അജ്ഞാതന്‍റെ കത്ത് 4

അവിടെത്തും വരെ അതാരാവും എന്ന ചിന്ത മനസിനെ മഥിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ അവിടെ എത്തിയപ്പോൾ വെയിലിനും ശക്തി കൂടിയിരുന്നു. എന്നെ കണ്ടതും അരവി അടുത്തേക്ക് വന്നു.

“വേദ ആത്മസംയമനം വിടരുത്. പിടിച്ചു നിൽക്കണം”

ഇവനെന്തിനാ എന്നോടിങ്ങനെ പറയുന്നതെന്ന് ചിന്തിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഒരു പോലീസുകാരാൻ എതിരെ വന്നു തടഞ്ഞു.

” അങ്ങോട്ട് പോവരുത് ”

“സർ, ഇതാണ് വേദപരമേശ്വർ .ഇവരാണ് ബോഡി ഐഡന്റിഫൈ ചെയ്യേണ്ടത്. ”

അരവി ഇടയ്ക്ക് കയറി പറഞ്ഞു. പോലീസുകാരൻ എന്നെ അടിമുടി നോക്കി.ഒന്നേ നോക്കിയുളളൂ ഞാനാ മുഖത്തേക്ക്. ദേഹം തളരുന്നു, കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ…… കൺമുന്നിലെ കാഴ്ച്ച അകലുന്നതാണോ മായുന്നതാണോ വ്യക്തമാവുന്നില്ല. വലതു കൈയിൽ മയിൽപീലിയുടെ പച്ചകുത്തിയത് പല തവണ കണ്ടതാണ് വെച്ചു വിളമ്പി കൈ. അരവിയെ നോക്കി ഞാൻ

“സുനിത….. ”

ബാക്കി പറയാനാവാതെ ഞാൻ വിതുമ്പിപ്പോയി.അരവി ആശ്രയമെന്നോണം ചേർത്തു നിർത്തി. FIR തയ്യാറാക്കുന്ന പോലീസുകാരനോട് എന്നെ കൂട്ടി വന്ന പോലീസുകാരൻ എന്തോ പറഞ്ഞു. തിരികെ വന്നയാൾ പറഞ്ഞു.

“SI സാർ വിളിക്കുന്നു”

ഞാനും അരവിയും എസ് ഐ യുടെ അടുത്തേക്ക് ചെന്നു.

45 വയസകാരനായ സതീന്ദ്രൻ നായരെന്ന SI എന്നെ അടിമുടി നോക്കി.

” ഈ മരിച്ചു കിടക്കുന്ന സ്ത്രീയെ നിങ്ങൾക്കെങ്ങനെ അറിയാം”

കണ്ണുകൾ നിറയുന്നുണ്ടോ?

“ഇവരെന്റെ വീട്ടിലെ ജോലിക്കാരിയാണ്”

“എത്ര വർഷമായി നിങ്ങൾക്കിവരെ അറിയാം”

“അഞ്ചു വർഷമായി അവരെന്റെ വീട്ടിലുണ്ട്”

“ഉം”

എസ് ഐ എന്നെ നോക്കി അമർത്തി മൂളി.

“ഇവരെ എപ്പോൾ മുതലാ കാണാതായത്.?”

“ഇന്നു രാവിലെയാ.”

പറയുമ്പോൾ സ്വരമിടറിയിരുന്നു.

“എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല.?”

” ഇടയ്ക്ക് രാവിലെ അമ്പലത്തിൽ തൊഴാൻ പോവാറുണ്ട്.ഇതും അങ്ങനെയായിരിക്കുമെന്നോർത്താണ് ഞാനിറങ്ങിയത്.”

“എന്താണ് ജോലി?”

” ഞാൻ വിഷൻമീഡിയാ ചാനലിൽ വർക്ക് ചെയ്യുന്നു.”

എല്ലാം അവർ എഴുതിയെടുക്കുന്നുണ്ടായിരുന്നു.

“ഈ സ്ത്രീയ്ക്ക് ബന്ധുക്കളാരാ ഉള്ളത്? ”

അകന്ന ബന്ധത്തിൽ ഒരു ചേട്ടത്തിയുണ്ട്, അവർ ഭർത്താവുമൊന്നിച്ച് കളമശ്ശേരിയിലാണ് താമസം. ”

എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു. ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയപ്പോഴും ഞാനവിടെ തന്നെ നിൽക്കുകയായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ എസ് ഐ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

സ്റ്റേഷന്റെ മുൻപിൽ സുനിതയുടെ അകന്ന ബന്ധുവും ഭർത്താവും ഉണ്ടായിരുന്നു. എതിരെയുള്ള സീറ്റെനിക്ക് ഇരിക്കാൻ ചൂണ്ടിക്കാണിച്ചതിന് ശേഷം സതീന്ദ്രൻ എസ്ഐ തുടങ്ങി.

” കഴുത്തിൽ മാരകമായ ആയുധം കൊണ്ടുണ്ടായ മുറിവാണ് മരണകാരണമെന്ന് തോന്നുന്നു. പ്രഥമദൃഷ്ട്യാ ഇതൊരു കൊലപാതകമാണെന്നു തോന്നിയതിനാലാണ് ഇപ്പോൾ മിസ് വേദയെ വിളിപ്പിച്ചത്. അവർക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ?”

” എന്റെറിവിൽ ശത്രുക്കളാരുമില്ല സർ,”

” അവരുടെ ഭർത്താവ്?”

പേപ്പർ വെയ്റ്റിൽ മുറുക്കി പിടിച്ചു കൊണ്ടാണയാൾ ചോദിച്ചത്.

” കുറേ വർഷങ്ങൾക്കു മുന്നേ മരിച്ചു പോയതായിട്ടാണറിവ്. ”

“കുറച്ചു പ്രശ്നമാണല്ലോ വേദ. കഴിഞ്ഞ മാസം 17 ന് ഫോർട്ട് കൊച്ചിയിൽ കാഴ്ചയിൽ ഇതേ രീതിയിൽ ഒരു സ്ത്രീ മരിക്കുകയുണ്ടായി. ഒരു സൈനബ, അവരും ഭർത്താവ് മരിച്ച ഒരു സ്ത്രീയാണ്. പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. ഇതിപ്പോ രണ്ടാമത്തെ കേസാണ്, രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണം.”

” ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്യാം സർ.”

ഞാൻ അങ്ങോട്ട് കയറി പറഞ്ഞു.

” ഇടയ്ക്ക് ഞാൻ വിളിക്കുമ്പോൾ വരേണ്ടി വരും ഇതുപോലെ ”

” വരാം”

” എങ്കിൽ ശരി വേദ പോയ്ക്കോളൂ. ബോഡി ഇന്ന് കിട്ടാൻ സാദ്ധ്യത കുറവാണ് ,ഡോക്ടർ ലീവിലാണ്. പോസ്റ്റ്മോർട്ടം നാളെ രാവിലെയെ നടക്കൂ..”

പുറത്തിറങ്ങിയപ്പോൾ സുനിതയുടെ ചേട്ടത്തി കരഞ്ഞുകൊണ്ട് ഓടി വന്നു.

“സാറേ എന്റെ ഭർത്താവൊരു പാവമാണ് ഉപദ്രവിക്കരുത്. ഒന്നര മണിക്കൂറായി അതിനകത്തേക്ക് കൊണ്ട് പോയിട്ട്. അങ്ങേരവളെ സ്വന്തം അനിയത്തിയായിട്ടാ കണ്ടത്. കള്ളുകുടിച്ചെന്നെ തല്ലുമെന്നല്ലാതെ ഒരുറുമ്പിനെ പോലും കൊല്ലാനുള്ള ധൈര്യമില്ലാത്തവനാ ”

” എന്നിട്ടവരെവിടെ?”

അവർ സ്റ്റേഷനകത്തേക്ക് വിരൽ ചൂണ്ടി.”

പോക്കറ്റിലെ ഫോൺ വൈബ്രേറ്റ് ചെയ്തു. ഡിസ്പ്ലേയിൽ അരവിന്ദ് കാളിംഗ് എന്നു കണ്ടു.

“ഹലോ ”

“ഹലോ വേദ, നീയെവിടാ?”

“സ്റ്റേഷനിൽ .എന്താടാ ?”

“നീയൊന്ന് സോനയുടെ ലാബിലെത്തണം. ആ സിറിഞ്ചിനേയും മെഡിസിനേയും പറ്റി ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട് നീ വേഗം വരണം ”

ഫോൺ കട്ടായി .

ധൈര്യം സംഭരിച്ച് ഞാൻ എസ്ഐയുടെ ക്യാബിനിലേക്ക് വീണ്ടും കയറി .

“സർ”

എസ്ഐ തലയുയർത്തി

“സർ സുനിതയുടെ ഒരു ബന്ധുവിനെ ഇവിടെ… ”

ഞാൻ പാതിക്കു നിർത്തി.

“ഓഹ് മുരുകേശനെയല്ലേ കുറച്ചു വിവരങ്ങൾ അറിയാനുണ്ട് ഇപ്പോൾ വിടും.


ഞാൻ ക്യാബിനിൽ നിന്നിറങ്ങി വന്നപ്പോൾ മുരുകേശ് പുറത്തുണ്ടായിരുന്നു.

“സുനിതയെ കൊന്നിട്ട് എന്റെ തലയിലേക്ക് കെട്ടിവെച്ചിട്ട് സുഖിച്ചങ്ങ് പോയാലോ?”

എന്നെ തടഞ്ഞയാൾ മുന്നിലേക്ക് കയറി. മദ്യത്തിന്റെ ഗന്ധം നന്നായി ഞാനറിഞ്ഞു. ഞാനയാൾക്കു മറുപടി നൽകാതെ ഇറങ്ങി പോകാൻ തുനിഞ്ഞു.

” അങ്ങനങ്ങ് പോയാലോ, ഇതിന് മറുപടി താ.”

സ്റ്റേഷൻ മുറ്റത്ത് നിൽക്കുന്നവരുടെ ശ്രദ്ധ എന്റെ മേലായി. നാണക്കേടാണോ സങ്കടമാണോ തോന്നിയതെന്ന് നിശ്ചയമില്ല. അയാളുടെ ഭാര്യ ഓടി വന്ന് അയാളെ പിടിച്ചു മാറ്റി.

” നിങ്ങളിങ്ങോട്ട് വന്നേ.”

“പ്ഫാ…..”

നീട്ടിയൊരാട്ടിനൊപ്പം പിടിച്ചൊരു തള്ളും കൊടുത്തു. ആ സ്ത്രീ മണൽ നിറഞ്ഞ മുറ്റത്തേക്ക് തെറിച്ചു പോയി. ഒന്ന് രണ്ട് പോലീസുകാർ ധൃതിവെച്ചു നടന്നു വന്നു.

“എന്താ മാഡം പ്രശ്നം?”

അവയിൽ പ്രായം ചെന്ന പോലീസുകാരൻ ചോദിച്ചു.

“പ്രശ്നം അവർക്കല്ല, ഞങ്ങൾക്കാ. എന്റെ ഭാര്യയുടെ അനിയത്തിയെ കൊന്നിട്ട് അതെന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതിന് എനിക്ക് പരാതിയുണ്ട്. “

വേച്ചു പോകുന്ന കാലുകൾ നിലത്തൂന്നി അയാൾ പറഞ്ഞു.

“പെറ്റീഷനുണ്ടേങ്കിൽ അത് പേപ്പറിൽ എഴുതി തരണം. അല്ലാതെ അവരെ കൈയേറ്റം ചെയ്യരുത്. ”

പോലീസുകാരൻ പറഞ്ഞു തീരും മുന്നേ SI പുറത്തേക്ക് വന്നു. എന്താ കാര്യമെന്ന് തിരക്കി. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ SI പോലീസുകാരനോട് പറഞ്ഞു.

” അയാളുടെ പരാതി എഴുതി വാങ്ങൂ. കൂട്ടത്തിൽ വേദയുടേയും.തനിക്ക് കൈയേറ്റം ചെയ്യാനുള്ള സ്ഥലമല്ല പോലീസ് സ്റ്റേഷൻ.വേദ തരുന്ന ഒരു പരാതി മതി താൻ പിന്നെ പുറം ലോകം കാണില്ല. ”

അയാൾ പറഞ്ഞു നിർത്തി.

“സർ ഇവരാണ് അത് ചെയ്തത് എനിക്കുറപ്പാണ്. തൊലി വെളുത്തവർക്ക് വേണ്ടി എല്ലായിടത്തും രക്ഷകൻ ഉണ്ടാകും.”

“പ്‌ഠേ ”

എന്ന ശബ്ദവും കറങ്ങി സ്റ്റെപ്പിൽ വീണ മുരുകേശിനെ കണ്ടപ്പോഴാണ് എസ് ഐ അടിച്ചു എന്നെനിക്കും മനസിലായത്.

“പോലീസിനു നേർക്കാണോ നിന്റെ പരാക്രമം? ഗോവിന്ദേട്ടാ വേദ പരമേശ്വറിനോട് കംപ്ലയ്ന്റ് എഴുതി വാങ്ങിച്ചേക്കൂ. ഇവനെ വിടണ്ട.”

എനിക്കരികിൽ നിൽക്കുന്ന മീശ നരച്ച പ്രായം ചെന്ന പോലീസുകാരനോട് SI പറഞ്ഞു. തുടർന്ന് എന്നോടായി

“മേഡം ഒരു കംപ്ലയ്ന്റ് എഴുതി തന്നിട്ട് പോയ്ക്കോ.ഇവനൊക്കെ വേണ്ടത് ഞാൻ കൊടുത്തോളാം”

“സർ, അയാൾ അയാളെ ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിൽ പറഞ്ഞതായിരിക്കും. എനിക്കിപ്പോൾ കംപ്ലയിന്റില്ല.


SI യുടെ മുഖത്ത് ഒരു പ്രത്യേകഭാവം ഏതാണെന്ന് തിരിച്ചറിഞ്ഞില്ല.

” ഇനിയും കിട്ടുമ്പോൾ പഠിക്കും”

എന്ന് പറഞ്ഞ് എസ് ഐ നടന്നു പോയി.

” അവർ കംപ്ലയിന്റ് കൊടുക്കാത്തത് ഭാഗ്യം, കൊടുത്തിരുന്നെങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു. നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ എഴുതി താ”

ഗോവിന്ദനെന്ന പോലീസുകാരൻ മുരുകേശിനോട് പറഞ്ഞു.

” ഇല്ല സാറേ വേദകൊച്ചിന്റെ പേരിൽ പരാതിയില്ല.”

പിന്നിൽ സുനിതയുടെ ചേച്ചിയുടെ സ്വരം കേട്ടതോടെ ഞാൻ സ്ക്കൂട്ടറെടുത്തു സോനയുടെ ലാബ് ലക്ഷ്യം വെച്ചു പാഞ്ഞു. സോനയുടെ ലാബിലെത്തുമ്പോൾ വളരെ ക്ഷീണിതയായിരുന്നുവെങ്കിലും അവർ പറഞ്ഞ കാര്യങ്ങൾ എന്നിലെ ക്ഷീണം പറത്തി.

“എന്തായി കാര്യങ്ങൾ? ബ്ലഡ് ഗ്രൂപ്പ് ഏതാ?”

എതിരെ ഇരിക്കുന്ന അരവിയെ ശ്രദ്ധിക്കാതെ ആകാംക്ഷയുടെ കുത്തൊഴുക്കിനെ ഞാൻ തുറന്നിട്ടു.

” നീയാദ്യം അവിടിരിക്ക് ഞാൻ പറയാം….. വേദ, ആ ബ്ലഡ് ഗ്രൂപ്പ് Bപോസിറ്റീവ് അല്ല. അത് ഒ നെഗറ്റീവ് ആണ്.പ്രശ്നം അവിടെയല്ല.”

പിന്നെന്ത് എന്നർത്ഥത്തിൽ ഞാൻ സോനയെ നോക്കി.

“ദാ ഇതിലാണ് പ്രശ്നം!”

അവൾ ചെറിയ ഒരു ചില്ലു കുപ്പി എടുത്തുകാട്ടി. അത് കഴിഞ്ഞ ദിവസം അരവി സോനയെ ഏൽപിച്ചത് ഞാന് കണ്ടിരുന്നു. അതേ സേം കുപ്പി സജീവിന്റെ ഫ്ലാറ്റിലും ഞാൻ കണ്ടതാണ്.

“ഇതെന്താണ്?”

ഞാൻ ചോദിച്ചു.

” അതാണ് ഞാനും ചോദിക്കുന്നത്.ഇതിനകത്തെ ദ്രാവകം എന്തിനുള്ളതാണെന്നോ അടങ്ങിയത് ഏതൊക്കെ പദാർത്ഥങ്ങളാണെന്നോ തിരിച്ചറിയാൻ പറ്റുന്നില്ല. നിങ്ങളിതുമായി എത്രയും പെട്ടന്ന് പ്രഫസർ മുസ്തഫഅലിയെ കാണണം. എന്തോ എന്റെ പരിമിതമായ അറിവു വെച്ചു പറയുന്നു ഇത് അപകടകാരിയായ എന്തോ ആണ്.പിന്നെ ഈ സിറിഞ്ചും.”

“സിറിഞ്ചിൽ എനിക്കു വന്ന സംശയം ഞാനപ്പോൾ തന്നെ വേദയോട് പറഞ്ഞതാണ്.”

അതുവരെ മിണ്ടാതിരുന്ന അരവി പറഞ്ഞു.

” ഉം……. പിന്നെ എന്ററിവിൽ ഉള്ള ഏറ്റവും ചെറിയ സിറിഞ്ച് 2 CC ആണ്.ഇത് നോക്കിയേ അതിലും ചെറുതാണെന്ന് മാത്രമല്ല. ഇതിന്റെ ഓപണിംഗ് ഭാഗം ശ്രദ്ധിച്ചോ.? ഓരോ സിറിഞ്ചിനും ഓപണിംഗ് കട്ടിംഗ്സിൽ വ്യത്യസ്ഥമായിരിക്കും. ബട്ട് ഇതും മറ്റുള്ളവയിൽ നിന്നും ഒരു പാട് വ്യത്യാസമുണ്ട്.”

സോന നിർത്തി.

“സോന പറഞ്ഞു വരുന്നത് ഇത് വരെ ഒരു കംപനിയും ഇത്തരമൊരു സിറിഞ്ച് ഇറക്കിയിട്ടില്ല എന്നതാണോ?”

അരവിയുടെ ചോദ്യം

“അതെ. അത് മാത്രമല്ല, സിറിഞ്ചിനു മീതെ M@ എന്ന് കണ്ടോ?”

വിരലുവെച്ച് സോന ആ ഭാഗം കാണിച്ചു തന്നു.


“അതേ സേം M@ എന്ന് ഈ ചെറിയ കുപ്പിക്കടിയിലും ഉണ്ട്.അതായത് ഈ കുപ്പിയും സിറിഞ്ചും പുറം ലോകമറിയാത്ത മറ്റൊരു കമ്പനിയിൽ നിന്നും വരുന്നതാണ്.ഈ കുപ്പിക്കകത്തെ മെഡിസിൻ ഏതെന്ന് അറിയുന്നത് വരെ കാത്തിരിക്കണം ബാക്കിയറിയാൻ.”

ഞാൻ അരവിയുടെ മുഖത്തേക്ക് നോക്കി.പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ വഷളായി വരികയാണ്. അവൻ വാച്ചിലേക്ക് നോക്കി. പിന്നെ എന്നേയും.

“വേദ നമുക്ക് സോന പറഞ്ഞ പ്രഫസറെ പോയി കണ്ടാലോ?”

എന്റെ മനസ് വായിച്ചത് പോലെ അരവി പറഞ്ഞു.

” പോവാം. അദ്ദേഹത്തിന്റെ സ്ഥലം എവിടെയാ?”

സോനയോട് ഞാൻ ചോദിച്ചു.

“ചേറ്റുവ TM ഹോസ്പിറ്റലിനടുത്താണ്. ഹോപ്പിറ്റൽ കഴിഞ്ഞ് ഫസ്റ്റ് ലെഫ്റ്റ് കട്ട് ചെയ്യണം. അവിടെ ആരോടെങ്കിലും ചോദിച്ചാൽ മതി. പിന്നെ നിങ്ങൾ വരുന്ന കാര്യം ഞാൻ വിളിച്ചു പറയാം”

സോനയോട് യാത്ര പറഞ്ഞിറങ്ങി. എന്റെ സ്ക്കൂട്ടി എടുത്ത് സ്റ്റുഡിയോയിൽ കൊണ്ടിട്ടശേഷം അരവിയുടെ ബൈക്കിലായി യാത്ര. നഗരത്തിലെ നിയോൺ ബൾബുകൾ അങ്ങിങ്ങ് പുഞ്ചിരിച്ചു തുടങ്ങി.

ഞങ്ങൾ ചെന്നപ്പോൾ മുസ്തഫ അലിസാർ എവിടെയോ പോവാനുള്ള തിരക്കിലായിരുന്നു. ഞങ്ങളുടെ ആവശ്യം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ഒരേ ഭാവം മാത്രം. ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ 60 കഴിഞ്ഞ പ്രഫസറുടെ സംസാരത്തിനിടയ്ക്ക് അകത്ത് ഒരു സ്ത്രീ യുടെ കരച്ചിലിന്റെ ശബ്ദവും കേട്ടു .

തുടർന്ന് അദ്ദേഹം ഞങ്ങളിൽ നിന്നും മെഡിസിൻ വാങ്ങി വെച്ചു.

“സോന ഇപ്പോൾ വിളിച്ചു പറഞ്ഞിരുന്നു.പക്ഷേ എന്റെ മകളുടെ ഭർത്താവിന് ഒരു ആക്സിഡണ്ട് പറ്റി. പോവാതിരിക്കാൻ പറ്റില്ല. നിങ്ങൾ പിന്നീട് വരാമോ? വിവരമറിഞ്ഞത് ഇപ്പോഴാണ് ”

“സാർ ഫ്രീയാകുമ്പോൾ ഈ നമ്പറിൽ ഒന്നു വിളിച്ചാൽ മതി.”

അരവി വിസിറ്റിംഗ് കാർഡ് അദ്ദേഹത്തിന് നൽകി.

“നിങ്ങൾ കൊണ്ടുവന്നത് വിശദമായി നോക്കിയിട്ട് വിളിക്കാം.” ഞങ്ങൾ ഇറങ്ങി.

സിറ്റിയിലെ ട്രാഫിക്കിൽ നിന്നും ഇടവഴികളിലൂടെ എളുപ്പം യാത്രയ്ക്ക് ബൈക്കാണ് ബെറ്റർ. മരണപ്പെട്ടത് തീർത്ഥ അല്ലെങ്കിൽ പിന്നെയാര് ? സത്യത്തിൽ അവർ മരണപ്പെട്ടു കാണുമോ?ഓ നെഗറ്റീവായ മറ്റാരോ അപകടത്തിലാണ് ഒരു പക്ഷേ തുളസിയാവാം അല്ലെങ്കിൽ സജീവ്.

” അരവീ സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എങ്ങനെയെങ്കിലും പൊക്കാൻ പറ്റുമോന്ന് നോക്കണം.”

” അത് ശരിയാക്കാം.പ്രകാശ് മാത്യു സഹായിക്കും. അത് വെച്ച് എന്ത് ചെയ്യും?”

“ബ്ലഡ് ഗ്രൂപ്പ് മാച്ചാവുമോ എന്നറിയണം,പിന്നെ ഫ്ലാറ്റിലെ ഫ്രിഡ്ജിന്റെ മുകളിൽ ഞാനീ ചെറിയ കുപ്പിയും സിറിഞ്ചും കണ്ടതാണ്. അതൊരു ആത്മഹത്യ അല്ല ”

“എനിക്കും അത് തോന്നി. ”

മുന്നിലെ നീണ്ട വാഹന നിര കണ്ട അരവി പറഞ്ഞു.

“ഇത് മാറാൻ നിന്നാൽ നമ്മൾ പെട്ടു പോവും. നമുക്ക് ഒരു ഷോർട്ട്കട്ടുണ്ട്. വഴിയത്ര പോരാ .ഇതിലും ഭേതം അതാണ്.”

അവൻ വണ്ടി തിരിച്ചു. കുറേ ഈടു വഴികൾ കഴിഞ്ഞ് അവൻ മെയിൻ റോഡിലെത്തിച്ചു.

“ഇതെവിടെയാ അരവി ?”

ഇരുവശത്തും വൃക്ഷങ്ങളും ഒറ്റപ്പെട്ട വീടുകളും മാത്രം.

” പറവൂർ റൂട്ടാണ് പതിനഞ്ചു മിനിട്ട് അതിനുള്ളിൽ നമ്മൾ നാഷണൽ ഹൈവേയിൽ കയറും ”

പറഞ്ഞു തീരും മുന്നേയുള്ള അരവിയുടെ ബ്രേക്കിൽ ഞാൻ സീറ്റിൽ നിന്നും ഉയർന്നുപൊങ്ങി സീറ്റിൽ തന്നെ അമർന്നു. മുന്നിൽ ബൈക്കിനെ ക്രോസ് ചെയ്ത് നിർത്തിയ കറുത്ത വാഗൺRൽ നിന്നും ഒത്ത തടിയും അതിനൊത്ത നീളവുമുള്ള ഒരാളിറങ്ങി അയാൾ ബൈക്കിനു നേരെ നടന്നു വന്നു. ഇരുളിൽ നിന്നും അയാളുടെ മുഖം വെളിച്ചത്തിലെത്തി. ആ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞതോടെ ഞാൻ ഭയന്നു. മരണമാണോ അടുത്തേക്ക് വരുന്നതെന്ന് ഉറപ്പായി. ഇയാളെന്തിനാണ് എനിക്ക് പിന്നാലെ വരുന്നത്? പ്രാണരക്ഷാർത്ഥം ഇറങ്ങിയോടിയാലോ?

അയാളെ കണ്ട അരവിയിൽ നിന്നും

“സാറെന്താ ഇവിടെ?”

ങ്ങെ? ! അരവിക്കു ഇയാളെ അറിയാമോ?

“കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് രണ്ട് പേരും ഇറങ്ങി വാ ”

ഞാനിറങ്ങാൻ മടി കാണിച്ചു.വാഗൺRൽ നിന്നും മറ്റൊരു തടിയൻ ഇറങ്ങി വന്നു.

” അരവി കീ അദ്ദേഹത്തെ ഏൽപിച്ചു വരൂ.”

തുടർന്ന് കാറിൽ നിന്നിറങ്ങിയ തടിയനോടായി

” ആ ബൈക്കുമായി പിന്നാലെ ഉണ്ടാവണം.”

“വേദ ഇറങ്ങ്. ”

അരവിയുടെ നിർദ്ദേശം. ഞാൻ ഇറങ്ങി.അരവി കീ തടിയനു കൈമാറി. ഞങ്ങൾ രണ്ട് പേരും അയാൾക്കു പിന്നാലെ നടന്നു. അയാൾ മുൻ സീറ്റിലും ഞങ്ങൾ പിന്നിലുമായി കയറി.കാർ സ്റ്റാർട്ടായി.എന്നിലെ അപരിചിതത്വം കണ്ടാവും അയാൾ പറഞ്ഞു.

“വേദയ്ക്കെന്നെ പരിചയമില്ലെന്നു തോന്നുന്നു. ഐആം അലോഷ്യസ്.ഫ്രം SIT സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം. നമ്മൾ മുന്നേ കണ്ടിട്ടുണ്ട്. അന്ന് സാമുവേൽ സാറിന്റെ പാർട്ടിക്കിടയിൽ പരിചയപ്പെടണമെന്നുണ്ടായിരുന്നു. സാധിച്ചില്ല ”

അതെ അന്നാണ് ഞാനീ മനുഷ്യനെ ശ്രദ്ധിച്ചത്.ഊതിവീർപ്പിച്ച ബലൂണിലെ കാറ്റ് ഒഴിഞ്ഞു പോവും പോലെ ഭയം ഒഴിഞ്ഞു പോയി. ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ഞാൻ ശ്രമിച്ചു. അലോഷ്യസ് തുടർന്നു.

” എന്നെ ഇന്ന് രാവിലെ സാമുവേൽ വിളിച്ചിരുന്നു. ഫാമിലി ഫ്രണ്ട് എന്നതിനേക്കാൾ ഞങ്ങൾ ഒരുമിച്ച് ഒരു മർഡർ കേസിൽ വർക്ക് ചെയ്തിരുന്നു എന്നതിൽ നിന്നുണ്ടായ ആത്മബന്ധമുണ്ട്.”

തുടർന്ന് അയാൾ ഒരു നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്ത് വെച്ചു.

“ഹലോസർ, ” ………. “വേദയുണ്ട് എന്റെ കൂടെ ” …………. “സാർ ഒന്ന് സംസാരിക്കൂ.” ……….. തുടർന്ന് ഫോണെനിക്ക് കൈമാറി.

“ഹലോ ”

“ചെവിയിൽ പരിചിതമായ സാമുവൽ സാറിന്റെ ശബ്ദം.

“സർ പറയു”

“വേദ എല്ലാ കാര്യങ്ങളും നീ ആലോഷിയോട് പറയൂ.ഭയപ്പാട് വേണ്ട. സത്യസന്ധനായ ഒരു ഓഫീസറാണിവൻ.”

ഫോൺ കട്ടായി .അലോഷ്യസ് തുടർന്നു.

“വേദയ്ക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ തട്ടിക്കൊണ്ട് പോകൽ ശ്രമവും വീട്ടുജോലിക്കാരിയുടെ കൊലപാതകവും എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണമെങ്കിൽ നിങ്ങൾ സഹകരിച്ചേ മതിയാവൂ.

” തട്ടിക്കൊണ്ട് പോകൽ ശ്രമമോ?”

അരവിയിൽ ആകാംക്ഷ. ഞാനിക്കാര്യം മറ്റു തിരക്കുകൾക്കിടയിൽ അവനോട് പറയാൻ മറന്നു പോയിരുന്നു.

പിന്നെ ഞാൻ എനിക്കാദ്യമായി വന്ന അജ്ഞാതന്റെ കത്തു മുതൽ നടന്ന കാര്യങ്ങൾ പറഞ്ഞു.

“എനിക്കീ കേസിൽ നിങ്ങളുടെ സഹായം വേണം. പിന്നെ ഇങ്ങനെയൊരു ടീം ഉള്ളത് അറിയാവുന്നത് അത്യാവശ്യം ചിലർക്ക് മാത്രമായതിനാൽ നിങ്ങളിൽ നിന്നും ഈ രഹസ്യം പുറത്ത് പോവരുത്.അന്വേഷണം എവിടുന്നു തുടങ്ങുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.”

വണ്ടി ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു ഞങ്ങൾക്കിടയിൽ കനത്ത മൗനം കുടിയേറി.ഡ്രൈവർ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചിരുന്നു. അന്വേഷണം പെരുമ്പാവൂരിൽ നിന്നും തുടങ്ങണമെങ്കിൽ തെളിവുകളൊന്നും ബാക്കിയില്ല. ബാക്കിയാവാതിരിക്കാനാണല്ലോ വീടുപണിയെന്ന സംരഭം, പിന്നെയുള്ളത് സജീവാണ്, അവൻ മരണപ്പെടുകയും ചെയ്തു.

“സർ നമുക്ക് സജീവ് വഴി അന്വേഷിച്ചാലോ? തുളസിയും തീർത്ഥയും ജീവിച്ചിരിപ്പുണ്ടേൽ എന്തായാലും ഈ സമയം വരില്ലെ? ഒളിവിൽ പോയതിന്റെ കാരണം കണ്ടു പിടിക്കാമല്ലോ”

” വരേണ്ടതാണ്.”

എന്റെ ചോദ്യത്തിനുള്ള ഉത്തരമായി അലോഷ്യസ് പറഞ്ഞു.

തീർത്ഥയും തുളസിയും ജീവിച്ചിരിപ്പില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. പെരുമ്പാവൂരിലെ വീട്ടിലെ ടാർ വീപ്പയിൽ കണ്ടത് തുളസിയുടെ കൈ തന്നെയാവാം. വിരലിൽ സജീവ് എന്ന പേരഴുതിയ മോതിരം തെളിഞ്ഞു മനസിൽ.

“സുനിതയുടെ മരണത്തിൽ ചില അസ്വാഭാവികതയുണ്ട്. അത് ഞാൻ പിന്നെ പറയാം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടട്ടെ ”

അലോഷ്യസിന്റെ പെരുമാറ്റത്തിൽ ഈ കേസിൽ അദ്ദേഹമനുഭവിക്കുന്ന ടെൺഷൻ തെളിയുന്നുണ്ടായിരുന്നു. അരവിയുടെ ഫോൺ റിംഗ് ചെയ്തു. സ്വാതി സ്വാമിനാഥൻ.

അരവി അറ്റന്റ് ചെയ്തു. എന്തോ എമർജൻസിയുണ്ട്. അല്ലാതെ ഈ സമയത്ത് വിളിക്കില്ല.

“ഹലോ സ്വാതി പറയൂ ” ………. “എപ്പോൾ…..?” ……… “ആ വീട് തന്നെയാണോ?”

അരവിയുടെ മുഖത്ത് ആകാംക്ഷ.

“ഓഹ് മൈ ഗോഡ്!” ……. ” ഒകെ ശരി. ”

ഫോൺപോക്കറ്റിലിടും മുന്നേ അരവി അലോഷ്യസിനോട് പറഞ്ഞു.

“സർ, ഓങ്ങിലപാറയിൽ സജീവ് താമസിച്ചിരുന്ന വീടിനാരോ തീയിട്ടു ”

എന്നിലുണ്ടായ ഞെട്ടൽ തന്നെ അലോഷ്യസിലും പ്രതീക്ഷിച്ച ഞാൻ ന്തെട്ടി. അവിടെ പ്രത്യേകിച്ച് ഭാവങ്ങൾ ഇല്ല

” പൂർണമായും കത്തിനശിച്ച വീടിനകത്ത് കത്തിക്കരിഞ്ഞ ഒരു മൃതുദേഹമുണ്ടായിരുന്നെന്നു .”

അത് അലോഷിയിൽ ഒരു തരം ഞെട്ടലുണ്ടാക്കി.

“സേവ്യർ വണ്ടിയൊതുക്ക്.ഗണേഷും കൂടെ വരട്ടെ .നമുക്ക് അവിടം വരെ പോയി വരാം.”

വണ്ടി വിജനമായ റോഡരികിൽ ഒതുക്കി. പിന്നിൽ വരുന്ന ഗണേശും ബൈക്കും.റോഡിൽ മറ്റ് വാഹനങ്ങളൊന്നുമില്ല. പിറകിൽ കാതടപ്പിക്കുന്ന ഒരു ശബ്ദം.ആകാശത്തേയ്ക്ക് ഒരു തീഗോളം ഉയരുന്നതായിട്ടാണ് തോന്നിയത് പിന്നീട് മനസിലായി അത് അരവിയുടെ ബൈക്കാണെന്നു .റോഡിന്റെ വലതുവശത്തെ വയലിലേക്ക് ബൈക്ക് ചെന്നു വീണു.

” അലോഷി സാർ”

റോഡരികിൽ ഒരു ദീനമായ വിളി. അലോഷ്യസിനും സേവ്യറിനും, അരവിക്കുമൊപ്പം ഞാനും ഇറങ്ങി ഓടിച്ചെന്നു. പോക്കറ്റിൽ കിടക്കുന്ന അരവിയുടെ ഫോൺ നിർത്താതെ റിംഗ് ചെയ്തു കൊണ്ടേയിരുന്നു. റോഡരികിൽ പിൻഭാഗവും കൈകളും പാതി മുഖവും പൊള്ളിയ രീതിയിൽ ഗണേഷ് കിടപ്പുണ്ടായിരുന്നു.

” അരവീ വേഗം ”

അലോഷ്യസ് ധൃതിവെച്ചു. അവർ മൂന്നു പേരും ചേർന്ന് ഗണേഷിനെ കാറിൽ കയറ്റി തൊട്ടടുത്ത ആശുപത്രി ലക്ഷ്യം വെച്ച് പാഞ്ഞു.

“സർ ഇത് എന്റെ അശ്രദ്ധയിൽ വന്നതല്ല.”

വേദനയ്ക്കിടയിൽ ഗണേഷ് ഞെരുങ്ങി

“അപകടത്തിനു മുന്നേ ബൈക്കിൽ നിന്നും ഞാൻ ബീപ് സൗണ്ട് കേട്ടിരുന്നു. ടൈംബോംബിന്റെ ശബ്ദം പോൽ.”

” ഉം ”

അലോഷ്യസ് മൂളി. അലോഷ്യസിന്റെ മടിയിൽ തല വെച്ച് പിൻസീറ്റിൽ കിടത്തിയതാണ് ഗണേഷിനെ .തൊട്ടടുത്തിരിക്കുന്ന അരവിയുടെ ഫോൺ അപ്പോഴും നിർത്താതെ റിംഗ് ചെയ്യുകയായിരുന്നു. അവൻ ഫോണെടുത്തു ഡിസ്പ്ലെയിലേക്ക് നോക്കി കണ്ണ് മിഴിച്ചു. പിന്നീട് ആ ഫോൺ തിരിച്ച് എനിക്കും അലോഷ്യനുമായി കാണിച്ചു.

‘Sajeev calling’

എന്ന് ഡിസ്പ്പെയിൽ തെളിഞ്ഞിരുന്നു.

അറ്റന്റ് ചെയ്യാൻ ആഗ്യം കാണിച്ചു. എടുക്കാൻ നേരം ഫോൺ കട്ടായി. തിരിച്ച് വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് എന്നായിരുന്നു മറുപടി. ആശുപത്രിയിലെത്തിയപ്പോൾ അരവിയുടെ ഫോണിലേക്ക് വീണ്ടും കോൾ വന്നു. എടുക്കാൻ നോക്കുമ്പോൾ കട്ട് ചെയ്യും തിരിച്ചുവിളിച്ചാൽ കിട്ടില്ല. സേവ്യറിനെ ഗണേഷിനു കൂട്ടുനിർത്തിയിട്ട് ഞങ്ങൾ മൂന്ന് പേരും പാലക്കാടിനു തിരിച്ചു. യാത്രയിലുടനീളം ആരും സംസാരിച്ചിരുന്നില്ല. അവിടെത്തിയപ്പോൾ ഒരു പാട് വൈകിയെങ്കിലും ഇനിയും അണഞ്ഞു തീരാത്ത പുക വായുവിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചുറ്റുപാടുമുള്ള വീടുകളിലെ ആളുകൾ ചിലർ അപ്പോഴും നടുക്കം മാറാതെ നിൽക്കുകയായിരുന്നു. എന്നെ കണ്ടപാടെ അജ്മൽ ഓടി വന്നു.

” മേഡം എനിക്കൊരു കാര്യം പറയാനുണ്ട്.”

അജ്മൽ ഒരു രഹസ്യമെന്നോണം പതിയെ പറഞ്ഞു. ഞാൻ അവനൊപ്പം തെല്ല് മാറി നിന്നു.

” മേഡം വന്നു പോയപ്പോൾ തന്നെ ഒരു വെളുത്ത കാറിൽ ഒരു സ്ത്രീ വന്നു. ഞാനപ്പോൾ ആ പാറപ്പുറത്തിരിക്കുകയായിരുന്നു.അവർ നേരെ തീർത്ഥയുടെ വീടു തുറന്നകത്ത് കയറി. ഒരു ചെറിയ ചതുരപ്പെട്ടിയുമായി ഇറങ്ങി വന്നു. വാതിൽ തുറക്കുന്നതും അടയ്ക്കുന്നതുമെല്ലാം ഞാൻ കണ്ടതാണ്. ഞാനിറങ്ങി ചെന്ന് ആരാണെന്ന് ചോദിച്ചപ്പോൾ എന്നെ നോക്കി ചിരിച്ചു. തുടർന്ന് തുളസിയുടെ ചേച്ചിയാണെന്നും തീർത്ഥയുടെ അപസ്മാരത്തിന്റെ ആയുർവേദ മെഡിസിൻ എടുക്കാൻ വന്നതാണെന്നും കൂടി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. അപ്പോൾ മേഡം വന്നതും സിനിമയെക്കുറിച്ച് സംസാരിച്ചതും തീർത്ഥയുടെ അച്ഛനോട് സംസാരിക്കാൻ ഞാനവരോട് പറഞ്ഞു. മേഡത്തിന്റെ പേരു പറഞ്ഞപ്പോൾ അവരുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു. എന്തോ ദേഷ്യം പോലെ……..”

അവൻ ഒന്നു നിർത്തി. വീണ്ടും തുടർന്നു.

“കുറച്ചു മുന്നേ ഇവിടെ ഓടിക്കൂടിയ നാട്ടുകാർ പറഞ്ഞത് വെച്ച് നോക്കിയപ്പോൾ എനിക്കെന്തോ ഭയം തോന്നി.ആ ഫാമിലി അത്ര ശരിയല്ലെന്ന് .മൂത്താപ്പയെല്ലാം ഭയന്നിരിക്കുകയാ ”

” നീയിത് ആരോടെങ്കിലും പറഞ്ഞോ?”

“ഇല്ല. സത്യമായിട്ടും എനിക്ക് ഭയം തോന്നി. തീർത്ഥയുടെ അച്ഛനുമമ്മയേയും പറ്റി നാട്ടിൽ കേൾക്കുന്ന വാർത്തകൾ അത്ര നല്ലതല്ല, ഞാനിതെല്ലാം അറിഞ്ഞത് കുറച്ചു മുന്നേയേ. ആദ്യം താമസിച്ചിരുന്നതിനടുത്തുള്ളവരുടെ സംസാരത്തിൽ നിന്നും എന്തോ ദുരൂഹത ഉള്ളതുപോലെ”

” ഉം ”

ഞാനൊന്നു മൂളി.

” സജീവ് ഇന്നലെ മരണപ്പെട്ടത് നീ അറിഞ്ഞില്ലെ? ആത്മഹത്യയായിരുന്നു.”

“അറിഞ്ഞു. ”

“ഞാൻ വീട് കത്തിയപ്പോൾ മുതൽ നിങ്ങളെ വിളിക്കാനിരിക്കുകയാണ് “

ഞാനവനേയും കൊണ്ട് അലോഷ്യസിനടുത്തെത്തി. കാര്യങ്ങളെല്ലാം വിശദീകരിച്ചപ്പോൾ അലോഷ്യസ് പറഞ്ഞു.

” നിനക്കവരെ ഇനി കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ?”

” പറ്റും.അവരുടെ മുഖത്ത് മൂക്കിനു താഴെയായി ഒരു കറുത്ത പാടുണ്ട്. മാത്രവുമല്ല അവരുടെ കാലിനു എന്തോ കുഴപ്പമുണ്ട്, നടക്കുമ്പോൾ ഒരു വലിച്ചിലുണ്ടായിരുന്നു.”

” ഉം നീ പോയ്ക്കോളൂ. നാട്ടുകാരിലാരോടും നീയീ കാര്യം പറയണ്ട..”

പിന്നീട് ഞങ്ങളവിടെ നിന്നില്ല, കത്തിക്കരിഞ്ഞ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണെന്നറിഞ്ഞ് ഞങ്ങൾ അങ്ങോട്ട് തിരിച്ചു. ഡ്രൈവ് ചെയ്തത് അലോഷ്യസ് ആയിരുന്നു.

“നിങ്ങൾ പെരുമ്പാവൂർ പോയത് കുര്യച്ചനെ കാണാനല്ലേ? ?”

“അതെ, പക്ഷേ കണ്ടത് കുര്യച്ചനെയല്ല ”

അരവി പറഞ്ഞു.

“കുര്യച്ചന്റെ കേസിലെ നിങ്ങളുടെ കണ്ടെത്തലുകൾ പറയാമോ?”

എന്ന ചോദ്യത്തിനു മുന്നിൽ ഞങ്ങൾ കുറച്ചു നേരം മിണ്ടാതെയിരുന്നു.

” ചാനൽ സീക്രട്ട്സാണെങ്കിൽ വേണ്ട കേട്ടോ?”

അലോഷ്യസ് പറഞ്ഞു. ഒടുവിൽ ഞാൻ പറഞ്ഞു തുടങ്ങി.

2016 സെപ്തംബർ 21 ന് ആണ് കുര്യച്ചന്റെ ഹോസ്പിറ്റലിലെ നഴ്സായിരുന്ന പാലാ സ്വദേശിനിയായ സീന ബേബി(25)യെ കാണാതായത്. പിതാവ് ബേബി ചെറിയാനും ഷൈനി ചെറിയാനും മാൻ മിസ്സിംഗ് കേസ് റെജിസ്ട്രർ ചെയ്തിരുന്നു.26 തിയ്യതി തിങ്കളാഴ്ച രാവിലെ പാലാ മാർത്തോമ്മാ പള്ളിയുടെ സെമിത്തേരിയിലെ വലിയ വീട്ടിൽ ഇമ്മാനുവൽ കുടംബകല്ലറ ഇമ്മാനുവൽ മകൻ ഇട്ടിച്ചന്റെ മകന്റെ അകാലമരണത്തോടെ തുറന്നു.കല്ലറ പണിതിട്ട് വെറും മാസങ്ങൾ മാത്രം പഴക്കമുള്ള അതിനകത്തെ ആദ്യ അടക്കമായിരുന്നു. പക്ഷേ അതിനകത്ത് അഴുകി തുടങ്ങിയ ഒരു സ്ത്രീ ശരീരം കാണുകയും ഒരു പോസ്റ്റുമോർട്ടത്തിലൂടെ വിദഗ്ദനായ ഡോക്ടർ റിയാസ്ഖാനും സംഘവും മരണപെട്ടത് സീനാ ബേബി ആണെന്നു തെളിയിച്ചെങ്കിലും അതിലും വ്യത്യസ്ഥമായി ആ കല്ലറയിൽ സീന ബേബിയുടേതല്ലാത്ത മറ്റാരുടെയോ ഒരു കാൽപാദത്തിന്റെ പാതി ഭാഗവും വിരലുകളും ഉണ്ടായിരുന്നു.”

“ഇത് വെച്ച് എങ്ങനെ കേസ് കുര്യച്ചനിൽ എത്തി.?”

അലോഷ്യസിന് സംശയം.

“അവളെ കാണാതായ ദിവസം വൈകീട്ട് കുര്യച്ചൻ സീനയുടെ വീട്ടിലേക്ക് വിളിക്കുകയും ഇന്ന് സ്റ്റാഫ് കുറവായതിനാൽ നൈറ്റ് ഡ്യൂട്ടി കൂടി കഴിഞ്ഞ് രാവിലെയേ സീന വരികയുള്ളൂ എന്ന് പറഞ്ഞു. അത്രയും വലിയ ഒരു ഹോസ്പിറ്റൽ ഉടമ ഒരു സ്റ്റാഫിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞത് ഒന്ന്, പിന്നെ സീനയെ കാണാതാവുന്നതിന് മുൻപ് സീന ഫോണിൽ ആരോടോ സംസാരിക്കുന്നതിനിടയ്ക്ക് കുര്യച്ചന്റെ ഹോസ്പിറ്റൽ പൂട്ടിക്കുന്നതിനെ പറ്റി എടുത്തു പറയുന്നത് പിതാവായ ബേബി കേട്ടു . കേസൊതുക്കി തീർക്കാൻ കുര്യച്ചൻ കാണിച്ച ധൃതിയും ഒളിവിൽ പോക്കുമെല്ലാം പ്രതിസ്ഥാനത്ത് കുര്യച്ചനെ ഇരുത്തി.”

അരവിയുടെ ഫോണിൽ വീണ്ടും Sajeev കോളിംഗ് കണ്ടു. കാൾ അറ്റന്റ് ചെയ്തു. സ്പീക്കറിലിട്ടു.

“ഹലോ പപ്പയെവിടെയാ ഓടി വരുന്നു പറഞ്ഞ് പോയിട്ട് മോളെ പറ്റിക്കുവാല്ലേ….”

ഒരു കുഞ്ഞുകുട്ടിയുടെ ശബ്ദം.

“ഹലോ…..”

അരവി പറയുന്നത് ശ്രദ്ധിക്കാതെ അവൾ തുടർന്നു

“പപ്പ ഒന്നും പറയണ്ട. മോള് പപ്പയോട് പെണക്കവാ. പപ്പയോട് മാത്രമല്ല മമ്മയോടും ”

“തീർത്ഥ …..?”

“പപ്പയെന്റെ പേര് പറഞ്ഞു പറഞ്ഞു കളിക്കാ ആന്റി. ”

അവളവിടെ ആരോടോ പറയുന്ന ശബ്ദം. “ഈ ഫോണെങ്ങനെ ഇവളുടെ കൈയിലെത്തി.?”

എന്ന ചോദ്യവും ഒപ്പം തീർത്ഥയുടെ കരച്ചിലും

ആ ശബ്ദം തന്നെയാണ് സജീവിനോട് സംസാരിച്ചപ്പോഴും കേട്ടത്. ഞാൻ അപകടം മണത്തു. തീർത്ഥയും അപകടത്തോടടുത്തിരിക്കുകയാണ്.

“സർ ഇത് സജീവിന്റെ കുഞ്ഞാ, ഡയറിയെഴുതിയ തീർത്ഥ.”

അലോഷ്യസ് എന്തോ ചിന്തയിലായിരുന്നു. പല തവണ തിരിച്ചുവിളിച്ചെങ്കിലും സജീവിന്റെ ഫോൺ സ്വിച്ചോഫായിരുന്നു. അലോഷ്യസ് ഫോണെടുത്ത് ഡയൽ ചെയ്ത് ചെവിയിൽ വെച്ചു എന്നിട്ട് അരവിയോട് ചോദിച്ചു.

” ആ നമ്പർ പറഞ്ഞേ. ”

തുടർന്ന് ഫോണിൽ

“ഹലോ ഹരീഷ് ഞാൻ SIT അലോഷ്യസാണ് ഞാൻ പറയുന്ന നമ്പർ ലൊക്കേഷൻ ട്രെയ്സ് ചെയ്യണം”

……….

തുടർന്ന് നമ്പർ പറയാൻ അരവിയോട് ആഗ്യം കാണിച്ചു.

” 9048……”

അരവി പറഞ്ഞ നമ്പർ അലോഷ്യസ് പറഞ്ഞു കൊടുത്തു.

“എത്രയും വേഗം ട്രെയ്സ് ചെയ്തിട്ട് പറ”

മോർച്ചറിയിലെത്തിയെങ്കിലും ബോഡി ഐഡന്റിഫൈ ചെയ്യാൻ പറ്റില്ലായിരുന്നു. അരയ്ക്കു മീതെ മുക്കാലും കത്തിക്കരിഞ്ഞിരുന്നു.കാലിന്റെ തുടയിലെ M@ എന്ന പച്ചകുത്തലും കാൽ മുട്ടിനു താഴെയായി വലിയ ഓപ്പറേഷൻ കഴിഞ്ഞതിന്റെ പാട്മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘M@’ഇതേ അടയാളം തന്നെ സിറിഞ്ചിലും മെഡിസിൻ ബോട്ടിലും കണ്ടിരുന്നത്.

അവിടുന്നു കൂടുതലൊന്നും കിട്ടാനില്ല എന്നറിയാവുന്ന ഞങ്ങൾ മടങ്ങി

“സജീവിന്റെ നാട്ടിൽ അന്വേഷിച്ചാലോ സർ, ?”

” അന്വേഷിക്കാം. വേദയ്ക്ക് വന്ന മെസഞ്ചർ സന്ദേശമയച്ച ആളെ കണ്ടു പിടിക്കാൻ പറ്റിയൊരാളുണ്ട്. നമുക്കത് വഴി ട്രൈ ചെയ്യാം. നിങ്ങൾ വേണമെങ്കിലൊന്ന് മയങ്ങിക്കോ ”

അരവിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു അലോഷ്യസ് .ചിന്തകൾ കാടുകയറി തുടങ്ങി. ആരാവും ഇതിന് പിന്നിൽ? എന്തായാലും വലിയൊരു ഗ്യാംഗ് തന്നെയുണ്ട്. അവരെന്തിന് എന്നെ അപായപ്പെടുത്തുന്നു.?

” വേദ എഴുന്നേൽക്ക് സ്ഥലമെത്തി.”

അരവിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. നേരം പുലർന്നിരുന്നു. ചുറ്റും ഭംഗിയിൽ വെച്ച ചെടിച്ചട്ടികളും പൂക്കളും.അപരിചിതമായ ഒരു സ്ഥലം. വലിയ ആ ഇരുനില കെട്ടിടത്തിന്റെ ഭിത്തിയിലെ പേര് ഞാൻ വായിച്ചെടുത്തു.

‘വാത്സല്യം ചിൽഡ്രൻസ് ഹോം തിരുപനന്തപുരം’

അലോഷ്യസിനെ കാണാനില്ലായിരുന്നു.

“ഇവിടെയെന്താ അരവി ?സർ എവിടെ??”

“അകത്തേക്ക് പോയിട്ടുണ്ട് ഇപ്പോൾ വരും. ഞാൻ കാറിൽ നിന്നിറങ്ങാനിരുന്നപ്പോൾ അലോഷ്യസ് ഇറങ്ങി വന്നു. വീണ്ടും യാത്ര തുടർന്നു.

“സജീവിന് ബന്ധുക്കളാരുമില്ല. അയാൾ 18 വയസു വരെ ഇവിടെയാണ് വളർന്നത്.പ്ലസ് ടു കഴിഞ്ഞതിന് ശേഷം ഏതൊക്കെയോ ജോലിക്കൊപ്പം ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്ത് ചെറിയ ഒരു ക്ലിനിക്കിൽ ജോലി ചെയ്തു തുടങ്ങിയപ്പോൾ ഇവിടെ തന്നെയുള്ള ഒരു അന്തേവാസിയെ വിവാഹം ചെയ്യുകയാണുണ്ടായത്. പക്ഷേ അവർ പറഞ്ഞ പേര് തുളസി എന്നല്ല, സജീവിന്റെ ഭാര്യയുടെ പേര് നാൻസി എന്നാണ്. ഇടയ്ക്ക് സജീവും ഫാമിലിയും ഓർഫനേജിൽ വരാറുണ്ടായിരുന്നു എന്നു മാത്രമല്ല രണ്ട് ദിവസം അവിടെ താമസിച്ചിട്ടേ പോകാറുള്ളൂ എന്ന് ഒരു കന്യാസ്ത്രീ പറഞ്ഞു. അവസാനമായി അവർ വന്നത് നാല് വർഷം മുൻപാണെന്നാണ്. അന്ന് തീർത്ഥയുടെ ഒന്നാം പിറന്നാളായിരുന്നു. അതിന് ശേഷം ഇടയ്ക്ക് സജീവ് മാത്രമേ വിളിക്കാറുണ്ടായിരുന്നുള്ളൂവെന്നും ”

അലോഷ്യസ് നിർത്തി.

“ആ വഴിയ്ക്കുള്ള അന്വേഷണം നടക്കില്ല അല്ലേ?”

അരവിയുടെ ചോദ്യം

” ഇല്ല ബോഡിയേറ്റെടുക്കാൻ ബന്ധുക്കളില്ലാത്തതിനാൽ ബോഡി ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സജീവിന്റെ ഭാര്യയും കുഞ്ഞും മരണപ്പെട്ടതിന്റെ തെളിവില്ലാത്തതിനാൽ അനാഥ പ്രേതമായി സംസ്ക്കരിക്കാനും പറ്റില്ല.പിന്നെ കർണാടക റജിസ്ട്രേഷൻ വണ്ടിയുടെ നമ്പർ ഞാൻ ഫോർവേർഡ് ചെയ്തിട്ടുണ്ട്. 12 മണിക്കു മുന്നേ വിവരം കിട്ടും.അതു പോലെ സുനിതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ഇപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാം.”

തുടർന്ന് വഴിയിലെ ശരവണഭവനിൽ നിന്നും ദോശയും സാമ്പാറും കഴിക്കുമ്പോൾ അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു.

“യെസ്… പറയൂ.” ……… “ഒകെ…..” ……… “കിട്ടിയാൽ അറിയിക്കു” ഫോൺ കട്ടായി .

“ലൊക്കേഷൻ കിട്ടിയില്ലെന്നു .സജീവിന്റെ ഫോൺ സ്വിച്ച്ഡോഫായതിനാൽ ഇപ്പോഴുള്ളത് കിട്ടില്ല എന്ന്. ലാസ്റ്റ് സിഗ്നൽ കിട്ടിയത് ആലപ്പുഴ സിറ്റി ടവറിൽ നിന്നാണ്. ആയതിനാൽ അവർ ഇപ്പോഴും സിറ്റിയിലുണ്ടാവും എന്നത് നമ്മുടെ വെറും ഊഹം മാത്രം. ഞാനെന്തായാലും അതിന് പിന്നാലെനി പോവുകയാണ്.നിങ്ങൾ എങ്ങനെ പോവും?”

കൊച്ചിയെത്തിയപ്പോൾ അലോഷ്യസ് ചോദിച്ചു.

” അടുത്ത ജംഗ്ഷനിൽ വിട്ടാൽ മതി”

ഞാൻ പറഞ്ഞു.

ജംഗ്ഷനിൽ ഇറങ്ങി ഓട്ടോ പിടിച്ച് സ്റ്റുഡിയോയിൽ പോയി സ്ക്കൂട്ടി എടുത്തിറങ്ങിയപ്പോൾ സമയം നാലര .വിശപ്പ് തീർന്നിരുന്നു. നേരെ മോർച്ചറിയിലേക്ക് പോയി. സുനിതയുടെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞിരുന്നെങ്കിലും ബോഡി കൊണ്ടുപോവാൻ അവരുടെ ചേച്ചി മാത്രം പുറത്തുണ്ട്. എന്നെ കണ്ടതും അവർ അടുത്തേക്ക് വന്നു.

“ഞാനിവളെ എങ്ങോട്ട് കൊണ്ടു പോവും? ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടിലാണ്.”

അവർ കണ്ണു തുടച്ചു. സുനിതയുടെ ബോഡി സ്മശാനത്തിലെത്തിച്ചതിനു ശേഷമാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്. കൈലാസത്തിലെത്തിയപ്പോൾ ഏട്ട് മണി കഴിഞ്ഞു. സുനിതയുടെ ശൂന്യത പല തവണ എന്നെ നൊമ്പരപ്പെടുത്തി. കുളിച്ച് ഒരു ഗ്ലാസ് പാലെടുത്ത് തിളപ്പിച്ചാറ്റി കുടിച്ച് ഞാൻ കിടന്നു.രണ്ട് ദിവസത്തെ ക്ഷീണമുണ്ട്.നന്നായുറങ്ങണം. കിടന്നതേ ഓർമ്മയുള്ളൂ. ഉറക്കത്തിലാഴ്ന്നു പോയി. എന്തോ ദു:സ്വപ്നം കണ്ടാണുണർന്നത്. ഒരു വലിയ കറുത്ത പൂച്ച എന്നെ ഓടിക്കുന്നു.പുറത്ത് ഏതോ പട്ടിയുടെ നിർത്താതെയുള്ള കുരയും. എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടു.അത് വീടിന്റെ മുറ്റത്തു നിന്നാണെന്നു ഞാൻ തിരിച്ചറിഞ്ഞപ്പോഴേക്കും മുറിക്കു വെളിയിൽ ജനലിനരികിൽ ഒരു നിഴലനങ്ങി.

തൊണ്ടയിൽ എന്തോ കുടുങ്ങിയിരിക്കുന്നു. ശബ്ദിക്കാൻ പോലും ഭയം. പുറത്ത് നിൽക്കുന്നത് സ്ത്രീയോ പുരുഷനോ? സ്ത്രീയാണെന്നു തോന്നി. ഫോണെടുത്ത് ശബ്ദമുണ്ടാക്കാതെ ടോയ്ലെറ്റിൽ കയറി അരവിയുടെ നമ്പർ ഡയൽ ചെയ്തു. രണ്ടാം വട്ടം വിളിച്ചപ്പോഴാണ് അവൻ അറ്റന്റ് ചെയ്തത്.

” അരവി വീടിനു പുറത്താരോ ഉണ്ട് ഒന്നിവിടെ വരാമോ?”

ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു.

“ആര്?”

” അറിയില്ല. നീയൊന്നു വേഗം വന്നേ. എനിക്ക് പേടിയാവുന്നു.”

“ഇപ്പോ വരാം”

ഫോൺ കട്ടായി നാലു വീടിനപ്പുറം മാറിയാണ് അവൻ താമസിക്കുന്നത്. ശബ്ദമുണ്ടാക്കാതെ ബെഡ്റൂമിന്റെ മറവ് പറ്റി ഞാൻ ഹാളിലെത്തി. ആ നിഴലപ്പോൾ ഹാളിലെ ജനലരികിലെത്തിയിരുന്നു. ടെറസിൽ ആരുടേയോ കാൽപെരുമാറ്റം പോലെ ഞാൻ ശ്രദ്ധിച്ചു അത് തോന്നലായിരുന്നില്ല ടെറസിൽ ആരോ ഉണ്ട്. അവർ ഏത് നിമിഷവും വാതിൽ തുറന്നകത്ത് കടക്കാം .എന്നെ കൊലപ്പെടുത്തുകയാവാം അവരുടെ ലക്ഷ്യം. എന്തിന്? ഇപ്പോഴും അറിയില്ല. അജ്ഞാതമായ എന്തോ കാരണത്താൽ അവരെന്നെ ഭയക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്നതവർക്ക് താൽപര്യമില്ല. ജനലിൽ ഒരു ഒരു ടോർച്ചിന്റെ വെളിച്ചം പതിഞ്ഞു. എവിടെയൊക്കെയോ എന്തോ തട്ടിമറിയുന്ന ശബ്ദം. ടെറസിൽ നിന്നാരോ ചാടിയിറങ്ങി ഓടി.

“ആരടാ അത്?”

അരവിയുടെ അച്ഛന്റെ ശബ്ദം. ബൂട്ടുകളുടെ ചടപട ശബ്ദം ഗേറ്റിലേക്ക്.

” നിൽക്കെടാ അവിടെ ”

അരവിയുടെ ആക്രോശം.റോഡിലെവിടെയോ ഒരു ബൈക്ക് സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ പുറത്തെ ലൈറ്റിട്ടു.തൊട്ടടുത്തുള്ള വീടുകളിലൊന്നിൽ ലൈറ്റ് തെളിഞ്ഞു. മുറ്റത്ത് അരവിയുടെയും അച്ഛന്റേയും ശബ്ദം.

“മോളെ വാതിൽ തുറക്ക് ”

അരവിയുടെ അച്ഛൻ പറഞ്ഞതിനു ശേഷമാണ് ഞാൻ വാതിൽ തുറന്നത്.നടന്ന കാര്യങ്ങൾ ഞാൻ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. സമയമപ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു.

” അവർ ആരാണെന്നോ എന്താണെന്നോ അറിയാത്ത സ്ഥിതിക്ക് നീയിനി ഒറ്റയ്ക്കിവിടെ നിൽക്കണ്ട.”

അരവിയുടെ അച്ഛന്റെ നിർദ്ദേശ പ്രകാരം ഞാൻ വീട് പൂട്ടി അവർക്കൊപ്പം ഇറങ്ങി.

അരവിയുടെ വീട്ടിലെത്തിയിട്ടും ഉറക്കം വന്നിരുന്നില്ല. കുറച്ചു സമയം അരവിയോടൊപ്പം സംസാരിച്ചു. എത്ര ചിന്തിച്ചിട്ടും അവർ എനിക്കു പിന്നാലെ വന്നതിന്റെ കാരണം മാത്രം അജ്ഞാതമായി കിടന്നു. അജ്ഞാതന്റെ കത്തു പോലെ. നേരം പുലർന്നതും ഞാൻ വീട്ടിലെത്തി. ഇന്ന് സ്റ്റുഡിയോയിൽ പോവണം. സാമുവൽസാറിന്റെ വീട്ടിൽ പോയി കാറെടുക്കണം. അങ്ങനെ കുറേ കാര്യങ്ങൾ. ഗേറ്റു കടന്നതേ ഞാൻ ഞെട്ടിപ്പോയി പാതി തുറന്ന വാതിൽ. ഓടിച്ചെന്ന് നോക്കിയ എന്റെ സമനില തെറ്റി അച്ഛന്റെ മരണശേഷം ക്ലീൻ ചെയ്യാൻ മാത്രം മാസത്തിലൊരിക്കൽ തുറക്കാറുള്ള അച്ഛന്റെ ഓഫീസുമുറി തുറന്നിരിക്കുന്നു. ലോക്ക് തകർത്തല്ലാതെ കീ ഉപയോഗിച്ച് തുറന്നിരിക്കുന്നു. മേശയിലും അലമാരയിലും കിടന്ന ഫയലുകളും നിയമ പുസ്തകങ്ങളും മൊത്തം മുറിയിൽ ചിതറി കിടക്കുന്നു. അച്ഛന്റെയും അമ്മയുടേയും മാലയിട്ട ഫോട്ടോ തറയിൽ വീണ് ചിലന്തിവല പോലെ പൊട്ടിയിട്ടുണ്ട്. എന്റെ മുറിയിലെ അവസ്ഥയും അതുതന്നെയായിരുന്നു. അലമാരയിൽ അടുക്കി വെച്ച തുണികളും സാമഗ്രികളും കൂടാതെ മുന്നെ ചെയ്ത ഓരോ എപ്പിസോഡിനെ കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ ഫയലുകളും തറയിൽ ചിന്നി ചിതറിയിരുന്നു. അതിനിടയിൽ യാദൃശ്ചികമായാണ് ഒരു സിഗരറ്റ് കുറ്റി എന്റെ ശ്രദ്ധയിൽ പെട്ടത്.അതേ സിഗരറ്റ് കുറ്റി ഞാൻ നേരത്തെ സജീവിന്റെ ഫ്ലാറ്റിലും കണ്ടത്. ഞാനത് കർച്ചീഫു വെച്ചെടുത്തു. സുനിതയ്ക്ക് ഉപയോഗിക്കാൻ കൊടുത്ത മുറിയൊഴികെ ബാക്കിയെല്ലാ മുറികളിലും ആക്രമികളുടെ പരാക്രമം കാണാമായിരുന്നു. എന്തിന് പൂജാമുറിയിലെ വിഗ്രഹങ്ങളും വിളക്കുകളും താലവും വരെ. അരവിയെ വിളിച്ച് കാര്യം പറഞ്ഞു. മിനിട്ടിനുള്ളിൽ അവൻ സ്ഥലത്തെത്തി.

“വേദ പോലീസിൽ ഒരു കംപ്ലയിന്റെന്തായാലും കൊടുക്കണം”

ഞാൻ മറുപടി പറഞ്ഞില്ല. അവൻ തന്നെയാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ഞാൻ സിഗരറ്റ് കുറ്റി അവനെ ഏൽപിച്ചു. എന്താണെന്ന അർത്ഥത്തിലവനെന്നെ നോക്കി.

” എന്റെ മുറിയിൽ നിന്നു കിട്ടിയതാണ്.ഇതേ ബ്രാൻഡ് ഞാൻ സജീവിന്റെ ഫ്ലാറ്റിലും കണ്ടിട്ടുണ്ട്. ”

“വേദ നീ പറഞ്ഞു വരുന്നത്?”

“യെസ് അതു തന്നെ.സജീവിന്റെ കൊലപാതകികൾ തന്നെയാണ് എനിക്ക് പിന്നിലും.അവർ വന്നത് നമ്മുടെ കൈയിലുള്ള ചില തെളിവുകൾക്കാണ്. അവയൊന്നും അവർക്കീ വീട്ടിൽ നിന്നും കിട്ടിയിട്ടില്ലെന്ന് ഉറപ്പാണ് കാരണം അവയെല്ലാം എന്റെ ലാപ്ടോപിലാണ്.”

” എന്നിട്ട് ലാപെവിടെ? ”

” അത് കാറിൽ കിടക്കകയാ. കാറാണെങ്കിൽ സാമുവൽ സാറിന്റെ വീട്ടിൽ,…..”

സംസാരിച്ചിരിക്കെ സ്റ്റേഷനീന്ന് രണ്ട് മൂന്ന് പോലീസുകാർക്കൊപ്പം സ്ഥലം എസ്ഐ ജെയിംസ് ജോർജ്ജ് വന്നു. വിശദമായ തിരച്ചിലുകളും മറ്റും കഴിഞ്ഞ ശേഷം എന്നോടായി ചോദിച്ചു.

“ആഭരണങ്ങളോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമോ പോയിട്ടുണ്ടോ?”

ഞാനും അപ്പോഴാണ് അതേപറ്റി ചിന്തിച്ചത്.

“അച്ഛന്റെ മുറിയിലെ അലമാരയിൽ രണ്ട് ഡയമണ്ട് സ്റ്റഡുകളും അമ്മയുടെ താലിമാലയുമുണ്ടായിരുന്നു.”

എസ് ഐ പോലീസുകാരനു നേരെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു.

അയാൾ അച്ഛന്റെ മുറിയിലേക്ക് പോയി. തിരികെ വരുമ്പോൾ അയാളുടെ കൈയിൽ ചെറിയ ജ്വല്ലറി ബോക്സിൽ അമ്മയുടെ മാലയും സ്റ്റഡും ഉണ്ടായിരുന്നു.

” അപ്പോൾ മോഷണമല്ല. നിങ്ങൾക്ക് വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടുമില്ല. ശത്രുക്കളാരെങ്കിലും ഉണ്ടോ?”

“ഇല്ല ”

അങ്ങനെ പറയാനാണ് തോന്നിയത്.തുടർന്ന് രാത്രി അരങ്ങേറിയ സംഭവവും പറഞ്ഞപ്പോൾ അവർ ടെറസിൽ പോയി നോക്കി. അന്വേഷിക്കാമെന്ന ഉറപ്പിൽ പോലീസുകാർ പോയി. പിന്നാലെ അരവിയും വീടിന്റെ ലോക്കുകൾ ഒന്നും പൊളിക്കാതെയാണ് അകത്ത് കടന്നത്. അതും ഡോർ തുറന്ന് .അച്ഛന്റെ റൂമിന്റെ കീ വെക്കുന്നത് എന്റെ റൂമിലെ ചുവരിൽ വെച്ച ഫ്ലവർ സ്റ്റാന്റിന്റെ ചെറിയ അറയിലാണ്.അത് തുറക്കണമെങ്കിൽ നമ്പർ ലോക്കാണ്.അത് പോലും സമർത്ഥമായി തുറന്നിരിക്കുന്നു.

താമസം ഹോസ്റ്റലിലേക്ക് മാറ്റണം ഭയന്ന് ജീവിക്കാൻ വയ്യ. ഞാൻ ഫയലുകളെല്ലാം നോക്കി യഥാസ്ഥാനത്ത് വെക്കാൻ തുടങ്ങിയപ്പോൾ കോളിംഗ് ബെല്ലടിഞ്ഞു. വാതിൽ തുറന്നപ്പോൾ മുന്നിൽ സുനിതയുടെ ചേച്ചി. എന്നെ തള്ളി മാറ്റിയവർ ഹാളിലെക്കു കടന്നു ഭയത്തോടെ വാതിലടച്ചു. വെള്ളം വേണമെന്ന് ആഗ്യം കാണിച്ചു. ഫ്രിഡ്ജിൽ നിന്നെടുത്ത വെള്ളം ഗ്ലാസിലേക്ക് പകരാൻ അനുവദിക്കാതെ അവർ കുപ്പിയോടെ വായയിലേക്ക് കമിഴ്ത്തി. ഭയം കൊണ്ടവരുടെ മുഖം വല്ലാതെ വിളറിയിരുന്നു. ഞാൻ അവരുടെ ഭാവം കണ്ടമ്പരന്നിരിക്കയായിരുന്നു.. അവർ ചുമലിൽ തൂക്കിയ ബേഗിലെ സാധനങ്ങൾ എനിക്കു മുമ്പിലെ ടീ പോയ്മേൽ കമിഴ്ത്തി. ടീപ്പോയ്ക്കു മേലെയുള്ളവ കണ്ട് ഞാൻ ഞെട്ടി . അടുക്കള ജോലിക്കു പോകുന്ന ഇവരുടെ കൈയിൽ ഇത്രയും…….?

രണ്ടായിരത്തിന്റെ മൂന്ന് കെട്ടുകൾ, സോപ്പിൽ പതിച്ചെടുത്ത ഒരു കീയുടെ അടയാളം, പിടിയിൽ രക്തം കട്ടപിടിച്ച ഒരു സ്റ്റീൽ കത്തി, 5,00,000 രൂപയുടെ KTമെഡിക്കൽസിൽ നിന്നുള്ള ഒരു ബിൽ കൂടാതെ ബാംഗ്ലൂർ ടു കൊച്ചി ട്രെയിൻ ടിക്കറ്റ്‌.

ഞാനെന്തെങ്കിലും ചോദിക്കും മുന്നേ അവർ ഇങ്ങോട്ട് പറഞ്ഞു.

“കുറച്ചു ദിവസമായി അങ്ങേരുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കാണുന്നു. അതിന്റെ കാരണം ഇതാണ് എന്നെനിക്കിന്നു മനസിലായി. ഇതെല്ലാം അങ്ങേരുടെ പഴയ ഇരുമ്പു പെട്ടിയിൽ നിന്നു കിട്ടിയതാ.”

ഞാനാ ബാർ സോപ്പെടുത്തു നോക്കി, പിന്നെ എഴുന്നേറ്റു പോയി വീടിന്റെ കീയെടുത്ത് ബാർ സോപ്പിൽ വെച്ചു.കിറുകൃത്യമായിരുന്നു. വെറുതെ ഒരു സംശയത്തിന്റെ പേരിൽ ചെയ്തതാണെങ്കിലും എന്റെ ഹൃദയമിടിപ്പു കൂടി.ഒരിക്കൽ പോലും അയാളീ വീട്ടിൽ വന്നതായി ഓർമ്മയില്ല. പിന്നെ ഇതെങ്ങനെ?

“ഇന്നലെ രാത്രി നിങ്ങളുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നോ? ”

“ഇല്ല. വീട്ടിലങ്ങനെ സ്ഥിരം വരാറില്ല.”

“ഉം… ”

” വീട്ടിൽ ഞാൻ മിക്കപ്പോഴും തനിച്ചാ. അങ്ങേര് വീട്ടിൽ വരുന്നത് നല്ല കാലിലാ ചിലവിന് മാസം 5000 രൂപ എങ്ങനയായാലും തരും. കുട്ടികളില്ലാത്തത് ഒരു കണക്കിന് ഭാഗ്യമാണെന്ന് തന്നെ ഞാനും കരുതി. വീട്ടുവാടക തന്നെ 4000 രൂപയാണ്.സുനിത ഉള്ളപ്പോ എന്തെങ്കിലും തരുമായിരുന്നു.”

അവർ നിർത്തി.

“ഈ കാശെവിടുന്നാ എന്നറിയോ?”

കാശു ചൂണ്ടി ഞാൻ ചോദിച്ചു.

” ഇല്ല മോളെ.അർഹതപ്പെട്ടതല്ലാന്നു തോന്നി. എവിടുന്നേലും മോഷ്ടിച്ചതാവും അതുറപ്പാ ഇത് കണ്ടില്ലെ കത്തി. എനിക്ക് പേടിയാവുന്നുണ്ട്. ”

“പേടിക്കണ്ട. ഇപ്പോ ആളെവിടുണ്ട്.?”

“ഒരു മാസം കഴിഞ്ഞേ ഇനി വരുന്ന് പറഞ്ഞ് രാത്രി പോയി.പോവാൻ നേരം പതിവില്ലാതെ എനിക്ക് 10,000 രൂപ തരേം ചെയ്തു.”

” മുരുകേശിന്റെ നമ്പർ പറഞ്ഞേ ”

ഞാൻ ഗൗരവത്തിലായി.

” അങ്ങേർക്ക് ഫോണൊന്നുമില്ല. ഞാനാണിത് പറഞ്ഞതെന്ന് അങ്ങേർക്കുറപ്പായിരിക്കും. എന്നെ വന്ന് നാല് ഇടി തന്നാലും ഞാൻ സഹിച്ചോളാം. അതിനേക്കാൾ വലുതെന്തോ വരാനിരിപ്പുണ്ടെന്നൊരു തോന്നൽ.”

അവർ പോയി കുറേ കഴിഞ്ഞപ്പോഴാണ് ഞാൻ എഴുന്നേറ്റത്. വീടിന്റെ കീ അയാളുടെ കൈയിലെത്തണമെങ്കിൽ ഒന്ന് മോഷ്ടിക്കുക, അല്ലെങ്കിൽ സുനിതയുടെ കൈയിൽ നിന്നെടുക്കുക. രണ്ടാമത്തേതിനാണ് സാധ്യത കൂടുതൽ.വീടിന്റെ ഒരു കീ ഞാൻ ധനുഷ്ക്കോടി പോയപ്പോൾ സുനിതയെ ഏൽപിച്ചിരുന്നു. സുനിതയിൽ നിന്നും അവളുടെ ചേച്ചിയുടെ ഭർത്താവ് വേലായുധൻ എടുത്തതാവും.. ഇനിയൊരു പക്ഷേ സുനിത തന്നെ നൽകിയതാവുമോ? അവളുടെ മുറിയൊന്നു പരിശോധിക്കണം.

ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിർത്തിവെച്ചു ഞാൻ അവളുടെ മുറി ലക്ഷ്യം വെച്ചു നടന്നു. അവളുടെ മുറിയെന്നത് എനിക്ക് തീർത്തും അപരിചിതമായതൊന്നായിരുന്നു. ചാരിയിട്ട വാതിൽ തുറന്ന് ഞാനകത്ത് കയറി. ചുളിവുകൾ വീണ ബെഡ്ഷീറ്റും തറയിൽ വീണു കിടക്കുന്ന പുതപ്പും. എന്റെ മനസ് അസ്വസ്ഥമാവാൻ തുടങ്ങി. ചുവരു ചാരിയിട്ട മേശപ്പുറത്ത് കുടിക്കാനെടുത്തു വെച്ച ജഗ്ഗിലെ വെള്ളം മറിഞ്ഞു തറയിൽ തളം കെട്ടിക്കിടക്കുന്നു. ജനവാതിൽ പാളിക്കരികിലായി കുത്തിയണച്ച സിഗരറ്റ് കുറ്റി. എന്റെ കണ്ണുകൾ കുറുകി. സുനിതയ്ക്കപ്പോൾ സിഗരറ്റ് വലിക്കുന്ന ശീലം ഉണ്ടായിരുന്നോ? ചിലപ്പോൾ ഉണ്ടാവാം. അടഞ്ഞുകിടന്ന അലമാര തുറക്കാൻ നോക്കി അത് ലോക്കായിരുന്നു. എന്തിനാണെന്നറിയില്ല ടോയ്ലറ്റിൽ ഒന്നെത്തി നോക്കാൻ തോന്നിയത്.ഭിത്തിയിൽ ഒരു ചോരപ്പാട്. തെറിച്ചു കൊണ്ടതു പോലെ. തറയിലൊന്നും ചോരയുടെ പാടില്ലായിരുന്നു. തറയിൽ വീണു കിടക്കുന്ന സോപ്പു പെട്ടിയും സോപ്പും. അതിന്റെ സൈഡിലായി ഉപയോഗിച്ച ഒരു സിറിഞ്ചും നീഡിലും. അതെ ! ഇതാ ചെറിയ സിറഞ്ച് തന്നെ. 2 ccസിറിഞ്ചിലും താഴെയുളളത് ‘ പിന്നെ ഓരോ മുക്കും മൂലയും ഞാൻ കണ്ണുകൾ കൊണ്ട് പരതി. ആ മെഡിസിന്റെ ഒരംശം പോലും എവിടെയും കണ്ടില്ല. എല്ലാറ്റിന്റേയും പിറകിൽ ഒരാൾ മാത്രമാണ്. അവരിലേക്കെത്താൻ മുരുകേശൻ വേണം. ഞാൻ ഫോണെടുത്ത് അരവിയെ വിളിച്ചു.

” അരവി നീയിറങ്ങിയോ ”

“ഇല്ല ഇറങ്ങാൻ തുടങ്ങുവാ. വേദ നിന്റെ സക്കൂട്ടി എനിക്ക് വേണം.”

” തരാം. നീയിതു വഴി വാ കുറച്ച് സംസാരിക്കാനുണ്ട്..”

ഫോൺ കട്ട് ചെയ്ത് അടുക്കളയിൽ കയറി. ഒന്നുരണ്ട് ദിവസമായുള്ള ഓട്ടത്തിനിടയിൽ കാര്യമായൊന്നും വയറ്റിൽ എത്താത്തതിനാലാവാം വല്ലാത്ത വിശപ്പും. ഫ്രിഡ്ജിലിരിക്കുന്ന ദോശമാവ് നന്നായി ഇളക്കി ഉപ്പു ചേർത്ത് വെച്ച് ഗ്യാസ് ഓൺ ചെയ്തപ്പോഴാണ് തലേ ദിവസം പാൽഗ്ലാസ് കഴുകാതെ വെച്ചത് ശ്രദ്ധയിൽ പെട്ടത്. പൈപ്പു തുറന്ന് ഗ്ലാസ് കഴുകിയപ്പോൾ വെള്ളത്തിനു ചെറിയ നിറം മാറ്റം. ഒരു കലക്കവെള്ളം നേർപ്പിച്ച കരിങ്ങാലി വെള്ളം പോലെ ചെളിവെള്ളം.പോരാതെ ദുർഗന്ധവും. വേനലായതിനാൽ കോർപറേഷൻ വെള്ളം മൂന്ന് ദിവസം കൂടുമ്പോഴേ വരാറുള്ളൂ.അതിനാൽ കൂടുതലും കുഴൽക്കിണർ വെള്ളമാണ്. ആയതിനാൽ തന്നെ അടിയിലോട്ട് പോവുംതോറും മണ്ണും ടാങ്കിൽ വരും. അതിന്റെയാവും. മുറ്റത്തിറങ്ങി കോർപറേഷൻ പൈപ്പിൽ നോക്കി വെള്ളം വരുന്നുണ്ട്. ഇന്നെന്തായാലും വേറൊന്നും നടക്കില്ല. വീട് ക്ലീനിംഗ് തന്നെ നടക്കട്ടെ. ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടു .അരവിയാണ്. ദോശ ചുടുന്നതിനിടയിൽ ഞാനവനോട് ശാന്തമായി കാര്യങ്ങൾ പറഞ്ഞു. ഫ്രിഡ്ജിൽ നിന്നെടുത്ത വെള്ളത്തിൽ കുറച്ചു ചായയും ഇട്ടു.

” നീ വല്ലതും കഴിച്ചാർന്നോ? ഇല്ലെങ്കിൽ വാ ”

ഒരു പ്ലേറ്റിൽ രണ്ട് ദോശയും അച്ചാറും അവനു വെച്ചു നീട്ടി ഞാൻ . ” ഞാൻ കഴിച്ചതാ.നിനക്ക് കമ്പനിക്ക് വേണേൽ ഞാനും കൂടി കഴിക്കാം”

അവൻ പറയുന്നതിനിടയ്ക്ക് ഒരു പീസ് ദോശ വായിലിടുകയും ചെയ്തു. എന്തോ ഒരു വേള ഞങ്ങളുടെ ബാല്യത്തിലേക്ക് പോയി.

” നീ അലോഷി സാറിനെ വിളിച്ചിരുന്നോ? ”

ഇല്ല എന്ന് തലയാട്ടി ഞാൻ.

” അത് എന്ത് പണിയാ?”

അവന്റെ ചോദ്യത്തിന്

”എനിക്കങ്ങേരുടെ നമ്പർ അറിയില്ല.”

എന്ന് പറഞ്ഞ് ഞാൻ കഴിക്കാൻ തുടങ്ങി. അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അലോഷ്യസിനോട് കാര്യം പറഞ്ഞു.

” അര മണിക്കൂറിനുള്ളിൽ സാർ എത്താമെന്ന്.”

ഫോൺ കട്ട് ചെയ്ത ശേഷം അവൻ പറഞ്ഞു

“അരവിക്ക് ഇന്നെന്താ പരിപാടി?”

“ഇന്ന് ഫുൾ ബിസിയാണ് മോളെ, ബൈക്കിന്റെ കാര്യത്തിൽ ഇത്തിരി ഓട്ടമുണ്ട്. ഇൻഷുറൻസ് നോക്കണം. സ്റ്റുഡിയോയിൽ കുറച്ചു വർക്കുണ്ട്. സാർ വരട്ടെ ഞാൻ എന്നിട്ടേ പോവുന്നുള്ളൂ. ”

അരവി കഴിച്ചവസാനിപ്പിച്ചെഴുന്നേറ്റു. വാഷ്ബേസിനിൽ കൈ കഴുകി തുടങ്ങിയപ്പോൾ

“ഇതെന്താ കലക്കവെള്ളം ? “

കൈവിരലിലെ വെള്ളം മണത്തു നോക്കിക്കൊണ്ടാണവൻ ചോദിച്ചത്.

“അതാ ബോർവെൽ വെള്ളത്തിന്റെയാ ”

ഞാൻ പറഞ്ഞു തീരും മുന്നേ അവൻ സ്റ്റെപ് കയറി ടെറസിലേക്കോടിയിരുന്നു. എന്താണെന്നറിയാൻ ഞാൻ പിന്നാലെ പോവാൻ തീരുമാനിച്ച് പ്ലേറ്റുമായെഴുന്നേറ്റതും

“വേദേ വേഗം വാ ”

എന്ന അരവിയുടെ ഭയം കലർന്ന അലറലും ദോശ പ്ലേറ്റുകൾ എന്റെ കൈയിൽ നിന്നും തറയിൽ വീണ് ചിതറിയതും ഒരേ സമയത്തായിരുന്നു

തുടരും

*************************************************** (ഇതുവരെയുള്ള കഥയെക്കുറിച്ച് മാന്യ വായനക്കാരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.. ഈ കഥ ഈ ഒരു ലൈനിൽ തന്നെ തുടർന്നാൽ മതിയോ?… അതോ?….നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.. )

Comments:

No comments!

Please sign up or log in to post a comment!