രാഘവായനം 4

രാഘവായനം – പാർട്ട് 4 (അവസാന ഭാഗം) by പഴഞ്ചൻ… ( കഥ ഇതുവരെ – മുത്തശ്ശിയുടെ ആഗ്രഹപ്രകാരം രാവണന്റെ ചന്ദ്രഹാസം നശിപ്പിക്കുന്നതിനായി രാമക്കൽമേട്, ജടായുപ്പാറ, ശബരീപീഠം, രാമേശ്വരം എന്നിവിടങ്ങളിലെ രാമസാന്നിദ്ധ്യ പ്രദേശങ്ങളിൽ നിന്ന് മണൽത്തരികൾ ശേഖരിച്ച് ലങ്കയിലേക്കുള്ള യാത്രയ്ക്കായി രാഘവ് നാട്ടിൽ തിരിച്ചെത്തുന്നു… തുടർന്ന് വായിക്കുക)… ……

നാട്ടിൽ തിരിച്ചെത്തിയ രാഘവ് അതിരാവിലെ തന്നെ നേരെ ഗോകുലിന്റെ അടുത്തേക്കാണ് പോയത്… ഗോകുലിന്റെ വിടിനു താഴെ നിന്ന് രാഘവ് എൻഫീൽഡിന്റെ ആക്സിലറേഷൻ കൂട്ടി… ഘഠ് ഘഠ്… എന്ന ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഗോകുൽ എഴുന്നേറ്റത്… അവൻ അതാരുടെ വണ്ടിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ് ഓടിപ്പിടഞ്ഞ് വീടിന്റെ ബാൽക്കണിയിൽ നിന്ന് ഗേറ്റിലേക്ക് നോക്കി… അവിടെ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന രാഘവിനെ കണ്ട് ഉടുത്തിരിക്കുന്നത് വെറുമൊരു ഷോർട്ട്സ് മാത്രമാണെന്ന് ഓർക്കാതെ അവൻ താഴേക്ക് ഓടിയെത്തി… “ എടാ നീ എത്തിയല്ലേ… ഇപ്പോഴാ ഒന്ന് സമാധാനമായത്… “ കിതപ്പിനിടയിലും ചിരിച്ചു കൊണ്ട് ഗോകുൽ പറഞ്ഞു… രാഘവ് തന്റെ ബാഗിൽ നിന്ന് ചില്ലുകുപ്പിയെടുത്ത് അവന്റെ കയ്യിൽ കൊടുത്തു… വിടർന്ന കണ്ണുകളോടെ ആ ഗോളാകൃതിയിലുള്ള ചില്ലു കുപ്പിയിലേക്ക് നോക്കി ഗോകുൽ അന്തം വിട്ടു നിന്നു… “ രാമേശ്വരത്തേയും?… “ വിശ്വാസം വരാതെ ഗോകുൽ രാഘവിന്റെ മുഖത്തേക്ക് നോക്കി… “ നിന്റെ സഹായം ഒന്നുള്ളത് കൊണ്ടുമാത്രം…“ രാഘവ് ബൈക്കിൽ നിന്നിറങ്ങി അവനെ കെട്ടിപ്പിടിച്ചു… “ എന്നെക്കൊണ്ട് ചെയ്യാവുന്നത് ഞാൻ ചെയ്തു…“ ഗോകുൽ സംതൃപ്തിയുടെ ഒരു മന്ദസ്മിതം പൊഴിച്ചു… “ ഞാനിപ്പോ വരാം… “ പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ ഗോകുൽ പറഞ്ഞു… എന്നിട്ട് അകത്തേക്ക് വീണ്ടും ഓടിപ്പോയി… തിരികെ വന്ന ഗോകുലിന്റെ കയ്യിൽ ഒരു ചെറിയ ബുക്ക് ഉണ്ടായിരുന്നു…

“ ഓ… പാസ്പോർട്ട്… അത് കിട്ടിയോ?… അപ്പോ അവർ പാസ്പോർട്ട് അന്വേഷണത്തിനായി എന്റെ വീട്ടിലേക്ക് വന്നോ?… “ പാസ്പോർട്ട് കിട്ടിയ സന്തോഷത്തിലും, എന്നാൽ പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ തന്റെ വീട്ടിൽ അന്വേഷണത്തിന് വന്നിട്ടുണ്ടാകുമോ എന്ന പേടിയാലും രാഘവ് ഗോകുലിനോട് തന്റെ മനസ്സിലുള്ളത് ചോദിച്ചു… “ അവർ നിന്റെ വീട്ടിലേക്കൊന്നും പോയില്ല… ഈ ഗോകുലിന്റെ പിടിപാട് എന്താണെന്ന് നിനക്കറിയാൻ പാടില്ല രാഘവേ… “ വലിയ ഗമയിൽ തല ഉയർത്തിപ്പിടിച്ച് അവൻ പറഞ്ഞു… “ താങ്ക്സ് ടാ… ശ്രീലങ്കയിൽ നിന്റെ അമ്മാവനോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടോ?… “ രാഘവ് തന്റെ അവസാനത്തെ ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു… “ അങ്ങിനെ എല്ലാ കാര്യങ്ങളും പറയാൻ പറ്റുന്നതല്ലല്ലോ… എന്നെപ്പോലെ എല്ലാവരും ഇതൊക്കെ വിശ്വസിക്കണമെന്നില്ല രാഘവ്… സിഗരിയ റോക്ക് അതായത് രാവണഗുഹയിലേക്ക് നിനക്കൊരു ടൂറാണ് അങ്കിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്… “ പാസ്പോർട്ട് മറിച്ചു നോക്കിയ രാഘവ് അതെടുത്ത് തന്റെ ബാഗിലേക്ക് നിക്ഷേപിച്ചു… “ നിന്നോടെങ്ങിനാ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ലെടാ… ” രാഘവിന്റെ കണ്ണിൽ നനവ് തട്ടി… “ ടാ വലിയ ഫോർമാലിറ്റിയൊന്നും ഇങ്ങോട്ട് ഇറക്കണ്ട… “ അവൻ അവന്റെ കവിളിൽ പതിയെ തല്ലുന്നത് പോലെ അടിച്ചു… “ ശരിയെടാ… എന്നാൽ വൈകിക്കുന്നില്ല… ഇനി അധികം സമയം ഇല്ല… ഒരാഴ്ച കഷ്ടിച്ചേ ഉള്ളൂ… “ രാഘവ് ബൈക്കിന്റെ സ്റ്റാൻഡ് തട്ടി…

“ ഒരാഴ്ചയോ?… അപ്പൊ അതേത് ദിവസമാണ് രാഘവ്… “ ഗോകുൽ ആകാംക്ഷയും ഭീതിയും അടക്കാനാവാതെ ചോദിച്ചു… “ ഈ വരുന്ന ചന്ദ്രഗഹണ ദിനമാണ് ആ ദിവസം… അന്നാണ് ചന്ദ്രൻ തന്റെ വിവിധ ഭാവങ്ങൾ കൈക്കൊള്ളുന്നത്… അന്നേ ദിവസം രാത്രി ചുവപ്പ് നിറം അർദ്ധചന്ദ്രാകൃതിയിൽ എത്തുന്ന സമയമാണ് രാവണ ഉയർത്തെഴുന്നേൽപ്പെന്നാണ് രണ്ടാമത്തെ താളിയോലയിൽ പറയുന്നത്… “ രാഘവ് സംഭവം വിവരിച്ചു… “ ഞാനതിനെക്കുറിച്ച് കേട്ടിരുന്നു… 2018 ജനുവരി 31… 152 വർഷത്തിനു ശേഷമുള്ള സൂപ്പർ ബ്ലഡ് മൂൺ… ഓ മൈ ഗോഡ്… “ ഗോകുലിന്റെ മുഖത്ത് നിന്ന് രാഘവ് അവനിൽ നിറഞ്ഞ ഭയം വായിച്ചെടുത്തു… “ ഞാൻ തയ്യാറെടുത്തു കഴിഞ്ഞു ഗോകുൽ… “ രാഘവിന്റെ സ്വരത്തിലെ ദൃഢത ഗോകുലിനെ ഒട്ടൊന്ന് സമാശ്വസിപ്പിച്ചു… “ ദൈവം നിന്നെ രക്ഷിക്കട്ടെ… “ അവന്റെ തോളിൽ പിടിച്ചമർത്തി ഗോകുൽ പറഞ്ഞപ്പോഴേക്കും രാഘവ് ബൈക്ക് സ്റ്റാർട്ട് ചെയ്തു… ബൈക്ക് ഒന്ന് മുന്നോട്ടെടുത്തതും ഗോകുൽ അവനെ പെട്ടെന്ന് വിളിച്ചു… അതുകേട്ട് രാഘവ് ബൈക്ക് നിർത്തി… “ സോറീടാ… ഞാൻ പിന്നീന്ന് വിളിച്ചു പോയല്ലോ… അതേയ് ജാനകിയെ ഒന്ന് കാണണം… എത്ര ദിവസമായി നീ അവളെ ഒന്ന് വിളിച്ചിട്ട്… ഒന്നു പോയി കാണ് അവളെ… പാവം എപ്പോഴും എന്നെ വിളിച്ച് നിന്റെ കാര്യം തിരക്കും… ഇതു പറയാനാ വിളിച്ചത്… “ പുറകീന്ന് വിളിച്ചതിലുള്ള ചമ്മൽ ഗോകുലിന്റെ മുഖത്തുണ്ടായിരുന്നു… “ പുറകീന്ന് വിളിച്ചതിൽ പ്രശ്നമൊന്നുമില്ലെടാ… അതൊക്കെ അന്ധവിശ്വാസം ആയിട്ടേ എനിക്ക് തോന്നീട്ടൊള്ളൂ… ശരിക്കുമുള്ള വിശ്വാസത്തെ തള്ളിപ്പറയുമ്പോഴാണ് വിഷമം… ജാനകിയെ ഞാൻ കണ്ടോളാം… എനിക്കും അവളെ ഒന്ന് കാണണമെന്നുണ്ട്… “ അതു പറഞ്ഞിട്ട് രാഘവ് തന്റെ മൊബൈലിൽ ജാനകിയെ കോൾ ചെയ്തു… റിംഗ് ചെയ്ത് നിമിഷങ്ങൾക്കകം അങ്ങേത്തലയ്ക്കൽ കോൾ അറ്റൻഡ് ചെയ്തു…

“ ആദിശങ്കര സ്തൂപം… വൈകിട്ട് 5 മണി…“ അത്രയും പറഞ്ഞിട്ട് രാഘവ് കോൾ കട്ട് ചെയ്തു… അതു കഴിഞ്ഞ് ഗോകുലിനെ നോക്കിച്ചിരിച്ചു കൊണ്ട് രാഘവ് ബൈക്ക് ഓടിച്ചു പോയി… അവനെ ഇഷ്ടപ്പെടുന്ന ആരും വേദനിക്കുന്നത് രാഘവിന് ഇഷ്ടമല്ല… അവന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് അത്… ഗോകുൽ അതാലോചിച്ചു കൊണ്ട് അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു… കാലടിയിലെ ആദിശങ്കര സ്തൂപത്തിലേക്കാണ് രാഘവ് ജാനകിയെ ക്ഷണിച്ചത്… കൃത്യസമയത്ത് തന്നെ അവൾ അവിടെ എത്തിയിരുന്നു… എൻഫീൽഡിന്റെ വരവും പ്രതീക്ഷിച്ച് റോഡിലേക്ക് കണ്ണുനട്ടിരുന്ന അവളുടെ പുറകിലെത്തി രാഘവ് “ ഠോ “ എന്നു ശബ്ദമുണ്ടാക്കി ഒന്ന് പേടിപ്പിച്ചു… “ അമ്മേ… “ ഞെട്ടിപ്പോയ ജാനകി അവൻ പേടിപ്പിച്ചതിലും ഇത്ര നാളും മാറി നിന്നതിന്റെ ദേഷ്യത്തിലും അവന്റെ ഇടതു കവിളിനിട്ട് അവളുടെ വലതു കരത്താൽ ഒരു പൊട്ടീര് വച്ചു കൊടുത്തു… “ ആ… ജാനൂ… സോറി… “ വേദന തോന്നിയെങ്കിലും ചിരിച്ചു കൊണ്ട് രാഘവ് ക്ഷമ ചോദിച്ചു… “ ഒരു വാളും പരിചേം അന്വേഷിച്ചു പോയിട്ട് എത്ര നാളായി… എന്നെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചോ നീ… എന്റെ പേര് മാത്രമാണല്ലോ നിനക്കിഷ്ടം… “ അവൾ വിതുമ്പി… “ ഏയ് ജാനു… നീ ഒന്നടങ്ങ്… ഞാനെല്ലാം പറയാം… “ അവൻ അവളെ വിളിച്ചു കൊണ്ട് ഉയർന്നു നിൽക്കുന്ന സ്തൂപത്തിനകത്തേക്ക് പോയി… സ്തൂപത്തിന്റെ മുകളിലത്തെ നിലകളിലേക്ക് ചുറ്റിക്കേറുന്ന വഴിക്ക് രാഘവ് തന്റെ യാത്രകളെ കുറിച്ചെല്ലാം അവളോട് പറഞ്ഞു തീർത്തു…

അങ്ങിനെ കേറുന്ന വഴി മതിലിൽ ആലേഖനം ചെയ്തിരിക്കുന്ന ശങ്കരാചാര്യരുടെ കഥ പറയുന്ന ചിത്രങ്ങൾ അവർ ശ്രദ്ധിച്ചതേയില്ല… നടന്നു നടന്നു ഏറ്റവും മുകളിലെത്തിയപ്പോൾ ജാനകിയുടെ കണ്ണുകൾ തെളിഞ്ഞിരുന്നു… “ ഇപ്പറയുന്ന ചന്ദ്രഹാസം ഒക്കെ അവിടെയുണ്ടെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്?… “ അവൾ അവനെ ആ അപകടം പിടിച്ച ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി ചോദിച്ചു… “ ഞാനൊരു കാര്യം ചോദിക്കട്ടെ ജാനു?…“ ഗത്യന്തരമില്ലാതെ രാഘവ് അവളുടെ നേർക്ക് ഒരു ചോദ്യമെറിഞ്ഞു… “ ഉം… ചോദിക്ക്… “ അവനെന്ത് ചോദിച്ചാലും ഉത്തരം പറയാൻ കഴിയുമെന്നുള്ള വിശ്വാസത്തിൽ അവൾ പറഞ്ഞു… “ ഈ പരിണാമ സിദ്ധാന്തം കണ്ടു പിടിച്ചതാരാ?…“ രാഘവിന്റെ ചോദ്യം ലഘുവായിരുന്നു… “ അത് നിനക്കറിയാൻ പാടില്ലേ രാഘവ്… ചാൾസ് ഡാർവിൻ, 1859-ൽ “ ജാനകി ഒരു സംശയവും കൂടാതെ പറഞ്ഞു… “ സമ്മതിച്ചല്ലോ… അപ്പൊ നമ്മുടെ വിഷ്ണുവിന്റെ പത്ത് അവതാരം കണ്ടുപിടിച്ചതാരാ?… “ രാഘവിന്റെ ആ ചോദ്യത്തിനോട് ഇതെന്ത് ചോദ്യമാണെന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്… “ അത് പണ്ടു മുതലേ നമ്മൾ പറയുന്നതല്ലേ… അത് അങ്ങിനെ ആരെങ്കിലും കണ്ടുപിടിച്ചതാണോ?… “ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് രാഘവിന് തോന്നി… “ അതു ശരിയാ… ഈ പറയുന്ന പത്തവതാരങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നത് ആരാണെന്ന് നമുക്കൊരു പിടിയുമില്ല… എന്താ ഈ ഡാർവിന്റെ പരിണാമ സിദ്ധാന്തം?…“ രാഘവ് അറിയാത്ത പോലെ ചോദിച്ചു… “ അതുപിന്നെ ആദ്യം ജീവികൾ ഉണ്ടായത് കടലിലാണ്… പിന്നെ ഉഭയ ജീവികൾ ഉണ്ടായി… പിന്നെ ഇഴ ജന്തുക്കൾ… അങ്ങിനെ അങ്ങിനെ പിന്നീട് ഓരോന്നോരോന്നായി പരിണാമപ്പെട്ട് നമ്മൾ മനുഷ്യരും ഉണ്ടായി…

ഒരു ഹിസ്റ്ററി സ്റ്റുഡന്റായ നിനക്ക് ഞാനിതൊക്കെ പറഞ്ഞ് തരണോ… കഷ്ടം… “ അവളുടെ ആ ഉത്തരത്തിന് മറുപടി രാഘവിന്റെ ശാന്തമായ മുഖത്തു വിരിഞ്ഞ പുഞ്ചിരിയാണ്… “ ഒകെ… അപ്പൊ ഈ പത്തവതാരങ്ങൾ എന്ന് വച്ചാൽ എന്താ?… “ രാഘവിന്റെ അടുത്ത ചോദ്യം… “ അതും എനിക്കറിയാല്ലോ… ഭഗവാൻ വിഷ്ണുവിന്റെ പത്ത് സമയത്തുള്ള പത്ത് അവതാരങ്ങൾ ആണ് അത്… മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി… “ ജാനകി തന്റെ അറിവിൽ അഭിമാനം കൊണ്ട് ചടുലതയോടെ പറഞ്ഞു… “ ഈ പത്താവതാരങ്ങൾ തന്നെയല്ലേ ഡാർവിന്റെ പരിണാമം?…” രാഘവിന്റെ ചോദ്യം കേട്ട് ജാനകി അയ്യടാ എന്നായിപ്പോയി… “ ങേ… അതെങ്ങിനെ ശരിയാകും… അവതാരങ്ങൾ ഐതീഹ്യമല്ലേ… പരിണാമം സയൻസും… ” അവൾ താടിക്ക് കയ്യും കൊടുത്ത് ചോദിച്ചു… “ ഇതാണ് നിന്നെപ്പോലുള്ള മണ്ടൂസുകളുടെ പ്രശ്നം… വെളിനാട്ടുകാർ പറയുന്നതെന്തും വെള്ളം തൊടാതെങ്ങ് വിഴുങ്ങും… നമ്മുടെ നാട്ടിൽ ഇതിനൊന്നും ഒരു വിലയും ഇല്ല… “ രാഘവ് പറഞ്ഞതു കേട്ട് അവൾ മുഖം വീർപ്പിച്ചു… “ നിന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല… ശ്രദ്ധിച്ച് കേട്ടോ… നമ്മുടെ പത്തവതാരങ്ങൾ എന്നു പറയുന്നതാണ് ഡാർവിന്റെ പരിണാമസിദ്ധാന്തം… ഒന്നു നോക്കിക്കേ… ആദ്യത്തെ അവതാരം മൽസ്യം- കടലിലാണ് ജീവന്റെ ആവിർഭാവം ഉണ്ടായതെന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്… രണ്ടാമതായി കൂർമ്മം- മൽസ്യത്തിൽ നിന്ന് ഉഭയജീവിയായ(കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന, ഇഴജന്തു) ആമയിലേക്കുള്ള പരിണാമം… മൂന്നാമതായി വരാഹം- ഇഴജന്തുവിൽ നിന്ന് നാലുകാലിൽ നിൽക്കുന്ന മൃഗത്തിലേക്കുള്ള മാറ്റം… നാലാമതായിട്ട് നരസിംഹം- പകുതി മൃഗവും പകുതി മനുഷ്യനും (മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം)… അഞ്ചാമത്തേത് വാമനം അല്ലേ?… മനുഷ്യന്റെ ആദ്യ രൂപമാണത്…

കുള്ളനായ മനുഷ്യൻ… ഹോമോഹാബിറ്റ്സ് മനുഷ്യരെപ്പറ്റി നീ വായിച്ചിട്ടില്ലേ, മനുഷ്യൻ പടിപടിയായാണ് ഇന്നത്തെ രൂപത്തിൽ എത്തിയത്… ആറാമതായി പരശുരാമൻ- വന്യമൃഗാദികളെ വേട്ടയാടിപ്പിടിക്കാൻ തുടങ്ങുന്ന ശിലായുഗത്തിലെ നരജൻമം… ഏഴാമതായി ശ്രീരാമൻ- മനുവംശത്തിലെ യഥാർത്ഥ മനുഷ്യ ജൻമം(അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുകയും യുദ്ധം ചെയ്യുകയും ചെയ്തു തുടങ്ങിയ മനുഷ്യൻ)… എട്ടാമതായി ബലരാമൻ-പുരാതന മനഷ്യനിൽ നിന്ന് കുറച്ച് കൂടി ഉന്നതി നേടി, കലപ്പ ഉപയോഗിച്ച് നിലം ഉഴുത്, വിഭവങ്ങൾ വിളയിച്ച്, കൊയ്തെടുത്ത്, അന്നം കഴിക്കുന്ന മനഷ്യജനതയുടെ പ്രതിനിധി… ഒൻപതാമതായി കൃഷ്ണൻ… ഗോക്കളെ മേച്ച്, വസ്ത്രങ്ങൾ നെയ്ത്, രാജഭരണാധികാര നിയമങ്ങൾ പ്രകാരം ജീവിക്കുന്ന ഇന്നത്തെ ജനതയുടെ പ്രതിനിധി… സാദാ നരജൻമം… വേടന്റെ അമ്പ് കൊണ്ടാണ് കൃഷ്ണൻ മരിച്ചതെന്ന് ഓർക്കുക… ദ്വാരകയുടേയും, കുരുക്ഷേത്രത്തിന്റേയും അവശേഷിപ്പുകൾ ഇന്നും അതുപോലെ തന്നെയുണ്ട്… പിന്നെ അവസാനത്തെ അവതാരപ്പിറവി കലിയുഗത്തിലെ- കൽക്കി… ഇത് കലിയുഗമാണ്… ആ അവതാരപ്പിറവി എപ്പോൾ വേണമെങ്കിലും സംഭവിക്കാം… “ രാഘവ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി… അവൻ പറഞ്ഞതു കേട്ട് ഇതുവരെ ലഭിക്കാത്ത ഒരു വലിയ അറിവ് ലഭിച്ചതു പോലെ ജാനകിയുടെ പുരികക്കൊടികൾ ഉയർന്നിരുന്നു… അവൾ രാഘവിനെ സാകൂതം നോക്കി നിന്നു… അവനോടുള്ള പ്രേമത്തേക്കാൾ ഒരു ആരാധനാഭാവമാണ് അവളിലപ്പോൾ കണ്ടത്… “നീയിതൊക്കെ എവിടുന്നു പഠിച്ചു?… “അവൾ സംശയത്തോടെ ചോദിച്ചു… ഇതുവരെ തന്റെ പൂർവ്വികർ ആരും തന്നെ പറഞ്ഞു തരാത്ത കാര്യങ്ങളാണ് രാഘവിൽ നിന്ന് അവൾ കേട്ടത്… “ ഇതൊക്കെ അറിയേണ്ടത് എന്റെ ആവശ്യമായിരുന്നു… അങ്ങിനെയാ​ണ് എനിക്കിതെല്ലാം മനസ്സിലായത്… അതുപോലെ തന്നെയാണ് എനിക്ക് ചന്ദ്രഹാസത്തിന്റെ കാര്യവും…

എനിക്ക് വിശ്വാസമുണ്ട് അത് രാവണന്റെ ഗുഹയിൽ ഉണ്ടെന്ന്… “ രാഘവിന്റെ ഉറച്ച വാക്കുകളിൽ നിന്ന് അവനെ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുക അസാധ്യമാണെന്ന് ജാനകിക്ക് മനസ്സിലായി… “ അപ്പൊ രാവണന് പത്ത് തല ഉണ്ടെന്നും നീ വിശ്വസിക്കുന്നുണ്ടോ?… ” അവളുടെ ചോദ്യത്തിന് പരിഹാസത്തിന്റെ ചുവ ഉണ്ടായിരുന്നില്ല… “ അത് പരക്കെയുള്ള ഒരു തെറ്റിദ്ധാരണയാണ്… പത്ത് തലയുള്ള രാവണൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രാവണന്റെ കാലത്ത് ലങ്ക 10 പ്രവിശ്യകളായിരുന്നു… ആ 10പ്രവിശ്യകളേയും ഭയപ്പെടുത്തി, തന്റെ അധീനതിയിലാക്കി, ഒരുമിച്ച് നിർത്തി ഭരിച്ചിരുന്നതു കൊണ്ടാണ് രാവണന് അങ്ങിനൊരു വിശേഷണം കിട്ടിയത്… അല്ലാതെ നീ കരുതും പോലെ… ” രാഘവ് പറഞ്ഞത് മുഴുവനാക്കാതെ താൻ പറയുന്നത് അവൾ ഉൾക്കൊള്ളുന്നുണ്ടോ എന്നറിയാൻ ജാനകിയുടെ മുഖത്തേക്ക് നോക്കി… “ എനിക്കൊന്നും അറിയില്ല… അറിയേം വേണ്ട… എനിക്ക് നീ വേണം രാഘവ്… ഇപ്പോഴായി വല്ലാതെ പേടി തോന്നുന്നു… ദു:സ്വപ്നങ്ങൾ കാണുന്നു… “ അവളുടെ മുഖം കണ്ട് രാഘവിന് പാവം തോന്നി… അവൻ അവളെ കെട്ടിപ്പുണർന്നു… “ ജാനു… എനിക്ക് ഒന്നും സംഭവിക്കില്ല… ഞാൻ തിരിച്ചു വരും… എനിക്കായി നീ കാത്തിരിക്കണം… “ തന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന രാഘവിന്റെ മുഖത്തേക്ക് നോക്കിയ ജാനകിയിൽ വിരിഞ്ഞ ചെറുപുഞ്ചിരി അവനുള്ള സമ്മതപത്രമായിരുന്നു… രാഘവ് അവളുടെ പുറത്ത് സമാധാനിപ്പിക്കാനെന്ന പോലെ തലോടി… ഒരാഴ്ചത്തേക്ക് ഒരു ടൂർ പോകുന്നുവെന്നാണ് രാഘവ് തന്റെ വീട്ടിൽ പറഞ്ഞത്… രണ്ട് ദിവസം തന്റെ അമ്പെയ്ത്ത് ഒന്ന് പുതുക്കി ഒരങ്കത്തിനായി മൂർച്ച കൂട്ടി രാഘവ്… തിരുവനന്തപുരത്ത് കാടിനു അടുത്തുള്ള ഒരു ക്യാമ്പിൽ ട്രക്കിംഗും മറ്റുമാണെന്നും, വിളിച്ചാൽ ചിലപ്പോൾ കിട്ടില്ലെന്നും അവൻ ഒരുവിധത്തിൽ പറഞ്ഞ് ഒപ്പിച്ചു… നാളത്തേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് അവൻ ഭദ്രമായി തന്റെ ലഗ്ഗേജിൽ സൂക്ഷിച്ചു…

രാമസാന്നിദ്ധ്യങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് അടങ്ങിയ ചില്ലുകുപ്പി യാതൊരു കാരണവശാലും കേടുപാടുകൾ ഉണ്ടാവാതിരിക്കാനായി പഞ്ഞിയുടെ ഉള്ളിലായി പൊതിഞ്ഞ്, ഒരു തെർമോകോളിന്റെ കൊച്ച് പെട്ടിയിൽ അടക്കം ചെയ്ത്, വളരെ കരുതലോടെ സൂക്ഷിച്ചു വച്ചു… അതെല്ലാം പാക്ക് ചെയ്ത് തിരുവനനന്തപുരത്ത്, എയർപോർട്ടിനടുത്ത് ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിലേക്ക് പോകാൻ അവൻ തയ്യാറായി… ശ്രീലങ്കൻ എയർവേയ്സ് കുറച്ച് നാളത്തേക്ക് കൊച്ചിയിൽ നിന്നു ശ്രീലങ്കയിലേക്കുള്ള സർവ്വീസ് ഒഴിവാക്കിയിരുന്നു… അതുകൊണ്ടാണ് തീരുവനന്തപുരം എയർപോർട്ടിൽ നിന്ന് പോകാൻ രാഘവ് തീരുമാനിച്ചത്… അതുകൊണ്ട് ഉണ്ടായ ഉപകാരം പരിചയക്കാരെ ഒഴിവാക്കാൻ പറ്റി എന്നതായിരുന്നു… അവൻ തന്റെ ലഗ്ഗേജുകളുമായി പുറത്തേക്കിറങ്ങി… “ മോനേ മിത്രൻ നിന്നെ അന്വേഷിച്ചിരുന്നു… “ രാഘവിന്റെ അമ്മ അവനോടായി പറഞ്ഞു… പ്ലസ്-ടു കഴിഞ്ഞ് കാലടിയിലേക്ക് പോയതിനു ശേഷം അവനും അനുജനും തമ്മിൽ കോൺടാക്റ്റ് ഒന്നുമില്ലായിരുന്നു… രാഘവിന്റെ ശാന്ത സ്വഭാവത്തിൽ നിന്ന് ഏറേ വ്യത്യസ്തനായിരുന്നു മിത്രൻ… ഒരു അടിച്ചുപൊളി പയ്യൻ… എന്നാലും രാഘവിന് ഒരാവശ്യമുണ്ടെന്നറിഞ്ഞാൽ എവിടെയായാലും ഓടിയെത്തുമായിരുന്നു മിത്രൻ… കൊച്ചി നവോദയ സ്കൂളിൽ, പത്താം ക്ലാസ്സിൽ, അവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ് അവൻ… “ അവനോട് ഞാനും അന്വേഷിച്ചെന്ന് പറയൂ അമ്മേ… “ രാഘവ് അങ്ങിനെയാണ്… അമിതമായ സ്നേഹം കാണിക്കുന്നതൊന്നും അവന് ഇഷ്ടമല്ലെന്ന് അവന്റെ അമ്മയ്ക്കറിയാം… ഒരിക്കൽക്കൂടി, അവസാനമായി തന്റെ മുത്തശ്ശിയുടെ കുഴിമാടത്തിനരികിൽ നിന്ന രാഘവ് മുത്തശ്ശിയോട് കാര്യങ്ങൾ എല്ലാം മംഗളമായി തീരണേ എന്ന് മനസ്സ് നിറഞ്ഞ് പ്രാർത്ഥിച്ചു…

അന്ന് 28.

01.2018-ന് വൈകിട്ട് തിരുവനന്തപുരത്തേക്ക് ട്രെയിൻ കേറിയ രാഘവ് അന്ന് രാത്രി ബുക്ക് ചെയ്ത ഹോട്ടലിൽ തങ്ങി… ഇനി 3 ദിവസം… പിറ്റേന്ന് അതിരാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേർന്നു… തന്റെ ആദ്യ വിമാനയാത്ര… രാഘവ് ആകെ ത്രില്ലടിച്ചിരുന്നു… ചെക്കിംഗും ടിക്കറ്റ് വേരിഫിക്കേഷനുകളെല്ലാം കഴിഞ്ഞ് ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനത്തിലേറി അവൻ… ശ്രീലങ്കയിലെ കൊളംബോ എയർപോർട്ടിലേക്കാണ് യാത്ര… തിരുവനന്തപുരം-കൊളംമ്പോ വിമാന യാത്ര 50  മിനിറ്റ്… കൃത്യ സമയത്ത് തന്നെ വിമാനം പുറപ്പെട്ടു… അവനോടൊപ്പം ഉണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും തമിഴ് കച്ചവടക്കാരാണ്… സ്ഥിര യാത്രക്കാരാണ് അവരിലധികവും… സ്നാക്ക്സ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും വിമാനം കൊളൊംബൊയിലെത്തി…  ശ്രീലങ്കയിലേക്ക്,ഇന്ത്യാക്കാര്‍ക്ക് വിസ ആവശ്യമില്ലാതതിനാല്‍,  എമിഗ്രേഷന്‍ വഴി വേഗം പുറത്തിറങ്ങാനായി… അറൈവല്‍ ഹാളിൽ വലിയ തിരക്കൊന്നുമില്ല… പുറത്ത് തന്നെ കാത്തു നില്‍ക്കുന്ന ഗോകുലിന്റെ അമ്മാവൻ ശിവദാസനെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല… രാഘവ്, കേരള എന്ന ബോർഡ് അവനെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിച്ചു… അദ്ദേഹത്തിനൊപ്പം പുറത്തിറങ്ങി, കാറില്‍ കയറി… ക്യാമറ തുറന്നപ്പോഴേക്കും, അയാള്‍ വിലക്കി… കൊളംബോയിൽ, ഫോട്ടൊയെടുക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന നിര്‍ദ്ദേശം അങ്കിൾ തന്നു… പോകുന്ന വഴിയെല്ലാം കാവല്‍ നില്‍ക്കുന്ന പോലീസുകാരും, പട്ടാളക്കാരും… മീശ മുളക്കാത്ത പയ്യന്മാരാണ് അധികവും… LTT… വേലുപ്പിള്ള പ്രഭാകരൻ… ആ പട്ടാളക്കാരെ കണ്ടപ്പോൾ ശ്രീലങ്കയിലെ അരക്ഷിതാവസ്ഥയെകുറിച്ച് താൻ വായിച്ചിട്ടുള്ളത് രാഘവ് ഓർത്തുപോയി… കൊളംബോയുടെ ആദ്യ കാഴ്ചകള്‍ ഒരു തമിഴ് നാട് നഗരത്തിന്റെ പ്രതീതിയാണ് അവന് സമ്മാനിച്ചത്… സമയം ഉച്ചയാകുന്നതെയുള്ളൂ… നഗരത്തില്‍ നല്ല തിരക്കാണ്… ലെയ് ലാന്റ് ബസ്സുകളും, ബജാജ് ഓട്ടോ റിക്ഷകളും എല്ലായിടത്തും കാണാം…

ഒരു റെസ്റ്റോറന്റിനു സമീപം ദാസങ്കിൾ കാർ നിര്‍ത്തി… ഭക്ഷണം കഴിഞ്ഞു, സമീപത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി വീണ്ടും യാത്ര തുടങ്ങി… ഇൻഡ്യൻ എംബസിയോടു ചേർന്നുള്ള എംബസി ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സിലേക്കാണ് കാർ പോയി നിന്നത്.. അങ്ങോട്ട് എത്തുന്നതിനു മുന്‍പ് 3 സ്ഥലങ്ങളിൽ പട്ടാളക്കാരുടെ പരിശോധന നടന്നു… ഇന്ത്യാക്കാരോട് തികച്ചും മാന്യമായ സമീപനമാണു അവരുടേത്… ക്വാർട്ടേഴ്സിൽ അങ്കിൾ ഒറ്റക്കാണ് താമസിക്കുന്നത്… കുടുംബം നാട്ടിലാണ്… മാസത്തിലൊരിക്കൽ ഒന്ന് പോയിവരും… തന്നെ നല്ല കെയർ ചെയ്യണമെന്ന് ഗോകുൽ പറഞ്ഞിട്ടുണ്ടാകും… “ രാഘവ് ശ്രീലങ്ക ചുറ്റിക്കാണാൻ വന്നതല്ലേ… നാളെ നമുക്ക് കൊളംബോ നാഷണൽ മ്യൂസിയത്തിൽ പോകാം… ” രാത്രി ഭക്ഷണം കഴിക്കുമ്പോൾ ശിവദാസൻ രാഘവിനോട് സൂചിപ്പിച്ചു… ഒറ്റപ്പെട്ട് ജീവിക്കുന്ന അയാൾക്ക് രാഘവ് വന്നത് ഒരാശ്വാസമായിരുന്നു… അവന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്ന് ഗോകുൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്… “ അത് പിന്നെ അങ്കിൾ മ്യൂസിയമൊക്കെ ഞാൻ കണ്ടിട്ടുണ്ട്… എനിക്ക് കാണേണ്ടത് സിഗരിയ റോക്കാണ്… രാവണന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലം… ” രാഘവിന്റെ മുഖത്തെ ആവേശം കണ്ട് ശിവദാസ് പുഞ്ചിരിച്ചു… “ അതൊക്കെ പഴയ കഥകളല്ലേ… ഗോകുൽ പറഞ്ഞിരുന്നു… എന്താ അതിനോടിത്ര താൽപര്യം…” ശിവദാസൻ രാഘവിനെ ഒന്ന് ചുഴിഞ്ഞ് നോക്കിക്കൊണ്ട് ചോദിച്ചു… “ ഞാനൊരു ഹിസ്റ്ററി സ്റ്റുഡന്റല്ലേ അങ്കിൾ… ഇതിലും പഴയ ചരിത്രമൊക്കെ വേറെ എവിടെയെങ്കിലും കാണാൻ കിട്ടുമോ?…” അവന്റെ കൂസാതെയുള്ള മറുപടി ശിവദാസന് ഇഷ്ടപ്പെട്ടു…

“ രാമേശ്വരത്ത് നീ ഉണ്ടാക്കിയ പുകിലൊക്കെ ICHR ഡയറക്ടർ എന്നെ വിളിച്ച് അവർ പറഞ്ഞിരുന്നു… അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല രാഘവ്… നീ ശ്രദ്ധിക്കേണ്ടതായിരുന്നു…” തന്റെ താടിയിൽ ചൊറിഞ്ഞു കൊണ്ട് ശിവദാസൻ പറഞ്ഞു… “ കുറേ നാൾ കാണാനായി കൊതിച്ചത് അടുത്ത് കിട്ടിയപ്പോൾ കയ്യീന്ന് പോയതാ അങ്കിളേ… സോറി… അങ്കിളിന് ആകെ മോശമായല്ലേ… ” രാഘവ് വിഷമത്തോടെ പറഞ്ഞു… “ അതൊന്നും സാരമില്ല… കഴിഞ്ഞു പോയ കാര്യങ്ങളല്ലേ… പിന്നെ അതുമായി ബന്ധപ്പെട്ടതൊന്നുമല്ലല്ലോ ഈ ടൂർ പ്രോഗ്രാം?…” ശിവദാസന്റെ ദൃഷ്ടി രാഘവിൽ ഉറച്ചിരുന്നു… “ ഏയ് ഇല്ല അങ്കിളേ… ഇതൊരു ടൂർ മാത്രമേ ഉള്ളൂ… ” അവൻ അങ്കിളിന്റെ ചോദ്യത്തിൽ നിന്ന് തടിതപ്പി… “ ശരി ശരി… എന്നാൽ ഞാൻ നാളെ നിന്റൊപ്പം വരാം… എനിക്ക് ആ സ്ഥലങ്ങളൊക്കെ കണ്ട് നല്ല പരിചയമുണ്ട്…” ഭക്ഷണം കഴിച്ചു തീർത്ത് ശിവദാസൻ പറഞ്ഞു… “ വേണ്ട അങ്കിൾ ഞാൻ തനിയെ പൊയ്ക്കോളാം… നാളെ ഒരു ടാക്സി വിളിച്ചു തന്നാൽ ഉപകാരമായിരിക്കും… ഇവിടന്ന് 140 കി.
മീ യാത്രയില്ലേ അങ്ങോട്ടേക്ക്… എനിക്ക് ആ സ്ഥലത്തിനോട് ചേർന്നുള്ള ഏതെങ്കിലും ഒരു ഹോട്ടലിൽ താമസം ഏർപ്പാടാക്കിയാൽ മതി…“ രാഘവിന്റെ വർത്തമാനം കേട്ട് ശിവദാസൻ അവനെ ഒരു വല്ലാത്ത ഭാവത്തോടു കൂടി നോക്കി… ഇവിടത്തെ വഴികളെല്ലാം മനസ്സിലാക്കി വച്ചിരിക്കുന്ന പോലെയാണ് അവന്റെ സംസാരം… “ ഓകെ… നിന്റെ ഇഷ്ടം… നാളെ തന്നെ ബുക്ക് ചെയ്തേക്കാം… മൂന്ന് ദിവസമല്ലേ നീ ഇവിടെ കാണൂ… എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട… ഇപ്പോൾ കിടന്നോളൂ…” അതു പറഞ്ഞിട്ട് ശിവദാസൻ എഴുന്നേറ്റു…

രാത്രി എസിയുടെ ചെറിയ തണുപ്പിൽ ബെഡിൽ കിടക്കുമ്പോൾ രാഘവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല… താൻ ഇപ്പോൾ ശ്രീലങ്കയിലാണ്… രാവണന്റെ രാജ്യത്ത്… ആ ഓർമ്മ പോലും അവന്റെ രോമങ്ങളെ എഴുന്നു നിർത്തി… ഇന്ന് 29… ഇനി രണ്ട് ദിനം കൂടി… അവൻ തന്റെ ബാഗിൽ നിന്ന് ചില്ലുകുപ്പി എടുത്ത് നോക്കി… ഈശ്വരാ കാത്തോളണേ… പ്രാർത്ഥനയോടെ അവൻ കിടന്നുറങ്ങി… 30.01.2018 – രാഘവ് അതിരാവിലെ എണീറ്റ് പ്രഭാത കൃത്യങ്ങൾ നടത്തി, കുളിച്ച് കാർ വരുന്നത് കാത്തു നിന്നു… പ്രഭാതഭക്ഷണം കഴിഞ്ഞതും 8 മണിയോടെ രാഘവിന് പോകാനുള്ള കാറെത്തി… സൂക്ഷിച്ചു പോകണം എന്ന നിർദ്ദേശത്തോടെ ശിവദാസൻ അവനെ പറഞ്ഞയച്ചു… ആ കാറിലിരുന്ന് രാവണകൊട്ടാരത്തിലേക്ക് പോകവേ രാഘവ് തന്റെ ലാപ് ടോപ്പിൽ ലങ്കയുടെ വിവരണങ്ങൾ വായിച്ചു നോക്കി… സിഗിരിയ റോക്ക് – ലങ്ക എന്ന രാവണന്റെ സ്വര്‍ണ നഗരി, ചരിത്രവും പഴയ സംസ്കാരവും ഉറങ്ങുന്ന സിഗിരിയ… കൊളംബോയിൽ നിന്നു ഏതാണ്ട് 150 കി.മി അകലെയുള്ള സിഗിരിയ എന്ന സ്ഥലത്തേക്ക്  4 മണിക്കൂർ കാർ യാത്ര കൊണ്ട് എത്തിച്ചേരാം… സിഗിരിയയിലെ സിഗിരിയ റോക്കിന് സമീപമുള്ള തനിക്ക് ഏർപ്പാട് ചെയ്തിരിക്കുന്ന സിഗരിയ ഹോട്ടലിൽ എത്തിയപ്പോൾ തന്നെ ഹോട്ടൽ അധികൃതർ സിലോൺ ചായയുമായി വരവേറ്റു… പാല്‍ ചായയല്ല, കട്ടന്‍… കൂടെ ഒരു കഷ്ണം ശര്‍ക്കരയുമുണ്ട്… പണ്ട് ഈ വിധമുള്ള ചായ കുടിക്കല്‍ നമ്മുടെ നാട്ടിലും പതിവുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്… എന്നാല്‍ രാഘവ് ഈ രീതി കാണുന്നതും ഇതു പോലെ ചായ കുടിക്കുന്നതും ആദ്യമായാണ്‌…

ശര്‍ക്കര കടിച്ചു ചൂടു കട്ടന്‍ മോന്തി ഞാന്‍ ചുറ്റും നോക്കി… പ്രകൃതിയെ അധികം വേദനിപ്പിക്കാതെ ഒരു ഗ്രാമത്തിന്റെ മാതൃകയിൽ ഉണ്ടാക്കിയതാണ്‌ ഈ ഹോട്ടൽ… ഒരു വശത്ത് സിഗിരിയ പാറ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം…

തന്റെ താടിയിൽ തടവിക്കൊണ്ട് തല ഉയർത്തി നിൽക്കുന്ന രാവണന്റെ താവളത്തെ നോക്കി രാഘവ് നിന്നു… ഇവിടെയാണ് താൻ രാവണനെ അടക്കം ചെയ്തിരിക്കുന്ന ഇടം കണ്ടു പിടിക്കേണ്ടത്… ഹോട്ടലിന്റെ രണ്ടാമത്തെ നിലയിലാണ് രാഘവിന്റെ മുറി… അവിടന്ന് നോക്കിയാൽ പാറക്കെട്ട് കാണാം… രാഘവ് ബാഗിൽ നിന്ന് പട്ടിൽ പൊതിഞ്ഞിരുന്ന രണ്ടാമത്തെ താളിയോല എടുത്ത് സൂക്ഷ്മമായി വായിച്ചു… ഈ പാറക്കെട്ടിലെ ഏതോ ഒരു ഗുഹയിലെ കല്ലറയിലാണ് രാവണദേഹം അടക്കം ചെയ്തിരിക്കുന്നതെന്നും, അതിനോട് ചേർന്ന് തന്നെ ചന്ദ്രഹാസവും സൂക്ഷിച്ചു വച്ചിരിക്കുന്നതെന്നും ഓലയിൽ ആലേഖനം ചെയ്തിട്ടുണ്ട്… രാവണന്റെ തലമുറക്കാർ ആണ് അതിന് രക്ഷ നൽകുന്നതെന്നാണ് ഓലയിൽ പറയുന്നത്… പക്ഷേ അതെങ്ങിനെ സാധ്യമാകും… ഇതിപ്പോൾ ഒരു ദേശീയോദ്യാനമാണ്… അവിടെയെങ്ങിനെ പുരാതനമായ ആളുകൾ ജീവിക്കും… സിഗരിയ റോക്കിലേക്ക് വാക്ക് വേയിലൂടെ പോകുന്ന സഞ്ചാരികളെ രാഘവ് നോക്കിനിന്നു… ഈശ്വരാ ആ സ്ഥലം ഞാൻ എങ്ങിനെ കണ്ടുപിടിക്കും?… രാവണ തലമുറക്കാരെ എങ്ങിനെ കണ്ടുപിടിക്കും?… ഏതുതരം ആളുകളുമായാണ് എനിക്ക് ഏറ്റുമുട്ടേണ്ടി വരിക?… പല ചോദ്യങ്ങൾ​ അവന്റെ മനസ്സിൽ ഉയർന്നുവന്നു… ഏതായാലും പോവുക തന്നെ… ഇന്ന് ആ സ്ഥലം അന്വേഷിച്ച് കണ്ടുപിടിച്ചേ മതിയാകൂ… നാളെയാണ് ചന്ദ്രഗ്രഹണം…

ഓലയിൽ പറയുന്നതനുസരിച്ച് ചന്ദ്രന്റെ നിറം അർദ്ധാകൃതിയിൽ ചുവപ്പാകുന്ന നിമിഷം ചന്ദ്രഹാസത്തിന്റെ ശക്തി ആവേശിപ്പിച്ചു വച്ചിരിക്കുന്ന ആയുധത്തിനാൽ രാവണതലമുറയിൽ പെട്ടവരുടെ ചോര രാവണന്റെ അസ്ഥിയിൽ ഇറ്റിക്കുന്ന പക്ഷം രാവണ ഉയിർത്തെഴുന്നേൽപ്പ് നടക്കും… അതിനേക്കാൾ മുന്നേ തന്റെ കയ്യിലുള്ള രാമസാന്നിദ്ധ്യങ്ങളിൽ നിന്ന് ശേഖരിച്ച മണൽത്തരികൾ ആ ചന്ദ്രഹാസത്തിന്റെ ശക്തി ഉൾക്കൊള്ളുന്ന ആയുധത്തിൽ വീഴ്ത്തിയാൽ തന്റെ ലക്ഷ്യം നിറവേറും… അല്ലെങ്കിൽ?… ഹോ… ഒരു നെഗറ്റീവ് ചിന്തയ്ക്ക് ഇവിടെ സ്ഥാനമില്ല എന്നവൻ മനസ്സിലാക്കി… അനേക കാതം താണ്ടി താനിവിടെ വന്നത് തോറ്റു പിൻമാറാനല്ല… അത് താൻ നടത്തുക തന്നെ ചെയ്യും… മുത്തശ്ശിയുടെ ആഗ്രഹം സഫലീകരിക്കും… നിശ്ചയ ദാർഢ്യത്തോടെ രാഘവ് ഒരുക്കങ്ങൾ തുടങ്ങി… ഉച്ചഭക്ഷണത്തിനു ശേഷം മുറിയിൽ പോയി തനിക്കാവശ്യമായ സാധനങ്ങൾ എടുത്ത് അവൻ തയ്യാറായി… സ്കൈബ്ലൂ ടീഷർട്ട്… ഡാർക് ബ്ലൂ ജീൻസ്… ഒരു വൈറ്റ് ബൂട്ട്… എന്നിവയായിരുന്നു അവന്റെ വസ്ത്രധാരണം… പെയിന്റ് ചെയ്യുന്ന ആളുകൾ പെയ്ന്റിങ്ങ് പേപ്പർ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു മീറ്റർ വീതിയും 10 സെന്റിമീറ്റർ വ്യാസവുമുള്ള ഒരു പ്ലാസ്റ്റിക് പൈപ്പ് അവൻ തോളിൽ തൂക്കിയിരുന്നു…

അതിലുണ്ടായിരുന്നത് സിഗരിയ റോക്കിന്റെ ഒരു ചെറിയ മാപ്പും, തന്റെ കൃത്യത്തിനാവശ്യമായ ചില്ലുകുപ്പിയും, കട്ടികൂടിയ എന്നാൽ വണ്ണം കുറഞ്ഞ കുറച്ച് ഫൈബർ റോഡ്സും ആയിരുന്നു…

ഒരുപക്ഷേ ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ ഉപയോഗിക്കാനായിട്ടാണ് അവൻ ആ ഫൈബർ റോഡ്സ് കരുതിയിരുന്നത്… 5 നിമിഷം കൊണ്ട് നിർമ്മിക്കാവുന്ന ഒരു ഫൈബർ വില്ലും, അറ്റം കുന്തമുനയോളം മൂർച്ചയുള്ള പത്തോളം ഫൈബറിന്റെ അമ്പുകളും ഒരു ആയുധം എന്ന കണക്കാണ് അവൻ എടുത്തത്… നല്ല സെക്യൂരിറ്റിയുള്ള ആ ദേശീയോദ്യാനത്തിലെ എൻട്രൻസിൽ തന്നെ മെറ്റൽ ഡിറ്റക്ടർ ഉള്ളതിനാലാണ് രാഘവ് മെറ്റൽ റോഡ്സിനു പകരം ഫൈബർ റോഡ്സ് കൂടെ കരുതിയത്… ഇതൊക്കെയായി ഹോട്ടലിനു താഴെയെത്തിയപ്പോൾ ഹോട്ടലുകാർ ഏർപ്പാടാക്കിയ ഗൈഡ് അവിടെ രാഘവിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു… “ വണക്കം സാർ… നാൻ മാരൻ… ഉങ്കൾ ഗൈഡ്… ” ഒരു നാൽപത് വയസ്സ് പ്രായം വരുന്ന ഒരാൾ ആയിരുന്നു ഗൈഡായി വന്നത്… അധികം പൊക്കമില്ലാത്ത അയാളെ ആകെ മൊത്തം രാഘവ് നോക്കി… നിറഞ്ഞ ചിരിയുമായി നിൽക്കുന്ന അയാളുടെ മീശയില്ലാത്ത മുഖത്ത് ഒരു തരം പ്രസരിപ്പുള്ള ഭാവം ആയിരുന്നു… തമിഴ് രാഘവിന് അത്യാവശ്യം അറിയാമായിരുന്നു… “ അപ്പൊ നീങ്ക താൻ എന്നുടെ ഗൈഡ്… ഒകെ… പോലാം… ” അതു പറഞ്ഞ് ഗൈഡിന് മുന്നോട്ട് നടക്കാനുള്ള അനുമതി രാഘവ് കൊടുത്തു… “ സാർ പെയ്ന്റിസ്റ്റാ… അതു കൊടുങ്കോ സാർ… നാൻ ഏറ്റെലാം… ” രാഘവിന്റെ തോഴിൽ നെഞ്ചിനു കുറുകെ കിടക്കുന്ന വള്ളി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു… “ പർവായില്ലേ… നീങ്ക മുന്നാടി പോങ്ക… ” രാഘവ് ആ സഹായം നിരസിച്ചു… മാരൻ മുന്നേ നടന്നു… അയാൾ സിഗരിയ റോക്കിലേക്ക് പോകുന്ന വഴി അതിന്റെ ചരിത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു… അതിൽ നിന്ന് രാഘവ് സിഗരിയ റോക്കിന്റെ ആധുനിക കഥകൾ അറിയുകയായിരുന്നു…

പുരാതന പട്ടണമായ സിഗിരിയ 1982 തൊട്ട്‌ യുണെസ്കൊ (UNESCO)-വിന്റെ ലോക സംസ്കാര-പൈതൃക ആസ്ഥാനങ്ങളിലൊന്നാണ്‌… സിഗിരിയ എന്നു വിളിക്കുന്ന ഈ സ്ഥലത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഈ പാറയ്ക്ക് 200 മീറ്ററിലേറെ ഉയരമുണ്ട്… ശ്രീലങ്കന്‍ ചരിത്രത്തിൽ നല്ലൊരു സ്ഥാനമുണ്ട് ഈ പാറയ്ക്ക്… ഇവിടെ ചരിത്രം ഉണര്‍ന്നു തന്നെ ഇരിക്കുന്നു എന്നു വേണം പറയാന്‍… എത്രയോ വർഷങ്ങൾക്കു മുൻപ് അസുര വംശത്തിന്റെ രാജാവായ രാവണന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലമാണ് ഇത്… കാലങ്ങൾ കടന്നു പോയപ്പോൾ… പിന്നീട് ബി.
സി. 3-ആം ആണ്ടില്‍ സിഗിരിയ പാറയിൽ  സന്യാസി മഠമായിരുന്നു ഉണ്ടായിരുന്നത്… പാലി ഭാഷയിലുള്ള മഹാവംശ എന്ന ചരിത്രാഖ്യായികയില്‍ ശ്രീലങ്ക ഭരിച്ചിരുന്ന രാജാക്കന്‍മാരെപ്പറ്റിയും ഈ സിഗിരിയ നഗരത്തെകുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്… അതിന്‍ പ്രകാരം എ.ഡി. 477 തൊട്ടു 495 വരെ കാശ്യപ രാജാവ് സിഗിരിയയിൽ ഈ വലിയ പാറയുടെ മുകളിൽ ഒരു കൊട്ടാരം കെട്ടി ഭരിച്ചിരുന്നു… ഈയൊരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും ശ്രിലങ്കൻ ചിത്രകലയുടെ ശ്രേയസ്സു വിളിച്ചോതുന്ന നൂറ്റാണ്ടുകളോളം പല പല ഋതുക്കളെ അതിജീവിച്ച ചുമര്‍ചിത്രങ്ങളും പിന്നെ ആ കോട്ടക്കു ചുറ്റും നിര്‍മിച്ചിരിക്കുന്ന പൂന്തോട്ടവും അതിലെ ആധുനിക സാങ്കേതിക വിദ്യകളെ പോലും വെല്ലുവിളിക്കാൻ പര്യാപ്തമായ ജലസേചന രീതിയും  കാശ്യപ രാജാവിനെ കുറിച്ചുള്ള അനേകം കഥകളും ഇവിടത്തെ ആകര്‍ഷണങ്ങളാണ്‌…

മെയിൻ ഗേറ്റിൽ നിന്ന് മെറ്റൽ ഡിറ്റക്ടർ ചെക്കിംഗ് കഴിഞ്ഞ് അകത്ത് കേറിയ രാഘവ് തന്റെ ബോക്സിൽ നിന്ന് മാപ്പെടുത്ത് ഒന്നു നിവർത്തി നോക്കി… ഇതിൽ പക്ഷേ താൻ തിരയുന്ന ഗുഹ ഏതാണെന്നൊന്നും അറിയില്ല… നെറ്റിൽ നിന്ന് കിട്ടിയതാണ് അത്… ഉദ്യാനത്തിന്റേയും അവിടെ ഉപയോഗിച്ചിരുന്ന കിണറുകളുടേയുമൊക്കെ ഭാഗങ്ങൾ ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്… രാഘവ് അതൊന്ന് ഓടിച്ചു നോക്കിയിട്ട് തിരിച്ചു വച്ചു… ഇവിടേക്ക് സാഹസികരായ ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം എന്നത് 200 മീറ്ററിൽ കൂടുതൽ ഉയരമുള്ള സിഗിരിയ പാറയുടെ മുകള്‍ഭാഗം വരെയുള്ള കയറ്റവും തിരിച്ചുള്ള ഇറക്കവുമാണ്… 1200-ല്‍ പരം പടികളുണ്ടെന്നാണ്‌ പറയപ്പെടുന്നത്…

സമയം വൈകിട്ട് 3 മണിയായിരുന്നു… രാവിലെ ഈ കയറ്റം ആരംഭിക്കുന്നതായിരുന്നു ഏറ്റവും നല്ലത് എന്നു സാരഥിയായ മാരൻ പറഞ്ഞു… നേരം വൈകുന്തോറും വെയിലിന്റെ കാഠിന്യമേറുകയും കയറ്റം കൂടുതല്‍ ആയാസകരമാവുകയും ചെയ്യും… എന്നാല്‍ ഇന്ന് ചെറിയ മഴക്കാറും പൊടി മഴയും ഉണ്ടായിരുന്നതിനാൽ വെയിൽ തരി പോലും ഉണ്ടായിരുന്നില്ല… അനുമതി ചീട്ടു വാങ്ങി അവർ നടന്നു…  ഈ ചരിത്രസ്മാരകത്തിന്റെ പ്രവേശന കവാടം കടന്നാല്‍ ആദ്യം കാണുന്നത് ഒരു കിടങ്ങാണ്‌… പാലം വഴി ആ കിടങ്ങു കടന്നാല്‍ പിന്നെ നീളത്തില്‍ നടപ്പാത കാണാം… ഇരുവശത്തും ഉദ്യാനങ്ങളുള്ള നടപ്പാതയുടെ അറ്റത്ത് ഉയര്‍ന്നു നില്‍ക്കുന്ന സിഗിരിയ പാറയും കാണാം… നീണ്ടു കിടക്കുന്ന നടപ്പാതയില്‍ ഇടക്കിടെ കയറ്റം ആരംഭിക്കുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് പടികളുമുണ്ട്…

ഇരുവശത്തും ഉദ്യാനങ്ങളാണ്… ആദ്യം തന്നെ ഇരുവശത്തും ദീര്‍ഘ ചതുരാകൃതിയിൽ വെട്ടി ഉണ്ടാക്കിയ ആഴമേറിയതും അല്ലാത്തതുമായ കുളങ്ങള്‍ കാണാം… അതിലേക്ക് പടവുകളും ചിലതിനടുത്ത് വസ്ത്രം മാറ്റാന്‍ സൌകര്യമുള്ള അറകളുമുണ്ട്… ഈ ജല ഉദ്യാനങ്ങള്‍ക്ക് അനേകം പ്രത്യേകതകളുണ്ട്… അതിലൊന്നാണ്‌ ജലസേചന രീതി… പാറമുകളിലും കൊട്ടാരക്കെട്ടിലും വീഴുന്ന മഴവെള്ളം പോലും പാറയിൽ വെട്ടിയിരിക്കുന്ന ചെറിയ വെള്ളച്ചാലുകള്‍ വഴി ഈ ഉദ്യാനങ്ങളിലേക്ക് തിരിച്ച് വിട്ടിരിക്കുന്നു… ഉദ്യാനങ്ങളിലുള്ള ഓരോ ജലസംഭരണിയും ഭൂമിക്കടിയിലൂടെ പരസ്പരം ബന്ധിച്ചിട്ടുണ്ട്… കൂടുതല്‍ മഴയുള്ള സമയത്ത് ഒരു ഫൌണ്ടൻ രൂപപ്പെടുന്ന ഭംഗിയുള്ള കാഴ്ച്ച കൂടി കാണാനാകും… നടപ്പാതയുടെ വലതു വശത്ത് വട്ടത്തിലുള്ള ഒരു കല്‍നിര്‍മിതിയുണ്ട്… അതിനകത്ത് 5 ഓട്ടകളും… കുറച്ചു മുമ്പെ പറഞ്ഞ വെള്ളച്ചാലുകളിലൂടെ വരുന്ന വെള്ളം ഈ ഓട്ടകളിലൂടെ മുകളിലേക്ക് പൊന്തി വരുന്ന സംവിധാനമാണ്‌ ഫൌണ്ടനായി രൂപപ്പെടുന്നത്… കൂടുതല്‍ മഴ ലഭിക്കുന്ന സമയത്ത് ഇതിന്റെ ഉയരവും കൂടും… ഏതാണ്ട് 1500 വര്‍ഷങ്ങള്‍ക്കു മുമ്പെയാണ്‌ ഈ വിധമുള്ള ഒരു നിര്‍മാണം നടന്നിരിക്കുന്നതെന്നോര്‍ത്ത് അന്തംവിട്ടു നിന്നപ്പോൾ വഴികാട്ടി എന്റെ ശ്രദ്ധ ഇടത്തു വശത്തെ ഫൌണ്ടനിലേക്കാകര്‍ഷിച്ചു… വലതുഭാഗത്ത് 5 ഓട്ടകളെങ്കിൽ  ഇടതു ഭാഗത്തുള്ളത് വലുതായിരുന്നു… 9 ഓട്ടകൾ… പക്ഷെ അത് ഉണങ്ങി കിടന്നിരുന്നു… അതിനു താഴെയുള്ള സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലായിരിക്കാം… കാശ്യപ രാജാവിനു മുമ്പും പിമ്പും സന്യാസീ മഠം ആയാണ്‌ സിഗിരിയ പാറ ഉപയോഗിച്ചിരുന്നത്…

ചുറ്റും വനപ്രദേശമായതുകൊണ്ട് പിന്നീട്‌ ഈ പാറയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും വനത്തിന്റെ ഭാഗമായി മാറി… ഇതിനിടയിലെപ്പോഴോ കൊട്ടാരവും നശിക്കപ്പെട്ടു… അങ്ങനെ കാട്ടിനുള്ളില്‍ ഒതുങ്ങി കൂടിയിരുന്ന ഈ പ്രദേശവും വലിയ പാറയും ബ്രിട്ടീഷ്‌ ഭരണകാലത്തെ മേജറായ ജോനാഥന്‍ ഫോര്‍ബ്‌സിന്റെ ശ്രദ്ധയിലാണ്‌ ആദ്യം പെട്ടത്… പിന്നീട്‌ പുരാവസ്തു ഗവേഷകർ ഈ സ്ഥലത്തെക്കുറിച്ച്‌ കൂടുതൽ പഠിച്ചു… ചരിത്രാഖ്യായികകളില്‍ പരമാര്‍ശിച്ചിട്ടുള്ള ഈ സ്ഥലം ശ്രീലങ്കൻ സര്‍ക്കാരിന്റെ “കള്‍ച്ചറൽ ട്രയാന്‍ഗിൾ പ്രൊജക്റ്റിന്റെ” ഭാഗമായി യുണെസ്കോ സഹായത്തോടേ കൂടുതല്‍ ഖനനം നടത്തി വെളിച്ചത്തേക്കു കൊണ്ടുവന്ന ശേഷം ഇവിടെക്കുള്ള സഞ്ചാരികളുടെ വരവു വര്‍ദ്ധിച്ചിട്ടുണ്ട്… ഇനിയും ഖനനം നടത്താന്‍ ഏറെയുണ്ടെന്നാണ്‌ വഴികാട്ടി പറഞ്ഞത്… വീണ്ടും നീണ്ടനടപ്പാതയിലൂടെ പാറയെ ലക്ഷ്യം വെച്ചു ഉദ്യാനങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങി… പടികളും ശിലകളും പച്ചപ്പും പൊയ്കകളും ഒക്കെയായി മനോഹരമായ ഉദ്യാനങ്ങളാണ്‌ ഇരുവശത്തും… കുറച്ച് നടന്നപ്പോള്‍ ഒരു ചെറിയ ഗുഹ… അകത്തേക്ക് ഒരുപാട് സ്ഥലമൊന്നുമില്ല… അവിടെ ഗുഹയാണെന്നു എഴുതിവെച്ചതു കൊണ്ട് മാത്രം ‘ഗുഹ’യെന്നു വിളിക്കാം… അത്ര തന്നെ… ആ ഗുഹയുടെ മേല്‍ക്കൂരയിൽ ചില ചിത്രങ്ങൾ മങ്ങിക്കൊണ്ട് കാണാമായിരുന്നു… സ്ത്രീ മുഖങ്ങൾ ആയിരുന്നു അവ… എന്തോ ഒരു വസ്തു വെച്ച് തേച്ചു മായ്ക്കാന്‍ ശ്രമിച്ചതു കൊണ്ടാണ്‌ ആ ചിത്രങ്ങൾ ഇന്നു അവ്യക്തമായിരിക്കുന്നതെന്നു ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും… കാശ്യപ രാജാവിന്റെ കാലത്ത് ഭരണ കേന്ദ്രമായ ഇവിടെ കലകള്‍ക്ക് നല്ല സ്ഥാനമുണ്ടായിരുന്നു…

സിഗിരിയയിലെ ചുമര്‍ ചിത്രങ്ങളും ചുമരെഴുത്തുകളും കവിതകളും ഇതിനു സാക്ഷ്യം വഹിക്കുന്നു… എന്നാല്‍ പിന്നീട് ഇവിടെ താമസിച്ച സന്യാസിമാര്‍ക്ക് അര്‍ദ്ധനഗ്നരും സുന്ദരികളുമായ സ്ത്രീ ചിത്രങ്ങൾ അവരുടെ താമസ സ്ഥലത്ത് അനുയോജ്യമല്ലെന്നു തോന്നിയതു കൊണ്ടത്രെ അവയെ നശിപ്പിച്ചത്… രാഘവിന് അവിടെയെന്തോ തന്നെ കാത്ത് നിൽക്കുന്നതു പോലെ തോന്നി… ആ ഗുഹയുടെ അകത്തേക്ക് അവൻ മാരന്റെ സഹായത്തോടെ കേറി… കുറച്ചു ദൂരം മാത്രമേ ഗുഹയുള്ളൂ… ഒരു പത്ത് മീറ്റർ നടന്നപ്പോഴേക്കും ഗുഹ തീർന്നു… എവിടെയാണ് ഞാൻ തിരയേണ്ടത്?…ഒരെത്തുംപിടിയും കിട്ടിയില്ല അവന്… ചുമരിലെ ചിത്രങ്ങളിലേക്ക് അവൻ സാകൂതത്തോടെ നോക്കി… ഒന്നും പിടികിട്ടുന്നില്ല… നോക്കാം… നടത്തം തുടരുന്നു… ഇനി ഇതുവരെയുള്ള പോലെയല്ല… വലിയ വലിയ കയറ്റമാണ്‌… പടികള്‍ വൃത്തിയായി വെട്ടിയിട്ടുണ്ട്… ആദ്യം സന്യാസിമാർ നശിപ്പിക്കാത്തതായ കുറച്ച് ചിത്രങ്ങള്‍ കാണാൻ മാത്രമായി കുറച്ച് ഉയരത്തിലുള്ള മറ്റൊരു ഗുഹയിലേക്ക് നടക്കണം…

സിംഹത്തിന്റെ രൂപത്തിലുള്ള പാറ കാരണമാണ്‌ ഈ സ്ഥലത്തിനു സിഗിരിയ (Lion Rock ) എന്ന പേരു വന്നതെന്നു വേണം കരുതാന്‍.


ഇനി വീണ്ടും കാശ്യപന്റെ കൊട്ടാരത്തിലെ സ്ത്രീചിത്രങ്ങളിലേക്ക്. ഈ ചിത്രങ്ങളില്‍ അവശേഷിക്കുന്നവ കാണാൻ മുകളിലെ ഒരു ഗുഹയിലേക്ക് പോകണം… അതിലേക്ക് എത്തിപ്പെടാന്‍ ചുറ്റി ചുറ്റിയുള്ള പടികൾ ഏറണം… ഇരു വശവും ഒരു കൂട്ടിലെന്ന പോലെ തടസ്സമുള്ളതു കൊണ്ട് പിടിച്ചു കയറാന്‍ എളുപ്പമാണ്‌…

പൂ പിടിച്ചു നില്‍ക്കുന്ന സ്ത്രീ, താഴോട്ടു നോക്കി നില്‍ക്കുന്ന ഒരു സുന്ദരി, ആഭരണങ്ങളണിഞ്ഞു എന്നാല്‍ മേൽ വസ്ത്രം ധരിക്കാതെ  പിന്നെയും സുന്ദരികള്‍… ഈ ചുമര്‍ചിത്രകലാ രീതിക്ക് ഇന്ത്യയിലെ അജന്താ ഗുഹയിലെ ചിത്രങ്ങളുമായി സാമ്യമുണ്ടത്രെ… ഇവിടെ ഫ്ലാഷ് ഇല്ലാതെ മാത്രമേ ഫോട്ടൊ എടുക്കാന്‍ പാടുള്ളൂ… ഇത്രയും കണ്ട ശേഷം താഴോട്ടിറങ്ങി…

അവിടെ നിന്നു പിന്നീടുള്ള കയറ്റത്തില്‍ ആദ്യം കാണുന്നത് “കണ്ണാടി ചുമര്‍ ” എന്നു വിളിപ്പേരുള്ള ഒരു ചുമരാണ്‌… അതീവ മിനുസമായിട്ടാണ്‌ ഈ ചുമർ പണിതിരിക്കുന്നത് എന്നതിനാല്‍ ഒരു കണ്ണാടിയെന്ന പോലെ ഇതിൽ പ്രതിഫലനങ്ങൾ കാണാൻ പറ്റുമായിരുന്നത്രെ… പണ്ട് സിഗിരിയ കോട്ടാരത്തില്‍ വന്നു പോയ സഞ്ചാരികൾ അവരുടെ അഭിപ്രായങ്ങളും അവര്‍ കണ്ട കാഴ്ചകളുമെല്ലാം എഴുതിയിരുന്നതും ഈ ചുമരിലായിരുന്നു… അതെല്ലാം കൊണ്ടാകണം “കണ്ണാടി ചുമർ” എന്ന പേര്  ഇന്നു ആ ചുമരിനു അത്രകണ്ട് യോജ്യമായി എനിക്ക് തോന്നാതിരുന്നത്… എന്നിരുന്നാലും ആ എഴുത്തുകളില്‍ നിന്നൊക്കെയാണ്‌ സിഗിരിയ കൊട്ടാരവും പരിസരവും പണ്ട് എങ്ങിനെ ആയിരുന്നെന്നു ഇന്നു നമുക്ക് മനസ്സിലാക്കാന്‍ സാദ്ധ്യമായിരിക്കുന്നത്… അവിടേയും തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും രാഘവിന് ലഭിച്ചില്ല… അവന്റെ മുഖം വിഷണ്ണമായിരുന്നു…

ഇനി വീണ്ടും കയറ്റം… അതു കഴിഞ്ഞെത്തിയത് ഒരു തുറസ്സായ സ്ഥലത്താണ്… മട്ടുപ്പാവെന്ന പോലെ…

അതാണ്‌ കൊട്ടാരത്തിന്റെ പ്രവേശന കവാടം… ചുറ്റുമുള്ള കാഴ്ച്ച ആസ്വദിക്കാനും വേണമെങ്കില്‍ വിശ്രമിക്കാനും സൌകര്യമുണ്ടവിടെ… താഴേക്ക് നോക്കുമ്പോള്‍ മനസ്സിലാകും എത്ര ഉയരത്തിലാണ്‌ നമ്മളെന്ന്‌… ഒരു സിംഹത്തിന്റെ രൂപത്തിലാണ്‌ പ്രവേശന കവാടം… അവിടെയാണ്‌ ഇപ്പോള്‍ എത്തിയിരിക്കുന്നത്… ഇന്നു സിംഹത്തിന്റെ മുഖഭാഗമൊന്നും കാണാനില്ല… അതെല്ലാം നിലം പരിശായവയിൽ ഉള്‍പ്പെടുന്നു…  ആകെയുള്ളത് അതിന്റെ രണ്ട് കാലുകളാണ്‌…

അവിടെ പണ്ടു എങ്ങനെ ഉണ്ടായിരുന്നു എന്നു കാണിക്കുന്ന ആരോ വരച്ച ഒരു ചിത്രം വഴികാട്ടി കാണിച്ചു തന്നു… സിംഹത്തിന്റെ വായയുടെ ഉള്ളിലേക്ക് എന്ന രീതിയില്‍ ആയിരുന്നത്രെ മുകളിലേക്കുള്ള പടവുകള്‍ ഉണ്ടായിരുന്നത്… സിംഹത്തിന്റെ കാലിന്റെ  അടുത്തു നിന്നു പടം എടുത്ത ശേഷം  വീണ്ടും മുകളിലേക്ക്… ഇനി കൊട്ടാരം നിന്നിരുന്ന ഭാഗമാണ്… ഒരല്‍പം കഠിനമായ കയറ്റം… ഈ പടികള്‍ യുണസ്കോ ഏറ്റെടുത്ത ശേഷം ഉണ്ടാക്കിയതാണ്‌… അത് എത്തിച്ചേരുന്നത് കൊട്ടാര മുറ്റത്തേക്കാണ്‌… സിഗിരിയ പാറയുടെ ഏറ്റവും  മുകള്‍ ഭാഗമാണിത്… കൊട്ടാരത്തിന്റെ അടിത്തറ മാത്രമേ ഇന്നു അവശേഷിക്കുന്നുള്ളു എന്നതുകൊണ്ട് മുകള്‍ ഭാഗം ഒരു പരന്ന സ്ഥലമായി കാണാം…  ഇവിടെ 360 ഡിഗ്രിയിൽ കാഴ്ച്ച കാണാം എന്നതു തന്നെയാണ്‌ ഏറ്റവും മുഖ്യമായ ഘടകം… ആദ്യം തന്നെ അവിടെയുള്ള ഒരു കല്ലിൽ കേറി നില്‍ക്കാൻ മാരൻ പറഞ്ഞു… ഇപ്പോൾ ഈ പാറയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ്‌ നമ്മള്‍ നില്‍ക്കുന്നതത്രെ… ചുറ്റും നോക്കി…  1.5 ഹെക്ടറിൽ മേലേ വ്യാസമുണ്ട് കൊട്ടാരം സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകൾഭാഗത്തിന്…

അവിടെ നിന്നു താഴേക്കു നോക്കുമ്പോള്‍ ഉദ്യാനത്തില്‍ നേരത്തേ കടന്നു വന്ന നീണ്ട നടപ്പാത കാണാം… ഇത്ര ദൂരം നടന്നുവല്ലോ എന്നു അത്ഭുതപ്പെട്ടു രാഘവ്… കൊട്ടാരത്തിന്റെ അടിത്തറക്കു പുറമെ അവിടെ ഒരു കുളവും ആ കുളത്തിന്റെ അടുത്ത് ഒരു ഇരിപ്പിടവും ഉണ്ട്… ഈ കോട്ട വളപ്പിലേക്ക് കയറിയതു മുതൽ കുറേ കുളങ്ങൾ കണ്ടു… ഇപ്പോള്‍ ഏറ്റവും മുകളിൽ മറ്റൊരെണ്ണം…

അതു കഴിഞ്ഞു ഇറങ്ങാന്‍ തുനിയുമ്പോ തൊട്ടാവടി ചെടി കാണിച്ച് എന്നെ അത്ഭുതപ്പെടുത്താന്‍ മാരൻ ഒരു ശ്രമം നടത്തി… അയാളെന്നോട് പറഞ്ഞു ഇലയിലൊന്നു തൊടാന്‍… കാലടിയിലും തൃപ്പൂണിത്തുറയിലുമായി വളര്‍ന്ന എനിക്ക് തൊട്ടാവാടി അറിയാതിരിക്കുമോ?… നല്ല കഥ… ‘ഇതു തൊട്ടാവാടിയല്ലെ, തൊട്ടാല്‍ വാടുമല്ലോ’ എന്നു പറഞ്ഞു  ഞാന്‍ തൊട്ടു കൊടുത്തു… അത് വാടി… അയാളുടെ മുഖവും വാടി… സായിപ്പന്‍മാരിൽ പലര്‍ക്കും ഈ ചെടി അത്ഭുതമാണത്രെ… താഴേക്കിറങ്ങി വീണ്ടും സിംഹ കവാടത്തിലെത്തി… ഇനി ബാക്കി ഇറങ്ങുന്നത് മറ്റൊരു വഴിയിലൂടെയാണ്‌ എന്ന് മാരൻ പറഞ്ഞു… അല്ലെങ്കിലും പോകുന്ന വഴി തന്നെ തിരിച്ചു വരുന്നത് രസമുള്ള കാര്യമല്ല…

കൂടുതല്‍ കാഴ്ചകൾ തേടി തന്റെ ലക്ഷ്യസ്ഥാനം എവിടെയെന്നറിയാതെ രാഘവ് അക്ഷമനായി മാരന്റെ പുറകെ നടന്നു… പടവുകള്‍ ഇറങ്ങിയും  നിരപ്പായ പാതകളിലൂടെ നടന്നും ചുറ്റും കല്ലുകളുള്ള ഒരു സ്ഥലത്തെത്തി… ഞങ്ങൾ ഇപ്പോൾ നടക്കുന്നത് പണ്ടു രാജാവു ജനങ്ങളോട് സമ്പര്‍ക്കം പുലര്‍ത്താനായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ്‌… അവിടെ മലര്‍ത്തിവെച്ച ചീനചട്ടി കണക്കെ എന്നാൽ മുകളിൽ നിരപ്പായ ഒരു പാറക്കല്ലുണ്ട്… അതായിരുന്നത്രെ രാജാവു ജനങ്ങളുടെ പ്രശ്നങ്ങൾ കേള്‍ക്കാൻ ഇരുന്നിരുന്ന ഇടം…

സിഗിരിയയില്‍ നാം ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതിയുണ്ട്… പ്രകൃത്യാ ഉള്ള പാറകളുടെയും മറ്റു ശിലകളുടെയും രൂപത്തിനനുസരിച്ച്, അവയ്ക്കു വലിയ മാറ്റം വരുത്താതെ പല പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കാണാം… അതിനു തൊട്ടടുത്ത് രാജാവിനു വിശ്രമിക്കാനായൊരിടം… അവിടെ കസേര പോലും പാറ കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്… അതു കഴിഞ്ഞു മൂര്‍ഖന്റെ പത്തി പോലുള്ള ഒരു പാറയുണ്ട് – അതിനെ ഒരു പ്രവേശന കവാടമാക്കി മാറ്റിയിരിക്കുന്നതായി കാണാം… അങ്ങനെ പ്രകൃതിയെ താലോലിച്ചുകൊണ്ട് നിലനിന്നിരുന്ന സിംഹ പാറയും സിഗിരിയ കൊട്ടാരവും കണ്ട് പുറത്തെത്തി… ചെറുതായി മഴ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു അപ്പോൾ… പുറത്തും അകത്തും… സന്ധ്യയായി… ഇരുട്ട് വീണു തുടങ്ങി… പല സ്ഥലങ്ങളിലും പോയെങ്കിലും തന്റെ ഉദ്ദേശം നടന്നില്ലല്ലോ എന്നോർത്ത് രാഘവ് കുണ്ഠിതപ്പെട്ടു… എല്ലായിടവും കേറിയിറങ്ങി… ഓരോ സ്ഥലവും അരിച്ചുപെറുക്കി… എന്നിട്ടും… കഷ്ടം… താനിത്രയൊക്കെ ചെയ്തിട്ടും അതിനൊരു ഫലപ്രാപ്തിയില്ലെന്നോ?… തിരിച്ചു പേരുന്ന വഴിയാണ് കുറേ സന്യാസിമാർ അവിടെയിവിടെയായി നിൽക്കുന്നത് രാഘവ് കണ്ടത്… കറുത്ത വസ്ത്രം ധരിച്ച അവരുടെയെല്ലാം നിറം എണ്ണക്കറുപ്പായിരുന്നു… നീണ്ട താടിയും മീശയും ജട പിടിച്ച മുടിയുമാണ് അവരെ സന്യാസിമാരായി തോന്നിപ്പിക്കുന്നത്… മറിച്ച് അവരെല്ലാം ബലിഷ്ഠകായരാണെന്ന് നോക്കിയതിൽ നിന്ന് അവനറിഞ്ഞു… അവൻ അവരെപ്പറ്റി മാരനോട് തിരക്കി…

“ സർ അവങ്ക ഇങ്കെയിരുക്കിറ ഒരു മഠത്തിലിരുന്ത് വരുവേൻ… രാത്രിക്ക് എങ്ക പോവേനു തെരിയല്ലേ സർ… ഇവങ്കളെ പാത്ത് റൊമ്പ നാളാച്ച്… എന്നവോ തെരിയലേ… ഇത്തന സാമികളെ കൂട്ടമാ സേർന്ത് നാൻ പാത്തതേ ഇല്ലേ… “ മാരൻ അങ്ങിനെ പറഞ്ഞപ്പോൾ രാഘവിന് സംശയമായി… ഇതായിരിക്കുമോ രാവണന്റെ പിൻതലമുറക്കാർ… മാരൻ പറഞ്ഞതനുസരിച്ച് കുറേ നാളുകൾക്ക് ശേഷം ഇവർ ഒത്തുകൂടിയത് നാളത്തെ ദിവസത്തിന് വേണ്ടിയായിരിക്കുമോ?… അങ്ങിനെയെങ്കിൽ അവർക്ക് അറിയാമായിരിക്കുമല്ലോ ആ സ്ഥലം… രാഘവ് എല്ലാ സന്യാസിമാരേയും മാറി മാറി നോക്കിപ്പോയി… “ സർ ടൈം മുടിയിത്… ഇനി നാളേക്ക് പാക്കലാം… “ രാഘവ് അവിടെത്തെന്നെ നിൽക്കുന്നതു കണ്ട് മാരൻ പറഞ്ഞു… സമയം കഴിഞ്ഞിരിക്കുന്നു… ഇനി ഇവിടെ നിൽക്കാൻ പറ്റില്ല… താളിയോലയിൽ നോക്കി കല്ലറ ഇരിക്കുന്ന ഗുഹ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുമോന്ന് നോക്കാം… തിരിച്ച് ഹോട്ടൽ റൂമിലെത്തിയ രാഘവ് കുളി കഴിഞ്ഞതിനു ശേഷം രണ്ടാമത്തെ താളിയോല എടുത്ത് വിശദമായി പരിശോധിച്ചു… കല്ലറയെക്കുറിച്ച് പറയുന്ന ഓലയുടെ താളെടുത്ത് വീണ്ടും ആഴത്തിൽ പഠിച്ചു… ആ ഒലയുടെ അവസാന താളുകളിൽ ‘നാരീപുഷ്പകവാടഗമനേ…’ എന്നെഴുതി നിർത്തിയിരിക്കുന്നത് അവൻ കണ്ടു… ബാക്കിയുള്ളത് വായിക്കാൻ കഴിയുന്നില്ല… കാലപ്പഴക്കം അവിടെയുള്ള ലിപികളെ വികൃമാക്കിയിരിക്കുന്നു…

രാഘവ് തന്റെ ചിന്തകളെ മേയാൻ വിട്ടു… അപ്പോൾ ഒരു സ്ത്രീയുടെ കാര്യമാണ് സൂചിപ്പിക്കുന്നത്… അതിനോടൊപ്പം ഒരു പുഷ്പത്തിന്റെ കാര്യവും പറഞ്ഞിരിക്കുന്നു… തന്റെ മൊബൈലിൽ ഇന്ന് കാണാൻ പോയ സ്ഥലങ്ങളുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് അവൻ നോക്കി… സ്ത്രീയും പൂവും… താനിന്ന് കേറിയിറങ്ങിയ സിഗരിയയിലെ സ്ഥലങ്ങൾ അവന്റെ മനസ്സിലേക്കോടിയെത്തി… അതേ അതുതന്നെ… ചുറ്റിവളഞ്ഞ് മുകളിലേക്ക് കേറിച്ചെല്ലുന്ന ഗുഹ… അവിടെയാണ് കുറേ സ്ത്രീകളെ വരച്ച് വച്ചിരിക്കുന്നത് കണ്ടത്… ആ ഫോട്ടോ പരതിയെടുത്ത് അതിൽ പൂവും പിടിച്ച് നിൽക്കുന്ന സ്ത്രീയെ അവൻ നിരീക്ഷിച്ചു… ഇത്തരം ഒരു സ്ഥലത്ത് ഒരു സ്ത്രീയെ പരാമർശിക്കണമെങ്കിൽ അത് ആ കല്ലറയുമായി അത്രമേൽ ബന്ധമുള്ള ഒരു സ്ത്രീയായിരിക്കും… അപ്പൊ അത് സീതയാണോ?… രാവണന്റെ മരണത്തിന് കാരണക്കാരിയായ സീതയല്ലാതെ അത് വേറെയാരും ആവാൻ വഴിയില്ല… അവൻ ആ വാക്കിനെ പിരിച്ചെഴുതി… നാരീ- പുഷ്പ- കവാട – ഗമനേ… അതായത് സ്ത്രീ- പൂവ്- വാതിൽ- വഴി… തനിക്ക് കിട്ടിയ അറിവിന്റെ വെളിച്ചം അവന്റെ മുഖത്ത് പരന്നു… തന്റെ റൂമിന് പുറത്തെ ബാൽക്കണിയിൽ നിന്ന് മുകളിലേക്ക് നോക്കിയപ്പോൾ ഉദിച്ചുയർന്നു വരുന്ന ചന്ദ്രനെ കണ്ട് അവൻ ചിരിച്ചു… പിന്നെ തീഷ്ണമായ തന്റെ കണ്ണുകളെ സിഗരിയ റോക്കിലേക്ക് മേയാൻ വിട്ടു…

രാത്രി അത്രയും സെക്യൂരിറ്റിയുള്ള ആ​ പ്രദേശത്തേക്ക് ചെല്ലുന്നത് സുരക്ഷിതമല്ല… ഇനിയിപ്പോൾ രാവിലെയാകുന്നതു വരെ കാത്തിരിക്കുക എന്നത് മാത്രമേ തനിക്ക് ചെയ്യാനുള്ളൂ എന്ന് മനസ്സിലാക്കിയ രാഘവ് ഉദ്വേഗത്തോടെ ഉറങ്ങാൻ കിടന്നു… ഇടയ്ക്ക് സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റ് വീണ്ടുമുറങ്ങി രാഘവ് നേരം വെളുപ്പിച്ചു… കഴിഞ്ഞ ദിവസത്തെപ്പോലെ തന്റെ ആയുധങ്ങളും ചില്ലുകുപ്പിയുമായി രാഘവ് സിഗരിയ റോക്കിലേക്ക് പോയി… ഒരു ബ്ലാക്ക് ജീൻസും ടീഷർട്ടും വൈറ്റ് ബൂട്ടുമായിരുന്നു അവന്റെ വേഷം… മാരനെ അന്ന് കൂടെ കൊണ്ടുപോകേണ്ടെന്ന് വച്ചു… രാവിലെ സന്ദർശകർക്കായി ഗേറ്റ് തുറന്നപ്പോൾ തന്നെ അകത്ത് കടന്നത് രാഘവായിരുന്നു… വർദ്ധിച്ച ആവേശത്തോടും അതേസമയം ഇനി വരാനിരിക്കുന്ന സംഭവങ്ങളെയോർത്തും അവന്റെ കാലുകൾ അതിവേഗം പടികൾ കടന്ന് മുകളിലേക്ക് കുതിച്ചു… ചുറ്റിചുറ്റിയുള്ള പടികളൊക്കെ തികഞ്ഞ അഭ്യാസിയുടേത് പോലെ രാഘവ് പിന്നിലാക്കി മുന്നോട്ട് ഓടിക്കയറി… ഏറ്റവും മുകളിലുള്ള ആ ഗുഹയുടെ മുന്നിലെത്തി രാഘവ് കിതപ്പടക്കി… ഗുഹയിലേക്ക് കയറിയ അവൻ ഉൾപ്പാറയുടെ ഇടതുവശത്തായി പൂവുമായി നിൽക്കുന്ന സ്ത്രീയുടെ മുന്നിൽ നിന്ന് കൈകൾ കൂപ്പി ഒരു നിമിഷം നിന്നു… സീതാദേവിയെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുതു വണങ്ങി ആ ചിത്രത്തിന്റെ ഭാഗങ്ങൾ പരിശോധിക്കാൻ തുടങ്ങി… ആ പൂവിന്റെ ഭാഗങ്ങൾ ശരിക്ക് നിരീക്ഷിച്ചപ്പോൾ അതിനു തൊട്ടുതാഴെയായി അർദ്ധ വൃത്താകൃതിയിൽ ഒരു വളയം പോലെ കണ്ടു… അവൻ അതിലൊന്ന് ശക്തിയായി ഉൂതിയപ്പോൾ അതിൽ നിന്ന് പൊടിപടലങ്ങൾ പറന്നു…

രണ്ട് വിരലുകൾ കഷ്ടിച്ച് ഉള്ളിലേക്ക് കേറ്റി വലിക്കാൻ പാകത്തിനായിരുന്നു ആ വളയം… അവനതിൽ പിടിച്ച് ശക്തിയായി വലിച്ചു… വലിയ കറ കറ ശബ്ദത്തോടെ ആ ഭാഗത്തെ പാറക്കഷ്ണം ഒരു വാതിൽ പോലെ പുറത്തേക്ക് തുറന്നു… ആ പരിസരത്തൊന്നും ആരും ഇല്ലാതിരുന്നത് അവന് തുണയായി… താഴെ നിന്ന് അരയടി പൊക്കത്തിലുള്ള ആ വാതിലൂടെ അവൻ കഷ്ടിച്ച് അകത്തേക്ക് നുഴഞ്ഞു കയറി… കയ്യിൽ കരുതിയിരുന്ന പെൻടോർച്ചെടുത്ത് തെളിച്ച് രാഘവ് വാതിൽ പഴയതു പോലെ ചേർത്തടച്ചു… താഴേക്ക് വളഞ്ഞു പോകുന്ന പടികൾ… രാഘവ് അതിലൂടെ പതിയെ അടിവച്ച് അടിവച്ച് താഴേക്ക് നടന്നു… പാതയുടെ ഇടതു വശത്തായി മുകളിൽ ചെറിയ പന്തങ്ങൾ വച്ചിരിക്കുന്നത് കണ്ടു… അപ്പോൾ ഇവിടെ ആരോ വന്നുപോകുന്നുണ്ട്… കുറച്ച് താഴേക്ക് ചെന്നപ്പോൾ വീണ്ടും നേരെയുള്ള ഒരു ഗുഹയിലേക്ക് ആ വഴി അവനെ നയിച്ചു… അതിലൂടെ മുന്നോട്ട് ഒരു പത്തടി വച്ചപ്പോഴക്കും വിസ്താരമുള്ള ഒരു വലിയ മുറിയിലേക്ക് പ്രവേശിക്കുന്നത് പോലെ തോന്നി അവന്… ആ കാഴ്ച കണ്ട് രാഘവ് അത്ഭുത പരിഭ്രാന്തനായി നിന്നു… ആ ഗുഹയുടെ വിശാലമായ മുറിയുടെ നാല് വശങ്ങളിലും എരിയുന്ന പന്തങ്ങൾ… നടുവിലായി ഒരു വലിയ പുരാതനമായ കല്ലറ… അതിനോട് ചേർന്ന് ചെറിയൊരു കല്ലിന്റെ പേടകവും… അവ രണ്ടിലും വാതുറന്നിരിക്കുന്ന ഒരു സിംഹത്തിന്റെ ചിത്രം കൊത്തി വച്ചിരിക്കുന്നു…

അപ്പോൾ ആ കാണുന്നതാണ് രാവണനെ അടക്കം ചെയ്തിരിക്കുന്ന കല്ലറ… അടുത്തിരിക്കുന്ന പേടകം ചന്ദ്രഹാസത്തിന്റെ ശക്തി ഉൾക്കൊള്ളുന്ന ആയുധം ആയിരിക്കും… അവൻ കണക്കുകൂട്ടി… അവൻ നിൽക്കുന്നതിന്റെ എതിർഭാഗത്തായി ചെറിയ ശിവലിംഗത്തിന്റെ വിഗ്രഹം കണ്ടു അവൻ… അവിടെ പൂജയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തിരിക്കുന്നതു പോലെ തോന്നി അവന്… ചുറ്റും കണ്ണോടിച്ചപ്പോൾ ആ മുറിയിൽ നിന്ന് ഒരു വഴി മറുവശത്തേക്ക് പോകുന്നതു കണ്ടു… ബ്രിട്ടീഷുകാർ എത്രയൊക്കെ ഖനനം ചെയ്തിട്ടും ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ?… അല്ലെങ്കിലും അങ്ങിനെ കണ്ടെത്താൻ കഴിയുന്ന ഒന്നാണോ ഇത്… അത്ഭുതം തന്നെ… താൻ അന്വേഷിച്ചിരിക്കുന്നത് കണ്ടെത്തിയിരിക്കുന്നു… ഇനി എത്രയും പെട്ടെന്ന് അതു നശിപ്പിക്കണം… മാറിനു കുറുകെ ഇട്ടിരുന്ന ഫൈബർ റോഡ്സിന്റെ ബോക്സ് ഉൂരി ആ മുറിയുടെ ഒരു മൂലയിൽ വച്ചതിനു ശേഷം അവൻ ആ ചന്ദ്രഹാസം ഇരിക്കുന്ന പേടകത്തിനടുത്തേക്ക് നടന്നടുത്തു… പേടകത്തിൽ കൈവച്ച് അതു തുറക്കാനാഞ്ഞതും പുറകിൽ നിന്ന് ബലിഷ്ഠമായ ഒരു കൈ രാഘവിന്റെ വായ പൊത്തി… കുതറാൻ ശ്രമിച്ച അവനെ ബന്ധിക്കാൻ ആ ബലിഷ്ഠമായ കൈകളുടെ ഉടമയ്ക്ക് നിസാരമായി കഴിഞ്ഞു… തന്റെ മുഖത്ത് നിന്ന് കൈ ഒട്ടൊന്ന് മാറിയപ്പോൾ ശ്വാസം എടുക്കാനായി തുനിഞ്ഞ അവന്റെ മുഖത്തേക്ക് ഒരു പച്ചില അമർന്നു… അൽപ സമയത്തിനകം രാഘവ് ബോധരഹിതനായി നിലം പതിച്ചു… അതിനു ശേഷം കുറേ മന്ത്രോച്ചാരണങ്ങൾ കേട്ടാണ് രാഘവ് കണ്ണുതുറന്നത്… കണ്ണ് പതിയെ ചിമ്മി ചിമ്മി നോക്കിയപ്പോൾ താനിരിക്കുന്നത് ഗുഹയിൽ നിന്ന് ആ മുറിയിലേക്കുള്ള പ്രവേശനത്തിനരികെയാണെന്ന് അറിഞ്ഞു… താനെത്ര സമയം ബോധരഹിതനായി കിടന്നെന്ന് അവന് മനസ്സിലായില്ല…

കയ്യിലെ വാച്ചിലേക്ക് നോക്കി… സമയം 7 മണി കഴിഞ്ഞിരിക്കുന്നു… അതായത് ചന്ദ്രഗ്രഹണം തുടങ്ങാറായിരിക്കുന്നു… അവൻ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് ആ ചുവരിനോട് ചാരിയിരുന്ന് മുന്നോട്ട് നോക്കി… പുറകിൽ തന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു… മുന്നോട്ട് നോക്കിയപ്പോൾ തലേ ദിവസം കണ്ട കറുത്ത വസ്ത്രം ധരിച്ച സന്യാസിമാർ… ഒരു പത്ത് പേരുണ്ട്… നാലു പേർ ആ കല്ലറയ്ക്കും ചെറിയ പെട്ടിക്കും ചുറ്റുമായി നിന്ന് മന്ത്രോച്ചാരണങ്ങൾ നടത്തുന്നു… ഒരാൾ മുറിയുടെ ഒരു ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തിൽ പുഷ്പങ്ങൾ അർപ്പിക്കുന്നു… താൻ എഴുന്നേറ്റതറിഞ്ഞ് പൂജയുടെ കാര്യങ്ങളിലൊക്കെ സഹായിച്ചു നിന്ന ഒരു സന്യസി തന്റെ അടുത്തേക്ക് നടന്നു വന്നു… രാഘവിനറിയാത്ത ഏതോ ഭാഷയിലാണ് ആ സന്യസി അവനോട് എന്തോ ചോദിച്ചത്… “ പുരിയലെ… നീങ്കളെല്ലാം യാര്?… “ അവരുടെ ഭാഷ മനസ്സിലാവാതെ അവൻ കണ്ണുയർത്തി അയാളെ ആകമാനം നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു… “ ഓ… തമിഴാ… നാങ്ക വന്ത് ഇന്ത രാസാവോടെ പോരാളികൾ… “ ആ വലിയ കല്ലറയുടെ നേർക്ക് കൈചൂണ്ടിക്കൊണ്ട് ആ ബലിഷ്ഠകായൻ പറഞ്ഞു… “ നീങ്ക നിനൈപ്പത് നടക്കാത്… നാൻ ഉയിരോടെ ഇരുക്കുംപോത് അത് നടക്കാത്… “ രാഘവിന്റെ ശബ്ദത്തിലെ മൂർച്ചയും, കണ്ണുകളിലെ തീഷ്ണതയും അയാളുടെ മുഖഭാവത്തിന് ഒരു ചലനവും ഉണ്ടാക്കിയില്ല…

“ നീങ്ക സൊൽറത് സരി താൻ… നീങ്ക ഉയിരോടെ ഇരുക്കും പോത് അത് നടക്കാത്… ഇന്നേക്ക് ബലി കൊടുക്കപ്പോറ മുതൽ ആൾ നീ താൻ… ഇത്തന രഹസിയമാന ഇടത്തു വന്തേനെ… നീ അന്ത രാമാവോട പരമ്പര താൻ… ഇല്ലയാ… കൊഞ്ചനേരത്തുക്ക് അപ്പുറം നാങ്കൾ പരമ്പരാവിൻ രാസാ ഉയിർപ്പേൻ… ഹഹഹ… “ അയാളുടെ ചിരി അവന്റെ കാതിൽ മുഴങ്ങി… “ ഇല്ലൈ ഇല്ലൈ… നീങ്ക നിനൈപ്പത് നടക്കാത്… “ രാഘവ് മുരണ്ടുകൊണ്ട് അയാളോട് ആക്രോശിച്ചു… “ ടപ്പ് !!!… ” രാഘവിന്റെ ഇടതുകരണത്ത് അയാളുടെ വലതുകൈ പതിച്ചു… താഴേക്ക് വീഴാൻ പോയ രാഘവ് ബാലൻസ് ചെയ്തു കൊണ്ട് നിവർന്നു ഇരുന്നു… “ പോതും… ബലികൊടുക്ക സമയമാച്ച്… വാ… “ രാഘവിനെ അടിക്കാനായി വീണ്ടും കയ്യോങ്ങിയ അയാളോട് കല്ലറയുടെ മധ്യത്തിലായി നിന്ന തലവനെന്ന് തോന്നിക്കുന്ന സന്യാസി പറഞ്ഞു… അതുകേട്ട് അയാൾ അവർക്കരുകിലേക്ക് പോയി… രാഘവിന്റെ തൊണ്ടയിലെ വെള്ളം വറ്റി… ഇനി അൽപ്പ സമയത്തിനകം അവർ ചന്ദ്രഹാസത്തിൽ അവരുടെ ചോര ഇറ്റിച്ച് രാവണന്റെ മൃശരീരത്തിലേക്ക് വീഴ്ത്തും… തന്നെ ബലിയും കൊടുക്കും… ഹോ… ഓർക്കാൻ കൂടി കഴിയുന്നില്ല… എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തേ പറ്റൂ… രാഘവ് ചുറ്റും നോക്കി… അതാ കുറച്ച് മാറി താൻ കൊണ്ടുവന്ന ബോക്സ് കിടക്കുന്നു… അവൻ അതിനരികിലേക്ക് നിരങ്ങി നിരങ്ങി ചെന്നു… മന്ത്രോച്ചാരണങ്ങൾ മുറയ്ക്ക് നടക്കുന്നു… ഇപ്പോൾ 8 മണിയായി… ചന്ദ്രനിൽ ചുവപ്പ് പടർന്നു തുടങ്ങിയിരിക്കും…

സന്യാസിമാർ ചേർന്ന് ആ വലിയ കല്ലറയുടെ മൂടി നിരക്കി നീക്കുന്നു… വശത്തേക്ക് നിരങ്ങി മാറിയ ആ മൂടി അവർ എടുത്ത് താഴേക്ക് വച്ചു… പിന്നെ ചെറിയ പെട്ടി തുറന്ന് അതിനുള്ളിലെ ആയുധം എടുത്തു… രാഘവ് ഒരു നിമിഷം ആ ആയുധത്തിലേക്ക് ഉറ്റുനോക്കി… ഒരു മീറ്ററോളം നീളം വരുന്ന കോടാലിയുടെ പോലെയുള്ള ഒരു ഇരുമ്പ് ദണ്ട്… വലിയ വണ്ണമുള്ള തടി അവർ രണ്ടുപേർ ചേർന്നാണ് ഉയർത്തിയത്… അതിന്റെ അടിവശം മുകളിലേക്ക് പൊക്കിയപ്പോഴാണ് അത് കണ്ടത്… ഒരു വൃത്തത്തിന്റെ പാതി മുറിച്ച രീതിയിലുള്ള ആ ഭാഗം മുറിയിലെ പന്തങ്ങളുടെ വെളിച്ചത്തിൽ മിന്നിത്തിളങ്ങി… ദണ്ഡിന്റെ അറ്റം ചേരുന്ന ഭാഗത്ത് നിന്ന് രണ്ടു ഭാഗത്തേക്കും അൽപ്പം വളഞ്ഞ് പോകുന്നു… അർദ്ധ ചന്ദ്രാകൃതിയിലുള്ള ഒരു ആയുധം… രാവണൻ അടക്കംചെയ്തിരുന്നത് ചന്ദ്രഹാസത്തിന്റെ ശക്തി മാത്രമല്ല… ആ ആയുധം തന്നെ പുനർനിർമ്മിച്ചിരിക്കുകയാണെന്ന് അവനു തോന്നി… ആ ആയുധം കല്ലറയുടെ നടുവിലേക്ക് നീട്ടിപ്പിടിച്ച് അവരെല്ലാം ആ കല്ലറയ്ക്ക് ചുറ്റിലും നിന്ന് മന്ത്രോച്ചാരണങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു തുടങ്ങി… സമയം നീങ്ങിക്കൊണ്ടിരിക്കുന്നു… രാഘവ് ശബ്ദമുണ്ടാക്കാത പതിയെ പതിയെ മുകളിലേക്ക് ഉയർന്ന് എഴുന്നേറ്റ് നിന്നു… തന്റെ കയ്യുടെ കെട്ടഴിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി…

സർവ്വശക്തിയുമെടുത്ത് അവൻ ഉപ്പൂറ്റിയിലൂന്നി ഒന്ന് പൊങ്ങിയുയർന്നു… അതോടൊപ്പം തന്നെ പിന്നിലെ കൈകൾ വളച്ച് കാലുകൾ മടക്കി അതിലേക്ക് ഉൂളിയിട്ടു… അപ്പോൾ​ ബന്ധിതമായ അവന്റെ കൈകൾ മുന്നിലേക്ക് വന്നു… ഒന്നാശ്വസിച്ച രാഘവ് പല്ലുകൾ കൊണ്ട് ശക്തിയായി കടിച്ച് ആ കയർ അഴിച്ചെടുത്തു… സന്യാസിമാരുടെ മന്ത്രോച്ചാരണം ഉച്ചസ്ഥായിലെത്തിയിരുന്നു… “ സന്തിരൻ സെവപ്പായിരുക്ക്… ഇനി കൊഞ്ചം നേരം… നം കൈകൾ ചന്ദ്രഹാസത്തോടു സേർപ്പോം… “ കല്ലറയുടെ മധ്യത്തിൽ നിന്ന തലവൻ ഏവരോടും ആജ്ഞാപിക്കുന്നതു പോലെ പറഞ്ഞു… രാഘവിന് മനസ്സിലായി ഇപ്പോൾ ചന്ദ്രന്റെ നിറം ചുവപ്പായിട്ടുണ്ടാകും… അത് അർദ്ധചന്ദ്രാകുതിയിലേക്ക് കേറിക്കൊണ്ടിരിക്കുകയാണ്… അവൻ ബോക്സ് തുറന്ന് ചില്ലുകുപ്പിയും ഫൈബർ റോഡ്സും പുറത്തെടുത്ത് നൊടിയിടയിൽ താൻ കൊണ്ടുവന്ന Fibre bow വച്ച് വില്ല് സെറ്റ് ചെയ്തു… താൻ കാത്തിരുന്ന നിമിഷം ഇതാ വന്നെത്തി… സന്യാസിമാരെല്ലാം തങ്ങളുടെ കയ്യിൽ നിന്ന് ചോര ഇറ്റിക്കുന്നതിനായി ചന്ദ്രഹാസത്തിന്റെ അടുത്തേക്ക് വിരലുകൾ നീട്ടിയതും പുറകിൽ നിന്നൊരു ആർത്തനാദം കേട്ടു… “ ഹാ രാമ… ഹാ സീതേ… “ എന്നുറക്കെ അലറിക്കൊണ്ട് രാഘവ് തന്റെ കയ്യിലെ രാമസാന്നിദ്ധ്യങ്ങളിലെ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച മണൽത്തരികൾ അടങ്ങിയ ചില്ലുകുപ്പി ചന്ദ്രഹാസത്തിനു നേരെ എറിഞ്ഞു… ഒരു നിമിഷം അമ്പരന്നു നിന്ന സന്യാസിമാർ എന്താണെന്ന് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുൻപേ തന്നെ ആ ഗോളാകൃതിയുള്ള ചില്ലുകുപ്പി ചന്ദ്രഹാസത്തിന്റെ മൂർച്ചയുള്ള ഭാഗത്ത് തട്ടി പൊട്ടിച്ചിതറി…

താളിയോലയിൽ പറയുന്ന പോലെ അപ്പോൾ ആകാശത്ത് ചന്ദ്രന്റെ ആകൃതി അർദ്ധചന്ദ്രാകൃതി ആയിരുന്നു… നിറം രക്തചുവപ്പും… ആ മണൽത്തരികൾ ആ മൃതദേഹത്തിൽ വീണതും… അതിൽ നിന്നും ഒരു വെളുത്ത പുക ഉയർന്നു… സന്യാസിമാർ പിടിച്ചിരുന്ന ചന്ദ്രഹാസത്തിൽ പെട്ടെന്ന് തീനാളങ്ങൾ ഉയർന്നു… അത് സന്യാസിമാരുടെ കൈകളിൽ നിന്നും വേർപെട്ട് കല്ലറയിലേക്ക് വീണു… കല്ലറയുടെ തങ്ങളുടെ ഉടയോന്റെ ശരീരം പുകയായി ഉയരുന്നതു കണ്ട സന്യാസിമാർ അടക്കാനാവാത്ത കലിയോടെ രാഘവിനു നേർക്ക് കുതിച്ചു… തന്റെ നേർക്ക് പാഞ്ഞടുക്കുന്ന രാക്ഷസ സന്യാസിമാർക്ക് നേരേ രാഘവ് തന്റെ വില്ല് കുലച്ചു… ഇടത് കാൽമുട്ട് മടക്കി വലതു കാൽമുട്ട് തറയിലൂന്നി… തന്റെ വില്ലിൽ നിന്നും തുടരെ തുടരെ കൂർത്തമുനയുള്ള അമ്പുകൾ അവർക്കു നേരെ രാഘവ് തൊടുത്തുവിട്ടു… അത് ആ സന്യാസിമാരുടെ കറുത്ത വസ്ത്രങ്ങളേയും ആ നര പിടിച്ച ദേഹത്തേയും ഭേദിച്ച് പുറത്ത് വന്നു… പത്ത് സന്യാസിമാരിൽ എട്ടുപേരും നിലത്തമർന്ന് പ്രാണൻ വെടിഞ്ഞു… ഇനിയുള്ളത് രണ്ട് അമ്പുകളാണ്… രാഘവ് നിൽക്കുന്ന മുറിയുടെ എതിർ വശത്തേക്ക് ഓടി മാറിയ സന്യാസിമാരിൽ ഒരാളുടെ നേർക്ക് തൊടുത്ത അമ്പിൽ നിന്ന് നൂലിഴ വ്യത്യാസത്തിൽ ആ സന്യാസി മാറിക്കളഞ്ഞു… ആ കൂട്ടത്തിലെ തലവനായിരുന്നു അത്… അയാൾ തന്റെ വശത്തെ ഭിത്തിയിൽ ഉണ്ടായിരുന്ന പന്തമെടുത്ത് രാഘവിന് നേർക്കെറിഞ്ഞു…

രാഘവിന്റെ ഇടംകയ്യുടെ ഭാഗത്ത് വീണ് പൊട്ടിത്തകർന്ന ആ പന്തത്തിന്റെ തീപ്പൊരികൾ അവന്റെ ഇടതുകയ്യിൽ പൊള്ളലേൽപ്പിച്ചു… ഒരു നിമിഷം അവന്റെ കയ്യിൽ നിന്നും ആ വില്ല് താഴെ വീണു… ആ അവസരം മുതലാക്ക് തലവന്റെ അടുത്ത് നിന്ന സന്യാസി അവനെ ആക്രമിക്കാനായി ഓടി അടുത്തു… രാഘവിന്റെ അടുത്തെത്തുന്നതിനു മുൻപ് തന്നെ വില്ലെടുത്ത് അവസാന അമ്പ് അവൻ അയാളുടെ നെഞ്ചിൽ നോക്കി എയ്തു… അവന്റെ മുൻപിലേക്ക് നിരങ്ങി വീണ അയാൾ അവനെ പിടിക്കാനായി കൈ ആഞ്ഞു… വളരെ ബലത്തോടെ അവന്റെ ഇടത്തേ മുട്ടുകാലിൽ പിടിയമർന്ന ആ കരത്തിന് ശക്തി കുറഞ്ഞ് കുറഞ്ഞ് താഴെ വീണു… രാഘവിന്റെ കയ്യിൽ ഇനി അമ്പുകൾ ഒന്നും ബാക്കിയില്ലെന്നു കണ്ട തലവൻ അവനെ ആക്രമിക്കാനായി അടുത്ത ഒരു പന്തവും എടുത്ത് അവനടുക്കലേക്ക് ഓടിയടുത്തു… നൊടിയിടയിൽ എഴുന്നേറ്റ രാഘവും അയാളുടെ നേർക്ക് ഓടി… അങ്ങിനെ ഓടാൻ ആയുന്ന സമയം തന്റെ കയ്യിലിരിക്കുന്ന വില്ലിന്റെ ചാൺ ഉൂരിയെറിഞ്ഞ ശേഷം വില്ല് ആയി ഉപയോഗിച്ച ആ ഫൈബർ റോഡ് തന്റെ ഇടതു മുട്ടുകാലിൽ വച്ച് ഒടിച്ചു… അപ്പോൾ രണ്ടായി പകുത്ത ആ ഫൈബർ റോഡിന്റെ കൂർത്തിരിക്കുന്ന മുനകൾ തന്റെ രണ്ട് മുഷ്ടികളുടെ ഉള്ളിൽ പിന്നോട്ടാക്കിപ്പിടിച്ചു കൊണ്ട്, പന്തമായി മുന്നോട്ട് കുതിക്കുന്ന ആ സന്യാസിയുടെ നേർക്ക് അവനും കുതിച്ചു… കല്ലറയ്ക്ക് അപ്പുറം നിന്ന് തന്റെ നേർക്ക് ചാടിവരുന്ന രാക്ഷസ സന്യാസി തലവന്റെ നേർക്ക് ഉറക്കെ അലറിക്കൊണ്ട് രാഘവും ചാടി…

കല്ലറയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്ന സന്യാസി തന്റെ മുന്നിലേക്ക് ചാടിയെത്തുന്ന രാഘവിന്റെ മുഖത്തിനു നേരെ കത്തുന്ന തീപ്പന്തം കുത്താനാഞ്ഞതും… മുഖം കുനിച്ച് തന്റെ തൊട്ടു മുന്നിൽ ഉയർന്നു നിൽക്കുന്ന അയാളുടെ നെഞ്ചിലേക്ക് ആ രണ്ടു കൂർത്തമുനകൾ അവൻ കുത്തിയിറക്കി… തന്റെ മാറ് പിളർന്നു അമ്പുകൾ കേറിയതറിഞ്ഞ നടുക്കത്തിൽ അയാൾ പിന്നിലേക്ക് മറിഞ്ഞു… അയാളുടെ നെഞ്ചിൽ മുട്ടുകാലുകൾ ഇടിച്ചിറക്കി കൊണ്ട് രാഘവ് കല്ലറയുടെ അപ്പുറത്തേക്ക് വീണു… താഴെ വീണ് തെറിച്ച് അകന്നു മാറിയ രാഘവ് ഒന്ന് ചുമച്ചു… പതിയെ എഴുന്നേറ്റ് വേച്ചുവേച്ച് മുറിയിലുണ്ടായിരുന്ന രണ്ട് പന്തങ്ങളിൽ ഒന്നെടുത്ത് അതുമായി കല്ലറയുടെ അടുത്തെത്തി ഉള്ളിലേക്ക് നോക്കി… അവിടെയതാ ചന്ദ്രഹാസം കിടക്കുന്നു… രാവണന്റെ മൃതദേഹം ഉണ്ടായിരുന്നു എന്നു പറഞ്ഞ സ്ഥലത്ത് കുറേ വെളുത്ത പൊടി മാത്രം… കാണാൻ കഴിഞ്ഞില്ലല്ലോ ആ രാക്ഷസ രാജാവിന്റെ ദേഹം… വേണ്ട… വെട്ടിത്തിളങ്ങി നിന്നിരുന്ന ചന്ദ്രഹാസം ഇപ്പോൾ ഒരു പ്രാകശവുമില്ലാതെ അതിനുള്ളിൽ കിടക്കുന്നു… ആ ആയുധം കയ്യിലെടുക്കാനാഞ്ഞതും നൊടിയിടയിൽ അതൊരു ചാരമായി മാറി… ചന്ദ്രഹാസത്തിന്റെ ശക്തി അതിൽ നിന്നും ചോർന്നുപോയി… ഇനി ഇതു കൊണ്ട് ഒരു കാര്യവുമില്ല… രാവണദേഹവും അപ്രത്യക്ഷമായി… തന്റെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു… അവൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു… ആ ചിരിയുടെ ധ്വനികൾ ആ ഗുഹാന്തരത്തിൽ പ്രതിധ്വനിച്ചു…

അപ്പോഴാണ് അവനാ കാര്യം ആലോചിച്ചത്… ഇനി എങ്ങിനെ പുറത്ത് കടക്കും… സെക്യൂരിറ്റി ഗാർഡ്സ് ഈ സമയത്ത് തന്നെ കണ്ടാൽ… ഹോ… എന്തു ചെയ്യും… അവൻ തന്റെ ബോക്സും പന്തവുമെടുത്ത് മുറിയുടെ അങ്ങേവശത്തായി കണ്ട വഴിയിലേക്ക് നടന്നു… അത് വളരെ നീളമുള്ള ഗുഹയായിരുന്നു… പന്തവുമായി അവൻ മുന്നോട്ട് നടന്നു… കുറേ നീങ്ങിയപ്പോൾ താഴേക്ക് പടികൾ പോകുന്നത് കണ്ടു… അപ്പോൾ താനറിയാത്ത വേറെയും വഴികളുമുണ്ട് ഇവിടെ… ഒരു അരമണിക്കൂറുകളോളം നടന്നു കാണും… ഇത്ര നേരത്തേ ഏറ്റുമുട്ടൽ അവനെ അവശനാക്കിയിരുന്നു… പന്തത്തിന്റെ നാളങ്ങൾ അണഞ്ഞു തുടങ്ങി… ഇരുട്ട്… കൂരാകൂരിരുട്ട്… കുറച്ച് ദൂരം കൂടി പടികൾ തപ്പിയും തടഞ്ഞും അവൻ നടന്നു… ഇനിയും മുന്നോട്ട് നടക്കാൻ അശക്തനായി അവൻ നിന്നു… വീണ്ടും ഒരു കാൽചുവട് മുന്നോട്ട് വച്ച അവന്റെ വലതുകാൽപ്പാദം എന്തിലോ തട്ടി നിന്നു… അതൊരു പാറക്കെട്ട് പോലെ പോലെ അവന് തോന്നി… മുഴുവൻ ശക്തിയുമെടുത്ത് അവൻ ആ പാറയിൽ ആഞ്ഞുതള്ളി… ഒരു ചെറിയ ഞരക്കത്തോടെ അരമീറ്റർ വ്യാസമുള്ള ആ പാറക്കഷ്ണം തുറന്നു… അവന് കഷ്ടിച്ച് പുറത്തേക്കിറങ്ങാനുള്ള വ്യാപ്തിയേ ആ ദ്വാരത്തിന് ഉണ്ടായിരുന്നുള്ളൂ… അതിൽക്കൂടി പതിയെ രാഘവ് പുറത്തേക്കിറങ്ങി… പച്ചപുല്ലിൽ കാലുകൾ ഉൂന്നി എഴുന്നേറ്റ് നിന്ന അവൻ ശുദ്ധവായു ശക്തിയായി ഉള്ളിലേക്ക് വലിച്ചെടുത്ത് തറയിലേക്ക് പിന്നോക്കം വീണു…

മുകളിലേക്ക് നോക്കിയപ്പോൾ വെട്ടിത്തിളങ്ങി നിൽക്കുന്ന പൂർണ്ണചന്ദ്രനെ കണ്ടു അവൻ… നിറഞ്ഞ പ്രകാശത്താൽ അത്യുജ്ജ്വല പ്രഭയോടെ നിൽക്കുന്ന പൌർണ്ണമി ചന്ദ്രൻ തന്നെ നോക്കിച്ചിരിക്കുന്ന പോലെ തോന്നി അവന്… ആ ചന്ദ്രഹാസം അവന്റെ ചുണ്ടിലും ഒരു മന്ദഹാസം വിരിയിച്ചു… ഒരു നിമിഷം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റിയതോ?… രാവണന്റെ ഉയിർത്തെഴുന്നേൽപ്പ് തടഞ്ഞതോ?… ജാനകിയെ വീണ്ടും കാണാൻ അവസരം കിട്ടിയതോ?… അതിന്റെ കാരണം എന്താണെന്ന് വേർതിരിച്ചറിയാൻ അവൻ വിഷമിച്ചു… എന്താണെന്ന് അവന് തിരിച്ചറിയാൻ സാധിച്ചില്ല… എന്തായാലും അവന്റെ മനം പൂർണ്ണസംതൃപ്തിയുടെ ആഴങ്ങളിൽ ഉൂളിയിടുകയായിരുന്നു… വീണ്ടും എഴുന്നേറ്റ് താൻ നിൽക്കുന്ന സ്ഥലം ഏതാണെന്ന് അവൻ നോക്കി… ചെറിയ പാറക്കെട്ടുകൾ… ഒരു ചെറിയ കാടിന്റെ പ്രദേശം… കുറച്ച് ദൂരെയായി സിഗരിയ റോക്ക് ചന്ദ്രപ്രഭയിൽ തിളങ്ങുന്നു… അവൻ പതിയെ അകലെയായി കാണുന്ന തന്റെ ഹോട്ടലിലേക്ക് നടന്നു… പിറ്റേന്ന് വൈകിട്ട് കൊളംബോ എയർപോർട്ടിൽ രാഘവിനെ യാത്ര അയക്കാനെത്തിയ ശിവദാസൻ അവന്റെ കൈയ്യിലും മുഖത്തുമൊക്കെ ചെറിയ മുറിവുകൾ കണ്ട് കാരണമന്വോഷിച്ചു… “ മുകളിലെ പാറയിൽ കേറിയപ്പോൾ വഴുതി വീണതാ… മുഖവും കൈയ്യും ഒക്കെ ഉരഞ്ഞു… “ അവൻ ചെറുചിരിയോടെ പറഞ്ഞു…

“ ഞാൻ കൂടെ വരാമെന്ന് പറഞ്ഞതല്ലേ രാഘവ്… ഗോകുൽ വിളിക്കുമ്പോൾ ഞാനെന്താ പറയാ?… “ അവന്റെ നേർക്ക് നോക്കി സങ്കടത്തോടെ ശിവദാസൻ ചോദിച്ചു… “ അവനോട് ഞാൻ പറഞ്ഞോളാം എല്ലാം… അങ്കിളിന്റെ സഹായത്തിന് എങ്ങിനെയാ നന്ദി പറയാ… താങ്ക്സ് സർ… താങ്ക്യൂ വെരിമച്ച്…“ അവൻ ശിവദാസന് ഷേക്ഹാൻഡ് കൊടുക്കാനായി കൈ നീട്ടി… അയാൾ​ അവനെ കെട്ടിപ്പിടിച്ച് പുറത്ത് തട്ടി… “ യങ്ങ് മാൻ സീയു എഗെയ്ൻ… “ ആലിംഗനത്തിൽ നിന്ന് അടർത്തി ശിവദാസൻ പറഞ്ഞു… “ ഷുവർ അങ്കിൾ… ബൈ… “ അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് എയർപോർട്ടിനകത്തേക്ക് രാഘവ് തന്റെ ലഗ്ഗേജുമായി പോയി… അന്ന് വൈകിട്ട് രാത്രി തിരുവനന്തപുരത്ത് പറന്നിറങ്ങിയ രാഘവ് പുലർച്ചയോടെ ഹോസ്റ്റലിലെത്തി… കിടന്നതേ അവൻ ഉറങ്ങിപ്പോയി… ഉച്ചയ്ക്ക് എണീറ്റ് ബൈക്കുമെടുത്ത് ഗോകുലിനെ പോയിക്കണ്ടു… അത്ഭുതവും സന്തോഷവും കൊണ്ട് ഗോകുൽ അവനെ കെട്ടിപ്പിടിച്ചു… യാത്രയുടെ വിശേഷങ്ങൾ​ അവനുമായി പങ്കുവച്ചപ്പോൾ ഗോകുൽ ഒരു ചിത്രകഥ കേൾക്കുന്നതു പോലെ അതൊക്കെ കേട്ടിരുന്നു… “ യുവർ ഗ്രാൻഡ്മാ ഈസ് റൈറ്റ്… നിനക്കു മാത്രേ അതു കഴിയുമായിരുന്നുള്ളൂ രാഘവ്… യു ഡൺ ഇറ്റ് വെൽ… “ ഗോകുലിന്റെ അഭിനന്ദനത്തിനും അവന്റെ മുഖത്ത് നിറഞ്ഞത് ശാന്തതയുടെ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി…

“ വിത്തൌട്ട് യു ഇറ്റ്സ് ഇമ്പോസിബിൾ മാൻ… “ ഗോകുലിനെ ഒന്ന് ആശ്ലേഷിച്ച ശേഷം അവൻ തന്റെ മൊബൈൽ എടുത്ത് ജാനകിയെ വിളിച്ചു… “ നീയെത്തിയോ തെമ്മാടി… എനിക്കിപ്പോ കാണണം…“ രാഘവിന്റെ വാക്കുകൾ ഒന്നും കേൾക്കാതെ ജാനകി പറഞ്ഞു… അവൻ തിരിച്ചു വന്നതിലുള്ള സന്തോഷം അവളുടെ വാക്കുകളിൽ അവൻ അനുഭവിച്ചു… “ ജാനകിയെ കാണാൻ പോവാണല്ലേ ടാ… നന്നായി ഷീ ഈസ് വെയ്റ്റിംഗ് ഫോർ യൂ… “ അവൻ രാഘവിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു… “ ഉം… കുറേ അഗ്നി പരീക്ഷകൾ ഞാൻ കൊടുത്തിട്ടുണ്ട് അവൾക്ക്… ഇനി വിഷമിപ്പിക്കില്ല… പോട്ടേടാ… “ അതും പറഞ്ഞ് രാഘവ് തന്റെ ബൈക്ക് ജാനകിയുടെ അടുത്തേക്ക് വിട്ടു… അവളേയും കൊണ്ട് അവൻ പോയത് ചെറായി ബീച്ചിലേക്കാണ്… അപ്പോൾ സമയം സന്ധ്യയോട് അടുത്തിരുന്നു… അവന്റെ യാത്രയും സാഹസികത നിറഞ്ഞ പ്രവൃത്തികളെല്ലാം ഒരു അമ്പരപ്പോടെയാണ് ജാനകി കേട്ടത്… ഇതൊക്കെ തന്നോട് പറഞ്ഞിരുന്നെങ്കിൽ അവനെ തനിയെ വിടില്ലായിരുന്നു എന്നവൾക്ക് തോന്നി… അവൾ അവന്റെ നെഞ്ചിൽ ഇടിച്ച് കരഞ്ഞുകൊണ്ട് അവനെ ശക്തിയായി കെട്ടിപ്പിടിച്ചു… ബീച്ചിൽ അങ്ങിങ്ങായി നിൽക്കുന്നവർ തങ്ങളെ ശ്രദ്ധിക്കുന്നതൊന്നും അവൾക്ക് പ്രശ്നമായിരുന്നില്ല… കുറച്ച് നേരത്തേ കരച്ചിലിനും പരിഭവങ്ങൾക്കും ശേഷം അവൾ മുഖം തുടച്ചു… അവർ അസ്തമയ സൂര്യനെ നോക്കിയിരുന്നു…

“ നീ പറഞ്ഞതൊക്കെ ശരി… ഞാനൊന്ന് ചോദിക്കട്ടെ… ഒരുപക്ഷേ നീ പറഞ്ഞപോലെ രാവണൻ ഉയിർത്തെഴുന്നേറ്റിരുന്നു എങ്കിൽ എന്തു സംഭവിച്ചേനെ?… “ അവന്റെ ഉത്തരത്തിനായി പറക്കുന്ന മുടിയിഴകളോടെ ജാനകി അവന്റെ മുഖത്തേക്ക് ഒറ്റു നോക്കി… “ അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ ശ്രീലങ്കയുടെ ശ്രീ പോയി അത് വീണ്ടും ലങ്ക ആയേനെ… “ രാഘവ് തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു… ജാനകി ആലോചിച്ചു… ലങ്കയുടെ ശ്രീ- ഐശ്വര്യം പോയേനെ എന്ന്… “ അങ്ങിനെ രാവണൻ ഉയിർത്തെഴുന്നേറ്റിരുന്നെങ്കിൽ രാമൻ വീണ്ടും അവതിരിക്കുമായിരുന്നോ രാഘവ്?… ” ഇത്തവണ അവളുടെ വാക്കുകളിലെ മൂർച്ച അവൻ തിരിച്ചറിഞ്ഞു… “ പത്ത് അവതാരങ്ങളിൽ ഇതുവരെ ഒൻപത് അവതാരങ്ങൾ മാത്രമേ അവതരിച്ചിട്ടുള്ളൂ… കലിയുഗത്തിലെ കൽക്കി ഇതുവരെ… ” താൻ പറയുന്നത് ജാനകിയിൽ വലിയ വിശ്വാസം ഉണ്ടാക്കുന്നതായി തോന്നാത്തതു കൊണ്ട് രാഘവ് പകുതിക്ക് വച്ച് നിർത്തി… “ കുറേയൊക്കെ നീ സങ്കൽപ്പിക്കുകയാണ് രാഘവ്… ” കടലോരത്തെ മണലിൽ പതിയെ കയ്യോടിച്ച് ജാനകി പറഞ്ഞു… “ അതെനിക്കറിയില്ല… രാമസഹോദരൻ ഭരതന്റെ രാജ്യമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു… ഭരതന്റെ രാജ്യം – ഭാരതം… നിനക്കെന്ത് തോന്നുന്നു?…” അവൻ അവളുടെ നേരെ ശാന്തമായി ചോദിച്ചു…

“ എനിക്കതൊന്നും അറിഞ്ഞുകൂടാ… ഐ ഡോൺട് ഇൻട്രസ്റ്റ് ഇൻ തോസ് സ്റ്റോറീസ്… നീ ആളൊരു പഴഞ്ചനാണല്ലോടാ… ” അവളുടെ വാക്കുകൾ രാഘവിന് അരാധനയെ ഓർമ്മപ്പടുത്തി… “ അതു ശരിയാ ഞാൻ പഴഞ്ചനാ… അല്ല നിനക്ക് പിന്നെ എന്തിലാണ് ഇൻട്രസ്റ്റുള്ളത്?… ” രാഘവ് അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി… “ നിന്നിൽ… ഐ റിയലി ലവ് യൂ… ഐ വാണ്ട് യൂ… ” അവൾ അവന്റെ മുടിയിഴകളിൽ പ്രേമത്തോടെ തഴുകി… “ ഐ ടൂ ജാനൂ… ” രാഘവിന്റെ വാക്കുകൾ ഹൃദയത്തിന്റെ അടിത്തട്ടിൽ എന്ന പോലെ ആയിരുന്നു… ” രാഘവ് എന്റെ പേരിൽ മാത്രമാണോ നിനക്ക് എന്നോട് ഇഷ്ടം… സത്യം പറയണം…” രാഘവിനോട് അടുത്തപ്പോൾ മുതലുള്ള അവളുടെ മനസ്സിലുള്ള ഒരു വേദനയായിരുന്നു അത്… ” ഞാനെന്തിനാ നിന്നോട് നുണ പറയുന്നേ… ശരിയാണ്… ആദ്യം നിന്റെ പേരുകേട്ടാണ് ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്… പക്ഷേ നിന്നോട് അടുത്തപ്പോൾ ​ആ പേരിനേക്കാൾ ഒത്തിരി സൌന്ദര്യം നിന്റെ മനസ്സിനുണ്ടെന്ന് എനിക്ക് തോന്നി… ” രാഘവ് അവളുടെ മുഖത്ത് കണ്ണെടുക്കാതെയാണ് ആ വാക്കുകൾ പറഞ്ഞത്… “ ശരിക്കും… ” ഒന്ന് ഉറപ്പിക്കാനെന്ന പോലെ ജാനകി ചോദിച്ചു… “ ഏയ് ചുമ്മാ… ” ഒന്നു ചിരിച്ചിട്ട് അതു പറഞ്ഞുകൊണ്ട് രാഘവ് എണീറ്റു…

“ ടാ നിന്നെ ഞാൻ… ” എന്നു പറഞ്ഞ് അവനെ തല്ലാനായി കയ്യേങ്ങിക്കൊണ്ട് ജാനകി രാഘവിന്റെ പുറകേ ഓടി… ആ യുവ മിഥുനങ്ങൾ ആ കടൽക്കരയിലൂടെ ആർത്തുല്ലസിച്ച് ഓടുന്ന കാഴ്ച വളരെ മനോഹരമായിരുന്നു… അതിന് സാക്ഷിയായ സൂര്യൻ പതിയെ ചക്രവാളത്തിൽ മുങ്ങിത്താഴ്ന്നു… അപ്പോൾ​ ഭൂമിയുടെ അങ്ങേത്തലയ്ക്കൽ ചന്ദ്രൻ പൂർണ്ണശോഭയോടെ ഉയർന്നു വന്നു… ആ നീലാവെളിച്ചത്തിൽ രാഘവിന്റെ കടൽക്കരയിലെ കാൽപ്പാദങ്ങൾ തെളിഞ്ഞുവന്നു… അപ്പോൾ​ ഏഴിഞ്ച് വലിപ്പമുള്ള അവന്റെ കാലടികളുടെ അരികിൽ നിന്ന് മണ്ണ് താഴേക്ക് അടർന്ന് അടർന്ന് പോയിക്കൊണ്ടിരുന്നു… ഇപ്പോൾ ആ കാൽപ്പാദങ്ങൾക്ക് ഒൻപതിഞ്ച് നീളമുണ്ട്… പണ്ടേതോ യുഗത്തിൽ അവതരിച്ച ഒരു മനുഷ്യന്റെ പാദങ്ങളോട് വളരെ താദാത്മ്യം പ്രാപിച്ചിരുന്നു ആ അടയാളങ്ങൾ… രാഘവിന്റെ നിയോഗം… രാഘവിന്റെ യാത്ര… രാഘവായനം ഇവിടെ അവസാനിക്കുന്നു…

**********************************ശുഭം ********************************** വാൽക്കഷ്ണം :- എന്റെ ഈ കഥയ്ക്ക് പ്രോൽസാഹനം തന്ന എല്ലാ നല്ലവരായ വായനക്കാർക്കും എഴുത്തുകാർക്കും, നല്ല ചിത്രങ്ങൾ കവർ ഫോട്ടാ ആയി ഇട്ടുതന്ന XvX-നും പഴഞ്ചന്റെ ഹൃദയം നിറഞ്ഞ നന്ദി… ഈ കഥയിലെ പ്രദേശങ്ങളുടെ ഫോട്ടോസ് ഉൾക്കൊള്ളിച്ചിട്ടുള്ള PDF താമസിയാതെ upload ചെയ്യുന്നതാണ്… ഈ കഥ വായിച്ചവരെല്ലാം PDF-ഉം വായിക്കണമെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു… നന്ദി… എന്ന്… സ്വന്തം  പഴഞ്ചന്‍ …(ഒപ്പ്)….

Comments:

No comments!

Please sign up or log in to post a comment!