മിഴിരണ്ടിലും…
ഹായ് ചങ്ങായിമാരെ, ഒരു പരീക്ഷണം എന്നോണം മനസ്സിൽ തോന്നിയ ചില തോന്നലുകൾ ഇവിടെ പങ്കുവയ്ക്കുകയാണ്…
തുടക്കക്കാരൻ ആയതുകൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടാവാം…എല്ലാം സദയം ക്ഷമിച്ചുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അത് എന്ത് തന്നെ ആയാലും കമൻ്റിലൂടെ അറിയിച്ചുകൊള്ളും എന്ന വിശ്വാസത്തോടെ….
Jack Sparrow
“എടാ ഒന്ന് വേഗം നടക്ക്,ഇനി ഇന്നുംകൂടി വൈകി ചെന്നാൽ ബിജി ടീച്ചറുടെ വായിലിരിക്കുന്നത് കൂടികേൾക്കേണ്ടിവരും…!”
ബസിൽ നിന്നിറങ്ങി സ്കൂളിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ ഞാൻ കട്ട ചങ്കും സർവ്വോപരി എല്ലാ ഉടായിപ്പുകൾക്കും മുന്നിൽ നിൽക്കുന്ന നികേഷിനോട് പറഞ്ഞു ഒന്നുകൂടി വേഗത്തിൽ നടക്കാൻ തുടങ്ങി…
മറുപടി ഒന്നും കേൾക്കാതെ തിരിഞ്ഞവനെ നോക്കുമ്പോൾ ആശാൻ ഇവിടെയെങ്ങും അല്ല,റോഡിൻ്റെ അപ്പുറം വശത്തുകൂടി നടന്നുപോകുന്ന ഞങ്ങളുടെ തന്നെ സ്കൂളിലെ പെൺകുട്ട്യോളുടെ വായിൽനോക്കി നടക്കുവാണ് തെണ്ടി..!
“എടാ കോപ്പെ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ?”
പിന്നിലേക്ക് നോക്കി ഞാൻ പറഞ്ഞതും അവൻ എന്നെ നോക്കി എന്താടാ എന്ന ഭാവത്തിൽ നിൽക്കുന്നു…!
“എടാ നീ വല്ലോടത്തും നോക്കി നടക്കാതെ ഒന്ന് വേഗം നടക്ക്”
“നീ എന്തിനാട ഇത്ര ധൃതി പിടിക്കുന്നേ,അവിടെ ഏതേലും കിളി വെയിറ്റ് ചെയ്യാന്നു പറഞ്ഞിട്ടുണ്ടോ?”
അവൻ ആ പെൺപിള്ളേരേം എന്നേം മാറി മാറി നോക്കി കൊണ്ട് പറഞ്ഞു…
“എടാ ഇന്നലെ ഇതുപോലെ വൈകി ചെന്നിട്ട് പുറത്ത് നിന്നത് നീ ഇത്രപെട്ടന്ന് മറന്നോ?”
“അത് ഇന്നലേയല്ലെ…!”
ഒട്ടും കൂസലില്ലാതെയുള്ള അവൻ്റെയാ മറുപടി എന്നെ ചെറുതായൊന്നു ദേഷ്യംപിടിപ്പിച്ചു..
“നീ വരുന്നുണ്ടെൽ വാ മൈരെ ഞാൻ പോണു…”
ഞാൻ ഒന്നുകൂടെ വേഗത്തിൽ നടന്നു..
“ഡാ നിക്ക് ഞാനും വരുന്നു”
അവൻ എൻ്റെയോപ്പം ഓടിയെത്തി എന്നിട്ട് പറഞ്ഞു…
“നീ എന്തിനാടാ ഇത്ര ധൃതി പിടിക്കുന്നേ? സാധാരണ ഇതിലും കുറച്ചുകൂടി വൈകിയല്ലേ നമ്മൾ അവിടെ എത്താറുള്ളത്? ഇനി ഇന്നലെ വൈകി
ചെന്നതാണേൽ അത് ഇന്നലെ സ്‌പെഷ്യൽ ക്ലാസ്സ് അല്ലേ? ഇന്ന് ഇത്ര ധ്യതി പിടിക്കാൻ മാത്രം സ്പെഷ്യൽ ക്ലാസ്സ് ഒന്നും ഇല്ലല്ലോ?”
ഒറ്റ ശ്വാസത്തിൽ അവൻ ഇത്രയും ചോദിച്ചതും എന്തുപറയണമെന്നറിയത്തെ ഒരു നിമിഷം ഞാൻ ഒന്ന് കുഴങ്ങിപോയി..കാരണം നമ്മുടെ മനസ്സിലെ ഉദ്ദേശം എന്താണെന്നവനറിയില്ലല്ലോ…!
“അത്…അത് പിന്നെ ഇനി ടീച്ചർ എങ്ങനും നേരെത്തെ വന്ന് ക്ലാസ്സ് എടുക്കുന്നുണ്ടെങ്കിലോ?വൈകി ചെന്നാൽ നിനക്ക് ഒരു പ്രശ്നോമില്ല… നീ ടീച്ചർടെ പ്രിയ ശിഷ്യനും പ്രധാന പഠിപ്പികളിലൊരാളുമാണല്ലോ…!”
അത് എൻ്റെയൊരു സ്ഥിരം പ്രയോഗമാണ്…ഇതുപോലെ എന്തെങ്കിലും പറഞ്ഞ് അവൻ എന്നെ കുഴപ്പിക്കുമ്പോൾ അവന്റെ വായടപ്പിക്കാൻ ഞാൻ ഉപയോഗിക്കുന്ന ഒരു ലേബൽ ആണ് “പഠിപ്പി”.
“ദേ നിന്നോട് ഞാൻ പലയാവർത്തി പറഞ്ഞിട്ടുണ്ട് എന്നെ ആ ബുജികളുടെ പേര് വിളിക്കരുതെന്ന്..! പിന്നെ ഇതാരാ ഈ പറയുന്നെ..,അവൻ്റെ വർത്താനം കേട്ടാൽ തോന്നും ഞാൻ വല്ല്യ പഠിപ്പിയും ഇവൻ വല്ല്യ ഉഴപ്പനുമാണെന്ന്… നിനക്ക് കഴിഞ്ഞ ആഴ്ച എടുത്ത ഫിസിക്സ് പരീക്ഷയ്ക്ക് എത്രേയാടാ മാർക്ക്?”
അവൻ എൻ്റെ നേരെ വട്ടം കേറി നിന്നുകൊണ്ട് ചോദിച്ചു…
“അത് പിന്നെ എനിക്ക് ഫിസിക്സ് ഒത്തിരി ഇഷ്ടായത് കൊണ്ടാണ് അതിന് ഫുൾ മാർക്ക് , എന്നാലും നിന്റത്രം വരുവോട മുത്തേ..” ഞാൻ അവനെ ഒന്നാക്കി കൊണ്ട് പറഞ്ഞു…
“ഓ ഉവ്വ ഉവ്വ”
അവൻ എന്നെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് മുന്നിൽ നിന്ന് മാറിക്കൊണ്ട് പറഞ്ഞു…
അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ സ്കൂളിലേക്ക് നടന്നു…
സോറി ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ…!
എൻ്റെ പേര് സിദ്ധാർത്ഥ്,അടുത്തറിയാവുന്നവർ എല്ലാം സിദ്ധു എന്ന് വിളിക്കും ഇപ്പൊൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. വീട്ടിൽ അച്ഛൻ രവിശങ്കർ,അമ്മ ശ്രീദേവി,ചേച്ചി മാളു എന്ന മാളവിക.. അച്ഛൻ ടൗണിൽ ഒരു ടെക്സ്റ്റെയിൽ ഷോപ്പ് നടത്തുന്നു കൂടാതെ അല്ലറ ചില്ലറ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉണ്ട്,അമ്മ ഹൗസ് വൈഫ്,ചേച്ചി Bsc കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർഥിനി.അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിൽ ആണ് ഞാൻ ജനിച്ചത്,അത്കൊണ്ട് ഇന്നേവരെ ഒന്നിനും ഒരു ബുദ്ധിമുട്ടും അറിയേണ്ടേ വന്നിട്ടില്ല. അതിൻ്റെയൊക്കെയാണോ എന്നറിയില്ല ആ പ്രായത്തിലുള്ള കുരുത്തകേടുകൾ എല്ലാം എനിക്കുണ്ട്… ഏത്..! അതിന് പറ്റിയ കൂട്ടുകാരെയും ദൈവം സഹായിച്ച് എനിക്ക് കിട്ടിയിട്ടുണ്ട്…!
സ്കൂളിലെത്തിയത്തും, “ഇന്നെന്താട മക്കളെ രണ്ടും നേരെത്തെയാണല്ലോ” എന്ന അരുണിന്റെ കമെൻ്റും കേട്ടുകൊണ്ടാണ് ഞങ്ങൾ ക്ലാസ്സിലേക്ക് കയറിയത്… എന്നാല് എൻ്റെ ശ്രദ്ധ ഞങ്ങളുടെ ക്ലാസിൻ്റെ തന്നെ വരാന്തയിലുള്ള നാലാമത്തെ ക്ലാസ്സിലേക്ക് ആയിരുന്നു…അത് ശ്രദ്ധിച്ചുകൊണ്ടെന്നോണം നികേഷ് പറഞ്ഞു,
“ഓ ഇന്നൊരാൾക്ക് ഇവിടേക്ക് വരാൻ ഇന്നലെ വരെയില്ലാത്ത ധൃതി ആയിരിരുന്നു”
“ആർക്ക് ഇവനോ?” എന്നെ ചൂണ്ടിക്കൊണ്ട് അരുൺ ചോദിച്ചു.
“ആ പിന്നല്ലാതെനിക്കോ?”
“അതെന്തടാ നിനക്ക് ഇന്നലെവരെയില്ലാത്ത ഒരു ധൃതി?” അരുൺ എനിക്ക് എതിർ ഭാഗത്തേയ്ക്ക് വന്നിരുന്നുകൊണ്ട് ചോദിച്ചു..
“അതൊന്നുവില്ലട,ഇന്നലെ ലെയിറ്റ് ആയിട്ട് വന്നിട്ട് ആ ടീച്ചർടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടതാ,ഇനി ഇന്നതിന് തരം ഉണ്ടാക്കണ്ടല്ലോ എന്ന് വച്ചാ ഇത്തിരി നേരെത്തെ വന്നേ”
ഞാൻ ഒട്ടും ഭാവ വ്യത്യാസമില്ലാതെ അവനെ നോക്കി പറഞ്ഞു…പക്ഷെ അതിൻ്റെയിടയിലും ഒളികണ്ണിട്ടു ഞാനാ നാലാമത്തെ ക്ലാസ്സ്റൂമിലേക്ക് നോക്കാൻ മറന്നില്ല…കുറച്ച് സമയത്തെ നോട്ടത്തിനു ശേഷം ഞാൻ വലത്തോട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ നോക്കിയിരിക്കുന്ന നികേഷിനെയാണ്…!
“എന്താടാ ഇങ്ങനെ നോക്കുന്നെ?”
ഞാൻ അവനോട് ചോദിച്ചു.
“എന്താടാ മോനുസെ 9 C യിലേക്ക് ഒരു ആകർഷണം?
അവൻ്റേയാ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി, അതെന്തിനാണെന്നു എനിക്ക് ഇപ്പോഴും അറിയില്ല…
“ആകർഷണോ..എന്ത് ആകർഷണം?”
അവൻ്റെ മുഖത്ത് നോക്കാതെ ഞാൻ തിരിച്ച് ചോദിച്ചു..
“ഡാ മോനെ നിൻ്റെ ചാട്ടം എങ്ങോട്ടാണെന്നെനിക്ക് മനസ്സിലാവണുണ്ട്ട്ടോ”
അവൻ വല്ലാത്ത ഒരു ചിരിയോടുകൂടി എന്നെ നോക്കി പറഞ്ഞു…
“എന്താടാ എന്താ സംഭവം?”
അരുൺ ആകാംഷയോടെ ചോദിച്ചു..
“ഏയ് ഒന്നും പറയാറായിട്ടില്ല മോനേ,കുറച്ചുകൂടി കഴിയട്ടെ”
അവൻ എന്നെ നോക്കിക്കൊണ്ട് തന്നെ പറഞ്ഞു…
ദൈവമേ ഇവന് ഇനി വല്ലതും മനസ്സിലായിട്ടുണ്ടാവോ? ഇതെന്ത് മൈര്,ഞാൻ എന്തിനാ ഇങ്ങനെ കിടന്ന് ടെൻഷനടിക്കുന്നെ?എന്തായാലും ഇവന്മാരോട് പറയണ്ടതല്ലേ?
“ദേ ഡാ ലക്ഷ്മി വരുന്നു”
മുകളിലേക്കുള്ള പടികൾ കയറിവരുന്ന ലക്ഷ്മിയെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു… അത് കേട്ടതും നികേഷ് ചാടി എഴുന്നേറ്റ് ക്ലാസ്സിനു പുറത്തേക്ക് ഓടി… അത് സംഭവം വേറോന്നുവല്ല,കാര്യം നമ്മുടെ ചങ്ക് ചെറിയ ഒരു കോഴിയാണെങ്കിലും ഇവളുടെ കാര്യത്തിൽ കക്ഷി നല്ല ഉത്സാഹത്തിൽ ആണ്,എന്ന് വെച്ചാൽ അസ്ഥിക്ക് പിടിച്ചെന്നോക്കെ പറയില്ലേ,അതന്നേ…
ഇനി ലക്ഷ്മിയെ കുറിച്ച് പറയുവാണെങ്കിൽ,നല്ല വെളുത്ത നിറം ആവശ്യത്തിന് പൊക്കം അതിനൊത്ത വണ്ണം,വട്ടമുഖത്തിൽ കറുത്ത കൺമഷി എഴുതിയ കണ്ണുകൾ,ആവശ്യത്തിനുള്ള മുടി അത് രണ്ടായി ഇരുവശത്തേക്കും മെടഞ്ഞിട്ടിരിക്കുന്നു… വെള്ള ചുരിദാർ ടോപ്പും അതിനോട് ചേർന്നുള്ള നീല പാൻ്റും, ഷോളും കൂടിയ യൂണിഫോമിൽ അവളെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു…
“ഹായ് സിദ്ധുവേട്ടാ, ഇന്ന് നേരെത്തെയാണല്ലോ?
ജനലിനടുതുള്ള എന്നെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു…
“ഞാൻ മാത്രവല്ല അവനും നേരെത്തെയാണ്”
വരാന്തയോട് കൂടെയുള്ള മതിലിനോട് ചേർന്ന് നിൽക്കുന്ന നികേഷിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിരിയോടെ ഞാൻ പറഞ്ഞു.
ഞാൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് അവൾ കുറച്ച് നേരം നോക്കി നിന്നു.അവനും അവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…ഞാൻ നോക്കുമ്പോൾ പെണ്ണിൻ്റെ മുഖമാകെ ചുവന്നുതുടുത്തിരിക്കുകയാണ്…അവൾ മെല്ലെ നാണത്തോടെ ക്ലാസ്സിലേക്ക് നടന്നു…അവൻ്റെ മുൻപിലെത്തിയപ്പോൾ അവളറിയാതെ തന്നെ അവനെ നോക്കിപ്പോയി, അപ്പൊൾ കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന നികേഷിനെയാണ്…!അവനെ നോക്കിക്കൊണ്ട് തന്നെ അവൾ 11 B യിലേക്ക് കയറിപ്പോയി… നികേഷ് അവൻ്റെ ഇഷ്ടം പണ്ടേ അവളെ അറിയിച്ചതാണ്,അവൻ പറഞ്ഞതെല്ലാം ഒന്നു മൂളിക്കേട്ടു എന്നല്ലാതെ അവൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല,മൗനം സമ്മതമെന്നോണം അവൻ പിന്നീട് ഒന്നും ചോദിക്കാനും പോയില്ല,പക്ഷെ അവളുടെ നോട്ടത്തിലും ഭാവത്തിലും അവൾക്ക് അവനെ പെരുത്ത്
ഇഷ്ടമാണെന്ന് കണ്ടുനിൽക്കുന്ന ആർക്കും മനസ്സിലാവും..!
“ഇത്രയൊക്കെയായിട്ടും അവൾക്ക് നിന്നോട് ഒന്ന് മിണ്ടാൻ പറ്റില്ലേ”
അവൾ പോയതിൻ്റെ പിന്നാലെ ക്ലാസ്സിലേക്ക് കയറിവന്ന നികേഷിനെ നോക്കി അരുൺ ചോദിച്ചു…
“എടാ അവൾടെയുള്ളിൽ എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം,നീ നോക്കിക്കോ ഒരു ദിവസം അവളത് എന്നോട് വന്ന് പറയും..!”
“അവൾക്ക് നിന്നെ ഇഷ്ടാണെന്നുള്ള കാര്യം ഞങ്ങൾക്കറിയാം,എന്നാലും അതൊന്ന് നിന്നോട് വന്ന് പറയാൻ അവൾക്ക് പറ്റില്ലേ?”
പലവട്ടം എൻ്റെ മനസ്സിൽ തോന്നിയ ആ സംശയം അരുൺ നേരിട്ട് അവനോട് ചോദിച്ചപ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു അവൻ്റെ മറുപടി…!
“ടിർർർർർർ”
ലോങ്ങ്ബെല്ല് അടിച്ചതും വരാന്തയിലും കോമ്പൗണ്ടിലും മറ്റും നിന്നവരെല്ലാം ക്ലാസ്സിലേക്ക് കയറിപ്പോയി…
“ഫസ്റ്റ് പിരിയഡ് ബിജി ടീച്ചറല്ലെ?”
എൻ്റെ വലതു വശത്ത് പിന്നിലായിരിക്കുന്ന രാഹുൽ എന്നോട് ചോദിച്ചു…
“അതെടാ”
അവനെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…
പ്ലസ് ടൂവിലാണ് ഞാനും നികേഷും അരുണും പഠിക്കുന്നത്.അഞ്ചാം ക്ലാസ്സ് മുതൽ കൂടെകൂടിയതാണ് ഇവർ രണ്ടും എൻ്റെ കൂടെ… അന്ന് മുതൽ ഇന്ന് വരെ എല്ലാ ഉഡായിപ്പുകൾക്കും മറ്റുകാര്യങ്ങൾക്കും ഞങൾ ഒരുമിച്ചാണ്…ക്ലാസ്സിലെ മറ്റു പിള്ളേരൊക്കെയായിട്ട് കമ്പനി ഉണ്ടെങ്കിലും,ഇവർ രണ്ടും ആണ് എൻ്റെ ചങ്കുകൾ..!അവർക്കും അത് അങ്ങനെ തന്നെയാണ്…!
അങ്ങനെ ഒരോന്നോക്കെ മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോൾ ഈശ്വര പ്രാർത്ഥനയ്ക്കുള്ള ബെൽ അടിച്ചു..എല്ലാവരും എഴുന്നേറ്റ് നിന്ന് ഈശ്വര പ്രാർത്ഥനയ്ക്കായി കാതോർക്കുമ്പോൾ ഞാൻ മാത്രം താഴെ ഹൈ സ്കൂൾ ബിൽഡിംഗ്ൻ്റെ മുൻപിലുള്ള മെയിൻ എൻട്രൻസിലേക്ക് കണ്ണുംനട്ടിരിക്കുവായിരുന്നു…
ഈശ്വര പ്രാർത്ഥന കഴിഞ്ഞതും നിരാശയോടെ ഞാൻ ബെഞ്ചിലേക്കിരുന്നു.
“ഡാ അറ്റെന്റൻസ് പറയട കോപ്പേ”
അപ്പോഴാണ് ഞാൻ ക്ലാസ്സിൽ ടീച്ചർ വന്നതും, അറ്റെന്റൻസ് എടുക്കുന്നതാണെന്നും ഒക്കെ അറിയുന്നത്..!
ഇതൊക്കെ എപ്പോ..എന്ന ഭാവത്തിൽ ഞാൻ അവനെ നോക്കിയതും”സിദ്ധാർത്ഥ്”എന്നൊരൊറ്റ വിളിയായിരുന്നു…! ബെഞ്ചിൽ നിന്നും പതിയെ എഴുന്നേറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ തുറിച്ചു നോക്കുന്ന ടീച്ചർ..!
“നീയവിടെന്തെടുക്കുവാ സിദ്ധാർത്ഥ്? എത്ര വിളി ഞാൻ വിളിച്ചു?,താൻ ഈ ലോകത്തൊന്നും അല്ലേ?”
ടീച്ചർ ദേഷ്യത്തോടെ പറഞ്ഞു…
” അത് പിന്നെ ടീച്ചറെ ഞാൻ ഇങ്ങനെ ഓരോന്നാലോചിച്ച് വെറുതെ…”
ഞാൻ കിടന്ന് വിക്കുന്നത് കണ്ടപ്പോൾ രണ്ടവന്മാരും നല്ല ചിരിയാണ്. കള്ളപന്നികൾ…!
” ഇതിനും മാത്രം ആലോചിക്കാൻ തനിക്കെന്താടോ ഉള്ളത് ? അതോ ഇനിയാരെയെങ്കിലും സ്വപ്നം കണ്ടിരുന്നതാണോ ?”
അത് പറഞ്ഞതും ക്ലാസ്സിലെ പെൺപിള്ളേരിൽ നിന്നും ഒരു കൂട്ടച്ചിരി മുഴങ്ങി… മൈര്..!ഇത് ഇതിനും മാത്രം ചിരിക്കാൻ എന്താ ഉള്ളത് ?
” ഏയ്.. അങ്ങനെ ഒന്നും.. ഇല്ല ടീച്ചറെ..” എന്ന് പറഞ്ഞു കൊണ്ട് ഒന്നിളിച്ചു കാണിക്കാനല്ലാതെ ആ ഒരവസ്ഥയിൽ എനിക്കൊന്നിനും കഴിയുമായിരുന്നില്ല..!
” മ്മം ശരി.. ശരി, ഇരിക്ക്” എന്ന് പറഞ്ഞു കൊണ്ട് ടീച്ചർ അടുത്തയാളുടെ പേര് വിളിച്ചു…
അപ്പോഴേക്കും പുറത്ത് നല്ലോണം മഴ പെയ്യാൻ തുടങ്ങി…
“പുറത്ത് നല്ല മഴയാണല്ലോട സിദ്ധൂ,ഇനി അവളെങ്ങാനും മഴയത്ത് പെട്ടിട്ടുണ്ടാവോ?” നികേഷ് എന്നെ നോക്കാതെ പറഞ്ഞു…
“ഏയ് ഇല്ലട അവൾ വരുന്നുണ്ടാവും…!”
പറഞ്ഞ് കഴിഞ്ഞാണ് നാവിൽ ഗുളികൻ കയറിയ കാര്യം ഞാൻ ഓർത്തത്… കള്ളി വെളിച്ചത്തായതിന്റെ ചമ്മലിൽ തിരിഞ്ഞവനെ നോക്കിയ ഞാൻ കാണുന്നത് എന്നെ തന്നെ തുറിച്ച് നോക്കിയിരിക്കുന്ന അവനെയാണ്..! എന്നാലാ സമയത്തും അവന്റെ മുഖത്തൊരു കള്ളച്ചിരിയില്ലാതില്ല…!
“ആര് വരുന്ന കാര്യാടാ പറഞ്ഞേ?”
അവൻ ചോദിച്ചു,
അവൻ ചോദിച്ചത് കേട്ടൊന്ന് പതുങ്ങിയെങ്കിലും ഉടനെ വായിൽ വന്നൊരു നുണ തട്ടിവിടാൻ ഞാൻ മറന്നില്ല..!
“അത്…അത് ഞാൻ ജ്യോതി..,ജ്യോതി വന്നില്ലല്ലോ,അപ്പോ അവളുടെ കാര്യമാ ഉദ്ദേശിച്ചേ..”
അവൻ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു,
“അപ്പോ ആ ഇരിക്കുന്നത് ജ്യോതിയല്ലാതെ പിന്നെ നിൻ്റെ മറ്റവളാണോ?”
പെൺപിള്ളേരുടെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൻ ചോദിച്ചതും ഞാൻ അങ്ങടില്ല്യാണ്ടായി…! നോക്കുമ്പോൾ ജ്യോതി അവിടെ തന്നെ ഇരിപ്പുണ്ട്, ശ്ശെടാ ഇവളിതെപ്പോ വന്ന് കയറി? പിന്നെയും മൂഞ്ചിയല്ലോ എന്നാലോചിച്ച് അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഇഷ്ടൻ ഗൗരവത്തിലാണ്..
“എടാ അത്.. അവൾ വന്ന് കയറിയത് ഞാൻ കണ്ടില്ലടാ അതാ പെട്ടന്ന്..” ഞാൻ അത്രയും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് അവനെ നോക്കുമ്പോൾ ഒന്നും മിണ്ടാതെ തന്നെ അവൻ എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്…!
” അപ്പോ നമുക്ക് അടുത്ത അധ്യായത്തിലേക്ക് കടക്കാം”
ടീച്ചർ ക്ലാസെടുക്കാൻ തുടങ്ങിയപ്പോഴാണ് സത്യം പറഞ്ഞാൽ അടുത്തിരിക്കുന്ന അരുണിനെ ഞാൻ ശ്രദ്ധിച്ചത് തന്നെ, മുഖഭാവം കണ്ടാൽ അറിയാം ഇത്രയും നേരം ഇവിടെ നടന്നതെല്ലാം അവനും കേട്ടിരിക്കണൂ..! ആ പിരിയഡ് പിന്നെ ഞാൻ ഒന്നും മിണ്ടാൻപോയില്ല, മിണ്ടിയാൽ ഒരു പക്ഷേ അവന്മാർ എന്നെ വിടാതെ പിടിക്കുമോ എന്ന് ചിന്തിച്ചത് കൊണ്ടാവാം.. സെക്കന്റ് പിരിയഡിനുള്ള ബെല്ലടിച്ചതും ബിജി ടീച്ചർ ക്ലാസ്സിൽ നിന്നും പോയി… ടീച്ചർ പോയതും ഞാൻ എയറിൽ കയറിയതും ഒരുമിച്ചായിരുന്നു..!
” മര്യാദയ്ക്ക് പറഞ്ഞാൽ നിനക്ക് നല്ലത്… ഞങ്ങളറിയാത്ത എന്ത് രഹസ്യാട നിനക്കൊള്ളത്?”
മുതുകിൽ ഗുണ്ട് പൊട്ടുന്ന ശബ്ദത്തിൽ രണ്ടെണ്ണം തന്നു കൊണ്ട് അരുണാണത് ചോദിച്ചത്..!
” കാര്യങ്ങൾടെ പോക്ക് എങ്ങോട്ടാണ് എന്ന് ഏകദേശം എനിക്ക് മനസ്സിലായിട്ട്ണ്ട്, ഇനി ആളാരാണെന്ന് മാത്രം പൊന്നു മോൻ പറഞ്ഞാ മതി..!”
അവന്മാർ രണ്ടും ഇടം വലം നിന്ന് പൂട്ടിയതും പറയാതെ വേറെ വഴിയില്ലെന്നായെനിക്ക്…!
“പൊന്നുമോനെ സിദ്ധൂ, നിന്നെ ഞങ്ങൾ കാണാൻ തുടങ്ങിയിട്ട് കൊല്ലം ആറേഴായി… അത്കൊണ്ട് ഞങ്ങളെ പറ്റിക്കാന്ന് മോൻ വിചാരിക്കണ്ട…!”
” ഇന്നലെ വൈകുന്നേരം മുതൽ ഞങ്ങൾ നിന്നെ ശ്രദ്ധിക്കുന്നുണ്ട് മൈരേ. ഇതുവരെയില്ലാത്തൊരു അണിഞ്ഞൊരുങ്ങലും, ധ്യതിയും പിന്നെ 11 C യിലേക്കൊരെത്തി നോട്ടവും..ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണെന്നാ അവന്റെ വിചാരം…!”
നികേഷ് എന്റെ നേരെ ചീറി…
ഇവരോടിനി ഒന്നും മറച്ചുവച്ചിട്ട് കാര്യമില്ല… അല്ലെങ്കിലും ഇവരു രണ്ടുപേരും എന്നെ മനസ്സിലാക്കിയപോലെ വേറാരും എന്നെ മനസ്സിലാക്കിയിട്ടുണ്ടാവില്ല…! അതോർത്തപ്പോൾ ഞാനറിയിയാതെ തന്നെ ചിരിച്ചുപോയി…
“എന്തിനാട കോപ്പേ കിടന്ന് കിണിക്കുന്നേ?”
എന്നെ തുറിച്ച് നോക്കിക്കൊണ്ടരുൺ ചോദിച്ചു…
” ഇത്രയൊക്കെ പറഞ്ഞിട്ടും ഇവൻ നമുക്ക് മൈര് വിലയല്ല്യോട തരുന്നേ മൈര് വില…!”
അതുകൂടി കേട്ടതും എന്റെ ചിരി കൂടിയതല്ലാതെ ഒരു മാറ്റോം ഇണ്ടായില്ല…
ഇതിനിടയിൽ അവന്മാരെ നോക്കിയതും രണ്ടും എന്നെ കൊല്ലാനുള്ള കലിപ്പിൽ നിൽക്കാണ്… ഇനിയും നിന്ന് ചിരിച്ചാൽ അതെന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും എന്നോർത്തപ്പോൾ ഞാൻ പതിയെ ചിരി നിർത്തി… എന്നിട്ട് രണ്ടുപേരെയും പറഞ്ഞു…
” എടാ നിങ്ങൾ രണ്ടും അറിയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ലെന്ന് നിങ്ങൾക്ക് തന്നെയറിയില്ലോ.., നിങ്ങളോട് പറയാതിരുന്നതല്ല,അതിനുള്ള അവസരം വരട്ടെ എന്ന് വിചാരിച്ചാണ്.പിന്നെ നിങ്ങൾ കരുതുംപോലെ അത്ര വലിയ സംഭവോന്നുവല്ല,എനിക്കൊരുത്തിയോട് ഒരു ഇത്…! ഏത്..”
അതുപറയുമ്പോൾ എനിക്ക് ചെറുതായി നാണം വന്നു…
“അത് ഞങ്ങൾക്ക് നിൻ്റെ ഇന്നലെ മുതലുള്ള കോപ്രായങ്ങൾ കണ്ടപ്പോ തന്നെ മനസ്സിലായി,നീ ആളാരാണെന്ന് പറയ്..”
എടുത്തടിച്ചപോലെ അവൻ ചോദിച്ചതും ഞാൻ വീണ്ടും കുഴഞ്ഞു…അത് കണ്ടിട്ടെന്നോണം നികേഷ് ചോദിച്ചു,
“എന്താടാ ഒരു കള്ളലക്ഷണം?”
“ഏയ് ഒന്നൂല്ലാട…അത്…”
എന്തു പറയണമെന്നറിയാതെ ഞാൻ നിന്നതും, ഈശ്വരാ ഇവൻമാരോട് ഞാനെങ്ങനെ പറയും എന്ന് മനസ്സിലാലോചിച്ചുപോയി..!
“എന്താടാ ഒന്നും മിണ്ടാത്തത്?ഇനി ഞങ്ങളോട് പറയാൻ വല്ല ബുദ്ധിമുട്ടുണ്ടോ?”എന്ന് നികേഷ് ചോദിച്ചതും,
“ഏയ് അങ്ങനൊന്നുല്ലട,പക്ഷെ ഞാൻ….”
നികേഷിനെ നോക്കി തുടർന്നതും എൻ്റെ കണ്ണുകൾ ഞാനറിയാതെ തന്നെ ജനാലയിലൂടെ പുറത്തേക്ക് പോയി… പറഞ്ഞു വന്നത് പൂർത്തികരിക്കാനാവാതെ പുറത്തേക്ക് നോക്കി നിന്ന എന്നെ ഒരുനിമിഷം നോക്കിയിട്ടവരും തിരിഞ്ഞു പുറത്തേക്ക് നോക്കി…
പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയത്ത്,വലതു കയ്യിൽ കുടയും,ഇടത് തോളിൽ മാത്രമായി ബാഗുമിട്ട് മുകളിലേക്കുള്ള സ്റ്റെയറിനെ ലക്ഷ്യമാക്കി വരുന്ന അവളെ കണ്ടതും ഞാനൊരു നിമിഷം അനങ്ങാതെ നിന്നുപോയി…! വെള്ളയും നീലയും നിറത്തിലുള്ള ചുരിദാർ മോഡൽ യൂണിഫോമിൽ അവൾ പതിവിലും സുന്ദരിയായിരുന്നു…മുഖത്തേക്ക് നോക്കിയാൽ ആരും നോക്കിപോവുന്ന നുണകുഴികളും അതിലേറെ എന്നെയാകർഷിച്ച ആ കൺമഷിയെഴുതിയ കരിനീലക്കണ്ണുകളും നെറ്റിയിൽ തൊട്ടിട്ടുള്ള ചന്ദനക്കുറിയും അതിന് താഴെയുള്ള കറുത്ത കുഞ്ഞിപൊട്ടും പതിവ്പോലെ എൻ്റെ ഹൃദയമിടിപ്പ് കൂട്ടി…!
ഇടതൂർന്ന മുടിയിഴകൾ ഇരുവശത്തേക്കുമായി പിന്നിയിട്ടിരിക്കുന്നു,മഴയത്ത് വന്നതിനാൽ അവിടിവിടെയായി അല്പം മഴത്തുള്ളികൾ അവളുടെ കയ്യിലും മുഖത്തുമൊക്കെ ഇരിക്കുന്നതല്ലാതെ സാധാരണയിൽ നിന്നും വേറെ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല…
സത്യത്തിൽ ആ ഒരവസ്ഥയിലും പരിസരം മറന്ന് ഇമവെട്ടാതെ ഞാൻ അവളെത്തന്നെ നോക്കിനിന്നത് അവമാർ രണ്ടും കണ്ടുകാണുമോ എന്നുപോലും ഞാൻ ആലോചിച്ചില്ല..! സ്റ്റെയർ കയറി മുകളിലേക്ക് വന്നതും കയ്യിലെ കുടയും ചുരുക്കി വലത്തോട്ട് തിരിയാനൊരുങ്ങവെ അവളെത്തന്നെ നോക്കി നിൽക്കുന്നയെന്നെയാണവൾ കണ്ടത്…! ഒന്ന് നോക്കിയതല്ലാതെ വേറെ പ്രത്യേകിച്ച് ഭാവങ്ങളൊന്നും ഞാൻ കണ്ടില്ല.വലത്തോട്ട് തിരിഞ്ഞ് വരാന്തയിലൂടെ അവൾ നടന്നകലുമ്പോഴും അവളുടെ മേലുള്ളയാ നോട്ടമവസാനിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നില്ല…! അവൾ പോകുന്നതും നോക്കി നിന്നയെന്നെ ഞെട്ടിച്ചുകൊണ്ട്, ക്ലാസിൻ്റെ മുന്നിലെത്തിയതും ബ്രേക്കിട്ടപോലെ അവളവിടെ നിന്നു… ഒന്ന് കണ്ണുചിമ്മി തുറന്ന ഞാൻ കാണുന്നത്,പിറകിലേക്ക് തിരിഞ്ഞെന്നെ നോക്കിനിൽക്കുന്ന അവളെയാണ്…!
അറിയാതെ തന്നെ വീണ്ടും ഞാനവളെ നോക്കി നിന്നുപോയി…ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം പോലെയായിരുന്നു എനിക്കവൾടെയാ നോട്ടം…! അതെന്നെ ചില്ലറയൊന്നുമല്ല സന്തോഷിപ്പിച്ചത്…
ആ കണ്ണുകളിൽ എന്താണെന്നെനിക്കൊരു ഊഹവും ഉണ്ടായിരുന്നില്ല…പക്ഷെ ഒന്നുമാത്രമറിയാം അതൊരിക്കലും എന്നോടുള്ള ദേഷ്യമായിരുന്നില്ല…!
തുടരും…
ഒരു പരീക്ഷണമെന്നോണം തുടങ്ങിയതാണ്… നിങ്ങളെല്ലാവരുടെയും കടുത്ത പിന്തുണ പ്രതീക്ഷിക്കുന്നു…നിങ്ങളുടെ അഭിപ്രായങ്ങൾ അത് എന്ത് തന്നെയായാലും കമൻ്റിലൂടെ അറിയിക്കുക… അതിപ്പോൾ വിമർശനങ്ങൾ ആയാൽപോലും..! അതെല്ലാം വിലയിരുത്തി വേണം അടുത്ത ഭാഗം പോസ്റ്റണോ വേണ്ടയോ എന്നാലോചിക്കാൻ…! അപ്പോ തീർച്ചയായും എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ…
Comments:
No comments!
Please sign up or log in to post a comment!