മെഴുകുതിരി പോല്‍

‘ദേവകി .ഇറങ്ങാറായില്ലേ നീയ്യ്?’

‘ ദാ ഇറങ്ങുവാ … വിനു പോയോ അച്ഛാ ?’

‘ അവന്‍ എപ്പഴേ പോയി ..മായ ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ ?’

” കഴിഞ്ഞച്ഛാ…അമ്മെ ഞാന്‍ റെഡി “

” ഈ വയ്യാണ്ട് പിന്നേം ഇറങ്ങുവാണോ ..വല്ലിടത്തും അടങ്ങിയിരിക്കണം … ഉച്ചക്ക് ചോറുണ്ടോണം ..  . ..ഞാന്‍ വരുന്നത് നോക്കി ഇരിക്കണ്ട ,ഗുളിക അടപ്പില്‍ എടുത്തു വെച്ചിട്ടുണ്ട്” ദേവകി ബാഗുമെടുത്ത്‌ വരാന്തയില്‍ പഴയ ചെരുപ്പ് മാറ്റി പുതിയതിട്ടുകൊണ്ട് പറഞ്ഞു

‘ അമ്മെ ..ഒന്ന് വരുന്നുണ്ടോ ..ഒന്‍പതിന്റെ ഗീത പോയാ പിന്നെ വഴക്ക് കേട്ട് ഇന്നത്തെ ദിവസം പോക്കാ …അമ്മേനെ പോലെ സര്‍ക്കരുധ്യോഗം ഒന്നുമല്ല ന്റെത് ” മായ വേഗം നടന്നു കൊണ്ട് പറഞ്ഞു ..

മായ പട്ടണത്തില്‍ ഒരു ജൂവലറിയില്‍ കണക്ക് എഴുത്താണ് ….ദേവകി അവിടെ നിന്ന് പാസഞ്ചറില്‍ രണ്ടു സ്റ്റോപ്പ്‌ കൂടി കഴിയണം … എന്നിട്ടും എന്നും ഒന്‍പതിന് തന്റെ കൂടെ ഇറങ്ങുന്ന അമ്മയെ അവളാവശ്യത്തിനു കളിയാക്കാറുണ്ട് … അല്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമയനിഷ്ഠയെ കുറിച്ച് നമ്മളെല്ലാവരും കളിയാക്കാറുണ്ടല്ലോ..

ഓടിപ്പിടിച്ചു സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ബസ് വന്നിരുന്നു , മോളെ തനിക്കു മുന്‍പേ കയറ്റി തിങ്ങി ഞെരുങ്ങുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നും അവളെ വലയം ചെയ്തു നിന്നു ദേവകി .

” ചേച്ചിയെ … നിങ്ങളിന്നും ഒട്ടി നിന്നാണോ പോണേ ..എന്‍റെ ചേച്ചി ഒന്ന് നീങ്ങി നില്ല് ..ചേച്ചീടെ മോളെ ആരും പിടിച്ചോണ്ട് പോകില്ല “

ദേവകി ഒന്നും മിണ്ടിയില്ല .

” ഈയമ്മ …മനുഷ്യനെ രാവിലെ തന്നെ നാണം കെടുത്തും ..” ഓരോ സ്റൊപ്പുകള്‍ കഴിയും തോറും തിരക്ക് കൂടി വന്നു .അതിനനുസരിച്ചു മായയെ തന്‍റെ ചിറകിനടിയിലാക്കി ദേവകി ..

സ്റ്റാന്‍ഡില്‍ വിയര്‍ത്തോട്ടിയ സാരിത്തുമ്പ്‌ കൊണ്ട് വിയര്‍പ്പുകള്‍ ഒപ്പി ഓടിയെന്നോണം നടന്നകലുന്ന അമ്മയെ മായ തെല്ലു നേരം നോക്കി നിന്നു

സരോല്ലാ … ഓഫീസിലെക്കല്ലേ പോണേ ..ഇനി പോരുന്ന വരെ ഫാനിന്‍റെ ചോട്ടില്‍ അല്ലെ ?

മായ പെട്ടന്ന് തന്നെ നടന്നു ജൂവലറിയില്‍ എത്തി . . കാഷിലിരുന്ന ബാബുവേട്ടന്‍ വട്ട ക്കണ്ണടയുടെ അടിയിലൂടെ അവളെ തുറിച്ചു നോക്കി . അയാളുടെ രൂക്ഷ നോട്ടം കണ്ടു മായ വാച്ചിലേക്ക് നോക്കി . 10.05 .ആളുകള്‍ വന്നു തുടങ്ങിയിട്ടില്ല. എന്നിട്ടും അഞ്ചു മിനുട്ട് ലേറ്റ് അയതിനാണ് ഈ നോട്ടം… അമ്മയെ പോലെ വല്ല സര്‍ക്കരുധ്യോഗം കിട്ടിയാ മതിയാരുന്നു

ഡബിള്‍ ഡ്യൂട്ടിയാണവള്‍ക്ക്.

കണക്കും എഴുതണം ..പിന്നെ തിരക്കുള്ള സമയങ്ങളില്‍ വരുന്ന കസ്റമേര്‍സിനെ ചിരിച്ചു കാണിച്ചു അവര്‍ക്ക് വേണ്ടുന്ന ആഭരണങ്ങള്‍ ഉള്ളയിടത്തെക്ക് കൊണ്ട് പോകണം . മൂന്നു നിലകളിലായാണ് ജൂവലറി . അല്‍പം സൌന്ദര്യം ഉള്ളത് കൊണ്ട് കിട്ടിയ എക്സ്ട്രാ ജോലി .. ശമ്പളവും കൂടുതല്‍ കിട്ടും  ഇട്ടു കൊണ്ട് വന്ന വേഷം മാറ്റി സാരിയുടുക്കാന്‍ വേണ്ടി മായ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. വിലകൂടിയ സാരിയും , പുതിയ ഫാഷന്‍ ആഭരണങ്ങളും അവിടെ വെച്ച് ധരിക്കും .. പോകുമ്പോള്‍ ഊരി വെക്കുകയും ചെയ്യും

കോളേജില്‍ എത്തിയ വിനു പതിവ് വായിനോട്ടമെല്ലാം കഴിഞ്ഞ് ക്ലാസ്സിലേക്ക് കയറാന്‍ ഒരുങ്ങവേ ആണ് മുഹമ്മദ്‌ അവനെ വിളിച്ചത്

‘ അല്‍ഫാം… ഷേക്ക്‌ ..പിന്നൊരു സിനിമ … ലാസ്റ്റ് ഒരു ബിയര്‍ ..എങ്ങനാ ?”

“ടൌണില്‍ ഞാനില്ലട… ചേച്ചീടെ കഴുകന്‍ കണ്ണുകള്‍ എങ്ങേനെയെലും കണ്ടു പിടിക്കും ..ഇന്നാളത്തെ അനുഭവം കണ്ടില്ലായിരുന്നോ ?’

” നീ വാടാ ..വന്നു വണ്ടിയെടുക്ക് ” ഒന്ന് സംശയിച്ചിട്ട് വിനു മുഹമ്മദിന്‍റെ പുറകെ നടന്നു

” ഇവിടെ ആണേല്‍ അല്ലെ പ്രശ്നമുള്ളൂ … നമുക്ക് മെട്രോ സിറ്റി പിടിച്ചെക്കാം .. കുഴപ്പമില്ലല്ലോ “

വിനു ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി , മുഹമ്മദ്‌ കൂട്ടുകാരെ മൊബൈലില്‍ വിളിച്ചു കോളെജിലേക്ക് വരണ്ടായെന്നു നിര്‍ദ്ദേശം നല്‍കി …

അവര്‍ സിറ്റിയില്‍ എത്തിയപ്പോള്‍ മറ്റു രണ്ടു പേരും അവിടെ എത്തിയിരുന്നു. നാലു പേര്‍ തമ്മില്‍ രഹസ്യങ്ങളില്ല .. അവര്‍ക്കുള്ളില്‍ നിന്ന് യാതൊന്നും പുറത്തു പോകുകയുമില്ല … മുഹമ്മദ്‌ ഇടക്കൊക്കെ ബിയര്‍ അടിക്കും .. ആരും അറിയാതിരിക്കാന്‍ ആണ് ഇവിടെ എത്തുക ..

” അളിയാ … ഒരു മൂന്നിന് ഓരോ ബിയറും കൂടി വിട്ടിട്ടു നാലിന് പോയാല്‍ മണോം വരില്ല .. “

” എങ്കിലത് വരെ പാര്‍ക്കിലെങ്ങാനും പോയിരിക്കാം .. ‘

‘ എടാ .എടാ … ഈ ഉച്ചക്ക് ആരും അവിടെ കാണില്ല , നിനക്ക് വായി നോക്കാന്‍ “

” ഒന്ന് പോടാ … “

പാര്‍ക്കിലെ നടപ്പാതയുടെ സൈഡിലെ ചാര് ബെഞ്ചില്‍ വെടിയും പറഞ്ഞിരിക്കുമ്പോഴാണ് ഒരു ലോട്ടറികാരന്‍ വന്നത്

” ചേട്ടാ … ഒരു സെറ്റ് നോക്കാനുണ്ട് …”

‘ നിനക്ക് വേറെ പണിയൊന്നും ഇല്ലെടെ ജിഷ്ണു ചുമ്മാ ലോട്ടറി എടുക്കാന്‍ ?’

” നിന്‍റെ വാപ്പാക്ക് പണോം അധികാരോം ഉണ്ടെന്ന് വെച്ച് …ഹ്മം … ഇതിനുമോന്നുമില്ല …നാശം ‘

ലോട്ടറിക്കാരന്‍ നടന്നകന്നതും ജിഷ്ണു കയ്യിലിരുന്ന ലോട്ടറികള്‍ കുനുകുനാന്ന് കീറി മുകളിലേക്കെറിഞ്ഞു.
. അവ ആകാശത്തില്‍ പാറി പറന്നു ടൈല്‍സ് പാകിയ നടപ്പാതയില്‍ പൂക്കളം തീര്‍ത്തു .

ഒരു വശം മുതല്‍ അടിച്ചു നീങ്ങിയ തൂപ്പുകാരി വേസ്റ്റ് നിറക്കുന്ന ട്രോളിയും ചൂലും കൊണ്ട് തിരികെ വന്നപ്പോള്‍ കണ്ടത് ലോട്ടറി വീണ്ടും കീറുന്ന ജിഷ്ണുവിനെയാണ്

” മോനെ ..ഞാനിപ്പോ അടിച്ചതെ ഉള്ളൂ … ഇനീം കീറിയിടല്ലേ..അതിങ്ങു ഇട്ടെരെ” അവരാ ട്രോളി മുന്നിലേക്ക് നീക്കി

” ഓഹോ ..നിനക്ക് പിടിച്ചില്ല അല്ലെ … നിന്നെയൊക്കെ പിന്നെന്തിനാ പണിക്ക് വെച്ചിരിക്കുന്നെ … ചുമ്മാ ശമ്പളം കിട്ടണോ … ഞങ്ങടെ നികുതി പണമാ നിനക്കൊക്കെ ശമ്പളം തരുന്നേ .. മേലനങ്ങാതെ …”

” എന്താടാ …ജിഷ്ണു …?” വറുത്ത കപ്പലണ്ടി വാങ്ങി കൊണ്ട് വന്ന മുഹമ്മദ്‌ ചോദിച്ചു.

” അല്ല ഇവക്കൊക്കെ അഹങ്കാരം ..വേസ്റ്റ് ഇടരുതെന്നു പറയാന്‍ ഇവളാരാ”

മുഹമ്മദിന്‍റെ പുറകെ കയറി വന്ന വിനു തൂപ്പുകാരിയെ കണ്ടു ഞെട്ടി .

” അമ്മ …അമ്മയെന്താ ..ഇവിടെ ?”

മകനെ കണ്ടു മുഖം വിളറിയ ദേവകി  ട്രോളിയും കൊണ്ട് തിരിഞ്ഞു നോക്കാതെ വേഗത്തില്‍ നടന്നകന്നു …

എന്താ ദേവൂ മുഖം വല്ലാതെയിരിക്കുന്നെ?’    പാര്‍ക്കിനു മുന്നിലെ തെരുവ് തൂത്ത് കൊണ്ടിരുന്ന   ലക്ഷ്മി സഹപ്രവര്‍ത്തകയോട് ചോദിച്ചു

‘ ഒന്നൂല്ല … മോനെ കണ്ടു … മക്കള്‍ക്ക് പ്രായപൂര്‍ത്തിയായല്ലോ എന്ന് കരുതിയാ , ഇതേ വരെ നാട്ടിലേക്ക് മാറ്റത്തിനു പോലും നോക്കാത്തെ .. മുന്‍സിപ്പാലിറ്റി ആയ സ്ഥിതിക്ക് വേണേല്‍ അങ്ങോട്ട്‌ മാറ്റത്തിനു നോക്കാമെന്ന് പലരും പറഞ്ഞതാ “

അഴുക്കു പുരണ്ട സാരികവറില്‍ നിന്ന് കുപ്പി വെള്ളം എടുത്തു നീട്ടിയപ്പോള്‍ ദേവകി അത് വാങ്ങി മുഖത്തേക്കോഴിച്ചു…

‘ മക്കള്‍ക്കൊക്കെ നാണക്കേടായി അല്ലെ ദേവൂ … ഞാന്‍ ഇപ്പൊ ആങ്ങളെടെ കൂടെയാ താമസം .. ചപ്പും ചവറും തൂത്ത് പെറുക്കി കൂട്ടി വെച്ച് സമ്പാദിച്ചു മക്കളെ വളര്‍ത്തി വലുതാക്കിയപ്പോള്‍ ഇപ്പോളവര്‍ക്ക്…”

‘ അമ്മെ … ‘ മനസിനേറ്റ മുറിപ്പാടില്‍ നിന്നൊരു മോചനത്തിനായി പാര്‍ക്കിനു വെളിയിലെ കടത്തിണ്ണയില്‍ ഇരുന്ന ദേവകി ഞെട്ടി തിരിഞ്ഞു നോക്കി ..

‘ അമ്മെ … ” ഓടി വന്നു കൈ പിടിച്ചപ്പോള്‍ മായയുടെ കണ്ണില്‍ യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല .

” ഞാനടിച്ചോളാം…’ മായ അരികില്‍ വെച്ചിരുന്ന ചൂലെടുത്തു.. സ്വര്‍ണക്കടയില്‍ ആളുകളെ സ്വീകരിക്കുന്ന ,അതെ വേഷത്തിലായിരുന്നു മായ

” വേണ്ട മോളെ ..ഇവിടൊക്കെ തീര്‍ന്നതാ … വിനു ?’ ദേവകി ചുറ്റും നോക്കി .
.

‘ അമ്മ … ഇവിടെയാണന്നു പറയാത്തതെന്താ ? എന്‍റെ ഉപ്പയല്ലേ നമ്മുടെ ചെയര്‍മാന്‍ … നമുക്ക് അങ്ങോട്ടേക്ക് മാറ്റം മേടിക്കാം ..” മുഹമ്മദ്‌ അവരുടെ അടുത്തേക്ക് വന്നു

” അമ്മെ ..സോറി ..ഞാനറിയാതെ …” ജിഷ്ണു വന്നു ദേവകിയുടെ കൈ പിടിച്ചു .

” സാരമില്ല മോനെ ” ദേവകിയുടെ കണ്ണുകള്‍ അപ്പോഴും വിനുവിനെ തേടുകയായിരുന്നു

” വിനു …അവനെന്തിയെ ?’

അവിടേക്ക് ഒരു കാര്‍ വന്നു നിന്നു, അതില്‍ നിന്ന് വിനുവും രാമേട്ടനും ഇറങ്ങി

‘ എന്തായിത് ? വയ്യാത്ത അച്ഛനേം വിളിച്ചോണ്ട് … “

” ഒരൂട്ടം കാണിച്ചു തരാന്ന് പറഞ്ഞു നിന്ന നിപ്പില്‍ കൊണ്ട് വന്നതാ ഇവനെന്നെ … ഇതാപ്പോ സംഗതി ?’…

” അപ്പൊ അച്ഛനും അറിയാരുന്നു അല്ലെ അമ്മേടെ ജോലി ഇതാന്ന്….. ഒന്ന് പറയാമയിരുന്നു .. സൌന്ദര്യോം ജോലീയുടെ സ്വഭാവോം വെച്ചാണോ ഞങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നെ … എന്നാലും അമ്മെ ..ഇങ്ങനെ ഞങ്ങളെ കണ്ടല്ലോ ” മായയും വിനുവും ദേവകിയുടെ കയ്യില്‍ പിടിച്ചു

“”ലക്ഷ്മി … കണ്ടോ നീയെന്‍റെ മക്കളെ …” കണ്ടു നിന്ന ലക്ഷ്മിയുടെ കണ്ണില്‍ നിന്ന് ഒരിറ്റു കണ്ണീര്‍ നിലത്തേക്ക് വീണു .. കൂടെകിടക്കുന്ന കരിയിലയുടെ കൂടെ അതിനെ ചൂല് കൊണ്ട് തൂത്തു വാരി ലക്ഷ്മി നടന്നപ്പോള്‍ ദേവകി മക്കളുടെ സ്നേഹചൂടില്‍ ഉരുകുകയായിരുന്നു

Comments:

No comments!

Please sign up or log in to post a comment!