വിടപറയുമ്പോൾ
Vidaparayumbol BY Naufal Mohayudin
ജീവിതത്തിൽ ഇനിയെനിക്ക് ദിവസങ്ങളില്ല;
നിമിഷങ്ങൾ മാത്രം ബാക്കി.
ഞാനോർത്തുപോകുന്നു…
നിങ്ങൾ കാണുന്നില്ലേ, വീതികുറഞ്ഞ പാതയ്ക്കപ്പുറം നിറഞ്ഞാടി നിരന്നുനിൽക്കുന്ന ഞാവൽമരങ്ങൾ!
നല്ല കരിമഷിനിറമുള്ള കായകളാണതിൽ.
അതിൽ കാണുന്ന നിറഞ്ഞുകായ്ച്ച ആ തടിയൻ ഞാവൽമരച്ചുവട്ടിലാണ് ആദ്യമായ് സ്റ്റമ്പുകുത്തി പന്തെറിഞ്ഞത്.
ഓർമ്മയിലെ ആദ്യത്തെ വലിയൊരു ആഗ്രഹമായിരുന്നൊരു പന്തും ബാറ്റും സ്വന്തമാക്കൽ.
ഓട്ടമുക്കാലിന് ഗതിയില്ലാത്ത അക്കാലത്ത് അത് നടക്കാതെ പോയി…
ആ തൊടിയിൽ തന്നെ പാതയോരത്തെ പൊട്ടക്കിണറിനോട് ചേർന്ന് പൊന്തക്കാട് പടർന്നുകയറിയിട്ടും പിടികൊടുക്കാതെ വാനംമുട്ടെ വളർന്നു നിൽക്കുന്ന തേന്മാവ് നോക്കൂ… ആ മാവിൻചുവട്ടിലാണ് അവളെ ആദ്യമായ് അടുത്ത് കണ്ടതും, പൊട്ടിവീണ നീലക്കല്ലുമാല കോർത്തു കൈവെള്ളയിൽ വെച്ചു കൊടുത്തതും.
തൊടിയ്ക്കു കുറുകേ കൂറ്റൻ വരമ്പുകാണുന്നില്ലേ.
പണ്ട് തോട്ടത്തിലാകെ വെള്ളം യഥേഷ്ടം ഒഴുക്കിവിടാൻ നിർമ്മിച്ചതാകണം.
അതിനുമുകളിലാണ് അവൾക്കായൊരു നാൾ കാത്തിരുന്നതും, നിന്നോടെനിക്ക് പ്രണയമാണെന്ന വാക്കുകൾ സഹികെട്ട് അവളിൽ നിന്നടർന്നു വീണതും.
അന്നാ പ്രണയം പൂവിട്ടതിനും, പിന്നിടത് കൊഴിഞ്ഞതിനുമിടയിൽ ഒരു മഴക്കാലം പെയ്തൊഴിഞ്ഞിരുന്നു.
അന്നാ വരമ്പത്തിറ്റുവീണ കണ്ണുനീർ ആരും കണ്ടിട്ടുണ്ടാവില്ല…ചിണുങ്ങിപ്പെയ്തൊരു മഴയിലത് അലിഞ്ഞുപോയിരുന്നു.
ആശിച്ചതെല്ലാം നഷ്ടമായവന്റെ വാശിയായിരുന്നു പിന്നീട്.
അന്നുമുതൽ ആശകൾക്ക് പരിധി വെച്ചു തുടങ്ങി.
കൃത്യമായ ലക്ഷ്യത്തോടെ പലതും ആശിച്ചു.
സമ്പത്തും അധികാരവും പടിപടിയായി ആഗ്രഹങ്ങൾക്കൊത്ത് കയറി വന്നു.
ആ പടിയിലൂടെ അഹങ്കാരം നുഴഞ്ഞുകയറി വന്നത് ഇഷ്ടമായില്ലെങ്കിലും കൂടെയെപ്പഴോ സ്ഥാനം പിടിച്ചു.., അതോടെ ആശകൾ പരിധി ലംഘിച്ചും തുടങ്ങി.
കൊട്ടാരം പോലൊരു വീടും അതിലൊരു റാണിയും ഉണ്ടായി.
പിന്നെയും ആഗ്രഹങ്ങൾ നിലച്ചില്ല. അതോടെ കൊട്ടാരവും റാണിയും അപ്രസക്തങ്ങളായി.
മോഹിച്ച മണ്ണും ഒളിഞ്ഞിരുന്ന അവിഹിത മോഹങ്ങളും മറനീക്കി കടന്നു വന്നതോടെ റാണി പടിയിറങ്ങിപ്പോയി.
ആ വേർപാട് വലിയ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്.
അതോടെ പേക്കുത്തുകൾ പരിധികൾ ലംഘിച്ചു.
എന്തിനും ഏതിനും അടിയാളർ ഉണ്ടെന്ന ഹുങ്കിൽ വാഴ്ന്നു കൊണ്ടിരിക്കുമ്പോളാണ് ഇടത്തേ കയ്യിലും കാലിലുമൊരു തരിപ്പും തളർച്ചയും ഉണ്ടായി നിലം പതിച്ചത്.
ചില്ലുചഷകങ്ങൾ ചിലച്ചില്ലപിന്നെ… നേർത്ത സാരംഗശീലുകളൊഴുകിയില്ല, ചിലങ്കയിട്ടൊരു പെണ്ണും നൃത്തമാടിയില്ല; ബാക്കിയായത്, നെടുവീർപ്പുകളുടെ ഒറ്റവരിക്കവിതകളായിരുന്നു.
ദിവസങ്ങൾ അതേ കിടപ്പ് തുടർന്നപ്പോൾ പരിവാരങ്ങളോരോന്നായി കളമൊഴിഞ്ഞു..,
തുണയായി നെടുവീർപ്പുകളും ഇല്ലാതായി.
പുഴുവരിച്ചു തുടങ്ങിയത് കേട്ടറിഞ്ഞ് നേർപാതി മനസ്സില്ലാ-മനസ്സോടെ തിരിച്ചുവന്ന് പരിചരിച്ചു. വർഷങ്ങൾ എത്ര കൊഴിഞ്ഞെന്ന് അറിയില്ല. എന്നിട്ടും അവളുടെ മുഖത്ത് എന്തെങ്കിലും പുച്ഛമോ വെറുപ്പോ പ്രകടമായില്ല.
ലക്ഷ്യങ്ങൾക്കു പുറകേ ഓടിനടക്കുമ്പോൾ ആ സ്നേഹം കാണാനായില്ലെന്ന് ഖേദിക്കുന്നു.
ഇനി ഖേദിച്ചിട്ട് ഫലമില്ലല്ലോ.
അവളോടൊന്ന് മാപ്പ് പറയാൻ നാവിനി ചലിക്കില്ല.
വേദന ശിരസ്സിലേയ്ക്ക് അഗ്നിയായ് പടർന്നു കയറുന്നുണ്ട് കൈകാലുകൾ ഒന്ന് പിടയ്ക്കാൻ ഗതിയില്ലാതെ മരിക്കുവാൻ പോകുന്നു…
മേൽപ്പറഞ്ഞ നിമിഷങ്ങളും ഇനി ബാക്കിയില്ലെന്ന് നാഡിപിടിച്ചു നിൽക്കുന്ന വൈദ്യനേക്കാൾ എനിക്കറിയാം.
ഒരവസരം ഇനിയുണ്ടാകുമെങ്കിൽ… കാലുകൾ ചെറുതായെങ്കിലും ചലിക്കുമായിരുന്നെങ്കിൽ ആ ഞാവൽ മരത്തണലിൽ ഇരുന്നൊരു നിമിഷമെങ്കിലും ജീവിക്കാമായിരുന്നു… ‘മനുഷ്യനായ്’ മണ്ണിലൊരു നിമിഷം ജീവിക്കാമായിരുന്നു.
ഇന്ന് പെയ്യുന്ന ചാറ്റൽമഴ ശ്രദ്ധിച്ചുവോ നിങ്ങൾ! ഇന്നും അന്നേ പോലെ നൂലിഴ കെട്ടാതെ പെയ്തിറങ്ങുന്നു. അന്ന് ഞങ്ങളത് നനഞ്ഞു തിമിർത്തതോർക്കുമ്പോൾ.., ഇനിയാ ബാല്യം ഇല്ലെന്നോർക്കുമ്പോൾ മരണവേദനയേക്കാൾ വലിയൊരു വേദനയാണുള്ളിൽ…
ഓർമ്മത്തുള്ളികൾ ചെവിയരുകിലൂടെ ചേർന്നൊഴുകുന്നത് ശരിക്കും അറിയുന്നുണ്ട്… വേദന സഹിക്കുന്നില്ല, ഞാനെന്റെ നാവൊന്ന് കടിച്ചുപിടിക്കട്ടെ.
കണ്ണുകളിറുക്കാൻ കഴിയുന്നില്ല അതിലൂടെയാണ് ഞാനെന്നെ വിട്ട് പോകുന്നത്. ഞാനെന്നോട് വിട പറയുകയാണ്.
ഒപ്പം, മഴയോടും, കരിമഷിക്കായോടും, കരിമഷിക്കണ്ണുകൾ തുളുമ്പി നിൽക്കും നേർപാതിയോടും…
ഇപ്പോഴും എനിക്ക് കാണാം പ്രിയേ… നിന്റെ നീർമിഴിപ്പൂക്കൾക്കെന്റെ- ചങ്കിലെച്ചോരതൻ നിറമായത്… വൈകിയെങ്കിലും ഞാനറിയുന്നു, എന്റെ ചോരയ്ക്ക് നിന്റെ കണ്ണുനീരെന്നർത്ഥമുണ്ടെന്ന്…
വെട്ടിപ്പിടിച്ച മണ്ണൊട്ടും കൂടെ വന്നില്ല, തെക്കേപ്പുറത്തൊരിത്തിരി മണ്ണെന്നെ തിന്ന് മടുക്കുവാൻ കൊതിപൂണ്ട് നിൽപ്പാണ്.
വെട്ടിയരിഞ്ഞതും വലിച്ചിട്ട് തൊഴിച്ചതും നിന്നെയായിരുന്നെങ്കിലും നന്മയേ, ഒടുവിലൊരുതുള്ളിയില്ലാതെ വറുതിയായ് പോയതെന്റെ ചോരയും, എന്റെ ജീവനുമായിരുന്നു.
Comments:
No comments!
Please sign up or log in to post a comment!