യക്ഷയാമം 8

നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി. അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെകണ്ണുകൾ മങ്ങി. തൊണ്ട വരണ്ടു.

താൻ കാണുന്നത് സത്യമാണോയെന്നുപോലും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. കൈകൾ മുകളിലേക്ക് ഉയർത്തി ശങ്കരൻതിരുമേനി എന്തോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു.

നീലനിറത്തിൽ കത്തുന്ന അഗ്നിക്കമുകളിൽ ഒരു സ്ത്രീരൂപം.

ഗൗരി തന്റെ കണ്ണുകളെ വലതുകൈകൊണ്ട് തിരുമ്മി

പതിയെ ആ രൂപം വളരാൻതുടങ്ങി. ഭയംകൊണ്ട് ഗൗരിയുടെ കാലുകൾവിറച്ച് കുഴഞ്ഞുപോകുന്നപോലെ തോന്നി.

ഭീകരമായ ശബ്ദത്തോടുകൂടി ആ സ്ത്രീരൂപം അട്ടഹസിച്ചു.

അതുകേട്ടഗൗരി അലറിവിളിച്ചു.

ഗൗരിയുടെ സാനിധ്യംകൊണ്ട് മന്ത്രജപത്തിലുണ്ടായ തടസം തിരുമേനിയെ വല്ലാതെ രോഷാകുലനാക്കിമാറ്റി.

അദ്ദേഹം ഗൗരിയെ തീക്ഷ്ണമായി നോക്കി.

ചുവന്നുതുടുത്ത തിരുമേനിയുടെ കവിളുകൾ വിറക്കുന്നുണ്ടായിരുന്നു. മിഴിയിൽ ബ്രഹ്മപുരം മുഴുവനും നശിപ്പിക്കുവാൻ ശേഷിയുള്ള അഗ്നി ജ്വലിച്ചു.

കൂടെയുള്ള അഞ്ചുപേരും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് അഗ്നിയിലേക്ക് നെയ്യും പൂവും, അർപ്പിച്ചുകൊണ്ടിരുന്നു.

തിരുമേനി വിരൽ ഗൗരിക്കുനേരെ വിരൽചൂണ്ടി അകത്തേക്കു കടക്കരുതെന്ന് നിർദ്ദേശം നൽകി.

അപ്പോഴും ഗൗരിയുടെ കണ്ണുകൾ അഗ്നിക്കുമുകളിൽ കത്തിയെരിയുന്ന ആ സ്ത്രീരൂപത്തിലേക്കായിരുന്നു.

“എന്താണ് ഇവിടെ നടക്കുന്നെ,? ആരാണാ സ്ത്രീ ?..”

ഹോമാകുണ്ഡത്തിന് മുൻപിലിരിക്കുന്ന ഒരാൾ എഴുന്നേറ്റ് ഗൗരിക്കുസമാന്തരമായി ചെന്നുനിന്നു. എണീറ്റുപോകുമ്പോൾ അയാൾ വലതുഭാഗത്തിരിക്കുന്ന തളികയിൽനിന്നും ഒരുന്നുള്ളുഭസ്മമെടുത്തിരുന്നു.

വലതുകൈയിൽ കരുതിയ ഭസ്മം അയാൾ ഗൗരിയുടെ നെറ്റിയിൽ തൊട്ട് അല്പനേരം കണ്ണുകളടച്ചുപിടിച്ചുകൊണ്ട് മന്ത്രങ്ങൾ ജപിക്കുവാൻ തുടങ്ങി.

മന്ത്രജപങ്ങൾ കഴിഞ്ഞതും ഗൗരി കുഴഞ്ഞുവീണതും ഒരുമിച്ചായിരുന്നു.

പൂജകഴിഞ്ഞ് തിരുമേനി ഗൗരിയെകോരിയെടുത്ത് മനയിലേക്ക് നടന്നു.

തിങ്കളിനെ മറച്ചുപിടിച്ച കാർമേഘങ്ങൾ തിരുമേനിയുടെ സാനിധ്യമറിഞ്ഞയുടനെ എങ്ങോട്ടോ ഓടിയൊളിച്ചു.

തുറന്നിട്ട കിഴക്കേജാലകത്തിലൂടെ അരുണരശ്മികൾ ഗൗരിയുടെ കവിളിൽ ഇളംചൂട് പകർന്നപ്പോൾ മിഴികൾതുറന്ന് അവൾ ചുറ്റുംനോക്കി.

പെട്ടന്ന് കട്ടിലിൽ നിന്ന് അവൾ ചാടിയെഴുന്നേറ്റു.

കഠിനമായ തലവേദന അവളെ അലട്ടികൊണ്ടിരുന്നു.

“ഇന്നലെ, എന്താ സംഭവിച്ചേ ?.. അവിടെ, ഞാനെന്തോ കണ്ടല്ലോ.

ദേവീ… എനിക്ക് ഓർക്കാൻ കഴിയുന്നില്ല്യാ.”

ഗൗരി തന്റെ ശിരസിനെ രണ്ടുകൈകൾകൊണ്ട് അമർത്തി പിടിച്ചു.

“ഗൗരിയേച്ചീ…”

അകലെനിന്നുകേട്ട ആ ശബ്ദം അമ്മുവിന്റെയാണെന്ന് തിരിച്ചറിയാൻ ഗൗരിക്ക് അധികസമയം വേണ്ടിവന്നില്ല.

കോണിപ്പടികൾ കയറി അമ്മു ഗൗരിയുടെ മുറിയിലേക്ക് നടന്നുവന്നു.

ഇളംപച്ച നിറത്തിലുള്ള പട്ടുപാവാടയിൽ സ്വർണമിറമുള്ള കസവ് അവളുടെ മുഖം പോലെ തിളങ്ങിനിന്നു.

അഞ്ജനം വാൽനീട്ടിയെഴുതിയിട്ടുണ്ട്. നെറ്റിയിൽ ഭഗവതിയുടെ കുങ്കുമവും, മഹാവിഷ്ണുവിന്റെ ചന്ദനവും അണിഞ്ഞിരിക്കുന്നു. ചുണ്ടിന്റെ ഇടതുഭാഗത്തുള്ള ചെറിയ കാക്കാപുള്ളി പുഞ്ചിരിപൊഴിക്കുമ്പോൾ അല്പം മുകളിലേക്ക് കയറിനിൽക്കുന്നുണ്ടായിരുന്നു. കഴുത്തിൽ സ്വർണത്തിന്റെ ചെറിയമാലയും, അതിനോട് ബന്ധിച്ച് കറുത്തചരടിൽ തകിടിൽ രൂപകൽപന ചെയ്ത ഏലസുമുണ്ട്. വലതുകൈയിൽ കറുപ്പും ചുവപ്പും നിറമുള്ള ചരടുകൾ മടഞ്ഞിട്ടിരിക്കുന്നു.

“ഗൗരിയേച്ചി…” അമ്മു കട്ടിലിലേക്ക് ചാടിക്കയറി അവളുടെ അടുത്തിരുന്നു.

“അമ്മൂ, നീയെപ്പഴാ വന്നേ ?.” അഴിഞ്ഞുവീണ മുഴിയിഴകൾ വാരികെട്ടുന്നതിനിടയിൽ ഗൗരി ചോദിച്ചു.

“ദേ വരുന്ന വഴിയാ, കുഞ്ഞേച്ചി എണീറ്റേ, മുത്തശ്ശൻ പറഞ്ഞു അംബലത്തിൽ പോണം ന്ന്.”

ഗൗരി തന്റെ ഫോണെടുത്തുനോക്കി. അഞ്ജലിയുടെ രണ്ട് മിസ്സ്ഡ് കോൾ .

പുഞ്ചിരിപൊഴിച്ചുകൊണ്ട് ഗൗരി ഫോൺ എടുത്തിടത്തുതന്നെ വച്ചു.

“കുഞ്ഞേച്ചി, എണീക്ക്.” അമ്മു ഗൗരിയുടെ കൈകൾ പിടിച്ചുവലിച്ചു.

“അഞ്ചുമിനിറ്റ്, ഞാൻ കുളിച്ചിട്ട് വരാം”

ഗൗരിയെഴുന്നേറ്റ് കുളിമുറിയിൽകയറി വാതിലടച്ചു.

ബക്കറ്റിൽനിന്നും തണുത്തവെള്ളം തലവഴി എടുത്തൊഴിച്ചു. നെറുകയിൽ പതിച്ചജലം അവളുടെ തലവേദനയെ കോരിയെടുത്ത് കഴുത്തുവഴി താഴേക്ക് ഒലിച്ചിറങ്ങി.

കുളികഴിഞ്ഞ ഗൗരി കറുപ്പിൽ വെളുത്തനിറത്തോടുകൂടിയാ ചുരിദാർ ധരിച്ച് താഴേക്കിറങ്ങി.

ഉമ്മറത്ത് ചാരുകസേരയിലിരുന്ന് ശങ്കരൻതിരുമേനി പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“അമ്മൂ, പോവാം” അകത്തുനിന്ന് ഗൗരി പുറത്തേക്കുവരുന്നതുകണ്ട തിരുമേനി അവളെ അടിമുടിയൊന്ന് നോക്കി.

“ആഹ്‌ഹാ,കെട്ടിക്കാറായല്ലോ പെണ്ണിനെ ഹഹഹ…”

“ഒന്നുപോ മുത്തശ്ശാ” നാണത്തോടെ ഗൗരി പറഞ്ഞു.

“അതയ്, പുണ്ണ്യാഹം മറക്കേണ്ട. തിരുമേനിയോട് പറയു ഇങ്ങടാണെന്ന്.”

“ഉവ്വ്,” അമ്മു തിരിഞ്ഞുനോക്കികൊണ്ട് പറഞ്ഞു.

പടിപ്പുര താണ്ടി അവർ രണ്ടുപേരും നടന്നകലുന്നത് അചലമിഴികൾകൊണ്ട് തിരുമേനി നോക്കിയിരുന്നു.


ഹരിദാർദ്രമായ മണ്ണിലൂടെ നെൽകതിരുകളെ തലോടികൊണ്ട് ബ്രഹ്മപുരം ശിവക്ഷേത്രത്തിലേക്ക് രണ്ടുപേരും നടന്നുനീങ്ങി.

നെൽവയലിന്റെ അവസാനം ചെന്നെത്തിയത് ഒരു ഇടവഴിയുടെ തുടക്കത്തിലാണ്.

“അമ്മു, ന്ത് രസാ ഈ വഴിയിലൂടെ നടക്കാൻ”

ഗൗരി മണ്ണിൽപണിഞ്ഞ മതിലുകളിലെ പുൽനാമ്പുകളെ തലോടികൊണ്ട് പറഞ്ഞു.

ആർദ്രമായ കൈകളിൽ ഹിമകങ്ങൾ കുളിരേകികൊണ്ടേയിരുന്നു.

ഇടവഴി ചെന്നവസാനിച്ചത് വലിയ ഒരാലിന്റെ അടുത്തായിരുന്നു.

ഗൗരി ആലിന്റെ മുകളിലേക്കൊന്നുനോക്കി.

അനന്തമായി ആർക്കും ശല്യമില്ലാതെ അത് പടർന്നുപന്തലിച്ചു നിൽക്കുന്നുണ്ടായിരുന്നു.

ആൽത്തറയിൽ കയറി അമ്മു മൗനമായി അല്പനേരമിരുന്നു.

കിഴക്കുനിന്ന് വന്ന ഇളംങ്കാറ്റ് അവളെ തലോടികൊണ്ടേയിരുന്നു.

“ഗൗരിയേച്ചി, ഇവിടെയിരിക്കുമ്പോൾ നിക്ക് ന്റെ അച്ഛന്റെ മടിയിലിരിക്കുന്നപോലെയാ.” നിറമിഴികളോടെ അമ്മുപറഞ്ഞു.

ഒന്നും മനസിലാകാതെ ഗൗരി അവളെത്തന്നെ നോക്കി. വലതുവശത്തുള്ള ബോർഡിലേക്ക് അമ്മു വിരൽചൂണ്ടി.

അമ്മു വിരൽചൂണ്ടിയഭാഗത്തേക്ക് ഗൗരി സൂക്ഷിച്ചുനോക്കി.

‘ശ്രീനിയേട്ടന്റെ പാവന സ്മരണക്ക്’

“അച്ഛനാ” അമ്മു തേങ്ങി തേങ്ങി കരഞ്ഞു.

“ഇവിട്യാ അച്ഛൻ സന്ധ്യക്ക് വന്നിരിക്കാറ്.” ഉള്ളിൽ അടക്കിപ്പിടിച്ച സങ്കടം മിഴിനീർക്കണങ്ങളായി കവിൾത്തടംതാണ്ടി അധരങ്ങളിലേക്കൊലിച്ചിറങ്ങി.

ഗൗരി അവളുടെ അടുത്തേക്കുവന്ന് കണ്ണുനീർത്തുള്ളികളെ ചൂണ്ടുവിരൽകൊണ്ട് തുടച്ചുനീക്കി.

“ഏയ്‌,അമ്മൂ, സാരല്ല്യ. വാ നമുക്ക് തൊഴുതിട്ട് വരാം”

അവളെ തോളോട് ചേർത്തുപിടിച്ച് ഗൗരി ക്ഷേത്രത്തിലേക്ക് നടന്നു.

ക്ഷേത്രാങ്കണത്തിൽ നടക്കുനേരെയുള്ള ‘നന്ദി’യുടെ പ്രതിഷ്ഠക്ക് നെറുകയിൽ തലോടികൊണ്ട് ഗൗരി ബലിക്കലിനെ വലതുവശത്താക്കി പടികളെ തൊട്ട് നെറുകയിൽവച്ച് ശ്രീകോവിലിനുള്ളിലേക്ക് കടന്നു.

“തിരുമേനി, രണ്ട് പുഷ്‌പാഞ്ജലി, പിൻവിളക്ക്, ധാര “

രസീത് കൊടുക്കുന്ന സ്ഥലത്ത് അമ്മു നിന്നു.

“പേരും നാളും പറയൂ.”

“അമ്മു അശ്വതി. ഗൗരി കാർത്തിക.”

രസീതും നെയ്യൊഴിച്ച ചെറിയ വിളക്കുംവാങ്ങി മഹാദേവന്റെ തിരുസന്നിധിയിൽ അർപ്പിച്ചു.

ഭഗവതിയെയും, വിഘ്‌നേശ്വരനെയും, ശാസ്താവിനെയും വാണങ്ങി വീണ്ടും അവർ ശ്രീകോവിലിനുമുൻപിൽ ചെന്നുനിന്നു.

ശിവലിംഗത്തെ തഴുകി ശുദ്ധജലം ധാരയായി ഒഴുകുന്ന കാഴ്ച്ചകണ്ട ഗൗരിയുടെ കൈകളിലെ ചെറിയ രോമങ്ങൾവരെ കോരിത്തരിപ്പിച്ചു.


കണ്ണുകളടച്ച് അല്പനേരം അവൾ മനസുതുറന്നത്‌ പ്രാർത്ഥിച്ചു.

ശേഷം പുണ്യാഹം വാങ്ങി നാഗരാജാവിനെയും നാഗയക്ഷിയെയും വണങ്ങി അംബലത്തിൽനിന്നുമിറങ്ങി.

“അമ്മൂട്ടി,”

പുരുഷശബ്ദം കേട്ട അമ്മു ചുറ്റിലും നോക്കി. ആരെയും കണ്ടില്ല.

“ആരാ അത് ?..”

“ദേ ഇവിടെ, മുകളിൽ.”

കവിമുണ്ട് മടക്കിക്കുത്തി മാറിടങ്ങളെ മറക്കുംവിധം തോർത്തുമുണ്ടുധരിച്ച് ഒരു സുന്ദരനായ ചെറുപ്പക്കാരൻ, കുരുത്തോല കെട്ടുന്നുണ്ടായിരുന്നു.

“ഹാ, അനിയേട്ടൻ.” പുഞ്ചിരി പൊഴിച്ചുകൊണ്ട് അമ്മുപറഞ്ഞു.

“ആരാ അമ്മുവേ പുതിയ അവതാരം. മുൻപ് കണ്ടിട്ടില്ല്യല്ലോ”

“അമ്മാവന്റെ മകളാ ഗൗരി ബാംഗ്ളൂരായിരുന്നു, കുറച്ചൂസം ണ്ടാവും.”

ഗൗരി അയാളുടെ മുഖത്തേക്കുനോക്കിക്കൊണ്ട് പുഞ്ചിരിച്ചുനിന്നു.

“വാ, പോവാം”

ഗൗരി അമ്മുവിന്റെ കൈകൾ പിടിച്ചുവലിച്ചു.

ചെരുപ്പുധരിച്ച് അവർ മനയിലേക്കുമടങ്ങി.

“നാട്ടിലെ മുഴുവൻ ചെക്കന്മാരെയും അറിയും ലേ,” പുച്ഛത്തോടെ ഗൗരി ചോദിച്ചു.

“സൗന്ദര്യം നിക്കൊരു ശാപമാണ് ഗൗരിയേച്ചി”

“ഹോ, ഒരു ഐശ്വര്യാ റായി, കണ്ടാലും പറയും, ഏതാ ആ ചെക്കൻ ?..”

“വല്യ പഠിപ്പുള്ള ആളാ, മനുഷ്യമനസിനെ കുറിച്ച് ഇപ്പോൾ റിസർച്ച് ചെയ്യുന്നുണ്ടെന്ന് കേട്ടു.”

അല്പം ശബ്ദംതാഴ്ത്തി ഗൗരിയുടെ ചെവിയിൽപറഞ്ഞു.

” ആഭിചാരകർമ്മങ്ങൾ ചെയ്യുന്ന ഒരു മന്ത്രവാദി ണ്ട്. മാർത്താണ്ഡൻ. അയാളുടെകൂടെ ഇപ്പ കൂട്ട്, ഒരു വർഷം മുൻപ് സീത എന്ന പെൺകുട്ടിയെ വശീകരിച്ച് ആഭിചാരകർമ്മങ്ങൾക്കു വേണ്ടി മാർത്താണ്ഡനെ സഹായിച്ചത് ഇയാളാന്ന് കേട്ടുകേൾവി ണ്ട്. ആരോടും പറയണ്ടട്ടോ..”

അല്പം ഭയത്തോടെയാണ് അമ്മു ആ കാര്യം ഗൗരിയോട് പറഞ്ഞത്.

“ന്നിട്ട് ആ പെണ്ണ് ?”

“ആ കുട്ടി മരിച്ചു. പിന്നെ അതിന്റെ ആത്മാവ് അലഞ്ഞുനടക്കുന്നുണ്ടെന്ന് പറഞ്ഞ് മുത്തശ്ശനാ ബന്ധിച്ചത്.”

“എന്തൊരു നാടാണ് ആകെ ദുരൂഹത.”

“ഗൗരിയേച്ചി, ഇവിടെ ഒരു ഗന്ധർവ്വക്ഷേത്രമുണ്ട്. പിന്നെ അപ്പൂപ്പൻക്കാവും. എന്തുരസാ അവിടെ കാണാൻ, മ്മക്ക് ഒന്നുപോയിവന്നാലോ?”

അപ്പൂപ്പൻക്കാവ് എന്നുകേട്ടപ്പോൾ ഗൗരിക്ക് ആദ്യം ഓർമ്മാവന്നത് കാട്ടുവള്ളിയിൽ തൂങ്ങിയാടുന്ന മൃതദേഹമായിരുന്നു.

അല്പം ഭയം തോന്നിയെങ്കിലും വീണ്ടും ആ സ്ഥലമൊന്നുകാണാൻ ഗൗരി ആഗ്രഹിച്ചിരുന്നു.

നെൽവയൽ താണ്ടി ഇടത്തോട്ട് നീണ്ടുകിടക്കുന്ന മൺപാതയിലൂടെ അവർ രണ്ടുപേരുംകൂടെ നടന്നുനീങ്ങി.


കിളികളുടെ കലപില ശബ്ദവും കാറ്റിന്റെ മർമ്മരഗീതവും ഗൗരിയുടെ മനസിന് കുളർമ്മയേകി.

പൊട്ടിപ്പൊളിഞ്ഞു കരിങ്കൽ നിർമ്മിതമായ ഗന്ധർവ്വക്ഷേത്രത്തിന്റെ അകത്തേക്ക് അവർ കയറി.

ശിലകൊണ്ടുനിർമ്മിച്ച രൂപങ്ങളുടെ പലഭാഗങ്ങളും നശിച്ചിരുന്നു.

കാട്ടുവള്ളികൾ ശ്രീകോവിലിനെ വാരിപ്പുണർന്നിരുന്നു.

ശ്രീകോവിലിനുള്ളിൽ എണ്ണക്കറപിടിച്ചപോലുള്ള ഒരു വിഗ്രഹം ഗൗരി കണ്ടു.

“ഇതാണ് ഗന്ധർവ്വൻ ലേ ?”

“മ്, അതെ” ഗൗരി ഫോണെടുത്ത് അവിടെനിന്നു ഒരുപാട് സെൽഫി ഫോട്ടോകൾ എടുത്തു.

വൈകാതെ അവർ അപ്പൂപ്പൻക്കാവിലേക്കു മടങ്ങി.

അമ്മു ഗൗരിയെ കാട്ടുവഴികളിലൂടെ കൊണ്ടുപോയി.

അകലെനിന്നും ഗൗരി കണ്ടു. അപ്പൂപ്പന്താടികൾ കാറ്റിൽ പറന്നു നടക്കുന്നത്.

കാവിലേക്ക് കടന്ന ഗൗരിക്ക് അല്പം ഭയംതോന്നിതുടങ്ങിയിരുന്നു.

കാവിനുള്ളിലൂടെ അവർ അല്പദൂരം നടന്നു. വനം അവസാനിക്കുന്ന പടിഞ്ഞാറെ ഭാഗത്തുനിന്നുനോക്കിയാൽ ബ്രഹ്മപുരത്തിന്റെ പകുതിയിലേറെയും കാണാമായിരുന്നു.

“മതി. വാ , പോകാം.” അമ്മു തിരക്കുകൂട്ടി.

“നിക്കടി, നോക്ക് എന്തുരസാ കാണാൻ. അല്പനേരംകൂടെ കഴിഞ്ഞിട്ട് പോകാം. പ്ലീസ് ടാ” ഗൗരി വാശിപിടിച്ചു.

“മുത്തശ്ശൻ എന്നെ വഴക്കുപറയും. വാ ഗൗരിയേച്ചി.”

അമ്മുവിന്റെ നിർബന്ധപ്രകാരം അവർ തിരിച്ചുനടന്നു.

കാവിന്റെ കിഴക്കേ ഭാഗത്തെത്തിയപ്പോൾ ഗൗരി നിലത്ത് മഞ്ചാടിമണികൾ കൊഴിഞ്ഞു വീണുകിടക്കുന്നതു കണ്ടു.

കാഞ്ഞിരമരത്തിനോടുചാരി അടുത്തുള്ള കല്ലിന്റെ മുകളിൽ തന്റെ ഐ ഫോൺവച്ചിട്ട് ഗൗരി അതുപെറുക്കാൻ നിന്നു.

ഒരു കൈകുമ്പിൾ നിറയെ മഞ്ചാടിമണികൾ കിട്ടിയ സന്തോഷത്തോടെ അവർ മനയിലേക്കുതിരിച്ചു.

പകുതിയെത്തിയപ്പോഴാണ് തന്റെ ഫോണെടുത്തില്ലയെന്ന് ഗൗരിക്ക് ഓർമ്മവന്നത്.

“അമ്മു ,ന്റെ ഫോണെടുത്തില്ല.”

“ഇയ്യോ…ഇനിയിപ്പ അത്രേം ദൂരം പോണ്ടേ, നിക്ക് വയ്യ.” അമ്മുനിന്നു ചിണുങ്ങി.

കൈയിലുള്ള മഞ്ചാടിമണികൾ അമ്മുവിന് നേരെനീട്ടി.

“ഞാനെടുത്തിട്ട് വരാം, 30,000 രൂപ വിലയുള്ള ഫോണാ. അച്ഛൻ ചീത്തപറയും.”

ഗൗരി ഫോണെടുക്കാൻ അപ്പൂപ്പൻക്കാവിലേക്ക് തിരിച്ചുനടന്നു.

കാവിലെത്തിയതും ഗൗരി ഫോണുവച്ചിരുന്ന കല്ലിന്റെ അടുത്തേക്കുചെന്നു. പക്ഷെ അപ്പോൾ അതിന്റെമുകളിൽ കാഞ്ഞിരവൃക്ഷത്തോടുചാരി ഒരാളിരുന്ന് എന്തോ പുസ്തകം വായിക്കുകയായിരുന്നു.

തെക്കൻകാറ്റ് ഒരൊഴുക്കിലങ്ങനെ ഒഴുകിവന്നു.

മുൻപിലേക്കുപാറിയ മുടിയിഴകളെ ഗൗരി വലതുകൈകൊണ്ട് എടുത്ത് ചെവിയോട് ചേർത്തുവച്ചു.

“ഹെലോ, ഏട്ടാ,” ഇടറിയ ശബ്ദത്തിൽ ഗൗരി അയാളെ വിളിച്ചു.

അവളുടെ വിളികേട്ട് അയാൾ പതിയെ തിരിഞ്ഞുനോക്കി. അയാളുടെ മുഖംകണ്ട ഗൗരി അദ്‌ഭുദത്തോടെ നോക്കിനിന്നു.

“ഇത്,….. ഇതുഞാൻ ട്രൈനിൽവച്ചു കണ്ടയാളല്ലേ?, അതെ, അതുതന്നെ”

“മാഷേ, അറിയോ? ന്താ ഇവിടെ ?..”

“ഹാ, താനോ? ഇപ്പൊ എങ്ങനെയുണ്ട് ?..”

“മ്, കുഴപ്പല്ല്യ, ഞാനെന്റെ ഫോണെടുക്കാൻ വന്നതാ.”

കാറ്റിൽ പാറിനിന്ന അവളുടെ ഷാൾ പിടിച്ചെടുക്കുന്നതിനിടയിൽ പറഞ്ഞു.

“ഇതാണോ ?..” അയാൾ ഫോണെടുത്ത് ഗൗരിക്കുനേരെ നീട്ടി.

“ഓഹ്..താങ്ക്സ് മാഷേ.. അന്ന്,വിശദമായി പരിചയപ്പെടാൻ കഴിഞ്ഞില്ല്യാ. അപ്പോഴേക്കും മാഷ് ഇറങ്ങി. ഇവിടെ എങ്ങനാ? മാഷിന്റെ പേര് ?.. എന്താ ജോലി.?”

“ഹഹഹ, എല്ലാം അറിയണം ലേ ?..”

“മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി.” പുഞ്ചിരിപൊഴിച്ചുകൊണ്ട് ഗൗരി പറഞ്ഞു.

“ഞാൻ ഇവിടേതന്നെയാണ് ഉണ്ടാവാറ്. പിന്നെ, ജോലിഎന്നുപറഞ്ഞാൽ…. പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്. പേര് സച്ചി സച്ചിദാനന്ദൻ.

തുടരും…

Comments:

No comments!

Please sign up or log in to post a comment!