കോബ്രാഹില്‍സിലെ നിധി 17

“ദിവ്യേ,” ഗായത്രി ദേവി ഡൈനിംഗ് ടേബിളിനരികില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു. “മോളെ, ദിവ്യേ..!” അവര്‍ ജനാലക്കരികില്‍ നിന്ന്‍ പുറത്തേക്ക് നോക്കി. “ഈ പെണ്ണിതെവിടെപ്പോയി?” അവര്‍ സ്വയം ചോദിച്ചു. “ഒരിക്കല്‍പ്പോലും വീട്ടില്‍ കാണില്ല ദിവ്യേ?” “മമ്മീ, ഞാനിവിടെയാണ്. ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം പ്രതികരണം വന്നു. പുറത്ത് നിന്ന്‍ ദിവ്യയുടെ ശബ്ദം അവര്‍ കേട്ടു. അവര്‍ വീണ്ടും ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. “എവിടെ?” അവര്‍ വിളിച്ചു ചോദിച്ചു. “ഇവിഎ മമ്മീ, ലോണില്‍,” അവര്‍ മറ്റൊരു ജനാലയിലേക്ക് ചെന്ന്‍ താഴേക്ക് നോക്കി. പുറത്ത് ലോണില്‍ ഒരു ബെഞ്ചില്‍ ചാരിയിരിക്കയാണ് ദിവ്യ. അവള്‍ ക്ഷീണിച്ചിരിക്കുന്നു എന്ന്‍ അവര്‍ കണ്ടു. “വാ, വന്ന് ലഞ്ച് കഴിക്ക്,” അവര്‍ അവളെ നോക്കി വിളിച്ചു പറഞ്ഞു. “മമ്മി ഇങ്ങ് വന്നേ,” “ഇവളെക്കൊണ്ട് മടുത്തൂലോ ഈശ്വരാ!” പിറുപിറുത്തുകൊണ്ട് അവര്‍ പുറത്തേക്ക് പോയി. പോകാന്‍ നേരം ഡൈനിംഗ് ടേബിളിന്‍മേല്‍ വിളമ്പി വെച്ച ഭക്ഷണവും അവര്‍ എടുത്തു. ലോണിലെ ബെഞ്ചില്‍ കൈകള്‍ പിമ്പിലേക്ക് പിണച്ച് വെച്ച് ചാരിയിരിക്കയായിരുന്നു ദിവ്യ. നീല ഷര്‍ട്ടും പച്ചനിറമുള്ള മുട്ടപ്പമെത്തുന്ന സ്കര്‍ട്ടും അവള്‍ ധരിച്ചിരുന്നു. “ഓ..എനിക്ക് വേണ്ടായിരുന്നു മമ്മീ,” അവരുടെ കൈയിലെ ട്രേയിലേക്ക് നോക്കി ദിവ്യ പറഞ്ഞു. അവര്‍ ട്രേ ബെഞ്ചില്‍ വെച്ചു. പിന്നെ അവളുടെ അടുത്ത് ഇരുന്നു. “ഇത്രേം വലിയ പെണ്ണിനെ ഇപ്പോഴും പിന്നാലെ നടന്ന്‍ ഊട്ടുന്നത്…എവിടേലും കേട്ടിട്ടുണ്ടോ മോളെ നീ?” “മമ്മീ, ഞാന്‍ പിന്നെ കഴിച്ചോളാം,” ട്രേ തന്‍റെ നേരെ നീട്ടിയപ്പോള്‍ ദിവ്യ പറഞ്ഞു. അവള്‍ ആ ട്രേ വാങ്ങി ബെഞ്ചില്‍ വെച്ചു. “രാധചേച്ചീ ഇങ്ങ് വന്നേ,” അല്‍പ്പം അകലെ പച്ചക്കറിത്തോട്ടത്തില്‍ ചെടികള്‍ നനയ്ക്കുകയായിരുന്ന ജോലിക്കാരിയെ ദിവ്യ വിളിച്ചു. “ഇത് കൊണ്ടുപോയി ഭംഗിയായി അടച്ച് ഡൈനിംഗ് ടേബിളില്‍ വെക്ക്,” ട്രേ രാധയുടെ കയ്യില്‍ കൊടുത്ത് ദിവ്യ പറഞ്ഞു. “ഇതിലെ ഒരു മണിച്ചോറുപോലും പാഴാക്കാതെ, കളയാതെ എനിക്ക് കഴിക്കേണ്ടതാണ്. ചന്ദ്രനുദിച്ചു കഴിഞ്ഞ്. …” “മോള് ബാക്കി പറയാന്‍ പോകുന്നത് എന്താണെന്ന് എനിക്കറിയാം,” രാധ ചിരിച്ചു. ദിവ്യ അവളെ ചോദ്യരൂപത്തില്‍ കുസൃതിയോടെ നോക്കി. “അറിയാമോ സോമാലിയായിലും നമ്മുടെ ഒറീസ്സയിലെ കോരാപ്പുട്ടിലും എത്ര കുഞ്ഞുങ്ങളാ ഒരു ദിവസം മരിക്കുന്നതെന്ന്, ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ? ഇതല്ലേ മോള്‍ പറയാന്‍ പോകുന്നെ?” രാധ ചിരിച്ചു.

ഗായത്രിദേവിയും. “എന്‍റെ ഭഗവതീ, നമിച്ചു!” ദിവ്യ രാധയുടെ നേരെ കൈകള്‍ കൂപ്പി.

“ഇത്രേം ജനറല്‍ നോളെജ് ഒക്കെ എന്‍റെ രാധചേച്ചീടെ തലക്കകത്ത് ഒണ്ടാരുന്നോ?” “മുല്ലപ്പൂമണമേറ്റ് കിടക്കും…” രാധ പറഞ്ഞു തുടങ്ങി. “മതി മതി..” ദിവ്യ രാധയുടെ പിന്‍ ഭാഗത്ത് പതിയെ അടിച്ചു. “മുല്ലപ്പൂമണം ഇപ്പം തല്‍ക്കാലം ഈ ചോറ് കൊണ്ടുപോയി അടച്ചു വെച്ചേ,” രാധ ചിരിച്ചുകൊണ്ട് ട്രേയുമെടുത്തുകൊണ്ട് അകത്തേക്ക് നടന്നു. ദിവ്യ ഗായത്രി ദേവിയുടെ മടിയില്‍ തലവെച്ചു കിടന്നു. എന്നിട്ട് അവരുടെ നേരെ പുഞ്ചിരിയോടെ നോക്കി. “നാലഞ്ചു ദിവസമായി മോളെ ഞാന്‍ ശ്രദ്ധിക്കുന്നു,” അവളുടെ തലമുടിയില്‍ വാത്സല്യപൂര്‍വ്വം തലോടിക്കൊണ്ട് അവര്‍ പറഞ്ഞു. “നീ ഒന്നും കഴിക്കുന്നില്ല.ഒരു ഗ്ലാസ്സ് വെള്ളംപോലും കുടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ബ്രേക്ക് ഫാസ്റ്റിനും ഊണിനുമൊക്കെ വിളിക്കുമ്പോള്‍ ക്ലബ്ബില്‍ നിന്ന്‍ കഴിച്ചു, ഫ്രെണ്ട്സിന്‍റെ വീട്ടീന്ന് കഴിച്ചു എന്ന്‍ കേള്‍ക്കാം…” അവര്‍ അവളുടെ മുഖം കയ്യിലെടുത്തു. “എന്‍റെ മുഖത്തേക്ക് നോക്ക്,” അവര്‍ പറഞ്ഞു. “എന്‍റെ മോളെ, നിനക്കെന്ത് പറ്റി?” ദിവ്യയുടെ കണ്ണുകള്‍ പതിയെ ഈറനാകുന്നത് അവര്‍ കണ്ടു. “ഐം സോറി മമ്മി,” അവര്‍ക്ക് ഒന്നും മനസ്സിലായില്ല. “എന്തിനാ മോളെ സോറി?” “ഞാന്‍ മമ്മിയോട് നുണ പറഞ്ഞു,” ദിവ്യയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ തന്‍റെ ഹൃദയം പിടയുന്നതിന്റെ ചലനം അവര്‍ അറിഞ്ഞു. ഈശ്വരാ, എന്ത് പറ്റി എന്‍റെ കുട്ടിയ്ക്ക്? അവര്‍ വിഭ്രാന്തിയോടെ ചിന്തിച്ചു. “എന്ത് നുണ?” “മമ്മീ, ഞാന്‍…” അവരുടെ സംഭ്രമം നിറഞ്ഞ മുഖത്തേക്ക് നോക്കി ദിവ്യ പറഞ്ഞു. “ഞാനെങ്ങനാ മമ്മിയോടത് പറയ്യാ?” തന്‍റെ ഈറന്‍ മിഴികളില്‍ത്തന്നെയാണ് അവരുടെ നോട്ടം എന്ന്‍ ദിവ്യ കണ്ടു. “എനിക്ക് വ്രതമാണ് മമ്മി…ഞാന്‍ വ്രതമെടുക്കുകയാണ്.” “വ്രതമോ? എന്ത് വ്രതം?” “പറയാം..പറയാം,” തന്‍റെ കവിളുകളെ തലോടുന്ന അവരുടെ കൈകളില്‍ പിടിച്ചുകൊണ്ട് ദിവ്യ പറഞ്ഞു. “ആദ്യം അല്‍പ്പം ഡ്രമാറ്റിക്കായി പോയെറ്റിക്കായി പറയാം…” അവള്‍ തന്‍റെ സ്വപ്നഭംഗിയുള്ള കണ്ണുകള്‍ വിദൂരതയിലേക്ക് മാറ്റി. “മമ്മീടെ മോള്‍ക്കിപ്പോള്‍ വയസ്സ് പതിനെട്ട്.രാത്രികള്‍ക്ക് ദൈര്‍ഘ്യമേറുന്ന പ്രായം…പൂവുകള്‍ക്ക് നിറം പൊര എന്ന്‍ തോന്നുന്ന പ്രായം…വേനല്‍ക്കാലത്തും മഴവില്ല് വിരിയാത്തതെന്തേ എന്ന്‍ ചോദിച്ച് ആകാശത്തോട് വഴക്കുണ്ടാക്കുന്ന പ്രായം….ഇണചേരുന്ന പക്ഷികളോടും പറവകളോടും അസൂയ തോന്നുന്ന പ്രായം….സ്വപ്നത്തിന്‍റെ മലഞ്ചെരിവിലൂടെ കുതിരപ്പുറത്തേറിവരുന്ന രാജകുമാരന്‍റെ മുഖവും രൂപവും തിരിച്ചറിയുന്ന പ്രായം…” ഗായത്രിദേവി പുഞ്ചിരിയോടെ അവളെ നോക്കി.
“ആ പ്രായത്തിന്‍റെ എല്ലാ അസുഖങ്ങളും തുടങ്ങി മമ്മീടെ മോള്‍ക്ക്…” താന്‍ പരിഭ്രാമിക്കാത്തതെന്ത് എന്നോര്‍ത്ത് അവര്‍ അദ്ഭുതപ്പെട്ടു. “ഇനി റിയലിസ്റ്റിക്കായി നേരെ വാ നേരെ പോ എന്ന മട്ടില്‍ പറയാം,” ദിവ്യയുടെ ശബ്ദം അവര്‍ വീണ്ടും കേട്ടു. അവര്‍ അവളുടെ കണ്ണുകളില്‍ ഉറ്റുനോക്കി. “ഐം ഇന്‍ ലവ്,” ഗായത്രിദേവിയുടെ മുഖത്ത് ചിരി പടര്‍ന്നു. “അതൊക്കെ സമ്മതിച്ചു,”

അവര്‍ പറഞ്ഞു. “ആ അസുഖം ഞാന്‍ നല്ല ചുട്ട അടി തന്ന് മാറ്റിക്കോളാം. പക്ഷെ നിന്‍റെ റോമാന്സിന് ഈ ഉണ്ണാവ്രതവുമായി എന്ത് ബന്ധം?” ദിവ്യയുടെ മുഖത്ത് മനോഹരമായ ലജ്ജ നിറഞ്ഞു. “ആ രാജകുമാരനെ കിട്ടാന്‍ വേണ്ടിയാ മമ്മീ ഈ വ്രതം,” “ഇവളെക്കൊണ്ട് ഞാന്‍ തോറ്റു!”ഗായത്രി ദേവി പറഞ്ഞു. “ഇഷ്ടം അറിയുന്നത് കണ്ടും കേട്ടുമല്ലേ? ഇഷ്ടം അറിയിക്കുന്നതും? അല്ലാതെ വ്രതമെടുത്ത് രാജകുമാരനെ നേടാന്‍ ആയാളെന്താ കണ്ണുപൊട്ടനാ? ചെവികേള്‍ക്കാന്‍ പാടില്ലാത്തയാളാ?” ദിവ്യ ലജ്ജയും മന്ദഹാസവും തുടര്‍ന്നു. സ്വപ്നം പൂക്കുന്ന താഴ്വാത്ത് വിരിഞ്ഞ വസന്തപുഷ്പ്പം പോലെ അവളുടെ സൌന്ദര്യം അഭൌമമായി അപ്പോള്‍. “ഈ രാജകുമാരനെ നേടാന്‍ ഇന്ദ്രിയങ്ങളുടെ സഹായം മാത്രം പോരാ മമ്മി. അതിന്ദീയ മാര്‍ഗ്ഗങ്ങള്‍ വേണം. കാരണം മമ്മീടെ മോള്‍ടെ പുരുഷന്‍ ഇന്ദ്രിയ നിഗ്രഹം നടത്തിക്കഴിഞ്ഞവനാണ്. ഇന്ദ്രിയ സുഖങ്ങള്‍ പരിത്യജിച്ചവനാണ്,” “നിര്‍ത്തണ്ട. തുടര്‍ന്നോളൂ. നിന്‍റെ ഭ്രാന്ത് കേള്‍ക്കാന്‍ നല്ല രസമുണ്ട്,” ദിവ്യ അവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു. “പിന്നെ സാവധാനം ശാന്തമായിപ്പറഞ്ഞു. “ങ്ങ്ഹാ മമ്മി…മമ്മീടെ മോള്‍ക്ക് ഭ്രാന്താണ്. പ്രേമത്തിന്‍റെ ഭ്രാന്ത്! ദ ഡിവൈന്‍ മാഡ്നെസ് ഓഫ് ലവ്!” “നോണ്‍ സെന്‍സ്!” അവര്‍ ചിരിച്ചു. “അട്ടര്‍ നോണ്‍സെന്‍സ്! ആരാ തപസ്സിലൂടെയും വ്രതതിലൂടെയുമൊക്കെ സ്വന്തമാക്കാന്‍ നീ ആഗ്രഹിക്കുന്ന ആ മഹാ…..” പെട്ടെന്ന്‍ പ്രേതബാധയേറ്റതു പോലെ അവര്‍ നിര്‍ത്തി. അവര്‍ സംഭ്രമത്തോടെ ദിവ്യയെ നോക്കി. പിന്നെ ഒരു നിമിഷത്തിനു ശേഷം അവര്‍ ഗാഡമായ ചിന്തയിലാണ്ടു. അവരുടെ ഭാവപ്രകടനങ്ങള്‍ പുഞ്ചിരിയോടെ നോക്കിയിരിക്കയായിരുന്നു ദിവ്യ. “ദ സെയിം മാന്‍ യൂ ആര്‍ തിങ്കിംഗ് എബൌട്ട്‌ നൌ,” അവള്‍ പവിഴത്തിളക്കമുള്ള സ്വരത്തില്‍ പറഞ്ഞു. അവര്‍ ഭയത്തോടെ ദിവ്യയെ നോക്കി. “ഗുരുജി രാഹുല്‍ നാരായണന്‍?” ഗായത്രിദേവിയുടെ അമ്പരപ്പ് നിറഞ്ഞ ചോദ്യം അവള്‍ കേട്ടു. അവള്‍ “അതെ” എന്ന അര്‍ത്ഥത്തില്‍ കണ്ണുകള്‍ പതിയെ അടച്ചു കാണിച്ചു. ദിവ്യക്ക് അവരുടെ ഭാവം വിവേചിക്കാനായില്ല. അത് പരിഭ്രമമോ അദ്ഭുതമോ നിഷേധമോ അസന്തുഷ്ടിയോ അല്ല എന്ന്‍ അവള്‍ കണ്ടു.
എന്നാല്‍ അവര്‍ ഗാഡമായ ചിന്തയിലാണ് എന്ന്‍ അവള്‍ക്ക് മനസ്സിലായി. അവര്‍ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു. പതിയെ ലോണിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ദിവ്യയും എഴുന്നേറ്റു. “ഇത് നടക്കുന്ന കാര്യമല്ല എന്ന്‍ എനിക്കറിയാം മമ്മീ.” അവള്‍ അവരുടെ കൈയ്യില്‍ പിടിച്ചു. “അദ്ദേഹം നമ്മുടെ തരക്കാരനല്ല. പവിത്രമായ കര്‍മ്മത്തിന് നമ്മള്‍ ക്ഷണിച്ചുവരുത്തിക്കൊണ്ടുവന്നതാണ് അദ്ധേഹത്തെ. അസാധാരണ ദിവ്യത്വമുള്ള ഒരു ഋഷിശ്വരനാണ് അദ്ദേഹം. പക്ഷെ മമ്മീ എനിക്ക് നിയന്ത്രിക്കാനായില്ല. മനസ്സ് പൂര്‍ണ്ണമായും കൈവിട്ടുപോയി,” ലോണിന്‍റെ അതിരിലെ അശോകമരങ്ങളില്‍ കാറ്റുണര്‍ന്നു. അവളുടെ മിഴികള്‍ നനയുന്നത് അവര്‍ കണ്ടു. “എനിക്ക് അദ്ധേഹത്തെ കിട്ടണം മമ്മീ,” “എന്‍റെ മോളേ, നീ…!” അവര്‍ അവള്‍ക്കഭിമുഖമായി നിന്നു. അവളുടെ തോളില്‍ പിടിച്ചു. “എത്ര നാളായി കാത്തിരിക്കുന്നു, മമ്മീ ഞാന്‍? എത്ര ജന്മങ്ങള്‍?” അവര്‍ അവളുടെ തേങ്ങലിന്റെ ശബ്ദം കേട്ടു. ഗായത്രിദേവി മകളെ അലിവോടെ നോക്കി. “മോളെ അതൊക്കെ യാദൃശ്ചികമായി…” “നോ മമ്മീ,” അവള്‍ കണ്ണുനീരിനിടയില്‍ പറഞ്ഞു. പിന്നെ അവള്‍ രാഹുലിന്‍റെയൊപ്പം കോബ്രാഹില്‍സിലേക്ക് പോയപ്പോഴുണ്ടായ സംഭവങ്ങള്‍ ഓരോന്നും ഗായത്രി ദേവിയെ പറഞ്ഞു കേള്‍പ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവരുടെ മുഖം വിസ്മയം കൊണ്ട് വിടര്‍ന്നു. “വെള്ളച്ചാട്ടത്തിന്‍റെയടുത്ത് അദ്ധേഹത്തിന്‍റെ കാലില്‍ വിഷമുള്ളു തറച്ചത് യാദൃശ്ചികമാണോ?”

പിന്നെ ദിവ്യ ചോദിച്ചു. “ഞാന്‍ ഇലച്ചാറ് പിഴിഞ്ഞ് അദ്ധേഹത്തിന്റെ മുറിവ് സുഖപ്പെടുത്തിയത് യാദൃശ്ചികമാണോ? കോബ്രാഹില്‍സിനു മുകളിലെ പാറമടകള്‍ക്കിടയിലെ ഗുഹയില്‍ കയറിയപ്പോള്‍ തോരാതെ പെയ്ത മഴ യാദൃശ്ചികമാണോ? ഗുഹാഭിത്തിയിലെ ശില്‍പ്പങ്ങളിലെ ഋതുപര്‍ണ്ണയുടെയും ശാന്തിദേവിന്‍റെയും മുഖങ്ങളും രൂപവും എന്നെപ്പോലെയും അദ്ധേഹത്തെപ്പോലെയും ഇരിക്കുന്നതും വസന്തോത്സവരാത്രിയില്‍ മലവേടത്തമ്പുരാന്‍ കാലങ്ങള്‍ക്ക് ശേഷം എപ്പോഴോ പുനര്‍ജ്ജനിച്ച് വരുന്ന ഋതുവിനും ശാന്തിദേവിനും മാത്രം ഒഴിച്ചിട്ടിരുന്ന ഇരിപ്പിടങ്ങളില്‍ ഞങ്ങളെ ഇരുത്തി ബഹുമാനിച്ചതും യാദൃശ്ചികമാണോ? ഇതൊക്കെ യാദൃശ്ചികമാണോ മമ്മീ?” അവളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അവര്‍ക്ക് ഉത്തരമുണ്ടായില്ല. “മമ്മിയെ ഉത്തരം മുട്ടിച്ച് ജയിക്കാന്‍ പറഞ്ഞതല്ല,” അവള്‍ അവരുടെ മുഖം കൈയ്യിലെടുത്തു. “എന്നെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ മമ്മിക്കല്ലാതെ മറ്റാര്‍ക്ക് പറ്റും?” അവള്‍ അവരുടെ തോളില്‍ തല ചായ്ച്ചു. “മോളെ..എന്‍റെ മോളെ…” ശാന്തമായ സ്വരം അവള്‍ കേട്ടു.
“പക്ഷെ അദ്ദേഹം…?” ഗായത്രിദേവിയുടെ സ്വരത്തിലെ ഭയപ്പെടുത്തുന്ന ആകാംക്ഷ ദിവ്യ കേട്ടു. “എന്‍റെ മനസ്സില്‍ എന്താണ് എന്ന് അദ്ധേഹത്തിന് മനസ്സിലായിട്ടില്ല മമ്മി,” അവള്‍ തുടര്‍ന്നു. “മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ത്തന്നെ അദ്ദേഹം അത് ഭാവിക്കുന്നില്ല. ഋതു ഒത്തിരി കഷ്ട്ടപ്പെട്ടല്ലേ അദ്ധേഹത്തെ സ്വന്തമാക്കിയത്? അത് പോലെ ഞാനും അദ്ധേഹത്തെ നേടും മമ്മീ….എന്‍റെ പ്രാര്‍ത്ഥനയും വ്രതവും ഒക്കെ അതിനാണ്….ഞാന്‍ സഹിക്കും….ഞാന്‍ കഷ്ടപ്പെടും…” അവള്‍ ഗായത്രിദേവിയുടെ മാറില്‍ മുഖം ചേര്‍ത്തു. “ഏറ്റവും വലുത് നേടുവാന്‍ ഏറ്റവും കഠിനമായത് ഞാന്‍ സഹിക്കും,” ദിവ്യയെ ചുറ്റിപ്പിടിക്കവേ അവര്‍ കേട്ടു. “ഈശ്വരന്‍ നിന്നെ തുണയ്ക്കട്ടെ മോളേ,” അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.സുഖവും വിശ്രാന്തി നിറഞ്ഞതുമായ ആലിംഗനത്തിന്‍റെ അനുഭൂതിയില്‍ അവരിരുവരും നിറഞ്ഞു. **************************************** ദിവ്യയുടെ വ്രതനിഷ്ഠകള്‍ ഗായത്രിദേവിയേയും മുത്തശിയേയും അദ്ഭുതപ്പെടുത്തി. ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമുണര്‍ന്ന് കൊട്ടാരത്തിനടുത്ത് മുങ്ങിക്കുളിക്കുന്നതോടെ അതാരംഭിക്കുന്നു. ഈറന്‍മാറാതെ തന്നെ പ്രാര്‍ത്ഥന. പൂജാമുറിയില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനാ നിരതയായിരിക്കും അവള്‍. ദേവീസ്തവങ്ങളാലപിക്കും. വൃക്ഷപൂജ, പശു പക്ഷി പൂജ എന്നിവയും മുറതെറ്റാതെ അവള്‍ പാലിച്ച് പോന്നു. പിന്നെ ജലപാനം പോലും കൂടാതെയുള്ള കഠിന ഉപവാസവും. പ്രഭാതത്തില്‍ തന്നെ പൂജാപുഷ്പങ്ങളുമായി അവള്‍ രാഹുലിന്‍റെ ക്വാര്‍ട്ടേഴ്സിലേക്ക് പോകും. അയാളുടെ മുറികളും പരിസരങ്ങളുമെല്ലാം വൃത്തിയാക്കിയിടും. പൂജാ സമയത്ത് അയാളെ സഹായിക്കും. രാഹുലും പതിവ് തെറ്റാതെ കൊട്ടാരത്തില്‍ എത്തികൊണ്ടിരുന്നു. ദിവ്യയെ യോഗധ്യാനം പഠിപ്പിക്കാന്‍. സദാസ്വപ്ന ലോകത്തായിരുന്നെങ്കിലും അവള്‍ അയാളുടെ പാഠങ്ങള്‍ തെറ്റാതെ അഭ്യസിച്ചു. അയാളെ സംതൃപ്തനാക്കുന്നതില്‍ അവള്‍ ആനന്ദം കണ്ടെത്തി. അയാളില്‍ നിന്ന്‍ എപ്പോഴും അഭിനന്ദനങ്ങള്‍ കിട്ടുന്നതില്‍ അവള്‍ വിജയിച്ചു. മോശം വിദ്യാര്‍ഥിനി എന്ന്‍ ഒരിക്കല്‍പ്പോലും അയാളുടെ മനസ്സില്‍ തന്നെക്കുറിച്ച് തോന്നിപ്പിക്കരുതെന്ന് അവള്‍ സ്വയം നിഷ്ക്കര്‍ഷിച്ചിരുന്നു. ********************************************* ഒരു പ്രഭാതത്തില്‍, പതിവ് പോലെ പൂജാപുഷ്പ്പങ്ങളുമായി ദിവ്യ രാഹുലിന്‍റെ ക്വാര്‍ട്ടേഴ്സിലെത്തി. രാഹുല്‍ മുറിയിലുണ്ടായിരുന്നില്ല. ക്വാര്‍ട്ടേഴ്സിനു പിമ്പില്‍ ഒരു മാന്തോപ്പായിരുന്നു. അവയിലൊരു മാഞ്ചുവട്ടിന്‍റെ ചുവട്ടില്‍ നിന്നാണ് അയാള്‍ ഗായത്രി മന്ത്രങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നത്.

അയാള്‍ക്ക് പൂര്‍ണ്ണ ഏകാഗ്രത ആവശ്യമാണ്‌ എന്നറിയാവുന്നതുകൊണ്ട് ആ സമയത്ത് അവള്‍ അവിടെ പോകുമായിരുന്നില്ല. അവള്‍ പതിവ് പോലെ അയാളുടെ മുറി അടിച്ചുവൃത്തിയാക്കുവാന്‍ തുടങ്ങി. രാഹുല്‍ അവളെ പലതവണ വിലക്കിയിട്ടുള്ളതാണ്. അവള്‍ പക്ഷെ അതൊന്നും കൂട്ടാക്കിയില്ല. അതുകൊണ്ടു തന്നെ അവള്‍ വരുന്നതിനു മുമ്പുതന്നെ മുറികളെല്ലാം അയാള്‍ വൃത്തിയാക്കിവെക്കുമായിരുന്നു. അന്ന്‍ രാഹുലിന്‍റെ ഓഫീസ് മുറിയില്‍ മേശപ്പുറത്ത് പുസ്തകങ്ങള്‍ ചിതറിക്കിടന്നിരുന്നു. നിലത്ത് കടലാസ് കഷണങ്ങള്‍ അവള്‍ കണ്ടു. അവള്‍ ഉടനേ ചൂലെടുത്ത് അതൊക്കെ അടിച്ചുവാരി ഡസ്റ്റ് ബിന്നിലിട്ടു പുറത്ത് കൊണ്ടുപോയി കളഞ്ഞു. തിരികെ മുറിയിലെത്തി മേശപ്പുറത്തെ പുസ്തകങ്ങള്‍ അടുക്കിവെയ്ക്കാന്‍ തുടങ്ങി. ഒരു വേള പുസ്തകങ്ങള്‍ ഷെല്‍ഫില്‍ ക്രമമായി അടുക്കിവെക്കുന്നതിനിടയില്‍ അവളുടെ കൈയില്‍ നിന്ന്‍ അയാളുടെ ഒരു ഡയറി താഴേക്ക് വീണു. പേജുകള്‍ തുറന്ന്‍ നിലത്ത് വീണ ആ ഡയറിയില്‍ നിന്ന്‍ ഒരു കളര്‍ ഫോട്ടോഗ്രാഫ് പുറത്തേക്ക് വീണു. അത് അവള്‍ എടുത്തു. അതിലേക്ക് നോക്കിയ ദിവ്യ വിസ്മയഭരിതയായി. വിസ്മയം ഓരോ നിമിഷവും പെരുകിനിറയുന്നത് അവള്‍ അറിഞ്ഞു. അവള്‍ ആ ഫോട്ടോയിലെ ആളുകളുടെ മുഖങ്ങളിലേക്ക് സ്വയം മറന്ന് നോക്കിയിരുന്നു. കാണക്കാണെ അവളുടെ വിസ്മയം അത്യാഹ്ലാദമായി രൂപാന്തരപ്പെട്ടു. *********************************************** നദീ തീരത്ത് അപരാഹ്നത്തിന്‍റെ നിറവ്. ദൂരെ മലനിരകളിലും നദിയുടെ തീരങ്ങളെ പുതഞ്ഞുകിടക്കുന്ന പൂക്കളിലും പക്ഷികളിലും ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും ചലനങ്ങളിലും വസന്തത്തിന്‍റെ യൌവ്വന ചാരുത. പുഴയുടെ സംഗീതത്തിലും ഒരു വസന്തഭംഗി. രാഹുല്‍ നദീ തീരത്തുകൂടി നടക്കുകയായിരുന്നു. കറുത്തിരുണ്ട പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയുടെ ഒരു പ്രത്യേകഭാഗത്ത് അയാള്‍ മിക്ക സായാഹ്നങ്ങളിലും വരാറുണ്ടായിരുന്നു. മന്ത്രശുദ്ധമായ ആ വിജനതയില്‍ ധ്യാനിച്ചിരിക്കുക അയാളുടെ പതിവായിരുന്നു. പുഴയുടെ വിശാലമായ സ്ഫടികപ്പരപ്പിന്‍റെ ഇരു വശങ്ങളിലും നിറയെ ദേവദാരുക്കള്‍ വളര്‍ന്നിരുന്നു. പലരും മുമ്പ് അവിടെ ഒത്തുകൂടുമായിരുന്നു. എന്നാല്‍ രാഹുലിന്‍റെ വരവോടെ അവര്‍ അവിടെ വരുന്നത് നിര്‍ത്തി. അയാളുടെ സിദ്ധിയെപ്പറ്റി കേട്ടറിഞ്ഞ നാട്ടുകാര്‍ ആരും തന്നെ അയാളുടെ ഏകാന്തതയെ ശല്യപ്പെടുത്തിയില്ല. ഋതുപര്‍ണ്ണയുടെയും ശാന്തിദേവിന്‍റെയും ഐതിഹ്യമറിയാവുന്നവര്‍ അയാള്‍ ദിവ്യയുമായി ഒരുമിക്കുന്ന നാളിന് വേണ്ടി കാത്തിരുന്നു. തീരത്ത് പുഴയ്ക്ക് അഭിമുഖമായി ഒരു പാറയുടെ ചുവട്ടില്‍ രാഹുല്‍ ഇരുന്നു. കണ്ണുകളടച്ചു. “ഓം ഭൂര്‍ ഭുവസ്വഹ സത്വവിതുര്‍വരേണ്യം….” ഗായത്രിമന്ത്രത്തിന്‍റെ പവിത്ര നാദം അന്തരീക്ഷത്തില്‍ നിറഞ്ഞു. കണ്ണുകളടച്ച് അതിഗാഡമായ തപസ്സിന്‍റെ അനുഭൂതിയിലേക്ക് അയാള്‍ മടങ്ങി. അതിന്‍റെ തീവ്രതയുടെ മുമ്പില്‍ സ്ഥലകാലങ്ങളെല്ലാം പിന്‍വാങ്ങി. പെട്ടെന്ന് ഗായത്രിമന്ത്രത്തിന് മേല്‍ മറ്റൊരു സംഗീതം കടന്നുവരുന്നത് അയാള്‍ അറിഞ്ഞു. ഒരു സ്ത്രീസ്വരം! ആ സംഗീതത്തില്‍ കാമമോഹിതമായ ഒരു ലയവും ഭാവവും രാഹുല്‍ അറിഞ്ഞു.

അയാള്‍ മന്ത്രോപാസന തുടര്‍ന്നു. പക്ഷെ അകലെ നിന്ന്‍ വരുന്ന ആ സംഗീതം വീണ്ടും തടസ്സം സൃഷ്ടിക്കുന്നു. അപ്രതിരോധ്യമായി അത് തനിക്ക് ചുറ്റും വളരുന്നു. അയാള്‍ കണ്ണുകള്‍ തുറന്നു. പാട്ട് കേള്‍ക്കുന്ന ഭാഗത്തേക്ക് നോക്കി. ആരെയും കാണാനില്ല. പക്ഷെ ആ പാട്ടിന്‍റെ ഭാവതീവ്രത വര്‍ധിക്കുന്നു. പെട്ടന്നയാള്‍ ശബ്ദത്തിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു. ദിവ്യ! അവള്‍ നന്നായി പാടുമെന്ന് അയാള്‍ അറിഞ്ഞിരുന്നു. മെട്രോപ്പോലിറ്റന്‍ ക്ലബ്ബിന്‍റെ വാര്‍ഷികത്തിന് അയാള്‍ അവളുടെ പാട്ട് കേട്ടിരുന്നു. പിന്നെ മുമ്പൊരിക്കല്‍ കോബ്രാഹില്‍സില്‍ പോയപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു പ്രകടനവും അയാള്‍ കണ്ടിരുന്നു. അവിടെ ചിലവഴിച്ച് സമയത്ത് താന്‍ ആവശ്യപ്പെട്ടിട്ട് അവള്‍ ചില കീര്‍ത്തനങ്ങളും പാടിയിരുന്നു. അതേ, ഇത് ദിവ്യയാണ്. അവളുടെ സംഗീതത്തില്‍ പ്രതിരോധിക്കാനാവാത്ത ഒരു വശ്യതയുണ്ടെന്ന്‍ രാഹുല്‍ തിരിച്ചറിഞ്ഞു. അയാള്‍ എഴുന്നേറ്റു. താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ മന്ത്രമാണ് അതെന്ന് അയാള്‍ക്ക് തോന്നി. രാഹുല്‍ പാട്ട് കേള്‍ക്കുന്ന ദിക്കിലേക്ക് നടന്നു. ശബ്ദം ഇപ്പോള്‍ തൊട്ടടുത്താണ്. അയാള്‍ ചുറ്റും നോക്കി. പെട്ടെന്നയാള്‍ പിടിച്ചു നിര്‍ത്തിയത് പോലെ നിന്നു. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരു വിസ്മയ ദൃശ്യം.ഇന്ദ്രിയങ്ങളെ വിഭ്രാമിപ്പിക്കുന്ന അതിസുന്ദരമായ ഒരു കാഴ്ച്ച! പുഴയുടെ നീലപ്പരപ്പില്‍ അരയൊപ്പം വെള്ളത്തില്‍ ദിവ്യ! കാര്‍കൂന്തല്‍ കെട്ടഴിഞ്ഞ് പിമ്പില്‍ പടര്‍ന്ന്‍ കിടക്കുന്നു. ചുവന്ന ബ്രായും ലോങ്ങ്‌ സ്കര്‍ട്ടും അവള്‍ ധരിച്ചിരുന്നു. അനുപമവും വിലോഭാനീയവുമായ നിറമാറിന്‍റെ ഭംഗിയില്‍ ഒരു നിമിഷം അയാളുടെ കണ്ണുകള്‍ തറഞ്ഞു. അയാളുടെ കണ്ണുകള്‍ തന്‍റെ മാറില്‍ പതിഞ്ഞപ്പോള്‍ പുഷ്പ സൌരഭ്യമേറ്റ് മാര്‍മുത്തുകള്‍ തുടുക്കുന്നത് ദിവ്യ അറിഞ്ഞു. അയാളുടെ കണ്ണുകളിലേക്കും പിന്നെ മിഴികള്‍ താഴ്ത്തി അവള്‍ സ്വന്തം മാറിലേക്ക് നോക്കി. പിന്നെ തപിക്കുന്ന ഹൃദയത്തോടെ, കാമസുഗന്ധിയായ മിഴികളോടെ, പ്രണയപാരവശ്യത്താല്‍ വിതുമ്പിവിറയ്ക്കുന്ന ചുണ്ടുകളോടെ അവള്‍ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകള്‍ പിന്നെ ശില്പ്പഭംഗിയുള്ള അവളുടെ ഉടലിന്‍റെ നഗ്നതയില്‍ പതിഞ്ഞു. പൊക്കിള്‍ക്കൊടിയില്‍. നനഞ്ഞൊട്ടിയ സ്കര്‍ട്ടിലൂടെ കാണാവുന്ന തുടകളുടെ മാദകഭംഗിയില്‍. ദിവ്യ കൈയുയര്‍ത്തി വിടര്‍ന്ന്‍ പടര്‍ന്ന തലമുടി മാടിയൊതുക്കി. തന്‍റെ കണ്ണുകളിലും നിശ്വാസത്തിലും തപം നിറയുന്നത് അയാള്‍ അറിഞ്ഞു. ഇതുവരെ അറിയാത്ത ഒരഗ്നിയുടെ ചൂട് ധമനികളിലേക്ക് സംക്രമിക്കുന്നു. ശരീരത്തില്‍, ആത്മാവിന്‍റെ നിഗൂഡ ഇടങ്ങളില്‍ ഇതുവരെ ദൃശ്യമാകാത്ത മോഹന വര്‍ണ്ണങ്ങള്‍ പടര്‍ന്നിറങ്ങുന്നു. ഒരു ഉള്‍ത്തരിപ്പ്…! ഒരു ദാഹം…! ജലരാശിയുടെ കുളിരാര്‍ന്ന ആഴങ്ങളില്‍ നിന്ന്‍ ഉയര്‍ന്ന് അവള്‍ വെള്ളം തെറിപ്പിച്ച് ഉയരുന്നു. തലമുടിയുലച്ച്, പരിസരം മറന്ന്‍ സ്വപ്ന സദൃശ്യമായ ചലനങ്ങളോടെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലൂടെ പുറത്ത് കാണപ്പെടുന്ന വശ്യമാദകത്വമിളക്കി, തലോടി…. അവള്‍ പാടി… പ്രണയത്തിന്‍റെ താപവും കിതപ്പും കാമത്തിന്‍റെ ഗ്രീഷ്മ സ്പര്‍ശവും ദിവ്യത്വവും നിറഞ്ഞ ഒരു ഗാനം…. ചേതോഹരമായ സുഖാനുഭൂതി അവളുടെ മുഖത്ത് നിറഞ്ഞു. രാഹുല്‍ മുമ്പോട്ട്‌ നടന്നു. അവളുടെ നേരെ. തീരത്ത് നിന്ന്‍ അയാള്‍ നദിയിലേക്കിറങ്ങി. കാലുകള്‍ വെള്ളത്തില്‍ തട്ടിയപ്പോള്‍ അയാള്‍ പെട്ടെന്ന് നിന്നു. തൊട്ടുമുമ്പില്‍ നില്‍ക്കുന്ന ദിവ്യയെ അയാള്‍ ഉറ്റുനോക്കി. പാട്ടിന്‍റെ ലഹരിനിറഞ്ഞ ഒരു വേള ദിവ്യ കണ്ണുകള്‍ തുറക്കുമ്പോള്‍ മുമ്പില്‍ രാഹുല്‍ നില്‍ക്കുന്നത് കണ്ടു.

അയാളുടെ കണ്ണുകള്‍ അവളുടെ കണ്ണുകളോടിടഞ്ഞു. അയാള്‍ തന്‍റെ കണ്ണുകളില്‍ എന്തോ തിരയുന്നത് അവള്‍ കണ്ടു. അയാള്‍ എന്തോ കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്തോ അന്വേഷിക്കുന്നു. തന്‍റെ ശരീരം അടിമുടിപൂത്തുലയുന്നതും തപഗ്രസ്തമാകുന്നതും അവള്‍ അറിഞ്ഞു. അവള്‍ പതിയെ മുഖം കുനിച്ചു. അല്‍പ്പം കഴിഞ്ഞ് മുഖമുയര്‍ത്തുമ്പോള്‍ അവള്‍ അയാളെ കണ്ടില്ല. *********************************************** രാഹുലിന്‍റെ മനസ്സ് നിറയെ ദിവ്യ മാത്രമായിരുന്നു. ഒരു പുരാവൃത്തത്തില്‍ വര്‍ണ്ണിക്കപ്പെട്ട അകാലമൃത്യുവടഞ്ഞ ഒരു യുവസന്ന്യാസിയുടെ പുനര്‍ജ്ജനിയാണോ താന്‍? കാലത്തിന്റെ തിരശീലകള്‍ക്കപ്പുറത്ത് തുടങ്ങി പൂര്‍ത്തിയാക്കപ്പെടാത്ത ഒരു പ്രണയ നാടകത്തിലെ ബാക്കിപത്രമാണോ തന്‍റെ ജന്മം? അയാള്‍ക്ക് ഉത്തരം കിട്ടിയില്ല. അല്ലെങ്കില്‍ ഒരു തപസ്വിയായ താന്‍ എന്തിനിവിടെ വന്നു? ഒരു തപസ്വിയുടെ പുനര്‍ജ്ജനി കാത്തുകഴിയുന്ന ഒരു പെണ്‍കുട്ടിയെ താന്‍ എന്തിന് കണ്ടു? അല്‍പ്പം മുമ്പ് നദീ തീരത്ത് വെച്ച് താന്‍ എന്തിന് അവളുടെ പാട്ട് പിന്തുടര്‍ന്നു? അവളുടെ സൌന്ദര്യത്താല്‍ താന്‍ എന്തിന് പ്രലോഭിതനായി? തന്‍റെ ബ്രഹ്മചര്യ ശക്തി ഇവളുടെ മുമ്പില്‍ മാത്രം എന്ത് കൊണ്ട് ദുര്‍ബലമാകുന്നു? കോബ്രാഹില്‍സിലേക്കുള്ള യാത്ര അയാളോര്‍ത്തു. സംഭവങ്ങളോരോന്നും. ഹൌ കുഡ് ഇറ്റ്‌ ബീ കോയിന്‍സിഡന്‍റ്റല്‍? അയാള്‍ സ്വയം ഉരുവിട്ടു. അല്‍പ്പം മുമ്പ് വരെ ദിവ്യ ഒരു നല്ല സുഹൃത്തിനെപ്പോലെയായിരുന്നു. അവളെക്കുറിച്ച് കേട്ടറിഞ്ഞത്, വായിച്ചറിഞ്ഞത്, അവളുടെ അസാമാന്യബുദ്ധിവൈഭവം, എല്ലാം തനിക്കവളെ ഗുരുശിഷ്യബന്ധത്തിനപ്പുറം നല്ലൊരു സുഹൃത്തായി കാണുന്നതിന് തടസ്സമായില്ല. എന്നാല്‍ പുതിയ സംഭവം എല്ലാ കാഴ്ച്ചപ്പാടുകളെയും മാറ്റിമറിക്കുന്നു. അവളുടെ കണ്ണുകളില്‍ കത്തിനിന്ന വികാരം! അതിപ്പോഴും തന്‍റെ മുമ്പിലുണ്ട്. അതിപ്രശസ്തമായ ഒരു രാജവംശത്തിലെ അവസാനത്തെ കണ്ണി. ഗണിതശാസ്ത്രത്തെ വിസ്മയിപ്പിക്കുന്നത്ര സമ്പത്തിന്‍റെ ഏക അവകാശി. അവള്‍ തന്നെപ്പോലെ ഒരു തപസ്വിയെയാണോ കാമിക്കുന്നത്? ജീവിത സഖിയാക്കാന്‍ കൊതിക്കുന്നത്? “എന്‍റെ അറിവില്‍ മെറ്റാഫിസിക്കലായ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായെങ്കിലും സംഭവിച്ചിട്ടുണ്ട്,” ഫാദര്‍ ഗബ്രിയേലിന്റെ ശബ്ദം രാഹുലിനെ ചിന്തയില്‍ നിന്നുമുണര്‍ത്തി. അപ്പോഴാണ്‌ അയാള്‍ക്ക് പരിസരബോധമുണ്ടാകുന്നത്. അദ്ദേഹം തന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കയാണ്. “മെറ്റാഫിസിക്കലെന്നു ഞാനുദ്ദേശിച്ചത് ദിവ്യയുടെ ഫാമിലി ലെജന്‍ഡ്. ഋതുപര്‍ണ്ണ. ശാന്തിദേവ്. ശാന്തിദേവിന്‍റെ അച്ഛന്റെ ശാപം. ശാപമനുസരിച്ചുള്ള ശാന്തിദേവിന്‍റെയും ഋതുപര്‍ണ്ണയുടെയും പുനര്‍ജ്ജനി. ഇവിടുത്തെ ചിലരുടെ നിരീക്ഷണങ്ങളനുസരിച്ചും എന്‍റെ കാഴ്ച്ചപ്പാടിലും ആ ശാപം പൂര്‍ണ്ണമായി…” രാഹുല്‍ ചോദ്യരൂപത്തില്‍ ഫാദര്‍ ഗബ്രിയേലിനെ നോക്കി. “ദിവ്യയാണ് ഋതു. ശാന്തിദേവ്…” അദ്ദേഹം രാഹുലിനെ ഒരു നിമിഷം നോക്കി. “….നിങ്ങളാണ്…മിസ്റ്റര്‍ രാഹുല്‍ നാരായണന്‍ ആ ശാന്തിദേവ്…!” “ഫാദര്‍..!” ഫാദര്‍ ഗബ്രിയേലിന്റെ കണ്ണുകളില്‍ നിന്ന്‍ രാഹുല്‍ നോട്ടം മാറ്റിയില്ല. അല്‍പ്പം കഴിഞ്ഞ് ഫാദര്‍ ഗബ്രിയേല്‍ പോയി. സംഘര്‍ഷഭരിതമായ ചിന്തകളോടെ രാഹുല്‍ കസേരയില്‍ തന്നെയിരുന്നു. വിയന്നയിലും പ്രാഗിലും സ്റ്റോക്ക്ഹോമിലും ചിക്കാഗോയിലും നോയിഡയിലും ബാംഗ്ളൂരിലും തന്‍റെ വാക്കുകള്‍ക്ക് കാത്തിരുന്ന പതിനായിരങ്ങളെ അയാള്‍ ഓര്‍ത്തു. പിന്നെ ചില പ്രത്യേക മുഖങ്ങള്‍ കടന്നുവന്നു. മാളവിക ഗുപ്ത, നിഷാ ഖന്ന, ജൂലിയാ മൂര്‍, സ്മിതാ ബാനര്‍ജി… പിന്നെ? അയാള്‍ ഏഞ്ചല്‍ രാജകുമാരിയെ ഓര്‍ത്തു. പെട്ടെന്ന് ഏഞ്ചല്‍ രാജകുമാരിയുടെ മുഖത്തിന്‍റെ സ്ഥാനത്ത് ദിവ്യയുടെ മുഖം കടന്നുവന്നു.

ദിവ്യാ രാജകുമാരി. ആ മുഖം മായാതെ മനസ്സില്‍ നില്‍ക്കുന്നു. പ്രണയ ദാഹമിറ്റുന്ന അവളുടെ നീള്‍മിഴികള്‍… കാമാവേശത്തിന്‍റെ അമൃതകണങ്ങളിറ്റുന്ന അധരം… ഇന്ദ്രിയങ്ങളില്‍ അഗ്നിസ്ഫോടനം നിറയ്ക്കുന്ന ശരീര കാന്തി…. എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്ന്‍ അവളുടെ സാന്നിധ്യം അസ്തമിക്കുന്നില്ല. അയാള്‍ കണ്ണുകള്‍ തുറന്നപ്പോള്‍ മുമ്പില്‍ ദിവ്യ നില്‍ക്കുന്നതാണ് കണ്ടത്. ആദ്യം അതൊരു സ്വപ്നമായിട്ടാണ് അയാള്‍ക്ക് തോന്നിയത്‌. അല്‍പ്പം ദൂരെ നിലാവില്‍ പുതഞ്ഞുനില്‍ക്കുന്ന പള്ളിയുടെ ഗോഥിക് പശ്ചാത്തലത്തില്‍ ചുവന്ന ചുരിദാറും ഷാളുമണിഞ്ഞ്, പുഞ്ചിരിച്ചുകൊണ്ട് അവള്‍ നില്‍ക്കുന്നു. അതൊരു സ്വപ്നമല്ല എന്ന്‍ തിരിച്ചറിയുന്നത്‌ വരെ അയാള്‍ അവളെ കണ്ണിമയ്ക്കാതെ നോക്കി. “ങ്ങ്ഹാ, ദിവ്യ,” അയാള്‍ എഴുന്നേറ്റു. “എന്ത് പറ്റി, സാര്‍?” അവള്‍ അകത്ത് കടന്നു. “ഏയ്‌…ഒന്നുമില്ല,” അവളുടെ കയ്യില്‍ ഒരു ടിഫിന്‍ കാരിയര്‍ അയാള്‍ കണ്ടു. അയാള്‍ക്ക് ഭക്ഷണം രാജശേഖര വര്‍മ്മയുടെ വീട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്, എന്നും. ജോലിക്കാരായിരുന്നു രാത്രിയിലെ ഭക്ഷണം ഇതുവരെ കൊണ്ടുവന്നിരുന്നത്. എന്നാല്‍ ആ പതിവ് തെറ്റിച്ചുകൊണ്ട് ഇന്ന്‍ ദിവ്യ തന്നെ അയാള്‍ക്ക് അത്താഴം കൊണ്ടുവന്നിരിക്കുന്നു. “സാര്‍, കൈ കഴുകൂ…വരൂ…ഞാന്‍ സെര്‍വ് ചെയ്യാം,” അവള്‍ കരിയറുമായി അകത്തേക്ക് പോയി. അയാള്‍ കയ്യും മുഖവും കഴുകി വന്നപ്പോഴേക്കും അവള്‍ ഡൈനിംഗ് ടേബിളില്‍ ഭക്ഷണം വിളമ്പി വെച്ച് കഴിഞ്ഞിരുന്നു. “ദിവ്യ കഴിച്ചുവോ?” ഭക്ഷണത്തിന് മുമ്പില്‍ ഇരുന്നുകൊണ്ട് രാഹുല്‍ ചോദിച്ചു. “ഇല്ല, ഞാന്‍ ചെന്നിട്ട് …ഡാഡീടേം മമ്മീടെം കൂടെ…” തൈര് നിറച്ച പാത്രം അടുപ്പിച്ചു വെച്ചുകൊണ്ട് അവള്‍ പറഞ്ഞു. “ഇപ്പോള്‍ ഭക്ഷണമൊന്നും കഴിക്കുന്നില്ല, സദാ സമയവും ഉപവാസമാണ് എന്നൊക്കെ കേട്ടു…” അയാള്‍ ചോദ്യ രൂപത്തില്‍ അവളെ നോക്കി. അയാളുടെ നോട്ടത്തെ അവള്‍ പുഞ്ചിരികൊണ്ട് നേരിട്ടു. അപ്പോഴും അയാള്‍ കണ്ടു അവളുടെ നീള്‍മിഴികളില്‍ പെരുകി നിറയുന്ന ദാഹം. അയാള്‍ കഴിക്കുന്നത് അവള്‍ നോക്കി നിന്നു. അയാള്‍ക്ക് വേണ്ട വിഭവങ്ങളൊക്കെ സമയാസമയം അവള്‍ വിളമ്പി. വിഭവങ്ങള്‍ പലതും അവള്‍ നിര്‍ബന്ധപൂര്‍വ്വം അയാളെ കഴിപ്പിച്ചു. അവസാനം ഒരു ചെറിയ സ്റ്റീല്‍ പാത്രത്തില്‍ നിറയെ പായസം അവള്‍ അയാളുടെ നേരെ നീട്ടി. “പായസമോ? എന്താ വിശേഷിച്ച്?” അത് രുചിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. “വിശേഷിച്ച് ഒന്നുമില്ല, സാര്‍,” “നന്നായിരിക്കുന്നു. തമ്പുരാട്ടിയോട് പറയണം,” “മമ്മിയല്ല ഉണ്ടാക്കിയത്,” “പിന്നെ?” “ഞാനാണ്,” നേരിയ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു. നോട്ടത്തില്‍ ഇപ്പോഴും അതേ ചൂട്. “ഉവ്വോ? വളരെ നന്നായിരിക്കുന്നു,” “സാറിന് ശരിക്കും ഇഷ്ടപ്പെട്ടോ?” പായസം കുടിച്ച് കഴിഞ്ഞ് വാഷ്ബേസിനിലേക്ക് കൈകഴുകുവാന്‍ രാഹുല്‍ നീങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.

“പിന്നെന്താ,” കൈകഴുകിക്കഴിഞ്ഞ് തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു. “ദിവ്യയ്ക്കിത്രയും നന്നായി പാകം ചെയ്യാനൊക്കെ അറിയുമായിരുന്നോ?” അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ തരളമിഴികളിലെ വികാരത്തിന്‍റെ നക്ഷത്രത്തിളക്കമേറി. “ഇനിയും ഞാനുണ്ടാക്കട്ടെ സാറിന് വേണ്ടി?” വാഷ്ബേസിനില്‍ പാത്രങ്ങള്‍ ഓരോന്നും കഴുകുന്നതിനിടയില്‍ അയാളുടെ മുഖത്ത് നോക്കി അവള്‍ ചോദിച്ചു. അവളുടെ ശബ്ദം താപഗ്രസ്തമായിരുന്നു. “അത് വേണ്ട ബുദ്ധിമ്മുട്ടാവും,” “തിരികെ കസേരയിലിരുന്ന് അയാള്‍ പറഞ്ഞു. “ഇല്ല,” നോട്ടം മാറ്റാതെ അവള്‍ പറഞ്ഞു. “ഞാനിനിയും അങ്ങേക്ക് വേണ്ടി ഭക്ഷണമുണ്ടാക്കും,” അവളുടെ സ്വരത്തിലൂറിക്കിടക്കുന്ന ഊഷ്മാവ് തന്നെ തോട്ടത് രാഹുല്‍ അറിഞ്ഞു. അവള്‍ പാത്രങ്ങള്‍ വൃത്തിയായി കഴുകി. എല്ലാം ഒരു ബാസ്ക്കറ്റില്‍ വെച്ചു. “…അങ്ങ് അനുവദിച്ചില്ലെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും…” ദിവ്യ കതകിന്‍റെ പടിയില്‍ നിന്ന്‍ അയാളെ നോക്കി. രാഹുല്‍ ജഗ്ഗില്‍ നിന്ന്‍ ഗ്ലാസ്സിലേക്ക്‌ വെള്ളമൊഴിച്ചു. പിന്നെ കുടിക്കാന്‍ തുടങ്ങി. “….കാരണം ….ഞാന്‍….” വികാര വിക്ഷോഭത്താല്‍ അവളുടെ മാറിടം ഉയര്‍ന്ന്‍ താഴുന്നത് അയാള്‍ കണ്ടു. “…ഞാന്‍ സാറിനെ …എനിക്ക് ….എന്‍റെ ജീവനെക്കാള്‍ ….എനിക്ക് ….ഇഷ്ടം ….ഇഷ്ടമാണ്….സ്നേഹമാണ് …..” രാഹുലിന്‍റെ മുഖം ഉയരുന്നതവള്‍ കണ്ടു. “…എനിക്കങ്ങയെ ….എനിക്ക് …വേണം …സ്വന്തമായി….” രാഹുല്‍ എഴുന്നേറ്റു. അയാളുടെ കണ്ണുകളിലെ വികാരമെന്തെന്ന് അവള്‍ക്ക് തിരിച്ചറിയാനായില്ല. പക്ഷെ ക്രമേണ അത് അവള്‍ക്ക് മുമ്പില്‍ ദൃശ്യമായി. അയാളുടെ കണ്ണുകളില്‍ അഗ്നിയിരമ്പുകയാണ്! ദഹിപ്പിക്കുന്ന ക്രോധാഗ്നി! “ഭക്ഷണമൂട്ടിയ കൈകളെ ശപിക്കാന്‍ വൈദികനാവില്ല,” ദൃഡതയാര്‍ന്ന വാക്കുകള്‍ അവള്‍ കേട്ടു. “പക്ഷെ ധാര്‍മ്മിക നിയമങ്ങളെ കീഴ്മേല്‍ മറിക്കാന്‍ ഭക്ഷണത്തിലൂടെപ്പോലും തന്ത്രങ്ങള്‍ തേടുന്ന നിനക്ക് മാപ്പ് തരാനും എനിക്ക് കഴിയുന്നില്ല. ഒന്ന്‍ മാത്രം ..ഒരുകാര്യം മാത്രം ഞാന്‍ നിന്നോട് പറയുന്നു…” അയാള്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി. “നീ വന്ന വഴിയാണിത്,” കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങളോടെ അയാള്‍ തുടര്‍ന്നു. “തിരിച്ചു പോവുക! ഇനിയൊരിക്കലും ഇവിടെ വരാതിരിക്കാന്‍! എന്നെ കാണാതിരിക്കാന്‍!” അയാളുടെ കണ്ണുകളിലെ അഗ്നി നക്ഷത്രങ്ങളിലെ അപാരപ്രഭയെ നേരിടാനാവാതെ ദിവ്യ മുഖം കുനിച്ചു.

Comments:

No comments!

Please sign up or log in to post a comment!