ചെകുത്താന്‍ വനം 1 റോബിയും ചെന്നായ്ക്കളും

ഹലോ ഫ്രണ്ട്സ്, ആദ്യം തന്നെ പറയട്ടെ….. ഈ കഥയില്‍ ആരും സെക്സ് പ്രതീക്ഷിക്കരുത്. ഈ കഥ യഥാര്‍ത്ഥം അല്ല. ഇതിൽ വരുന്ന കഥാപാത്രങ്ങളും, സ്ഥലങ്ങളും, സ്ഥല പേരുകളും എല്ലാം എന്റെ സങ്കല്‍പത്തിൽ ജനിച്ച് എന്റെ എഴുത്തിലൂടെ പൂർണത പ്രാപിക്കാന്‍ തയ്യാറാവുന്നു ഒരു ഫിക്ഷൻ കഥയാണ്. ഇതില്‍ ഒരുപാട്‌ തെറ്റു കുറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പിന്നെ : ജോലിയോ – ജോലിയില്‍ വരുന്ന ഉത്തരവാദിത്വമോ, സ്ഥലമോ – സ്ഥലത്തിന്റെ വിശേഷണമോ, അല്ലെങ്കിൽ വേറെ എന്തെങ്കിലും ആവട്ടെ, ഇതൊന്നും യാഥാർത്ഥ്യവും ഈ കഥയും തമ്മില്‍ ആരും താരതമ്യം ചെയ്യരുത് എന്ന് എല്ലാ വായനക്കാരോടും താഴ്മയായി അറിയിച്ചുകൊള്ളുന്നു. താല്‍പര്യമുള്ള ആര്‍ക്കും ഉപദേശങ്ങള്‍ നല്‍കാം, അഭിപ്രായങ്ങള്‍ അറിയിക്കാം. ഈ കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയാന്‍ മറക്കരുത്. <><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><><

“എന്താണ് റോബി സർ ഈ പറയുന്നത്, നിങ്ങൾ ഇവിടെ വന്ന് ജോയിൻ ചെയ്തിട്ട് വെറും രണ്ട് ആഴ്ച ആകുന്നെയുള്ള. കഴിഞ്ഞ നാല് ദിവസങ്ങള്‍ മാത്രമാണ് ഞാൻ സാറിന്റെ കൂടെ വന്ന് ഈ വനത്തിലുള്ള കുറെ അത്യാവശ്യമായ ഭാഗങ്ങള്‍ ഒരേയൊരു തവണ വെറുതെ ചുറ്റിക്കറങ്ങി കാണിച്ച് തന്നത്. ഇക്കഴിഞ്ഞ നാല് ദിവസങ്ങള്‍ കൊണ്ട്‌ തന്നെ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ, സർ കണ്ടിട്ടുള്ള മറ്റുള്ള വനം പോലെയല്ല ഈ വനം എന്ന്! ഈ വനപ്രദേശം എങ്ങനെ ഉള്ളതാണെന്ന് നമ്മുടെ ഗ്രാമ വാസികളിൽ നിന്നും സർ കുറച്ചെങ്കിലും കേട്ട് കാണും. എന്നിട്ടും നാളെ നിങ്ങൾ ഒറ്റക്ക് നൂറ്റി ഇരുപതോളം കിലോമീറ്റര്‍ അകലെയുള്ള ആ നശിച്ച ചെകുത്താന്‍ മട കാണാന്‍ പോകുന്നു എന്ന് പറയുമ്പോൾ….. സാറിന്റെ ഈ അപകടകരമായ തീരുമാനം ദയവായി മാറ്റണം.” എന്റെ സബോർഡിനേറ്റ് ആയ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കൃഷ്ണൻ ചേട്ടൻ ഭീതിയോടെ പറഞ്ഞു. ഞാൻ ഇരുന്നിരുന്ന കസേരയില്‍ നിന്നും ഞാൻ പതിയെ എഴുന്നേറ്റു. എന്റെ ഓഫീസ് റൂമിൽ ഉണ്ടായിരുന്ന എന്റെ കീഴ് ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും കണ്ണില്‍ ഞാൻ തറപ്പിച്ച് നോക്കി. അവരെല്ലാം പെട്ടന്ന് താഴേ നോക്കി. എല്ലാ കണ്ണുകളിലും ഒരേ വികാരമാണ് ഞാൻ കണ്ടത്. ‘ഭയം’ “കൃഷ്ണൻ ചേട്ടാ, നിങ്ങൾ പറയുന്നത് നേരാണ്. ഞാൻ ഇവിടെ ഡ്യൂട്ടിയിൽ ജോയ്ൻ ചെയ്തിട്ട് രണ്ടാഴ്ച മാത്രമേ ആയുള്ളു. പക്ഷേ ഇത് എന്റെ നിയന്ത്രണത്തിലുള്ള വനമാണ് അതുകൊണ്ട്‌ എനിക്ക് ഈ ‘ഇരുള്‍ വനം’ എന്ന് വിളിക്കപ്പെടുന്ന ഈ വനത്തിന്റെ മുഴുവന്‍ ചരിത്രവും അറിയണം.

ചെകുത്താന്‍ മട എന്തെന്നും അറിയണം. അതുകൊണ്ട്‌ എനിക്ക് അവിടെ പോകേണ്ടത് നിര്‍ബന്ധമാണ്. പിന്നെ കൃഷ്ണൻ ചേട്ടൻ പറഞ്ഞ ചെകുത്താന്‍ മട, ഗ്രാമ വാസികൾ വിളിക്കുന്ന പേര്‍ ചെകുത്താന്‍ മട എന്നാണെങ്കിലും നമ്മുടെ പക്കലുള്ള വെറും മൂന്ന് പേജ് മാത്രം വരുന്ന ഡോക്യുമെന്റ് പറയുന്ന പേര് ‘ബ്ലാക്ക് ഫോര്‍ട്ട്’ എന്നാണ്. ആ ബ്ലാക്ക് ഫോര്‍ട്ടിൻറ്റെ കൂടുതൽ ഡീറ്റൈൽസ് നമ്മുടെ പക്കല്‍ ഇല്ലെങ്കിലും ആ വെറും മൂന്ന് പേജിനുള്ളിൽ അടങ്ങുന്ന ഡീറ്റെയിൽസ് വായിച്ചപ്പോൾ ആ മര്‍മ്മത്തിൻറ്റെ ചുരുളഴിക്കാൻ എന്റെ മനസ്സ് വെമ്പുന്നു.” ഞാൻ അവർ എല്ലാവരെയും പിന്നെയും നോക്കി. അവർ പിന്നെയും പെട്ടന്ന് താഴേ നോക്കി.

ഞാൻ നെടുവീര്‍പ്പിട്ടു. എന്റെ ഈ ഇളം നീല നിറത്തിലുള്ള കണ്ണുകള്‍ക്ക് മറ്റുള്ളവരുടെ മേല്‍ ഇങ്ങനത്തെ ഒരു സ്വാധീനം ചെലുത്താനുള്ള കഴിവുള്ള കാര്യം ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി മനസ്സിലാക്കിയത്: പത്ത് സെക്കന്റില്‍ കൂടുതൽ ആരും എന്റെ കണ്ണില്‍ നോക്കി ഇതുവരെ സംസാരിച്ചിട്ടില്ല. ഒന്നുകില്‍ തല താഴ്ത്തി സംസാരിക്കും അല്ലെങ്കിൽ വേറെ എവിടെയെങ്കിലും നോക്കി സംസാരിക്കും. ഞാൻ എന്റെ മൂന്ന് കീഴ് ഉദ്യോഗസ്ഥര്‍ മാരേയും മാറി മാറി നോക്കി. അവർ എന്റെ മുഖത്തും തറയിലും മാറിയും തിരിഞ്ഞും നോക്കി. എനിക്ക് ചിരിയാണ് വന്നത്. “നിങ്ങൾ എല്ലാവരും ഇവിടെതന്നെ ഈ ‘പവിഴമല’ ഗ്രാമത്തിൽ ജനിച്ച് വളര്‍ന്നതല്ലേ, നിങ്ങൾക്ക് ഈ ബ്ലാക്ക് ഫോര്‍ട്ട് എന്നറിയപ്പെടുന്ന ചെകുത്താന്‍ മടയേ കുറിച്ച് എന്തറിയാം?” ജിജ്ഞാസയോടെ ഞാൻ ചോദിച്ചു. എന്റെ സബോർഡിനേറ്റ് ആയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വാണി എന്നെ നോക്കി. ഏതു പുരുഷനെയും ആകര്‍ഷിക്കാന്‍ കഴിവുള്ള ആ ഭംഗിയുള്ള മുഖത്ത് ഞാൻ നോക്കി. എന്നിട്ട് അവളുടെ ചന്തമുള്ള റോസ് നിറത്തിലുള്ള ചുണ്ടിലും നോക്കി. പെട്ടന്ന് വാണിയുടെ മുഖത്ത് നാണം മിന്നി മറഞ്ഞു. ഞാൻ വന്ന അന്ന് തൊട്ടേ വാണിയെ ഞാൻ ശ്രദ്ധിക്കുന്നു, ഒരു അല്‍ഭുത ജീവിയെ നോക്കുന്നത് പോലെയാണ് വാണി എപ്പോഴും എന്നെ നോക്കിയിരുന്നത്. ചിലപ്പോൾ ആരാധനയോടെ നോക്കും, ചിലപ്പോൾ സ്നേഹത്തോടെ നോക്കും…. പക്ഷേ അവൾ എന്നെ എങ്ങനെ നോക്കിയാലും ആ നോട്ടത്തില്‍ തെറ്റായ അര്‍ത്ഥം ഒന്നുമില്ലായിരുന്നു. എപ്പോഴും ആ കണ്ണുകളില്‍ എന്നോടുള്ള ബഹുമാനം എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. ചിലപ്പോൾ സ്നേഹം കാണാന്‍ കഴിഞ്ഞു. അവളെ കണ്ട നിമിഷം തൊട്ടേ എനിക്ക് അവളോട് വല്ലാത്ത സ്നേഹം തോന്നിയിരുന്നു. വാണി ആദ്യം ഒന്ന് മടിച്ചു, എന്നിട്ട് പറഞ്ഞു, “സർ, ഏകദേശം നാലായിരം വർഷങ്ങൾക്ക് മുമ്പാണ് രാജ വംശത്തിൽ പെട്ട ഒരാൾ ഇരുൾവനം കാട്ടില്‍ വന്നത്.
അവന്‍ ചെകുത്താനെ ഈ ലോകത്ത് കൊണ്ട് വരാൻ ശ്രമിച്ചു.” പെട്ടന്ന് എന്റെ തലക്കുള്ളിൽ എന്തോ കടന്ന് കൂട്ടാന്‍ ശ്രമം നടത്തുന്നത് പോലെ എനിക്ക് തോന്നി. ‘നി എന്നെ സഹായിക്കണം, നിന്റെ സ്വപ്നത്തില്‍ നിനക്ക് കാണിച്ച് തന്ന ആ ഏഴു ജഡങ്ങളേയും നി നശിപ്പിക്കണം.’ ആരോ എന്റെ തലക്കുള്ളിൽ പറഞ്ഞു. ഞാൻ എന്റെ തല കുടഞ്ഞു. “അവന്റെ പൈശാചിക പ്രവര്‍ത്തി കൂടി വന്നപ്പോൾ അവനെ നശിപ്പിക്കാന്‍ ഏഴ് സിദ്ധന്‍മാർ എവിടെനിന്നോ വന്നു എന്നും അവരാണ് ആ ചെകുത്താന്‍ മടയുടെ സൃഷ്ടികള്‍ എന്നും ആ ചെകുത്താന്റെ അനുയായിയേ അതിൽ തളച്ച് ഇട്ടിരിക്കുന്നു എന്നും, പക്ഷേ ഒരു ദിവസം അവന്റെ തടവറയില്‍ നിന്നും അവന്‍ രക്ഷപെട്ട് വരും എന്നുമാണ് കഥയുടെ അവസാനം.” കഥ പറഞ്ഞ് തീര്‍ന്നപ്പോള്‍ വാണി വിറയ്ക്കുന്നുണാടായിരുന്നു. ‘ആ ഏഴ് പേരും ഈ ലോകത്തിന് ഒരു ഭാരമാണ്. അവരുടെ ജഡങ്ങള്‍ നി നശിപ്പിക്കണം, എന്നെ സ്വതന്ത്ര്യം ആക്കണം. എന്റെ പ്രതികാരം എത്ര വലുതാണെന്ന് ഞാൻ ഈ കീടങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കും.’ ആ സ്വരം എന്റെ തലക്കുള്ളിൽ പറഞ്ഞു. കുറച്ച് ദിവസമായി എന്റെ തലക്കകത്ത് ഇതുപോലെ എന്തെല്ലാമോ ശബ്ദങ്ങള്‍ ഞാൻ കേള്‍ക്കുന്നു. എന്റെ സ്വപ്നം…. പിന്നെ എന്റെ തലക്കുള്ളിൽ കേള്‍ക്കുന്ന ശബ്ദം – എല്ലാം എന്നെ വട്ട് പിടിപ്പിച്ചു. പക്ഷേ ഇതെല്ലാം വെറും തോന്നലുകള്‍ മാത്രമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ചിലപ്പോൾ ആ ചെകുത്താന്‍ തന്നെയാവും എന്റെ തലയില്‍ കേറി ഇതെല്ലാം ചെയ്യുന്നത്.

“സർ, ഞാൻ കേട്ടതും ഏകദേശം വാണി മേഡം പറഞ്ഞത് പോലെ തന്നെയാണ്.” എന്റെ വേറൊരു സബോർഡിനേറ്റ് ആയ അരവിന്ദ് പറഞ്ഞു. എന്റെ ചിന്തകളില്‍ നിന്നും ഞാൻ യഥാർത്ഥത്തിൽ വന്നു. അരവിന്ദ്, അയാള്‍ക്ക് മുപ്പത്തി ഒന്ന് വയസുണ്ട്, എന്നെക്കാളും രണ്ട് വയസ്സ് കൂടുതലാണ് പക്ഷെ അയാളുടെ പേര് പറഞ്ഞ് വിളിക്കാനാണ് അയാൾ എന്നോട് ആവശ്യപ്പെട്ടിരുന്നത്. അവരുടെ കഥ കേട്ട് എല്ലാം സത്യമാണെന്ന് എന്റെ മനസ്സ് പറഞ്ഞു. “ഇതെല്ലാം വെറും കെട്ടുകഥ എന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ?” ഞാൻ വെറുതെ ചോദിച്ചു. “ചിലപ്പോൾ കെട്ടുകഥ ആയിരിക്കാം, പക്ഷേ കെട്ടുകഥ അല്ലാത്ത കാര്യങ്ങൾ ഞാൻ പറയാം സർ.” കൃഷ്ണന്‍ ചേട്ടൻ പറഞ്ഞു. “ഇവിടെ എന്റെ ഇരുപത്തിയൊന്നു വർഷത്തെ സര്‍വീസില്‍ ഇന്നുവരെ നോക്കിയാല്‍ സാറിന്റെ ഈ കസേരയില്‍ സാറിനെ കൂടാതെ മൊത്തം പതിമൂന്ന്‌ പേരാണ് ഇരുനിട്ടുള്ളത്. ഞാൻ ആദ്യമായി സർവീസിൽ സാധാരണ ഓഫീസർ ആയി കേറിയ സമയത്ത് ഉണ്ടായിരുന്ന ആ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സാറിനെ പോലെ ആഗ്രഹം തോന്നി ആ നശിച്ച സാധനത്തിനെ കൂടുതൽ മനസിലാക്കാന്‍ എന്നും പറഞ്ഞ് പോയിട്ട് വന്നു.
ഞങ്ങളുടെ അപേക്ഷ സ്വീകരിക്കാതെ അയാൾ പിന്നെയും രണ്ട് മൂന്ന് പ്രാവശ്യം കൂടി പോയി. അവസാനമായി പോയിട്ട് വന്നപ്പോൾ അയാളുടെ പെരുമാറ്റം ആകെ മാറിയിരുന്നു. ഒരു പേടിച്ച മൃഗത്തെ പോലെയായിരുന്നു. ഒരാഴ്ചയോ മറ്റോ കഴിഞ്ഞപ്പോൾ അയാളുടെ ശരീരം വനത്തില്‍ നിന്നും കണ്ടുകിട്ടി……. ശരീരം എന്ന് പറയാൻ കഴിയില്ല. കഴുത്തിന് താഴേ ഒരു നുള്ള് മാസം പോലും ഉണ്ടായിരുന്നില്ല. രണ്ട് കണ്ണുകളും തൊണ്ടി എടുത്തിരുന്നു. അതുകഴിഞ്ഞ്‌ വന്ന ആളും ഇതുപോലെ പോയി വരാൻ തുടങ്ങി. ഒരു ദിവസം അയാള്‍ തിരിച്ച് വന്നില്ല. അയാള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഇന്നുവരെ ആര്‍ക്കും അറിയില്ല. പിന്നെ വന്നവരിൽ പലരും ഒരു കാരണവും ഇല്ലാതെ ട്രാൻസ്ഫർ വാങ്ങി പോയി. പിന്നെ മൂന്ന് പേർ കൂടി സാഹസത്തിന് മുതിര്‍ന്നു. കാട്ടില്‍ നിന്നും അവരുടെയും അസ്ഥികള്‍ മാത്രമാണ്‌ കണ്ടു കിട്ടിയത്.” കൃഷ്ണൻ ചേട്ടൻ പറഞ്ഞു. “പിന്നെ ഇപ്പൊ അവസാനമായി ഇവിടെ ഋഷി സർ ആയിരുന്നു. അദ്ദേഹം ഒരു ആക്സിഡന്റിൽ മരിച്ചു.” “എങ്ങനെ ആക്സിഡന്റ് സംഭവിച്ചു?” ഞാൻ ചോദിച്ചതും അവർ മൂന്ന് പേരും പരസ്പരം നോക്കി. അരവിന്ദ് പറഞ്ഞു, “അന്ന് ഞാൻ ഫീൽഡിൽ ആയിരുന്നു. ഏതോ മൃഗം കടിച്ച് കൊന്നതാണ് എന്നാണ് കൃഷ്ണൻ സർ പറഞ്ഞത്. ഒരു ദിവസം നാല് മണി കഴിഞ്ഞിട്ടും ഋഷി സാറ് ഓഫീസില്‍ വന്നില്ല. സാറിന് അറിയാമല്ലോ, നാല് മണിക്ക് മുന്നേ ഇവിടെ ഓഫീസില്‍ വരാൻ കഴിഞ്ഞില്ലെങ്കിലും വിളിച്ച് പറയണം. പക്ഷേ ഋഷി സാറ് വിളിച്ചില്ല. അതുകൊണ്ട്‌ കൃഷ്ണന്‍ സർ അയാളുടെ മൊബൈലില്‍ വിളിച്ചിട്ടും അയാൾ എടുത്തില്ല. എന്തോ കുഴപ്പം ഉണ്ടെന്ന് മനസ്സിലായത് കൊണ്ട്‌ കൃഷ്ണൻ സാറും വാണി മേഡവും ജീപ്പിൽ തിരക്കി പോയി. ഇവിടെ നിന്നും പതിനാറ്‌ കിലോമീറ്റര്‍ അകലെ ഒരു ചെറിയ കുളമുണ്ടല്ലോ, അവിടെയാണ് ബോഡി കിടന്നത്. കൃഷ്ണൻ സർ ഞങ്ങളോട് പറഞ്ഞത് പകുതിക്ക് കൂടുതൽ മാംസം ആ ശരീരത്തിൽ ഇല്ലായിരുന്നു എന്നാണ്.” കുറച്ച് നേരത്തേക്ക് ഞങ്ങൾ മൗനമായി നിന്നു. “നാള രാവിലെ ഞാൻ ഓഫീസില്‍ വരില്ല. ഈ ബ്ലാക്ക് ഫോര്‍ട്ട് കണ്ടിട്ടേ ഞാൻ വരികയുള്ളൂ.” ഞാൻ പറഞ്ഞു. “സർ…….” അവർ മൂന്ന് പേരും എന്തോ പറയാന്‍ തുടങ്ങി. “ഇക്കാര്യം പറഞ്ഞ് ഇനി ചർച്ച ഇല്ല. ഇപ്പോൾ ഞാൻ പറഞ്ഞത് എന്റെ തീരുമാനമാണ്.” ഞാൻ അവരെ തറപ്പിച്ചു നോക്കി. കുറച്ച് നേരം അവർ മൂന്ന് പേരും അപേക്ഷിക്കുക ധന്നത് പോലെ എന്റെ കണ്ണില്‍ നോക്കി. പക്ഷെ എന്റെ നേര്‍ക്ക് ആ നോട്ടം നീണ്ട നേരം ഉണ്ടായില്ല. അവർ മൂന്ന് പേരും എന്റെ ഓഫീസ് മുറിയില്‍ നിന്നും പുറത്തിറങ്ങി അവരവരുടെ ഓഫീസില്‍ കേറി.
ഞാൻ ഞങ്ങളുടെ ഓഫീസ് ബിൽഡിംഗിൽ നിന്നും പുറത്തിറങ്ങി.

‘നിന്റെ തീരുമാനം ശെരിയാണ്. നാളെ നി വരണം, ആ ജഡങ്ങളെ നി നശിപ്പിക്കണം, അതോടെ ഞാൻ സ്വതന്ത്രന്‍ ആകും.’ എന്റെ തല പെരുത്ത് കേറി. പുറത്ത്‌ കിടന്ന ജീപ്പിൽ ഞാൻ നോക്കി. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൻറ്റെ മൊത്തം മൂന്ന് ജീപ്പ് ആണ് ഇവിടെ ഉള്ളത്‌. പിന്നെ നല്ല ശക്തിയേറിയ എഞ്ചിന്‍ ഉള്ള ഒരു മീഡിയം ടൈപ്പ് വാൻ ഉണ്ട്. വാനിന്റെ ഉള്ളില്‍ ഒരു വലിയ പോർട്ടബിൾ ജെനരേറ്റ്, പെട്ടന്ന് ഊരാൻ കഴിയുന്ന, ക്ലാമ്പ് കൊണ്ട്‌ ഫിക്സ് ചെയ്തു വെച്ചിരിക്കുന്നു. വാനിന്റെ മുകളില്‍ ചെറിയ, പക്ഷേ ശക്തിയേറിയ ഫോൾഡിങ് ടൈപ്പ് ടവർ ലൈറ്റ് ഫിക്സ് ചെയ്തിട്ടുണ്ട്. അതിന്റെ ഉള്ളില്‍ വേറെയും ഒരുപാട്‌ അത്യാവശ്യ സാധനങ്ങളും ഉണ്ട്. ഒരു അത്യാവശ്യത്തിന് ഈ വാൻ എവിടെ വേണമെങ്കിലും കൊണ്ട്‌ പോകാൻ കഴിയും. വാനിന്റെ മുന്നിലും പുറകിലും ഇരുമ്പ് കൊണ്ട്‌ തീര്‍ത്ത സുരക്ഷാ സംവിധാനങ്ങള്‍ പണിത് ഒരുക്കിയിട്ടുണ്ട്. കോണ്ക്രീറ്റ് ചുമരിനേ പോലും ഇടിച്ച് തകർത്താൽ പോലും വണ്ടിക്ക് ഒരു പോറൽ പോലും ഏൽക്കില്ല. പിന്നെ ഓഫീസ് ബിൽഡിംഗ്, അതിൽ മൊത്തം നാല് റൂം ആണ് ഉള്ളത്. അതിൽ മൂന്നെണ്ണം ഓഫീസ് റൂം ആണ്. ഒരെണ്ണം എന്റെ ഓഫീസാണ്. ഉള്ളില്‍ വലിയ മേശയും ആറ് കസേരയും ഉണ്ട്. ഒരു വശത്തെ ചുമരില്‍ രണ്ട് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ഉള്ള ഷെല്‍ഫിൽ നിറയെ പലതരത്തിലുള്ള ഡോക്യുമെന്റ്സും ഉണ്ട്. മേശ പുറത്ത്‌ ഒരു ഡെസ്ക് ടോപ്പ് കമ്പ്യൂട്ടര്‍ ഉണ്ട്. അതിന്റെ അടുത്ത് ഞാൻ എന്റെ ലാപ്ടോപ്പ് വച്ചിരുന്നു. എന്റെ ഡെസ്കിൻന്റെ വലത് വശത്തുള്ള മൂലയില്‍ ഒരു വല്യ ഭാരമുള്ള സേഫ് ഉണ്ട്. അതിലാണ് പല പ്രധാനപെട്ട ഡോക്യുമെന്റ്സും വേറെ പലതും വെച്ചിരിക്കുന്നത്. രണ്ടാമത്തെ ഓഫീസ് രണ്ട് ഭാഗമായി തിരിച്ചിട്ടുണ്ട്. ഓരോന്നിലും ഓരോ മേശയും മുമ്മൂന് കസേരയും ഉണ്ട്. ഒന്ന് കൃഷ്ണൻ ചേട്ടന്റെയും അടുത്തത് വാണിയുടെയും ഓഫീസ് ആണ്. അതിലും രണ്ട് പേര്‍ക്കും പൊതുവായി ഷെല്‍ഫും സേഫും ഉണ്ട്. മൂന്നാമത്തെ റൂം അരവിന്ദും മറ്റും ഫീൽഡ് സ്റ്റാഫ്സിനും ഉള്ളതാണ്. പിന്നെ നാലാമത്തേത് രണ്ടായി തിരിച്ചിട്ടുണ്ട്. ഉള്ളതിൽ വെച്ച് ഏറ്റവും വലിയ റൂം അത് തന്നെയാണ്. ഒന്നില്‍ റേഡിയോ സംവിധാനം ചെയ്തിട്ടുണ്ട്. അടുത്ത ഭാഗം പ്രാഥമിക ശുശ്രൂഷ ചെയ്യാനുള്ള സംവിധാനം ഉള്ളതാണ്. പിന്നെ ഫസ്റ്റ് എയ്ഡ് കിറ്റും കുറെ അത്യാവശ്യ മെഡിക്കല്‍ സാധനങ്ങളും ഉണ്ട്. പിന്നെയുള്ളത് വാഷ് റൂമ്. അതിൽ കേറാന്‍ അതിന്റെ പ്രധാന ഡോർ തുറന്നാല്‍ ഉള്ളില്‍ ഓരോന്നിനും ഡോറുകളോട് കൂടിയ മൂന് ടോയ്ലറ്റും രണ്ട് കുളി മുറിയും ഉണ്ട്. വെളളത്തിന്റെ ആവശ്യം പരിഹരിക്കാൻ ബോറിങ് വെള്ളം ഉണ്ട്. എപ്പോഴും ടാങ്ക് നിറയെ വെള്ളം ഉണ്ടാവും. ഹീറ്റർ സംവിധാനവും ഉണ്ട്. ഓഫീസിൻറ്റെ പുറത്ത് ഒരു വലിയ സ്റ്റോർ റൂം ഉണ്ട്. അതിൽ നിരയെ പലതരത്തിലുള്ള സാധനങ്ങൾ തരം തിരിച്ച് ചിട്ടയോടെ അടുക്കി വെച്ചിട്ടുണ്ട്. എന്തുതരം സാധനം വേണമെങ്കിലും സ്റ്റോറില്‍ നോക്കിയാല്‍ കിട്ടും. എപ്പോഴും അഞ്ച് മണിക്കാണ് ഓഫീസ് ക്ലോസ് ചെയ്യുന്നത്. ഞങ്ങൾ എല്ലാവരുടെയും കൈയിൽ ഓരോ താക്കോൽ ഉണ്ട്. പക്ഷെ വാണിയാണ് അവസാനം എല്ലാം ചെക്ക് ചെയ്തിട്ട് ഓഫീസ് ക്ലോസ് ചെയ്യുന്നത്. ഞാൻ സമയം നോക്കി. സമയം നാല് അമ്പത് ആയിരുന്നു. ഇപ്പോഴേ ചെറുതായി ഇരുട്ടി തുടങ്ങി. ഇവിടെ എല്ലാ കാലത്തും ഇങ്ങനെയാണ് എന്നാണ് കൃഷ്ണൻ ചേട്ടൻ പറഞ്ഞത്. പെട്ടന്ന് ഇരുട്ടും. ഞാൻ അകത്ത് കേറി എന്റെ ഓഫീസ് റൂമിൽ നിന്നും എന്റെ ലാപ്ടോപ്പും എന്റെ വേറെ സാധനങ്ങളും എടുത്തുകൊണ്ട് ഞാൻ പോകാൻ തയാറായി പുറത്തേക്ക് വന്നു.

അന്നും പതിവുപോലെ എല്ലാവരും അഞ്ച് മണിക്ക് ഇറങ്ങി. കൃഷ്ണൻ ചേട്ടനും വാണിയും അരവിന്ദും ഒരുമിച്ച് ഒരേ ജീപ്പിൽ കേറി പോകുന്നതാണ് പതിവ്. പക്ഷെ ഇന്ന് അരവിന്ദ് ഒറ്റക്ക് ജീപ്പ് ഓടിച്ച് കൊണ്ട്‌ പോയി. “ഞങ്ങൾ സാറിന്റെ കൂടെ വന്നോട്ടെ?” എന്റെ ജീപ്പിന്റെ പാസഞ്ചർ സീറ്റില്‍ കേറി ഇരുന്നുകൊണ്ട് കൃഷ്ണൻ ചേട്ടൻ ചോദിച്ചു. വാണി ഒന്നും പറയാതെ പുറകിലത്തെ സീറ്റില്‍ കേറി ഇരുന്നു. “വല്ല ഉപദേശവും തരാനാണോ രണ്ടാളും പ്ലാന്‍ ചെയ്തേക്കുന്നത്?” ഞാൻ ദയനീയമായി അവർ രണ്ട് പേരെയും നോക്കി. വാണിഴഴ വാ പൊത്തി ചിരിച്ചു. “ഉപദേശം തരാനല്ല സർ, വെറുതെ സംസാരിക്കാം എന്ന് കരുതി വന്നതാണ്. പിന്നെ അരവിന്ദ് എന്നും ഞങ്ങളെ കൊണ്ട്‌ വിട്ടിട്ട് തിരിച്ചു അവന്റെ വീട്ടില്‍ എന്നും നേരം വൈകിയാണ് എത്തുന്നതു. ഇന്നെങ്കിലും അവന്‍ വേഗം പൊക്കോട്ടെ. നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ വരുന്നില്ല. മറ്റേ ജീപ്പ് എടുത്തുകൊണ്ട് ഞങ്ങൾ പൊയ്ക്കോളാം. പക്ഷേ എന്റെ കണ്ണിന്റെ കാഴ്ച പഴയത് പോലെ ഇല്ല. അതുകൊണ്ടാണ് ഞാൻ വണ്ടി എടുക്കാത്തത്.” “എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല, ഞാൻ നിങ്ങളെ കൊണ്ട് വിടാം.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ഞാൻ പവിഴമല ഗ്രാമത്തിൽ വന്നിട്ട് രണ്ടാഴ്ച ആയെങ്കിലും ഞാൻ ഇതുവരെ ഇവരാരുടേയും വീടുകള്‍ കണ്ടിട്ടില്ല. ഇന്ന് എന്തായാലും ആ പോരായ്മ മാറിക്കിട്ടും. ഞങ്ങളുടെ ഓഫീസ് ബിൽഡിംഗ് വനത്തിന്റെ അതിര്‍ത്തിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ മാറിയാണ് ഗ്രാമത്തിന്റെ അതിർത്തിയുടെ ആരംഭം. അവിടെ നിന്നും അരവിന്ദിൻറ്റെ വീട് ഒരു തിക്കിലും വാണിയുടെയും കൃഷ്ണൻ ചേട്ടന്റെയും വീട് എതിർ തിക്കിലും ആണ് ഉള്ളത്. എന്റെ ജീപ്പ് ഞാൻ പതിയെ ഒട്ടിച്ച് മുന്നോട്ട് നീങ്ങി. പെട്ടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തു. ഞാൻ അതിൽ നോക്കി. എന്റെ ഫ്രണ്ട് ശ്രവണ് ആയിരുന്നു. വണ്ടി നിർത്തി ഞാൻ അവനോട് സംസാരിച്ച ശേഷം പിന്നെയും ഞാൻ വണ്ടി ഓടിക്കാന്‍ തുടങ്ങി. കൃഷ്ണൻ ചേട്ടനും വാണിയും എന്റെ ഫോൺ സംഭാഷണം കേട്ട് ഇരിക്കുകയായിരുന്നു. “അപ്പോ നിങ്ങൾക്ക് നേരത്തെ ഋഷി സാറിനെ അറിയാമായിരുന്നു അല്ലേ?” കൃഷ്ണൻ ചേട്ടൻ ചോദിച്ചു. “എന്റെ ഒരേയൊരു ആത്മ സുഹൃത്തിന്റെ അച്ഛനായിരുന്നു ഋഷി അങ്കിള്‍. എന്റെ സ്വന്തം അങ്കിള്‍ പോലെയാണ് ഞാൻ കരുതിയിരുന്നത്. അദ്ദേഹം എന്നെ ഒരു മോനെ പോലെയും. പിന്നെ ഡിപ്പാര്‍ട്ട്മെന്‍റിന് ഇവിടെ നടക്കുന്ന ദുരൂഹതകളുടെ ചുരുളഴിയണം. എത്രയോ വര്‍ഷങ്ങളായി അവർ ശ്രമിക്കുന്നു പക്ഷേ ഇരുള്‍വനത്തിൻറ്റെ കാര്യത്തിൽ മാത്രം അവർ പരാജയപ്പെട്ടു. ഇരുൾവനം എത്രയോ നല്ല ഓഫീസർ മാരുടെ ശ്മശാനമായി മാറിയിരിക്കുന്നു. ഋഷി അങ്കിളിന്റെ മരണ ശേഷം. ഡിപ്പാര്‍ട്ട്മെന്റ് എത്രയോ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാർക്ക് ഇവിടെ പോസ്റ്റിങ് കൊടുത്ത് നോക്കി, പക്ഷെ ഇരുൾവനം കാട് എന്ന് അറിഞ്ഞ ആരും ആ പോസ്റ്റിങ് സ്വീകരിക്കാന്‍ തയ്യാറായില്ല. നിങ്ങൾ എല്ലാവർക്കും അറിയാം, പണ്ട്‌ മുതലേ ഇരുൾവനം റേഞ്ചില്‍ ജോലി ചെയ്യുന്ന വാലറ്റം മുതൽ ഞാൻ വഹിക്കുന്ന സ്ഥാനം വരെ ഉള്ളവര്‍ക്ക് ഇരട്ട ശമ്പളമാണ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്നത്. ആ കാരണം കൊണ്ടാണ് ആദ്യമൊക്കെ ഓഫീസർ മാര്‍ ഇവിടെ വരാൻ ഉത്സാഹം കാണിച്ചിരുന്നത്. പക്ഷേ കുറച്ച് വര്‍ഷങ്ങളായി കഥ മാറി. ശമ്പളം എത്ര കൊടുക്കാം എന്ന് പറഞ്ഞാലും ഇരുൾവനം പോസ്റ്റിങ് ആര്‍ക്കും വേണ്ട. അങ്ങനെ ഡിപ്പാര്‍ട്ട്മെന്റ് എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഉടനെ സമ്മതിച്ചു. മൂന്ന് കര്‍ത്തവ്യങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നെ ഏല്പിച്ചു. ഒന്ന്, നമ്മുടെ എല്ലാ ഓഫീസർ മാരുടെയും യഥാര്‍ത്ഥ മരണ കാരണം കണ്ടുപിടിക്കണം. രണ്ട്, ഇരുൾവനം കാടിന്റെ മർമ്മങ്ങളുടെ ചുരുളുകള്‍ അഴിച്ച് ഈ വനത്തിന്റെ പൂര്‍ണ നിയന്ത്രണവും ഡിപ്പാര്‍ട്ട്മെന്റിൻറ്റെ അഥീനതയിൽ കൊണ്ട് വരണം.” ഞാൻ പറഞ്ഞു.

“അപ്പോ മൂന്നാമത്തേത്……?” വാണി ചോദിച്ചു. “എന്റെ ജോലിയായ റേഞ്ച് ഫോറസ്റ്റ് ഓഫീസരുടെ ജോലി ചെയ്യുക…….” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവരും ചിരിച്ചു. “അപ്പോ ഡിപ്പാര്‍ട്ട്മെന്റ് സാറിന്റെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്തുന്നു അല്ലേ?” കൃഷ്ണൻ ചേട്ടൻ പൊട്ടിച്ചിരിച്ചു. “എന്റെ കഴിവുകളോ….?” ഞാൻ ചോദിച്ചു. “നമ്മുടെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലും പോലീസ് ഡിപ്പാര്‍ട്ട്മെന്റിലും നിങ്ങളെ അറിയാത്ത ഒറ്റ വ്യക്തി പോലും ഇല്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൽ സാറിന്റെ കഴിവുകളെ ഉയർത്തി പറയാത്ത ആരും കാണില്ല. ഡിപ്പാര്‍ട്ട്മെന്റിൻറ്റെ എത്രയെത്ര തലവേദനകളായ കടത്തൽ കാരേയും, വനം നശിപ്പിക്കുന്നവരേയും, വനം കൈയേറി സ്വന്തം ലോകം സൃഷ്ടിച്ച് നാടിനെയും കാടിനേയും നടുക്കിയവരേയും നിങ്ങൾ നശിപ്പിച്ച് അവരെ നിയമത്തിന് മുന്നില്‍ എത്തിച്ചു എന്നത് ആര്‍ക്കാണു അറിയാത്തത്. പിന്നെ സർ പോലീസില്‍ ഉണ്ടായിരുന്നു എന്നതും അവിടെയും ഇതുപോലെ ഒരുപാട്‌ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും എന്റെ മരുമകന്‍ ആണ് പറഞ്ഞത്. ഈ രണ്ട് ഡിപ്പാര്‍ട്ട്മെന്റിലും നിങ്ങളുടെ പേര് ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ള.” കൃഷ്ണൻ ചേട്ടൻ പറഞ്ഞു. ഞാൻ പൊട്ടിച്ചിരിച്ചു. “അത് ഞാനല്ല എന്ന് പറഞ്ഞാൽ…..?” ഞാൻ ചോദിച്ചു. “നമ്മുടെ ഡിപ്പാര്‍ട്ട്മെന്റിൽ റോബി കേസ്പ്പർ എന്ന പേരില്‍ നിങ്ങൾ മാത്രമേ ഉള്ളൂ സർ. നിങ്ങൾ സ്കൂളിൽ പഠിക്കുമ്പോളെ ഒരു ജീനിയസ് ആണെന്നും നിങ്ങൾ ഒരു ബുദ്ധി ജീവി എന്ന് അന്നും ഇന്നും അറിയപ്പെടുന്നു. പിന്നെ നിങ്ങളുടെ ‘ഐ ക്യൂ’ വളരെ ഉയർന്ന നിലയില്‍ ആണെന്നും ഞങ്ങൾ കേട്ടിട്ടുണ്ട്. നിങ്ങളുടെ പതിനേഴാം വയസ്സ് തികയുന്നതിനു മുന്നേ നിങ്ങൾ പല സർട്ടിഫിക്ക്റ്റുകളുടേയും ഉടമയായി തീര്‍ന്നു. പല റാങ്ക് ലിസ്റ്റിലും നിങ്ങളുടെ പേരിന്റെ താഴേ മാത്രമാണ് മറ്റുള്ള പേരുകൾ വന്നിട്ടുള്ളത്. പത്തൊന്‍പതാം വയസില്‍ നിങ്ങൾ പല മേഖലയിലുള്ള ടെസ്റ്റുകളും നല്ല റാങ്കോടെ പാസ് ആയി. ഒരുപാട്‌ മേഖലകളില്‍ നിന്നും നിങ്ങൾക്ക് ക്ഷണം കിട്ടിയെങ്കിലും നിങ്ങൾ ആദ്യം പൊലീസ് ക്രൈം ബ്രാഞ്ചിൽ രണ്ട് കൊല്ലം ജോലി ചെയ്ത് നിങ്ങളുടെ പേര് അവിടെ സ്ഥാപിച്ച ശേഷം, നിങ്ങൾ ഗവണ്‍മെന്റില്‍ റിക്വസ്റ്റ് ചെയ്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൽ മാറാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു. നിങ്ങളെ സർവീസിൽ നിന്നും നഷ്ടപ്പെടുത്താന്‍ താല്പര്യമില്ലാത്ത ഗവണ്‍മെന്റും യങ് ജീനിയസ്സായ റോബി സാറിനു അക്കാര്യം അനുവദിച്ച് കൊടുത്തു. ഇപ്പോൾ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൽ ഏഴു വർഷത്തെ സർവീസ് തികഞ്ഞു നിങ്ങള്‍ക്ക്.” വാണി അഭിമാനത്തോടെ പറഞ്ഞ് നിർത്തി. ഞാൻ വാണിയേ തന്നെ നോക്കി ഇരിക്കുന്നത് കണ്ടിട്ട് വാണി ലജ്ജയോടെ തല താഴ്ത്തി ഇരുന്നു. ഇടക്ക് തല ഉയർത്തി എന്നെ നോക്കും. ഞാൻ പോലും അറിയാതെ എന്റെ വണ്ടി ഓട്ടിപ്പ് ഞാൻ എപ്പോഴേ നിർത്തിയിരുന്നു. ഞാൻ വായും പൊളിച്ച് വാണിയെ അതിശയത്തോടെ നോക്കുകയായിരുന്നു. എന്റെ കഥ വാണി പറഞ്ഞ് തീര്‍ന്നതും ഞാൻ കുറെ നേരം കൂടി അവളെ നോക്കി. പക്ഷെ എന്റെ കണ്ണില്‍ കൂടുതൽ നേരം നോക്കാൻ കഴിയാത്തത് കൊണ്ട് വാണി എന്റെ കണ്ണിനു താഴേ എവിടെയോ നോക്കി. ഞാൻ കൃഷ്ണൻ ചേട്ടനെ നോക്കി. അയാള്‍ എന്തോ തമാശ കേട്ടത് പോലെ പുഞ്ചിരിക്കുന്നു. ഞാൻ എന്റെ തല കുലുക്കി കൊണ്ട് വണ്ടി ചലിപ്പിച്ചു. ഇപ്പോള്‍തന്നെ ഇരുട്ട് കൂടുതലായി പടര്‍ന്നു തുടങ്ങിയിരുന്നു. “ഈ ഇരുട്ടത്ത് സർ എങ്ങനെ ഓടിക്കുന്നു, ഹെഡ് ലൈറ്റ് ഇടുനില്ലേ?” കളിയാക്കും പോലെ വാണി ചോദിച്ചു. എനിക്ക് കണ്ണ് കാണാമെങ്കിലും ഞാൻ ഹെഡ് ലൈറ്റ് ഇട്ടു.

“സാറിന്റെ കഴിവുകളിൽ ഞങ്ങൾക്ക് നല്ല വിശ്വസം ഉണ്ട്. എന്ത് പ്രതിസന്ധിയേയും തരുണം ചെയ്യാനുള്ള നിങ്ങള്‍ക്കുള്ള കഴിവിലും ഞങ്ങൾക്ക് വിശ്വസം ഉണ്ട്. പക്ഷെ സർ നാളെ ആ ചെകുത്താന്‍ മടയില്‍ മാത്രം പോകരുത്.” കൃഷ്ണൻ ചേട്ടൻ പറഞ്ഞു. “അപ്പോ ഉപദേശം നൽകാൻ വേണ്ടി തന്നെയാണ്‌ നിങ്ങൾ വന്നത് അല്ലേ. പക്ഷേ എന്റെ ജീവ ചരിത്രം പറയേണ്ട കാര്യം ഇല്ലായിരുന്നു.” ഞാൻ പറഞ്ഞു. വാണിയും കൃഷ്ണൻ ചേട്ടനും പൊട്ടിച്ചിരിച്ചു. പക്ഷേ കൃഷ്ണൻ ചേട്ടന്റെ മുഖം പെട്ടന്ന് സീരിയസ്സായി. “സർ ഇതിലേയാണ് പോകേണ്ടത്.” ഒരു തിരിവ് വന്നതും വാണി പറഞ്ഞ വഴിക്ക് ഞാൻ വിട്ടു. ഇപ്പൊ കുറെ വീടുകള്‍ കാണാം. പവിഴമല ഗ്രാമത്തിൽ ഒരിടത്ത്‌ പോലും ട്ടാറിട്ട റോഡ് ഇല്ല. ചെമ്മണ്ണും പാറ പൊടിയും കൂടി കുഴച്ച് ഉണ്ടാക്കിയ റോഡ് മാത്രമാണ് ഉള്ളത്. “ഋഷി സാറിന്റെ മൃതദേഹത്ത് കുറച്ച് മാംസം ഇല്ലായിരുന്നു എന്ന് അരവിന്ദ് പറഞ്ഞല്ലോ….. സത്യം അതല്ല സർ, ഋഷി സാറിന്റെ കഴുത്തിന് താഴേ ഒരു നുള്ള് മാസം പോലും ഇല്ലായിരുന്നു. മറ്റുള്ളവർ മറിച്ചത് പോലെ തന്നെയാണ് ഋഷി സാറും മറിച്ചത്.” പിന്നെ എല്ലാവരും മൗനമായി ഇരുന്നു. “സർ, ആ കാണുന്ന വീടാണ് കൃഷ്ണൻ ചേട്ടന്റെ വീട്.” പെട്ടന്ന് വാണി പറഞ്ഞു.

“ഇപ്പൊ വാണിക്കും അയാൾ ചേട്ടൻ ആയോ?” ഞാൻ ചോദിച്ചു. വാണി ചിരിച്ചു. “കൃഷ്ണൻ ചേട്ടനെയും ചേട്ടന്റെ വീട്ടില്‍ ഉള്ളവരെയും എനിക്ക് എന്റെ ചെറുപ്പം മുതലേ അറിയാം. ഞങ്ങൾ ഫാമിലി ഫ്രണ്ട്സ് ആണ്. ഓഫീസില്‍ മാത്രമാണ്‌ ഞാൻ അദ്ദേഹത്തെ സർ എന്ന് വിളിക്കാറുള്ള. അച്ഛൻ അദ്ദേഹത്തെ ചേട്ടൻ എന്നാണ്‌ വിളിക്കുന്നത്. ചെറുപ്പത്തില്‍ അത് കേട്ട് ഞങ്ങളും അങനെ വിളിക്കാന്‍ തുടങ്ങിയിരുന്നു. ” “ദാ അവിടെ ഒതുക്കി നിര്‍ത്തിക്കോളു.” കൃഷ്ണൻ ചേട്ടൻ ഒരു വല്യ മരത്തിനെ ചൂണ്ടിക്കാട്ടി പറഞ്ഞു. ഞാനും ആ ഭീമന്‍ മരത്തിന്റെ അടിയില്‍ കൊണ്ട്‌ നിർത്തി. ഞാൻ ചുറ്റുപാടും നോക്കി. എല്ലാം ഒരു ആവറേജ് ടൈപ്പ് ടെറസിട്ട വീടുകളാണ്. ഒരേ നിറത്തില്‍ ഒറ്റ വീട് പോലുമില്ല. മുപ്പത് അല്ലെങ്കിൽ മുപ്പത്തഞ്ച് മീറ്റർ ഇടവിട്ടാണ് ഓരോ വീടും ഉള്ളത്. “ഇവിടെ നിന്നും കുറച്ച് പോയാൽ ദാ അവിടെ ആ ഭാഗത്ത് മഞ്ഞ കളർ വീടാണ് എന്റെ വീട്.” വാണി പറഞ്ഞു. വാണി പറഞ്ഞ ഭാഗത്ത് ഞാൻ നോക്കി. ആറ് വീട് കഴിഞ്ഞ് ഏഴാമത്തെ വീടാണ് വാണി കാണിച്ചതെന്ന് എനിക്ക് മനസ്സിലായി. കാരണം ആ വീട് മാത്രമാണ് ഇളം മഞ്ഞ നിറത്തില്‍ ഉള്ളത്. മറ്റുള്ള വീടുകൾ എല്ലാം വെവ്വേറെ നിറത്തില്‍ ആയിരുന്നു. “ഇപ്പൊ ഇരുട്ട് കാരണം സാറിനു കാണാ……..” “മുറ്റത്ത് ചുമന്ന പൂക്കള്‍ ഉള്ള ആ ചെടി നില്‍ക്കുന്ന ഏഴാമത്തെ വീടാണോ വാണിയുടെ വീട്?” ഞാൻ ചോദിച്ചു. “സാറിനു എന്റെ വീട് കാണാന്‍ കഴിയുന്നോ?” വാണി അതിശയത്തോടെ ചോദിച്ചിട്ട് കൃഷ്ണൻ ചേട്ടനെ നോക്കി. അയാളും എന്നെ അത്ഭുതത്തോടെ നോക്കി. “മഞ്ഞ വീട് എന്നല്ലേ വാണി പറഞ്ഞത്. ഇവിടെ അടുത്ത് പന്ത്രണ്ടോളം വീടുകൾ മാത്രമേ കാണുന്നുള്ളൂ. അതിൽ ഒരു വീട് മാത്രമാണ്‌ മഞ്ഞ നിറത്തില്‍ കാണുന്നത്. ഇതില്‍ അത്ഭുതപ്പെടാൻ എന്തുണ്ട്?” ഞാൻ ചോദിച്ചു. “സാറിനു ഭയങ്കര കാഴ്ച ശക്തിയാണ്. ആ മൂന്നാമത്തെ വീട് കഴിഞ്ഞാൽ എനിക്ക് എല്ലാം നിഴല്‍ പോലെയാണ്‌ കാണുന്നത്. നിങ്ങള്‍ക്ക് ഇവിടെയുള്ള പന്ത്രണ്ട് വീടും കാണുന്നു എന്ന് പറയുമ്പോൾ……… “ വാണി അതിശയത്തോടെ പറഞ്ഞു. ഞാൻ എന്റെ ചുമല്‍ കുലുക്കി.

അവർ രണ്ട് പേരും പരസ്പ്പരം നോക്കി. എന്നിട്ട് കൃഷ്ണൻ ചേട്ടൻ പറഞ്ഞു, “സർ ഇറങ്ങൂ, എന്റെ വീട്ടില്‍ പോകാം. ഇന്ന്‌ സർ എന്റെ വീട്ടില്‍ നിന്നും കഴിച്ചിട്ട് പോയാൽ മതി.” “കൃഷ്ണൻ ചേട്ടൻ പൊയ്ക്കോളു. പിന്നെ ഒരു ദിവസം ഞാൻ വരാം. ഇന്ന് എനിക്ക് കുറച് ജോലി ഉണ്ട്.” ഞാൻ അയാളുടെ ക്ഷണം നിരസിച്ചു. പക്ഷേ അവർ കൂടുതൽ നിര്‍ബന്ധിച്ചപ്പോള്‍ ഞാൻ സമ്മതിച്ചു. ഞങ്ങൾ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. നല്ല തണുത്ത കാറ്റ് എന്നെ തഴുകി. ആളെ വിറപ്പിക്കുന്ന തണുപ്പായിരുന്നു. ഞങ്ങൾ കൃഷ്ണൻ ചേട്ടന്റെ വീട്ടില്‍ പെട്ടന്ന് കേറി. വാണി അവളുടെ മൊബൈലില്‍ എന്തോ സംസാരിച്ച് കൊണ്ടാണ് വന്നത്. അവൾ ഇവിടെയുള്ള കാര്യം ചിലപ്പോ വീട്ടില്‍ പറയുകയാവും. ഞങ്ങൾ അകത്ത് കേറിയതും ഹാളില്‍ തന്നെ എല്ലവരും ഉണ്ടായിരുന്നു. കൃഷ്ണൻ ചേട്ടൻ അയാളുടെ വീട്ടില്‍ ഉള്ളവരെ പരിചയപ്പെടുത്തി. “ഇത് എന്റെ ഭാര്യ രാധിക. അത് സൗമ്യ, എന്റെ മോള്. അവളുടെ ഭർത്താവ് രാമചന്ദ്രന്‍ അങ്ങ് സിറ്റിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആണ്….. ഞാൻ നേരത്തെ പറഞ്ഞല്ലോ എന്റെ മരുമകന്റെ കാര്യം. പിന്നെ അവിടെ ആ കളിക്കുന്നത് അവളുടെ മോന്‍, പേര് കണ്ണന്‍. പിന്നെ എന്റെ ഇളയ മകന്‍ അങ്ങ് സിറ്റിയില്‍ പഠിക്കുന്നു.” ഞാൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. സൗമ്യയുടെ രണ്ട് വയസ്സായ കുഞ്ഞ് എന്റെ ഷർട്ടിൽ ചൂണ്ടിക്കാട്ടി. ഞാൻ അതിൽ നോക്കി. പോക്കറ്റില്‍ ഉണ്ടായിരുന്ന പേനയിൽ ആയിരുന്നു അവന്റെ നോട്ടം. ഞാൻ അത് അവന്റെ കൈയിൽ കൊടുത്തു. അവന്‍ സന്തോഷത്തോടെ അതും കൊണ്ട്‌ ഓടി നടന്നു. “വാണി നാലഞ്ചു ദിവസമായി ഇവിടെ വരുന്നില്ലല്ലോ?” രാധിക ചേച്ചി വാണിയോട് ചോദിച്ചു. എന്നിട്ട് ഓടി നടക്കുന്ന കുഞ്ഞിനെ നോക്കി. പിന്നെ എന്റെ കണ്ണില്‍ നോക്കി അവർ പുഞ്ചിരിച്ചു. മറ്റുള്ളവരെ പോലെ ചേച്ചി പെട്ടന്ന് നോട്ടം മാറ്റിയില്ല. എനിക്ക് അവരെ ഉടനെ ഇഷ്ട്ടപെട്ടു. “കുറച്ച് തിരക്കായിരുന്നു ചേച്ചി.” വാണി ചിരിച്ചുകൊണ്ട് പറഞ്ഞു. “ഉം, നിനക്ക് തിരക്ക് കൂടും.” സൗമ്യ കണ്ണുരുട്ടി കൊണ്ട്‌ പറഞ്ഞു. എന്നിട്ട് എന്റെ നേര്‍ക്ക് ഒരു പുഞ്ചിരിയും. “നിങ്ങൾ ഇരിക്കു ഞാൻ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം.” രാധിക ചേച്ചി കൃഷ്ണൻ ചേട്ടനേയും എന്നെയും നോക്കി പറഞ്ഞു. പക്ഷേ കൂടുതൽ നേരവും ചേച്ചി എന്നെയാണ് നോക്കിയത്. ആ കണ്ണില്‍ എന്തോ ഒരു സംശയം, ഒരു ചിന്താ കുഴപ്പം, പിന്നെ വാത്സല്യം… അങ്ങനെ എന്തെല്ലാമോ മിന്നി മറഞ്ഞ് പോയി. ഞാനും പുഞ്ചിരിച്ചു. ചേച്ചിയുടെ മുഖത്ത് നല്ല ഐശ്വര്യം ഉണ്ടായിരുന്നു. എനിക്കെന്തോ ചേച്ചിയെ കണ്ട ഉടൻ തന്നെ ഒരു സഹോദരിയോട് തോന്നുന്ന പോലത്തെ സ്നേഹം എനിക്ക് അവരോട് തോന്നിയിരുന്നു. “അപ്പോ ഇതാണ് നീയും എന്റെ മരുമകനും എപ്പോഴും വാ തോരാതെ പറയുന്ന റോബി സാർ അല്ലേ?” ഒരു പുഞ്ചിരിയോടെ രാധിക ചേച്ചി വാണിയോട് പതിയെ കാതില്‍ ചോദിച്ചു. പെട്ടന്ന് അവളുടെ മുഖം ചുമന്നു. അവർ പറഞ്ഞത് എനിക്ക് കേട്ടെങ്കിലും ഞാൻ ഒന്നും കേള്‍ക്കാത്ത പോലെ നിന്നു. കൃഷ്ണൻ ചേട്ടൻ എന്നെയും വാണിയേയും കൂട്ടിക്കൊണ്ട് ഒരു റൂമിൽ കേറി. ഞാൻ അവിടമാകെ കണ്ണോടിച്ചു നോക്കി. മരത്തിന്റെ കുറെ കസേരകളും ഒരു വലിയ മേശയും ഉണ്ട്. കണ്ടിട്ട് അത് കൃഷ്ണൻ ചേട്ടൻ സ്വയം പണിതത് ആണെന്ന് എനിക്ക് തോന്നി. ഒരു മൂലയില്‍ കുറെ ഉണക്ക വിറകുകൾ അടുക്കി വെച്ചിരുന്നു,

തൊട്ടടുത്ത് ചുമരില്‍ ഒരു മീറ്റർ പൊക്കവും ഒരു മീറ്റർ വീതിയുമുള്ള ചൂള ഉണ്ടായിരുന്നു. പുക പുറത്ത്‌ പോകാൻ മുകളില്‍ ചിമ്മിനി ഉണ്ടാവും. ച്ചൂളയിൽ കുറെ ചാമ്പൽ കിടക്കുന്നത് കാണാന്‍ കഴിഞ്ഞു. കൃഷ്ണൻ ചേട്ടൻ വേഗം ചെന്ന് അതിൽ കുറച്ച് വിറക് ഇട്ട ശേഷം ഒരു കുപ്പിയിൽ നിന്നും എന്തോ ദ്രാവകം ആ വിറകിൽ തളിച്ച് തീപ്പെട്ടി കൊണ്ട്‌ തീ കത്തിച്ചു. പെട്ടെന്നുതന്നെ വിറക് ആളിക്കത്തി. മുറിയില്‍ നല്ല സൂക്തം പടർന്നു. പെട്ടന്ന് തണുപ്പ് മാറി സുഖമുള്ള ചൂട് അനുഭവപ്പെട്ടു. ഞങ്ങൾ ഓരോ കസേര എടുത്ത് ചൂളക്കടുത്ത് പോയിരുന്നു. “ആ ദ്രാവകം കാരണമാണോ തീ പെട്ടന്ന് കത്തിയത്? ഈ സുഗന്ധം അതിൽ നിന്നും വരുന്നതാണോ?” ഞാൻ ചോദിച്ചു. കൃഷ്ണൻ ചേട്ടൻ ചിരിച്ചു. “രണ്ട് ചോദ്യത്തിനും അതേ എന്നാണ് ഉത്തരം. ഈ ദ്രാവകം എന്റെ അച്ഛൻ കണ്ടു പിടിച്ചതാണ്. അദ്ദേഹം പണ്ട്‌ കാട്ടില്‍ വെച്ച് ചുരുട്ട് വലിച്ച ശേഷം അതിലുള്ള ചാരം തട്ടി കളയാന്‍ ചുരുട്ടിൽ ഒന്ന് തട്ടി. പക്ഷേ ചുരുട്ട് കൈയിൽ നിന്നും തെറിച്ച് പോയി അടുത്തുള്ള ഒരു വൃക്ഷത്തിന്റെ താഴേ വീണതും അവിടെ കിടന്ന കായ പെട്ടന്ന് കത്തി പിടിച്ചു. അച്ഛൻ പെട്ടന്ന് തീ കെടുത്തി. എന്നിട്ട് ആ കായ പരിശോധിച്ചു. അതിൽ എണ്ണയുടെ അംശം ഉണ്ടായിരുന്നു, നല്ല മണവും. ആ കായ മരത്തിൽ നിന്നും വീണതായിരുന്നു. പിന്നെ അച്ഛൻ അതിനെ ആട്ടി എണ്ണയാക്കി ഇങ്ങനെ ഉപയോഗിക്കാൻ തുടങ്ങി. പിന്നെ ഈ ഗ്രാമം മുഴുവനും അത് ഉപയോഗിക്കുന്ന സർ.” “എന്നെ എപ്പോഴും സർ എന്ന് വിളിക്കുമ്പോള്‍ എനിക്ക് എന്തോ വല്ലായ്മ തോനുന്നു. ഓഫീസില്‍ ഉള്ള സമയത്ത് മാത്രം എന്നെ അങ്ങനെ വിളിച്ചാല്‍ മതി. പുറത്ത്‌ വന്നാല്‍ എന്റെ പേര് പറയുന്നതാണ്‌ നല്ലത്.” ഞാൻ അവരോട് പറഞ്ഞു. കുറച്ച് നേരം അവർ രണ്ട് പേരും ചിന്താ കുഴപ്പത്തോടേ എന്നെ നോക്കി. എന്നിട്ട് അവർ ചിരിച്ചു. “പക്ഷേ എനിക്ക് നിങ്ങളെക്കാൾ പ്രായം കുറവാണ്…” വാണി പറഞ്ഞു. “അതൊന്നും വല്യ കാര്യമില്ല. എന്റെ പേര്‌ പറഞ്ഞാൽ മതി.” ഞാൻ പറഞ്ഞു. “പിന്നേ ഋഷി അങ്കിളിന്റെ കാര്യം ചേട്ടൻ പറഞ്ഞത്….?” “നമ്മുടെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ മരണം കൂടാതെ ഈ ഗ്രാമത്തിൽ നിന്നും കുറെ മടയൻമാർ…” കൃഷ്ണൻ ചേട്ടൻ എന്റെ കണ്ണില്‍ ഒരു സെക്കന്റ് തറപ്പിച്ച് നോക്കി. എന്നിട്ട് പിന്നെയും തുടർന്നു, “അവരുടെ ധീരത തെളിയിക്കാന്‍ ആ ചെകുത്താന്‍ മടയിൽ പോയി. ചിലര്‍ തിരിച്ച് വന്നു ചിലര്‍ വന്നില്ല. തിരിച്ച് വന്നവർ പിന്നീട് എങ്ങനെ മരിച്ചുവെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ. ചിലര്‍ ആരേ കണ്ടാലും ഭയപ്പെടുന്നു.” അതും പറഞ്ഞ്‌ കൃഷ്ണൻ ചേട്ടൻ എന്നെ പിന്നെയും തറപ്പിച്ച് നോക്കി. കൃഷ്ണൻ ചേട്ടൻ നേരത്തെ പറഞ്ഞ മടയൻ എന്ന വാക്ക് എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു. “എന്നെ നിങ്ങൾ മടയൻ എന്നാണോ കരുതുന്നത്?” ഞാൻ പുഞ്ചിരിച്ച് കൊണ്ട്‌ ചോദിച്ചെങ്കിലും എന്റെ ഉള്ളില്‍ കോപം കത്തി ജ്വലിച്ചു. ഒരുതരം ചുട് എന്റെ കണ്ണില്‍ പടരും പോലെ എനിക്ക് തോന്നി. പെട്ടന്ന് കൃഷ്ണൻ ചേട്ടൻ കസേരയില്‍ നിന്നും പേടിച്ച് വിറച്ച് കൊണ്ട്‌ ചാടി എഴുന്നേറ്റു. “സാറിന്റെ കണ്ണ്……. കണ്ണ്….. അത്… കണ്ണ്…” ഞാനും വാണിയും ഒന്നും മനസ്സിലാവാതെ അയാളെ നോക്കി. എന്റെ കോപം പെട്ടെന്നുതന്നെ കെട്ടടങ്ങി. ഞാൻ വാണിയേ നോക്കി. അവൾ കുറച്ച് നേരത്തേക്ക് എന്റെ കണ്ണില്‍ നോക്കിയെങ്കിലും സാധാരണ ചെയ്യും പോലെ നോട്ടം മാറ്റി. പക്ഷേ കൃഷ്ണൻ ചേട്ടനെ പോലെ വാണി പ്രതികരിച്ചില്ല. “സാറിൻറ്റെ കണ്ണിന് എന്ത്?” വാണി അയാളോട് ചോദിച്ചു. “നീല നിറത്തിലുള്ള തീ പോലെ അത് കത്തി…. ഞാൻ കണ്ടു…. പക്ഷേ ഇപ്പൊ ഇല്ല!” അയാൾ സ്വന്തം നെഞ്ചില്‍ തടവിക്കൊണ്ട് പറഞ്ഞു. “എന്നിട്ട് ഞാൻ കണ്ടില്ലല്ലോ?” വാണി അയാളോട് ചോദിച്ചു. എന്നിട്ട് അവൾ എന്റെ കണ്ണില്‍ പിന്നെയും നോക്കി. “എന്റെ കണ്ണില്‍ നോക്ക് വാണി. കൃഷ്ണൻ ചേട്ടൻ പറഞ്ഞത് പോലെ അങ്ങനെ വല്ലതും നി കാണുന്നോ. അയാള്‍ക്കു വെറുതെ തോന്നി കാണും.” ഞാൻ വാണിയോട് പറഞ്ഞു. അദ്യം വാണി ഒന്ന് മടിച്ചു പിന്നെ അവൾ എന്റെ കണ്ണില്‍ നോക്കി. എന്നെയും അവളെയും ഒരുപോലെ അദ്ഭുതപ്പെടുത്തി കൊണ്ട്‌ ആദ്യമായി വാണി ഒരു നിമിഷത്തിലും കൂടുതൽ നേരം എന്റെ കണ്ണില്‍ തന്നെ നോക്കി നിന്നു.

“അങ്ങനെ ഒന്നുമില്ല സർ, ആദ്യമൊക്കെ ഞാൻ നിങ്ങളുടെ കണ്ണില്‍ നോക്കുമ്പോള്‍ എന്റെ തലയ്ക്കകത്ത് പൊള്ളുന്ന നീറ്റൽ ആയിരുന്നു, പക്ഷേ ഇപ്പൊ എനിക്ക് അതുപോലെ തോനിയില്ല. എത്ര നേരം വേണമെങ്കിലും എനിക്ക് നോക്കാൻ കഴിയുന്നു.” വാണി അതിശയത്തോടെ പറഞ്ഞു. കൃഷ്ണൻ ചേട്ടൻ കണ്ണും തിരുമ്മി കൊണ്ട് പിന്നെയും കസേരയില്‍ ഇരുന്നു. എന്നിട്ട് പേടിയോടെ എന്റെ കണ്ണില്‍ നോക്കി. ഇപ്രാവശ്യം അയാൾ കരഞ്ഞ് വിളിച്ചില്ല പക്ഷേ അയാളുടെ നോട്ടം എന്നില്‍ നിന്നും പെട്ടന്ന് മാറ്റി. അയാൾ ദീര്‍ഘനിശ്വാസം ഉതിർത്തു. അപ്പോ റൂമിൽ കൃഷ്ണൻ ചേട്ടന്റെ മോള്, സൗമ്യ, കേറി വന്നു. കൈയിൽ ഒരു സ്റ്റീല്‍ പ്ലേറ്റും അതിൽ മൂന് സ്റ്റീല്‍ കപ്പും ഉണ്ടായിരുന്നു. അവൾ ആദ്യം എനിക്ക് നേരെ നീട്ടി. അതിൽ നിന്നും നല്ല മണം വരുന്നുണ്ടായിരുന്നു. ഞാൻ ഒരു കപ്പ് എടുത്തു. അത് നാലഞ്ച് പ്രാവശ്യം ഞാൻ ഇടവിട്ട് ഊതി കുടിച്ചതും എന്റെ സകല ക്ഷീണവും മാറി നല്ല ഉന്മേഷം തോന്നി. ഞാൻ അവളെ അതിശയത്തോടെ നോക്കി. “ചുക്കും കുറെ ഔഷധ ഗുണമുള്ള ചില ഇലകളും ചേര്‍ത്ത കാപ്പിയാണ്.” സൗമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു. കുറച്ച് നേരം അവളും വാണിയും മാറിനിന്ന് എന്തെല്ലാമോ സംസാരിച്ചു. ഇടക്ക് സൗമ്യ എന്നെ നോക്കും. പിന്നെ എന്റെ കണ്ണിലും നോക്കാൻ ശ്രമിക്കും പക്ഷേ പെട്ടന്ന് നോട്ടം മാറ്റം. ഞങ്ങൾ കുടിച്ച് കഴിഞ്ഞതും സൗമ്യ എല്ലാ കപ്പും എടുത്തുകൊണ്ട് പുറത്ത്‌ പോയി. “മറ്റുള്ളവരെ പോലെ തന്നെ ഋഷി സാറിന്റെ മുഖത്ത് മാത്രം ഒരു പോറൽ പോലും ഇല്ലായിരുന്നു. പക്ഷേ കണ്ണുകൾ തൊണ്ടി എടുത്തിരുന്നു. കഴുത്തിന് താഴെ വെറും എല്ലിന് കൂട് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു നുള്ള് മാംസമോ അവയവങ്ങളോ ഇല്ലായിരുന്നു. ആ എല്ലിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ഏതോ ഭാഷയിൽ എന്തോ എഴുതി വെച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ്‌ ഒരിക്കല്‍ ഒരു ഗ്രാമ വായിക്കും ഇതുപോലെ സംഭവിച്ചിരുന്നു. അന്ന് ഗ്രാമം മുഴുവന്‍ പേടിച്ച് വിറച്ച് ഒരു വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. ആരും പുറത്ത്‌ പോലും കുറച്ച് ദിവസത്തേയ്ക്ക് വന്നില്ല. ഇപ്പോൾ ഋഷി സാറിനും ഇങ്ങനെ സംഭവിച്ചു എന്ന് ആരെങ്കിലും അറിഞ്ഞാല്‍ ഭയം കാട്ടുതീ പോലെ ഗ്രാമത്തിൽ പടരും. അതുകൊണ്ട്‌ ആര്‍ക്കും കാണിച്ച് കൊടുക്കാതെ അതിനെ ഞങ്ങൾ അടക്കം ചെയ്തു.” “അടക്കം…..? നിങ്ങൾ സാധാരണയായി കത്തിക്കുകയല്ലേ ചെയ്യാറ്?” സംശയത്തോടെ ഞാൻ ചോദിച്ചു. വാണിയും കൃഷ്ണൻ ചേട്ടനും പേടിയോടെ പരസ്പ്പരം നോക്കി. “വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ സംഭവിച്ചു എന്ന് ഞാൻ പറഞ്ഞല്ലോ…. അതിനെ ഞങ്ങൾ ആദ്യം കത്തിച്ചു പക്ഷേ അതിനെ കത്തിക്കാൻ ഉപയോഗിച്ച എല്ലാം ഭസ്മ്മമായി, പക്ഷേ ആ എല്ലിന് കൂടും തലയും മാത്രം അതുപോലെ തന്നെ ഉണ്ടായിരുന്നു. പല പരീക്ഷണങ്ങളും ഞങ്ങൾ നടത്തി നോക്കി. പക്ഷെ അതിനെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ഞങ്ങൾ അതിനെ കാട്ടില്‍ ഒരു സ്ഥലത്ത് ആഴത്തില്‍ അടക്കം ചെയ്തു. അതുകൊണ്ടാണ് ഒരു പരീക്ഷണത്തിനും തുനിയാതെ ഋഷി സാറിന്റെതും ഞങ്ങൾ അടക്കം ചെയ്തത്. അയാൾ ഒരു ആക്സിഡന്റിൽ മരിച്ചു എന്ന കഥയും ഞങ്ങൾക്ക് പ്രചാരണ ചെയ്യേണ്ടി വന്നു.” കൃഷ്ണൻ ചേട്ടൻ വിഷമത്തോടെ പറഞ്ഞു. “സർ, ആ ചെകുത്താന്‍ മടയ്ക്കുള്ളിൽ ആര്‍ക്കും ഇതുവരെ കേറാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നാണ് പോയി വന്ന എല്ലാവരും പേടിയോടെ പറഞ്ഞത്. എല്ലാവരും അതിന്റെ അടുത്ത് വരെ മാത്രമാണ്‌ ഇതുവരെ പോയിട്ടുള്ളത്. പിന്നെ ഒരു മനുഷ്യന്‍ എപ്പോഴും അവിടെ ചുറ്റി കറങ്ങുന്ന എന്ന് അവർ വഴി അറിയാൻ കഴിഞ്ഞു. അവിടേ പോയിട്ട് വന്ന ആരും ഇപ്പോൾ ജീവിച്ച് ഇരിപ്പില്ല. ദയവായി സർ നാളെ പോകരുത്.” വാണി കെഞ്ചി പറഞ്ഞു. കൃഷ്ണൻ ചേട്ടനും തലയാട്ടി അവൾക്ക് സപ്പോര്‍ട്ട് ചെയ്തു. എനിക്കെന്തോ തല വേദന എടുക്കാന്‍

തുടങ്ങി. “എന്നാ ഞാൻ ഇറങ്ങുന്ന. വാണി വരുന്നോ, ഇരുട്ടത്ത് നടക്കേണ്ട ഞാൻ കൊണ്ട്‌ വിടാം.” ഞാൻ വാണിയേ നോക്കി. “അപ്പോ ഇവിടെ നിന്നും കഴിക്കുമെന്ന് പറഞ്ഞിട്ട്….?” കൃഷ്ണൻ ചേട്ടൻ ചോദിച്ചു. “എനിക്ക് വിശക്കുന്നില്ല, പിന്നെ ഒരു ദിവസം ഞാൻ കഴിക്കാം. ഇപ്പൊ എനിക്ക് പോണം കുറെ ജോലി ഉണ്ട്.” ഞാൻ പറഞ്ഞു. കൃഷ്ണൻ ചേട്ടൻ കണ്ണും തിരുമ്മി കൊണ്ട് ശ്വാസം വലിച്ച് വിട്ടു. “അപ്പോ നാളെ പോകുന്ന കാര്യത്തിൽ ഒരു മാറ്റവും ഇല്ല അല്ലെ?” അയാൾ ചോദിച്ചതിന് മറുപടി പറയാതെ ഞാൻ പുറത്തിറങ്ങി. വാണിയും എന്റെ പുറകെ വന്നു. ഞാൻ വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്തു. വാണി മുന്നില്‍ കേറി ഇരുന്നു. നടയില്‍ നിന്നുകൊണ്ട് കൃഷ്ണൻ ചേട്ടൻ എന്നെ നോക്കി. ഞാൻ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പതിയെ വണ്ടി മുന്നോട്ട് ചലിപ്പിച്ചു. “കുറച് നാളായിട്ട് ചോദിക്കണം എന്ന് ഞാൻ കരുതുന്നു. സാറിന്റെ വലത് കൈ തണ്ടയിൽ അത് എന്താണ്, പച്ച കുത്തിയതാണോ?” വാണി ചോദിച്ചു.” ഞാൻ ചിരിച്ചു. “അത് പച്ച കുത്തിയത് ഒന്നുമല്ല വാണി, ജന്മനാ കിട്ടിയതാണ്. ഞാൻ എന്റെ കൈ തണ്ടയിൽ നോട്ടം പായിച്ചു. പച്ച നിറത്തില്‍ ഒരു വാളിന്റെ ഷേപ്പിലുള്ള വെറും ഒരു ഔട്ട് ലൈൻ മാത്രമാണ്. ആ ഔട്ട് ലൈനിൻറ്റെ ഉള്ളില്‍ ഒരു വര പോലുമില്ല. ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ അത് വെറുതെ ഇരിക്കുന്നു. ചിലപ്പോ അതുകൊണ്ടാണോ എന്തോ എനിക്ക് വാളിനോട് ഭയങ്കരമായ കമ്പം ഉണ്ടായത്. വാൾ മാത്രമല്ല വില്ലും അമ്പും എനിക്ക് ഇഷ്ടമാണ്, ചെറിയ കഠാര പോലും ഞാൻ വിടില്ല. മധ്യകാലഘട്ടത്തിലെ ആയുധങ്ങളോടാണ് എനിക്ക് ഭയങ്കര ഇഷ്ടം . ഇഷ്ടം മാത്രമല്ല, അതെല്ലാം നല്ലതുപോലെ ഉപയോഗിക്കാനും എനിക്ക് അറിയാം. പിന്നെ അതെല്ലാം എന്റെ പക്കല്‍ ഉണ്ട് താനും. എല്ലാ ആയുധ കലകളെയും ഞാൻ പഠിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് തൊട്ട് ഇന്നുവരെ ഞാൻ എന്നും മുടങ്ങാതെ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. എന്റെ ജീവിതത്തിൽ എന്നെ മനസ്സിലാക്കിയ ഒരേയൊരു കൂട്ടുകാരന്‍ മാത്രമേയുള്ളു. “സർ, നിങ്ങൾ കേട്ടത് എല്ലാം വെറും കെട്ടുകഥകള്‍ പോലെ ചിലപ്പോ നിങ്ങൾക്ക് തോന്നും.” വാണി പറഞ്ഞു. “പക്ഷേ പലതിലും യാഥാർത്ഥ്യം ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങൾ ഒരു നല്ല മനുഷ്യന്‍ ആണ്‌. സാറിന്റെ ഇതുവരെയുള്ള ഉയര്‍ച്ചയിൽ എനിക്ക് അഭിമാനം ഉണ്ട്. സത്യം പറഞ്ഞാല്‍ ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്. സർ നാളെ പോകരുത്…. ഒരിക്കലും അവിടെ പോകരുത് എന്നാണ് എന്റെ അഭിപ്രായം.” അത്രയും പറഞ്ഞിട്ട് വാണി മിണ്ടാതെ ഇരുന്നു. ഞാൻ പെട്ടന്ന് എന്റെ ചിതയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. “ഞാൻ ഇനി തിരിച്ച് വരില്ല എന്ന് കരുതിയാണോ വാണി ഇതെല്ലാം പറഞ്ഞത്. അതോ ഞാനും മറ്റുള്ളവരെ പോലെ മരിച്ചു പോകും എന്ന് കരുതിയാന്നോ?” ഞാൻ അവളോട് ചോദിച്ചു. പക്ഷേ വാണി ഒന്നും മിണ്ടിയില്ല. ഞാൻ അവളുടെ വീട്ടിന്റെ മുന്നില്‍ നിർത്തി. വാണി ഇറങ്ങി. “സർ വരൂ, എന്തെങ്കിലും കഴിച്ചിട്ട് പോകാം.” അവൾ വിളിച്ചു. “വേണ്ട വാണി, എനിക്ക് വിശപ്പില്ല. ഇപ്പോള്‍തന്നെ ഏഴര കഴിഞ്ഞു. എനിക്ക് പോണം.” ഞാൻ പറഞ്ഞു. വാണി തലയാട്ടി. ഞാൻ പോകുന്നതും നോക്കി വാണി നിന്നു. പിന്നെയും എന്റെ ചിന്ത എന്റെ കൂട്ടുകാരന്റെ അടുത്തേക്ക് പോയി. ശ്രവണ് ഋഷി. ഋഷി അങ്കിളിന്റെ മകന്‍. പഠിക്കുന്ന കാലത്ത് ഒരിക്കല്‍ അവന്‍ എന്നെ തിരക്കി എന്റെ വീട്ടില്‍ വന്നിരുന്നു. എന്റെ റൂമിൽ എന്നെ കാണാത്തത് കൊണ്ട്‌ അവന്‍ ബാക്കിയുള്ള രണ്ട് റൂമിൽ നോക്കി. പിന്നെയാണ് എന്റെ പ്രാക്ടീസ് റൂമിൽ അവന്‍ ആദ്യമായ് വന്നത്. ഞാൻ എന്റെ പക്കല്‍ ഉള്ള എല്ലാ ആയുധങ്ങളും ഓരോന്നായി എടുത്ത് പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന വസ്തുക്കള്‍ കണ്ട് അവന്റെ കണ്ണ് തള്ളി. ഞാൻ നിര്‍ത്താതെ തുടർന്നു. എന്റെ വാൾ ഞാൻ ചുമരില്‍ തൂങ്ങി കിടന്ന അതിന്റെ ഉറയിൽ ഇട്ടിട്ട്

അമ്പും വില്ലും എടുത്ത് പ്രാക്ടീസ് തുടങ്ങി. എന്റെ പ്രാക്ടീസ് തീരും വരെ അവന്‍ ഒന്നും മിണ്ടാതെ വായും പൊളിച്ച് നിന്നു. “നിനക്ക് വട്ടാണ് റോബി. ഇക്കാലത്ത് ആരെങ്കിലും അമ്പും വില്ലും വെച്ച് കളിക്കുമോ, അല്ലെങ്കിൽ വാള്‍ കൊണ്ട്‌ ആരാ ഇക്കാലത്ത് പ്രശ്നം പരിഹരിക്കുന്നത്? ആ കഠാര…..” അവന്‍ പൊട്ടിച്ചിരിച്ചു. “എന്തെല്ലാം ഇനം പഴഞ്ചൻ ആയുധങ്ങളാണ് നി വാങ്ങിച്ചു വെച്ചേക്കുന്നത്? ഇത് മധ്യകാലഘട്ടം അല്ല, ഇവിടെ രാജാവും പരിവാരങ്ങളും ഒന്നുമില്ല. ഇപ്പോൾ തോക്കും മിസൈലും ആണ്‌ ട്രെന്‍ഡ്. അപ്പുറത്ത് പുതുമയുള്ള കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും – അത് വഴി നി ഉണ്ടാക്കുന്ന പണം കൈയും കണക്കുമില്ല. പക്ഷേ ഇവിടെ പഴഞ്ചൻ വാളും വില്ലും കഠാരയും, പിന്നെ എനിക്ക് പേര്‌ പോലും അറിയാത്ത കുറെ ആയുധങ്ങളും. ഇത്ര ചെറുപ്പത്തിലേ നി നിന്റെ ബുദ്ധി ഉപയോഗിച്ച് നല്ല രീതിക്ക് കാശും ഉണ്ടാക്കുന്നു. പക്ഷേ അവശ്യം ഇല്ലാത്ത ചെലവാക്കുന്ന..” എന്റെ പല തരത്തിലുള്ള കളക്ഷന്‍സ് കൈ വീശി കാണിച്ച് കൊണ്ട്‌ അവന്‍ പറഞ്ഞു . “എന്ത് തന്നെയായാലും ഈ പതിനാലാം വയസ്സിലേ നി ഒരു തെളിഞ്ഞ അഭ്യാസി തന്നെയാണ്. അത് കമ്പ്യൂട്ടർ തന്നെയായാലും വാളായാലും.” അഭിമാനത്തോടെ അവന്‍ പറഞ്ഞു. “പിന്നേ പോലീസ് ഇതെല്ലാം കണ്ടാൽ നി ഒരു തീവ്രവാദി എന്നും പറഞ്ഞ് നിന്നെ പോക്കും.” ഞങ്ങൾ പൊട്ടിച്ചിരിച്ചു. അന്ന് അവന്‍ അങ്ങനെ പ്രസംഗിച്ചു എങ്കിലും അടുത്ത ദിവസം മുതൽ അവനും എന്റെ കൂടെ പ്രാക്ടീസ് ചെയ്യാൻ കൂടി. ഞാൻ ഇരുപത് മിനിറ്റ് ഓടിച്ചു എന്റെ ക്വൊട്ടെസിൽ എത്തി ചേര്‍ന്നു. ഗൈറ്റ് തുറന്ന് കിടന്നു. ആരാ ഇത് തുറന്ന് ഇട്ടത്. ചിന്തിച്ച് കൊണ്ട്‌ ഞാൻ ഗൈറ്റ് കടന്ന് അകത്ത് കേറി. സിറ്റവുട്ടിൽ ഒരു കസേരയില്‍ പള്ളി വികാരി ഗബ്രിയേല്‍ അച്ഛൻ എനിക്ക് പുറം തിരിഞ്ഞ് ഇരിക്കുന്നത് ഞാൻ കണ്ടു. കണ്ടാൽ അറുപത് വയസ്സ് തോന്നിക്കും, പക്ഷേ എഴുപത് കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ വണ്ടി പാര്‍ക്ക് ചെയ്തിട്ട് പുറത്തിറങ്ങി കുറച്ച് അടുത്ത് വന്നപ്പോളാണ് ഇനിയും ഒരാള് അദേഹത്തിന്റെ എതിര്‌ വശത്ത് ഇരിക്കുന്നത് ഞാൻ കണ്ടത്. അത് അമ്പലത്തിലുള്ള രുദ്രനന്തൻ തിരുമേനി ആയിരുന്നു. അദ്ദേഹത്തിനും എഴുപത് വയസ്സ് കാണും. തീര്‍ച്ചയായും ഇത് കൃഷ്ണൻ ചേട്ടന്റെ വേല തന്നെ. ഞാൻ സിറ്റവുട്ടിൽ കേറി അവരെ നോക്കി ചിരിച്ചു. പുറത്ത്‌ നല്ല തണുപ്പ്, തണുത്ത കാറ്റും ഉണ്ട്. ചെറുതായി ഞാൻ വിറച്ചു. “എന്താ അച്ചോ, തിരുമേനി. ഈ അസമയത്ത് അതും ഈ തണുപ്പത്ത്? എന്തെങ്കിലും പ്രശ്നം ഉണ്ടോ?” ഞാൻ ചോദിച്ചു. പക്ഷേ അവർ ഒന്നും മിണ്ടാതെ ഇരുന്നു, അവരുടെ മുഖത്ത് ദേഷ്യം ആയിരുന്നു. ഞാൻ എന്റെ ക്വൊട്ടെസിൻറ്റെ വാതില്‍ തുറന്നു. “അകത്ത് വരൂ.” അവർ അകത്ത് കേറിയതും ഞാൻ വാതില്‍ അടച്ചു. തണുത്ത കാറ്റില്‍ നിന്നും ആശ്വാസം കിട്ടി. അവരുടെ മുഖത്തും ആശ്വാസം ഞാൻ കണ്ടു. “നിങ്ങൾ ഇരിക്കൂ, ഞാൻ ചുക്ക് കാപ്പി ഉണ്ടാക്കാം.” ഞാൻ പറഞ്ഞു. അവർ രണ്ടും ഒരുപോലെ എന്നെ തുറിച്ച് നോക്കി. ഇതെന്ത്, ഇരട്ട പെറ്റതാണോ? ഞാൻ മനസില്‍ ഓര്‍ത്തു. ഇവർ രണ്ടും പള്ളിയും അമ്പലവും ആണെങ്കിലും, പ്രാര്‍ത്ഥനയും കര്‍മ്മങ്ങളും വെവ്വേറെ ആണെങ്കിലും എല്ലാ നല്ല കാര്യത്തിനും അവർ ഒറ്റക്കെട്ടായി നില്‍ക്കും. ഈ ഗ്രാമത്തിൽ എല്ലാ കാര്യങ്ങളും ഇവരാണ് തീരുമാനിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. “ചുക്ക് കാപ്പി നല്ലതാണ് അല്ലയോ തിരുമേനി?” അച്ഛൻ തിരുമേനിയോട് ചോദിച്ചു. “പക്ഷേ അത്രയും നേരം ഞങ്ങൾക്ക് ഇവിടെ ഇരുപ്പ് ഉറയ്ക്കില്ല, അതുകൊണ്ട്‌ ഞങ്ങളും അടുക്കളയില്‍ വരാം.” “ചുക്ക് കാപ്പി നല്ലതാണ് അച്ചോ, പക്ഷേ അത് മാത്രം പോര. ആറു മണി തൊട്ടേ ഇവിടെ കുത്തി ഇരുന്നതല്ലേ, ഇപ്പൊ എട്ട് മണിയായി. നല്ല വിശപ്പ്, അവന്‍ കാരണം നമ്മൾ വിശന്ന് വലഞ്ഞു ഇനിയിപ്പോ അവന്‍ കാരണം വിശപ്പും അടങ്ങണം,

അതുകൊണ്ട്‌ ഞങ്ങൾക്ക് കഴിക്കാനും എന്തെങ്കിലും വേണം.” തിരുമേനി ഒരു പുഞ്ചിരിയോടെ പറഞ്ഞു. “അപ്പോ കഴിക്കാൻ വേണ്ടി വന്നതാ അല്ലേ?” ഞാൻ ചോദിച്ചു. “ആദ്യം ആ ചുക്ക് കാപ്പി ഉണ്ടാക്ക് കുഞ്ഞേ. നിന്നോട് ഒത്തിരി സംസാരിക്കാനുണ്ട്.” അച്ഛൻ പറഞ്ഞിട്ട് അടുക്കള നോക്കി നടന്നു. ഡബിള്‍ സ്റ്റവ് ആയത് കൊണ്ട്‌ ജോലി പെട്ടന്ന് തീര്‍ന്നു. ഒന്നില്‍ ഞാൻ അദ്യം ചുക്ക് കാപ്പി ഉണ്ടാക്കാൻ വെച്ചിട്ട് അടുത്തതിൽ മുട്ടയില്‍ ബ്രോഡ് മുക്കി പൊരിച്ചു. പിന്നെ അതെല്ലാം ഞങ്ങൾ എടുത്തുകൊണ്ട് ഡൈനിംഗ് റൂമിൽ പോയി മിണ്ടാതെ കഴിച്ചു. എന്നിട്ട് ഹാളില്‍ വന്നിരുന്നു. “നി എന്ത് ഭാവിച്ചാണ് നടക്കുന്നത്?” തിരുമേനി ചോദിച്ചു. “എന്താണ് തിരുമേനി ഉദ്ദേശിച്ചത്?” ഞാൻ അവരുടെ മുഖത്ത് നോക്കി ചോദിച്ചു. അവർ രണ്ട് പേരും കുറച്ച് നേരം എന്റെ മുഖത്ത് നോക്കിയെങ്കിലും പെട്ടന്ന് നോട്ടം മാറ്റി. “തിരുമേനി എന്താണ്‌ ഉദേശിച്ചത് എന്നും ഞങ്ങൾ എന്തിനാണ് ഇവിടെ വന്നതെന്നും നിനക്ക് അറിയാം. അതുകൊണ്ട്‌ നമ്മള്‍ എല്ലാവരുടെയും സമയം കളയാതെ കാര്യത്തിലേക്ക് വരാം.” അച്ഛൻ പറഞ്ഞു. “നി കേട്ടതെല്ലാം കെട്ട് കഥ പോലെ തോന്നുമെങ്കിലും നി കേട്ടതെല്ലാം സത്യമാണ്. അതുകൊണ്ട്‌ നി ചെകുത്താന്‍ മടയിൽ പോകരുത്. അത് പറയാനാ ഞങ്ങൾ വന്നത്.” തിരുമേനി പറഞ്ഞു. “ഈ ചുരുളുകള്‍ അഴിക്കാൻ എന്ന പേരില്‍ കാലങ്ങളായി പലരും ശ്രമിച്ചു. പക്ഷേ ഏതെങ്കിലും വഴിയില്‍ അവരെല്ലാം നശിച്ചു.” അച്ഛൻ ശാന്തമായി പറഞ്ഞു. “ഇപ്പൊ നീയും അതേ കാര്യം ചെയ്യാൻ തുനിയുന്നത് എന്തിന്?” “നിനക്ക് മുമ്പ്‌ വന്ന മറ്റുള്ളവര്‍ക്കും ഞങ്ങൾ ഉപദേശം കൊടുത്തു നോക്കി ആരും കേട്ടില്ല. ഇപ്പൊ അതേ ഉപദേശം ഞങ്ങൾ നിനക്കും തരുന്നു. നി അവിടെ പോകരുത്, അവിടെ പോയാല്‍ നി നശിക്കും.” തിരുമേനി എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു. “പക്ഷേ എനിക്ക് പോണം അച്ചോ, നിര്‍ബന്ധമായും എനിക്ക് പോണം തിരുമേനി.” “എന്തിന്‌?” രണ്ട് പേരും ഒരേ സ്വരത്തില്‍ ചോദിച്ചു. “എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവിടെയാണ് ഉള്ളത്. എന്റെ സംശയങ്ങള്‍ എല്ലാം അവിടെ പോയാല്‍ മാത്രമേ തീരുകയുള്ളു.” “എന്ത് ചോദ്യം, എന്ത് സംശയം?” തിരുമേനി അക്ഷമനായി ചോദിച്ചു. ഞാൻ അവരുടെ കണ്ണില്‍ നോക്കി പക്ഷേ അവർ എന്റെ മുഖത്ത് വേറെ എവിടെയോ നോക്കി. “ആര്‍ക്ക് മുന്നിലും ഞാൻ ധീരന്‍ എന്ന് കാണിക്കാനല്ല, മറ്റുള്ളവരുടെ ദുർവിതി എന്നെയും ബാധിക്കണം എന്ന മോഹവും എനിക്കില്ല. പക്ഷെ ആ ചുരുള്‍ അഴിയാത്ത എനിക്ക് സ്വസ്ഥത കിട്ടില്ല. ഞാൻ ഉറങ്ങിയാലും ഉണര്‍ന്നാലും എന്റെ മനസ്സിനെ എന്തോ ഒന്ന് സ്വൈര്യം കെടുത്തുന്നു. ഇത് നിന്റെ ജോലി എന്നും എന്റെ മനസില്‍ ആരോ പറയുന്നു. ഞാൻ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു, പക്ഷേ ഇതുവരെ ഒരേ സ്വപ്നം എന്നും ഞാൻ എന്റെ ഉറക്കത്തിൽ കാണുന്നു — ഒരു കറുത്ത കോട്ട, ഉള്ളില്‍ എഴ് ശവശരീരങ്ങൾ, ഏഴു പേരുടെ കൈയിലും ഒരേ പോലുള്ള ഓരോ വാൾ പിടിച്ചിരിക്കുന്നു. പക്ഷേ ഒരു വാള്‍ മാത്രം ക്ഷയിച്ചു കാണപ്പെട്ടു. ആറ് വാളിൽ നിന്ന് മാത്രം പുറത്തേക്ക് വമിക്കുന്ന എന്തോ ഒരു ശക്തി അന്തരീക്ഷത്തില്‍ തുറന്ന് കിടക്കുന്ന ഒരു കവാടത്തിൽ നിന്നും പുറത്ത്‌ വരാൻ ശ്രമിക്കുന്ന എന്തോ ഒന്നിനെ തടഞ്ഞ് നിര്‍ത്തുന്നു. വാതില്‍ എന്ന പോലെയാണ് ആ കവാടത്തിന് മുന്നില്‍ മഞ്ഞ് കാണുന്നത്. പക്ഷേ ആ ആറ് വാളിൽ നിന്നും വമിക്കുന്ന ശക്തി ക്ഷയിക്കുന്നു. ആ മഞ്ഞ് പകുതിയില്‍ കൂടുതൽ ഉരുകി കഴിഞ്ഞു. എന്നെ ആരോ അവിടെ ചെല്ലാൻ പ്രേരിപ്പിക്കുന്നു. എന്താണ്‌ ഇതിന്റെ എല്ലാം അര്‍ത്ഥം.” ഞാൻ അവരോട് ചോദിച്ചു. അവർ രണ്ട് പേരും കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ് വെടി കൊണ്ട പോത്തിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തല താഴ്ത്തി പിടിച്ചുകൊണ്ട് നടന്നു.

“നി ആരാണ് കുട്ടി?” തിരുമേനി ക്ഷീണിച്ച് അവശനായ പോലെ സംസാരിച്ചു. ഇപ്പൊ അദ്ദേഹത്തെ കണ്ടാൽ നൂറ് വയസ്സ് തോന്നിക്കും. രണ്ട് പേരുടെയും അവസ്ഥ ഒരുപോലെ ആയിരുന്നു. “എനിക്ക് സ്വന്തമായി ആരുമില്ല. ഒരു അനാഥ ആശ്രമത്തില്‍ ആണ് ഞാൻ വളര്‍ന്നത്. വളരെ ചെറുതായി ഇരിക്കുമ്പോള്‍ തന്നെ എന്റെ തലച്ചോറ്‌ വല്യ മേധാവിത്വം നേടിയ നിലയില്‍ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഒന്നാം ക്ലാസ്സില്‍ ഞാൻ പഠിക്കുമ്പോൾ പന്ത്രണ്ടില്‍ പഠിപ്പിക്കുന്ന ടീച്ചർ മാരെ ഞാൻ ചോദ്യം ചെയ്ത്‌ അവരെ ഞാൻ അവര്‍ ഉത്തരം മുട്ടിച്ചു. അഞ്ചില്‍ പഠിക്കുമ്പോൾ പ്രിന്‍സിപ്പല്‍ എന്നെ പലതരത്തില്‍ പരീക്ഷിച്ചു. പലയിടത്തും കൊണ്ടുപോയി, പല മേധാവികളും എന്നെ പരീക്ഷിച്ചു. ഞാൻ ഒരു ജീനിയസ് ആണെന്നും അവര്‍ക്ക്‌ തെളിഞ്ഞു. പലരും പലതരത്തില്‍ എന്റെ കഴിവിനെ പരിശോധിച്ചു. എന്റെ കഴിവില്‍ അവര്‍ക്ക് ഗുണം ഉണ്ടെന്ന് കണ്ടു. എന്റെ പന്ത്രണ്ടാം വയസ്സ് തൊട്ടേ എനിക്ക് പലരും പല തരത്തിലുള്ള ഓൺലൈൻ ജോലികള്‍ തന്നു. നല്ല പ്രതിഫലം കിട്ടി, കിട്ടുകയും ചെയ്യുന്നു, ഇപ്പൊ പോലും. എനിക്ക് പണത്തിന്റെ ഒരു കുറവും ഇല്ല തിരുമേനി. പക്ഷെ സ്വന്തക്കാര് എന്ന കുറവ് നികത്താന്‍ കഴിയുന്നില്ല അച്ചോ.” ഞാൻ അവരെ നോക്കി. അവർ രണ്ടുപേരും വായും പൊളിച്ച് എന്നെ നോക്കി നിന്നു. അവരുടെ മുഖത്ത് സംശയവും, ഒരു തീരുമാനത്തില്‍ വരാൻ കഴിയാത്ത അവസ്ഥയും ഞാൻ കണ്ടു. ഞാൻ തുടർന്നു, “എന്റെ അച്ഛൻ, അമ്മ, സഹോദരങ്ങള് ആരെന്ന് എനിക്ക് അറിയില്ല. എത്രയോ കാര്യങ്ങൾ അറിയുന്ന എനിക്ക് ഇതൊന്നും അറിയില്ല.” ഞാൻ പറഞ്ഞു. എന്നിട്ട് ഞാൻ കസേരയില്‍ ഇരുന്നു. അവരും എന്റെ അടുത്ത് ഇരുന്നു. കുറെ നേരം അവർ പരസ്പരം നോക്കി പിന്നേ എന്തോ ഒരു തീരുമാനത്തില്‍ എത്തിയത് പോലെ അവർ എന്നെ നോക്കി. “ഞങ്ങളുടെ സംശയം ശരിയാണെങ്കില്‍ നീയും ഞങ്ങളില്‍ ഒന്നാണ്.” അച്ഛൻ പറഞ്ഞു. ഒന്നും മനസ്സിലാവാതെ ഞാൻ തല ചൊറിഞ്ഞു. അവർ രണ്ട് പേരും പുഞ്ചിരിച്ചു. “നിനക്ക് എന്തെങ്കിലും മനസിലാക്കണം എങ്കിൽ ആദ്യം മുതലേ തുടങ്ങേണ്ടി വരും. നി കണ്ടത് വെറും സ്വപ്നമല്ല, അത് യാഥാർത്ഥ്യം ആണ്. ആദ്യമായ് നി അറിയേണ്ടത് ഇതാണ് – ഞങ്ങളെ പോലെ നീയും ഒരു രണശൂരൻ ആണ്.” അച്ഛൻ താടി തടവി കൊണ്ട്‌ പറഞ്ഞു. “എന്താണ് ഈ രണശൂരൻ….?” സംശയത്തോടെ ഞാൻ ചോദിച്ചു. “ഈ ലോകത്തിന്റെ, നന്മയുടെ, വെളിച്ചത്തിന്റെ… അങ്ങനെ എല്ലാ നല്ലതിൻറ്റെയും സംരക്ഷകൻ – പോരാളി. നമ്മൾ തിന്മയുടെ ശത്രുക്കള്‍ ആണ് കുട്ടി, തിന്‍മയെ നശിപ്പിക്കാന്‍ കഴിവുള്ളവര്‍.” തിരുമേനി ഒരു കോച്ച് കുഞ്ഞിനോട് പറയും പോലെ എന്നോട് പറഞ്ഞു. അത് കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്. “ഞാൻ ഒരു സ്വപ്നം കണ്ടു എന്ന് കരുതി ഞാൻ ഒരു രണശൂരൻ എന്ന് നിങ്ങൾ സ്വയം തീരുമാനിച്ചു അല്ലേ?” അവർ അപ്പോഴും പുഞ്ചിരിച്ചു. നിനക്ക് എല്ലാം മനസിലാക്കണം എങ്കിൽ ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക് കുട്ടി.” തിരുമേനി അലിവോടെ പറഞ്ഞു. പക്ഷേ അച്ഛനാണ് പറഞ്ഞ് തുടങ്ങിയത് , “എല്ലാം തുടങ്ങുന്നത് അയ്യായിരം വർഷങ്ങൾക്ക് മുമ്പാണ്. അന്ന് നല്ലവനായ ഒരു രാജാവ്, മാനവേന്ത്രൻ, നാട് ഭരിച്ചിരുന്നു. രാജാവിന് രൗത്രിക എന്ന സുന്ദരിയായ രാജ്ഞി ഉണ്ടായിരുന്നു. രാജാവിനും രാജ്ഞിക്കും ഒരു കുറവും ഇല്ലെങ്കിലും അവർക്ക് കുഞ്ഞ് മാത്രം ജനിച്ചില്ല. വർഷങ്ങൾക്ക് ശേഷം മറ്റുള്ളവരുടെ ഉപദേശത്തിന്റെ പേരില്‍ രാജാവ്‌ പിന്നെയും വിവാഹം കഴിച്ചു. രൗത്രിക റാണിയുടെ അനുജത്തി ആരണ്യ ആയിരുന്നു രാജാവ് വിവാഹം കഴിച്ചത്. അവളും ചേച്ചിയെ പോലെ സുന്ദരി ആയിരുന്നു. അവർക്ക് കുഞ്ഞും ഉണ്ടായി. രാജാവ് സ്നേഹം മുഴുവനും തന്റെ അനുജത്തിക്ക് മാത്രം കൊടുക്കുന്നത് കണ്ട് രൗത്രിക വിഷമിച്ചു. അവളുടെ വിഷമം അവള്‍ തന്റെ സുഹൃത്ത് കൂടിയായ മന്ത്രിയോട് പറഞ്ഞു. നാളുകള്‍ക്ക് ശേഷം എങ്ങനെയോ മന്ത്രിയും റാണിയും

തമ്മില്‍ സ്നേഹത്തില്‍ ആയി. അത് ശാരീരിക ബന്ധത്തില്‍ അവസാനിച്ചു. ഇത് കുറെ മാസങ്ങൾ വരെ തുടർന്നു. രൗത്രിക എങ്ങനെയോ ഗർഭം ധരിച്ചു. അഞ്ച് മാസം കഴിഞ്ഞാണ് രാജാവ്‌ ഇത് മനസ്സിലാക്കിയത്. പക്ഷേ രാജാവിന് അറിയാം അത് തന്റെ കുഞ്ഞ് അല്ല എന്ന്. റാണിക്ക് രാജാവിനോട് സത്യം പറയേണ്ടി വന്നു. രൗത്രികയുടെ അച്ഛൻ, വേതചന്ത്രൻ, ശക്തനായ മഹാ മാന്ത്രികന്‍ ആയിരുന്നു. രണ്ട് ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് മഹാ ശക്തരായ ഈ മാന്ത്രികന്റെ പാരമ്പര്യം ഉത്ഭവിച്ചത്. ഒന്നര ലക്ഷം വര്‍ഷം വരെ ആ പാരമ്പര്യത്തില്‍ അതിശക്തരായ മാന്ത്രികന്‍മാർ ഉടലെടുത്തിരുന്നു. ആ ശുദ്ധ രക്തം ആ പാരമ്പര്യത്തില്‍ നില നിര്‍ത്താന്‍ വേണ്ടി അതേ പാരമ്പര്യത്തില്‍ ഉള്ളവരെ തന്നെയായിരുന്നു ഓരോരുത്തരും വിവാഹം കഴിച്ചിരുന്നത്. ഒന്ന് വിട്ടുള്ള സഹോദരൻ സഹോദരി ആയാല്‍ പോലും അവർ തമ്മില്‍ വിവാഹം കഴിച്ചിരുന്നു. വേതചന്രൻറ്റെ പൂര്‍വ്വ പിതാക്കന്മാരുടെ കാലം തൊട്ടേ ആ പാരമ്പര്യത്തില്‍ നിന്നുമാണ് കൂടുതലും ഈ രണശൂരൻ മാർ ഉടലെടുത്തിരുന്നത്. കാരണം രണശൂരൻ മാരായി പരിശീലനം ലഭിക്കണമെങ്കില്‍‍ അവര്‍ക്ക് ചെറിയ അളവിലെങ്കിലും മാന്ത്രിക ശക്തി അവരുടെ രക്തത്തില്‍ ഉണ്ടാവണം. അല്ലെങ്കിൽ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഒരിക്കലും കഴിയില്ല. മരണവും നിശ്ചയം. പരിശീലനം പൂര്‍ത്തിയാക്കി അവസാനമായി അവര്‍ക്ക് കൊടുക്കുന്ന പരീക്ഷണത്തിൽ വിജയം പ്രാപിക്കുന്നവർക്ക് മാത്രമാണ് മാന്ത്രിക ശക്തിയുള്ള വാൾ ലഭിക്കുന്നത്. പിന്നെ അര ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ആ പാരമ്പര്യത്തില്‍ ഉള്ളവർ പുറത്ത്‌ നിന്നും വിവാഹം കഴിക്കാൻ തുടങ്ങിയിരുന്നത്. അപ്പോൾ തൊട്ടേ ആ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ ശക്തി ക്ഷയിച്ചു തുടങ്ങിയിരുന്നു. ആ പാരമ്പര്യത്തിന്റെ വിശിഷ്ട രക്തവും ശക്തിയും ഉള്ളവർ സാധാരണക്കാരായ പുരുഷനെയും സ്ത്രീകളെയും വിവാഹം കഴിച്ച് അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ സാധാരണക്കാരെ പോലെ ജനിച്ച് തുടങ്ങി. പക്ഷേ മറ്റുള്ള മനുഷ്യരില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള ചില ശക്തികള്‍ അവര്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ വല്ലപ്പോഴും ആ പാരമ്പര്യത്തില്‍ ചിലർക്ക് പല മാന്ത്രിക സിദ്ധികളും അസാമാന്യ കഴിവുകളും ഈ പ്രപഞ്ചം കനിഞ്ഞ് നല്‍കിയിരുന്നു. ആ ഒന്നര ലക്ഷം വർഷങ്ങൾ കഴിഞ്ഞ് അതിശക്തരായ മാന്ത്രികന്‍മാരുടെ പാരമ്പര്യത്തിന്റെ നാമം ക്ഷയിച്ച് വെറും ശക്തരായ മാന്ത്രികന്‍മാരുടെ പാരമ്പര്യം എന്ന് അറിയാൻ തുടങ്ങി. അങ്ങനെ ആ സമയം തൊട്ട് പല തലമുറകള്‍ കഴിഞ്ഞ് ജനിച്ചതിൽ ശക്തനായ മാന്ത്രികന്‍മാരിൽ വെച്ചേറ്റവും ശക്തനായിരുന്നു വേതചന്രൻ. മറ്റുള്ളവര്‍ക്ക് ആ മാന്ത്രികന്റെ അത്രത്തോളം കഴിവുകൾ ഇല്ലെങ്കില്‍ പോലും എല്ലാവരും എന്തെങ്കിലും തരത്തിൽ സാമാന്യ മനുഷ്യരില്‍ നിന്നും വളരെ അധികം ശക്തരായിരുന്നു. പരിശീലനം കഴിഞ്ഞ് രണശൂരരായി മാറുമ്പോള്‍ അവര്‍ക്ക് അവരുടെ മുഖ്യ ആയുധമായ മാന്ത്രിക വാൾ നൽകപ്പെടും. അക്കാലത്തും ചെറിയ ദുഷ്ട ശക്തികള്‍ ഉണ്ടായിരുന്നു. അതിനെ നശിപ്പിക്കുക എന്ന ഒറ്റ ഉത്തരവാദിത്തം മാത്രമാണ്‌ ഈ രണശൂരൻ മാർ നിറവേറ്റി വന്നത്. ആ മാന്ത്രികന്റെ മകളായ രൗത്രിക റാണിയേ കൊല്ലാന്‍ രാജാവിനു ദൈര്യം

ഇല്ലാത്തത് കൊണ്ട്‌ റാണിയേ അയാൾ നാട് കടത്തി. മകള്‍ തെറ്റുകാരി ആയതുകൊണ്ട് വേതചന്ത്രന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ രൗത്രിക റാണിയേ നാട് കടത്തും മുമ്പ്‌ രാജാവ് രൗത്രിക റാണിക്ക് മുന്നില്‍ വെച്ച് തന്നെ മന്ത്രിയെ ജീവനോടെ കത്തിച്ചു. പിന്നെ രാജ വൈദ്യന്‍ രൗത്രിക റാണിക്ക് എന്തോ ഔഷധം കൊടുത്ത് വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞിനെയും നശിപ്പിച്ചു.” അച്ഛൻ കഥ പറച്ചില്‍ നിർത്തി മേലോട്ട് നോക്കി എന്തോ ആലോചനയിൽ മുഴുകി. അച്ഛൻ നിര്‍ത്തിയ അവിടം നിന്ന് പിന്നെ തിരുമേനി തുടർന്നു. “രൗത്രിക റാണിക്ക് അവളുടെ അച്ഛന്റെ അത്ര മന്ത്ര ശക്തി ഒന്നും ഇല്ലായിരുന്നു പക്ഷേ എല്ലാ മന്ത്രങ്ങളും ക്രിയകളും അവള്‍ക്ക് അറിയാമായിരുന്നു. തനിക്ക് സംഭവിച്ചത് ഓര്‍ത്ത് അവളുടെ കോപം അവളുടെ നല്ല ഹൃദയത്തെ നശിപ്പിച്ചു. വൈരാഗ്യം മാത്രം അവളില്‍ നിറഞ്ഞ് നിന്നു. പ്രതികാരം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു അവൾക്ക്. അവളുടെ മാന്ത്രിക അറിവ് ഉപയോഗിച്ച് അവൾ പൈശാചിക കര്‍മ്മങ്ങള്‍ ചെയ്ത്‌ ചെകുത്താന്‍ മാരുടെ രാജാവായ മെറോഹ്റിയസ് എന്ന ചെകുത്താനെ നമ്മുടെ ലോകത്ത് കടക്കാനുള്ള മാര്‍ഗം കണ്ടെത്തി അവള്‍ക്ക് മുന്നില്‍ വരുത്തി. തന്റെ പ്രതികാരം നിറവേറ്റാൻ കഴിവുള്ള ഒരു കുഞ്ഞിനെ യാണ് രൗത്രിക റാണി മെറോഹ്റിയസ് സിനോട് ആവശ്യപ്പെട്ടത്, അതും ആ ചെകുത്താനും റാണിക്കും ഉണ്ടാകുന്ന കുഞ്ഞിനെയാണ് അവൾ ചോദിച്ചത്. ഒരു ചെകുത്താനും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മനുഷ്യരില്‍ കുഞ്ഞിനെ ഉല്‍പ്പത്തി ചെയ്യാൻ കഴിയില്ല. അതുകൊണ്ട്‌ മെറോഹ്റിയസ് മനുഷ്യ രൂപം പൂണ്ട് രൗത്രിക റാണിയെ പ്രാപിച്ചു. ചെകുത്താന്‍ അവളോട് പറഞ്ഞു, ‘ഇരട്ട കുഞ്ഞുങ്ങള്‍ – ആണും പെണ്ണും, പൂര്‍ണ വളർച്ച പ്രാപിച്ച ശിശുക്കള്‍ നാലം മാസം നിനക്ക് ജനിക്കും. ആ ദിവസം എന്നാകും എന്നത് നി അറിയും. ആ കുഞ്ഞുങ്ങള്‍ വളര്‍ന്ന് പതിമൂന്ന്‌ വര്‍ഷം തികയുന്ന അന്ന് അവർ തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തും. അന്ന് തുടങ്ങി നാലാം മാസം തികയുന്ന അന്ന് അവൾക്ക് ഒരു ആണ്‌ കുഞ്ഞ് ജനിക്കും. ആ കുഞ്ഞാണ് നിന്റെ ആയുതം. ആ കുഞ്ഞ് ജനിച്ചതും അതിന് ജന്മം നല്‍കിയവരുടെ നെഞ്ച് പിളർത്തി ആ ജീവനുള്ള ഹൃദയം പറിച്ചെടുത്ത് അവയില്‍ നിന്നും ഒഴുകുന്ന രക്തം ആ നവജാത ശിശുവിന് കുടിക്കാന്‍ കൊടുക്കണം. ഞാൻ മനുഷ്യ രൂപത്തിൽ ആയതുകൊണ്ടും, പല സിദ്ധികൾ നിനക്ക് ഉണ്ടെങ്കിൽ പോലും നി വെറുമൊരു മനുഷ്യ സ്ത്രീ ആയതുകൊണ്ടും….. നമ്മളില്‍ നിന്നും ഉത്ഭവിക്കാൻ പോകുന്ന ഈ പുതിയ വംശത്തിൽ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഒരു ചെകുത്താന്റെ കുഞ്ഞിന് ലഭിക്കുന്നത് പോലത്തെ പൂര്‍ണ ശക്തി ഒരിക്കലും ലഭിക്കില്ല. പക്ഷേ അവര്‍ ശക്തർ ആയിരിക്കും. നിനക്ക് ജന്മം നല്‍കിയ വേതചന്രനെക്കാളും വളരെ ശക്തർ ആയിരിക്കും. ഞങ്ങളുടെ പല തരത്തിലുള്ള ചെകുത്താന്‍ വര്‍ഗ്ഗങ്ങളിൽ പല നിലകളിലുള്ള ശക്തികള്‍ ഉണ്ടെങ്കിലും, ഏറ്റവും ഉന്നതതലത്തില്‍ നില്‍ക്കുന്ന എന്റെ വര്‍ഗത്തിന്റെ രാജാവായ എന്റെ ശക്തിയില്‍ നിന്നും നേർപ്പിച്ച ശക്തികളും ഞങ്ങളുടേത് പോലുള്ള ഉന്നതമായ ചിന്താഗതികളും ആയിരിക്കും ആ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുക. പക്ഷേ മനുഷ്യന്റെയും അമ്ശം അവരില്‍ ഉള്ളത് ഒഴിവാക്കാൻ കഴിയുകയില്ല. പക്ഷേ നിന്റെ ആയുധമായ ആ പുത്രന്‍ ശക്തരിൽ ശക്തന്‍ ആയിരിക്കും. അതായിരുന്നു ചെകുത്താന്‍ രൗത്രിക റാണിയോട് പറഞ്ഞത്.” തിരുമേനി എന്നെ നോക്കി. ഞാൻ എന്റെ ശ്വാസം പിടിച്ചുകൊണ്ട് എല്ലാം കേള്‍ക്കുകയായിരുന്നു. “മെറോഹ്റിയസ് പറഞ്ഞത് പോലെ എല്ലാം സംഭവിച്ചു. അവൾക്ക് നാലാം മാസം ഇരട്ട കുട്ടികൾ ജനിച്ചു. പിന്നീട് അവരില്‍ നിന്നും ഒരു ആണ്‌ കുഞ്ഞ് ജനിച്ചു. മെറോഹ്റിയസ് പറഞ്ഞ് പോലെ രൗത്രിക റാണി എല്ലാം ചെയ്തു. അവൻ ലോകവേന്തൻ എന്ന് അറിയപ്പെട്ടു. അവന്‍ വളര്‍ന്ന് രൗത്രിക റാണിയുടെ പ്രതികാരം നിറവേറ്റാൻ പോയി. പക്ഷെ ലോകവേന്തൻ ആദ്യം മാന്ത്രികനുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. അന്നേരം കൊട്ടാരത്തില്‍ ഉണ്ടായിരുന്ന ഇരുപതോളം രണശൂരൻ മാരും സഹായത്തിന് വന്നെങ്കിലും, അതിൽ മാന്ത്രികനും മറ്റുള്ളവരും കൊല്ലപ്പെട്ടു. ആ ഏറ്റുമുട്ടലില്‍ ശക്തി ക്ഷയിച്ചു ലോകവേന്തന്നും മരണത്തിന്റെ വക്കോളം എത്തിയിരുന്നു. പക്ഷേ അവന്‍ രാജാവിന്റെ നെഞ്ച് പിളർത്തി ആ ജീവനുള്ള ഹൃദയത്തെ ഭക്ഷിച്ചു. അപ്പോഴാണ് മറ്റുള്ള രണശൂരൻ മാരും വന്നത്

. അമ്പതോളം ഉണ്ടായിരുന്ന അവരെ അപ്പോഴത്തെ ആ ശക്തി ക്ഷയിച്ച നിലയില്‍ എതിരേൽക്കാൻ കഴിയാതെ ലോകവേന്തൻ ആരണ്യ റാണിയേ അവിടെ നിന്നും തട്ടിയെടുത്ത് കൊണ്ട്‌ രക്ഷപെട്ടു. പിന്നെ ആരണ്യ റാണിക്ക് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല.” പിന്നെ കുറച്ച് നേരത്തേക്ക് അവർ രണ്ട് പേരും ഒന്നും പറഞ്ഞില്ല. “നമുക്ക് എന്തെങ്കിലും കുടിച്ചിട്ട് തുടരാം.” ഞാൻ പറഞ്ഞു. അവർ സന്തോഷത്തോടെ സമ്മതിച്ചു. ഓരോ ചുക്ക് കാപ്പി ഞങ്ങൾ കുടിച്ചു. അപ്പോൾ തിരുമേനി വേതചന്ത്രൻ മാന്ത്രികന്റെ പാരമ്പര്യത്തിന്റെ ആതി മുതൽ അവസാനം വരെയുള്ള മുഴുവന്‍ ചരിത്രവും എന്നോട് വിശദമായി പറഞ്ഞു. പിന്നെ അച്ഛനാണ് തുടങ്ങിയത്‌. “പിന്നീട് ലോകവേന്തന്നും രൗത്രിക റാണിക്കും ധാരാളം കുഞ്ഞുങ്ങൾ ഉണ്ടായി. എല്ലാ കുഞ്ഞുങ്ങള്‍ക്കും ജനനത്തില്‍ തന്നെ അവരുടെ ഇടത് നെഞ്ചില്‍ വാളിന്റെ ആകൃതിയിൽ ഒരു ജനന പാട് ഉണ്ടായിരുന്നു. ‘പ്രതികാരത്തിന്റെ ചിന്നം’ എന്നാണ് അറിയപ്പെടുന്നത്. വര്‍ഷങ്ങളോളം അവർ എവിടെയായിരുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അവന്റെ വംശം വളര്‍ന്നു. വർഷങ്ങൾ കഴിഞ്ഞ് ലോകവേന്തൻ രാജാവിന്റെ വംശത്തിന്റെ നാശം വിതയ്ക്കാന്‍ തുടങ്ങി. അത് കൂടാതെ ലോകവേന്തന്നും അവന്റെ സന്തതികളും പല ഇടത്തും നാശം വിതച്ചും മനുഷ്യരെയും നാടിനെയും അടിമ പെടുത്താൻ പല ശ്രമങ്ങളും നടത്തി. അങ്ങനെ കാലം കടന്ന് പോയി. നാലായിരം വര്‍ഷം മുമ്പാണ് ലോകവേന്തൻ ഇവിടെ ഈ പവിഴമല ഗ്രാമത്തിൽ വന്നത്. അന്ന് നമ്മുടെ ഈ കാട് ‘ചെകുത്താന്‍ വനം’ എന്നാണ് അറിയപ്പെട്ടത്. കാരണം, നമ്മുടെ ലോകത്ത് ഈ കാട്ടില്‍ മാത്രമാണ്‌ പലതരത്തിലുള്ള ശക്തികള്‍ ഉള്ളത്. അതുകൊണ്ട്‌ ഈ കാട്ടില്‍ നിന്നും ചെകുത്താന്റെ ലോകത്തേക്ക് പ്രവേശന മാര്‍ഗം എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ കഴിയും. അതുകൊണ്ടാണ് ലോകവേന്തൻ ഈ കാട്ടില്‍ വന്നത്. ചെകുത്താന്റെ ഒരു പട തന്നെ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു അവന്റെ വരവ്. പിന്നെ ചെകുത്താന്‍ മാരേ ലോകവേന്തൻ നമ്മുടെ ലോകത്ത് കൊണ്ട്‌ വരാൻ ശ്രമം തുടങ്ങി. അവന്റെ നീചമായ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവന്‍ കുഞ്ഞുങ്ങളെയും വലിയവരേയും ഒരു പോലെ തട്ടി കൊണ്ട്‌ പോകാനും ക്രൂരമായി കൊല്ലാനും തുടങ്ങി. അവനെ സേവിക്കാൻ കുറെ രാക്ഷസ ചെന്നായ്ക്കളും ഉണ്ട്. കാലങ്ങളോളം അവനെ തിരക്കി അലഞ്ഞ് തിരിഞ്ഞ രണശൂരൻ മാര്‍ അവസാനം ഇവന്റെ വാസസ്ഥലം അറിഞ്ഞ് ഇവിടെ വന്നു. അതിന്‌ ശേഷമാണ് അവർ ആ ചെകുത്താന്‍ മട സൃഷ്ടിച്ചത്. ഇവിടെ വന്നത് വെറും ഏഴു രണശൂരൻ മാർ ആയിരുന്നു. പക്ഷെ അവർ ഇവിടെ വരുന്നതിന് മുന്‍പ് നൂറ്റി എഴ് രണശൂരൻ മാർ ഒത്തു കൂടി ഒരു മാന്ത്രിക യാഗം ചെയ്ത് നൂറു പേരുടെ ശക്തി ഏഴു പേര്‍ക്ക് കൊടുത്തു. ആ ഏഴു പേരാണ് ഇവിടെ വന്നത്. അവരെ കൂടാതെ ഈ ഗ്രാമത്തെ സംരക്ഷിക്കാൻ ആ നൂറില്‍ നിന്നും രണ്ട് പേർ കൂടി അവർക്ക് ശേഷം വന്നു. ഒരു വന്‍ യുദ്ധത്തിലൂടേ ഈ ഏഴ് പേരും ചേർന്ന് ലോകവേന്തനെ എങ്ങനെയോ ബന്ധിച്ചു ചെകുത്താന്‍ മടയിൽ കൊണ്ട്‌ വന്നു. പക്ഷേ ആ ഏറ്റുമുട്ടലില്‍ ഒരാൾക്ക് മാരകമായ പരിക്കേറ്റു. പിന്നെ അവർ ഏഴ് പേരും ഒരുമിച്ച് ചെകുത്താന്‍ ലോകത്തേക്ക് ഒരു പ്രവേശന കവാടം സൃഷ്ടിച്ചു. അപ്പോഴേക്കും പിടിച്ച് നിൽക്കാൻ കഴിയാതെ ആ പരിക്കേറ്റ രണശൂരൻ മരിച്ചുപോയി. ലോകവേന്തനേ ആ കവാടത്തിലൂടേ അവർ തള്ളി പക്ഷേ ആ കവാടം പൂര്‍ണമായും അടയ്ക്കാന്‍ അവർക്ക് കഴിഞ്ഞില്ല. ആ ഒരാൾ കൂടി ഉണ്ടായിരുന്നെങ്കില്‍ അത് സാധ്യമായേനേ. ലോകവേന്തൻ അതിൽ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇന്നുവരെ അവന്ന് അത് കഴിഞ്ഞില്ല. കാലം കഴിയുന്തോറും ആ ആറ് രണശൂരൻ മാരുടെയും ശക്തി ക്ഷയിച്ചു വന്നു. ഇനിയും ഇവർക്ക് എത്ര നാള്‍, എത്ര കാലം

പിടിച്ചു നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ആ കവാടം അടച്ചില്ലെങ്കിൽ ലോകവേന്തൻ നമ്മുടെ ലോകത്ത് പിന്നെയും തിരിച്ച് വരും.” “അപ്പോ ആ രണശൂരൻ മാര്‍ ഇതുവരെ മരിച്ചില്ല എന്നാണോ നിങ്ങൾ പറയുന്നത്?” ഞാൻ ചോദിച്ചു. “ഇപ്പോഴും അവർ ജീവിക്കുന്നു. അവർ ഇപ്പോൾ ധ്യാന മയക്കത്തിലാണ്. അവരുടെ ശക്തി പെട്ടന്ന് ക്ഷയിച്ചു പോകാതിരിക്കാന്‍ അവർ കണ്ടുപിടിച്ച വഴിയാണ് അത്. പക്ഷേ ഇത്ര കാലത്തിനു ശേഷം അവരുടെ ആ ശക്തിക്ക് കൂടുതൽ നില നിൽക്കാൻ കഴിയില്ല. ആ കവാടം അടയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അതിൽ നിന്നും അവര്‍ക്ക് ഉണരാന്‍ കഴിയു. പക്ഷ അവരുടെ ശക്തി ക്ഷയിച്ചു കൊണ്ടെ പോകുന്നു. അവരുടെ ശക്തി പൂര്‍ണമായും ക്ഷയിച്ചാൽ പിന്നെ അവരുടെ മരണം സംഭവിക്കും. അവർ മരിച്ചാല്‍ ഇതുവരെ അടയാത്ത ആ കവാടം തുറക്കും. ലോകവേന്തൻ പിന്നെയും നമ്മുടെ ലോകത്ത് വരും, ആ കവാടത്തിലൂടെ അവന്‍ മാത്രം വരുമോ അതോ ചെകുത്താന്‍മാരുടെ പട തന്നെ വരുമോ എന്ന് അറിയില്ല. ഞങ്ങൾ….….” പെട്ടന്ന് അച്ഛന്റെ കണ്ണില്‍ പേടി മിന്നി മറഞ്ഞു. അദ്ദേഹത്തിന്റെ മുഖം വിളറി. അച്ഛൻ തിരുമേനിയെ നോക്കി. തിരുമേനി എന്റെ കൈയിൽ പേടിയോടെ നോക്കുകയായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല പെട്ടന്ന് അവർ രണ്ട് പേരും എന്റെ കണ്ണില്‍ നോക്കി. “നി ആരാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് അറിയാം.” അച്ഛൻ എന്റെ നേര്‍ക്ക് വെറുപ്പോടെ വിളിച്ച് കൂവി. “ഹേ ചെകുത്താന്റെ സന്തതിയേ ഈ ലോകത്തെ നശിപ്പിക്കാന്‍ വേണ്ടി ലോകവേന്തൻറ്റെ സന്തതിയായ നി ലോകവേന്തനെ അവന്റെ തടവറയില്‍ നിന്നും മോചിപ്പിക്കാൻ വേണ്ടി നി വന്നതാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി?” അതും പറഞ്ഞ് അച്ഛന്‍ ചാടി വന്ന് എന്റെ പുറകില്‍ നിന്നും എന്നെ ചുറ്റി പിടിച്ചു. ഞാൻ ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ച് ഇരുന്നു. “രുദ്രനന്തൻ! വേഗം ആവട്ടെ ഈ ചെകുത്താന്‍ രക്ഷപ്പെടും മുമ്പ്‌ നമുക്ക് ഇതിനെ നശിപ്പിക്കണം.” അതും പറഞ്ഞ് അച്ഛൻ എന്റെ പുറകില്‍ നിന്നും പിടി മുറുക്കി. എനിക്ക് വേണമെങ്കിൽ അച്ഛനെ നിസാരമായി തട്ടി തള്ളിയിടാൻ കഴിയുമായിരുന്നു. അവർ എന്നെ കളിപ്പിക്കുന്നു എന്ന് കരുതി ഞാൻ വെറുതെ ഇരുന്നു. പക്ഷേ തിരുമേനി ഒരു കഠാര ഉയർത്തി പിടിച്ചുകൊണ്ട് എന്റെ നേര്‍ക്ക് പാഞ്ഞ് വന്നു. അയാൾ എന്റെ കഴുത്തിന് നേരെ കഠാര പായിച്ചു. അപ്പോഴാണ് എനിക്ക് ഇത് തമാശയല്ല കാര്യമെന്ന് മനസ്സിലായത്. പെട്ടന്ന് ഞാൻ എന്റെ വലതു കൈ കൊണ്ട്‌ തിരുമേനിയുടെ കൈ തട്ടി മാറ്റി. അദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്ന കഠാര കൈയിൽ നിന്നും തെറിച്ച് ദൂരെ വീണു. എനിക്ക് ആശ്വാസം തോന്നി പക്ഷേ അച്ഛന്റെ കൈയിൽ വേറൊരു കഠാര ഉള്ളത് വൈകിയാണ് ഞാൻ കണ്ടത്. “നിങ്ങള്‍ക്ക് പ്രാന്ത് പിടിച്ചോ… എന്താണ് ഇതിന്റെ എല്ലാം അര്‍ത്ഥം?” എണീറ്റ് മാറാൻ ശ്രമിച്ചുകൊണ്ട് ദേഷ്യത്തോടെ ഞാൻ ചോദിച്ചു. “നരകത്തില്‍ തന്നെ തിരിച്ച് പോ ചെകുത്താനെ….” എന്നും പറഞ്ഞ്‌ അച്ഛൻ ആ കഠാര എന്റെ നെഞ്ചില്‍ ഹൃദയത്തിന്റെ മുകളില്‍ കുത്തി. പക്ഷേ കഠാര എന്റെ നെഞ്ചില്‍ തറച്ച് കേറാന്‍ തയ്യാറായില്ല. കഠാരയും അച്ഛനും രണ്ട് ദിക്കില്‍ തെറിച്ച് വീണു. പെട്ടന്ന് ഞാൻ എന്റെ കസേരയില്‍ നിന്നും ചാടി എണീറ്റു. എന്റെ നെഞ്ചില്‍ ഞാൻ തടവി നോക്കി. രക്തം, മുറിവ്, വേദന… അങ്ങനെ ഒന്നും ഇല്ല. അതിശയത്തോടെ ഞാൻ അവരെ നോക്കി. അവർ രണ്ട് പേരും എന്റെ നെഞ്ചില്‍ നോക്കി പിന്നേ രണ്ട് ദിക്കിലായി കിടക്കുന്ന അവരുടെ കഠാരയേ നോക്കി. “എന്താണ്‌ രുദ്രനന്തൻ ഇതിന്റെ അര്‍ത്ഥം, ഞാൻ വിചാരിക്കുന്നത് തന്നെയാണോ നിങ്ങളും ഇപ്പോൾ വിചാരിക്കുന്നത്….?” അച്ഛൻ മുഖം ചുളിച്ചു കൊണ്ട്‌ തിരുമേനിയോട് സംശയത്തോടെ ചോദിച്ചു. “ഇനിയും എന്നെ കൊല്ലാന്‍ ശ്രമിച്ചാൽ വികാരി എന്നോ തിരുമേനി എന്നോ ഞാ……” പെട്ടന്ന് എന്റെ വലത് കൈ തണ്ടയിൽ വൈദ്യുതി കടന്ന് പോയത് പോലെ ഒരു അനുഭവം ഉണ്ടായി. പിന്നെ കടുത്ത വേദന ഞാൻ തോന്നി. എനിക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ശ്വാസം വലിച്ച് വിട്ടു. അവരും ഒന്നും

മനസ്സിലാവാതെ എന്നെ നോക്കി. പെട്ടന്ന് തിളച്ച എണ്ണയില്‍ എന്റെ കൈ മുക്കി പിടിച്ചത് പോലെ എന്റെ കൈ പൊള്ളി. ഞാൻ നിലവിളിച്ച് കൊണ്ട്‌ എന്റെ കൈയും പിടിച്ചുകൊണ്ട് തറയില്‍ വീണു. അതോടെയാണ് വേദന കൂടി തുടങ്ങിയത്. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ചുറ്റി കൊണ്ട്‌ തുടർച്ചയായി എന്റെ കൈയിലും തലയിലും അടുക്കും പോലത്തെ വേദന അനുഭവപ്പെട്ടു. കുറെ നേരം ഞാൻ കടിച്ച് പിടിച്ചുകൊണ്ട് തറയില്‍ കമിഴ്ന്ന് കിടന്ന് വേദന കടിച്ചമർത്തി. പക്ഷേ എന്റെ കണ്ണില്‍ ഇരുട്ട് കേറാന്‍ തുടങ്ങി. എന്റെ തല ആരോ തല്ലി തകര്‍ത്ത പോലെ തോന്നി. എന്റെ ദേഹമാസകലം കത്തി എരിയുന്ന വേദന. ജീവനോടെ ആരോ എന്റെ തൊലി ഉരിച്ചെടുത്തത് പോലെ തോന്നി. പഴുപ്പിച്ച് ഉരുകിയ ഈയം എന്റെ ഞരമ്പുകളില്‍ ഓടുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ വായിൽ നിന്നും ഒരു അലര്‍ച്ച ഞാൻ കേട്ടു. ഞാൻ തറയില്‍ കിടന്ന് കുറെ നേരം പിടഞ്ഞു. പിന്നെ ഞാൻ അബോധാവസ്ഥയിലേക്ക് വഴുതി വീണു. എനിക്ക് ബോധം വന്നപ്പോൾ ഞാൻ കിടക്കുകയായിരുന്നു. എനിക്ക് തോന്നിയ ആദ്യ വികാരം ദേഷ്യം ആയിരുന്നു. എന്റെ കൈ കൊണ്ട്‌ ഞാൻ തടവി നോക്കി. എന്റെ ബെഡ് ആണെന്ന് തോനുന്നു. ഞാൻ പതിയെ കണ്ണ് തുറന്നു, പ്രകാശം എന്റെ കണ്ണില്‍ തുളച്ച് കേറി….. പെട്ടന്ന് ഞാൻ എന്റെ കണ്ണുകൾ അടക്കുകയും ചെയ്തു. “അപ്പോ അവർ എന്നെ കൊന്നില്ലേ?” ഞാൻ എന്നോട് തന്നെ ഉറക്കെ ചോദിച്ചു. ആരോ കസേരയില്‍ നിന്നും ചാടി എണീറ്റ ശബ്ദം കേട്ടു. “നിങ്ങളെ ആര് കൊല്ലണം? എന്തിന് കൊല്ലണം?” ഒരു സ്ത്രീ ശബ്ദം എന്നോട് ചോദിച്ചു. ഞാൻ ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ട്. പെട്ടന്ന് ഞാൻ ഓര്‍ത്തു. “രാധിക ചേച്ചി…..?” ഞാൻ പതിയെ കണ്ണ് തുറന്നു. കൃഷ്ണൻ ചേട്ടന്റെ ഭാര്യ, രാധിക ചേച്ചി, നടന്ന് എന്റെ അടുത്ത് വരുന്നത് ഞാൻ കണ്ടു. പിന്നെ റൂമിന്റെ പുറത്ത്‌ ആരോ ഉറക്കെ സംസാരിക്കുന്നതും ഞാൻ കേട്ടു. “പുറത്ത് ആരാ ഉറക്കെ സംസാരിക്കു…….” തൊണ്ട വരണ്ടുണങ്ങി ഇരുന്നത് കൊണ്ട്‌ സംസാരിക്കാന്‍ കഴിയാത്ത ഞാൻ കുറെ നേരം ചുമച്ചു. രാധിക ചേച്ചി ഒരു സെക്കന്റ് നേരത്തേക്ക് എന്നെ അതിശയത്തോടെ നോക്കി. എന്നിട്ട് ബാത്റൂമിൽ പോയി മഗ് എടുത്തുകൊണ്ട് വന്നിട്ട് എന്റെ മുഖത്തിന്‌ നേരെ പിടിച്ചതും ഞാൻ അതിൽ തുപ്പി. വെറും രക്തം ആയിരുന്നു. രാധിക ചേച്ചി പറഞ്ഞു, “നിങ്ങൾ ഉണരുന്നത് കണ്ടിട്ട് ഇപ്പോഴാണ് അരവിന്ദ് ഫോൺ ചെയ്യാൻ മൊബൈൽ എടുത്തുകൊണ്ട് പുറത്തേക്ക്‌ ഇറങ്ങി ഓടിയത്…. പക്ഷേ ആരെങ്കിലും സംസാരിച്ചതായി എനിക്ക് കേട്ടില്ലല്ലോ!” “എനിക്ക്…….” പെട്ടന്ന് ഞാൻ പിന്നെയും ചുമച്ചു. അത് കുറച്ച് നേരം തുടർന്നു. നിര്‍ത്താതെ ചുമച്ചു. രാധിക ചേച്ചി പിന്നെയും മഗ് എന്റെ മുഖത്തിന്‌ നേരെ പിടിച്ചു, ഞാൻ അതിൽ തുപ്പി. ഇപ്പോഴും വെറും ചോര മാത്രമാണ്‌ വന്നത്. പിന്നെ ചേച്ചി ഒരു സ്റ്റീല്‍ ഗ്ലാസ്സിൽ വെള്ളം തന്നു. “കുറേശെ കുടിച്ചാ മതി.” അവർ പറഞ്ഞു. എന്നിട്ട് മഗ് എടുത്തുകൊണ്ട് ബാത്റൂമിൽ പോയി. ഞാൻ കുറച്ച് കുടിച്ചു. എന്റെ ജീവൻ എനിക്ക് തിരിച്ച് കിട്ടിയത് പോലെ തോന്നി. കുറേശെ കുടിച്ച് അത് ഞാൻ തീര്‍ത്തു. അപ്പോഴേക്കും ചേച്ചി പുറത്ത്‌ വന്നു. “ഇനിയും വേണം….” അത്രയും പറഞ്ഞിട്ട് ഞാൻ പിന്നെയും ചുമച്ചു. ഇത്തവണ തൊണ്ട ചുരണ്ടിയത് പോലെ തോന്നിയില്ല. അതുകൊണ്ട്‌ രക്തം വന്നില്ല. ചേച്ചി എനിക്ക് പിന്നെയും വെള്ളം തന്നു. “ആ രണ്ട് പിശാചുക്കള്‍ എവിടെ?” ഞാൻ ചോദിച്ചു. “ആര്… ഏത് പിശാചുക്കള്‍…..?” രാധിക ചേച്ചി പേടിയോടെ ചുറ്റിലും നോക്കി. അവരുടെ മുഖം പെട്ടന്ന് വലിഞ്ഞ് മുറുകി. “ക്ഷമിക്കണം ചേച്ചി ഞാൻ അറിയാതെ എന്തെല്ലാമോ സംസാരിക്കുന്നു.” ഞാൻ

പറഞ്ഞു. രാധിക ചേച്ചിയുടെ മുഖം അയഞ്ഞു. അവർ പുഞ്ചിരിച്ചു. എനിക്ക് ഒരു ഗ്ലാസ്സ് വെള്ളം കൂടി അവർ തന്നു. പെട്ടന്ന് പുറത്ത് നിന്നും ധൃതിയിലുള്ള കാൽ പെരുമാറ്റം കേൾക്കാൻ തുടങ്ങി. എന്റെ റൂമിന്റെ വാതിലിൽ അത് നിലച്ചു. ഞാൻ അവിടേ നോക്കി. രാധിക ചേച്ചിയും നോക്കി. പെട്ടന്ന് എന്റെ മുഖത്ത് ചിരി പടർന്നു. “അവരെ കുറിച്ച് പറഞ്ഞതും ഉടനെ എത്തിയല്ലോ!” ഞാൻ പറഞ്ഞു. രാധിക ചേച്ചി എന്നെ നോക്കി. എന്നിട്ട് വാ പൊത്തി പിടിച്ച് ചിരിച്ചു. പെട്ടന്ന് നിര്‍ത്തുകയും ചെയ്തു. “ദൈവ ദോഷം പറയരുത് കുട്ടി….” ഞാൻ ഒന്നും പറഞ്ഞില്ല. “എന്നാൽ ഞാൻ പോകുന്നു റോബി, കുറച്ച് കഴിഞ്ഞ് ഭക്ഷണവുമായി ഞാൻ വരാം.” അതും പറഞ്ഞിട്ട് അവർ പുറത്തേക്ക് പോയി. നടയില്‍ നിന്നിരുന്ന അച്ഛനും തിരുമേനിയും റൂമിൽ കേറി വന്നു. “ഇപ്പൊ ഇങ്ങനെ ഉണ്ട്?” അച്ഛൻ ചോദിച്ചു. “കുറച്ച് മുമ്പ് നിങ്ങൾ എന്നെ കൊല്ലാന്‍ ശ്രമിച്ചു, എന്നിട്ടിപ്പോ സുഖ അന്വേഷണം നടത്തുന്നു. ഞാൻ ബോധം ഇല്ലാതെ കിടന്നപ്പോള്‍ എന്തുകൊണ്ട്‌ എന്നെ കൊന്നില്ല? പുണ്യ വസ്ത്രങ്ങളും ധരിച്ച് നടന്നാല്‍ പോര, അതിന്‌ തക്കതായ പ്രവര്‍ത്തി മാത്രം ചെയ്യണം.” “പരിഹാസം ആണെന്ന് അറിയാം.” തിരുമേനി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. അവരോട് ദേഷ്യത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ എനിക്ക് അതിന് കഴിഞ്ഞില്ല. അതുകൊണ്ട്‌ ഞാൻ ചോദിച്ചു, “എന്നെ കൊല്ലാന്‍ ശ്രമിച്ചവരേ ഞാൻ പിന്നെ പരിഹസിക്കാതേ എന്ത് ചെയ്യണം?” “കുഞ്ഞേ, നിനക്ക് മനസ്സിലാവാതെ കാര്യങ്ങൾ ഒരുപാടുണ്ട്.” അച്ഛൻ പറഞ്ഞു. എന്നിട്ട് അച്ഛൻ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, “നേരത്തെ നിന്റെ കൈയിൽ ഉണ്ടായിരുന്ന ആ വാളിന്റെ പാട്, അത് ജന്മനാലുള്ള അടയാളം ആയിരുന്നോ?” അതൊരു കുഴയ്ക്കുന്ന ചോദ്യമായിരുന്നു. ‘ആയിരുന്നോ’ എന്ന് ചോദിച്ചാൽ…… അപ്പോ ആ വാളിന്റെ പാട് ഇപ്പോൾ എന്റെ കൈയിൽ ഇല്ല എന്നാണോ അവർ പറഞ്ഞ്‌ വരുന്നത്? ഞാൻ പുതച്ചിരുന്ന ഷീറ്റ് എന്റെ കൈയിൽ നിന്നും ഞാൻ പതിയെ മാറ്റി. എന്റെ നോട്ടം എന്റെ കൈ തണ്ടയിൽ പതിഞ്ഞതും ഞാൻ ഞെട്ടി. കാരണം എന്റെ ബോധം പോകുന്നത് വരെ എന്റെ കൈ തണ്ടയിൽ പച്ച നിറത്തില്‍ ഉണ്ടായിരുന്ന വാളിന്റെ രൂപം അല്ല ഇപ്പോൾ ഉള്ളതിന്. മുമ്പ്‌ അത് വെറും വാളിന്റെ ഒരു ഔട്ട് ലൈൻ പോലെ മാത്രമാണ് കാണപ്പെട്ടത്. ഇപ്പോൾ ഉള്ളത് – നീളമുള്ള, ഇരുവശവും മൂര്‍ച്ചയുള്ള വാളിന്റെ പാട്ടാണ് എന്റെ കൈയിൽ കാണപ്പെട്ടത്. ഇത് എന്റെ കൈ തണ്ടയിൽ തുടങ്ങി കൈ മുട്ടിന്റെ മടക്ക് വരെ വ്യാപിച്ചിരിക്കുന്നു. പിടി മുതല്‍ മുന വരെ അതിന്റെ നടുവിലൂടെ ഒരു ചുമന്ന വരയും പിന്നെ സങ്കീര്‍ണമായ വരകളും ചിത്രങ്ങൾ പോലത്തെ അക്ഷരങ്ങളും അതിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എനിക്ക് അതിൽ നിന്നും നോട്ടം മാറ്റാന്‍ കഴിഞ്ഞില്ല. അത്രത്തോളം ആകര്‍ഷണം അതിന് ഉണ്ടായിരുന്നു. പൂർണത പ്രാപിച്ച വാളായി അത് മാറിയിരിക്കുന്നു. വാളിൽ ഉണ്ടായിരുന്ന ചിത്രകല പോലത്തെ അക്ഷരങ്ങള്‍ ഇതിന് മുമ്പ്‌ ഞാൻ കണ്ടിട്ടുണ്ട്. അത് എന്താണെന്നും അത് വായിക്കാനും എനിക്ക് അറിയാമായിരുന്നു. “നിന്റെ കൈയിൽ നേരത്തെ ഉണ്ടായിരുന്ന ആ വാളിന്റെ പാട് കണ്ടിട്ടാണ് ഞങ്ങൾ അത്തരത്തില്‍ പ്രതികരിച്ചത്. കാരണം, ലോകവേന്തൻ രൗത്രിക റാന്നി – അവരുടെ പാരമ്പര്യത്തില്‍ തലമുറകളായി ജനിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് നെഞ്ചില്‍ അത്തരത്തിലുള്ള പ്രതികാര ചിഹ്നം ഞങ്ങൾ കണ്ടിട്ടുള്ളത്.” “എന്റെയും നെഞ്ചില്‍ അങ്ങനത്തെ പാടുള്ളതായി നിങ്ങൾക്ക് അറിയാമോ, അതോ നിങ്ങൾ കണ്ടോ?” ഞാൻ ദേഷ്യത്തോടെ ചോദിച്ചു. “ഇല്ല” അച്ഛൻ നിരസത്തോടെ പറഞ്ഞു. “പക്ഷെ അവർക്ക് നെഞ്ചത്താണ് ആ പ്രതികാര ചിഹ്നം ഉള്ളത്. പക്ഷേ അതേ പ്രതികാര ചിഹ്നമാണ് നിന്റെ കൈ

തണ്ടയിൽ അപ്പോൾ ഞങ്ങൾ കണ്ടത്. അത് കണ്ടതും ഞങ്ങൾ പ്രതികരിച്ചു. ഞങ്ങൾ വിചാരിച്ചത് പോലെ നി ആ ചെകുത്താന്റെ സന്തതി ആയിരുന്നെങ്കില്‍ ഈ മാന്ത്രിക കഠാര കൊണ്ട്‌ നിന്നെ ഉപദ്രവിക്കാനും പിന്നെ ഒരു ഏറ്റുമുട്ടലിലുടെ നിന്നെ വകവരുത്തുകയും ചെയ്യുമായിരുന്നു.” “നിങ്ങളുടെ കഠാരക്ക് എന്നെ ഉപദ്രവിക്കാൻ കഴിഞ്ഞില്ല. …. അപ്പോ ഞാൻ ചെകുത്താന്റെ സന്തതി അല്ലെന്ന് ഇപ്പോഴെങ്കിലും ബോധ്യമായൊ?” ഞാൻ ചോദിച്ചു. അവർ രണ്ട് പേരും പരസ്പ്പരം നോക്കി. “ഇതിന് മുമ്പ്‌ ഇതുപോലത്തെ അനുഭവം ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ട്‌ ഞങ്ങൾക്ക് നിങ്ങളെ വിശ്വസിക്കാം എന്ന് കരുതുന്നു. അതുകൂടാതെ നിങ്ങളുടെ കൈയിലേ പ്രതികാര ചിഹ്നം മാറി നിങ്ങളുടെതായ പുതിയ ചിഹ്നം സൃഷ്ടിക്കപ്പെടിരിക്കുന്നു.” അവസാനത്തെ വാക്ക് തിരുമേനി തമാശ പോലെയാണ് പറഞ്ഞത്. സംശയത്തോടെ ഞാൻ അവരെ നോക്കിയ ശേഷം ഞാൻ എന്റെ കൈയിൽ നോക്കി. “നിന്റെ കൈയിൽ ആദ്യം ഞങ്ങൾ കണ്ട ആ അടയാളത്തിന് ലോകവേന്തൻറ്റെ പാരമ്പര്യത്തില്‍ ജനിച്ചവര്‍ക്ക് മാത്രമുള്ള പ്രതികാര ചിഹ്നത്തിൻറ്റെ അതേ തുല്യത ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ നിന്നെ ആക്രമിച്ച ശേഷമാണ് അതിന്‌ മാറ്റം സംഭവിച്ചത്. ജന്മനായുള്ള ഒരു അടയാളത്തിനു ഇതുപോലെ എങ്ങനെ പരിവര്‍ത്തനം സാദ്യമാണെന്ന് ഞങ്ങൾക്ക് പോലും മനസ്സിലാവുന്നില്ല!” തിരുമേനി നെറ്റി ചുഴിച്ചുകൊണ്ട് പറഞ്ഞു. “ഇതിനുമുമ്പ് ഇതുപോലെ സംഭവിച്ചതായി ഞങ്ങൾ കേട്ടിട്ട് പോലുമില്ല. ഇപ്പോൾ നിന്നില്‍ കാണുന്ന ആ അടയാളം അതിവിശിഷ്ട്മായ ഒരു കാഴ്ചയാണ്. എവിടെയോ കണ്ട് മറന്നത് പോലെ ഒരു തോന്നല്‍. ഞങ്ങൾ രണശൂരൻ മാർക്ക് ലഭിച്ചിരുന്ന വാളിന് പോലും ഇതിന്റെ സാമ്യതയില്ല. പക്ഷേ…..” പെട്ടന്ന് ഞാൻ ഇടക്ക് കേറി ഒരു ഞെട്ടലോടെ അച്ഛനോട് ചോദിച്ചു “നിങ്ങൾ രണ്ടുപേരും രണശൂരൻ എന്നാണോ അച്ഛൻ പറയുന്നത്?” വിശ്വസിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു. “അതേ. നൂറ് പേരില്‍ നിന്നും രണ്ട് പേർ ഇവിടെ വന്നുവെന്ന് ഞങ്ങൾ പറഞ്ഞല്ലോ…. ആ രണ്ട് പേർ ഈ ഞങ്ങൾ തന്നെയാണ്….” ഞാൻ പിന്നെയും ഇടക്ക് കേറി എന്തോ ചോദിക്കാൻ തുടങ്ങിയതും അച്ഛൻ കൈ ഉയർത്തി എന്നെ മിണ്ടാതിരിക്കാൻ എന്നപോലെ ആംഗ്യം കാണിച്ചു. ഞാൻ വാ അടച്ചതും അദേഹം തുടർന്നു. “നാലായിരം വർഷങ്ങൾക്ക് മുമ്പ്‌ ഞങ്ങൾ നൂറ്റി ഏഴു രണശൂരർ ഒരു മാന്ത്രിക യാഗം നടത്തി നൂറ് പേരുടെ ശക്തി എഴ് പേരിലേക്ക് സ്ഥാനാന്തരഗമനം ചെയ്ത് അവരെ ശക്തരാക്കി. എന്നിട്ട് ചെകുത്താന്‍ വനത്തില്‍ വെച്ച് ലോകവേന്തൻറ്റെ അന്ത്യം കുറിക്കാന്‍ അവരെ ഞങ്ങൾ യാത്രയാക്കി. ഈ യാഗം കഴിഞ്ഞപ്പോൾ ഞങ്ങൾ നൂറ് പേരുടെ ആത്മ ശക്തി ഏറെകുറെ പൂര്‍ണമായും നഷ്ടമായി കഴിഞ്ഞിരുന്നു. അതിൽ എന്നെയോ തിരുമേനിയെ പോലെയോ ശക്തരല്ലാത്ത അന്‍പത്തി ഒന്‍പത് രണശൂരർ മരണപ്പെട്ടു. പിന്നെ അവശേഷിച്ച ഞങ്ങൾ നാല്‍പത്തി ഒന്ന് പേരുടേയും മനസ്സ് ഉണര്‍ന്നിരുന്നു എങ്കിലും ഞങ്ങളുടെ ശരീരം ഇരുപത് വര്‍ഷ കാലം അബോധാവസ്ഥയിൽ ആയിരുന്നു. ഞങ്ങൾ രണശൂരൻ മാരായ എല്ലാവരുടെയും മനസ്സും ചങ്ങല കണ്ണി പോലെ കോര്‍ത്തിണക്കിയതായത് കൊണ്ട്‌ ഞങ്ങളുടെ അബോധാവസ്ഥയിൽ പോലും ചെകുത്താന്‍ മടയില്‍ നടക്കുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. ഞങ്ങൾ ഓരോരുത്തരും ഈ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആയിരുന്നാൽ പോലും ഞങ്ങൾക്ക് പരസ്പ്പരം മാനസികമായി ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ട്. അതുകൊണ്ട്‌ ചെകുത്താന്‍ മടയില്‍ എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് അറിവുണ്ടായിരുന്നു. പൂര്‍ണമായി ലോകവേന്തനെ ചെകുത്താന്റെ ലോകത്തേക്ക് തള്ളിക്കളയാനായില്ല എന്ന കാര്യം ഞങ്ങൾ അറിഞ്ഞു. അത് കൊണ്ട്‌ ഞങ്ങൾ നാല്‍പത്തി ഒന്ന് രണശൂരരും പല ദിക്കിലായി പിരിഞ്ഞ് ലോകത്തെ പൈശാചിക ശക്തികളില്‍ നിന്നും രക്ഷിക്കുന്ന കടമ ഇന്നുവരെ നിറവേറ്റി പോന്നു.” കുറച്ച് നേരത്തേക്ക് എല്ലാവരും അവരവരുടെ ചിന്തയില്‍ മുഴുകി. “അപ്പോ നിങ്ങൾക്ക് സ്വാഭാവിക മരണം ഇല്ല എന്നാണോ പറഞ്ഞ്‌ വരുന്നത്….”

അതായിരിക്കണം സത്യം എന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും ഞാൻ അവരോട് ചോദിച്ചു. “റോബി പറഞ്ഞത് ശെരിയാണ്.” അച്ഛൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇന്ന് ഇത്രയും മതി. ഞങ്ങൾക്ക് മരണം ഉണ്ടോ, കുട്ടികൾ ഉണ്ടോ എന്നുള്ളത് നമുക്ക് പിന്നെ ചർച്ച ചെയ്യാം. റോബി ഇന്ന് മുഴുവനും റസ്റ്റ് എടുത്തിട്ട് നിനക്ക് എപ്പോ കഴിയുമോ അന്നേരം നി ഞങ്ങളെ കാണാന്‍ വരണം. അന്ന് കൂടുതൽ കാര്യങ്ങൾ നമുക്ക് സംസാരിക്കാം. പിന്നെ നിന്റെ കൈയിൽ ആ കാണുന്ന ചിത്രങ്ങളുടെ ശൈലിയിലുള്ള അക്ഷരങ്ങള്‍ക്ക് പല ലക്ഷം വർഷങ്ങൾ പഴക്കമുണ്ട്. പണ്ട്‌ കാലത്ത് ജീവിച്ചിരുന്ന അതി ശക്തമാരായ മാന്ത്രികർ ഉപയോഗിച്ചിരുന്ന ഭാഷയാണ് അതെന്ന് തോനുന്നു. പക്ഷേ അര ലക്ഷം വർഷങ്ങൾക്ക് മുമ്പ്‌ ആ ഭാഷ നശിച്ചിരുന്നു. പിന്നെ അതുപോലെത്തെ ഇനിയും ഒരു ഭാഷാ കൂടിയുണ്ട്. നിന്റെ കൈയിൽ ഇപ്പോൾ കാണുന്നത് അത് രണ്ടില്‍ എന്താണെന്ന് ഉറപ്പിച്ച് പറയാന്‍ എനിക്ക് ചില പഠനങ്ങൾ നടത്തേണ്ടി വരും.” അച്ഛൻ അത്രയും പറഞ്ഞിട്ട് താടി തടവിക്കൊണ്ട് എന്തോ ചിന്തയില്‍ മുഴുകി. “അബോധാവസ്ഥയിൽ നിന്നും ഉണര്‍ന്നതല്ലേയുള്ളു നി കുറച്ച് റസ്റ്റ് എടുക്ക്. രാധിക ഇപ്പോൾ ആഹാരം കൊണ്ട്‌ വരും. പിന്നെ ഞങ്ങൾക്കും ഒരുപാട്‌ ജോലി ഉണ്ട്. നിനക്കും ഒരുപാട്‌ കാര്യങ്ങൾ നോക്കാൻ ഉണ്ടാകും.” തിരുമേനി പറഞ്ഞു. “എത്ര നേരം ഞാൻ ബോധമില്ലാതെ കിടന്നു?” ഞാൻ അവരോട് ചോദിച്ചു. അവർ രണ്ട് പേരും പരസ്പ്പരം നോക്കി. എന്നിട്ട് എന്റെ കണ്ണില്‍ നോക്കാതെ എന്റെ മൂക്കിലോ വായിലോ നോക്കി. “നാല്‍പത് മണിക്കൂർ.” അച്ഛന്‍ പറഞ്ഞു. ബെഡ്ഡിൽ കിടന്നുകൊണ്ട് പല്ലും ഉറുമി കൊണ്ട്‌ ഞാൻ അവരെ രൂക്ഷമായി നോക്കി. “എല്ലാം നിങ്ങൾ കാരണം…..” ഞാൻ പറഞ്ഞു. അവർ രണ്ടുപേരും വിഷമത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു. “അന്നേരം ഉചിതം എന്ന് തോന്നിയ കാര്യം ഞങ്ങൾ ചെയ്തു. റോബി ഞങ്ങളോട് ക്ഷമിക്കണം.” തിരുമേനി പറഞ്ഞു. എന്നിട്ട് അവർ രണ്ട് പേരും ഞാൻ കേള്‍ക്കില്ല എന്ന് കരുതി പതിയെ സംസാരിച്ച് കൊണ്ട്‌ പുറത്തേക്ക് നടന്ന് പോയി. എന്റെ മേലുള്ള സംശയം അവർക്ക് പൂര്‍ണമായും മാറിയില്ല എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അവർ പുറത്ത്‌ കാമ്പവണ്ട് ഗൈറ്റ് അടച്ചിട്ട് പോയ ശേഷവും കുറച്ച് നേരം കൂടി അവർ സംസാരിക്കുന്നത് എനിക്ക് കേട്ടു. പണ്ട്‌ മുതലേ എന്റെ കാഴ്ച ശക്തി കൂടുതൽ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇതാ കേള്‍വി ശക്തിയും കൂടി ഇരിക്കുന്നു….. അതോ ആദ്യം മുതലേ ഇങ്ങനെ തന്നെയാണോ എന്ന് എനിക്ക് അറിയില്ല. ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് ഞാൻ ബാത്റൂമിൽ പോയി ഞാൻ ഇട്ടിരുന്ന തുണിയും ബെഡ്ഡിൽ കിടന്ന ബെഡ് ഷീറ്റും കഴുകി ഇട്ടു. പിന്നെ ഒരുപാട്‌ നേരം ഷവരിൽ നിന്ന് കുളിച്ചു. പെട്ടന്ന് എന്റെ കൈയിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. ഞാൻ എന്റെ വലത് കൈയിൽ പന്ത്രണ്ട് ഇഞ്ച് നീളമുള്ള ഇരുതല വാളിൽ ഞാൻ സൂക്ഷ്മമായി നോക്കി. എന്റെ കൈ തണ്ടയിൽ തുടങ്ങി എന്റെ കൈ മടക്കും കഴിഞ്ഞ് കുറച്ച് കൂടി മുകളില്‍ വരെ അതിന്റെ വളര്‍ച്ച പ്രാപിച്ചിരുന്നു. അതിൽ ഉണ്ടായിരുന്ന ചിത്ര ഭാഷയില്‍ ഒരു മാറ്റവും ഇല്ല. വാളിന്റെ നടുവില്‍…. “ങേ…. ഇതെന്ത്…” ഞാൻ ഉറക്കെ പറഞ്ഞു. “ഞാൻ വന്നത് ഇപ്പോഴെങ്കിലും നി അറിഞ്ഞല്ലോ…. എത്ര നേരമായി ഞാൻ ഇവിടെ ഇരിക്കുന്നു. ഒന്ന് പുറത്തിറങ്ങി വാ റോബി? ചൂടോടെ കൊണ്ട്‌ വന്ന ഭക്ഷണം എല്ലാം ഇപ്പൊ തണുത്ത് പോകും.” പെട്ടന്ന് പുറത്ത് നിന്നും ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടി തെറിച്ചു. എന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങി എന്റെ ചെവിയില്‍ കേട്ടു. രാധിക ചേച്ചിയുടെ ശബ്ദം ആയിരുന്നു. കുറച്ച് നേരം ഞാൻ എന്റെ നെഞ്ചില്‍ അമർത്തി പിടിച്ചു. എന്റെ ചിന്ത ഇവിടെ ഇല്ലാത്തത് കൊണ്ടായിരിക്കും രാധിക ചേച്ചി വന്നത് ഞാൻ കേൾക്കാത്തത്. എന്റെ കൈയിൽ ഞാൻ പിന്നെയും

നോക്കി. കുറച്ച് മുമ്പ്‌ അച്ഛനും തിരുമേനിയും ഇവിടെ ഉണ്ടായിരുന്ന നേരത്ത് ഞാൻ എന്റെ കൈയിൽ നോക്കിയപ്പോൾ വാളിന്റെ നടുവിലൂടെ പിടി തൊട്ട് മുന വരെ ഒരു ചുമന്ന വര പോലെ ഓടി പോകുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആ ചുമന്ന നിറം മാറി എന്റെ കണ്ണിന്റെ നിറമായ ഇളം നീല നിറത്തില്‍ മാറി ഇരിക്കുന്നു. ഞാൻ എന്റെ തല കുലുക്കി. പിന്നെ ഒരു നെടുവീര്‍പ്പോടെ ഞാൻ വേഗം കുളിച്ചു. ടവ്വൽ അരയില്‍ ചുറ്റി കഴുകിയ തുണിയും ബെഡ് ഷീറ്റും എടുത്ത് കൊണ്ട്‌ കതക്‌ തുറക്കാന്‍ തുടങ്ങി. പെട്ടന്ന് ഞാൻ എന്റെ കൈ പിന്നിലേക്ക് വലിച്ചു. വെറും ടവ്വൽ മാത്രം ഉടുത്ത് കൊണ്ട്‌ പുറത്തേക്ക് എങ്ങനെ പോകും. രാധിക ചേച്ചി പുറത്തുണ്ട്. “ചേച്ചി…..” ഞാൻ ഉറക്കെ വിളിച്ചു. ആരും വിളി തന്നില്ല. ഞാൻ പതിയെ ഡോറ് തുറന്ന് നോക്കി. ആരെയും കണ്ടില്ല. ഞാൻ വേഗം പുറത്തിറങ്ങി ബെഡ്ഡിൽ എടുത്ത് വെച്ചിരുന്ന എന്റെ ഡ്രസ് എടുത്തിട്ടു. എന്നിട്ട് കഴുകിയതെല്ലാം എടുത്തുകൊണ്ട് പുറത്ത്‌ വന്നപ്പോൾ രാധിക ചേച്ചി ഹാളില്‍ ഇരിക്കുന്നു. എന്നെ കണ്ടതും അവർ ചിരിച്ചു. “അകത്ത് കേറി ഉറങ്ങി പോയോ?” ചിരിച്ചുകൊണ്ട് രാധിക ചേച്ചി ചോദിച്ചു. “ഇല്ല ചേച്ചി, ഞാൻ എന്തെല്ലാമോ ആലോചനയിലാണ്ട് പോയി. അതുകൊണ്ട്‌ നേരം പോയത് ഞാൻ അറിഞ്ഞില്ല.” പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ചേച്ചി എഴുനേറ്റ് എന്റെ കൈയിൽ നിന്നും ബക്കറ്റ് വാങ്ങി. “ഇത് ഞാൻ കൊണ്ട്‌ പോയ് ഉണങ്ങാൻ ഇടാം. ഇയാള്‍ പോയി കഴിക്കാൻ നോക്ക്.” “ചേച്ചി കഴിച്ചോ?” ഞാൻ ചോദിച്ചു. കഴിച്ചെന്ന് പറഞ്ഞിട്ട് ചേച്ചി വീടിന്റെ പുറത്ത് പോയി. ഞാൻ എന്റെ റൂമിൽ കേറി മേശപ്പുറത്ത് വെച്ചിരുന്ന ഭക്ഷണവും എടുത്തുകൊണ്ട് ഡൈനിംഗ് റൂമിൽ പോയി. ഞാൻ കഴിച്ച് തുടങ്ങിയതും ചേച്ചി അങ്ങോട്ട് വന്ന് എന്റെ എതിരെ ഇരുന്ന് ഞാൻ കഴിക്കുന്നതും നോക്കി ഇരുന്നു. ഞാൻ ഭക്ഷണം കഴിച്ചിട്ട് എനിക്ക് എടുക്കാന്‍ കഴിയുന്ന അത്രയും പാത്രങ്ങള്‍ എടുത്തുകൊണ്ട് എഴുന്നേറ്റു. അത് കണ്ടിട്ട് രാധിക ചേച്ചി വാത്സല്യം തുളുമ്പുന്ന കണ്ണുകൾ കാട്ടി ചിരിച്ചു. “ഇത്ര രുചിയുള്ള ഭക്ഷണം ഞാൻ ആദ്യമായിട്ടാണ് കഴിക്കുന്നത്.” എന്റെ പറച്ചില്‍ കേട്ട് രാധിക ചേച്ചി എന്നെ അതിശയത്തോടെ നോക്കി. “ഇത്ര രുചിയുള്ള ആഹാരം കഴിച്ചിട്ടില്ല എന്ന് പറഞ്ഞത് കള്ളം, കുഞ്ഞിലെ അമ്മമാര്‍ വാരി തരുന്ന ആഹാരത്തിന് അമൃതിൻറ്റെ സ്വാദാണ്. അതിന് ശേഷം പോലും അമ്മമാര്‍ തന്റെ കുട്ടികളുടെ ഇഷ്ടം അറിഞ്ഞാണ് ഉണ്ടാക്കുന്നത്…. അതുകൊണ്ട്‌ റോബി പറഞ്ഞത് ഞാൻ വിശ്വസിക്കില്ല.” അവർ ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞെങ്കിലും ചേച്ചിയുടെ കണ്ണില്‍ സന്തോഷം ഉണ്ടായിരുന്നു. ഞാൻ പുഞ്ചിരിച്ചുകൊണ്ട് മിണ്ടാതെ കിച്ചനിൽ പോയി. മേശ പുറത്ത് ഉണ്ടായിരുന്ന ബാക്കി പാത്രങ്ങളും എടുത്തുകൊണ്ട് ചേച്ചി പിന്നാലെ വന്നു. “ചെറുപ്പത്തിലേ റോബി എല്ലാ ജോലിയും സ്വയം ചെയ്ത്‌ ശീലിച്ചു എന്ന് തോന്നുന്നല്ലോ. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഇങ്ങനെയുള്ള കുട്ടികളോട് കൂടുതല്‍ ഇഷ്ടം തോന്നും.” രാധിക ചേച്ചി എന്നെ പതിയെ തള്ളി മാറ്റി കൊണ്ട്‌ എല്ലാ പാത്രങ്ങളും കഴുകി എടുത്തു. “ചേച്ചി ഇവിടെ എങ്ങനെയാ വന്നത്?” ഞാൻ ചോദിച്ചു. എനിക്ക് രാധിക ചേച്ചിയെ കണ്ടത് മുതലേ എന്തോ വല്ലാത്ത സ്നേഹം തോന്നിയിരുന്നു. ഒരു അമ്മയോട്… ഒരു സഹോദരിയോട്…. തോന്നുന്ന സ്നേഹം ആയിരുന്നു എനിക്ക് അവരോട് തോന്നിയത്. അന്ന് കൃഷ്ണൻ ചേട്ടൻ അവരുടെ വീട്ടില്‍ എന്നെ വിളിച്ച് കൊണ്ട്‌ പോയപ്പോഴെ എനിക്ക് രാധിക ചേച്ചിയെ ഇഷ്ടപ്പെട്ടിരുന്നു. ചിലപ്പോ എനിക്ക് ആരും ഇല്ലാത്തത് കൊണ്ടാവും. പിന്നെ എന്നെ കൂടുതൽ അതിശയിപ്പിച്ചത് എന്തെന്നാല്‍, എത്ര നേരം വേണമെങ്കിലും രാധിക ചേച്ചി എന്റെ കണ്ണില്‍ നോക്കി സംസാരിക്കുന്നു. ഇതിന് മുമ്പ് എന്റെ കൂട്ടുകാരന്‍ ശ്രവണ് മാത്രമാണ്‌ എന്റെ കണ്ണില്‍ നോക്കി സംസാരിച്ചിരുന്നത്. പക്ഷേ തുടക്കത്തിൽ അവന്നും എന്റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്ന എങ്കിലും പിന്നീട്‌ എപ്പോഴോ അത് മാറി. പക്ഷേ ഇവിടെ രാധിക ചേച്ചി ആദ്യം എന്നെ കണ്ടപ്പോള്‍ മുതലേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ എന്റെ കണ്ണില്‍ നോക്കി സംസാരിക്കുന്നു.

“അരവിന്ദ് ആണ് എന്നെ ഇവിടെ കൊണ്ടാക്കിയത്.” രാധിക ചേച്ചി പറഞ്ഞു.” “തിരിച്ച് എന്റെ വീട്ടില്‍ കൊണ്ട് വിടാൻ മൂന്നരക്ക് ഗബ്രിയേല്‍ അച്ഛന്റെ കുതിര വണ്ടി വരുമെന്നാണ് അരവിന്ദ് പറഞ്ഞത്. ഇപ്പോൾ മൂന്ന് മണി ആയില്ല, കുറച്ച് സമയം കൂടി ഉണ്ട്. മോളും കുഞ്ഞും വീട്ടില്‍ ഒറ്റക്കാണ്.” അതും പറഞ്ഞ് ചേച്ചി എന്റെ കണ്ണില്‍ നോക്കി. ഒരു അനുജനേ പോലെയാണ് ചേച്ചി എന്നെ നോക്കിയത്‌. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. രാധിക ചേച്ചി എന്നോട് പറഞ്ഞു, “പിന്നേ അച്ഛനും തിരുമേനിയും ഇവിടെ നടന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. എനിക്ക് റോബിയെ വിശ്വാസമാണ്. എനിക്ക് റോബിയെ പേടിയും ഇല്ല.” ഞാൻ പുഞ്ചിരിച്ചു. “ചേച്ചി വരൂ, ഞാൻ ചേച്ചിയെ വീട്ടില്‍ കൊണ്ട്‌ ആക്കാം.” കസേരയില്‍ നിന്നും എഴുനേറ്റ് കൊണ്ട്‌ ഞാൻ പറഞ്ഞു. “വേണ്ട റോബി, ഇന്ന് നി നല്ലപോലെ റെസ്റ്റ് എടുക്ക്. അച്ഛന്റെ കുശിനിക്കാരൻ കുതിര വണ്ടിയുമായി വരുമ്പോൾ ഞാൻ അതിൽ പോകാം.” ചേച്ചി പറഞ്ഞു. “അതൊന്നും സാരമില്ല, ചേച്ചി വരു. സൗമ്യ കുഞ്ഞിനെയും വെച്ച് ഒറ്റക്കല്ലേ ഉള്ളത്. ഞാൻ കൊണ്ട്‌ വിടാം.” എന്റെ മൊബൈൽ എടുത്ത് ഞാൻ അച്ഛന്റെ നമ്പറിൽ വിളിച്ച് കാര്യം പറഞ്ഞു. അച്ഛൻ സമ്മതിച്ചു. “കുറച്ച് നേരം കൂടി ഞാൻ ഇവിടെ ഇരിക്കാം. റോബിയോട് കുറച്ച് നേരം വെറുതെ സംസാരിച്ചിരിക്കാൻ തോനുന്നു.” ചെറു പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു. എന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം കണ്ടിട്ട് ചേച്ചി ചിരിച്ചു. കുറച്ച് നേരം അതുമിതും സംസാരിച്ച് സമയം പോയത് പോലും അറിഞ്ഞില്ല. നാലര കഴിഞ്ഞാണ് ഞങ്ങൾ രാധിക ചേച്ചിയെ വീട്ടിലേക്ക് പോയത്. അവരുടെ വീടിന്റെ അടുത്ത് വന്നതും ഞാൻ സ്ലോ ചെയ്തു. മുമ്പത്തെ പോലെ ആ വലിയ മരത്തിന്റെ ചുവട്ടില്‍ ഞാൻ നിർത്തി. വണ്ടിയുടെ ശബ്ദം കേട്ടിട്ട് സൗമ്യ പുറത്ത് വന്ന് എന്നെ നോക്കി കൈ പത്തി ആട്ടി കാണിച്ച് ചിരിച്ചു. ഞാനും ചിരിച്ചു. “റോബി വീട്ടില്‍ വരൂ, രാത്രി ഇവിടെ നിന്നും കഴിച്ചിട്ട് പോയാൽ മതി.” എന്നിട്ട് ചേച്ചി വിരലുകള്‍ കൊണ്ട് സ്വയം നെറ്റിയില്‍ കൊട്ടി കൊണ്ട്‌ പറഞ്ഞു, “ശ്ശോ….. ഞാൻ റോബിയുടെ വീട്ടില്‍ ഉള്ളവരെ കുറിച്ച് ചോദിക്കാൻ മറന്നു!” രാധിക ചേച്ചി വണ്ടിയില്‍ നിന്നും ഇറങ്ങിയ ശേഷം പറഞ്ഞു. “എനിക്ക് ആരും ഇല്ല ചേച്ചി, ഞാൻ അനാഥ മടത്തിലാണ് എന്റെ പതിമൂന്നാം വയസ്സ് വരെ വളര്‍ന്നത്. പിന്നെ ഞാൻ എന്റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങി. അത്രയും രുചിയുള്ള ആഹാരം കഴിച്ചിട്ടില്ല എന്ന് ഞാൻ നേരത്തെ പറഞ്ഞ് സത്യമാണ്. ഞാൻ പോകുന്നു ചേച്ചി.” പെട്ടന്ന് എന്റെ മനസില്‍ വല്ലാത്ത വിഷമം തോന്നി. ഒരു പുഞ്ചിരിയോടെ ഞാൻ വേഗം വണ്ടി വളച്ച് എടുത്ത് കൊണ്ട്‌ എന്റെ വീട്ടിലേക്ക് വിട്ടു. ഇത്രയും വര്‍ഷത്തില്‍ ഇന്നാണ് ആദ്യമായി സ്വന്തം എന്ന് പറയാൻ ആരും ഇല്ല എന്ന വേദന എനിക്ക് തോന്നിയത്. എന്ത് കൊണ്ടോ രാധിക ചേച്ചിയെ കണ്ടപ്പോള്‍ മുതലേ ഇവർ എന്റെ സ്വന്തം ചേച്ചി ആയിരുന്നെങ്കില്‍ എന്ന് എനിക്ക് ആശിച്ചിരുന്നു. എന്തോ പറയാൻ കഴിയാത്ത ഒരു അടുപ്പം എനിക്ക് തോന്നി. അവര്‍ക്കും എന്നോട് അതുപോലെ തന്നെയാണെന്ന് എനിക്ക് അറിയാം. ഒരു സഹോദരൻ എന്ന പോലെയാണ് അവർ എന്നെ നോക്കുന്നത്. അവരുടെ കണ്ണില്‍ ആ സ്നേഹം ആ വാത്സല്യം ഞാൻ തിരിച്ചറിഞ്ഞു. വിശപ്പ് ഇല്ലാത്തത് കൊണ്ട്‌ ഞാൻ രാത്രി ഒന്നും കഴിക്കാതെ ഉറങ്ങി. രാവിലെ വൈകിയാണ് ഓഫീസില്‍ എത്തിയത്. അവിടെ കൃഷ്ണൻ ചേട്ടനും വാണിയും മാത്രമാണ് ഉണ്ടായിരുന്നത്. എന്നെ കണ്ടതും അവർ വേഗം എഴുനേറ്റ് എന്റെ അടുത്ത് വന്നു. “ഇന്നലെ രാവിലെ ഞങ്ങൾ ഓഫീസില്‍ വരുന്ന വഴിക്ക് നിങ്ങളുടെ വീട്ടില്‍ വന്നിരുന്നു. പക്ഷേ സർ മയക്കത്തിൽ ആയിരുന്നു.” വാണി ഉത്കണ്ഠയോടെ പറഞ്ഞു. “ഇന്നും കൂടി റസ്റ്റ് എടുത്തിട്ട് തിങ്കളാഴ്ച വന്നാൽ മതിയായിരുന്നു സർ.” കൃഷ്ണൻ

ചേട്ടൻ പറഞ്ഞു. “എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.” ഞാൻ അവരോട് പറഞ്ഞു. അവർ രണ്ട് പേരുടെയും നോട്ടം എന്റെ കൈയിൽ ആയിരുന്നു. പക്ഷെ അതിനെ കുറിച്ച് ആരും ഒന്നും ചോദിച്ചില്ല. ഞാൻ ഒന്നും പറയാനും നിന്നില്ല. ഞാൻ എന്റെ ഓഫീസില്‍ കേറി. അവരും പുറകെ വന്നു. അവരോട് ഞാൻ ഇരിക്കാൻ പറഞ്ഞതും അവർ ഇരുന്നു. “അരവിന്ദ് ഫീല്‍ഡിൽ ആണോ?” ഞാൻ ചോദിച്ചു. “അതേ സർ, ഒരു ഉണക്ക മരം തന്നെ മുറിഞ്ഞ് ഒരു കാട്ടുപാതയിൽ വീണ് വഴി മുടക്കി കിടക്കുന്നു എന്ന് നമ്മുടെ ഫോറസ്റ്ററ് വിളിച്ച് പറഞ്ഞിരുന്നു. അത് ക്ലിയർ ചെയ്യാൻ അരവിന്ദ് മൂന്ന് ഫോറസ്റ്ററ് മാരേയും കൊണ്ട്‌ പോയിട്ടുണ്ട്.” കൃഷ്ണൻ ചേട്ടൻ വിസ്തരിച്ചു. “പിന്നേ സർ, നമ്മുടെ അധീനതയിലുള്ള തൊട്ടടുത്ത ഗ്രാമമായ ഗജവനം ഫോറസ്റ്റ് ഓഫീസില്‍ നിന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മൂര്‍ത്തി വിളിച്ചിരുന്നു. എന്തോ സീരിയസ് പ്രശ്നം ഉണ്ടെന്നും അത്യാവശ്യമായി സർ അവിടം വരെ ചെല്ലണം എന്നും അദ്ദേഹം റിക്വസ്റ്റ് ചെയ്തിരുന്നു.” വാണി പറഞ്ഞു. “ഞാൻ ഇന്നുതന്നെ അയാളെ കാണുമെന്ന് വാണി വിളിച്ച് പറയൂ.” ഞാൻ പറഞ്ഞു. പിന്നെ ഞങ്ങൾക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. എനിക്ക് ഒരുപാട്‌ ജോലി ഉണ്ടായിരുന്നു. ഓഫീസിലും, പിന്നെ കൃഷ്ണൻ ചേട്ടൻ വനത്തില്‍ കുറച്ച് സ്ഥലത്ത്‌ ഇൻസ്പെക്ഷൻ ചെയ്ത് അതിന്റെ റിപ്പോര്‍ട്ട് തന്നതിൽ എനിക്ക് നേരിട്ട് കണ്ട് നിര്‍ദേശം കൊടുക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട്‌ ഞാൻ അയാളെയും കൂടെ കൊണ്ട്‌ പോയി. ഞങ്ങൾക്ക് കുറെ കറങ്ങി തിരിയേണ്ടി വന്നു. ജോലി കഴിഞ്ഞ് ഞാൻ കൃഷ്ണൻ ചേട്ടനെ ഓഫീസിൽ കൊണ്ട്‌ വിട്ടു. അവിടെ അരവിന്ദ് ഉണ്ടായിരുന്നു. അഞ്ച് മിനിറ്റ് ഞങ്ങൾ സംസാരിച്ചു. പിന്നെ ഞാൻ പുറത്ത് വന്ന് എന്റെ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതും കൃഷ്ണൻ ചേട്ടൻ എന്നെ വിളിച്ചു. “സർ, നിങ്ങൾ ഒറ്റക്ക് പോകേണ്ട. മൂര്‍ത്തി ഒരു പഴഞ്ചൻ ആണ്. കമ്പ്യൂട്ടർ എന്തെന്ന് പോലും അറിയില്ല. എപ്പോഴും വാണിയാണ് അവിടെ പോയി എല്ലാ ഡോക്യുമെന്റ്സും സിസ്റ്റത്തില്‍ അപ്പ്ഡേറ്റ് ചെയ്യുന്നത്. അതുകൊണ്ട്‌ സർ അവളെയും കൂടെ കൊണ്ട്‌ പോണം.” അയാൾ പറഞ്ഞു തീരും മുമ്പ്‌ തന്നെ വാണി പുഞ്ചിരിച്ച് കൊണ്ട്‌ മുന്‍ സീറ്റില്‍ കേറി ഇരുന്നു. അവളുടെ ആ ചിരി കണ്ടിട്ട് എന്റെ ഉള്ളൊന്ന് പിടഞ്ഞു. അവളുടെ കണ്ണും അതിൽ കാണുന്ന എന്നോടുള്ള ബഹുമാനവും എന്നില്‍ നിന്നും മറച്ച് വെക്കാൻ ശ്രമിക്കുന്ന സ്നേഹവും എല്ലാം എന്നെ… എന്റെ മനസ്സിനെ ഏതോ ചെയുന്നത് പോലെ ഞാൻ അനുഭവപ്പെട്ടു. ഒരു സെക്കന്റ് ഞാൻ അവളുടെ ചുണ്ടില്‍ നോക്കി. പെട്ടന്ന് ഞാൻ തല വെട്ടി കുലുക്കി. എന്നിട്ട് കൃഷ്ണൻ ചേട്ടനെ നോക്കി. എനിക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ എന്റെ സഹായത്തിന് ആരെങ്കിലും ഉണ്ടാവണം എന്നും കരുതിയാണ് അയാൾ വാണിയേ എനിക്കൊപ്പം പറഞ്ഞ്‌ വിടുന്നത്. എന്ത് തന്നെയായാലും വാണി എന്റെ കൂടെ വരുന്നത്‌ എനിക്കും ഇഷ്ടമാണ്. “മിണ്ടാനും പറയാനും ഒരു കൂട്ട് നല്ലതാണ്.” അതും പറഞ്ഞ് ഞാൻ വണ്ടി ഗജവനം ഗ്രാമം ലക്ഷ്യമാക്കി വിട്ടു. “എന്താ വാണി, കുറെ നേരമായി ആ മുഖത്ത് ഒരു പുഞ്ചിരി കാണുന്നല്ലൊ?” ഒരു പുഞ്ചിരിയോടെ ഞാൻ ചോദിച്ചു. “ഒന്നുമില്ല സർ. കൃഷ്ണൻ ചേട്ടനെ വിചാരിച്ചപോ ചിരി വന്നു.” “എന്റെ കൂടെ വരാൻ വാണിയെ അയാൾ നിർബന്ധിച്ചൊ, അങ്ങനെയാണെങ്കില്‍ ഞാൻ വാണിയെ തിരികെ കൊണ്ട്‌ വിടാം.” വണ്ടി സ്ലോ ചെയ്ത് കൊണ്ട്‌ ഞാൻ പറഞ്ഞു. “അയ്യോ… വേണ്ട സർ…” വാണി വെപ്രാളത്തോടെ പറഞ്ഞു. എന്നിട്ട് അവളെയും അറിയാതെ വാണി വെപ്രാളത്തോടെ വേഗത്തിൽ സംസാരിക്കാൻ തുടങ്ങി

“എന്നെ തിരികെ കൊണ്ട്‌ വിടാൻ വേണ്ടിയല്ല ഞാൻ അങ്ങനെ പറഞ്ഞത്, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നിങ്ങളുടെ കൂടെ വരാൻ ആരും എന്നെ നിര്‍ബന്ധിക്കേണ്ട കാര്യമില്ല. ഞാൻ നിങ്ങളുടെ കൂടെ എവിടെ വേണമെങ്കിലും വരു……” പെട്ടന്ന് വാണി വാ പൊത്തി പിടിച്ചുകൊണ്ട് എന്റെ കണ്ണില്‍ പേടിയോടെ നോക്കി. “ക്ഷമിക്കണം സർ, ഞാൻ അറിയാതെ എന്തെല്ലാമോ പറഞ്ഞ് പോയി. ഒന്നും ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്…. സർ എന്നെ തെറ്റിദ്ധരിക്കരുത്.” വാണി ഒരു ഇടര്‍ച്ചയോടെ പറഞ്ഞു. ഒരു സെക്കന്റ് ഞാൻ അവളെ നോക്കി എന്നിട്ട് നേരെ നോക്കി വണ്ടി ഓടിച്ചു. എന്റെ ഹൃദയം പടപടാ അടിക്കുന്ന ശബ്ദം എന്റെ കാതില്‍ കേട്ടു. എന്റെ കാതും കണ്ണും പൊള്ളുന്നത് പോലെ തോന്നി. എന്റെ ഹൃദയമിടിപ്പ് അവൾക്ക് കേള്‍ക്കാതിരിക്കാന്‍‍‍ ഞാൻ എന്റെ ശ്വാസം പിടിച്ച് നിർത്തി. ഇതുവരെ അറിയാത്ത എന്തോ ഒരു പുതിയ അനുഭവം എന്റെ മനസില്‍ ഉണര്‍ന്നു. ഞാൻ പിന്നെയും അവളെ നോക്കി. വാണി നേരെ നോക്കി ഇരുന്നു. അവൾ പല്ല് കടിച്ച് ഇറുക്കി പിടിച്ചിരിക്കുമായിരുന്നു. അവളുടെ രണ്ട് മുഷ്ടിയും ചുരുട്ടി പിടിച്ചിരിക്കുന്നു. അവളുടെ കണ്ണില്‍ നനവ് ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ പിന്നെയും നേരെ നോക്കി വണ്ടി ഓടിച്ചു. അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ എങ്ങനത്തെ ഇഷ്ടം എന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ഒരു സഹോദരൻ എന്ന പോലെയോ….. അതോ ഫ്രണ്ട് പോലെയോ…. അതോ ആത്മാര്‍ത്ഥ പ്രേമം?. മൂന്നാമത്തേത് ആയിരുന്നെങ്കില്‍ എന്ന് ഞാൻ ആശിച്ചു. ഞാൻ ഇപ്പോൾ എന്തെങ്കിലും പറഞ്ഞ്‌ അവളെ കൂടുതൽ ടെന്‍ഷന്‍ ആക്കേണ്ട എന്ന് കരുതി ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു. എല്ലാറ്റിനും ഒരു സമയം ഉണ്ട്. “വാണി എന്താ ഇതുവരെ വിവാഹം കഴിക്കാതെ?” ഞാൻ ചോദിച്ചു. ‘ച്ചേ.. ഈ ചോദ്യം വേണ്ടായിരുന്നു’. ഞാൻ എന്നെ സ്വയം കുറ്റപ്പെടുത്തി. അവളുടെ മുഖത്ത് ഉണ്ടായിരുന്ന മുറുക്കം പതിയെ മാറി. അവളുടെ മുഷ്ടി പതിയെ നിവര്‍ന്നു. “അറിയില്ല സർ, എന്റെ മനസ്സിന് ഇണങ്ങി ആരെയും കാണാത്തത് കൊണ്ടാവും. അച്ഛനും അമ്മയും ആദ്യമൊക്കെ എന്നെ ശല്യം ചെയ്തിരുന്നു. ഒരുപാട്‌ ആളുകളും അവരവരുടെ മരുമകളായി സ്വീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്റെ വീട്ടില്‍ വന്ന് അച്ഛനോട് സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ എനിക്ക് താല്പര്യം ഇല്ലായിരുന്നു.” വാണി എന്നെ നോക്കാതെ പറഞ്ഞു. “ഇപ്പൊ ആരെങ്കിലും മനസില്‍ ഉണ്ടോ?” പ്രതീക്ഷയോടെ ഞാൻ ചോദിച്ചു. വാണി ആ ചോദ്യത്തിന്‌ മറുപടി ഒന്നും പറഞ്ഞില്ല. അവൾ നേരെ നോക്കി ഇരുന്നു. എന്റെ പ്രതീക്ഷ അതോടെ അസ്തമിച്ചു. ഞാൻ പിന്നെ മിണ്ടാതെ വണ്ടി ഓടിച്ചു. “സർ, എന്തിനാ അങ്ങനെ ചോദിച്ചത്?” അവളുടെ സ്വരത്തില്‍ ആകാംഷ ഉണ്ടായിരുന്നു. ഞാൻ വെറുതെ എന്റെ ചുമല്‍ കുലുക്കി കാണിച്ചു. കുറച്ച് നേരം ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു. “സർ എന്തുകൊണ്ട്‌ വിവാഹം കഴിച്ചില്ല?” വാണി ചോദിച്ചു. “ചിലപ്പോ വാണി പറഞ്ഞ അതേ ഉത്തരം ആയിരിക്കാം.” ഞാൻ പറഞ്ഞു. അത് കേട്ട് വാണി ചിരിച്ചു ഞാനും ചിരിച്ചു. “വാണിക്ക് യോജിച്ച പയ്യന്മാരെ വാണി ഇതുവരെ കണ്ടില്ല. പവിഴമല ഗ്രാമത്തിൽ വരുന്നതിന് മുമ്പ് വരെ എന്റെ മനസ്സിനെ ആകര്‍ഷിച്ച ഒരു പെണ്‍ കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല.” ഞാൻ പറഞ്ഞു. “അപ്പോ പവിഴമല ഗ്രാമത്തിൽ വന്നതിന് ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടു എന്നാണോ പറഞ്ഞ്‌ വരുന്നത്?” വാണി ചോദിച്ചു. “അതേ, പക്ഷേ ആ കുട്ടിക്ക് എന്നെ ഇഷ്ടമാണൊ എന്നൊന്നും എനിക്ക് അറിയില്ല.” ഞാൻ പറഞ്ഞു. “നിങ്ങളെ ആ കുട്ടിക്ക് ഇഷ്ടപ്പെടും.” ഒരു പുഞ്ചിരിയോടെ വാണി പറഞ്ഞു. വാണി പിന്നെയും എന്തോ പറയാൻ വന്നിട്ട് വിട്ടുകളഞ്ഞു. പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ചില ഇടത്ത് ഞെരുക്കം ഇല്ലാതെ വല്യ മരങ്ങളും ചെടി കൊടികളും കാണാം. അതിന്റെ ഇടയിലൂടെയുള്ള

വഴിയിലൂടെയും ചെറിയ കുന്നുകളും ഇടുങ്ങിയ വഴികളിലൂടെയും ജീപ്പ് കടന്ന് പോയി. ഈ ഇരുള്‍വനത്തിൻറ്റെ മുഴുവന്‍ ചുമതലയും എനിക്കാണ് ഉള്ളത്. ഇരുള്‍വനത്തിൻറ്റെ പ്രധാന ഗ്രാമമാണ് പവിഴമല ഗ്രാമം. ഗ്രാമം എന്ന് പറഞ്ഞാലും ഇരുപത്തി അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമാണ്. ഇതുകൂടാതെ പിന്നെയും രണ്ട് ഗ്രാമങ്ങള്‍ കൂടി ഇരുള്‍വനത്തിൻറ്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നു. ഗജവനം ഗ്രാമം – പവിഴമല ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ നിന്നും വടക്ക് നോക്കി മുപ്പത് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പിന്നെയുള്ളത് പാലക്കുന്ന് ഗ്രാമം — അത് പവിഴമല ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ നിന്നും കിഴക്ക് നോക്കി പത്തൊന്‍പത് കിലോമീറ്റര്‍ അകലെയാണ്. അത് രണ്ടും പവിഴമല ഗ്രാമത്തിന്റെ പകുതി മാത്രമേയുള്ളൂ. പിന്നെ ആ രണ്ട് ഗ്രാമത്തിന്റെ കൂടി ചുമതല എന്റേതാണ്. ഈ മൂന്ന് ഗ്രാമങ്ങളും വനത്തിന്റെ അതിര്‍ത്തിയില്‍ തന്നെ അഞ്ചോ ആറോ കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്. സഹോദരി ഗ്രാമങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ മൂന്ന് ഗ്രാമത്തില്‍ തന്നെ എല്ലാത്തരം കൃഷികളും ചെയ്യപ്പെടുന്നു. ചില്ലറ സാധനങ്ങൾ വാങ്ങാൻ മാത്രമാണ് അങ്ങ് അകലെയുള്ള സിറ്റിയില്‍ വ്യാപാരികള്‍ പോയി വരുന്നത്. മൂന്ന് ഗ്രാമങ്ങളും പരസ്പരം സഹകരണത്തോടെ കഴിഞ്ഞ് പോകുന്നു. ഞാൻ ഗജവനം ഗ്രാമ അതിര്‍ത്തിയില്‍ ഉള്ള ഫോറസ്റ്റ് ഓഫീസിൻറ്റെ മുന്നിൽ വണ്ടി കൊണ്ട്‌ നിർത്തി. അവിടെ ഡിപ്പാര്‍ട്ട്മെന്റ്റിൻറ്റെ രണ്ട് ജീപ്പ് ഉണ്ടായിരുന്നു. പിന്നെ ഒരു കുതിര വണ്ടിയും ഉണ്ടായിരുന്നു. ഞാൻ അറിഞ്ഞിടത്തോളം ഡിപ്പാര്‍ട്ട്മെന്റ്റിന് സ്വന്തമായി കുതിര വണ്ടി ഇല്ല. ഓഫീസ് ബിൽഡിംഗ് പവിഴമല ഗ്രാമത്തിൽ ഉള്ളതിൻറ്റെ അത്ര വലിപ്പം ഇല്ലെങ്കിലും ആവശ്യമുള്ള എല്ലാ സംവിധാനങ്ങളും ഉള്ള ഓഫീസ് ബിൽഡിംഗ് ആയിരുന്നു. ഞാനും വാണിയും ജീപ്പിൽ നിന്നും ഇറങ്ങി ബിൽഡിംഗിൻറ്റെ അകത്ത് കേറി എന്റെ ഓഫീസ് മുറി ലക്ഷ്യമാക്കി നടന്നു. മൂര്‍ത്തി ചേട്ടന്റെ ഓഫീസ് മുറിക്ക് അടുത്ത് വന്നതും ഉറക്കെയുള്ള ശബ്ദം കേട്ട് ഞാൻ നിന്നു. വാണിയും എന്റെ അടുത്ത് നിന്നു. അവളുടെ മുഖത്ത് ഭയം ഉണ്ടായിരുന്നു. “……ഈ ബിൽഡിംഗ് കത്തിച്ച് കളയുന്നതാണ് നല്ലത്. നിങ്ങളും അതിൽ എരിഞ്ഞ് തീർന്നാൽ നന്നായിരുന്നു. ഉടനെ ഞാൻ തന്നെ അത് ചെയ്യേണ്ടി വരും. ഞങ്ങൾ സഹോദരി ഗ്രാമങ്ങള്‍ക്ക് നിങ്ങൾ ആവശ്യമില്ല. മര്യാദയ്ക്ക് രണ്ട് ദിവസത്തില്‍ ഞങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കണം. ഇതുവരെ ഞങ്ങൾക്ക് ഉണ്ടായ എല്ലാ നഷ്ടത്തിനും നഷ്ട പരിഹാരം നല്‍കണം. അത് നിങ്ങളുടെ കൈയില്‍ നിന്ന് തന്നാലും കൊള്ളാം നിങ്ങളുടെ ഒന്നിനും കൊള്ളാത്ത ഡിപ്പാര്‍ട്ട്മെന്റ് തന്നാലും കൊള്ളാം. അതുകൂടാതെ ഇനി ഞങ്ങൾക്ക് ഒരു നഷ്ടവും വരാതെ നോക്കണം. അങ്ങനെ വന്നാല്‍ അതിന്റെ നാലിരട്ടി നഷ്ടം ഇവിടെ ഞാൻ വരുത്തും, മനസ്സിലായോ നിനക്ക്? വെറും രണ്ട് ദിവസം നിനക്ക് ഞാൻ സമയം തരുന്നു മൂര്‍ത്തി. അതിന് മുമ്പ് ഒരു തീരുമാനം എടുത്തിലെങ്കിൽ ഞാൻ നിന്റെ വീട്ടില്‍ കേറി വരും. അത് നിന്റെയും നിന്റെ കുടുംബത്തിന്റെയും നാശത്തിനു വേണ്ടിയാകും. അത് കഴിഞ്ഞ് ഇവിടെയുള്ള ഓരോ ഓഫീസർ മാരുടെയും വീടിനെയും വീട്ടില്‍ ഉള്ളവരെയും കത്തിക്കും. മറ്റുള്ള രണ്ട് ഗ്രാമത്തിലും ഇത് തന്നെ സംഭവിക്കും.” മൂര്‍ത്തി ചേട്ടന്റെ ഓഫീസ് മുറിയില്‍ നിന്നുമാണ് ഉറക്കെ ദേഷ്യത്തില്‍ ഉള്ള ആ സംസാരം ഞാൻ കേട്ടത്. ഈ സംസ്കാരം ഇല്ലാത്ത സംസാരവും ഭീഷണിയും കേട്ട് എന്റെ രക്തം തിളച്ചു. ഒരു കടുവയെ പോലെ ഞാൻ മൂര്‍ത്തി ചേട്ടന്റെ ഓഫീസില്‍ പാഞ്ഞ് കേറി അവിടെ ഉണ്ടായിരുന്ന ആളുകളെ നോക്കി. അവിടെ മൂര്‍ത്തി ചേട്ടനും വേറെയും യൂണിഫോം ധരിച്ച മൂന് പേര്‌ കൂടി വിളറിയ മുഖത്തോടെ നില്ക്കുകയായിരുന്നു. അന്‍പത് വയസ്സ് കഴിഞ്ഞ, നല്ല വസ്ത്രധാരണം ചെയ്തിരുന്ന ഒരാൾ കസേരയില്‍ ഇരിക്കുന്നു. അയാളാണ് രോഷാകുലനായി ഇത്രയും നേരം സംസാരിച്ചത് എന്ന് മനസ്സിലായി. അയാളെ കൂടാതെ വേറെയും ഗ്രാമ നിവാസികള്‍ നാല് പേര്‍ കൂടി

അവിടെ ഉണ്ടായിരുന്നു. ഗജവനം ഗ്രാമ നിവാസികള്‍ ആണെന്ന് മനസ്സിലായി. പക്ഷേ അവരുടെ മുഖത്ത് നിസ്സഹായാവസ്ഥ ഞാൻ കണ്ടു. കസേരയില്‍ ഇരിക്കുന്ന ആളെ അവരെല്ലാവരും തുറിച്ച് നോക്കുകയായിരുന്നു. എന്റെ പ്രവേശനം അവിടെ നിശബ്ദത സൃഷ്ടിച്ചു. എന്നെ കണ്ടതും മൂര്‍ത്തി ചേട്ടന്റെ മുഖത്ത് ആശ്വാസം ഞാൻ കണ്ടു. മറ്റുള്ള ഓഫീസർ മാരും ദീര്‍ഘ ശ്വാസം ഉതിർത്തു. കസേരയില്‍ ഇരിക്കുന്ന ആള്‍ എന്നെ കണ്ടെങ്കിലും അയാൾ കാലിന്റെ മുകളില്‍ കാലും വെച്ച് അങ്ങനെതന്നെ ഇരുന്ന് ഗൌരവത്തോടെ എന്നെ നോക്കി. ആ മുഖത്ത് ഗർവ് ഉണ്ടായിരുന്നു. എന്റെ ദേഷ്യം പതിന്മടങ്ങ് വര്‍ധിച്ചു. എന്റെ നെഞ്ചില്‍ നിന്നും ക്രോധം നുരഞ്ഞ് പൊങ്ങി, എന്റെ തലയില്‍ രക്തം ഇരച്ചുകയറി. എന്റെ കണ്ണ് ആളി കത്തി. ഞാൻ അയാളുടെ കണ്ണില്‍ വെറുപ്പോടെ തറപ്പിച്ച് നോക്കി. എന്റെ ഉള്ളില്‍ നിന്നും ഏതോ ഒരു ശക്തി അയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് പോലത്തെ ഒരു തോന്നല്‍ എനിക്കുണ്ടായി. അപ്പോഴാണ് അത് സംഭവിച്ചത്. പെട്ടന്നാണ് അയാളുടെ ഉള്‍ മനസ്സില്‍ എന്റെ സാനിത്യം പ്രത്യക്ഷപ്പെട്ടത്. എന്റെ ഉള്‍ മനസില്‍ പല കാഴ്ചകളാണ് തെളിഞ്ഞത്. അവിടെ പല നിറത്തിലുള്ള ചെറിയ പ്രകാശ സ്രോതസ്സുകളെ എന്റെ മന കണ്ണില്‍ ഞാൻ കണ്ടു. അതെല്ലാം അയാളുടെ പല തരത്തിലുള്ള വികാരങ്ങള്‍ ആയിരുന്നു. അതിൽ ഒരു ചെറിയ ഗോളം മാത്രം തൂവെള്ള നിറത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ പ്രകാശിച്ചു. അതായിരുന്നു അയാളുടെ ജീവനെ നില നിര്‍ത്തുന്ന പ്രധാന ശക്തി എന്ന് എനിക്ക് മനസ്സിലായി. എനിക്ക് അയാളെ പൂര്‍ണമായും നിയന്ത്രിക്കാൻ കഴിയുമെന്നും എനിക്ക് അറിയാൻ കഴിഞ്ഞു. അയാളുടെ പല ചിന്താഗതികളും ഒളിഞ്ഞ് കിടക്കുന്ന രഹസ്യങ്ങളും എനിക്ക് അറിയാൻ കഴിഞ്ഞു. അയാളുടെ ചിന്താഗതി മറ്റ് പലരുടെയും ചിന്താഗതികളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ചങ്ങല കണ്ണികള്‍ പോലെയാണ് അവരുടെ ചിന്തകൾ ഒരുമിച്ച് യോജിപ്പിച്ചിരുന്നത്. അവയില്‍ നിന്നും എനിക്ക് ചിലതെല്ലാം മനസിലാക്കാന്‍ കഴിഞ്ഞു. ഞാൻ ശെരിക്കും ഞെട്ടുകയാണ് ചെയ്തത്. കാരണം അയാളുടെ രഹസ്യം മാത്രമല്ല പലരുടെയും കാര്യങ്ങളാണ് ആ കോർത്തിണക്കിയ ചിന്തകള്‍ വഴി ഞാൻ അറിഞ്ഞത്. പല ചരിത്രങ്ങളും ജീവനു തുല്യം കാക്കേണ്ട രഹസ്യങ്ങളുമാണ് എനിക്ക് അയാളിലൂടെ അറിയാൻ കഴിഞ്ഞത്. അയാൾ ഇപ്പോൾ ഇവിടെ ഈ ഓഫീസില്‍ വരാനുള്ള കാരണവും ഞാൻ അറിഞ്ഞു. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ ജീവിതത്തിൽ പല വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളാണ് നടന്നത്. ഇപ്പോൾ ഇവിടെ നടക്കുന്നത് അതിന്റെ ഉന്നതങ്ങളില്‍ നില്‍ക്കുന്നു. പെട്ടന്ന് എന്റെ മുഖത്ത് ചിരി വിടര്‍ന്നു. എന്നോട് കളിക്കുന്നതിന്റെ അനന്തരഫലം എന്തായിരിക്കും എന്ന് വെറും കീടമായ നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം. എല്ലാവരെയും ദ്രോഹിക്കണം എന്ന ചിന്തയാണ് പെട്ടന്ന് എന്റെ മനസില്‍ ഉണ്ടായത്. ആ ചിന്തയില്‍ എനിക്ക് സന്തോഷവും തൃപ്തിയും ഉണ്ടായിരുന്നു. ‘നമുക്ക് എല്ലാവരെയും ദ്രോഹിക്കണം, എല്ലാവരെയും അടിമകള്‍ ആക്കി കാല്‍ കീഴില്‍ കൊണ്ട്‌ വരണം.’ എന്റെ മനസില്‍ ആരോ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി, എന്നാല്‍ ഇയാളിൽ നിന്ന് തന്നെ തുടങ്ങാം. ഉടനെ ഞാൻ അയാളുടെ ജീവൻ നിലനിര്‍ത്തുന്ന ശക്തിയായ ആ തൂവെള്ള ഗോളത്തെ എന്റെ അദൃശ്യ കൈ കൊണ്ട്‌ പിടിച്ച് ഞാൻ പതിയെ മുറുക്കി. പെട്ടന്ന് കസേരയില്‍ ഇരുന്ന ആള്‍ ഉറക്കെ കരഞ്ഞ് കൊണ്ട് നെഞ്ചില്‍ പിടിച്ചുകൊണ്ട് തറയില്‍ വീണു. എന്റെ പിടി ഞാൻ കൂടുതൽ മുറുക്കി. അയാള്‍ അലറി വിളിച്ചുകൊണ്ട് തറയിൽ കിടന്ന് മരണ വെപ്രാളം കാണിക്കാൻ തുടങ്ങി. ഒരു സെക്കന്റ് നേരത്തേക്ക് എനിക്ക് അത് സന്തോഷം നല്‍കി. പെട്ടന്നാണ് എന്റെ ഉള്ള് പിടഞ്ഞത്. ഞാൻ ചെയ്തത് തെറ്റാണ് എന്ന ബോധം അപ്പോഴാണ് എനിക്ക് ഉണ്ടായത്. പെട്ടന്ന് ഞാൻ ചെയ്ത കാര്യം ഓര്‍ത്ത് ഞാൻ വിറച്ച് പോയി. ഞാൻ ലജ്ജിച്ച് പോയി. ‘എന്താണ് ഞാൻ ചെയ്തത്!!’ ഒരു ഞെട്ടലോടെ ഞാൻ എന്റെ ദേഷ്യം അടക്കി. ആ ഗോളത്തെ പിടിച്ച് ഒന്ന് കൂടി ഞെരിക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു, പക്ഷേ ആ ആഗ്രഹത്തെ ഞാൻ എങ്ങനെയോ ബുദ്ധിമുട്ടി അടക്കി കൊണ്ട്‌ എന്റെ അദൃശ്യമായ കരത്തിൽ നിന്നും ആ ഗോളതെ സ്വതന്ത്രമാക്കി.

പെട്ടന്ന് അയാളുടെ കരച്ചില്‍ നിന്നു. അയാൾ തലയും നെഞ്ചും പിടിച്ചുകൊണ്ട് തറയില്‍ കിടന്ന് വിറച്ചു. ഒറ്റ സെക്കന്റ് കൊണ്ടാണ് എല്ലാം തുടങ്ങി അവസാനിച്ചത്. അയാള്‍ക്ക് പെട്ടന്ന് എന്താണ്‌ സംഭവിച്ചത് എന്ന് മനസ്സിലാവാതെ അവിടെ ഉണ്ടായിരുന്ന എല്ലാവരും വായും പൊളിച്ച് നിന്നു. അവർ എന്നെ പേടിയോടെ നോക്കി എന്നിട്ട് തറയില്‍ കിടക്കുന്ന ആളെയും നോക്കി. ഞാൻ കുനിഞ്ഞ് എന്റെ ഒരു കൈ കൊണ്ട്‌ അയാളെ പിടിച്ച് ഉയർത്തി പിന്നെയും കസേരയില്‍ ഇരുത്തി. പട്ടിയെ പോലെ കിതച്ചു കൊണ്ട്‌ കസേരയില്‍ ചാരി ഇരുന്നിട്ട് അയാൾ എന്നെ പേടിയോടെ നോക്കി.. എനിക്ക് അയാളോട് സഹതാപം തോന്നിയില്ല. എന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നു. അത് കണ്ട് അയാളുടെ മുഖം വിളറി വെളുത്തു. ഞാൻ പൊട്ടിച്ചിരിച്ചു. അയാളുടെ പേടിയും വേദനയും എനിക്ക് ഒരു ഹരം പോലെ തോന്നി. ഞാൻ അയാളുടെ കണ്ണില്‍ തറപ്പിച്ചു നോക്കി. പെട്ടന്ന് എന്റെ കൈയിൽ ആരോ പിടിച്ചു. ആ സ്പര്‍ശം ഒരു സാന്ത്വനം പോലെ തോന്നി. ആ കൈയിൽ നിന്നും എന്തോ ശക്തി എന്നിലേക്ക് ഒഴുകി വരുന്നത് പോലെ തോന്നി. സ്നേഹവും സന്തോഷവും എന്നിലേക്ക് ഒഴുകിയെത്തി. എന്റെ കോപം ഞാൻ എന്റെ ഉള്ളിന്റെയുള്ളില്‍ അടിച്ചമർത്തി. അപ്പോഴാണ് ഞാൻ എന്റെ പഴയ നിലയിലേക്ക് തിരിച്ച് വരാൻ തുടങ്ങിയത്. അവിടെ ഉണ്ടായിരുന്ന എല്ലാവരും അപ്പോഴും എന്നെ പേടിയോടെ നോക്കുകയായിരുന്നു. ഞാൻ അവരുടെ കണ്ണില്‍ നോക്കിയതും അവരെല്ലാം നോട്ടം മാറ്റി. എനിക്ക് സാന്ത്വനം നല്‍ക്കുന്ന ആ കൈയിൽ ഞാൻ നോക്കി, വാണിയായിരുന്നു എന്റെ കൈയിൽ പിടിച്ചിരുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. അവളുടെ സാമീപ്യം എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ക്രോധത്തെ അടക്കി. എന്റെ മനസ്സ് ശാന്തമായ നിലയിലേക്ക് തിരിച്ച് വന്നു. ഞാൻ കസേരയില്‍ ഇരിക്കുന്ന ആളെ പിന്നെയും നോക്കി. അയാൾ പെട്ടന്ന് ചാടി എഴുനേറ്റ് നിന്നു. അയാൾ പേടിയോടെ എന്നെ നോക്കി. “സർ…. ഞാൻ….. ഞാൻ സർ…. പിന്നെ….” അയാൾ വിക്കി വിക്കി പേടിയോടെ എന്തോ പറയാൻ ശ്രമിച്ചു. എല്ലാവരും അമ്പരപ്പോടെ അയാളെ നോക്കി. നാല് ഗ്രാമ നിവാസികളും എന്തോ രഹസ്യമായി പിറുപിറുത്തു. “അഡോണിയാസ്….” ഞാൻ അയാളുടെ പേര് പറഞ്ഞ് വിളിച്ചു. ഒരു ഞെട്ടലോടെ അയാൾ എന്നെ നോക്കി. മറ്റുള്ളവർ സംഭ്രമ്മത്തോടെ എന്നെ നോക്കി. “സർ…. എന്റെ…. എന്റെ…… ഈ പേര്…. ഈ പേര് നിങ്ങൾക്ക് എങ്ങനെ അറിയാം എന്റെ അച്ഛനും അമ്മയും എനിക്ക് ആ പേരാണ് ഇട്ടത്, പക്ഷേ എന്നെ അഡോണി എന്നാണ് വിളിച്ചിരുന്നത്. എന്നെ എല്ലാവരും അറിയുന്നതും ആ പേരിലാണ്. നിങ്ങൾ…. നിങ്ങൾക്ക് എങ്ങനെ……..” പേടിയോടെയും അതിശയത്തോടെയും അയാൾ ചോദിച്ചു. അതൊന്നും കാര്യമാക്കാതെ ഞാൻ പറഞ്ഞു, “നിങ്ങൾ അറിയപ്പെടുന്നത് അഡോണി എന്ന പേരിലുടെ ആയിരിക്കാം…. ഗ്രാമമുവ്യൻ മാരിൽ നിങ്ങളും ഒരാൾ ആയിരിക്കാം. പക്ഷെ വെറുതെ പോലും മറ്റുള്ളവരെ ഭീഷണി പെടുത്താനും, മറ്റുള്ളവരോട് ബഹുമാനം ഇല്ലാതെ സംസാരിക്കാനും പാടില്ലായിരുന്നു. നിങ്ങളുടെ മനസില്‍ അങ്ങനത്തെ ചിന്ത ഇല്ലെങ്കില്‍ പോലും അങ്ങനെയെല്ലാം മൊഴിഞ്ഞത് തെറ്റ് തന്നെയാണ്.” ഞാൻ കോപത്തോടെ പറഞ്ഞു. “സർ….. ഞങ്ങൾ…. ഞാൻ ദേഷ്യത്തില്‍……..” അയാളെ ഞാൻ സംസാരിക്കാൻ അനുവദിച്ചില്ല. “എന്ത് ന്യായീകരണങ്ങള്‍ നിങ്ങൾ ഇവിടെ പറഞ്ഞാലും അത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.” അയാളുടെ കണ്ണില്‍ നോക്കി ഞാൻ ദേഷ്യത്തില്‍ പറഞ്ഞു. അയാൾ പെട്ടന്ന് തല താഴ്ത്തി നിന്നു. “ഒരു ഉന്നത നിലയില്‍ ഉത്തരവാദിത്വം വഹിക്കുന്ന നിങ്ങൾ ചെയ്തത്

ശരിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്റെ ദേഷ്യം അടക്കി കൊണ്ട്‌ ഞാൻ അയാളോട് ചോദിച്ചു. “ഇല്ല സർ……. പക്ഷേ….. പക്ഷേ ഗ്രാമത്തിൽ ഞങ്ങൾക്ക് പ്രശ്‌…..” “എനിക്കറിയാം നിങ്ങളുടെ പ്രശ്നം. എന്നാല്‍ പോലും നിങ്ങളുടെ ഈ പെരുമാറ്റം തെറ്റ് തന്നെയാണ്.” മറ്റുള്ള ഗ്രാമ നിവാസികളെ ഞാൻ നോക്കി. അവർ പേടിയോടെ എന്റെ മുഖത്ത് നോക്കാതെ നിന്നു. അവരോട് ഞാൻ പറഞ്ഞു, “കുറെ വര്‍ഷങ്ങളായി പാതിരാത്രി കഴിഞ്ഞാൽ രാക്ഷസ ചെന്നായ്ക്കള്‍ ഗ്രാമത്തില്‍ കേറി വളർത്ത് പ്രാണികളെയും മനുഷ്യരെയും വേട്ടയാടി കൊന്നും പിന്നെ ജീവനോടെ വലിച്ചിഴച്ച് കൊണ്ട്‌ പോയും ഈ ഗ്രാമത്തെ മുഴുവനും ഭീതിയിലാഴ്ത്തി യിരിക്കുന്നു….. ഓല മേഞ്ഞ വീട് പൊളിച്ചും ഓടിട്ട വീട്ടില്‍ ഓട് തകർത്തു അകത്ത് കേറി മനുഷ്യരെ കൊല്ലുകയും ചെയ്തിരുന്നു. അതിൽ എനിക്കും ദുഃഖം ഉണ്ട്. പക്ഷെ അതിന്റെ ഉത്തരവാദികൾ ഇവരാണെന്ന് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.” മൂര്‍ത്തി ചേട്ടനും മറ്റുള്ള ഓഫീസർ മാരെയും ചൂണ്ടിക്കാട്ടി കൊണ്ട്‌ ഞാൻ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന സാധാരണ പൗരനിൽ നിന്നും ഒരാൾ പറഞ്ഞു, “സർ, ഞാൻ… ഞങ്ങൾ ഇവിടെ പ്രശ്നം ഉണ്ടാക്കാൻ വേണ്ടിയല്ല വന്നത്. പക്ഷേ ഗ്രാമ തലവന്‍…. ദേഷ്യത്തില്‍….. എന്തെല്ലാമോ….. സാധാരണയായി അദേഹം ആരോടും ഇതുവരെ ഇങ്ങനെ സംസാരിച്ചിട്ടില്ല…….. അയാൾ അങ്ങനെ ഒന്നും സംസാരിക്കാന്‍ പാടില്ലായിരുന്നു സർ…. അത് ഞങ്ങള്‍ക്കും അറിയാം. അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ ക്ഷമ ചോദിക്കുന്നു.” “എന്താ നിങ്ങളുടെ പേര്?” ഞാൻ പുഞ്ചിരിച്ച് കൊണ്ട്‌ ചോദിച്ചു. എന്റെ മുഖത്ത് പുഞ്ചിരി കണ്ടത് കൊണ്ടാവണം ഓഫീസിൽ ഉള്ള എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്ന പിരിമുറുക്കം ഒന്ന് അയഞ്ഞു. “സർ എന്റെ പേര് ഭാനു?” അയാളും പുഞ്ചിരിയോടെ പറഞ്ഞു. “അതൊരു സ്ത്രീ പേരല്ലേ?” ഞാൻ ചോദിച്ചു. എന്റെ മുഖത്ത് കൂടുതൽ ചിരി പടർന്നു. എല്ലാവരുടെയും മുഖത്ത് ആശ്വാസം പടർന്നു. ഭാനു ചിരിച്ചു. എല്ലാവരും അതുതന്നെയാണ് പറയുന്നത്. “അതുപോട്ടെ ഭാനു. നിങ്ങളുടെ ഈ രാക്ഷസ ചെന്നായ പ്രശ്നത്തിനു ഒരു പരിഹാരം വേണമെങ്കിൽ നിങ്ങൾ ഗ്രാമ വാസികളും ഫോറസ്റ്റ് ഓഫീസര്‍മാരും ഒത്തൊരുമയോടെ പ്രവർത്തിക്കണം.” ഭാനുവിനോട് ഞാൻ പറഞ്ഞു. “അല്ലാതെ ഇവിടെ വന്ന് ഭീഷണി പറയുകയല്ല ചെയ്യേണ്ടത്.” ഞാൻ അഡോണിയെ നോക്കി പറഞ്ഞു. ഉടനെ അയാൾ തല താഴ്ത്തി. “സർ, ഞങ്ങളുടെ ഗ്രാമത്തിലുള്ള ഏകദേശം എല്ലാവരും ഈ രാക്ഷസ ചെന്നായ്ക്കളെ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു മനുഷ്യനും ഉണ്ട്. അയാൾ ചെന്നായ് മനുഷ്യന്‍ ആണെന്നാണ് എല്ലാവരും കരുതുന്നത്. മറ്റുള്ളവരുടെ മനസില്‍ കടന്ന് കൂടി പലരെയും പ്രലോഭിപ്പിച്ച് കൊണ്ട്‌ പോകാൻ ആ ചെന്നായ് മനുഷ്യന്‍ ശ്രമിച്ചിട്ടുണ്ട്. അതിൽ വീഴാത്ത ആളുകളെ ചെന്നായ്ക്കള്‍ കൊല്ലുന്നു. ആ ചെന്നായ് മനുഷ്യന്‍മാരെ ആ ചെകുത്താന്‍ സൃഷ്ടിച്ചു എന്നാണ് എല്ലാവരുടെയും വിശ്വസം.” ഭാനു വിറച്ച് കൊണ്ട്‌ പറഞ്ഞു. അപ്പോഴും വാണി എന്റെ കൈയിൽ പിടിച്ചിരിക്കുമായിരുന്നു. പേടി കാരണം വാണി എന്റെ കൈയിൽ മുറുക്കി പിടിച്ചു. ഞാൻ അവളുടെ കൈയിൽ നോക്കുന്നത് കണ്ടിട്ട് വാണി അവളുടെ കൈ പെട്ടന്ന് മാറ്റി. എനിക്ക് എന്തോ ഒരു നഷ്ടബോധം തോന്നി. “പത്ത് മിനിറ്റ് കഴിഞ്ഞ് എനിക്ക് എന്റെ എല്ലാ ഓഫീസർ മാരോടും സംസാരിക്കണം. മറ്റുള്ളവര്‍ക്ക് ഇവിടെ തന്നെ ഇരിക്കാം.” അതും പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി എന്റെ ഓഫീസ് മുറിയില്‍ കേറി. പെട്ടന്ന് എന്റെ ശരീരമാകെ വിയർത്തൊഴുകി. പിശാചുക്കള്‍, ചെകുത്താന്‍, മാന്ത്രികന്‍ എല്ലാം ഈ ലോകത്ത് ഉണ്ടെന്ന് പണ്ട്‌ മുതലേ ഒരു തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. ചില സംശയങ്ങളും അനുഭവങ്ങളും അനുമാനങ്ങളും എനിക്ക് ഉണ്ടായിരുന്നു. പക്ഷേ പവിഴമല ഗ്രാമത്തിൽ ഞാൻ വന്നതിന് ശേഷം എനിക്ക് ഉണ്ടായ അനുഭവങ്ങൾ അതെല്ലാം ഉറപ്പിച്ചു. അടുത്ത ആളുകളുടെ മനസില്‍ കേറി അവരുടെ മനസ്സ് വായിക്കുക…. അവരെ നിയന്ത്രിക്കുക….. അവരെ കൊല്ലാന്‍ പോലും എനിക്ക് കഴിയും എന്ന്

ഓർക്കുംപോൾ എനിക്ക് എന്റെ ഉള്ളില്‍ പേടി വളരാൻ തുടങ്ങി. എന്റെ കൈയും കാലും വിറച്ചു. കുറച്ച് മുമ്പ്‌ വരെ ഉണ്ടായിരുന്ന എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയി. പവിഴമല ഗ്രാമത്തിൽ വെച്ച് ഈ ചെന്നായ്ക്കളുടെ കഥ ഞാൻ കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ അഡോണിയുടെ മനസില്‍ നിന്നും പിന്നെ ഭാനുവിൻറ്റെ വായിൽ നിന്നുമാണ് ഇപ്പോൾ ഞാൻ കൂടുതൽ കാര്യം മനസ്സിലാക്കിയത്. ‘ചെന്നായ മനുഷ്യര്‍……’ ഞാൻ ദീര്‍ഘമായി നിശ്വസിച്ചു. “സർ….!” തുറന്ന് കിടന്ന എന്റെ ഓഫീസ് വാതിലിൽ ആരോ ശക്തമായി മുട്ടി എന്നെ വിളിക്കുന്നത് കെട്ട് ഞാൻ അങ്ങോട്ട് നോക്കി. ഞാൻ ഒരു പ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു എന്ന് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. എന്റെ നടത്തം നിര്‍ത്തി ഞാൻ അവർ ഓരോരുത്തരുടെയും മുഖത്ത് നോക്കി. വാണി ഒഴികെ മറ്റുള്ളവർ നോട്ടം മാറ്റി. എല്ലാ മുഖത്തും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. “ഒരുപാട്‌ നേരം ഞങ്ങൾ വാതിലിൽ മുട്ടിയിട്ടും സർ പ്രതികരിക്കാത്തത് കൊണ്ടാണ് ഇത്ര ശക്തിയോടെ ഞാൻ ഡോറിൽ തട്ടിയത്.” വാണി പറഞ്ഞു. “കയറി വരൂ.” എന്റെ മേശക്ക് മറുപുറത്ത് ഉള്ള കസേരക്കടുത്ത് പോയി നിന്നിട്ട് ഞാൻ അവരോട് പറഞ്ഞു. എല്ലാവരും അകത്ത് വന്ന് എന്റെ മേശക്ക് മുന്നില്‍ നിന്നു. എല്ലാവരോടും ഇരിക്കാൻ ഞാൻ ആംഗ്യം കാണിച്ചു. എല്ലാവരും ഇരുന്നു. ഞാനും ഇരുന്നു. ഞാൻ കുറച്ച് നേരം അവർ എല്ലാവരെയും മാറി മാറി നോക്കി. പെട്ടന്ന് അവർ എല്ലാവരുടെയും മുഖത്ത് ടെന്‍ഷന്‍ പടര്‍ന്ന് പിടിക്കാൻ തുടങ്ങി. “എത്ര ചെന്നായ്ക്കളാണ് ഒരുമിച്ച് വന്നിരുന്നത്?” ഞാൻ ചോദിച്ചു. “സർ, എപ്പോഴും പതിനൊന്ന് രാക്ഷസ ചെന്നായ്ക്കളും ഒരു മനുഷ്യനുമാണ് വരുന്നത്. ഈ ചെന്നായ്ക്കള്‍ക്ക് പൂര്‍ണ വളർച്ച പ്രാപിച്ച കഴുതയുടെ ഉയരം ഉണ്ടാവും.” മൂര്‍ത്തി ചേട്ടൻ പറഞ്ഞു. “സർ….” മൂര്‍ത്തി ചെറിയ വൈമനസ്യത്തൊടെ വിളിച്ചു. ഞാൻ അയാളെ നോക്കി “നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?” ഞാൻ അയാളോട് ചോദിച്ചു. “പിന്നേ ഇവിടെയുള്ള നിങ്ങൾ എല്ലാവർക്കും എന്നോട് തുറന്ന മനസ്സോടെ സംസാരിക്കാം.” എല്ലാവരോടുമായി ഞാൻ പറഞ്ഞു. “അഡോണി സർ അത്ര മോശപ്പെട്ട വ്യക്തിയല്ല. ഈ നശിച്ച ചെന്നായ്ക്കള്‍ കാരണം കുറച്ച് വര്‍ഷങ്ങളായി ഈ ഗ്രാമം മുഴുവനും വേദന അനുഭവിക്കുന്നു. ഈ ചെന്നായ്ക്കള്‍ കാരണം ഒരുപാട്‌ നാശ നഷ്ടമാണ് ഒരുപാട് പേര്‍ക്ക് ഉണ്ടായത്, പിന്നെ ഇരുട്ടി കഴിഞ്ഞാൽ പുറത്ത്‌ ഇറങ്ങാനുള്ള പേടിയും. ചിലപ്പോൾ അത് കാരണം ആയിരിക്കും അയാൾ അങ്ങനെ പെരുമാറിയത് എന്ന് തോനുന്നു. സർ വിചാരിക്കും പോലെ അയാൾ ആര്‍ക്കും ഒരു ഭീഷണിയല്ല സർ.” മൂര്‍ത്തി എന്റെ കൈയിൽ തെളിഞ്ഞ് കാണപ്പെട്ട ആ വാൾ രൂപം നിരീക്ഷിച്ച് കൊണ്ട്‌ പറഞ്ഞു. “അയാൾ എന്തുകൊണ്ട്‌ അങ്ങനെ പെരുമാറി എന്നുള്ള കാരണം എനിക്ക് ശെരിക്കും അറിയാം.” ഞാൻ മറുപടി പറഞ്ഞു. “ചെന്നായ്ക്കളുടെ കാര്യത്തിൽ നിങ്ങളോ ഗ്രാമ വാസികളൊ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടൊ?” ഞാൻ ചോദിച്ചു. “ഇല്ല സർ, എന്ത് ചെയ്യണമെന്ന് ഞങ്ങൾ ആര്‍ക്കും അറിയില്ല. പല തവണ അഡോണി സർ നയങ്ങളോടും ഗ്രാമത്തിൽ ഉള്ളവരോടും അയാള്‍ക്കൊപ്പം ചെന്നായ്ക്കളെ എതിർത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. പക്ഷേ പേടി കാരണം ആരും അനുസരിച്ചില്ല.” മൂര്‍ത്തി ചേട്ടൻ നിസ്സഹായതയോടെ പറഞ്ഞു. “ഇരുൾവനം കാട് ഭയങ്കരമായ അപകടം പിടിച്ച കാടാണ് സർ.” പിന്നെ കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല. ഞാൻ എല്ലാവരെയും നോക്കി. എല്ലാ മുഖത്തും പല തരത്തിലുള്ള വികാരങ്ങള്‍ ആയിരുന്നു. “അത്ര അപകടം പിടിച്ചത് കൊണ്ട് തന്നെയാണ് എത്ര റാങ്ക് കുറഞ്ഞ ഓഫീസർ മാരായാൽ പോലും ഇരുള്‍വനം റേഞ്ചില്‍ ജോലി ചെയ്യുന്ന എല്ലാവർക്കും ഡിപ്പാര്‍ട്ട്മെന്റ് നിര്‍ബന്ധമായും ആയുധ പരിശീലനം നല്‍കി കഴിഞ്ഞ ശേഷം മാത്രമാണ് ഈ ഇരുൾവനം റേഞ്ചില്‍ പോസ്റ്റിങ് കൊടുത്തിട്ടുള്ളത്. അത് പോലെ ഈ മൂന്ന് ഗ്രാമത്തിൽ ഉള്ള നമ്മുടെ ഫോറസ്റ്റ് ഓഫീസ്കളിലും ആവശ്യമുള്ള ആയുധങ്ങളും അനുവദിച്ച് തന്നിട്ടുണ്ട്.” ഞാൻ പറഞ്ഞു. “ശെരിയാണ് സർ, പക്ഷേ റേഞ്ച് ഫോറസ്റ്റ് ഓഫീസരുടെ അനുമതി ഇല്ലാതെ അത് ഉപയോഗിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതുവരെ നിങ്ങൾക്ക് മുമ്പ്‌ ഉണ്ടായിരുന്ന എല്ലാ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരിൽ ആരും ആ

അനുവാദം ഞങ്ങൾക്ക് തന്നിട്ട് പോലുമില്ല. തോക്ക് സർവീസ് ചെയ്യാനുള്ള അധികാരം മാത്രമാണ് ഞങ്ങൾക്ക് ഉള്ളത്. ഇപ്പോൾ സർ പറയു, ഞങ്ങൾ എന്താണ്‌ ചെയ്യേണ്ടത്?” മൂര്‍ത്തി ചേട്ടൻ ആകാംഷയോടെ ചോദിച്ചു. അയാൾ പറഞ്ഞത് ശെരിയാണ്. ഇരുൾവനം കാടിനെ കുറിച്ച് പല അപകടകരമായ അഭിപ്രായങ്ങളാണ് ഡിപ്പാര്‍ട്ട്മെന്റിൽ ഉള്ളത്. അതുകൊണ്ട്‌ തന്നെയാണ് ഇവിടെ ഇരുൾവനം കാടിന്റെ കാര്യത്തിൽ മാത്രം സ്പെഷ്യൽ നിയമം ഉള്ളത്. ഇവിടെ മൂന് ഗ്രാമത്തിൽ ഉള്ള മൂന്ന് ഓഫീസിലും ധാരളം ആയുധങ്ങൾ ഉണ്ട്. അതെല്ലാം എന്റെ നിയന്ത്രണത്തിലാണ്. സാഹചര്യം അനുസരിച്ച് എനിക്ക് പ്രവർത്തിക്കാനുള്ള എല്ലാ അധികാരവും എനിക്ക് ഡിപ്പാര്‍ട്ട്മെന്റ് തന്നിട്ടുണ്ട്. പിന്നീട് അതിനെ ന്യായീകരിച്ച് അതിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിൽ സബ്മിറ്റ് ചെയ്യണം. ആ റിപ്പോര്‍ട്ട് മുകളില്‍ ഉള്ളവര്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ എനിക്കെതിരെ നിയമ നടപടി ഉണ്ടാകും. ഞാൻ ഓരോ മുഖത്തും നോക്കി. എല്ലാ മുഖത്തും കൌതുകവും, സന്തോഷവും, പിന്നെ ഇത്രയും നാള്‍ അവർ നേരിട്ട പ്രശ്നത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും, അവർക്ക് നടന്ന അന്യായത്തെ ശെരി ചെയ്യാൻ കഴിയും എന്ന പ്രതീക്ഷ അവരില്‍ നിന്നും എനിക്ക് കാണാന്‍ കഴിഞ്ഞു. അവരെ എനിക്ക് വിശ്വസിക്കാൻ കഴിയും എന്ന ബോധം എന്റെ മനസില്‍ ഉണ്ടായി. ഞാൻ എന്റെ കസേരയില്‍ നിന്നും എഴുന്നേറ്റു. മറ്റുള്ളവരും പെട്ടന്ന് എഴുനേറ്റ് നിന്നു. “വാണി!” ഞാൻ അവളെ നോക്കി വിളിച്ചു. “പറയു സർ.” ഉത്കണ്ഠയോടെ അവൾ പറഞ്ഞു. “വാണിക്ക് തോക്ക് പിടിക്കാന്‍ പേടി ഉണ്ടോ?” ഞാൻ ചോദിച്ചു. “എനിക്കും ട്രെയിനിങ് കിട്ടിയിട്ടുണ്ട് സർ. എനിക്ക് പേടി ഇല്ല.” ഒരു പുഞ്ചിരിയോടെ വാണി പറഞ്ഞു. ഞാൻ മറ്റുള്ളവരെ നോക്കി. എല്ലാവർക്കും വാണി പറഞ്ഞ മറുപടി തന്നെയായിരുന്നു പറയാൻ ഉണ്ടായിരുന്നത്. “എന്തിനാണ് സർ അങ്ങനെ ചോദിച്ചത്?” അതിന്റെ ഉത്തരം അറിയാമെങ്കിലും മൂര്‍ത്തി ചേട്ടൻ പുഞ്ചിരിച്ച് കൊണ്ട്‌ ചോദിച്ചു. “ഇന്ന് നമ്മൾ ചെന്നായ് വേട്ട തുടങ്ങാൻ പോകുന്നു. മനുഷ്യ ചെന്നായ്ക്കളൊ രാക്ഷസ ചെന്നായ്ക്കളൊ….. എന്ത് തന്നെ ആയാലും എന്റെ അധികാരത്തിൽ പെട്ട ഒരു തുരുമ്പിനെ പോലും ഇനി അവറ്റകൾ നശിപ്പിക്കില്ല. പന്ത്രണ്ട് ചെന്നായ്ക്കളേയും കൊല്ലുന്നത് വരെ ഈ വേട്ട തുടരും.” ഞാൻ പറഞ്ഞു. “രവി, നിങ്ങൾ പോയി അഡോണി യേയും കൂട്ടരെയും വിളിക്കു.” “ശരി സർ.” അയാൾ പറഞ്ഞു. “ഞങ്ങൾ ഇവിടെ തന്നെ ഉണ്ട് സർ…..” വാതില്‍ക്കല്‍ നിന്നും അഡോണിയുടെ ശബ്ദം കേട്ടു. ഞങ്ങൾ അങ്ങോട്ട് നോക്കി. അവിടെ അവർ അഞ്ച് പേരും ഉണ്ടായിരുന്നു. അവരുടെ മുഖത്ത് ഇപ്പോൾ എന്നോടുള്ള പേടി ഞാൻ കണ്ടില്ല. ബഹുമാനം ആ കണ്ണുകളില്‍ ഞാൻ കണ്ടു. “അപ്പോൾ ഇതുവരെ ഞങ്ങൾ സംസാരിച്ചത് എല്ലാം നിങ്ങള്‍ കേട്ടുവോ?” ഞാൻ ചോദിച്ചു. അയാൾ ഞെളിപിരി കൊണ്ടു. എന്നിട്ട് തല താഴ്ത്തി. “നിങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ല. നിങ്ങൾ തലയും താഴ്ത്തി നില്‍ക്കേണ്ട കാര്യമൊന്നുമില്ല. അകത്തേക്ക് കയറി വരു.” ഞാൻ അവരോട് പറഞ്ഞു. ആശ്വാസത്തോടെ അവർ അകത്തേക്ക് വന്നു. “എന്നെ റോബി എന്ന് വിളിക്കാം.” ഞാൻ പറഞ്ഞു. “റോബി, ഞങ്ങളെ കൊണ്ട്‌ കഴിയുന്ന എല്ലാ സഹായവും ചെയ്യാൻ ഞങ്ങളും തയാറാണ്. ഞാൻ ഒരു പോരാളി എന്ന് വേണമെങ്കിൽ പറയാം. എല്ലാ ആയുധങ്ങള്‍ കൊണ്ടുള്ള വിദ്യകളും ഞാൻ മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചും കൊടുക്കുന്നു.” അഡോണി അഭിമാനത്തോടെ പറഞ്ഞു.

ഞാൻ പുഞ്ചിരിച്ചു. “എന്റെ പക്കല്‍ തോക്ക് ഉണ്ടെങ്കിലും എനിക്ക് അതിൽ താല്‍പര്യം ഇല്ല. മധ്യകാലഘട്ടത്തിലെ ആയുധങ്ങളോടാണ് എനിക്ക് കൂടുതൽ താല്‍പര്യം. അവ എനിക്ക് ഉപയോഗിക്കാനും അറിയാം. ഈ വേട്ടയ്ക്ക് ഞാൻ ഉപയോഗിക്കാൻ പോകുന്നത് വില്ല് തന്നെയാണ്. എന്റെ ഓഫീസർസ് എല്ലാവരും തോക്ക് കൊണ്ട്‌ വരും.” ഞാൻ പറഞ്ഞു.” അത് കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഈ വേട്ട ക്കുള്ള ആസൂത്രണം ചെയ്തു. ഓഫീസ് പൂട്ടി ഇറങ്ങുമ്പോള്‍ സമയം അഞ്ചര കഴിഞ്ഞിരുന്നു. “അഡോണി ചേട്ടൻ എന്റെ കൂടെ വരൂ. നിങ്ങളുടെ കൂടെ വന്നവർ കുതിര വണ്ടിയില്‍ പൊക്കോട്ടെ.” ഞാൻ അയാളോട് പറഞ്ഞു. അയാൾ ഉടനെ സമ്മതിച്ചു. എന്നിട്ട് ഞാൻ മൂര്‍ത്തി ചേട്ടനെ നോക്കി പറഞ്ഞു, “നിങ്ങളും വരൂ.” അങ്ങനെ ഗ്രാമ നിവാസികള്‍ നാല് പേരും കുതിര വണ്ടിയില്‍ തിരിച്ച് ഗജവനം ഗ്രാമത്തിൽ പോയി. അവര്‍ക്ക് ഒരുപാട്‌ കാര്യങ്ങൾ പാതിരാത്രിക്ക് മുമ്പ് ചെയ്ത് തീർക്കാൻ ഉള്ളതാണ്. ഗജവനം ഫോറസ്റ്റ് ഓഫീസർസ് മൂന്ന് പേരും രണ്ട് ജീപ്പ് എടുത്തുകൊണ്ട് പോയി. അവര്‍ക്കും ഗ്രാമ വാസികളോട് ചേര്‍ന്ന്‌ ചെയ്യാനുള്ള ഒരുപാട്‌ ജോലികള്‍ ഉണ്ട്. വാണിയും മൂര്‍ത്തി ചേട്ടനും അഡോണി ചേട്ടനും എന്റെ ജീപ്പിൽ എനിക്കൊപ്പം വന്നു. അഡോണി എനിക്കൊപ്പം മുന്നില്‍ ഇരുന്നു “അപ്പോ റോബി ക്വൊട്ടെസിൽ താമസിക്കാന്‍ പോകുന്നു അല്ലേ?” അഡോണി ചേട്ടൻ നിരാശയോടെ ചോദിച്ചു. ഞാൻ തലയാട്ടി. “അപ്പോ വാണി, നീയും നിന്റെ പതിവ് സ്ഥലമായ മൂര്‍ത്തിയുടെ വീട്ടില്‍ തന്നെയാണോ പോകുന്നത്?” അയാൾ വാണിയോട് ചോദിച്ചു. വാണി തലയാട്ടി. എന്നിട്ട് അവൾ എന്നെ നോക്കി. ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു. അവളുടെ മുഖത്ത് എന്തോ നിരാശ പടർന്നു. “എന്റെ വീടുമായി ചേർന്ന് എന്റെ തന്നെ വേറൊരു വീടും ഉണ്ട്. അതിൽ ആരും ഇപ്പൊ താമസിക്കുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കിൽ അതിൽ എത്ര ദിവസം വേണമെങ്കിലും താമസിക്കാം.” അഡോണി പറഞ്ഞു. “വേണ്ട, ഈ മൂന്ന് ഗ്രാമത്തിലും ഡിപ്പാര്‍ട്ട്മെന്റ് ക്വൊട്ടെസ് ഉണ്ട് അതിന്റെ എല്ലാം താക്കോലും എന്റെ കൈയിൽ തന്നെയാണ്.” അതും പറഞ്ഞ് ഞാൻ റിയർവ്യു മിറരിൽ വാണിയെ നോക്കി. അവളുടെ കണ്ണില്‍ നിരാശ മിന്നി മറയുന്നത് ഞാൻ കണ്ടു. “മൂര്‍ത്തി ചേട്ടന്റെ മോളും ഞാനും നല്ല ഫ്രണ്ട്സ് ആണ്. പിന്നെ എനിക്കിവിടെ വേറെ ആരെയും അറിയില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ ഗജവനം ഗ്രാമത്തിൽ നമ്മുടെ ഓഫീസില്‍ വരുമ്പോൾ നാല് മണിക്ക് മുന്നേ തിരിച്ച് പോകാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ മൂര്‍ത്തി ചേട്ടന്റെ വീട്ടില്‍ നില്‍ക്കുന്നത്.” വാണി എന്നെ നോക്കാന്‍ കൂട്ടാക്കാതെ പറഞ്ഞു. “വാണി എന്റെ വീട്ടില്‍ നില്‍ക്കുന്നതിൽ എനിക്ക് സന്തോഷം തന്നെയാണ്.” മൂര്‍ത്തി ചേട്ടൻ അങ്ങനെ പറഞ്ഞതും വാണിയുടെ കണ്ണില്‍ ദേഷ്യമാണ് ഞാൻ കണ്ടത്. “പിന്നേ ഇവിടെ നില്‍ക്കേണ്ടി വരുമെന്ന് മുന്‍കൂട്ടി ധാരണ ഇല്ലാത്തത് കൊണ്ട്‌ സർ ഡ്രസ് ഒന്നും കൊണ്ട്‌ വന്ന് കാണില്ല. അതുകൊണ്ട്‌ മാറാനുള്ള ഡ്രസ് ഞാൻ അറേഞ്ച് ചെയ്ത് തരാം. വാണിക്ക് ആവശ്യമുള്ള അവളുടെ ഡ്രസ് എല്ലാം എന്റെ വീട്ടില്‍ ഉണ്ട്.” “അതൊന്നും വേണ്ട. എന്റെ വണ്ടിയില്‍ എപ്പോഴും ഒരു ബാഗും അതിൽ എനിക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഉണ്ടാവും. അതുകൂടാതെ മറ്റ് പലതും എന്റെ വണ്ടിയില്‍ തന്നെ ഉണ്ട്. അങ്ങനെ കൊണ്ട്‌ നടക്കുന്നത് എന്റെ ശീലമാണ്.” പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “പിന്നേ വാണിക്ക് വേണമെങ്കിൽ നമ്മുടെ ഡിപ്പാര്‍ട്ട്മെന്റ് ക്വൊട്ടെസിൽ താമസിക്കാം.” ഞാൻ റിയർവ്യു മിറരിൽ അവളെ നോക്കി പറഞ്ഞു. പെട്ടന്ന് വാണി പുഞ്ചിരിച്ചു. “ഇന്ന് ഞാൻ മൂര്‍ത്തി ചേട്ടന്റെ വീട്ടില്‍ നില്‍ക്കാം സർ. നാളെ ഞാൻ ക്വൊട്ടെസിൽ വരാം.” അവൾ വെപ്രാളത്തോടെ പറഞ്ഞു. അവർ മൂന്ന് പേരെയും അവരുടെ സ്ഥലത്ത്‌ കൊണ്ട്‌ വിട്ടു. മൂര്‍ത്തി ചേട്ടനും അഡോണി ചേട്ടനും അയല്‍ക്കാര്‍ ആയത് കൊണ്ട് അവർ മൂന്ന് പേരെയും ഒരേ സ്ഥലത്ത് വിട്ടിട്ട് ഞാൻ പോയി. ഒന്‍പത് മണിക്ക് എല്ലാവരും ഒരുമിച്ച് കൂടണം

എന്നായിരുന്നു മുന്‍കൂട്ടി പറഞ്ഞിരുന്നത്. അവരെ വിട്ടിട്ട് പതിനഞ്ച് മിനിറ്റ് കൊണ്ട്‌ എന്റെ ക്വൊട്ടെസിൽ ഞാൻ എത്തി. ഞാൻ അദ്യം കുളിച്ചു. പിന്നെ ബെഡ്ഡിൽ വന്ന് കിടന്നു. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. അപ്രതീക്ഷിതമായാണ് എന്റെ മനസ്സ് അഡോണിയുടെ മനസില്‍ നുഴഞ്ഞ് കയറിയത്. എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. പക്ഷേ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ കഴിയാത്ത വിഡ്ഡി ഒന്നുമല്ല ഞാൻ. എന്റെ കഴിവുകൾ എന്തെന്ന് എനിക്ക് പോലും അറിയില്ല. എന്തെല്ലാമോ അസാമാന്യ കഴിവുകൾ എനിക്ക് ഉള്ളതായി മനസ്സിലായി – അടുത്ത ആളുകളുടെ മനസില്‍ നുഴഞ്ഞ് കയറാൻ കഴിയുമെന്നും അവരുടെ മനസ്സ് വായിക്കാൻ കഴിയും എന്നും….. പിന്നെ അവർക്ക് ദോഷം ചെയ്യാനും കഴിയുമെന്നും മനസ്സിലായി. പക്ഷേ അനാവശ്യമായി ആ കഴിവിനെ ഉപയോഗിക്കാൻ പാടില്ല എന്ന് ഞാൻ തീരുമാനിച്ചു . ഇത് കൂടാതെ ഇനി വേറെ വല്ലതും എനിക്ക് ചെയ്യാൻ കഴിയുമോ എന്നൊന്നും എനിക്ക് അറിയില്ല. അച്ഛനും തിരുമേനിയും ആദ്യം തെറ്റിദ്ധരിച്ചത് ചിലപ്പോൾ സത്യം ആയിരിക്കുമോ? ഞാൻ ചിലപ്പോൾ ചെകുത്താന്റെ സന്തതി ആയിരിക്കുമോ. അപാര ഓര്‍മ ശക്തിയാണ് ഈ പ്രപഞ്ചം എനിക്ക് കനിഞ്ഞ് നല്‍കിയത്. അതുപോലെതന്നെ പല തരത്തിലുള്ള അഭ്യാസങ്ങളും കലകളും എന്റെ ചെറു പ്രായത്തില്‍ തന്നെ ഞാൻ പഠിച്ച് തെളിഞ്ഞു. അതെല്ലാം പഠിപ്പിക്കാന്‍ ക്രൗശത്രൻ എന്ന അപരിചിതന്‍ എന്റെ നാലാം വയസ്സ് മുതൽ എന്റെ കൂടെ ഉണ്ടായിരുന്നു. എന്റെ പതിനേഴാം വയസ്സില്‍ അയാൾ എന്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായി. അതിന്‌ കുറച്ച് മുമ്പ്‌ മാത്രമാണ് അയാളുടെ പേര് പോലും അയാൾ വെളിപ്പെടുത്തിയത്. പെട്ടന്ന് ഒരു മുഖം എന്റെ മനസില്‍ തെളിഞ്ഞു. എന്റെ അമ്മയുടെ സുന്ദരമായ മുഖം. താന്‍ ജനിച്ച് വീണത് പോലും എന്റെ ഓര്‍മയില്‍ ഇപ്പോഴും ഉണ്ട്. ജനിച്ച ഉടനെ കണ്ണ് തുറന്നതും ഞാൻ ഓര്‍ക്കുന്നു. എത്ര പേര്‍ക്ക് ഇത് കഴിയുമെന്ന് എനിക്ക് അറിയില്ല. ചോരയില്‍ കുളിച്ച് കിടന്ന എന്നെ എന്റെ അമ്മ വാരി എടുത്തുകൊണ്ട് എന്റെ കണ്ണില്‍ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചത് ഞാൻ ഓര്‍ക്കുന്നു. പിന്നെ പൊട്ടിക്കരഞ്ഞതും ഞാൻ ഓര്‍ക്കുന്നു. പിന്നെ എന്റെ അമ്മ പറഞ്ഞത് ഇപ്പോഴും ഒരു മുഴക്കം പോലെ എന്റെ തലക്കകത്ത് മുഴങ്ങുന്നുണ്ടായിരുന്നു. “എന്റെ കളങ്കപ്പെട്ട ദേഹത്തിൻറ്റെ ഫലമാണ് നി. പക്ഷേ എന്റെ ദേഹി ഇപ്പോഴും പരിശുദ്ധമായി തന്നെയാണ് നില കൊള്ളുന്നത്.” അതും പറഞ്ഞ്‌ എന്റെ അമ്മ എന്റെ കവിളിലും നെറ്റിയിലും ഉമ്മ വെച്ചു. അമ്മയുടെ ചുണ്ടില്‍ എന്റെ മേല്‍ ഉണ്ടായിരുന്ന രക്തം പുരണ്ടിരുന്നു, കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. “നന്‍മയുടെയും തിന്മയുടെയും തുല്യത പേറി ജനിച്ച നീ എന്നെ തീരാ കണ്ണീരില്‍ ആഴ്ത്തി. പക്ഷേ എന്റെ ജീവന്റെ ജീവനായ പൈതലേ, ഞാൻ ഭയപ്പെട്ടത് പോലെ സംഭവിച്ചില്ല എന്ന ആത്മ ശാന്തി എന്റെ ജീവനെക്കാൾ വലുതാണ്. ഞാൻ ഭയപ്പെട്ടത് പോലെ സംഭവിച്ചിരുന്നെങ്കില്‍ നിന്റെ പൊക്കിള്‍ കൊടിക്ക് പകരം നിന്റെ കഴുത്ത് അറുക്കാൻ ഞാൻ ബാധ്യസ്ഥയായി തീരുമായിരുന്നു.” അതും പറഞ്ഞ് എന്റെ അമ്മ വിതുമ്പി കരഞ്ഞു. എന്റെ അമ്മയുടെ അഴകാർന്ന മുഖം നോക്കി ഞാൻ ചിരിച്ചു. ഒരു നിമിഷം എന്റെ അമ്മയുടെ മുഖത്ത് സന്തോഷവും വാത്സല്യവും അലതല്ലി. “കഴിഞ്ഞ നാല്‍പ്പതിനായിരം വര്‍ഷങ്ങളായി എന്റെ പാരമ്പര്യത്തിന് നഷ്ടപെട്ടിരുന്ന…. ആരിലും കാണാന്‍ കഴിയാത്ത എന്റെ ആതി പരമ്പരയുടെ ശുദ്ധ രക്തമാണ് കുഞ്ഞേ നിന്നില്‍ ഓടുന്നത്…. അതുപോലെ തന്നെയാണ് നിന്നില്‍ നിന്റെ അച്ഛന്റെയും പരമ്പരയില്‍ ഉള്ള ആ ദുഷിച്ച രക്തം തിളച്ചു മറിയുന്നനതും ഞാൻ അറിയുന്നു. നന്‍മയും തിന്മയും എപ്പോഴും സമമായി നിന്നില്‍ ഉണ്ടാവും, തിന്മയിലേക്കാണ് നി വഴുതി വീഴുന്നെങ്കിൽ…. അത് നിനക്ക് തിരിച്ചറിയാൻ കഴിയാതെ പോയാല്‍ ഈ നിമിഷം നിന്റെ ജീവൻ ഞാൻ എടുക്കാതെ പോയതിന്റെ ശാപം എന്റെ മേല്‍ പതിക്കെട്ടെ.” രോഷാകുലയായി എന്റെ അമ്മ കണ്ണീരോടെ പറഞ്ഞു. “എന്റെ അന്ത്യം അടുത്ത് കഴിഞ്ഞു, ഇനി എന്റെ കുഞ്ഞിന് ഉറങ്ങാനുള്ള സമയം

ആയിരിക്കുന്നു. ഉന്നതങ്ങളില്‍ നി നിലകൊള്ളും കുഞ്ഞേ…… പക്ഷേ നന്മയുടെ ഉന്നതങ്ങളില്‍ ആണോ തിന്മയുടെ ഉന്നതങ്ങളില്‍ ആണോ എന്നുള്ളത് നിനക്ക് മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളു കുഞ്ഞേ…..” അത്രയും പറഞ്ഞിട്ട് എന്റെ അമ്മ എന്റെ വലത് കൈയിൽ തൊട്ട് കൊണ്ട് കുറെ നേരം വായ്ക്കുള്ളിൽ എന്തോ ഉരുവിട്ടു. പെട്ടന്ന് എനിക്ക് സഹിക്കാൻ കഴിയാത്തത്ര വേദന ഉണ്ടായി. ഞാൻ വാവിട്ട് കരഞ്ഞു. അവർ ഉരുവിട്ട് കഴിഞ്ഞതും എന്റെ കണ്ണുകള്‍ക്ക് ഭാരം ക്കൂടി വന്നു. എന്റെ അമ്മയുടെ ഒരു തുള്ളി കണ്ണുനീര്‍ എന്റെ വായിൽ വീണത് ഞാൻ അവസാനമായി ഓര്‍ക്കുന്നു. പിന്നെ ഞാൻ കണ്ണ് തുറന്നപ്പോള്‍ ഞാൻ ഒരു അനാഥാലയത്തില്‍ ആയിരുന്നു. എന്റെ ഫോൺ റിംഗ് ചെയുന്ന ശബ്ദം കേട്ട് ഞാൻ ഒന്ന് ഞെട്ടി. വാണിയുടെ പേര് അതിൽ കണ്ടു. ഞാൻ എടുത്തതും അവളുടെ സംസാരം എന്റെ കാതില്‍ ഒഴുകിയെത്തി. അവളുടെ സംസാരത്തിന് ഇത്ര മാധുര്യം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. “ഒന്‍പത് മണി കഴിഞ്ഞു സർ…. നിങ്ങൾ എവിടെയാണ്?” വാണി ചോദിച്ചു. അവളുടെ ശബ്ദത്തില്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. “ഞാൻ ഉറങ്ങിപ്പോയി വാണി.” ഞാൻ അവളോട് കള്ളം പറഞ്ഞു. “ഒരു ഇരുപത് മിനിറ്റ് കൊണ്ട്‌ ഞാൻ അവിടേ എത്തും.” ഞാൻ പറഞ്ഞു. അഡോണിയുടെ വീടിന്റെ ജാളിയിട്ട ഇരുമ്പ് ഗൈറ്റിന് മുന്നില്‍ ഞാൻ പതിനഞ്ച് മിനിറ്റ് കൊണ്ട്‌ എത്തി. ആരോ ഗൈറ്റ് തുറന്ന് തന്നു, ഞാൻ ഉള്ളിലേക്ക് വണ്ടി ഓടിച്ച് കയറി. വീടിന്റെ പുറത്ത്‌ ഇരുപത് പേര്‍ ഉണ്ടായിരുന്നു. അഡോണി അവിടെയെല്ലാം വിരണ്ട് നടന്ന് പലരോടും സംസാരിക്കുന്നത് ഞാൻ കണ്ടു. ഞാൻ ജീപ്പിൽ നിന്നും ഇറങ്ങി അഡോണിയുടെ നേര്‍ക്ക് നടന്നു. എല്ലാവരുടെയും നോട്ടം എന്റെ വലത് കൈയിൽ ആയിരുന്നു. അത് കഴിഞ്ഞാണ് എന്റെ മുഖത്ത് വീണത്. കാരണം, നിലാവിന്റെ വെളിച്ചം കൊണ്ട്‌ എന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ രൂപം ചെറുതായി തിളങ്ങുന്നുണ്ടായിരുന്നു. ഇപ്പോൾ അതിനെ കാണാന്‍ യഥാര്‍ത്ഥ വാൾ പോലെ തോന്നി. പക്ഷെ ആരും എന്നെ പുതുമയോടെ നോക്കിയില്ല. ആരും എന്നെ വിലയിരുത്തിയില്ല. ഭാഗ്യത്തിന് എന്നെ ചെകുത്താന്‍ എന്ന് ആരും വിളിച്ചില്ല. അഡോണി ചിരിച്ചുകൊണ്ട് വേഗം എന്റെ അടുത്ത് നടന്നെത്തി. ഒരു സെക്കന്റ് അയാളുടെ നോട്ടം എന്റെ കൈയിൽ പതിഞ്ഞു പിന്നെ അയാൾ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. എന്നെ അയാൾ എല്ലാവർക്കും പരിചയപ്പെടുത്തി. ചിലരൊക്കെ എന്നോട് സംസാരിച്ചു. “നമുക്ക് ആദ്യം കഴിക്കാം. പിന്നെ ഞാൻ നിങ്ങൾക്ക് എന്റെ ആയുധ ശാല കാണിച്ച് തരാം.” അതും പറഞ്ഞ് അയാൾ എന്നെ അയാളുടെ വീട്ടിലേക്ക് നയിച്ചു. അവിടെ അയാളുടെ ഭാര്യയും ആറു മക്കളും ഉണ്ടായിരുന്നു. ആറു മക്കളിൽ രണ്ട് പുത്രി മാരും നാല് പുത്രന്‍ മാരും ആയിരുന്നു. അവർ എല്ലാവർക്കും വിവാഹം കഴിഞ്ഞ് കുട്ടികളും ഉണ്ടായിരുന്നു. ഒരു വല്യ കൂട്ടുകുടുംബം ആയിരുന്നു അവരുടേത്. അതിനനുസരിച്ചുള്ള വലിയ വീടും. അവിടെ എന്റെ എല്ലാ ഓഫീസർസും ഉണ്ടായിരുന്നു. എന്നെ കണ്ടതും അവരെല്ലാം പുഞ്ചിരി തൂകി. “എല്ലാവർക്കും ചെയ്ത്‌ തീർക്കാൻ ഒരുപാട്‌ കാര്യങ്ങൾ ഉണ്ട്. നമുക്ക് ആദ്യം കഴിക്കാം.” അഡോണി ചേട്ടൻ ഉറക്കെ പറഞ്ഞു. ഡൈനിംഗ് ഹാളില്‍ മുപ്പത് പേര്‍ക്ക് ഒരുമിച്ചിരുന്ന് കഴിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. കഴിക്കുന്നതിനിടെ ഞാൻ എല്ലാവരെയും പരിചയപ്പെട്ടു. അവർ എല്ലാവരോടും എനിക്ക് എന്തോ ഒരു അടുപ്പം തോന്നി. കുടുംബം എന്ന് പറയാൻ ഒരു എലി പോലും ഇല്ലാത്ത എനിക്ക് എന്റെ മനസില്‍ എവിടെയോ അസൂയ തോന്നി. ഞാൻ എന്തൊക്കെയോ നുള്ളി പിറക്കി കഴിച്ചെന്ന് വരുത്തി. എന്നിട്ട് എണീറ്റ് വേഗം പുറത്ത്‌ വന്നു. ആരുടെയും കണ്ണില്‍ പെടാതെ ഒറ്റക്ക് ഒരു മരത്തിന്റെ ഇരുള്‍ വീണ ഭാഗത്ത് പോയി നിന്നു. എന്റെ അമ്മയുടെ സുന്ദരമായ മുഖം എന്റെ ഉള്ളില്‍ തെളിഞ്ഞു. എന്റെ

മനസില്‍ ഉണ്ടായിരുന്ന എന്റെ അമ്മയുടെ മുഖം പണ്ട് ഞാൻ സ്വയം വരച്ച്ചിരുന്നു, അത് ഞാൻ ഇപ്പോഴും എന്റെ പക്കല്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഞാൻ ജനിച്ച അന്നുതന്നെയാണ് ആദ്യമായും അവസാനമായും അവരെ ഞാൻ കണ്ടതും. എന്റെ അമ്മ എന്നെ സ്നേഹിക്കുകയും ചെയ്തു…. അതുപോലെ എന്തോ കാരണം കൊണ്ട്‌ എന്നെ കൊല്ലാന്‍ മടിക്കില്ല എന്നും പറഞ്ഞു. ഒരു കാരണവും ഇല്ലാതെ പെട്ടന്ന് എന്റെ ഉള്ളില്‍ ക്രോധം നുരഞ്ഞ് ഉയരാൻ തുടങ്ങി. എന്റെ കണ്ണ് ആളി കത്തും പോലെ അനുഭവപ്പെട്ടു. ആരെയെങ്കിലും വേദനിപ്പിക്കാന്‍ എന്റെ ഉള്ള് പിടഞ്ഞു. ഒരു തുള്ളി ചോര വരുത്താൻ അതിയായ ആഗ്രഹം എനിക്കുണ്ടായി. എന്തെങ്കിലും കടിച്ച് കീറണം എന്ന മോഹം കൂടിക്കൂടി വന്നു. പെട്ടന്ന് ഒരു കരം എന്റെ തോളില്‍ അമർന്നു. അത് ആരുടേതാണെന്ന് എനിക്ക് അറിയാമായിരുന്നു. അതിൽ നിന്നും എന്തോ എന്നിലേക്ക് ഒഴുകിയെത്തും പോലെ തോന്നി. എന്റെ ദേഷ്യം പെട്ടന്ന് കെട്ടണഞ്ഞു. ഈ തണുപ്പത്ത് പോലും ഞാൻ വിയര്‍ത്ത് കളിച്ചിരുന്നു. “വാണി ഈ ഫ്രോകിൽ അതീവ സുന്ദരിയായിരിക്കുന്നു. വന്നപ്പോഴേ പറയാൻ കരുതിയതാണ് പക്ഷേ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വേണ്ട എന്ന് തോനി.” അതും പറഞ്ഞ് ഞാൻ പതിയെ തിരിഞ്ഞു. വാണിയുടെ കൈ എന്റെ തോളില്‍ നിന്നും വഴുതി മാറി. ഞാൻ വാണിയുടെ കണ്ണില്‍ നോക്കി. എത്ര സുന്ദരമായ കണ്ണ്. അവളുടെ മുഖത്ത് വല്ലാത്ത നാണം ഞാൻ കണ്ടു. ഞാൻ വാണിയുടെ കവിളിൽ പതിയെ തടവി. വാണി ഒന്ന് വിറച്ചു പക്ഷേ മിണ്ടാതെ എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ച് കൊണ്ട്‌ നിന്നു. വാണിയേ കാണുമ്പോളെല്ലാം എന്റെ മനസ്സ് ശാന്തമാകുന്നു. അവളുടെ സാമീപ്യം എന്നെ എപ്പോഴും സന്തോഷിപ്പിക്കും. അവൾ എന്നെ സ്പര്‍ശിക്കുമ്പോള്‍ എന്റെ ഉള്ള് സ്നേഹം കൊണ്ട് നിറയും. അവളുടെ അഴകാർന്ന ചുണ്ട് എന്നെ അവളിലേക്ക് ആകര്‍ഷിച്ചു. ഞാൻ പതിയെ എന്റെ തല താഴ്ത്തി എന്റെ മുഖം അവളുടെ നേര്‍ക്ക് കൊണ്ടുപോയി. വാണിയുടെ കണ്ണില്‍ ചെറിയ പേടി ഞാൻ കണ്ടു പക്ഷേ വാണി എന്നില്‍ നിന്നും അകന്ന് മാറിയില്ല. എന്റെ ചുണ്ട് വാണിയുടെ ചുണ്ടില്‍ പതിയെ സ്പര്‍ശിച്ചു. എന്റെ തലക്കകത്ത് വൈദ്യൂതി കടന്ന് പോയത് പോലെ തോന്നി. എല്ലാം മറന്ന് ഞാൻ അവളുടെ ചുണ്ടില്‍ അമർത്തി ചുംബിച്ചു. പെട്ടന്ന് വാണി എന്നെ കെട്ടിപ്പിടിച്ച് കൊണ്ട്‌ അവളുടെ അധരം പതിയെ തുറന്നു. ഞാനും അവളെ എന്നിലേക്ക് വരിഞ്ഞ് മുറുക്കി അവളുടെ അധരം പതിയെ ഒന്ന് നുണഞ്ഞിട്ട് പിന്നെയും അവളുടെ ചുണ്ടില്‍ ചുംബിച്ചു. പിന്നെ കവിളിലും നെറ്റിയിലും എന്റെ ചുണ്ട് ഞാൻ പതിച്ചു. അപ്പോളാണ് ഞാൻ എന്ത് ചെയ്യുന്നു എന്ന ബോധം എനിക്ക് ഉണ്ടായത്. പെട്ടന്ന് ഞാൻ അവളില്‍ നിന്നും അകന്നുമാറി. “സോറി വാണി….” ഞാൻ സോറി പറഞ്ഞും അവളുടെ മുഖം വാടി. “നി എന്റെ അടുത്ത് ഉള്ളപ്പോൾ ഞാൻ എല്ലാം മറക്കുന്നു. എന്റെ മനസ്സ് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഞാൻ ചെയ്ത്‌ പോകുന്നു. ഞാൻ ഇതുവരെ ഇതുപോലെ ആരോടും കാണിച്ചിട്ടില്ല. വാണിക്ക് എന്നോട് ദേഷ്യം തോന്നരുത്.” “എനിക്ക് നിങ്ങളെ ഇഷ്ടം ഇല്ലായിരുന്നെങ്കില്‍ നിങ്ങൾക്ക് മുന്നില്‍ ഞാൻ ഇങ്ങനെ നിന്ന് തരില്ലായിരുന്നു. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമില്ല എന്നാണോ കള്ളം പറയാൻ പോകുന്നത്?” വാണി നിരസത്തോടെ ചോദിച്ചു. “ഇഷ്ടമില്ല എന്ന് ഞാൻ കള്ളം പറയില്ല. പക്ഷെ ദുരൂഹത മാത്രം നിറഞ്ഞ ജീവിതമാണ് എന്റേത്.” “എനിക്ക് മനസിലാവും… നിങ്ങളെ……” “നിനക്ക് ഒന്നും മനസ്സിലാവില്ല വാണി.” ഞാൻ ഇടക്ക് കേറി പറഞ്ഞു. “എനിക്ക് പോലും എന്റെ കാര്യത്തിൽ ഒന്നും മനസ്സിലാകുന്നില്ല. ഞാൻ പവിഴമല ഗ്രാമത്തിൽ വന്നതിന് ശേഷമാണ് കുഴഞ്ഞ് മറിഞ്ഞ എന്റെ ജീവിതം പിന്നെയും കൂടുതൽ സങ്കീര്‍ണമായത്. എനിക്ക് ഒരുപാട്‌ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാനുണ്ട് വാണി. എന്റെ ചില ചോദ്യത്തിന്റെ ഉത്തരങ്ങള്‍ ചിലർക്ക് നൽകാൻ കഴിയും. എനിക്ക് എന്റേതും അല്ലാത്തതുമായ ഒരുപാട്‌ കാര്യത്തിന്റെ ചുരുളുകള്‍ അഴിക്കാനുണ്ട്. അതുവരെ എനിക്ക് മറ്റൊന്നിലും ശ്രദ്ധിക്കാന്‍ കഴിയില്ല. പക്ഷേ നി എന്റെ അടുത്തുള്ളപ്പോളെല്ലാം ഞാൻ സന്തോഷിച്ചു.” വാണി പുഞ്ചിരിച്ചു. “നിങ്ങളുടേത് വെറും ദുരൂഹത മാത്രം നിറഞ്ഞ ജീവിതമാണ് എന്ന കാര്യത്തിൽ തര്‍ക്കമില്ല.” എന്റെ വലത് കൈയില്‍ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. എന്നോട് നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും തുറന്ന് സംസാരിക്കാം. എനിക്ക് ചിലപ്പോ സഹായിക്കാൻ കഴിഞ്ഞാലോ?”

ഞാൻ മിണ്ടാതെ നിന്നു. വാണി വിഷമത്തോടെ എന്നെ നോക്കി. “ഗബ്രിയേല്‍ അച്ഛനും രുദ്രനന്തൻ തിരുമേനിയും നിങ്ങളെ ആക്രമിച്ച കാര്യം എനിക്ക് അറിയാം. അതിന്റെ കാരണവും എനിക്ക് അറിയാം. അതിന്‌ ശേഷമാണ് നിങ്ങളുടെ കൈ തണ്ടയിൽ ഉണ്ടായിരുന്ന ജന്മനായുള്ള ആ അടയാളത്തിനു മാറ്റം സംഭവിച്ച് ഇപ്പോഴുള്ളത് പോലെ മാറിയ കാര്യവും അറിയാം. പിന്നെ നിങ്ങൾ ആ ചെകുത്താന്റെ സൃഷ്ടി അല്ലെന്നും എനിക്ക് അറിയാം.” വാണി എന്റെ കണ്ണില്‍ നോക്കി സാവധാനം പറഞ്ഞു. “ഇതെല്ലാം എന്നോട് ആരാണ് പറഞ്ഞതെന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും…” വാണി പറഞ്ഞു. എന്റെ മുഖത്ത് ഒരു ഭാവ വിത്യാസവും വരാത്തത് കൊണ്ട്‌ വാണി എന്നെ ചിന്താ കുഴപ്പത്തോടെ നോക്കി. അപ്പോൾ ഞാൻ ചിരിച്ചു. എന്റെ പുറകില്‍ കുറെ മാറി ആളുകൾ നില്‍ക്കുന്നത് ഞാൻ നേരത്തെ അറിഞ്ഞിരുന്നു. “നിനക്ക് അതെല്ലാം അറിയാം എന്ന കാര്യം എനിക്ക് നേരത്തെ അറിയാം വാണി. നിനക്ക് മാത്രമല്ല ഈ മൂന് ഗ്രാമത്തിൽ ഉള്ള എല്ലാവർക്കും എന്റെ കാര്യം അറിയാം എന്നുള്ള സത്യവും എനിക്ക് അറിയാം. അത് മാത്രമല്ല….” ഞാൻ പതിയെ തിരിഞ്ഞ് എന്റെ പിന്നില്‍ നിന്നിരുന്ന അഡോണിയെയും മറ്റുള്ളവരെയും നോക്കി ഞാൻ പുഞ്ചിരിച്ചു. “ചെന്നായ്ക്കളുടെ പ്രശ്നം യഥാര്‍ത്ഥം എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പക്ഷേ ഓഫീസില്‍ നിങ്ങൾ നടത്തിയത് ഒരു നാടകം ആണെന്ന കാര്യം എനിക്ക് അപ്പോഴേ അറിയാം. ആ നാടകം എന്തിന് വേണ്ടിയായിരുന്നു എന്നതും എനിക്ക് അറിയാം.” പുലി തന്റെ ഇരയെ നോക്കുന്നത് പോലെ ഞാൻ അവിടേ ഉണ്ടായിരുന്ന എല്ലാവരെയും നോക്കി. അഡോണി ചേട്ടന്റെ മുഖത്ത് ഒരു ഞെട്ടല്‍ ഉണ്ടായി. അയാൾ പേടിയോടെ എന്നെ നോക്കി. വാണിയുടെ മുഖത്ത്, മൂര്‍ത്തി ചേട്ടന്റെ മുഖത്ത്, എന്റെ മറ്റുള്ള ഓഫീസർ മാരുടെ മുഖത്ത് ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന ഭാവം ആയിരുന്നു. വാണിയുടെ മുഖത്ത് വിഷമം അലതല്ലി. കാരണം അവർക്ക് അതിനെക്കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. “അതുപിന്നെ…..” അയാൾ തുടങ്ങിയതും ഞാൻ എന്റെ കൈ ഉയർത്തി കാണിച്ചു. അഡോണി ചേട്ടൻ പെട്ടന്ന് വായടച്ചു. എന്ത് കൊണ്ടോ പെട്ടന്ന് എന്റെ കോപം ആളി കത്തി. “എന്നെ പരീക്ഷിക്കാന്‍ നിങ്ങളുടെ ഈ മൂവായിരം വർഷത്തെ ജീവിത അനുഭവം പോരാതെ വരും രണശൂരൻ അഡോണിയാസ്. ഇനിയും ഒരു കാര്യവും ഇല്ലാതെ എന്നെ പരീക്ഷിക്കാന്‍ തുനിയരുത് എന്നാണ്‌ എന്റെ അപേക്ഷ. ഞാൻ പറയുന്നത് അച്ഛനും തിരുമേനിയും മറ്റും നൂറോളം രണശൂരൻ മാരും നിങ്ങളിലൂടെ അറിയുന്നുണ്ട് എന്ന് എനിക്ക് അറിയാം. അതുകൊണ്ട്‌ എനിക്ക് ആരോടും ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല എന്ന് കരുതുന്നു. പല്ല് കടിച്ച് ഞരക്കി കൊണ്ട്‌ ഞാൻ പറഞ്ഞു. ഒരു സെക്കന്റ് അവിടമാകെ നിശബ്ദമായി. പിന്നെ ആളുകളുടെ ഇടയില്‍ അടക്കി പിടിച്ചുള്ള സംസാരം ആയിരുന്നു. പക്ഷെ അതെല്ലാം എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു എന്നുള്ളത് ആരും അറിഞ്ഞില്ല. അവരുടെ സമരത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ് – അഡോണി, അച്ഛൻ, തിരുമേനി ഇവരെല്ലാവരേയും കുറിച്ചുള്ള സത്യങ്ങൾ മൂന് ഗ്രാമ വാസികൾക്കും അറിയാം. ചെകുത്താന്‍ കോട്ട, ചെകുത്താന്‍ വനം, ലോകവേന്തൻ, രൗത്രിക, ആരണ്യ, മാന്ത്രികന്‍ അങ്ങനെ എല്ലാ ചരിത്രവും എല്ലാവർക്കും അറിയാം. അങ്ങനെ ഇതും ഇതില്‍ കൂടുതലും അഡോണിയുടെ മനസില്‍ നിന്നും നേരത്തെ ഞാൻ മനസ്സിലാക്കിയിരുന്നു. എന്നെ പരീക്ഷിക്കാന്‍ വേണ്ടിയാണ്….. എന്റെ പ്രതികരണം അറിയാൻ വേണ്ടിയാണ് അഡോണി ഞങ്ങളുടെ ഓഫീസില്‍ വെച്ച് എന്റെ ഓഫീസർ മാരെ ഭീഷണി പെടുത്തുന്നത് പോലെയും കൊല്ലും എന്ന് പറഞ്ഞും നാടകം കളിച്ചത്. അങ്ങനെ എന്നെ ദേഷ്യം പിടിപ്പിച്ച് എന്റെ പ്രതികരണത്തിലൂടെ എന്റെ യഥാര്‍ത്ഥ മുഖം എന്തെന്ന് മനസിലാക്കാന്‍ വേണ്ടിയായിരുന്നു അയാളുടെ നാടകം. കാരണം: ഞാൻ ശെരിക്കും ചെകുത്താന്റെ സന്തതി ആയിരുന്നെങ്കില്‍ അഡോണിയുടെ ആ നാടകം കണ്ട് ഞാൻ അയാളോട് കൂട്ട് ചേര്‍ന്ന് ഈ ഗ്രാമത്തെ തന്നെ നശിപ്പിക്കാന്‍ സഹായിക്കും എന്ന വാഗ്ദാനവുമായി അയാളെ ഞാൻ സമീപിക്കുമായിരുന്നു എന്ന് എല്ലാ രണശൂരൻ മാർക്കും അറിയാമായിരുന്നു. കാരണം, ചെകുത്താന്റെ ഒരു സന്തതിക്ക് പോലും ക്രൂരത പ്രവർത്തിക്കാൻ ലഭിക്കുന്ന സാഹചര്യത്തിൽ നിന്നും മറ്റുള്ളവരെ കൊല്ലാന്‍ കിട്ടുന്ന അവസരത്തിൽ നിന്നോ ഒരിക്കലും ഒഴിഞ്ഞ് മാറാൻ കഴിയുകയില്ല. അവരുടെ പരീക്ഷണം ന്യായമായത് ആണെങ്കിൽ പോലും എനിക്ക് ദേഷ്യം തോന്നുക തന്നെ ചെയ്തു. പക്ഷേ അയാളുടെ മനസില്‍ കേറി ഞാൻ അഴിഞ്ഞടിയ കാര്യം അയാള്‍ക്ക് അറിയാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ആ സത്യം ആരും അറിയാനും പോണില്ല.

ഞാൻ അവിടേ കൂടിനിന്ന എല്ലാവരെയും നോക്കി. പല തരത്തിലുള്ള വികാരങ്ങള്‍ ആയിരുന്നു എല്ലാ മുഖത്തും. “ഞാൻ…..” അഡോണി എന്തോ പറയാൻ തുടങ്ങിയതും ഞാൻ തടഞ്ഞു. “ചെന്നായ്ക്കള്‍ നിങ്ങൾ എല്ലാവരെയും കടിച്ച് തിന്നുന്നത് വരെ നിങ്ങള്‍ക്ക് എന്നെ പരീക്ഷിച്ച് നടക്കാം. അതല്ല, ചെന്നായ്ക്കളുടെ കാര്യത്തിൽ നിങ്ങൾക്ക് തീരുമാനം വേണമെങ്കിൽ അതിനായുള്ള തയാറെടുപ്പ് തുടങ്ങുന്നതാണ് നല്ലത്. പാതിരാത്രി കഴിഞ്ഞാണ് എപ്പോഴും ആക്രമണം ഉണ്ടാകുന്നത് എന്നാണല്ലോ നിങ്ങൾ പറഞ്ഞത്……” എന്നിട്ട് ഞാൻ വാണിയേ നോക്കി. അവൾ സ്തംഭിച്ചു നില്‍ക്കുകയാണ്. “ഫ്രോക് മാറ്റാനുള്ള സമയം ആയിരിക്കുന്നു വാണി.” ഞാൻ സ്നേഹത്തോടെ പറഞ്ഞു. അതും പറഞ്ഞിട്ട് ഞാൻ എന്റെ ജീപ്പ് ലക്ഷ്യമാക്കി നടന്നു. ജീപ്പിന്റെ പുറകില്‍ വെച്ചിരുന്ന ഒരു ഭാരമുള്ള മരത്തിന്റെ പെട്ടി എടുത്തുകൊണ്ട് ഞാൻ തിരികെ നടന്നു. അതിന് ഏഴടി നീളവും നാല് അടി വീതിയും ഒരു അടി വിസ്തൃതിയും ഉണ്ടായിരുന്നു. വിസ്തൃതിയുള്ള അടി ഭാഗത്തുള്ള രണ്ട് മൂലയും വള്ളം പോലെ മുകളിലോട്ട് വളഞ്ഞിരുന്നു. മുകള്‍ ഭാഗത്ത് രണ്ട് അറ്റത്തും പിന്നെ നടുവിലും ഓരോ കൈപ്പിടി ഉണ്ടായിരുന്നു. തൂക്കി പിടിച്ചുകൊണ്ട് വേണമെങ്കിലും പോകാം. എവിടെ വേണമെങ്കിലും വലിച്ചിഴച്ച് കൊണ്ടും പോകാം. ഞാൻ അതിന്റെ നടുവിലുള്ള കൈപ്പടയില്‍ പിടിച്ച് തൂക്കിക്കൊണ്ട് നടന്നു. “നിങ്ങളുടെ ആയുധപ്പുര കാണാന്‍ സമയമായി.” അഡോണിയോട് ഞാൻ പറഞ്ഞു. ഒരു സെക്കന്റ് നേരത്തേക്ക് അയാൾ എന്റെ കണ്ണില്‍ നോക്കി. എന്നിട്ട് മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് അയാൾ അയാളുടെ വീട്ടിന്റെ പുറകുവശത്തേക്ക് നടന്ന് നീങ്ങി. ഞാൻ ശവപ്പെട്ടി തൂകി കൊണ്ട് നടക്കുന്നത് പോലെയാണ്‌ എല്ലാവരുടെയും നോട്ടം എന്നിലും പെട്ടിയിലും പതിഞ്ഞത്. ഞങ്ങൾ എല്ലാവരും അയാളുടെ പുറകെ നടന്നു. വീടിന്റെ പുറകില്‍ ഞങ്ങൾ വന്നു. അവിടെ ഒരു വലിയ ഹാൾ പോലെ തോന്നിക്കുന്ന ഒരു സംവിധാനം കെട്ടിയിരിക്കുന്നത് കാണാന്‍ കഴിഞ്ഞു. അന്‍പത് മീറ്റർ നീളവും ഇരുപത് മീറ്റർ വീതിയും എട്ട് മീറ്റർ ഉയരവും ഉള്ള ഒരു സംവിധാനം. അതിന്റെ ഉള്ളിലാണ് ഞങ്ങൾ പോയത്. ഉള്ളില്‍ കേറിയതും ഞാൻ കണ്ടത് ഇരുവശത്തും ഒരുപാട്‌ അടച്ചിട്ടിരുന്ന വാതിലുകളാണ്. ആ അറകളില്‍ ആയിരിക്കും അഡോണി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പിന്നെ ഹാൾ പോലെ കാണുന്ന നടുക്കുള്ള ഭാഗം…… ഒരു അറ്റം തൊട്ട് മറ്റെ അറ്റം വരെ പത്ത് മീറ്റർ വീതിയുള്ള ഒരു മറയും ഇല്ലാത്ത തുറന്ന സ്ഥലം ആയിരുന്നു. അങ്ങ് അറ്റത്ത് നൂറ്റിയമ്പത് അടി ദൂരത്തില്‍ ധനുർവിദ്യ പരിശീലിക്കാൻ വേണ്ടി പത്ത് ടാര്‍ഗറ്റ് ബ്ലോക്കുകളാണ് പത്ത് സ്റ്റാന്‍ഡിലായി ഓരോന്നിനും സമാന്തരമായി സ്ഥാപിച്ചിരുന്നത്. അവിടെ ഒരു സൈഡിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ടേബിളിന്റ്റേ മുകളില്‍ നേരത്തെ തന്നെ ഞങ്ങളുടെ ഓഫിസിൽ നിന്നും കൊണ്ട്‌ വന്ന തോക്കുകള്‍ നിരത്തി വെച്ചിരുന്നു. ഞാൻ കൊണ്ട് വന്ന പെട്ടി ആ ടേബിളിന്റ്റേ അടുത്ത് തറയില്‍ വെച്ചു. എന്റെ ഓഫീസർസ് എല്ലാവരും എന്റെ അടുത്ത് വന്ന് നിന്നു. അപ്പോഴേക്കും വാണിയും ഒരു പാന്റും ഷർട്ടും ധരിച്ച് വന്നിരുന്നു. അഡോണിയും കുറച്ച് ആളുകളും ഒരു മുറി തുറന്ന് അകത്ത് കേറിപ്പോയി. കുറച്ച് സമയത്തിനുള്ളില്‍ അഡോണിയും കൂട്ടരും ആയുധങ്ങളുമായി പുറത്ത്‌ വന്ന് ആദ്യത്തെ ടേബിളിന്റ്റേ അടുത്തുണ്ടായിരുന്ന മറ്റൊരു ടേബിളിന്റ്റേ മുകളില്‍ നിരത്തി വെച്ചു. അമ്പും, വില്ലും, ആവനാഴിയും, വാളും, കഠാരയും, കുഴൽ ശരങ്ങളും അങ്ങനെ പലതരം ആയുധങ്ങളാണ് ഉണ്ടായിരുന്നത്. “റോബി, നിങ്ങള്‍ക്ക് ആവശ്യമുള്ള എന്ത് വേണമെങ്കിലും ഇതില്‍ നിന്നും എടുക്കാം. ഇത് പോരെങ്കിൽ വേറെയും ശേഖരണം ഉണ്ട്. അതിലും നിങ്ങൾക്ക് നോക്കാം.” അഡോണി എന്നോട് പറഞ്ഞു. ഞാൻ ഉടനെ പുഞ്ചിരിച്ചു. “എനിക്ക് ആവശ്യമുള്ളതെല്ലാം ഈ പെട്ടിയില്‍ ഉണ്ട്.” അതും പറഞ്ഞ് ഞാൻ എന്റെ പെട്ടി തുറന്നു. എല്ലാവരും പെട്ടിക്കകത്ത് കൗതുകത്തോടെ നോക്കി. അതിന്റെ താഴെയുള്ള ഭാഗത്ത് ഞാണ് കെട്ടാത്ത രണ്ട് വില്ലും, അറുപത് അസ്ത്രങ്ങളും, വില്ലിൽ കോർത്ത് കെട്ടാന്‍ പാകത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കുറെ ഞാണുകളും പിന്നെ ലോഹം കൊണ്ട്‌ ഉണ്ടാക്കിയ ഒരുപാട്‌ അസ്ത്ര മുനകളും ഉണ്ടായിരുന്നു. പിന്നെ മുകള്‍ ഭാഗത്ത് പല അളവിലുള്ള മുപ്പത്തിയഞ്ച് കഠാരയും പല തരത്തിലുള്ള ആറ് വാളുകളും ഉണ്ടായിരുന്നു. എല്ലാ ആയുധങ്ങളിലും എന്റെ

കൈയിൽ കാണുന്ന ചിത്രങ്ങള്‍ പോലെ തോന്നിക്കുന്ന അക്ഷരങ്ങള്‍ ഉണ്ടായിരുന്നു. “ഇത്… ഇത് എവിടെ നിന്ന് കിട്ടി?” അഡോണി അല്‍ഭുതത്തോടെ ചോദിച്ചു. “ഇതെല്ലാം ഞാൻ സ്വയം ഉണ്ടാക്കിയതാണ്.” ഞാൻ പറഞ്ഞു. കുറച്ച് നേരം അയാൾ എന്നെ നോക്കി. അയാളുടെ നോട്ടത്തില്‍ ആശ്ചര്യം, അവിശ്വാസം, സംശയം അങ്ങനെ പലതും ഉണ്ടായിരുന്നു. “റോബിക്ക് ആരെങ്കിലും ആയുത പരിശീലനം തന്നിട്ടുണ്ടോ?”അയാൾ ചോദിച്ചു. “അതേ തന്നിട്ടുണ്ട്.” ഞാൻ പറഞ്ഞു. “ആര് തന്നു, എന്താ അദേഹത്തിന്റെ പേര്?” “ക്രൗശത്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.” “സാധ്യമല്ല……” അഡോണി ഉറക്കെ പറഞ്ഞു. പെട്ടന്ന് അവിടെ ഉണ്ടായിരുന്നു മുഴുവന്‍ ആളുകളും പിറുപിറുത്തു. ഞാൻ എല്ലാ മുഖത്തും നോക്കി. ആരും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല എന്ന് എല്ലാ മുഖത്തും വ്യക്തമായിരുന്നു. “ആ പേര് നിങ്ങൾക്ക് ആരെങ്കിലും പറഞ്ഞ് തന്ന്‌ കാണും. ഞങ്ങളെ കമ്പളിപ്പിക്കാൻ വേണ്ടിയാണ് നിങ്ങൾ ആ പേര്‌ പറയുന്നത് എന്ന് ഞങ്ങൾ എല്ലാവർക്കും അറിയാം.” അഡോണി ദേഷ്യത്തില്‍ പറഞ്ഞു. പെട്ടന്ന് എന്റെ സമനില തെറ്റി. ഉള്ളില്‍ ഏതോ ദുഷ്ട ശക്തി ചങ്ങല പൊട്ടിച്ച് എന്റെ ഹൃദയത്തിലേക്ക് കോപത്തിൻറ്റെ അഗ്നി തെളിച്ചു. അത് ആളികത്താൻ തുടങ്ങി. ഞാൻ പതിയെ അയാള്‍ക്ക് നേരെ നീങ്ങാന്‍ തുടങ്ങി. അയാൾ പേടിയോടെ എന്നെയും പിന്നെ ചുറ്റിലും നോക്കി. ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് എന്നെ കള്ളന്‍ എന്ന് വിളിക്കാൻ ഇയാള്‍ക്ക് ഇത്ര ചങ്കൂറ്റം ഉണ്ടോ. നിന്റെ അഹങ്കാരം പറയുന്ന ആ ദുഷിച്ച വായ ഞാൻ വലിച്ച് കീറും. നിന്റെ തലച്ചോറ്‌ ഞാൻ മണ്ണിരകൾക്ക് ആഹാരമാക്കും. നിന്റെ ഹൃദയം പറിച്ച് ഞാൻ ചുട്ടെരിക്കും, നിന്റെ ചോര ഞാൻ…….” പെട്ടന്നാണ് ദൂരെ നിന്നും ചെന്നായ്ക്കളുടെ ഓരിയിടൽ എന്റെ കാതില്‍ പതിച്ചത്. പെട്ടന്ന് അഡോണിയുടെ മേല്‍ ഉണ്ടായിരുന്ന ദേഷ്യം ചെന്നായ്ക്കളുടെ പക്കല്‍ തിരിഞ്ഞു. ഞാൻ പെട്ടന്ന് നിന്നിട്ട് ശബ്ദം കേട്ട ദിക്കില്‍ നോക്കി. കാട്ടില്‍ നിന്നുമാണ് ശബ്ദം കേട്ടത്. ഒന്നും മനസ്സിലാവാതെ എല്ലാവരും എന്നെ നോക്കി. “എന്താണ്‌ സർ…..?” മൂര്‍ത്തി പേടിയോടെ ഞാൻ നോക്കുന്ന ദിക്കില്‍ നോട്ടം പായിച്ച് കൊണ്ട്‌ ചോദിച്ചു. “വേഗം ആയുധങ്ങൾ എടുത്ത് തയാറായിക്കോളൂ, ചെന്നായ്ക്കള്‍ വരുന്നു. അതിന്റെ ഓരിയിടൽ ഞാൻ കേട്ടു.” ഞാൻ പറഞ്ഞു. “ഞാൻ കേട്ടില്ല…..” അഡോണി പറഞ്ഞു.” അയാൾ മറ്റുള്ളവരെ നോക്കി. ഇല്ലെന്ന് എല്ലാവരും തലയാട്ടി. എന്റെ ഓഫീസർസ് വേഗം തോക്കുകള്‍ തയ്യാറാക്കാന്‍ തുടങ്ങി. അഡോണിയും കൂട്ടരും അവരുടെ ആയുധങ്ങൾ തയ്യാറാക്കി തുടങ്ങി. ഞാൻ പെട്ടിക്കകത്ത് നിന്നും ഒരു വില്ല് എടുത്ത് സെക്കന്റ്റുകൾ കൊണ്ട് അതിൽ ഞാൺ കൊളുത്തി മുറുക്കി തയ്യാറാക്കി മേശ പുറത്ത് വെച്ചിട്ട് ഒരു ഡസന്‍ അസ്ത്രങ്ങളും എടുത്ത് അതിന്റെ അറ്റത്ത് ലോഹ മുനകൾ യോജിപ്പിച്ച് കെട്ടി. അതിൽ തൂവാല ഞാൻ നേരത്തെ പിടിപ്പിച്ചിരുന്നു. നിമിഷ നേരം കൊണ്ട്‌ ഞാൻ എല്ലാം റെഡിയാക്കി ആവനാഴിയിലാക്കി. എന്നിട്ട് അതിന്റെ വള്ളി എന്നില്‍ ചുറ്റി അതിന്റെ ക്ലിപ് ഞാൻ ലോക് ചെയ്തു. കുറെ കഠാരയും അത് സൂക്ഷിക്കാനുള്ള അതിന്റെ വീതിയുള്ള ബെല്‍റ്റും എടുത്ത് എന്റെ അരയില്‍ ചുറ്റി ഫിക്സ് ചെയ്തു. മറ്റുള്ളവർ അപ്പോഴും അവരുടെ ആയുധങ്ങള്‍ തയ്യാറാക്കി കഴിഞ്ഞിരുന്നില്ല. അഡോണി അയാളുടെ ജോലി തീര്‍ത്ത് എന്നെ അല്‍ഭുതത്തോടെ നോക്കി. “വരു നമുക്ക് ജോലി പുറത്താണ്.” ഞാൻ നടന്ന് പുറത്തിറങ്ങി. എന്റെ ഒപ്പത്തിനൊപ്പം അഡോണി നടന്നു. എന്റെ അഞ്ച് ഓഫീസർസും ഞങ്ങളുടെ പുറകെ വന്നു. അവരുടെ പുറകെ ഭാനുവും മറ്റുള്ളവരും വന്നു. ഞങ്ങൾ മൊത്തം മുപ്പത് പേര്‍ ഉണ്ടായിരുന്നു. അതിൽ അഡോണിയുടെ നാല് പുത്രന്മാരും ഉണ്ടായിരുന്നു. “ചെന്നായ്ക്കള്‍ എപ്പോൾ വന്നാലും ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ മാറി ഉൾ ഗ്രാമത്തില്‍ കൂടുതൽ മൃഗങ്ങളും മനുഷ്യരും ഉള്ള ഭാഗത്താണ് ആക്രമിക്കുന്നത്. അതുകൊണ്ട്‌ നമുക്ക് അവിടെ പോകേണ്ടി വരും.” അഡോണി പറഞ്ഞു. “പിന്നേ നേരത്തെ റോബി ശെരിക്കും ചെന്നായ്ക്കളുടെ ഓരിയിടൽ കേട്ടെങ്കിൽ എല്ലാവരും വേഗം അങ്ങോട്ട് പോകുന്നതാണ് നല്ലത്.” അഡോണി പറഞ്ഞ് തീരും മുമ്പേ ചെന്നായ്ക്കളുടെ ഓരിയിടൽ എനിക്ക് പിന്നെയും കേട്ടു. ഇത്തവണ മറ്റുള്ളവരും കേട്ടു. മൂന്ന് ജീപ്പിലായി ഞങ്ങൾ മുപ്പത് പേരും അഡോണി പറഞ്ഞ സ്ഥലത്തെത്തി.

ഇടക്കിടക്ക് ചെന്നായ്ക്കളുടെ ഓരിയിടൽ കേട്ടുകൊണ്ടെ യിരുന്നു. ഓരോ തവണയും അത് അടുത്ത് കൊണ്ടേ യിരുന്നു. ഏകദേശം എഴുപത്തഞ്ച് ചെറിയ ചെറിയ വീടുകളാണ് അടുത്തടുത്തും കുറച്ച് ഇടവിട്ടും ഉണ്ടായിരുന്നത്. പല ഇടത്തും വലുതും ചെറുതുമായ കമ്പി വേലിക്കകത്ത് വളര്‍ത്ത് മൃഗങ്ങള്‍ പേടിയോടെ വിരണ്ടു നടക്കുന്നത് ഞാൻ കണ്ടു. ചെന്നായ്ക്കളുടെ വരവു അവറ്റകൾക്ക് മനസ്സിലായി കാണും. അഞ്ച് പേര്‍ അടങ്ങുന്ന സംഘം വച്ച് ഞങ്ങൾ പത്ത് ടീം ഉണ്ടാക്കി. എന്നിട്ട് ഓരോ ടീമും പിരിഞ്ഞ് പല ഭാഗത്തായി പോയ് മറഞ്ഞു. എന്റെ കൂടെ വാണി, രവി, ഭാനു പിന്നെ അഡോണിയുടെ ഏറ്റവും ഇളയ പുത്രന്‍ വരുണിതൻ ഇത്രയും പേര്‌ ഉണ്ടായിരുന്നു. ചെന്നായ്ക്കളുടെ ഓരിയിടൽ കേട്ട ദിക്കിലാണ് ഞാനും എന്റെ കൂട്ടരും നിന്നിരുന്നത്. മറ്റുള്ളവരുടെ കണ്ണില്‍ പേടി ഉണ്ടെങ്കിലും അവർ എനിക്കൊപ്പം ധൈര്യമായി നിന്നു. എന്റെ ഉള്ളിലും ചെറിയ ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ പെട്ടന്ന് അത് ദേഷ്യമായി മാറി. ഞങ്ങൾ മറഞ്ഞ് നിന്നിടത്ത് നിന്നും കുറച്ച് മാറി അഡോണിയുടെ ഗ്രൂപ്പ് ഉണ്ടായിരുന്നു. അങ്ങനെ കുറെ മാറി ഓരോ ഗ്രൂപ്പായി പതുങ്ങി ഇരുന്നു. ഞങ്ങൾ അഞ്ച് പേരും അടുത്തടുത്തുള്ള അഞ്ച് കൂറ്റന്‍ മരത്തിന്റെ ചുവട്ടില്‍ മറഞ്ഞ് നിന്നു. ഞാൻ മൂന്ന് അസ്ത്രങ്ങൾ എടുത്ത് എന്റെ മുന്നില്‍ മണ്ണില്‍ കുത്തി നിർത്തി. പിന്നെ ഒരെണ്ണം എന്റെ കൈയിൽ പിടിച്ചിരുന്നു. എറിയാൻ ഉപയോഗിക്കുന്ന കഠാരയിൽ നിന്നും രണ്ടെണ്ണം എടുത്ത് ഞാൻ മരത്തിൽ കുത്തി നിർത്തി. കുറച്ച് കഴിഞ്ഞ് ചെന്നായ്ക്കളുടെ ഓരിയിടലും പാഞ്ഞുള്ള വരവും വെറും നൂറ്റിയമ്പത് മീറ്റർ അകലെ നിന്നും കേട്ടു. ഞാണിൽ അസ്ത്രം തൊടുത്ത് കൊണ്ട്‌ ഞാൻ മരത്തിന്റെ മറവില്‍ നിന്നും പതിയെ എത്തി നോക്കി. അവർ പറഞ്ഞത് ശെരിയാണ്. ഇവ സാധാരണ ചെന്നായ്ക്കള്‍ ഒന്നുമല്ല. കൂറ്റന്‍ ചെന്നായ്ക്കള്‍ തന്നെ. ആകെ പതിനൊന്ന് ചെന്നായ്ക്കളാണ് ഞാൻ കണ്ടത്. ഏറ്റവും മുന്നിലുള്ള ചെന്നായയുടെ മുകളില്‍ ഒരു മനുഷ്യന്‍ സവാരി ചെയ്ത് വരുന്നു. ഞാൻ നില്‍ക്കുന്നതിന് അറുപത് മീറ്റർ മുന്നിലാണ് ഗ്രാമത്തിന്റെ അതിർത്തി ഉള്ളത്. ഗ്രാമത്തിന് ചുറ്റും ആറ് മീറ്റർ ഉയരത്തിലുള്ള വേലി പണ്ടേ കെട്ടിയിട്ടുണ്ടായിരുന്നു. മുമ്പ് പല സ്ഥലത്തും അവ പൊളിഞ്ഞ് കിടന്നിരുന്നു. എന്റെയും അഡോണിയുടെയും നിര്‍ദേശാനുസരണം ഗ്രാമത്തിൽ ഉള്ള എല്ലാവരും ചേര്‍ന്നു അവര്‍ക്ക് അടുത്തുള്ള വേലി വിടവുകള്‍ മുളയും തടിയും കയറും ഉപയോഗിച്ച് അടച്ചിരുന്നു. ഇപ്പൊ വനത്തില്‍ നിന്നും ഗ്രാമത്തിൽ കടക്കാന്‍ ഞാൻ നില്‍ക്കുന്നതിന് അടുത്തുള്ള മുള ഗൈറ്റ് വഴി മാത്രമേ കഴിയുകയുള്ളൂ. ചെന്നായ്ക്കള്‍ ഗൈറ്റിനു മുന്നിൽ നിന്ന് ഓരിയിട്ടു. ആ ചെന്നായ് മനുഷ്യന്‍ കൗതുകത്തോടെ ഞാൻ മറഞ്ഞ് നില്‍ക്കുന്ന മരത്തിൽ നോക്കുന്നത് ഞാൻ കണ്ടു. ഞാൻ ഇവിടെ നില്‍ക്കുന്നത് അയാള്‍ക്ക് എങ്ങനെയോ മനസ്സിലായി. എനിക്ക് അയാളെ കണ്ട് ഭയം തോന്നിയില്ല. മരത്തിന്റെ മറവില്‍ നിന്നും ഞാൻ പുറത്തേക്ക് വന്നു. “സർ എന്താണ് ചെയ്യുന്നത്?” വാണിയും മറ്റുള്ളവരും പേടിയോടെ ചോദിച്ചു. “നിങ്ങൾ ഇവിടെ നിന്നാൽ മതി.” അതും പറഞ്ഞ് ഞാൻ ഗൈറ്റ് ലക്ഷ്യമാക്കി നടന്നു. ഞാൻ പതിയെ നടന്ന് അടച്ചിട്ടിരുന്ന ഗൈറ്റിന് മുന്നില്‍ വന്ന് നിന്നു. എന്നിട്ട് ഗൈറ്റ് തുറന്ന ശേഷം കുറച്ച് പിന്നില്‍ മാറി നിന്നു. എന്നില്‍ നിന്നും വെറും മുപ്പത് മീറ്റർ ദൂരത്തിലാണ് ചെന്നായ്ക്കളും ആ മനുഷ്യനും നിന്നിരുന്നത്. ചെന്നായ്ക്കളുടെയും ആ മനുഷ്യന്റെയും നോട്ടം എന്റെ മേല്‍ ആയിരുന്നു. ഞാൻ അയാളുടെ കണ്ണില്‍ നോക്കി. പെട്ടന്ന് എന്റെ തലക്കുള്ളിൽ എന്തോ നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോനി. എന്റെ മനസ്സ് കൊണ്ട്‌ ഞാൻ അത് തടഞ്ഞു. പിന്നെയും പലവട്ടം ആ ശ്രമം തുടർന്നു പക്ഷേ അത് തടയാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ‘ഹും… എന്റെ മനസില്‍ നുഴഞ്ഞ് കയറാൻ നിന്റെ ശക്തിക്ക് കഴിയില്ല.’ ഞാൻ മനസില്‍ പറഞ്ഞു. ഞാൻ അയാളുടെ കണ്ണില്‍ തറപ്പിച്ച് നോക്കി പെട്ടന്ന് അയാളുടെ ചിന്തകളില്‍ എന്റെ മനസ്സാനിത്യം ഉദിച്ചത് ഞാൻ അറിഞ്ഞു. അയാളുടെ ചില ചിന്തകൾ

മാത്രമാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഞാൻ കൂടുതൽ ആഴത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. അതിൽ മനുഷ്യരോടുള്ള പക…. മനുഷ്യ മാംസം…. മനുഷ്യ രക്തം…. പിന്നെ അവന്റെ സ്രഷ്ടാവ്….. സേവനം…… അങ്ങനെ കൂടുതലും അര്‍ത്ഥമില്ലാത്ത പല ചിന്തകൾ കൂട്ടി കുഴഞ്ഞ് കിടക്കുകയായിരുന്നു. “മതി നിർത്ത്……..” അയാൾ കോപത്തോടെ അലറി വിളിച്ചു. അയാളുടെ അലര്‍ച്ച കേട്ട് എന്റെ ശ്രദ്ധ തെറ്റിയതും അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്ന എന്റെ സാന്നിധ്യം അപ്രതീക്ഷിതമായി. ഒരു പുഞ്ചിരിയോടെ ഞാൻ അയാളെ നോക്കി. ആ മുഖത്ത് കോപം കത്തി ജ്വലിച്ചു. പിന്നെ ചെറിയ ഒരു പേടി മിന്നി മറഞ്ഞു. എന്റെ പിറകില്‍ ആളുകൾ നില്‍ക്കുന്നത് അപ്പോഴാണ് ഞാൻ അറിഞ്ഞത്. ഞാൻ തിരിഞ്ഞ് നോക്കി. ഈ വേട്ടയ്ക്ക് ഇറങ്ങി തിരിച്ച എല്ലാവരും എന്റെ പിറകില്‍ ഉണ്ടായിരുന്നു. അവരുടെ മുഖത്ത് പേടിയും ആശ്ചര്യവും ഉണ്ടായിരുന്നു. എന്റെ ഓഫീസർസ് എല്ലാവരും തോക്ക് ചെന്നായ്ക്കള്‍ക്ക് നേരെ ഉന്നം പിടിച്ച് നിന്നു. മറ്റുള്ളവർ ഞാണിൽ അസ്ത്രം തൊടുത്ത് വലിച്ച് പിടിച്ചിരുന്നു. “ആരാണ് നീ….” ചെന്നായ് മനുഷ്യന്‍ കത്തുന്ന കണ്ണുകളോടെ പിന്നെയും അലറി. “നി നിസ്സാരൻ അല്ല….” “ഞാൻ റോബി. ഈ കാടും ഗ്രാമവും എന്റെ സംരക്ഷണത്തിലാണ്. നിനക്കും നിന്റെ അനുയായികൾക്കും ഇവിടെ പ്രവേശിക്കാന്‍ അനുമതി ഇല്ല.” ഞാൻ സാവധാനം പറഞ്ഞെങ്കിലും എന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു. “നീ ആരാണ്?” അയാൾ പൊട്ടിച്ചിരിച്ചു. അത്ര ചെന്നായ്ക്കളും പട്ടിയെ പോലെ കുരച്ചു. എന്നിട്ട് മുകളില്‍ നോക്കി കൂട്ടമായി ഓരിയിട്ടു. ചിലപ്പോ അവറ്റകളും എന്നെ കളിയാക്കി ചിരിച്ച് കാണും. “ഞാൻ റണ്ടൽഫസ്, ഞാനാണ് ഈ ചെകുത്താന്‍ വനത്തിന്റെ രാജാവ്, ഞാനാണ് ചെകുത്താന്‍ മടയുടെ കാവല്‍ക്കാരന്‍. ഈ കാട്ടിനുള്ളിൽ പ്രവേശിച്ചവരുടെ അന്തകന്‍ ഞാനായിരുന്നു. അവരുടെ മാംസവും അവയവങ്ങളും ഞങ്ങളുടെ ഭക്ഷണമായി മാറി. എന്റെ സ്രഷ്ടാവ് സാക്ഷാല്‍ മെറോഹ്റിയസ് രാജാവ് തന്നെയാണ്. എന്റെ രാജാവിന്റെ സ്വന്തം രക്തവും മാംസവും കൊണ്ട്‌ തന്നെയാണ് എന്നെ സൃഷ്ടിച്ചത്. ഈ പതിനൊന്ന് പേരുടെയും സ്രഷ്ടാവ് ലോകവേന്തൻ ആണ്. ലോകവേന്തൻറ്റെ സേവകരാണ് ഞങ്ങൾ.” അത് പറഞ്ഞ്‌ തീര്‍ന്നതും റണ്ടൽഫസ് എന്നെ ഉറ്റു നോക്കി. എന്നെ മണപ്പിക്കും പോലെ ശ്വാസം വലിച്ച് വിട്ടു. പെട്ടന്ന് അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. അത് കേട്ട് ഞാൻ ഞെട്ടി നിന്നു. ഞാൻ തിരിഞ്ഞ് നോക്കി. എല്ലാവരും ഞെട്ടി നില്‍ക്കുകയാണ്. അഡോണി നടന്ന് എന്റെ അടുത്ത് വന്ന് നിന്നു. “നി ആരായാലും എനിക്ക് ഒന്നുമില്ല. നീയും നിന്റെ പട്ടി കുഞ്ഞുങ്ങളും തിരിച്ച് പോകുന്നതാണ് നല്ലത്.” ദേഷ്യത്തോടെ ഞാൻ പറഞ്ഞു. റണ്ടൽഫസ് ദേഷ്യത്തില്‍ അലറി. ചെന്നായ്ക്കളും മുകളില്‍ നോക്കി ഓരിയിട്ടു. പക്ഷേ പെട്ടന്ന് റണ്ടൽഫസ് എന്റെ നേര്‍ക്ക് അവന്റെ മുഖം നീട്ടി പിടിച്ചു. “ഇപ്പോൾ ഞാൻ നിന്നെ അറിയുന്നു. നി എന്റെ ശത്രുവല്ല.” റണ്ടൽഫസ് എന്നോട് പറഞ്ഞു. “ഈ മൂന്ന് ഗ്രാമത്തിൽ ഉള്ളവരും വേതചന്രൻറ്റെ പാരമ്പര്യത്തില്‍ ജനിച്ച എല്ലാവരും എന്റെ ശത്രുക്കളാണ്. ഈ നിസ്സാര ആയുധങ്ങൾ കൊണ്ട്‌ ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കുക. എന്റെ മുന്നില്‍ നിന്നും മാറ്. എന്റെ കര്‍ത്തവ്യം ഞാൻ നിറവേറ്റട്ടെ ” അയാൾ എന്നോട് പറഞ്ഞു. അഡോണി സംശയത്തോടെ എന്നെ നോക്കി. എന്നിട്ട് അയാൾ റണ്ടൽഫസിനോട് പറഞ്ഞു, “ഒരു ചെകുത്താന്റെ സൃഷ്ടിക്കൾക്കും ഇനി മേലാൽ ഇവിടെ കടന്ന് കൂട്ടാന്‍ കഴിയില്ല. ജീവൻ വേണമെങ്കിൽ തിരിച്ച് പോ….” റണ്ടൽഫസ് കോപം തലയ്ക്ക് പിടിച്ച് പിന്നെയും അലറി. “രണശൂരൻ കീടമേ…… നിന്നെ കൊന്ന് നിന്റെ സ്വാദുള്ള മാംസം ഞങ്ങൾ ഭക്ഷിക്കും.” പെട്ടന്ന് റണ്ടൽഫസ് തറയില്‍ വീണ് പിടഞ്ഞു. ഞങ്ങൾ നോക്കി നില്‍ക്കേ അയാള്‍ക്ക് രൂപമാറ്റം സംഭവിച്ചു. അയാൾ ചെന്നായയുടെ രൂപം പൂണ്ടു. ഓരിയിട്ട് കൊണ്ട്‌ അവന്‍ മറ്റ്‌ ചെന്നായ്ക്കളെ നോക്കി. പെട്ടന്ന് കൂട്ടത്തില്‍ നിന്നും മൂന് ചെന്നായ്ക്കള്‍ അഡോണിയുടെ നേര്‍ക്ക് പാഞ്ഞ് വന്നു. ഞാൻ പോലും അറിയാതെ മിന്നല്‍ വേഗത്തിൽ ഒന്നിന്റെ പുറകെ ഒന്നായി രണ്ട് അസ്ത്രങ്ങൾ ഞാൻ തൊടുത്ത് വിട്ടു. ഉന്നം പിഴയ്ക്കാതെ അത് രണ്ടും ആ കൂറ്റന്‍ ചെന്നായ്ക്കളുടെ കണ്ണില്‍ തറച്ച് മറു വശത്ത് കൂടി പുറത്തേക്ക് പോയി തറയില്‍ വീണു. മൂന്നാമത്തെ അസ്ത്രം ഞാൻ തൊടുക്കും മുന്നേ പാഞ്ഞ് വന്ന അവസാനത്തെ ചെന്നായ അഡോണിയുടെ മേൽ ചാടി വീണു. പക്ഷേ അഡോണി ഒരു വശത്തേക്ക് ചാടി മാറുന്നതിനിടെ അയാളുടെ അരയില്‍ ഉണ്ടായിരുന്ന വാളുറയിൽ നിന്നും വാൾ വലിച്ചൂരി, എന്നിട്ട് അഡോണി അതേ വേഗത്തിൽ വാൾ വീശി. മൂന്നാമത്തെ ചെന്നായയുടെ തലയും ഉടലും വെവ്വേറെയായി തറയില്‍ പതിച്ചു. അതിന്‌ ശേഷമാണ് ഞങ്ങൾക്ക് പുറകില്‍ നിന്നും വെടി ഒച്ച കേട്ടത്. പിന്നെ കുറെ അസ്ത്രങ്ങളും ബാക്കി ഉണ്ടായിരുന്ന ചെന്നായ്ക്കളുടെ നേര്‍ക്ക് പാഞ്ഞ് പോയി. റണ്ടൽഫസ് പറഞ്ഞത് നേരായിരുന്നു. ഞാനും അഡോണിയും ആക്രമിച്ച മൂന്ന്

ചെന്നായ്ക്കള്‍ മാത്രമാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവരുടെ തോക്കിനൊ അസ്ത്രങ്ങൾക്കൊ ബാക്കി ഉണ്ടായിരുന്ന ഒന്‍പത് ചെന്നായ്ക്കളെ പരിക്കേല്ക്കാൻ പോലും കഴിഞ്ഞില്ല. പക്ഷേ ആ ആക്രമണത്തില്‍ ക്ഷുഭിതരായ രണ്ട് ചെന്നായ്ക്കള്‍ അഡോണിയുടെ നേര്‍ക്ക് പാഞ്ഞു. ഞാൻ ഒരു അസ്ത്രം തൊടുത്ത് കൊണ്ട് അഡോണിയെ നോക്കി ചിരിച്ചു. അയാൾ വികാരവിവശനായി ചിരിച്ചു. രണ്ട് ചെന്നായ്ക്കളും അഡോണിയുടെ നേര്‍ക്കാണ് ഒന്നിന് പിറകെ ഒന്നായി പാഞ്ഞ് വന്നത് . എനിക്ക് ഒന്നും മനസ്സിലായില്ല. എന്തുകൊണ്ട്‌ ചെന്നായ്ക്കള്‍ എന്നെ ആക്രമിക്കുന്നില്ല? ഞാൻ സ്വയം ചോദിച്ചു. ഒന്നും ആലോചിക്കാൻ എനിക്ക് സമയം ഇല്ലായിരുന്നു. ഞാൻ വേഗം അസ്ത്രം തൊടുത്ത് വിട്ടു. അത് മുന്നില്‍ വന്ന ചെന്നായയുടെ കണ്ണില്‍ തറച്ച് തലച്ചോറും തകർത്ത് പുറത്തേക്ക് പോയി. അതും മരിച്ച് വീണു. ഞാൻ പിന്നെയും അസ്ത്രം തൊടുക്കും മുന്നേ രണ്ടാമത്തെ ചെന്നായ പേടിയോടെ പിന്മാറി. “മതി നിന്റെ ധിക്കാരം……” ആ അലര്‍ച്ച കേട്ട് ഞാൻ ആ അലര്‍ച്ച വന്ന ദിക്കില്‍ നോക്കി. റണ്ടൽഫസ് പിന്നെയും മനുഷ്യ രൂപത്തിൽ മാറിയിരുന്നു. “നിന്നോട് ഞങ്ങൾക്ക് ശത്രുത ഇല്ലെന്ന് ഞാൻ ബോധിപ്പിച്ചിരുന്നു രാജ പുത്ര. നിന്നില്‍ ഓടുന്ന ചെകുത്താന്‍ രാജാവിന്റെ രക്തം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ നി നിന്റെ സ്വന്തം പിതാവായ ചെകുത്താന്‍ രാജാവ് മെറോഹ്റിയസിന് എതിരായി തിരിഞ്ഞിരിക്കുന്നു. നിന്റെ സ്വന്തം പിതാവിന്റെ സൃഷ്ടിയായ എനിക്ക് എതിരെയും നി തിരിഞ്ഞിരിക്കുന്നു.” റണ്ടൽഫസ് ഉറക്കെ വിളിച്ച് കൂവി. അയാളുടെ വെളിപ്പെടുത്തല്‍ കേട്ട് ഞാൻ മിന്നല്‍ ഏറ്റത് പോലെ നിന്നു. എന്റെ ശ്വാസം നിലച്ചത് പോലെ എനിക്ക് തോനി. റണ്ടൽഫസ് നായ കള്ളം പറയുകയാണ്. ഞാൻ സ്വയം പറഞ്ഞു. ഞാൻ ആ ദുഷ്ട നായയുടെ കണ്ണില്‍ നോക്കി. ആ നായ എനിക്ക് മുന്നില്‍ സ്വയം മനസ്സ് തുറന്ന് കാണിച്ചു. ആ നീച മനസ്സ് ഞാൻ വായിച്ചു. റണ്ടൽഫസ് പറഞ്ഞത് സത്യമാണ്. ഞാൻ ചെകുത്താന്റെ സന്തതി തന്നെയാണ്. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകി. എന്റെ ജീവിതം തകിടം മറിഞ്ഞു. ചില സമയങ്ങളില്‍ അടുത്തവരുടെ വേദനയില്‍ എനിക്ക് സന്തോഷം തോന്നിയിരുന്നതിൻറ്റെ പൊരുള്‍ ഇപ്പോൾ എനിക്ക് മനസ്സിലായി. ചില സമയങ്ങളില്‍ ആരെയെങ്കിലും ദ്രോഹിക്കാൻ തോന്നിയിരുന്നതിൻറ്റെ അര്‍ത്ഥം ഇപ്പോൾ മനസിലായി. ഞാൻ എന്റെ അടുത്ത് നിന്ന അഡോണിയേ നോക്കി. അയാൾ എന്റെ അടുത്ത് നിന്നും പേടിയോടെ പതിയെ പിന്നോട്ട് നടന്ന് നീങ്ങി. ഞാൻ തിരിഞ്ഞ് ഗ്രാമ വാസികളെ നോക്കി. എല്ലാവരുടെയും കണ്ണില്‍ ഞാൻ ഭയം കണ്ടു. ഞാൻ വാണിയേ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു. ഞാൻ തകർന്ന് പോയി. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോനി. “നി ഞങ്ങള്‍ക്കൊപ്പം വരുന്നതാണ് നല്ലത്. നിന്റെ പിതാവിന്റെ സാമ്രാജ്യം ഈ ഭൂമിയിലും പടുത്തുയർത്തി മെറോഹ്റിയസ് രാജാവിന്റെ പേരില്‍ നിനക്കും രാജാവായി ഈ ഭൂമിയില്‍ കഴിയാം. ഞങ്ങളും നിന്റെ കൂ……” ഞാൻ പോലും അറിയാതെ എന്റെ വായിൽ നിന്നും പുറപ്പെട്ട അലര്‍ച്ച കേട്ട് ഗ്രാമ വാസികളും എന്റെ ഓഫീസർ മാരും എന്നെ പേടിയോടെ നോക്കി. റണ്ടൽഫസ് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എന്നെ നോക്കി. എന്റെ ക്രോധം കാട്ടുതീ പോലെ എന്നില്‍ ആളിക്കത്തി. എന്റെ കണ്ണില്‍ ഇരുട്ട് കേറി. എന്റെ ഉള്ളില്‍ കോപം തിളച്ച് മറിഞ്ഞു. എന്റെ കണ്ണുകൾ പുകഞ്ഞു. എല്ലാവരെയും കൊല്ലാന്‍ എന്റെ മനസ്സ് പറഞ്ഞു. പക്ഷേ വാണിയുടെ മുഖം എന്റെ മനസില്‍ തെളിഞ്ഞു. എന്റെ അമ്മയുടെ വാക്കുകള്‍ക്ക് അര്‍ത്ഥം ഉണ്ടായി. രാധിക ചേച്ചിയുടെ സ്നേഹമുള്ള കണ്ണുകൾ എന്റെ മുന്നില്‍ തെളിഞ്ഞു. വാണിയുടെ കണ്ണുനീര്‍ എന്റെ പകുതി നല്ല ഹൃദയത്തെ സ്വാധീനിച്ചു. എന്റെ ക്രോധം ചെന്നായ്ക്കളുടെ പക്ഷത്ത് തിരിഞ്ഞു. എന്താണ്‌ സംഭവിക്കുന്നത് എന്ന് ആര്കെങ്കിലും മനസ്സിലാകും മുന്നേ എന്റെ നാല് അസ്ത്രങ്ങൾ നാല് ചെന്നായ്ക്കളുടെ കണ്ണുകളിലൂടെ തുളച്ച് തലച്ചോറും തകർത്ത് പുറത്ത്‌ വന്നിരുന്നു. ഞാൻ അഞ്ചാമത്തെ അസ്ത്രം എടുത്ത് തൊടുത്തു. പക്ഷേ അപ്പോഴേക്കും ബാക്കി ഉണ്ടായിരുന്ന ചെന്നായ്ക്കളും റണ്ടൽഫസും എന്റെ അസ്ത്രത്തിനേക്കാൾ വേഗത്തിൽ ഓടി മറഞ്ഞു. ഞാൻ അവസാനമായി തൊടുത്ത അസ്ത്രം ഞാണിൽ വലിച്ച് പിടിച്ചുകൊണ്ട് കോപത്തോടെ അഡോണിക്ക് നേരെ തിരിഞ്ഞു…….

തുടരും…………

Comments:

No comments!

Please sign up or log in to post a comment!