തീരാത്ത സൗഹ്രദം

Theeratha sauhridam bY Gs

പെണ്ണ് കാണൽ ചടങ്ങും കഴിഞ്ഞു ചെറുക്കനും കൂട്ടരും യാത്ര പറഞ്ഞിറങ്ങിയതും വീട്ടുകാരുടെ മുഖത്തു അതുവരെയുണ്ടായിരുന്ന അങ്കലാപ്പെല്ലാം മാറി തെളിച്ചമേറി വന്നു…

”നല്ല ഐശ്വര്യമുള്ള ചെക്കൻ… നമ്മുടെ അമ്മുവിനു എന്തുകൊണ്ടും ചേരും…. അല്ലേ ഏട്ടാ…??”

മൂത്ത അമ്മായി അച്ഛനെ നോക്കി ചോദിക്കുമ്പോൾ മറുപടിയായി അച്ഛനൊന്നു പുഞ്ചിരിച്ചു…

”കണ്ടാലറിയാം… നല്ല തറവാടികളാ… ചെക്കന്റെ കഴുത്തിലു കിടക്കണ മാല ഒരു മൂന്നേമുക്കാൽ പവനെങ്കിലും വരും… അല്ലെ ഏടത്തി??”

ഇളയ അമ്മായി പറയുന്നത് കേട്ട് സംശയത്തോടെ ഞാൻ അമ്മായിയെ മിഴിച്ചു നോക്കി…

ചായ കൊടുത്ത ഞാൻ പോലും അതൊന്നും കണ്ടില്ല… മുറിയുടെ വാതിൽക്കൽ നിന്നും എത്തി നോക്കിയ അമ്മായി ഇതെങ്ങനെ കണ്ടെത്തി….

അല്ലേലും ഈ കാര്യത്തിൽ എല്ലാം നോക്കേണ്ടതു അവരുടെ കടമയാണല്ലോ അല്ലേ…

അച്ഛന്റെയും അമ്മയുടെയും മുഖത്തെ പ്രസന്നത കണ്ടാൽ അറിയാം ഇന്നേക്കു വേണേൽ ഇന്ന് എന്നെ അവരോടൊപ്പം പറഞ്ഞു വിടാൻ പരിപൂർണ്ണ സമ്മതമാണെന്ന്….

അവശേഷിക്കുന്ന ചടങ്ങുകളെ പറ്റി കൂട്ടം കൂടിയിരുന്നു കാര്യമായ ചർച്ച ചെയ്യുമ്പോഴാണ് അനിയത്തി കുട്ടി തനിക്കൊരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു കയറി വന്നത്…

തല മുതിർന്നവർ സംസാരിക്കുന്നതിനിടയിൽ ഇളയവർ സംസാരിക്കാൻ പാടില്ല എന്ന അലിഖിത നിയമം അവിടെ നിലനിൽക്കുന്നുണ്ടായിരുന്നെങ്കിലും, ഒരുപക്ഷേ എന്റെ വിവാഹക്കാര്യമായതുകൊണ്ടാകാം അവളുടെ അഭിപ്രായത്തിനു ഏവരും കാതു കൂർപ്പിച്ചു…

”ചെക്കന് വാട്ട്സാപ്പും ഫേസ്ബുക്കും ഒന്നും തന്നെയില്ല…”

കൊടുമ്പിരികൊണ്ടിരുന്ന ചർച്ച ഒരു നിമിഷം നിശബ്ദമായി… എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി…

”വാട്ട്സാപ്പും ഫേസ്ബുക്കുമില്ലാത്ത ചെക്കനോ… അതും ഇന്നത്തെ കാലത്ത്… അതിലെന്തോ കാര്യമായ പ്രശ്നമുണ്ടല്ലോ…”

തീന്മേശയിൽ തന്റെ സ്മാർട്ട്ഫോണിൽ തോണ്ടിക്കളിച്ചുകൊണ്ടിരുന്ന മുത്തശ്ശി അവളുടെ അഭിപ്രായത്തിനു പിന്തുണയേകിക്കൊണ്ട് തന്റെ ഫേസ്ബുക്കിൽ കയറി സ്റ്റാറ്റസ് കുറിച്ചു…

”ഫീലിംഗ് കൺഫ്യൂസ്ഡ്…”

അതിനെ പിന്താങ്ങിക്കൊണ്ട് മൂത്ത അമ്മായി തന്റെ വാക്കുകൾ തിരുത്തിക്കുറിച്ചു…

”എനിക്കപ്പഴേ തോന്നി ഒരു കള്ള ലക്ഷണം… ഞാൻ പിന്നെ പറയണ്ടാന്നു കരുതി….”

കൂട്ടിനു ഇളയ അമ്മായിയും…

”അതെ… ആ കഴുത്തിൽ കണ്ടതു മുക്കു പണ്ടമാണോ എന്നെനിക്കും ഒരു സംശയമുണ്ടായിരുന്നു….”

ആദ്യത്തെ പെണ്ണുകാണൽ ആയതുകൊണ്ടാണോ അതോ എന്റെ മനസ്സിൽ ആ മുഖം പതിച്ചുപോയതുകൊണ്ടാണോ എന്നറിയില്ല… അവരുടെ വാക്കുകളിൽ എന്നിലൊരു നിരാശ പടർന്നുപിടിച്ചു…

”മീനു… നീ കാര്യമായി പറഞ്ഞതാണോ??”

അനിയത്തിയെ നോക്കി പ്രതീക്ഷയോടെ ഞാൻ ചോദിച്ചു…

പക്ഷേ അവളുടെ മുഖഭാവം കണ്ടാലറിയാം… അതൊരു തമാശയായിരുന്നില്ല….



”അതേ ചേച്ചി.. ഞാൻ ആ ചേട്ടനോട് ചോദിച്ചു…”

ശരിയാണ്… യാത്ര പറഞ്ഞവർ ഇറങ്ങിപോകുമ്പോൾ മീനു പുറകെ ചെന്നു അദ്ദേഹത്തോടെന്തോ സംസാരിക്കുന്നതു കണ്ടിരുന്നു….

മുത്തശ്ശി പറഞ്ഞതുപോലെ ഇന്നത്തെ കാലത്തു ഒരാൾ ഇതൊന്നുമില്ലാതെ… അതും ഒരാണ്… എന്തോ പ്രശ്നമുണ്ടായിരിക്കാം… ഒരുപക്ഷേ മനസികമായിരിക്കുമോ…. ഏയ്… കണ്ടാൽ തോന്നൂല്ല്യ… ചിലപ്പോ പ്രണയ നൈരാശ്യമായിരിക്കാം… ചിലരെ അങ്ങനെ കണ്ടിട്ടുണ്ട്… പക്ഷേ മുഖത്തെ പുഞ്ചിരിയിൽ അങ്ങനെയൊരു വിഷമമുള്ളതേ തോന്നില്ല….

കാടു കയറിയ ചിന്തകളുമായി മുറിയിലിരിക്കുമ്പോഴാണ് മീനു കയറി വന്നത്…

”ചേട്ടൻ തന്ന നമ്പർ വെച്ചു ഒരു വിധം ഞാനെല്ലാം അരിച്ചുപെറുക്കി… ഇല്ല ചേച്ചി… ഒരു രക്ഷേമില്ല.. എന്തോ ഒരു കള്ളത്തരം മണക്കുന്നുണ്ട്…”

അവസാന പ്രതീക്ഷയും കൈവിട്ടപ്പോൾ മനസ്സിലെന്തോ വല്ലാത്തൊരു ഭാരം പോലെ… ആദ്യത്തെ പെണ്ണുകാണൽ… ആഗ്രഹിച്ചതുപോലെയൊരു ചെറുക്കൻ… നല്ലൊരു കുടുംബം…. അതുകൊണ്ടു തന്നെ ഒരു മോഹം എന്നിൽ പൊട്ടിമുളച്ചിരുന്നു… പക്ഷേ എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട് തകർന്നിടിഞ്ഞു വീണിരിക്കുന്നു…

എന്തുതന്നെയായാലും കരണമറിഞ്ഞേ പറ്റൂ…

ഫോണെടുത്ത് ആ നമ്പർ ഡയൽ ചെയ്തു…

”ഹലോ… ഇത് അമ്മുവാണ്… ഇന്നു നിങ്ങൾ പെണ്ണുകാണാൻ….”

വാക്കുകൾ മുഴുവനാക്കും മുൻപേ അവിടെ നിന്നും ഒരു ചെറുചിരി ഞാൻ കേട്ടു…

”ഹാ.. മനസ്സിലായി… അമ്മു… പറയൂ…”

വളരെ മാന്യമായ ആ സംസാരം കേട്ടിട്ടാവണം ചോദിക്കാൻ ആശിച്ചത് പുറത്തുവരാതെ ഞാൻ നിശബ്ദയായി നിന്നത്…

”അത്… അതുപിന്നെ…”

”എനിക്ക് മനസ്സിലായി… ഈ ബന്ധം ഇഷ്ടമായില്ലെന്നു അറിയിക്കാനല്ലേ… അമ്മുവിൻറെ അച്ഛൻ അല്പം മുൻപേ വിളിച്ചിരുന്നു… അദ്ദേഹം പറഞ്ഞു…”

മാന്യത കൈവിടാതെയുള്ള ആ വാക്കുകൾക്ക് മറുപടിയായി ഒന്നു മൂളുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ…

”സത്യത്തിൽ എന്താണ് കാരണം എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു… ആദ്യത്തെ പെണ്ണുകാണൽ ആയിരുന്നേയ്…”

ഒരു ചെറുചിരിയോടെയാണതു പറഞ്ഞതെങ്കിലും ഒരു നൊമ്പരം ആ ശബ്ദത്തിൽ ഉണ്ടായിരുന്നതുപോലെ…

”അത്… വാട്ട്സാപ്പും, ഫേസ്ബുക്കും ഒന്നുമില്ലായെന്നു കേട്ടപ്പോൾ എല്ലാവർക്കും ഒരു സംശയം… ഒരു കള്ളത്തരമില്ലേ എന്നു…”

പറഞ്ഞുതീർന്നതും ഒരു പൊട്ടിച്ചിരിയാണ് അപ്പുറത്തുനിന്നും കേട്ടത്…

”അതായിരുന്നുവോ കാര്യം… ഞാൻ വല്ലാതെ പേടിച്ചുപോയി…”

മറുപടി പറയാതെ ഞാൻ നിശബ്ദമായിരുന്നു…

”അമ്മു തന്റെ ആത്മസുഹൃത്തിനോടു അവസാനമായി സംസാരിച്ചതെന്നാ??”

ചിരി നിർത്തി ഗൗരവം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം ചോദിച്ചു…

”കുറച്ചുമുൻപേ.
. പെണ്ണുകാണാൻ വന്ന കാര്യങ്ങൾ ചോദിച്ച് അവൾ മെസ്സേജ് ചെയ്തിരുന്നു…”

അധികമാലോചിക്കാതെ തന്നെ ഞാൻ മറുപടി പറഞ്ഞു…

”അവസാനമായി ഫോണിൽ സംസാരിച്ചത്??

ആ ചോദ്യത്തിനു മറുപടി നല്കാൻ എനിക്കല്പം ആലോചിക്കേണ്ടി വന്നു…

”രണ്ടാഴ്ച മുൻപായിരുന്നു….”

”അവസാനമായി നിങ്ങൾ തമ്മിൽ കണ്ടത്???”

ഒരുപക്ഷേ അതിനൊരു ഉത്തരം എത്ര ചിന്തിച്ചാലും കിട്ടില്ല…. കാരണം  മാസങ്ങൾ ഒരുപാടായിരുന്നു ഞാൻ അവളെ കണ്ടിട്ട്…

”ഇതുകൊണ്ടാണ് ഈ സോഷ്യൽ മീഡിയകളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറിയത്… വിശാലമായിരുന്ന എന്റെ  സൗഹൃദങ്ങളും ബന്ധങ്ങളും അതിലേക്ക് മാത്രമായി ഒതുങ്ങി കൂടി… സ്ഥിരമായി കണ്ടിരുന്നവരും സ്നേഹം പങ്കുവെച്ചിരുന്നവർപോലും ടെക്നോളജിയുടെ വളർച്ചക്കൊപ്പം ജീവിതം വിരൽത്തുമ്പിൽ മാത്രമാക്കിയപ്പോൾ നഷ്ടമായത് ഒരു കൂട്ടം നല്ല സ്നേഹിതരേയും നല്ല ബന്ധങ്ങളുമായിരുന്നു….

കൂട്ടുകൂടാൻ ഒരുപാട് സൗഹൃദമുണ്ടെന്നു പറയുന്നതിലല്ല… വിളിച്ചാൽ ഓടിയെത്താൻ ഒരു സുഹൃത്തെങ്കിലുമുണ്ടെന്നു പറയുന്നതിലല്ലേ നമ്മൾ അഭിമാനിക്കേണ്ടത്…

അതേ… ഞാൻ ഇന്ന് അങ്ങനെയാണ് ചിലർക്ക്…. ഇപ്പോൾ എനിക്കും അങ്ങനെ ആരൊക്കെയോ ഉണ്ട്… അതിനോളം വരില്ല മറ്റൊന്നും…

പിന്നെ ടെക്നോളജികൾ വളരുന്നത് മനുഷ്യന്റെ ഉയർച്ചക്കു വേണ്ടിയാണ്… പക്ഷേ പലരും അതിനെ മറ്റൊരുതരത്തിൽ കാണുന്നു… തന്നിലേക്ക് മാത്രമായി ഒതുങ്ങി കൂടുന്നു…”

സത്യത്തിൽ ഒരു തിരിച്ചറിവായിരുന്നു ആ വാക്കുകൾ… ഒരേ വീട്ടിലിരിക്കുന്ന ഞാനും മീനുവും തമ്മിൽപോലും  പലപ്പോഴും സംസാരിച്ചിരുന്നത് വളർന്നു പന്തലിച്ച ആ ടെക്നോളജിയിലൂടെയായിരുന്നു…. പക്ഷേ അതിലൂടെ ഞങ്ങൾക്ക് നഷ്ടമായികൊണ്ടിരുന്നത് ഞങ്ങൾ തമ്മിലുള്ള സ്നേഹമാണെന്നു തിരിച്ചറിയാൻ ഇങ്ങനെയൊരു നിമിഷം വേണ്ടി വന്നു…

”വിവാഹകാര്യത്തിലും ഇതിനൊരു കാര്യമായ പങ്കുണ്ടെന്നറിയാൻ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത പെണ്ണുകാണൽ ചടങ്ങിന് മുൻപേ ഞാനും തുടങ്ങുന്നുണ്ട്… ഇവയെല്ലാം…”

ചെറുചിരിയോടെയുള്ള ആ തമാശയിൽ എന്നിലൊരു ദേഷ്യം അരിച്ചു കയറി…

”ഇനിയൊരു പെണ്ണുകാണലും വേണ്ട… ” എന്നുറച്ച സ്വരത്തോടെ പറഞ്ഞുകൊണ്ട് ഫോൺ കട്ടാക്കുമ്പോൾ മനസ്സിൽ ഞാൻ മാറ്റികുറിച്ചിരുന്നു എന്റെ സ്റ്റാറ്റസ്…

”ഗോട്ട് എൻഗേജ്‌ഡ്‌….”

Comments:

No comments!

Please sign up or log in to post a comment!