യക്ഷയാമം 25

മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു. കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിക്ക് ചുറ്റും വട്ടംചുറ്റിനിന്നു.

“ഓം ചാമുണ്ഡായേ നമഃ ഓം ചണ്ടിയായേ നമഃ ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “

കൃഷ്ണമൂർത്തിയദ്ദേഹവും സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു.

ആരോ തന്നെ പിന്നിൽനിന്നും വലിക്കുന്നപോലെ തോന്നിയ സീത വളരെ ശക്തിയിൽ മുന്നോട്ടാഞ്ഞു.

മഹായാമം കഴിയുമ്പോഴേക്കും അനിയുടെ ശരീരത്തിൽനിന്നും ആത്മാവിനെ വേർത്തിരിക്കണമെന്ന ഒറ്റ ചിന്തയിൽ അവൾ അനിയെയും എടുത്ത് അന്തരീക്ഷത്തിലേക്കുയർന്നു. അനി നിലവിളിച്ചെങ്കിലും ശബ്ദം പുറത്തേക്കുവന്നില്ല.

അരളിപ്പൂക്കളും തെച്ചിപ്പൂകളും ഉപയോഗിച്ച് ദേവിക്ക് അർച്ചനനടത്തി. ശുക്രൻ, രാഹു, കേതു , ബുധൻ, ശനി, വ്യാഴം, സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നീഗ്രഹങ്ങൾക്ക് പീഠം വച്ച് നിലവിളക്കും കർപ്പൂരവും കത്തിച്ച് പ്രത്യേക പൂജയും കഴിപ്പിച്ചു. ശേഷം സുദർശന മന്ത്രം പതിനായിരത്തിയെട്ടു തവണ ജപിക്കാൻ തുടങ്ങി.

മന്ത്രം ജപിച്ചു കഴിയുമ്പോഴേക്കും ഇര മുന്നിൽ കീഴടങ്ങുമെന്ന് തിരുമേനിക്ക് അറിയാമായിരുന്നു

നേരത്തെകൊണ്ടുവന്ന സച്ചിദാനന്ദന്റെ ആത്മാവിനെ ബന്ധിച്ച ഇരുമ്പാണിയെ നോക്കി ഗൗരി മിഴിനീർക്കണങ്ങൾ പൊഴിച്ചു.

“അമ്മൂ, അവസാനമായി നിക്കൊന്ന് കാണണം മാഷിനെ.” ഒഴുകിവരുന്ന മിഴിനീർക്കണങ്ങളെ ഗൗരി കവിൾതടത്തിൽവച്ചുകൊണ്ട് തന്റെ വിരലുകളാൽ തുടച്ചുനീക്കി.

സച്ചിദാനന്ദന്റെ വേർപാടിൽ നൊന്ത് അമ്മ നിലത്തിരുന്നുകൊണ്ട് നാക്കിലയിൽവച്ച തന്റെ മകന്റെ ആത്മാവിനെനോക്കി ഗദ്ഗദത്തോടെയിരുന്നു.

ഘോരമായ ശബ്ദത്തോടെ വിണ്ണിൽനിന്നും ഇടിയും മിന്നലും ഒരുമിച്ച് ഭൂമിയിലേക്കിറങ്ങിവന്നു.

തിരുമേനി ഹോമകുണ്ഡത്തിലേക്ക് എള്ളും നെയ്യും ഒരുമിച്ച് അർപ്പിച്ചപ്പോൾ അന്തരീക്ഷത്തിൽ നിൽക്കുകയായിരുന്ന സീതയും അനിയും ഉടനെ താഴേക്കുവീണു. നിലത്തുവീണ അനിയുടെ ശിരസിന്റെ പിൻഭാഗം ഒരു ശിലയിൽ ചെന്നടിച്ച് രക്തം വായിൽകൂടെ പുറത്തേക്കുതള്ളി.

“സീതേ..മതി, ഇവിടെ വരൂ,” ഹോമാഗ്നിയിലേക്കുനോക്കിക്കൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം സീതയോട് കൽപ്പിച്ചു.

“ഇല്ല, എനിക്കിവന്റെ രക്തംവേണം” നിലത്തുകിടന്ന് ചോരഛർദ്ദിക്കുന്ന അനിയെനോക്കി അവൾ പറഞ്ഞു.

“അവനെ വധിക്കാൻ ഇനി നിനക്കുകഴിയില്ല. അധികം വൈകാതെ ഭഗവാൻ വിഷ്ണുവിന്റെ സുദർശനചക്രം നിനക്ക് ദർശിക്കാൻ കഴിയും. അതുനിന്നെ ഭസ്മമാക്കുന്നതിനുമുൻപേ നീ സ്വമേധയാ തിരികെ വരുക.



തിരുമേനി വീണ്ടും ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചുകൊണ്ട് പറഞ്ഞു.

സീത കരങ്ങൾകൊണ്ട് ശക്തമായി നിലത്തടിച്ചു.

ഉടനെ ആളിക്കത്തുന്ന ഹോമകുണ്ഡത്തിലെ അഗ്നിയെ അണക്കുംവിധം ശക്തമായ കാറ്റ് കീഴ്ശ്ശേരിയിലേക്ക് ഒഴുകിയെത്തി.

“ശങ്കരാ, ദുഷ്ട്ടശക്തികളെ തടഞ്ഞു നിർത്തൂ…” ഒറ്റശ്വാസത്തിൽ കൃഷ്ണമൂർത്തിതിരുമേനി മുഖത്തേക്കുനോക്കാതെ പറഞ്ഞു.

“ജ്യോതിർമാത്ര സ്വരൂപായ നിർമലജ്ഞാന ചക്ഷുഷേ നമഃ ശിവായ ശാംതായ ബ്രാഹ്മണേ ലിംഗമൂർതയേ”

“ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ”

സംഹാരരൂപനായ ആദിശങ്കരനെ ധ്യാനിച്ചുകൊണ്ട് പീഠത്തിൽ നിന്നും ശങ്കരൻ തിരുമേനി എഴുന്നേറ്റ് ശക്തമായ കാറ്റുവരുന്ന ദിക്കിലേക്ക് തിരിഞ്ഞുനിന്നു.

വൈകാതെ ഒഴുകിയെത്തിയ കാറ്റ് വൃത്താകൃതിയിൽ തിരുമേനിക്ക് മുൻപിൽ ഒരു നിശ്ചിത അകലം പാലിച്ചുകൊണ്ട് നിന്നു.

കൈയ്യിൽ കരുതിയ ഭസ്മമെടുത്ത് തിരുമേനി അന്തരീക്ഷത്തിലേക്ക് കുടഞ്ഞു.

“ഹോമത്തെ തടസ്സപ്പെടുത്താൻ നിനക്ക് കഴിയില്ല്യ സീതേ.. അനുസരണയോടെ നീയിവിടെ വരിക, “

കാറ്റിനെനോക്കി തിരുമേനി പറഞ്ഞു.

നിലത്തുവീണ അനി പതിയെ കൈകുത്തിയെഴുന്നേറ്റു. അതുകണ്ട സീത നിലം സ്പർശിക്കാതെ അനിയുടെ അടുത്തേക്ക് ഒഴുകിയെത്തി.

അവളെകണ്ടതും അനി പിന്നിലേക്ക്, പിന്നിലേക്ക് ചുവടുവച്ചു.

“എന്നെ കൊല്ലരുത്.. മാപ്പ്, ചെയ്തതെറ്റിന് മാപ്പ്.” കൈകൾകൂപ്പി അനി തൊഴുത്തുനിന്നു.

“ഹഹഹ..” സീത ആർത്തട്ടഹസിച്ചു.

” പ്രാണപ്രിയനുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടുനടന്ന എന്നിലേക്ക് ഞാനറിയാതെ എന്റെ ബോധമണ്ഡലത്തെ മറച്ച്, ദുഷ്ട്ടകർമ്മങ്ങൾ ചെയ്ത് അവസാനം എന്റെ ശരീരം പച്ചക്കു ഭക്ഷിച്ചവനാണ് നീ, അതിന് ഞാൻ നിനക്ക് മാപ്പുതരണോ? എന്നെക്കാളേറെ ഞാൻ സ്നേഹിച്ച എന്റെ മാഷിനെ പിതൃലോകത്തേക്കുപറഞ്ഞയക്കാൻ കൂട്ടുനിന്നതിന് ഞാൻ മാപ്പുതരാണോ.? വീണ്ടും മാർത്താണ്ഡന്റെ ഷോഡസപൂജക്ക് ഇരയാക്കാൻ നീ കണ്ടെത്തിയ ഗൗരിയെ അയാൾക്കുവേണ്ടി എത്തിച്ചുകൊടുത്തിന് നിനക്ക് മാപ്പുതരാണോ.? നിന്റെ കാമവികാരം തീർക്കാൻ നിരവധിപെണ്കുട്ടികളെ നശിപ്പിച്ചതിന് നിനക്കുമാപ്പുതരാണോ.? ഇല്ലാ… നിനക്ക് മാപ്പില്ലാ…”

അപ്പോഴേക്കും പടർന്നുപന്തലിച്ച വൃക്ഷത്തിന്റെ വേരിൽതട്ടി അനി നിലത്തുവീണിരുന്നു. തിരുമേനിയുടെ മന്ത്രങ്ങൾക്കു മുൻപിൽ പിടിച്ചുനിൽക്കാൻ സീത അല്പം ബുദ്ധിമുട്ടി.

നിലത്തുവീണുകിടക്കുന്ന അനിയുടെ അടുത്തേക്ക് ഒഴുകിയെത്തികൊണ്ട് സീത അയാളുടെ അരികിൽ ഇരുന്നു.


പതിയെ അയാളുടെ രോമങ്ങൾ തിങ്ങിനിൽക്കുന്ന നെഞ്ചിലൂടെ തന്റെ കൈവിരലുകൊണ്ട് ഒരു മയിൽപ്പീലിപോലെ തടവി.

സീതയുടെ സ്പർശനത്തിൽ ശ്വാസം നിലച്ചതുപോലെതോന്നിയ അനി പതിയെ മിഴികളടച്ചു. നിമിഷനേരംകൊണ്ട് അവളുടെ മൂർച്ചയുള്ള നഖങ്ങൾ അനിയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി. വേദനകൊണ്ട് അയാൾ പിടഞ്ഞു. ശക്തമായ കാറ്റ് അപ്പൂപ്പൻക്കാവിനുള്ളിലേക്ക് പാഞ്ഞെത്തി. നിതംബത്തിനൊപ്പം നിൽക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ പാറിനടന്നു.

കാട്ടുവള്ളികളിൽ ചുറ്റികിടക്കുന്ന നാഗങ്ങൾ ശിൽക്കാരം മീട്ടി അനിയെ നോക്കുന്നുണ്ടായിരുന്നു കരിയിലയിലൂടെ ശബ്ദമുണ്ടാക്കാതെ ഒരു കരിമ്പൂച്ച നടന്നുവന്ന് മലന്നുകിടക്കുന്ന അനിയുടെ മുഖത്തേക്കുനോക്കികൊണ്ട് അല്പനേരം അവിടെ നിന്നു.

ഒറ്റനോട്ടത്തിൽതന്നെ കരിമ്പൂച്ചയെകണ്ട അനി മരണവേദനയിലും ഭയന്നുവിറച്ചു. നെറ്റിൽ ഒരുകണ്ണുമാത്രമുണ്ടായിരുന്ന അതിന്റെ വായിൽനിന്നും കൊഴുത്ത ദ്രാവകം ഒഴുകി അയാളുടെ മുഖത്തേക്ക് ഇറ്റിവീണ് പതിയെ വായിലേക്ക് ഒലിച്ചിറങ്ങി.

കാട്ടുവള്ളിയിൽ തൂങ്ങിക്കിടക്കുന്ന നാഗങ്ങൾ അനിയുടെ അരികിലേക്ക് ഇഴഞ്ഞെത്തി.

നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ സീതയുടെ കൈകൾ തിരിച്ചെടുക്കുമ്പോൾ കൈനിറയെ രക്തത്തിന്റെ കറ പറ്റിയിരുന്നു. നെഞ്ചുപിളർന്ന് ഹൃദയത്തെ അവൾ കൈക്കുമ്പിളിൽ വച്ചുകൊണ്ട് ആർത്തട്ടഹസിച്ചു.

സീതയുടെ കൈകളിൽ അനിയുടെ ഹൃദയംകിടന്ന് പിടക്കുന്നുണ്ടായിരുന്നു.

സർവ്വശക്തിയെടുത്ത് അവൾ ആ ഹൃദയത്തെ വലതുകൈയ്യിൽവച്ചുഞെരിച്ചു. ഉടനെ അവശേഷിക്കുന്ന ജീവനും അനിയുടെ ശരീരത്തിൽനിന്നും പിൻവാങ്ങി

അവൾക്കുചുറ്റുംവന്നിരുന്ന ശവംതീനി കഴുകന്മാർ അടഞ്ഞുകിടക്കുന്ന അനിയുടെ കണ്ണുകൾ കൊത്തിപ്പറിച്ചു. ചുടു രക്തത്തിന്റെ ഗന്ധം ഒഴുകിയതോടെ സമീപത്തുള്ള മറ്റുജീവികളും ഓടിയെത്തി.

പതിനായിരത്തെട്ടു തവണ മഹാസുദർശന മന്ത്രം ജപിച്ചു കഴിഞ്ഞപ്പോഴേക്കും സീതയുടെ ശക്തിക്ഷയിച്ചുതുടങ്ങി.

കൃഷ്ണമൂർത്തിയദ്ദേഹം പലതവണ വിളിച്ചിട്ടും തിരികെ വരാൻ വിസമ്മതിച്ച സീതയെ അവളുടെ അമ്മയെയും അച്ഛനെയും കളത്തിലിരുത്തി വീണ്ടും ഇരയെ വിളിച്ചു.

വൈകാതെ കിഴക്കുനിന്ന് മഞ്ഞനിറത്തിലുള്ള ഒരു പ്രകാശം അവളെ ആവരണം ചെയ്ത് പതിയെ അന്തരീക്ഷത്തിലേക്ക് ഉയർത്തി.

ശങ്കരൻതിരുമേനി ഹോമകുണ്ഡത്തിലേക്ക് മന്ത്രങ്ങൾ ജപിച്ചുകൊണ്ട് ഓരോ തവണയും നെയ്യ് അർപ്പിച്ചു.

വീണ്ടും ശക്തമായ കാറ്റ് കീഴ്ശ്ശേരിയിലേക്ക് ഒഴുകിയെത്തി.

“മ്, അവൾ വീണ്ടും….
” ശങ്കരൻതിരുമേനിയെ പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ കൃഷ്ണമൂർത്തിയദ്ദേഹം തടസപ്പെടുത്തി.

“വേണ്ടാ, അവളിപ്പോൾ വരും.”

തിരുമേനി പറഞ്ഞുതീരും മുൻപേ വിണ്ണിൽ ഒരു ജ്വാല പ്രത്യക്ഷപ്പെട്ടു. ഉടനെ എല്ലാവരും അങ്ങോട്ടുനോക്കി.

“സീത” അമ്മു അവളെ കണ്ടയുടനെ പറഞ്ഞു.

“ഇവിടെ?” ഗൗരി വിണ്ണിലേക്ക് സൂക്ഷിച്ചുനോക്കി.

പതിയെ ജ്വാലയണഞ്ഞ് സീതയുടെ ശിരസിന് മുകളിൽ ഒരു ചക്രമായി നിന്നു.

“ഭഗവാനെ നാരായണാ..” ശങ്കരൻതിരുമേനി തൊഴുത്തുനിന്നു.

സീതയെ കണ്ടയുടനെ അമ്മ യശോദ വാര്യരുടെ മാറിലേക്ക് ചാഞ്ഞുവീണ് മകളുടെ വിധിയോർത്ത് തെങ്ങിക്കരഞ്ഞു.

അനിയെ തിരഞ്ഞുനടന്ന രാമനും സഹായികളും അപ്പൂപ്പൻക്കാവിൽവച്ച് അയാളുടെ മൃതദേഹംകണ്ട് മുഖം തിരിച്ചു.

നെഞ്ചുപിളർന്ന് കുടലുകളെല്ലാം നിലത്ത് പരന്നു കിടക്കുന്നുണ്ടായിരുന്നു. ഉടനെ രാമൻ തന്റെ ഉടുതുണി ഊരിയെടുത്ത് അനിയുടെ മൃതദേഹം പൊതിഞ്ഞെടുത്ത് തിരികെ നടന്നു.

“കഴിഞ്ഞില്ലേ നിന്റെ പ്രതികാരം, ഇനി മടങ്ങിക്കോളൂ”

വഴകോളകൊണ്ട് നിർമ്മിച്ച കളത്തിലേക്ക് അവളെ തിരുമേനി ക്ഷണിച്ചു.

“ഞാൻ പോകുന്നില്ല, എനിക്ക് ഇവിടെ നിൽക്കണം,”

“സാധ്യമല്ലാ…ഒരാത്മാവിന് ഭൂമിയിൽ സ്ഥാനമില്ല, നിനക്കുള്ള കർമ്മങ്ങളൊക്കെയും ചെയ്ത് നിന്റെ ആത്മാവിന് ശാന്തികൊടുത്തിട്ടാണ് ഇവിടെനിന്ന് പറഞ്ഞയക്കുന്നത് ” വിണ്ണിൽ നിൽക്കുന്ന സീതയെനോക്കി തിരുമേനി പറഞ്ഞു.

“എന്റെ അച്ഛൻ, അമ്മ, എന്റെ മാഷിന്റെ അമ്മ.അവർക്ക് ആരുമില്ല.”

സീതയുടെ വാക്കുകൾക്ക് പ്രസക്തി നൽകാതെ തിരുമേനി ഹോമകുണ്ഡത്തിലേക്ക് നെയ്യും, ദുർഗ്ഗാ ദേവിക്ക് ചുവന്നപൂക്കളും വെളുത്ത പൂക്കളും അർപ്പിച്ച് സീതയെ ആവാഹിക്കാൻ തയ്യാറായി നിന്നു.

“ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം ഖഡ്ഗം ഖേട കപാല ദാരുക ശിര: കൃത്വാ കരാഗ്രേ ഷുച ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം…..”

മന്ത്രങ്ങൾ ജപിച്ച് ആവാഹന മുദ്രകാണിച്ചപ്പോൾ സീത താഴേക്കിറങ്ങിവന്ന് നവഗ്രഹങ്ങൾക്ക് തയ്യാറാക്കിയ കളത്തിനരികിൽ ചെന്നുനിന്നു.

ഉടനെ അമ്മുവും ഗൗരിയും കളത്തിനരികിലേക്കുവന്നു.

“ഗൗരി.. ഇനികാണുമെന്നറിയില്ല. നീ കാരണം, നീ കാരണംമാത്രമാണ് ഇന്നെനിക്ക് എല്ലാവരെയും കാണാൻ കഴിഞ്ഞത്. ഒരു വിഷമം മാത്രമേയുള്ളൂ, എന്റെ മാഷ്…” സീതയുടെ കണ്ണിൽ നിന്നും രക്തത്തുള്ളികൾ അടർന്നുവീണു.

“കണ്ടുകൊതിതീർന്നില്ല.
. അടുത്തജന്മത്തിലെങ്കിലും….”

“മ്… വേഗം, ബ്രഹ്മയാമം തുടങ്ങുന്നതിന് മുൻപേ നീ പോകണം സീതേ, ഇനിയധികം സമയമില്ല.” പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ കൃഷ്ണമൂർത്തിയദ്ദേഹം പറഞ്ഞു.

തളർന്നിരിക്കുന്ന അമ്മമാരെ നോക്കിക്കൊണ്ട് അവൾ കൈകൾകൂപ്പി.

“മുത്തശ്ശാ, നിക്ക് സച്ചിമാഷിനെ കാണണംന്നുണ്ട്.”

ശങ്കരൻതിരുമേനിയുടെ അടുത്തേക്ക് വന്നിരുന്നുകൊണ്ട് ഗൗരി ചോദിച്ചു.

“സാധ്യമല്ല മോളെ. ആവഹിക്കുന്നതിനുമുൻപാണെങ്കിൽ കാണാമായിരുന്നു ഇനിയിപ്പോൾ പറ്റില്ല.”

ഗദ്ഗദത്തോടെ അവൾ എഴുന്നേറ്റു.

നാക്കിലയിൽ വെള്ളിത്തകിടുകൊണ്ട് നിർമ്മിച്ച സ്ത്രീരൂപത്തിലേക്ക് കൃഷ്ണമൂർത്തിയദ്ദേഹം സീതയെ ആവാഹിക്കാൻ തയ്യാറായി നിന്നു.

കൈകൾ മുകളിലേക്കുയർത്തി ദേവിയെ സ്തുതിച്ചുകൊണ്ട്.

തിരുമേനി മന്ത്രങ്ങൾ ജപിക്കാൻ തുടങ്ങി. കൂട്ട മണിയടിയുടെയും നാമജപങ്ങളുടെയും ശബ്ദം ചുറ്റിലും പരന്നു. അമ്മുവും ഗൗരിയും കൈകൾകൂപ്പി പ്രാർത്ഥനയിലാണ്ടു.

കർപ്പൂരത്തിന്റെയും എള്ളിന്റെയും ഗന്ധം പ്രകൃതിയിലേക്ക് ലയിച്ചുചേർന്നു.

പതിയെ സീത വെളുത്തപുകയായി മാറാൻ തുടങ്ങിയതോടെ അവളുടെ അമ്മ തേങ്ങിതേങ്ങിക്കരഞ്ഞു.

വെള്ളികൊണ്ട് നിർമ്മിച്ച സ്ത്രീരൂപത്തിലേക്ക് സീതയെ പൂർണ്ണമായും ആവാഹിച്ചു.

“ശങ്കരാ, സച്ചിദാനന്ദനെകൂടെ..”

“മ്..” ശങ്കരൻ തിരുമേനി സച്ചിദാനന്ദനെ ആവാഹിച്ച ആണിയിൽനിന്നും അയാളെ പുരുഷരൂപത്തിലേക്ക് ആവാഹിച്ചു.

ഒരു കാഴ്ച്ചക്കാരിയെപോലെ ഗൗരി നോക്കിനിന്നു.

ചുവന്ന പട്ടിലേക്ക് സീതയെയും സച്ചിദാനന്ദനെയും ആവാഹിച്ചെടുത്ത രൂപങ്ങൾ വച്ചു. ഒരുമിച്ചുജീവിക്കാൻ കഴിയാതെ ഒരുമിച്ച് മരിച്ചു, ഇപ്പോൾ ആത്മാക്കളും ഒരുമിച്ച് യാത്രയാകുന്നു ദീർഘശ്വാസമെടുത്ത് തിരുമേനി പീഠത്തിലിരുന്നു.

“തിരുമേനി..” പടിപ്പുരയിൽ നിന്നുകൊണ്ട് രാമൻ വിളിച്ചു.

ശങ്കരൻതിരുമേനി ചെന്നുനോക്കുമ്പോൾ വെള്ളമുണ്ടിൽ പൊതിഞ്ഞ അനിയുടെ മൃതദേഹവുമായി നിൽക്കുകയായിരുന്നു രാമൻ.

“അവള് എടുത്തു ലേ… മ്,

വിധിയെ തടുക്കാനാവില്ല രാമാ..”

“ബോഡി….?”

“ബന്ധുക്കൾക്ക് വിട്ട് കൊടുക്കൂ.. “

“ശരി..” രാമനും സഹായികളും മൃതദേഹംചുമന്ന് തിരിഞ്ഞു നടന്നു. അല്പം മുന്നോട്ട് നടന്നയുടനെ തിരുമേനി പിന്നിൽനിന്നും വീണ്ടും വിളിച്ചു.

“രാമാ, അവർക്ക് ബുദ്ധിമുട്ടില്ല്യാചാ… ഐവർമഠത്തിലേക്ക് കൊണ്ടുപോകാം.

“ഉവ്വ്…”

ബ്രഹ്മയാമം തുടങ്ങുന്നതിന് മുൻപേ ആവാഹനകർമ്മം പൂർത്തീകരിച്ചു. ബ്രഹ്മപുരം ശിവക്ഷേത്രത്തിൽ നിന്നും ദേവഗീതങ്ങൾ ഒഴുകിയെത്തി. തണുത്തകാറ്റും കിളികളുടെ കലപില ശബ്ദവും ചുറ്റിലും പരന്നു.

കൃഷ്ണമൂർത്തിതിരുമേനി ദേവിയെ സ്രാഷ്ടാങ്കംവീണ് നമസ്കരിച്ചു.

“ശങ്കരാ വണ്ടി തയ്യാറാക്കൂ..” നിലത്തുനിന്ന് എഴുന്നേറ്റ് തിരുമേനി പറഞ്ഞു.

കൃഷ്ണമൂർത്തിയദ്ദേഹത്തിന്റെ നീലകളർ ബെൻസും ശങ്കരൻ തിരുമേനിയുടെ കറുത്ത അംബാസിഡർ കാറും തയ്യാറായി നിന്നു.

ആവാഹനകർമ്മത്തിൽ പങ്കെടുത്ത 7 പേരും രണ്ടു കറുകളിലായി പാമ്പാടിയിലെ ഐവർമഠത്തിലേക്ക് സീതയെയും സച്ചിദാനന്ദനെയും ആവാഹിച്ചെടുത്ത ആൾരൂപങ്ങളുമായി യാത്രതിരിച്ചു.

അനിയുടെ വീട്ടുകാർ അയാളുടെ മൃതദേഹവുമായി അവർക്ക് പിന്നാലെ ഐവർമഠത്തിലേക്ക് പോയി.

വൈകാതെ പാമ്പാടിയിലെത്തിയ അവർ 7 പേരും ഭാരതപ്പുഴയിലേക്കിറങ്ങി മുങ്ങിനിവർന്നു. ശേഷം ആവാഹിച്ചെടുത്ത ആൾരൂപങ്ങൾ ഒഴുക്കിവിടാൻ പുറത്തേക്കെടുത്തയുടനെ വിണ്ണിൽ കാർമേഘങ്ങൾ പ്രത്യക്ഷപ്പെട്ടു.

“ശ്രീ ദുർഗ്ഗാദേവിയെ മനസിൽ ധ്യാനിച്ചുകൊണ്ട് ഒഴുക്കിക്കോളൂ”

കൃഷ്ണമൂർത്തിയദ്ദേഹത്തിന്റെ നിർദേശപ്രകാരം സീതയുടെയും സച്ചിദാനന്ദന്റെയും ആത്മാവിനെ ഭാരതപുഴയിലേക്ക് ഒഴുക്കിവിട്ടു. അപ്പോഴേക്കും മഴ വലിയ തുള്ളികളായി പെയ്യാൻ തുടങ്ങി.

“ശുഭം” കൃഷ്ണമൂർത്തിയദ്ദേഹം പറഞ്ഞു.

പുഴയിലെ ഓളങ്ങൾക്കനുസരിച്ച് ആൾരൂപങ്ങൾ ഒഴുകിപോകുന്നത് ശങ്കരൻ തിരുമേനി കണ്മറയുംന്നതുവരെ നോക്കിനിന്നു.

“ഒരു ജീവിതത്തിന്റെ പര്യവസാനം” ദീർഘശ്വാസമെടുത്തുകൊണ്ട് തിരുമേനി പറഞ്ഞു.

തിരിച്ച് കീഴ്ശ്ശേരിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് മുറ്റത്ത് വെളുത്ത നിറത്തിൽ കൊച്ചി റെജിസ്ട്രഷനുള്ള ബി എം ഡബ്ല്യൂ കാർ കിടക്കുന്നതുകണ്ടത്.

ഉമ്മറത്തേക്ക് കയറിച്ചെന്നയുടനെ പിന്നിലൂടെ രണ്ടുകൈകൾ വന്ന് ശങ്കരൻ തിരുമേനിയെ വരിപ്പുണർന്നു.

“അച്ഛാ…”

“ഗണേശൻ… നീയെന്താ ഒരു മുന്നറീപ്പുമില്ലാതെ..”

“ഞാൻ ബാംഗ്ളൂർക്ക് പോണവഴിയാ, ഇത്തവണ കാറിലാക്കാന്നു കരുതി. പിന്നെ മോള് ഇവിടെയല്ലേ, അവളേം കൂട്ടാലോ, ഇപ്പോഴും പൂജയും കർമ്മങ്ങളുമൊക്കെ നടക്കുന്നുണ്ട് ലേ..”

“ശങ്കരാ, ന്നാ ഞാനങ്ങോട്ട്…” കൃഷ്ണമൂർത്തിയദ്ദേഹം യാത്രപറഞ്ഞു.

“ഉച്ചഭക്ഷണം കഴിച്ചിട്ട്…”

“ഇല്ല്യാ, നിൽക്കുന്നില്ല്യ , തിരുന്നാവായിലെത്തണം. ഇപ്പപോയാലെ ഉച്ചയാകുമ്പോഴേക്കും അങ്ങെത്തു.”

“ഉവ്വ്…വൈകാതെ ഞാൻ അങ്ങട് വരാം”

ഗണേശൻ മൂർത്തിയദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി.

“ഒരുപാട് നാളായി കുട്ടിനെ കണ്ടിട്ട്, മോളെ കണ്ടു മിടുക്കിയാ, ജോലിന്ന് വച്ചുനടക്കാതെ ഇടക്കൊക്കെ ഇവിടെ വന്നുപോണം കേട്ടോ..” “ഉവ്വ് ” തിരുമേനിയെ യാത്രയയച്ചുകൊണ്ട് ഗണേശൻ അകത്തേക്കു കയറി.

ഉടനെ തിരിച്ചുപോകണം എന്നുകരുതിയ ഗണേശനെ തിരുമേനി തടഞ്ഞുവച്ചു.

“പോയികഴിഞ്ഞാ ഗൗര്യേച്ചി ഇനിയെന്നാ വാര്യാ..” സങ്കടത്തോടെ അമ്മുചോദിച്ചു.

“ന്റെ കാന്തരിയെകാണാൻ ഞാൻ ഒരൂസം വരും അന്ന് നിന്നേം കൊണ്ടുപോകും ബാംഗ്ളൂർക്ക് “

സാധനങ്ങളൊക്കെ പെറുക്കിവക്കുന്നതിനിടയിൽ സീതയെഴുതിയ ഡയറി അവൾ അവിടെയൊക്കെ തിരഞ്ഞു. പക്ഷെ കണ്ടില്ല.!

“അമ്മൂ, ആ പുസ്തകമെവിടെ?”

“ഏത്…”

“ഹാ, സീതയെഴുതിയ ഡയറി..”

“അത് അലമാരയിൽ ണ്ടല്ലോ..”

വാതിൽതുറന്ന് അലമാരയിൽ വച്ച പുസ്തകം ഗൗരിക്കുനേരെ നീട്ടി.

“ഹോ…കാണാണ്ടായപ്പോൾ ഞാൻ പേടിച്ചു.”

പുസ്തകത്താളുകൾ മറിച്ചുനോക്കിയ ഗൗരി വെപ്രാളപ്പെട്ട് വീണ്ടും നോക്കി..

“ഇതിൽ…ഇതിലുള്ള വരികളൊക്കെ എവിടെ?”

അദ്‌ഭുതത്തോടെഗൗരി ചോദിച്ചു.

പെൻസിൽകൊണ്ട് സീത വരച്ച സച്ചിമാഷിന്റെ പടം ഓരോ ഏടുകൾ മറിച്ചു നോക്കിയിട്ടും അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. സങ്കടവും കണ്ണുനീരും ഒരുമിച്ചായിരുന്നു വന്നത്.

“നിയിപ്പ അതൊന്നും ആലോചിക്കേണ്ട ഗൗര്യേച്ചി, നാളെ രാവിലെ പോണ്ടതല്ലേ, “

“എന്നാലും.. ഇനിയെനിക്ക് കാണാൻ പറ്റോ അവരെ?”

“പിന്നെ മോൾക്ക് കാണാലോ..” മുറിയിലേക്ക് കയറിവന്ന ശങ്കരൻതിരുമേനിയാണ് ഗൗരിയുടെ ചോദ്യത്തിന് ഉത്തരം നൽകിയത്.

“ഇനി ‘യക്ഷയാമ’ത്തിൽ മോൾടെ സ്വപ്നങ്ങളിലേക്ക് അവർ വരും. അനുഗ്രഹങ്ങളുമായി..”

“മുത്തശ്ശാ..” സങ്കടം സഹിക്കവയ്യാതെ അവൾ തിരുമേനിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.

പിറ്റേന്ന് രാവിലെ തന്റെ ലെഗേജും മറ്റും എടുത്ത് ഗൗരി യാത്രപറഞ്ഞു.

അംബികചിറ്റയെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു. നിറമിഴികളോടെ ചിറ്റ അവളുടെ നെറുകയിൽതലോടി അനുഗ്രഹിച്ചു.

“രാമാ, ഇതൊന്നെടുത്തു വക്കൂ…”

രാമനെ നോക്കി തിരുമേനി പറഞ്ഞു. ഗൗരിയുടെ കൈയ്യിൽനിന്നും ബാഗുവാങ്ങി രാമൻ കാറിന്റെ ഡിക്കിൽ വച്ചു.

“അമ്മൂ… പോയിട്ട് വരാം. ഐ വിൽ മിസ്സ് യൂ..”

നിറഞ്ഞൊഴുകിയ മിഴിനീർക്കണങ്ങൾ തുടച്ചുകൊണ്ട് ഗൗരി അവളെ കെട്ടിപിടിച്ചു.

“കുറച്ചു ദിവസമാണെങ്കിലും ഒരു മനസും രണ്ട് ശരീരവുമായി നടന്നതല്ലേ വിഷമം ണ്ടാവും.” തിരുമേനി പറഞ്ഞു.

“ഗണേശാ സൂക്ഷിച്ചുപോണം..”

“ഉവ്വച്ഛാ..” അച്ഛന്റെ അനുഗ്രഹം വാങ്ങി അയാൾ കാർ സ്റ്റാർട്ട് ചെയ്തു.

മുന്നിലെ ഡോർ തുറന്ന് ഗൗരി അകത്തേക്ക് കയറി. പതിയെ കാർ കീഴ്ശ്ശേരി വിട്ട് മുന്നോട്ടുചലിച്ചു.

സങ്കടം സഹിക്കവയ്യാതെ അമ്മു ചിറ്റയെ കെട്ടിപിടിച്ച് തേങ്ങി കരഞ്ഞു.

“നിനക്ക് ഇതിലൊക്കെ വിശ്വാസം ണ്ടോ വാവേ..” കാറിലിരുന്നുകൊണ്ട് ഗണേശൻ ചോദിച്ചു.

മറുപടിയായി പുഞ്ചിരി മാത്രമായിരുന്നു ഗൗരി കൊടുത്തത്.

“ഒരോ അന്ധവിശ്വാസങ്ങളെ..”

“മ്..”

ഗന്ധർവ്വക്ഷേത്രം കഴിഞ്ഞ് അപ്പൂപ്പൻക്കാവിലേക്ക് കടന്നതും കാർ നിർത്താൻ ഗൗരി ആവശ്യപ്പെട്ടു.

ഡോർ തുറന്ന് സച്ചിദാനന്ദനൊപ്പം താനിരുന്ന ശിലയെ നോക്കി അല്പനേരം അവൾ അവിടെനിന്നു. ഇളംങ്കാറ്റ് അവളുടെ മുടിയിഴകളെ തലോടികൊണ്ടിരിക്കുന്നുണ്ടായിരുന്നു.

മുന്നിലേക്കുനോക്കുമ്പോൾ എന്തോ ഒരു ശൂന്യത അവളെ അലട്ടിക്കൊണ്ടിരുന്നു.

കാറിന്റെ ഹോൺ മുഴക്കി ഗണേശൻ അവളെ വിളിച്ചു. ദീര്ഘശ്വാസമെടുത്ത്‌ അവൾ തിരിഞ്ഞുനടന്നു. പെട്ടന്ന് പിന്നിൽ എന്തോ ശബ്ദം കേട്ട് ഗൗരി തിരിഞ്ഞുനോക്കി. രണ്ട് അപ്പൂപ്പൻതാടികൾ അന്തരീക്ഷത്തിൽനിന്നും പറന്നുവന്ന് അവളുടെ തോളിൽ തട്ടിനിന്നു.

പുഞ്ചിരി പൊഴിച്ചുകൊണ്ട് ഗൗരി ആർദ്രമായ കൈകളാൽ അതിനെ കോരിയെടുത്ത് കാറിലേക്കു കയറി. ഗ്ലാസ് കയറ്റി എസി ഓൺ ചെയ്തുകൊണ്ട് ഗണേശൻ കാർ മുന്നോട്ടെടുത്തു.

ഭൂമിയിൽ ഒരുമിക്കാൻ കഴിയാത്ത പ്രണയത്തെ പിതൃലോകത്തുവച്ച് കൈവരിച്ച ആത്മസംതൃപ്തിയിൽ ഗൗരിക്കുള്ള അനുഗ്രഹങ്ങളുമായി സച്ചിമാഷും സീതയും അവളോടൊപ്പംതന്നെയുണ്ടായിരുന്നു.

അവസാനിച്ചു…

ഈ കഥയും മറ്റുകഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണെങ്കിലും #ഗൗരി എന്ന കഥാപാത്രം ഇന്ന് ജീവിച്ചിരിക്കുന്ന ഒരു സത്യമാണ്. എവിടെയൊക്കെയോ ചില സത്യങ്ങൾ ഞാനറിയതെ എഴുതികഴിഞ്ഞതിന് ശേഷം എന്നോട് പറയാറുണ്ട് കുഞ്ഞേച്ചി. അതുപോലെ ഞാനും കണ്ടിട്ടുണ്ടെന്ന്.

ഇതുവരെയുള്ള ഓരോ ഭാഗങ്ങൾ ക്ഷമയോടെ കാത്തിരുന്ന് വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനുമുള്ള നന്ദി വാക്കുകൾകൊണ്ട് വർണ്ണിച്ചാൽ തീരുന്നതല്ല..

സ്നേഹപൂർവ്വം വിനു വിനീഷ്.

Comments:

No comments!

Please sign up or log in to post a comment!