യക്ഷയാമം 20
പിന്നിൽ ഇന്നത്തെ രാത്രികഴിഞ്ഞാൽ താൻ സ്വന്തമാക്കാൻപോകുന്ന ഗൗരിയെ ആനന്ദത്തോടെ വീക്ഷിക്കുകയായിരുന്നു അയാൾ.
എന്നാൽ അനി കാണാത്ത ഒരുമുഖംകൂടെ അയാൾക്ക് പിന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരു നിഴൽപോലെ സീതയുടെ രൗദ്രഭാവമണിഞ്ഞ മുഖം.
അനി ഗൗരിയെയും കൂട്ടി നെല്ലിക്കുന്ന് എന്ന വനത്തിലേക്ക് നടന്നു.
അപ്പൂപ്പൻക്കാവിലെത്തിയപ്പോൾ സച്ചിദാനന്ദനൊപ്പം താനിരുന്ന ശിലയെകണ്ട ഗൗരി ഒരുനിമിഷം നിശ്ചലയായി നിന്നു.
“എന്താ, അവിടെ ?.”
മുൻപേനടന്ന അനി തിരിഞ്ഞുനിന്നുകൊണ്ട് ചോദിച്ചു.
“ഏയ് ഒന്നുല്ല്യാ ഏട്ടാ..”
ശിലയിൽനിന്നും കണ്ണെടുത്ത് ഗൗരി പറഞ്ഞു.
“എന്നാൽ വരൂ,”
അയാൾ വീണ്ടും നടന്നു. പിന്നാലെ ഗൗരിയും.
വനത്തിലൂടെയുള്ള യാത്രയിൽ അയാൾ ഗൗരിയുടെ ചിന്തകൾ മറ്റെങ്ങോട്ടും പോകാതിരിക്കാൻ ഓരോകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.
ചുരിദാറിന്റെ ഷാളിന്റെ ഒരു വശം നിലത്തുകിടന്ന് ഇഴയാൻ തുടങ്ങിയത് അവളറിഞ്ഞിരുന്നില്ല.
പിന്നിയനൂലുകൾ കരിയിലകളെയുംകൂട്ടി യാത്ര ആരംഭിച്ചു.
പെട്ടന്ന് ഗൗരിയുടെ ഷാൾ മാറിൽനിന്നും താഴേക്ക് തെന്നിവീണു.
താഴെ വീണുകിടക്കുന്ന ഷാളിനെ അവൾ കുനിഞ്ഞെടുക്കാൻ നിന്നതും ഷാൾ വീണ്ടും മുന്നോട്ട് ചലിച്ച് താഴെ വീണുകിടക്കുന്ന ഉണങ്ങിയ മരത്തിന്റെ ശിഖരത്തിൽ തട്ടി നിന്നു.
“ഏട്ടാ,”
അസ്വഭാവികമായ ആ കാഴ്ച്ചകണ്ട ഗൗരി അനിയെവിളിച്ചു.
മുന്നിലേക്ക് നടക്കുകയായിരുന്ന അനി തിരിഞ്ഞുനോക്കുമ്പോൾ നിലത്തുവീണുകിടക്കുന്ന ഷാളിനെ അവൾ ശക്തിയായി പിടിച്ചുവലിക്കുന്നുണ്ടായിരുന്നു.
“ന്താ ഗൗര്യേ, ”
അവളുടെ അടുത്തേക്ക് വന്നുകൊണ്ട് അനി ചോദിച്ചു.
“ഷാള് കിട്ടുന്നില്ല്യ ഏട്ടാ,”
“മാറിനിൽക്ക് ”
അനി അവളുടെ കൈകളിൽ നിന്നും ഷാളിന്റെ ഒരറ്റംവാങ്ങി ശക്തമായി വലിച്ചു.
ഉടനെ ഉണങ്ങിയ ശിഖരവും ഷാളുംകൂടെ ഒരുമിച്ച് അനിയുടെ ദേഹത്തേക്കുവീണു.
അടുത്തനിമിഷം ശക്തമായകാറ്റുവീശാൻ തുടങ്ങി.
നിലത്തുനിന്ന് പിടഞ്ഞെഴുന്നേറ്റ അയാൾ ചുറ്റിയിലും നോക്കി.
ഇലകൾ കാറ്റിൽ ഉലഞ്ഞാടി അതിന്റെ ചില്ലകളെ തഴുകുന്നുണ്ടായിരുന്നു.
പെട്ടന്ന് പടർന്നുപന്തലിച്ച ഇലഞ്ഞിമരത്തിന്റെ മുകളിൽനിന്നും ഇണപിരിയുന്ന പാമ്പുകൾ ഗൗരിയുടെ കൈകളിൽ സ്പർശിച്ച് നിലത്തേക്കുവീണു.
ഭയന്നുവിളിച്ച ഗൗരി അനിയുടെ നെഞ്ചിലേക്ക് വീണു.
ചെറുപുഞ്ചിരിയോടെ അനി അവളെ ചേർത്തുപിടിച്ചു.
പെട്ടന്ന് ഗൗരി അയാളിൽനിന്നും പിന്മാറി.
“വാ,”
അനി മുൻപിലേക്കുനടന്നു.
കാട്ടുവഴിയിലൂടെയുള്ള യാത്രയിൽ ചെറുജീവികളുടെയും മറ്റും ഭീതിപ്പെടുത്തുന്ന നിലവിളി ഉയരാൻ തുടങ്ങിയിരുന്നു.
പതിയെ അരുണകിരണങ്ങൾക്ക് മങ്ങലേറ്റു. മഴമേഘങ്ങൾ ചുറ്റിലും വ്യാപിച്ചു.
ഉൾക്കാട്ടിലേക്ക് പോകുംതോറും കരിഞ്ഞമാംസത്തിന്റെ ഗന്ധം ഒഴുകാൻ തുടങ്ങി.
ഭയം ഗൗരിയിൽ ഉടലെടുത്തു. അവൾ ചുറ്റിലും നോക്കി. ഘോരമായ വനം. ഒന്നലറിവിളിച്ചാൽപോലും ആരും തിരിഞ്ഞുനോക്കാൻ ഇല്ല.
“അനിയേട്ട, നമുക്ക് തിരിച്ചുപോകാം. എനിക്കെന്തോ വല്ലാത്തഭയം തോന്നുന്നു.”
“ഏയ് പേടിക്കേണ്ട ഞാനില്ലേ, പിന്നെ നിനക്ക് ആത്മാവിനോട് സംസാരിക്കേണ്ടേ,”
“മ്, വേണം, “
“എങ്കിൽ വാ ” അനി ഗൗരിയുടെ ഇടതുകൈതണ്ടയിൽ പിടിച്ചുകൊണ്ട് വേഗത്തിൽ നടന്നു.
കരിയിലകൾക്കിടയിലൂടെ അയാൾ ഓരോ പാദങ്ങൾ വച്ചു. പെട്ടന്ന് കാലിൽ എന്തൊതട്ടി അനി തടഞ്ഞുവീഴാൻപോയി.
തിരിഞ്ഞുനോക്കിയ അനി അറ്റുപോയ മനുഷ്യന്റെ ചീഞ്ഞകാലുകണ്ട് ഗൗരിയെ പിന്നിലേക്ക് മാറ്റിനിർത്തി.
എവിടെനിന്നോവന്ന കുറച്ചു നായ്ക്കൾ വിശപ്പകറ്റാൻവേണ്ടി അറ്റുവീണ കാലിന്റെ ശേഷിക്കുന്ന മാംസം ഭക്ഷിക്കാൻ തുടങ്ങി.
അതിലൊരു നായയുടെ കണ്ണിൽനിന്നും രക്തം ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. മറ്റുള്ള നായക്കളിൽ നിന്നും അതുമാത്രം വേർതിരിഞ്ഞുനിന്നുകൊണ്ട് അനിയെ തന്നെ വീക്ഷിച്ചു. ഉറക്കെ കുരച്ചുകൊണ്ട് അവ അനിയുടെനേരെ ഓടിവന്നു.
കഴുത്തിലുള്ള രക്ഷയെടുത്ത് അനി പുറത്തേക്ക് ഇട്ടതും മുൻപിൽ കണ്ടനായ്ക്കൂട്ടം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായതും ഒരുമിച്ചായിരുന്നു
പിന്നെ അനി ഒന്നും ചിന്തിച്ചില്ല ഗൗരിയെയും കൂട്ടി മാർത്താണ്ഡന്റെ കുടിലിലേക്ക് വളരെ വേഗത്തിൽ നടന്നു.
കാട്ടിനുള്ളിൽ ഒരു ചെറിയ കുടിൽകണ്ട ഗൗരി അദ്‌ഭുതത്തോടെ നോക്കി.
“ഇവിടെയാണോ അനിയേട്ടാ അയാളുള്ളത്.”
“മ്, അതെ, താൻ വാ”
അനി അവളുടെ കൈയ്യും പിടിച്ച് മുന്നോട്ടു നടന്നു.
മാർത്താണ്ഡന്റെ കുടിലിന്റെ മുറ്റത്തേക്ക് ഗൗരി കാലെടുത്തുവച്ചതും അകത്ത് പൂജയിലായിരുന്ന മാർത്താണ്ഡൻ കത്തിച്ച ചുവന്നതിരിയിട്ട നിലവിളക്ക് അണഞ്ഞതും ഒരുമിച്ചായിരുന്നു.
“മ്, എന്റെ പൂജ സ്വീകരിക്കില്ലേ, ഐം ക്ലിം ചുടലഭദ്രായ…” ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചുകൊണ്ട് അയാൾ അലറിവിളിച്ചു.
“ആരാ അത്.” ഗൗരി സംശയത്തോടെ ചോദിച്ചു.
“അതാണ് ഞാൻ പറഞ്ഞ മാന്ത്രികൻ.” സ്വകാര്യമായി അനിപറഞ്ഞു.
“താനിവിടെ നിൽക്ക് ഞാൻ അകത്തുപോയി സംസാരിക്കട്ടെ.
അനി അകത്തേക്ക് കയറിയതും പിന്നിൽനിന്നും ഒരശരീരികേട്ടു.
“ഗൗരി, പോകരുത് മരണത്തിന്റെ മുൻപിലാണ് ചെന്നുനിൽക്കുന്നത്.”
ഗൗരി ശബ്ദംകേട്ട ദിക്കിലേക്കുനോക്കി പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല.
“ആരാ അത്.” ഇടറിയശബ്ദത്തിൽ അവൾ ചോദിച്ചു.
പെട്ടന്ന് ശക്തമായകാറ്റ് ആഞ്ഞുവീശി. കാറ്റിൽ പാറിനടന്ന മുടിയിഴകളെ ഗൗരി ചെവിയോടു ചേർത്തുവച്ചു.
“ഞാനാ സീത “
“എനിക്ക്, എനിക്ക് കാണാൻ പറ്റുന്നില്ല്യാല്ലോ” മറുപടികേട്ട ഗൗരി ചോദിച്ചു.
“കാണാനുള്ള സമയമലിത് എത്രയും പെട്ടന്ന് തിരിച്ചുപോകണം, ഇല്ലങ്കിൽ നശിച്ചുപോകും നിന്റെ ജീവിതം. എനിക്ക് ഇപ്പോൾ നിന്നെ രക്ഷിക്കാൻ സാധിക്കില്ല്യാ, കാരണം അനിയുടെ കഴുത്തിലണിഞ്ഞ രക്ഷയുള്ളടത്തോളം ഞാൻ നിസഹായയാണ്.”
“ഇനിയിപ്പോ ന്താ ചെയ്യാ ?” ഗൗരി ഭയത്തോടെ ചോദിച്ചു.
“മഹായമം തുടങ്ങിയാലെ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ. അതുവരെ ഇവിടെനിൽക്കുന്നത് അപകടമാണ്.”
“ഗൗരി,” അകലെ കുടിലിൽനിന്നും ഗൗരിയെവിളിച്ച് അനി ഇറങ്ങിവന്നു.
എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് വളരെപ്പെട്ടന്നുതന്നെ അവളുടെ വലതുകൈതണ്ടയിൽ പിടിയുറപ്പിച്ച അനി വേഗത്തിൽ കുടിലിലേക്കുനടന്നു.
ഓലകൊണ്ടുണ്ടാക്കിയ വാതിൽ അയാൾ പതിയെ തുറന്നു.
ചുവന്ന പട്ടുടുത്ത്, രണ്ടുകൈകളിൽ കത്തിയെരിയുന്ന ചിരാതുകൊണ്ട് കരിങ്കൽകൊണ്ടുനിർമ്മിച്ച ചുടലഭദ്രയുടെ വിഗ്രഹത്തെ അടിമുടി ഉഴിഞ്ഞെടുക്കുകയായിരുന്നു മാർത്താണ്ഡൻ.
“ഇതാണ് ഞാൻ പറഞ്ഞ കുട്ടി.” അനി അയാളുടെ അടുത്തേക്ക് നിന്നുകൊണ്ടുപറഞ്ഞു.”
“മ്, ആ കളത്തിലിരിക്കാൻ പറയൂ.” തിരിഞ്ഞുനോക്കാതെ മാർത്താണ്ഡൻ പറഞ്ഞു
“ദേ, ആ കാണുന്ന സ്ഥലത്ത് ഇരിന്നോളൂ.” അനി ഗൗരിയെ മാർത്താണ്ഡൻ പറഞ്ഞകളത്തിലിരുത്തി.
പതിയെ അയാൾ തിരിഞ്ഞുനോക്കി. മാർത്താണ്ഡനെ കണ്ട ഗൗരി അയാൾവരച്ച കളത്തിൽനിന്നും ചാടിയെഴുന്നേറ്റു.
“നിങ്ങൾ, … അതെ എനിക്കറിയാം, മാർത്താണ്ഡൻ. ട്രെയിനിൽ വച്ചുകണ്ടിട്ടുണ്ട്. സീതയുടെയും, സച്ചിമാഷിന്റെയും മരണത്തിന് ഉത്തരവാദി.”
സച്ചിദാനന്ദൻ പറഞ്ഞ കഥകൾ മിന്നായം പോലെ അവളുടെ മനസിൽ മിന്നിമാഞ്ഞു
“ഹഹഹ, അതെ, ഞാൻ തന്നെ. മാർത്താണ്ഡൻ. ഹഹഹ” നിലത്തുനിന്നും എഴുന്നേറ്റ് ഉറക്കെ അട്ടഹസിച്ചുകൊണ്ട് അയാൾ പറഞ്ഞു.
“അനിയേട്ട എനിക്ക് പോണം” ഗൗരി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അനി അവളെ തടഞ്ഞു.
“തിരുമേനി, ഇത്രദൂരം കഷ്ട്ടപ്പെട്ട് ഇവളെ ഇവിടെയെത്തിച്ചിട്ടുണ്ടെങ്കിൽ.
വേദനകൊണ്ട് ഗൗരി നിലവിളിച്ചു. കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾ മുത്തുകളായി പൊഴിഞ്ഞുവീണു.
നിലവിളി ഉച്ചത്തിലായപ്പോൾ അനി അവളുടെ പളുങ്കുപോലെയുള്ള കവിളിനെ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ അവൾ തെറിച്ച് മാർത്താണ്ഡൻ തയ്യാറാക്കിയ ഹോമകുണ്ഡത്തിന്റെ അടുത്തേക്ക് ചെന്നുവീണു.
കൈയിൽകിട്ടിയ മണ്ണിന്റെകട്ടകൊണ്ട് അവൾ അനിയെ വീശിയെറിഞ്ഞു.
അയാളുടെ ശിരസിൽ വന്നുപതിച്ച മൺകട്ട ചിന്നിച്ചിതറി.
നിലത്തുനിന്നെഴുന്നേറ്റ ഗൗരി വാതിലിനടുത്തേക്ക് ഓടി. പക്ഷെ മാർത്താണ്ഡന്റെ ശക്തിയിൽ അവളുടെ കൈകാലുകൾ കുഴയുന്നപോലെ തോന്നി. താഴെവീണ ഗൗരിയെ മാർത്താണ്ഡൻ കോരിയെടുത്ത് അടുത്തുള്ള നീണ്ട കരിങ്കൽ കൊണ്ട് നിർമ്മിച്ച ഇടത്തിൽ കിടത്തി. അവളുടെ നെറ്റിമുതൽ കാല്പാദങ്ങൾവരെ മന്ത്രികദണ്ഡ് കൊണ്ട് പതിനൊന്നുതവണ ഉഴിഞ്ഞെടുത്തു.
പതിയെ ഗൗരിയുടെ ബോധമണ്ഡലത്തെ മാർത്താണ്ഡൻ കൈക്കലാക്കാൻ ശ്രമിച്ചു. പക്ഷെ കൃത്തികമാരുടെ അനുഗ്രഹമുള്ളതുകൊണ്ട് ഓരോതവണയും അയാൾ പരാജയപ്പെടുകയായിരുന്നു.
ശ്രമം പാഴാകുന്നതുകണ്ട മാർത്താണ്ഡൻ നെല്ലിക്കുന്ന് വിറക്കുന്നവിധം അലറിവിളിച്ചു.
“അനി, ഇവിടെ മറ്റാരുടെയും സാനിധ്യം ഞാൻ ആഗ്രഹിക്കുന്നില്ല. തനിക്ക് പോകാം.”
“പക്ഷെ, ഇവളെ കൂടാതെ ഞാൻ ഒറ്റക്ക്…” പറഞ്ഞുമുഴുവനാക്കാൻ തുടങ്ങുന്നതിനു മുൻപ് മാർത്താണ്ഡൻ ഇടയിൽ കയറി ചോദിച്ചു.
“ഇവളുടെ ശരീരമല്ലേ നിനക്ക് വേണ്ടത്. ഷോഡസ പൂജകഴിയാതെ ഇവളെ ഇനി സ്പർശിക്കാൻ കഴിയില്ല. ഈയൊരു പൂജകൂടി കഴിഞ്ഞാൽ ഞാനാകും ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തൻ. അന്ന് നീ പറയുന്ന സ്ത്രീകളിൽ നിനക്ക് മതിവരുവോളം നിന്റെ കാമലീലകൾ ചെയ്തുതീർക്കാം.
“എന്നാലും, ഞാൻകൂടെ..”
“മൂഢാ, നിനക്ക് ഞാൻ പറഞ്ഞത് മനസിലായില്ല്യാന്നുണ്ടോ? മ്, പോക്കോളൂ. ബ്രഹ്മയാമം തുടങ്ങുന്നതിനു മുൻപേ ഇവിടെ തിരിച്ചെത്തണം.”
രൗദ്രഭാവത്തിൽ അയാൾ പറഞ്ഞു.
ശേഷം വീണ്ടും ചുടലഭദ്രയുടെ വിഗ്രഹത്തിനു മുൻപിൽ ചെന്ന് തന്റെ തള്ളവിരലിന്റെ പിൻഭാഗം വാൾതലക്കൊണ്ട് മുറിച്ച് ആദ്യംവന്ന രക്തംകൊണ്ട് ചുടലഭദ്രയുടെ നെറ്റിയിൽ നീളത്തിൽ ഒരു കുറിവരച്ചു.
“ഐം ക്ലിം ചുടലഭദ്രായ”
ശേഷം തെക്കേ മൂലയിൽ കയറുകൊണ്ട് ബന്ധിച്ച ചേവൽ കോഴിയെയെടുത്ത് കഴുത്ത് ബലിക്കല്ലിൽവച്ച് ചുടലഭദ്രക്കു ഗുരുതികൊടുത്തു ശേഷം കോഴിതലയെ വാഴയിലയിലേക്കുമാറ്റി ഉടലിൽനിന്നും വരുന്ന ചുടുരക്തത്തെ അയാൾ തലയറ്റകഴുത്ത് വായയിൽവച്ചിട്ട് ഊറ്റികുടിച്ചു.
അപ്പോഴും ഒന്നു ചലിക്കാനാകാതെ ഗൗരി അതേകിടത്തം കിടക്കുകയായിരുന്നു.
മാർത്താണ്ഡൻ എഴുന്നേറ്റ് ഗുരുതികലക്കിയ വെള്ളം ഗൗരിയുടെ ശരീരത്തിലുടനീളം തെളിച്ച് അവളുടെ കൈവെള്ളയിൽ ചുടലഭദ്രയെ അർപ്പിച്ച പുഷ്പങ്ങൾ വച്ചുകൊടുത്തു.
സന്ധ്യയായിട്ടും ഗൗരിയെ കാണാതെയായപ്പോൾ അംബികചിറ്റ ശങ്കരൻ തിരുമേനിയെ ഫോണിൽ വിളിച്ചുചോദിച്ചു.
“എന്ത്, കാണാനില്ല്യാന്നോ? ന്താ അംബികേ പറയണേ,”
“കൂട്ടുകാരിയുടെ വീട്ടിൽ പോകണം ന്നന്നോടു പറഞ്ഞിട്ട് പോയതാ, ഇത്രനേരയിട്ടും വന്നിട്ടില്ല്യാ, നിക്കെന്തോ പേട്യാവുന്നു അച്ഛാ, ” ചിറ്റ ഫോണിലൂടെ കരയാൻ തുടങ്ങി.
“ഏയ്, ഇയ്യ് സമാധാനായിരിക്ക്, ഞാനിപ്പോൾതന്നെ വരാം.”
ഫോൺവച്ചിട്ട് തിരുമേനി രാമനെയുംകൂട്ടി കീഴ്ശ്ശേരിയിലേക്ക് തിരിച്ചു.
ചുവപ്പുവിരിച്ച് സൂര്യൻ വിടവാങ്ങാൻ ഒരുങ്ങിനിന്നു. ബ്രഹ്മപുരം ശിവക്ഷേത്രത്തിൽവച്ച ഭക്തിഗാനം കീഴ്ശ്ശേരിയിലെ ഉമ്മറത്തിരുന്ന അംബികചിറ്റക്ക് കേൾക്കാമായിരുന്നു.
“ഭഗവാനെ, മഹാദേവാ, ന്റെ കുട്ടിക്ക് ആപത്തൊന്നും വരുത്തല്ലേ,”
നിറഞ്ഞൊഴുകുന്ന മിഴികളെ സാരിത്തലപ്പുകൊണ്ടുതുടച്ചുനീക്കിയിട്ട് ചിറ്റ പടിപ്പുരയിലേക്ക് നോക്കിനിന്നു.
രാത്രിയുടെയാമങ്ങൾ കഴിഞ്ഞുതുടങ്ങി. ഹോമകുണ്ഡം തയ്യാറാക്കി മാർത്താണ്ഡൻ ഷോഡസപൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഉമ്മറത്തിണ്ണയിൽ തിരുമേനിയെയും കാത്തിരിക്കുന്ന അംബികചിറ്റയുടെ മുൻപിലേക്ക് സഡൻ ബ്രേക്കിട്ട് രാമൻ കാറ് നിർത്തി. പിന്നിലെ ഡോർതുറന്ന് തിരുമേനി വേഗം പൂജാമുറിയിലേക്ക് ഓടിക്കയറി.
ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന്റെ വലതുവശത്ത് പട്ടിൽപൊതിഞ്ഞ ഒരു പൊതിയിരിക്കുന്നതകണ്ട തിരുമേനി വേഗം അതെടുത്ത് തുറന്നുനോക്കി.
“അമ്മേ,ദേവീ, അഴിച്ചുവച്ച രക്ഷ അവൾ എടുത്തണിഞ്ഞില്ലല്ലോ”
ചരടിനെ വലതുകൈയ്യിലാക്കി നീലപട്ട് ചുരുട്ടി അദ്ദേഹം എന്തുചെയ്യണമെന്നറിയാതെ മിഴികളടച്ചു നിന്നു.
“രാമാ, വണ്ടിയെടുക്ക്.” മുറ്റത്തേക്കിറങ്ങികൊണ്ട് തിരുമേനി വിളിച്ചുപറഞ്ഞു.
“എങ്ങോട്ടാ, തിരുമേനി.” കാറിനുള്ളിലേക്ക് കയറിയ തിരുമേനിയോട് രാമൻ ചോദിച്ചു.
“അറിയില്ല രാമാ ന്റെകുട്ടിക്കെന്തെങ്കിലും സംഭവിക്കുന്നതിനുമുൻപ് നിക്ക് കണ്ടെത്തണം അവളെ, ഗണേശനോട് ഞാനെന്തു പറയും ഈശ്വരാ..”
തിരുമേനിയുടെ ചങ്ക് പിടയുന്നത് രാമന് കാണാമായിരുന്നു. പിന്നെ വൈകിച്ചില്ല. രാമൻ ശിവക്ഷേത്രത്തിലേക്ക് വച്ചുപിടിച്ചു.
ചുവന്നപട്ടുകൊണ്ട് നിർമ്മിച്ച തിരി ഓരോനിലവിളക്കിലും മൂന്നെണംവീതം എണ്ണയൊഴിച്ചുവച്ചു.
ഹോമകുണ്ഡത്തിനുമുൻപിൽ പുതിയ ഒരു കളംവരച്ച് മാർത്താണ്ഡൻ മഹായാമം ആരംഭിക്കുന്നതും കാത്തിരുന്നു.
“ഐം ക്ലിം,… ” ഉപാസനാമൂർത്തിയെ ധ്യാനിച്ചുകൊണ്ട് മാർത്താണ്ഡൻ ചുവന്നതിരിയിലേക്ക് അഗ്നിപകർന്നു.
ഹോമകുണ്ഡത്തിന് മുൻപിൽ ചുവന്നപട്ടുടുത്ത് അയാൾ ഇരുന്നു. ശേഷം മന്ത്രങ്ങൾ ജപിച്ചുകൊണ്ട് കിണ്ടിയിൽനിന്നും തീർത്ഥമെടുത്ത് ഗൗരിക്ക് ഇരിക്കാനുള്ള കളത്തിനെ ശുദ്ധിവരുത്തി.
ഇരുപ്പിടത്തിൽനിന്നുമെഴുന്നേറ്റ് ചുടലഭദ്രയുടെ വിഗ്രഹത്തിന്റെ ചുവട്ടിലേക്ക് മാന്ത്രികദണ്ഡ് തളികയോടുകൂടി വച്ചു എന്നിട്ട് ഒരുപിടി പുഷ്പങ്ങളെടുത്ത് കൈക്കുമ്പിളിൽ വച്ച് പ്രാർത്ഥിച്ചുകൊണ്ട് മാന്ത്രികദണ്ഡിനുമുകളിലേക്ക് അർപ്പിച്ചു. മഹായാമം തുടങ്ങിയതും ഹോമകുണ്ഡത്തിലേക്ക് മാർത്താണ്ഡൻ അഗ്നിചൊരിഞ്ഞു.
നടുവിരൽ തള്ളവിരലിനോട് ചേർത്തുപിടിച്ച് മുകളിലേക്ക് ഉയർത്തി മൂന്ന് പ്രാവശ്യം ഇടത്തോട്ടും വലത്തോട്ടും തിരിച്ചു. എന്നിട്ട് ഗൗരി കിടക്കുന്ന സ്ഥലത്തേക്ക് അയാൾ സൂക്ഷിച്ചുനോക്കി.
കൈകാലുകൾ തളർന്നുകിടക്കുന്ന ഗൗരി പതിയെ എഴുന്നേറ്റിരുന്ന് ഹോമകുണ്ഡത്തിന് മുൻപിലുള്ള കളത്തിലേക്ക് നോക്കിയിരുന്നു.
തുടരും…
Comments:
No comments!
Please sign up or log in to post a comment!