കോബ്രാഹില്‍സിലെ നിധി 5
CoBra Hillsile Nidhi Part 5 | Author : smitha click here to all parts
നാലാമത്തെ അദ്ധ്യായം കഴിഞ്ഞയുടന്‍ തയ്യാറാക്കിയതാണ് ഇത്. ഏകദേശം രണ്ടാഴ്ചമുമ്പ് തന്നെ. ഇത് വരെയും അയക്കാതിരുന്നതിന് ഒരു കാരണമുണ്ട്. കോബ്രാഹില്‍സിന്‍റെ “യമുന” എന്ന വായനക്കാരി നാലാം അധ്യായത്തിന് ഒരു കമന്‍റ്റ് എഴുതി. ഹരികൃഷ്ണന്‍ പി ടി ആര്‍ എന്നയാള്‍ അയാളുടെ ഫെയ്സ് ബുക്ക് പെയ്ജില്‍ ഈ കഥ അയാളുടെയാണ് എന്ന പേരില്‍ ഇട്ടിരിക്കുന്നു.
പോണ്‍ അയാലും അല്ലെങ്കിലും ഒരു കഥയെഴുതുന്നതിന്‍റെ വിഷമം എല്ലാവര്‍ക്കും അറിയാം. എഴുതുന്നയാള്‍ക്കും വായിക്കുന്നയാള്‍ക്കും. അത് ഒരു ഉളുപ്പുമില്ലാതെ മറ്റൊരാള്‍ അയാളുടെ കഥയാണ് എന്ന മട്ടില്‍ മോഷ്ട്ടിച്ചിടുമ്പോള്‍, തീര്‍ച്ചയായും മനപ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ഈ അദ്ധ്യായം ഇടാന്‍ കാരണം അര്‍ജ്ജുന്‍ അടക്കമുള്ള പല സുഹൃത്തുക്കളും ആവേശപൂര്‍ണ്ണമായ ഒരു വരവേല്‍പ്പ് തന്നത് കൊണ്ടാണ്. അവരുടെ കാത്തിരിപ്പിനെ പരിഹസിക്കാന്‍ ഇഷ്ട്ടമല്ല.
അഡ്മിന്‍ – എഡിറ്റെഴ്സിനോട് ഒരു അപേക്ഷ. യമുന ആ ഐ ഡി ആരുടെതെന്ന്‍ വെളിപ്പെടുത്തിയോ? അതിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുകയുണ്ടായോ?
* * * * * *
ഷിപ്രാ നദീതീരത്താണ് പുണ്യനഗരമായ ഉജ്ജയിനി സ്ഥിതി ചെയ്യുന്നത്.
മൌര്യ ഗുപ്ത രാജവംശങ്ങളുടെ ചരിത്രവുമായി ബന്ധപെട്ട ഉജ്ജയിനിയുടെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലിലൊന്ന്‍ മഹാകാളെശ്വര ക്ഷേത്രമാണ്.
മഹാകാളേശ്വര ക്ഷേത്രത്തിന്‍റെ സമീപത്താണ് രാജ്യാന്തരപ്രശസ്തി നേടിയ അഖണ്ഡജ്യോതി ആശ്രമം സ്ഥിതി ചെയ്യുന്നത്.
ഗോശാലകളും വൃദ്ധമന്ദിരങ്ങളും അനാഥശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിറഞ്ഞ വിവിധ സംരംഭങ്ങളുടെ കേന്ദ്രം കൂടിയായിരുന്നു ആഖണ്ഡജ്യോതി ആശ്രമം.
മഹര്‍ഷി ദേവനാരായണനായിരുന്നു ആശ്രമത്തിന്‍റെയധിപന്‍.
ആത്മീയ പ്രഭാഷണങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളും മഹര്‍ഷി ദേവനാരായണനെ തിരക്കുള്ള ഒരു ആത്മീയാചാര്യനാക്കിയിരുന്നു.
എങ്കിലും എത്ര തിരക്കിനിടയിലും അദ്ധേഹം സന്ദര്‍ശകരെ മുഷിപ്പിക്കാരില്ല.
അവരുടെ ആത്മീയാവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ധേഹം ഇപ്പോഴും തീവ്രശുഷ്ക്കാന്തി കാണിച്ചിരുന്നു.
അന്നും അദ്ധേഹത്തിന് ഒരു വിശിഷ്‌ഠവ്യക്തി സന്ദര്‍ശകനായുണ്ടായിരുന്നു.
കേരളീയനായ വ്യവസായി രാജശേഖരവര്‍മ്മ.
കൂടിക്കാഴ്ച്ച അദ്ധേഹത്തിന്‍റെ ആശ്രമത്തിലെ ലൈബ്രറിയില്‍ വെച്ചായിരുന്നു.
രാജശേഖരവര്‍മ്മ മഹര്‍ഷി ദേവനാരായണന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി.
അദ്ധേഹം ഗാഡമായ ആലോചനയിലാണ്.
താന്‍ അവതരിപ്പിച്ച വിഷയം അദ്ധേഹം ഗൌരവമായിത്തന്നെ എടുത്തിരിക്കുന്നു എന്ന്‍ അദ്ധേഹത്തിന് ബോധ്യമായി.
അന്നത്തേക്കാള്‍ തേജസ്സും ഗാംഭീര്യവും ഏറിയിരിക്കുന്നു. കണ്ണുകളിലെ പ്രകാശവും. നീണ്ട താടിരോമങ്ങളും തലമുടിയും ചുവന്ന സന്യാസവസ്ത്രവും ധരിച്ച അദ്ധേഹത്തിന് എഴുപത് വയസ്സ് കഴിഞ്ഞിരുന്നു. “അങ്ങേയ്ക്കറിയാമല്ലോ, ഇതിപ്പോള്‍ പന്ത്രണ്ടാമത്തെ വര്‍ഷമാണ്,” രാജശേഖരവര്‍മ്മ പറഞ്ഞു. “അങ്ങ് തന്നെ ഇപ്രാവശ്യവും യാഗത്തിന് കാര്‍മ്മികനാവനം.” അദ്ധേഹത്തിന്‍റെ മുഖത്ത് പലവിധ സന്ദേഹങ്ങളും വിയോജിപ്പുകളും നിറയുന്നത് വര്‍മ്മ കണ്ടു. മഹര്‍ഷി ദേവനാരായണന്‍റെ മുഖത്ത് ചുളിവുകള്‍ വീണു. അദ്ധേഹത്തിന്‍റെ മുഖത്ത് പലവിധ സന്ദേഹങ്ങളും വിയോജിപ്പുകളും നിറയുന്നത് വര്‍മ്മ കണ്ടു. അദ്ധേഹം ജാലകത്തിലൂടെ, ആകാശത്ത് ഉയര്‍ന്ന് നില്‍ക്കുന്ന മഹാകാളെശ്വര ക്ഷേത്രത്തിന്‍റെ ഗോപുരത്തിന്‍റെ ചുറ്റും പറക്കുന്ന പ്രാവുകളെ നോക്കി. ദാര്‍ശനികനും ഋഷിയുമായിരുന്ന ഭര്‍തൃഹരിയുടെ ആശ്രമത്തിനടുത്ത് ആഖണ്ഡജ്യോതി ആശ്രമം എന്ന്‍ പേരിട്ടിരിക്കുന്ന ആ തപോവനത്തില്‍ മഹര്‍ഷി ദേവനാരായണന്‍ എന്ന സാത്വിക ഗുരുവിന്‍റെ പര്‍ണ്ണശാലയില്‍, അദ്ധേഹത്തിന്‍റെ ലൈബ്രറിയില്‍ അഭിമുഖമായി ഇരിക്കുമ്പോള്‍, രാജശേഖരവര്‍മ്മ ഉത്തരത്തിന് കാതോര്‍ത്തു. “ഈ പന്തണ്ട് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ പ്രധാന സംഭവങ്ങള്‍ പറയു,” “സംഭവങ്ങള്‍ എല്ലാം കഴിഞ്ഞ വര്‍ഷം മുതല്‍ക്കാണ്,” രാജശേഖരവര്‍മ്മ പറഞ്ഞു. “തലമുറകളായി രഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന, നാഗത്താന്‍ മലയിലെ നിധിയെക്കുറിച്ചുള്ള മാപ്പുകള്‍ കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയില്‍ നിന്ന്‍ മോഷ്ട്ടിക്കപ്പെട്ടു. അതീവ രഹസ്യമായി സൂക്ഷിക്കപ്പെട്ടതായിരുന്നു ആ രണ്ടു മാപ്പുകളും. വിശ്വസ്തനെന്ന് ഞാന്‍ കരുതിയിരുന്ന എന്‍റെ എസ്റ്റേറ്റ് കാര്യങ്ങളുടെ ജനറല്‍ മാനേജര്‍ രോഹിത് നാഗത്താന്‍ മലയില്‍ കൊല്ലപ്പെട്ടു. അയാളുടെ വസ്ത്രത്തില്‍ നിന്ന്‍ മാപ്പുകളിലൊരെണ്ണം കണ്ടെടുക്കപ്പെട്ടു. അയാള്‍ എന്നെ ചതിക്കയായിരുന്നു.” മഹര്‍ഷി വിവരണം ശ്രദ്ധയോടെ കേട്ടു. രാജശേഖരവര്‍മ്മയുടെ ചിന്തകള്‍ മറ്റൊരു വഴിക്ക് തിരയുന്നത് അദ്ദേഹം കണ്ടു. “പിന്നെ?” “പിന്നെ–” അദ്ധേഹത്തിന്‍റെ വാക്കുകളില്‍ ഇതുവരെ കാണാത്ത ഭയവും വിഷാദവും മഹര്‍ഷി ശ്രദ്ധച്ചു. “പിന്നെ ദിവ്യക്ക് നാലഞ്ച് പ്രാവശ്യം ദുരൂഹമായ സാഹചര്യങ്ങളില്‍ ആക്സിഡന്‍റ്റ് ഉണ്ടായി. ഭക്ഷണത്തില്‍ വിഷം ചെന്നാണ് ഒരു തവണ.
മഹര്‍ഷിയുടെ മുഖം ഗൌരവപൂര്‍ണ്ണമായി. “പിന്നെ ബ്രഹ്മഹത്യയുടെ ശാപം… നാളെ ദിവ്യക്ക് പതിനെട്ട് വയസ്സ് തുടങ്ങുകയാണ്. പഴയ ശാപമനുസരിച്ച് …!” മഹര്‍ഷി ദേവനാരായണന്‍ രാജശേഖരവര്‍മ്മയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു. സൂര്യവംശത്തിലെ ചരിത്ര സംഭവങ്ങള്‍ അദ്ധേഹത്തിന് മനപാഠമാണ്. മാത്രമല്ല പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജശേഖരവര്‍മ്മയുടെ കൊട്ടാരത്തില്‍ വെച്ചുനടന്ന മഹാമൃത്യുഞ്ജയഹോമത്തിന്‍റെ മുഖ്യവൈദികനും അദ്ധേഹമായിരുന്നു. “ഗുരുജീ വൈകാതെ തന്നെ ആ യാഗം നടക്കണം.” “നടക്കണം, പക്ഷെ,” ഒരു തരാം അസ്വസ്ഥത മഹര്‍ഷിയുടെ മുഖത്ത് തെളിഞ്ഞു. അത് രാജശേഖരവര്‍മ്മയെ കുഴക്കി. എന്താണ് കുഴപ്പം? എന്ത് പ്രതിബന്ധമാണ് അദ്ധേഹം തന്‍റെ ജ്ഞാനദൃഷ്ട്ടിയില്‍ കാണുന്നത്? “ഗുരുജീ, എന്തെങ്കിലും തടസ്സം?” മഹര്‍ഷി അദ്ധേഹത്തിന്‍റെ മുഖത്തേക്ക് സംശയത്തോടെ നോക്കി. അദ്ദേഹം ഉത്തരം പറയാന്‍ വിഷമിക്കുന്നത് രാജശേഖരവര്‍മ്മ കണ്ടു. “യാഗം വിധിപോലെ നടക്കണം,” മഹര്‍ഷി പറഞ്ഞു. “വൈദിക വിധിയില്‍ പിഴവ് പറ്റാത്തവനായിരിക്കണം പുരോഹിതന്‍. തപോബലത്താല്‍ ആത്മജ്ഞാനവും ഉഗ്രബ്രഹ്മചര്യവും ജിതെന്ദ്രിയത്വവും സിദ്ധിച്ചവനാകണം വൈദികന്‍. അതാണ് ശാസ്ത്രം. ” മഹര്‍ഷിയുടെ വാക്കുകളിലെ ഗൌരവം അദ്ധേഹം ശ്രദ്ധയോടെ കേട്ടു. “കൊട്ടാരത്തില്‍ നടത്തപ്പെട്ടിട്ടുള്ള മഹാമൃത്യുഞ്ജയ യാഗങ്ങളുടെ ചരിത്രം പഠിച്ചാല്‍ കാര്‍മ്മികരായിട്ടുള്ള വൈദികരെല്ലാം ഈ ഗുണങ്ങള്‍ കൊണ്ട് യോഗ്യരായിരുന്നു എന്ന്‍ കാണാം.” “ഈ ഗുണങ്ങള്‍ എല്ലാം അങ്ങേക്കും…..” “എനിക്കാവും…” രാജശേഖരവര്‍മ്മയെ തുടരാനനുവദിക്കാതെ അദ്ധേഹം പറഞ്ഞു. “നാം നടത്തുന്നത് ഒരു അസാധാരണ യാഗമാണ്. ശാസ്ത്രത്തിന്‍റെ കല്‍പ്പനപ്രകാരം മുഖ്യ വൈദികന്‍ ഒന്നില്‍ക്കൂടുതല്‍ മഹാമൃത്യുഞ്ജയഹോമത്തിന് കര്‍മ്മികനായിരികാന്‍ പാടില്ല. യാഗത്തിന് കൂടുതല്‍ ഫല സിദ്ധിയുണ്ടാവുന്നത് കാര്‍മ്മികന്‍ യുവാവായിരിക്കുമ്പോള്‍ ആണ്. രാജകുമാരിയുടെ മേല്‍ പതിച്ചിരിക്കുന്ന ശാപം ഫലിക്കാന്‍ സാധ്യതയുള്ള വര്‍ഷം ഇതായതുകൊണ്ട് ഉഗ്രതപസ്വിയായ ഒരു യുവവൈദികനെയാണ് വേണ്ടത്.” “പക്ഷെ…” ആകാംക്ഷ നിറഞ്ഞ സ്വരത്തില്‍ രാജശേഖരവര്‍മ്മ ചോദിച്ചു.
“വേദ പരിജ്ഞാനവും വേദാന്ത ജ്ഞാനവും ശാസ്ത്രങ്ങളിലും സ്മൃതികളിലുമുള്ള പാണ്ഡിത്യവും താന്ത്രികാചാരങ്ങളില്‍ അനുഭവപരിജ്ഞാനവുമുള്ള ഒരു യുവഋഷിയെ ഇക്കാലത്ത് കണ്ടുകിട്ടുമോ?” മഹര്‍ഷി ദേവനാരായണന്‍ കണ്ണുകളടച്ചു.
“ഒരു പ്രത്യേക തരാം ആണ്,” മഹര്‍ഷി പറഞ്ഞു. “ഒരു തരത്തിലുമുള്ള പ്രത്യേക വിശേഷണങ്ങളുടെ പരിധിയില്‍ ഒതുങ്ങില്ല അവന്‍,” പുണ്യ നഗരമായ ഉജ്ജയിനിയില്‍, മഹാകാലേശ്വര ക്ഷേത്രത്തിനടുത്തുള്ള തന്‍റെ ആശ്രമത്തില്‍ യോഗിയായ ആ സന്യാസി തന്‍റെ ശിഷ്യ ശ്രേഷ്ഠന്‍റെ ഗുണവര്‍ണ്ണനകള്‍ തുടര്‍ന്നു.
അദ്ധേഹം ആ യുവതിയുടെ ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി. “ഗുരുജീ, ഈ ലേഡി?” രാജശേഖരവര്‍മ്മ മഹര്‍ഷിയുടെ നേരെ ആ ചിത്രം കാണിച്ചുകൊണ്ട് സംശയത്തോടെ ചോദിച്ചു. “ഇവരെ..ഇവരെ..ഞാന്‍ കണ്ടിട്ടുണ്ട്…” “പ്രിന്‍സെസ്സ് ഏയ്‌ഞ്ചല്‍,” മഹര്‍ഷി പറഞ്ഞു. “ഏയ്‌ഞ്ചല്‍ രാജകുമാരി. ബക്കിംഗ്ഹാം പാലസിലെ…” “അതെ! അതെ!! അദ്ധേഹം തിടുക്കത്തില്‍ പറഞ്ഞു. “മദര്‍ തെരേസയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ ബന്ധപ്പെടുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും പ്രതാപം നിറഞ്ഞ രാജകുടുംബത്തില്‍ ജനിച്ചവള്‍! അങ്ങയുടെ ആശ്രമത്തില്‍ ഇവരെങ്ങനെ…?” “കേംബ്രിഡ്ജില്‍ സത്യനാഥ് ഒരു പേപ്പര്‍ അവതരിപ്പിച്ചിരുന്നു. പൌരസ്ത്യദര്‍ശനത്തെക്കുറിച്ച്. ഏയ്‌ഞ്ചല്‍ രാജകുമാരിയും ആ സദസ്സിലുണ്ടായിരുന്നു. അവന്‍റെ പേപ്പര്‍ രാജകുമാരിയെ അദ്ഭുതപ്പെടുത്തി. പിറ്റേ ദിവസം അവന്‍റെ കൂടെ ആശ്രമത്തിലെത്തി അവര്‍. ഭാരതത്തെക്കുറിച്ചും പൌരസ്ത്യദര്‍ശനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും പഠിക്കുവാനും. അവര്‍ സത്യനാഥിന്‍റെ കീഴില്‍ യോഗധ്യാനം പരിശീലിച്ചിരുന്നു. അപ്പോള്‍ എടുത്ത ചിത്രമാണ്.” അദ്ദേഹം വീണ്ടും പേജുകള്‍ മറിച്ചു. സത്യനാഥ് എന്ന യുവസന്യാസിയുടെ ചിത്രങ്ങള്‍ വീണ്ടുമുണ്ടായിരുന്നു. ലോകം ആദരവോടെ കാണുന്ന ഉന്നതരായ വ്യക്തികളോടൊപ്പം. ഭരണാധികാരികള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍, മതനേതാക്കന്‍മാര്‍. പിന്നെ സാധാരണക്കാരില്‍ സാധാരണക്കാരോടൊപ്പവും. കര്‍ഷകര്‍, ആദിവാസികള്‍, തൊഴിലാളികള്‍, തെരുവുനര്‍ത്തകര്‍, പാമ്പാട്ടികള്‍, റിക്ഷാ വലിക്കുന്നവര്‍… “ഇത്രയൊക്കെ യാത്രാനുഭവങ്ങളും ബന്ധങ്ങളുമുണ്ടായിട്ടും എനിക്കദ്ഭുദം തോന്നുന്നു, ഞാന്‍ ഇദ്ദേഹത്തെക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്നോര്‍ത്ത്. കഴിഞ്ഞ തവണ ഞാന്‍ വന്നപ്പോള്‍ അങ്ങ് ഇദ്ദേഹത്തെക്കുറിച്ച് ഒരു സൂചനയും തന്നിരുന്നില്ല.” “അന്ന്‍ അവന്‍ ദില്ലിയിലായിരുന്നു,” “ദില്ലിയില്‍?” “ങ്ങ്ഹാ,” അദ്ധേഹം തുടര്‍ന്നു. “ജെ എന്‍ യൂവില്‍ വിദ്യാര്‍ഥിയായിരുന്നു. എം എസ് സി ഫിസിക്സ്. സ്വര്‍ണ്ണമെഡലോടെയാണ് പോസ്റ്റ് ഗ്രാജുവേഷന്‍ കംപ്ളീറ്റ് ചെയ്തത്.” “ഇത്രയ്ക്കും അക്കാദമിക് ബ്രില്ലിയന്‍സുള്ള ഒരാള്‍!” രാജശേഖരവര്‍മ്മ തന്‍റെ അദ്ഭുതം മറച്ചുവെച്ചില്ല. ആശ്രമത്തില്‍നിന്ന്‍ മടങ്ങുമ്പോള്‍ അദ്ദേഹം പൂര്‍ണ്ണ സംതൃപ്തനായിരുന്നു. മഹാമൃത്യുജ്ഞയ യാഗം പൂര്‍ണ്ണവിജയമായിരിക്കുമെന്ന്‍ അദ്ധേഹത്തിന് നിശ്ചയമായി. കുടുംബത്തിന് മേല്‍ വീശിയടിച്ചുകൊണ്ടിരിക്കുന്ന കരിനിഴലുകളും കാര്‍മേഘങ്ങളും മാഞ്ഞുപോകാന്‍ തുടങ്ങുകയാണ്. ശാപങ്ങളും.
* * * * * * നദീതീരം. എന്നും ഇരിക്കാറുള്ള പാറയുടെ ചുവട്ടില്‍, മുത്തശിയുടെ മടിയില്‍ തലവെച്ച് കിടന്ന്‍ കഥകള്‍ കേള്‍ക്കുകയായിരുന്നു, ദിവ്യ. “അത്രയ്ക്ക് അടക്കാനാവാത്തതാണോ ഗ്രാനീ മനുഷ്യന്‍റെ ആഗ്രഹങ്ങള്?” ഓര്‍ഫ്യൂസിന്‍റെയും യൂറിഡൈസിന്‍റെയും കഥ കേട്ടുകഴിഞ്ഞ് ദിവ്യ ചോദിച്ചു. “നിയന്ത്രണാതീതമായി എന്തെങ്കിലും ഉണ്ടെങ്കില്‍ മനസ്സും അതിന്‍റെ ആഗ്രഹങ്ങളും മാത്രമാണ് കുട്ട്യേ,”
പുഴയുടെ നിശ്ചല വിതാനത്തിന് മേല്‍ പൂര്‍ണ്ണചന്ദ്രന്‍ ഇളകിക്കൊണ്ടിരുന്നു. മണല്‍ത്തിട്ട് ഇപ്പോള്‍ സ്വര്‍ണ്ണ വെളിച്ചത്തില്‍ നിറഞ്ഞുകിടക്കുന്നു. ദൂരെ നിലാവിന്‍റെ സുതാര്യതയില്‍ കുളിച്ച്നില്‍ക്കുകയാണ് കോബ്രാഹില്‍സിന്‍റെ ശിഖരങ്ങള്‍. ആകാശം നിറയെ നക്ഷത്രങ്ങള്‍. മധ്യത്തില്‍ പൂര്‍ണ്ണചന്ദ്രന്‍. “ഗ്രാനീ ഇന്നെന്താ കാറ്റിന് നിശാഗന്ധിയുടെ മണം?” നക്ഷത്രങ്ങളിലേക്ക് കണ്ണുകള്‍ നട്ട് ദിവ്യ ചോദിച്ചു. വിദൂരതയില്‍ നിന്ന്‍ കണ്ണുകള്‍ മാറ്റി മുത്തശി ദിവ്യയെ നോക്കി. “ഇന്ന്‍ പൌര്‍ണ്ണമിയാണ് കുട്ടീ,” “ഓ! ഞാനത് മറന്നു,” ദിവ്യ പെട്ടെന്ന്‍ പറഞ്ഞു. അവള്‍ മുത്തശിയുടെ മടിയില്‍ നിന്നുമെഴുന്നേറ്റു. പുഴയുടെ സ്വര്‍ണ്ണവിതാനത്തിലേക്കും മണല്‍ത്തിട്ടിന്‍റെ വിദൂരതയിലേക്കും അവള്‍ നോക്കി. പിന്നെ കോബ്രാഹില്‍സിന്‍റെ ശിഖരങ്ങളിലേക്കും. “നാളെയാണ് എന്‍റെ ജന്മദിനം!” അവള്‍ കോബ്രാഹില്‍സിന്‍റെ കൊടുമുടികളില്‍ നിന്ന്‍ നോട്ടം പിന്‍വലിച്ചു. “ഇന്ന്‍ ശാന്തിദേവ് എന്ന പൂച്ചസന്യാസി തന്‍റെ സ്വീറ്റ് ഹാര്‍ട്ട് ഋതുപര്‍ണ്ണയെ രണ്ടാംജന്മത്തില്‍ കണ്ടുമുട്ടുന്ന ദിനം ഇന്നാണല്ലോ. ഈ പൌര്‍ണ്ണമിയില്‍…” ദിവ്യ ചിരിച്ചു. മുത്തശി ഒന്നും പറഞ്ഞില്ല. പെട്ടെന്ന്‍ ദിവ്യയുടെ കണ്ണുകള്‍ പ്രകാശിക്കുന്നത് അവര്‍ കണ്ടു. അവളുടെ മുഖത്ത് ഒരുന്മാദഭാവം പ്രത്യക്ഷപ്പെടുന്നു. ആഴമേറിയ ഒരോര്‍മ്മയില്‍ നിന്ന്‍ അവള്‍ ഉണരുന്നത് പോലെ. “ഐ ഫീല്‍ പോയെറ്റിക് ഗ്രാനീ… ” അവള്‍ നാടകീയ സ്വരത്തില്‍ പറഞ്ഞു. “എന്‍റെ ശാന്തിദേവ് എന്നെത്തേടി ഇന്ന്‍ വരും ഗ്രാനീ….കാറ്റിന്‍റെ സുതാര്യതയില്‍ നിന്ന്‍ ….പൂക്കളിലെ തേന്‍കണങ്ങളില്‍ നിന്ന്‍ …. അരയന്നങ്ങളുടെ തൂവലുകളില്‍ നിന്ന്‍ …. മേഘബാഷ്പ്പങ്ങളില്‍ നിന്ന്‍ ….ആകാശത്തിന്‍റെ ഉയരങ്ങളില്‍ നിന്നും സമുദ്രങ്ങളുടെ ആഴങ്ങളില്‍ നിന്നും കാലത്തിന്‍റെ ഗര്‍ത്തത്തില്‍ നിന്നും ജനിമൃതിയുടെ ജാലകങ്ങളില്‍ നിന്നും …എന്‍റെയടുത്തേക്ക് …എന്‍റെ ഗ്രാനീ…” മുത്തശി അവളുടെ വാക്കുകള്‍ കേട്ട് പരിഭ്രമിച്ചു. ദിവ്യക്കുണ്ടായ ഭാവപ്പകര്‍ച്ചയുടെ കാരണം അവര്‍ക്ക് മനസ്സിലായില്ല. “ഈശ്വരാ!” താന്‍ ഭയപ്പെടുന്നത് അവര്‍ അറിഞ്ഞു. “എന്ത് പറ്റി എന്‍റെ കുട്ടിക്ക്? ദിവ്യാ!” അവള്‍ ആ വിളി കേട്ടില്ല എന്ന്‍ തോന്നി. “എന്താ മോളെ നിനക്ക് പറ്റീത്?” അവര്‍ അവളുടെ തോളില്‍ പിടിച്ചു. പെട്ടെന്ന്‍ കോബ്രാഹില്‍സില്‍ നിന്ന്‍ ഒരു കാറ്റുണരുന്നത് മുത്തശി കണ്ടു. കൊടുമുടികളില്‍ കാറ്റിളകി വൃക്ഷശിഖരങ്ങളെ ഇളക്കി. തെയ്യക്കോളങ്ങള്‍ വൃക്ഷരൂപം പൂണ്ട് താണ്ഡവം തുടങ്ങി. ബഹുരൂപികളായ അഭൌമശരീരികള്‍ നാഗത്താന്‍ മലമുടികളിറങ്ങി വരികയാണ്. ദിവ്യ മണല്‍പ്പുറത്ത് എഴുന്നേറ്റ് നിന്നു. അവള്‍ക്കുച്ചുറ്റും പ്രകൃതി സംഹാരരൂപിണിയായി വൃത്തചലനം നടത്തുന്നത് മുത്തശി കണ്ടു. പുഴയുടെ നിലാവെളിച്ചത്തിലേക്ക് ദിവ്യ തറച്ചുനോക്കുന്നത് അവര്‍ കണ്ടു. “ദിവ്യേ, മോളേ…!” അവര്‍ വീണ്ടും വിളിച്ചു. മുത്തശി എഴുന്നേറ്റു അവളെ സമീപിച്ചു. അവളുടെ തോളത്ത് അവര്‍ പിടിച്ചു.
“വല്ലാത്ത തലവേദന തോന്നുന്നു, ഗ്രാനീ,” അവള്‍ നോട്ടം മാറ്റാതെ പറഞ്ഞു. “എനിക്ക് ഗ്രാനീടെ മടീല്‍ കെടക്കണം,” അവര്‍ വീണ്ടും മണല്‍ത്തിട്ടില്‍ ഇരുന്നു. ദിവ്യ അവരുടെ മടിയില്‍ തലവെച്ചു കിടന്നു. കണ്ണുകളടച്ചു. പെട്ടെന്ന് നിലാവ് മങ്ങി. കൊടുങ്കാറ്റിന്‍റെ രൌദ്രഭാവം തീവ്രമായി. ദൂരെ വൃക്ഷശിഖരങ്ങള്‍ ഒടിഞ്ഞുവീഴുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. മുത്തശിയുടെ ഭയം വര്‍ദ്ധിച്ചു. “എന്‍റെ ഭഗവതീ,” അവര്‍ വിറയാര്‍ന്ന സ്വരത്തില്‍ മന്ത്രിച്ചു. അവര്‍ ദിവ്യയെ നോക്കി. അവള്‍ ഗാഡനിദ്രയിലായിക്കഴിഞ്ഞു എന്ന്‍ അവര്‍ കണ്ടു. കാറ്റിന്‍റെ താളം വീണ്ടും മുറുകി. മണല്‍ത്തരികള്‍ പാറിപ്പറക്കുന്ന നദീ തീരത്ത് മുത്തശിക്ക് ശ്വാസം മുട്ടി. കനത്ത ഇരുട്ട് മുമ്പിലുള്ള ദൃശ്യങ്ങളെ വിഴുങ്ങിക്കളഞ്ഞു. ചുറ്റും ഗാഡമായ ഇരുട്ടിന്‍റെ പ്രളയം. തന്‍റെ ശിരസ്സ് മരയ്ക്കുന്നത് പോലെ മുത്തശിയ്ക്ക് തോന്നി. അവര്‍ ദിവ്യയെ ചേര്‍ത്തുപിടിച്ചു. കൊടുങ്കാറ്റിന്‍റെ ഹുങ്കാരം ഒന്നിനൊന്ന്‍ വര്‍ദ്ധിച്ചുവന്നു. അപ്പോള്‍ തങ്ങളിരിക്കുന്നതിന്‍റെ തൊട്ടു മുമ്പില്‍ പുഴയില്‍ നിന്ന്‍ വല്ലാത്തൊരു ശബ്ദം അവര്‍ കേട്ടു. പെട്ടെന്ന്‍ കൊടുങ്കാറ്റിന്‍റെ രൌദ്രശബ്ദം ദുര്‍ബ്ബലമാകുന്നത് മുത്തശിയറിഞ്ഞു. നിലാവ് പതിയെ പരക്കാന്‍ തുടങ്ങി. കാറ്റ് ക്രമേണ നിശ്ചലമായി. ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും തെളിഞ്ഞു. നിലാവിന്‍റെ കാന്തികത പരിസരങ്ങളെ വീണ്ടും മുഗ്ധമാക്കി. മുത്തശ്ശി കണ്ണുകള്‍ തുറന്നു. ഒരു നിമിഷം അവര്‍ വിസ്മയ നിശ്ചലയായി. മുമ്പില്‍ ഒരാള്‍ നില്‍ക്കുന്നു. ഒരു യുവാവ്. ജീന്‍സും സ്ലാക്ക് ഷര്‍ട്ടും കണ്ണടയും ധരിച്ചിരിക്കുന്നു. തോളില്‍ ഒരു റീബക്ക് ബാക്ക്പാക്കര്‍. കാലില്‍ വിലയേറിയ പാദരക്ഷകള്‍. ദേഹം നനഞ്ഞിരിക്കുന്നു. അയാള്‍ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു. “ക്ഷമിക്കണം,” അയാള്‍ പറഞ്ഞു. “ഇരുട്ടായത് കൊണ്ട് വഴിയറിഞ്ഞില്ല. വഴിതെറ്റി പുഴയില്‍ വീണു,” “മോന്‍ ഈ നാട്ടുകാരന്‍ അല്ലന്ന്‍ തോന്നുന്നു…” “അല്ല” അയാള്‍ പുഞ്ചിരിക്കുന്നത് അവര്‍ കണ്ടു. “ദൂരേന്നാ,” “ഇവിടെ എങ്ങോട്ട് പോകുന്നു?” “ഞാന്‍ ഇവിടുത്തെ സെയിന്‍റ്റ് മേരീസ് കോളേജില്‍ ജോയിന്‍ ചെയ്യാന്‍ വന്ന പുതിയ അധ്യാപകനാണ്,” അയാള്‍ പറഞ്ഞു. “ങ്ങ്ഹാ, അമ്മേ,”
അയാള്‍ വിളിച്ചു. “ഈ ചര്‍ച്ചിലേക്ക്, ഐ മീന്‍ ഇവിടുത്തെ ഒരു സെയിന്‍റ്റ് മേരീസ് കത്തോലിക്കാ ചര്‍ച്ചിലേക്ക്, എതിലെയാ പോകേണ്ടത്?” “ദാ, അതിലെ,’ മുത്തശി അയാള്‍ക്ക് പിമ്പിലെക്ക് വിരല്‍ ചൂണ്ടി. “അഞ്ച് മിനിറ്റ് നടന്നാല്‍ ഒരു പാലം കാണാം. അത് കടക്കണം. പാലം കഴിഞ്ഞ് പിന്നെയും ഒരഞ്ചു മിനിറ്റ് നടക്കണം. അപ്പോള്‍ ഒരാല് കാണാം. ആലിന്‍റെയടുത്തുന്ന്‍ വലതുവശത്തേക്ക് തിരിയുന്ന വഴിയിലൂടെ വീണ്ടും ഒരഞ്ചു മിനിറ്റ് നടന്നാല്‍ പള്ളിയായി. മോന് മനസ്സിലായോ?” അയാള്‍ തലകുലുക്കി. “അഞ്ചു മിനിറ്റ് പാലം. വീണ്ടും അഞ്ചു മിനിറ്റ് ആല്‍. വലതു വശത്തുകൂടി വീണ്ടും ഒരഞ്ചു മിനിറ്റ് പള്ളി. അല്ലേ?” “ങ്ങ്ഹാ, അത് തന്നെ,” “അമ്മയുടെ വീടെവിടെയാ?” “ഇവിടെ അടുത്ത് തന്ന്യാ കുട്ട്യേ,” അവര്‍ പറഞ്ഞു. “ഇതെന്‍റെ പേരക്കുട്ട്യാ,” മടിയില്‍ ഉറങ്ങുന്ന ദിവ്യയെ നോക്കി അവര്‍ പറഞ്ഞു. “ഞങ്ങള്‍ ഇവിടെ നിലാവത്ത് ഇരിക്ക്യാരുന്നു. പെട്ടെന്ന്‍ കുട്ടിയ്ക്ക് ഒരു തലവേദന.” അയാളുടെ കണ്ണുകള്‍ അവളുടെ മുഖത്ത് പതിഞ്ഞു. “രാത്രി ഇത്രയായില്ലേ, ഞാന്‍ കൊണ്ടാക്കണോ?” അയാള്‍ അവളുടെ മുഖത്തുനിന്ന്‍ മിഴികള്‍ പിന്‍വലിക്കാതെ ചോദിച്ചു. “ഇല്ല, ഞങ്ങള്‍ക്കിത് പതിവാ. ഇതിപ്പംമോള്‍ക്ക് തലവേദന വന്നത് കൊണ്ട് താമസിച്ചതാ. മോള്‍ ഏറ്റാല്‍ ദാ പോക്കായി…” “ന്നാല്‍ അമ്മേ, ഞാന്‍…” അയാള്‍ പോകാന്‍ തിരിഞ്ഞു. “മുത്തശി തലകുലുക്കി. “ശരി,” അയാള്‍ പിന്തിരിഞ്ഞു. ദിവ്യ പതിയെ കണ്ണുകള്‍ തുറക്കുന്നത് അവര്‍ കണ്ടു. അവള്‍ കണ്ണുകള്‍ തുറന്ന്‍ മുത്തശിയേയും ചുറ്റുപാടും നോക്കി. “ഇപ്പൊ എങ്ങനെയുണ്ട് മോളേ?” മുത്തശിയുടെ മുഖത്തും ആകാശത്തും ചുറ്റുപാടും അവളുടെ കണ്ണുകള്‍ വീണ്ടും പറ്റിക്കിടന്നു. “ഗ്രാനീ ഞാന്‍..?” പതിയെ എഴുന്നെല്‍ക്കവേ അവള്‍ ചോദിച്ചു. “എന്താ പെട്ടെന്നിങ്ങനെ ഒര് തലവേദന?” “ഒര് പിടീല്ല്യ ഗ്രാനീ,” അവള്‍ പറഞ്ഞു. “പെട്ടെന്നങ്ങനെ വന്നു. പിന്നെ ഒന്നും അങ്ങട്ട് ഓര്‍മ്മയില്യാ,” ദൂരെ ഒരാള്‍ രൂപം നിലാവിലൂടെ മറയുന്നത് ദിവ്യ കണ്ടു. “ആരാ ഗ്രാനീ, അത്?” “പേരൊന്നും എനിക്ക്യറിയില്ല്യ,” മുത്തശി പറഞ്ഞു. “പള്ളീലേക്കുള്ള വഴി ചോദിച്ചു. ഇവിടുത്തെ കോളേജില്‍ പഠിപ്പികാന്‍ വന്ന പുതിയ അധ്യാപകനാന്ന്‍ പറഞ്ഞു. നല്ല ശ്രീത്വമുള്ള തേജസ്സുള്ള ചെറുപ്പക്കാരന്‍.” അവള്‍ മുത്തശിയുടെ മുഖത്ത് നോക്കി. “ചെലപ്പോ അയാള്‍ ആയിരിക്കാം ഗ്രാനീ,” അവള്‍ ചിരിച്ചു. “പ്രവചന പ്രകാരം ആശ്വിനമാസത്തിലെ ഇന്നത്തെ പൌര്‍ണ്ണമിയില്‍ എന്നെത്തേടി വരേണ്ട ശാന്തിദേവ് എന്ന മഹര്‍ഷിപുത്രന്‍റെ രണ്ടാം ജന്മം.” “മുത്തശ്ശി അവളെ നോക്കി. “പക്ഷെ പുള്ളി കണ്‍വേര്‍ട്ട് ചെയ്യപ്പെട്ടു എന്നാ തോന്നുന്നേ,” അവള്‍ വീണ്ടും ചിരിച്ചു. “പോയത് പള്ളിയിലേക്കല്ലേ? ഇനി ഒരൊറ്റ മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ. ഞാനൊരു കന്യാസ്ത്രീയാകാം.”
Comments:
No comments!
Please sign up or log in to post a comment!