അമ്മിഞ്ഞ നോവുകള്‍

‘നമ്മുടെ നാണിത്തള്ള എന്താമ്മേ ബ്ലൌസിടാത്തത്?’ ചോദ്യത്തിന് അമ്മ മറുപടി പറഞ്ഞത് കയ്യിലിരുന്ന തവി തിരിച്ചുപിടിച്ച് തുടക്കിട്ടൊന്നു പൊട്ടിച്ചായിരുന്നു. ‘തോന്ന്യാസം ചോദിച്ചു നടക്കാതെ പോയിരുന്നു വല്ലോം വായിച്ചു പടിക്കെടീ പെണ്ണേ, പെണ്ണിന്റെ ഓരോ ചോദ്യം……’

നാലുംകൂട്ടി ചവച്ച്, ഞങ്ങളുടെ തറവാടിന്റെ പിന്‍മുറ്റത്തെ കോണിലിരുന്ന് വാതോരാതെ നാട്ടുവിശേഷം പറയുന്ന നാണിത്തള്ളയെ അമ്മക്ക് വലിയ കാര്യമായിരുന്നു. ഒരു കഷണം പൊകേല, ഒരുപിടി വാട്ടുകപ്പ, നാഴി അരി, ഇത്തിരി തൈര് ….അങ്ങനെ എന്തെങ്കിലുമൊന്ന് വാങ്ങാനാവും തള്ള അമ്മയെത്തേടി പിന്നാമ്പുറത്തു വരിക. പോകുംമുമ്പുള്ള നേരം നാണിത്തള്ള അമ്മക്കു മുന്നില്‍ നാട്ടുവിസ്താരങ്ങളുടെ കെട്ടഴിക്കും. വീടിനു പുറത്ത് പോവാത്ത അമ്മക്ക് ഗ്രാമവാര്‍ത്തകളുടെ ചാനലായിരുന്നു എഴുപതു പിന്നിട്ട നാണി.

എനിക്കും നാണിത്തള്ളയെ ഒത്തിരി ഇഷ്ടമായിരുന്നു. ഒരു മുറി കക്കണ്ടമോ പൊടിക്കുപ്പീലടച്ച ഇത്തിരി ചെറുതേനോ അവര്‍ മടിശãീലേല്‍ പലപ്പോഴും എനിക്കായി കരുതി വെച്ചിരുന്നു. അന്യജാതിക്കാരുടെ കൈയ്യീന്ന് വാങ്ങിത്തിന്നുന്നത് തറവാട്ടില്‍ തല്ലുകിട്ടാന്‍ തക്ക കുറ്റമായിട്ടും നാണിത്തള്ളയുടെ മടിത്തുമ്പിലെ വാല്‍സല്യക്കൂട്ടുകള്‍ അമ്മ തടഞ്ഞില്ല. നാണിത്തള്ളയുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ കുട്ടിയായ ഞാന്‍ പാളിനോക്കിയിരുന്നത് അവരുടെ ചുക്കിച്ചുളിഞ്ഞ മുലകളിലായിരുന്നു. ഒരുപാടുണ്ണികള്‍ കുടിച്ചുവറ്റിച്ച ആ മുലകളില്‍, വാര്‍ധക്യത്തിന്റെ അടയാളപ്പാടുകള്‍ തെളിഞ്ഞു കിടന്നു, മുറിപ്പാടുകള്‍ പോലെ. ഈരെഴ തോര്‍ത്തിന്റെ ദുര്‍ബലമായ മറവിനപ്പുറം ആ മാറില്‍ നെറുകയും കുറുകയും വീണുകിടന്ന തൊലിവരകള്‍, എട്ടൊമ്പതു മക്കള്‍ക്ക് ആ തള്ള ഊറ്റി നല്‍കിയ വാല്‍സല്യത്തിന്റെ മാഞ്ഞുപോകാത്ത അടയാളങ്ങളായിരുന്നിരിക്കണം. അന്ന് എനിക്കതൊന്നും അറിയാമായിരുന്നില്ല.

നാണിത്തള്ളയുടെ ചെറുമക്കള്‍, അതായത് ഇളയ മകള്‍ തങ്കയുടെ മക്കള്‍ കണ്ണനും പാറുക്കുട്ടിയും എന്റെ സ്കൂളിലായിരുന്നു. ‘ഉള്ളാടക്കുടി’യെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നൊരു കുന്നിന്‍ ചെരിവില്‍ നാണിത്തള്ളയും അവരുടെ മക്കളും ചെറുമക്കളും മരുമക്കളും ഒക്കെയായി പത്തുപതിനഞ്ച് വീട്ടുകാര്‍ ആയിരുന്നു താമസം. തട്ടുതട്ടായിക്കിടന്ന മരോട്ടിക്കുന്നിന്റെ ഓരോ തട്ടിലും ഓരോ കുടിലുകള്‍. ഒരേ കുടംബക്കാരെങ്കിലും കലഹവും നാടിളക്കുന്ന വഴക്കുവക്കാണങ്ങളും തെറിവിളിയുമൊക്കെ പതിവായ ആ ഭാഗത്തേക്ക് മറ്റാരും പോയിരുന്നില്ല. ഉള്ളാടപിള്ളേരോടെങ്ങാന്‍ കൂടിയാല്‍, വീട്ടിലറിഞ്ഞാല്‍ അടി ഉറപ്പ്.

എന്നാലുമെനിക്ക് കറുത്തുരുണ്ട പാറുക്കുട്ടിയെ ഇഷ്ടമായിരുന്നു. അവളോട് ഞാന്‍ തക്കംകിട്ടുമ്പോഴൊക്കെ കിന്നാരം പറഞ്ഞിരുന്നു. എനിക്കറിയാത്ത ഒത്തിരിക്കാര്യങ്ങള്‍ അവള്‍ക്ക് അറിയാമായിരുന്നു.

പള്ളിക്കൂടത്തിലും വീട്ടിലും നിന്ന് ചോദിച്ചറിയാന്‍ കഴിയാത്തതു പലതും മറ്റെവിടെ നിന്നെങ്കിലും അറിയാന്‍ വെല്ലാതെ വെമ്പുന്ന കൌമാരകാലത്തിന്റെ നാളുകളില്‍ പാറുക്കുട്ടി എന്റെ കൂടുതല്‍ അടുത്ത കൂട്ടുകാരിയായി. ഒരുനാള്‍ അവളോടു ഞാന്‍ ചോദിച്ചു. ‘നിന്റെ അമ്മൂമ്മയെന്താ ബ്ലൌസിടാത്തത്?’ ‘അതേ…അമ്മൂമ്മേടെ കുട്ടിക്കാലത്ത് പെണ്ണുങ്ങളാരും ബ്ലൌസിട്ടിരുന്നില്ലത്രെ’ ആ പുതിയ അറിവിന്റെ അമ്പരപ്പില്‍ ഞെട്ടിനിന്നുപോയി ഞാന്‍. അതെന്താ? അതിനു മറുപടി പറയാന്‍ പാറുക്കുട്ടിക്കും കഴിഞ്ഞില്ല. ‘ആവോ? അറിയില്ല. എന്നോട് അമ്മൂമ്മ തന്നെ പറഞ്ഞതാ’

ശരീരത്തിന്റെ നനുത്തതും മൃദുവായതുമായ സുന്ദര വളര്‍ച്ചകളെ കുളിമുറിയുടെ സ്വകാര്യതയില്‍ കണ്ടും തൊട്ടും അറിഞ്ഞുതുടങ്ങിയ കാലമായിരുന്നു എനിക്കത്. പെണ്‍കുട്ടികള്‍ ഒറ്റമുണ്ടുകൊണ്ട് മാറുമറച്ചുടുത്തുവേണം കുളിക്കാനെന്ന അമ്മയുടെ ആജ്ഞയെ രഹസ്യമായി നിഷേധിച്ച് കുളിമുറിയിലെ ഇത്തിരി വട്ടമുള്ള കണ്ണാടിയില്‍ ഞാന്‍ എന്നെ നോക്കികണ്ടു. എന്റെ ശരീരം എനിക്കുതന്നെ അപരിചിതമായി വളര്‍ന്നു തുടങ്ങിയ അക്കാലത്ത് ദേഹത്തിന്റെ രഹസ്യങ്ങളെ പാറുക്കുട്ടി നാണമില്ലാതെ നാട്ടുഭാഷയില്‍ എനിക്കു കാതിലോതി തന്നു. അവള്‍ എന്റെ ക്ലാസിലെങ്കിലും എന്നെക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ടായിരുന്നു. ക്ലാസില്‍ പഠിപ്പിക്കുന്നതൊന്നും അവളുടെ തലയില്‍ കയറിയിരുന്നില്ല. പക്ഷേ, അവള്‍ എനിക്ക് പലപ്പോഴും ഗുരുനാഥയായി.

‘കുട്ടീ, ഇനി ബ്രേസിയറിട്ടു നടന്നില്ലേ എന്റെ അമ്മൂമ്മേടേതു പോലെ നിന്റേതും തൂങ്ങിപ്പോകും’ ^ അടിവസ്ത്രത്തിന്റെ അസ്വാതന്ത്യ്രങ്ങളെ വെറുത്ത എന്നെ അവള്‍ ഭയപ്പെടുത്തി. ‘മുലകളില്ലെങ്കില്‍ പെണ്‍കുട്ടികളെ കാണാന്‍ ഒരുഭംഗിയും ഉണ്ടാവില്ലെന്ന്’ മറ്റൊരിക്കല്‍ അവള്‍ പറഞ്ഞു. ഭംഗിയുള്ള വലിയ ഉരുണ്ട മുലകള്‍ അന്ന് അവള്‍ക്ക് ഉണ്ടായിരുന്നു. വയസ്സറിയിച്ചിട്ടുപോലുമില്ലാത്ത എന്റെ മാറിടങ്ങള്‍ അന്നു ഏറെക്കുറെ ശുഷ്കമായിരുന്നു. (പ്രൊതിമാ ബേദിയുടെ ആത്മകഥയായ ‘ടൈംപാസ്’ ഞാന്‍ വായിക്കുന്നത് അടുത്തിടെയാണ്. സ്ത്രീ ശരീരത്തിന്റെ സവിശേഷമായ സ്തന വളര്‍ച്ചയുടെ വികാസാനുഭവങ്ങള്‍ അവര്‍ എഴുതിയിരിക്കുന്നത് എത്ര സുന്ദരമായാണ്! സത്യത്തില്‍ പ്രൊതിമാ ബേദിയുടെ കഥ എന്നെ കൌമാരക്കാലം ഓര്‍മിപ്പിച്ചു.
സമാനമായ ആകുലതകള്‍. ലോകത്തിന്റെ ഏതുകോണിലായാലും എല്ലാ പെണ്ണും അനുഭവിക്കുന്നത് ഒരേ ആകുലതകളെന്ന് ഓരോ പുതിയ പെണ്‍ കഥകളും എന്നെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു.)

പെണ്ണിന്റെ വലിയ സമ്പാദ്യമാണ് മുലകളെന്ന് പാറുക്കുട്ടിയായിരുന്നു എന്നെ പഠിപ്പിച്ചത്. ഭംഗിയുള്ള വലിയ മാറിടങ്ങള്‍ക്കായി കുളിമുറിയിരുട്ടില്‍ ഞാന്‍ നല്ലെണ്ണ പുരട്ടി തടവി. നാണിത്തള്ളയുടേതുപോലെ അവ തൂങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ അമ്മ വാങ്ങിത്തന്ന അടിച്ചട്ടകള്‍ മറക്കാതെ ധരിച്ചു. വയസ്സറിയിച്ച്, ശരീരം വളര്‍ന്ന്, മാറിടങ്ങള്‍ രൂപപ്പെട്ടിട്ടും പാറുക്കുട്ടിയുടേതു തന്നെയായിരുന്നു സുന്ദരം.

ഞങ്ങളുടെ സൌഹൃദത്തിനു മുന്നില്‍ തറവാട്ടിലെ ജാതിവേര്‍തിരിവുകളൊക്കെ കുറേ അലിഞ്ഞുപോയിരുന്നു. അവളെന്നെ ‘കുട്ടി’യെന്നു വിളിച്ചു. ഞാനവളെ തരംപോലെ ‘എടീ, കുറുമ്പീ’ എന്നൊക്കെ വിളിച്ചു. പുഴയില്‍ പെണ്ണുങ്ങളുടെ കടവില്‍ വെള്ളമുണ്ടുടുത്ത് ഒന്നിച്ച് മുങ്ങിനിവരുന്നതുവരെ വളര്‍ന്നു കൂട്ട്. നനഞ്ഞ തുണിയുടെ സുതാര്യതക്കിപ്പുറം തെളിയുന്ന അവളുടെ ഉരുണ്ട ഇളം കറുപ്പുള്ള മാറിടങ്ങളില്‍ ഞാന്‍ പാളിനോക്കി. പുഴവെള്ളം കോരി എന്റെ മുഖത്തുചെപ്പി അവള്‍ പുഴപോലെ ചിരിച്ചുനിന്നു.

കാലം പുഴയെക്കാള്‍ വേഗതയില്‍ ഒഴുകിപ്പോയി. തെങ്ങുകേറ്റക്കാരന്‍ ശങ്കരന്റെ കെട്ടിയോളായി അവള്‍ 18 ാം വയസ്സില്‍ വീട്ടമ്മയായിട്ടും ഞങ്ങള്‍ ഇടക്കിടെ തമ്മില്‍ കണ്ടു. അവളുടെ കല്യാണത്തിന് ഞാന്‍ പോയിരുന്നില്ല, ആഗ്രഹമുണ്ടായിട്ടും. ഉള്ളാടക്കുടിയിലെ കല്യാണത്തിന് നാട്ടില്‍ മറ്റാരും പോകുമായിരുന്നില്ല. പാറുക്കുട്ടിയുടെ അമ്മ തങ്കയെ ആളയച്ചു വരുത്തി എന്റെ അമ്മ പത്തുറുപ്യ കൊടുത്തു, മോളുടെ കല്യാണത്തിന്.

നാണിത്തള്ള അതിനും ഒരുപാടു മുമ്പേ മരിച്ചിരുന്നു. ഒരുനാള്‍ പതിവുപോലെ തറവാടിന്റെ പിന്നാമ്പുറത്തെത്തി കുശലം പറഞ്ഞു നാഴിയരിയും വാങ്ങി മടങ്ങിയതാണ്. വീട്ടിലെത്തി അരി അടുപ്പത്തിട്ട് തീകൂട്ടി കിടന്നത്രെ. ആ കിടപ്പില്‍നിന്ന് നാണിത്തള്ള പിന്നെ ഉണര്‍ന്നില്ല. അരി അടുപ്പില്‍ തിളച്ചുതൂകികൊണ്ടേയിരുന്നു. തിളച്ചുപൊന്തിയ കഞ്ഞിവെള്ളക്കുമിളകളില്‍ പൊങ്ങി കലത്തിന്റെ മൂടി താളത്തില്‍ തുള്ളിചലിച്ചു. നാണിത്തള്ളയുടെ ജീവചലനം എപ്പോഴോ നിലച്ചിരുന്നു. വൈകുന്നേരമെത്തിയ മക്കളാണ് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. ഉള്ളാടക്കുടിയുടെ മൂലക്കൊരു കുഴിവെട്ടി മക്കളെല്ലാംകൂടി അമ്മയെ അതിലേക്കിറക്കിവെച്ച് മണ്ണിടുന്നത് അല്‍പം അകലെ അമ്മയും ഞാനും കണ്ടുനിന്നു. പച്ചമണ്ണില്‍ പുതഞ്ഞ് കിടക്കുമ്പോഴും നാണിത്തള്ളയുടെ മടിയില്‍ ഉണ്ടായിരുന്നിരിക്കണം, ഒരു കല്‍ക്കണ്ടതുണ്ടിന്റെ വാല്‍സല്യം.


എന്റെ കൂട്ടുകാരികളില്‍ ആദ്യം കല്യാണം കഴിഞ്ഞത് പാറുക്കുട്ടിയുടേതായിരുന്നു. സ്വാഭാവികമായും എന്റെ കൌമാര കല്യാണ കുതൂഹലങ്ങളുടെ അര്‍ഥം വിവരിക്കാന്‍ നിയുക്തയായ ശബ്ദതാരാവലിയായവള്‍. അറിയാത്ത രഹസ്യങ്ങളെ ഉള്‍ക്കൊള്ളുന്ന വിജ്ഞാനകോശം. കള്ളുനാറുന്ന മാരന്‍ കഠിനാധ്വാനത്തിലൂടെ കടന്നുകയറിയതിന്റെ നൊമ്പരങ്ങള്‍പോലുമവള്‍ എന്നോട് വിസ്തരിച്ചു. നാണമില്ലാതെ ഞാനവ ഭാവനയില്‍ കണ്ടുനിന്നു. പെണ്‍കുട്ടികളെ നോക്കുന്ന ചെക്കന്‍മാര്‍ ആദ്യം നോക്കുക മാറിടങ്ങളിലാവുമെന്ന് എനിക്കു പറഞ്ഞുതന്നവള്‍തന്നെ, കണവന്‍ കടിച്ചുപൊട്ടിച്ച സ്തനമുകുളങ്ങളുടെ കഥയും പറഞ്ഞുതന്നു.

പഠനത്തിനായി നാടുവിട്ട ഞാന്‍ മടങ്ങിയെത്തുമ്പോള്‍ പാറുക്കുട്ടിയുടെ ഒക്കത്തൊരു ചെക്കനുണ്ടായിരുന്നു. അന്നവള്‍ എനിക്കു മുന്നിലിരുന്ന് മറയില്ലാതെ ബ്ലൌസുയര്‍ത്തി ചെക്കന്റെ നാവിലേക്ക് മുലച്ചുണ്ട് തള്ളി. ഇടക്ക് ‘കടിക്കാതെടാ ചെക്കാ, വയസ്സു മൂന്നായിട്ടും ചെക്കന് കുടി മാറിയില്ല’ എന്നൊരു ശകാരവും. ചിരിച്ചുപോയി ഞാന്‍. പിന്നെ കാലാന്തരത്തില്‍ കൂടുതല്‍ പിള്ളേരുടെ തള്ളയായിട്ടും, അവരെയെല്ലാം മതിയാവോളം മുലയൂട്ടി വളര്‍ത്തിയിട്ടും ഒരുടവും സംഭവിച്ചിരുന്നില്ല പാറുക്കുട്ടിയുടെ മുലകള്‍ക്ക് ഞാന്‍ കാണുമ്പോഴൊന്നും. മേല്‍മുണ്ടിടാത്ത ബ്ലൌസിനുള്ളില്‍ അവ ഉരുണ്ടു നിറഞ്ഞുനിന്നു. അതിന്റെ ഇളം കറുപ്പുനിറത്തിനെന്തു മാറ്റമുണ്ടായെന്ന് എനിക്കറിയില്ലായിരുന്നു. ‘പകലു ചെക്കനും രാത്രീല് അങ്ങേരും കുടിക്കുമെന്നൊരു’ രഹസ്യവും ചിരിയോടെ പറഞ്ഞുതന്നു അവള്‍ പിരിയും മുമ്പ്.

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം പാറുക്കുട്ടിയെ കണ്ടു. ആ പഴയ ഉള്ളാടക്കുടി ഇന്നില്ല. അവിടെ ഗള്‍ഫുകാരന്‍ ജോസഫിന്റെ ഇരുനില വീടാണ്. അല്‍പമകലെ, ഇ.എം.എസ് ഭവന പദ്ധതിയില്‍ പഞ്ചായത്തില്‍ നിന്നു വെച്ചുകൊടുത്തൊരു മൂന്നു സെന്റിലെ പണിതീരാത്ത കൊച്ചുകൂരയില്‍ ഒറ്റക്കായിരുന്നു പാറുക്കുട്ടി. അവളുടെ കെട്ടിയോന്‍ ശങ്കരന്‍ കഴിഞ്ഞകൊല്ലത്തെ പനിക്കാലത്ത് മരിച്ചത് ഞാനറിഞ്ഞിരുന്നു. മക്കളൊക്കെ പലയിടത്തായിപ്പോയി. ഒരു മകള്‍ ഏതോ വീട്ടില്‍ ജോലിക്ക്. ആണ്‍ മക്കള്‍ കൂലി വേലക്കാര്‍. ഒരുത്തന്‍ പെണ്ണുകെട്ടി ഭാര്യ വീട്ടില്‍. ഒറ്റക്കായിരുന്നിട്ടും കൊല്ലങ്ങളുടെ നാട്ടുവിശേഷങ്ങള്‍ അവള്‍ ചൊടിയോടെ പറഞ്ഞുതന്നു.

‘ഞാന്‍ കാപ്പിയിട്ടു തന്നാ കുടിക്കുമോ?’ ഇടക്ക് പാറുക്കുട്ടി ചോദിച്ചു. മറുപടിക്കു കാക്കാതെ അടുപ്പില്‍ തീകൂട്ടി വെള്ളം വെച്ചു. കാപ്പി കുടിച്ച്, ഒരുപാട് കഥ പറഞ്ഞ് ഇറങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
ഇനി എന്നാ കുട്ടീ കാണുക? അറിയില്ലെടീ…. എപ്പോ വന്നാലും നിന്നെ കണ്ടേ പോകൂ…. ഇനി വരുമ്പോ കാണാന്‍ പറ്റുവോന്നറിയില്ല. ഒരു തവണയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ… അതുമതി…നിന്നെ കാണാന്‍ പറ്റണേന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു.. ചോദ്യഭാവത്തില്‍ ഞാനവളെ നോക്കി. ഓപ്പറേഷനാരുന്നു കുട്ടീ, രണ്ടു മാസം മുമ്പ്. വലത്തേത് എടുത്തുകളഞ്ഞു. കാന്‍സര്‍… അവള്‍ തന്റെ മാറില്‍ തൊട്ടു. ഇനി കുഴപ്പമില്ലാന്നാ ഡോക്ടര്‍മാര്‍ പറയുന്നേ. എന്നാലും എനിക്കെന്തോ….ലൈറ്റടിച്ച് കരിയിച്ചു കളയാന്‍ ഇപ്പഴും പോണം എല്ലാ മാസോം തിരുവന്തോരത്ത്…കൂടിക്കഴിഞ്ഞിട്ടാ അറിഞ്ഞത്…. നിസംഗതയോടെ അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉരുകിപ്പോയി. ഞെട്ടലോടെ ഞാനവളുടെ നെഞ്ചിലേക്കു തുറിച്ചു നോക്കി. നോക്കണ്ട, ഒന്നു വെറും തുണിയാ….. അവള്‍ കരഞ്ഞു, ചിരിച്ചു. ആ വലിയ കണ്ണുകളില്‍ നനവ്… എന്റെ തൊണ്ടയിലൊരു കരച്ചില്‍ കുടുങ്ങിക്കിടന്നു. ദൈവമേ… ശ്വാസം മുട്ടുന്നു…..

ദൂരെ എവിടെയോ, ഏതോ അര്‍ബുദാശുപത്രിയുടെ ചവറ്റുകുട്ടിയില്‍ രക്തത്തില്‍ ചുവന്ന ഒരു തുണ്ട് കറുത്ത മാംസം. അറുത്തു മാറ്റപ്പെട്ട ചോരയോട്ടങ്ങള്‍. ഛേദിക്കപ്പെട്ടൊരു അവയവം. സൂക്ഷ്മകോശങ്ങളുടെ ഗൂഢ വികൃതിയില്‍ വേദനിക്കുന്ന വ്രണപ്പെട്ട ഗ്രന്ഥിയെ കത്രികമൂര്‍ച്ചയില്‍ അറുത്തെടുത്ത ഡോക്ടര്‍. ആ സര്‍ജന്‍ ഓര്‍ത്തിട്ടുണ്ടാവുമോ താന്‍ നിര്‍വികാരതയോടെ ഛേദിക്കുന്ന ശരീരത്തുണ്ടിന്റെ ഭൂതകാലം. ആ പെണ്‍മാംസമറിഞ്ഞ അനുഭൂതികള്‍, അതില്‍നിന്നുറഞ്ഞ വാല്‍സല്യങ്ങള്‍, അതില്‍ പൊടിഞ്ഞ പ്രണയങ്ങള്‍, അതിലോടിയ കുസൃതികള്‍, അതിനുള്ളില്‍ മറഞ്ഞ സ്വകാര്യതകള

Comments:

No comments!

Please sign up or log in to post a comment!