കോബ്രാഹില്‍സിലെ നിധി 29

കൊട്ടാരക്കെട്ടുകള്‍ക്കിടയിലെ വിശാലമായ നടുത്തളത്തിലായിരുന്നു യജ്ഞമണ്ഡപമൊരുക്കിയിരുന്നത്. മുമ്പ് നടത്തപ്പെട്ടിരുന്ന മഹാമൃത്യുഞ്ജയഹോമങ്ങളുടെ രംഗഭൂമിയും അത് തന്നെയായിരുന്നു. അവിടെയാണ് രാഹുല്‍ ദിവ്യയെ യോഗധ്യാനം പരിശീലിപ്പിച്ചിരുന്നത്. യാഗത്തിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായിരുന്നു അത്. രാജശേഖര വര്‍മ്മയുടെ കൊട്ടാരത്തില്‍ നടത്തപ്പെടുന്ന മഹാമൃത്യുന്ജയയാഗം ഇതിനോടകം മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി. അതിന്‍റെ ചരിത്രവും ഐതിഹ്യങ്ങളും അപഗ്രഥിക്കപ്പെട്ടു. സാംസ്ക്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. നഗരത്തിലെ ടെലിവിഷന്‍ കേബിള്‍ ഒപ്പറേറ്റര്‍മാര്‍, ദേശവിദേശ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ യജ്ഞം തത്സമയസംപ്രേഷണം നടത്തി. യജ്ഞത്തിന്‍റെ അവസാന ദിവസം, യജ്ഞമണ്ഡപത്തിന് പടിഞ്ഞാറേവശത്ത് കൂട്ടുകാരുടെ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടവും നിര്‍ദ്ദേശങ്ങളും നല്‍കി നില്‍ക്കുകയായിരുന്നു ലത്തീഫ്. “ലത്തീഫ് ദാദാ,” പെട്ടെന്ന് അവന്‍ ടോമിയുടെ വിളി കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ വിദേശ ടെലിവിഷന്‍ ചാനലുകാരുടെ മുമ്പില്‍ നില്‍ക്കുന്ന ടോമിയെ കണ്ടു. ലത്തീഫ് അവരുടെയടുത്തെക്ക് ചെന്നു. “എന്താടാ?” “ലത്തീഫ് ദാദാ..ഇവമ്മാര് എന്നോട് ഒടുക്കത്തെ സംശയങ്ങള്‍ ഒക്കെ ചോദിക്കുവാ. ഞാന്‍ എത്ര പറഞ്ഞിട്ടും ഇവമ്മാര്‍ക്ക് തിരിയുന്നില്ല. ഇവമ്മാരുടെ ഇംഗ്ലീഷ് പോരാ.ലത്തീഫ് ദാദാ ഒന്ന്‍…” “ഉം …ഉം …” ലത്തീഫ് അവന്‍റെ നേരെ നോക്കി അമര്‍ത്തി മൂളി. പിന്നെ മാധ്യമ പ്രവര്‍ത്തകരെ നോക്കി. “ക്യാന്‍ ഐ ബി ഓഫ് എനി ഹെല്പ് ഫോര്‍ യൂ,” സ്വരത്തില്‍ വിനയം വരുത്തി ലത്തീഫ് ചോദിച്ചു. “വി ഹാവ് എ ഫ്യൂ ക്വസ്റ്റ്യന്‍സ് റിഗാഡിംഗ് ദിസ് റീച്വല്‍,” “കൈന്‍ലി ആസ്ക്,”

“ഈസിന്‍റ്റ് ഇറ്റ്‌ എ പാര്‍ട്ട് ഓഫ് ഇന്ത്യാസ് കളക്റ്റീവ് സൂപ്പര്‍സ്റ്റീഷന്‍സ്? എ റീച്ച്വല്‍ ലൈക് ഡിസ് ഇന്‍ ദിസ് സെന്‍ച്ചുറി? ഡസിന്‍റ്റ് ഇറ്റ്‌ സൌണ്ട് ഫണ്ണി?” അവരില്‍ ചിലര്‍ പരിഹാസരൂപേണ ചിരിക്കാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും തന്‍റെ മുഖഭാവം മാറ്റാതിരിക്കാന്‍ ലത്തീഫിനായില്ല. “ഹാഡ് എനി വണ്‍ ഓഫ് യൂ ബീന്‍ ഇന്‍ ദ കൊറോണേഷന്‍ സെറിമണി ഓഫ് കിംഗ്‌ ചാള്‍സ് ലാസ്റ്റ് ഇയര്‍?” അവന്‍ അവരോട് ചോദിച്ചു. “ഷ്വര്‍, ഐ ഹാഡ് ബീന്‍ ദേര്‍,” അവരില്‍ പലരും പറഞ്ഞു. “ഹാഡ് എനി വണ്‍ ഓഫ് യൂ ബീന്‍ ഇന്‍ ദ ഫങ്ഷന്‍ ഇന്‍ വിച്ച് ദ ക്രൌണ്‍ പ്രിന്‍സ് ഓഫ് സൌദിഅറേബ്യ വാസ് ഏലിവേറ്റഡ് ഇന്‍ടു ദ കിംഗ്‌?” “ഷ്വര്‍ .

വീ ഹാഡ് ബീന്‍…ബട്ട് ഹൌ കുഡ് …..” “ഹാഡ് യൂ ഫെല്റ്റ് ഇറ്റ്‌ വാസ് ദ പാര്‍ട്ട് ഓഫ് ദെയര്‍ കളക്റ്റീവ് സൂപ്പര്‍സ്റ്റീഷന്‍?” അവര്‍ എന്തോ പറയാന്‍ ശ്രമിച്ചു. “ഹാഡ് ആസ്റ്റ് ദ സെയിം ക്വസ്റ്റ്യന്‍സ് റ്റു ദേം?” അവര്‍ ഉത്തരം പറഞ്ഞില്ല. “യൂ ഹാഡ്ന്‍റ്റ് ആന്‍ഡ് യൂ കുഡ്ന്‍റ്റ്. യൂ ആര്‍ അഫ്രൈഡ് ഓഫ് ദ ഇന്‍ടോളറന്‍സ് ദ പാര്‍ട്ട് ഓഫ് ദെയര്‍ കള്‍ച്ചര്‍. ആന്‍ഡ് യൂ ആര്‍ എക്സ്പ്ലോയിറ്റിംഗ് ദ ബിഗ്‌ ടോളറന്‍സ് വീ ഹാവ് ഇന്‍ ദിസ് കണ്ട്രി…” അവര്‍ക്ക് തിരിച്ച് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അന്തരീക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ലത്തീഫ് പുഞ്ചിരിച്ചു. “സാര്‍…ദിസ് ഈസ് എ പാര്‍ട്ട് ഓഫ് റെസ്പെക്റ്റിംഗ് ഔര്‍ പാസ്റ്റ്, ഔര്‍ ട്രഡീഷന്‍…ആന്‍ഡ് വീ ഹോണര്‍ ഇറ്റ്‌…” അവരും പുഞ്ചിരിച്ചു. “യൂ ആര്‍ ഔര്‍ ഗസ്റ്റ് ആന്‍ഡ്‌ ഗസ്റ്റ്സ് ആര്‍ ഗോഡ്സ് ഫോര്‍ അസ്,” അവന്‍ പറഞ്ഞു. “ജെന്‍റ്റില്‍ മാന്‍ യുവര്‍ നെയിം ഈസ്?” ഒരാള്‍ ചോദിച്ചു. ക്യാമറകള്‍ അവനെ കേന്ദ്രീകരിച്ചു. “സയ്യദ് അബ്ദുല്‍ ലത്തീഫ്,” അവന്‍ പറഞ്ഞു. “മുസ്ലിം??” അവര്‍ അതിശയത്തോടെ ചോദിച്ചു. “യെസ്, ഐ അം,” ലത്തീഫ് പുഞ്ചിരിയോടെ പറഞ്ഞു. പെട്ടെന്ന് ടോമിയും അവനോടു ചേര്‍ന്ന്‍ നിന്നു. “ഐ ആം തോംസണ്‍ ആന്‍റണി. ടോമി. ക്രിസ്ത്യന്‍,” പിന്നെ അവര്‍ പിന്തിരിഞ്ഞു.

“പത്താം നൂറ്റാണ്ട് വരെ തുണിപോലും ഉടുക്കാണ്ട് കാട്ടില്‍ ഗുഹേല്‍ ജീവിച്ചോമ്മാരാ നമ്മളെ കള്‍ച്ചറ് പഠിപ്പിക്കാന്‍ വരുന്നെ!” ടോമിയോടൊപ്പം യജ്ഞമണ്ഡപത്തിന് നേരെ നടക്കവേ ലത്തീഫ് ടോമിയോട്‌ പറഞ്ഞു. യജ്ഞം പരിസമാപ്തിയിലെക്ക് നീങ്ങുകയായിരുന്നു. യജ്ഞകുണ്ഡത്തിന് മുമ്പില്‍ യാഗവസ്ത്രമായ ചുവന്ന പട്ടുടുത്ത് രാഹുല്‍ മന്ത്രങ്ങള്‍ ഉപാസിക്കുന്നു. സമീപത്ത് മഹര്‍ഷി ദേവനാരായണന്‍. അവര്‍ക്ക് പിമ്പില്‍ നിരവധി വൈദികര്‍. കണ്ണുകളടച്ച് ഹവിസ്സ് ആഹുതി ചെയ്യുന്ന രാഹുലിന് അഭിമുഖമായി രാജകുടുംബാംഗങ്ങള്‍ ഇരുന്നു. രാജശേഖര വര്‍മ്മ, ഗായത്രി ദേവി, ദിവ്യ, അവരുടെ ബന്ധുക്കള്‍. അവര്‍ക്ക് തൊട്ടുപിമ്പില്‍ വിമല്‍. അവനോടൊപ്പം മന്ത്രിമാര്‍, കലാകാരന്മാര്‍, ചലച്ചിത്ര താരങ്ങള്‍, വ്യവസായരംഗത്തെ അതികായര്‍, രാജ്യാന്തരപ്രശസ്തരായ എഴുത്തുകാര്‍…. പിന്നെ ഒരു വന്‍ ജനാവലിയും. അതീവ ജാഗ്രതയോടെ ലത്തീഫും സംഘവും രാജശേഖര വര്‍മ്മയുടെ കുടുംബാംഗംങ്ങള്‍ ഇരുന്ന നിരയുടെ സമീപത്ത് നിന്നിരുന്നു.മണ്ഡപത്തിലെ അതി ബഹുലമായ ജനസഞ്ചയതിനിടയില്‍ യൂണിഫോമിട്ട പോലീസുകാര്‍ ജാഗരൂകരായി. നിര്‍ദ്ദേശങ്ങളുമായി ഇന്‍സ്പെകടര്‍ അബ്രാഹം പരിസരങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നു.
ലത്തീഫിന്‍റെ സംഘത്തില്‍ ആബിദും ഫെലിക്സും സതീഷും ഉണ്ടായിരുന്നില്ല. മന്ത്രോച്ചാരണങ്ങളും സങ്കീര്‍ത്തനങ്ങളും അതിന്‍റെ ഉച്ചസ്ഥായിയിലെത്തി. ഭക്തി സാന്ദ്രമായ് അന്തരീക്ഷത്തിന്‍റെ പവിത്രത ജനസഞ്ചയത്തെ വളയം ചെയ്തു. അവര്‍ കണ്ണുകളടച്ച് കൈകള്‍ കൂപ്പി യജ്ഞത്തിന്‍റെ അനുഭവം ഉള്‍ക്കൊണ്ടു. സാത്വിക വിശുദ്ധിയുടെ തേജസ് നിറഞ്ഞ രാഹുലിന്‍റെ രൂപം യജ്ഞാഗ്നിയുടെ മുമ്പില്‍ പൌരോഹിത്യകര്‍മ്മം തുടര്‍ന്നു. പെട്ടെന്ന്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി . ആ ധന്യമുഹൂര്‍ത്തത്തില്‍ രാഹുല്‍ കണ്ണുകള്‍ തുറന്നു. അയാളുടെ മിഴികളുയര്‍ന്നു. ആകാശ നീലിമയെ കീഴ്പ്പെടുത്തി ഇരച്ചെത്തുന്ന കാര്‍മേഘങ്ങളെ അയാളുടെ മിഴികള്‍ സ്പര്‍ശിച്ചു. മഴത്തുള്ളികള്‍ അടര്‍ന്ന്‍ വീണു. ആളുകള്‍ ആഹ്ലാദത്താല്‍ ആര്‍പ്പ് വിളിച്ചു. “സാറെന്നാ ഋശ്യശൃംഗനാണോ?” രാജേഷ് അദ്ഭുതത്തോടെ ചോദിച്ചു. “ഹോമം ചെയ്ത് മഴപെയ്യിക്കാന്‍?” രാഹുല്‍ അപ്പോള്‍ മുന്നിലിരിക്കുന്നവരെ നോക്കി.രാജശേഖര വര്‍മ്മ, ഗായത്രി ദേവി, ദിവ്യ, വിമല്‍, ബന്ധുക്കള്‍…

അവരെക്കടന്ന്‍ യജ്ഞ മണ്ഡപത്തില്‍ സന്നിഹിതരായിരുന്ന വന്‍ ജനാവലിയുടെ നേര്‍ക്ക് അയാള്‍ കണ്ണുകളോടിച്ചു. ടെലിവിഷന്‍ ക്യാമറകള്‍ രാഹുലിനെ കേന്ദ്രീകരിച്ചു. അല്‍പ്പമകലെ ആളുകള്‍ക്കിടയില്‍ ഷാര്‍മ്മിലിയെ അയാള്‍ കണ്ടു. യജ്ഞത്തിനു മുമ്പ് അവരെ രാഹുല്‍ വീട്ടില്‍പ്പോയി പ്രത്യേകം ക്ഷണിച്ചിരുന്നു. അയാള്‍ ആളുകളുടെ നേരെ നോക്കി കൈകള്‍ കൂപ്പി. മഴയുടെ ഉത്സവാഘോഷത്തിനും മേലേ കാതടപ്പിക്കുന്ന കരഘോഷവും ഹര്‍ഷാരവവും മുഴങ്ങി. “പിതൃതുല്യനായ എന്‍റെ ഗുരുനാഥന് പ്രണാമം,” ഉച്ചഭാഷിണികളിലൂടെ രാഹുലിന്‍റെ ഘനഗാംഭീര്യമുള്ള ശബ്ദം പ്രതിധ്വനിച്ചു. “മറ്റ് ഗുരുജനങ്ങളേ, ഹിസ്‌ ഹൈനെസ് രാജശേഖരവര്‍മ്മ തമ്പുരാന്‍ ഹെര്‍ ഹൈനെസ് ഗായത്രിദേവി തമ്പുരാട്ടി, ദിവ്യ രാജകുമാരി, പ്രിയ സഹോദരരേ…” മണ്ഡപത്തില്‍ കനത്ത നിശബ്ദത വീണു. ആളുകളുടെ കണ്ണുകളും കാതുകളും രാഹുലില്‍ കേന്ദ്രീകരിച്ചു. “സമാധാനം എന്ന പവിത്ര ശക്തിയാണ് യജ്ഞം എന്ന സനാതന അനുഷ്ഠാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്,” രാഹുലിന്‍റെ തേജസുള്ള വാക്കുകള്‍ തുടര്‍ന്ന്‍ കേള്‍ക്കപ്പെട്ടു. “മനുഷ്യന്‍റെയും പ്രകൃതിയിലെ സകല ചരാചരങ്ങളെയും സൂക്ഷ്മ സത്വത്തില്‍പ്പോലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇരുട്ടിന്‍റെ സാന്നിധ്യത്തെ നിര്‍വ്വീര്യമാക്കുന്ന ആയുധമാണ് സമാധാനമെന്ന ആ ശക്തി. മൂന്ന്‍ ദിവസങ്ങളായി ഈ പവിത്ര അന്തരീക്ഷത്തില്‍ നടന്ന്‍ വരുന്ന മഹാമൃത്യുന്ജയ യജ്ഞത്തിന്‍റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല … ” സദസ്സ് ശ്വാസമടക്കിപ്പിടിച്ച് അയാളുടെ വാക്കുകള്‍ കേട്ടു.
ലത്തീഫ് വിമലിന്‍റെയടുത്തെക്ക് അല്‍പ്പം കൂടി ചേര്‍ന്ന്‍ നിന്നു. സംഘാംഗങ്ങള്‍ തീക്ഷ്ണ ജാഗ്രതയുള്ളവരായി. “നിങ്ങള്‍ക്കറിയാം നാഗത്താന്‍ മലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ് എന്ന്…” രാഹുല്‍ തുടര്‍ന്നു. “അവിടെയെവിടെയോ അമൂല്യമായ ഒരു നിധി ശേഖരമുണ്ടെന്ന് വിശ്വസ്സിക്കപ്പെടുന്നു. ആ സ്ഥലം ഹിസ്‌ ഹൈനെസ് രാജശേഖര വര്‍മ്മ തമ്പുരാന്‍റെ എസ്റ്റേറ്റ് പരിധിയിലാണ്. നിധിയെക്കുറിച്ച് കേട്ടറിഞ്ഞെത്തുന്ന സാഹസികരായ ഭാഗ്യാന്വേഷികള്‍ അവിടെ നിരന്തരം കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു…നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…അനേകമനേകം അപമൃത്യുവിലവസാനിച്ച ഭാഗ്യപരീക്ഷണങ്ങള്‍! ” രാഹുല്‍ സദസ്സിനെ ഒന്ന്‍ നോക്കി. പിന്നെ ലതീഫിനെയും. “അടുത്ത കാലത്ത് രണ്ട് മരണങ്ങള്‍ കൂടി അത് സംബന്ധിച്ചുണ്ടായി. രാജശേഖര വര്‍മ്മ തമ്പുരാന്‍റെ ജനറല്‍ മാനേജര്‍ സര്‍പ്പദംശനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ നാഗത്താന്‍ മലയില്‍ കാണപ്പെട്ടു…!”

രാഹുലിന്‍റെ കണ്ണുകള്‍ ഷാര്‍മ്മിലിയുടെ മുഖത്ത് പതിഞ്ഞു. അവള്‍ വികാര രഹിതയായി തന്നെ ശ്രദ്ധിക്കുന്നത് അയാള്‍ കണ്ടു. “….ഏകദേശം നാല് ദിവസങ്ങള്‍ക്ക് മുമ്പ് മേജര്‍ മാത്യു വര്‍ഗ്ഗീസ് എന്ന ദിവ്യ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസിലേ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ രോഹിതിന്‍റെ വീട്ടില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടു…” രാഹുലിന്‍റെ കണ്ണുകള്‍ വിമലിനെ തേടി. അവന്‍ അയാളെ നോക്കി പുഞ്ചിരിച്ചു. “ദുരന്തങ്ങളുടെ പട്ടിക തീര്‍ന്നില്ല…” രാഹുല്‍ തുടര്‍ന്നു. ‘സൂര്യവംശത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയായ ദിവ്യാ വര്‍മ്മ രാജകുമാരിയുടെ നേര്‍ക്ക് പലതവണ വധശ്രമമുണ്ടായി. ഭക്ഷ്യ വിഷം മുതല്‍ ബോബ് പ്ലാന്‍റ്റിംഗ് വരെ…” രാഹുല്‍ ലത്തീഫിനെ നോക്കി. ലത്തീഫിന്‍റെ സമീപം ജാഗ്രതയോടെ പരിസരവീക്ഷണം നടത്തുന്ന കൂട്ടുകാരെയും. “..ഞാന്‍ …” സദസ്സിനെ ആകമാനം വീക്ഷിച്ച് രാഹുല്‍ തുടര്‍ന്നു. “…ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഒരു പുതിയ കഥ അവതരിപ്പിക്കാന്‍ പോകുന്നു…” സദസ്സിന്‍റെ, രാജകുടുംബാംഗങ്ങളുടെയും ആകാംക്ഷയേറുന്നത് രാഹുല്‍ കണ്ടു. “തികച്ചും അവിശ്വസനീയമായ കഥ! തികച്ചും വിചിത്രമായ കഥ! എ സ്ട്രേഞ്ച്, റേയര്‍ ആന്‍ഡ്‌ അണ്‍ബിലീവബ്ളി ഡാര്‍ക്ക് സ്റ്റോറി…!!” ദൃഡസ്വരത്തില്‍ രാഹുലിന്‍റെ ശബ്ദം ഒഴുകി. രാജശേഖര വര്‍മ്മയും ഗായത്രി ദേവിയും രാജ ബന്ധുക്കളും സദസ്സും ആകാംക്ഷയോടെ അയാളുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. രാഹുല്‍ ഷാര്‍മ്മിലിയെ നോക്കി. “രോഹിത് സര്‍പ്പദംശനമേറ്റല്ല മരിച്ചത്!” നിശബ്ദതയിലേക്ക് രാഹുലിന്‍റെ വാക്കുകള്‍ സ്ഫോടനമായി കടന്നു വന്നു.
രാജശേഖര വര്‍മ്മ സംഭീതമായ ഭാവത്തോടെ രാഹുലിനെ നോക്കി. സദസ്സും. “…അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു! നഷ്ടപ്പെട്ട മാപ്പുകള്‍ മോഷ്ടിച്ചത് അദ്ദേഹമല്ല! അവയെ സംരക്ഷിക്കുവാനുള്ള ശ്രമത്തില്‍ അദ്ദേഹം അരുംകൊല ചെയ്യപ്പെടുകയായിരുന്നു! ” രാജശേഖര വര്‍മ്മ സ്തംഭിച്ചു പോയി. അദ്ദേഹം അവിശ്വസനീയതയോടെ രാഹുലിനെ നോക്കി. തകര്‍ന്ന മനസ്സോടെ തന്‍റെ സമീപത്തിരിക്കുന്ന ഗായത്രി ദേവിയെയും അദ്ദേഹം നോക്കി. ദിവ്യയെ നോക്കുമ്പോള്‍ അവള്‍ കണ്ണുനീര്‍ നിയന്ത്രിക്കാന്‍ പാടുപെടുകയാണ്! “മേജര്‍ മാത്യു വര്‍ഗ്ഗീസ് ആത്മഹത്യ ചെയ്തതല്ല!” രാഹുല്‍ തുടര്‍ന്നു. “അയാളും കൊല്ലപ്പെടുകയായിരുന്നു! ഇത് രണ്ടും ചെയ്തത് ഒരാളാണ്! അയാള്‍ ഇവിടെ ഇപ്പോള്‍ ഉപസ്ഥിതനാണ്!”

ആളുകള്‍ അദ്ഭുതസ്തബ്ധരായി. ഇന്‍സ്പെകടര്‍ അബ്രാഹാമിന്‍റെ മുഖത്ത് ചുളിവുകള്‍ വീണു. അദ്ദേഹം ഏതാനും കോണ്‍സ്റ്റബിള്‍മാരുടെ അകമ്പടിയോടെ യജ്ഞകുണ്ഡത്തിനടുത്തേക്ക് വന്നു. “ഈ രണ്ടു കൊലപാതകങ്ങള്‍ മാത്രമല്ല, ദിവ്യാ രാജകുമാരിയെ പലത്തവണ വധിക്കാന്‍ ശ്രമിച്ചത്, പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്ന ഒന്ന്‍ രണ്ട് മറ്റു കൊലപാതകങ്ങള്‍, കൊലപാതക ശ്രമങ്ങള്‍…ഇതിന്‍റെയൊക്കെ പിമ്പിലും അയാളാണ്…!!” സദസ്സ് ഭയസംഭീതരായി ചുറ്റും നോക്കി. അവര്‍ക്കിടയില്‍ ആരവമുയര്‍ന്നു. “അയാള്‍ നിയമത്തിന് കീഴടങ്ങണം!” രാഹുല്‍ തുടര്‍ന്നു. “…വ്യക്തമായ, അനിഷേധ്യമായ തെളിവുകളുടെയും സാക്ഷികളുടെയും പിന്ബലത്തിലാണ് ഞാന്‍ സംസാരിക്കുന്നത്! വിത്ത് പ്രിസൈസ് എവിഡെന്‍സ് ആന്‍ഡ് എന്‍ടാങ്ക്ലിംഗ് പ്രൂഫ്സ്..” രാഹുല്‍ ജനക്കൂട്ടത്തെ ആകെയൊന്ന് നോക്കി. അവര്‍ നിശ്ചലരാണ്. സംഭവങ്ങളുടെ പുതിയ വേഷപ്പകര്‍ച്ച അവരെ അമ്പരപ്പിച്ചു. “ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു, അയാള്‍ നിയമത്തിന് കീഴടങ്ങുക!” ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കാന്‍ തുടങ്ങി. അവര്‍ക്കിടയില്‍ നിന്ന്‍ പതിയെ മര്‍മ്മരവും ആരവവും വീണ്ടുമുയര്‍ന്നു. “ശരി…!” സദസ്സ് വീണ്ടും രാഹുലിന്‍റെ ശബ്ദം കേട്ടു. “…എങ്കില്‍..എങ്കില്‍ ഞാന്‍ ചില സാക്ഷികളെ ഇവിടെ ഹാജരാക്കുവാന്‍ പോവുകയാണ്!” അയാള്‍ ലൈബ്രറിയിലേക്കുള്ള പ്രവേശനകവാടത്തിലേക്ക് നോക്കി. “സതീഷ്‌! ഫെലിക്സ്! ആന്‍ഡ് ആബിദ്…” അയാള്‍ വിളിച്ചുപറഞ്ഞു. “ബ്രിംഗ് ദേം ഹിയര്‍!!” എല്ലാ കണ്ണുകളും ലൈബ്രറിയുടെ കവാടത്തിലേക്ക് നീണ്ടു. രാജശേഖര വര്‍മ്മയുടെയും ഗായത്രിദേവിയുടെയും ബന്ധുക്കളുടെയും സദസ്സിന്‍റെയും ആകാംക്ഷയിരട്ടിച്ചു. “എന്താണ് സംഭവിക്കാന്‍ പോകുന്നത്? പെട്ടെന്ന് എല്ലാവരുടെയും കണ്ണുകള്‍ അദ്ഭുതം കൊണ്ടു വിടര്‍ന്നു. തുറന്ന്‍ വരുന്ന വാതിലിലൂടെ പുറത്തേക്ക് വരുന്ന ജയകൃഷ്ണന്‍! അവന്‍റെ പിമ്പില്‍ ഒരു യുവതി! അവരോടൊപ്പം ഫെലിക്സും ആബിദും സതീഷും! ലത്തീഫിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് സംഘാംഗങ്ങള്‍ തയ്യാറെടുത്തു. “ജയകൃഷ്ണന്‍!” രാജശേഖര വര്‍മ്മ അദ്ഭുതപ്പെട്ടു. “ഷേര്‍ലി..! അവളെങ്ങനെ?” “ഇന്‍സ്പെകടര്‍…!”

തന്റെ സമീപത്തേക്ക് വരുന്ന ഇന്‍സ്പെകടര്‍ അബ്രാഹാമിനോട് ജയകൃഷ്ണനേയും ഷേര്‍ലിയേയും ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. “ഇവരാണ് സാക്ഷികള്‍! ഇവര്‍ കുട്ടവാളികളല്ല! വെറും സാക്ഷികള്‍ മാത്രമാണ്!” ജനക്കൂട്ടത്തിന്റെ കണ്ണുകളോടൊപ്പം ക്യാമറകളും ജയകൃഷ്ണനിലും ഷേര്‍ലിയിലും കേന്ദ്രീകരിച്ചു. രാഹുല്‍ വിമലിനെ നോക്കി. തൊട്ടുമുമ്പില്‍ സ്ഫോടനത്തിന് തയ്യാറെടുക്കുന്ന ഒരഗ്നിപര്‍വ്വതം കണ്ടിട്ടെന്നപോലെ അയാളുടെ മുഖം ഭയാക്രാന്തമായത് രാഹുല്‍ കണ്ടു. സതീഷും ഫെലിക്സും ആബിദുമൊഴികെയുള്ളവര്‍ രാജശേഖര വര്‍മ്മയുടെയും ഗായത്രിദേവിയുടേയും ദിവ്യയുടെയും വിമലിന്‍റെയും സമീപത്ത് അണിനിരന്നു. “പെട്ടെന്ന് വിമല്‍ ചാടിയെഴുന്നേറ്റു. “യൂ ബാസ്റ്റാഡ്!!” അവന്‍ ജയകൃഷ്ണന്‍റെ നേരെ കുതിച്ചു. “യൂ ചീറ്റ്…!!” വിനോദ് നില്‍ക്കൂ..!” രാജശേഖര വര്‍മ്മ എഴുന്നേറ്റു. “നമ്മള്‍ അവനെ ഒന്നും ചെയ്യണ്ട! നിയമം അതിന്‍റെ കാര്യങ്ങള്‍ ചെയ്യട്ടെ!” പെട്ടെന്ന് വിമല്‍ കുനിഞ്ഞു. പാന്‍റ്സ് ഉയര്‍ത്തി സോക്സിനകത്ത് ഒളിപ്പിച്ചിരുന്ന ഒരു റിവോള്‍വര്‍ എടുത്തു. ലത്തീഫിനോ മറ്റാര്‍ക്കോ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അയാള്‍ ദിവ്യയുടെ കയ്യില്‍ പിടിച്ച് റിവോള്‍വര്‍ അവളുടെ നെറ്റിയില്‍ മുട്ടിച്ചു. “ഗെറ്റപ്പ്…! അയാള്‍ ഭ്രാന്തമായ വേഗത്തില്‍ ചുറ്റുപാടും നോക്കി പിന്നെ ദിവ്യ യുടെ കണ്ണുകളില്‍ നോക്കി അലറി. “ഗെറ്റപ്പ്…! യൂ ബ്ലഡി ഹോര്‍…!!” തന്‍റെ തലച്ചോറില്‍ തീയാളുന്നത് ലത്തീഫ് അറിഞ്ഞു. കൂട്ടുകാരും പരിഭ്രമത്തിന് അധീനരായതും അവന്‍ കണ്ടു. ആ നീക്കം ഇന്‍സ്പെകടര്‍ അബ്രാഹാമിനെയും കുഴക്കി. ആളുകള്‍ ആശ്ചര്യ സംഭീതരായി. എന്നാല്‍ രാഹുല്‍ മാത്രം അക്ഷോഭ്യനായി നിന്നു. “വിനോദ്…!!” രാജശേഖര വര്‍മ്മയും ഗായത്രിദേവിയും ഞെട്ടിത്തരിച്ച. “എന്തായിത്…??” അദ്ദേഹം ഭയഭീതനായി ചോദിച്ചു.

“ആരും അടുക്കരുത്…!” ദിവ്യയെ തോക്കിന്‍ മുനയില്‍ നടത്തിക്കൊണ്ട് അയാള്‍ വീണ്ടും അലറി. പിന്നെ അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. “അടുത്താല്‍…!!!” ചിരിക്കിടയില്‍ അയാള്‍ തുടര്‍ന്നു. “….അടുത്താല്‍ ഇവളുടെ റോയല്‍ ബ്രെയിന്‍ നിലത്ത് വീഴും! ഒരു കൊടിച്ചിപ്പട്ടിക്കും തിന്നാന്‍ പറ്റാത്ത രീതിയില്‍ ഞെരിച്ചുടയ്ക്കും ഞാന്‍ ഇവളുടെ തലമണ്ട!!” ആസ്തപ്രജ്ഞരായ ആളുകളുടെ ഇടയിലൂടെ വിമല്‍ ദിവ്യയെ പുറത്തേക്ക് നടത്തി. “ഈശ്വരാ…! എന്‍റെ മോള്‍..!!” ഗായത്രിദേവി വിലപിച്ചു.അവര്‍ കസേരയില്‍ തളര്‍ന്നിരുന്നു. “എടാ ഇന്‍സ്പെകടര്‍ സാറേ,” ഇന്‍സ്പെകടര്‍ അബ്രാഹാമിനെ നോക്കി ചിരി നിര്‍ത്താതെ വിമല്‍ പറഞ്ഞു. “ഡോണ്ട് ബീ ഓവര്‍ സ്മാര്‍ട്ട്! രണ്ട് പേരെ കൊന്നാലും നീയടക്കമുള്ള സകല കഴുവേറികളെയും ആറ്റംബോംബിട്ട് കൊന്നാലും എനിക്ക് കിട്ടാന്‍ പോകുന്ന തൂക്കുകയറിന്‍റെ എണ്ണം ഒന്നില്‍ കൂടില്ല!!” പിന്നെ അയാള്‍ രാഹുലിനെ നോക്കി. “കള്ള സന്ന്യാസി!!” അയാള്‍ ചിരി നിര്‍ത്തി രാഹുലിന്‍റെ നേരെ നോക്കി ആക്രോശിച്ചു. “ബുദ്ധിമാന്‍! അതി ബുദ്ധിമാന്‍!! നായിന്‍റെ മോനേ… ശരിക്കൊള്ള ബുദ്ധിയെന്നതാന്ന് നെനക്ക് കാണണോ? ഞാന്‍ കാണിച്ചു തരാം. ഇപ്പ കാണിച്ചു തരാം!!” അയാള്‍ ദിവ്യയെ പിടിച്ചുലച്ചു. “ഉം…!” വിമല്‍ വീണ്ടും അലറി. “നടക്കെടീ!! ആരും …ആരും… അടുക്കരുത്…!!” ലത്തീഫിന്‍റെ ക്ഷമ നശിച്ചു. ദിവ്യ തന്‍റെ കൈത്തണ്ടയില്‍ ബന്ധിച്ച രാഖിചരട് അവന്‍ നെഞ്ചോടു ചേര്‍ത്തു. പിന്നെ വലത് മുഷ്ടി ചുരുട്ടി മുമ്പോട്ട്‌ കുതിച്ചു. ഭയാക്രാന്തനായി വിമല്‍ അവനെ നോക്കി .റിവോള്‍വര്‍ ലത്തീഫിന്‍റെ നേരെ ചൂണ്ടി. “ലത്തീഫ് ദാദാ” ഭയഭീതയായി ദിവ്യ വിളിച്ചു. “വേണ്ട…അടുക്കണ്ട…മൂവ്..മൂവ് ബാക്ക്!!!” ലത്തീഫ് അത് കേട്ടില്ല. മുറിവേറ്റ ഒരു സിംഹത്തിന്‍റെ ക്രൌര്യത്തോടെ വിമലിന്റെ കണ്ണുകളിലേക്ക് നോക്കി അവന്‍ ചുവടുകള്‍ വെച്ചു. അടുത്ത നിമിഷം വിമല്‍ നിറയൊഴിച്ചു. “യാ അല്ലാഹ്…!!”

അസഹ്യ വേദനയാല്‍ ലത്തീഫ് അലറി. പക്ഷെ ആ നിമിഷം തന്നെ അവന്‍ വിമലിന്റെ നേരെ ചാടി വീണു. അവന്‍റെ ചവിട്ടേറ്റ് റിവോള്‍വര്‍ തെറിച്ചുപോയി. അടുത്ത സെക്കന്റ്റില്‍ സംഘാംഗങ്ങള്‍ വിമലിനെ വളഞ്ഞു. “നായിന്‍റെ മോനേ!” ഇടത് തോളിലെ മുറിവില്‍ അമര്‍ത്തിപ്പിടിച്ച് ലത്തീഫ് മുരണ്ടു. “കോബ്രാ ഗാങ്ങ് എന്താണെന്നാ നിന്‍റെ വിചാരം?” “എന്‍റെ ലത്തീഫ് ദാദാ…!” ദിവ്യ കരഞ്ഞുകൊണ്ട് ലത്തീഫിനെ ചേര്‍ത്തുപിടിച്ചു. ‘പിന്നെ ആള്‍ക്കൂട്ടത്തിലേക്ക് നോക്കി. “ഡോക്ടറങ്കിള്‍..കമോണ്‍!!” മുന്‍ നിരയില്‍ നിന്ന ഒരാളോട് അവള്‍ പറഞ്ഞു. അയാള്‍ ഓടിവന്നു. “വേഗം വാ അങ്കിള്‍!” അവള്‍ അയാളുടെ കൈയില്‍ പിടിച്ചു. യജ്ഞത്തോടനുബന്ധിച്ച് കൊട്ടാരത്തില്‍ ഒരു ആശുപത്രി യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്നു. ഡോക്റ്റര്‍മാരുടെയും നേഴ്സ്മാരുടെയും സേവനങ്ങള്‍ അവിടെ ലഭ്യമായിരുന്നു. “സാര്‍ ചടങ്ങ് തുടരട്ടേ,” ദിവ്യയോടും ഡോക്ടറോടുമൊപ്പം കൊട്ടാരത്തിലേക്ക് നടക്കാന്‍ തുടങ്ങിയ ലത്തീഫ് രാഹുലിനോട് പറഞ്ഞു. “ഞാന്‍ ദാ, എത്തി. വിന്‍സെന്റ്! ടെയ്ക്ക് ചാര്‍ജ്!!” അവര്‍ അകത്തേക്ക് പോയി. “യൂ!!” വിന്‍സെന്‍റ്റിന്‍റെ ചെകിടടിച്ചുള്ള അടിയേറ്റു വിമല്‍ വീണ്ടും നിലം പതിച്ചു. “ലത്തീഫ് ദാദാടെ ദേഹത്ത് തൊട്ട നിന്നെ ഞാന്‍…” ബൂട്ടിട്ട വിന്‍സെന്‍റ്റിന്‍റെ പാദം നിലത്ത് മലര്‍ന്നു വീണ വിമലിന്‍റെ നേരെ ഉയര്‍ന്നു. “ഇന്‍സ്പെകടര്‍!!” രാഹുല്‍ ശബ്ദമുയര്‍ത്തി. “അറെസ്റ്റ്‌ ഹിം! ഹീയീസ് ദ മാന്‍! ദ കള്‍പ്രിറ്റ്! ദ മര്‍ഡറര്‍!!” രാജശേഖര വര്‍മ്മയും ഗായത്രിദേവിയും ഒന്നും മനസ്സിലാകാതെ പരസ്പ്പരം നോക്കി. സദസ്സും. “തമ്പുരാന്‍!” രാഹുല്‍ രാജശേഖരവര്‍മ്മയുടെ ചകിതമായ ഭാവത്തിലേക്ക് നോക്കി. “അങ്ങ് കരുതുന്നപോലെ ഇവന്‍ വിനോദ് മേനോന്‍ അല്ല! ഇവന്‍ വിമല്‍ ആണ്! മേജര്‍ മാത്യു വര്‍ഗ്ഗീസിന്‍റെയും ലളിതാ മേനോന്‍റെ യും മകന്‍!” അത്യന്തം അപ്രതീക്ഷിതമായ ആ വാര്‍ത്തക്ക് മുമ്പില്‍ അദ്ദേഹവും ഗായത്രിദേവിയും പകച്ചുനിന്നു. അവരുടെ മുഖങ്ങളില്‍ വിവരണാതീതമായ അദ്ഭുതം അയാള്‍ കണ്ടു. “ഇന്‍സ്പെക്ടര്‍,” രാഹുല്‍ ഇന്‍സ്പെകടര്‍ അബ്രഹാമിനെ നോക്കി. “ഒരു പത്ത് മിനിറ്റ് വിമലിനെ തമ്പുരാന്‍റെയും തമ്പുരാട്ടിയുടെയും കൂടെ വിടണം,”

“തനിച്ചോ? സാധ്യമല്ല ഗുരുജി. ഇത്ര കൊടും ക്രിമിനലിനെ…” “സാര്‍ ഭയപ്പെടേണ്ട!” രാഹുല്‍ ചിരിച്ചു. “ലത്തീഫിന്‍റെ കുട്ടികള്‍ തമ്പുരാന്‍റെ കൂടെപ്പൊക്കോളും! ഇനി വിമല്‍ പത്തിയുയര്‍ത്തില്ല. ട്രസ്റ്റ് മീ,” ഇന്‍സ്പെകടര്‍ അസന്നിഗ്ധ ഭാവത്തില്‍ രാഹുലിനെ നോക്കി. “ശരി,” “താങ്ക്യൂ സാര്‍,” രാഹുല്‍ പറഞ്ഞു. പിന്നെ അയാള്‍ വിന്‍സെന്‍റ്റിനെ നോക്കി. “വിന്‍സെന്റ്!” രാഹുല്‍ പറഞ്ഞു. “കാര്യം മനസ്സിലായല്ലോ. പത്ത് മിനിറ്റ്. ഇവനെ തമ്പുരാന്‍റെ മുമ്പില്‍ വെച്ച് കഥ പറയിപ്പിക്കുക. ജയകൃഷ്ണനും വരും. എന്നിട്ട് വേഗം തിരികെ വരിക. തമ്പുരാട്ടി…” അയാള്‍ ഗായത്രിദേവിയേയും നോക്കി. “പിന്നെന്താ സാര്‍,” വിന്‍സെന്റ് വിമലിനെ കോളറില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. “ഇവനെക്കൊണ്ട് കാര്യങ്ങള്‍ തത്ത പറയുന്ന പോലെയല്ല തുഞ്ചന്‍റെ തത്ത പറയിക്കുന്ന പോലെ ഞങ്ങള്‍ പറയിക്കില്ലേ? നടക്കെടാ…” സംഘാംഗങ്ങള്‍ക്ക് നടുവില്‍, ജയകൃഷ്ണനോടൊപ്പം, രാജശേഖര വര്‍മ്മയും ഗായത്രി ദേവിയോടോപ്പവും വിമല്‍ അകത്തേക്ക് നടന്നു. അവര്‍ അകത്ത് കയറി. ടോമി വാതിലുകളും ജനലുകളുമടച്ചു. “വിമല്‍ മാത്യു,” വിന്‍സെന്റ് പറഞ്ഞു. “യജ്ഞം ആത്മീയമായി അവസാനിച്ചു എന്നേയുള്ളൂ. നിന്നെക്കൊണ്ട് സത്യം പറയിക്കാന്‍, വേണ്ടി വന്നാല്‍, മനുഷ്യ ബലിയില്‍ പ്രസാദിക്കുന്ന ദൈവങ്ങള്‍ക്ക് വേണ്ടി നിന്‍റെ വൃത്തികെട്ട ശരീരം യജ്ഞകുണ്ഡത്തില്‍ത്തന്നെ ഗുരുജി രാഹുല്‍ സാര്‍ ആഹുതി ചെയ്യും…അതുകൊണ്ട്…” വിന്‍സെന്റ് വിമലിന്റെ നേരെ അല്‍പ്പം കൂടി അടുത്തു. “പറയെടാ…നിന്‍റെ എല്ല് വെള്ളമാകണ്ട എങ്കില്‍,” അവന്‍ ആക്രോശിച്ചു. പെട്ടെന്ന് കതകില്‍ മുട്ട് കേട്ടു. വിന്‍സെന്റിന്‍റെ നിര്‍ദേശമനുസരിച്ച് ഷെറിന്‍ കതക് തുറന്നു. മുമ്പില്‍ ഷാര്‍മ്മിലി. “ഓ… സോറി ആന്‍റി…” വിന്‍സെന്റ് പറഞ്ഞു. “ആന്റ്റി തീര്‍ച്ചയായും ഇവിടെ വേണം. ഇവന്‍ കഥ പറയുമ്പം,” ഷാര്‍മ്മിലി വിമലിനെ സമീപിച്ചു. “നീയാണ്…” വേദനയും രോഷവും നിസ്സഹായതയും നിറഞ്ഞ ശബ്ദത്തില്‍ അവള്‍ വിമലിനോട് ചോദിച്ചു. “നീയാണ് എന്‍റെ രോഹിതിനെ…!” അവളുടെ കണ്ണുകളില്‍ അഗ്നിസ്ഫുലിമ്ഗങ്ങള്‍ അവര്‍ കണ്ടു. കണ്ണുനീരിനിടയില്‍.

വിമല്‍ മുഖം കുനിച്ചു. ഷാര്‍മ്മിലിയുടെ നോട്ടം രാജശേഖരവര്‍മ്മയിലെത്തി. കുറ്റബോധം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം അവളെ നോക്കി. അദ്ദേഹം അവളുടെ നേരെ കൈകള്‍ കൂപ്പി. ഗായത്രിദേവിയും. ജയകൃഷ്ണനില്‍ നിന്ന്‍ രാഹുലും ലത്തീഫും ദിവ്യയും കൂട്ടുകാരും കേട്ട അവിശ്വസനീയമായ കഥ വിമല്‍ ആവര്‍ത്തിച്ചു. ഓരോ വിവരണവും പിന്നിടുമ്പോള്‍ രാജശേഖര വര്‍മ്മയ്ക്കും ഗായത്രിദേവിക്കും തങ്ങളുടെ വിസ്മയം നിയന്ത്രിക്കാനായില്ല. ലൈബ്രറിയിലെ മാപ്പ് മോഷണ ശ്രമവും രോഹിതുമായുള്ള സംഘട്ടനവും അയാളുടെ കൊലപാതകവും വിവരിക്കപ്പെട്ടപ്പോള്‍ രാജശേഖര വര്‍മ്മ ദുഃഖാകുലനായി. രോഹിതുമായി താന്‍ പിന്നിട്ട ദിവസങ്ങള്‍ അദ്ധേഹത്തിന്റെ ഓര്‍മ്മയിലേക്ക് വന്നു. തന്‍റെ നേര്‍ക്കുണ്ടായ അയാളുടെ വിശ്വസ്ഥതയുടെ ആഴമോര്‍ത്തപ്പോള്‍ അദ്ധേഹത്തിന് ആത്മന്ദതോന്നി. എത്ര ക്രൂരമായി താന്‍ രോഹിതിനെ അവിശ്വസിച്ചു. അയാളുടെ മരണത്തിനു താനാണ് കാരണം. അദ്ദേഹം ഷാര്‍മ്മിലിയെ നോക്കി. കൈത്തലം കൊണ്ട് മുഖം മറച്ച് കുനിഞ്ഞിരിക്കയാണ് അവള്‍. അദ്ദേഹം അവളെ സമീപിച്ചു. “മോളെ…” അദ്ദേഹം അവളുടെ തോളില്‍ കൈത്തലമമര്‍ത്തി. ഷാര്‍മ്മിലി കണ്ണുനീരോടെ അദ്ധേഹത്തെ നോക്കി. അതിനിടയില്‍ മറ്റൊരു സത്യം കൂടി പുറത്ത് വന്നു. രാജശേഖര വര്‍മ്മയുടെ സെക്രട്ടറി ഷേര്‍ലിയെ കൊല്ലാനും വിമല്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയിരുന്നു. ഷേര്‍ലിയും ജയകൃഷ്ണനുമാണ് തനിക്കെതിരെ വരാവുന്ന തെളിവുകള്‍ എന്ന് വിമല്‍ അറിഞ്ഞിരുന്നു. അവര്‍ ജീവിച്ചിരുന്നാലുണ്ടാവുന്ന ആപത്തുകള്‍ അവന്‍ മുന്‍കൂട്ടി കണ്ടിരുന്നു. വിവരണം കഴിഞ്ഞപ്പോള്‍ സംഘം വീണ്ടും വിമലിനെ യജ്ഞകുണ്ഡത്തിനടുത്തെക്ക് നടത്തിച്ചു. വിമലാണ് ദിവ്യയുടെ നേര്‍ക്കുണ്ടായ വധശ്രമങ്ങളുടെയൊക്കെ പിന്നില്‍ എന്നറിഞ്ഞ് ജനക്കൂട്ടം ഇരമ്പി മറിഞ്ഞു. അവര്‍ അയാളുടെ നേര്‍ക്ക് ഇരച്ചെത്തി. രാഹുലിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ഇന്‍സ്പെകടര്‍ അബ്രാഹം കോണ്‍സ്റ്റബിള്‍ മാരോടൊപ്പം വിമലിനെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിനടുത്തേക്ക് നടത്തി.

അപ്പോഴേക്കും തോളില്‍ തറഞ്ഞുകയറിയ വെടിയുണ്ട നീക്കം ചെയ്ത് ലത്തീഫും ദിവ്യയും ഡോക്റ്ററും പുറത്തേക്ക് വന്നു. ഷാര്‍മ്മിലി രാഹുലിന്‍റെ നേരെ തിരിയുന്നത് എല്ലാവരും കണ്ടു. അവള്‍ അയാളുടെ നേരെ കൈകള്‍ കൂപ്പി. “ഒരുപാട് …ഒരുപാട് നന്ദിയുണ്ടെനിക്ക്….” നിറകണ്ണുകളോടെ വിതുമ്പുന്ന ചുണ്ടുകളോടെ അവള്‍ പറഞ്ഞു. “എനിക്കെന്‍റെ രോഹിതിനെ മടക്കിത്തന്നതിന് ….അപമാനങ്ങളില്‍ നിന്നും അപവാദങ്ങളില്‍ നിന്നും …” രാഹുല്‍ അവളെ നോക്കി നിന്നു. തന്‍റെയും കണ്ണുകള്‍ നിറയുന്നത് അയാള്‍ അറിഞ്ഞു. അവളോട്‌ എന്താണ് പറയേണ്ടത് എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.

പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍, ജീപ്പില്‍ വെച്ച് വിമല്‍ ഭ്രാന്തമായ ചേഷ്ടകള്‍ കാണിക്കാന്‍ തുടങ്ങി. അവന്‍ സ്വയം തലമുടി വലിച്ചുപറിച്ചു. കൈകള്‍ കൊട്ടി പാട്ട് പാടുവാന്‍ തുടങ്ങി. വിമല്‍ ഭ്രാന്ത് അഭിനയിക്കുകയാണ് എന്ന് ഇന്‍സ്പെകടര്‍ അബ്രാഹാമിന് മനസ്സിലായി. പെട്ടെന്ന് പിമ്പില്‍ നിന്ന്‍ വിമല്‍ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന കോണ്‍സ്റ്റബിളിന്‍റെ കഴുത്തില്‍ ചാടിപ്പിടിച്ചു. അവന്‍ അയാളുടെ ചെവി കടിച്ചു. അസഹ്യമായ വേദനയാല്‍ ഡ്രൈവ് ചെയ്യുവാനാവാതെ അയാള്‍ വിമലിനെ വിടുവിക്കാന്‍ ശ്രമിച്ചു. അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മലഞ്ചെരിവിലേക്ക് മറിഞ്ഞു. മറിഞ്ഞ ജീപ്പില്‍ നിന്ന്‍ ഒരു വിധം പുറത്ത് കടന്ന് വിമല്‍ ഓടി. റോഡിലെത്തി വിമല്‍ ഒരു നിമിഷം നിന്നു. പുഴയുടെ തീരത്ത് ദൂരെ രോഹിതിന്‍റെ വീട് അയാള്‍ കണ്ടു. അവന്‍ ആ വീട് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു. പുഴയിറങ്ങി വീടിന്‍റെ നേരെ മല കയറി. വീടിന്‍റെ പരിസരം നിറയെ കാറ്റിരമ്പാന്‍ തുടങ്ങി. ജാലകങ്ങളും കതകുകളും തുറക്കുകയും അടയുകയും ചെയ്യുന്നത് അയാള്‍ കണ്ടു. അയാളുടെ കണ്ണുകള്‍ ദൂരെ കോബ്രാഹില്‍സിന്‍റെ കൊടുമുടികളില്‍ തറഞ്ഞു. പിന്നെ ഭ്രാന്തമായ ആവേശത്തോടെ അയാള്‍ വീടിന്‍റെ മുറ്റത്തേക്ക് ഓടിക്കയറി. പ്രധാന വാതില്‍ തുറന്ന്‍ കിടന്നിരുന്നു. അതിലൂടെ അയാള്‍ അകത്തേക്ക് കയറി. പെട്ടെന്ന് തീയില്‍ ചവിട്ടിയത് പോലെ അയാള്‍ നിന്നു.

ഭിത്തിയിലെ രോഹിത്തിന്റെ ഫോട്ടോ നോക്കി നില്‍ക്കുകയായിരുന്ന ഒരു സ്ത്രീ പെട്ടെന്ന് തന്നെക്കണ്ട് തിരിയുന്നു. “ഷാര്‍മ്മിലി…!!” വിമല്‍ മന്ത്രിച്ചു. “യെസ്…!” ഷാര്‍മ്മിലിയും മന്ത്രിക്കുന്ന സ്വരത്തില്‍ പറഞ്ഞു. “വെല്‍കം…!!”

യാഗത്തിലെ അന്ത്യരംഗത്തിലെ പ്രഭാഷണത്തിന്‍റെ അവസാനഘട്ടത്തിലെത്തുകയായിരുന്നു, രാഹുല്‍. “…..രഥയാത്രകള്‍ നടത്തി രാഷ്ട്രീയക്കാരെ അധികാരത്തിലേറ്റാന്‍ സഹായിക്കുന്ന ചട്ടുകങ്ങള്‍ അല്ല സന്ന്യാസിമാര്‍. പട്ടിണിയും തൊഴിലില്ലായ്മയും സ്ത്രീ പീഡനങ്ങളും ജാതി വ്യവസ്ഥയും ഈ രാജ്യത്തിന്‍റെ നാഡിഞരമ്പ് കീറി ഉഴവുചാലുകള്‍ തീര്‍ക്കുമ്പോള്‍ കൃത ത്രേതാ ദ്വാപരയുഗങ്ങളുടെ നാഴികയും വിനാഴികയും ഗുണിച്ചും ഹരിച്ചും നോക്കലല്ല സന്ന്യാസിയുടെ ധര്‍മ്മം. സന്ന്യാസം ഒരു ജിവിത സംസ്ക്കാരമാണ്! പുല്‍ക്കൊടി മുതല്‍ നക്ഷത്ര സമൂഹങ്ങള്‍ വരെ വിഭിന്നമായ ബ്രഹ്മാണ്ഡകടാഹത്തിലെ ഓരോ ജീവ സ്ഫുലിംഗത്തോടും സഹവസിച്ചും പ്രതികരിച്ചും അറിഞ്ഞും തിരുത്തിയും മുന്നേറുന്ന കൂട്ടായ്മയാണ് സന്ന്യാസം! കാലമോ ദേശമോ സംസ്ക്കാരമോ ഭേദമില്ലാതെ അധര്‍മ്മ ദൌത്യം ജീവിത മാര്‍ഗ്ഗമാക്കിയ വിമലിനെപ്പോലെയുള്ളവരെ കണ്ടെത്തലാണ് സന്ന്യാസം! സത്യമെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സത്യത്തിന്‍റെ വിജയമാണ് അന്തിമ വിജയമെന്നും വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കുവാന്‍, ആധുനിക ദുശാസനന്‍മാരുടെ തലയോടു പിളര്‍ക്കാന്‍ പിന്നെയും ഉയിരെടുക്കുന്ന അവതാര ദൌത്യമാണ് സന്ന്യാസം!” രാഹുല്‍ പ്രഭാഷണം അവസാനിപ്പിച്ചു. ആളുകള്‍ ആവേശത്തോടെ കരഘോഷം മുഴക്കി. അതിന്‍റെ അലകള്‍ അവസാനിച്ചപ്പോള്‍ മഹര്‍ഷി ദേവനാരായണന്‍ എഴുന്നേറ്റു. “മഹാമൃത്യുഞ്ജയ യാഗം ശുഭമായി പ്രയ്വസാനിച്ചിരിക്കുന്നു. അതിഥികളായി സംബന്ധിച്ച് ഇവിടെയെത്തിയ എല്ലാവരും ഭക്ഷണ ശാലയിലേക്ക് പോകണം,” ആളുകള്‍ ശാന്തരായി പതിയെ ഭക്ഷണ ശാലയിലേക്ക് നടന്നു. രാഹുല്‍ എഴുന്നേറ്റു. ഹോമകുണ്ഡത്തിന്‍റെ മണ്ഡപത്തിന് പുറത്തേക്ക് നടന്നു. രാജശേഖര വര്‍മ്മയും ഗായത്രി ദേവിയും ദിവ്യയും ബന്ധുക്കളും ലത്തീഫും സുഹൃത്തുക്കളും ജയകൃഷ്ണനും ഷേര്‍ലിയും രാഹുലിന്‍റെയും മഹര്‍ഷി ദേവനാരായണന്‍റെയും അടുത്തേക്ക് വന്നു. അവര്‍ അട്ഭുതാദരങ്ങളോടെ ഇരുവരെയും നോക്കി. “അങ്കിള്‍,” അല്‍പ്പം കഴിഞ്ഞ് ലത്തീഫ് രാജശേഖര വര്‍മ്മയോട് പറഞ്ഞു. “നഷ്ട്ടപ്പെട്ട ആ മാപ്പ് രാഹുല്‍ സാറിന്‍റെ കയ്യിലുണ്ട്!” അദ്ദേഹം അദ്ഭുതപരതന്ത്രനായി.

ഗായത്രിദേവിയും ജയകൃഷണനും രാജശേഖര വര്‍മ്മയുടെ ബന്ധുക്കളും ആ അദ്ഭുതം പങ്കുവെച്ചു. അദ്ദേഹം രാഹുലിനെ നോക്കി.രാഹുല്‍ റോസ്‌ലിനെയും. അവള്‍ തന്‍റെ ചുമലില്‍ തൂക്കിയ ബാഗില്‍ നിന്ന്‍ നൂറ്റാണ്ടുകളുടെ മണമുള്ള, ചുവന്ന പട്ടില്‍ വരച്ചുണ്ടാക്കിയ മാപ്പ് അദ്ധേഹത്തിന്‍റെ കൈയില്‍ കൊടുത്തു. “ഇതെങ്ങനെ അങ്ങയുടെ കൈയില്‍…?” വിശ്വാസം വരാതെ അദ്ദേഹം രാഹുലിനെ നോക്കി. “അതിനു മുമ്പ് മറ്റൊരു കാര്യം കൂടി അറിയാനുണ്ട്,” ലത്തീഫ് തുടര്‍ന്നു. “രാഹുല്‍ സാര്‍ ആരാണ്? എന്തിന് അദ്ദേഹം ഇവിടെ, ശാന്തിപുരത്തേക്ക് വന്നു? ഈ രണ്ടു കാര്യങ്ങള്‍,” രാജശേഖര വര്‍മ്മയുടെയും ഗായത്രി ദേവിയുടേയും ജയകൃഷ്ണന്‍റെയും ബന്ധുക്കളുടെയും കണ്ണുകള്‍ വീണ്ടും രാഹുലില്‍ കേന്ദ്രീകരിച്ചു. “പറയൂ…” വിസ്മയമടക്കാതെ രാജശേഖര വര്‍മ്മ ചോദിച്ചു. “അങ്ങ് …!!” “തന്‍റെ ജ്യേഷ്ഠന്‍റെ മരണത്തിന് പിമ്പിലെ രഹസ്യങ്ങള്‍ തേടി വന്നതാണ് രാഹുല്‍ സാര്‍!” “ജ്യേഷ്ഠന്‍?” അദ്ഭുതംകൊണ്ട് വിവശനായി രാജശേഖര വര്‍മ്മ ചോദിച്ചു. “യെസ്!” ലത്തീഫ് ആവേശത്തോടെ പറഞ്ഞു. “ഫിക്ഷനില്‍ ഒക്കെ മാത്രമേ അത്തരം ഒരാളെ കാണൂ അങ്കിള്‍. അത്ര ഹോണസ്റ്റ്‌! അത്ര കറേജിയസ്! അത്ര ഫെയിഥ്ഫുള്‍! അത്ര ലവബിള്‍…അങ്കിളിന്‍റെ ലഫ്റ്റനന്‍റ്റ്! ദിവ്യയുടെ രോഹിത് അങ്കിള്‍!” “ഈശ്വരാ…!” തന്‍റെ ഹൃദയത്തിലൂടെ ഒരു മിന്നല്‍ പായുന്നത് അദ്ദേഹമറിഞ്ഞു. താങ്ങാനാവാത്ത ഒരു ഭാരത്തിന്‌ അടിപ്പെട്ടത് പോലെ. രജോഗുണങ്ങള്‍ മാത്രം കാണപ്പെട്ടിരുന്ന രാജശേഖര വര്‍മ്മയുടെ മുഖം ശോകാകുലമാകുന്നതും ക്ഷാത്ര തേജസ് നിറഞ്ഞ കണ്ണുകള്‍ ജലാര്‍ദ്രമാകുന്നതും എല്ലാവരും കണ്ടു. “ഡാഡീ…” ദിവ്യ അദ്ധേഹത്തിന്റെ കയ്യില്‍ പിടിച്ചു. അദ്ദേഹം ആ നില തുടര്‍ന്നു. വികാരഭരിതമായ രംഗം ആളുകള്‍ വീര്‍പ്പടക്കി വീക്ഷിച്ചു. അല്‍പ്പ നിമിഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്‍റെ നില വീണ്ടെടുത്തു. “അങ്ങ് എങ്ങനെയാണ് ഈ രഹസ്യങ്ങള്‍ എല്ലാം അറിഞ്ഞത്?” അദ്ദേഹം രാഹുലിനോട് ചോദിച്ചു.

“രോഹിത് രാജവെമ്പാലയുടെ ദംശനമേറ്റാണ് മരിച്ചതെന്നുള്ള ആശയം ഞാന്‍ പൂര്‍ണ്ണമായും നിരാകരിച്ചു…” രാഹുല്‍ പറഞ്ഞു. “രോഹിതിന്‍റെ സ്വഭാവ മഹിമയിലുള്ള വിശ്വാസമാണതിനു കാരണം. അത് കൊലപാതകമാണ് എന്ന ഉറപ്പിന്‍മേലാണ് എന്‍റെ അന്വേഷണം നീങ്ങിയത്…” രാഹുല്‍ എല്ലാവരെയും നോക്കി. “മാപ്പ് മോഷ്ട്ടാക്കള്‍ തന്നെയാണ് കൊലക്ക് പിമ്പിലെന്നു സാര്‍ അനുമാനിച്ചു,” ലത്തീഫ് വിവരണമേറ്റെടുത്തു. “അങ്ങനെയെങ്കില്‍ അവരെ രാത്രികളിലും പകലുകളിലുമൊക്കെ കോബ്രാ ഹില്‍സില്‍ കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് സാര്‍ വിശ്വസിച്ചു…” “സാര്‍ ദിവസങ്ങളോളം കോബ്രാഹില്‍സില്‍ ചുറ്റിക്കറങ്ങി..” ദിവ്യ പറഞ്ഞു. “ഒരു ദിവസം സാര്‍ അവരെ കണ്ടെത്തി…” ദിവ്യയില്‍ നിന്ന്‍ വിവരണം സതീഷ്‌ ഏറ്റെടുത്തു. “കോബ്രാഹില്‍സില്‍ രഹസ്യമായി ചുറ്റിക്കറങ്ങുന്ന നരിമറ്റം മാത്തച്ചനേയും വിനോദ് മേനോന്‍ എന്ന വിമല്‍ മാത്തച്ചനേയും…സാര്‍ അവരുടെ വീടുകള്‍ സര്‍ച്ച് ചെയ്തു…” “വിമലിന്റെ വീട്ടില്‍ നിന്ന്‍ സാറിന് ആ മാപ്പുകള്‍ കിട്ടി…” റോസ്‌ലിന്‍ പറഞ്ഞു. “വിമല്‍ മാത്തച്ചനെ മാപ്പ് മോഷ്ടാവായി സംശയിച്ചു. അക്കാരണത്താല്‍ അയാളെ കൊന്നു…” “എന്നിട്ടും എനിക്ക് കാത്തിരിക്കേണ്ടി വന്നു,” രാഹുല്‍ പറഞ്ഞു. “ഒരു സാക്ഷി എനിക്ക് വേണ്ടിയിരുന്നു. ശക്തനായ സാക്ഷി. ഈശ്വരന്‍ രണ്ട് പേരെ തന്നു. ജയകൃഷ്ണനേയും ഷേര്‍ലിയേയും,” “ബാക്കിയൊക്കെ നടന്നത്,” ദിവ്യ പറഞ്ഞു. “ലത്തീഫ് സ്വന്തം ജീവന്‍ പണയപ്പെടുത്തി എന്നെ രക്ഷിച്ചതടക്കം!” അവള്‍ അവന്‍റെ തോളില്‍ പിടിച്ചു. “വിമല്‍ മാത്യുവിനെപ്പോലെ ഔ വൃത്തികെട്ടവന് അവസാനിപ്പിക്കാനുള്ളതല്ല ദിവ്യേ നമ്മടെ ലത്തീഫ് ദാദാടെ ജീവന്‍!” പ്രിയങ്ക പറഞ്ഞു. അല്‍പ്പ സമയം അവര്‍ക്കിടയില്‍ നിശബ്ദത പരത്തി. ഒരോരുത്തരായി പിരിഞ്ഞു.

അവസാനം രാഹുലും ദിവ്യയും ലത്തീഫും കൂട്ടുകാരും ജയകൃഷ്ണനും ഗായത്രി ദേവിയും രാജശേഖര വര്‍മ്മയും മഹര്‍ഷി ദേവനാരായണനും മാത്രം അവശേഷിച്ചു. ജയകൃഷ്ണന്‍ എല്ലാവരെയും നോക്കി. “ലത്തീഫ് …എന്നാല്‍ ഞാന്‍ …” അവന്‍ ലത്തീഫിനെ നോക്കി. പുറത്തേക്ക് നടക്കാന്‍ ഭാവിച്ചു. “നില്‍ക്ക്!” ലത്തീഫിന്റെ കാര്‍ക്കശ്യമുള്ള സ്വരം അവര്‍ കേട്ടു. ജയകൃഷ്ണന്‍ പിടിച്ചുകെട്ടിയത് പോലെ നിന്നു. “നീ ഞങ്ങള്‍ക്ക് ഒത്തിരി നഷ്ടം വരുത്തിയിട്ടുണ്ട്!” കാര്‍ക്കശ്യം വിടാതെ ലത്തീഫ് പറഞ്ഞു. “നീ ഞങ്ങളെ ഒത്തിരി വലച്ചിട്ടുണ്ട്!” ജയകൃഷ്ണന്‍ നിസ്സഹായനായി അവനെ നോക്കി. “നിന്നെ വെറുതെ വിടാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,” ലത്തീഫ് വീണ്ടും പറഞ്ഞു. സംഘാംഗങ്ങള്‍ അമ്പരന്നു. ലത്തീഫ് ദാദാ എന്താണ് ഉദ്ദേശിക്കുന്നത്? “നീ ശിക്ഷയര്‍ഹിക്കുന്നു!” എല്ലാവരും ലത്തീഫിനെ നോക്കി. എന്തും സഹിക്കാന്‍ തയ്യാറാണ് എന്ന ഭാവത്തില്‍ ജയകൃഷ്ണന്‍ ലത്തീഫിനെ നോക്കി. “ശിക്ഷ ഇതാണ്!” എല്ലാവരും കാതുകള്‍ കൂര്‍പ്പിച്ചു. ലത്തീഫിന്‍റെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു. ലത്തീഫ് ജയകൃഷ്ണന്‍റെ നേരെ ഒരു ചുവടുകൂടി അടുത്തു. പിന്നെ അവന്‍റെ കണ്ണുകളിലേക്ക് തറച്ചുനോക്കി. “ഇന്ന് മുതല്‍ കോബ്രാ ഗാങ്ങില്‍ അംഗമാണ് നീ,” ആഹ്ലാദഭരിതരായി കൂട്ടുകാര്‍ പരസ്പ്പരം നോക്കി. അവര്‍ ആര്‍പ്പുവിളിച്ചു. അപൂര്‍വ്വമായ പുഞ്ചിരി ലത്തീഫിന്‍റെ മുഖത്ത് വിടര്‍ന്നു. ജയകൃഷ്ണന്റെ മുഖം വിസ്മയത്താല്‍ കുതിര്‍ന്നു. “എന്താ സമ്മതമല്ലേ?” ലത്തീഫിന്‍റെ കൈത്തലം തന്‍റെ തോളില്‍ അമര്‍ന്നിരിക്കുന്നത് ജയകൃഷ്ണന്‍ അറിഞ്ഞു. താന്‍ തളരുന്നത് പോലെ ജയകൃഷ്ണന് തോന്നി. അവന്‍ ലത്തീഫിനെ അമര്‍ത്തിപ്പുണര്‍ന്നു. ലത്തീഫിന്‍റെ കൈകളും അവനെ വലയംചെയ്തു. അണമുറിയാതെ കണ്ണുനീര്‍ ജയകൃഷ്ണന്‍റെ കണ്ണുകളില്‍ നിന്ന്‍ പ്രവഹിച്ചു. “ലത്തീഫ്…. ഞാന്‍…” ആഹ്ലാദത്തിന്‍റെ അസഹനീയത കൂട്ടുകാരുടെ കണ്ണുകളെയും ഈറനണിയിച്ചു.

നിമിഷങ്ങള്‍ക്ക് ശേഷം ലത്തീഫും ജയകൃഷ്ണനും ആലിംഗനത്തില്‍ നിന്നകന്നു. ജയകൃഷ്ണന്‍ എല്ലാവരേയും നോക്കി കൈകള്‍ കൂപ്പി. കൂട്ടുകാര്‍ അവനെ പുഞ്ചിരിയോടെ നോക്കി. “ദിവ്യേ…ഞാന്‍…” ദിവ്യ നീട്ടിയ കൈകള്‍ കൂട്ടിപ്പിടിച്ച് കണ്ണുനീരിനിടയില്‍ ജയകൃഷ്ണന്‍ പറയാന്‍ ശ്രമിച്ചു. “നോ ..നോ…” നിറഞ്ഞ മന്ദഹാസത്തോടെ ദിവ്യ പറഞ്ഞു. “കൂട്ടുകാര്‍ക്കിടയില്‍ കണ്ണുനീരില്ല. ക്ഷമാപണങ്ങളില്ല. കൂട്ടുകാര്‍ക്കിടയില്‍ സ്നേഹം മാത്രം…ഓക്കേ…?” സുഖദമായ നിശബ്ദത. “ലതീഫേ,” രാഹുല്‍ വിളിച്ചു. “ടീമില്‍ അംഗം ആകണം എന്ന്‍ പറഞ്ഞപ്പോള്‍ ജയകൃഷ്ണന്‍ യെസ് എന്ന്‍ പറഞ്ഞില്ല. ശ്രദ്ധിച്ചോ? അതിനു കാരണമുണ്ട്…” കൂട്ടുകാര്‍ മനസ്സിലാകാതെ പരസ്പ്പരം നോക്കി. “ശരിയാ..ജയകൃഷ്ണന്‍ യെസ് എന്ന്‍ പറഞ്ഞില്ലല്ലോ…” ആബിദ് പറഞ്ഞു. എല്ലാവരും ജയകൃഷ്ണനെ നോക്കി. “അതിനു കാരണമുണ്ട്…” രാഹുല്‍ തുടര്‍ന്നു. എല്ലാവരും രാഹുലിനെ നോക്കി. “ഇന്നലെ രാത്രിയാണ്..അര്‍ദ്ധരാത്രി കഴിഞ്ഞാണ് ….ജയകൃഷ്ണന്‍ ഉറങ്ങാതെ കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്….കാരണം തിരക്കിയപ്പോള്‍ …ഞാന്‍ …എന്താ പറയുക…” രാഹുല്‍ ഒരു നിമിഷം നിര്‍ത്തി. “എന്താ സാര്‍?” കൂട്ടുകാര്‍ ഒരുമിച്ച് ചോദിച്ചു. “ജയകൃഷ്ണന്‍…ഗുരുജിയോടൊപ്പം ഉജ്ജയിനിയിലേക്ക് പോവുകയാണ്…അവിടെ വേദപഠനത്തിന് …പിന്നെ സന്ന്യാസത്തിലേക്കും…” അതിരില്ലാത്ത വിസ്മയത്തോടെ എല്ലാവരും ജയകൃഷ്ണനെ നോക്കി. അഭിമാനവും ലജ്ജയും മിശ്രിതമായ ഒരു ഭാവം അവന്‍റെ മുഖത്ത് എല്ലാവരും കണ്ടു. “ഭാഗ്യത്തിനാണ്….ഈശ്വരന്‍ അന്ന്‍ നിങ്ങളുടെ രൂപത്തില്‍ പ്രത്യേകിച്ച് ദിവ്യയുടെ രൂപത്തില്‍ അവിടെ വന്നില്ലായിരുന്നേല്‍ ഞാന്‍…” ജയകൃഷ്ണന്‍ പറഞ്ഞു. “ആദ്യത്തെ ജന്മം ഈശ്വരനെ അറിയാതെ ജീവിച്ചു…” വികാരഭരിതനായി അവന്‍ തുടര്‍ന്നു. “…രണ്ടാം ജന്മമാണിത്‌….അത് ഈശ്വരനുള്ളതാണ്…അതാണ്‌ എന്‍റെ …എന്‍റെ തീരുമാനം,”

കൂട്ടുകാരുടെ വിസ്മയം വലുതാവുകയായിരുന്നു. “പന്ത്രണ്ട് വര്‍ഷം കഴിയുമ്പോള്‍ മഹാമൃത്യുന്ജയ യാഗം നടക്കുമ്പോള്‍ ഈ മണ്ഡപത്തില്‍ ആരറിഞ്ഞു അത് നടത്തുന്ന ഗുരുജി ജയകൃഷ്ണന്‍ ആയിരിക്കില്ല എന്ന്?” രാഹുല്‍ പറഞ്ഞു. അഭിമാനം നിലാവ് പോലെ നിറഞ്ഞുതുടുത്തു ജയകൃഷ്ണന്‍റെ മുഖത്ത്. ജയകൃഷ്ണന്‍ പിന്നെ പുറത്തേക്ക് പോയി. എല്ലാവരും അവന്‍റെ പോക്ക് നോക്കി നിന്നു. കോബ്രാഹില്‍സിലേ കാറ്റില്‍ അവന്‍റെ മുടിയിഴകള്‍ പാറിയിളകുന്നത് അവര്‍ കണ്ടു. അതിനിടയില്‍ പെട്ടെന്നെന്തോ ഓര്‍മ്മിച്ച് രാഹുല്‍ ചുറ്റുപാടും നോക്കി. “മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്…” ഗായത്രി ദേവി രാജശേഖര വര്‍മ്മയോട് പറഞ്ഞു. എല്ലാവരും അവരെ നോക്കി. “ദിവ്യയെക്കുറിച്ച് ആണ്…” “ദിവ്യയെപ്പറ്റിയോ?” അദ്ദേഹം നെറ്റി ചുളിച്ചു. “എന്തെങ്കിലും കുഴപ്പം?” “സ്വന്തം മോളെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം കുഴപ്പം പിടിച്ചതാണെന്നാ വിചാരം?” അവര്‍ പുഞ്ചിരിയോടെ ചോദിച്ചു. “എന്താണെങ്കിലും പറയൂ,” അദ്ദേഹം അക്ഷമയോടെ ചോദിച്ചു. ഗായത്രി ദേവി ദിവ്യയെ നോക്കി മന്ദഹസിച്ചു. “എന്താ ഗായത്രി?” “അവള്‍ക്ക് ഒരാളെ ഇഷ്ടമാണ്,” “ഇമ്പോസ്സിബിള്‍!” അദ്ദേഹം പെട്ടെന്ന് പറഞ്ഞു. “മോളെ എനിക്ക് നന്നായി അറിയാം!” “അല്ല!” മഹര്‍ഷി ദേവനാരായണന്‍ പറഞ്ഞു. “തമ്പുരാട്ടി അത് നിങ്ങളെ അറിയിക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. ഞാനാണ് തടഞ്ഞത്!” സത്യമാണോ?” അദ്ദേഹം ഗായത്രി ദേവിയെ നോക്കി വീണ്ടും ചോദിച്ചു. “എങ്കില്‍ പറയൂ, ആരാണയാള്‍?” “ഊഹിച്ചുനോക്കൂ,” ഗായത്രി ദേവി പുഞ്ചിരിച്ചു. “സ്വന്തം കുലത്തിന്‍റെ ഐതിഹ്യവും ചരിത്രവുമൊക്കെ നിശ്ചയമുള്ളയാളല്ലേ? ഇവടെയുണ്ട് ആള്‍…” രാജശേഖര വര്‍മ്മ ഓരോരുത്തരേയും മാറി മാറി നോക്കി. “അങ്കിള്‍ എന്നെ നോക്കുന്നതെന്തിനാ?” അദ്ദേഹത്തിന്‍റെ നോട്ടം തന്നിലെത്തിയപ്പോള്‍ പ്രിയങ്ക പറഞ്ഞു. “ഞാന്‍ ഒരു പെണ്ണാണ്…” നോട്ടം അവസാനം രാഹുലില്‍ എത്തി. അസംഭാവ്യം! ഋഷീശ്വരനാണ്!

അദ്ദേഹം അയാളില്‍ നിന്ന്‍ നോട്ടം മാറ്റാന്‍ തുടങ്ങി. പെട്ടെന്ന് തീവ്രമായ ഒരാലോചനക്ക് കീഴ്പ്പെട്ട്‌ അദ്ദേഹം വീണ്ടും രാഹുലിന്‍റെ മുഖത്തേക്ക് നോക്കി. രാഹുല്‍ പുഞ്ചിരിച്ചു. അദ്ദേഹം കൈകള്‍ കൂപ്പി. “ഇത് സത്യമാണോ?” വിസ്മയം നിറഞ്ഞ ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു. രാഹുല്‍ മുമ്പോട്ട്‌ വന്ന് തന്നെകൂപ്പിയ കൈകളെ വിടുവിച്ചു. പിന്നെ അദ്ദേഹം ദിവ്യയെ നോക്കി. അവള്‍ ലജ്ജയോടെ ഗായത്രിദേവിയുടെ പിമ്പിലേക്ക് പോയി അവരുടെ സാരിത്തുമ്പില്‍ പിടിച്ചു. “ഈശ്വരാ…!!” അദ്ദേഹം കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തി നെഞ്ചില്‍ കൈ വെച്ചു. പെട്ടെന്ന് രാഹുല്‍ വീണ്ടും ആകാംക്ഷയോടെ ചുറ്റുപാടുകളിലേക്ക് നോക്കി. “എന്താ സാര്‍?” രാഹുലിന്‍റെ മുഖത്തെ ആകാംക്ഷയും ഗൌരവവും ശ്രദ്ധിച്ച് ലത്തീഫ് ചോദിച്ചു. “ലത്തീഫ് ഷാര്‍മ്മിലി ചേച്ചിയെ കാണുന്നില്ലല്ലോ…” പെട്ടെന്ന് രാജശേഖര വര്‍മ്മയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. “ഇന്‍സ്പെകടര്‍ അബ്രാഹം ആണല്ലോ,” അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ അദ്ധേഹത്തെ ആകാംക്ഷയോടെ നോക്കി. എന്തായിരിക്കാം ഇന്‍സ്പെകടര്‍ക്ക് ഇപ്പോള്‍ പറയുവാനുള്ളത്? അദ്ദേഹം ഫോണ്‍ കാതോട് ചേര്‍ത്തു. “ഈശ്വരാ…!!!” സന്ദേശം സ്വീകരിക്കവേ അദ്ദേഹം പരിഭ്രാന്തനാകുന്നത് എല്ലാവരും കണ്ടു. “എന്താ ഡാഡി?” ദിവ്യ ചോദിച്ചു. “കമോണ്‍!!” അദ്ദേഹം പുറത്തേക്ക് നടന്നു. “രോഹിതിന്‍റെ വീട്ടിലേക്ക്..!! ഷാര്‍മ്മിലി അവിടെ…!!” രോഹിതിന്റെ വീട്ടിലേക്ക് വാഹനങ്ങള്‍ കുതിച്ചു. യാത്രക്കിടയില്‍ അവര്‍ കണ്ടു, പോലീസ് ജീപ്പ് മറിഞ്ഞു കിടക്കുന്നു! രോഹിതിന്റെ വീടിനു മുമ്പില്‍ യൂണിഫോമിട്ട പോലീസുകാര്‍ നില്‍ക്കുന്നത് ദൂരെനിന്നേ അവര്‍ കണ്ടു. കോബ്രാഹില്‍സിലേക്ക് തിരിയുന്ന വഴിയിലൂടെ അവര്‍ വാഹനങ്ങള്‍ ഓടിച്ചു. വീടിന്‍റെ സമീപത്ത് നിര്‍ത്തി, ചാടിയിറങ്ങി മുറ്റത്തേക്ക് കുതിച്ചു. വീടിന്‍റെ മുറ്റത്തേക്ക് ഓടിയെത്തിയ അവര്‍ സ്തംഭിച്ചു നിന്നു. യൂണിഫോമിട്ട പോലീസുകാര്‍ക്ക് നടുവില്‍, നിലത്ത് മലര്‍ന്നുകിടക്കുന്ന വിമലിന്‍റെ മൃതദേഹം!

വയറിന്‍മേല്‍ ആഴത്തില്‍ തറഞ്ഞുകയറിയ ജന്നല്‍ ഗ്ലാസ്സിന്‍റെ നീണ്ട കഷണം! കണ്ണുകള്‍ പുറത്തേക്ക് തള്ളി, നാവ് വായില്‍ നിന്ന്‍ പുറത്തേക്ക് വന്ന് നിലത്ത് പരന്നൊഴുകിയ രക്തത്തിന് മേല്‍…!! മുഖത്ത് ഏറ്റവും പ്രാകൃതവും ഭീകരവുമായ ഭാവപരിണാമം! “എവിടെ ഇന്‍സ്പെകടര്‍ ഷാര്‍മ്മിലി?” രാജശേഖര വര്‍മ്മ ചോദിച്ചു. ഇന്‍സ്പെകടര്‍ മുറ്റത്ത് നിന്ന്‍ അകത്തേക്ക് കയറി. മിടിക്കുന്ന ഹൃദയത്തോടെ ഓരോരുത്തരും അദ്ധേഹത്തെ പിന്തുടര്‍ന്നു. അകത്ത് രോഹിത്തിന്റെ ബെഡ് റൂമിലെത്തിയപ്പോള്‍ ഇന്‍സ്പെകടര്‍ അബ്രാഹം നിന്നു. പിന്നെ അദ്ദേഹം അകത്തേക്ക് വിരല്‍ ചൂണ്ടി. കോബ്രാഹില്‍സിലേക്ക് തുറക്കുന്ന വലിയ ജാലകമുള്ള ആ കിടപ്പ് മുറിയിലേ കിടക്കയില്‍ കണ്ണുകളടച്ച് കിടക്കുന്ന ഷാര്‍മ്മിലി. ഭിത്തിയില്‍ തൂങ്ങിക്കിടന്ന രോഹിതിന്‍റെ ഫോട്ടോ മാറോട് ചേര്‍ത്ത് അവള്‍ കിടക്കുന്നു. “..ചേച്ചീ…” രാഹുല്‍ വിളിച്ചു. “ഷീയീസ് നോ മോര്‍…!” ഇന്‍സ്പെകടര്‍ അബ്രാഹാമിന്റെ സ്വരം അവര്‍ കേട്ടു. അപ്പോള്‍ വീടിന്‍റെ ടെറസ്സില്‍ നിന്ന്‍ രണ്ട് വെള്ളരിപ്പ്രാവുകള്‍ കോബ്രാഹില്‍സിന്‍റെ ഏറ്റവും ഉയരമുള്ള ശിഖരം തേടി പറന്നകന്നു.

[അവസാനിച്ചു]

നാഗരാജാവിന്‍റെ ഇരുപത്തിയൊന്‍പത്ത് പ്രദക്ഷിണ വഴികള്‍ പൂര്‍ത്തിയാകുമ്പോള്‍ താഴെപ്പറയുന്നവരെ നന്ദിയോടെ സ്മരിക്കുന്നു: സൈറ്റിന്‍റെ ജീവത്മാക്കളും പരമാത്മാക്കളുമായ ഡോക്ടര്‍ കുട്ടന്‍, ഡോക്റ്റര്‍ പൈലി. അഭിപ്രായങ്ങളുടെ പഴയ ഒരു പേജില്‍ കോബ്രാഹില്‍സ്‌ അയച്ചോട്ടെ എന്ന്‍ അവരോട് അനുവാദം ചോദിച്ചിരുന്നു. സെക്സ് ഒട്ടുമില്ല, സൈറ്റിന്‍റെ പ്രത്യേകതകള്‍ക്ക് വഴങ്ങുന്ന രചനയല്ല എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ധൈര്യമായി അയച്ചോളൂ എന്ന മറുപടിയാണ് സൈറ്റില്‍ നിന്നും ലഭിച്ചത്. ആ പ്രോത്സാഹനത്തിന് പ്രത്യേകമായി വീണ്ടും നന്ദി പറയുന്നു.

ഈ കഥ വായിച്ചവര്‍ക്ക്.

ഈ കഥ വായിച്ച് “like” ബട്ടന്‍ പ്രസ് ചെയ്തവര്‍ക്ക്.

കഥ പ്രസിദ്ധീകരണത്തിന് അയയ്ക്കുമ്പോള്‍ അന്‍പതിനും നൂറിനുമിടയിലാണ് ലൈക്കുകള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എഴുനൂറുവരെ ലൈക്കുകള്‍ ലഭിച്ച അദ്ധ്യായങ്ങളുണ്ട്‌.

ഈ കഥ വായിച്ച് കമന്റ്റ് ചെയ്ത താഴെപ്പറയുന്നവര്‍ക്ക്:

അഖില്‍, അര്‍ജ്ജുന്‍, ആത്മാവ്,അജ്ഞാതവേലായുധന്‍,അസുരന്‍, ആധു[Aadhu], അറക്കളം പീലി, ആശു, അഭിരാമി, അജീഷ്, ആല്‍ബി, അഭിരാം, അശ്വത്, അനു, അശോക്‌, അര്‍ച്ചന, അദ്വൈത്, അനു ആനന്ദ്[സാക്ഷി], അസുരവിത് [വേതാളം], അനൂപ്‌ എസ് എസ്, അജിത്‌, അമ്പു ട്രിവാണ്ട്രം, അലന്‍, അഖില്‍ അക്രൂസ്, അല്ലു, അച്ചു, ആര്‍ ഡി എക്സ്, ഈപ്പച്ചന്‍ മുതലാളി, ഇടിവെട്ട് ഇന്ദ്രജിത്ത്, ഇംതിയാസ്, ഇമ, ഇരുട്ട്, ഉണ്ണിമോന്‍, എഡ്ഗാര്‍, എം വി ജി, എസ് എക്സ് പ്രിന്‍സ്, കിഷോര്‍, കൊച്ചു, കിച്ചു, കൊച്ചൂഞ്ഞു, കണ്ണന്‍, കെവിന്‍, കുഞ്ഞന്‍, കുട്ടന്‍, കുട്ടൂസ്, കോയാ, കട്ടപ്പനയിലെ ഋതിക്റോഷന്‍, കതോല്‍ക്കച്ചന്‍, കാലം സാക്ഷി, കൃഷ്ണ, കല്യാണ രാമന്‍, കമ്പിമാന്‍, കമ്പിക്കഥയുടെ അടിമ, കാമുണ്ണി, കിരാതന്‍, കൂട്ടുകാരന്‍, ക്രേസി, ക്രിസ്റ്റി, ചന്തുക്കുട്ടന്‍, ചാര്‍ലി, ചാണക്യന്‍, ജോ, ജിന്ന്‍, ജെസ്ന, ജോണ്‍[Jhon], ജോണ്‍[John], ജോയ്സ്, ജോസഫ്, ജാരി, ജോബ്‌, ജബ്രാന്‍ അനീഷ്‌, ജോര്‍ദാന്‍, ജോ അറുനൂറ്റി അറുപത്തിയാറ് , ടാര്‍സന്‍ ഷാഫി, ഡ്രാക്കുള, ഡാര്‍ക്ക് ലോഡ്, തമാശക്കാരന്‍, , തൂലിക, തനു, ദേവ, ദേവജിത്ത്, ദാസന്‍, ദിലീപ്, ദീപു, നസീമ, നടാഷ, നൈറ്റ് കിംഗ്‌, നാട്ടുകാരന്‍, നെമോ, പങ്കാളി, പാപ്പന്‍, പ്രോഫസ്സര്‍ ഫ്ലിറ്റ്വിക്, പ്രമോദ്, പൊന്നു, പ്രിയംവദ, പ്രിയതമന്‍, പ്രകാശ്, പൈത്തോണ്‍, പേരില്‍ എന്തിരിക്കു,ന്നു ഫഹദ് സലാം, ബെന്‍സി, ബാബു, ബ്ലാഡ്വിന്‍, ബാംഗ്ലൂര്‍ മല്ലു, ഭഗവാന്‍, ഭദ്ര, മാച്ചോ, മന്ദന്‍രാജാ, മാക്സ്, മാഡ് മാക്സ്, മൈഥിലി, മൈക്കിള്‍ ആശാന്‍, മനുജന്‍, മലയാളം റൈറ്റര്‍, മഹാദേവന്‍, മാംഗോ. മൈനാസ്, മാസ്റ്റര്‍, മാഡി,മൃദുല, മാത്തുക്കുട്ടി, മഞ്ചു, യമുന, രാജാവ്, രാജന്‍, രാഘവേന്ദ്രന്‍, രഹാന്‍, രാജ് മുകുന്ദന്‍, രേഖ, ഋഷി, റോബിന്‍ഹുഡ്, റഷീദ്, റഷീദ്[ Rasheed], റോബ്ന്‍ [Robn], റോബിന്‍, റീഡര്‍, ലൂസിഫര്‍, ലോലന്‍, ലീന, ലക്ഷ്മി, ലെക്ഷ്മി, ലക്ഷ്മി എന്ന ലച്ചു, വിജയകുമാര്‍, വെടിക്കെട്ട്‌, വിനോദ്, വക്കീല്‍, വിപ് വിപ്, വി എഫ് സി മാന്‍, വിപിന്‍, വൈഗാ, ഷെന്‍, ഷേര്‍ലി, സുനില്‍, സാം, സിദ്ധാര്‍ത്ത്, സ്റ്റാലു, സൂര്യപ്രസാദ്, സണ്ണി, സിമോണ, ഹരി,

ഈ കഥയുടെ രചനാവേളകളില്‍ നിര്‍ലോഭമായ പ്രോത്സാഹനം തന്ന മന്ദന്‍രാജ, അഭിരാമി എന്നീ സുഹൃത്തുക്കള്‍ക്കും.

എന്‍റെ സ്വന്തവും ആത്മമിത്രങ്ങളുമായ, വാട്സ് ആപ് ഗ്രൂപ്പ് സഖികള്‍ ശ്രീലത, നിഷ, ലീന, അര്‍ച്ചന, രേണുക, രേവതി, ഷഹാന, ഷിനി, മേരി, ഷാരോണ്‍ എന്നിവര്‍ക്ക് പ്രത്യേകമായി നന്ദി പറയുന്നു. നിങ്ങള്‍ തന്ന അളവറ്റ പിന്തുണയും പ്രോത്സാഹനവും എനിക്ക് മറ്റൊരിടത്ത് നിന്നും ലഭിച്ചിട്ടില്ല.

അതിനാല്‍ “കോബ്രാഹില്‍സിലേ നിധി” നിങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്‌.

Comments:

No comments!

Please sign up or log in to post a comment!