പിന്‍നിരയിലെ രാജ്ഞിമാര്‍

അപ്പുറത്തെ വീട്ടിലെ പതിനാറ് വയസ്സുകാരി സൗമ്യ സ്‌കൂള്‍ വിട്ട് ഓടി വന്നു. അവള്‍ക്ക് എപ്പോഴും സംശയങ്ങളാണ്. തീര്‍ത്താല്‍ തീരാത്തവ. വായില്‍ കൊള്ളാത്ത വര്‍ത്തമാനം പറയാനും മിടുക്കി. അന്നും എടുത്താല്‍ പൊങ്ങാത്ത ഒരു ചോദ്യവുമായിട്ടായിരുന്നു വരവ്.

”അടുത്ത ജന്മം ആരാകണം എന്ന് ഈ ജന്മത്ത് തീരുമാനിക്കാന്‍ പറ്റുമോ?”

”ങും, എന്തു പറ്റി. എന്തിനാണിപ്പോള്‍ പുനര്‍ജന്മ ചിന്ത?”

”എനിക്ക് അടുത്ത ജന്മവും പെണ്ണായി ജനിക്കണം. ആണായി ജനിക്കാതിരിക്കണം, അതിനെന്താ വഴി?” ഞാന്‍ അമ്പരന്നു.

സാധാരണ പെണ്‍കുട്ടികള്‍ ഇനിയുളള ജന്മങ്ങളിലൊക്കെ ആണാകണമെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഇവള്‍ക്കിതെന്ത് പറ്റി?

”ഓ ആണായാല്‍ എന്തൊക്കെ ബുദ്ധിമുട്ടുകളാണ്. പെണ്ണുങ്ങളെ കമന്റടിക്കണം. തോണ്ടണം. നുളളണം. വഴിയിലും ബസിലുമൊക്കെ സ്വന്തം അവയവങ്ങള്‍ പെണ്ണുങ്ങളെ കാണിച്ചു കൊടുക്കണം. ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്ണുങ്ങളോട് ‘പോരുന്നോ’ എന്ന് ചോദിക്കണം. പെണ്ണുങ്ങളുടെ ശരീരഭാഗങ്ങളുടെ വൃത്തികെട്ട പേരുകളൊക്കെ പഠിച്ച് അവരുടെ മുഖത്ത് നോക്കി പറയണം. അശ്ലീല പാട്ടുകള്‍ പാടണം. പിന്നെ പീഡിപ്പിക്കണം, ബലാല്‍സംഗം ചെയ്യണം, പ്രണയിച്ച് പറ്റിക്കണം, ഗര്‍ഭമുണ്ടാക്കണം എന്റമ്മേ എനിക്ക് വയ്യ, ആണാവുന്നത് വലിയ പ്രയാസമാണ്. എനിക്ക് പെണ്ണായാല്‍ മതി. എപ്പോഴും.”

ഞാന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

അവള്‍ക്ക് ദേഷ്യം വന്നു.

”എന്തു പറഞ്ഞാലും തമാശ. ഞാന്‍ സീരിയസ്സാ. ഇത്രയും വൃത്തികെട്ട കാര്യങ്ങള്‍ ആരെങ്കിലും ഇഷ്ടത്തോടെ ചെയ്യുമോ?

ആണായതു കൊണ്ട് ചെയ്തു പോകുന്നതല്ലേ? എന്തൊരു കഷ്ടമാണല്ലേ ആണുങ്ങളുടെ കാര്യം. ആണുങ്ങള്‍ ഭൂമിയില്‍ ഉണ്ടായ കാലം തൊട്ടേ ഇങ്ങനെ ആയിരിക്കുമോ? പെണ്ണുങ്ങളെ കണ്ടാല്‍ ഇളകിപ്പോകുന്ന വിധത്തിലാണോ ഇവരെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്? എല്ലാ നാട്ടിലും ആണുങ്ങള്‍ ഇങ്ങനെ തന്നെയാണോ?”

സൗമ്യ ചോദ്യക്കെട്ടഴിച്ചു കെണ്ട് എന്നെ വീര്‍പ്പു മുട്ടിച്ചു. ഉത്തരം പറയാനറിയാത്ത ചോദ്യ ശരങ്ങളില്‍ ഞാന്‍ വിഷമിച്ചു.

അവള്‍ കോറിയിട്ട ചിന്തകളില്‍ തൂങ്ങി നടന്നു ഞാന്‍ കുറേ നേരം. എനിക്കുമറിയില്ല എന്താണ് പുരുഷന്‍ എന്ന്, എന്തു കൊണ്ടാണ് ചില പുരുഷന്മാര്‍ ഇങ്ങനെയാവുന്നതെന്ന്. ചില പുരുഷന്മാര്‍ക്ക് സ്ത്രീ ശരീരം എന്തുകൊണ്ട് ബലഹീനത ആവുന്നുവെന്ന്.

കൂടുതൽ വായിക്കാൻ സ്ഥിരമായി സന്ദർശിക്കുക KAMBiKUTTAN.NET

”ചിലരുടെ മാനസിക വൈകല്യങ്ങള്‍ ആവും സൗമ്യക്കുട്ടീ കാരണം.

എല്ലാവരും അങ്ങനെ ആവണമെന്നുമില്ല.”

”ഉത്തരം തീരെ വീക്കാണ്. കുറെക്കൂടി ആലോചിച്ച് പറയൂ.”

ഞാന്‍ ആലോചിച്ചു. ശരിയാണ്. എന്തിനാണ് ഇത്ര ധീരരും ശക്തരും ആയ പുരുഷന്മാര്‍ സ്ത്രീ ശരീരത്തിന്റെ മുന്നില്‍ പതറിപ്പോവുന്നത്, ദുര്‍ബ്ബലരാവുന്നത്?

സൗമ്യ വീണ്ടും വന്നു.

”എനിക്ക് സഹതാപം തോന്നാറുണ്ട് പല പുരുഷന്മാരോടും. എത്ര വൃത്തികേടുകളാണവര്‍ കാട്ടുന്നത്. എന്റെ ട്യൂഷന്‍സാര്‍ എന്റെ നെഞ്ചില്‍ പിടിച്ചതും തുടയില്‍ ഞെക്കിയതും ഞാന്‍ ഇന്നാളില്‍ പറഞ്ഞില്ലേ. എന്റെ കൂട്ടുകാരികളോടും സാര്‍ അത് കാട്ടി. ഞങ്ങളെല്ലാവരും അതു കൊണ്ടല്ലേ മാറി സുശീല ടീച്ചറുടെ ക്ലാസ്സില്‍ ചേര്‍ന്നത്. നന്നായി പഠിപ്പിക്കുന്ന സാറാണ്, പറഞ്ഞിട്ടെന്താ. പെണ്‍പിളേളരെ കണ്ടാല്‍ തീര്‍ന്നു.”

ഞാനോര്‍ക്കുകയായിരുന്നു. കൈ കൊണ്ട്, കണ്ണു കൊണ്ട് എന്തൊക്കെ വെപ്രാളങ്ങളായിരുന്നു. പത്താം ക്ലാസ്സിലെ ട്യൂഷന്‍ സാറിനെ. കണക്ക് പഠിപ്പിക്കാന്‍ വന്ന സാര്‍ ഒരാഴ്ച കൊണ്ട് പഠിപ്പിക്കല്‍ നിര്‍ത്തി. അമ്മയോട് പറഞ്ഞ് സാറിനെ ഓടിച്ചു വിടുകയായിരുന്നു ഞാന്‍. കാലം മുന്നോട്ടോ, പിന്നോട്ടോ?

പുതിയ തലമുറകള്‍ക്കും അനുഭവങ്ങള്‍ മാറുന്നില്ല, ഓരോ ദിവസവും പുരുഷന്മാരുടെ വിക്രിയകള്‍ ഏറി വരുന്നു എന്നതാണ് ആധുനിക യാഥാര്‍ത്ഥ്യം. എത്ര എഴുതിയിട്ടും എത്ര പറഞ്ഞിട്ടും എത്ര ബോധവല്‍ക്കരണ ശ്രമങ്ങള്‍ നടത്തിയിട്ടും തഥൈവ. പുരുഷന്‍ പുരുഷന്‍ തന്നെ. സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണെന്നും അവള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു നോട്ടവും ഒരു വാക്കും അതിന്മേല്‍ പാടില്ലെന്നും മനസ്സിലാക്കാന്‍ കഴിയാതെ നടക്കുന്നു ഇന്നും ഒരുപാട് പേര്‍.

എഴുതി എഴുതി മടുത്തു. പറഞ്ഞ് പറഞ്ഞ് വാക്കുകള്‍ തേഞ്ഞു. ചിന്തിച്ച് ചിന്തിച്ച് തല പുണ്ണായി. ഇനി സ്ത്രീ പീഡനത്തെക്കുറിച്ച് എഴുതില്ല എന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് സൗമ്യയുടെ പുനര്‍ജന്മ ചിന്തകള്‍.

”അടുത്ത ജന്മം ആന്റിക്ക് സ്ത്രീയാകണോ, പുരുഷനാകണോ?”

ഞാന്‍ കുഴങ്ങി. സൗമ്യയുടെ ചോദ്യം എന്റെ ഉളളില്‍ ചിന്തയുടെ തിരമാലകള്‍ ഉയര്‍ത്തി.

സ്ത്രീയെന്ന നിലയില്‍ ഒരു ജീവിതകാലം നേരിട്ട പരിമിതികള്‍, പരിധികള്‍ – അവയില്‍ നിന്ന് രക്ഷ നേടാനുളള ഏകവഴി പുരുഷനായി ജനിക്കുകയാണ് എന്നറിയുന്നതിനാല്‍ ഞാനെങ്ങനെ അതിനാഗ്രഹിക്കാതിരിക്കും? സ്ത്രീ ശരീരം എനിക്കേകിയ നൂറ് നൂറ് സങ്കടങ്ങള്‍ക്കൊടുവില്‍ ഞാനെങ്ങനെ സ്ത്രീയാകാന്‍ ആഗ്രഹിക്കും? ലോകം മുഴുവന്‍ യാത്ര ചെയ്യാന്‍ കൊതിച്ചിട്ട് സ്ത്രീ ശരീരത്തിന്റെ അതിരുകള്‍ സ്വയമറിഞ്ഞ് പിന്മാറിയ ഞാന്‍ കുഴിച്ചിട്ട എന്റെ സ്വപ്നങ്ങള്‍ – അവയോട് പകരം വീട്ടാനെങ്കിലും എനിക്കൊരു പുരുഷനാകണ്ടേ? പക്ഷെ, എന്റെ മനസ്സ് പെട്ടെന്ന് കുതറി മാറി, എനിക്ക് സ്ത്രീയായാല്‍ മതി, നൂറായിരം ജന്മങ്ങളിലും സ്ത്രീയായാല്‍ മതി.
പുരുഷനാകാന്‍ എന്നെ മോഹിപ്പിക്കുന്നതൊന്നും തന്നെ സ്ത്രീയായിരിക്കുന്നതിന്റെ നന്മകള്‍ക്ക് മേലെയാവുന്നില്ല. എല്ലാ പ്രലോഭനങ്ങള്‍ക്കും അപ്പുറത്ത് എനിക്ക് സ്ത്രീയായിരിക്കാനാണ് ഇഷ്ടം. അപമാനിക്കപ്പെടുന്നവള്‍ ആയിരിക്കുമ്പോഴും അപമാനിക്കുന്നവള്‍ ആകുന്നില്ലല്ലോ എന്ന് സമാധാനം. സ്‌നേഹത്തിന് മുന്നിലല്ലാതെ ശരീരത്തിന് മുന്നില്‍ ദുര്‍ബ്ബലയാകുന്നില്ലല്ലോ എന്നാശ്വാസം.

പുരുഷന്റെ ദൗര്‍ബല്യങ്ങള്‍ കാണുമ്പോള്‍ അവരെയോര്‍ത്ത് സ്ത്രീകള്‍ക്ക് സഹതാപം തോന്നുന്നത് നിസ്സഹായത കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. നോവുകള്‍ ഒരുപാടുണ്ട് – ഇക്കണ്ട കാലത്തിനുളളില്‍ സ്ത്രീയായതു കൊണ്ട് ശരീരവും മനസ്സും നേരിട്ട അപമാനങ്ങള്‍, വെല്ലുവിളികള്‍ – നോക്കായും വാക്കായും സ്പര്‍ശമായും കടന്നെത്തിയ ധാര്‍ഷ്ട്യങ്ങള്‍ – പരാതി എഴുതിക്കൊടുത്ത് പരിഹാരം തേടാതെ അവയെ നേരിട്ടത് എന്റേതായ മാര്‍ഗ്ഗങ്ങളാലാണ്. തുടക്കത്തില്‍ തന്നെ കര്‍ശനമായ നോട്ടങ്ങളിലൂടെ, വാക്കുകളിലൂടെ, ഭീഷണികളിലൂടെ, മൗനത്തിലൂടെ, അപൂര്‍വ്വം ചിലപ്പോള്‍ ചെരിപ്പും ബാഗുമുപയോഗിച്ചൊക്കെ കടന്നു കയറ്റങ്ങളെ ചെറുത്തു നിന്നു. തെരുവ് പട്ടികള്‍ കുരയ്ക്കുമ്പോള്‍, ഓരിയിടുമ്പോള്‍ കടിക്കാന്‍ ഓടിക്കുമ്പോള്‍ – ചുറ്റുമുളള പുരുഷ ജല്‍പ്പനങ്ങളെ, വൈകല്യങ്ങളെ ഞാനതിനൊപ്പമാണ് ചേര്‍ത്തു വയ്ക്കുന്നത്.

ഒരു പുരുഷന്‍ അപമര്യാദയായി പെരുമാറുമ്പോള്‍ അത് എനിക്കെന്തെങ്കിലും കുറവുളളത് കൊണ്ടാണെന്ന് ഞാനൊരിക്കലും ധരിച്ച് വശായിട്ടില്ല. സ്വന്തം മാനസിക വൈകല്യങ്ങളുമായി തെരുവിലിറങ്ങിയ ഒരു പാവം എന്ന് കരുതി ചെരിപ്പെടുത്ത് രണ്ട് തല്ല് കൊടുത്ത് ഞാനെന്റെ പാട് നോക്കി പോകാറാണ് പതിവ്. ഈ അതിജീവന തന്ത്രങ്ങള്‍ ഇല്ലാതെ പത്രപ്രവര്‍ത്തകയായി, ഒരുപാട് യാത്ര ചെയ്യേണ്ട ഉദ്യോഗസ്ഥയായി, എഴുത്തുകാരിയായി, എനിക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ലായിരുന്നു.

ഇപ്പോള്‍ പത്രം വായിക്കുന്നത് ദുഷ്‌ക്കരമായി മാറിയിരിക്കുന്നു. ഒന്നാം പേജ് മുതല്‍ അവസാന പേജ് വരെ വരുന്നു സ്ത്രീപീഡന വാര്‍ത്തകള്‍ – അച്ഛനും ചേട്ടനും അപ്പൂപ്പനും ചിറ്റപ്പനും അമ്മാവനും അദ്ധ്യാപകനുമൊക്കെ കാമം കൊണ്ട് വിറയ്ക്കുന്നു. ഒരു വയസ്സായ ശിശു തുടങ്ങി 80 കഴിഞ്ഞ വൃദ്ധകളും ശവശരീരങ്ങളും രോഗപീഡകളാല്‍ വലഞ്ഞ സ്ത്രീ ശരീരങ്ങളുമൊക്കെ അറവുമാടുകളെക്കാള്‍ ഭീകരമായി നിലവിളിക്കുന്നു, ആക്രമിയ്ക്കല്ലേ എന്ന്.

ട്രെയിനിലെ ഉദ്യോഗസ്ഥരും ബസിലെ കിളിയും കണ്ടക്ടറും സ്‌കൂളിലെ മാഷും. കഷ്ടം, നമ്മുടെ പുരുഷന്മാര്‍ക്ക് സംഭവിച്ചിരിക്കുന്ന ദുര്‍ഗ്ഗതി.
ഓരോ സ്ത്രീശരീരത്തിന്റെ മുന്നിലും കൈവിട്ടു പോകുന്ന അവരുടെ നിയന്ത്രണം, നന്മ, മൂല്യങ്ങള്‍, ഒരു പോംവഴിയും കാണാതെ അന്തം വിടുകയാണ് സമൂഹ മനസ്സാക്ഷി. ഓരോ സ്ത്രീക്കും ഇത്തരം മനസ്സുളള പുരുഷനോട് പറയാന്‍ ഒന്നു മാത്രമേ ഉളളൂ. ”സഹോദരാ, എനിക്ക് അറപ്പ് മാത്രമേ തോന്നുന്നുളളൂ. സ്‌നേഹം കൊണ്ട്, പ്രണയം കൊണ്ട്, ഇഷ്ടം കൊണ്ട്, ബഹുമാനം കൊണ്ട് വീക്ഷിക്കപ്പെടേണ്ട ഒന്നാണെനിക്കെന്റെ ശരീരം. അല്ലാതെയുളള ഓരോ നോട്ടവും എന്നില്‍ വെറുപ്പ് മാത്രമേ ഉണര്‍ത്തൂ.” എത്ര പറഞ്ഞിട്ടും, എത്ര എഴുതിയിട്ടും പുരുഷന്റെ മനസ്സ് വൈകൃതങ്ങളില്‍ നിന്ന് വൈകൃതങ്ങളിലേക്ക് പായുന്നതേയുളളൂ.

എനിക്കിവിടെ അന്തസ്സോടെ ജീവിക്കണമെന്ന്, വീടിന് പുറത്തുള്ള ലോകത്തും വീടിനുളളിലും എനിക്ക് സുരക്ഷിതമായ ഇടം വേണമെന്ന് ഇനിയുമേതു ഭാഷയിലാണ് ഇവിടത്തെ സ്ത്രീ വിളിച്ചു പറയുക? രാവും പകലും പൊതു ഇടങ്ങളില്‍ സ്ത്രീയ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരെ പൂട്ടിയിടാന്‍ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കണമെന്ന് ഏതു അധികാര കേന്ദ്രത്തിലാണ് സ്ത്രീ ആവശ്യപ്പെടുക?

പുരുഷ കേന്ദ്രീകൃതമായ ജീവിതാവസ്ഥകളില്‍ നിന്ന് തെന്നി മാറി, സ്ത്രീകള്‍ സ്വന്തം ജീവിത ഭൂമികകള്‍ സൃഷ്ടിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന കാലം കൂടിയാണിത്. ബുദ്ധിമുട്ടാണ്, പലര്‍ക്കും. സ്വാഭിമാനം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്കും സാങ്ങാനാവില്ല, അവളുടെ സ്വത്വത്തിന് നേരെയുളള കടന്നു കയറ്റങ്ങള്‍. ബലം പ്രയോഗിച്ച് നേടിയെടുക്കുമ്പോള്‍ പുരുഷ സഹോദരന്മാര്‍ക്ക് എന്ത് നിര്‍വൃതിയാണ് ലഭിക്കുന്നത് എന്നെനിക്കറിയില്ല.

പുരുഷന് ഇന്നും പഴയ നായാട്ടുകാരന്റെ മനസ്സ് കൈവിട്ടു പോയിട്ടില്ല, വെട്ടിപ്പിടിക്കാന്‍, ആക്രമിച്ച് കീഴ്‌പെടുത്താന്‍ വെമ്പുന്ന ആ മനോഭാവത്തോടെ പുരുഷന്‍ പെരുമാറുമ്പോള്‍ ഓരോ സ്ത്രീയും ഓരോ പെണ്‍കുഞ്ഞും ആഗ്രഹിച്ച് പോവുന്നു ”ഞങ്ങള്‍ക്കിങ്ങനെ ആവണ്ട, ഇത്ര അധ:പതിക്കാന്‍ ഞങ്ങള്‍ക്ക് വയ്യ. ഞങ്ങള്‍ക്ക് സ്‌നേഹം കരുതലാണ്, കാരുണ്യമാണ്, അംഗീകരിക്കലാണ്, ബഹുമാനിക്കലാണ്, ആരാധിക്കലാണ്. ആഴങ്ങളില്‍ കാത്തു വയ്ക്കുന്ന മുത്താണ്. അതറിഞ്ഞതിനാല്‍ ഞങ്ങള്‍ക്ക് നിങ്ങളോട് തോന്നുന്നത് സഹതാപമാണ്, സഹതാപം കൊണ്ട് ഓരോ വട്ടവും മാപ്പ് കൊടുക്കുമ്പോഴും ഞങ്ങള്‍ ആഗ്രഹിച്ച് പോവുന്നു. അടുത്ത ജന്മത്തില്‍ അബദ്ധത്തില്‍ പോലും ഇങ്ങനെയുളള വൈകല്യങ്ങള്‍ നിറഞ്ഞ ഒരു പുരുഷനാകണ്ട. പരിമിതകളുടെ ഉളളിലാണെങ്കില്‍ പോലും സ്ത്രീ ജീവിതത്തിന്റെ നന്മകള്‍ മതി.


Comments:

No comments!

Please sign up or log in to post a comment!