നക്ഷത്രക്കണ്ണുള്ള രാജകുമാരി 1

ദീപക് വാച്ചിലേക്ക് നോക്കി.

ബസ് എടുക്കാൻ ഇനിയും ഒരു 5  മിനിറ്റോളം ബാക്കിയുണ്ട്. ബാഗെല്ലാം നേരത്തെ തന്നെ ബസിനുള്ളിൽ വച്ചതിനാൽ സ്റ്റാർട്ട് ചെയ്യമ്പോഴേക്കും കയറിയാൽ മതി എന്ന തീരുമാനത്തിൽ അവൻ അവിടെ തന്നെ നിലയുറച്ചു.

കമ്പനി പുതിയ പ്രൊജക്റ്റ് കൊല്ലത്ത് സ്റ്റാർട്ട് ചെയ്തതിന്റെ ഭാഗമായി ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പോകുവായിരുന്നു ദീപക്.

കഴിഞ്ഞ ഒരു വർഷമായി ജോലിയുടെ ഭാഗമായി ചെന്നൈയിലായിരുന്നു അവൻ. അതിനുമുമ്പുള്ള 7 വർഷങ്ങളിലും ബാംഗ്ളൂർ , ഹൈദരാബാദ്, പൂനെ തുടങ്ങിയ പല സ്ഥലങ്ങളിലായി ഇപ്പോൾ വർക്ക് ചെയ്യുന്ന അതെ കമ്പനിക്ക് വേണ്ടി  തന്നെ ജോലി ചെയ്തു. ഇതിനിടയിൽ നാട്ടിലേക്ക് പോയത് മൂന്നോ നാലോ പ്രാവിശ്യം മാത്രം.. നാട്ടിലും കാത്തിരിക്കാൻ ആരും ഇല്ല എന്നതാണ് ഒരു സത്യം. ഒൻപതിൽ    പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത് പള്സ് ടു പഠിക്കുമ്പോൾ അമ്മയും.

അതിൽ പിന്നെ ഉണ്ണിയും അവന്റെ കുടുംബവും ആയിരുന്നു ഒരു താങ്ങായി കൂടെ ഉണ്ടായിരുന്നത്. അങ്കണവാടിയിൽ പഠിക്കുന്ന കാലം തൊട്ട് കൂടെ കൂടിയതാണ് ഉണ്ണി. അച്ഛൻ രാജീവിന്റെ അടുത്ത സുഹൃത്തായ സുരേഷിന്റെ മകനായിരുന്നു ഉണ്ണി. ഉണ്ണിയുടെ സഹോദരിയായിരുന്നു അവരെക്കാൾ രണ്ടു വയസ് ഇളയതായ കാവ്യ. അച്ഛന്റെ മരണത്തിനു മുൻപും ശേഷവും അവരുടെ കുടുംബത്തിലെ ഒരു അംഗം തന്നെയായിരുന്നു ദീപക്.

ഒരു ഇടത്തരം കുടുംബമായിരുന്നു ദീപക്കിന്റേതെങ്കിൽ അത്യാവിശം നല്ല രീതിയിൽ സാമ്പത്തികമുള്ള കുടുംബമായിരുന്നു ഉണ്ണിയുടേത്. സിവിൽ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ദീപക്കിന് ഉണ്ണിയുടെ അച്ഛൻ സുരേഷ് ആണ് സുഹൃത്തിന്റെ കമ്പനിയിൽ തന്നെ ജോലി ശരിയാക്കി കൊടുത്തതും.

“ഡാ.. എന്താലോചിച്ച് നിൽക്കെയാണ്, ബസ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു.”

തോമസിന്റെ ശബ്‌ദമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

തോമസ് നീട്ടിയ കുപ്പിയും വെള്ളവും വാങ്ങി ഒരു ചെറു ചിരിയോടെ ദീപക് പറഞ്ഞു.

“അപ്പോൾ ഇനി എന്നെങ്കിലും നമുക്ക് കാണാം.”

“നിന്റെ കല്യാണത്തിന് കാണാന്ന് പറ. വയസ് 28 ആയില്ലേ.. എന്തായാലും നാട്ടിലേക്ക് മാറ്റം കിട്ടി. ഒരു പെണ്ണ് കെട്ടാൻ നോക്ക്.”

“ആലോചിക്കാം.. ശരി എന്നാൽ ഞാൻ അവിടെത്തിട്ട് വിളിക്കാം.”

തോമസിനോട് യാത്ര പറഞ്ഞു ദീപക് ബസിനുള്ളിലേക്ക് കയറി.

സീറ്റിൽ ഇരിക്കുന്നതിനിടയിൽ വിൻഡോയിൽ കൂടി ബൈക്കിനടുത്തേക്ക് നടക്കുന്ന തോമസിനെ നോക്കി അവൻ സ്വയം ചിന്തിച്ചു.

ചെന്നൈയിൽ ആകെ ഉണ്ടായിരുന്നു എന്ന് പറയാവുന്ന സുഹൃത്ത് തോമസ് മാത്രമായിരുന്നു.

. ഇതിനു മുൻപും ജോലി ചെയ്യാൻ പോയിടങ്ങളിൽ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നില്ല.. സ്വയം ഉൾവലിഞ്ഞ് ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചു.. ഇവിടെ തോമസ് തന്നെ ഇങ്ങോട്ട് ഇടിച്ച് കയറി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.. അവൻ അങ്ങനെ ആണ്.. ഓഫീസിലെ എല്ലാരും അവന്റെ കൂട്ടുകാരായിരുന്നു.. എല്ലായിടത്തും ഇടിച്ചിട്ട് കയറി പരിചയം സ്ഥാപിച്ചോളും.. ശരിക്കും ഞാനും അങ്ങനെ അല്ലായിരുന്നോ.. ഒരുപാട് സുഹൃത് ബന്ധങ്ങളുടെ നടുവിൽ നിന്നിരുന്ന കോളേജിൽ അവരുടെയൊക്കെ നേതാവായിരുന്ന സഖാവ് ദീപക്.. ഇപ്പോൾ ഏകനായ ഒരുത്തൻ.

അവൻ തല സീറ്റിലേക്ക് അമർത്തി.

ശരിക്കും എന്തിനായിരുന്നു ഈ ഉൾവലിച്ചിൽ. ജീവിതത്തിൽ ഒരു സുഹൃത്തിനപ്പുറം ആരൊക്കെയോ ആണെന്ന് കരുതിയവൾ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് ഇല്ലാതായപ്പോൾ ഇനിയും മനസ് വേദനിപ്പിക്കാൻ അങ്ങനൊരാൾ കടന്നു വരണ്ട എന്നുള്ള ചിന്ത.. . എല്ലാം കഴിഞ്ഞിട്ട് എട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനി ഒരു മാറ്റം അനിവാര്യമാണ്. പഴയ ദീപുവിലേക്ക് ഒരു മാറ്റം.

മുന്നോട്ടെടുത്ത ബസ് ഒരു കുലുക്കത്തോടെ പെട്ടെന്ന് നിന്നു.

മുന്നിൽ കിളിയുടെ ഉച്ചത്തിലുള്ള സംസാരത്തിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്ത് ലേറ്റ് ആയി എത്തിയ ആരോ ബസിലേക്ക് കയറുവാണെന്ന് ദീപക്കിന് മനസിലായി.

ചെറിയൊരു ആകാംഷയോടെ അവൻ തല ചരിച്ച് മുന്നിലേക്ക് നോക്കി.

ഒരു സ്ത്രീയും കൂടെ ഒരു പന്ത്രണ്ടു പതിമൂന്നു വയസ് തോന്നിക്കുന്ന പെൺകുട്ടിയും കൂടി തോളിൽ തൂക്കിയിട്ടിരിക്കുന്ന ബാഗുമായി ബസിനകത്തേക്ക് കയറുവാണ്.

ആ ഒരു നിമിഷം അവന്റെ ശ്രദ്ധ മുഴുവൻ പതിഞ്ഞത് ആ പെൺകുട്ടിയുടെ കണ്ണുകളിൽ ആയിരുന്നു. ഇളം നീല നിറത്തിലെ കൃഷ്ണമണികൾ ഉള്ള ആരെയും ആകർഷിക്കുന്ന പൂച്ചക്കണ്ണുകൾ.

ആ പെൺകുട്ടി അരികിൽ കൂടി കടന്നു പോകുന്നവരെയും അവൻ കണ്ണിമ ചിമ്മാതെ ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു പോയി.

അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

“കീർത്തന…. കീത്തു…”

ഇത്തരത്തിലുള്ള ഇളം നീല കണ്ണുകൾ ആദ്യമായി ഞാൻ കണ്ടത് കീർത്തനയിൽ അല്ലായിരുന്നോ.. അന്ന് അവളുടെ പ്രായവും പന്ത്രണ്ട്.

ദീപക് കണ്ണുകൾ ഇറുക്കി അടച്ച് സീറ്റിലേക്ക് തല ചായ്ച്ചു. അവന്റെ മനസ് കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പറന്നു.

അന്ന് ദീപക് പൂവത്തറ ഗവർമെന്റ് യു പി സ്കൂളിൽ ഏഴാം ക്ലാസ്സിൽ  പഠിക്കുന്നു. പഠിക്കാൻ ബഹു മിടുക്കനായതിനാൽ സ്കൂളിലെ അധ്യാപകരുടെ എല്ലാം പ്രിയ വിദ്യാർത്ഥി.
പോരാത്തതിന് നാട്ടുകാരുടെ പ്രിയ സഖാവ് രാജീവിന്റെ മകനും. ആ സ്കൂളിൻറെ ഉന്നമനത്തിനായി നാട്ടുകാരെ സംഘടിപ്പിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളതാണ് രാജീവ്.. അതിന്റെ ഒരു സ്നേഹം കൂടി അധ്യാപർക്ക് ദീപക്കിനോടുണ്ട്.

പ്രണയ വിവാഹം ആയിരുന്നു രാജീവിന്റെയും സാവിത്രിയുടേതും.. രണ്ടുവീട്ടുകാരെയും എതിർത്തുള്ള കല്യാണം ആയിരുന്നതിനാൽ ബന്ധുക്കളുമായി ഒരു സഹകരണവും ഇല്ല. എന്നും കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് സുരേഷും കുടുംബവും ആയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ചോർത്തിട്ടാണ് നാട്ടിൽ ചെറിയ ജോലികളും രാഷ്ട്രീയവുമായി നടന്ന രാജീവ് ഒരു വർഷം മുൻപാണ് ഗൾഫിൽ പോയത്.

തേവിള സ്കൂളിന് മുന്നിൽ ബസ് നിന്നുടനെ കണ്ടക്ടറുടെ ശബ്‌ദം ഉയർന്നു.

“തേവിള സ്കൂൾ ജംഗ്ഷൻ എത്തിയിട്ടുണ്ട്.. ഇറങ്ങാനുള്ളവരൊക്കെ പെട്ടെന്നിറങ്ങ്.”

തിരക്കിനിടയിൽ നിന്നും തിങ്ങി നീങ്ങി പുറത്തേക്കിറങ്ങിയ ഗീത ടീച്ചറിന് പിന്നാലെ ദീപക്കും ഉണ്ണിയും കാർത്തികയും ആര്യയും പുറത്തേക്കിറങ്ങി. നാല് പേരുടെയും കൈയിൽ ഓരോ ചെറിയ ബാഗും ഉണ്ട്.. അവർക്കുള്ള മൂന്നു ദിവസത്തേക്കുള്ള ഡ്രെസ്സും മറ്റും ആയിരുന്നു അതിനുള്ളിൽ.

ബസിൽ നിന്നും ഇറങ്ങിയ ദീപക്കിന്റെ കണ്ണുകൾ നേരെ പോയത് റോഡിനു ഓപ്പോസിറ്റ് ഉള്ള സ്കൂൾ മുറ്റത്തേക്കാണ്. കുട്ടികളും അധ്യാപകരുമായി ചെറിയ തിരക്കുണ്ട് അവിടെ.

ഗീത ടീച്ചർ നാല് കുട്ടികളുമായി റോഡ് മുറിച്ച് കടന്ന് സ്കൂൾ മുറ്റത്തേക്ക് നടന്നു.

ജില്ലയിലെ  വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് ആയി സങ്കടിപ്പിച്ച ഒരു സ്കൂൾ ക്യാമ്പിന്റെ രെജിസ്ട്രേഷൻ നടക്കുകയായിരുന്നു അവിടെ. പൂവത്തറ യൂ പി സ്കൂളിൽ നിന്നും 3 ദിവസത്തെ ക്യാമ്പിനായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ആയിരുന്നു ദീപക്കും ഉണ്ണിയും കാർത്തികയും ആര്യയും.

മറ്റു മൂന്നുപേരിലും വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഒരു ചെറിയ ഭയം കണ്ണിൽ നിറഞ്ഞു നിന്നപ്പോൾ ദീപക്കിൽ നിറഞ്ഞു നിന്നത് എന്തൊക്കെ ആകും പുതിയ അനുഭവങ്ങൾ  എന്നുള്ള ജിജ്ഞാസ മാത്രമാണ്.

“നാലുപേരും ഇവിടെ കുഴപ്പങ്ങൾ ഒന്നും ഒപ്പിക്കാതെ നിൽക്കണം.. വെള്ളിയാഴ്ച വൈകിട്ട് നിങ്ങളെ കൂട്ടികൊണ്ടു പോകാൻ ഞാൻ വരും.. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്ങ്ങൾ ഉണ്ടായാൽ ഇവിടത്തെ സാറുമാരെ അപ്പോഴേ അറിയിക്കണം.”

നാലുപേരും ശരി എന്ന അർഥത്തിൽ ഒരേ സമയം മൂളി.

“ദീപു.. ഇവരുടെ മേൽ എപ്പോഴും നിന്റെ ഒരു ശ്രദ്ധ ഉണ്ടായിരിക്കണം കേട്ടോ.


അവൻ ശരി എന്ന അർഥത്തിൽ തലയാട്ടി.

ദീപു എപ്പോഴും പ്രായത്തിൽ കവിഞ്ഞൊരു പക്വത പ്രകടിപ്പിച്ചിരുന്നു. അത് കൊണ്ടാണ് ഗീത ടീച്ചർ അവനോടു അങ്ങനെ പറഞ്ഞതും.

കാർത്തിക കൗതുകത്തോടെ ചോദിച്ചു.

“ടീച്ചറെ.. ഞങ്ങളെ ബോട്ടിങ്ങിന് കൊണ്ട് പോകുമെന്ന് പറഞ്ഞത് ഉള്ളതാണോ?

അവളുടെ ആകാംഷയോടെ ഉള്ള ചോദ്യം കേട്ട ഗീത ടീച്ചർ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

“ബോട്ടിങ് ഉണ്ട്, മാജിക് ഷോ ഉണ്ട്, ഫിലിം ഷോ ഉണ്ട്…”

ബോട്ടിങ് ഉണ്ടെന്ന് ടീച്ചറുടെ ഉറപ്പ് കിട്ടിയപ്പോഴേ കാർത്തികയുടെയും ആര്യയുടെയും മുഖം തെളിഞ്ഞു. കാരണം അവർ ഇതുവരെ ബോട്ടിങ് പോയിട്ടില്ലായിരുന്നു.

“പിന്നെ ക്യുസ് മത്സരവും ഒക്കെ ഉണ്ടാകും, അതിലൊക്കെ നിങ്ങൾ ഫസ്റ്റ് വാങ്ങാൻ നോക്കണം.”

അപ്പോഴേക്കും അവർ നടന്നു പേര് രജിസ്റ്റർ ചെയ്യുന്നിടത്ത് എത്തിയിരുന്നു.

രണ്ടു വരികളിൽ രെജിസ്ട്രേഷൻ നടക്കുന്നുണ്ട്. ഗീത ടീച്ചർ കുട്ടികളുമായി ആദ്യത്തെ വരിയിൽ നിന്നു. ചുറ്റുപാടും കണ്ണോടിച്ചു കൊണ്ടിരുന്ന ദീപുവിൽ പെട്ടെന്നാണ് തൊട്ടടുത്തെ വരിയിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയിൽ ശ്രദ്ധ പതിഞ്ഞത്.

തല ചരിച്ച് തൊട്ട് പിന്നിൽ നിൽക്കുന്ന പെൺകുട്ടിയോട് എന്തോ പറഞ്ഞ് ചിരിക്കുന്ന ഒരു പന്ത്രണ്ടു വയസുകാരി. കറുത്ത ലോങ്ങ് പാവാടയും വെള്ള ഷർട്ടും ആണ് അവളുടെ വേഷം. നല്ല വെളുത്ത നിറം. പ്രധാനമായും ദീപക്കിന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ കണ്ണുകളിൽ ആണ്. ഇളം നീല നക്ഷത്ര കണ്ണുകൾ.

ചുറ്റും നടക്കുന്നതെല്ലാം മറന്ന് അവന്റെ ശ്രദ്ധ ആ പെൺകുട്ടിയിൽ മാത്രം ആയി.. ദീപക് എന്ന 12 വയസുകാരന് ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയിൽ ഇത്തരമൊരു  ആകർഷണം ഉണ്ടാകുന്നത്. കൂട്ടുകാരിയുമായി സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാകുന്ന ഓരോ ഭാവ മാറ്റങ്ങളും അവന്റെ മനസിനുള്ളിൽ പതിക്കുകയായിരുന്നു.

“ഡാ.. നിന്റെ പേര് പറഞ്ഞു കൊടുക്ക്.”

ഉണ്ണി കൈയിൽ പിടിച്ച് കുലുക്കി വിളിച്ചപ്പോൾ ആണ് അവൻ സ്ഥലകാല ബോധത്തിലേക്ക് തിരികെ വന്നത്.

ദീപു നോക്കുമ്പോൾ മുന്നിലിരിക്കുന്ന സാർ അവന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ്.

ചെറിയൊരു ജാള്യതയോടെ അവൻ പറഞ്ഞു.

“ദീപക് ആർ എസ്..”

“അഡ്രെസ്സ്?”

അവൻ അഡ്രസ്സും പറഞ്ഞ് കൊടുത്തു.

അടുത്തത് ഉണ്ണിയുടെ ഊഴമായിരുന്നു. ദീപു വരിയിൽ നിന്നും മാറി നിന്ന് വീണ്ടും ആ പെൺകുട്ടിയെ നോക്കി. അവളുടെ രെജിസ്ട്രേഷൻ നടക്കുകയാണ്.

“എന്താ കുട്ടിയുടെ പേര്?”

അവളിൽ നിന്നുള്ള മറുപടിക്കായി ദീപക്കും ആകാംഷയോടെ കാതോർത്തു.


“കീർത്തന രഖുനാഥ്.”

അവൻ സ്വയം ഒന്ന് മന്ത്രിച്ചു.

“കീർത്തന…”

ഉണ്ണിയുടെ രെജിസ്ട്രേഷനും കഴിഞ്ഞു ഗീത ടീച്ചറിനോടൊപ്പം അവിടെ നിന്നും നടന്നകലുമ്പോൾ പ്രിയപെട്ടതെന്തോ നഷ്ട്ടപെട്ട തോന്നലിൽ അവൻ കീർത്തനയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

“നീ എന്താ ആ പെങ്കൊച്ചിനെ തന്നെ എപ്പോഴും നോക്കുന്നെ?”

ഒപ്പം നടക്കുന്ന ഉണ്ണിയുടെ ചോദ്യം കേട്ട് ഒന്ന് പതറിയ ശേഷം അവൻ പറഞ്ഞു.

“അവളുടെ കണ്ണ് കണ്ടോ.. നല്ല നീല നിറം?”

“നീ ഇതുവരെ പൂച്ചക്കണ്ണു  കണ്ടിട്ടില്ലേ?”

ആ പൂച്ചക്കണ്ണുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു എന്ന പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും അവൻ ഒന്നും മിണ്ടാതെ ഉണ്ണിയോടൊപ്പം നടന്നു.

ക്യാമ്പിന്റെ ഉത്‌ഘാടന പരിപാടികൾ തുടങ്ങിയപ്പോഴേക്കും ഗീത ടീച്ചർ അവിടെ നിന്നും പോയിരുന്നു.

ബോറടിപ്പിക്കുന്ന ഉത്‌ഘാടന പ്രസംഗം നടക്കുമ്പോൾ ദീപക്കിന്റെ കണ്ണുകൾ അവിടെ മൊത്തം കീർത്തനയെ തിരയുകയായിരുന്നു. പക്ഷെ അവനു കണ്ടെത്താനായില്ല.. അതിന്റെ നിരാശയിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു സ്ത്രീ ശബ്‌ദം ആ ഹാളിൽ മുഴങ്ങിയത്.

“കുട്ടികളെ എല്ലാരും ഇങ്ങോട്ട് ശ്രദ്ധിച്ചേ..”

ദീപു തല ഉയർത്തി നോക്കുമ്പോൾ കുറച്ച് പ്രായമായ എന്നാൽ ഐശ്വര്യം തിളങ്ങുന്ന മുഖമുള്ള ഒരു സ്ത്രീയെയാണ് കാണാൻ കഴിഞ്ഞത്.

“നിങ്ങൾ എല്ലാരും പ്രസംഗമൊക്കെ കേട്ട് ബോറടിച്ച് ഇരിക്കയായിരിക്കും എന്ന് എനിക്കറിയാം. ആ ബോറടിയൊക്കെ മാറ്റാൻ നമുക്ക് നമ്മുടെ പരിപാടികളിലേക്ക് കടക്കാം.. അതിന് ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം.”

ഒന്ന് നിർത്തി അവർ എല്ലാ കുട്ടികളെയും ഒന്ന് ശ്രദ്ധിച്ചു. കുട്ടികളുടെ എല്ലാം ശ്രദ്ധ ആ സ്ത്രീയിൽ തന്നെ ആയിരുന്നു.

“എന്റെ പേര് സരസ്വതി… ഈ സ്കൂളില്തന്റെ പ്രിൻസിപ്പൽ ആണ്.. നിങ്ങളിൽ പലരും വീട്ടിൽ നിന്ന് മാറി നിന്ന് ഇതുപോലൊരു ക്യാമ്പിൽ പങ്കെടുക്കുന്നത് ആദ്യമായിട്ടായിരിക്കും. അതിന്റെ ഒരു പേടിയും കാണും.. നിങ്ങൾ ആരും ഭയപ്പെടേണ്ടതില്ല.. നമുക്ക് അടിച്ച് പൊളിച്ച് 3 ദിവസം ഇവിടെ നിൽക്കാം.”

കുട്ടികളുടെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു.

“ഒരു പ്രധാന കാര്യം പറയാനുള്ളത് എന്താന്ന് വച്ചാൽ ആൺകുട്ടികൾ രാത്രി ഇവിടെ തന്നെ ആയിരിക്കും പെൺകുട്ടികൾക്ക് രാത്രി ഇവിടെ അടുത്തുള്ള വീടുകളിൽ കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.”

ക്യാമ്പിൽ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ചൊക്കെ സൂചിപ്പിച്ച ശേഷം സരസ്വതി ടീച്ചർ പറഞ്ഞു.

“നിങ്ങളെ 6 പേരുള്ള ഗ്രൂപ്പുകൾ ആയി തിരിക്കും. ആ ഗ്രൂപ്പുകൾ തമ്മിൽ കലാ കായികപരമായുള്ള മത്സരങ്ങൾ ഉണ്ടാകും… ബിന്ദു ടീച്ചർ നിങ്ങളുടെ മുന്നിൽ ഒരു ബോക്സ് കൊണ്ട് വരും. അതിൽ നിന്നും ഒരു പേപ്പർ എടുക്കണം. അതിൽ എഴുതിയിരിക്കുന്നതായിരിക്കും നിങ്ങളുടെ ഗ്രൂപ്പ്.”

ബിന്ദു ടീച്ചർ ബോക്സുമായി കുട്ടികളുടെ മുന്നിൽ ചെന്നു. അവർ ഓരോ പേപ്പർ എടുത്തു.

“ഡാ.. എന്റെയിൽ റെഡ് എന്നാ എഴുതിയിരിക്കുന്നത്, നിന്റെയിലോ?”

പേപ്പർ തുറന്നു നോക്കിയ ഉണ്ണി ദീപുവിനോട് ചോദിച്ചു.

“എന്റെയിൽ യെല്ലോ എന്നാ.”

“എല്ലാർക്കും പേപ്പർ കിട്ടിയല്ലോ?”

കുട്ടികൾ കിട്ടിയെന്ന അർഥത്തിൽ ശബ്‌ദമുയർത്തി.

“അപ്പോൾ റെഡ് കിട്ടിയവർ ഒന്ന് എഴുന്നേറ്റു നിന്നെ.”

ഉണ്ണി ഉൾപ്പെടെ എഴുന്നേറ്റ് നിന്നവരെ ദീപക് ആകാംഷയോടെ വീക്ഷിച്ചു. ആ കൂട്ടത്തിൽ കീർത്തന ഉണ്ടോ എന്നതായിരുന്നു അവന്റെ ആകാംഷ.

അവരുടെ കൂട്ടത്തിൽ കീർത്തനയെ കാണാഞ്ഞപ്പോൾ ആദ്യം നിരാശയും പെട്ടെന്ന് തന്നെ സന്തോഷവും അവന്റെ മനസ്സിൽ നിറഞ്ഞു. കീർത്തന ഇനി തന്റെ ഗ്രൂപ്പിൽ ഉണ്ടാകുമോ എന്നാ ചിന്ത ആയിരുന്നു അവന്റെ സന്തോഷത്തിന്റെ കാരണം.

“എഴുന്നേറ്റ് നിന്നവരെല്ലാം ഒരു ഗ്രൂപ്പ് ആയി മാറി നിന്നൊള്ളു.”

സരസ്വതി ടീച്ചറിന്റെ വാക്കുകൾ അനുസരിച്ച് കൊണ്ട് എഴുന്നേറ്റ് നിന്ന 6 പേരും ഒരു ഇടത്തേക്ക് മാറി നിന്നു.

“അടുത്തതായി ഓറഞ്ച് കിട്ടിയവർ എഴുന്നേൽക്ക്..”

ഈ പ്രാവിശ്യം എഴുന്നേൽക്കുന്നവരുടെ കൂട്ടത്തിൽ കീർത്തന കാണരുതേ എന്നാ പ്രാർത്ഥനയോടെ ദീപക് ചുറ്റും നോക്കി. അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ഇല്ല.. അവരുടെ കൂട്ടത്തിൽ കീർത്തന ഇല്ലായിരുന്നു.

“അടുത്തത് യെല്ലോ..”

സരസ്വതി ടീച്ചറിന്റെ ശബ്‌ദം മുഴങ്ങിയതും ദീപക് കണ്ണുകൾ അടച്ച് കീർത്തന ഈ ഗ്രൂപ്പിൽ ഉണ്ടാകാൻ എന്ന പ്രാർത്ഥനയോടെ എഴുന്നേറ്റ് നിന്നു.

ഒരു ദീർഘ നിശ്വാസത്തോടെ അവൻ കണ്ണുകൾ തുറന്നു ചുറ്റും നോക്കി. ഒരു നിമിഷം അവന്റെ നെഞ്ചിടിപ്പിന്റെ വേഗത ഒന്ന് വർധിച്ചു. ഒരു ചെറു ചിരിയോടെ കീർത്തന എഴുന്നേറ്റ് നിൽക്കുന്നു. അവിടെ നിന്ന് തുള്ളിചാടണമെന്ന് അവന്റെ മനസ് കൊതിക്കുന്നുണ്ടായിരുന്നു. എന്നാൽ അത് ഉള്ളിൽ ഒതുക്കി സമചിത്തയോടെ ദീപു അവിടെ നിന്നു.

“നിങ്ങൾ മാറി നിന്നൊള്ളു.”

ടീച്ചറുടെ വാക്കുകൾ കേട്ടതും അവർ ഒരിടത്തേക്ക് ഒത്തുകൂടി മാറി നിന്നു.

ജീവിതത്തിൽ താൻ ഇത്രയേറെ സന്തോഷിച്ചിട്ടുണ്ടോ എന്ന് അവൻ ആ നിമിഷങ്ങളിൽ സ്വയം ചിന്തിക്കുകയായിരുന്നു. എന്ത് കൊണ്ടാണ് എനിക്ക് അവളോട് ഇത്രയേറെ ആകർഷണത തോന്നുന്നത്. അതിനുള്ള ഉത്തരവും അവന് അറിയില്ലായിരുന്നു.

ഗ്രൂപ്പ് തിരിച്ച് കഴിഞ്ഞ ശേഷം ടീച്ചർ പറഞ്ഞു.

“ഇനി ഗ്രൂപ്പിൽ ഉള്ളവർ തമ്മിൽ പരിചയപ്പെട്ടൊള്ളു.. ഇനിയുള്ള 3 ദിവസം നിങ്ങൾ ഒരു കുടുംബം ആയിരിക്കും.”

ഗ്രൂപ്പിൽ ഉള്ളവർ പരസ്പരം പരിചയപ്പെട്ട തുടങ്ങി.

ആദ്യം തന്നെ ദീപു സ്വയം പരിചയപ്പെടുത്തി.

“ഞാൻ ദീപക്.. കൂട്ടുകാർ ദീപു എന്ന് വിളിക്കും..”

കീർത്തനയെ നോക്കിയാണ് അവൻ അത് പറഞ്ഞത്.

ഗ്രൂപ്പിൽ ഉള്ള ബാക്കി ഉള്ളവർ അവരവരുടെ പേരുകൾ പറഞ്ഞു പരിചയപ്പെടുത്തി.

അവസാനം ആയിരുന്നു കീർത്തനയുടെ ഊഴം.

എപ്പോഴും മുഖത്ത് ഉണ്ടാകാറുള്ള പുഞ്ചിരിയോടെ അവൾ പറഞ്ഞു.

“എന്റെ പേര് കീർത്തന..”

അവളുടെ മുഖത്തേക്ക് തന്നെ ആയിരുന്നു ദീപുവിന്റെ ശ്രദ്ധ എപ്പോഴും.

ചിരിക്കുമ്പോൾ അവളുടെ കണ്ണുകൾ ചെറുതാകുന്നതായും അവളുടെ നീല കണ്ണുകളും തൊട്ടാൽ ചുവക്കും എന്നുള്ള അവളുടെ വെളുത്തു തുടുത്ത കവിളുകളുമൊക്കെ കൂടുതൽ പ്രകാശിക്കുന്നതായുമൊക്കെ അവനു തോന്നി.

അന്നത്തെ ദിവസം മൊത്തം അവന്റെ ശ്രമം എങ്ങനെയെങ്കിലും അവളുടെ ശ്രദ്ധ ആകർഷിക്കുക എന്നത് മാത്രം ആയിരുന്നു. അതിനു വേണ്ടി അവിടെ നടന്ന

മത്സരങ്ങളിൽ എല്ലാം തന്നെ അവൻ തന്നെ ഗ്രൂപ്പിനെ മുന്നിൽ എത്തിക്കുവാൻ വാശിയോട് കൂടി മത്സരിച്ചു. ഒരു പരുതിവരെ അവന്റെ കഴിവിൽ ടീം മത്സരങ്ങളിൽ നന്നായി മുന്നേറിയെങ്കിലും കീർത്തന ഗ്രൂപ്പിലെ മറ്റ് അംഗങ്ങളോട് കാണിക്കുന്ന അതേ പരിഗണന മാത്രം തനിക്കും തരുന്നതിൽ അവൻ നിരാശനായിരുന്നു.

ആദ്യ ദിവസത്തെ അവസാന പരിപാടിയായ നക്ഷത്ര പഠനം നടക്കുമ്പോൾ ഉണ്ണി തന്റെ അരികിൽ ഇരിക്കുന്ന ദീപക്കിനെ ഇടം കണ്ണിട്ട് നോക്കി.

തുറസായ സ്കൂൾ ഗ്രൗണ്ടിൽ ആണ് അവർ ഇരുന്നിരുന്നേ.. ആൺപിള്ളേരെയും പെൺപിള്ളേരെയും രണ്ടു വശത്തായി ഇരുത്തി അവർക്ക് മധ്യത്തായി അധ്യാപകൻ നിൽക്കുന്നു. തെളിഞ്ഞ ആകാശത്ത് പൊട്ട് പൊട്ട് പോലെ കുഞ്ഞു നക്ഷത്രങ്ങൾ.. തണുപ്പ് നിറഞ്ഞ അന്തരീക്ഷം.

ഉയർത്തിപ്പിടിച്ച അധ്യാപകന്റെ കൈ വിരലുകൾ നീങ്ങുന്നതനുസരിച്ച് കുട്ടികളുടെയും കണ്ണുകൾ ആകാശത്തിലെ ഓരോ നക്ഷത്രങ്ങളിലേക്കും നീങ്ങുന്നു.

പക്ഷെ ആ സമയങ്ങളിലൊക്കെ ദീപക്കിന്റെ കണ്ണുകൾ പതിഞ്ഞിരുന്നത് രണ്ടു നീല നക്ഷത്രങ്ങളിൽ ആയിരുന്നു. കീർത്തനയുടെ പൂച്ചക്കണ്ണുകളിൽ.

ആകാംഷയും ആശ്ചര്യവും വിസ്മയവും എല്ലാം അവളുടെ മുഖത്ത് മാറി മാറി തെളിയുന്നത് അവന്റെ കണ്ണുകൾ ഒപ്പി എടുത്തു.

“നീ എങ്ങോട്ടാടാ ഈ നോക്കുന്നത്?”

ഉണ്ണിയുടെ പെട്ടെന്നുള്ള അടക്കിപ്പിടിച്ച ചോദ്യം കേട്ട് ദീപക് ഒന്ന് പതറി.

“മുകളിലേക്ക് തന്നെ നോക്കി ഇരുന്നു കഴുത്ത് കഴച്ചു..”

“അതിനു നീ എപ്പോഴാണ് മുകളിലേക്ക് നോക്കിയത്.. എപ്പോഴും ആ പെണ്ണിനെ തന്നെ നോക്കി ഇരിക്കയല്ലേ.”

ഉണ്ണി തന്നെ കയ്യോടെ പൊക്കിയിരിക്കുന്നു..

ദീപുവിന്റെ പക്കൽ ഉണ്ണിക്ക് കൊടുക്കാൻ ഒരു മറുപടി ഇല്ലായിരുന്നു.

“നിനക്ക് അവളോട് പ്രേമം ആണോടാ?”

ഉണ്ണിയുടെ ചോദ്യം കേട്ട ദീപക് ഒരു നിമിഷം പകപ്പോടെ ചുറ്റും നോക്കി. ഭാഗ്യം അടക്കി പിടിച്ച സംസാരം ആയതിനാൽ ആരും കേട്ടില്ല.

“നീയെവിടെ ചുമ്മാ ഇരുന്നേ.. ഞാൻ ആ പെണ്ണിനെ ഇന്നങ്ങോട്ട് കണ്ടത്തെ ഉള്ളു..”

ഉണ്ണി പിന്നെ അതിൽ തർക്കിക്കാനൊന്നും പോകാതെ നിശബ്ധത പാലിച്ചു.

രാത്രി അടുക്കി ഇട്ട ബെഞ്ചിന് മുകളിൽ ഉണ്ണിയുടെ അടുത്ത് കിടക്കുമ്പോൾ ദീപക് സ്വയം ആലോചിക്കുവായിരുന്നു..

‘എനിക്ക് കീർത്തനയോടു തോന്നുന്ന അടുപ്പം പ്രേമത്തിന്റേതാണോ?’

ഏറെ നേരത്തെ ആലോചനക്ക് ശേഷം ഉത്തരം ലഭിക്കാത്ത ഒരു ചോദ്യവും മനസ്സിൽ പേറി അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

.

.

ബസിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ബിനു സാർ ഉറക്കെ പറഞ്ഞു.

“അവരവരുടെ ഗ്രൂപ്പിൽ ഉള്ള എല്ലാരും എപ്പോഴും കൂടെ തന്നെ ഉണ്ടോന്നു ഗ്രൂപ്പ് അംഗങ്ങൾ എപ്പോഴും പരസ്പരം ശ്രദ്ധിച്ചോളണം.”

ബിനു സാർ ബസിൽ നിന്നും ആദ്യം ഇറങ്ങിയതും സരസ്വതി ടീച്ചർ പറഞ്ഞു.

“എല്ലാപേരും കൂട്ടത്തോടെ ഇറങ്ങാതെ ഞാൻ വിളിക്കുന്ന ഗ്രൂപ്പിൽ ഉള്ളവർ മാത്രമായി ക്രമത്തിൽ ഇറങ്ങിയാൽ മതി.”

ടീച്ചർ ഓരോ ഗ്രൂപ്പുകളെ മാത്രമായി വിളിച്ചു ക്രമത്തിൽ എല്ലാരേയും പുറത്തിറക്കി.

രാവിലെ കുട്ടികൾ ഇഡലിയും സാമ്പാറും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബിനു സാറിന്റെ അറിയിപ്പ് ഉണ്ടായത്.. രണ്ടാമത്തെ ദിവസം ആദ്യത്തെ പരിപാടി ബോട്ടിങ്ങിനു പോകന്നതാണെന്ന്. അത് കേട്ടപ്പോൾ തൊട്ടേ കുട്ടികൾ എല്ലാം ആവേശത്തിൽ ആണ്.

ബസിൽ നിന്നും ഇറങ്ങിയ കുട്ടികളുടെ എല്ലാം ശ്രദ്ധ ആദ്യം തന്നെ പോയത് ദൂരെ കായലിൽ കിടക്കുന്ന ബോട്ടുകളിലേക്കാണ്. അത് കണ്ടപ്പോഴേ എല്ലാരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.

റോഡ് മുറിച്ച് കടന്ന് വേണം ബോട്ട് സ്റ്റേഷനിലേക്ക് നടക്കാൻ.

അധ്യാപകർ ഓരോ ഗ്രൂപ്പുകളെയായി സുരക്ഷിതരായി റോഡ് കടത്തി. അവസാനത്തെ  ഗ്രൂപ്പ് ആയിരുന്നു ദീപക്കിന്റെത്..

റോഡ് മുറിച്ച് കടന്ന് കഴിഞ്ഞപ്പോഴാണ് തന്റെ കൈയിൽ ഇരുന്ന പേന റോഡിൽ വീണുപോയ കാര്യം കീർത്തന ശ്രദ്ധിച്ചത്. അവൾ പെട്ടെന്ന് ഉണ്ടായ തോന്നലിൽ പേന എടുക്കാനായി പിന്നിലേക്കോടി.

അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്ന ദീപക്കിൽ ഒരു നിമിഷം വളവു തിരിഞ്ഞ് പാഞ്ഞു വരുന്ന മണലും ലോറിയിൽ ശ്രദ്ധ പതിഞ്ഞു.

റോഡിൽ നിന്നും പേന കുനിഞ്ഞെടുത്ത് നിവർന്ന കീർത്തന തന്റെ നേരെ പാഞ്ഞു വരുന്ന ലോറി കണ്ടു എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്ന് പോയി.

തൊട്ട് മുന്നിൽ കുട്ടിയെ കണ്ടു ലോറി ഡ്രൈവർ രണ്ടാമതൊന്നു ചിന്തിക്കാതെ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. പക്ഷെ ലോറി അപ്പോഴേക്കും കീർത്തനയുടെ അടുത്ത് എത്താറായിരുന്നു. ബ്രേക്ക് ചവിട്ടിയെങ്കിലും ലോറി വന്ന സ്പീഡിൽ മുന്നിലേക്ക് നിരങ്ങി നീങ്ങി.

ഈ സമയം കൊണ്ട് രണ്ടാമതൊന്നും ആലോചിക്കാതെ ദീപക് കീർത്തനയുടെ അടുത്തേക്ക് ഓടി അടുത്തിരുന്നു.

ഓടിവന്ന സ്പീഡിൽ തന്നെ റോഡിൽ സ്തംഭിച്ചു നിൽക്കുകയായിരുന്ന കീർത്തനയെ അവൻ ദൂരേക്ക് തള്ളി എറിഞ്ഞു. പക്ഷെ ദീപക്കിന് ലോറിയെ മറികടക്കാനായില്ല. ലോറിയുടെ ബമ്പറിന്റെ സൈഡിൽ തട്ടി അവൻ ദൂരേക്ക് തെറിച്ച് വീണു.

കണ്ണിൽ ഇരുട്ട് കയറുന്നതിനിടയിൽ അവൻ അവസാനം ആയി കണ്ടത് താൻ തള്ളിയതിനെ ആഘാതത്തിൽ കല്ലിൽ തലയിടിച്ച് വീണ് നെറ്റിയിൽ നിന്നും ഒലിക്കുന്ന ചോരയുമായി തന്നെ നോക്കി പകച്ച് നിൽക്കുന്ന കീർത്തനയെ ആണ്.

കണ്ണ് തുറന്നപ്പോൾ തന്നെ ദീപക്കിന് മനസിലായി താൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന്.

“ദീപു..”

ആദ്യം തന്നെ ഉണ്ണിയുടെ ശബ്‌ദം ആണ് കാതിൽ പതിച്ചത്.

തല ചരിച്ച് നോക്കുമ്പോൾ ഉണ്ണി അടുത്ത് നിൽപ്പുണ്ട്.

“ടീച്ചറെ ദീപു കണ്ണ് തുറന്നു.”

ഉണ്ണി അതും വിളിച്ച് പറഞ്ഞ് കൊണ്ട് റൂമിനു പുറത്തേക്ക് ഓടി.

കണ്ണ് ഒന്ന് ഇറുക്കി അടച്ചു തുറന്നപ്പോൾ നെറ്റിയിൽ വല്ലാതെ വേദന. അവൻ കൈ വിരൽ കൊണ്ട് വേദന എടുക്കുന്ന ഭാഗത്ത് ഒന്ന് തൊട്ട് നോക്കി. ബാൻഡേജ് ഒട്ടിച്ചിരിക്കുകയാണ്.

കീർത്തനയും ലോറിയും അപകടവുമെല്ലാം പെട്ടെന്ന് അവന്റെ മനസിലേക്ക് ഓടിയെത്തി.

ദീപു തല ചരിച്ച് ഡോറിനടുത്തേക്ക് നോക്കിയപ്പോൾ ഉണ്ണിയോടൊപ്പം തിടുക്കത്തിൽ റൂമിലേക്ക് നടന്ന് വരുന്ന സരസ്വതി ടീച്ചറിനെയും അച്ഛനെയും ആണ് കണ്ടത്.

“മോനെ.. വേദനയുണ്ടോ?”

ബെഡിനരികിൽ എത്തിയ അച്ഛന്റെ ചോദ്യത്തെ അവഗണിച്ച് അവൻ തിരികെ ചോദിച്ചു.

“കീർത്തന..?

ടീച്ചർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“ആ കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ല.. പിരികത്തിൽ ചെറിയൊരു മുറിവ്. അത്രേ ഉള്ളു.”

ടീച്ചറിൽ  നിന്നും ആ വാക്കുകൾ കേട്ടപ്പോഴാണ് അവന് ആശ്വാസം ആയത്.

ടീച്ചറുടെ വാക്കുകളോട് ഉണ്ണി കൂട്ടിച്ചേർത്ത് പറഞ്ഞു.

“കീർത്തനയെ വീട്ടീന്ന് ആള് വന്നു കൂട്ടികൊണ്ട് പോയി. പോകുന്നതിനു മുൻപ് നിന്നെ കാണാൻ വന്നിരുന്നു.. പക്ഷെ നീ എഴുന്നേറ്റില്ലായിരുന്നു.”

ദീപക് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.

കീർത്തനയെ രക്ഷിക്കാൻ കഴിഞ്ഞതിൽ അവന്റെ ഉള്ളിൽ സന്തോഷം ഉണ്ടായിരുന്നു.. കൂടെ അവളെ ഇനി എന്നെങ്കിലും കാണാൻ കഴിയുമോ ഇല്ലയോ എന്നോർത്തുള്ള നിരാശയും.

.                               .                               .                               .

കോളേജ് കവാടത്തിനു മുന്നിൽ എത്തിയ ദീപക് ചുറ്റും ഒന്ന് തല ഉയർത്തി നോക്കി.

പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള യുവജനപ്രസ്ഥാനങ്ങളുടെ ഫ്ലെക്സുകൾ അവിടെങ്ങും കാണാൻ കഴിയും.. കൂട്ടത്തിൽ ഓരോ ബാച്ചുകളുടെ ഫ്ലെക്സുകളും.

“ഇവിടെ റാഗിങ് കാണുമോടാ?”

തന്റെ അടുത്ത് നിൽക്കുന്ന ഉണ്ണിയുടെ സംശയത്തോടെ ഉള്ള ചോദ്യത്തിന് യാതൊരു ആലോചനയും കൂടാതെ ദീപക് ഉത്തരം നൽകി.

“ഗെവേണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് അല്ലെ.. അപ്പോൾ വലിയ രീതിയിൽ രാഷ്ട്രീയവും ചെറിയ രീതിയിൽ റാഗിങ്ങും കാണാതിരിക്കില്ല.”

ആത്മഗതം എന്നോണം ഉണ്ണി പറഞ്ഞു.

“ആരുടെയെങ്കിലും മുന്നിൽ പോയി ചാടി പണി കിട്ടുന്നതിന് മുൻപ് വിനോദേട്ടനെ കണ്ടു കിട്ടിയാൽ മതിയായിരുന്നു.”

ഉണ്ണിക്ക് എന്ത് കാര്യത്തിൽ ഇറങ്ങുന്നതിനു മുൻപും ആദ്യം കുറെ സംശയങ്ങളും ചെറിയ ഭയവും ആണ്. പക്ഷെ ദീപു കൂടെ ഉണ്ടെങ്കിലും അവൻ എന്തിനും ഇറങ്ങി തിരിക്കും.

ആവിശ്യത്തിന് ഉള്ള പൊക്കവും അതിനു അനുസരിച്ചുള്ള വണ്ണവും ആണ് ദീപക്കിന് ഉള്ളത്. വെളുത്ത നിറം.. ഇടത് പിരികത്തിൽ പണ്ട് കീർത്തനയെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ മുറിവിന്റെ പാട് അവശേഷിക്കുന്നു. മുഖത്ത് രോമങ്ങൾ കിളിർത്ത് തുടങ്ങിയിട്ടേ ഉള്ളു. കൗമാര പ്രായക്കാരന്റെ  കുട്ടിത്തം അവന്റെ മുഖത്ത് നിന്നും വിട്ടു മാറിയിട്ടില്ല.

ദീപക്കിനെക്കാൾ ശകലം കൂടി പൊക്കം കൂടുതൽ ഉണ്ട് ഉണ്ണിക്ക്. എന്നാൽ ദീപുവിനെക്കാൾ വണ്ണം കുറവും. വെളുത്ത നിറം.. മുന്നിലത്തെ മുടി എത്ര ചീകിവച്ചലും മുള്ളൻ പന്നിയുടെ മുള്ളുകൾ പോലെ മുന്നിലേക്ക് വീണ്ടു കിടക്കും.

പ്ലസ് ടു എക്സാം കഴിഞ്ഞ ഉടനെ രണ്ടു പേരും സമയം പാഴാക്കാതെ എൻട്രൻസ് കോച്ചിങ്ങിനു പോകുവാന് ചെയ്തത്.. പഠിക്കാൻ മിടുക്കരായതിനാൽ ഫസ്റ്റ് എൻട്രൻസ് തന്നെ എഴുതി കിട്ടുകയും ചെയ്തു. വീട്ടിലോ നിന്നും ദിവസേന വന്നു പോകാവുന്ന ദൂരത്തിലുള്ള കോളേജിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു.

കഴിഞ്ഞ മൂന്നു നാല് വർഷങ്ങളിൽ ദീപക്കിന്റെ ജീവിതത്തിൽ ഏറെയും കടന്ന് വന്നത് ദുരന്തങ്ങൾ ആയിരുന്നു. അവൻ ഒൻപതിൽ പഠിക്കുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിരാമം ഇട്ട് കുടുംബത്തിന് വേണ്ടി ഗൾഫിൽ പോയ അച്ഛൻ രാജീവ് ഒരു വാഹനാപകടത്തിൽ മരിക്കുന്നത്.. നിനച്ചിരിക്കാതെയുള്ള ആ ദുരന്തം അമ്മ സാവിത്രിക്ക് താങ്ങാവുന്നതിലും അതികം ആയിരുന്നു. പ്രണയ വിവാഹത്തോടെ ബന്ധുക്കൾ എല്ലാം ഉപേക്ഷിച്ച സാവിത്രിയെ ഭർത്താവിന്റെ മരണത്തോടെ അസുഖങ്ങൾ വിട്ടുമാറാതെ പിന്തുടർന്നു, അവസാനം ദീപക് പ്ലസ് ടു വിലേക്ക് കടന്ന സമയത്ത് അമ്മയും അവനെ വിട്ടു പോയി. പിന്നെ അവനു സഹായത്തിനു ഉണ്ടായിരുന്നത് ഉണ്ണിയുടെ വീട്ടുകാരും സഖാവ് രാജീവിനെ സ്നേഹിച്ചിരുന്ന നാട്ടുകാരും ആണ്.. അച്ഛന്റെ ഇൻഷുറൻസ് തുകയായി നല്ലൊരു സംഖ്യ ലഭിച്ചതിനാൽ പൈസക്കായി ആരെയും അവന് ബുദ്ധിമുട്ടിക്കേണ്ടതായി വന്നില്ല. അച്ഛൻ രാജീവിന്റെ മനക്കരുത്ത് തന്നെ ദീപക്കിനും കിട്ടിയതിനാൽ അവൻ ദുരന്തങ്ങളിൽ ഒന്നും

പതറാതെ ജീവിതത്തിൽ മുന്നേറി.. ഉണ്ണിയുടെ അച്ഛനും അമ്മയും പല പ്രാവശ്യം അവരുടെ വീട്ടിൽ നില്ക്കാൻ അവനോടു ആവിശ്യപ്പെട്ടുവെങ്കിലും അവൻ ഒരിക്കലും അതിനു തയ്യാറായില്ല. അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ പേറുന്ന വീട്ടിൽ തന്നെ നിൽക്കാനാണ് അവൻ ആഗ്രഹിച്ചത്. ഇപ്പോൾ അവന്റെ ആഗ്രഹം പോലെ തന്നെ അടുത്തുള്ള കോളേജിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു.

കോളേജ് ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറുമ്പോൾ ദീപക് പറഞ്ഞു.

“ഇനിയുള്ള നമ്മുടെ നാല് വർഷത്തെ അങ്കത്തട്ട് ഇതാണെടാ..”

കോളേജ് കവാടം കടക്കുന്നത് തൊട്ട് വിവിധ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പന്തലുകൾ അവിടെ ഉയർന്നിട്ടുണ്ട്. പുതിയ വിദ്യാര്ഥികളെകൊണ്ട് പാർട്ടി മെമ്പർഷിപ് എടുപ്പിക്കാൻ വേണ്ടി ആയിരുന്നു അത്.

ഗേറ്റ് കടന്ന് അവർ നടന്ന് തുടങ്ങിയതും KSQ വിന്റെ പന്തലിൽ നിന്നും വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ അവരുടെ നേരെ നടന്നു വന്നു.

“പുതിയ അഡ്മിഷൻ ആണോ?”

“അതെ..”

ദീപക് ആണ് മറുപടി നിൽകിയത്.

“ഏതു ബാച്ച്?”

“സിവിൽ..”

“ഞാൻ സിറിൽ.. KSQ ….”

സിറിൽ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ അവർക്ക് പിന്നിൽ നിന്നും ഒരു ശബ്‌ദം ഉയർന്നു.

“സിറിലെ അവരെ വിട്ടേക്ക്.. എന്റെ നാട്ടുകാരാണ്.”

ദീപക്കും ഉണ്ണിയും പരിചിതമായ ആ ശബ്‌ദം കേട്ട് പെട്ടെന്ന് തിരിഞ്ഞ് നോക്കി.

“വിനോദേട്ടൻ..”

ഉണ്ണി പതുക്കെ മന്ത്രിച്ചു.

ഒരു ചുവന്ന ഷർട്ടും ചുവന്ന കരയോട് കൂടിയ മുണ്ടും ധരിച്ച ചെറുപ്പക്കാരൻ.. ചുണ്ടിൽ ചെറിയ പുഞ്ചിരിയുണ്ട്.

SFY ടെ കോളേജ് യൂണിറ്റ് സെക്രട്ടറി ആണ് വിനോദ്.

ഒരു ചെറു ചിരിയോടെ തന്നെ സിറിൽ തിരിച്ചു ചോദിച്ചു.

“അതെന്താ വിനോദെ.. തന്റെ നാട്ടുകാര് KSQ  വില ചേരില്ലേ.”

ദീപക്കിന്റെ തോളിൽ കൈ ഇട്ട് കൊണ്ട് വിനോദ് പറഞ്ഞു.

“അതൊക്കെ ചേരും.. പക്ഷെ ഞാൻ ഉൾപ്പെടുന്ന ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാർ കമ്മ്യൂണിസ്റ്റ് അനുഭാവികൾ ആകാൻ പ്രചോദനം ആകാൻ സഖാവ് രാജീവേട്ടന്റെ മകൻ KSQ  വിൽ ചേരുന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്.

ചിരിയോടു കൂടി തന്നെ സിറിൽ ചോദിച്ചു.

“അപ്പോൾ ഇവിടെ വരുന്നെന്ന് മുൻപ് തന്നെ ഇവർ നിങ്ങളുടെ ആളാണല്ലേ.”

ദീപക്കിന്റെ തോളിൽ ഇട്ടിരുന്ന കൈ ഒന്ന് ഉലച്ചു കൊണ്ട് വിനോദ് പറഞ്ഞു.

“ഇവനെ ഒന്ന് നോക്കി വച്ചോ.. ഭാവിയിൽ കോളേജിൽ നിങ്ങൾക്ക് ഇവിടെ

ഒരുപാട് തലവേദന ഉണ്ടാകുന്നത് ഇവനായിരിക്കും.”

സിറിൽ ദീപക്കിന് നേരെ കൈ നീട്ടി.

“എന്താ പേര്?”

അവന് കൈ കൊടുത്ത് കൊണ്ട് ദീപു പറഞ്ഞു.

“ദീപക്..”

സിറിൽ ഉണ്ണിയുടെ നേരെ നോക്കി.

“ഉണ്ണി..”

“ഞാൻ സിറിൽ.. KSQ വിന്റെ ഒരു പ്രവർത്തകനാണ്… നമുക്ക് പിന്നെ വിശദമായി പരിചയപ്പെടാം. ഇപ്പോൾ കുറച്ച് തിരക്കിലാണ്.”

സിറിൽ ഒരു പുഞ്ചിരിയോടെ അവിടെ നിന്നും തിരിച്ചു നടന്നു.

വിനോദിനൊപ്പം SFY ടെ പന്തലിലേക്ക് നടക്കുമ്പോൾ ദീപക് ചോദിച്ചു.

“ഇവിടെ SFY യും KSQ വും സമാധാനത്തോട് കൂടിയുള്ള ഒരു ചുറ്റുപാടിൽ ആണോ പോകുന്നത്.”

ഒരു ചിരിയോടെ വിനോദ് മറുപടി നൽകി.

“അങ്ങനെ ഒരിക്കലും വിചാരിക്കണ്ട.. സിറിൽ എന്റെ സുഹൃത്താണ്.. പിന്നെ എല്ലാ പാർട്ടിയിലും കാണുമല്ലോ കുഴപ്പം ഉണ്ടാക്കാൻ മാത്രം നടക്കുന്നവരും സൗമ്യതയോടെ നടക്കുന്നവരും..”

“സൗമ്യതയോടെ നടന്ന് പിന്നിൽ നിന്ന് പണി തരുന്നവരും ഉണ്ടാകും..”

ഉണ്ണിയുടെ ആ വാക്കുകൾക്ക് വിനോദ് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു.

പന്തലിൽ എത്തിയ വിനോദ് അവരെ അവിടെ ഉണ്ടായിരുന്ന എല്ലാർക്കും പരിചയപ്പെടുത്തി.

കുറച്ച് നേരം അവർ അവിടെ ചുറ്റി പറ്റി നിന്നപ്പോൾ വിനോദ് പറഞ്ഞു.

“നിങ്ങളുടെ ആദ്യത്തെ ദിവസം അല്ലെ.. ക്ലാസ് മിസ് ആക്കണ്ട, നിങ്ങൾ വിട്ടോ.”

അവർ ക്ലാസ്സിലേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ വിനോദ് കൂട്ടിച്ചേർത്തു.

“ചെറിയ രീതിയിൽ ഉള്ള റാഗിങ് ഒക്കെ ഉണ്ടാകും.. അതൊക്കെ കോളേജ് ലൈഫ് ന്റെ ഭാഗമാണ്.. അതിരു കടക്കുകയാണെങ്കിൽ എന്റെ അനിയന്മാരാണെന്ന് പറഞ്ഞാൽ മതി.

രണ്ടുപേരും ഒരു ചെറു ചിരിയോടെ തല കുലുക്കികൊണ്ട് അവിടെ നിന്നും നടന്നു.

കുറച്ച് മുന്നോട്ട് നടന്ന ദീപക്കിന്റെ കാലുകൾ പെട്ടെന്ന് നിശ്ചലം ആയി. അവന്റെ നോട്ടം KSQ വിന്റെ പന്തലിനു മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടിയിൽ ഉടക്കി..പച്ചയും വെള്ളയും കലർന്ന നിറമുള്ള ചുരിദാർ

ഇട്ടിരിക്കുന്ന ഒരു പെൺകുട്ടി. അവന് നേരെ ചരിഞ്ഞ് നിൽക്കന്നതിനാൽ മുഖത്തിന്റെ ഒരു വശം മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. പക്ഷെ പലപ്പോഴും തന്റെ സ്വപ്നങ്ങളിൽ കടന്ന് വരാറുള്ള മുഖം തന്നെ ആണ് അതെന്ന് അവന്റെ മനസ് മന്ത്രിച്ച് കൊണ്ടേ ഇരുന്നു.

അവന്റെ മനസ് ആഗ്രഹിച്ചു.. അവൾ ഒന്ന് തിരിഞ്ഞ് നോക്കിയെങ്കിൽ.

അവന്റെ മനസ് പറഞ്ഞത് കേട്ടിട്ടോ എന്തോ അവൾ ഒരു നിമിഷം എവിടേക്കെന്നില്ലാതെ ഒന്ന് തിരിഞ്ഞു നോക്കി.

ആ ഒരു നിമിഷം മതിയായിരുന്നു അവന് അവളുടെ മുഖം ഒപ്പി എടുക്കാൻ.

പണ്ട് ഏഴാം ക്ലാസുകാരന്റെ മനസ്സിൽ തറച്ച നക്ഷത്ര കണ്ണുകൾ അവൻ വീണ്ടും കണ്ടു.. ഇടതു പിരികത്തിൽ പണ്ടത്തെ മുറിവിന്റെ പാട് അവശേഷിക്കുണ്ട്.

എപ്പോഴെങ്കിലും ഒരിക്കൽ അവളെ വീണ്ടും ഒന്ന് കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് മനസ് കൊതിച്ചിരുന്നു എങ്കിലും വീണ്ടും കാണാൻ കഴിയുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല.

“എന്താടാ നിന്നെ?”

ഉണ്ണിയുടെ ചോദ്യത്തിനുള്ള മറുപടി അവൻ മന്ത്രിക്കും പോലെ പറഞ്ഞു.

“കീർത്തന..”

“ആര്?”

“നമ്മുടെ ഏഴാം ക്ലാസ്സിലെ ക്യാമ്പിൽ ഉണ്ടായിരുന്ന കീർത്തന..”

“എവിടെ?”

“സിറിൽ ഏട്ടന്റെ അടുത്ത് നിൽക്കുന്നു.”

ഉണ്ണി അവിടേക്ക് നോക്കി ഒന്ന് മൂളിയ ശേഷം പറഞ്ഞു.

“വാ, നമുക്ക് ക്ലാസ്സിലേക്ക് പോകാം.”

ദീപക് ഉണ്ണിയോടൊപ്പം നടന്നു തുടങ്ങി..

അവന്റെ നോട്ടം കീർത്തനയിൽ തന്നെ ആയിരുന്നു. പെട്ടെന്നാണ് അവളുടെ കൈയിൽ അവൻ ശ്രദ്ധിച്ചത്..

അടുത്ത് തന്നെ നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ കൈയിൽ അവൾ മുറുകെ പിടിച്ചിരിക്കുന്നു. കണ്ടിട്ട് അവളുടെ അതെ പ്രായം തോന്നിക്കുന്നു.. അവന്റെ തോളിൽ ഒരു ബാഗ് കിടക്കുന്നതിൽ ഇവിടെ തന്നെ പഠിക്കുന്നതാകും എന്ന് ദീപക് ഊഹിച്ചു.

‘ഇത്ര ഒരു ആത്മവിശ്വാസത്തോടെ അവൾ ആ കൈയിൽ മുറുക്കി പിടിച്ചിരിക്കണമെങ്കിൽ അവളുടെ ആരാകും അത്. സഹോദരനായിരിക്കുമോ.. അതോ കസിനോ?.. എന്ത് തന്നെയായാലും കൈയിൽ ഉള്ള ആ മുറുക്കി പിടിത്തം അവനെ അലോസരസപ്പെടുത്തുക തന്നെ ചെയ്തു.

നടത്തം KSQ വിന്റെ പന്തലിനു മുന്നിൽ എത്തിയപ്പോൾ ദീപക് സാവധാനത്തിൽ ആക്കി.

സിറിൽ അവരോടു ചോദിച്ച ചോദ്യം അവനും കേൾക്കാനായി.

“അപ്പോൾ അക്കോമഡേഷൻ ഒക്കെ എങ്ങനാ സൂരജ്?”

“എനിക്ക് ഇവിടെ മെൻസ് ഹോസ്റ്റലിൽ റെഡി ആക്കിയിട്ടുണ്ട്.. കീർത്തനക്ക് വുമൺസ് ഹോസ്റ്റലിലും.”

“അതെന്തായാലും നന്നായി.. താമസം ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ എല്ലാരും ആയിട്ടും ഒരു കോൺടാക്ട് ഇപ്പോഴും ഉണ്ടാകും.. നമ്മുടെ പ്രവർത്തനങ്ങൾക്ക് അത് എപ്പോഴും നല്ലതായിരിക്കും.”

ദീപക് മനസ്സിൽ മന്ത്രിച്ചു.

“സൂരജ്..”

അടുത്ത് കൂടി നടന്ന് പോകുന്ന ദീപക്കിനെ കണ്ടു സിറിൽ പരിചയത്തിന്റെ പേരിൽ പുഞ്ചിരിച്ചു.

സിറിൽ പിന്നിൽ ആരെയോ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് കീർത്തനയും സൂരജ്ഉം തിരിഞ്ഞ് നോക്കി.

കീർത്തന തന്നെ ഇപ്പോൾ തിരിച്ചറിയും എന്നൊരു പ്രതീക്ഷ ദീപക്കിന് ഉണ്ടായിരുന്നു. അതിനാൽ തന്നെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

എന്നാൽ അവളിൽ നിന്നും യാതൊരു പ്രതികരണവും അവന് ലഭിച്ചില്ല. തീർത്തും നിരാശനായ അവൻ ഉണ്ണിയോടൊപ്പം ക്ലാസ്സിലേക്ക് നടന്നു.

ക്ലാസ്സിൽ ഉണ്ണിയോടൊപ്പം ഇരിക്കുമ്പോഴും ദീപക്കിന്റെ ചിന്തകൾ കീർത്തനയെ കുറിച്ച് തന്നെ ആയിരുന്നു.

‘എന്താ അവൾ എന്നെ കണ്ടിട്ട് ഒന്ന് ചിരിക്കപോലും ചെയ്യഞ്ഞത്. ഇനിയിപ്പോൾ എന്നെ തിരിച്ചറിഞ്ഞു കാണില്ലേ?.. അങ്ങനെ അങ്ങ് മറക്കാമോ.. ഒന്നും ഇല്ലേൽ ഞാൻ അവളുടെ ജീവൻ രക്ഷിച്ചതല്ലേ.. ഓർക്കുന്നില്ലെന്ന് തന്നെ ഇരിക്കട്ടെ ഒരാൾ മുഖത്തു നോക്കി പുഞ്ചിരിക്കുമ്പോൾ ചിരിച്ചും ഒന്ന് ചിരിക്കയെങ്കിലും ചെയ്യാല്ലോ.’

“ഡാ.. ഡാ.. കീർത്തന നമ്മുടെ ക്ലാസ്സിൽ ആണ്.”

ഉണ്ണി പറഞ്ഞത് കേട്ട് ദീപക് പെട്ടെന്ന് മുഖം ഉയർത്തി നോക്കി.

അവൻ നോക്കുമ്പോൾ പുതിയ ഒരു ക്ലാസ്സിൽ ആദ്യമായി കയറുന്നതിന്റെ ഒരു ലാഞ്ചനയോടെ ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് നടക്കുകയാണ് കീർത്തന.

ദീപക് ചുറ്റുമൊന്ന് നോക്കുമ്പോൾ ആൺപിള്ളേരുടെയെല്ലാം ശ്രദ്ധ കീർത്തനയിൽ ആണ്. എങ്ങനെ നോക്കാതിരിക്കും.. പച്ചയും വെള്ളയും കലർന്ന ചുരിദാർ അവളുടെ വെളുത്ത മുഖത്തെ കൂടുതൽ പ്രക്ഷിപ്പിക്കുന്നതായിരുന്നു. അരയോളം നീളമുള്ള നല്ല തിങ്ങി നിറഞ്ഞ മുടി. അത് അവളുടെ നടത്തത്തിനു അനുസരിച്ച്‌ ഉലയുന്നു. അധികം ഇറുക്കമില്ലാത്ത ടോപ് ആണെങ്കിലും അത് അവളുടെ ആകൃതിയൊത്ത ശരീരത്തെ എടുത്തു കാണിക്കുന്നുണ്ട്. ആകെ ഒരു കുറവെന്ന് പറയാവുന്നത് അവളുടെ മാറിടത്തിന് എടുത്തു കാണിക്കത്തക്ക തരത്തിൽ വലിപ്പം ഇല്ല എന്നത് മാത്രമാണ്.

“അളിയാ.. എല്ലാരുടെ നോട്ടവും അവളിൽ തന്നെ ആണല്ലോ..”

ഉണ്ണി പറഞ്ഞത് കേട്ട് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

നേരത്തെ അവളുടെ കൂടെ ഉണ്ടായിരുന്ന സൂരജ് ഇപ്പോൾ കൂടെ ഇല്ലാത്തതിനാൽ അവൻ വേറെ ബാച്ച് ആയിരിക്കുമെന്ന് അവൻ ഊഹിക്കുകയും ചെയ്തു.

അന്നത്തെ ദിവസം ക്ലാസ് തീരുന്നവരെയും കിട്ടിയ സന്ദർഭങ്ങളിൽ അവളുടെ ശ്രദ്ധ ആകർഷിക്കത്തക്ക രീതിയിൽ അവൻ നിന്നു.. ചിലപ്പോഴൊക്കെ കീർത്തന അവനെ നോക്കിയെങ്കിലും പരിചയമുള്ളതിന്റെ ഒരു സൂചനയും അവളിൽ നിന്നും അവന് ലഭിച്ചില്ല.

വൈകുന്നേരം ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ഉണ്ണി പറഞ്ഞു.

“ഇന്ന് രാവിലെ കീർത്തനയുടെ കൂടെ ഒരുത്തൻ നിന്നില്ലേ, അവനെ കുറിച്ച് ഞാൻ തിരക്കി.”

ഇവൻ ഇത് എപ്പോൾ തിരക്കാൻ പോയി എന്ന ഭാവത്തിൽ ദീപക് അവനെ നോക്കി.

അത് മൈൻഡ് ചെയ്യാതെ ഉണ്ണി പറഞ്ഞു.

“MLA ദേവദാസിന്റെ മോനാ അവൻ, സൂരജ്… നമ്മളെ പോലെ ന്യൂ അഡ്മിഷൻ ആണ്.. മെക്കാനിക്കിൽ”

ദീപക് മനസ്സിൽ ഓർത്തു.

അപ്പോൾ അതാണ് സിറിൽ ചേട്ടനുമായുള്ള കണക്ഷൻ.

“പിന്നെ ഒരു കാര്യം കൂടി ഉണ്ട്..”

“എന്താ?”

“അവൻ കീർത്തനയുടെ മുറച്ചെറുക്കൻ കൂടിയാണ്.”

അത് കേട്ടപ്പോൾ ദീപക്കിന്റെ മനസ് ഒന്ന് പതറി.. എന്തോ ഭാരം നെഞ്ചിൽ തറച്ച പോലെ. അത് മുഖത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ച് കൊണ്ട് അവൻ ഒന്ന് മൂളി.

“എന്നാലും എന്താ അവൾ നിന്നെ കണ്ടിട്ട് ഒന്ന് ചിരിക്ക പോലും ചെയ്യാഞ്ഞേ?”

“എന്നെ ഓർക്കുന്നുണ്ടാകില്ല..”

“നമുക്ക് നാളെ പോയോന്ന് അവളോട് സംസാരിച്ചാലോ, അപ്പോൾ ഓർമ്മ വന്നാലോ..”

ദീപു എടുത്തടിച്ച പോലെ പറഞ്ഞു.

“വേണ്ട.. മറന്നവരെ നമ്മളായിട്ട് ഒന്നും ഓർമിപ്പിക്കണ്ട..”

അവന്റെ ശബ്ദത്തിൽ ഒരു ഇടർച്ച ഉണ്ടായിരുന്നതായി ഉണ്ണിക്ക് തോന്നി.

.                               .                               .                               .

ഒരു വർഷത്തിന് ശേഷം..

കീർത്തന സുധി സാറിന്റെ ക്ലാസ്സിൽ മുഴുകി ഇരിക്കുമ്പോഴാണ് പുറത്തു നിന്നും SFY യുടെ മുദ്രാവാക്യങ്ങൾ ഉയരുന്നത് കേട്ടത്.

അടുത്തിരുന്ന ശ്രീജയോട് ശബ്‌ദം താഴ്ത്തി കീർത്തന പറഞ്ഞു.

“വരുന്നുണ്ട് ഇവിടത്തെ രക്തം തിളയ്ക്കുന്ന വിപ്ലവ നായകൻ ആളെയും കൂട്ടി പഠിപ്പ് മുടക്കാനായി.. ഇവനൊന്നും വേറെ പണിയില്ലേ?”

കീർത്തന പറഞ്ഞത് കേട്ട് ശ്രീജ ഒന്ന് ചിരിക്ക മാത്രം ചെയ്തു.

അപ്പോഴേക്കും ദീപക് സാറിന്റെ അനുവാദം വാങ്ങി ക്ലാസ്സിലേക്ക് കയറിയിരുന്നു.

“സുഹൃത്തുക്കളെ സെക്രട്ടറിയേറ്റിനു മുന്നിൽ സമാധാനപരമായി പ്രതിക്ഷേധ സമരം നടത്തിയിരുന്ന SFY ക്കാരെ പോലീസ് തല്ലിച്ചതച്ച കാര്യം നിങ്ങൾ എല്ലാരും അറിഞ്ഞിരിക്കുമല്ലോ…”

ദീപക് ഉറച്ച ശബ്ദത്തിൽ വാക്കുകൾ തുടരുമ്പോൾ കീർത്തന അവനെ തന്നെ ശ്രദ്ധിച്ചു.

നീളത്തിൽ വളർത്തിയിട്ടിരുന്ന അവന്റെ മുടി അലസമായി മുഖത്തേക്ക് കിടക്കുന്നു.. കഴിഞ്ഞ ഒരു മൂന്നു നാല് മാസമായി എപ്പോഴും ചെറു കുറ്റി താടി അവന്റെ മുഖത്ത് ഉള്ളത് അവളുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അത് അവന്റെ മുഖത്തിന് നന്നായി ചേരുന്നതും ഉണ്ട്. വലത് കൈ തണ്ടയിൽ ഒരു വച്ചുകെട്ട് ഉണ്ട്.. അത് ഇന്നലെ വരെ ഇല്ലായിരുന്നു.. ഒരു ചെറു ചിരിയോടെ അവൾ ഓർത്തു മിക്കവാറും ഇന്നലെ സെക്രട്ടറിയേറ്റിന്റെ മുന്നിൽ അടി കിട്ടിയവരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നിരിക്കും അതിന്റെ ആകും ആ കൈയിലെ കെട്ട്.

എല്ലാരും ബാഗുമെടുത്ത് ക്ലാസിനു വെളിയിലേക്ക് നടന്ന് തുടങ്ങിയപ്പോഴാണ് ദീപക് സംസാരം അവസാനിപ്പിച്ചത് അവളുടെ ശ്രദ്ധയിൽ പെട്ടത്.

കീർത്തനയോടൊപ്പം നടക്കുമ്പോൾ ശ്രീജ പറഞ്ഞു.

“ഡി.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഒന്നും തോന്നരുത്.”

“എന്താ..?”

“നമ്മുടെ ക്ലാസ്സിലെ പെൺപിള്ളേരിൽ നിനക്ക് മാത്രേ ഉള്ളു ദീപക്കിനെ കണ്ട് കൂടാത്തത്.. നിനക്കെന്താ അവനോടു ഇത്ര ദേഷ്യം?”

“എനിക്കെന്തു ദേഷ്യം.. എനിക്കൊരു ദേഷ്യവും ഇല്ല..”

ചിരിയോടു കൂടി ശ്രീജ പറഞ്ഞു.

“എപ്പോഴും നിന്റെ കൂടെ നടക്കുന്ന എന്നോട് നീ അങ്ങനെ പറയല്ലേ മോളെ.. ആര് ദീപക്കിനെ കുറിച്ച് നല്ലത് പറഞ്ഞാലും നിന്റെ മുഖത്ത് തെളിയുന്ന പുഛ ഭാവം ഞാൻ ശ്രദ്ധിക്കാറുണ്ട്.”

അതിനു കീർത്തനക്ക് ഒരു മറുപടി ഇല്ലായിരുന്നു.

“എനിക്കറിയാം നിനക്ക് ദീപക്കിനോട് ദേഷ്യം കൂടാൻ ഉള്ള കാരണം.”

കീർത്തന എന്താ എന്നുള്ള അർത്ഥത്തിൽ ശ്രീജയുടെ മുഖത്തേക്ക് നോക്കി.

“ദീപക് ഈ നിലക്ക് പോകുവാണേൽ നിന്റെ സൂരജ് നോട്ടം ഇട്ടിരിക്കുന്ന ചെയർമാൻ സീറ്റ് കിട്ടില്ല എന്നറിയാവുന്നത് കൊണ്ടല്ലേ..”

“ഒന്ന് പോടീ.. എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ആണ് ഈ രാഷ്ട്രീയം.”

ചിരിച്ച് കൊണ്ട് ശ്രീജ പറഞ്ഞു.

“ശരി ശരി.. ഞാൻ വിപിനോടൊപ്പം പുറത്തു പോകുവാ.. വൈകിട്ടേ റൂമിൽ വരൂ.”

ശ്രീജയുടെ കാമുകൻ ആണ് വിപിൻ.

കീർത്തന ഒരു ചിരിയോടെ ശ്രീജയെ യാത്രയാക്കി.

ഒറ്റക്ക് വരാന്തയിൽ കൂടി കാന്റീനിലേക്ക് നടക്കുമ്പോൾ കീർത്തന ആലോചിച്ചു.

‘സത്യത്തിൽ ഞാൻ എന്തിനാ ദീപക്കിനോട് ഈ വിരോധ മനോഭാവം കാണിക്കുന്നത്.. അവൻ എനിക്ക് എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?.. ഇല്ല.. എന്നോട് ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ലാ… അതേ.. കഴിഞ്ഞ ഒരു വർഷമായി ഒരേ ക്ലാസിൽ പഠിക്കുന്നു.. എന്നിട്ട് ഇതുവരെ അവൻ എന്നോട് ഒരു വാക്ക്

പോലും സംസാരിച്ചിട്ടില്ല.. ക്ലാസ്സിലുള്ള സകലരോടും അവൻ സംസാരിക്കും എല്ലാരും അവന് ഒരുപോലെ സുഹൃത്തുക്കൾ ആണ്.. പക്ഷെ എന്നോട് മാത്രം ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല.. അപ്പോൾ അവനല്ലേ എന്നോട് ശത്രുതാ മനോഭാവം കാണിക്കുന്നത്.. എന്നതായിരിക്കും അതിനു കാരണം?.. ഞാൻ സൂരജിന്റെ കസിൻ ആയതിനാലായിരിക്കുമോ.. രാഷ്ട്രീയത്തിൽ പണ്ടും ഇന്നും എനിക്ക് ഒരു താല്പര്യവും ഇല്ല.. പക്ഷെ ഒരു കാര്യം വ്യക്തമായി അറിയാം.. കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ സൂരജിനേക്കാൾ സ്വാതീനം ദീപക്കിന് ഉണ്ട്.. കഴിഞ്ഞ ഒരു വർഷം കൊണ്ട് എല്ലാരേയും തന്നിലേക്ക് ആകർഷിക്കാനുള്ള എന്ത് മന്ത്രകഥ ആണ് അവൻ ചെയ്തത്..അതേ.. കഴിഞ്ഞ വർഷം നടന്ന കോളേജ് ഇലെക്ഷനിൽ കൂടിയാണ് അവനെ എല്ലാരും ശ്രദ്ധിച്ചു തുടങ്ങിയത്.. SFY ക്ക് വേണ്ടി ഓരോ ക്ലാസ്സിലും കയറി ഇറങ്ങി അവൻ നടത്തിയ പ്രസംഗം.. അവൻ സംസാരിക്കുന്ന ഓരോ വിഷയത്തിലും അവന് വ്യക്തമായ ധാരണ ഉണ്ടെന്ന് അവന്റെ പ്രസംഗം കേൾക്കുന്നതിൽ നിന്നും മനസിലാകും. ഞാനും കേട്ടിരുന്നു പോയിട്ടുള്ളതല്ലേ.. പിന്നെ ആർക്ക് എന്ത് പ്രശ്നം ഉണ്ടായാലും അവിടെ ദീപക് ഉണ്ടാകും എന്ന് മിക്കവരും പറഞ്ഞു കേട്ടിട്ടുണ്ട്.. വിദ്ധാർത്ഥികൾക്ക് ഇടയിൽ ദീപക് ഉണ്ടാക്കുന്ന സ്വതീനതിൽ നല്ല അമർഷം ഉണ്ടെന്ന് സൂരജിന്റെ വാക്കുകളിൽ നിന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അവർ തമ്മിൽ  നേർക്ക് നേർ ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടല്ല. സൂരജ് ഒരു സൗമ്യനാണ്.. എന്നാൽ ദീപക് അങ്ങനെ അല്ല.. സൗമായതായും രൗദ്രതയും സന്ദർഭത്തിന് അനുസരിച്ച് മാറി മാറി വരും. അതിന്റെ പാടുകൾ അവന്റെ മുഖത്തും കൈയിലുമൊക്കെ ആയി പലപ്പോഴും കാണാറും ഉള്ളതാണ്. പിന്നെ ഞാൻ അവനോടു മിണ്ടാത്തത് എന്നതാണ് വച്ചാൽ അവൻ എന്നോട് മിണ്ടാറില്ല അത് കൊണ്ട് ഞാൻ അവനോടും മിണ്ടാറില്ല.. അതുപണ്ടേ എന്റെ സ്വഭാവം തന്നെയാണ് ആരുടെ സൗഹൃദവും ഞാൻ തേടി പിടിച്ച് പോകാറില്ല. അവൻ മിണ്ടാത്തതിൽ എനിക്ക് അവനോടു ദേഷ്യവും ഇല്ല….  അല്ല… എനിക്ക് അവനോടു ഒരു കാര്യത്തിൽ അവനോട് അസൂയ കലർന്ന ദേഷ്യം ഉണ്ട്.. അടിയും പിടിയും സമരവും ഒക്കെ ആയി നടന്നാലും ചില സബ്ജെക്റ്റുകളിൽ അവനാണ് ക്ലാസ് ടോപ്.. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ എല്ലാത്തിലും ക്ലാസ് ടോപ് വാങ്ങിയിരുന്ന എനിക്ക് ഈ ഒരു കാര്യത്തിൽ അവനോടു ചെറിയൊരു ദേഷ്യം ഉണ്ട്.

ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് നടന്ന് അവൾ ക്യാന്റീനിൽ എത്തി.

ഒരു ചായയും വാങ്ങി മൊബൈലിൽ തോണ്ടിക്കൊണ്ട് ഇരിക്കുമ്പോഴാണ് മുന്നിലത്തെ ടേബിളിൽ ചിരിയും ബഹളവും അവളുടെ ചെവികളിൽ എത്തിയത്.

നിവർന്നു നോക്കുമ്പോൾ ദീപക്കും കൂട്ടുകാരും ആണ്.

‘ഓഹ്.. ഇവിടേയും എത്തിയോ..’

അതും ഓർത്തുകൊണ്ട് അവൾ കൂടെ ഉള്ളവരെ നോക്കി. ഉണ്ണി ശ്രദ്ധയിൽ പെട്ടപ്പോൾ അവൾ മനസ്സിൽ ഓർത്തു..

‘വാല് കൂടെ ഉണ്ടല്ലോ, നേരത്തെ ക്ലാസ്സിൽ വന്നപ്പോൾ ഇവൻ കൂടെ ഇല്ലായിരുന്നല്ലോ.. ഉണ്ണിയുടെ മുഖത്തോ ശരീരത്തോ ഒന്നും അടി കൊണ്ട പാടൊന്നും കാണുന്നില്ലല്ലോ.. മിക്കവരും പോലീസ് അടിക്കാൻ വരുന്ന കണ്ടപ്പോഴേ ആദ്യമേ മുങ്ങി കാണും.’

അറിയാതെ അവൾ അതോർത്ത് ചിരിച്ച് പോയി.

“എന്താ കീർത്തന ഒറ്റക്കിരുന്നു ചിരിക്കൂന്നേ?”

ഉണ്ണിയുടേതായിരുന്നു ചോദ്യം.

പെട്ടെന്നുള്ള അവന്റെ ചോദ്യം കെട്ട് അവളുടെ മുഖത്ത് ഒരു ജാള്യത

പറന്നെങ്കിലും ഉണ്ണിയുമായി മിക്കപ്പോഴും കളി തമാശകൾ പറയാറുള്ളത് കൊണ്ട് അവൾ പറഞ്ഞു.

“നിന്റെ മുഖത്തൊന്നും അടി കൊണ്ട പാടൊന്നും കാണുന്നില്ലാലോ, പോലീസ് വരുന്ന കണ്ടപ്പോഴേ ഓടിയോ എന്നോർത്തു ചിരിച്ചതാ..”

“പോലീസ് വന്നപ്പോൾ ഓടിയതൊന്നും ഇല്ല, പുറത്തു കാണിക്കാൻ പറ്റാത്തിടത്താ അടി കൊണ്ടേ, അതല്ലേ ഞാൻ ഇരിക്കാത്തെ.”

ഉണ്ണിയുടെ മറുപടി കേട്ട്‌  കീർത്തന പൊട്ടി ചിരിച്ചു പോയി.. ചിരിച്ച് കഴിഞ്ഞപ്പോഴാണ് ദീപക് തന്റെ ചിരിയും ആസ്വദിച്ച് നോക്കി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്.

അവൾ പെട്ടെന്ന് മുഖത്ത് ഒരു ഗൗരവ ഭാവം വരുത്തി ബാഗും എടുത്ത് പുറത്തേക്ക് നടന്നു.

അവൾ പുറത്തേക്ക് പോകുന്നത് കണ്ട് ഉണ്ണി പറഞ്ഞു.

“നീ നോക്കുന്നത് കണ്ടിട്ടാണ് അവൾ പോയത്.. നിനക്കെന്താ അവളോടൊന്നു മിണ്ടിയാൽ.. നീ മിണ്ടതോണ്ടാണ് അവളും മിണ്ടാത്തത്.”

ദീപക് മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

.

.

ക്ലാസ് കഴിഞ്ഞ് കോളേജിന്റെ വരാന്തയിൽ കൂടി നടക്കുമ്പോൾ ഉണ്ണി ദീപക്കിനോട് പറഞ്ഞു.

“നാളെ വൈകുന്നേരം നിന്നെ വീട്ടിൽ വിളിച്ചോണ്ട് ചെല്ലണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.”

ആകാംഷ നിറഞ്ഞ സ്വരത്തിൽ ദീപക് ചോദിച്ചു.

“അതെന്താ?”

“നാളെയാടാ കാവ്യയുടെ പിറന്നാൾ..”

ഉണ്ണിയുടെ അനിയത്തി ആണ് കാവ്യ.. ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്നു.

മറന്നു പോയെന്ന രീതിയിൽ തലയിൽ സ്വയം തട്ടികൊണ്ട് അവൻ പറഞ്ഞു.

“അപ്പോൾ നാളെ അവൾക്ക് കൊടുക്കാൻ ഒരു ഗിഫ്റ് വാങ്ങണമല്ലോ.”

പെട്ടെന്നാണ് പടികൾ ഇറങ്ങി വേഗതയിൽ വന്ന ശ്രീജ ദീപക്കിന്റെ ദേഹത്ത് വന്ന്  മുട്ടിയത്. കൂടെ കീർത്തനയും ഉണ്ടായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഒന്ന്  ആഞ്ഞ  ദീപക് ചോദിച്ചു.

“എവിടേക്കാടി  ഈ  വാണം വിട്ടപോലെ പോകുന്നത്?”

അവന്റെ ദേഹത്ത് തട്ടിയതിന്റെ ഒരു ജാള്യതയിൽ അവൾ പറഞ്ഞു.

“പ്രോജെക്ടിനുള്ള സാധനകൾ വാങ്ങാൻ സിറ്റി വരെ പോകണമെടാ.. ഇപ്പോഴുള്ള ബസ് കിട്ടിയില്ലേൽ പിന്നെ അടുത്തൊന്നും വേറെ ബസ് ഇല്ല.”

അടുത്ത് ഒന്നും മിണ്ടാതെ നിൽക്കുന്ന കീർത്തനയെ ഒന്ന് പാളി നോക്കിയ ശേഷം ദീപക് പറഞ്ഞു.

“ഈ വേഗതയിൽ പോകുവാണേൽ ബസ് കിട്ടുമെന്ന് തോന്നുന്നില്ല, എവിടേലും തട്ടി മറഞ്ഞ് വീഴത്തെ  ഉള്ളു.. പതുക്കെ പോകാൻ നോക്കടി.”

“പതുക്കെ പോയി ബസ് കിട്ടിയിൽ നീ എന്നെ ബൈക്കിൽ കൊണ്ടാക്കി തരുമോ?”

അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.

“പോയെ.. പോയെ, മോള് പോയി പെട്ടെന്ന് ബസ് പിടിക്കാൻ നോക്ക്.”

അവന്റെ മറുപടി കേട്ട് ഒരു ചിരിയോടെ ശ്രീജ കീർത്തനയുടെ കൈയും പിടിച്ച് അവിടെ നിന്നും നടന്നു.

ദീപക്കിൽ നിന്നും ഒരു നിശ്ചിത അകലം എത്തിയപ്പോൾ ചെറിയൊരു ഈർഷ്യത്തോടെ കാർത്തിക ശ്രീജയോട് പറഞ്ഞു.

“അവനോടു ബൈക്കിൽ കൂടെ കൊണ്ട് പോകുമോന്ന് ചോദിയ്ക്കാൻ നാണമില്ലല്ലോ നിനക്ക്.”

ചിരിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.

“ഡി പൊട്ടി.. ദീപക് ഇതുവരെ ഏതെങ്കിലും പെണ്ണിനേയും ബൈക്കിന്റെ പിന്നിൽ ഇരുത്തി കൊണ്ട് പോകുന്നത് നീ കണ്ടിട്ടുണ്ടോ?”

കീർത്തന ഒന്ന് ആലോചിച്ച്  നോക്കി.

ശരിയാണ് അങ്ങനെ ഒരു കാഴ്ച ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. കോളേജിൽ ഉള്ള മിക്ക ആൺപിള്ളേരുടെ ബൈക്കിന്റെ പിന്നിലും കാമുകിമാരായും  സുഹൃത്തുക്കളായും  പെൺപിള്ളേരെ കണ്ടിട്ടുണ്ടെങ്കിലും ദീപക്കിനോടൊപ്പം മാത്രം ആരെയും കാണാൻ കഴിഞ്ഞിട്ടില്ല.

“അവൻ ബൈക്കിൽ കൊണ്ട് പോകില്ലെന്ന് അറിയാവുന്നതിനാലല്ലേടി ഞാൻ അങ്ങനെ ചോദിച്ചത്.”

കീർത്തന എന്നിട്ടും വിടുവാൻ ഭാവം ഇല്ലായിരുന്നു.

“അധവാ അവൻ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നെങ്കിലോ?”

“ഞാൻ കൂടെ പോയേനെ, അല്ലാതെന്താ.. ഇവിടെ പല പെൺപിള്ളേരിലും അസൂയ ഉണ്ടാക്കാൻ പറ്റിയ ചാൻസ് അല്ലെ..”

കീർത്തന മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.

“അവർക്കെന്തിന് നിന്നോട് അസൂയ..”

“മോളെ, ഇവിടുള്ള പല പെൺപിള്ളേർക്കും ദീപക്കിനോട് വൻസൈഡ് പ്രണയം ഉണ്ട്. ഒറ്റയെണ്ണവും പുറത്ത് പറയാത്തതാണ്.”

കീർത്തനയുടെ മുഖത്ത് ഒരു പുച്ഛ  ഭാവം വിടർന്നു.

“പിന്നേ അവനൊരു റോമിയയോ..?”

“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല.. വേണേൽ ഒരാളെ ഉദാഹരണം പറഞ്ഞു തരാം. ഇവിടെ ഫസ്റ്റ് ഇയർ പഠിക്കുന്ന എന്റെ കസിൻ പ്രിയ ഇല്ലേ… അവൾക്ക് ദീപക്കിനോട് മുടിഞ്ഞ പ്രണയം ആണ്.”

കീർത്തനക്ക് പ്രിയയെ അറിയാവുന്നതാണ്. നല്ലൊരു സുന്ദരി കുട്ടിയാണ് പ്രിയ.

പെട്ടെന്നാണ് നടന്നുകൊണ്ടിരുന്ന അവരുടെ കുറുകെ വിപിൻ വന്ന് നിന്നത്.

കീർത്തനയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ ശ്രീജയോട് ചോദിച്ചു.

“ഞാൻ സിറ്റിയിലേക്ക് പോകുവാ, നീ വരുന്നുണ്ടോ?”

ശ്രീജ കീർത്തിയുടെ മുഖത്തേക്ക് നോക്കി.. ശ്രീജയുടെ മുഖഭാവം കണ്ടപ്പോഴേ കീർത്തനക്ക് മനസിലായി ശ്രീജക്ക് അവനോടൊപ്പം പോകണമെന്ന് ആഗ്രഹം ഉണ്ടെന്ന്.

“നീ പൊയ്ക്കോ, ഞാൻ ഒറ്റക്ക് ബസിൽ പൊയ്ക്കൊള്ളാം.”

കീർത്തിയുടെ സമ്മതം കിട്ടിയതും ശ്രീജ അവളുടെ കാമുകനോടൊപ്പം അവിടെ നിന്നും നടന്ന് നീങ്ങി.

ബൈക്കിൽ കോളേജ്  ഗേറ്റ് കടന്ന് പുറത്തേക്ക് പോകുവായിരുന്ന ദീപക് ഒറ്റക്ക് നടന്ന്  പോകുന്ന കീർത്തനയെ കണ്ട്  തൻറെ പിന്നിലിരുന്ന ഉണ്ണിയോട് ചോദിച്ചു.

“ഇവളുടെ കൂടെ ഉണ്ടായിരുന്ന ശ്രീജയെ ഇപ്പോൾ കാണുന്നില്ലല്ലോ..”

“അവൾ മിക്കവാറും വിപിന്റെ  കൂടെ പോയി കാണും.”

ദീപക് ഒന്ന് മൂളിയ ശേഷം ബൈക്ക് ബസ് സ്റ്റോപ്പിന് അരികിലായി കൊണ്ട് നിർത്തി. ഉണ്ണി ബൈക്കിൽ നിന്നും ഇറങ്ങി അവിടെ നിന്നവരോട് ഓരോന്ന് സംസാരിച്ച്  തുടങ്ങി.

ബസ് സ്റ്റോപ്പിന്റെ അവിടെ നിന്ന് കുറച്ച് നേരം കൂട്ടുകാരുമൊത്ത് സംസാരിച്ചുള്ള നിർത്ത അവർക്ക് മിക്ക ദിവസവും പതിവുള്ളതാണ്.

ലൈസൻസ് കിട്ടിയപ്പോൾ തന്നെ ദീപക് ആദ്യം ചെയ്തത് ഒരു സെക്കന്റ് ഹാൻഡ് പൾസർ ബൈക്ക്  എടുക്കുകയായിരുന്നു. അതിനു ശേഷം ദീപക്കിന്റെയും ഉണ്ണിയുടെയും യാത്ര എപ്പോഴും അതിൽ തന്നെ ആയിരുന്നു.

വേഗതയിൽ നടന്ന് വരുകയായിരുന്ന കീർത്തന കണ്ടത് ബസ്റ്റോപ്പിൽ നിന്നും മുന്നോട്ടെടുക്കുന്ന ബസിനെയാണ്. ഈ ബസ് പോയാൽ വേറെ ബസ്  അടുത്തൊന്നും വരില്ലെന്ന് അറിയാവുന്നതിനാൽ അവൾ രണ്ടാമതൊന്നും ചിന്തിക്കാതെ ബസിനു പിന്നാലെ ഓടി ഡോറിനരികിലെ  കമ്പിയിൽ പിടിച്ച് ചാടി കയറാൻ നോക്കി. എന്നാൽ അവളുടെ കണക്ക് കൂട്ടലുകൾക്ക് വിപരീതമായി കമ്പിയിൽ നിന്നും കൈ തെന്നിമാറി അവൾ റോഡിലേക്ക് മലർന്ന് വീണു.

ഇതൊക്കെ കാണുന്നുണ്ടായിരുന്ന ദീപക് അവൾ ബസിനടിയിലേക്ക് വീണില്ലല്ലോ എന്ന് ആദ്യം ആശ്വസിച്ചു. എന്നാൽ തൊട്ടടുത്ത  നിമിഷം തന്നെ ബൈക്കിന്റെ ഗ്ലാസിൽ കൂടി തന്റെ പിന്നിൽ പാഞ്ഞു വരുന്ന ബൈക്ക് അവന്റെ ശ്രദ്ധയിൽ പെട്ടു. ബൈക്കിന്റെ വരവ് കണ്ടപ്പോൾ തന്നെ ബസിന്റെ ഇടത് സൈഡിൽ കൂടി കയറാനുള്ള ശ്രമം ആണെന്ന് ദീപക്കിന് മനസ്സിൽ ആയി. അങ്ങനെയാണെങ്കിൽ കീർത്തനയെ ഉറപ്പായും ഇടിക്കും. ദീപക് പിന്നെ ഒന്നും ആലോചിക്കുവാൻ മെനക്കെട്ടില്ല തന്റെ ബൈക്ക് സെല്ഫ് അടിച്ച്  സ്റ്റാർട്ട് ആക്കി പെട്ടെന്ന് തന്നെ പിന്നിൽ നിന്നും വരുന്ന ബൈക്കിനു കുറുകെ നിർത്തി. റോഡിൽ വീണു കിടക്കുകയായിരുന്ന കീർത്തന ഇതെല്ലം കാണുന്നുണ്ടായിരുന്നു. തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച്  വീഴുന്ന ദീപക്കിനെ നോക്കി അവിടെ കിടക്കുവാനെ അവൾക്ക് കഴിഞ്ഞുള്ളു.

.

.

രാത്രി ഹോസ്റ്റൽ റൂമിലെ ബെഡിൽ സൂരജിനോട് മൊബൈലിൽ സംസാരിച്ച്  കിടക്കുകയായിരുന്നു കീർത്തന. തന്റെ അശ്രദ്ധക്ക് അവനിൽ നിന്ന് കേട്ട ചീത്തകൾക്ക് യാതൊരു മറുപടിയും അവളിൽ നിന്നും ഉണ്ടായിരുന്നില്ല.

സൂരജ് ഒന്ന് ശാന്തനായപ്പോൾ കീർത്തന പറഞ്ഞു.

“ഡാ, എല്ലാം എന്റെ തെറ്റ് തന്നെയാണ് സമ്മതിച്ചു.. പക്ഷെ എന്നെ ഇപ്പോൾ അലട്ടുന്നത് മറ്റൊരു കാര്യം ആണ്.”

“എന്താ?”

“ദീപക്കിന് ഒപ്പം ഒന്ന് ഹോസ്പിറ്റലിൽ പോകഞ്ഞെന്ന് ശ്രീജയോക്കെ എന്നെ വഴക്ക് പറയുന്നു..”

“നീ ഒന്ന് കൂടെ പോകാഞ്ഞത് മോശം കാര്യം തന്നെയാണ്.. ഒന്നുമില്ലേൽ നിന്നെ രക്ഷിക്കാനായല്ലേ  അവൻ അപകടത്തിൽ പെട്ടത്.”

“നീയും കൂടി എന്നെ കുറ്റം പറയുകയാണോ?”

അവളുടെ സ്വരം ഇടറിയാൽ മനസിലായ സൂരജ് ഒന്നും മിണ്ടിയില്ല.

“അവന്  ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് അറിയാഞ്ഞിട്ട്  എനിക്കിപ്പോൾ ഒരു സമാധാനവും ഇല്ലടാ.”

“ഞാൻ തിരക്കിയിരുന്നു, വലത് കൈയിലെ ഒരു വിരലിനു ഒടിവുണ്ട്, തോളിനു ചെറിയ ചതവും.. വേറെ കുഴപ്പം ഒന്നും ഇല്ല.”

“നാളെ ഞാൻ അവനെ പോയി ഒന്ന് കാണാം അല്ലെ?”

“ഹമ്,. ഒന്ന് പോയി കണ്ടേക്ക് ..”

ഫോൺ കട്ട് ചെയ്ത കീർത്തനയെ നോക്കി ചിരിയോടെ ശ്രീജ ചോദിച്ചു.

“സൂരജിന്റെന്നും നല്ലത് കേട്ട് അല്ലെ?”

അവളൊന്ന് മൂളി, എന്നിട്ട് ചോദിച്ചു.

“നാളെ എന്റെ കൂടെ ഒന്ന് ഹോസ്പിറ്റൽ വരെ വരുമോ, അവനെ കാണാൻ?”

ശ്രീജ കൂടെ ചെല്ലാം എന്ന അർഥത്തിൽ തലയാട്ടി. എന്നിട്ട് പറഞ്ഞു.

“നിനക്കെന്താ അവനോടു ഒരു ഇഷ്ടക്കുറവ് എന്ന് എനിക്കറിയില്ല.. എങ്കിലും ഞാൻ പറയുവാണ് , അവൻ ആള് ഒരു പാവമാണ്.. അച്ഛനും അമ്മയും മരിച്ച്  പോയി, ബന്ധുക്കൾ എന്ന് പറയാൻ ആരും ഇല്ല.. നീ എപ്പോഴും ദീപക്കിന്റെ വാല് എന്നും പറഞ്ഞു കാളിയക്കുമല്ലോ ഉണ്ണിയെ.. ആ ഉണ്ണിയുടെ വീട്ടുകാർ മാത്രമാണ് അച്ഛനും അമ്മയും മരിച്ച ശേഷം ദീപക്കിന് കൂടെ ഉണ്ടായിരുന്നത്. ദുരന്തങ്ങളിൽ കൂടെ കടന്ന് വന്നത് കൊണ്ടാകാം ആർക്ക് എന്ത് പ്രശ്നം ഉണ്ടായാലും മുന്നും പിന്നും നോക്കാതെ അവൻ അവർക്കൊപ്പം കൂടെ നിൽക്കുന്നത്.. അതിൽ അവൻ ഒരു രാഷ്ട്രീയവും നോക്കാറും ഇല്ല.

കീർത്തന മറുപടി ഒന്നും നൽകാതെ തല പില്ലോയിലേക്കമർത്തി കിടന്നു.

പിറ്റേ ദിവസം വൈകുന്നേരം കീർത്തനയും ശ്രീജയും ഓട്ടോറിക്ഷയിൽ ഹോസ്പിറ്റലിന് മുന്നിൽ വന്നിറങ്ങുമ്പോൾ കാണുന്നത് അവരുടെ ബാച്ചിലെ കുറച്ച്പേർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി വരുന്നതാണ്.

കീർത്തനയെ കണ്ട് അവരിൽ ഒരാൾ ചോദിച്ചു.

“ആഹാ.. ഇതിന്റെയൊക്കെ കാരണക്കാരി ഇപ്പോൾ കാണാൻ വരുന്നതേ ഉള്ളോ.”

അത് കേട്ട് കീർത്തന തല കുനിച്ച് നിന്നു.

പെട്ടെന്ന് അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വിപിൻ പറഞ്ഞു.

“ഡാ.. മിണ്ടാതിരിക്കാഡാ ,… ശ്രീജേ  നീ ഇവളെയും കൂട്ടി അവനെ കാണാൻ പോ, റൂം നമ്പർ 243.”

അവരിൽ നിന്നും കുത്തു വാക്കുകൾ കേൾക്കാതിരിക്കാൻ കീർത്തന പെട്ടെന്ന് ഹോസ്പിറ്റലിനകത്തേക്ക് നടന്നു. പിറകെ ശ്രീജയും.

റൂം നമ്പർ 243 നു മുന്നിൽ എത്തുമ്പോൾ ഡോർ അടച്ച്  ഇട്ടിരിക്കുകയായിരുന്നു.

“ഡി, നമുക്ക് ഇപ്പോൾ കാണണോ.. അവനും ഇനി എന്നെ എന്തെങ്കിലുംപറയുമോ?”

റൂമിന്റെ ഡോറിൽ തട്ടികൊണ്ട്  ശ്രീജ പറഞ്ഞു.

“വല്ലോം പറയുന്നെങ്കിൽ അങ്ങ് കേട്ടോ, ചുമ്മാതൊന്നും അല്ലല്ലോ കയ്യിലിരുപ്പ് കാരണമല്ലേ..”

പെട്ടെന്ന് തന്നെ അവർക്ക് മുന്നിലുള്ള വാതിൽ പാതി  തുറക്കപ്പെട്ടു. ഒരു 16  അല്ലെങ്കിൽ 17 വയസ് തോന്നിക്കുന്ന പെൺകുട്ടിയെ മുന്നിൽ കണ്ടു ആദ്യം അവർ ഒന്ന് അമ്പരന്നു.

സംശയത്തോടെ കീർത്തന ചോദിച്ചു.

“ഇത്.. ദീപകിന്റെ റൂം അല്ലെ?”

ആ കുട്ടി ഡോർ ഫുൾ തുറന്ന് കൊണ്ട് പറഞ്ഞു.

“അതെ..”

ഡോർ ഫുൾ തുറന്നപ്പോൾ അവർക്ക് ബെഡിൽ ഇരിക്കുന്ന ദീപക്കിനെ കാണാൻ കഴിഞ്ഞു. കൂടെ ഉണ്ണിയും ഉണ്ട്.

“അഹ്.. നിങ്ങളോ കയറി വാ.”

ഉണ്ണി ബെഡിൽ നിന്നും എഴുന്നേറ്റ് അവർക്കരികിലേക്ക് ചെന്നു.

രണ്ടുപേരും റൂമിനു ഉള്ളിലേക്ക് കയറി. കീർത്തന തലകുനിച്ചാണ് നിന്നിരുന്നത്. എങ്കിലും അവൾ ദീപക്കിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വലതു കൈയിലെ രണ്ടു വിരലുകൾ ചേർത്തുവച്ചു കെട്ടിയിരിക്കുന്നു. ഇടതു കവിളിൽ ചെറിയൊരു ബാൻഡേജ് ഒറ്റടിച്ചിരിക്കുന്നു. പുറമെ നിന്ന് നോക്കുമ്പോൾ അത്ര പരുക്കുകളെ  കാണാൻ കഴിയുന്നുള്ളു.‌

സുഖാന്വേഷണം എന്ന നിലയിൽ ശ്രീജ ചോദിച്ചു.

“എത്ര ദിവസം ഇവിടെ കിടക്കേണ്ടി വരും?”

“വിരലിൽ ഒടിവ് ഉണ്ടെന്നല്ലാതെ എനിക്ക് വേറെ കുഴപ്പം ഒന്നും ഇല്ല.. ഇവർ ചുമ്മാ പൈസ വാങ്ങാനായി പിടിച്ച് കിടത്തിയിരിക്കുകയാണ്.”

ദീപക് കീർത്തനയെ നോക്കി. അവൾ ഒന്നും മിണ്ടാതെ താഴെ തന്നെ നോക്കി നിൽക്കുകയാണ്. അവളോട് എന്തെങ്കിലും ചോദിക്കണമെന്ന് അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു.. പക്ഷെ ഇതുവരെ സംസാരിച്ചിട്ടില്ലാത്തതിനാൽ ഒരു മടി.. കീർത്തനക്കും  അങ്ങനെ തന്നെ ആയിരുന്നു.

കീർത്തനയുടെ നിൽപ്പ് കണ്ട് ഉണ്ണി ചോദിച്ചു.

“ഇവളിതെന്താ തറയും നോക്കി നിൽക്കുന്നെ?”

ശ്രീജ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അവൾ കാരണം ആണ് ഇവന് ഇങ്ങനെ ഉണ്ടായത് എന്നുള്ള കുറ്റബോധത്തിൽ നിൽക്കുവാ കുട്ടി.”

പെട്ടെന്ന് അവിടെ നിന്നിരുന്ന പെൺകുട്ടി ചോദിച്ചു.

“അപ്പോൾ ഇതാണോ കീർത്തന ചേച്ചി.”

ഉണ്ണി ചിരിച്ച്  കൊണ്ട് പറഞ്ഞു.

“അതെ.. ഇതാണ് ആ താരം .”

കീർത്തന തല ഉയർത്തി ആ പെൺകുട്ടി ആരാ എന്നുള്ള രീതിയിൽ ഉണ്ണിയെ നോക്കി.

“ന്റെ അനിയത്തി ആണ്. കാവ്യാ..”

കീർത്തന കാവ്യയെ നോക്കി ചിരിച്ചു.. കാവ്യയും മറുപടിയായി ചിരി തിരികെ സമ്മാനിച്ചു.

ദീപക്കിനും കീർത്തനക്കും ഇടയിലുള്ള മഞ്ഞുമല ഉരുക്കി കളയാൻ തന്നെ ഉണ്ണി തീരുമാനിച്ചു.

“അതേ  നിന്നെ അപകടത്തിൽ നിന്നും രക്ഷിച്ചതിന് ഒരു നന്ദി എങ്കിലും അവനോടു പറഞ്ഞേക്ക്.. ഇതിപ്പോൾ രണ്ടാമത്തെ പ്രാവിശ്യം ആണ് അവൻ നിന്നെ അപകടത്തീന്നു രക്ഷിക്കുന്നെ.. ഈ പ്രാവിശ്യം കൂടി നീ നന്ദി പറഞ്ഞില്ലെങ്കിൽ മോശമാണ് കേട്ടോ.”

കീർത്തന ആശ്ചര്യ ഭാവത്തോടെ ചോദിച്ചു.

“രണ്ടാമത്തെ പ്രവിശ്യമോ?”

ദീപക് ഈ സമയം ഉണ്ണിയെ തുറിച്ചു നോക്കുകയായിരുന്നു. അവന്റെ നോട്ടം വക വയ്ക്കാതെ ഉണ്ണി അവളോട് ചോദിച്ചു.

“നിന്റെ പിരികത്തിലെ ഈ പാട് എങ്ങനാ ഉണ്ടായത്.”

“അത് പണ്ട് എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായപ്പോൾ…”

“അവന്റെ പിരികത്തിലെയും ഒരു പാട് നീ കണ്ടില്ലേ? അതെങ്ങനാ ഉണ്ടായത് എന്ന് നിനക്കറിയാമോ?”

അവൾ എങ്ങനെ എന്ന ഭാവത്തിൽ ഉണ്ണിയെ തന്നെ നോക്കി.

“ഞങ്ങൾ ഏഴിൽ പഠിക്കുമ്പോൾ ഒരു ക്യാമ്പിന് പോയിരുന്നു.. അന്ന് ബോട്ടിങ്ങിനു പോകുമ്പോൾ ഒരു കാന്താരി പെണ്ണ് ലോറിക്ക് വട്ടം ചാടി.. അന്ന് അവളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവനു കിട്ടിയതാണ് ആ പിരികത്തിലെ സമ്മാനം.”

കീർത്തന വിശ്വസിക്കാനാകാത്ത  ഭാവത്തിൽ തല തിരിച്ച് ദീപക്കിനെ നോക്കി. അവൻ ഒരു പുഞ്ചിരിയോട് കൂടി ബെഡിൽ ഇരിക്കുകയാണ്.

കീർത്തന പെട്ടെന്ന് ചെന്ന് അവന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“ഡാ.. സോറി ഡാ.. സോറി.. ഞാൻ…. സത്യായിട്ടും ഞാൻ നിന്റെ മുഖം ഓർക്കുന്നുണ്ടായിരുന്നില്ല.”

“ഓക്കേ ഓക്കേ.. കുഴപ്പമില്ല.. ആ കൈയിൽ നിന്നും ഒന്ന് വിടുമോ.. ആ വിരലാണ് ഒടിഞ്ഞിരിക്കുന്നത്.”

അവൾ പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ കൈ സാവധാനം താഴെ വച്ചു .

ശ്രീജ ഒന്നും മനസിലാകാതെ കണ്ണും മിഴിച്ച് നിൽക്കുകയായിരുന്നു. അവളുടെ മുഖഭാവം കണ്ട്  ഉണ്ണി പറഞ്ഞു.

“ആ കഥകളൊക്കെ കീർത്തന പിന്നെ നിനക്ക് പറഞ്ഞു തരും.”

കീർത്തന ദീപക്കിന് അരികിലായി ബെഡിൽ ഇരുന്നു.

ചിലമ്പിച്ച സ്വരത്തിൽ അവൾ പറഞ്ഞു.

“ശരിക്കും എനിക്ക് നിന്റെ മുഖം ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല… നിനക്ക്

എന്നെ മനസിലായിരുന്നല്ലോ. അപ്പോൾ നിനക്കെങ്കിലും എന്നോട് വന്നു പറയാമായിരുന്നല്ലോ.”

അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒലിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും.

അവൾ കരയുന്നത് കണ്ടു ദീപക്കിന് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാതായിപ്പോയി. പതർച്ച മാറിയപ്പോൾ അവൻ പറഞ്ഞു.

“ഡോ .. താൻ കരയാതെ.. ഇപോൾ നമുക്ക് പരസ്പരം മനസിലായല്ലോ.”

അവൾ സ്വയം മുഖത്തെ കണ്ണുനീർ തുടച്ച് മാറ്റി. അവളുടെ വെളുത്തു തുടുത്ത മുഖം ആകമാനം അപ്പോഴേക്കും ചുവന്ന കളർ ആയി മാറിയിരുന്നു.

കുറച്ച് നേരം അവിടം മൊത്തത്തിൽ നിശബ്ദത  നിറഞ്ഞു. അതിനെ കീറി മുറിച്ചുകൊണ്ടു ഉണ്ണി പറഞ്ഞു.

“ദീപു.. ഞാൻ കാവ്യയെ വീട്ടിൽ കൊണ്ടാക്കിയിട്ട് വരാം.”

കീർത്തനയെ നോക്കികൊണ്ട്‌ അവൻ തുടർന്നു.

“ഇന്ന് ഇവളുടെ ബെർത്ഡേ ആണ്.. അതിന്റെ ഒരു ഫങ്ക്ഷൻ ഉണ്ട് നൈറ്റ്.. ഇനിയും ഇവളെ വീട്ടിൽ എത്തിക്കാൻ വൈകിയാൽ അമ്മയുടെന്ന് എനിക്ക് കേൾക്കും. ഇവൾ കിടന്ന് ബഹളം വച്ചിട്ടാണ് ഇപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് വന്നത് തന്നെ.”

കാവ്യാ ദീപക്കിനെ നോക്കി പറഞ്ഞു.

“ചേട്ടൻ ഇല്ലാത്തോണ്ട് ഇന്നിനി ഫങ്ക്ഷൻ ഒന്നും വേണ്ടെന്ന് ഞാൻ വീട്ടിൽ പറഞ്ഞതാണ്. അവർ കേട്ടില്ല..”

ദീപക് ചിരിച്ചു കൊണ്ട് പറഞ്ഞു.

“വർഷത്തിൽ ഒന്നേ ഉള്ളു പിറന്നാളൊക്കെ, അതുകൊണ്ടു നീ പോയി ആഘോഷിക്കാൻ നോക്ക്.. അടുത്ത പിറന്നാളിന് നമുക്ക് ഒന്നിച്ച് ആഘോഷിക്കാം.”

പെട്ടെന്ന് കീർത്തന പറഞ്ഞു.

“ഉണ്ണിക്ക് വീട്ടിൽ ഫങ്ക്ഷൻ  ഉള്ളതല്ലേ.. പോയിട്ട് ഇനി തിരിച്ച് വരണ്ട, ഞാൻ നൈറ്റ് ഇവിടെ നിന്നോള്ളാം.”

അത് കേട്ടപ്പോൾ ദീപക് ഉൾപ്പെടെ എല്ലാരുടെയും മുഖത്ത് അത്ഭുതം നിറഞ്ഞു.

ദീപക്കിനും കീർത്തനക്കും ഇടയിലുള്ള അകൽച്ച അവർ തന്നെ ഒറ്റക്കിരുന്ന് സംസാരിച്ച് തീർക്കട്ടെ എന്ന കണക്ക് കൂട്ടലിൽ ഉണ്ണി ചോദിച്ചു.

“ഉറപ്പാണോ ഇന്ന് രാത്രി ഇവിടെ നിൽക്കാമെന്നുള്ളത്.”

കീർത്തന അതെ എന്നുള്ള അർത്ഥത്തിൽ  പുഞ്ചിരിയോടെ തലയാട്ടി.

“അപ്പോൾ ശ്രീജ എന്റെ ഒപ്പം പൊന്നോ, ഞങ്ങൾ കാറിൽ ആണ് വന്നത്.. ശ്രീജയെ ഹോസ്റ്റലിൽ ആക്കിയിട്ട് ഞങ്ങൾ വീട്ടിൽ പോകാം.”

അതൊരു നല്ല കാര്യം ആണെന്ന് ശ്രീജക്കും തോന്നി. വളരെ വൈകാതെ തന്നെ ദീപക്കിനെയും കീർത്തനയെയും  തനിച്ചാക്കി  അവർ അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി.

ഡോർ അടച്ച് കീർത്തന കസേര ബെഡിനരികിലേക്ക് വലിച്ചിട്ട് അതിൽ ഇരുന്നു. ദീപക് ആണെങ്കിൽ കുറച്ചുസമയങ്ങൾക്കുളിൽ ഇവിടെ എന്താണ് നടന്നത് എന്നുള്ള അന്ധാളിപ്പിൽ ആയിരുന്നു. കീർത്തന തനിക്കൊപ്പം ഒറ്റക്ക് കൂടെ കൂട്ട്  നിൽക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയതല്ലായിരുന്നു.

ദീപക്കിനോപ്പം തനിച്ചായപ്പോൾ ഇനി എന്താ അവനോടു

സംസാരിക്കേണ്ടതെന്നറിയാതെ അവളുടെ മനസും അസ്വസ്ഥം ആയി. പെട്ടെന്നുള്ള തോന്നലിൽ ആണ് കൂട്ട് നിൽക്കാമെന്ന് പറഞ്ഞത്. രണ്ടു തവണ തന്നെ രക്ഷിച്ച ആൾക്ക് വേണ്ടി ഏതെങ്കിലും ചെയ്തില്ലേൽ മോശമായിരിക്കുമെന്ന് ആ സമയം മനസ് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഒരു വർഷമായി തന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നിട്ടും അവനോടു തോന്നിയിട്ടുള്ള അപരിചിത്വം ഇപ്പോഴും അതേപോലെ തന്നെ തുടരുകയാണ്.

കുറച്ചു നേരമായുള്ള കീർത്തനയുടെ നിശബ്തമായുള്ള ഇരുപ്പ് കണ്ട് ദീപക് പറഞ്ഞു.

“എനിക്ക് വലിയ കുഴപ്പമൊന്നും ഇല്ല.. കീർത്തന വേണമെങ്കിൽ ഹോസ്റ്റലിൽ തിരിച്ച് പൊയ്ക്കൊള്ളൂ.”

അവന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയ ശേഷം അവൾ ചോദിച്ചു.

“എന്താ ഞാൻ ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലേ?”

“അങ്ങനല്ല….”

എന്ത് പറഞ്ഞു ആ വാക്കുകൾ പൂർത്തീകരിക്കണമെന്ന് അറിയാത്തതിനാൽ അവൻ പാതി വഴിയിൽ നിർത്തി.

“ഞാൻ സന്തോഷത്തോടു കൂടി തന്നെയാ ഇവിടെ നിൽക്കുന്നത്.. അല്ലാതെ ഒരു കടമ തീർക്കാൻ വേണ്ടി മാത്രമല്ല.”

കുറച്ച് നേരം നിശബ്ദത ആയതിനു ശേഷം എന്തോ തീരുമാനിച്ച്  ഉറപ്പിച്ച പോലെ അവൾ വീണ്ടും പറഞ്ഞു.

“ദീപു എനിക്കൊരു കാര്യം പറയാനുണ്ട്.”

ദീപക് ബെഡിൽ അവൾക്ക് നേരെ നിവർന്നിരുന്നു.

“എന്താ?”

“നമുക്കിടയിൽ എന്തോ ഒരു അകൽച്ച നിലനിൽക്കുന്നുണ്ട്. എന്തോ ഒരു ഈഗോയുടെയോ അതോ മറ്റെന്തിന്റെയോ….. എന്തോ എനിക്കാറായില്ല, എന്തായാലും നമുക്കിടയിൽ ഒരു ഗ്യാപ് ഉണ്ട്.. നമുക്ക് ആദ്യം അത് അവസാനിപ്പിച്ച് സുഹൃത്തുക്കൾ ആയിക്കൂടെ?”

അവൾ പുഞ്ചിരിയോട് കൂടി അവന്റെ മുഖത്തേക്ക് നോക്കി കൈ നീട്ടി. ഒരു നിമിഷം തന്നെ സദാ ആകർഷിക്കാറുള്ള അവളുടെ നീല കണ്ണികളിലേക്ക് അവൻ നോക്കി ഇരുന്നു പോയി. എന്നിട്ട് ചിരിയോടു കൂടി അവളുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“ഓക്കേ, ഇനി മുതൽ നമ്മൾ ഫ്രണ്ട്‌സ് ആണ്.”

വിരൽ ഒടിഞ്ഞിരിക്കുന്നതിനാൽ അവന്റെ കൈയിൽ കൂടുതൽ ബലം കൊടുക്കാതെ അവൾ കൈ പിൻവലിച്ചോണ്ടു പറഞ്ഞു.

“അപ്പോൾ പറ, എനിക്ക് നിന്നെ ഓർമ ഇല്ലാഞ്ഞിട്ടും നീ എങ്ങനാ എന്നെ ഓർത്തെ?”

“നിന്റെ ഈ നീല കണ്ണുകൾ… അന്നേ എന്നെ ഈ കണ്ണുകൾ വല്ലാതെ ആകർഷിച്ചിരുന്നു. അതുകൊണ്ടു തന്നെ കോളേജിൽ വച്ച് വീണ്ടും ഈ കണ്ണുകൾ കണ്ടപ്പോൾ നിന്റെ മുഖം ഓർത്തെടുക്കാൻ എനിക്ക് അതികം സമയം വേണ്ടി വന്നില്ല”

അപ്പോൾ തോന്നിയ ഒരു ധൈര്യത്തിൽ ആണ് അവൻ അത് പറഞ്ഞത്.

ഒരു ചിരിയോടെ അവൾ ചോദിച്ചു.

“ഓഹ്.. അപ്പോൾ എന്റെ ഈ കണ്ണുകൾ കാരണമാണല്ലേ എന്നെ നീ ഓർത്തത്.”

നിന്റെ കണ്ണുകൾ മാത്രമല്ല മുഖം മൊത്തത്തിൽ പണ്ടേ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണെന്ന് അവളോട് പറയാണെമന്നുണ്ടായിരുന്നെങ്കിലും അത് ഉള്ളിലൊതുക്കികൊണ്ട് അതെ എന്ന അർഥത്തിൽ അവൻ പുഞ്ചിരിച്ചു.

“ശരിക്കും അന്ന് ഞാൻ ആ ലോറിയുടെ മുന്നിൽ എന്റെ മരണത്തെ മുഖാമുഖം കണ്ടതായിരുന്നു. പെട്ടെന്ന് നീ വന്നെന്നെ രക്ഷിച്ചപ്പോൾ രക്ഷപെട്ടത് വിശ്വസിക്കാനാകാത്ത തരിപ്പിലും.. അച്ഛൻ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനു മുൻപായി നിന്നെ കാണാൻ വന്നപ്പോൾ നിനക്ക് ബോധം ഇല്ലായിരുന്നു. കുറെ നാളത്തേക്ക് എന്നെ മരണത്തിൽ നിന്നും രക്ഷിച്ച കൊച്ചു ഹീറോയുടെ മുഖം മനസ്സിൽ ഉണ്ടായിരുന്നു പിന്നെ പതുക്കെ പതുക്കെ മാഞ്ഞു പോയി.”

“നീയെന്തിനാ നേരത്തെ കരഞ്ഞത്?”

അവളുടെ മുഖമൊന്ന് മ്ലാനമായി.

“മരണത്തിൽ നിന്നും നിന്റെ ജീവൻ വക വയ്ക്കാതെ എന്നെ രക്ഷച്ചിട്ടുള്ളതല്ലായിരുന്നോ നീ.. എന്നിട്ടും നിന്നെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ പെട്ടെന്ന് സങ്കടമായി.”

ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.

“ഞാൻ അങ്ങനയാണ്.. സങ്കടം വന്നാൽ അപ്പോൾ കരയും.. കരച്ചിൽ പിടിച്ച് നിർത്താൻ എന്നെ കൊണ്ടാകില്ല.”

കീർത്തന പതുക്കെ പതുക്കെ അവന്റെ മുന്നിൽ മനസ് തുറക്കുകയായിരുന്നു. അവനും മനസ് തുറന്നു സംശയിച്ചു തുടങ്ങി. ഒരു വർഷമായി ഒരുമിച്ചായിരുന്നെങ്കിലും ഇതുവരെയും സംസാരിച്ചിട്ടില്ലാത്തതിനാൽ വളരെയേറെ വിശേഷങ്ങൾ അവർക്ക് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു. മണിക്കൂറുകൾ കടന്ന് പോയത് അവർ അറിഞ്ഞതേ ഇല്ല.

വയറിൽ നിന്നും വിശപ്പിന്റെ വിളി എത്തിയപ്പോൾ അവൾ ചോദിച്ചു.

“അതേ.. നിനക്കു വിശക്കുന്നില്ലേ?.. സമയം കുറെ അങ്ങ് പോയി.”

ചിരിയോടെ അവൻ പറഞ്ഞു.

“വിശപ്പ് ഇല്ലാതില്ല.”

ബാഗിൽ നിന്നും പഴ്സ് എടുക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

“നിനക്കെന്താ കഴിക്കാൻ വേണുന്നെ.. ഞാൻ പോയി വാങ്ങി കൊണ്ട് വരാം..”

ആലോചന ഒന്നും കൂടാതെ അവൻ പറഞ്ഞു.

“കഞ്ഞി മതി.. അതാകുമ്പോൾ കോരി കുടിക്കാല്ലോ.”

“കഴിക്കാനുള്ള പാട് കാരണം നീ  കഞ്ഞി വാങ്ങേണ്ട.. ഞാൻ വാരി തന്നൊള്ളാം.. ഇഷ്ടമുള്ളത് പറഞ്ഞോ.”

വീണ്ടും വീണ്ടും അവളുടെ പ്രവർത്തികൾ അവനെ അത്ഭുതപ്പെടുത്തി.

ഒന്നും മിണ്ടാതെ ദീപക് തന്നെ നോക്കി ഇരിക്കുന്നത് കണ്ട് അവൾ ചോദിച്ചു.

“എന്താ മറ്റൊരാൾ ആഹാരം വാരി തരുന്നത് ഇഷ്ടമല്ലേ?”

അവൻ ചിരിയോടെ പറഞ്ഞു.

“ദോശയും ചമ്മതിയും വാങ്ങിക്കോ.”

“എങ്കിൽ എനിക്കും അത് മതി.”

കീർത്തന റൂമിൽ നിന്നും ഇറങ്ങി പോയപ്പോൾ ദീപക് കുറച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ അവർക്കിടയിൽ ഉണ്ടായ മാറ്റാതെ കുറിച്ച് ചിന്തിച്ചു. ശരിക്കും വളരെ നാളുകളായി അടുത്ത് പരിചയമുള്ളവരെ പോലെയാണ് അവളുടെ ഇപ്പോഴത്തെ സംസാരവും പെരുമാറ്റവും. താൻ ആരാണെന്ന് അവളോട് നേരത്തെ തന്നെ

വെളിപ്പെടുത്താഞ്ഞതിൽ അവനു ഇപ്പോൾ വളരെ അതികം ഖേദം തോന്നി. നേരത്തെ തന്നെ അവളോട് പറഞ്ഞിരുന്നെങ്കിൽ നല്ലൊരു സുഹൃത്തിനെ തനിക്ക് ലഭിച്ചേനെ.

അവൻ ഒന്നും കൂടി ആ വാക്കുകൾ തന്റെ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു.

അതേ .. നല്ലൊരു കൂട്ടുകാരി മാത്രം..

ദീപക്കിനെ അധികം കാത്തിരുത്തി മുഷിപ്പിക്കാതെ കീർത്തന പെട്ടെന്ന് തന്നെ ദോശയും ഒരു കുപ്പി വെള്ളവുമായി മടങ്ങി എത്തി.റൂമിലെത്തി അവൾ ആദ്യം തന്നെ കസേര ബെഡിനരികിലായി വലിച്ചിട്ടു. എന്നിട്ട് അതിൽ വച്ച് ദോശയുടെ പൊതി തുറന്ന ശേഷം ബെഡിൽ അവനരികിലായി ഇരുന്നു.

ദോശ അവനു പിച്ചി കൊടുക്കുകയും കൂടെ തന്നെ അവളും കഴിക്കുകയോ ചെയ്തു തുടങ്ങി.

ദീപക് ഈ നടക്കുന്നതൊക്കെ ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അപ്പോഴും. സ്വപനത്തിൽ പോലും കരുതിയിരുന്നതല്ല അവൻ കീർത്തന ഇങ്ങനെ ഭക്ഷണം വാരി തരുന്നത്.

അവന്റെ ചുണ്ടിൽ ചിരി പടരുന്നത്  കണ്ട് കീർത്തന എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.

ദീപക് ഒന്നുമില്ലെന്ന രീതിയിൽ തലയാട്ടി.

മുഖത്ത് കൃത്രിമ ദേഷ്യ ഭാവം വരുത്തിക്കൊണ്ട് അവൾ ചോദിച്ചു.

“എന്താന്ന് പറയുന്നുണ്ടോ?”

വായിലിരുന്ന ദോശ കഴിച്ചിറക്കി ചിരിയോടെ അവൻ പറഞ്ഞു.

“ഇന്നലെ വരെ എന്നോട് മിണ്ടാതിരുന്ന ആളാണ് ഇപ്പോൾ ആഹാരം വാരി തരുന്നതെന്ന് ഓർത്തു ചിരിച്ചു പോയതാണ്.”

അവളും ചിരിയോടെ മറുപടി നൽകി.

“എന്തും എപ്പോഴും സംഭവിക്കാം മോനെ..”

ദോശ അവന്റെ വായിലേക്ക് വച്ച് കൊടുത്തുകൊണ്ട് അവൾ ചോദിച്ചു.

“എന്നെ മനസ്സിലായിട്ടും ആദ്യം തന്നെ നീ എന്താ എന്നോട് പറയാതിരുന്നത്.”

“കോളേജിൽ  വച്ച് ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ നിന്നെ നോക്കി ചിരിച്ചിരുന്നു പക്ഷെ നീ മൈൻഡ് ചെയ്തില്ല. അന്ന് തന്നെ പല പ്രാവിശ്യം ഞാൻ നിന്റെ ശ്രദ്ധ പിടിച്ച് പറ്റുവാൻ   ശ്രമിച്ചു. എന്നാൽ ആലുവ മണപ്പുറത്തു വച്ച് കണ്ട പരിചയം പോലും നീ കാണിച്ചില്ല.. അപ്പോൾ എനിക്ക് ശരിക്കും ഈഗോ അടിച്ചു. ഒന്നുമില്ലേലും നിന്നെ സ്വന്തം ജീവൻ മറന്നു രക്ഷിച്ചതല്ലായിരുന്നോ..അപ്പോൾ എന്നെ അങ്ങനെ അങ്ങ് മറക്കാൻ കൊള്ളാമോ.”

“കോളേജിലെ ആദ്യ ദിവസം ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. പുതിയ ക്ലാസ്സ് റൂം, പരിചയമുള്ളവർ ആരും തന്നെ ഇല്ല, പിന്നെ വീട്ടിൽ നിന്നും ഒരു ലോങ്ങ് പിരിയഡിലേക്ക് മാറി നിൽക്കാൻ പോകുന്നത് ആദ്യമായി., അതിന്റെയൊക്കെ ടെൻഷനിൽ ഞാൻ അന്ന് ഒന്നും തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. പിന്നെ നിന്നെ കണ്ടാലും എനിക്ക് മനസിലാകില്ലായിരുന്നു എന്നത് വേറെ ഒരു സത്യം.. ”

ഒന്നു നിർത്തിയ ശേഷം അവൾ പറഞ്ഞു.

“അതൊക്കെ മറന്നേക്ക്, ഇപ്പോൾ നമ്മൾ എന്തായാലും കൂട്ടുകാരായില്ലേ.”

അപ്പോഴേക്കും അവർ ആഹാരം കഴിച്ച് കഴിഞ്ഞിരുന്നു. കൈ ഒകെ കഴുകി വന്ന കീർത്തന ആ റൂമിൽ ഉണ്ടായിരുന്ന മറ്റൊരു ചെറിയ ബെഡ് അവൾക്ക്

കിടക്കാനായി വൃത്തിയാക്കി.

ദീപക് ഈ സമയം ബെഡിൽ ചരിഞ്ഞ് കിടന്ന് അവളുടെ പ്രവർത്തികൾ എല്ലാം വീക്ഷിക്കുകയായിരുന്നു. പെട്ടെന്നാണ് അവളുടെ ഫോൺ ബെല്ലടിച്ചത്.

മേശപ്പുറത്തിരുന്ന ഫോൺ എടുത്ത് നോക്കികൊണ്ട്‌ അവൾ പറഞ്ഞു.

“സൂരജ് ആണ്.. ഞാൻ ഒന്ന് അവനോടു സംസാരിച്ചിട്ട് വരാം.”

അവൾ റൂമിനു പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ അവന്റെ മുഖം മ്ലാനമായിരുന്നു. സൂരജ് ആണ് അവളെ വിളിച്ചതെന്ന അറിവ് എന്തുകൊണ്ടോ അവന്റെ മനസിനെ അസ്വസ്ഥമാക്കി.

എന്നാൽ തൊട്ടടുത്ത നിമിഷം അവൻ സ്വയം തന്റെ മനസിനെ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു.

കീർത്തന തന്റെ സുഹൃത്തു മാത്രമാണ് അതിൽ ഒരിക്കലും മറ്റൊരു ബന്ധം കണ്ടെത്തുവാൻ ശ്രമിക്കരുത്.

സൂരജിനോട് സംസാരിച്ച് കഴിഞ്ഞ് തിരികെ എത്തിയ കീർത്തന തനിക്കായി തയ്യാറാക്കിയ ബെഡിലേക്ക് കിടക്കുമ്പോൾ ദീപക്കിനോട് പറഞ്ഞു.

“നീയാണ് പണ്ട് എന്നെ രക്ഷിച്ചതെന്ന് സൂരജിനോട് പറഞ്ഞപ്പോൾ അവനും അത്ഭുതപ്പെട്ടുപോയി.”

അവളെ തന്നെ നോക്കി ചരിഞ്ഞ് കിടന്നുകൊണ്ട് ദീപക് ചോദിച്ചു.

“തന്റെ ഫാമിലിയെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ.”

ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.

“എന്റെ ഫാമിലിയെ കുറിച്ച് പറയുവാണെങ്കിൽ അത്യാവിശം സാമ്പത്തികം ഉള്ള കുടുംബത്തിൽ തന്നെയാണ് ഞാൻ ജനിച്ചത്. ഒറ്റമോളാണ് ഞാൻ.. നാല് വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ അച്ഛൻ മരിച്ചു.. ”

കീർത്തനയുടെ അച്ഛൻ ജീവിച്ചിരിപ്പില്ല എന്നുള്ളത് അവനു ഒരു പുതിയ അറിവായിരുന്നു.

“അച്ഛൻ തന്നെ വരുത്തി വച്ച അപകടം ആയിരുന്നു. നന്നായി കുടിക്കുമായിരുന്നു അച്ഛൻ….”

അവളുടെ വാക്കുകൾ ഇടറി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു.

“അപ്പോൾ അമ്മ മാത്രമാണ് അല്ലെ തനിക്കിപ്പോൾ ഉള്ളത്.”

“അതെ.. നിന്നെ വച്ച് നോക്കുമ്പോൾ ഞാൻ ഭാഗ്യവതി ആണല്ലേ.. എനിക്ക് അമ്മയെങ്കിലും ഉണ്ടല്ലോ.”

അവൻ അമ്പരപ്പോടെ ചോദിച്ചു.

“എന്റെ ഫാമിലിയെ കുറിച്ച്  എങ്ങനെ…”

“നിന്നെക്കുറിച്ച് കോളേജിൽ ആർക്കാണ് അറിയാത്തത്.. SFY യുടെ കോളേജിലെ കരുത്തുറ്റ നേതാവ്, ഭാവി ചെയർമാൻ, പ്രസംഗത്തിൽ അഗ്രഗണ്യൻ അങ്ങനെ വിശേഷണങ്ങൾ നീണ്ടു പോകുവല്ലേ..”

മുഖം ചുളിച്ചു കൊണ്ട് അവൻ ചോദിച്ചു.

“എന്നെ കളിയാക്കിയതാണോ.”

“അല്ലെടോ.. കാര്യായിട്ട് പറഞ്ഞതാണ്..”

ചെറിയ കളിയാക്കലുകളും വിശേഷം പറച്ചിലുമായി അവരുടെ സംസാരം നീണ്ടുപോയി. പതുക്കെ പതുക്കെ കീർത്തന ഉറക്കത്തിലേക്ക് വഴുതി വീണു. ലൈറ്റ് അണച്ച് ദീപക്കും ഉരഗനായി ശ്രമിച്ചു.. എന്നാൽ ജനലിൽ കൂടിയുള്ള മങ്ങിയ പ്രകാശത്തിൽ അവളെ തന്നെ നോക്കി കിടന്ന അവനെ ഉറക്കം അനുഗ്രഹിച്ചതേ ഇല്ല.

ഒരു ജീൻസ് പാന്റും കടും റോസ് കളർ ടോപ്പും ആണ് അവൾ ധരിച്ചിരുന്നത്. അതിൽ അവളുടെ ശരീര വടിവ് എടുത്തറിയാൻ സാധിക്കുന്നുണ്ട്. ഒന്നിനെ കുറിച്ചതും ബോധവതി അല്ലാതെയുള്ള  ഉറക്കം നിഷ്കളങ്കമായുള്ള അവളുടെ മുഖത്തിന്റെ സൗന്ദര്യം വർധിപ്പിച്ചിരിക്കുന്നതുപോലെ അവനു തോന്നി. അന്നത്തെ രാത്രി മുഴുവൻ അവളുടെ സൗന്ദര്യം മനം നിറയെ ആസ്വദിച്ചുകൊണ്ട് അവൻ അവിടെ കിടന്നു.

പിറ്റേ ദിവസം കൂടി ദീപക്കിന് ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടേണ്ടതായി വന്നു. അന്ന് വൈകുന്നേരവും കീർത്തന ഹോസ്പിറ്റലിൽ എത്തി. ഉണ്ണി അന്ന് രാത്രി കൂട്ട് നിന്നോളം എന്ന് പറഞ്ഞെങ്കിലും കീർത്തന അവനെ നിർബന്ധിച്ച് പറഞ്ഞയിച്ച് അവൾ തന്നെ അന്ന് രാത്രിയും ദീപക്കിന് കൂട്ട് നിന്നു.

ശരിക്കും അന്നത്തെ രാത്രിയോടും കൂടി കീർത്തന മാനസികമായി അവനോടു ഒരുപാട് അടുത്തു.. അവളുടെ ലൈഫിൽ ഇതുവരെയും ബെസ്ററ്  ഫ്രണ്ട് എന്ന് പറയുവാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ രണ്ടു ദിവസം കൊണ്ട് തന്നെ ദീപക്കിനെ അവൾ ആ  സ്ഥാനത്തു കണ്ടു തുടങ്ങിയിരുന്നു.

.

.

സൂരജിന്റെ കൂടെ ചുമ്മാ നടന്ന് കാന്റീനിൽ എത്തിയതായിരുന്നു കീർത്തന. അവൾ നോക്കുമ്പോൾ ഇടതു കൈയിലെ സ്പൂണുമായി ഇഡലിയോട് മൽപ്പിടുത്തം കൂടുകയാണ് ദീപക്. അവന്റെ വലതു കൈ വിരലുകളിലെ  കെട്ട് ഇതുവരെയും അഴിച്ചിരുന്നില്ല.

സ്‌പൂണിൽ കിട്ടിയ ഇഡലിയുടെ  ഒരു കഷ്ണം സാമ്പാറിൽ മുക്കി വായിലേക്ക് വച്ച് നിവർന്ന് നോക്കുമ്പോഴാണ് തന്നെ നോക്കി ചിരിച്ചുകൊണ്ട് സൂരജിനരികിൽ നിൽക്കുന്ന കീർത്തനയെ അവൻ കാണുന്നത്. ചുവപ്പിൽ വെള്ള പുള്ളികൾ ഉള്ള ലോങ്ങ് സ്കർട്ടും ഒരുപാട് കളറുകൾ മിക്സ് ആയിട്ടുള്ള ഒരു ഷർട്ടും ആണ് അവളുടെ  വേഷം. എന്ത് ഡ്രസ്സ് ഇട്ടാലും അത് അവൾക്ക് നന്നായി ചേരുമെന്ന് ദീപക്കിന് തോന്നി.

അവനും അവൾക്ക് ഒരു ചിരി തിരികെ സമ്മാനിച്ചപ്പോൾ സൂരജിനോട് എന്തോ പറഞ്ഞു അവൾ ദീപക്കിന്റെ അരികിലേക്ക് നടന്നു.

ദീപക്കും സൂരജ്ഉം  തമ്മിൽ അധികം ഒന്നും സംസാരിച്ചിട്ടില്ല. സംസാരിച്ചിട്ടുള്ളത് മൊത്തം രാഷ്ട്രീയപരമായുള്ള കാര്യങ്ങളും ആയിരുന്നു.

തോളിൽ തൂക്കിയിരുന്ന ബാഗ് ഒരു കസേരയിൽ വച്ച് അവനരികിൽ ആയി ഇരുന്നു കൊണ്ട് അവൾ ചോദിച്ചു.

“എന്തേലും ഹെൽപ്  വേണോ?”

അവൻ ചിരിയോടു കൂടി തന്റെ മുന്നിലിരുന്ന പ്ലേറ്റ് അവളുടെ അടുത്തേക്ക് നീക്കി വച്ചു. അതിൽ നിന്നും ഒരു ഇഡലി എടുത്ത് ഞെക്കി നോക്കികൊണ്ട്‌ അവൾ പറഞ്ഞു.

“ഇതെന്താ കല്ലാണോ..  ഇതിന്നും ഭേതമുണ്ട് ഞങ്ങളുടെ ഹോസ്റ്റലിലെ ഇഡലി.”

“രാവിലെ ഉണ്ണിയുടെ വീട്ടിൽ പോയി കഴിച്ചാലോന്ന് ആലോചിച്ചതാണ്. പക്ഷെ ഈ കൈയും വച്ച് അവിടെ ചെന്നാലുള്ള ഉണ്ണിയമ്മയുടെ ഉപദേശം ഓർത്താണ് പോകാഞ്ഞത്.”

കീർത്തന മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു.

“ഉണ്ണിയമ്മ?”

“അഹ്, ഉണ്ണിയുടെ അമ്മയെ ഞാൻ അങ്ങനെ വിളിക്കുന്നെ.. പണ്ടേ വിളിച്ചുള്ള ശീലമാണ്.”

കീർത്തന മനസിലായി എന്നുള്ള അർഥത്തിൽ തലയാട്ടികൊണ്ട് ഇഡലി പിച്ചി അവന്റെ വായിൽ വച്ച് കൊടുത്തു.

അപ്പോഴാണ് സൂരജ് അവരെയും നോക്കികൊണ്ട്‌ അവിടെ നിന്നും നടന്ന് നീങ്ങുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്.

ചോദിക്കാണോ വേണ്ടയോ എന്ന് ഒന്ന് ആലോചിച്ച ശേഷം രണ്ടും കൽപ്പിച്ച് അവൻ കീർത്തനയോടു ചോദിച്ചു.

“സൂരജ് കീർത്തനയുടെ  ആരാണ്?”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“ചോദ്യം എന്താന്ന് എനിക്ക് മനസിലായി.. പക്ഷെ അതിനുള്ള ഉത്തരം തരുന്നെന് മുൻപ് വേറെ ഒരു കാര്യം എനിക്ക് പറയാനുണ്ട്.”

അവൻ എന്താ എന്നുള്ള അർഥത്തിൽ അവളെ നോക്കി.

“ഞാൻ ഇഷ്ടപ്പെടുന്നവർ എന്നെ ഇങ്ങനെ വലിച്ചു നീട്ടി കീർത്തന എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല. കീത്തു എന്ന് വിളികന്നതാണ് എനിക്കിഷ്ട്ടം.. നീ അതുകൊണ്ടു എന്നെ കീത്തു എന്ന് വിളിച്ചാൽ മതി.”

അവൾ പറഞ്ഞ ഞാൻ ഇഷ്ടപ്പെടുന്നവർ എന്ന വാക്ക് അവന് വല്ലാത്തൊരു സന്തോഷം  നൽകി. അവളുടെ മനസ്സിൽ തനിക്കൊരു സ്ഥാനം ഉണ്ടെന്നല്ലേ അതിന്റെ അർദ്ധം.

ചിരിയോടു കൂടി അവൻ പറഞ്ഞു.

“അപ്പോൾ കീത്തു പറ.. എന്താ നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ..”

മനസറിഞ്ഞ് ഒന്ന് ചിരിച്ച ശേഷം അവൾ വീണ്ടും ഇഡലി അവനു നൽകി.

“സൂരജ് എന്റെ അമ്മയുടെ സഹോദരന്റെ മോനാണ്.. അതായത് മുറച്ചെറുക്കൻ.. അത് നിനക്കറിയാമല്ലോ.”

അവൻ അറിയാമെന്ന രീതിയിൽ തലയാട്ടി.

“ഇതറിയാവുന്ന പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഞങ്ങൾ തമ്മിൽ വേറെ എന്തെങ്കിലും റിലേഷൻ ഉണ്ടോന്നു. അപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞു മാറിയിട്ടെ ഉള്ളു. നിന്നോടയൊണ്ട് ഞാൻ പറയാം..”

അവൻ ആകാംഷയോടെ അവളുടെ  മുഖത്തേക്ക് തന്നെ നോക്കി.

“മാമനും എന്റെ അമ്മയ്ക്കും ഞങ്ങളെ തമ്മിൽ കെട്ടിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ട്. പക്ഷെ ഞങ്ങളോട് ഇതുവരെ അതിനെ കുറിച്ച് സംസാരിച്ചിട്ടില്ല.. അല്ലാതെ തന്നെ ഞങ്ങൾ മനസിലാക്കിയതാണ്. പിന്നെ സൂരജ്ഉം ഞാനും തമ്മിൽ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടേ ഇല്ല. എന്നാലും അവനു എന്നോട് ഒരു ഇഷ്ടമുള്ളതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.”

“അപ്പോൾ വീട്ടുകാർ പറഞ്ഞാൽ നീ അവനെ കല്യാണം കഴിക്കുമോ..”

അവൾ ആലോചിക്കുക കൂടി ചെയ്യാതെ പറഞ്ഞു.

“അമ്മ പറഞ്ഞാൽ ഞാൻ ഉറപ്പായും കല്യാണത്തിന് സമ്മതിക്കും.. ഞാൻ ഇതുവരെ അമ്മയുടെ വാക്കുകൾ എതിർത്തിട്ടില്ല. പിന്നെ അറിഞ്ഞൂടാത്ത ഒരുത്തനു തല നീട്ടികൊണ്ടുക്കുന്നതിലും നല്ലതല്ലേ ചെറുപ്പം തൊട്ടേ

അടുത്തറിയാവുന്ന ഒരാളെ കല്യാണം കഴിക്കുന്നത്.. ആകെക്കൂടിയുള്ള ഒരു നെഗറ്റീവ് എന്ന് പറഞ്ഞാൽ സൂരജ് ഒരു അൺറൊമാന്റിക് ആണ്.. എന്നെ ഒരുപാട് ഇഷ്ടമൊക്കെ ആണ് അവന്, പക്ഷെ സ്നേഹം പ്രകടിപ്പിക്കാനോ ഒന്നും അവനറിയില്ല… പിന്നെ അവന്റെ ഒരു സ്വഭാവം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. എനിക്ക് ശരിയെന്ന് തോന്നുന്ന എന്തും എനിക്ക് ചെയ്യാം അതിലൊന്നും അവൻ ഇടപെടരെ ഇല്ല. ഇപ്പോൾ തന്നെ കണ്ടില്ലേ.. അവന്റെ ഇവിടത്തെ മെയിൻ എതിരാളി നീ ആണ്. പക്ഷെ ഞാൻ നിന്നോട് കൂട്ടുകൂടുന്നതൊന്നും അവനു പ്രശ്നമല്ല.”

സൂരജിനെ കല്യാണം കഴിക്കാൻ അവൾക്ക് താല്പര്യം ആണെന്ന് അറിഞ്ഞത് അവനെ ചെറുതായൊന്ന് വിഷമിപ്പിക്കാതിരുന്നില്ല. എങ്കിലും അത് മുഖത്തു വരുത്താതെ പുഞ്ചിരിക്കുവാൻ അവൻ ശ്രമിച്ചു.

ഈ സമയം ആണ് രണ്ടു കണ്ണുകൾ തങ്ങളെ തന്നെ വീക്ഷിക്കുന്നത് കീർത്തനയുടെ ശ്രദ്ധയിൽ പെട്ടത്. പ്രിയയുടേതായിരുന്നു ആ കണ്ണുകൾ. ശ്രീജയുടെ കസിൻ.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രിയയ്ക്ക് ദീപക്കിനോട് പ്രണയമാണെന്ന് ശ്രീജ പറഞ്ഞത് അവളുടെ ഓർമകളിൽ എത്തി. താൻ ദീപക്കിന്റെ വായിൽ ആഹാരം വച്ചു കൊടുക്കുമ്പോൾ ശ്രീജയുടെ മുഖത്ത് അനിഷ്ടം നിറയുന്നത് കീർത്തനക്ക് നല്ലപോലെ മനസിലായി.

അവൾ ശബ്‌ദം താഴ്ത്തി ദീപക്കിനോട് പറഞ്ഞു.

“നീ പതുക്കെ നിന്റെ ഇടത് വശത്ത് ഇരിക്കുന്ന കുട്ടിയെ പരിചയം ഉണ്ടോന്ന് ഒന്ന് നോക്കിയേ.”

ദീപക് അവൾ പറഞ്ഞത് പ്രകാരം തല ചെറുതായി ചരിച്ച് നോക്കി.

“അത് പ്രിയ അല്ലെ..”

“നിനക്കെങ്ങനെ അവളെ അറിയാം..”

“അവൾ SFY യുടെ പ്രവർത്തക അല്ലെ.. ഇവിടെ യൂണിറ്റ് കമ്മറ്റികൾക്ക് ഒക്കെ വരുകയും എന്നോട് സംസാരിക്കയും ഒക്കെ ചെയ്യാറുണ്ട്.”

“ഇന്നലെ ഞാൻ ഒരു സത്യം പറഞ്ഞു തരാം..”

അവൻ ആകാംഷയോടെ ചോദിച്ചു.

“എന്ത് സത്യം?”

“പാർട്ടിയോടുള്ള പ്രബുദ്ധതത കാരണം ഒന്നും അല്ല അവൾ പാർട്ടി പ്രവർത്തനത്തിനു വരുന്നത്..”

“പിന്നെ?…”

“ഡാ പൊട്ടാ.. അവൾക്ക് നിന്നോട് മുടിഞ്ഞ പ്രണയം ആണ്.. അവൾ നിന്റെ പിറകെയാണ് നടക്കുന്നത്.”

ദീപക് കണ്ണ് മിഴിച്ച് കീർത്തനയെ തന്നെ നോക്കി.

“നീ ചുമ്മാ ഓരോന്ന് പറയല്ലേ..”

“ഓക്കേ.. നിനക്ക് വിശ്വാസം വരാനായി ഞാൻ ഒരു ടെസ്റ്റ് നടത്താം.”

കീർത്തന ഇഡലി നുള്ളി അവന്റെ വായിലേക്ക് വച്ച് കൊടുത്തു. എന്നിട്ട്

ചുണ്ടിൽ പറ്റി ഇരിക്കുന്നത് തുടച്ച് കളയാനെന്ന  രീതിയിൽ അവന്റെ ചുണ്ടുകളിലൂടെ വിരലോടിച്ചു.

അത് കണ്ടതും പ്രിയ ബാഗും എടുത്തു ദേഷ്യത്തിലെന്ന പോലെ തറയിൽ ആഞ്ഞു ചവിട്ടി ശബ്‌ദമുണ്ടാക്കി അവിടെ നിന്നും നടന്നു പോയി.

ദീപക് സ്തബ്തനായി കീർത്തനയുടെ  മുഖത്തേക്ക് തന്നെ നോക്കി. അവളുടെ മുഖത്ത് പ്രിയയെ ദേഷ്യം പിടിപ്പിച്ചതിന്റെ ഒരു കള്ള ചിരി ഉണ്ടായിരുന്നു അപ്പോൾ.

ഇഡലി അവന്റെ വായിലേക്ക് വച്ചുകൊടുത്തുകൊണ്ടു അവൾ പറഞ്ഞു.

“വാ അടച്ചിരിക്കടാ ചെറുക്കാ..”

അപ്പോഴാണ് അവരുടെ അടുത്തേക്ക് ഉണ്ണിയും ശ്രീജയും വന്നത്.

“ഞാൻ എന്തൊക്കെ ഇനി കാണേണ്ടി വരുമെന്റെ ഈശ്വരാ..”

ശ്രീജ  പറഞ്ഞത് കേട്ട് ഉണ്ണി ചോദിച്ചു.

“നീയെന്താ അങ്ങനെ പറഞ്ഞത്?”

“ഇന്നലെ വരെ ഇന്ത്യയും പകിസ്താനും പോലെ നടന്നിരുന്നവരാ.. ഇപ്പോൾ നോക്കിയേ ആഹാരം വാരി വായിലേക്ക് വച്ച് കൊടുക്കുന്നു.”

അത് കേട്ട് മുഖത്തു ഒരു ജാള്യത പടർന്നുവെങ്കിലും അത് മറച്ചു വച്ചുകൊണ്ടു കീർത്തന പറഞ്ഞു.

“ഞാൻ ഇവന് ആഹാരം വാരി കൊടുക്കുന്നത് കണ്ട് നിന്റെ കസിൻ പ്രിയ ഇവിടന്നു ചാടി തുള്ളികൊണ്ടു പോയിട്ടുണ്ട്.”

“ഓഹ്  അതാണല്ലേ അവൾ ഇപ്പോൾ മുഖവും വീർപ്പിച്ച് വച്ചുകൊണ്ട്  അങ്ങോട്ട് പോയത്.. അവളെ ദേഷ്യം പിടിപ്പിക്കാനായി നീ മനപൂർവം ചെയ്തതല്ലെടി..”

അത് കേട്ട് കീർത്തന ഒന്ന് ചിരിക്കുക മാത്രം ചെയ്‌തു.

അവരുടെ സംസാരം കേട്ട് ദീപക് ശ്രീജയോട് ചോദിച്ചു.

“അപ്പോൾ നിനക്കും അറിയാമായിരുന്നോ അവളുടെ കാര്യം.”

ചിരിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.

“ഞാനല്ലേ ഈ പൊട്ടിക്ക് ആ കാര്യം പറഞ്ഞു കൊടുത്തേ.”

ദീപക് കീർത്തനയെ നോക്കിയപ്പോൾ അവൾ ഒന്ന് ഇളിച്ചു കാണിച്ചു.

“ആക്ച്വലി എന്താ സംഭവം.. എനിക്കൊന്നും മനസിലാകുന്നില്ല.”

ഉണ്ണിയുടേതായിരുന്നു ആ ചോദ്യം.

“ഡാ.. ആ പ്രിയക്ക് എന്നോട് പ്രേമം ആണെന്ന്.. ഇവൾ പറഞ്ഞപ്പോഴാ ഞാൻ അറിയുന്നേ.”

ഉണ്ണി മുഖത്ത് ഒരു പുച്ഛ ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു.

“അതെനിക്ക് നേരത്തെ മനസിലായിട്ടുള്ള  കാര്യമല്ലേ.. ഒരു പെണ്ണിന്റെ പെരുമാറ്റം കാണുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ എങ്ങോട്ടാ കാര്യങ്ങളുടെ പോക്കെന്ന്”

“അപ്പോൾ എനിക്ക് മാത്രമേ ഈ കാര്യം അറിയാതെ ഉണ്ടായിരുന്നുള്ളോ..”

ദീപക്കിന്റെ ചോദ്യം കേട്ട് അവർ പരിസരം മറന്നു ചിരിച്ചു പോയി.

തുടരും…

.

.

വലിയൊരു ഇടവേളക്ക് ശേഷമാണു ഞാൻ വീണ്ടും എഴുതുന്നത്.. കഥ എഴുതുന്നതിൽ പഴയ പോലുള്ള ഒരു കൈയടക്കം കിട്ടുന്നുണ്ടോ എന്ന് എനിക്ക് തന്നെ സംശയം തോന്നുന്നുണ്ട്.. നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക. അടുത്ത പ്രാവിശ്യം തിരുത്താൻ ശ്രമിക്കാം.

ഞാൻ – 2 എന്ന കഥ എഴുതിയ ശേഷം ഒരു പ്രണയ കഥ എഴുതി തുടങ്ങിയപ്പോഴാണ് ഈ സൈറ്റിൽ സെക്സ് ഇല്ലാത്ത കഥകൾ വേണമോ വേണ്ടയോ എന്നുള്ള തർക്കം നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്., പിന്നെ എഴുതാനുള്ള മനസ് മടിച്ചുപോയി.. ഇപ്പോൾ ഒരു കഥ എഴുതണമെന്നു തോന്നി. അങ്ങനെ വീണ്ടും എഴുതി തുടങ്ങിയതാണ്.

Comments:

No comments!

Please sign up or log in to post a comment!