ഹൃദയത്തിന്റെ ഭാഷ 1
Hrudayathinte Bhasha bY അഭ്യുദയകാംക്ഷി
“സെവൻ ഇയേഴ്സ്! നീണ്ട ഏഴ് കൊല്ലങ്ങൾ!”
ഗ്ലാസ്സിലെ നുരഞ്ഞു പൊന്തുന്ന മദ്യത്തിലേക്ക് ഒരു കൊടിലു കൊണ്ട് ഐസ് ക്യൂബ് എടുത്തിട്ടു കൊണ്ട് ദേവരാജൻ തിരിഞ്ഞു.
“എന്നിട്ടെന്തായി. ഒരു സുപ്രഭാതത്തിൽ അവളുടെ വീട്ടുകാർ കല്യാണമുറപ്പിച്ചു. ഒരുപാട് ശ്രമിച്ചു, ഞാനും അവളും. ഒന്നും നടന്നില്ല.”
അയാൾ ഒരു സിപ്പെടുത്തു.
“ആൻഡ് ദെൻ മലേഷ്യയിൽ നിന്നും വന്ന മീശയില്ലാത്ത ആ പയ്യനൊപ്പം അവളും പറന്നു”
അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
“വുഷ്…”
ഞാൻ കേട്ടിരിക്കുകയാണ്. ദേവരാജൻ, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്. അതിലുപരി ചിന്തകൻ, സാഹിത്യകാരൻ. സാഹിത്യകാരൻ എന്ന് ഞാൻ അവസാനം പറഞ്ഞ വാലുള്ളതു കൊണ്ടാണ് ഞാനിപ്പോ ഇവിടെയിരിക്കുന്നത്.
“കമോൺ മാൻ, ചിയറപ്പ്. എന്നിട്ട് ഞാൻ ജീവിച്ചില്ലേ? ഞാൻ കല്യാണം കഴിച്ചു, കുടുംബമായി. ലുക്ക് അറ്റ് മീ. എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ?”
അയാൾ ഗ്ലാസ്സിലെ മദ്യം കാലിയാക്കി ചിറി തുടച്ചു. ഞാൻ അപ്പോഴും ആദ്യമൊഴിച്ച ഗ്ളാസ് കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു. അയാൾ അത് ശ്രദ്ധിച്ചു.
“താനിതു വരെ അത് തീർത്തില്ലേ? കമോൺ, ഫിനിഷിറ്റ്”
ഞാൻ ഒറ്റ വലിക്ക് ഗ്ളാസ് കാലിയാക്കി. അയാൾ ഗ്ളാസ് വാങ്ങി.
“ജീവിതം ഇങ്ങനെയൊക്കെയാണെടോ. അഡ്ജസ്റ്മെന്റുകളാണ് മുഴുവൻ.”
അയാൾ രണ്ട് ഗ്ളാസിലേക്കും വീണ്ടും മദ്യം പകരുകയാണ്.
“പലപ്പോഴും തോൽക്കേണ്ടി വരും. തോറ്റു കൊടുത്തേക്കണം. നമ്മുടെ തോല്വികളിലും വിജയിക്കുന്ന ചിലരുണ്ടാവും”
അയാൾ ഗ്ളാസ് എന്റെ കയ്യിലേക്ക് തന്നു.
“അങ്ങനെ ജയിക്കുന്നവർ നമുക്ക് വേണ്ടപ്പെട്ടവരുമായിരിക്കും. ജയിക്കട്ടെടോ”
അയാൾ ചാഞ്ഞിരുന്നു.
“പോയതൊരു ജോലിയല്ലേ. പോട്ടെടോ. ഒന്ന് പോയാൽ അടുത്തത്”
എനിക്ക് സംസാരിക്കാൻ സമയമായി എന്ന് തോന്നിയത് അപ്പോഴാണ്.
“പക്ഷേ, ജോലി പോയതിൽ എനിക്ക് ഒന്നുമില്ല. അല്ലെങ്കിലും മാനസികമായ ഒരടുപ്പം ആ ജോലിയോട് എനിക്കില്ലായിരു
ന്നു. പോനാൽ പോകട്ടും പോടാ”
“ഇപ്പഴത്തെ കുട്ടികൾ പ്രാക്ടിക്കലാണ്”
അയാൾ ചിരിച്ചു കൊണ്ട് പിറുപിറുത്തു.
ഞാൻ വേഗം ഗ്ളാസ് കാലിയാക്കി.
“ഞാനെന്ന പോട്ടെ. സമയം പത്തായി”
വാച്ചിൽ നോക്കിക്കൊണ്ട് ഞാൻ എഴുന്നേറ്റു.
“യാ, ഓക്കേ. സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം. നല്ല മഴയുണ്ട്. ഞാൻ ആക്കണോ വീട്ടിൽ?”
“നോ, അയാം ഫൈൻ”
“താൻ ഫിറ്റല്ലല്ലോ, അല്ലെ?”
“ഹേയ് അല്ല”
ഞാൻ ചിരിച്ചു.
“അപ്പൊ ശരി. ടേക്ക് ഇറ്റ് ഈസി മാൻ”
ഞാൻ മുറ്റത്തേക്കിറങ്ങി.
“താങ്ക്സ് ഫോർ ദ് ഡ്രിങ്ക്”
“മൈ പ്ലഷർ”
വാതിലടഞ്ഞു. പോര്ച്ചില് മഴ കൊണ്ട് വിറങ്ങലിച്ച് എന്റെ കാർ.
Comments:
No comments!
Please sign up or log in to post a comment!