സൂര്യനെ പ്രണയിച്ചവൾ 8
പിറ്റേ ദിവസം കോളേജില്‍, കൂട്ടുകാര്‍ എല്ലാവരും ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോയപ്പോള്‍ ജോയല്‍ ലൈബ്രറിയിലേക്ക് നടന്നു.
കൂട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അവനൊഴിഞ്ഞു മാറുകയാനുണ്ടായത്.
ഒരു ഉത്സാഹം തോന്നിയില്ല. ഡെസ്ക്കിനുള്ളിലും വീട്ടിലും വന്ന ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ആരുടെയോ ബാലിശമായ പ്രവര്‍ത്തിയായി അവന് തോന്നിയില്ല.
അതുകൊണ്ടുതന്നെ മനസ്സ് അല്‍പ്പം അസ്വസ്ഥമായി തോന്നിയത്കൊണ്ട് ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോകാന്‍ തോന്നിയേയില്ല.
ലൈബ്രറിയില്‍ എപ്പോഴുമിരിക്കാറുള്ള ഇരിപ്പിടത്തിനടുത്തേക്ക് അവന്‍ നടന്നു.
ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവനമ്പരന്നു.
കസേരയില്‍ ഒരു ചുവന്ന കവര്‍.
“മൈ ഗോഡ്!”
അവനറിയാതെ മന്ത്രിച്ചു.
അവനാ കവര്‍ എടുത്തു.
തുറന്നു. ഇളം നീല നിറത്തില്‍ ഒരു കാര്‍ഡ്.
ആലിംഗനബദ്ധരായ സ്ത്രീപുരുഷന്മാര്‍.
അതിനടിയില്‍ ഇങ്ങനെ എഴുതിയിരുന്നു.
“യൂ ആര്‍ ബോണ്‍ ഫോര്‍ മീ. യൂ ആര്‍ മൈ ലവ്. യൂ ആര്‍ മൈ ലൈഫ്..”
….നീ എനിക്ക് വേണ്ടി ജനിച്ചതാണ്. നീയാണെന്റെ പ്രണയം. നീയാണെന്റെ ജീവന്‍…
അവനിലെ അമ്പരപ്പും ചങ്കിടിപ്പും കൂടി.
അവന്‍ ചുറ്റും നോക്കി. ആരായിരിക്കും?
പെട്ടെന്ന് പിമ്പില്‍ നാലഞ്ച് കസേരകള്‍ക്കപ്പുറത്ത് ഗായത്രിയിരിക്കുന്നത് അവന്‍ കണ്ടു.
ഗൌരവമായ വായനയിലാണ്.
സ്വര്‍ണ്ണ നിറത്തില്‍ ഒരു ടാങ്ക്ടോപ്പും ബ്ലാക്ക് മിനിസ്ക്കര്‍ട്ടും ആണ് വേഷം.
അവളുടെ അനുപമമായ ദേഹഭംഗിയും താരുണ്യംതിളച്ചു തുളുമ്പുന്ന സൌന്ദര്യവും അതിലൂടെ മിഴിവായി.
അഴകാര്‍ന്ന നീണ്ട മുടിയിഴകള്‍ ഇളം കാറ്റില്‍ പതിയെ ഇളകിക്കൊണ്ടിരുന്നു.
“ഗായത്രി …”
ജോയല്‍ ശബ്ദം കേള്‍പ്പിക്കാതെ വിളിച്ചു.
വളരെ കര്‍ക്കശക്കാരിയാണ് ലൈബ്രറിയന്‍.
നേരിയ ശബ്ദം മതി അവര്‍ക്ക് കുട്ടികളെ ലൈബ്രറിയില്‍ നിന്നും പുറത്താക്കാന്‍.
ശബ്ദം കേട്ട് അവള്‍ വായനയില്‍ നിന്നുമുണര്‍ന്ന് അവനെ നോക്കി.
“ഹായ്, ജോയല്‍,”
അവളും മന്ത്രിക്കുന്ന സ്വരത്തില്‍ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശിക്കാണിച്ചു.
“എന്താ?”
“ആരേലും ഈ കവര്‍ ഇവിടെ കൊണ്ടുവന്നു ഇടുന്നത് കണ്ടോ?”
കവര്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“ഇല്ലല്ലോ? എന്ത് കാര്‍ഡ് ആണ് അത്, ജോയല്‍?”
പുഞ്ചിരിയുടെ തിളക്കം കൂട്ടി, നോട്ടത്തില്‍ കുസൃതിയുടെ ഭംഗി തീവ്രമാക്കി അവള്‍ തിരക്കി.
“അതോ!”
അവന്‍ ഉത്സാഹത്തോടെ പറയാന്‍ തുടങ്ങി.
“ഏയ്! ഒന്നുമില്ല!”
അവന്‍ പറഞ്ഞു.
“എന്താണ് എന്നെങ്കിലും പറയൂന്നെ! എന്നോടല്ലേ!” നല്ല കുട്ടിയാണ് ഗായത്രി. ജോയല്‍ ഓര്‍ത്തു. എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. ഇഷ്ടവും. സുന്ദരിയാണ് എന്നതുകൊണ്ടോ, വളരെ സ്വാധീനമുള്ള ഒരു കേന്ദ്രമന്ത്രിയുടെ മകളാണ് എന്നതുകൊണ്ടോ അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു തരിമ്പും അഹങ്കാരമോ നിഗളിപ്പോ ഇല്ല എന്ന് അവനോര്‍ത്തു. ഗായത്രിയോട് പറഞ്ഞാലോ? ചിലപ്പോള്‍ അവള്‍ വിചാരിച്ചാല്‍ തന്നെ ഇങ്ങനെ പറ്റിക്കുന്നത് ആരാണെന്ന് ചിലപ്പോള്‍ കണ്ടുപിടിക്കാന്‍ സാധിച്ചേക്കാം.
“ശരി!”
അവന്‍ എഴുന്നേറ്റു. എന്നിട്ട് തന്‍റെ ബാഗും കാര്‍ഡും എടുത്ത് അവളുടെ അരികിലേക്ക് പോയി. അവള്‍ക്ക് അഭിമുഖമായി ഇരുന്നു.
“ഇന്നലെ മുതല്‍ എന്നെ ഒരാള് വല്ലാതെ പറ്റിക്കുന്നു ഗായത്രി,”
അല്‍പ്പം ലജ്ജയോടെ, എന്നാല്‍ വിഷമത്തോടെയും അവന്‍ പറഞ്ഞു.
“എങ്ങനെ?”
അവള്‍ തിരക്കി.
“അതോ?”
അവന്‍ പറഞ്ഞു.
“ഇന്നലെ ക്ലാസ്സില്‍ ചെന്നപ്പോള്‍ എന്‍റെ ഡെസ്ക്കില്‍ ഇതുപോലെ ഒരു കാര്‍ഡ്. അതില്‍ എഴുതിയിരിക്കുന്നു….”
“എന്ത് എഴുതിയിരിക്കുന്നു..?”
അവള്‍ ചോദിച്ചു.
അവളുടെ മുഖം ചുവന്നിരിക്കുന്നത് അവന്‍ കണ്ടു. കണ്ണുകളില്‍ വല്ലാത്ത മായികമായ ഒരു ഭാവം. അവള്‍ പുഞ്ചിരിയോടെ കൈ ഉയര്‍ത്തി തന്‍റെ നീണ്ട മുടിയിഴകളില്‍ തഴുകി.
“അത് ഗായത്രി…”
അവളുടെ നോട്ടത്തിന്‍റെ ഭംഗിയില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ അവന്‍ പറഞ്ഞു.
“എന്നെ ആരോ പ്രേമിക്കുന്നു എന്നും ഒക്കെ. മാത്രമല്ല ഇന്നലെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെയും കാര്‍ഡ് വന്നിരിക്കുന്നു. ഗായത്രി ഇന്നലെ എനിക്കുണ്ടായ ചമ്മല്‍. പപ്പയും മമ്മിയും എന്നെ കളിയാക്കിയതിന് കണക്കില്ല…”
“അതെന്താ, അവര്‍ പ്രേമത്തിന് അത്ര എതിരാണോ?”
അവള്‍ പുഞ്ചിരി മാറ്റാതെ ചോദിച്ചു.
“അയ്യോ അതല്ല,”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“ഞാനിങ്ങനെ ടെന്‍ഷന്‍ അടിച്ച് …അതൊക്കെ കണ്ടിട്ട്…”
“എന്തിനാ ടെന്‍ഷന്‍? ഇങ്ങനെ കാര്‍ഡ് മെസേജ് ഒക്കെ തന്ന് പ്രേമിക്കുന്ന കുട്ടി ക്യൂട്ട് ആണോ അല്ലയോ എന്നൊക്കെ ഓര്‍ത്താണോ?”
“അയ്യോ, അതല്ല…എന്നെ പൊട്ടന്‍ കളിപ്പിക്കുവാണോ എന്നൊക്കെ ഓര്‍ക്കുമ്പം…”
“ജോയലിനെ എന്തിനാ പൊട്ടന്‍ കളിപ്പിക്കുന്നെ? ജോയല്‍ ഹാന്‍സം അല്ലേ? നല്ല നേച്ചര്‍ അല്ലേ? കോളേജിലെ ഏറ്റവും പോപ്പുലര്‍ അല്ലേ? പിന്നെന്താ?”
അത് പറഞ്ഞുകഴിഞ്ഞപ്പോള്‍ തനിക്ക് അബദ്ധം പറ്റിയത് പോലെ അവള്‍ അവനെ നോക്കി.
“അല്ല, അങ്ങനെയൊക്കെ ആണ് ജോയലിനെപ്പറ്റി പൊതുവേ പറയുന്നേ! ഞാന്‍ ജസ്റ്റ് അതൊന്നു റിപ്പീറ്റ് ചെയ്തു എന്നേയുള്ളൂ!”
അവന്‍ പുഞ്ചിരിച്ചു.
“ഗായത്രി എനിക്ക് ഒരു ഹെല്‍പ്പ് ചെയ്യാമോ?”
“എന്ത് ഹെല്‍പ്പ്?”
“ഗായത്രിക്ക് മിക്കവാറും എല്ലാ പെണ്‍കുട്ടികളെയും അറിയാമല്ലോ. ഇങ്ങനെ പാത്തും പതുങ്ങീം എനിക്ക് കാര്‍ഡ് അയയ്ക്കുന്ന ആ പെണ്ണ് ഏതാണ് എന്ന് കണ്ടുപിടിക്കാന്‍ എന്നെ ഒന്ന് ഹെല്‍പ്പ് ചെയ്യാമോ?”
ഗായത്രിയപ്പോള്‍ അല്‍പ്പം വിസമ്മതത്തോടെ അവനെ നോക്കി. അവള്‍ക്ക് അത് അഗീകരിക്കാന്‍ ഇഷ്ടമില്ലാത്തത് പോലെ. അത് ജോയല്‍ മനസ്സിലാക്കി.
“സോറി…”
അവന്‍ പറഞ്ഞു.
“ഗായത്രിയെപ്പോലെ ഒരു കുട്ടിയെ ഏല്‍പിക്കാന്‍ പാടില്ലാത്ത പണിയാണ് ഇത് എനിക്കറിയാം. പക്ഷെ എനിക്കിത് ശകലം ടെന്‍ഷന്‍ തരുന്നുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്…”
“അത് കുഴപ്പമില്ല,”
ഗായത്രി ചിരിച്ചു.
“ഞാന്‍ മാക്സിമം ട്രൈ ചെയ്യാം….”
ജോയലിന് സമാധാനമായി.
“ഐഡിയ!”
എന്തോ ഓര്‍മ്മിച്ച് അവള്‍ പെട്ടെന്ന് പറഞ്ഞു. ജോയല്‍ വളരെ പ്രതീക്ഷയോടെ അവളെ നോക്കി.
“നാളത്തെ ടൂറിന് ജോയല്‍ പേര് കൊടുത്തിട്ടില്ലേ?”
“ഉണ്ട്. ഞാന്‍ പേര് കൊടുത്തിട്ടുണ്ട്,”
“എങ്കില്‍ ഈസിയായി കണ്ടുപിടിക്കാം!”
“എങ്ങനെ?”
“എന്‍റെ ജോയല്‍! ഈസി എന്ന് പറഞ്ഞാല്‍ ഈസിയായി കണ്ടുപിടിക്കാം. കാരണം ജോയലിനോട് സിന്‍സിയര്‍ ആയ ഫീലിംഗ് ആണ് ഈ കുട്ടിയ്ക്ക് എങ്കില്‍ അവള്‍ എന്തായാലും ടൂറിന് വരാതിരിക്കില്ല. ശരിയല്ലേ?”
“ഓക്കേ!”
കാര്യം മനസ്സിലാക്കിയത് പോലെ ജോയല്‍ പറഞ്ഞു. പെട്ടെന്ന് അവന്‍റെ മുഖത്ത് ഒരു സന്നിഗ്ധത കടന്നു വന്നു.
“എന്താ?’
അത് കണ്ടിട്ട് അവള്‍ തിരക്കി.
“ഗായത്രി പേര് കൊടുത്തിട്ടുണ്ടോ?”
“ഇതുവരെ ഇല്ല,”
അവള്‍ പുഞ്ചിരിച്ചു.
“അയ്യോ അപ്പോള്‍? പോകേണ്ട കുട്ടികളുടെ എണ്ണം കമ്പ്ലീറ്റ് ആയാല്‍? ഗായത്രി വന്നില്ലെങ്കില്‍ എങ്ങനെ അവളെ കണ്ടുപിടിക്കും?”
“റിലാക്സ്! റിലാക്സ്!”
അവന്‍റെ ടെന്‍ഷന്‍ കണ്ട് ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“നാലഞ്ച് കുട്ടികള്‍ക്ക് കൂടി പേര് കൊടുക്കാം എന്നാ ഞാന്‍ അറിഞ്ഞേ! ജോയലിനെ ഹെല്‍പ്പ് ചെയ്യാന്ന് ഞാന്‍ പ്രോമിസ് ച്വേയ്തില്ലേ? അതുകൊണ്ട് ഞാന്‍ പേര് കൊടുക്കാം! ഓക്കേ?”
“എങ്കില്‍ വേഗം വേണം!”
ജോയല്‍ പെട്ടെന്ന് പറഞ്ഞു.
“ടൂറിന്റെ ഇന്‍ചാര്‍ജ് ഫാരിസ് റഹ്മാന്‍ സാറല്ലേ? സാറും ഞാനും ഫ്രണ്ട്ലി ആണ്. ഇപ്പ തന്നെ പറഞ്ഞാലോ?”
“ഓക്കേ! ഓക്കേ!”
അവന്‍റെ തിടുക്കം കണ്ട് ചിരി പൊട്ടി ഗായത്രി പറഞ്ഞു.
“ഹ്മം…ഹ്മം..എനിക്ക് മനസ്സിലാകുന്നുണ്ട്”
അവന്‍റെ കൂടെ എഴുന്നേറ്റുകൊണ്ട് അവന്‍റെ നേരെ കുസൃതി ചിരി എറിഞ്ഞ് അവള്‍ പറഞ്ഞു.
“എന്താ?”
ലൈബ്രറിയുടെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ഒരു ചമ്മിയ ചിരി ചിരിച്ച് ജോയല്‍ ചോദിച്ചു.
“ആ സുന്ദരിപ്പെണ്ണിനെ കാണാന്‍ ഭയങ്കര തിടുക്കമായി അല്ലേ?”
ലൈബ്രയ്ക്ക് വെളിയില്‍ അശോകമരങ്ങളും അവയുടെ മൃദുശിഖരങ്ങളെ ഉലയ്ക്കുന്ന കാറ്റും അതിരുകള്‍ തീര്‍ത്ത വിശാലമാക്കിയ ഗ്രൌണ്ടിലേക്ക് ഇറങ്ങിക്കൊണ്ട് ഗായത്രി ചോദിച്ചു.
“അത്..അങ്ങനെ ചോദിച്ചാല്‍…”
“ഇതിപ്പോ ആദ്യമായോന്നും അല്ലല്ലോ! ജോയലിനെ വേറെ ഗേള്‍സ് ഒക്കെ പ്രോപോസ് ചെയ്ത്ട്ടില്ലേ? എനിക്കറിയാം!”
പറഞ്ഞുകഴിഞ്ഞപ്പോള്‍ അബദ്ധം പറ്റിയത് പോലെ ഒരു ഭാവം അവളുടെ മുഖത്തേക്ക് കടന്നുവന്നു.
“അല്ല..ഞാന്‍ പറഞ്ഞത് ..അതുകൊണ്ട് ഇത്ര ടെന്‍ഷന്‍ എന്തിനാ എന്നാ ഞാന്‍ ഉദേശിച്ചേ!”
ഹ്യൂമാനിറ്റീസ് ബ്ലോക്കിന് മുമ്പിലെ പനമരത്തിനു കീഴിലെ കോണ്‍ക്രീറ്റ് ബെഞ്ചിലിരുന്ന് വയലിന്‍ വായിക്കുന്ന, മെക്സിക്കന്‍ വിദ്യാര്‍ഥി ബോബ് ഹോപ്ക്കിന്‍സിനെ നോക്കി കൈ വീശിക്കാണിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
“പക്ഷെ ….”
ബോബ് ഹോപ്പ്ക്കിന്‍സിന്‍റെ നേരെ തംസ് അപ്പ് മാര്‍ക്ക് കാണിച്ച് ജോയല്‍ നേരിയ ലജ്ജയോടെ പറഞ്ഞു.
“….അവരൊക്കെ…ഗായത്രി ..എനിക്ക് ..എന്‍റെ ടേസ്റ്റിന് പറ്റിയവരായി തോന്നിയില്ല ഗായത്രി…അത്കൊണ്ട്…”
“ഹ്മം ..അറിയാം…ആ നിഹാരികാ വ്യാസിന് എന്തായിരുന്നു കുഴപ്പം?”
സൌത്ത് ബ്ലോക്കിലെ ഓപ്പണ്‍ എയര്‍ തീയറ്റര്‍ പിന്നിട്ടുകൊണ്ട് ഓഡിയോ വിഷ്വല്‍ റിസേര്‍ച്ച് സെന്‍റ്ററിലേക്കുള്ള പുല്‍ത്തകിടി വിരിച്ച മൈതാനത്തിലേക്ക് കയറവേ അവള്‍ പെട്ടെന്ന് ചോദിച്ചു.
“എന്ത് ക്യൂട്ടാ ആ കുട്ടി! ജോയല്‍ എന്ന് വെച്ചാല്‍ മരിക്കാന്‍ വരെ ഒരുക്കമാ, ആ കുട്ടീടെ സംസാരം കേട്ടാല്‍!”
ജോയലിന്റെ മുഖത്തേക്ക് വീണ്ടും ജാള്യത കടന്നു വന്നു.
“നിഹാരിക നല്ല കുട്ടിയാ, ഗായത്രി..”
എതിരെ വന്ന കൂട്ടുകാരെ നോക്കി ഇരുവരും കൈ വീശിക്കാണിക്കവേ ജോയല്‍ പറഞ്ഞു.
“… ബട്ട് ..നമുക്ക് ഒരു ഫീല്‍ തോന്നണ്ടേ? യെസ് ജോയല്‍ .
ജോയല്‍ ഗായത്രിയെ നോക്കിയപ്പോള്‍ അവളുടെ കണ്ണുകള്‍ സൂര്യതേജസ്സിലെന്നത് പോലെ പ്രകാശിച്ച് തന്‍റെ മുഖത്തേക്ക് നോക്കുകയാണ്. മൌനങ്ങളാണ് എങ്കിലും പവിഴം പോലെയുള്ള മൊഴിമുത്തുകള്‍ ആ മൌനത്തില്‍ അവന്‍ കണ്ടു.
“സോറി ..ഞാന്‍ എക്സൈറ്റഡ് ആയി ഇങ്ങനെ ഓരോന്ന് ….”
അവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് നോട്ടം മാറ്റി.
“ആട്ടെ, നമ്മള്‍ കണ്ടെത്തുന്ന കുട്ടി വളരെ പൂവര്‍ ആണെങ്കില്‍?”
വയലറ്റ് ഹയാസിന്തുകള്‍ മാനം മുട്ടി വളര്‍ന്നു നിന്നിരുന്ന ടാഗോര്‍ സ്തൂപിന്റെ മുമ്പില്‍ മുഖാമുഖം നിന്ന് ഗായത്രി ആകാംക്ഷയോടെ ചോദിച്ചു.
“ദാറ്റ് മീന്‍സ് …അവള്‍ ഒരു ഡേയ് ലി വേജര്‍ ലേബറിന്റെ മകള്‍ ആണ് എങ്കില്‍? സ്വീപ്പര്‍ എമ്പ്ലോയിയുടെ മകള്‍ ആണ് എങ്കില്‍? അവള്‍ ഗുഡ് ലുക്കിംഗ് അല്ല എങ്കില്‍? ക്യൂട്ട് അല്ല എങ്കില്‍?”
“എന്‍റെ ക്രൈട്ടീരിയ ഇതൊക്കെയാണ് ഗായത്രി…”
ദൂരെ നിന്നും കേള്‍ക്കുന്ന ബോബ് ഹോപ്പ്ക്കിന്‍സിന്റെ മെക്സിക്കന്‍ സംഗീതത്തിന് ഒരു നിമിഷം കാതോര്‍ത്ത് ജോയല്‍ പറഞ്ഞു.
“ഷി ഷുഡ് ബി കള്‍ച്ചേഡ്..എജ്യൂക്കേറ്റഡ്…കമ്പാഷനേറ്റ്..ബ്രോഡ് മൈന്‍ഡഡ്…”
“മോറല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കില്‍ ഉള്ള ഫുള്‍ ക്വാളിറ്റിസും വേണം അല്ലേ?”
അവള്‍ ചിരിച്ചു. അവളുടെ ചിരിയുടെ മനോഹാരിതയിലേക്ക് അവന്‍റെ കണ്ണുകള്‍ തറഞ്ഞു.
“അല്ല..അങ്ങനെയല്ല ..അവള്‍ ഡൌണ്‍ ടു എര്‍ത്തും ആകണം…ഐ ഹോപ്പ് യൂ ഗോട്ട് മൈ പോയിന്‍റ്…”
“പോയിന്‍റ്സൊക്കെ മനസ്സിലായി…”
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“പക്ഷെ അങ്ങനെ ഒരാള്‍ എങ്കിലും ഈ ലോകത്ത് ഉണ്ടാവുമോ എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല കേട്ടോ!”
ദൂരെയും അരികെയുമുള്ള, വര്‍ണ്ണ വസ്ത്രങ്ങളില്‍ നില്‍ക്കുന്ന നില്‍ക്കുന്ന നിറയൌവ്വനനങ്ങളിലൊന്നായി നില്‍ക്കവേ ഗായത്രി പറഞ്ഞു,
“ഉണ്ട്…!”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“ഒരുപാടുണ്ട്…ബെസ്റ്റ് എക്സാമ്പിള്‍ എന്‍റെ കൂടെ ഉള്ള ഗായത്രി തന്നെ… ഈ ക്വാളിറ്റീസ് ഒക്കെ എത്രയോ കൂടുതല്‍ ഉള്ള ആളാ ഗായത്രി! അപ്പോള്‍ വേറെയും ഉണ്ടാവും…”
ജോയല്‍ അത് പറഞ്ഞപ്പോള്‍ അവളുടെ മിഴികള്‍ അവന്‍റെ കണ്ണുകളില്‍ പതിഞ്ഞു.
“ഞാന്‍ എന്‍റെ കണ്‍സെപ്റ്റ് പറഞ്ഞില്ലേ?”
ജോയല്‍ ചോദിച്ചു.
“എല്ലാ പെണ്‍കുട്ടികളെയും പോലെ ഗായത്രിക്കും കാണില്ലേ ഇതുപോലെ കുറെ കണ്‍സെപ്റ്റ്സ്? പറയാന്‍ വിരോധമില്ലെങ്കില്‍ കേള്‍ക്കാം,”
അവള്‍ പുഞ്ചിരിച്ചു.
“കണ്‍സെപ്റ്റോ? എനുവെച്ചാ ബോയ്സിനെപ്പറ്റി?
അവന്‍ തലകുലുക്കി.
“അതിപ്പോ…ഞാന്‍ ..ഞാനനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല ജോയല്‍!”
“ബോയ് ഫ്രണ്ട് ഉണ്ടോ?”
അവന്‍ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോള്‍ വല്ലാത്ത ഒരു ലജ്ജ അവളില്‍ മൊട്ടിട്ടു.
“അയ്യേ, ന്താ ഇത് ജോ? ശ്യെ…ഞാനെങ്ങും അങ്ങനെ?”
അവള്‍ പെട്ടെന്ന് ‘ജോ” എന്ന് തന്നെ വിളിച്ചത് അവന്‍ ശ്രദ്ധിച്ചു.
“അല്ല ഞാന്‍…”
അവളുടെ മുഖത്തെ നാണം കണ്ട് ഒരു നിമിഷം അവന്‍ സംശയിച്ചു.
“ഈ ക്യാമ്പസിലെ ബ്യൂട്ടി ക്വീന്‍ ആണ് ..അപ്പോള്‍ ഐ തോട്ട് യൂ ഹാവ് ബീന്‍ എന്‍ഗേജ്ഡ്…!”
അവള്‍ പെട്ടെന്ന് ജോയലിനെ നോക്കി. ഗ്രൌണ്ടിനതിരിലേ കുടപ്പാലമരങ്ങള്‍ക്ക് മേലെ കാറ്റ് കടന്നുവന്ന് മൃദുവായി പാലപ്പൂക്കളെ തലോടി അപ്പോള്‍. അതിന്‍റെ സൌഗന്ധികം അവര്‍ക്കിടയില്‍ ഘനീഭവിച്ചു.
“ഈ ജോയല്‍ എന്തായീ പറയുന്നേ?”
അവള്‍ കൈത്തലം കൊണ്ട് മുഖം പാതി മറച്ച് വശ്യമായ, മദഭരമായ ലജ്ജ അവന് സമ്മാനിച്ചു.
“ബ്യൂട്ടി ക്വീനോ? ഞാനോ?”
ക്യാമ്പസ്സിനു ദൂരെ, മൂടല്‍ മഞ്ഞ് വെള്ള നിറം നല്‍കിയ താഴ്വാരത്തിന് മുകളില്‍ ആഷാഡ മാസത്തിന് പ്രണയം നല്‍കുന്ന ദേശാടനപ്പക്ഷികളെ നോക്കാന്‍ തുടങ്ങിയ ജോയല്‍ പക്ഷെ കണ്ണുകള്‍ ഗായത്രിയുടെ മുഖത്തേക്ക് മാറ്റി.
അവനൊന്നമ്പരന്നു. ദൈവമേ! ഏത് ഗന്ധര്‍വ്വന്‍റെ ജീവിതത്തില്‍ പ്രകാശം നല്‍കാന്‍ ജനിച്ച അപ്സ്സരസ് ആണിവള്‍? ആരുടെ സ്വപ്നങ്ങളില്‍ കുളിരോര്‍മ്മയാകുവാന്‍ വേണ്ടിയാണ് ഇവളെ ദൈവം സൃഷ്ട്ടിച്ചത്? ഏത് പുരുഷ ശരീരത്തിന്‍റെ ആകാശത്തില്‍ പടര്‍ന്നു കയറുന്ന മഴവില്‍പ്പെണ്ണായാണ് ദൈവം ഇവളെ സൃഷ്ടിച്ചത്? എവിടെയാണാ സുന്ദരന്‍, ധനികന്‍, രാജകുമാരന്‍? മറ്റൊരു പെണ്‍കുട്ടിയുടെ പ്രണയത്തിന് പിന്നാലെ പായുന്ന പുരുഷനാണ് താന്‍ എന്ന കാര്യം ഒരു നിമിഷം ജോയല്‍ മറന്നു പോയി.
“അല്ല, എനിക്കറിയാം സഞ്ജയ് സക്സേന ഗായത്രിയെ പ്രൊപ്പോസ് ചെയ്തത്…”
ഹിന്ദി സിനിമായുടെ മാര്‍ക്കറ്റ് അടക്കിവാഴുന്ന നിര്‍മ്മാണ കമ്പനി ദേവ് ശ്രീ പിക്ചേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര സക്സേനയുടെ മകനാണ് സഞ്ജയ്. പെണ്‍കുട്ടികള്‍ ഒരു നോട്ടത്തിനു വേണ്ടി കൊതിക്കുന്ന സൌന്ദര്യം.
“പ്രൊപ്പോസ് ചെയ്യുന്നത് ഒരോരുത്തരുടെ ഇഷ്ടമല്ലേ ജോയല്‍?”
ലജ്ജ കൈവിടാതെ അവള്‍ ചോദിച്ചു.
“അതുപോലെ പ്രൊപ്പോസല്‍ റിജക്റ്റ് ചെയ്യുന്നതും ഒരോരുത്തരുടെ ഇഷ്ടമല്ലേ?”
ജോയലിന് അവളെ മനസ്സിലായില്ല. സഞ്ജയിനെപ്പോലെ ഒരാളുടെ പ്രൊപ്പോസല്‍ തള്ളിക്കളയുന്ന പെണ്കുട്ടിയോ? അപ്പോള്‍ അതിനേക്കാള്‍ മികച്ച ആരോ ആണ് ഇവളുടെ മനസ്സില്‍! അത് ആരെങ്കിലുമാകട്ടെ! ഇപ്പോള്‍ തന്‍റെ ലക്ഷ്യം തന്നെ ഇങ്ങനെ കാര്‍ഡ് നല്‍കി കളിപ്പിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയാണ്. അതിന് തനിക്ക് ഗായത്രിയുടെ സഹായം വേണം.
**************************************************
പിറ്റേ ദിവസം ആറുമണിക്ക് ആണ് ടൂര്‍ ബസ്സ് പുറപ്പെടുന്നത്. എല്ലാവരും അഞ്ചരയാകുമ്പോള്‍ എത്തിച്ചേരാനാണ് പറഞ്ഞിരിക്കുന്നത്. ജോയല്‍ എത്തിയപ്പോള്‍ ഏകദേശം പകുതിയോളം കുട്ടികള്‍ വന്നുകഴിഞ്ഞിരുന്നു. കുറേപ്പേര്‍ ബൈക്കുകളിലും മറ്റുമായി എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. കൂടി നിന്നവരെ അഭിവാദ്യം ചെയ്ത ശേഷം ജോയല്‍ തന്‍റെ ഏറ്റവുമടുത്ത മൂന്ന്‍ കൂട്ടുകാരോടൊത്ത് സീറ്റ് നമ്പര്‍ അറിയാന്‍ ആദ്യം ചാര്‍ട്ട് അറേഞ്ചറുടെയടുത്ത് പോയി.
“ശ്യെ! മൂന്നും മൂന്ന്‍ സീറ്റിലാ!”
റാം ഗോപാല്‍ നിരാശയോടെ പറഞ്ഞു.
“സാരമില്ലെടാ!”
ജോയല്‍ അവനെ ആശ്വസിപ്പിച്ചു.
“വണ്ടി ആദ്യ ഡെസ്റ്റിനേഷന്‍ എത്തുമ്പോള്‍ ഞാന്‍ ജയശ്രീ മാഡത്തെ നയത്തില്‍ കണ്ടിട്ട് ശരിയാക്കാം. ഇപ്പം അവര് എല്ലാം അറേഞ്ച് ചെയ്യുവല്ലേ? സ്റ്റാര്‍ട്ടിംഗ് ആകുമ്പം ഒടുക്കത്തെ ടെന്‍ഷനില്‍ ആകും. ഈ ടെന്‍ഷന്‍റെ എടേല്‍ സീറ്റ് മാറ്റാന്‍ നോക്കിയാ അവരുടെ വായിലിരിക്കുന്നത് മൊത്തം കേക്കുവേം വേണം പിന്നെയൊട്ട് കാര്യം നടക്കത്തുമില്ല. ഓക്കെ!”
“ആ, അല്ലാതെ എന്ത് ചെയ്യും?”
കൂട്ടുകാര്‍ നിരാശയോടെ പറഞ്ഞു.
ജോയല്‍ തന്‍റെ ബാഗുംകൊണ്ട് ബസ്സിലേക്ക് കയറി. സീറ്റ് നമ്പര്‍ നോക്കി അവന്‍ നടന്നു. ഏകദേശം മദ്ധ്യഭാഗത്താണ് തന്‍റെ സീറ്റ്. വിന്‍ഡോ സീറ്റ് അല്ല. ബാഗ് മുകളിലേക്ക് വെക്കാന്‍ തുടങ്ങുമ്പോഴാണ് അവന്‍ സീറ്റില്‍ കിടന്ന പിങ്ക് നിറമുള്ള കവര്‍ കണ്ടത്.
“ഒഹ്! നോ!”
അവന്‍ നിസ്സഹായനായി. പിന്നെ കുനിഞ്ഞ് അതെടുത്തു. തുറന്നു.
ചുണ്ടില്‍ ചുണ്ടമര്‍ത്തി നില്‍ക്കുന്ന ആണും പെണ്ണും.
“ഗെറ്റ് മൈ ഗുഡ് മോണിംഗ് കിസ്സ് മൈ മാന്‍…ആന്‍ഡ് ഗീവ് മി യുവേഴ്സ്…”
“പുലരിയില്‍ ഞാന്‍ നിന്നെ ഉമ്മ വെയ്ക്കുന്നു… എനിക്കുള്ളത് തരൂ…”
പ്രഭാതത്തിന്റെ സുഖമുള്ള തണുപ്പില്‍ ആ വാക്കുകള്‍ തന്‍റെ മനസ്സിനെ മാത്രമല്ല ദേഹത്തെയും ചൂട് പിടിപ്പിക്കുന്നത് ജോയല്‍ അറിഞ്ഞു. ആ വാക്കുകളിലേക്ക് നോക്കി അവന്‍ പരിസരം മറന്നു നിന്നു.
“എന്താ അവിടെ അനങ്ങാതെ നിക്കുന്നെ?”
മുമ്പില്‍ നിന്നും സംഗീതാത്മകമായ ശബ്ദം കേട്ട് അവന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി.
“ഗായത്രി!”
അവന്‍ മന്ത്രിച്ചു. അവളെക്കണ്ട് അവന്‍ ആ കവര്‍ ഒളിപ്പിക്കാന്‍ നോക്കി.
“എന്താ അത്?”
അത് കണ്ടിട്ട് അവള്‍ ചോദിച്ചു. ഒളിപ്പിച്ചിട്ട് കാര്യമില്ല. ഗായത്രി കണ്ടുകഴിഞ്ഞു. അല്ലെങ്കിലും അവളോടെല്ലാം പറഞ്ഞിട്ടുണ്ടല്ലോ. ആളെ കണ്ടുപിടിക്കാന്‍ സഹായിക്കാം എന്നും പ്രോമിസ് ചെയ്തട്ടുണ്ട്. പക്ഷെ അതുകൊണ്ടൊന്നുമല്ല താന്‍ കവര്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചത്. അതിലെഴുതിയിരിക്കുന്നത് ഗായത്രി കാണരുതെന്ന് താന്‍ ആഗ്രഹിച്ചു. ഇതുവരെ താന്‍ വായിച്ചതരം വാക്യങ്ങളല്ല. അല്‍പ്പം കൂടി ‘ചൂടുള്ള’ വാക്കുകളാണ്.
“ആഹാ!”
അടുത്തെത്തി അവന്‍റെ കൈയ്യില്‍ നിന്നും ആ കവര്‍ വാങ്ങി അവന്‍റെ നേരെ അര്‍ത്ഥഗര്‍ഭമായി നോക്കിക്കൊണ്ട് പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
“രാവിലെ തന്നെ കിട്ടിയല്ലോ, ഗിഫ്റ്റ്!”
അത് പറഞ്ഞ് അവളത് തുറക്കാന്‍ തുടങ്ങി.
“മേ ഐ?”
അത് തുറക്കാനുള്ള അനുവാദത്തിനായി അവള്‍ അവനെ നോക്കി. ജോയല്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി. പിന്നെ അര്‍ദ്ധസമ്മതത്തോടെ പതിയെ തലകുലുക്കി. അല്ലെങ്കില്‍ താന്‍ എന്തൊരു മണുകുണാഞ്ചനാണ് എന്നവള്‍ കരുതും.
“വൌ!!”
അതില്‍ എഴുതിയിരിക്കുന്നത് വായിച്ച് അവള്‍ അവനെ പുഞ്ചിരിയോടെ നോക്കി.
“അല്‍പ്പം ഹോട്ട് ആണല്ലോ! വൌ!! ഇപ്പം കിട്ടിയതാ?”
“അതേന്നെ! ഇപ്പം എന്‍റെ സീറ്റില്‍ കിടന്നു. ഇത്ര രാവിലെ കൊണ്ടുവന്ന് ഇടണമെങ്കില്‍, തൊട്ടടുത്ത് തന്നെ ആള് കാണും!”
“അതെ, തൊട്ടടുത്ത്!”
അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“എന്തായാലും ഇന്ന് കണ്ടുപിടിച്ചേ മതിയാകൂ ഗായത്രി,”
ജോയല്‍ നിസ്സഹായ സ്വരത്തില്‍ പറഞ്ഞു.
“അല്ലെങ്കില്‍ ടെന്‍ഷന്‍ മൂത്ത് ഞാന്‍ ഒരു വഴിക്കാകും!”
“നമുക്ക് കണ്ടുപിടിക്കാന്നെ!”
അവള്‍ ആശ്വസിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ഗായത്രിയുടെ സീറ്റ് ഏതാ?”
“ട്വെന്റി ഫൈവ്”
അവള്‍ പറഞ്ഞു.
“ട്വെന്റി ഫൈവോ?”
അവന്‍ അദ്ഭുതപ്പെട്ടു.
“അപ്പോള്‍ നമ്മള്‍ ഒരേ സീറ്റിലാണോ? എന്‍റെ ട്വെന്റി ഫോറാ!”
“അയ്യോ!”|
അവള്‍ അല്‍പ്പം പരിഭ്രമത്തോടെ പറഞ്ഞു.
“പ്രശ്നമാകുമോ ജോയല്‍ അപ്പോള്‍?”
“എന്ത് പ്രശ്നം?”
“അല്ല, ആ കുട്ടി എങ്ങാനും കണ്ടാല്‍…! ഞാന്‍ ജോയലുമായി സീറ്റ് ഷെയര്‍ ചെയ്യുന്നു എന്നൊക്കെ കണ്ടാല്‍..പോസെസ്സീവ്നെസ്സ് ഉള്ള കുട്ടി ആണെങ്കില്‍ ദേഷ്യം ഒക്കെ വന്നാലോ?”
അത് ശരിയാണ് എന്ന് ജോയലിനും തോന്നി.
ഗായത്രി കോളേജിലെ ഏറ്റവും സുന്ദരിയാണ്. അവളുടെ സമീപത്തിരുന്നു വര്‍ത്തമാനം പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നത് ആ കുട്ടി കണ്ടാല്‍!
പിന്നെ എന്ത് ചെയ്യും?
Comments:
No comments!
Please sign up or log in to post a comment!