അജ്ഞാതന്‍റെ കത്ത് 2
എന്റെ നെഞ്ചിടിപ്പ് എനിക്ക് ശരിക്കും അറിയാമായിരുന്നു. വീടിനകത്തെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. ഒടുവിൽ അത് നിലച്ചു.
ഞങ്ങൾ നിൽക്കുന്നതിന് ചുറ്റും ഇരുട്ട് നിറയാൻ തുടങ്ങി. വീടിനു വെളിയിൽ ഒരു വാഹനം സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ ജോണ്ടിയെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു. അവൻ ക്യാമറയുമായി വീടിനോരം ചേർന്നു മുന്നിലേക്ക് പോയി. ഒരു ചുവന്ന ഇൻഡിക ഗേറ്റ് കടന്ന് വെളിയിലേക്ക് പോയി. കാറിൽ നിന്നും കറുത്തു തടിച്ച ഒരാളിറങ്ങി വന്നു ഗേറ്റടച്ചു വീണ്ടും കാറിൽ കയറി.
വീടിനു ചുറ്റുമുള്ള ചപ്പുകൾ അവിടെ ആൾപാർപ്പില്ലായെന്ന് വിളിച്ചു പറഞ്ഞു.വീടിനകത്തു കടക്കാൻ ഒരു ചെറുപഴുതു പോലുമില്ലായിരുന്നു. അകത്ത് മരണപ്പെട്ടത് കുര്യച്ചനാവുമോ?
അങ്ങനെയെങ്കിൽ കാറിൽ കയറി പോയ തടിയൻ ആരായിരിക്കും? ഡ്രമ്മിനകത്തു കണ്ട കൈ ഇപ്പോൾ കാണാനേയില്ല അതും തിളച്ച ടാറിനകത്തേയ്ക്ക് താണുപോയിരുന്നു. ഗ്യാസ് സ്റ്റൗ ഇപ്പോ ഓഫായിരിക്കുന്നു. ആരെങ്കിലും ഓഫ് ചെയ്തതാണോ അതോ ഗ്യാസ് തീർന്നതോ?
അരവിന്ദിനെ വിളിക്കാൻ ഫോണെടുത്തപ്പോൾ അവനെ നേരത്തെ വിളിച്ച കോൾ അപ്പോഴും കട്ടാകാതെ ഇരിക്കുന്നത് കണ്ടത്.പതിഞ്ഞ ശബ്ദത്തിൽ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു.
” ഞാൻ വീടിനു വെളിയിലുണ്ട്.”
“നീ വരണ്ട ഇവിടേക്കിപ്പോൾ. ഞങ്ങൾ പുറത്തിറങ്ങുകയാണ്.പകൽ വെളിച്ചത്തിൽ മാത്രമേ ഈ വീടു പരിശോധന നടക്കൂ.അതിനു മുന്നേ കുറച്ച് കാര്യങ്ങളുണ്ട്. ഞാനത് വന്നിട്ട് പറയാം.”
ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ട് ഞങ്ങൾ പഴയതുപോലെ മതിലു ചാടി പുറത്തെത്തി. മതിലിനു വെളിയിൽ നിതിൻ നിൽപ്പുണ്ടായിരുന്നു.
ബൈക്കിനടുത്തേക്കുളള യാത്രയിൽ എനിക്കൊത്തിരി അറിയാനുണ്ടായിരുന്നു നിതിനിൽ നിന്നും. എല്ലാത്തിനും വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചപ്പോൾ എന്റെ മനസ് പലവിധ ചിന്തകൾ നിറഞ്ഞു. ബൈക്കുമുന്തി ടാർറോഡിലെത്തിയപ്പോൾ അവിടെ അരവിന്ദനുണ്ടായിരുന്നു. ഞാൻ അരവിന്ദിന്റെ ബൈക്കിൽ കയറി, ജോണ്ടിയും നിതിനും ഞങ്ങൾക്ക് പിന്നിൽ ബൈക്കിൽ വന്നു.
“അരവീ നമ്മൾ വിചാരിച്ച പോലെ രാത്രി അതിനകത്ത് പരിശോദന റിസ്ക്കാണ്.ഒന്നാമത് അഞ്ചാറു വർഷമായി ആ വീട്ടിൽ ആൾപ്പാർപ്പില്ലാതെ. ആ വീട്ടിലെ താമസക്കാരായ അലക്സാണ്ടർ മറിയം ദമ്പതികൾ രണ്ട് വർഷം മുന്നേ ഏക മകളായ ടെസ്സയ്ക്കൊപ്പം ആസ്ട്രേലിയയിലേക്ക് പോയതാണ്.വീട്ടിൽ ഇടയ്ക്ക് വന്ന് തേങ്ങയിടീക്കുന്നത് വീട്ടുടമസ്ഥന്റെ സഹോദരീ പുത്രനായ എൽദോ ആണ്. “
” എൽദോയെ പിടിക്കണം ല്ലേ?”
“അതെ പക്ഷേ കാര്യം അത്ര എളുപ്പമല്ല. എൽദ്ദോ നമ്മുടെ എംഎൽഎ യുടെ ബ്രദർ ഇൻലോ കൂടിയാണ്.
“എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടല്ലോ വേദ.എൽദോയുടെ താമസസ്ഥലം കിട്ടിയോ?”
” നിതിനു കറക്റ്റ് അറിയില്ല. കടുങ്ങാച്ചിറയാണ് എന്നൊരൂഹം പറഞ്ഞു. അത് നമുക്ക് കണ്ടു പിടിക്കാവുന്നതേയുള്ളൂ.”
“ആദ്യം സാമുവൽസാറിന്റെ പാർട്ടിക്ക് പോവണം, സാറിനോട് ഇക്കാര്യത്തെ പറ്റി പറയണം”
സാമുവൽ സാറായിരുന്നു വിഷൻ മീഡിയാ ചാനലിന്റെ ജീവനാഡി. അച്ഛന്റെ ആത്മാർത്ഥ സുഹൃത്ത്. സാമുവേൽ സാറ് വരുന്ന സമയത്ത് വിഷൻ മീഡിയ വെറുമൊരു ലോക്കൽ ചാനലു മാത്രമായി പാട്ടും സിനിമയുമായി കഴിയുകയായിരുന്നു . ചാനൽ ഓണറായിരുന്ന ശിവറാമിന്റെ അകാലമരണത്തിൽ പലരും ചാനൽ വിൽക്കാൻ നിർബന്ധിച്ചെങ്കിലും മക്കളില്ലാത്ത ഗായത്രിശിവറാം ഒരു കുഞ്ഞിനെ എന്ന പോലെ ചാനലിനെ സ്നേഹിക്കുകയായിരുന്നു.
സാമുവൽസാർ വന്നതിനുശേഷം ചാനലിൽ മൊത്തം അഴിച്ചുപണി നടത്തി. പിതൃതുല്യനായി എല്ലാവരും അദ്ദേഹത്തെ കണ്ടു ബഹുമാനിച്ചു. പ്രായവും ജേർണലിസം മേഖലയിലെ പ്രവർത്തിപരിചയവും കൊണ്ട് സാമുവേൽ സാർ വിഷൻ മീഡിയയെ റേറ്റിംഗിന്റെ കാര്യത്തിൽ മുൻപന്തിയിലെത്തിച്ചു.
സത്യമാണദ്ദേഹത്തിന്റെ അജണ്ട. സ്നേഹമാണ് മുദ്രാവാക്യം. ഇന്നത്തോടെ അദ്ദേഹം വിഷൻ മീഡിയയോട് വിട പറയുകയാണ്. വികാരഭരിതമായ രംഗങ്ങൾ കാണേണ്ടി വരും. ലെമെറാഡൂണിലാണ് പാർട്ടി വെച്ചിരിക്കുന്നത്.
” അരവി ഇന്ന് വൈകീട്ട് ഒരു സംഭവം നടന്നു.”
എനിക്ക് വന്ന കത്തിലെ ഉള്ളടക്കം ആദ്യാവസാനം പറഞ്ഞപ്പോൾ അവനുറക്കെ ചിരിക്കാൻ തുടങ്ങി.
” ജേർണലിസ്റ്റാണത്രെ മണ്ടി…..”
അവൻ വീണ്ടും ചിരിച്ചു തുടങ്ങി.
“എടി അത് പറ്റിക്കാനാരേലും ചെയ്തതാവും”
” ആവോ….. എനിക്കറീല്ല അരവി.എന്തോ ചെറിയൊരു ഭയം തോന്നി തുടങ്ങി. “
പിന്നെ കുറേ നേരം മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് അരവിയായിരുന്നു.
” വേദ അതിന്റെ വീഡിയോ ജോണ്ടിയുടെ കൈവശമല്ലേ?”
” ഉം “
“നമുക്കത് സ്റ്റുഡിയോയിൽ വെച്ചിട്ട് പോവാം. നീയവനെ വിളിച്ച് സ്റ്റുഡിയോയിൽ വരാൻ പറ”
ഫോണെടുത്തപ്പോൾ അത് സ്വിച്ചോ ഫായിരുന്നു വീണ്ടും
“അരവീ നിന്റെ ഫോൺ തന്നെ എന്റേത് ചത്തു.
“എടി എച്ചി ആ ഫോണൊന്നു മാറ്റി വാങ്ങരുതൊ? ജാംബവാന്റെ കാലത്തെ സാധനവുമായി ഇറങ്ങിയേക്കാ.”
ഫോൺ തരുമ്പോൾ അവൻ കളിയാക്കി.
” പിന്നേ ജാംബവാനുപയോഗിച്ച ഫോണല്ലെ ഇത്, അസമയത്തെ തമാശ ബോറാ”
തിരിച്ച് മറുപടി കൊടുത്തു ഞാൻ. ഫോൺ തുറന്നപ്പോൾ 17 മിസ്ഡ് കോൾ ജോണ്ടിയുടേത്. മനസിൽ എന്തോ അപകടം മണത്തു.
കാര്യം അരവിയോട് പറഞ്ഞു. എവിടെയോ ഒരു അപകടം മണത്തു. തിരികെ പോയിട്ട് കാര്യമുണ്ടോ? അരവി വണ്ടി എടുത്തു, കലൂർ സ്റ്റേഡിയം കഴിഞ്ഞപ്പോൾ മുതൽ പിന്നിൽ ഒരു വൈറ്റ് സ്ക്കോഡ ഫോളോ ചെയ്യുന്നതായി തോന്നി.
“അരവീ നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ടോ എന്നൊരു സംശയം “
” ഉം….. ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ സ്ക്കോഡ അത്താണി മുതൽ നമുക്ക് പിന്നിലുണ്ട്.”
“ഡാ ഏതേലും ഇടവഴി നോക്കി കയറ്റ് “
കലൂരിന്നു റൈറ്റ് കട്ട് ചെയ്ത് പൊറ്റക്കുഴി വഴിതിരിഞ്ഞു.സ്ക്കോഡയും പിന്നാലെ തന്നെ. മെയിൻ റോഡ് വിട്ട് പോക്കറ്റ് റോഡ് തുടങ്ങി. പിന്നാലെ സ്ക്കോഡ ഇല്ല. ഭാഗ്യം! ഇടവഴി ഏതൊക്കെയോ കയറി ഞങ്ങൾ നാഷണൽ ഹൈവേയിൽ കയറി.
” സ്റ്റുഡിയോയിൽ നമുക്ക് പിന്നെ വരാം. ആദ്യം സാമുവേൽ സാറിനെ കാര്യം ധരിപ്പിക്കണം.”
അരവി പറഞ്ഞു. ലെമെറാഡൂണിൽ എത്തുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു. പച്ച പട്ടുസാരിയിൽ ഗായത്രി ശിവറാം പാർട്ടിയുടെ കേന്ദ്ര ബിന്ദുവായി ജ്വലിച്ചു നിന്നു.
“എന്താണിത് വേദാ, പാർട്ടിക്കു വരുമ്പോഴെങ്കിലും ഡ്രെസ്സിന്റെ കാര്യത്തിൽ ഒന്നു ശ്രദ്ധിക്കണ്ടെ?”
ഒരമ്മയുടെ കരുതലോടെ പതിയെ ശാസനയായി അവർ ചോദിച്ചു. ഞാനും അതേപ്പറ്റി അപ്പോഴാണ് ശ്രദ്ധിച്ചത്. ജോണ്ടിയുടെ കാൾ വന്നപ്പോൾ ഒരു പഴയ ജീൻസുമിട്ട് ഇറങ്ങുകയായിരുന്നു. ഞാനതിനു മറുപടിയായി തല കുലുക്കി ഒന്നു ചിരിച്ചു. അപ്പോഴാണ് സാമുവേൽസർ അവിടേക്ക് വന്നത്.
” ഹാ ഹാ വെൽകം മൈ ഏയ്ഞ്ചൽ വേദപരമേശ്വർ…….”
സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം എന്നെയും ശേഷം അരവിന്ദിനേയും ആലിംഗനം ചെയ്തു.
” ഇത്രയും ലേറ്റായപ്പോൾ ഞാനോർത്തു ഇനി താൻ ഉരുചുറ്റല് കഴിഞ്ഞെത്തിക്കാണില്ലാ എന്ന്. “
എതിരെ കൊണ്ടുവന്ന ഒരു ഓറഞ്ച് ജ്യൂസ് എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.
“ഞാൻ ഉച്ചകഴിഞ്ഞപ്പോഴെക്കും എത്തി സർ, അതിനിടയിൽ ഒരു വർക്കും കിട്ടി, പിന്നതിന്റെ പിന്നാലെയായി പോയി. “
“സീ മിസ്റ്റർ അരവിന്ദ് “
സാമുവേൽ സർ അരവിന്ദിനു നേരെ തിരിഞ്ഞു.
“ഇതാണ് മറ്റുള്ളവരിൽ നിന്നും വേദ പരമേശ്വറിനെ വ്യത്യസ്ഥയാക്കുന്നത്. പരമേശ്വറിന്റെ അതേ വീര്യം സ്വഭാവം.”
എതിരെ നടന്നു വരുന്ന ചെറുപ്പക്കാരനെ നല്ല പരിചയം തോന്നി. അയാൾ സാമുവേൽ സാറിനു ഷേക്ക്ഹാന്റ് കൊടുക്കുമ്പോൾ ചെരിഞ്ഞ് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. മുഖം മുന്നേ എവിടെയോ കണ്ടതായി ഓർത്തെങ്കിലും എവിടെയെന്ന് മാത്രം വ്യക്തതയില്ല.
അരവിയുടെ ഫോൺ ശബ്ദിച്ചു അവൻ ഫോണുമായി പുറത്തോട്ട് പോയി.
“സാറിനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.” ഞാൻ സാമുവേൽ സാറിനോട് പറഞ്ഞു.
“കുഴപ്പാണോടോ “
” ഉം….. കുറച്ച് “
ഞാനും പറഞ്ഞു. അപ്പോഴേക്കും തിടുക്കപ്പെട്ട് അരവിന്ദ് വന്നു.
“വേദ അർജ്ജന്റ് ഒരിടം വരെ പോകണം. സർ ഞങ്ങൾ പാർട്ടി തീരും മുന്നേ എത്താം Sure.വേദ കം പാസ്റ്റ് “
സാമുവേൽ സാറിന്റെ മറുപടിക്കു കാക്കാതെ ഞാനവന്റെ പിന്നാലെ നടന്നു.ചെറിയ കാര്യങ്ങൾക്കൊന്നും ടെൺഷനടിക്കാത്ത അവന്റെ പ്രകൃതം എനിക്ക് നന്നായറിയാവുന്നതാണ്. കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്.
“എന്താ അരവി പ്രശ്നം?”
“ജോണ്ടിയായിരുന്നു വിളിച്ചത് ” ബൈക്ക് സ്റ്റാർട്ട് ചെയ്ത് കൊണ്ടവൻ പറഞ്ഞു.
ജോണ്ടിക്കെന്തോ അപകടം പിണഞ്ഞിരിക്കുന്നു അതുറപ്പായി. അകാരണമായ ഭയത്താൽ ഞാനിടയ്ക്കിടെ പിൻതിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ലുലു പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത് അവനൊപ്പം ഞാനെത്താൻ ഓടുകയായിരുന്നു. സ്പാർക്കിയിലെ തിരക്കിൽ അരവിന്ദ് ആരെയോ തിരക്കി നടന്നു. ഒടുവിൽ ജോണ്ടിയെ ഞങ്ങൾ കണ്ടു. അവനാകെ ഭയന്നു വിറച്ചിരിക്കയായിരുന്നു. ഞങ്ങളെ കണ്ടപാടെ അവൻ ഓടി വന്നു. എന്തേലും ചോദിക്കുന്നതിനു മുൻപേ അരവിന്ദ് അവനേയും കൂട്ടി നടന്നിരുന്നു. അവന്റെ കണ്ണുകൾ ചുറ്റിനും പരതുന്നുണ്ടായിരുന്നു.
താഴെ എത്തിയപ്പോൾ അരവിന്ദ് പറഞ്ഞു. ” ബൈക്ക് യാത്ര എന്തായാലും സേഫല്ല. നമുക്ക് പിന്നിൽ ആരോ ഉണ്ട്.ഞാൻ യൂബർ വിളിക്കാം.”
മൂന്ന് മിനിട്ടിനുള്ളിൽ യൂബർ വന്നു. എനിക്ക് ചോദിക്കാനും പറയാനും കുറേ ഉണ്ടായിരുന്നെങ്കിലും അപരിചിതനായ ഡ്രൈവറെ ഭയന്ന് മൂന്നു പേരും സംസാരിച്ചില്ല. വിഷൻ മീഡിയായിലെ എന്റെ ക്യാബിനിൽ എത്തുംവരെ ആരും സംസാരിച്ചിരുന്നില്ല. എന്റെ ക്ഷമ നശിച്ചിരുന്നു.
“എന്താ ജോണ്ടി ണ്ടായത്?”
“ചേച്ചിയാദ്യം ഇതെല്ലാം കോപ്പി ചെയ് .എന്റെ കൈയിലിത് സേഫല്ല.”
ക്യാമറയെടുത്തവൻ സിസ്റ്റത്തിനടുത്തു വെച്ചു.
“നിങ്ങളവിടുന്നു പോന്നതിന് ശേഷം ഞാൻ നേരെ പാർട്ടിക്ക് പോവാമെന്നോർത്തതായിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എനിക്ക് പിന്നിൽ ഒരു വൈറ്റ് സ്ക്കോഡ വന്നു. എത്ര സൈഡ് കൊടുത്തിട്ടും അത് കയറി പോയില്ല. എനിക്ക് എന്തോ പന്തികേട് തോന്നി. തൊട്ടടുത്ത ജംഗ്ഷനിൽ ഞാൻ വണ്ടിയൊതുക്കി അവിടെയൊരു കടയിൽ കയറി.
” അതേ വൈറ്റ് സ്ക്കോഡ തന്നെയാവാം ഒരുപക്ഷേ നമ്മളേയും ഫോളോ ചെയ്തത്.”
അരവി പറഞ്ഞു. ഞാനപ്പോഴേക്കും ഓഫീസ് സിസ്റ്റത്തിലും എന്റെ ഹാർഡ്ഡിസ്ക്കിലും കൂടാതെ അച്ഛന്റെ മെയിലിലേക്കും അവ സെന്റ് ചെയ്തു. പ്രധാനപ്പെട്ട എല്ലാ മെയിലുകളും ഞാൻ ഇതേ പോലേ അയക്കാറുണ്ട്.
“ആരായിരിക്കും ഇതിന് പിന്നിൽ? നമുക്കിത് പോലീസിനെ അറിയിച്ചാലോ?” ജോണ്ടിയുടെ ചോദ്യം.
” അത് അബദ്ധമാണ്. “
“വണ്ടി നമ്പർ നോട്ട് ചെയ്താർന്നോ നീ? “
എന്ന എന്റെ ചോദ്യത്തിന്
” നമ്പർ ഓർത്തെടുക്കാൻ പറ്റുന്നില്ലെങ്കിലും അതൊരു കർണ്ണാടക റജിസ്ട്രേഷൻ വണ്ടിയാണ്.”
കൈയിലൊരു പൊതിയുമായി റിപ്പോർട്ടർ സാബു ചേട്ടൻ അവിടേക്ക് വന്നു.പൊതി എനിക്ക് നേരെ നീട്ടിയിട്ടവർ പറഞ്ഞു.
” കഴിഞ്ഞാഴ്ച്ച തനിക്ക് വന്ന പാർസലാ. താൻ ലീവായതിനാൽ ഞാനെന്റെ ക്യാബിനിൽ എടുത്തു വെച്ചു”
ഞാനാ പാർസൽ വാങ്ങി. കണ്ണൊന്നു തിളങ്ങി ! ശ്വാസഗതി കൂടി.! അതെ അക്ഷരങ്ങൾ! അതേ കൈപ്പട! എനിക്ക് വന്ന അജ്ഞാത കത്തിലെ അതേ കൈപ്പട ! ഒരാശ്വാസമായി ഫ്രം അഡ്രസ് ഉണ്ടായിരുന്നു. Prameeksha Up ……. ……… ………. പാലക്കാട്
ഞാൻ ധൃതിപ്പെട്ടവയുടെ പുറത്തെ കവർ കീറി.ഉള്ളിൽ 2017 ലെ ഒരു ഡയറി. ആദ്യ പേജിൽ നാലായി മടക്കിയ ഒരു ലെറ്റർ പ്രിയ വേദ മേഡം ഞാൻ മുന്നേ ഒരു കത്തയച്ചിരുന്നു. മനപൂർവ്വമാണോ അതോ കൈകളിലെത്താഞ്ഞതാണോ എന്നറിയില്ല, കുഞ്ഞിമാളുവിന്റെ ചിരിക്കുന്ന മുഖം ഇനിയെനിക്ക് കാണാൻ കഴിയുമോ? നിങ്ങൾ വെക്കുന്ന ഓരോ ചുവടിലും മരണത്തിന്റെ ഗന്ധമുണ്ട്. നിങ്ങളുടെ പ്രോഗ്രാം എല്ലാ വ്യാഴാഴ്ചയും ആവേശപൂർവ്വം കാണുന്നൊരാളായിരുന്നു ഞാൻ. അവന്റെ പേര് സാത്താനെന്നാണ്. അവന്റെ തേറ്റപ്പല്ലുകൾ പിഴുതെടുക്കണം.നിങ്ങൾക്കതിനു കഴിയും, ചാനലിന്റെ ശക്തിയേക്കാൾ ഉറച്ച സത്യത്തിന്റെ മനസാക്ഷിയുണ്ട്. സ്നേഹപൂർവ്വം Pr
കത്തിലെ ഉള്ളടക്കം ഇത്രമാത്രം. ഡയറിയിലെ ആദ്യ പേജിലെ പേര് ഞാൻ വായിച്ചു. Name:തീർത്ഥ സജീവ് Residential Address: തീർത്ഥം, പാലക്കാട് group:BPositive ഇത്രമാത്രം. 2017- ജനുവരി 1 സൺഡെ . അക്ഷരം പഠിച്ചു വരുന്നൊരാൾ
കൂട്ടിപ്പെറുക്കി എഴുതിയ ചില നൊമ്പരങ്ങൾ. ഇന്ന് ന്യൂയർ അപ്പയും അമ്മയുമൊന്നിച്ച് കവയിൽ പോയി. ഡാമിന്റെ ഭംഗി ആസ്വദിച്ചു. വാട്ടർ തീം പാർക്കിൽ കുറേ നേരം കളിക്കാൻ ആഗ്രഹമുണ്ടായിട്ടും അപ്പ സമ്മതിച്ചില്ല. അപ്പ കുറച്ചു നാളായിട്ട് അങ്ങനെയാണ്. രാത്രി ഞങ്ങൾ വലിയ സിനിമാ നടന്മാർ താമസിക്കുന്ന ട്രിപ്പന്റാ എന്നോ മറ്റോ പേരുള്ള വലിയ ഹോട്ടലിൽ താമസിച്ചു.
ഞാൻ അരവിയേയും ജോണ്ടിയേയും നോക്കി. അടുത്ത മൂന്നു നാലു പേജുകളിൽ ഒന്നുമുണ്ടായില്ല.
പിന്നെ എഴുതിയത് ജനവരി 29 സൺഡെ. ഇന്ന് സന്ധ്യയ്ക്ക് അപ്പയുടെ രണ്ട് സുഹൃത്തുക്കൾ വന്നിരുന്നു. അപ്പയുമായി അവർ വഴക്കിട്ടു. അപ്പയെ അവർ തല്ലാൻ നോക്കി. ഞാനും അമ്മയും കരഞ്ഞു.മാർച്ച് 6ന് അവർ വരുമെന്ന് പറഞ്ഞിട്ടാ പോയത്.
ഫിബ്രവരി 10 വെള്ളി അപ്പ നന്നായി മദ്യപിച്ചിരുന്നു.എല്ലാ പ്രശ്നങ്ങൾക്ക് കാരണം അമ്മയാണെന്നും പറഞ്ഞ് അമ്മയെ കുറേതല്ലി. ഞാൻ കരഞ്ഞു. പിന്നീടുള്ള പേജുകളെല്ലാം ശൂന്യമായിരുന്നു.
മാർച്ച് 5 ഞായർ അതിനകത്ത് വരച്ച മൂന്ന് ചിത്രങ്ങൾക്ക് മീതെ അപ്പ, തീർത്ഥ, അമ്മ എന്നീ അക്ഷരങ്ങൾക്കു മീതെ ചീറ്റിത്തെറിച്ച രക്തത്തിന്റെ പാട്.
ആരാണീ തീർത്ഥ? കുഞ്ഞിമാളുവും തീർത്ഥയും ഒരാളാണോ? അവളുടെ ഡയറിയിലെ രക്തത്തിന്റെ പാട് ആരുടേതാണ്. ഈ കത്ത് ഇവർ എന്റെ പേരിൽ തന്നെ അയക്കാനുള്ള കാരണം എന്താവും? ഇതേ സമയം വിഷൻ മീഡിയയുടെ തൊട്ടടുത്ത പാർക്കിംഗിൽ വൈറ്റ്സ്ക്കോഡ ആരെയോ കാത്തെന്ന പോലെ നിൽപുണ്ടായിരുന്നു.സ്ക്കോഡയുടെ സ്റ്റിയറിംഗിൽ താളം മുട്ടുന്ന ഒരു സ്ത്രീയുടെ ഇടത്തെ കൈയും. ആ കൈകളിലെ വിരലുകളിലൊന്നിൽ സജീവ് എന്ന പേരു പച്ചകുത്തിയിരുന്നു….
നെഞ്ചിലൊരു നെരിപ്പോടായി ആ ഡയറി. പാർട്ടി തീരാൻ ഇനിയും സമയമുണ്ട് പക്ഷേ ഇനി വയ്യ.
“നമ്മളെന്താടാ ചെയ്യാ?”
ഞാൻ അരവിയെ നോക്കി.
“ഒന്നുകിൽ ഇതിന്റെ പിന്നാലെ പോവുക. അല്ലെങ്കിൽ ഇങ്ങനെയൊരു കാര്യം കണ്ടില്ലെന്നു നടക്കുക.”
” എങ്ങനെയാ അരവി കണ്ടില്ലെന്നു നടിക്കുക?”
” എങ്കിൽ നീ പോയി തല വെച്ച് കൊടുക്ക് എത്ര കിട്ടിയാലും പഠിക്കാത്ത നിന്റെ സ്വഭാവമാണ് മാറ്റേണ്ടത്. “
അരവി ചൂടായി. അവൻ പറയുന്നത് ശരിയാണെന്ന് എനിക്കും അറിയാമായിരുന്നു. പക്ഷേ എനിക്കതിനു കഴിയില്ല.
“ജോണ്ടി നാളെ നമുക്കൊരിടം വരെ പോവണം.”
എവിടെയാണെന്നവൻ ചോദിച്ചില്ല.
” അരവീ എനിക്കെന്തായാലും ഇന്ന് ഫംഗ്ഷന് ഇനി പറ്റില്ല. എന്നെയൊന്ന് വീട്ടിൽ വിടാമോ?”
ഒരു ടാക്സിയിൽ ഞങ്ങൾ യാത്ര തിരിച്ചു. പരസ്പരം ആരും സംസാരിച്ചില്ല. വീടിനു മുമ്പിൽ ഇറങ്ങുമ്പോൾ ഞാൻ ജോണ്ടിയോട് പറഞ്ഞു.
“ജോണ്ടി കാലത്ത് അഞ്ച് മണിയാകുമ്പോൾ ഇവിടെത്തണം. “
അത്താഴത്തിന് മുമ്പിലിരിക്കുമ്പോൾ വിശപ്പ് കെട്ടിരുന്നു. എങ്കിലും ഒരു ചപ്പാത്തി കഴിച്ചു. മുറിയിലെത്തി . ഒത്തിരി പ്ലാനിംഗ് ഉണ്ട്. ഡയറി അയച്ച ഫ്രം അഡ്രസ്സ് തിരക്കിയിറങ്ങണം, പിന്നെ തീർത്ഥ. എന്തോ എവിടെയോ ഞാൻ കണക്റ്റായി കിടക്കുന്നുണ്ട്. മെസഞ്ചറിൽ ഒരു മെസ്സേജ് വന്നു. ഞാൻ ഓപൺ ചെയ്തു. ഒരു Sai Siva ഒരു ഇമേജാണ്, ഒരു ചെറിയ ഓടിട്ട വീടിന്റെ. മനോഹരമായ ആ വീടിന്റെ മുന്നിൽ നിറയെ പലതരത്തിലും വർണത്തിലുമുള്ള പൂക്കളുണ്ടായിരുന്നു. വീടിനോട് ചേർത്തുവെച്ച ഒരു ചെറിയ സൈക്കിൾ. സൈക്കിളിന്റെ മീതെ ഒരു ടെഡിബിയർ. സൂം ചെയ്ത് നോക്കിയപ്പോൾ ആ ടെഡിബിയറിനു ഒരു കണ്ണു മാത്രമേ ഉള്ളൂ എന്ന് മനസിലായി. അപരിചിതരയക്കുന്ന മെസ്സേജിന് മറുപടി കൊടുക്കാറില്ല. നെറ്റ് ഓഫ് ചെയ്തിട്ട് തലയിണ ക്രാസിയിൽ ചാരി ഇരുന്നു. എതിരെയുള്ള ചുമരിൽ അമ്മയ്ക്കും അച്ഛനുമൊപ്പം ഞാൻ സെറ്റിയിലിരിക്കുന്ന ഒരു ഫോട്ടോ . അച്ഛനായിരുന്നു എല്ലാത്തിന്റേയും ഗുരു.ആദർശങ്ങളിൽ മുറുക്കിപ്പിടിച്ച അഡ്വക്കേറ്റ് പരമേശ്വരൻ ജേർണലിസം ചെയ്യണമെന്നു പറഞ്ഞപ്പോൾ അമ്മയേക്കാൾ സപ്പോർട്ട് ചെയ്തത് അച്ഛനായിരുന്നു.അഡ്വക്കേറ്റ് ദമ്പതികളുടെ മകൾ ജേർണലിസ്റ്റാവുന്നതിൽ അമ്മയുടെ കുടുംബക്കാരിൽ പലർക്കും ഇഷ്ടമായില്ല. എന്തിനും ശക്തി തന്നത് അച്ഛനുമമ്മയും തന്നെയായിരുന്നു. അച്ഛനുണ്ടായിരുന്നെങ്കിൽ എന്റെ പ്രശ്നങ്ങൾ ഇത്രയധികം സങ്കീർണമാവില്ലായിരിക്കും. ഇടതും വലതും ഓരോ തലയിണവെച്ച് അച്ഛനുമമ്മയും ആണെന്ന് സങ്കൽപിച്ച് ഞാനുറങ്ങി. പുലർച്ചെ ഉണർന്ന് റെഡിയാകുമ്പോൾ ഗേറ്റിൽ ബൈക്കിന്റെ ഹോണടി ശബ്ദം തകർക്കുന്നു.
“സുനിതേച്ചീ…. ജോണ്ടിയാവും ഗേറ്റ് തുറന്നുകൊടുക്ക്.”
ഇറങ്ങാൻ സമയം ലേറ്റായി.5.17 കഴിഞ്ഞിട്ടുണ്ട്.
” സുനിതേച്ചീ ഞാനിറങ്ങു വാ “
“അപ്പൂ നീ കഴിച്ചില്ലല്ലോ?”
സുനിത പരാതി.
” സമയമാവണല്ലേയുള്ളൂ, വഴീന്ന് കഴിച്ചോളാം. ചേച്ചി കാറിന്റെ കീയെടുത്ത് ജോണ്ടിയുടെ കൈയിൽ കൊടുക്ക്.”
ബേഗിലേക്ക് ലാപ്ടോപ്പ് കുത്തിക്കയറ്റുന്നതിനിടയിൽ ഞാൻ പറഞ്ഞു.
“എനിക്ക് മാത്രമായി എന്തിനാ വച്ചുണ്ടാക്കുന്നത്.? ഞാനിനി വച്ചുണ്ടാക്കുന്നത് നിർത്തി “
കീയുമെടുത്ത് സിറ്റൗട്ടിലേക്ക് പോകുമ്പോൾ സുനിത പിറുപിറുത്തു. സുനിതയോട് പറഞ്ഞ് തിടുക്കപ്പെട്ട് ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.
” എങ്ങോട്ടാ വരദാ മാഡം?”
ശബ്ദം കേട്ട് ഞെട്ടി.അരവിന്ദിന്റെ ശബ്ദം. ഡ്രൈവിംഗ് സീറ്റിൽ അരവി. സന്തോഷം തോന്നി വല്ലാതെ. ഇന്നോളം എല്ലാത്തിനും കൂടെയുണ്ടാവുന്ന സൗഹൃദം ഒരിക്കൽ കൂടി തെളിയിച്ച് അരവിന്ദ്. പിന്നിലിരിക്കുന്ന ജോണ്ടിയുടെ കൈകളിലേക്ക് ബേഗ് നൽകി ഞാൻ പറഞ്ഞു.
” പാലക്കാട് “
” എനിക്കറിയാരുന്നു. പ്രമീക്ഷയ്ക്ക് പിന്നാലെ ല്ലെ?”
“അതെ. ആ അഡ്രസ്സ് മാത്രമാണ് മുന്നിലുള്ള കച്ചിത്തുരുമ്പ് .അതിൽ നിന്നും തുടങ്ങണം. എന്തിന്? ആര്? എന്നെല്ലാം” ഷൊർണൂർ കഴിഞ്ഞപ്പോൾ ചെറുതായി മഴ തുടങ്ങി. വരണ്ടുണങ്ങിയ നിളയുടെ മാറ് ഇനിയും പിറക്കാത്ത മക്കൾക്കായ് കാത്തു തുടങ്ങിയിരുന്നു. നീരു വറ്റിയ മണൽത്തരികൾ ആർത്തിയോടെ മഴമേഘങ്ങളെ നോക്കി. പാലക്കാട് എത്തിയപ്പോൾ പത്ത് കഴിഞ്ഞു.
“വേദ ഇനിയെങ്ങോട്ടാ?”
അരവിയുടെ ചോദ്യം.
“കടുക്കാംകുന്ന്. അതിനു മുന്നേ നമുക്കെന്തെങ്കിലും കഴിക്കാം.”
എതിരെയുള്ള ചെറിയ ഹോട്ടലിൽ നിന്നും ചായയും ദോശയും കഴിച്ച് വീണ്ടും യാത്ര തിരിച്ചു. മുന്നോട്ട് പോവുംതോറും ഗ്രാമത്തിന്റെ പച്ചപ്പുണങ്ങിയ കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ കണ്ടു.
എതിരെ വന്ന ഒരാളോട് പ്രമീക്ഷയുടെ വീട് ചോദിച്ചു. അയാൾ അറിയില്ലെന്ന് പറഞ്ഞിട്ട് പോയി.
ചെറിയ ഒരു ജംഗ്ഷനിൽ വണ്ടി നിർത്തി. നാലോ അഞ്ചോ കടകൾ, അവയിൽ ടൈലർ ഷോപ്പും റേഷൻ കടയും ഉൾപ്പെടും. ഒരു കടയ്ക്ക് മുന്നിൽ കുറേ ചാവാലിപ്പട്ടികൾ, ചുവന്ന പട്ടുചുറ്റിയ ഒരു കോമരക്കാരൻ മുറുക്കാൻ ചുരുട്ടുന്നു, ടൈയ്ലർ ഷോപ്പിൽ ഒരു പുരുഷനും സ്ത്രീയുമിരുന്ന് തയ്ക്കുന്നു.
“ചേട്ടാ ഓങ്ങിലപ്പാറയ്ക്ക് ഏത് വഴി പോവണം.?”
“ദോ ആ കാണുന്ന പഞ്ചായത്ത് കിണറിന്റെ ഭാഗത്തേക്ക് പോയാൽ വലത്തോട്ട്….. നിങ്ങളെവിടുന്നാ?”
സത്യം പറയണോ എന്നറിയില്ല
” ഷൊർണൂരിൽ നിന്നും വരികയാ പ്രമീക്ഷയുടെ സുഹൃത്തുക്കളാ ഞങ്ങൾ “
” പ്രമീക്ഷയോ?!……….. അതാരാ?”
“ഞങ്ങൾ ഷൊർണൂരിൽ ഒരു കല്യാണത്തിന് പരിചയപ്പെട്ടതാ. എന്റെ കല്യാണം ക്ഷണിക്കണം.”
ടൈയ്ലർ ചേട്ടൻ ചിന്തയിലായി. ഞാനിറങ്ങി നടന്നു.
” ശിവേട്ടാ അവിടെ പുതിയതായി രണ്ട് വാടകക്കാർ താമസിക്കുന്നുണ്ട് അവരിലാരെങ്കിലും ആവും.”
പിന്നിൽ ടൈലറുടെ കൂടെയുള്ള സ്ത്രീയുടെ സ്വരം. ഒടുവിൽ സ്ഥലത്തെത്തി. ഞാൻ പുറത്തിറങ്ങി.ജോണ്ടിയും അരവിയും വണ്ടിയിൽ ഇരുന്നതേ ഉള്ളൂ. എതിരെ സൈക്കിളിൽ വന്ന പയ്യനോട് ഞാൻ ചോദിച്ചു.
” പ്രമീക്ഷയുടെ വീടേതാ ?”
“ഏത് പ്രമിക്ഷ?”
“ഓങ്ങിലപാറ പ്രമീക്ഷ.”
“ഇവിടങ്ങനൊരാളില്ലല്ലോ… അഡ്രസ് മാറിയതാണോ?”
ആ പയ്യന്റെ സ്വരം
” അല്ല. അഡ്രസ് കറക്റ്റ് ആണ്. “
“ഓങ്ങിലപാറയിൽ ആകെ ഏഴ് വീടുകളേ ഉള്ളൂ. രണ്ട് വീടുകൾ തമിഴന്മാരാ അവിടെ സ്ത്രീകളില്ല. പിന്നെയുള്ള വീടുകളിലുള്ളവരെയെല്ലാം എനിക്കറിയാവുന്നതാ. ഇത് തന്നെയാണോ പേര്?”
” ഉം “
“എങ്കിൽ നിങ്ങൾ ഇത് വഴി പോകണം. അവിടെ നാലു വീടുകളുണ്ട്. അവിടെയുള്ള ആർക്കേലും അറിയാമായിരിക്കും. ഇത് വഴി കാറ് പോവില്ല. വാ ഞാൻ കാണിക്കാം”
ഞാൻ അരവിയെ ഇറങ്ങിവരാൻ കണ്ണു കാണിച്ചു.
സൈക്കിൾ സൈഡാക്കി വെച്ച് പയ്യൻ നടന്നു.അവനു പിന്നാലെ ഞങ്ങളും. നടന്നു പോവുന്നതിന്റെ ഇടത് വശത്ത് കുറച്ചുള്ളിലേക്കായൊരു ഓട് വീട്. മുറ്റം നിറയെ പൂക്കൾ നിറഞ്ഞ എനിക്ക് പരിചിതമായ വീട്.വീടിനു ചുറ്റും കവുങ്ങിൻ കഷ്ണങ്ങൾ ചേർത്ത് വേലി കെട്ടിയിരുന്നു.എന്റെ കണ്ണുകൾ മുറ്റത്ത് ചുമര് ചാരിചേർത്തുവെച്ച സൈക്കിളിലെ ടെഡിബിയറിൽ തറച്ചു. ആരോ എന്നെ സഹായിക്കുന്നുണ്ട്. മെസഞ്ചറിൽ എനിക്ക് വന്ന അതേ ഫോട്ടോ. Sai Siva എന്ന ഐഡിയിൽനിന്നും ഫോട്ടോ . ശ്വാസം വിലങ്ങി. ആ ടെഡിബിയറിന് ഒര് കണ്ണേ ഉണ്ടാവൂ എന്ന തിരിച്ചറിവ് എന്റെ കാലിലേക്ക് ശക്തി പകർന്നു. ആ വീടിനെ ചൂണ്ടി ഞാൻ ചോദിച്ചു.
” ഈ വീടാരുടേതാ?”
” ഈ വീടാരുടേതാ?”
ഞാൻ വീണ്ടും ചോദിച്ചു.
“ഇത് സജീവേട്ടന്റെ വീടാ. ടൗണിൽ ലാബ് നടത്തുന്ന.”
സജീവ് എന്ന പേര് കേട്ടതോടെ ജോണ്ടിയും അരവിയും എന്നെ നോക്കി.
” അതും ഓങ്ങിലപാറയിൽപെട്ട വീടല്ലേ?”
“അതെ. പക്ഷേ അവരവിടില്ല രണ്ടാഴ്ചയായി ടൂറിലാ. ഇനി ജൂണിലേ വരൂ “
ആ വീടുമായി ഞാൻ അന്വേഷിച്ച് വന്നതിന് എന്തോ ബന്ധമുണ്ട് ഉറപ്പാണ്. ഇന്നലെ ഈ വീടിന്റെ ചിത്രമെനിക്കയച്ച sai Siva യെ കണ്ടെത്തണം. ആ വീട് പരിശോധിക്കാതെ ഒന്നിനും ഒരു തീരുമാനമാവില്ല. എനിക്കൊരുപായം തോന്നി.
” ആ മുറ്റത്ത് നിറയെ ചെടികളാ എനിക്കവയുടെ വിത്തോ കമ്പോ കിട്ടിയാൽ ഉപകാരമായിരുന്നു.
“അതിനിപ്പോ എന്താ? ഇത് നമ്മുടെ സ്വന്തം വീടുപോലെയാ”
പറഞ്ഞു തീരും മുന്നേ ആ പയ്യൻ കവുങ്ങുവേലി തുറന്ന് വീട്ടുമുറ്റത്തേക്ക് നടന്നു.
” അരവീ വീടും പരിസരവും നന്നായി വാച്ച് ചെയ്യണം.”
ഞാൻ അരവിയോട് പതിയെ പറഞ്ഞു.
“എന്താ നിന്റെ പേര്?”
ഞാനാ പയ്യനോട് ചോദിച്ചു.
” അജ്മൽ നിസാൻ “
“നല്ല പേരാണ് കേട്ടോ.തനിക്കഭിനയിക്കാൻ താൽപര്യമുണ്ടോ? ?”
“അഭിനയിക്കാൻ ഇഷ്ടം തന്നെയാ, ഉപ്പ ഉസ്താദ സമ്മതിക്കൂല.”
“ഞങ്ങൾ ചോദിച്ച് അനുവാദം വാങ്ങിയാൽ നീ അഭിനയിക്കുമോ?”
അജ്മലിന്റെ കണ്ണിലൊരു തിളക്കം.
“സത്യം പറഞ്ഞാൽ ഞങ്ങളുടെ വരവിന് രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് പ്രമീക്ഷയെ കാണുക. രണ്ട് ഞങ്ങളുടെ ഫിലിമിന് പറ്റിയ ലൊക്കേഷൻ തപ്പുക.”
പറഞ്ഞത് അരവിന്ദാണ്. നടന്ന് ഞങ്ങൾ വീട്ടുമുറ്റത്തെത്തിയിരുന്നു.
“ആരാ ചേച്ചി ഹീറോ”
” അജ്മൽ ഞങ്ങൾ ഒരു സൗഹൃദ കൂട്ടാഴ്മയിൽ ഉണ്ടാക്കിയ ഈ സിനിമയിലെ എല്ലാ രംഗത്തുള്ളവരും പുതുമുഖങ്ങളാണ്. ഇദ്ദേഹമാണ് സംവിധായകൻ. പിന്നെ കുറേ പുതുമുഖങ്ങളെ കൂടി വേണം.”
അജ്മൽ മുടി കൈയാൽ ഒതുക്കി ഉഷാറായി.
” ഈ വീടിനാണെങ്കിൽ കഥയിൽ നമ്മൾ എഴുതിയ എല്ലാ കാര്യങ്ങളും ഉണ്ട്. “
അരവിന്ദ് കൈകൾ വിരിച്ച്കൊണ്ട് ഫ്രേം പിടിച്ചു.
” അജ്മൽ വീട്ടുടമസ്ഥനുമായി കോണ്ടാക്ട് ചെയ്താലോ?”
അരവി സമർത്ഥമായി കരുക്കൾ നീക്കുവാണ്.
” അത് റിസ്ക്കാണ് ,അവരെ കോണ്ടാക്റ്റ് ചെയ്യാനുള്ള നമ്പറൊന്നും എന്റെ കൈയിലില്ല. ജൂണിൽ തീർത്ഥയുടെ ക്ലാസ് തുടങ്ങുമ്പോഴേക്കും അവരെത്തും. മാത്രവുമല്ല അയൽപക്കവുമായി അവർ അത്രനല്ല അടുപ്പവും ഇല്ലായിരുന്നു. തീർത്ഥയുള്ളതിനാലാ ഞാൻ പോലും അവരോട് അടുത്തത്. മാത്രല്ല ഈ വീടെന്റെ മുത്താപ്പയുടെതാ .
എന്റെ മുഖത്തും നിരാശ.
” അജ്മൽ ഞങ്ങൾ കുറച്ചു സ്റ്റിൽസെടുത്തോട്ടെ?”
അരവിയുടെ ചോദ്യത്തിന് അജ്മൽ ഉത്സാഹത്തോടെ മറുപടി നൽകി.
” അതിനെന്താ സാറേ….”
ഞാൻ ജോണ്ടിക്ക് കണ്ണുകളാൽ നിർദേശം നൽകി. അവൻ ക്യാമറയുമായി വീടിനു ചുറ്റും നടന്നു. അവന്റെ പിന്നാലെ അരവിന്ദും. ഞാനാ ഒറ്റക്കണ്ണുള്ള ടെഡിയെ നോക്കി കാണുവാരുന്നു.
“എന്താ മേഡത്തിന്റെ പേര്?”
അജ്മൽ എന്റെ പിന്നാലെ കൂടി
“വേദ .”
പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“എനിക്ക് നിങ്ങളെ എവിടെയോ കണ്ടതായി ഓർമ്മ വരുന്നുണ്ട്. “
” ഒരാളെ പോലെ ഏഴ് പേരുണ്ട് അജ്മൽ.”
അരവി പെട്ടന്ന് നടന്നു വന്നു.
“ഇവിടുത്തെ സാറിന് എന്താ ജോലി അജ്മൽ?”
“അവർക്ക് ലാബാണ്.പാലക്കാട് ജില്ലാഹോസ്പിറ്റലിനടുത്ത് തീർത്ഥം ലാബ് സജീവ് സാറിന്റെയാ.സാറും വൈഫും കൂടിയാ അത് നടത്തുന്നത്. “
” അവരിവിടെ താമസം തുടങ്ങീട്ടെത്ര നാളായി?”
അരവിന്ദിന്റെ ചോദ്യങ്ങളിൽ നിന്നും എന്തോ ഒന്ന് അവന്റെ മനസിലുണ്ടെന്ന് ബോധ്യമായി.
“മൂന്ന് മാസത്തോളമായി കാണും. ആദ്യം താമസിച്ചത് കൊഴിഞ്ഞാമ്പാറയിലാ. പിന്നെ അവരുടെ നമ്പർ വേണമെങ്കിൽ ലാബിൽ ചോദിച്ചാൽ മതി.”
” ലാബ് തുടങ്ങീട്ട് എത്ര നാളായി?”
“ഒരു വർഷമായിക്കാണും”
എന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്തു. അരുൺ കരുണൻ കൂടെ പഠിച്ചിരുന്നതാ.ഞാൻ ഫോണുമായി ഇടവഴിയിലേക്കിറങ്ങി സംസാരിച്ചു.
പിന്നെ തിരികെ ചെന്നു പറഞ്ഞു.
” അത്യാവശ്യമായി തിരിച്ച് പോകണം, വേറെയും കാര്യങ്ങളുണ്ട്.നീ ഈ നമ്പറിൽ വിളിക്കണം”
ഞാൻ എന്റെ നമ്പർ പറഞ്ഞു കൊടുത്തു.
“പിന്നെ ഫിലിമിന്റെ കാര്യങ്ങൾ ഒകെ ആവുംവരെ ഈ കാര്യം ആരോടും പറയണ്ട.”
കാറിൽ കയറുമ്പോൾ അരവിന്ദ് അജ്മലിന് നിർദ്ദേശം നൽകി. കാർ കുറച്ചു നീങ്ങി കഴിഞ്ഞപ്പോൾ അരവിന്ദ് കർച്ചീഫിൽ പൊതിഞ്ഞ ഒരു സിറിഞ്ച് പുറത്തെടുത്തു.
“വേദ ഇതുപോലെ പത്തമ്പത് സിറിഞ്ചുകൾ ആ വീടിന്റെ പിന്നിലെ വരാന്തയിലുണ്ട്.”
“അതിലെന്തിരിക്കുന്നു? അവർ ലാബിലെ വെയ്സ്റ്റ് കൊണ്ടിട്ടതാവും.”
“നെവർ വേദ, ലാബിലെ വെയ്സ്റ്റല്ല അത് എനിക്കുറപ്പുണ്ട്. നീയീ സിറിഞ്ച് കണ്ടോ ഇതിന്റെ സൈസിൽ വളരെ വ്യത്യാസമുണ്ട്.ഇത്തരത്തിൽ ഒന്നിത് വരെ ഞാൻ കണ്ടിട്ടില്ല.?”
അരവിന്ദ് പറഞ്ഞത് ശരിയായിരുന്നു. അതിന്റെ ഘടനയിൽ ഒത്തിരി വ്യത്യാസമുണ്ടായിരുന്നു.
“നമുക്കിത് സോനയെ കാണിച്ചു നോക്കാം. അവൾക്ക് ചിലപ്പോൾ എന്തേലും തരത്തിൽ സഹായിക്കാൻ പറ്റുമാരിക്കും. സോന ഗൈനക്കോളജിസ്റ്റാണ്. തീർത്ഥം ലബോറട്ടറിയിൽ ആദ്യം അന്വേഷിക്കാം.”
“നമ്മളന്വേഷിച്ച തീർത്ഥ ജീവിച്ചിരിപ്പില്ലെന്നു എന്റെ മനസു പറയുന്നു ചേച്ചി. “
ജോണ്ടി പിന്നിൽ നിന്നും പറഞ്ഞു.
“കരിനാക്ക് വളയ്ക്കാതെ നീയവിടുന്നെടുത്ത പിക് എല്ലാം ലാപിലേക്ക് കോപ്പി ചെയ്.”
ജില്ലാ ഹോസ്പിറ്റലിനടുത്തുള്ള ലാബ് ആയതിനാലും, ഒരു സ്റ്റാഫ് മാത്രമായതിനാലും തീർത്ഥത്തിൽ തിരക്ക് കൂടുതലായിരുന്നു.
കാറിൽ നിന്നിറങ്ങാൻ നോക്കിയ എന്നെ അരവി തടഞ്ഞു.
” നീയിറങ്ങണ്ട. നാട്ടിൻ പുറത്തുള്ളവരല്ല സിറ്റിയിൽ. നിന്നെ ചിലപ്പോൾ തിരിച്ചറിയും.”
എന്റെ മറുപടി കാക്കാതെ അവൻ ലാബ് ലക്ഷ്യം വെച്ചു നടന്നു. രണ്ട് മൂന്ന് മിനിട്ടിനു ശേഷം ഒരു വിസിറ്റിംഗ് കാർഡുമായി വന്നു.
” നമ്പർ കിട്ടി, പക്ഷേ വിളിച്ചാൽ കിട്ടില്ലെന്നാ ആ പെൺകുട്ടി പറഞ്ഞത്. ടൂറിൽ സജീവ്.മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലത്രെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മെയിൽ ചെയ്യലാണ് പതിവെന്ന്.”
“വഴികളെല്ലാം അടഞ്ഞുപോവുകയാണല്ലോ അരവി “
എന്നിൽ നിരാശ ബാധിച്ചു.
” ഒന്നടഞ്ഞാൽ ഒൻപതെണ്ണം തുറക്കും വേദ. നമുക്ക് നോക്കാടോ. നമുക്കെന്തായാലും കൊഴിഞ്ഞാമ്പാറ വരെ പോവാം. ഞാൻ സജീവിന്റെ കൊഴിഞ്ഞാമ്പാറയിലെ അഡ്രസ് ചോദിച്ചു മനസിലാക്കിയിട്ടുണ്ട്. “
ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു. ഒന്നു മയങ്ങണമെന്നുണ്ടായിരുന്നെങ്കിലും ചിന്തകൾ മനസിനെ മഥിച്ചു.
“ചേച്ചീ ആ വീടിനകത്ത് ഒരാൾ മരിച്ചു കിടക്കുന്നു.”
ജോണ്ടിയുടെ ശബ്ദം ചിന്തകൾ മുറിച്ചു.
ലാപിൽ അവനെടുത്ത തീർത്ഥത്തിലെ വീഡിയോ കാണുകയായിരുന്നു അവൻ. അരവി വണ്ടി സൈഡൊതുക്കി നിർത്തി. ഞാനവനിൽ നിന്നും ലാപ് വാങ്ങി. തുറന്നു കിടക്കുന്ന ജനൽ പാളിക്കകത്തേയ്ക്ക് ക്യാമറ കയറ്റിവെച്ച് എടുത്തതാണെന്നു തോന്നുന്നു. ക്യാമറ ഡൈനിംഗ് ഹാളിലേക്കാണ്. പാതിഡൈനിംഗ് ടേബിളും , ചെയറും ഫ്രിഡ്ജിന്റെ ഒരു സൈഡും ടേബിളിലെ നിരത്തി വെച്ച ഒന്നു രണ്ട് പാത്രങ്ങൾക്കൊപ്പം ഒരു ന്യൂസ് പേപ്പറും.കൂടാതെ പാതി തുറന്ന ഒരു ബെഡ് റൂം വാതിലിലൂടെ ബെഡിന്റെ കാൽ ഭാഗം കാണാം.
” ഇതിലെവിടെയാ ജോണ്ടി?”
” ചേച്ചി 3 മിനിട്ട് 17 സെക്കന്റ്. “
” അതിൽ ആരുമില്ലാല്ലോ…..” അരവി എത്തി നോക്കി പറഞ്ഞു.
” ചേച്ചി ബെഡ്റൂം സൂം ചെയ്”
അത് പോലെ ചെയ്തു. അവൻ പറഞ്ഞത് ശരിയാണ്. ബെഡിൽ രണ്ട് കാലുകൾ, കാലുകൾ എന്നു മുഴുവനായും പറയാൻ പറ്റില്ല, കാൽപാദം… തൊണ്ട വരണ്ടു. അതിനകത്ത് ആ ഫാമിലിയിലുള്ള ആരോ ഒരാളുണ്ട് അയാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ? ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ ഞങ്ങളെ കണ്ടു കാണും അതുറപ്പ്. ആ വീട്ടിൽ രണ്ടാഴ്ചയായി ആൾ താമസമില്ലാ എന്ന് അജ്മൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ …. തല പെരക്കുന്നുണ്ടായിരുന്നു. ചിന്തകൾ കാടുകയറി ലാപ് അരവി വാങ്ങി, ഞങ്ങൾക്കെതിരെ വന്ന വാഹനം ഞങ്ങളാരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ആ വാഹനത്തിലെ ഡ്രൈവർ എന്നെ ശ്രദ്ധിച്ചിരുന്നു. ഞങ്ങളെ കടന്ന് പോയ ആ വാഹനം സൈഡ് മിററിലൂടെ ഞങ്ങളുടെ കാർ ശ്രദ്ധിച്ചിരുന്നു. സ്റ്റിയറിംഗിൽ താളമിട്ട കൈകളിൽ സജീവ് എന്ന പേര് പച്ചകുത്തിയിരുന്നു. അതൊരു കർണാടക റജിസ്ട്രേഷനുള്ള വൈറ്റ്സ്ക്കോഡ ആയിരുന്നു. തുടരും
Comments:
No comments!
Please sign up or log in to post a comment!