദ് തുടര്‍ന്നു. “ഇംഗ്ലീഷില്‍ പ്രസംഗിച്ചാല്‍ മതി…” “വിനോദേട്ടാ എനിക്ക് ഭയങ്കര സ്റ്റെയ്ജ് ഫിയര്‍…” “അതൊന്നുവില്ല…അരമണിക്കൂര്‍ കഴിഞ്ഞ് ഇന്നത്തെ സെക്കണ്ട് റൌണ്ട് തുടങ്ങുവാ…ആഫ്രിക്കന്‍സും അദര്‍ സ്റ്റേറ്റ്സ് സ്റ്റുഡന്‍റ്റ്സും കൂടുതലുള്ള സൈക്കോളജി ക്ലാസ്സില്‍ സ്റ്റാര്‍ട്ട് ചെയ്യാം…സൊ ബീ ദേര്‍ ഷാര്‍പ്പ് വണ്‍ തേര്‍ട്ടി…” വിനോദ് എഴുന്നേറ്റു. “കട്ടന്‍ ചായ ആണല്ലേ,” അപൂര്‍വ്വമായ പുഞ്ചിരി വിനോദിന്‍റെ ചുണ്ടില്‍ വിടര്‍ന്നു. “കൊള്ളാം… മിനി ഏതാണ്ട് പാര്‍ട്ടി ലൈനിലേക്ക് വന്നു…” “മൊത്തം ആയില്ല സഖാവേ….” ഷാരോണ്‍ ചിരിച്ചു. “പരിപ്പുവട ഇല്ല. പിന്നെ ദിനേശ് ബീഡിയും. രണ്ടും ക്യാന്‍റ്റീനില്‍ ഇല്ല.
പകരം പിസായും കൊക്കക്കോളയുമാണ്‌…” വിനോദ് ഷാരോണിനെ നോക്കി മുഷ്ടിചുരുട്ടി. “ചേച്ചി പറഞ്ഞത് എനിക്ക് മനസ്സിലായില്ല…ബീഡി എന്നൊക്കെപ്പറഞ്ഞതെന്താ?” വിനോദ് പോയിക്കഴിഞ്ഞ് മിനി ചോദിച്ചു. “അതോ?” ഷാരോണ്‍ വീണ്ടും ചിരിച്ചു. “മിനി കമ്മ്യൂണിസ്റ്റ് ആകാനുള്ള ഫസ്റ്റ്‌ സ്റ്റെപ് എത്തീതെ ഉള്ളൂ…” അവള്‍ മനസ്സിലാകാതെ ഷാരോണിനെ നോക്കി. “കമ്മ്യൂണിസ്റ്റ് ആകാനുള്ള ഫസ്റ്റ്‌ സ്റെപ്പ് പാല്‍ ഒഴിക്കാതെ ഇങ്ങനത്തെ ചായ കുടിക്കുക എന്നതാ. കട്ടന്‍ ചായ…” “ആണോ?”

ചായ കുടിച്ചിറക്കിക്കൊണ്ട് അവള്‍ ചോദിച്ചു. “അത് കഴിഞ്ഞ്?” “അത് കഴിഞ്ഞ് …പരിപ്പുവടയില്ലേ…?” “ആ …എനിക്കിഷ്ടമാ അത്…” “ആണോ? എന്നാ നിങ്ങടെ പാര്‍ട്ടീം വിനോദും ഒക്കെ രക്ഷപ്പെട്ടു. മിനിയ്ക്ക് അതും ഇഷ്ടമാണല്ലോ. എന്നാ ഇനി ദിനേശ് ബീഡി വലിക്കാന്‍ തുടങ്ങിയാ മതി. ഫുള്‍ കമ്മ്യൂണിസ്റ്റ് ആകാം,” “അയ്യോ…ബീഡി വലിയ്ക്കാനോ…ചേച്ചി ഞാന്‍ ചെയ്യില്ല അത്…അയ്യേ…” ഷാരോണ്‍ ഉറക്കെ ചിരിച്ചു. “എന്‍റെ ഈശോയേ….ഇത് പോലെ ഒരു സാധനം! നീ ശരിക്കും ഹൈദരബാദ് തന്നെയാണോ എന്‍റെ മോളെ?” അല്‍പ്പ ആലോചനക്ക് ശേഷം മിനിയ്ക്ക് കാര്യം മനസ്സിലായി. അവളും ചിരിച്ചു. “എന്‍റെ ഷെല്ലിപ്പുണ്യാളാ, ഈ കൊച്ചിന് നീ തന്നെ തുണ!” “പോ ചേച്ചീ ,” മേശമേലിരുന്ന ഷാരോണിന്‍റെ കൈത്തണ്ടയുടെ മൃദുലതയുടെ മേല്‍ മിനിയുടെ നഖപ്പാട് പതിഞ്ഞു. “ചേച്ചീ…” മിനി എഴുന്നേറ്റു. ‘വിനോദേട്ടന്‍ ഇപ്പം തന്നെ ചെല്ലാന്‍ പറഞ്ഞെക്കുവാ. പ്രസംഗിക്കുമ്പോ എന്തൊക്കെയാ ശ്രദ്ധിക്കേണ്ടെ?” ഷാരോണും എഴുന്നേറ്റു. “എല്ലാവരെയും ശ്രദ്ധിക്കണം,” ഷാരോണ്‍ പറഞ്ഞു. “എല്ലാവരുടെയും കണ്ണുകളില്‍ നോക്കണം. പുഞ്ചിരിക്കണം. നല്ല ബ്രീത്ത്‌ എടുക്കണം ആദ്യം. നല്ല റിലാക്സ് ആകാന്‍ ലോങ്ങായി ഇന്‍ഹേല്‍ ചെയ്യുന്നേം സ്മൈല്‍ ചെയ്യുന്നേം നല്ലതാ…” “ഓക്കേ…” കൌണ്ടറിനടുത്തേക്ക് നടക്കവേ മിനി പറഞ്ഞു. “ലോങ്ങ്‌ ഇന്‍ഹേല്‍…സ്മൈലിംഗ്…പിന്നെ…?” “എന്താണ് സംസാരിക്കാന്‍ പോകുന്നേന്ന്‍ ശരിക്കും മുന്‍കൂട്ടി അറിഞ്ഞിരിക്കണം …ടോപ്പിക്കും പോയിന്‍റ്റ്സും മനസ്സില്‍ ഡോക്യുമെന്‍റ്റ് ചെയ്യണം….പ്രയോററ്റൈസ് ചെയ്യണം…നല്ല പോയംസ്..കോട്ട്സ് ..ഓര്‍ത്ത് വെക്കണം…നല്ല പാട്ടുകാരിയല്ലേ…തകര്‍ത്ത് പാടൂ പ്രസംഗത്തിന്‍റെ എടേല്‍…” “ചേച്ചീം വരുവോ?” കൌണ്ടറില്‍ ചായകുടിച്ചതിന്‍റെ ബില്‍ പേ ചെയ്യുന്നതിനിടയില്‍ മിനി ചോദിച്ചു. “ചേച്ചി എന്‍റെ മുമ്പി ഒണ്ടേല്‍ എന്‍റെ കോണ്‍ഫിഡന്‍സ് കൂടും,” “ഞാന്‍ വരാം,” കാന്‍ടീനില്‍ നിന്ന്‍ പുറത്തേക്കിറങ്ങവേ ഷാരോണ്‍ പറഞ്ഞു.
“സുന്ദരിക്കുട്ടീടെ വിര്‍ജിന്‍ സ്പീച്ച് അല്ലേ? മിസ്സാക്കാന്‍ പറ്റൂലല്ലോ. പക്ഷെ മോള്‍ടെ കോണ്‍ഫിഡന്‍സ് കൂട്ടാന്‍ വേറെ ഒരാള്‍ അവിടെ മുമ്പി തന്നെ കാണും. മോള്‍ടെ ചുന്തരന്‍…മോള്‍ടെ ചെക്കന്‍…”

“ഈ ചേച്ചി…ഒന്ന്‍ പോ…” ലജ്ജാലുവായി മിനി പറഞ്ഞു. “ചേച്ചിക്ക് സ്പീച്ച് ഒക്കെ പറയുന്നത് എങ്ങനാന്ന് നന്നായി അറിയാല്ലോ…” “എന്‍റെ മോളൂ,” സൈക്കോളജി ഡിപ്പാര്‍ട്ട്മെന്‍റ്റിന്‍റെ മുമ്പിലൂടെ നീങ്ങവേ ഷാരോണ്‍ പറഞ്ഞു. “ഇടയ്ക്ക് പപ്പാ വരെ ഇങ്ങനെയൊക്കെ ചോദിക്കാറുണ്ട്…പിന്നെ ഷെല്ലീം…” മിനി അവളുടെ മുഖത്തേക്ക് ആരാധനയോടെ നോക്കി. “പപ്പാ വലിയ ഗാന്ധിയന്‍ അല്ലേ?” മിനി ചോദിച്ചു. “പിന്നല്ലാതെ!” ഷാരോണ്‍ വീണ്ടും ചിരിച്ചു. “എന്‍റെ ഒരുകാര്യം! ഗാന്ധിജീടെ പടം എപ്പം എവടെക്കണ്ടാലും കണ്ണുനിറയുന്ന പപ്പാ….എവിടെ ഗാന്ധി എന്നും പറഞ്ഞ് ഉലക്കയെടുക്കുന്ന കമ്മ്യൂണിസ്റ്റ് ബ്രദര്‍….അതിനെടെല്‍ കഷട്ടപ്പെടുന്ന പാവം ഞാന്‍…!” മിനിയും ചിരിച്ചു. “ഷെല്ലിയെക്കെന്തിനാ ഗാന്ധിജിയോട് ഇത്ര ദേഷ്യം?” “ഗാന്ധിജി കാരണവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ കൊറേ താമസിച്ചെന്ന്!” അവര്‍ സൈക്കോളജി രണ്ടാം വര്‍ഷക്ലാസ്സിന്‍റെ മുമ്പില്‍ എസ് എഫ് കേ സംഘം പലയിടത്തായി നില്‍ക്കുന്നത് അവര്‍ കണ്ടു. വരാന്തയില്‍, വിദ്യാര്‍ഥികളോട് ഗൌരവത്തില്‍ സംസാരിച്ച് കൊണ്ടിരുന്ന ഷെല്ലി ഷാരോണിനെയും മിനിയേയും കണ്ട്‌ അവരുടെയടുത്തേക്ക് ചെന്നു. “എങ്ങനെ ഉണ്ടെടാ മൊത്തത്തില്‍ റെസ്പോണ്‍സ്?” ഷാരോണ്‍ ആകാംക്ഷയോടെ ചോദിച്ചു. “അത്ര സ്ട്രോങ്ങ്‌ എന്നൊന്നും പറയാന്‍ പറ്റത്തില്ലെടീ…” ഷെല്ലി പറഞ്ഞു. “ആണോ?” സ്വരം താഴ്ത്തി, വിഷാദത്തോടെ മിനി ചോദിച്ചു. “ബട്ട്…അങ്ങനെയൊന്നും…യൂ ഡോണ്ട് വറി…” ഷെല്ലി മിനിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “ഒക്കെ മാറും,” ഷാരോണ്‍ ആത്മവിശ്വാസത്തോടെ ഷെല്ലിയോട് പറഞ്ഞു. ക്യാംപയിന്‍റെ മൊത്തം മൂഡും മാറ്റുന്ന ആയുധമാണ് ഇന്ന്‍ നിങ്ങടെ സ്റ്റാലിന്‍ വിനോദ് പുറത്തെടുക്കുന്നത്,” ഷെല്ലി ഒന്നും മനസ്സിലാകാതെ ഷാരോണിനെ നോക്കി. “ഇന്ന്‍ പ്രസംഗത്തിന്‍റെ ചാര്‍ജ് പുതിയൊരാള്‍ക്കാണ്…” ഷാരോണ്‍ മിനിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. “ങ്ങ്ഹേ? റിയലി?” ഷെല്ലി അവിശ്വാസത്തോടെ മിനിയെ നോക്കി. “ഷെല്ലി, വിനോദേട്ടന്‍ എന്നെക്കാണാന്‍ കാന്‍റ്റീനില്‍ വന്നാരുന്നു. എന്നോട് ഇന്നീ ക്ലാസ്സില്‍ പ്രസംഗിക്കണം എന്ന്‍ പറഞ്ഞു,” ഷെല്ലി ഷാരോണിനെ നോക്കി. അവള്‍ ശരിയാണ് എന്ന അര്‍ത്ഥത്തി ഷെല്ലിയെ കണ്ണുകള്‍ പതിയെ അടച്ചുകാണിച്ചു. “ക്യാമ്പയിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ എല്ലാരോടും വെയിറ്റ് ചെയ്യാന്‍ വിനോദേട്ടന്‍ പറഞ്ഞപ്പം അത് ഇങ്ങനത്തെ സര്‍പ്രൈസ് ആരിക്കൂന്ന്‍ ഞാന്‍ വിചാരിച്ചില്ല…” ഷെല്ലി അവളുടെ നേരെ നോക്കി പുഞ്ചിരിച്ചു.


“എന്‍റെ ഷെല്ലി എന്നെ റിയലി ഷിവര്‍ ചെയ്യുവാ…ദൈവമേ സ്പീച്ച് ഒന്നും എനിക്ക്…” അപ്പോഴേക്കും വിനോദ് അവരുടെയടുത്തേക്ക് വന്നു. “കമോണ്‍,” വിനോദ് എസ് എഫ് കേ സംഘത്തോട് പറഞ്ഞു. “എവരിബഡി ഗെറ്റ് ഇന്‍സൈഡ്!” സംഘം ക്ലാസ്സിലേക്ക് കയറി. എല്ലാവരും അകത്ത് കയറിക്കഴിഞ്ഞപ്പോള്‍ വിനോദ് മിനിയുടെ നേരെ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. മിനി ഷാരോണിനെ നോക്കി. ധൈര്യമായിപ്പോകൂ, ഞാന്‍ കൂടെയുണ്ട് എന്ന അര്‍ത്ഥത്തില്‍ ഷാരോണ്‍ മിനിയെ നോക്കി. പിന്നെ അവള്‍ ഷെല്ലിയുടെ നേരെ കണ്ണുകളയച്ചു. അവന്‍ അവളുടെ നേരെ തംസ് അപ് മുദ്ര കാണിച്ചു. അവള്‍ പള്‍പ്പിറ്റിലേക്ക് കയറി. ക്ലാസ് പൊടുന്നനെ നിശബ്ദമാവുകയും സന്നിഹിതരായിരുന്നവരുടെ കണ്ണുകള്‍ അവളെ വലയം ചെയ്യുകയും ചെയ്തു. മിനി വീണ്ടും ഷാരോണിനെയും ഷെല്ലിയെയും മാറി മാറി നോക്കി. My dear brothers and sisters of this illustrious learing center… സംഗീതം തുളുമ്പുന്ന ശബ്ദത്തില്‍, അഴകാര്‍ന്ന ഉച്ചാരണത്തോടെ മിനിയുടെ ശബ്ദം ക്ലാസ്സില്‍ മുഴങ്ങി. I would be presumptuous, indeed, to present myself against the distinguished speakers to whom you have listened if this were but a measuring of ability; but this is not a contest among persons. ….” “എന്താ ഷെല്ലി, മിനി പറയുന്നെ?” അജയകുമാര്‍ ഷെല്ലിയോട് അടക്കിയ ശബ്ദത്തില്‍ ചോദിച്ചു. ഷെല്ലി വിശദമാക്കാന്‍ തുടങ്ങിയപ്പോള്‍ വിനോദ് അവരുടെ നേരെ നോക്കി കണ്ണുരുട്ടി ചുണ്ടില്‍ വിരല്‍ ചേര്‍ത്തു. “പള്ളിക്കൂടത്തി പോണ സമയത്ത് മാവേലും പ്ലാവേലും കേറി നടക്കരുതാരുന്നു,” വിനോദ് അടക്കിയ ശബ്ദത്തില്‍ അവരോട് പറഞ്ഞു. “I come to speak to you…” മിനി തുടര്‍ന്നു. “….. in defense of a cause as holy as the cause of choice—the cause of choosing the best…” അത് പറഞ്ഞ് അവള്‍ ഷെല്ലിയെ നോക്കി. “ഇത് പൊളിറ്റിക്കല്‍ സ്പീച്ചോ അതോ പ്രണയ സന്ദേശമോ?” അടുത്തിരുന്ന് ഷാരോണ്‍ ഷെല്ലിയോട് ചോദിച്ചു.

“…Never before in the history of this college has there been witnessed such a contest as that through which we have been witnessing. Never before in the history of this college has a great issue been fought out as this issue has been by the voters themselves. As to choose whom as the chairman…..” വിദേശികളായ വിദ്യാര്‍ഥികളും ക്ലാസ്സിലെ ‘ദ ബ്രില്ല്യന്റ്’ എന്ന്‍ വിശേഷിപ്പിക്കപ്പെടുന്ന വിഭാഗവും സാകൂതം അവളുടെ വാക്കുകള്‍ കേട്ടു. “Whether it is NSU or SFK…in other words whethre it is Mr Sridhar Prasad or Mr Shelly…” അവള്‍ വീണ്ടും ഷെല്ലിയെ നോക്കി. “If there is any friend of Mr Prasad in this college, I say that my friendship with Mr Prasad is not less than his…” “എന്‍റെ ഷാരോണേ, മിനി എന്നതാ ഇപ്പറയുന്നെ?” അതിനിടയില്‍ വിനോദിന്‍റെയടുത്തുനിന്നും മാറി ഷാരോണിന്‍റെയടുത്തേക്ക് വന്ന അജയന്‍ ചോദിച്ചു. “ശ്രീധര്‍ പ്രസാദിന് ഈ കോളേജിലുള്ള ഏറ്റവുമടുത്ത കൂട്ടുകാരനോട് ഞാന്‍ പറയുന്നു, അവന്‍റെ സൌഹൃദത്തേക്കാള്‍ സൗഹൃദം എനിക്ക് ശ്രീധറിനോടുണ്ട്…” ഷാരോണ്‍ അത് അടക്കിയ സ്വരത്തില്‍ പരിഭാഷപ്പെടുത്തി. “ങ്ങ്ഹേ? എന്ന്‍ വെച്ചാല്‍…?” അവന്‍ ചോദിച്ചു. “ആ എനിക്കും അറീത്തില്ല. ബാക്കീംകൊടെ കേക്കട്ടെ,” “If then, that friend demand why I support Shelly, this is my answer…” “പിന്നെ എന്തിനാണ് ഞാന്‍ ഷെല്ലിയെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന്‍ ആ കൂട്ടുകാരന്‍ ചോദിച്ചാല്‍ ഇതാണ് എന്‍റെ ഉത്തരം…” ഷാരോണ്‍ വീണ്ടും പരിഭാഷയിലെക്ക് കടന്നു. സദസ്സും ആകാംക്ഷയോടെ അവളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത് എസ് എഫ് കേ സംഘം കണ്ടു. പിന്നെ അവള്‍ ഷെല്ലിയുടെ ഗുണഗണങ്ങള്‍ വിവരിക്കുന്ന സര്‍വ്വവിജ്ഞാനകോശമായി മാറി. സംഘടനാപാടവം, സഹായമനസ്ഥിതി, കലാകായിക രംഗത്തെ സജീവ സാന്നിധ്യം, പ്രസംഗ പാടവം…. “നിനക്ക് ഇത്രേം കഴിവൊക്കെ ഒണ്ടാരുന്നോ ഷെല്ലി?” ഷാരോണ്‍ ഷെല്ലിയെ നുള്ളി. വാക്കുകള്‍ക്കിടയില്‍ വിടവേതുമില്ലാതെ, ആംഗ്യവിക്ഷേപങ്ങളോടെ, സ്വരത്തിലെ ആരോഹണാവരോഹണത്തിലൂടെ മിനി അനര്‍ഗ്ഗളം സംസാരിക്കുന്നത് സദസ്സ് ശ്വാസമടക്കിപ്പിടിച്ച് കേള്‍ക്കുന്നത് മുഴുവന്‍ എസ് എഫ് കേ സംഘവും കണ്ടു. ഷെല്ലിയ്ക്ക് ശേഷം അവള്‍ മറ്റുള്ള സ്ഥാനാര്‍ഥികളെക്കുറിച്ചും സംസാരിച്ചു. “If there is anyone who thinks I have offended his love towards NSU and its candidates, please let me know, so that I would use words to heal his pain…”

“ഞാന്‍ എന്‍ എസ് യൂവിനെക്കുറിച്ചോ,അവരുടെ സ്ഥാനാര്‍ഥികളെക്കുറിച്ചോ മുറിപ്പെടുതുന്നരീതിയില്‍ സംസാരിച്ചു എന്ന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ പറയൂ, വാക്കുകളിലൂടെ അവരുടെ വേദന മാറ്റുവാനും എനിക്ക് കടമയുണ്ട്….” ഷാരോണ്‍ അജയന് വീണ്ടും മിനിയുടെ വാക്കുകള്‍ ഭാഷാന്തരപ്പെടുത്തി. “If no, I am hopeful you would use your brilliant youthfulness to tell these words with me …inqulab zindaabaad…” “അല്ലെങ്കില്‍ എനിക്കുറപ്പുണ്ട്…നിങ്ങളുടെ തരിപ്പിക്കുന്ന യുവത്വം എന്നോടൊപ്പം ചേര്‍ന്ന്‍ ഈ വാക്കുകള്‍ പറയുമെന്ന്: ഇങ്ക്വിലാബ് സിന്ദാബാദ്…” ഷാരോണിന്‍റെ ശബ്ദം അജയ് കുമാര്‍ കേട്ടു. “ഇങ്ക്വിലാബ് സിന്ദാബാദ്!!” എസ് എഫ് കേ സംഘം എഴുന്നേറ്റു നിന്നു. മുഷ്ടിചുരുട്ടി അവള്‍ വിളിച്ചുകൊടുത്ത മുദ്രാവാക്യം ഏറ്റുവിളിച്ചു. ക്ലാസ്സിലെ പലരും. പ്രസംഗശേഷം മിനി താഴേക്കിറങ്ങി വന്നു. “ശരിയായോ വിനോദേട്ടാ?” അവള്‍ ആകാംക്ഷയോടെ ചോദിച്ചു. “നിന്‍റെ ഷെല്ലിയോട് തന്നെ ചോദിക്ക്…” ഗൌവരക്കാരനായ വിനോദ് കുസൃതിയോടെ ഷെല്ലിയെ നോക്കി. മിനിയും. “ഷെല്ലി അത് മിനിയോട്‌ ഒറ്റയ്ക്ക് കാണുമ്പം പറഞ്ഞോളും വിനോദേട്ടാ. ഇപ്പം വിനോദേട്ടന്‍റെ അഭിപ്രായം അങ്ങ് പറഞ്ഞേരെ,” അജയ് കുമാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “എനിക്ക് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളൂ മിനി,” വിനോദ് പറഞ്ഞു. “എവിടെയാരുന്നു ഇത്രേം നാള്‍?” “ഇപ്പം ഒരുകാര്യം ഒറപ്പായി,” മറ്റൊരു അംഗം പറഞ്ഞു: “ഇതുപോലെ ഞെരിപ്പായി പ്രസംഗിക്കാന്‍ ആളുണ്ടേല്‍…നമ്മള് പാട്ടുംപാടി ജയിക്കും…” “പാട്ടും പാടിയല്ല, പ്രസംഗിച്ച് ജയിക്കും…” മറ്റൊരാള്‍ പറഞ്ഞു. അടുത്തക്ലാസ്സിലേക്ക് നടക്കുമ്പോള്‍ ഷെല്ലി അവളോട്‌ പറഞ്ഞു. “മിനീടെ ടെന്‍ഷന്‍ മാറീല്ലേ?” “ഇല്ല, ഷെല്ലി…. റിസല്‍റ്റ് വന്ന്‍ കഴിഞ്ഞേ എന്‍റെ ടെന്‍ഷന്‍ പോകൂള്ളൂ,”

വൈകുന്നേരം മിനിയുടെ കൂടെ ഹോസ്റ്റലിലേക്ക് നടക്കുമ്പോഴാണ് റോയിയുടെ കാര്‍ എതിരെ വരുന്നത് ഷാരോണ്‍ കാണുന്നത്. അവരുടെ സമീപം നിര്‍ത്തിയതിനു ശേഷം റോയി കാറില്‍ നിന്നിറങ്ങി. “എന്നാ ഒണ്ട് റോയിച്ചാ?” “നീ വാ,” അവന്‍ ഗൌരവത്തില്‍ പറഞ്ഞു.

“അയ്യോ വരാനൊന്നും പറ്റത്തില്ല. അത്ര ഇമ്പോര്‍ട്ടന്‍റ്റ് ആണോ?” റോയി ഗൌരവത്തില്‍ മിനിയെ നോക്കി. “ചേച്ചി സംസാരിക്കൂ,” അന്തരീക്ഷത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ് മിനി പറഞ്ഞു. “ശരി മിനി നടന്നോളൂ. വാര്‍ഡന്‍ സിസ്റ്ററിനോട്‌ പറഞ്ഞേക്ക് ഞാന്‍ ഇപ്പ വരൂന്ന്,” ഷാരോണ്‍ അവളോട്‌ പറഞ്ഞു. “പറ റോയീ,” അവനോടു അല്‍പ്പം കൂടി അടുത്ത് നിന്നുകൊണ്ട് അവള്‍ പുഞ്ചിരിയോടെ പറഞ്ഞു. “ഷാരോണെ,” അവന്‍ ഗൌരവത്തില്‍ വിളിച്ചു. “ഞാന്‍ പറയാമ്പോകുന്ന കാര്യം നെനക്ക് അത്ര ഇഷ്ട്ടപ്പെട്ടു എന്നൊന്നും വരത്തില്ല,” ഷാരോണ്‍ പുഞ്ചിരിവിടാതെ അവനെ നോക്കി. “നമ്മടെ അപ്പന്മാര് തമ്മി ഒറപ്പിച്ച ഒര് വാക്കൊണ്ട്. ഞാമ്മറന്നിട്ടില്ല അത്. നെനക്ക് ഓര്‍മ്മയോണ്ടോന്നു എനിക്ക് അത്ര ഒറപ്പും ഇല്ല,” “എന്‍റെ റോയിച്ചാ, കാര്യം എന്നതാ?” ഷാരോണ്‍ പുഞ്ചിരി നിലനിര്‍ത്താന്‍ ശ്രമം നടത്തിക്കൊണ്ട് ചോദിച്ചു. “നീയിപ്പം ആ വാധ്യാര്ടെ കൂടെയാ ഫുള്‍ ടൈമും എന്ന്‍ കേട്ടു?” ഷാരോണിന് കാര്യം മനസ്സിലായി. എങ്കിലും അവള്‍ അവന്‍റെ അടുത്ത വാക്കുകള്‍ എന്തായിരിക്കും എന്നറിയാന്‍ കാത്തിരുന്നു. “ചെലപ്പം രാത്രീല്‍ ഒക്കെ കൊറേ സമയം..എട്ടു മണികഴിഞ്ഞ്…അത്‌ വരെയൊക്കെ…. അയാടെ കൂടെ ഒറ്റക്ക് ആണ്…അല്ല അങ്ങനേം കേട്ടു,” “റോയിച്ചാ കാര്യം എന്നതാന്ന് തെളിച്ച് പറ,” അവളുടെ പുഞ്ചിരി മാഞ്ഞു. “ഷാരോണേ, നീയീവിഷയത്തി അത്ര അക്ഷരാഭ്യാസം ഒന്നും ഇല്ലാത്ത കൊച്ച് കുട്ടി ഒന്നുവല്ല. നിന്‍റെ ഈ പ്രായത്തി അയാളെപ്പോലെ ഒള്ള ഒരു ചുള്ളന്‍റെ കൂടെ പാട്ടും കൂത്തും ന്നൊക്കെ പ്പറഞ്ഞു കോലേക്കേറി നടക്കാന്‍!” “അതിനിപ്പം എന്നാ പറ്റീന്നാ?” അവളുടെ സ്വരം ഉയര്‍ന്നു. “ഇത് വരെ ഒന്നും പറ്റീല്ലേ കൊഴപ്പവില്ല,” അവന്‍റെയും സ്വരം ഉയര്‍ന്നു. “പക്ഷെ ഇനി പറ്റാതിരിക്കണങ്കി…നിര്‍ത്തിക്കോ. എല്ലാപ്പരിപാടീം…” “റോയിച്ചാ…” അവളുടെ സ്വരത്തിന് മൂര്‍ച്ച വന്നു.

“പപ്പാനെ ധിക്കരിക്കാന്‍ എനിക്ക് ഒട്ടും ഇഷ്ടവല്ല. എന്‍റെ റോള്‍ മോഡല്‍ ആണ് പപ്പാ. പപ്പായ്ക്ക് വെഷമം ഒണ്ടാക്കുന്ന ഒരു കാര്യോം ചെയ്യാമ്പാടില്ല എന്ന്‍ ആശിച്ച കൊണ്ടാ നിന്നെ കെട്ടിക്കോളാം എന്ന്‍ ഞാന്‍ സമ്മതിച്ചേ. അതേ പപ്പ തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിട്ടൊണ്ട്‌. തെറ്റാണ് എന്ന്‍ മനസാക്ഷി പറയാത്തിടത്തോളം കാലം എന്ത് കാര്യോം ചെയ്തോളാന്‍…പപ്പാടെ മോളാ ഞാന്‍….” “അപ്പം നീ ഞാം പറയ്ന്നെ അനുസരിക്കുവേല?” “തീര്‍ച്ചയായും ഇല്ല…” ഷാരോണ്‍ തുടര്‍ന്നു. “ഞാന്‍ ഒരു ഫെമിനിസ്റ്റ് ഒന്നുവല്ല. നല്ല അനുസരണയുള്ള മകളും കീഴ്പ്പെട്ടിരിക്കുന്ന ഭാര്യയും ഉത്തരവാദിത്തമുള്ള ഒരമ്മയും ഒക്കെ ആയി അടങ്ങി ഒതുങ്ങിജീവിക്കാനോക്കെയാ എനിക്കും ഇഷ്ടം. പക്ഷെ അങ്ങനെ ഒക്കെ ആകണവെങ്കില്‍…” “എങ്കില്‍?” റോയി ക്രുദ്ധനായി ഇടയ്ക്ക് കയറി. “അല്ല റോയിച്ചാ, നീ എന്നെത്തിനാ എന്നെ ഭരിക്കാന്‍ വരുന്നെ?” “ഞാനാ നിന്നെ കെട്ടാന്‍ പോകുന്നവന്‍. അതുകൊണ്ട്!” “കെട്ടുകഴിഞ്ഞില്ലല്ലോ. കഴിഞ്ഞിട്ട് മതി നിയന്ത്രണോം ഭരണോം,” “ഹും! എന്നാലും നെനക്ക് അയാടെ കൂടെയൊള്ള അഴിഞ്ഞാട്ടം നിര്‍ത്തത്തില്ല അല്ലേ?” “റോയി!!” ഷാരോണിന്‍റെ ശബ്ദം കേട്ട് ഒരുനിമിഷം അവന്‍ പകച്ചു. അവളുടെ കണ്ണുകളില്‍ തീപറക്കുന്നത് അവന്‍ കണ്ടു. അവളുടെ മുഖം ചുവന്നു. അവള്‍ ചൂണ്ടുവിരല്‍ അവന്‍റെ നേരെയുയര്‍ത്തി. “പപ്പാടെ സ്ഥാനത്താ ഞാന്‍ ആ മനുഷ്യനെ കാണുന്നെ…ഇനി ഒരുവാക്ക്….വൃത്തികെട്ട ഒരുവാക്ക് മിണ്ടിയാ റോയീ, നീ വിവരം അറിയും…!!” അവളെ വിറയ്ക്കുകയായിരുന്നു. അവളുടെ ഭാവമാറ്റം കണ്ട്‌ അമര്‍ത്തിക്കുലുക്കിച്ചവിട്ടി റോയി തിരികെ കാറിലേക്ക് കയറി. കാര്‍ അകന്ന്‍ പോയിക്കഴിഞ്ഞ് തിരിഞ്ഞപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു. നന്ദകുമാര്‍ മുമ്പില്‍! അയാളെ പുഞ്ചിരിയോടെ അവളെ നോക്കി. അവളും പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ബോയ്സ് ഹോസ്റ്റലിന്‍റെയരികിലൂടെ വരികയായിരുന്നു അയാള്‍. “ബൈക്ക് ആരുടെയാ സാര്‍?” അവള്‍ ചോദിച്ചു. “ആ പയ്യന്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല,” അവളുടെ ചോദ്യം അവഗണിച്ച് അയാള്‍ പറഞ്ഞു. “പക്ഷെ ഷാരോണ്‍ അവസാനം പറഞ്ഞത് ഞാന്‍ കേട്ടു…” “സാര്‍…”

ഷാരോണ്‍ വാക്കുകള്‍ക്ക് ബുദ്ധിമ്മുട്ടി. അവളുടെയടുത്തേക്ക്‌ അയാള്‍ വന്നു. “പറഞ്ഞത് ഇഷ്ടമായി…പപ്പാ…” ഷാരോണ്‍ ഒന്നും മിണ്ടിയില്ല. “അയാളാണോ മോളെ കല്യാണം കഴിക്കാന്‍ പോകുന്നയാള്‍?” ഷാരോണ്‍ അതെയെന്ന അര്‍ത്ഥത്തില്‍ തലകുലുക്കി. “എങ്കില്‍ ഇപ്പോള്‍ തന്നെപോയി മോള്‍ അയാളെ കാണണം…നമ്മളിലൂടെയായിരിക്കരുത് ഒരു ബന്ധത്തിന്‍റെയും തകര്‍ച്ച…” “എനിക്കും വിഷമം ഉണ്ട് സാര്‍,” അവള്‍ പറഞ്ഞു. “ഇച്ചിരെ പോസ്സെസ്സീവ് ആണെന്നേയുള്ളൂ. ഉള്ളില്‍ ഒന്നുമില്ല…” “എങ്കില്‍ സമയം കളയാതെ തന്നെ പോയിക്കാണൂ. എവിടെയുണ്ടാവും ആള്‍ ഇപ്പോള്‍?” “അടുത്ത് തന്നെ ഒരു വില്ലയുണ്ട് റോയിക്ക്. ഇപ്പം അവന്‍ സാധാരണ അവിടെയാ കാണാറ്,” “എങ്കില്‍ കയറൂ,” നന്ദകുമാര്‍ പറഞ്ഞു. “ഞാനവിടെ ഡ്രോപ്പ് ചെയ്യാം. സംസാരിച്ച് കഴിഞ്ഞ് മോള്‍ അയാളോട് തന്നെ ഹോസ്റ്റലില്‍ ഡ്രോപ്പ് ചെയ്യാന്‍ പറ,” ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് നന്ദകുമാര്‍ പറഞ്ഞു. “ശരി സാര്‍,” അവള്‍ മറ്റൊന്നും ചിന്തിക്കാതെ അയാളുടെ പിമ്പില്‍ കയറി. പത്ത് മിനിറ്റില്‍ ആ യാത്ര ധനികരുടെ മാത്രം താവളമായ ഒരു കോളനിയിലെ ഭംഗിയുള്ള വീടിന്‍റെ മുമ്പില്‍ അവസാനിച്ചു. “ഓക്കേ, മോളെ…” ബൈക്ക് നിന്ന്‍ കഴിഞ്ഞ് ഷാരോണ്‍ ഇറങ്ങുന്നതിനിടയില്‍ അയാള്‍ പറഞ്ഞു. “അധികം താമസിക്കാതെ തന്നെ തിരിച്ചുകൊണ്ടു വിടാന്‍ അയാളോട് പറയണം കേട്ടോ…ഞാന്‍ നില്‍ക്കുന്നില്ല. അയാള്‍ക്ക് വീണ്ടും ഒരു പ്രശ്നമുണ്ടാവണ്ട,” “ശരി,” വീടിനുനേരെ തിരിഞ്ഞുകൊണ്ട് ഷാരോണ്‍ പറഞ്ഞു. നന്ദകുമാര്‍ ബൈക്ക് തിരിച്ചു. “സാര്‍,” പെട്ടെന്ന് തിരിഞ്ഞു നിന്ന്‍ ഷാരോണ്‍ അയാളെ വിളിച്ചു. നന്ദകുമാര്‍ ബൈക്ക് നിര്‍ത്തി തിരിഞ്ഞുനോക്കി. “അല്ലേല്‍ സാര്‍ വെയിറ്റ് ചെയ്യാമോ, ഒരഞ്ചു മിനിറ്റ്…സംസാരിക്കുമ്പോള്‍ സാറിനെപ്പറ്റി അവന്‍റെ മനസ്സിലൊള്ള ആ കരടുംകൊടെ എടുത്ത് കളയണം….പിന്നെ കൊഴപ്പം ഇല്ലല്ലോ…” “ശരി…താമസിക്കരുത് കേട്ടോ,” അവള്‍ തലകുലുക്കി സമ്മതിച്ച് ഗേറ്റിനുള്ളിലേക്ക് കയറി.

നല്ല സുഹൃത്തായിരുന്നു റോയി. താന്‍ മറ്റുള്ളവരോട് അടുത്തിടപഴകുന്നതില്‍ അവന്‍ ഒരിക്കലും എതിര്‍പ്പ് കാണിച്ചിരുന്നില്ല. ഇത്രപെട്ടെന്ന് ഇങ്ങനെയൊരു മാറ്റം! എന്തായിരിക്കും കാര്യം? പ്രക്ഷുബ്ധമായ ചിന്തകളോടെ അവള്‍ ചാരിയിട്ടിരുന്ന മുന്‍ഭാഗത്തെ കതക് പതിയെ തുറന്ന്‍ അകത്ത് കയറി. നേര്‍ത്ത സംഗീതം കേള്‍ക്കുന്നുണ്ട്. ഇനി വല്ല മദ്യപാന സെറ്റപ്പും ആയിരിക്കുമോ? അവള്‍ സംശയിച്ചു. കോറിഡോര്‍ അവസാനിക്കുന്നിടത്ത് അവന്‍റെ ഓഫീസ് മുറിയാണ്. അതിനടുത്ത് എത്തിയപ്പോള്‍ അവള്‍ പെട്ടെന്ന് നിന്നു. ‘ഞാന്‍ ട്രൈ ചെയ്യാഞ്ഞിട്ടാണോ ഡാഡീ …” അവള്‍ റോയിയുടെ ശബ്ദം കേട്ടു. അപ്പോള്‍ അവന്‍ പീലിപ്പോസ് അങ്കിളിനോട് സംസാരിക്കുകയാണ്. അകത്ത് കയറണോ അതോ മാറിനില്‍ക്കണോ? മറ്റൊരാളുടെ പ്രൈവസിയുടെ കാര്യമാണ്. ഒളിഞ്ഞുനോട്ടം പോലെ അമാന്യമാണ് ഒളിഞ്ഞുനിന്ന്‍ കേള്‍ക്കലും. റോയി മറ്റാരുമല്ലല്ലോ. “എനിക്കറിയാം അയാക്ക് സൊന്തം മോളോടൊള്ള സോഫ്റ്റ്‌ കോര്‍ണര്‍. അയാടെ വീക്ക് സ്പോട്ടാ ഷാരോണ്‍…” ഷാരോണ്‍…! അപ്പോള്‍ എന്നെക്കുറിച്ചാണ് റോയി പീലിപ്പോസ് അങ്കിളിനോട് സംസാരിക്കുന്നത്! ഷാരോണിന്‍റെ കാതുകള്‍ ജാഗരൂകമായി. “എന്‍റെ ഡാഡി….ഡാഡി ഇങ്ങനെ വെറും മൊണ്ണയാകല്ലേ….എനിക്ക് ദിവ്യപ്രേമം തലക്ക് പിടിച്ചിട്ടൊന്നുവല്ല….നല്ല മാതൃകാ മരുമോളായിക്കണ്ടിട്ടൊന്നുവല്ല ഡാഡി അവടെ പപ്പായോടു എനിക്ക് വേണ്ടി അവളെ കണ്ടുവെച്ചതെന്ന് എനിക്കും അറിയാം…” ഈശോയേ… ഷാരോണിന്‍റെ ദേഹത്ത് ഒരു വിറയല്‍ ബാധിച്ചു. എന്തൊക്കെയാണ് താന്‍ കേള്‍ക്കുന്നത്! “കേരളത്തിലേ പൊതു ട്രെന്‍ഡ് വെച്ച് അഞ്ചുവര്‍ഷം എടവിട്ട് നമ്മടെ മുന്നണിതന്നെ പരിക്കും. അന്നെരോം അവടപ്പന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി…ആദര്‍ശവാനല്ലേ? അതുകൊണ്ട് ഇച്ചിരെ കയ്യിട്ട് വാരാനോന്നും അയാള് സമ്മതിക്കുവേല…പക്ഷെ അയാടെ മോളെ ഞാന്‍ പോറ്റുമ്പം ഞാന്‍ കയ്യിട്ടുവാരിയാലും അയാക്ക് എതിര്‍ക്കാന്‍ ഒക്കത്തില്ല…അവളെ കെട്ടിക്കഴിഞ്ഞാല്‍….. എന്‍റെ ഡാഡി…. കയ്യിട്ട് വാരാനാണേല്‍ ഒരു നൂറു കയ്യെങ്കിലും വേണം….മാത്രവല്ല…ശക്തിസിംഗ് ചന്ദ്രാവത്തിന്‍റെ കാര്യം വരുമ്പോം നല്ല പോളിറ്റിക്കല്‍ ബാക്കപ്പ് ഇല്ലേല്‍ പെട്ടുപോകും നമ്മള്‍….അത്കൊണ്ട് ഷാരോണ്‍ നല്ലൊരു ചൂണ്ടയാ…വല്ല്യ മീനുകളെപ്പിടിക്കാനുള്ള ഇര കോര്‍ക്കാനൊള്ള ചൂണ്ട…അല്ലാതെ….”

സംസാരിച്ച് തിരിഞ്ഞപ്പോള്‍ മുമ്പില്‍ ഷാരോണ്‍! റോയി വിറങ്ങലിച്ചു നിന്നു. അവളുടെ ഉയര്‍ത്തിയ കൈയ്യിലെ മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ വീഡിയോയുടെ റിക്കോഡിംഗ് മോഡ്. റോയി ചിരിക്കാന്‍ ശ്രമിച്ചു. “അല്ല …ശാരോണോ….?” മൊബൈല്‍ ഓഫ് ചെയ്ത് വിളറിയ ചിരിയോടെ അവന്‍ ചോദിച്ചു. “ശാരോണല്ല ഷാരോണ്‍…” കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ നിറച്ച് അവള്‍ പറഞ്ഞു. “ചൂണ്ട…വലിയ മീനുകളെ പിടിക്കാന്‍ ഇര കോര്‍ക്കാനുള്ള ചൂണ്ട….” “ഷാരോണെ…” അവന്‍ അവളുടെ നേരെ അടുത്തു. “ഞാനത് തമാശക്ക്….നീയാ മൊബൈല്‍ ഇങ്ങ് താ..നീയെന്നാ ജേണലിസം പഠിക്കുവാണോ?” “ഈ മൊബൈലോ?” പരിഹാസം നിറഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു. “നെനക്ക് തരാനോ….? അതിനാണോ കഷ്ട്ടപ്പെട്ട് ഇതൊക്കെ ഞാന്‍ ഷൂട്ട്‌ ചെയ്തെ?” തോളില്‍ തൂങ്ങുന്ന ബാഗില്‍ മൊബൈല്‍ വെച്ചുകൊണ്ട് അവള്‍ ചോദിച്ചു. “അത് വെച്ച് നീയെന്നാ ചെയ്യൂന്നാ?” “ഞാനെന്നാ ചെയ്യാനാ?” പരിഹാസ സ്വരത്തില്‍ അവള്‍ തുടര്‍ന്നു. “ഞാന്‍ ഒരു പാവം ആദര്‍ശവാനായ മുഖ്യമന്ത്രീടെ പാവം മോള്….പക്ഷെ പാവമല്ലാത്ത ഒരാള് ഇപ്പം സിറ്റീലൊണ്ട്. റഫീക്ക് ജാവേദ്. ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍. ആള് അത്ര പാവമൊന്നുമല്ലന്ന്‍ മുക്കുവന്‍….അല്ല മീന്‍ പിടുത്തക്കാരെ നമ്മള്‍ മുക്കുവനിന്നല്ലേ വിളിക്കുന്നെ? അതെ മുക്കുവനറിയാല്ലോ? രണ്ട് മുഖ്യമന്ത്രിമാര്…മൂന്ന്‍ കേന്ദ്ര മന്ത്രിമാര് …..ടോപ്പ് ബ്രാസ് ബ്യൂറോക്രാറ്റ്സ്…അങ്ങനെ കൊറേ ഇനങ്ങളെ രജിവെപ്പിച്ച ഡെപ്പ്യൂട്ടി എഡിറ്റര്‍…അയാടെ കയ്യിലെത്തും ഈ മൊബൈല്‍….” “ഷാരോണെ…നീ കളിക്കരുത്….ആ മൊബൈല്‍ ഇങ്ങ് താടീ…” “അല്ലടാ…ഞാന്‍ കളിക്കുവാ…നെനക്കൊന്നും അറിയാത്ത കളി…” സ്വരത്തില്‍ മൂര്‍ച്ച കൂട്ടി ഷാരോണ്‍ തുടര്‍ന്നു. “നെനക്കറിയോ…നീ ദുഷിച്ച് പറഞ്ഞ നന്ദകുമാര്‍ സാറാ…നിന്നെ മിസ്സ്‌ ചെയ്യരുതെന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് ഇപ്പം പറഞ്ഞുവിട്ടെ. നീയുവായി ഒള്ള ബന്ധം തകരരുതെന്നു പറഞ്ഞ്….എന്നിട്ട് ഓടിവന്നപ്പം നീ…!! ഈശോയേ…ഇത്ര വൃത്തികെട്ടവനാ നീയെന്ന് എനിക്കറിയാന്‍ പറ്റീല്ലോ…” “അയാള് ഇങ്ങോട്ട് നിന്നെ പറഞ്ഞുവിടാന്‍ അയാള് ആരാടീ നിന്‍റെ?” അവന്‍ കയര്‍ത്തു.

അത് പറഞ്ഞതും റോയിയുടെ കൈകള്‍ അവളുടെ ദേഹത്തമര്‍ന്നു. കഴുത്തില്‍ ചേര്‍ത്ത് അവന്‍ അവന്‍ അവളെ ഞെരിച്ചു. അവളെ അവന്‍ ഭിത്തിയോട് ചേര്‍ത്തമര്‍ത്തി. സകല ശക്തിയും സംഭരിച്ച് അവള്‍ കയ്യുയര്‍ത്തി അവനെ ആഞ്ഞു തള്ളി. റോയി പിമ്പിലേക്ക് വേച്ച്പോയി. “ആരാന്ന് കേള്‍ക്കാനാ നെനക്കിഷ്ടം?” നിവര്‍ന്ന്‍ നിന്ന്‍ കിതച്ചുകൊണ്ട് ഷാരോണ്‍ ചോദിച്ചു. ഷാരോണിന്‍റെ സ്വരം അവന്‍റെ സ്വരത്തിന് മേലേ മുഴങ്ങി. “കാമുകി? ഭാര്യ? വെപ്പാട്ടി?” റോയിയുടെ കണ്ണുകള്‍ വിടര്‍ന്നുവെളിയിലേക്ക് വന്നു. “ഇഷ്ടമാ എനിക്ക്….സാറിന് ഇഷ്ടവാണേല്‍ കാമുകിയാകാനും ഭാര്യയാകാനും…” “എടീ…!!” വര്‍ധിച്ച വീര്യത്തോടെ റോയി കുപിതനായി അവളുടെ നേര്‍ക്കടുത്തു. ചുരുട്ടിയ മുഷ്ട്ടി അവന്‍ ഷാരോണിന്‍റെ മുഖത്തേക്ക് ഉയര്‍ത്തി.

Comments:

No comments!

Please sign up or log in to post a comment!