ലൈല
രാത്രി പതിനൊന്നര മണിയായപ്പോ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു. കാശെണ്ണി ബാഗിലാക്കി അര്‍ബാബ് നേരത്തെ ഇറങ്ങി. അടച്ച് പൂട്ടിടേണ്ട ജോലി റഫീഖിനാണ്. സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പഴയ ഇരുനില കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ തന്നെയായിരുന്നു താമസ സൌകര്യം. ഞാനും റഫീഖും കൂടാതെ അര്‍ബാബും അവിടെ താമസിച്ചു. റഫീഖ് ഒരു അടിപൊളി പയ്യനായിരുന്നു. അര്‍ബാബിന്‍റെ ശകാരവും തെറിവിളിയും കേട്ട് കേട്ട് അവന്‍റെ കാതുകള്‍ തഴന്പിച്ചുപോയിരിക്കുന്നു. അതിനാല്‍, എല്ലാം ഒരു രസത്തോടെ എടുക്കുകയാണ് അവന്‍.
റഹ്മാന് എന്തു സംഭവിച്ചിരിക്കുമെന്നും മൊയ്തുവിന്‍റെയും മറ്റുള്ളവരുടെയും അവസ്ഥയെന്തായിരിക്കുമെന്നുമൊക്കെ ആലോചിച്ച് അന്ന് രാത്രി എനിക്ക് ഉറങ്ങാനേ സാധിച്ചില്ല.
പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഡെലിവറി ആരംഭിച്ചു. ആ ചുറ്റുവട്ടത്തുള്ള എല്ലാ വില്ലകളിലും എന്തെങ്കിലും ചെറിയ സാധനമെങ്കിലും രാവിലെ തന്നെ എത്തിക്കാനുണ്ടായിരുന്നു. വിശ്രമമെന്തെന്നറിയാത്ത ജോലി. ഇടയ്ക്ക് അന്നത്തെ പത്രം കണ്ടപ്പോ ആകാംക്ഷയോടെയും അതിലേറെ ഭീതിയോടെയും ഞാന്‍ താളുകള്‍ മറിച്ചുനോക്കി.
‘മൂട്ടയെ കൊല്ലാന്‍ നിരോധിത രാസപദാര്‍ഥ പ്രയോഗം: മലയാളി യുവാവ് മരിച്ചു’
തലക്കെട്ടും അതിനോടൊപ്പം ചേര്‍ത്ത റഹ്മാന്‍റെ ഫോട്ടോയും കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചു!!. വിറയ്ക്കുന്ന ചുണ്ടുകളോടെയാണ് വാര്‍ത്ത വായിച്ചത്. ഫ്ളാറ്റില്‍ താമസിക്കുന്ന എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. തന്നെക്കുറിച്ച് പക്ഷേ, വാര്‍ത്തയില്‍ യാതൊന്നും പരാമര്‍ശിക്കാത്തതില്‍ പടച്ചോന് നന്ദി പറയുന്പോഴും പാവം മൊയ്തുവിനെയോര്‍ത്ത് ഞാന്‍ ആരും കാണാതെ കുറേ നേരം കരഞ്ഞു.
എങ്കിലും ആ സംഭവം ഞാനാരോടും പറഞ്ഞില്ല; റഫീഖിനോട് പോലും.
അര്‍ബാബ് ജബ്ബാറിനെക്കുറിച്ച് പിന്നീട് ഓരോ ദിവസം കഴിയുന്തോറും കുറേ അറിഞ്ഞു. എന്നോട് ആദ്യം കാണിച്ച അതേ വൃത്തികെട്ട സ്വഭാവമായിരുന്നു അയാളുടേത്. പണമുണ്ടാക്കുക, അതാരെ വിഷമിപ്പിച്ചിട്ടായാലും എന്നതായിരുന്നു പോളിസി. അയാള്‍ എന്നേയും റഫീഖിനേയുമൊക്കെ ഓരോ കാര്യവും പറഞ്ഞു മാനസികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. അവിടെ ജോലി ചെയ്ത് ഒരു മാസം പിന്നിട്ടു. പക്ഷേ, ശന്പളകാര്യത്തില്‍ യാതൊരു തീരുമാനവുമായില്ല. താമസ സൌകര്യവും ഭക്ഷണവും തരുന്നു എന്നതിനാല്‍ കുറേക്കൂടി കാത്തിരിക്കാമെന്ന് കരുതി. ലൈലയെന്ന സുന്ദരിയും അതിന് പിന്നിലെ പ്രേരകശക്തിയാണെന്ന് മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.
അവളുടെയടുത്തേയ്ക്ക് സാധനങ്ങളുമായി ചെല്ലുന്പോ അറിയാതെ ഹൃദയം മിടിക്കുന്നു.
അവള്‍ നിറ ചരിയുമായി മുന്‍പീ വന്നു നില്‍ക്കുന്പോ സുലൈഖ വന്നു നിക്കുന്പോലെ തന്നെ തോന്നുന്നു. വര്‍ണപ്പൂക്കളുള്ള പാവാട ധരിച്ച്, വെള്ളിക്കൊലുസ് കിലുക്കിപ്പോകുന്ന അവളെ ഞാന്‍ അങ്ങനെ കണ്ണിമചിമ്മാതെ നോക്കി നിന്നുപോകുന്നു.
ഒരിക്കല്‍ ലൈല ചോദിച്ചു:
“എപ്പോഴും സ്വപ്നം കണ്ട് ജീവിക്കുന്ന നിങ്ങള്‍ ആരാണ്?”
വല്ലാത്ത ചോദ്യമായിപ്പോയി അത്. സസത്യം പറഞ്ഞാ ഞാന്‍ പോലും ഇന്നും അന്വേഷിക്കുന്ന ഉത്തരമാണ് അവള്‍ക്കറിയേണ്ടത്. യഥാര്‍ഥത്തില്‍ ആരാണ് ഞാന്‍? എന്താണ് എന്‍റെ അസ്തിത്വം?. എങ്കിലും ഞാന്‍ പറഞ്ഞു:
“ഞാനൊരു പാവം മനുഷ്യജീവി…”
“ഞങ്ങളൊക്കെ പിന്നെ മൃഗങ്ങളോ…”
അവള്‍ ചിരിച്ചു. പിന്നെ, സാധനവുമെടുത്ത് ഭ്രാന്തന്‍ എന്ന് പറഞ്ഞു കുണുങ്ങിക്കുണുങ്ങി നടന്നുപോയി.
അവളുടെ തടിച്ച നിതംബം ആടിയാടി നീങ്ങുന്നത് കണ്ടുകൊണ്ടിരിക്കാന്‍ തന്നെ രസം തോന്നി. രണ്ടാമൂഴത്തില്‍ കണ്ട നന്പൂതിരി ചിത്രം പോലെ വടിവൊത്ത ശരീരം. ഇറുകിയ ടീ ഷേര്‍ട്ടില്‍ ഉയര്‍ന്നുനില്‍ക്കുന്ന മാറിടങ്ങള്‍. മലര്‍ന്ന ചുണ്ടുകള്‍. നീണ്ടമൂക്ക്. എണ്ണക്കറുപ്പാണെങ്കിലും ഏതൊരു പുരുഷനെയും വശീകരിക്കാനുള്ള കാന്തശക്തിയുണ്ടവള്‍ക്ക്.
മറ്റൊരു ദിവസം അവള്‍ എന്‍റെ കുടുംബത്തെക്കുറിച്ച് ചോദിച്ചു. വിവാഹം കഴിച്ചിട്ടില്ല എന്ന കള്ളം പറയാനാണ് തോന്നിയത്. അല്ലെങ്കി സുലൈഖയുടെ ഫോട്ടോയോ മറ്റോ ചോദിച്ചാല്‍ കുടുങ്ങിപ്പോകുമെന്നതായിരുന്നു കാരണം. എന്തോ, ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ലൈലക്ക് എന്നോട് സംസാരിക്കാന്‍ കുറച്ചുകൂടി താത്പര്യമുള്ളതു പോലെ തോന്നി. എനിക്കും അങ്ങനെതന്നെയല്ലേ എന്ന് സ്വയം ചോദിച്ചപ്പോ അതെ അതെ, നൂറുവട്ടം എന്ന് മനസ് മന്ത്രിച്ചു.
ഒരിക്കല്‍ അവള്‍ ചോദിച്ചു:
“ഞങ്ങളുടെ നാട്ടിലേയ്ക്ക് പോരുന്നോ?”
“എന്നെ കൊണ്ടുപോകുമോ?”
ഒരു അനധികൃതന്‍ എന്നു വെളിപ്പെടുത്താതെ ഞാന്‍ വെറുതെ ചോദിച്ചു.
“ഒരിക്കല്‍ ഞാന്‍ കൊണ്ടുപോകാം…” ഇത്തിരി നാണത്തോടെ അവള്‍ പറഞ്ഞു
“അതുവരെ ഞാന്‍ കാത്തിരിക്കാം…”
അധികനാള്‍ കഴിഞ്ഞില്ല, അവള്‍ പറഞ്ഞു:
“നാട്ടില്‍ ഭയങ്കര ലഹളയാണ്. അത്യാവശ്യമായി നാട്ടിലേയ്ക്ക് ഫോണ്‍ വിളിക്കണം…”
“ഫോണ്‍ റി ചാര്‍ജ് കാര്‍ഡ് വേണോ?…”
അവള്‍ തലയാട്ടി. ഞാന്‍ ഉടന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്ന് റി ചാര്‍ജ് കാര്‍ഡ് കൊണ്ടുകൊടുത്തു.
“കാശ് പിന്നേ തരാം കേട്ടോ…”
“അയ്യോ, ഞാനത് ചോദിച്ചില്ലല്ലോ സുലൈഖാ…”
ഞാന്‍ മനപ്പൂര്‍വം അവളെ സുലൈഖ എന്നു വിളിക്കുന്നത് കേട്ട് അവള്‍ കുണുങ്ങിച്ചിരിച്ചു. അതു കാണുന്പം എന്‍റെ മനസ് കാല്‍നൂറ്റാണ്ട് അപ്പുറത്തേയ്ക്ക് ഓടിപ്പോകുന്നു.
രാത്രി കണക്കുകൂട്ടുന്പോ മുതലാളി ആ ഇരുപത്തഞ്ച് ദിര്‍ഹമിന് ചോദിച്ചു. അത് ഞാന്‍ ഉപയോഗിച്ച റി ചാര്‍ജ് കാര്‍ഡിന്‍റേതാണെന്നും എന്‍റെ ശന്പളത്തീന്ന് പിടിച്ചോളൂ എന്നും പറഞ്ഞപ്പോ അയാള്‍ വല്ലാത്തൊരു നോട്ടവും ചിരിയും പാസാക്കി. എന്‍റെയുള്ളില്‍ സംശയം തലപൊക്കി. ലൈലയുമായുള്ള അടുപ്പം ഇയാള്‍ അറിഞ്ഞിരിക്കുമോ?.
ടെലിഫോണ്‍ റി ചാര്‍ജ് കാര്‍ഡിന്‍റെ രൂപത്തില്‍ ഞങ്ങളുടെ നിശബ്ദ പ്രണയം ശക്തിപ്രാപിച്ചു. സാധനങ്ങള്‍ക്ക് വേണ്ടി വിളിച്ചില്ലെങ്കിലും ഞാന്‍ ടെലിഫോണ്‍ കാര്‍ഡോ, ഒരു പായ്ക്കറ്റ് ഖുബ്ബൂസോ എടുത്ത് അവളുടെ അടുത്തേയ്ക്ക് തിരിക്കും. കുറേ നേരെ സംസാരിച്ച് നിന്ന് തിരിച്ചുപോരും.
ഒരു ദിവസം അര്‍ബാബ് ചോദിച്ചു:
“അലവീ…തന്‍റെ പറ്റില്‍ മൊബൈല്‍ റി ചാര്‍ജ് കാര്‍ഡ് വല്ലാണ്ട് കൂടുന്നുണ്ടല്ലോ…”
“നാട്ടിലേയ്ക്ക് കെട്ട്യോളെ വിളിക്കുന്നതാ അര്‍ബാബ്… ഓളൊരു രോഗിയാ…”.
“ങും… അന്‍റെ ഞരന്പുരോഗം അറിയുന്പം കെട്ട്യോള്‍ടെ രോഗം കൂടാനാ സാധ്യത…”
മുനവച്ചുള്ള അയാളുടെ വാക്കുകളുടെ അര്‍ഥം എനിക്ക് മനസിലായി. പക്ഷേ, ഒന്നും പറയാതെ ഞാന്‍ ഡെലിവറിക്കായി പുറപ്പെട്ടു.
ഖുബ്ബൂസാണ് ലൈലയുടെ ഇഷ്ടഭക്ഷണം. സാധാരണക്കാരന്‍റെ അപ്പമായ ആ റൊട്ടി ഞങ്ങളുടെ അടുപ്പത്തിന് ഊര്‍ജം പകര്‍ന്നു. അതിനോട്എനിക്ക് വല്ലാത്ത സ്നേഹം തോന്നി. രാത്രി ഭക്ഷണത്തിന് ഒരു കഷ്ണം ഖുബ്ബൂസെങ്കിലും കഴിച്ചില്ലെങ്കില്‍ ഒരിത്. കഴിച്ചുകഴിഞ്ഞാലോ അന്നുരാത്രി പ്രേമാതുരനായി കിടന്നുറങ്ങാനും സാധിക്കുന്നു. ഖുബ്ബൂസും പ്രണയവും തമ്മില്‍ ഇത്തരത്തിലൊരു അടുപ്പമുണ്ടെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. പ്രണയത്തിന് വകതിരിവില്ലെന്ന് സാഹിത്യകാരന്മാര്‍ പറഞ്ഞത് മറ്റൊന്നും കൊണ്ടായിരിക്കില്ല.
ഞങ്ങളുടെ സ്നേഹബന്ധത്തിന് ഇപ്പോ മൂന്ന് മാസത്തെ ഇഴയടുപ്പമാണുള്ളത്. പക്ഷേ, എല്ലാം തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. എന്‍റെ പ്രതീക്ഷകള്‍ക്കേറ്റ പ്രഹരം. അതിന്‍റെ ആഘാതം വളരെ വലുതായരുന്നു. ഒരു ദിവസം നേരിട്ട് കണ്ടപ്പോ ലൈല ചോദിച്ചു:
“ഞാനൊരു സഹായം ചോദിച്ചാ ചെയ്തു തരുമോ?”
‘എന്‍റെ പ്രിയസഖീ..നിനക്കല്ലാതെ ഈ ദുനിയാവില്‍ മറ്റാര്‍ക്കാണ് ഞാന്‍ സഹായം ചെയ്യുക’ എന്ന് മനസില്‍ പറഞ്ഞു. മരുഭൂമിയില്‍ ഞാന്‍ കണ്ടെത്തിയ നീരുറവയാണ് നീ. മരുപ്പച്ച. എന്‍റെ ഹൃദയം നിന്നോടുള്ള പ്രേമത്താല്‍ സുരഭിലമാകുന്നു എന്നൊക്കെ ബഷീറിയന്‍ സ്റ്റൈലില്‍ ഞാന്‍ എന്നോട് തന്നെ മന്ത്രിച്ചു.
“തീര്‍ച്ചയായും..ലൈലാ…നിനക്ക് വേണ്ടി ഞാനെന്തും ചെയ്യും…”
പരിസരബോധം വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു.
അപ്പോ തന്‍റെ വില്ലയിലേയ്ക്ക് തിരിഞ്ഞുനോക്കി, സ്വരം ഇത്തിരി പതുക്കെയാക്കി അവള്‍ തുടര്‍ന്നു:
“എന്‍റെ ബോയ് ഫ്രണ്ട് നാളെ ഇവിടെയെത്തും.
അവനോടൊപ്പം ഞാന്‍ ഇവിടെ നിന്ന് ഒളിച്ചോടുകയാണ്. അതിന് എന്നെയൊന്ന് സഹായിക്കാമോ? മറ്റൊന്നും വേണ്ട. ഏതെങ്കിലും കള്ളടാക്സിക്കാരെ പരിചയമുണ്ടെങ്കി ഒന്ന് അറേഞ്ച് ചെയ്തുതന്നാമ്മതി?.. അവന്‍ പാതിവഴിയില്‍ വാഹനവുമായി കാത്തിരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്…”
അവള്‍ ധൃതിയില്‍ എല്ലാം പറഞ്ഞുനിര്‍ത്തി.
മനസില്‍ എന്തൊക്കെയോ തകര്‍ന്നുവീഴുന്നതായി ഞാനറിഞ്ഞു.
മരുഭൂമിയില്‍ വീശാറുള്ള അതിശക്തമായ പൊടിക്കാറ്റ് എന്നെ വന്നു മൂടുന്നതു പോലെ. അതിന്‍റെ ശക്തിയില്‍ പിന്നെ ഞാന്‍ പറഞ്ഞതോ ചെയ്തതോ ഒന്നും ഓര്‍മയില്ല.
ലൈലയുടെ ചോദ്യത്തില്‍ എന്‍റെ പൂര്‍വ ജീവിതത്തിലെ രണ്ട് കാര്യങ്ങള്‍ കടന്നുവന്നിട്ടുണ്ടെന്ന് അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോ ഞാന്‍ ചിന്തിച്ചു. ഒന്ന് ഒളിച്ചോടാനുള്ള സഹായം. മറ്റൊന്ന് കള്ളടാക്സി. എങ്കിലും, അതും ടെലിഫോണ്‍ റി ചാര്‍ജ് കാര്‍ഡ് വഴിയുള്ള നഷ്ടവും മറന്നുകൊണ്ട് ഞാന്‍ തീരുമാനിച്ചു-ലൈലയ്ക്ക് ഈയൊരു സഹായം ചെയ്തില്ലെങ്കി പിന്നെ ഞാനെന്തിന് മനുഷ്യനെന്ന് പറഞ്ഞ് നടക്കണം.. ഭായ്!.
admin
Jan. 31, 2023
1577 views
Comments:
No comments!
Please sign up or log in to post a comment!