ഫസ്റ്റ് നൈറ്റ്
Frist Night bY അഞ്ജലി മേരി
ഇന്ന് എന്റെ നാലാമത്തെ പെണ്ണ് കാണൽ ചടങ്ങ് നടക്കുവാണ്. എന്നുപറഞ്ഞാൽ എന്റെ നാലാമത്തെ ചെറുക്കൻ കാണൽ. നേരത്തെ മൂന്ന് എണ്ണം കഴിഞ്ഞു. മൂന്നും നടന്നില്ല. എന്തരോ എന്തോ. പൊക്കിപ്പറയുവല്ല അത്യാവശ്യം സൌന്ദര്യം ഉള്ള കൂട്ടത്തിലാ ഞാൻ ഇത്തിരി കൂടുതൽ ഉണ്ടോ എന്നും സംശയമുണ്ട്.
എന്തായാലും ഒന്ന് ഒരുങ്ങി നിന്നേക്കാം. ഞാൻ അലീന. ഡിഗ്രി കഴിഞ്ഞു ചുമ്മാ വീട്ടിൽ നില്ക്കുന്നു. അത്യാവശ്യം ടെസ്റ്സ് ഒക്കെ എഴുതാറുണ്ട് ജോലിക്കുവേണ്ടി. പിജി ക്ക് പോവാൻ ഞാൻ വല്യ ഇന്റെരെസ്റ് ഒന്നും കാണിച്ചില്ല. വേറൊന്നും ആയിട്ടല്ല ഡിഗ്രി കഴിയാണതിനു മുൻപ് തന്നെ ക്ലാസ്സ്‌മെറ്റിസിന്റെ പലരുടെയും കല്യാണം കൂടി പണ്ടാരടങ്ങി. എന്നാ നമുക്കും ഒന്നായിക്കളയാം ന്ന് തോന്നി. കെട്ടിച്ചു വിടുവാണേൽ വിടട്ടെ എന്ന് കരുതി. എന്നെ കെട്ടിച്ചു വിട്ടോ എന്ന് അങ്ങിനെ പറയാതെ പറഞ്ഞു വീട്ടിൽ ഞാൻ നിൽക്കുമ്പോഴാണ് ഈ മൂന്നു പെണ്ണ് കാണലും നടന്നത്.
എന്തായാലും സൺഡേ ആയിട്ട് രാവിലെ പള്ളിയിൽ പോയി വന്നു അത്യാവശ്യം നല്ലപോലെ ഒരുങ്ങി നിന്നു. ഒരു പത്ത് പത്തരയോട് കൂടി ചെറുക്കനും കൂട്ടരും എത്തി. ഒരു എത്തിനോക്കൽ ഒരു ശീലം ആയിപ്പോയി. എത്തിനോക്കി.മുകളിൽ നിന്നു നോക്കിയത് കൊണ്ട് ശെരിക്കും മുഖം ഒന്നും കാണാൻ കഴിഞ്ഞില. കുറച്ചു കഴിഞ്ഞപ്പോൾ അമ്മച്ചിയുടെ നീട്ടിയുള്ള വിളിവന്നു. കേള്ക്കാൻ നിന്നത് പോലെ ചായയും കയ്യിലെടുത്തു നേരെ ഹാളിലേക്ക് വച്ചു പിടിച്ചു. മൂന്നു നാലു പേരുണ്ട്.
“ഇങ്ങോട്ട് കൊടുക്ക് മോളെ “അപ്പച്ചൻ പറഞ്ഞയിടത്തേക്ക് പാളി നോക്കി. വടിപോലെ പശമുക്കി തേച്ച വൈറ്റ് ഷർട്ടും മുണ്ടും വേഷം. കട്ടിമീശ, ഇരുണ്ട നിറമാണ്. എന്നാലും ഒരു ചന്തം ഒക്കെയുണ്ട്. ടൌണിൽ ബിസിനസ് ആണ് പുള്ളിക്ക് ഒരു റെഡിമേഡ് ഷോപ്. വീട് എന്റെ വീട്ടിൽ നിന്നും കുറച്ചകലെ ഒരു പന്ത്രണ്ടു കിലോമീറ്റർ വരും..പുള്ളി എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചിരിച്ചു. ചായ കൊടുത്തിട്ട് ഞാൻ അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മച്ചി വിളിച്ചു.
“ചെല്ല് അവനു സംസാരിക്കണം ന്ന്
അവിടെ വരാന്തയിൽ ഉണ്ട് ”
ഞാൻ പതിയെ അങ്ങോട്ട് ചെന്നു
.” ഞാൻ ജെയിംസ് അലീനക്ക് ഇഷ്ടമായോ ”
ഒരു പുഞ്ചിരി പാസാക്കി ഞാൻ. ചാടിക്കേറി ഇഷ്ടമാ എന്നൊക്കെ പറയാൻ പറ്റുമോ ?പിന്നെ കണ്ടിട്ട് അധികം സംസാരിക്കുന്ന ആള് അല്ലെന്നു തോന്നി
.” ബാക്കിയെല്ലാം വീട്ടുകാർ പറഞ്ഞിരിക്കുമല്ലോ ഇല്ലേ ?”
അടുത്ത ചോദ്യം ഞാൻ തലയാട്ടി. പിന്നെയും മൗനം..
“എന്നാൽ ശെരി “
പുള്ളി പോയിക്കഴിഞ്ഞു.
പിന്നെ
എല്ലാം പെട്ടെന്നായിരുന്നു.
വീട്ടുകാർക്കും ജെയിംസിനെക്കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു. അധ്വാനശീലൻ, ദൈവഭക്തിയുള്ളവൻ, അതൊക്കെ ശെരിയാണെന്ന് പതുക്കെ എനിക്കും ബോധ്യപ്പെട്ടു. മനസ്സമ്മതം കഴിഞ്ഞതോടെ പിന്നെ എന്നും ഫോൺ വിളിയായി… പ്രണയം പൂത്തുലയുകയായി.
അങ്ങിനെ കല്യാണം കഴിഞ്ഞു. എന്റെ സ്വപ്നം പോലെ എന്റെ ഫ്രണ്ട്സും എല്ലാരും പങ്കെടുത്ത ആഘോഷമായ കല്യാണം.വൈകുന്നേരമായി, രാത്രിയായി.. ഞാൻ മണിയറയിലെത്തി. കുറച്ചുകഴിഞ്ഞപ്പോൾ ഇച്ചായനും എത്തി. ഇച്ചായൻ വിളിയൊക്കെ ഞാൻ പണ്ടേ തുടങ്ങിയിരുന്നു. ഞാൻ ആരാ മോള്. പതിയെ ഞങ്ങൾ കിടക്കയിലിരുന്നു.
“ലിനു” ഇച്ചായൻ വിളിച്ചു
എന്നെ വീട്ടിൽ എല്ലാരും ലിനു എന്നാണ് വിളിക്കുക
മ്മ്മം.. ഞാൻ മൂളി.
ഒരു ഇത്തിരി പേടി ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ആദ്യമായിട്ടാണെ ഒരു കല്യാണം കഴിക്കുന്നേ, അതിന്റെ ഒരു ഇത്.
“നീ എന്നെ ഇതിനുമുൻപ് എവിടെയേലും വച്ചു കണ്ടിട്ടുണ്ടോ ”
എനിക്ക് ആ ചോദ്യം വിചിത്രമായി തോന്നി. ഇത്രനാളും ഫോണിൽ സംസാരിക്കുകയും നേരിട്ട് കാണുകയും ചെയ്തിട്ട് ഒരിക്കൽ പോലും ചോദിക്കാത്ത ചോദ്യം.
“ഇതെന്താ ഇച്ചായ ഇപ്പൊ ഇങ്ങിനെ ഒരു ചോദ്യം ”
ഞാൻ ചോദിച്ചു
“നീ പറയു ”
ഞാൻ പറഞ്ഞു “ഇല്ല ”
“ഇല്ലേ ?”
“ഇല്ല “ഞാൻ വീണ്ടും.
എനിക്ക് ഒരു ചെറിയ പേടി കയറിതുടങ്ങി. കർത്താവെ, ഇങ്ങേരു എന്നാ ഉദ്ദേശിച്ചാ… ഇനി ഞാൻ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞോ എന്നറിയുന്നതിന് മുൻപ് നമുക്ക് ഒരിത്തിരി ഫ്ലാഷ്ബാക്കിലേക്ക് പോവാം
എന്റെ ഡിഗ്രി പഠനകാലം. അത്യാവശ്യം വികൃതിത്തരങ്ങളും ഒക്കെയായി നടക്കുന്ന കാലം. പ്രണയം ഒന്നും ഉണ്ടായില്ല എന്ന് ഞാൻ പറയുന്നില്ല. ഇങ്ങോട്ട് ഒരുപാട് പ്രണയാഭ്യർഥനകൾ വന്നിട്ടുണ്ട്. നമ്മുടെ വീട്ടുകാരെക്കുറിച്ച് നല്ലവണ്ണം അറിയാവുന്നതുകൊണ്ടും അപ്പച്ചനും എന്റെ ചേട്ടനും ഒരു മൂരാച്ചി സ്വഭാവക്കാരായാത് കൊണ്ടും ഞാൻ അങ്ങ് പുറകോട്ടു നിന്നെന്നെ ഉള്ളൂ. അല്ലാതെ പ്രേമിക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഫൈനൽ ഇയർ ലാസ്റ്റ് ക്ലാസ്സ് തീരുന്ന ദിവസം. ഉച്ചവരെ ഉണ്ടായിരുന്നുള്ളൂ ക്ലാസ്സ്. പിറ്റേന്ന് സ്റ്റഡി ലീവ് തുടങ്ങുകയാണ്. ഒന്നരമാസം കഴിഞ്ഞാണ് പരീക്ഷ.
എന്റെ അമ്മച്ചിയുടെ വീട് വയനാട്ടിൽ ആണ് അവിടെ അമ്മച്ചിയുടെ ആങ്ങളയുടെ മോളുടെ കല്യാണം ആണ് വരുന്ന ആഴ്ച. സ്റ്റഡി ലീവ് ആയതുകൊണ്ടും വായിനോക്കാൻ കിട്ടുന്ന അവസരം പാഴാക്കേണ്ട എന്നോർത്തും ഞാനും പോവാൻ തീരുമാനിച്ചു.
ഞാനും അമ്മച്ചിയും മാത്രമേ പോവുന്നുള്ളൂ. നമുക്ക് കഥയിലേക്ക് വരാം. ക്ലാസ്സ് കഴിഞ്ഞു നട്ടുച്ചക്ക് ഞാനും എന്റെ കൂട്ടുകാരി ആൻസിയും കൂടെ ബസ്‌സ്റ്റാൻഡിലോട്ട് നടക്കുകയാണ്.
കോളേജിൽ നിന്നും ഒരു അര കിലോമീറ്റർ ദൂരം ഉണ്ട് സ്റ്റാൻഡിലേക്ക്.
പെട്ടന്ന് ഒരു ഓട്ടോറിക്ഷ ഞങ്ങൾ നടക്കുന്നതിനു ചേർന്ന് പതിയെ നിരക്കി കൊണ്ട് വരുന്നു ഒരുത്തൻ. കണ്ടാൽ അത്ര പ്രായം ഒന്നും തോന്നില്ല. ഒരു ചെറിയ ചെക്കൻ. ഒരു പതിനെട്ടു വയസ് കാണും..ആൻസി പറഞ്ഞു.
“ഇവൻ നമുക്ക് പണിയുണ്ടാക്കും. “അപ്പോഴാണ് അവന്റെ വിളി
” ചേച്ചി ”
എന്നെ നോക്കിയാണ്. എനിക്ക് ദേഷ്യം ഇരട്ടിച്ചു” ങ്ങേ ചേച്ചീന്നോ ” ഇവനെന്താ കണ്ണ് കാണില്ലേ ?
ഞാൻ രൂക്ഷമായഒന്ന് നോക്കി.
“ദേഷ്യപ്പെടല്ലേ ചേച്ചി വണ്ടിയിൽ കയറാമോ ഒരു കാര്യം പറയാനാ ”
ദേ വീണ്ടും…
പിന്നെ ഒന്നും ആലോചിച്ചില്ല. കണ്ണും പൂട്ടി നല്ലത് രണ്ടു പറഞ്ഞു. എന്നിട്ട് മുൻപോട്ട് നടന്നു.
“ചേച്ചി ”
അവനു കിട്ടിയത് മനസ്സിലായ ലക്ഷണമില്ല. വീണ്ടും തിരിയുമ്പോഴേക്കും ആൻസി വിളിച്ചു.” ഡീ ”
“എടി ഇവൻ എന്നാണേലും മണത്തു പുറകെ വരുവ.. പൊരിഞ്ഞ വെയിലും.. ഞാൻ നടന്നു മടുത്തു നമുക്ക് ഇവന്റെ വണ്ടിയിൽ കയറി സ്റ്റാൻഡിൽ ഇറങ്ങാം”.
വായില് വന്നത് നല്ല സരസ്വതിയാണ്. അത് ഞാൻ അങ്ങോട്ട് വിഴുങ്ങി. മുൻപോട്ട് നടന്നു വീണ്ടും
“ചേച്ചി തെറ്റിദ്ധരിക്കരുത് ഞാൻ ഒരു കാര്യം…
മുഴുമിപ്പിക്കുന്നതിനു മുൻപ് ഞാൻ നിന്നു. സകല നിയന്ത്രണം വിട്ടു. തിരിഞ്ഞു. പെട്ടെന്ന് മനസ്സിൽ ആൻസി പറഞ്ഞതും ശെരിയാ എന്ന് തോന്നി.
“നീ വാടി ”
ഞങ്ങൾ ഓട്ടോയിൽ കയറി
“സ്റ്റാൻഡിൽ വിടു “ഞാൻ പറഞ്ഞു.
ഹാവൂ ചേച്ചി കയറിയല്ലോ.”
തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി ഇരുന്നു.
“ചേച്ചി ചേച്ചിനെ ഒരാൾക്ക് ഇഷ്ടാണ്അത് നേരിട്ട് പറയാൻ പുള്ളിക്ക് ഒരു മടി. അതിനാ എന്നെ പറഞ്ഞു വിട്ടെ. കുറെ ദിവസമായി ഞാൻ ചേച്ചിയെ സൗകര്യതിനു ഒന്ന് കിട്ടാൻ നോക്കുന്നു. ”
“ഓഹോ അതാരാണാവോ ആ മഹാൻ ?”
“ചേച്ചി നല്ല ആളാ, ചേച്ചിക്ക് ഇഷ്ടാണേൽ നാളെ പുള്ളി നേരിട്ട് വന്നു കാണും. അല്ലാതെ ചമ്മലാ… പിന്നെ ഞാൻ ചേച്ചി എന്ന് വിളിക്കുന്നത് ബഹുമാനം കൊണ്ടാണ്. കാരണം ഈ ഓട്ടോയും ഒക്കെ പുള്ളിടെയാ.. എനിക്ക് ഒരു പണി ഉണ്ടാക്കി തന്നതും പുള്ളിയ. അപ്പൊ ഞാൻ ബഹുമാനിക്കണ്ടേ.. “
താൻ കുറെ നേരമായല്ലോ പുള്ളി പുള്ളീന്നു പറയാൻ തുടങ്ങീട്ടു….ഞാൻ കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപ് ആൻസി നുള്ളി. ഞാൻ തലപുകഞ്ഞു ആലോചിച്ചു. ഇവനിട്ട് എന്ത് പണി കൊടുക്കണം ?യുറേക്കാ ! കിട്ടിപ്പോയി..
ഞാൻ പെട്ടെന്ന് പറഞ്ഞു.
“ശെരി കാണാം ”
“നിനകെന്താടി വട്ടായോ “ആൻസി മുരണ്ടു.
“നീ മിണ്ടാതിരിയെടി “ഞാൻ അവളോട് പതിയെ പറഞ്ഞു.
ങ്ങേ ?വരാമോ അവന്റെ കണ്ണിൽ അത്ഭുതം.
“ആ വരാന്നു…. ”
പക്ഷേ മറ്റന്നാൾ വരാം നാളെ പറ്റില്ല.
ഞാൻ പറഞ്ഞു
എടി നീ…പിന്നെയും ആൻസി..
ഞാൻ നുള്ളി. അവൾക്കു കാര്യം പിടികിട്ടി എന്ന് തോന്നുന്നു. എന്റെയല്ലേ കൂട്ടുകാരി.
“എപ്പോ വരും ”
“മറ്റന്നാൾ പതിനൊന്നു മണിക്ക് വരാം ”
“ഉറപ്പാണോ ”
“ഉറപ്പ് ”
“എവിടെ വരും ?”
“ഇവിടെ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ.. ”
അപ്പോഴേക്കും സ്റ്റാൻഡിൽ എത്തിയിരുന്നു. ഞാൻ പൈസ എടുത്തു കൊടുത്തു. അവൻ വാങ്ങിയില്ല. ഞാൻ ഇതു ഓടിപ്പോയി ചേട്ടനോട് പറയട്ടെ എന്ന് പറഞ്ഞു അവൻ ഓട്ടോ തിരിച്ചു പോയി. ആൻസി പറഞ്ഞു
“എനിക്ക് മനസ്സിലായെടി പോസ്റ്റ് ആക്കാനുള്ള പരിപാടിയാണില്ലേ… എനിക്ക് അറിയാം നീ മറ്റന്നാൾ വെളുപ്പിന് വയനാടിന് പോവാണെന്ന്… ”
ഞാൻ ചിരിച്ചു..
“അതെടി.. ഞാൻ ഒരു മാസം കഴിഞ്ഞേ വരൂ ഇവന്മാർ വന്നു പോസ്റ്റിൽ പിടിച്ചു നിൽകട്ടെ കുറെ നേരം… ”
ഞങ്ങൾ രണ്ടുപേരും ചിരിച്ചു.
പിറ്റേന്ന് ഞാൻ തനിയെ ടൗണിനു ഇറങ്ങി. തയ്ക്കാൻ കൊടുത്തത് മേടിക്കുകയായിരുന്നു ലക്‌ഷ്യം. പിറ്റേന്ന് വയനാടിന് പോവല്ലേ ടൈലറിങ് ഷോപ് ലക്ഷ്യമാക്കി നടക്കുമ്പോൾ ഒരു ഓട്ടോ ഫോളോ ചെയ്യുന്ന പോലെ തോന്നി. തിരിഞ്ഞു നോക്കി ഉള്ളൊന്നു കാളി. ഇന്നലത്തെ അതേ ഓട്ടോ. പുറകിൽ ഒരാൾ കൂടിയുണ്ട്.
ദൈവമേ ! ഇന്നലെ ആൻസി ഉണ്ടായിരുന്നു ആ ധൈര്യത്തിന് പറഞ്ഞും പോയി കർത്താവേ രക്ഷിക്കണേ..നടത്തത്തിനു അറിയാതെ സ്പീഡ് കൂടി. പെട്ടന്ന് ഓട്ടോ എന്റെ മുൻപിൽ ബ്രേക്കിട്ടു നിന്നു.
ചേച്ചി ഇതാ ഞാൻ പറഞ്ഞ ആള്
എനിക്ക് പെട്ടന്ന് എന്ത് ചെയ്യണം എന്ന് അറിയാതെയായി. എനിക്ക് ദേഷ്യം വന്നു ഞാൻ അവനോടു പറഞ്ഞു
“നീ എന്താ വിചാരിച്ചേ ഞാൻ ആരാണെന്ന വിചാരം എനിക്ക് ചോദിക്കാനും പറയാനും ആളുള്ളതാ,അവൻ വന്നേക്കുന്നു ഒരു കരിങ്കോന്തനെയും കൊണ്ട്.. ”
.ഞാൻ പറഞ്ഞിട്ട് ഒന്ന് നോക്കിയിട്ട് മുൻപോട്ട് നടക്കാനൊരുങ്ങി.സ്തബ്ധരായി ഓട്ടോയിൽ തന്നെ ഇരിക്കുകയാണ് രണ്ടുപേരും. എന്റെ ഈ പെർഫോമൻസ് അവർ പ്രതീക്ഷിച്ചു കാണില്ല. പെട്ടെന്ന് ഉള്ളിലെ വികൃതി ഉണർന്നു. ഒരു പണി കൊടുക്കാം ഞാൻ നിന്നു
“അതേയ്, പെട്ടെന്ന് ദേഷ്യം വന്നപ്പോൾ എന്തോ പറഞ്ഞുപോയി. ഇന്നലെ ഞാൻ പറഞ്ഞരുന്നല്ലോ ല്ലേ അങ്ങിനെ..പക്ഷെ ഇപ്പൊ ഞാൻ കുറച്ചു തിരക്കിലഎനിക്ക് സംസാരിക്കാൻ സമയമില്ല. വേഗം വീട്ടിൽ എത്തണം അല്ലെങ്കിൽ വഴക്ക് പറയും. നാളെ എന്തായാലും കാണാം പതിനൊന്നുമണി മറക്കണ്ട ഓക്കേ ?”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. ഞാൻ ഒളികണ്ണിട്ട് നോക്കി. പുറകിൽ ഇരിക്കുന്നയാളുടെ മുഖം പൂനിലാവുദിച്ചപോലെ. അയ്യട !കണ്ടാലും മതി.
“പിന്നെ പതിനൊന്ന് എന്നുള്ളത് ഒരു ഒരുമണി വരെ എങ്കിലും നോക്കണം ക്ലാസ്സ് ഇല്ല വീട്ടിൽ നിന്നു എന്തെങ്കിലും പറഞ്ഞു പോരണ്ടേ ചിലപ്പോൾ ലേറ്റ് ആവും” ഞാൻ കൂട്ടിച്ചേർത്തു.
“ശെരി ചേച്ചി “ഓട്ടോക്കാരൻ തലയാട്ടി.
ഹും !അവന്റെ ഒരു ചേച്ചി വിളി ശെരിയാക്കി കൊടുക്കാം പുറകിൽ ഇരിക്കുന്ന ആൾക്ക് മിണ്ടാട്ടമില്ല. ഊമയാണെന്നു തോന്നുന്നു ഞാൻ ഒരു പണി കൊടുത്ത സുഖത്തോടെ മുന്നോട്ടു നടന്നു. പിറ്റേന്ന് കാലത്ത് ഞാനും അമ്മച്ചിയും വയനാടിന് പോയി. എക്സാം തുടങ്ങാറായപ്പോഴാണ് തിരികെ വന്നത്. ഞാൻ ആ സംഭവമൊക്കെ അപ്പോഴേക്കും മറന്നിട്ടുണ്ടായിരുന്നു.
“ലിനു പറയെടി എന്നെ കണ്ടിടുണ്ടോ ?” ഇച്ചായൻ പിന്നെയും ചോദിക്കുന്നു.
“ഇല്ലെന്നേ കണ്ടതായി ഓർക്കുന്നില്ല ”
“ഒരു വർഷം മുൻപ് കോളേജ് റോഡിൽ നിന്റെ പുറകെ ആരേലും ഓട്ടോയിൽ വന്നിരുന്നോ ?”
ഞാൻ ഒന്ന് ഞെട്ടി. ങ്ങേ !ഇതൊക്കെ ഇങ്ങേരു എങ്ങിനറിഞ്ഞു ? എന്തായാലും ഞാനും വിട്ടു കൊടുത്തില്ല.
“ഇച്ചായാ, ശെരിയാ അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഒരുത്തൻ എന്നെ ഒരാൾക്ക് ഇഷ്ടാണെന്ന് പറഞ്ഞു. അയാൾ ആണെങ്കിലോ ഒരു കരിങ്കോന്തൻ എനിക്ക് ഒട്ടും ഇഷ്ടായില്ല.” ഞാൻ പറഞ്ഞു.
ബാക്കി പണി കൊടുത്ത കാര്യം ഒന്നും പറഞ്ഞില്ല.
ഇച്ചായൻ ഒന്ന് മൂളി. എന്നിട്ട് മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ എന്നോട് പറഞ്ഞു.
“അത് ഞാനായിരുന്നു… ”
ഞാൻ ശശിയും സോമനും ഒന്നിച്ചായി. ലൈഫിൽ ഇതുപോലൊരു ചമ്മൽ അതും ആദ്യരാത്രിയിൽ………… ചിരിക്കണോ വേണ്ടയോ എന്നറിയാതെ ഞാൻ ഉഴറി. അത്ര ദയനീയമായിരുന്നു എന്റെ അപ്പോഴത്തെ അവസ്ഥ. എന്റെ മുഖം കണ്ട് ഇച്ചായൻ പൊട്ടിപൊട്ടി ചിരിച്ചു.
“നിന്റെ ഈ ചമ്മൽ ഇത്ര അടുത്തു കാണാനാ ഞാൻ ഇത് മറച്ചു വച്ചത്….. പിന്നെ ചെറിയ പേടിയും ഉണ്ടായിരുന്നു. പണ്ട് പുറകെ വന്ന ആളാണെന്ന് കരുതി നീ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി.. ”
ഇച്ചായന്റെ ചിരി കണ്ട് എനിക്കും ചിരി പൊട്ടി. ചിരിയുടെ ശബ്ദം വെളിയിൽ കേൾക്കാതെ ഇച്ചായൻ എന്റെ വാ പോത്തി. അങ്ങിനെ ജീവിതത്തിൽ എന്നെന്നും ഓർത്തു വയ്ക്കാൻ പറ്റിയ ഒരനുഭവുമായി എന്റെയും ഇച്ചായന്റെയും ജീവിതം അവിടെ തുടങ്ങുകയായി.
വാൽക്കഷണം : അന്ന് ഇച്ചായൻ ഞാൻ ചെല്ലുമെന്നു പറഞ്ഞ ദിവസം കുളിച്ചു കുട്ടപ്പനായി പതിനൊന്നു തൊട്ട് ഒരു മണി വരെ എന്നെ കാത്തു പോസ്റ്റായി എന്ന് പിന്നീടറിഞ്ഞു. എന്താലെ….
ഗുണപാഠം : ആർകെങ്കിലും പണി പ്ലാൻ ചെയ്യുമ്പോൾ ഇതുപോലെ ചമ്മേണ്ടി വരും അല്ലെങ്കിൽ തിരിച്ചു കിട്ടും എന്ന് ഓർത്തിട്ടു ചെയ്യുക. പിന്നെ ഇത് ഒരു സംഭവകഥയാണ്. എന്റെ ഒരു സുഹൃത്തിനു സംഭവിച്ചത്. നന്ദി ആ സുഹൃത്തിനു ഈ കഥ എഴുതാൻ പ്രേരണ ആയതിനു…..
അഞ്ജലി മേരി
admin
Jan. 31, 2023
1468 views
Comments:
No comments!
Please sign up or log in to post a comment!