അവളറിയാതെ 02

Avalariyathe 2 Author:നിഴലൻ

പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി…. ഇത്രയധികം ലൈക്കോ കമന്റോ കിട്ടുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല… എന്നാൽ കഴിയുന്നവിധം ഞാൻഇത് നന്നാക്കി എഴുതാൻ ശ്രമിക്കുന്നതാണ്….

സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി… തുടർന്നും പ്രതീക്ഷിക്കുന്നു…

—————-

അച്ഛന് ഞാനെന്നും അച്ഛന്റെ അപ്പുവായിരുന്നു……. അച്ഛന്റെ മാത്രം അപ്പു…..

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം എന്റെ അച്ഛൻ എന്നോട് മിണ്ടിയിരിക്കുന്നു……

എന്നോടെന്നതോ പറയാൻ……. “മോനെ നീ ഇങ്ങനെ നശിക്കാതെടാ …… നീ…നീ……. ” അച്ഛന്റെ തൊണ്ടയിടരുന്നത് ഞാനറിഞ്ഞു……..

പെട്ടന്ന് എന്നെ പിന്നിൽനിന്നും രണ്ടുകൈകൾ ശക്തമായി പുണർന്നു…… ആ ഒരു പ്രവർത്തി ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല……

ഞാൻ ആ കൈകളിലേക്ക് നോക്കി….. ആ കൈകൾ തളർന്നിരുന്നു, കൈപ്പത്തിക്കുള്ളിലെ തഴമ്പ് വന്ന ഭാഗങ്ങൾ ശോഷിച്ചു ബലം കുറഞ്ഞിരുന്നു…..

ഞാൻ ഒരു നിമിഷം പഴയൊരോർമ്മയിലേക്കു വഴുതി വീണു……. കണ്ണ് തുറക്കുമ്പോ ഞാൻ എന്റെ അമ്മയുടെ തോളത്താണ്…. ഞാൻ എന്റെ അമ്മയുടെ തോളത്തു അള്ളിപ്പിടിച്ചിരിക്കുന്നു…..

ഞാൻ ചുറ്റും നോക്കുകയാണ്…. ഒന്നും മനസ്സിലാകുന്നില്ല,അച്ഛനെ കാണാൻ എന്നും പറഞ്ഞാണ് എന്നെ അമ്മയും മുത്തശ്ശനും കൂടി കാറിൽ കയറ്റിയത്…. ഇന്നേവരെ അങ്ങനെയൊരു വ്യക്തി എന്റെ ജീവിതത്തിലുടെങ്കിലും ഇന്നേവരെ ഓർമ്മവെച്ചശേഷം കണ്ടിട്ടില്ല…..

അച്ഛൻ എന്ന് ബാക്കി ഉള്ളവർ പറയുന്നത് കേട്ടിട്ടുണ്ടെന്നല്ലാതെ ഒന്നുമറിയില്ലായിരുന്നു….. പിന്നെ ഞാനിപ്പോള എണീക്കുന്നെ ചുറ്റും ആളുകൾ ണ്ട്…..

ഞാൻ അമ്മയോടൊപ്പം കുറെ ആളുകളുടെ പിന്നിലായും വേറെ ചിലരുടെ മുന്നിലായും നില്ക്കുന്നു…..എനിക്ക് ആരെയുമറിയില്ല, പേടികൂടികൂടി എന്നാൽ കഴിയുന്നവിധം ഞാൻ അമ്മയെ മുറുകെ പിടിച്ചു…….

കുറച്ചു കഴിഞ്ഞപ്പോ അമ്മയെന്നെ ഉണർത്തി താഴെയിറക്കിക്കൊണ്ട് പറഞ്ഞു “മോനെ മിഥുമോനെ…… ! എഴുന്നേൽക്കേടാ……ഇങ്ങട്ടു നോക്കിയേ…. അതാരാന്നറിയോ….. ?” അമ്മ എന്നെ നോക്കി വേറെ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു…… “അതാണ്‌ നിന്റെ അച്ഛൻ…… ”

ഞാൻ മെല്ലെ നോക്കിയപ്പോൾ ഒരു ബ്ലാക്ക് പാന്റും ഒരു ചെക്ക് ഷർട്ടും ആണെന്ന് തോന്നുന്നു മെലിഞ്ഞൊരു രൂപം എന്നെ മാടി വിളിക്കുന്നു….

ഞാൻ മെല്ലെ മെല്ലെ അങ്ങോട്ട്‌ നടന്നു…..മെല്ലെ മെല്ലെ ആ മെലിഞ്ഞ രൂപം വ്യക്തമായി വന്നു….. അതാ എന്റെ അച്ഛൻ…….

പിന്നെ എല്ലാം പെട്ടന്നായിരുന്നു അച്ഛൻ എന്നെ എടുത്ത് അമ്മയുടെ അടുത്തേക്ക് വരുന്നു…….



അമ്മ അങ്ങേരുടെ മാറത്തു ചാഞ്ഞു കരഞ്ഞുകൊണ്ട് നടന്നു്…… അങേരാണേൽ പരമാവധി എന്തൊക്കെയോ പറഞ്ഞുകൊണ്ട് അമ്മയെ ചേർത്തുനിർത്തി…..

അച്ഛൻ അന്ന് മുബൈയിൽ നിന്നും ലീവ് നു വന്നതാണ് അന്ന് എനിക്ക് 3/4 വയസ്സ്… പക്ഷെ ആ ഒരു രംഗം എന്തൊകൊണ്ടോ ഞാൻ ഇന്നേവരെ മറക്കാതെ ഓർമിച്ചിരിക്കുന്നു…….

അന്ന് അച്ഛന്റെ മുഖത്തു കണ്ട അതെ വാത്സല്യം കുറെ കാലങ്ങൾക്കു ശേഷം ഒരിത്തിരി പോലും കുറയാതെ ഞാൻ കാണുന്നതിപ്പോളാണ്……

എന്റെ പുറത്ത് ഒരു നനവ് പടരുന്നത് ഞാനറിഞ്ഞു.അച്ഛൻ എന്നെ കെട്ടിപിടിച്ചു കരയുകയായിരുന്നു…..

ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… അമ്മ കരയാറുണ്ടെങ്കിലും അച്ഛൻ…. എന്റെ തൊണ്ടയൊന്നു വറ്റി……

ഇതുവരെ, ഇതുവരെ അനുഭവിക്കാത്തൊരു വേദന….. എന്റെ പുറത്തു വീണ ഓരോ തുള്ളി കണ്ണുനീരും തീമഴപോലെ എന്റെ ആത്മാവിലേക്ക് പെയ്തിറങ്ങുകയായിരുന്നു….. ഞാൻ ആ നിൽപ്പിൽ നിന്ന് ഉരുകി…..

അച്ഛൻ എന്നാണ് എന്നോട് അവസാനമായി മിണ്ടിയത്…. ? ഓർമയില്ല……. അല്ല മറന്നുപോയി….. എന്തിനു വേണ്ടിയാണ് ഞങ്ങൾ തെറ്റിയത്… സാധാരണ ഞങ്ങൾ തെറ്റിക്കഴിഞ്ഞാൽ കൂടിയാൽ ഒന്നോ രണ്ടോ ദിവസം അതിനപ്പുറം പോകുമായിരുന്നില്ല…

അല്ല എന്റെ ഇപ്പോളത്തെ അവസ്ഥയിൽ നിന്നും ഓർക്കാൻ ശ്രെമിച്ചാൽ ഒന്നും ഓർമ്മ വരില്ല കാരണം അത്രക്കധികം വികാരനിര്ഭരമായിരുന്നു എന്റെ മനസ്സ്…..

ഞാൻ പെട്ടന്ന് സ്വബോധം വീണ്ടെടുത്ത അച്ഛനെ കെട്ടിപിടിച്ചു…… അപ്പോളേക്കും അമ്മ ഉമ്മറത്തുനിന്നു ഇതെല്ലാം കണ്ടു കണ്ണീർ തുടച്ചു മുഖത്തൊരു ചിരി വിടർത്തി……

യുഗാന്തരങ്ങൾക്കു ശേഷം എന്റെ അമ്മയുടെ മുഖത്തൊരു ആശ്വാസത്തോടെയുള്ള ചിരി,മനസ്സുനിറഞ്ഞൊരു ചിരി തെളിഞ്ഞു……. ഇതിനപ്പുറം എന്താണ് എനിക്ക് വേണ്ടത്…..

ഞാൻ അച്ഛനെയും കൂട്ടി വീടിന്റെ അകത്തേക്ക് തന്നെ കേറി….. എന്നിട്ട് ഞങ്ങൾ മൂന്നുപേരും കൂടി ഹാളിലെ സോഫയിൽ ഇരുന്നു…..

ആരും ഒന്നും മിണ്ടുന്നില്ലയെങ്കിലും മൗനമായി ഒരായിരം കാര്യങ്ങ്ൾ ഞങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു…….

അവസാനം അച്ഛൻ തന്നെ തുടങ്ങി…… “ഡാ നീ ഓഫീസിലേക്ക് ലീവ് നു വിളിച്ചു പറ ….ഒരു രണ്ടാഴ്ചത്തേക്ക്…… ” ഞാൻ ഒന്ന് ഞെട്ടി.

“രണ്ടാഴ്ചയോ….. ?എന്തിനാ കുട്ടേട്ടാ രണ്ടാഴ്ച ലീവ് എടുക്കണേ ?” അമ്മ എനിക്ക് മുന്നെക്കേറി ചോദിച്ചു.

“നമ്മടെ നാനേട്ടന്റെ മോളില്ലേ അഞ്ജന , അവളിപ്പോ നാട്ടിൽ നല്ലൊരു ഹോസ്പിറ്റൽ തുടങ്ങിയിട്ടുണ്ട്.അങ്ങോട്ടൊന്നു പോണം നമുക്ക്.”

നാനേട്ടന്….
. അതായത് നാരായണേട്ടൻ….. അച്ഛൻ പണ്ട് ബോംബായിലായിരുന്നപ്പോ അച്ഛന്റെ ഒപ്പം അവിടെ ണ്ടായിരുന്ന ഒരു ഏട്ടൻ….. ആൾ പറഞ്ഞുവരുമ്പോ അച്ഛന്റെ ഒരു ബന്ധു കൂടിയാണ്……

ഞാൻ ചെറുപ്പത്തിൽ ബോംബായിലായിരുന്നു, ഒരു നാല് മുതൽ അഞ്ചുവയസ്സ് വരെ….. പക്ഷെ ഇങ്ങനെ ഒരു മോളെക്കുറിച്ചു ഞാൻ കേട്ടട്ടില്ലല്ലോ…… ?

അച്ഛൻ എന്നെ നോക്കി… ആ മുഖത്തു പഴയ ആ പ്രസരിപ്പ് തിരിച്ചു വന്നതായെനിക്ക് തോന്നി…..

“അത് അച്ഛാ… എനിക്ക് ചില അര്ജന്റ് വർക്ക്സ് ണ്ട്….”

“അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഇനി നിന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല… ” അച്ഛൻ ഏറെ നാളുകൾക്കു ശേഷം എന്നെ ശാസിക്കുന്നത് കേട്ടപ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം തോന്നി….

ഈ ലോകത്ത് എനിക്കുവേണ്ടി മാത്രം ജീവിക്കുന്ന രണ്ടാത്മാക്കളുടെ കാര്യം ഞാൻ മറന്നുപോയിരുന്നു…..

“എന്താ അപ്പൂ ഇങ്ങനെ കരയണേ…. അയ്യേ മോശം മോശം…. ഞാൻ പറഞ്ഞത് വല്ലതും നീ കേട്ട്വോ…… ?” അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു തോളത്തു കയ്യിട്ടു സമാധാനിപ്പിക്കുകയായിരുന്നു…….

ഞാൻ കരഞ്ഞോ…. ? എപ്പോ… ? ശരിയാണല്ലോ ദാ കണ്ണിന്നു തുള്ളിക്കൊരു കുടമെന്നപ്പോലെ ഊർന്നിറങ്ങുന്ന….. ഞാൻ അച്ഛനെ ഒന്ന്കൂടി കെട്ടിപിടിച്ചു………….

അച്ഛൻ എന്റെ തലയിൽ മെല്ലെ വിരലൊടിച്ചുകൊണ്ട് പറഞ്ഞു….. “നീ പോണം മോനെ നീ അവിടെ പോയി നന്നാവണം….. ആ പഴയ അപ്പുവായി തിരിച്ചുവരണം….. ”

നന്നാവാനോ…. ?എവിടെ പോവാൻ ?എങ്ങനെ നന്നാവാൻ ?ഈശ്വരാ അച്ഛൻ എന്താ അപ്പൊ പറഞ്ഞോണ്ടിരുന്നേ ?

ഞാൻ അച്ഛനെ വിട്ടു, മുഖത്തേക്ക് നോക്കി…. എന്റെ മുഖഭാവം കണ്ടിട്ടാവണം അച്ഛന് കാര്യം മനസ്സിലായി……

“ഒന്നുമില്ലെടാ അവൾ അവരുടെ നാട്ടിൽ ഒരു ഡീഅഡിക്ഷന് സെന്റർ നടത്തുന്നുണ്ട്… അവിടെ നീ ഒന്ന് പോയി നിക്കണം….. ”

“അച്ഛാ അതിനു ഞാൻ ഇനി….. ”

“നീ ഇനി കുടിക്കില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല….നിന്റെ ലൈഫിനോട് നിനക്കുതന്നെയുള്ള ഈ ആറ്റിട്യൂട് ഒന്ന് മാറ്റണം…. നീ എതിർത്തൊന്നും പറയണ്ടാ…..വത്സലേ ആ ഫോണിൽ അവർക്കൊന്ന് വിളിച്ചു പറഞ്ഞേര് ഇവന് വരുന്നുണ്ടെന്നു…… ” എതിർത്തൊരു വാക്ക് പറയാൻ എനിക്ക് തോന്നിയില്ല കാരണം അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നു അവരുടെ കണ്ണുകളിൽ……

ഞാൻ ഓൺ ദ സ്പോട് ഫോൺ എടുത്ത് ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു……. പിന്നെ എല്ലാം ചടപടെചടപടേന്നായിരുന്നു…

ഇടുക്കിയിലേതോ ഒരു കാടിന്റെ നടുക്കാണ് സ്ഥലം….. ഞാൻ ഒറ്റയ്ക്ക് പോയ്കോളാം എന്ന് പറഞ്ഞപ്പോൾ അച്ഛൻ എതിർത്തില്ല കാരണം അച്ഛനറിയാമായിരുന്നു ഞാൻ അച്ഛൻ പറഞ്ഞ ഈ വാക്ക് ധിക്കരിക്കില്ലെന്നു….
.

അങ്ങനെ അവരുടെ ഓഫീസ് നമ്പർ തന്നു…. ഞാൻ നേരെ വിളിച്ചു ആരോ ഫോൺ എടുത്തു കാര്യങ്ങൾ പറഞ്ഞു ഞാൻ എന്റെ വാട്സ്ആപ്പ് നമ്പർ കൊടുത്തു……. അവർ അതിലേക്കു ലൊക്കേഷൻ അയച്ചുതന്നു…..

പറഞ്ഞപോലെ തന്നെ കാടിന്റെ ഒക്കെ നടുക്ക് എന്നാലും ഗൂഗിളണ്ണൻ വഴി കാണിച്ചുതന്നു….. അങ്ങനെ എന്റെ വണ്ടി എടുത്ത് ഞാൻ മെല്ലെ യാത്ര തുടങ്ങി……..

ഒരു റോയൽ എൻഫീൽഡ് ആണ് എന്റെ വണ്ടി….. അതും ഇപ്പോളത്തെ ഈ ചവറു പോലെയിറങ്ങുന്ന പുതിയ മോഡൽ അല്ല പഴയ മോഡൽ….

അതായത് വലതുവശത്തു ഗിയർ ഉള്ള റോയൽ എൻഫീൽഡ് 350…. പക്ഷെ വണ്ടി കണ്ട പുത്തനാണെന്നേ ആരും പറയും…… കാരണം അത്രേമ മോഡിഫൈഡ് ആണ്…….

എന്തായാലും ഞാൻ കണ്ട ചുരവും കോപ്പുമൊക്കെ കേറി അവസാനം സ്ഥലം എത്താറായി….. കേറുന്നതിനു മുന്നേ ഒരു പാക്കറ്റ് കിങ്‌സ് വാങ്ങി അത് മൊത്തം ആ മഞ്ഞത് വലിച്ചു തീർത്തു…..

എന്തായാലും വലി നിർത്താനൊന്നും പോണില്ല…. ഒരു മൂന്നു പെട്ടി കിങ്‌സ് കൂടി വാങ്ങി കയ്യിൽ വെച്ചു…..

വണ്ടിയെടുത്തു ഗൂഗിളണ്ണൻ കാണിച്ചുതന്ന കാട്ടുവഴികളിലൂടെയൊക്കെ ചുറ്റിത്തിരിഞ്ഞ് അവസാനം ഒരു പുഴയുടെ തീരത്തെത്തി….. ഞാൻ ഒന്നിറങ്ങി മുഖവും കയ്യുംകാലുമൊക്കെ കഴുകി….

ഒരു കിങ്‌സ് എടുത്ത് കത്തിച്ചു നല്ല മൂഡ്…മെല്ലെ വണ്ടിടെ മോളിൽ ഇരുന്നു പുഴയും നോക്കിയിരിക്കാൻ ഒരു സുഖം…. കുറച്ചു കഴിഞ്ഞപ്പോൾ അപ്പുറത്ത് ഒരു പെണ്ണ് കുളിക്കാൻ ഇറങ്ങി….. പുഴ എന്നൊക്കെ പറഞ്ഞാ ഏതോ ഒരു പുഴയുടെ കൈവരി മാത്രാമാണ് ഇത് അതുകൊണ്ട് തന്നെ ഒരുവിധം വ്യക്തമായി എനിക്കവളെ കാണാമായിരുന്നു….

ഒരിത്തിരി മഞ്ഞ് തടസമായുണ്ടായിരുന്നെങ്കിലും അവൾ കുളിക്കാനിറങ്ങുന്നത് ഞാൻ കണ്ടു….. ഞാൻ ഒന്നും രണ്ടും ചിന്തിക്കാതെ നേരെ വണ്ടിയെടുത്തു അവിടുന്ന് പോയി…..

വേറെ ഒന്നും കൊണ്ടല്ല പെണ്ണെന്ന വർഗത്തോടെ വെറുപ്പായിരുന്നു എനിക്ക് (അമ്മ ഒഴികെ )…. ആ ഞാൻ ഒരു പീറപ്പെണ്ണിന്റെ കുളി സീനും നോക്കി നിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ….. ?

അങ്ങനെ വണ്ടി എടുത്ത് ഒരു പത്തു പതിനഞ്ചു മിനിറ്റ് പോയപ്പോൾ ഞാൻ സ്ഥലത്തെത്തി….. കാടിന്റെ നടുക്കായി എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ളൊരു റിസോർട്ട് പോലെ തോന്നി….

ഞാൻ നേരെ ഓഫീസിൽ പോയി പേരും അഡ്രസ്സും കൊടുത്തു എൻറോൾ ചെയ്തു….. അവിടെ ഇരുന്ന പെൺകുട്ടി എന്നെ അതിശയത്തോട് നോക്കി……

“ആദ്യായിട്ട ഒരാൾ സ്വയം നന്നാവണമെന്നു തോന്നി ഇങ്ങോട്ട് ഒറ്റയ്ക്ക് വരുന്നത്…. മിഥുൻ അല്ലെ…..മം കൊള്ളാം…..ഞാൻ ദേവിക… ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു……

“ഞാൻ അതിനു തന്റെ പേര് ചോദിച്ചില്ലല്ലോ….
. “ഞാൻ ഇത്തിരി കലിപ്പിൽ പറഞ്ഞു….

“താൻ ചോദിക്കാത്തൊണ്ട് ഞാൻ തന്നെ പറഞ്ഞു….. അതിലെന്താ ഇത്ര തെറ്റ്… വല്യേ ജാഡക്കാരനാണല്ലേ…. ”

“അല്ല തൃശൂർക്കാരനാ….. നിന്ന് ചൊറിയാതെ കാര്യമെന്താച്ചാ പറയാൻ നോക്ക്…… ”

“ഓ ന്നാ ശരി ഡോക്ടർ വിളിക്കുന്നുണ്ട്…. ആദ്യം മാഡത്തെ പോയി കാണ്…. എന്നിട്ട് മാഡം പറയും കാര്യങ്ങളൊക്കെ….. ദാ ആ റൂമിൽ മാഡം ണ്ട്….. ”

ഞാൻ ഒന്നും മിണ്ടാതെ റൂം ലക്ഷ്യമാക്കി നടന്നു…. “ഒരു താങ്ക്സ് പറഞ്ഞൂടെ മാഷേ….. ?” പിന്നിൽനിന്ന് അവൾ വിളിച്ച് കൂവി…. “താങ്ക്സ് കള്ള പട്ടി #%#&$മോളെ ” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറി…….

നിഴലൻ

(തുടരും )

——————————————–

പേജ് കുറവാണെന്നറിയാം…. വായനക്കാർ ഈ പ്രാവശ്യത്തേക്കു കൂടി ക്ഷമിക്കണം….. അടുത്ത പാർട്ടിൽ പേജ് കൂട്ടുമെന്ന് ഞാൻ വാക്ക് തരുന്നു……….

Comments:

No comments!

Please sign up or log in to post a comment!