പ്രേമ മന്ദാരം സീസൺ 2 Part 2

ഒരുപാട് വൈകിയെന്നറിയാം എങ്കിലും നിങ്ങൾ തന്ന സ്നേഹത്തിന് മുന്നിൽ ഞാൻ വീണ്ടുമെത്തി. ഒരുപാട് നന്ദി…!

അപ്പോൾ തുടങ്ങാം.

പ്രേമ മന്ദാരം തുടരുന്നു….!

” ഡാ… സാമേ… എഴുന്നേറ്റെ… ” ഐഷു എന്നെ കുലുക്കി വിളിച്ചു.

“മ്മ്…” ഒരു നീണ്ട മൂളൽ മാത്രമായിരുന്നു എന്റെ മറുപടി.

“ടാ… സമയമായി എഴുന്നേറ്റേ” അവൾ വീണ്ടും എന്നെ കുലുക്കി വിളിച്ചു.

“പ്ലീസ് ഡീ കുറച്ചു നേരം കൂടി കിടക്കട്ടെ.” ഉറക്കം മുഴുക്കത്ത ഞാൻ കണ്ണ് തുറക്കാതെ തന്നെ കെഞ്ചി.

“അതൊന്നും പറ്റില്ല ഇപ്പോൾ റെഡിയായി ഇറങ്ങിയാലെ കറക്റ്റ് സമയത്ത് ആലപ്പുഴ എത്താൻ പറ്റു.” എന്റെ പുതപ്പ് വലിച്ചു മാറ്റി കൊണ്ടാണത് പറഞ്ഞത്.

“അതോർത്ത്‌ നീ പേടിക്കണ്ട എങ്ങനെ പോയാലും കൃത്യസമയത്തു അവിടെ എത്തിയാൽ പോരെ” പുതപ്പ് വീണ്ടും മൂടാനുള്ള ശ്രത്തിൽ ഞാൻ പറഞ്ഞു.

“പിന്നെ… അങ്ങനെ നീ ഓവർ സ്പീഡിൽ പോകാമെന്നു വിചാരിക്കണ്ട, കളിക്കാണ്ട് എഴുന്നേറ്റേ ചെക്കാ…” അവളെന്റെ പുതപ്പ് മാറ്റി രണ്ട് കയ്യിലും പിടിച്ചു ഉയർത്താൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു.

എന്റെ രണ്ട് കണ്ണും അപ്പോഴും അടഞ്ഞ് തന്നെയിരുന്നു.

“അങ്ങനെയാണെങ്കിൽ എന്റെ ഉറക്കം കളഞ്ഞ് എങ്ങോട്ടും ഞാനും വരുന്നില്ല.” എന്റെ കൈ വിടുവിച്ചു കമിഴ്ന്നു കിടന്ന് പുതപ്പ് വലിച്ചു മൂടി. ഇനി അവൾ പറയുന്നത് കേൾക്കാതിരിക്കാൻ തലയനയെടുത്ത് തലയിൽ ചുറ്റി ചെവിയോട് ചേർത്ത് വെച്ചു. നമ്മളോടാണ് കളി….

അതേതായാലും ഏറ്റേന്ന് തോന്നുന്നു പിന്നെ അവളൊന്നും പറഞ്ഞില്ല.

കുറച്ചു കഴിഞ്ഞ് എന്റെ പുതപ്പ് തോളിൽ നിന്നും അൽപ്പം താഴേക്ക് ഇറങ്ങുന്ന ഒരു ഫീൽ….

അധികം വൈകാതെ എന്റെ പുറത്ത് തണുപ്പ് പടർന്നു. പെട്ടെന്ന് ഉറക്കം പോയി ഞാൻ എഴുനേറ്റു. പുറത്ത് തപ്പി നോക്കി…

ആ ദുഷ്ട എന്റെ ഉറക്കം കളയാൻ വേണ്ടി ഈ മൂന്നാറിലെ കൊടും തണുപ്പുള്ള വെളുപ്പാൻ കാലത്ത് എന്റെ പുറത്ത് ഫ്രിഡ്ജിലെ വെള്ളത്തെക്കാൾ തണുപ്പുള്ള പൈപ്പിലെ വെള്ളം കോരിയൊഴിച്ചിരിക്കുന്നു.

ഞാൻ എഴുന്നേറ്റ് അവളെ നോക്കി. കയ്യിലൊരു കപ്പും പിടിച്ചു എന്നെ നോക്കി കിണിച്ചോട്ട് നിൽക്കുന്നു.

“എഡി…” എന്ന് വിളിച്ചോണ്ട് ഞാനെഴുന്നേറ്റു അവളുടെ അടുത്തേക്ക് ഓടി അപകടം മനസ്സിലായത് കൊണ്ട് അവളും തിരിഞ്ഞോടി.

ഓടി മെയിൻ ഹാളിൽ എത്തിയ അവൾ അവിടെ ഉണ്ടായിരുന്ന ഡെയിനിങ് ഹാളിന് ചുറ്റും കിടന്നോടി ഞാൻ പുറകെയും. അതിന്റെ ചുറ്റും ഓടി അവളെ പിടിക്കാൻ പാടായത് കൊണ്ടും എനിക്കു ഒട്ടും ക്ഷമയില്ലാത്തത് കൊണ്ടും അവൾക്ക് നേരെ പ്രയോഗിക്കാൻ പറ്റിയ ആയുധം വല്ലതുമുണ്ടോ എന്ന് ഞാൻ തപ്പി.



ആഹഹ… എന്നെ കുളിപ്പിച്ചവളെ ഒന്ന് കൂടെ കുളിപ്പിച്ചേക്കാം… ഡൈനിംഗ് ടേബിളിൽ ഇരുന്ന നിറഞ്ഞ ജെഗ്ഗ് ഞാൻ കയ്യിലെടുത്തു.

“ഡാ കളിക്കല്ലേ, ഞാൻ കുളിച്ചതാ…”

അവളത് പറഞ്ഞു തീരുന്നതിന് മുമ്പ് ജെഗ്ഗ് തുറന്ന് അവൾക്ക് നേരെ വെള്ളമൊഴിച്ചിരുന്നു.

പെട്ടന്ന് അവൾ പിന്നോട്ട് മാറി, അത് കൊണ്ട് അവളുടെ മുഖത്തു വീണില്ലെങ്കിലും അരക്ക് താഴേക്ക് വീണ് അവളിട്ടിരുന്ന പാന്റിന്റെ മുൻവശം നന്നായി നനഞ്ഞു.

വെള്ളം നനഞ്ഞ ഷോക്കിൽ നിന്ന അവൾക്ക് ഞാൻ ഓടി അടുത്ത് എത്തിയത് മനസ്സിലാക്കാനോ രക്ഷപെടാനോ കഴിഞ്ഞില്ല.

അവൾക്ക് മറ്റെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അവളുടെ ഇളിയിൽ പിടിച്ച് പൊക്കി ഹാളിലെ സോഫയിൽ കൊണ്ടിട്ടു.

അവളതിൽ നിന്നു മെഴുന്നേൽക്കാൻ നോക്കുമ്പോൾ ഞാൻ ചാടി അവളെയുടെ പുറത്ത് കയറി രണ്ട് കയ്യിലും ബലമായി പിടിച്ചു വെച്ചു.

“ഡാ വേണ്ടടാ പ്ലീസ്…” എന്റെ കയ്യിലിരുന്ന് ജഗ്ഗിലെ ബാക്കി വെള്ളം അവളുടെ മുഖത്തേക്ക് ഒഴിക്കുന്നതിന് മുമ്പ് അവൾ കൊഞ്ചി.

“ഇല്ലടി… ഒരു പ്ലീസുമില്ല ഞാൻ കുറച്ച് നേരം കൂടി കിടക്കാം എന്ന് പറഞ്ഞപ്പോൾ നിനക്ക് മൊട… ഇനി നോ രക്ഷ… ഹഹ്ഹ…” ഞാൻ ഒരു ഭ്രാന്തനെപ്പോലെ അലറിചിരിച്ചു.

“അത് പിന്നെ ഞാൻ അത്ര തവണ വിളിച്ചിട്ടും നീ എഴുന്നേൽക്കാത്തത് കൊണ്ടല്ലേ” അവൾ വീണ്ടും കൊഞ്ചി.

“എന്ന് വെച്ച് നീ എന്റെ മേത്ത് ഐസ് വെള്ളം കോരി ഒഴിക്കുമ്മല്ലെടി…” ഇരയെ കിട്ടിയ വേട്ട മൃഗത്തെപ്പോലെ വീണ്ടും ഞാനലറി.

” അതിന്നത് ഐസ് വെള്ളമൊന്നുമല്ല പൈപ്പിലെ വെള്ളമ… ” അവൾ നിഷ്കളങ്ക ഭാവത്തിൽ പറഞ്ഞു.

” പൈപ്പിലെ വെള്ളം അതിന്റെ തണുപ്പെന്താണ് മോൾക്ക് അറിയണ്ടേ” ഞാന ജെഗ്ഗ് അവളുടെ കഴിതിന് അടുപ്പിച്ച് ഒഴിക്കാൻ വേണ്ടി വെച്ച് കൊണ്ട് ചോദിച്ചു.

” പ്ലീസ്ഡാ വേണ്ടടാ തണുക്കൂടാ… ” അവൾ വീണ്ടും കെഞ്ചി.

കണ്ണിലെ ചെറിയ ഭയവും എന്റെ കയ്യിൽ അവൾ ബലം കൊടുക്കുമ്പോൾ അവളുടെ മുഖം വലിഞ്ഞ് മുറുകി അവളുടെ വെളുത്ത മുഖം ചുവന്നിരുന്നു അത് കണ്ടപ്പോൾ പാവം തോന്നി.

” ഒക്കെ ഞാൻ നിന്നെ വിടാം പക്ഷെ ഒറ്റ കണ്ടീഷൻ… ”

” എന്ത് കണ്ടീഷൻ… ” അവൾ പ്രതീക്ഷയോടെ എന്നെ നോക്കി.

” ഇനി ഈ ട്രിപ്പിൽ എനിക്കു ഇഷ്ടമുള്ള അത്രയും ഞാൻ ഉറങ്ങും. എത്ര വൈകിയാലും എന്നെ വിളിക്കാൻ പാടില്ല. ” അത് പറഞ്ഞപ്പോൾ അവളുടെ മുഖമൊന്നു വാടി. ഉറക്കം പണ്ടേ എന്റെ ഒരു വീക്നെസ്സാണ് കിടക്കാൻ എത്ര ലേറ്റ് ആയാലും കുഴപ്പമില്ല പക്ഷെ എഴുന്നേൽക്കുന്നത് ലേറ്റായി മാത്രേ എഴുന്നേൽക്കു.
എന്റെ ഉറക്കം കാരണം വീട്ടുകാരിൽ നിന്നും, ഐഷുവിൽ നിന്നും ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ടെങ്കിലും എന്തോ അതെന്റെയൊരു വീക്നെസ്സാണ്.

” എന്താ സമ്മതമാണോ… അല്ലെങ്കിൽ എനിക്കു ഇത് ഒഴിക്കാനാണ്.” ജെഗ്ഗ് അൽപ്പം മുന്നോട്ട് ചരിച്ച് ഞാൻ ചോദിച്ചു.

“അയ്യോ ഒഴിക്കണ്ട ഞാൻ സമ്മതിച്ചു.” അവൾ നിസ്സഹായമായി എന്നോട് കൊഞ്ചി.

” അങ്ങനെ വഴിക്ക് വാ മോളെ… ” ഞാൻ അവളുടെ കൈകൾ ലൂസാക്കി അവളുടെ മേത്ത് നിന്നുമിറങ്ങി റൂമിലേക്ക് പോയി.

ഐഷു അപ്പോഴും സോഫയിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു.

ടവൽ എടുത്ത് ബാത്‌റൂമിൽ പോയി പല്ല് തേച്ചു കുളിച്ചു തിരിച്ചു റൂമിൽ വരുമ്പോൾ, കക്ഷി എന്തോ ഇസ്തിരി ഇടുകയാണ്.

ശ്രദ്ധിച്ച് നോക്കുയപ്പോഴാണ് അത് അവൾ നേരത്തെ ഇട്ടിരുന്ന പാന്റ് ആണെന്ന് മനസ്സിലായത്.

” നീ അതിൽ കൂടി മുള്ളിയോ ഐഷു. ” പാന്റിലെ നനവ് കണ്ട് ഞാൻ ചോദിച്ചു.

“ദേ എന്നെ കോണ്ടൂന്നും പറയിക്കരുത്…” ആഹാ നല്ല കിടിലൻ കലിപ്പിലാണ്….!

പിന്നെ ഞാൻ അവളെ ശ്രദ്ധിക്കാനെ പോയില്ല പെട്ടെന്നു ഡ്രസ്സ്‌ മാറി റെഡിയായി.

” നിന്റെ തേപ്പ് ഇത് വരെ കഴിഞ്ഞില്ലേ ഐഷു” നേരത്തെ എന്നോട് ചാടിയതിന്റെ കലിപ്പിൽ അൽപ്പം കടിപ്പിച്ചു തന്നെയാണ് ഞാനത് ചോദിച്ചത്.

” ഇല്ലടാ ഇത് ഉണങ്ങുന്നില്ല, ഞാൻ കുറച്ചു കൂടി ചൂടാക്കട്ടെ… ” ഐഷു നിന്ന് കൊഞ്ചി.

“ആഹ് നീ ഉണക്ക് ഞാനൊരു പത്ത് മിനുട്ട് കൂടി കിടക്കട്ടെ.”

കുളിച്ചെങ്കിലും ഇപ്പോൾ അവൾ റെഡിയാകാൻ ഇനിയും നേരം എടുക്കുമെന്ന് തോന്നിയത്കൊണ്ട് വീണ്ടുമെന്റെ കണ്ണിൽ മയക്കം കയറി. ഞാൻ കട്ടിലിലേക്ക് മറിഞ്ഞു.

“ഡാ നീ എന്താ ഈ കാണിക്കുന്നേ കുളി കഴിഞ്ഞിട്ട് വീണ്ടും എന്തിനാ കിടക്കുന്നേ… “ ഐഷു നല്ല കലിപ്പിലാണ് അത് ചോദിച്ചത്.

“അതിനെന്താ നീ റെഡിയാകുമ്പോൾ ഞാൻ എഴുന്നേൽക്കും” അത് പറഞ്ഞ് ഞാൻ കണ്ണുകളടച്ചു.

ചൂട് വെള്ളത്തിൽ കുളിച്ചതിൻറെ സുഖത്തിൽ ഞാൻ കിടന്ന് ഉറങ്ങി. പിന്നെ ഞാനുണർന്നത് ഒന്ന് ഒന്നര മണിക്കൂർ കഴിഞ്ഞാണ്. എണീറ്റ് ഒന്ന് മൂരി വിരിച്ചപ്പോൾ കണ്ടു എന്നെ തന്നെ നോക്കി ദഹിപ്പിക്കുന്ന ഐഷുവിനെ. അവളുടെ ഭാവം കണ്ട് ഞാൻ മൊബൈലെടുത്ത് നോക്കിയപ്പോഴാണ് നേരമിത്രയും വൈകിയെന്ന് എനിക്ക് മനസ്സിലായത്.

സബാഷ് അപ്പോൾ ഇന്നത്തെ കാര്യം തീരുമാനമായി. ഞാൻ പതിയെ ഐഷുവിനെ നോക്കി, എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ട് ആ മുഖത്ത്. ഇറങ്ങി ഓടിയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു.

“ ഇത്രയും വൈകിയപ്പോൾ നിനക്ക് എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ ഐഷു.
” രക്ഷപെടാൻ പെട്ടെന്ന് കിട്ടിയ ഐഡിയയാണ്, പക്ഷെ ഏറ്റില്ല എന്നെ ഒന്നു കൂടി നോക്കി പേടിപ്പിച്ചിട്ട് അവൾ ചവിട്ടി തുള്ളി പുറത്തേക്ക് നടന്നു. പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല. ബാത്ത് റൂമിൽ പോയി മുഖമൊന്ന് കഴുകി പുറത്തിറങ്ങി.

ഐഷു നേരത്തെ ബാഗ് എല്ലാം പാക്ക് ചെയ്തത് വെച്ചിരുന്നത് കൊണ്ട് ഞങ്ങൾ വേഗം പുറത്തിറങ്ങി റൂം വെക്കേറ്റ് ചെയ്തത് യാത്ര തിരിച്ചു. ഐഷുവിന്റെ മുഖമപ്പോഴും വീർത്ത് കെട്ടി തന്നെയിരുന്നു. ഞാനും ഒന്നും പറയാൻ പോയില്ല വെറുതെ എന്തിനാണ് ചോദിച്ച് വാങ്ങിച്ച് വാങ്ങിക്കുന്നത്, തരാണുള്ളത് അവളെപ്പോഴായാലും തരും.

നഖം കൊണ്ട് കാണാൻ പറ്റുന്ന ഭാഗത്ത് ഒന്നും പാട് കിട്ടാതിരുന്നാൽ മതിയായിരുന്നു, സാറയുടെ നിശ്ചയത്തിന് ഒരുപാട് പേര് വരുന്നതാണെ…! ബൈക്ക് ഓടിക്കുമ്പോഴും സൈഡ് മിററിലൂടെ ഞാൻ അവളെ ഇടക്ക് നോക്കി. ഇപ്പോഴും കലിപ്പിന് ഒരു കുറവുമില്ല. പിന്നെ ഞാൻ ഡ്രൈവിംഗ് മാത്രം കോൺസെൻട്രേറ്റ് ചെയ്തു, അവളെ ശ്രദ്ധിച്ചതേ ഇല്ല. ഏകദേശം ഒരു മണിക്കൂർ അങ്ങനെ പോയി. കുന്നും മലയും കടന്ന് ഹൈവേ എത്തിയിട്ടാണ് ഞാൻ പിന്നെ പുറകിലോട്ട് ശ്രദ്ധിക്കുന്നത്.

ഐഷുവിൻറെ മുഖഭാവം കണ്ട് എൻ്റെ നെഞ്ചിൽ വല്ലാത്തൊരു വേദന പടർന്നു. നേരത്തെ ഉണ്ടായിരുന്ന കലിപ്പ് മൊത്തം പോയി പെയ്യാൻ കാത്ത് നിൽക്കുന്ന കാർമേഘം പോലെ വിതുമ്പാൻ മുട്ടി നിൽക്കുന്ന ഐഷു. ഞാൻ പെട്ടെന്നു വണ്ടി സൈഡ് ആക്കി.

“ഐഷു…” ഞാൻ വണ്ടി നിർത്തിയതും ശേഷം അവളെ വിളിച്ചിട്ടും അവളിൽ

നിന്നും യാതൊരു അനക്കവുമുണ്ടായില്ല.

“മോളെ ഐഷു നീ ഇറങ്ങിക്കെ…” ഞാൻ കുറച്ച് മയത്തിൽ പറഞ്ഞു എന്നിട്ടും അവളനങ്ങിയില്ല.

“ഐഷു നിന്നോടല്ലേ ഇറങ്ങാൻ പറഞ്ഞത്…!” അൽപ്പം ബലത്തിൽ തന്നെയാണ് ഞാനത് പറഞ്ഞത്.

അവളിറങ്ങി പുറകെ ഞാനും, തിരിഞ്ഞ് മുഖത്ത് നോക്കിയപ്പോൾ കക്ഷിയുടെ കണ്ണെല്ലാം നിറഞ്ഞിട്ടുണ്ട്.

“ അയ്യേ… എന്താ ഐഷു ഇത്, നടുറോടാണ് നീ കണ്ണ് തുടച്ചെ.” അത് കേട്ടതും പെണ്ണ് എന്നെ രൂക്ഷമായി നോക്കി, അപ്പോഴേക്കും രണ്ട് കവിളിൽ കൂടിയും കണ്ണുനീർ ഒഴുകുന്നുണ്ട്.

“ ഐഷു സോറി ഞാൻ അറിയാണ്ട് മയങ്ങിപ്പോയതില്ലെ നീ ഒന്ന് ക്ഷമിക്ക്” പെണ്ണിന്റെ കണ്ണുനീർ കണ്ടപ്പോഴെ ഞാൻ കീഴടങ്ങി. എന്നിട്ടും അവളിൽ നിന്നും ഒരക്ഷരം പുറത്ത് വന്നില്ല.

“ ഐഷു നിനക്ക് എന്താ പറ്റിയത്? ഞാൻ സോറി പറഞ്ഞില്ലേ പിന്നെ എന്താ?” എന്നിട്ടും അവളിൽ നിന്നും മറുപടിയൊന്നും വരണ്ടായപ്പോൾ സംഗതി സീരീസ് ആണെന്ന് എനിക്ക് പിടികിട്ടി.


നേരത്തെ പോണമെന്ന് അവളെന്നോട് പറഞ്ഞിരുന്നു. എന്നാലും അവടെ ചെന്നിട്ട് മല മറിക്കുന്ന പണിയൊന്നുമില്ല. ആലപ്പുഴ എത്തിയിട്ട് ഒരു ബോട്ടിങ് അതിപ്പോൾ കുറച്ച് വൈകിയാലും പ്രേശ്നമൊന്നുമില്ലല്ലോ? പിന്നെ എന്തിനാണ് ഐഷു ഇത്രക്ക് സീൻ ആക്കുന്നത്. ഇനി വേറെ വല്ല വിഷയവുമാണോ? ഏയ് എന്റെ അറിവിൽ അങ്ങനെ ഒന്നുമില്ലല്ലോ?

“ മോളെ ഐഷു എന്താ നിൻ്റെ പ്രശ്നം. നിൻ്റെ കണ്ണ് നിറഞ്ഞാൽ എനിക്കത്ത് കണ്ട് നില്ക്കാൻ പറ്റില്ലെന്ന് അറിയില്ലേ നീ കരച്ചിൽ നിർത്തിയിട്ട് കാര്യം പറഞ്ഞേ?” ഞാൻ നോക്കിയിട്ട് ഒന്നും കാണാത്തത് കൊണ്ട് അവളോട് തന്നെ ചോദിച്ചു.

“ അത്… അത്…” അവൾ പറയാതെ നിന്ന് വിക്കി.

“ ഡി നീ മടിക്കാണ്ട് പറഞ്ഞെ എന്താണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം“ ഞാൻ അവളുടെ രണ്ട് കയ്യിലും ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.

“ അത് നീ എന്തിനാ രാവിലെ എന്നെ കൊണ്ട് അങ്ങനെ സത്യം ചെയ്യിച്ചത്.” അവൾ പറഞ്ഞു നിർത്തി.

“ എങ്ങനെ സത്യം ചെയ്യിച്ചത് ” ഞാൻ മനസ്സിലാകാതെ ചോദിച്ചു.

“ അത്… നീ കിടന്നുറങ്ങുമ്പോൾ ഞാൻ വിളിക്കരുതെന്ന്” അവൾ മടിച്ചു മടിച്ചാണ് പറഞ്ഞത്.

“  അയ്യേ അതിനാണ എൻ്റെ ഐഷു കരഞ്ഞത്, ഞാനത് വെറുതെ പറഞ്ഞതല്ലേ? ഞാൻ എഴുന്നേൽക്കാൻ ലേറ്റായാൽ മോള് വിളിച്ചോ കേട്ടോ?” അവളുടെ മറുപടിയിൽ നിന്ന് കിട്ടിയ ആശ്വാസത്തിൽ ഞാൻ പറഞ്ഞു.

“ഞാൻ വിളിക്കില്ല…” ഐഷു എൻ്റെ മുഖത്ത് നോക്കി ഗൗരവത്തിൽ അത് പറഞ്ഞപ്പോൾ എൻ്റെ കിളിയങ്ങ്‌ പോയി.

“ അതെന്താ വിളിക്കാത്തെ” ഞാൻ അല്പം സൗമ്യമായാണ് ചോദിച്ചത്.

“ അത് ഞാൻ നിനക്കു വാക്ക് തന്നില്ലേ അത് മാറ്റാൻ പറ്റില്ല.” ഉറച്ച സ്വരത്തിൽ പറഞ്ഞവൽ മുഖം കുനിച്ചു താഴെ നോക്കി നിന്നു.

“ ഐഷു എൻ്റെ മുഖത്തേക്ക് നോക്കിയേ?” ഐഷുവിൻ്റെ മുഖം പിടിച്ചുയർത്തി, അവൾ ഒന്ന് മടിച്ചെങ്കിലും അതിന് സഹകരിച്ചു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി.

“ ഐഷൂന് ഞാനാണോ വലുത് അതോ എനിക്ക് തന്ന വാക്കോ ” ഞാൻ അത് ചോദിച്ചപ്പോൾ ആ കണ്ണുകൾ പെട്ടെന്നു ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ എൻ്റെ കണ്ണിലേക്ക് നോക്കി അവൾ മറുപടി നൽകി.

“ എനിക്ക് ഈ ലോകത്ത് എന്തിനേക്കാൾ വലുത് നീ തന്നെയാ ” അവളിൽ നിന്നും പ്രതീക്ഷിച്ച മറുപടി കിട്ടിയത് കൊണ്ട് ഞാൻ അവളോട് ചേർന്ന് നിന്ന് ആ കണ്ണുകൾ തുടച്ച് വാല്സല്യത്തോടെ എൻ്റെ മുഖം അവളോട് അടുപ്പിച്ച് തുടർന്നു.

“ അങ്ങനെയാണെങ്കിൽ  ഞാൻ പറയുന്നത് കേൾക്ക്, മോളു ഇഷ്ടമുള്ളപ്പോൾ എന്നെ വിളിച്ചോ. എനിക്ക് തന്ന വാക്കല്ലേ അത് ഞാൻ തന്നെ വേണ്ടന്ന് വെച്ചു.” അത് പറയുമ്പോൾ അവളുടെ കണ്ണിലൊരു അത്ഭുതവും പിന്നെ ഒരു കുസൃതി ചിരിയും ഞാൻ കണ്ടു. പിന്നെ തലയാട്ടിയവൾ സമ്മതമറിയിച്ചു.

“ അപ്പോൾ എല്ലാം ഒക്കെയായല്ലോ, മോളു ആ കണ്ണൊക്കെ ഒന്ന് തുടച്ച് സുന്ദരിയായിട്ട് വന്ന് വണ്ടിയിൽ കേറിക്കെ.” അതിനു മറുപടിയായി അവളൊന്നും പറഞ്ഞില്ലെങ്കിലും, വേഗം കണ്ണെല്ലാം തുടച്ച് റെഡിയായി വണ്ടിയിൽ കയറി. അവളുടെ കണ്ണിലെ സന്തോഷത്തിൻ്റെ തിളക്കം കണ്ട് എനിക്കും സമദാനമായി.

പിന്നെ അങ്ങോട് എൻ്റെ പുറകിൽ ഒട്ടി ചേർന്നിരുന്ന് എൻ്റെ അടിവയറ്റിൽ ബലമായി കെട്ടി പിടിച്ചിരുന്നു, പക്ഷെ ആൾ സൈലന്റായിരുന്നു.

“ ഐഷു…” കൊറേ നേരം ആ മൗനം മുന്നോട്ട് പോയപ്പോൾ ഞാൻ അവളെ വിളിച്ചു.

“മ്മ്…” ചെറിയൊരു മൂളൽ മാത്രമായിരുന്നു അതിന് മറുപടി.

“ നീ ഇപ്പോൾ ഉടായിപ്പ് കരച്ചിലും തുടങ്ങിയല്ലേ?” അവളെയൊന്ന് മൂപ്പിക്കാൻ വേണ്ടിയാണ് ഞാനങ്ങനെ ചോദിച്ചത്.

“ ഉടായിപ്പോ ഞാനോ? “ അവൾക്ക് ഞാൻ പറഞ്ഞത് കത്തിയില്ലെന്ന് തോന്നുന്നു.

“ പിന്നെ നേരത്ത കരഞ്ഞത് എന്നെ കൊണ്ട് തന്നെ തന്ന വാക്ക്

തിരിച്ചെടുപ്പിക്കാനല്ലേ? ” ഞാൻ വീണ്ടും ചൊരിഞ്ഞു.

“ പോടാ അവിടന്നു സത്യമായിട്ടും എനിക്ക് സങ്കടം വന്നിട്ടാ ഞാൻ കരഞ്ഞത്.” കുറച്ച് ചൂടിൽ തന്നെയാണ് അവളത് പറഞ്ഞത്.

“ പിന്നെ വാക്ക് തരുമ്പോൾ ഇല്ലാത്ത സങ്കടം, പെട്ടെന്നു എവിടുന്നാ പൊട്ടി മുളച്ചത്.”

“ അത് നീ എൻ്റെ മേത്ത് വെള്ളമൊഴിക്കാതിരിക്കാൻ ചെയ്തതല്ലേ?”

“ അത് കഴിഞ്ഞിട്ട് ഒരുപാട് നേരമായില്ലേ അപ്പോഴെന്നും നീ കരഞ്ഞില്ലെല്ലോ?”

“ അത് എനിക്ക് ആദ്യം അതില് അത്ര വിഷമമൊന്നും തോന്നിയില്ല. പക്ഷെ അതിന് ശേഷം നീ കിടന്നുറങ്ങിയില്ലേ?, നേരം വൈകിയപ്പോൾ  ഞാൻ നിന്നെ വിളിക്കാം എന്ന് വിചാരിച്ചതാ അപ്പോഴാണ് നേരത്തെ തന്ന വാക്ക് ഓർമ്മ വന്നത്. അങ്ങനെ നോക്കി ഇരുന്നപ്പോൾ എനിക്ക് സങ്കടമായി. പിന്നെ നീ എണീറ്റിട്ട് നിന്നെ വിളിക്കാത്തത് എന്താന്ന് ചോദിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. പക്ഷെ അത് കഴിഞ്ഞ് നീ ഒന്നും മിണ്ടാണ്ടിരുന്നപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി അത് കൊണ്ട കരഞ്ഞത്.” അവളെന്റെ ചെവിയോട് ചുണ്ട് ചേർത്ത് വെച്ച് ചെറു പരിഭവം ചേർത്തവൾ പറഞ്ഞു.

“ ആണോ..? നീ ഒന്നും മിണ്ടാണ്ട് മുഖവും വീർപ്പിച്ച് ഇരുന്നത് കൊണ്ടല്ലേ ഞാനൊന്നും മിണ്ടാത്തത്. ഇനി എന്തെങ്കിലും സങ്കടം വന്നാൽ എന്നോട് പറയാതെ വെറുതെ വെറുതെ ഇരുന്ന് മോങ്ങിയാൽ എൻ്റെ സ്വഭാവം മാറും നോക്കിക്കോ?”

“ അത് പിന്നെ എനിക്ക് അത്രക്ക് സങ്കടം വന്നത് കൊണ്ടല്ലേ? ”

“ ഇനിയും ഇത് പോലെ സങ്കടം വരുമല്ലോ ആ സമയത്തെ കാര്യാമാ ഞാൻ പറഞ്ഞത്.”

“ മ്മ് “ അവളൊരു മൂളലിൽ അതിനുള്ള മറുപടിയൊതുക്കി.

“ അല്ല ഞാൻ മിണ്ടാണ്ട് ഇരുന്നോണ്ടാണോ മോൾക്ക് അത്രയും സങ്കടം വന്നത്.”

“ അത് കൊണ്ട് മാത്രമല്ല”

“ പിന്നെ…”

“ അത് എനിക്ക് ഇഷ്ടമുള്ളപ്പോൾ എൻ്റെ ചെക്കനെ വിളിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞാൽ. എനിക്ക് നിന്നോട് തല്ല് കൂടാൻ തോന്നുമ്പോളെല്ലാം എനിക്ക് കൂടണം അത് നീ ഉറങ്ങുമ്പോൾ ആയാലും…!”

“ ആഹാ അപ്പോൾ എന്നെ ദ്രോഹിക്കാൻ പറ്റാത്തത് കൊണ്ടാണല്ലേ സങ്കടം വന്നത്.” അത് പറഞ്ഞപ്പോഴേ കിട്ടി അടി വയറ്റിൽ ഒരു കുത്ത്.

“ ഞാൻ നിന്നെ ദ്രോഹിക്കോ നീ എൻ്റെ ചെക്കനല്ലേ…”

“ അത് നിൻ്റെ കൈ എൻ്റെ വയറ്റിൽ കയറിയപ്പോൾ മനസ്സിലായി” ഞാൻ ഒരു തമാശക്ക് പറഞ്ഞതെണെങ്കിലും അതിന് അവളിൽ നിന്നും മറുപടിയൊന്നും വാറണ്ടായപ്പോൾ പെണ്ണ് വീണ്ടും സീരീസ് ആയെന്ന് എനിക്ക് മനസ്സിലായി.

“ ഡി….!” ഞാൻ ഒരു താളത്തിന് നീട്ടി വിളിച്ചു.

“ എന്താ…” നല്ല ദേഷ്യത്തിൽ ഐഷു ചോദിച്ചു.

“ അതെ ഞാൻ നേരത്തെ വെറുതെ പറഞ്ഞതാ എനിക്കറിഞ്ഞോടെ നിന്നെ,

പിന്നെ നീ കുത്തുന്നതും മാന്തുന്നതുമൊക്കെ എനിക്ക് ഇഷ്ടമാ…! എന്ന് വെച്ച് ഓവർ ആക്കണ്ട കേട്ടോ” അങ്ങാണ് പറഞ്ഞെങ്കിലും മുൻക്കൂർ ജാമ്യം എടുക്കാൻ ഞാൻ മറന്നില്ല.

“ എനിക്ക് അരിയാടാ നീ എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്ന്,  പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ ചെറുതായിട്ട് ദേഷ്യം വന്നൂനെ ഉള്ളു…! എനിക്ക് സങ്കടമൊന്നുമില്ല.”

അത് പറഞ്ഞ് അവളെന്റെ പുറത്ത് അവളുടെ വലത്തേ കാവിൽ ചേർത്ത് വെച്ചു. എൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു ആ ഫിലിൽ അങ്ങനെ കുറച്ച് നേരം ഞങ്ങൾ മൗനമായി സല്ലപിച്ചു.

“ ഡാ… എന്തെങ്കിലും കഴിക്കണ്ടേ?” പുള്ളിക്കാരിക്ക് വിശന്ന് തുടങ്ങി…!

“ ഹാ… അടുത്ത് ഹോട്ടൽ ഏതെങ്കിലും നോക്കിക്കോ? ” ഞാനത് പറഞ്ഞതും വലകെട്ടി ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ പോലെ റോഡിൻ്റെ രണ്ട് സൈഡും വീക്ഷിക്കാൻ തുടങ്ങി.

“ ഡാ… ദാ… ഹോട്ടൽ…” മുന്നിലെ ഹോട്ടൽ എന്ന ബോർഡ് കണ്ടവൾ പറഞ്ഞു.

“ ഡീ… പിന്നെ നീ നോക്കിയും കണ്ടും ഒക്കെ കഴിച്ചില്ലെങ്കിൽ കയ്യിലെ കാശ് തീർന്ന്, അവസാനം വണ്ടി പണയം വെച്ച് നടന്ന് പോകേണ്ടി വരും.” ബൈക്ക് സൈഡാക്കി ഇറങ്ങി ഹോട്ടലിലേക്ക് നടക്കുമ്പോൾ ഞാനാണവളെ കളിയാക്കി.

“ പോടാ… അതിന് ഞാൻ ഒരുപാടൊന്നും കഴിക്കാറില്ല.”

“ പിന്നെ കഴിക്കാറില്ല ഇന്നലെ ഒറ്റ ദിവസം കൊണ്ട് മോളു എന്തൊക്കെയാ തിന്നതെന്നറിയോ?”

“ അത് പിന്നെ നീ കൂടി കഴിച്ചിട്ടല്ലേ”

“ അല്ലാടി നീ കഴിക്കുമ്പോൾ ഞാൻ നോക്കിയിരുന്ന് വെള്ളമിറക്കാം.”

“ സമേ പറഞ്ഞ് പറഞ്ഞ് ഓവറാക്കണ്ട എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും നീ ചോദിക്കണ്ട. ”

“ പക്ഷെ ബില്ലിൻ്റെ പൈസ കടക്കാര് എന്നോടല്ലേ ചോദിക്കുന്നത്.”

“ ആണോ എന്നാ അങ്ങ് സഹിച്ച് കൊടുക്ക്…” അത് പറഞ്ഞ് അവളെൻറെ ഇടത്തെ കയ്യിൽ കാര്യമായിട്ട് തന്നെ പിച്ച്. ഞാൻ നന്നായൊന്ന് എരിവ് വലിച്ചു.

അപ്പോഴേക്കും ഞങ്ങൾ നടന്ന് കടയിലെത്തുന്നു.

“ ഇവിടെ എന്താ വേണ്ടത് ” കൈ കഴുകി ഒഴിഞ്ഞ ഒരു ടേബിളിൽ ഇരുന്നപ്പോൾ വെയ്റ്റർ വന്ന് ചോദിച്ചു.

“ എനിക്ക് മൂന്ന് ദോശ…, പിന്നെ കറി എന്താ ഉള്ളത്.”

“ കറി ചിക്കനുണ്ട്, മുട്ടയുണ്ട്, വെജിറ്റബിളുണ്ട്..!” ആ ചേട്ടൻ പറഞ്ഞു.

“ എന്നാൽ ഒരു വെജിറ്റബിൾ കറിയെടുത്തോ, ഐഷുവിന് എന്താ വേണ്ടത്.” ഞാൻ ഐഷുവിനെ നേരെ ചോദിച്ചു.

“ എനിക്കൊരു ചായ മാത്രം മതി.” അവളത് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി. മുഖം കണ്ടാലറിയാം കക്ഷിക്ക് നല്ല വിശപ്പുണ്ടെന്ന്…! ഇനി ഞാൻ നേരത്തെ അങ്ങനെ  കൊണ്ടാണോ?

“ ഡീ ഞാനത് വെറുതെ പറഞ്ഞതല്ലേ? നീ എന്തെങ്കിലും വാങ്ങിച്ച് കഴിക്കാൻ നോക്ക്” വെയ്റ്റർ ചേട്ടൻ കേൾക്കാതെ ഞാൻ അവളോട് പറഞ്ഞു.

“ ഇത് മാത്രം മതി ചേട്ട…” എന്നെ ശ്രദ്ധിക്കാതെ ആ ചേട്ടനെ നോക്കി ഐഷു പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. ഇവൾക്കിതെന്ത് പറ്റി…! ഫുഡിൻ്റെ കേസിൽ ഇങ്ങനൊരു സാക്രിഫൈസ് അവൾ ചെയ്യണതല്ലല്ലോ?

“ ആഹ് വേണ്ടെങ്കിൽ വേണ്ട…!” അത്രക്ക് വാശിയാണെങ്കിൽ കുറച്ച് വിശന്നിരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ദോശയും ചായയും വന്നു. അപ്പോഴാണ് ഞാൻ ചായ പറഞ്ഞില്ല എന്നോർത്ത്.

“ ചേട്ടാ ഒരു ചായയും കൂടി.” ശരിയെന്നും പറഞ്ഞ് ചേട്ടൻ പോയി.

ഞാൻ എൻ്റെ പ്ലേറ്റിലും ഐഷുവിന്റെ മുഖത്തും നോക്കി. ചായ ഊതി കുടിക്കുന്ന തിരക്കിലാണവൾ എന്നെ ഒന്ന് നോക്കുന്നു കൂടിയില്ല.

ഞാൻ പിന്നെ ഒന്നും നോക്കിയില്ല. ദോശ കഴിക്കാൻ തുടങ്ങി.  പക്ഷെ ഒരു പീസെടുത്ത് വായിൽ വെച്ചതും ഒരു കൈ വന്ന് എൻ്റെ പ്ളേറ്റിൽ നിന്നും ദോശയുടെ ഒരു വലിയ പെസെടുത്ത് കറിയിൽ മുക്കി പോകുന്നു. ഞാൻ നോക്കുമ്പോൾ യാതൊരു കൂസലുമില്ലാതെ എൻ്റെ പ്ലേറ്റിൽ നിന്നും ദോശയെടുത്ത് കഴിക്കുന്ന ഐഷുവിനെയാണ്.”

ഒന്ന് നന്നയിക്കൂടെ എന്ന രീതിയിൽ ഞാനൊരു ലോഡ് പുച്ഛമിട്ടു. പക്ഷെ കക്ഷി ഇതൊന്നും ശ്രദ്ധിക്കാതെ പ്ലേറ്റ് കാലിയാക്കുന്ന പണിയിലാണ്. ഇതും കണ്ടോണ്ടാണ് വെയ്റ്റർ ചേട്ടൻ കയറി വരുന്നത്. പക്ഷെ ഐഷുവിനെ അതൊന്നും ബാധകമായിരുന്നില്ല.

“ ചേട്ടാ ഒരു മസാല ദോശ കൂടി.” ഈ ദോശ മുഴുവൻ ഇവളിപ്പോൾ തീർക്കും കൂടുതലെന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ പട്ടിണി. അത് കൊണ്ട് ഞാൻ ഓർഡർ ചെയ്തു.

“ അതിനിനി വേറെ പ്ലേറ്റ് വേണ്ടല്ലോ” ചേട്ടനൊരു ചെറു പുഞ്ചിരിയോടെ ചോദിച്ച് പുറത്തേക്ക് പോയി. എനിക്ക് നാണക്കേട് തോന്നിയെങ്കിലും അവൾക്ക് അതെന്തോ അവാർഡ് കിട്ടുന്ന പോലെ ആണെന്ന് തോന്നുന്നു. ഒരു കള്ള ചിരിയോടെ തീറ്റി തുടർന്നു.

മസാല ദോശ എത്തുമ്പോഴേക്കും മൂന്ന് ദോശയും ഞങ്ങൾ കാലിയാക്കിയിരുന്നു. അതിൽ ഒരെണ്ണമെങ്കിലും പൂർണ്ണമായും എനിക്ക് കിട്ടിയോ എന്നത് സംശയമാണ്.

മസാല ദോശ ഒറ്റക്ക് കഴിക്കാമെന്ന് വിചാരിച്ച ഞാൻ അവിടെയും പരാജയപെട്ടു. അവളതിൽ നിന്നും പകുതി അകത്താക്കി. വിശപ്പ് കാരണം പിന്നെയും രണ്ട് ദോശ ഓർഡർ ചെയ്തു അതിൽ നിന്നും ഒരെണ്ണം അവൾ തിന്ന് തീർത്തു.

എല്ലാം കഴിഞ്ഞ് സമദാനമായില്ലേ എന്ന രീതിയിൽ അവളെന്നെ നോക്കി. തൃപ്തിയായി…!

അങ്ങനെ അവിടെ നിന്നുമിറങ്ങി വീട്ടിലേക്ക് വിളിച്ചതിന് ശേഷമാണ് ഞങ്ങൾ യാത്ര തുടർന്നത്. സാറക്ക് ഞാൻ പോന്നതിൽ ചെറിയ സങ്കടമുണ്ടന്ന് അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി. എല്ലാം തിരിച്ചെത്തിയിട്ട് വേണം റഡിയാക്കാൻ.

അവിടെ നിന്നുള്ള യാത്ര അല്പം വേഗത്തിൽ തന്നെയായിരുന്നു. അതിനിടക്ക് പുറകിലൊരു R15 ഞങ്ങളെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വളവായത് കൊണ്ട് ഒന്ന് രണ്ട് തവണ ശ്രമിച്ചിട്ടും പറ്റിയില്ല പിന്നെ ഒരു നേരെ ഉള്ള ഭാഗം വന്നപ്പോൾ അത് കേറി പോയി. പക്ഷെ പോകുമ്പോൾ അതിൻ്റെ പുറകിലിരുന്ന ആളെ ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി.

“ ഐഷു രശ്മി അല്ലെ അത് ”

ഐഷു അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത്.

“ അതേടാ അവൾ തന്നെയാ.”

അവളെ കണ്ടെതും എൻ്റെ മനസ്സിൽ പഴയ ഓർമ്മകൾ വരാൻ തുടങ്ങി. എല്ലാത്തിന്റെയും തുടക്കമോ അവസാനമോ എന്ന് അറിയാത്ത ആ ദിവസം… അതാണ് ആദ്യം എൻ്റെ മനസ്സിലേക്ക് വന്നത്. ഐഷു പോലുമറിയാതെ ഓരോ നിമിഷവും ഞാൻ നീറാൻ തുടങ്ങിയത് അന്ന് മുതലാണ്. അതോർക്കുമ്പോഴേ എൻ്റെ ഹൃദയം വല്ലാതെ നോവാൻ തുടങ്ങി.

“ ഡാ അവളെ പിടിക്ക് നമുക്ക് ഒന്ന് സംസാരിക്കാം.” ഐഷുവിൻ്റെ വാക്കുകളാണ് എന്നെ ഓർമ്മയിൽ നിന്നുമുണർത്തിയത്.

പിന്നെ അവൾക്ക് മറുപടിയൊന്നും നൽകാതെ ഞാൻ ആക്‌സിലേറ്റർ നന്നായി തിരിച്ചു. ബുള്ളറ്റ് വലിയ ശബ്ദത്തോടെ മുന്നേറുമ്പോൾ, എഞ്ചിന്റെ ചൂടിനേക്കാൾ  വലിയ ചൂടിൽ എൻ്റെ ഹൃദയം കത്തിയെരിയുകയായിരുന്നു, ഒപ്പം ചില ഓർമ്മകളും.

##############################################################################

അന്ന് സാഗറുമായി അടിയുണ്ടായി ഹോസ്പിറ്റലിൽ കിടന്ന ദിവസം, ഐഷു എന്തിനോ പുറത്ത് പോയപ്പോഴാണ് റൂമിലേക്ക് രശ്മി വന്നത്.

“ ആഹ് രശ്മിയോ കേറി വാടോ? ” അവള് ചെയ്ത കാര്യത്തിന് എനിക്ക് നല്ല ദേഷ്യമുണ്ടെങ്കിലും, ഹോസ്പിറ്റലിൽ നമ്മളെ കാണാൻ വരുന്നവരോട് അത് കാണിക്കാൻ പാടില്ലല്ലോ? പിന്നെ ഇവളുടെ കാര്യം ഐഷു നോക്കാം എന്നല്ലേ പറഞ്ഞത് അപ്പോൾ ഞാനായിട്ട് ഒന്നും പറയണ്ട എന്ന് വെച്ചു. അല്ലെങ്കിലും ഒന്നുമവൾ മനപ്പൂർവമല്ലാലോ?

“ നിനക്കിപ്പോൾ എങ്ങനെ ഉണ്ടെടാ…!” എൻ്റെ കട്ടിലിന്റെ അടുത്ത് ചേർന്ന് നിന്നവൾ എൻ്റെ സുഖവിവരം തിരക്കി.

“ ഏയ് കുഴപ്പമൊന്നുമില്ല. പിന്നെ ഈ കൈക്ക് കുറച്ച് വേദനയുണ്ട്” എൻ്റെ വലത് കൈ ചൂണ്ടി ഞാൻ പറഞ്ഞു.

“മ്മ്മ്… ഐഷു എന്ത് പിടിയ പിടിച്ചത് എൻ്റെ ജീവൻ പോകുന്നത് പോലെ തോന്നി. പിന്നെ നിന്നെ ഓർത്ത് മാത്രമാണ് ഞാൻ അവളെ ഒന്നും ചെയ്യാത്തത്.” തൊണ്ട ഒന്ന് അനക്കി അവൾ പറഞ്ഞു.

കോളേജിൽ വെച്ച് ഐഷു അവളുടെ കഴുത്തിൽ കുത്തി പിടിച്ച കാര്യമാണ്. അല്ല അവസാനം പറഞ്ഞത് ഒരു ഭീഷണിയല്ലേ? അതിനിടക്ക് എന്തോ പറഞ്ഞല്ലോ എന്നെ ഓർത്തിട്ടാണെന്നോ മറ്റോ? ഇവളെന്തിനാ എന്നെ ഓർക്കുന്നെ?

“ എന്നെ ഓർത്തിട്ടോ…?” ഞാൻ സംശയത്തോടെ ചോദിച്ചു.

“ പിന്നല്ലാതെ എല്ലാം നിൻ്റെ പ്ലാൻ അല്ലായിരുന്നോ? ” അവൾ എന്നോട് ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

എൻ്റെ പ്ലാനോ എന്ത് പ്ലാൻ. ഇവൾക്കെന്താ വട്ടായോ? ഇനി ഐഷു കഴുത്തിൽ പിടിച്ച് ഭിത്തിയിൽ ഒട്ടിച്ചപ്പോൾ താൾ ഇടിച്ചു കിളി വല്ലതും പോയോ…?

“ എൻ്റെ പ്ലാനോ? എന്തൊക്കെയാ രശ്മി നീ ഈ പറയുന്നത്.” ഞാൻ എൻ്റെ സംശയം മറച്ച് വെച്ചില്ല.

“ പോടാ കളിക്കാതെ? നീ പറഞ്ഞിട്ടല്ലേ ആ ഫോട്ടോ ഞാൻ ഐശോര്യയുടെ ഫോണിൽ നിന്നും ചോർത്തിയതും, സാഗറിന് അയച്ചിട്ട് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തതും. പിന്നെ നീ പറഞ്ഞ മൈലിൽ അയച്ചതും.” അവളത് പറഞ്ഞപ്പോൾ എൻ്റെ കിളി മൊത്തം പോയി. ഇവളെന്ത് കൊപ്പക്കെയാ പറയുന്നേ? ഇതൊക്കെ ഇവളെ കൊണ്ട് ചെയ്യിച്ചത് ഞാനാണെന്നോ? കൈ വയ്യാണ്ടിരിക്കുന്നു, ഇല്ലെങ്കിൽ അവളുടെ പല്ല് അടിച്ച് താഴെ ഇട്ടേനെ…!

“ കൊള്ളാം നല്ല അഭിനയം നീയും നിൻ്റെ മറ്റവനും കൂടി എല്ലാം ചെയ്ത് വെച്ചിട്ട് എല്ലാം എല്ലാവർക്കും മനസ്സിലായപ്പോൾ പുതിയ അടവുമായിട്ട് ഇറങ്ങിയിരിക്കുകയാണല്ലേ? ” ഒരു ലോഡ് പുച്ഛം വാരി വിതറി ഞാനത് പറഞ്ഞു.

“ ഡാ ഞാൻ സീരീസ് ആണ്, ഐഷു എൻ്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടാണ് അവളെ പറ്റിക്കാൻ ഞാൻ കൂട്ടു നിന്നത് നീ പറഞ്ഞത് കൊണ്ട് മാത്രമാണ് ” അവൾ ഗൗരവത്തിൽ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് കലിയാണ് കേറി വന്നത് എൻ്റെ ഐഷുവിനെ ഞാൻ പറ്റിക്കുകയെ അതിന് ഇവളെ കൂട്ട് പിടിക്കുകയെ?

“ രശ്മി എനിക്ക് നന്നായിട്ട് ദേഷ്യം വരുന്നുണ്ട് ഒന്ന് കഴിയുമ്പോൾ അടുത്ത ഓരോ ഉടായിപ്പും കൊണ്ട് വന്നോളും.” ഇനിയും ഇവളിവിടെ നിന്നാൽ ഞാനെന്തെങ്കിലും ചെയ്തത് പോകും എന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാനവളെ ഒഴിവാക്കാൻ നോക്കി.

“ അത് കൊള്ളാല്ലോ എല്ലാം കഴിഞ്ഞപ്പോൾ നിനക്ക് ദേഷ്യം വരുന്നല്ലേ? എന്നെ ഒഴിവാക്കണമല്ലേ അപ്പോൾ മോൻ ഇത് കൂടി കണ്ടോ?” എന്ന് പറഞ്ഞ് അവൾ അവളുടെ ഫോൺ ഓപ്പൺ ചെയ്ത് എന്തോ ചെയ്ത് എൻ്റെ മുന്നിലേക്ക് കാണിച്ചു. എൻ്റെ ചാറ്റ് ലിസ്റ്റായിരുന്നു അത്. അതിൽ ഞാനയച്ചിട്ടില്ലാത്ത കുറെ മെസ്സേജുകളും.

ഞാൻ നോക്കി അന്തം വിട്ട് നിന്നപ്പോൾ അതിൽ ഉണ്ടായിരുന്ന ഒരു വോയിസ് ക്ലിപ്പ് അവൾ പ്ലേ ചെയ്തു.

“ ഡീ ഇതാണ് പ്ലാൻ ഞാൻ നാളെ വന്ന് ഐഷുവിന്റെയും എൻറെയും ഒരു ഫോട്ടോ എടുക്കും. ഞങ്ങളുടെ രണ്ട് പേരുടെയും ഫോണിലെ ഇമെയിൽ ഒന്നായത് കൊണ്ട് എൻ്റെൽ എടുക്കുന്ന ഫോട്ടോ ഐഷുവിന്റെലും വരും. അത് നീ അവളറിയാതെ നിൻ്റെ ഫോണിൽ സെൻ്റ് ചെയ്യണം. പിന്നെ അത് സാഗറിന് വാട്സ്അപ്പ് ചെയ്ത് അവൻ കാണുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യണം പിന്നെ അവസാനം ഞാൻ അയക്കുന്ന മെയിലിലും സെൻ്റ് ചെയ്യണം.”

അത് കേട്ട് കഴിഞ്ഞപ്പോഴേ എൻ്റെ തൊണ്ട വരളാൻ തുടങ്ങി. ആ ശബ്ദം അത് എൻ്റെ തന്നെയാണ്. ഇനി ആരെങ്കിലും ഇമിറ്റേറ്റ് ചെയ്തതാകുമോ?

വിറയാർന്ന കൈകളോടെ ഞാൻ ആ വാട്സ്അപ്പ് പ്രൊഫൈലിന്റെ ഡീറ്റെയിൽസ് നോക്കി. എൻ്റെ നമ്പർ തന്നെയാണ് കാണിക്കുന്നത്. എൻ്റെ കൈ ഞാൻ പോലുമറിയാതെ എൻ്റെ പോക്കറ്റിൽ കിടന്ന ഫോണിലേക്ക് പോയി. രശ്മിയുടെ വാട്സ്അപ്പ് ചാറ്റ് ലിസ്റ്റ് കണ്ട എൻ്റെ ഹൃദയം നിന്ന് പോകുന്നത് പോലെ ഒരു നിമിഷം എനിക്ക് തോന്നി.

അതെ അവളുടെ ഫോണിൽ ഉണ്ടായിരുന്ന ചാറ്റുളെല്ലാം എൻ്റെ ഫോണിലുമുണ്ടായിരുന്നു. ഏകദേശം ഒരാഴ്ച്ച മുമ്പാണ് ഞാൻ അറിയാത്ത ചാറ്റുകൾ തുടങ്ങിയിരിക്കുന്നത്. എന്നാലും ഇതെങ്ങനെ ഞാൻ പോലുമറിയാതെ എൻ്റെ ഫോണിൽ നിന്നും. അതും എൻ്റെ വോയിസ് ഉൾപ്പെടെ. ഇനി ഫോണിന് വല്ല പ്രേതവും കൂടിയതാണോ? ഓരോന്ന് ആലോചിക്കുമ്പോഴും എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

“ എല്ലാം കണ്ടല്ലോ നീ അയച്ച എല്ലാ മെസ്സേജുകളും എൻ്റെ കയ്യിൽ ഭദ്രമായിട്ടുണ്ട്. എല്ലാം ഞാൻ ഐശോര്യയെ കാണിച്ചോളം, ഇത് പോലെ കാര്യം കഴിയുമ്പോൾ കാല് മാറുന്ന നിന്നെയൊക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ?” അവൾ ചവിട്ടി തുള്ളി പുറത്തേക്ക് പോകാൻ തുടങ്ങി. എല്ലാം ഇവിടെ അവസാനിക്കുകയാണെന്ന് എൻ്റെ മനസ്സ് പറഞ്ഞു.

എല്ലാ തെളിവും എൻ്റെ എതിരായിട്ടും എൻ്റെ കൂടെ നിന്നവളാണ് ഐഷു. പക്ഷെ ഇത് എനിക്ക് പോലും എന്നിൽ വിശ്വാസം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. ഇത് വല്ലതും ഐഷുവിന്റെ കയ്യിൽ കിട്ടിയാൽ അവളെ എനിക്ക് എന്നെന്നേക്കുമായി മറക്കേണ്ടി വരും. പാടില്ല എന്ത് വില കൊടുത്തും അത് തടുത്തേ മതിയാകു.

“ രശ്മി നീ അവിടെ നിന്നെ… ഞാൻ പറയുന്നതൊന്ന് നീ കേൾക്ക്” എൻ്റെ വിളി കേട്ട് അവൾ തിരിഞ്ഞ് നോക്കി.

“ നീ ഒന്നും പറയണ്ട നിൻ്റെ വാക്ക് കേട്ട് ആത്മാർത്ഥ സുഹൃത്തിനെ ചതിച്ച ഞാനാണ് മണ്ടി” അവൾ വീണ്ടും നിന്ന് ചീറി.

“ ഡീ പ്ലീസ് നീ ഒന്നടങ്ങ് ഇതാരോ എൻ്റെ ഫോണിൽ നിന്നും ഞാൻ അറിയാതെ അയച്ചതാണ്” ഞാൻ എൻ്റെ ഭാഗം അവളെ അറിയിച്ചു.

“ ഹ ഹ ഹ…” അതിന് അവൾ നിന്നൊന്ന് ചിരിച്ചു പിന്നെ എന്നെ നോക്കി തുടർന്നു.

“ ഇത് വേറെ ആർകെങ്കിലും അയക്കാം…! പക്ഷെ നീ നേരിട്ട് എന്നോട് വന്ന് പറഞ്ഞതോ?” അവളുടെ മൂർച്ചയുള്ള ആ വാക്കുകൾ കൂടി കേട്ടപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി.

“ ഡീ നീ വെറുതെ കളിക്കല്ലേ ഞാനോ നിന്നോട് വന്ന് പറഞ്ഞോ ഇങ്ങനെയൊക്കെ ചെയ്യാൻ?” ഞാൻ ദയനീയമായി ചോദിച്ചു.എനിക്ക് ചോദിക്കാൻ വേറെ ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു.

“ പിന്നെ നിന്നെ ഇതൊക്കെ പറഞ്ഞ് പറ്റിച്ചിട്ട് എനിക്കെന്ത് കിട്ടാനാണ്. നീ ചേട്ടനെ കാനഡക്ക് പോകാൻ കുറച്ച് പൈസ തരാം എന്ന് പറഞ്ഞപ്പോൾ വീണ് പോയ എന്നെ പറഞ്ഞാൽ മതിയല്ലോ?” അവൾ വീണ്ടും നിന്ന് തുള്ളി. ഇത് വല്ലതും കേട്ട് ഐഷു വരുമോ എന്ന് എനിക്ക് നല്ല പേടിയുണ്ടായിരുന്നു.

“ പൈസയോ…” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ അതെ പൈസ തന്നെ നീ അയച്ച മെസ്സേജ്‌ നോക്ക്.” അവളത് പറഞ്ഞതും ഞാൻ മെസ്സേജുകൾ നോക്കി. അതെ 10 ലക്ഷം രൂപ കൊടുക്കാം എന്നും അതിൽ അഞ്ച്‌ ചെയ്ത ജോലിക്കുള്ള കൂലിയും ബാക്കി അഞ്ച് ചേട്ടൻ പോയി സെറ്റിൽ ആയിട്ട് തിരിച്ച് തരണമെന്നും ഞാൻ മെസ്സേജ് അയച്ചിരിക്കുന്നു.

“ ഡീ നിനക്ക് ക്യാഷ് അല്ലെ വേണ്ടത് അത് ഞാൻ തരാം അതിന് നീ എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്.” അവൾ കാശിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് തോന്നിയത് കൊണ്ടും ഇവൾ ഇത് ഐഷുവിനെ കാണിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ആലോചിച്ചും വളരെ സൗമ്യമായി പറഞ്ഞു.

“ ഡാ നീ സത്യമാണോ പറയുന്നത് ശരിക്കും നിനക്കൊന്നുമോർമ്മയില്ലേ? ഇന്ന് അടിയുടെ ഇടയിൽ തലക്ക് വല്ലതും പറ്റിയോ?” ഞാൻ അത് പറഞ്ഞപ്പോൾ അവളൊന്ന് അടങ്ങി. എനിക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാൻ എൻ്റെ അടുത്ത് വന്ന് തലയിലൊക്കെ പിടിച്ച് നോക്കുന്നുണ്ട്.

“ സത്യമാടി എനിക്കൊന്നുമോർമ്മയില്ല. സത്യത്തിൽ എന്താ ഇവിടെ നടക്കുന്നത് എന്ന് എനിക്ക് ഒരു പിടിയുമില്ല. തൽക്കാലം നീ ഇത് ആരോടും പറയണ്ട. നിനക്കുള്ള പൈസ നാളെത്തന്നെ തരാനുള്ള ഏർപ്പാടുണ്ടാക്കാം.” ആ സമയത്ത് അതല്ലാതെ എൻ്റെ മുന്നിൽ വഴികളൊന്നുമില്ലായിരുന്നു.

“ എന്നാൽ ശരി ഞാൻ പറയുന്നില്ല. നീ നന്നായിട്ട് ഒന്ന് ആലോചിച്ച് നോക്ക് എല്ലാം ഐഷൊര്യയുടെ കൂടി നന്മക്കാണ് എന്ന് നീ പറഞ്ഞത് കൊണ്ടാണ് ഞാൻ നിൻ്റെ കൂടെ നിന്നത്. ഇനി ഒരിക്കലും നീ അവളെ വിഷമിപ്പിക്കരുത്…!” രശ്മി അത് പറയുമ്പോൾ ഐഷു എന്ന നല്ല സുഹൃത്തിനോടുള്ള സ്നേഹമാണെങ്കിൽ അവളുടെ വാക്കുകളെല്ലാം ഒരു മുള്ള് പോലെ എൻ്റെ നെഞ്ചിലേക്ക് കുത്തി കേറുകയായിരുന്നു.

“ മ്മ് എനിക്ക് ഒന്നമർമ്മയില്ലെടി ചിലപ്പോൾ മറന്നതാകും.” ഞാൻ ആലോചിച്ചു നോക്കട്ടെ.

“ ഏതായാലും ഇത് പിടിച്ചോ സാഗറിൻറെ ഫോണാണ് പറ്റുകയാണെങ്കിൽ ഇതെടുത്ത് തരാൻ നീ പറഞ്ഞില്ലെ. ഇന്ന് അടിയുടെ ഇടക്ക് താഴെ വീണത് ആരും കാണാതെ എടുത്തതാണ്.” അത് പറഞ്ഞവൾ ഫോണെൻറെ കയ്യിൽ തന്നു. അവൾ പറഞ്ഞത് മനസ്സിലായില്ലെനിലും, ഞാൻ ഒന്നും പറഞ്ഞില്ല ഫോൺ എൻ്റെ നിഛലമായ ഇടത്തെ കയ്യിൽ വിശ്രമിച്ചു.

അപ്പോഴും എൻ്റെ മനസ്സ് എനിക്ക് പിടി തരാതെ എപ്പോഴത്തെയും പോലെ ഐഷുവിനെ കുറിച്ചുള്ള ചിന്തകളിൽ തന്നെയായിരുന്നു. പക്ഷെ ഇന്നത് വേദനയുടെയും കുറ്റബോധത്തോടെയുമായിരുന്നു.

എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അവളെ ഞാൻ ചതിക്കുകയാണല്ലോ? എല്ലാം തുറന്ന് പറഞ്ഞ് മാപ്പ് ചോദിക്കണമെന്നുണ്ട് പക്ഷെ എനിക്കത് കഴിയില്ല എല്ലാം കെട്ട് കഴിയുമ്പോൾ അവളെന്നെ വേണ്ടെന്ന് പറഞ്ഞാൽ. പിന്നെ ഞാനില്ല, ഇത്രയും നാളും ജീവിച്ചത് അവൾക്ക് വേണ്ടിയാണ് ഇനിയും അങ്ങനെ തന്നെയായിരിക്കും. അതിന് ആരും ഒന്നുമറിയാൻ പാടില്ല. അത് പോലെ എൻ്റെ ചുറ്റും നടന്ന് കൊണ്ടിരിക്കുന്നത് എന്താണെന്ന് കണ്ട് പിടിക്കണം.

എല്ലാം രശ്മി ഉണ്ടാക്കിയ കള്ള കഥകളും വ്യാജ തെളിവുകളുമാണോ? അതോ അവൾക്ക് പിന്നിൽ ആരെങ്കിലുമുണ്ടോ? എല്ലാം നിയന്ത്രിക്കാൻ കഴിയുന്ന ഒരു ശക്തൻ. അതോ എല്ലാം ചെയ്തത് ഞാൻ തന്നെയാണോ? ഇവൾ പറിയുന്നത് പോലെ ഞാൻ എല്ലാം മറന്ന് പോയതാണോ? പക്ഷെ ഞാൻ എൻ്റെ ഐഷുവിനോട് ഒരിക്കലുമത് ചെയ്യില്ല എനിക്കതിന് കഴിയില്ല. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും കാട് കയറിയ കുറെ ഭ്രാന്തൻ ചിന്തകളും. ഒരിക്കലും ഉണങ്ങാത്ത കുറ്റബോധത്തിന്റെ വേദനകളും എന്നെ അന്ന് മുതൽ കാർന്ന് തിന്നാൻ തുടങ്ങുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഓരോന്ന് ആലോചിച്ച് കിടന്നപ്പോഴാണ് ആരോ വാതിൽ തുറക്കുന്നത്, ഐഷു ആയിരിക്കും. അയ്യോ ഈ കുരിശിനെ ഇവിടെ കണ്ടാൽ ഇന്ന് യുദ്ധവും നടക്കും.

” രശ്മി ആരോ കതക് തുറക്കുന്നു, ഐഷു ആണെന്ന് തോന്നുന്നു. ” ഞാൻ അത് പറഞ്ഞതും ഐഷു കയറി വന്നതും രശ്മി എന്റെ കാലിൽ പിടിച്ചു തല കുനിച്ചിരുന്നതും ഒരുമിച്ചായിരുന്നു. ആ സമയത്ത് തന്നെ രശ്മി തന്ന ഫോൺ ഞാൻ ബെഡ്ൻ്റെ ഇടയിൽ ഒളിപ്പിച്ചു.

റൂമിലേക്കു കേറി വന്ന ഐഷു കാണുന്നത് എന്റെ കാലിൽ പിടിച്ചു കുനിഞ്ഞിരിക്കുന്ന രശ്മിയെയാണ്.

” ഇവൾക്കെന്താ ഇവിടെ കാര്യം ഇറങ്ങടി വെളിയിൽ. ” രശ്മിയെ കണ്ടതും ഐഷു നിന്ന് ചീറി.

” ഞാൻ ചെയ്ത തെറ്റിന് നിങ്ങളോട് മാപ്പ് ചോദിക്കാൻ വന്നതാണ്. ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തത്. എന്നോട് ക്ഷമിക്കണം ഒന്നും അറിഞ്ഞ് കിണ്ടല്ലേ” അവളത് പറയുമ്പോൾ കണ്ണുനീർ തുടക്കുന്നുണ്ടായിരുന്നു.

എന്നാലും ഇവളുടെ അഭിനയം സമ്മതിച്ച് കൊടുക്കണം എത്ര പെട്ടെന്നാണ് കണ്ണിൽ നിന്നും കണ്ണുനീരൊക്കെ വന്നത്.

” നിന്നോട് ക്ഷമിക്കാനോ? നീ  കാരണം ഞാനും ഇവനും എല്ലാരുടെയും മുന്നിൽ നാണം കെട്ടു കോമാളിയായി. എന്നിട്ട് അവള് മാപ്പും പറഞ്ഞ് വന്നിരിക്കുന്നു. ” ഐഷു അത് പറയുമ്പോൾ സങ്കടം കൊണ്ട് അവളുടെ തൊണ്ട ഇടാറുന്നുണ്ടായിരുന്നു.

രശ്മിയെയാണ് ഐഷു അങ്ങനെ പറഞ്ഞതെങ്കിലും ആ വാക്കുകളെല്ലാം എന്റെ നെഞ്ചിലാണ് തറച്ച്‌ കയറിത്. കർത്താവെ ഞാൻ കാരണം എന്റെ ഐഷു…!

” ഡീ പ്ലീസ് ഞാൻ നിന്റെ കാല് വേണമെങ്കിക്കും പിടിക്കാം. എന്നോട് ക്ഷമിക്ക്. ദാ സാം എന്നോട് ക്ഷമിച്ചല്ലോ?” ഞാനോ എപ്പോൾ ഈ കുരുപ്പ് എന്തൊക്കെയാ ഈ പറയുന്നത്. ഒരു കണക്കിന് അത് തന്നെയാണ് നല്ലത് ഐഷു കൂടി ക്ഷച്ചാൽ ഈ പണ്ടാരം ഇവിടെ നിന്നും പോകുമല്ലോ, അത്രേം സമദാനം കിട്ടും.

സംശയത്തോടെ നോക്കിയ ഐഷുവിനോട് അതെ എന്ന് ഞാൻ തലയാട്ടി.

” മ്മ്… എന്നാൽ ഞാനും ക്ഷമിച്ചു… നീ ഇപ്പോൾ പോകാൻ നോക്ക്. ” ഐഷുവിനും അവളിവിടെ നിൽക്കുന്നത് അത്ര പിടിക്കുന്നില്ല എന്ന് ആ വാർത്തമത്തിൽ നിന്നും മനസ്സിലായി. അതോ എന്റെ മനസ്സ് വായിച്ചതോ?

” എന്നാൽ ശരി ഞാൻ ഇനിയും ഇവിടെ നിന്ന് നിങ്ങൾക്ക് ശല്യമാകുന്നില്ല! ഒന്നും മനസ്സിൽ വെച്ചക്കരുത് ഇനി അങ്ങനെ ഒന്നുമുണ്ടാകില്ല! കേട്ടോ സമേ?

പോട്ടെ ഐഷോര്യ…!” അവൾ യാത്ര ചോദിച്ചു.

“മ്മ്…” ഐഷു ഒന്ന് മൂളുക മാത്രം ചെയ്തു. പുറകെ രശ്മി ഇറങ്ങി പുറത്ത് പോയി, എനിക്ക് സമാദാനവുമായി.

” എന്തിനാ അവളെ ഇവിടെ നിർത്തിയെ കയറി വന്നപ്പോഴേ ആട്ടി ഇറക്കമായിരുന്നില്ലേ? ” ഐഷു എന്റെ അടുത്ത് വന്നിരുന്നു ചോദിച്ചു.

” നിന്റെ ഫ്രണ്ട് അല്ലേടി? അവൾക്കൊരു തെറ്റ് പറ്റി ഇനി അതിന്റെ പേരിൽ അവളെ ഇറക്കി വിട്ടെന്ന് പറഞ്ഞു നമുക്ക് ഏറ്റ അപമാണമൊന്നും പോകാൻ പോണില്ലലോ? ” അറിഞ്ഞ് കൊണ്ട് ഐഷുവിനോട് കള്ളം പറയുന്നതിന്റെ നീറ്റൽ ആദ്യമായി ഞാനന്ന് അനുഭവിച്ചു.

” മ്മ് അവളുമായിട്ട് ഇനിയെനിക്ക് കൂട്ടൊന്നുമില്ല. എന്റെ ചെക്കനെ എല്ലാരേയും കൊണ്ട് തെറി കേൾപ്പിച്ചവളാ” ഐഷു ഒരു മാതാവിന്റെ വാൽസല്യത്തോടെ എന്റെ മുടിയിൽ തലോടി അത് പറയുമ്പോൾ. ആ കൈകൾ എന്നെ ചുട്ടു പൊള്ളിക്കുന്നത് പോലെ തോന്നി. കുറ്റബോധത്തിന്റെ തീയിൽ.

“ പോട്ടടി എല്ലാം കഴിഞ്ഞേല്ലേ ഇനി അതിൻ്റെ അവളൊട് പിണങ്ങി ഇരുന്നിട്ട് ഒന്നും മാറാൻ പോകുന്നില്ലല്ലോ?” ഐഷുവിനെ സമാധാനിപ്പിക്കാനാണോ? രശ്മിയെ സഹായിക്കാനാണോ? അതോ എൻ്റെ കാപട്യം മറക്കാനാണോ ഞാൻ അങ്ങനെ പറഞ്ഞതെന്ന് ഇന്നുമെനിക്കറിയില്ല.

എൻ്റെ മുഖത്തും സംസാരത്തിലും എന്തോ മാറ്റമുണ്ടെന്ന് ഐഷുവിന് മനസ്സിലായി എന്ന് എനിക്ക് ആ കണ്ണുകളിൽ നിറഞ്ഞ് നിന്ന സംശയം എനിക്ക് മനസ്സിലാക്കി തന്നു. രശ്മി വന്നത് കൊണ്ടാകും അതെന്ന് കരുതിയത് കൊണ്ടാകാം അവളെന്നോട് ഒന്നും ചോദിച്ചില്ല, എന്നെ ചേർത്ത് പിടിച്ചു ആശ്വസിക്കുമ്പോഴും എൻ്റെ സങ്കടം എന്താണെന്ന് അവൾക്ക് അറിയില്ലായിരുന്നു. അത് പറയാൻ എനിക്കും കഴിയില്ലായിരുന്നു.

പിന്നെ അങ്ങോട്ട് അവളുടെ മുന്നിൽ നിന്നും നീറി പുകയുന്ന ദിവസങ്ങളായിരുന്നു, എന്നെ കാത്തിരുന്നത്.

പിറ്റേന്ന് തന്നെ പലരുടെ കയ്യിൽ നിന്നും കടം വാങ്ങിയതും, കുറെ കാലമായി ഞാൻ കൂട്ടി വെച്ച പപ്പയെയും മമ്മയെയും സോപ്പിട്ടുണ്ടാക്കിയ എൻറെ ചെറിയ സമ്പാദ്യവും ചേർത്ത് ഞാൻ രശ്മിക്ക് പറഞ്ഞ ക്യാഷ് കൊടുത്തു.

ഇതെല്ലം ഐഷു അറിയാതെ എങ്ങനെ ചെയ്തു എന്ന് ആലോചിക്കുമ്പോൾ ഇന്നുമെനിക്ക് കൈ വിറക്കും. ഹോസ്പിറ്റലിലും പിന്നെ വീട്ടിലെത്തിയിട്ടും എൻ്റെ കൂടെ തന്നെയായിരുന്നു അവൾ. പക്ഷെ അവളെ പലതിനും പറഞ്ഞ് വിട്ട് ഞാൻ എനിക്ക് വേണ്ട സമയം കണ്ടെത്തി. അന്ന് ആദ്യമായി ഐഷുവിന് അറിയാത്ത പുതിയ പാസ്സ്‌വേർഡ് ആയി എൻ്റെ ഫോൺ.

അന്ന് മുതൽ എൻ്റെ അന്വേഷണമായിരുന്നു. എനിക്ക് ചുറ്റും നടക്കുന്ന നിഗൂഢതകളുടെ ചുരുളഴിക്കാൻ.

രശ്മി പറയുന്നതെല്ലാം കള്ളമാണെന്നും, അവൾ മറ്റാരെയോ കൂട്ടുപിടിച്ച് പണത്തിന് വേണ്ടി ചെയ്യുന്നതാണെന്നും ഞാൻ ഉറച്ച് വിശ്വസിച്ചു. പക്ഷെ അത് അവളോട് ചോദിയ്ക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അവളെല്ലാം ഐഷുവിനോട് പറയുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, ഇന്നും ഭയപ്പെടുന്നു.

പക്ഷെ എൻ്റെ അന്വേഷണം ആരംഭിച്ചത് അവൾ നിരത്തിയ തെളിവുകളിൽ നിന്ന് തന്നെയായിരുന്നു. അവൾ കാണിച്ച ഞാൻ അവൾക്കയച്ചു എന്ന് പറയുന്ന മെസ്സേജുകളിൽ നിന്നും.

അവൾ പറഞ്ഞെതെല്ലാം തന്നെയായിരുന്നു അതിലുണ്ടായിരുന്നത്. അത് പ്രകാരം ആദ്യമൊന്നും സമ്മതിക്കാതിരുന്ന അവളെ പണം കൊടുക്കാം എന്ന് പറഞ്ഞ് പ്രലോഭിച്ചാണ് ഇതിന് കൂട്ടു പിടിച്ചത്. മുമ്പെങ്ങോ അവളുടെ ചേട്ടന് വിദേശത്ത് പോകാൻ പണം വേണമെന്ന് ഐഷു എന്നോട് പറഞ്ഞത് മാത്രമേ എൻ്റെ ഓർമയിലുള്ളു.

അതിൽ പറയുന്നത് അനുസരിച്ചാണെങ്കിൽ ഞാൻ ആ ഫോട്ടോ എടുക്കുന്നതിന്റെ തലേന്ന് തന്നെ. ഞാൻ ഫോട്ടോ എടുക്കുമെന്ന് പ്ലാൻ ചെയ്തിരുന്നു. പക്ഷെ എൻ്റെ ഓർമ്മ അനുസരിച്ച് അവളെന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ടതിന്റെ ദേഷ്യത്തിനാണ് ഞാൻ അങ്ങനെ ചെയ്തത്. അങ്ങനെ ഉത്തരമില്ലാത്ത പല സമസ്യകളിൽ ഒന്ന് മാത്രമായിന്നു അത്.

ചോദ്യങ്ങൾ പലതും അങ്ങനെ തന്നെ നിന്നെങ്കിലും എനിക്ക് കിട്ടിയ മാറ്റ് തെളിവുകൾ വെച്ച് എൻ്റെ അന്വേഷണം തുടർന്നു. സാഗറിന് അയച്ച ശേഷം അവൾ അയച്ചു എന്ന് പറയുന്ന മെയിൽ ആരുടെയാണ് എന്ന് കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു. ജിമെയിൽ എടുത്ത് ലോഗിൻ ചെയ്യാൻ മെയിൽ കൊടുത്തു പക്ഷെ പാസ്സ്‌വേർഡ്‌?

ഞാൻ വെറുതെ ഒന്ന് മുതൽ പത്ത് വരെയൊക്കെ അടിച്ച് നോക്കി. എല്ലാം റോങ്ങ് പാസ്സ്‌വേർഡ് എന്ന് കാണിച്ചു. പിന്നെ വെറുതെ ഞാൻ സ്ഥിരം ഉപയോഗിക്കുന്ന പാസ്സ്‌വേർഡ് അടിച്ച് നോക്കിയപ്പോൾ അത് ഓപ്പണായി അത് എനിക്ക് വലിയ ഷോക്കായി. അതെനിക്കും ഐഷുവിനും മാത്രം അറിയാവുന്ന പാസ്സ്‌വേർഡ് ആണ്…!

അതിനേക്കാൾ എന്നെ ഞെട്ടിച്ചത് ആ മെയിലിൽ ഉണ്ടായിരുന്ന കാര്യങ്ങളായിരുന്നു. രശ്മി പറഞ്ഞത് പോലെ അവൾ ആ ഫോട്ടോ ഈ ഈമെയിലിലേക്ക് അയച്ചിട്ടുമുണ്ട്. അതിന് ശേഷം ഈ മെയിലിൽ നിന്ന് തന്നെയാണ് അതൊരു പ്രിന്റിങ്‌ സ്റ്റോറിന്റെ മെയിലിലേക്കുമയട്ടുണ്ട് . അതും എനിക്ക് അറിയാവുന്ന പ്രിന്റിങ് സ്റ്റോർ…!

അതിന് ശേഷം ഞങ്ങളുടെ കോളേജിലെ കുറച്ച് പിള്ളാർക്ക് അതും എൻ്റെ ഇയറല്ലാത്ത പിള്ളേർക്ക് ആ ഫോട്ടോ അയച്ചിട്ടുണ്ട് മിക്കതും എനിക്ക് പരിചയമില്ലാത്തവർ. ആ ഫോട്ടോയുടെ കൂടെയുള്ള മെസ്സേജ് വായിച്ച് വീണ്ടും ഞെട്ടി.

ആ ഫോട്ടോ ഷെയർ ചെയ്യാനും അത് എവിടെ നിന്ന് കിട്ടിയെന്ന് പറയരുതെന്നും ചോദിച്ചാൽ ആര് തന്നു എന്ന് പറയണമെന്നും, എപ്പോൾ തന്നു എന്ന് പറയണമെന്നുമുൾപ്പെടെ എല്ലാം ആ മെസ്സേജിൽ ഉണ്ടായിരുന്നു. പിന്നെ ഇതിനെല്ലാം പ്രതിഫലമായി കുറച്ച് പണം അക്കൗണ്ടിൽ അയച്ചതിൻ്റെ വിവരങ്ങളും. ഇത് പ്രതിഫലത്തിന്റെ പകുതിയാണെന്നും ബാക്കി ഷെയർ ചെയ്ത് കഴിഞ്ഞ് തരാമെന്നും.

അതെ ഞാൻ രണ്ട് ദിവസം അഴിക്കാൻ കഷ്ടപെട്ടിട്ട് നടക്കതെ പോയ കുരുക്ക് ഉണ്ടാക്കിയത് ഈ മെയിലിന്റെ ഉടമ തന്നെ…!

ക്യാഷ് സെൻറ് ചെയ്തിരിക്കുന്ന അക്കൗണ്ട് ഉടമയുടെ പേര് കണ്ട് എൻ്റെ എല്ലാ കിളികളും പല ദിശയിലേക്ക് പോയി….!

സാറ…!

അതെ എൻ്റെ അനുജത്തി സാറ അവളുടെ അക്കൗണ്ടിൽ നിന്നുമാണ് പണം ഫോട്ടോ ഷെയർ ചെയ്തവർക്കെല്ലാം പോയിരിക്കുന്നത്.

ഇച്ഛയാ ഇച്ഛയാ എന്ന് പറഞ്ഞ് എൻ്റെ വാലേ തൂങ്ങി നടക്കുന്ന എൻ്റെ കുട്ടി കുറുമ്പി അവളെന്തിന് ഇത് ചെയ്തു. അവളെന്ന് സ്കൂളിൽ നിന്നും പോയ ഒരു ടൂറിൽ ആയത് കൊണ്ട് വന്നിട്ട് നേരിട്ട് ചോദിക്കാം എന്ന് വെച്ചു.

“ അടി കിട്ടിയപ്പോൾ ഇച്ചായന്റെ ബോധവും പോയോ…? ഇച്ചായൻ പറഞ്ഞിട്ടല്ലേ ആ പണമൊക്കെ ഞാൻ സെൻ്റ് ചെയ്തത്. ഏതായാലും ചോദിച്ചത് നന്നായി. ടൂറിന് പോയപ്പോൾ പപ്പ തന്ന പോക്കറ്റ് മണിയാണ് അതെനിക്ക് വേഗം തിരിച്ച് തന്നോ കേട്ടോ ഇല്ലെങ്കിൽ ഞാൻ മമ്മിയോട് പറഞ്ഞ് കൊടുക്കും.”

സാറ വന്നപ്പോൾ മാറ്റി നിർത്തി ചോദിച്ച ഞാൻ അവളുടെ മറുപടി കേട്ട് ഞെട്ടി.

അവൾ പറഞ്ഞത് വേറെ ഏതോ ഗ്രഹത്തിൽ നിന്നെന്ന പോലെയാണ് ഞാൻ കേട്ടത്. പൈസ ഞാൻ പെട്ടെന്ന് തിരിച്ച് തരാമെന്നും ഞാൻ മറന്ന് പോയത് കൊണ്ട് ചോദിച്ചതാണെന്നും അവളോട് പറഞ്ഞ് ഞാൻ നൈസായിട്ട് തലയൂരി.

സാറയിൽ നിന്നുമത് കൂടി കേട്ടപ്പോൾ ഭൂമി പറന്നതാണ് എന്ന് പറഞ്ഞാൽ പോലും വിശ്വസിക്കുന്ന അവസ്ഥയിലായി ഞാൻ. കാരണം എൻ്റെ ചുറ്റും നടക്കുന്നത് അതിനേക്കളൊക്കെ വളരെ വലിയ കാര്യങ്ങളായിരുന്നു.

രശ്മി പണത്തിന് വേണ്ടി കള്ളം പറയുന്നു എന്ന് പറയാം പക്ഷെ സാറ…!

അവളെന്തിന് കള്ളം പറയണം….!

എനിക്ക് എന്നിലുള്ള വിശ്വാസം തന്നെ പോയിരുന്നു.

ഇനി എല്ലാം ചെയ്തത് ഞാൻ തന്നെയാണോ?

എന്നിട്ട് എല്ലാം ഞാൻ മറന്ന് പോയതാണോ?

അങ്ങനയാണെങ്കിൽ ഞാൻ മറ്റെന്തൊക്കെ മറന്നിട്ടുണ്ടാകും.

പക്ഷെ..! എന്തിന് ഞാനത് ചെയ്തു?

എല്ലാരുടെയും മുന്നിൽ നാണം കേട്ട് ഐഷുവിനെയും നാണം കെടുത്തി ഇത്രയൊക്കെ ചെയ്യാൻ എനിക്കെന്താ ഭ്രാന്ത് ആയിരുന്നോ?

ഒരു പക്ഷെ ഭ്രാന്ത് ആയിരിക്കണം അല്ലാതെ ഇതൊക്കെ ചെയ്തിട്ട് എല്ലാം ഞാൻ മറന്ന് പോകില്ലല്ലോ?

പക്ഷെ അതുറപ്പിക്കാൻ എന്നെ ആരാണ് സഹായിക്കുക…!

ദിവ്യ… എൻ്റെയും ഐഷുവിൻ്റെയും കൂടെ പ്ലസ് ടു പഠിച്ചവൾ. ഇപ്പോൾ ബി എസ് സി സൈക്കോളജി പഠിക്കുന്നു. പ്ലസ് ടു കാലത്ത് എൻ്റേയും ഐഷുവിന്റെയും ചങ്ക്. ഞങ്ങളുടെ ഇടയിലെ കുറെ ഉടക്കുകൾ തീർക്കാൻ കഷ്ടപ്പെട്ടുണ്ട്, പാവം.

പ്ലസ് ടു കഴിഞ്ഞപ്പോൾ ഞങ്ങൾ എൻജിൻറിങ് എടുത്തപ്പോൾ. അവൾക്ക് സൈക്കോളജി പഠിക്കണമെന്ന് നിർബന്ധം പിടിച്ച് പോയതാണ്. ഇല്ലെങ്കിൽ ഇന്നും കൂടെ തന്നെ ഉണ്ടായേനെ.

ഒരു വിധത്തിൽ അത് നന്നായി ഇങ്ങനെ ഒരു അവസ്ഥയിൽ വിശ്വസിച്ച് വിളിക്കാനൊരാളായല്ലോ? പിന്നെ ഒട്ടും വൈകിയില്ല, അവളെ വിളിച്ചു.

എനിക്ക് ഡിപ്രെഷൻ ആണ് ഒന്നിലും കോണ്സെന്ട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല. ഒരു സൈക്കോതെറാപ്പി വേണം ഐഷു അറിഞ്ഞാൽ ടെൻഷൻ ആകും എന്നൊക്കെ പറഞ്ഞ് ഒന്ന് സോപ്പിട്ട് നോക്കി. ബാക്കിയെല്ലാം നേരിൽ കണ്ട് പറയാം ഫോണിൽ കൂടി പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലലോ?

ആദ്യം ഞാൻ തമാശ പറഞ്ഞതാണ് എന്ന് വിചാരിച്ച അവൾ പിന്നെ പറഞ്ഞത്

കേട്ട് എൻ്റെ അകെയുള്ള പ്രേതീക്ഷയും പോയി. അവൾ സൈക്കോളജിസ്റ് ആണ് പഠിക്കുന്നത് ചെറിയ കൗസ്‌ലിംഗ് ഒക്കെ ചെയ്യന്നത്. അതും അവൾ പഠിച്ച് തുടങ്ങിയിട്ടേ ഉള്ളു. സൈക്കോതെറാപ്പി ഒക്കെ ചെയ്യാൻ മെഡിസിനും പി ജി യൊക്കെ കഴിയണമെന്ന്.

ഞാൻ വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ച് സോപ്പിട്ടപ്പോൾ അവൾ വേറെയൊരു ഓപ്ഷൻ പറഞ്ഞു. ഇവളുടെ ഒരു പ്രൊഫസർ ഉണ്ട് സൈക്യാട്രിസ്റ്റ് ആണ്. അവൾ ചോദിച്ചാൽ ചിലപ്പോൾ സമ്മതിക്കുമെന്ന്.

ഒന്നോർത്തപ്പോൾ അതാണ് നല്ലതെന്ന് തോന്നി.

വേറെ ആരും അറിയാതെ ഇരിക്കാനാണ് ഇത്രയും കഷ്ടപെട്ടത്. പിന്നെ പുറത്ത് എവിടെ പോയാലും കൂടെ ആരെങ്കിലും വേണം. ഇതാകുമ്പോൾ ദിവ്യ ഉള്ളത് കൊണ്ട് വേറെ ആരും വേണ്ട. പക്ഷെ ദിവ്യ ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അത് കൊണ്ട് എല്ലാം അവളുടെ പ്രഫസറോട് സംസാരിച്ചിട്ട് മതി എന്നുറപ്പിച്ചാണ് എൻ്റെ കൈ ഒന്ന് ശരിയപ്പോൾ ഐഷുവിനോട് വർക്‌ഷോപ്പിന് പോണെന്ന് കള്ളം പറഞ്ഞ് ദിവ്യയും കൊണ്ട് അവളുടെ പ്രഫസറുടെ വീട്ടിൽ പോയത്.

D.r രഘുപാലൻ സാർ നല്ല മനുഷ്യൻ ഞങ്ങളെ നല്ല സ്നേഹത്തോടെയാണ് വരവേറ്റത്. ഞാനെല്ലാം സാറിനോട് തുറന്ന് പറഞ്ഞു. പുള്ളി അത് കഴിഞ്ഞ് എന്നോട് എൻ്റെ കുട്ടിക്കാലത്തെകുറിച്ചും ഐഷുവിനെകുറിച്ചും ഒരുപാട് ചോദിച്ചു. ഒടുവിൽ എൻ്റെ രോഗത്തിനൊരു പേരുമിട്ടു.

Dissociative identity disorder…!

നമ്മുടെ മണിചിത്രതാഴ് സിനിമയിലെ ശോഭന ചേച്ചിക്ക് വന്ന അതെ അസുഖം…!

ഞാൻ മറന്ന് പോയ കാര്യങ്ങളെല്ലാം എൻ്റെ ഉള്ളിലെ മറ്റൊരു ഞാൻ ചെയ്തതാണ് പോലും…!

സാധാരണ ഇങ്ങനെ ഒരാളിൽ തന്നെ ഉണ്ടാകുന്ന മാറ്റ് വ്യക്തിത്വങ്ങൾ വളരെ വ്യത്യസ്ത സ്വാഭാവമാണ് കാണിക്കുക. അത് കൊണ്ട് തന്നെ ചുറ്റുമുള്ളവർക്ക് പെട്ടെന്നത് തിരിച്ചറിയാനും കഴിയും, പക്ഷെ എൻ്റെ കാര്യത്തിൽ എൻ്റെ രണ്ട് പേരുടെയും സ്വഭാവം ഏതാണ്ട്‌ ഒരേ പോലെ ആയത് കൊണ്ടാണ് ആരും തിരിച്ചറിയാതിരുന്നത്.

പക്ഷെ ഞങ്ങളുടെ രണ്ട് പേരുടെയും സ്വഭാവത്തിൽ കാര്യമായ വ്യത്യാസം ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. എനിക്ക് ഞാൻ അയച്ചതല്ല എന്ന് ഉറപ്പുള്ള മെസ്സജുകളും വോയിസും ഒക്കെ അനലൈസ് ചെയ്താണ് ഡോക്ടർ അങ്ങനെ പറഞ്ഞത്.

പിന്നെ എൻ്റെ മറ്റേ വെക്തിത്വതിന് എൻ്റെ ബോധത്തെയും അബോധത്തെയും എല്ലാം സ്വാതീനിക്കാൻ കഴിയുമെന്നും അത് കൊണ്ടാണ് എൻ്റെ ഓർമ്മയിലുള്ള ചില പ്രവർത്തികൾ അത് നടക്കുന്നതിന് മുമ്പ് തന്നെ മറ്റേ ഞാൻ അരിഞ്ഞത്.

അങ്ങനെ എനിക്ക് പൂർണ്ണമായും മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാത്ത കുറെ വിശദീകരണങ്ങൾ ഡോക്ടർ തന്നപ്പോൾ എൻ്റെ ഉണ്ടായിരുന്നു ബോധം കൂടി പോയി.

ഏതായലും നടന്ന കാര്യങ്ങളൊന്നും ദിവ്യയോട് പറയണ്ട എന്ന എൻ്റെ നിർബന്ധം ഒടുവിൽ ഡോക്ടർ അംഗീകരിച്ചു. പക്ഷെ എനിക്ക് ഇങ്ങനെ ഒരു അവസ്ഥയുണ്ട് എന്ന് അവളെ അറിയിച്ചു. അത് ഐഷുവിനെ അറിയിക്കാതിരിക്കാൻ ദിവ്യയുടെ കാല് വരെ പിടിക്കേണ്ടി വന്നു. പക്ഷെ എൻ്റെ കാര്യത്തിൽ അവൾക്ക് നല്ല ആവലാതി ഉണ്ടായിരുന്നു. തുടർച്ചയായ ചികിൽസയിലൂടെ ഇത് മാറ്റിയെടുക്കാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അതിന് എന്നെ ഡോക്ടറുടെ അടുത്ത് സമയത്ത് എത്തിക്കുന്ന ഉത്തരവാദിത്തം ദിവ്യ ഏറ്റെടുത്തു.

പിന്നെ അങ്ങോട്ട് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു….! ഞാൻ അറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഞാൻ മനസ്സിലാക്കിയ നാളുകൾ.

ഇതിനേക്കാൾ എല്ലാം എന്നെ വേദനിപ്പച്ചത്. ഐഷുവിന്റെ മുന്നിൽ അഭിനയിച്ച ഓരോ നിമിഷവുമായിരുന്നു. പല പ്രാവിശ്യം എല്ലാം അവളൂടെ തുറന്ന് പറഞ്ഞ് കാല് പിടിച്ച് മാപ്പ് ചോദിച്ചാലോ എന്ന് പോലും ചിന്തിച്ചു. പക്ഷെ അവളെന്നെ വിട്ടുപോകുമോ എന്ന ഭയം എന്നെ അതിൽ നിന്നും വിലക്കി.

എൻ്റെ കൈ ശരിയായി ഞങ്ങൾ കോളേജിൽ എത്തിയപ്പോൾ പിള്ളേരിൽ നിന്നും ഏൽക്കേണ്ടി വന്ന പരിഹാസനങ്ങൾ എന്നെ മുറിവിൽപ്പിച്ചത് ഞാൻ കാരണം എൻ്റെ ഐഷുവിന് ഞാൻ കാരണം അത് ഏൽക്കേണ്ടി വന്നു എന്ന കുറ്റബോധമായിരുന്നു.

അതിന് ഞാൻ പരിഹാരം കണ്ടെത്തിയത് അവളെ കൂടുതൽ സ്നേഹിച്ചു കൊണ്ടാണ്. അവളോടുള്ള തല്ലുകൂടൽ കുറച്ചു, കോളേജിൽ കഴിയുന്ന സമയവും അവളുടെ നിഴലായി നടന്നു. അവളെ എല്ലാ കാലിയാക്കലുകളിൽ നിന്നും ഒരു പരിച പോലെ സംരക്ഷിച്ചു.

സാഗറിൻ്റെ ഗ്യാങിലെ ഒന്ന് രണ്ട് പേരെ ഒഴിച്ച് ബാക്കിയെല്ലാത്തിനെയും സോപ്പിട്ട് കുപ്പിയിലാക്കി ഐഷുവിന്റെ സംരക്ഷത്തിന് ഉപയോഗിച്ചു. എൻ്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞെങ്കിലും ഐഷു എന്നോടൊന്നും ചോദിച്ചല്ല എൻ്റെ സ്നേഹവും സംരക്ഷണവും അവളൊരുപാട് ആഗ്രഹിച്ചിരുന്നു എന്ന് തോന്നി.

പക്ഷെ എൻ്റെ സംഘടങ്ങളെല്ലാം അറിയാതെയെങ്കിലും സ്നേഹം കൊണ്ടവൾ പതിയെ മാറ്റിയെടുത്തു. ഈ സ്നേഹത്തിന് വേണ്ടിയാണ് ഞാൻ ചിലത് മറച്ചു വെക്കുന്നത് എന്ന തോന്നൽ എൻ്റെ ഉള്ളിലെ കുറ്റബോധം കുറക്കുന്നതിന് സഹായകമായി.

എന്നാൽ ഇന്നും ഉണങ്ങാത്ത മുറിവുകളായി ആ ഓർമ്മകൾ എൻ്റെ ഹൃദയത്തിൽ ബാക്കി നിൽക്കുന്നു.

രശ്മി പോയ ബൈക്കിന് പുറകിൽ പായുമ്പോഴും ആ ഓർമ്മകൾ വീണ്ടും എന്നെ മുറിവേൽപ്പിച്ചു….!

തുടരും….!

Comments:

No comments!

Please sign up or log in to post a comment!