ശംഭുവിന്റെ ഒളിയമ്പുകൾ 43
പക്ഷെ അവരുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് നിന്നിരുന്ന ആ രണ്ടു കണ്ണുകൾ അവർ ശ്രദ്ധിച്ചിരുന്നില്ല.അവരുടെ ഓരോ ചുവടിലും കൂടെ അയാളും ഉണ്ടായിരുന്നു.”ഗോവിന്ദ്”
“ഇവനിങ്ങനെ ജീവനോടെ എന്റെ മുന്നിൽ…….എന്റെ പിടിവിട്ടു പോകുന്നുണ്ട് കത്രീന”രുദ്ര പറഞ്ഞു.
“ഞാൻ പറഞ്ഞുകഴിഞ്ഞു.ശംഭു അല്ല അത് ചെയ്തത്.പക്ഷെ അവനറിയാം ആളെ.”
“ആളെ മനസ്സിലായാൽ തീർക്കും ഞാൻ രണ്ടിനെയും.എന്നിട്ടാവാം മാധവൻ.”
ഇതിനിടയിൽ തന്നെ റപ്പായിയെ കൈകാലുകൾ ബന്ധിച്ച് അവർ വന്ന കാറിനുള്ളിലാക്കിയിരുന്നു.
ശംഭു അബോധാവസ്ഥയിലും കിടന്നു ഞരങ്ങുന്നുണ്ട്.
“വെളുക്കുവോളം ഇവന് കാവല്
നിക്കാനല്ലല്ലോ രുദ്ര നമ്മളിവിടെ.”
കത്രീന ചോദിച്ചു.അത് കേട്ട് രുദ്ര എന്ത് എന്നുള്ള ഭാവത്തിൽ അവളെ നോക്കി.
“കൊല്ലാനായാലും വളർത്താൻ ആയാലും ഇവിടെ വേണോ? മറ്റ് എവിടെയെങ്കിലും പോരെ?”
“നിനക്കിനിയും ഇവനെ മതിയായില്ലെ കത്രീന.നിന്റെ കണ്ണുകളിൽ ഇവനോടുള്ള അഭിനിവേശം കാണുന്നുണ്ട്.
അതിനി വേണ്ട എന്നും ഞാൻ പറഞ്ഞു.അല്ല എന്താ ഇവനോട് ഇത്ര കൊതി തോന്നാൻ?
നമ്മൾ എങ്ങും പോകുന്നില്ല. ഇവന് ബോധം വരുമ്പോൾ എന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും ഇവിടെയിവനെ കുഴികുത്തി മൂടിയിട്ടേ ഞാൻ ഇവിടം വിടൂ.
ശംഭുവിനെയും റപ്പായിയെയും കാണാനില്ല.ഒരു മാൻ മിസ്സിങ്…….
അതിൽ തീരണം ശംഭു എന്ന അധ്യായം.”രുദ്ര പറഞ്ഞു.
“അതത്ര എളുപ്പമാണെന്ന് തോന്നുന്നുണ്ടോ രുദ്ര.ശംഭു അത്രേയുള്ളൂ എന്നാണോ നിന്റെ മനസ്സിൽ.അല്ല രുദ്ര…….ഇവന്റെ
വലിപ്പമറിയില്ല നിനക്ക്.ഇവന് കാവൽ നിക്കുന്നവരെയും.ഒന്ന് പോറിയാൽ ചോദിക്കാൻ ഒരു പട തന്നെയുണ്ട് ഇവന് പിറകിൽ.
മാധവൻ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ.വീണയെപ്പിന്നെ പിടിച്ചാൽ കിട്ടില്ല.ഉടക്കി നിക്കുവാണെലും ചന്ദ്രചൂഡനെ അവഗണിക്കുകയും വയ്യ.ഒരേ ചോരയല്ലേ,ഒരു നിമിഷം മതി എല്ലാം മറന്ന് ഒന്നാവാൻ.
ഇവന്റെ മേൽ ഒരുതരി മണ്ണ് വീണാൽ നമ്മൾ നമ്മുടെ കുഴി തോണ്ടുന്നതിന് തുല്യമാവും. ഈ സാഹചര്യത്തിൽ അത് വേണ്ട എന്നെ ഞാൻ പറയൂ.”
“പിന്നെ ഞാൻ എന്ത് വേണം. രാജീവന്റെ മരണത്തിന് പിന്നിൽ ഇവന്റെ പങ്ക് തിരിച്ചറിഞ്ഞിട്ടും
നോക്കി നിക്കണോ ഞാൻ?”
“ചിലപ്പോൾ നിന്നെ പറ്റൂ.ബുദ്ധി ഉള്ളവർ അങ്ങനെയാ.അത് നീ മനസ്സിലാക്കിയാൽ നിനക്ക് നന്ന്.
പുറത്തുള്ളവർക്ക് ഇവൻ വെറും ഡ്രൈവറാ,മാധവന്റെ ഓൾ ഇൻ ഓൾ.പക്ഷെ അവർക്കിവൻ അങ്ങനെയല്ല.സൊ തൊട്ടാൽ പൊള്ളും.അതിന്റെ പ്രത്യാഘാതവും വലുതായിരിക്കും
അതെ എനിക്ക് പറയാനുള്ളൂ.
“പിന്നെ ഞാൻ എന്താ വേണ്ടത് കത്രീന?ഒരു പൊട്ടിയെപ്പോലെ കണ്ട് നിക്കണോ,അതോ എന്റെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് അറിയുന്നില്ല എന്ന് വെക്കണോ?”
“കൂടെ നിർത്തണം…..ശംഭുവിനെ നമ്മുടെ കൂടെ നിർത്തണം. അവന്റെ സാന്നിധ്യം അവരുടെ പദ്ധതികളെ സ്ലോ ചെയ്യും എന്നത് തീർച്ച.എന്നിട്ട് കൃത്യമായ സമയം നോക്കി അടി കൊടുക്കണം. എങ്കിലെ നിനക്ക് നിലനിൽപ്പുള്ളൂ”
“മ്മ്മ്മ്……മനസ്സിലാവുന്നുണ്ട്. ഇവനെ കുറച്ചു സഹിക്കേണ്ടി വരും എന്ന് ചുരുക്കം.പക്ഷെ ഇവന്റെ മരണം അല്പം വൈകിയാലും നടന്നിരിക്കും. അപ്പൊ ഇത് പോലെ കുറുകെ നിക്കരുത് നീ.”
“അത് അന്തിമ ജയം ആർക്കെന്ന് അനുസരിച്ചിരിക്കും രുദ്ര.കാര്യം ശരിയാണ്,വീണയുമായി അകൽച്ചയുണ്ട് ഇവനിപ്പോൾ. പക്ഷെ ഒന്ന് മറക്കരുത്,ഇവന്റെ കുഞ്ഞിനെ ചുമക്കുന്നവളാണ് അവൾ.അവരുടെ അകലം കുറയാൻ അധികസമയവും വേണ്ട.ഞാനറിയുന്ന വീണക്ക് ശംഭുവിനെ വിട്ടുകളയാൻ കഴിയില്ല.”കത്രീന പറഞ്ഞു
“ഇപ്പോൾ ഉള്ള അകൽച്ച കൂട്ടാൻ എന്താ വേണ്ടതെന്ന് എനിക്കറിയാം.എന്റെ ലക്ഷ്യം നേടാൻ ഞാൻ എന്തും ചെയ്യും.” രുദ്രയും കരുതി തന്നെയായിരുന്നു
“ഏത് വഴിയും സ്വീകരിക്കാം.ഒന്ന് മറക്കരുത്,ശംഭുവിന് വേണ്ടി ഏതറ്റം വരെയും പോകാൻ ഒരു കൂട്ടം തന്നെയുണ്ട്.ആദ്യമിവനെ അവരിൽ നിന്ന് ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ഇവനെ അകറ്റുക.എങ്കിലേ വിചാരിക്കുന്നതു പോലെ നടക്കൂ. ഒപ്പം ഇവൻ നമ്മുടെ വാക്കുകൾ കേക്കുകയും വേണം.അതിനുള്ള വഴി ആലോചിക്ക്.”കത്രീന പറഞ്ഞു.അതിൽ കുറച്ചു കാര്യം ഉണ്ടെന്ന് രുദ്രക്ക് മനസ്സിലായി.
അതിനായി എന്തും ചെയ്യാൻ മനസ്സിനെ പാകപ്പെടുത്തണം എന്നും അവൾക്ക് തോന്നി.
ഇതൊക്കെ കണ്ടും കേട്ടും മറഞ്ഞുനിന്നിരുന്ന ഗോവിന്ദിന് ശംഭുവിനെ വളർത്താനുള്ള തീരുമാനമായിട്ടാണ് തോന്നിയത്. ഒരു ചാൻസ് കിട്ടിയാൽ അത് തനിക്ക് അനുകൂലമാക്കി കൂടെ ഉള്ളവർക്കും ഉപകാരപ്രദമാക്കാൻ ശംഭുവിനുള്ള മിടുക്ക് നന്നായി അറിയുന്ന ഗോവിന്ദിന് അവനെ തീർക്കാനുള്ള അവസരം വിട്ടുകളയുന്നത് മരണത്തിന് തുല്യമായ ഒന്നായിരുന്നു.പക്ഷെ രുദ്രയെ മറികടക്കുകയും വയ്യ.
ശംഭു ഇനി വേണ്ട എന്നായിരുന്നു ഗോവിന്ദിന്.രുദ്ര അത് ചെയ്യും എന്നും കരുതി.അതിന്റെ സന്തോഷവുമവനുണ്ടായിരുന്നു.
പക്ഷെ ഒറ്റ നിമിഷം കൊണ്ട് കാര്യങ്ങൾ തിരിഞ്ഞത് ഗോവിന്ദിനെ അസ്വസ്ഥനാക്കി.
ശംഭുവിനൊപ്പം മുന്നോട്ട് പോവുക എന്നത് മറ്റെന്തിനേക്കാളും അവന് അസഹനീയമായിരുന്നു. ആ നിമിഷം അവൻ തീരുമാനിച്ചു അടുത്ത നിമിഷം മുതൽ അത് പ്രവർത്തിക്കാനുള്ള തിടുക്കവും.
നേരം പുലർന്നുതുടങ്ങിയ സമയം രുദ്രയും കത്രീനയും മുന്നോട്ട് ഇനി എങ്ങനെയെന്നും ശംഭുവിന്റെ വിശ്വാസം എങ്ങനെ നേടും എന്നതിനെക്കുറിച്ചും കാര്യമായി തന്നെ സംസാരിച്ചു.അതിനൊരു വഴിയുണ്ടെന്നും കത്രീന പറഞ്ഞു.
പക്ഷെ ഗോവിന്ദിന്റെ മരണം കൊണ്ട് ശംഭുവിൽ തങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുക എന്ന പദ്ധതിയോട് രുദ്രക്ക് എതിർക്കേണ്ടി വന്നു.കാരണം രാജീവന്റെ വിശ്വാസം അവൻ നേടിയിരുന്നു എന്നതും ഭാവിയിൽ ഗോവിന്ദിനെ മുൻ നിർത്തി പല കളികളും മനസ്സിലുണ്ടായിരുന്നു എന്നതും തന്നെ.അതൊരു തത്കാലിക ലാഭത്തിനു വേണ്ടി വിട്ടുകളയുവാൻ രുദ്ര തയ്യാറല്ലായിരുന്നു.പക്ഷെ കത്രീന ഗോവിന്ദിനെക്കാൾ പ്രയോജനം ശംഭു കൂടെയുള്ളതാണെന്ന പക്ഷത്തായിരുന്നു.രാജീവന്റെ മരണത്തിന് ദൃസാക്ഷിയെങ്കിലും അവന്റെ കയ്യിൽ ചോര പുരളാത്തത് അവന് വേണ്ടി വാദിക്കാൻ അവൾക്ക് ശബ്ദം നൽകി.
ശംഭുവിനെ കത്രീന പ്രോട്ടെക്ട് ചെയ്യാൻ ശ്രമിക്കുന്നു എന്ന് രുദ്ര മനസ്സിലാക്കി.രുദ്രയെ പറഞ്ഞു മനസ്സിലാക്കാം എന്ന് കത്രീനയും കരുതി.
തന്റെ പുരുഷന്റെ ചോരയുടെ കണക്ക് പറയാൻ രുദ്ര ശ്രമിക്കുമ്പോൾ തന്നെ തൃപ്തിപ്പെടുത്തിയവനെ സംരക്ഷിക്കുവാനാണ് കത്രീന ശ്രമിച്ചുകൊണ്ടിരുന്നത്.
“ആഹ് “ഒരു ശബ്ദം കേട്ട് രുദ്ര തിരിഞ്ഞുനോക്കി.കത്രീന പേടിച്ചു രണ്ടടി പിന്നിലേക്ക് വക്കുന്നത് രുദ്ര കണ്ടു.അവൾ കത്രീനയുടെ കണ്ണുകൾ പോയ ദിശയിലേക്ക് നോക്കി.
ഗോവിന്ദിന്റെ കഴുത്ത് തുളച്ച് ഒരു കത്തി നിൽക്കുന്നു.അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളിനിക്കുന്നു.എന്തോ പറയാൻ വന്നതുപോലെ ഗോവിന്ദിന്റെ വായ തുറന്നിരിക്കുന്നു.
കഴുത്തിലൂടെ രക്തം ഒലിച്ചിറങ്ങി വസ്ത്രം നനഞ്ഞുതുടങ്ങിയിരിക്കുന്നു. കഴുത്ത് തുളച്ചു മറുവശം വന്നു നിൽക്കുന്ന കത്തിയിൽ നിന്നും ചോര നിലത്തേക്ക് ഇറ്റ് വീഴുന്നു.
“ഇനി നീയും വേണ്ട…….”എന്ന വാക്കുകൾ മുഴുവിക്കാതെ ശംഭുവും നിലത്തേക്ക് വീഴുന്നതാണവർ കണ്ടത്. അവന്റെ ഇടതുവയറിന് പിറകിൽ നനവ് പടരുന്നുണ്ടായിരുന്നു. ***** മാധവന്റെ വീട് മൂകമായിരുന്നു. ഗോവിന്ദന്റെ അടക്കം കഴിഞ്ഞു വേണ്ടപ്പെട്ടവർ മടങ്ങുന്ന സമയം. മറ്റുള്ളവർക്ക് മുന്നിൽ ആ കുടുംബം പുറം മൂടിയിട്ടു എങ്കിലും ഉള്ളിൽ സന്തോഷിക്കുകയായിരുന്നു. പക്ഷെ ശംഭുവിന്റെ വിടവ് അവിടെ എടുത്തുകാണിച്ചു. അവന്റെയവസ്‌ഥ അവരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു.
വന്ന ബന്ധുക്കളും നാട്ടുകാരും ശംഭുവിന്റെ അസാന്നിധ്യം തിരിച്ചറിഞ്ഞു കാരണം തിരക്കി.
“ഒരു സന്തോഷം കിട്ടിയപ്പോൾ മറുവശത്ത് കൂടി നീറ്റലാണ് ദൈവം നൽകുന്നത്.”മുറിയിൽ വീണയോടൊപ്പമായിരുന്നു ഗായത്രി.അവളത് പറയുമ്പോൾ വീണയത് ചിരിച്ചുതള്ളി.
“ചേച്ചിക്ക് എങ്ങനെ പറ്റുന്നു ഇത്ര അധികം സന്തോഷിക്കാൻ?” എല്ലാം കഴിഞ്ഞു വീണയെ ഒറ്റക്ക് കിട്ടിയപ്പോൾ ഗായത്രി ചോദിച്ചു പോയി.വീണയുടെ മട്ടും ഭാവവും അങ്ങനെയായിരുന്നു താനും.
“ഗോവിന്ദൻ ഇന്നില്ല.അപ്പോൾ പിന്നെ ഞാൻ സന്തോഷിക്കാതെ” വീണ മറുചോദ്യം ചോദിച്ചു.
“പക്ഷെ ചേച്ചി വിട്ടുപോയ ഒരു പേരുണ്ട്.അതും ഞാൻ തന്നെ പറയണോ?”ഗായത്രി ചോദിച്ചു.
“ശംഭു……..”അതും പറഞ്ഞ് അവൾ വീണ്ടും ചിരിച്ചതെയുള്ളൂ. ഗായത്രി ഒന്നും മനസിലാവാതെ അവളെ നോക്കിനിന്നു.പക്ഷെ വീണ തുടരുകയായിരുന്നു.
“എന്റെ കൈക്കു തീരേണ്ടവൻ തന്നെയായിരുന്നു ഗോവിന്ദ്.ബട്ട് ശംഭു കയറിക്കളിച്ചു.അതിനിടെ ശംഭുവും വീണു.അതെനിക്ക് സന്തോഷം നൽകാതെ…………?” വീണ പറഞ്ഞു.അതുകേട്ട ഗായത്രി അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു.
“ചേച്ചി എന്തായിങ്ങനെ.എന്തിനാ ഇങ്ങനെയൊക്കെ പറയുന്നെ? ഞാനല്ലെ അവനെ…..?ഞാൻ മൂലം അല്ലെ ചേച്ചി അവനിൽ….? അറിയില്ലയെനിക്ക് എന്താണ് സംഭവിക്കുന്നതെന്ന്.ഒരു പക്ഷെ ശംഭു……..അവനെയിനി തിരിച്ചുകിട്ടുമോ എന്നും നമുക്ക് അറിയില്ല.എന്നിട്ടും ചേച്ചിക്ക് എങ്ങനെ…….?”
“ഓഹ്….അത്രെ ഉള്ളോ?അത് എനിക്ക് പ്രശ്നമല്ല ഗായത്രി. ഭാഗ്യം തുണക്കുമെങ്കിൽ അവനെ തിരികെക്കിട്ടും.”വീണ പറഞ്ഞു.
“അപ്പോൾ ചേച്ചി എന്തോ ലക്ഷ്യം വച്ചായിരുന്നല്ലേ…….?അതിന് ഒന്നുമറിയാത്ത ശംഭുവിനെയും കരുവാക്കുകയായിരുന്നൊ? ഇനി ആരൊക്കെയുണ്ട് കരുക്കളായിട്ട് ഈ ഞാനടക്കം……”ഗായത്രി ഒന്ന് കടുപ്പിച്ചുതന്നെയാണ് ചോദിച്ചത്.
ഗോവിന്ദിന്റെ മരണവും ശംഭുവിന് സംഭവിച്ചതും അറിഞ്ഞപ്പോൾ മുതലുള്ള വീണയുടെ ഭാവമാറ്റം കണ്ട് ഗായത്രിക്ക് എന്തോ പൊരുത്തക്കേടുകൾ തോന്നിത്തുടങ്ങിയിരുന്നു. അതാണ് ചടങ്ങുകൾക്ക് ശേഷം ഇങ്ങനെയൊരു സംസാരം അവർക്കിടയിലുണ്ടായതും. മറ്റാരും ശ്രദ്ധിക്കാതെയുമായിരുന്നു അത്.
“അവനിപ്പോൾ പോരാടുന്നത് മരണത്തിനോടാ. നിങ്ങൾക്കിടയിൽ എന്താണ് പ്രശ്നം എന്നെനിക്കറിയില്ല. പക്ഷെ എന്തോ ഉണ്ടെന്നറിയാം. അത് കാണിക്കേണ്ട നേരവും അല്ലിത്.” ഗായത്രി പറഞ്ഞു.
“അപ്പോൾ എന്റെ രണ്ടു പ്രശ്നങ്ങളും ഒന്നിച്ചു തീരുന്നു അല്ലെ?അതാണ് സത്യവും.
അത് പറയുമ്പോൾ അവളുടെ മുഖത്തെ വല്ലാത്ത സന്തോഷവും ചിരിയും കണ്ട് ഗായത്രിയാകെ കുഴങ്ങി.എവിടെയാണ് തെറ്റിയത്, ആർക്കാണ് പിഴച്ചത്,എന്നുമാത്രം മനസ്സിലാവാതെ വീണയുടെ വാക്കുകൾക്ക് മുന്നിൽ പകച്ചു നിൽക്കാനെ ഗായത്രിക്കപ്പോൾ കഴിയുമായിരുന്നുള്ളു. ***** അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ പതറിനിൽക്കുകയാണ് രുദ്ര.ശംഭുവിനെ അഡ്മിറ്റ് ചെയ്തതുമുതൽ ഹോസ്പിറ്റലിൽ തന്നെയുണ്ടവൾ.
ഒരു വേള രുദ്രയുടെ വാക്കുകൾ മറന്ന് ഗോവിന്ദ് ശംഭുവിനെ തീർക്കാൻ തന്നെയുറച്ചു.കയ്യിൽ കരുതിയിരുന്ന കത്തി മുറുകെ പിടിച്ച് അവർ ശ്രദ്ധിക്കുന്നില്ല എന്നുറപ്പിച്ചുകൊണ്ട് ഗോവിന്ദ് തന്റെ ചുവട് വച്ചു.
ശംഭു അവനടിച്ചതിന്റെ കെട്ട് ഇറങ്ങിത്തുടങ്ങിയ സമയം.പറ്റ് അപ്പോഴും ഉണ്ടായിരുന്നു.ഒന്ന് മുള്ളാം എന്ന് കരുതിയാണവൻ എണീറ്റതും.ചുറ്റിലും നടക്കുന്നത് അറിയാതെ വേലിക്കലേക്ക് നടന്നു.അവസരം കാത്തു നിന്ന ഗോവിന്ദിന് അതൊരു നല്ല ചാൻസ് ആയി തോന്നി.അവനെ തീർത്ത് തത്കാലം ഇവിടെ നിന്ന് മാറുക.കൃത്യത്തിന് പിന്നിൽ താനാണെന്നറിയിക്കാതെ രുദ്രയുമായി സഹകരിച്ച് മുന്നോട്ട് പോവുക എന്നതായിരുന്നു ഗോവിന്ദിന്റെ മനസ്സിൽ.
എല്ലാം തീരുമാനിച്ചുറപ്പിച്ച അവൻ മുള്ളാൻ തുടങ്ങിയ ശംഭുവിന് പിന്നിൽ കത്തി കയറ്റി.
കൃത്യമായി അവസരം കാത്തു നിന്ന ഗോവിന്ദിന് പിഴച്ചില്ല.കത്തി ശംഭുവിന്റെ ഇടതുവശത്ത് വയറിനല്പം താഴെയായി നടുവിൽ തുളഞ്ഞുകയറി.ഒരു നിമിഷം സ്വബോധം കിട്ടിയ ശംഭു മരണം മുന്നിൽ കണ്ടു.
ആരും തന്നെ രക്ഷിക്കാനില്ല എന്നവന് ഉറപ്പായിരുന്നു.കാരണം റപ്പായി മാപ്പിളയും ബോധം മറഞ്ഞു കിടക്കുകയാണ് എന്നാണ് അവന്റെ മനസ്സിൽ.
ചെറിയ വെളിച്ചത്തിൽ ആരെന്ന് പോലും തിരിച്ചറിയാൻ അവന് കഴിഞ്ഞില്ല.അണയുന്നതിന് മുൻപ് തന്നെ പണിഞ്ഞവനും….. എന്ന ചിന്തയിൽ കത്തി ദേഹത്തു നിന്ന് വലിച്ചൂരിയ ശംഭു വെട്ടിത്തിരിഞ്ഞ് ഇരുട്ടിലേക്ക് മറയാൻ തുടങ്ങിയ ഗോവിന്ദിന്റെ കഴുത്ത് ലക്ഷ്യമാക്കി ഊരിപ്പിടിച്ച കത്തി എറിയുകയായിരുന്നു.
“ഇനി നീയും വേണ്ട”പറഞ്ഞു തീരും മുന്നേ ഗോവിന്ദിനൊപ്പം ശംഭുവും നിലത്തേക്ക് വീണുകഴിഞ്ഞിരുന്നു.
ഈ കാഴ്ച്ചകണ്ട് ഞെട്ടിയ കത്രീന സാധാരണ സ്ഥിതിയിലെത്താൻ കുറച്ചു സമയമെടുത്തു.അതെ സമയം ഗോവിന്ദിന്റെ ജീവൻ നഷ്ട്ടപ്പെട്ടിരുന്നു.ശംഭുവാകട്ടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലും.
സംയമനം വീണ്ടെടുത്ത രുദ്രക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. ഗോവിന്ദ് ഇനിയില്ല എന്ന സത്യവും അവൻ ചതിച്ചു എന്ന തോന്നലും അവളുടെ ചിന്തയെ നിയന്ത്രിച്ചു. ഇനി ശംഭുവാണ് തന്റെ മുന്നിലുള്ള ഏക വഴിയെന്ന തിരിച്ചറിവ് അവളെ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിപ്പിച്ചു.
റപ്പായിയെ അവിടെയുപേക്ഷിച്ച് കത്രീനയുടെ സഹായത്തോടെ രുദ്ര കൃത്യസമയത്തു തന്നെ ശംഭുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു.ഗോവിന്ദിനെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
കത്രീന നേരിട്ട് സീൻ സേഫ് എന്നുറപ്പിച്ചശേഷം റപ്പായിയെ ചിലത് വിലക്കുകയും ചെയ്തിട്ടാണ് പോലീസ് നടപടി ആരംഭിച്ചതുപോലും.എല്ലാം രുദ്ര പറഞ്ഞതു പ്രകാരം കത്രീനയുടെ ബുദ്ധിയിൽ വിരിഞ്ഞവയും. എന്തിന് ഇൻഫോർമർ പോലും കത്രീനയുടെ വക സംഭാവനയായിരുന്നു.പക്ഷെ അപ്പോഴും ശംഭുവിന്റെ ജീവൻ അവർക്ക് വിലപ്പെട്ടതായിരുന്നു.
പിന്നീടാണ് പുറം ലോകം കാര്യങ്ങളറിയുന്നത്.നാട്ടുകാരെ ബോധിപ്പിക്കാൻ ഗോവിന്ദനെ മാധവൻ തറവാട്ടിൽ തന്നെയടക്കി.ചടങ്ങ് കഴിഞ്ഞതും സുരയെ പെണ്മക്കൾക്ക് കാവൽ നിർത്തി ശംഭുവിനടുത്തേക്ക് പായുകയായിരുന്നു മാധവൻ ഒപ്പം സാവിത്രിയും.
കമാൽ അപ്പോഴും ഹോസ്പിറ്റലിൽ തന്നെയുണ്ട്. മാധവൻ അവിടേക്കെത്തുമ്പോൾ ആകെ അസ്വസ്ഥനായി കമാൽ ഇന്റെന്സിവ് കെയർ യൂണിറ്റിന് മുന്നിലുണ്ടായിരുന്നു.
“മാഷെ…….. അല്പമൊന്ന് വൈകി” കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ കമാൽ മാധവന്റെ തോളിലേക്ക് ചാഞ്ഞു. ഏൽപ്പിച്ചത് ആദ്യമായി നടക്കാതെ പോയതിന്റെയും താൻ പരാജയപ്പെട്ടു എന്നതിന്റെ വിഷമത്തിലുമായിരുന്നു കമാൽ.
“മ്മ്മ്……….ആരെയും പഴിക്കാൻ ഇപ്പോൾ സമയമില്ല.പക്ഷെ പിഴവ് സംഭവിച്ചു.അത് ആർക്കായാലും അകത്തുകിടക്കുന്നത് എന്റെ ചെക്കനാ.ഇത്രയും നാൾ എനിക്ക് കൂട്ടായി നിന്നവൻ.അവനുണ്ടേൽ ഒരു ധൈര്യമായിരുന്നു.അവനാ ഇന്ന് പ്രാണൻ കൈവിട്ടുപോവും എന്ന് പറഞ്ഞുകൊണ്ട്……അവൻ ഇല്ലേല് എനിക്ക് തോൽവിയാ. അതറിയാം ചിലർക്ക്.അതാ ഞാൻ……പക്ഷെ കഴിഞ്ഞില്ല. എന്നെ തോൽപ്പിച്ചുകൊണ്ട് അവൻ മരണത്തോട് മല്ലിടുന്നു.”
“അവൻ തിരിച്ചുവരും മാഷെ. ഇല്ലേല് കമാൽ മാഷിന്റെ മുന്നിൽ സ്വയം തീരും.അതെന്റെയുറപ്പ്.” സങ്കടം സഹിക്കവയ്യാതെ കമാൽ പറഞ്ഞു.
“അവനെ എനിക്ക് വേണം. എങ്ങനെ എന്റെ മുന്നിൽ നിന്നും പോയോ,അങ്ങനെ.”
“അവനങ്ങനെ നമ്മളെ വിട്ടു പോവാൻ കഴിയില്ല മാഷെ.ഭാഗ്യം
നമ്മോടൊപ്പമാവും.ഡോക്ടറും അങ്ങനെയാ പറഞ്ഞത്. എന്നാലും ഇരുപത്തിനാല് മണിക്കൂർ കഴിയണമെന്ന്.ഇപ്പോ പ്രാർത്ഥിക്കുക.അവൻ വരും മാഷെ.”കമാൽ പറഞ്ഞു.
“ഞാൻ ഡോക്ടറെ കണ്ടിരുന്നു. ആന്തരീകാവയവങ്ങൾക്ക് മുറിവുണ്ട്.ഉള്ളിൽ രക്തസ്രാവവും.അത് നിന്നാലേ അവൻ തിരിച്ചുവരൂ.”മാധവൻ പറഞ്ഞു.
“വരും മാഷെ….. അങ്ങനെ തോറ്റു പിന്മാറുന്നവനല്ല നമ്മുടെ ശംഭു. മരണത്തിന്റെ നാഥാനാണവൻ. അവന് മുന്നിൽ മരണം പോലും തോറ്റ് പിന്മാറും.”കമാൽ പറഞ്ഞു
“അതിനാണ് ഞാനും സാവിത്രിയും കാത്തിരിക്കുന്നത്.” മാധവൻ ബാക്കി പൂർത്തികരിച്ചു
“ദാ……..അവളാണ്……. രുദ്ര…..” സാഹചര്യം കൂടുതൽ ദുഃഖമയം ആകുന്നത് കണ്ട കമാൽ അതിനൊരു ശാന്തത വരുത്താൻ എന്നവണ്ണം കൊറിഡോറിൽ ഒരു വശം ചേർന്ന് ഫോണിലെന്തോ നോക്കിയിരിക്കുകയായിരുന്ന ആളെ ചൂണ്ടിക്കാട്ടി പറഞ്ഞു. മാധവൻ തളർന്നുപോവരുതെന്ന ഉദ്ദേശവും കമാലിനുണ്ട്.
“എതിരാളിയാണ്.ഇപ്പോൾ ചെറിയൊരു കടപ്പാടുമുണ്ട്” മാധവൻ പറഞ്ഞു.കമാൽ എന്ത് എന്ന് മനസ്സിലാവാതെ നോക്കി.
“അത് പിന്നെ കമാലെ….. രുദ്രക്ക് ശംഭുവിനെ വേണം.അതാണ് അവൾ തന്നെയവനെ അഡ്മിറ്റ് ചെയ്തതും,തുടരുന്നതും.പക്ഷെ കഥയൊന്നും അവർ പറഞ്ഞത് പോലെയല്ലെന്ന് നമുക്കറിയാം. പക്ഷെ അവനെ എത്തിക്കാൻ കാണിച്ച മനസ്സ് എന്തുകൊണ്ട് തന്നെയായാലും അതിന് മാത്രം കടപ്പെട്ടിരിക്കുന്നു.”മാധവൻ പറഞ്ഞു.
മാധവന്റെ ശത്രുക്കൾ ശംഭുവിനൊപ്പം തറവാട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോവിന്ദിനെ ആക്രമിച്ചു.അതിൽ ഗോവിന്ദൻ കൊല്ലപ്പെട്ടു,അതുവഴി വരികയായിരുന്ന രുദ്ര പരുക്കേറ്റ ശംഭുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു എന്നാണ് കത്രീന വരുത്തിത്തീർത്തത്.
മാധവന്റെ നിർദേശപ്രകാരം ശംഭുവിന് പിന്നാലെ തന്നെയായിരുന്നു കമാൽ.പക്ഷെ റപ്പായിയുടെ വീട്ടിലേക്കുള്ള വഴിയിൽ അയാളുടെ യാത്ര തടസ്സപ്പെട്ടു.
പെട്രോൾ ലീക്ക് വന്ന ബുള്ളറ്റ് ഒരുവിധം വർക്ക് ഷോപ്പിലെത്തിച്ച് മെക്കാനിക്കിനെ വിളിച്ചുണർത്തി ശരിയാക്കിയ ശേഷം കമാൽ സ്ഥലത്തെത്തിയപ്പോൾ കാണുന്നത് ശംഭുവിനെയും ഗോവിന്ദിനെയും വണ്ടിയിലേക്ക് കയറ്റുന്ന കത്രീനയെയും രുദ്രയെയുമാണ്.അപ്പോൾ മുതൽ കമാൽ അവർക്ക് പിന്നാലെയുണ്ട്
ഇപ്പോൾ ഹോസ്പിറ്റലിലും. മാധവനെ കാര്യങ്ങൾ ധരിപ്പിച്ചത് കമാലാണ്.പക്ഷെ മറ്റുള്ളവരെ എങ്ങനെ അറിയിക്കും എന്ന് കരുതിനിന്ന മാധവനെ കടത്തിവെട്ടിക്കൊണ്ട് വാർത്ത വീണയുടെ ചെവിയിലെത്തിയത് കത്രീനയിലൂടെയും.
“സൂക്ഷിക്കണമവളെ.എന്തോ കരുതിത്തന്നെയാണവൾ.ഒരു പാളിച്ചയവളുടെ ഭാഗത്തു നിന്നും വന്നിട്ടുണ്ട്.അല്ലെങ്കിൽ ശംഭുവിനെ രുദ്ര രക്ഷിക്കാൻ ശ്രമിക്കില്ല.ശംഭുവിനെക്കൊണ്ട് അവൾക്കെന്തോ നേടാനുണ്ട്. അതാണ് കണ്ടെത്തേണ്ടതും തടയേണ്ടതും.”കമാൽ പറഞ്ഞു
“നീ ചെല്ല് കമാലെ.റപ്പായിയെ കാണ്.അവിടെയെന്ത് നടന്നു എന്ന് പറയാൻ അയാൾക്ക് കഴിയും.പിന്നെ ആ എസ് പിയെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം.” മാധവൻ നിർദ്ദേശിച്ചു.അടുത്ത ഉത്തരവാദിത്വം ലഭിച്ചതും കമാൽ അവിടെനിന്നുമിറങ്ങി.ഇപ്പോഴും മാധവൻ വിശ്വസിച്ചോരോന്നും ഏൽപ്പിക്കുന്നു എന്നത് കമാലിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
“നിനക്കിവിടെ എന്ത് കാര്യം.” കമാൽ പോയതും മാധവൻ രുദ്രയുടെ അരികിലെത്തിയിട്ട് ചോദിച്ചു.
“വഴിയിൽ കിടന്ന ശംഭുവിനെ ഇവിടെയെത്തിച്ചത് ഞാനാണ്. അതിന്റെ അവകാശത്തിലാണ് നിക്കുന്നതും ”
“ഇനിയത്തിന്റെ ആവശ്യമില്ല.” മാധവൻ പറഞ്ഞു.
“ഞാൻ ഹോസ്പിറ്റലിൽ തുടരുന്നത് നിങ്ങൾക്ക് തടയാൻ കഴിയില്ല.കാരണം ഇതൊരു പൊതു സ്ഥലമാണ്.ആർക്കും ഇവിടെ തുടരാം.”രുദ്ര പറഞ്ഞു.
“അവനെയെങ്കിലും ഇവിടെ എത്തിച്ചു.നന്ദിയുണ്ടതിന്.അത് പക്ഷെ ഒന്നും കാണാതെയാവില്ല എന്നെനിക്കറിയാം.പക്ഷെ ഇപ്പൊ അവന്റെ ബന്ധുക്കളിവിടെയുണ്ട്”
“ആ പറഞ്ഞവരിൽ ഞാനും പെടും മിസ്റ്റർ മാധവൻ.”രുദ്രയും വിട്ടുകൊടുത്തില്ല.പക്ഷെ അത് മാധവൻ ശ്രദ്ധിച്ചില്ല,അല്ലെങ്കിൽ അതിന്റെയർത്ഥം പെട്ടെന്ന് കത്തിയില്ല മാധവന്.
“നീ ജയിച്ചുനിക്കുകയാണ്.അവൻ ഒഴുക്കിയ ചോരക്ക് കണക്ക് പറയേണ്ടിയും വരും.”മാധവൻ ശബ്ദം താഴ്ത്തി കടുപ്പിച്ചാണ് പറഞ്ഞത്.
“എന്റെ കണക്കൊന്നു പിഴച്ചു. അതുകൊണ്ട് മാത്രമാണ് ഇവിടെ. അല്ലെങ്കിൽ വഴിയിൽ കിടന്ന് തീരട്ടെ എന്ന് കരുതാമായിരുന്നു. ഒരു നിമിഷം തോന്നിയ മനസ്സലിവ് അതാണ് അവനിപ്പോൾ അല്പം ജീവനോടെയെങ്കിലുമുള്ളത്. അത് എപ്പോഴും പ്രതീക്ഷിക്കരുത്. പ്രതേകിച്ചും തന്റെ കാര്യത്തിൽ.” മൂർച്ചയുള്ള വാക്കുകൾ കൊണ്ട് തന്നെ രുദ്ര മറുപടി നൽകി.
അവരുടെ തർക്കം മുറുകിയ നേരം വെയ്റ്റിങ് ഏരിയയിലുള്ള മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ട് രുദ്ര അവിടെനിന്നും സ്വയം പിൻമാറിയപ്പോൾ ഒഴിഞ്ഞയൊരു കോണിലെ കസേരയിലൊന്നിൽ തളർന്നിരിക്കുകയായിരുന്നു സാവിത്രി. ***** സുര കാവലിനുണ്ട് എങ്കിലും ഗായത്രിയാകെ പകച്ചിരിപ്പാണ്. വീണയുടെ ഭാവമാറ്റം അവളെ വല്ലാതെ ഉലച്ചുകളഞ്ഞു.
അതുമല്ല ഒന്നും മിണ്ടാതെ,സുര എതിർത്തിട്ടും കൂട്ടാക്കാതെ വീണ ചെട്ടിയാർക്കൊപ്പം പോയത് അവളെ ഭയപ്പെടുത്തിക്കളഞ്ഞു. പതിവില്ലാത്തതാണ് പലതും നടക്കുന്നത് എന്നവളോർത്തു.
ഗായത്രിയോട് എങ്ങോട്ടെന്ന് പോലും പറയാതെ ചെട്ടിയാരെ വിളിച്ചുവരുത്തി അയാളുടെ വണ്ടിയിലേക്ക് കയറുമ്പോൾ സുര എതിർത്തുനോക്കിയതാണ്. പക്ഷെ വീണ കൂട്ടാക്കിയില്ല. ഒരാളെ കൂടെ വിടാനും സമ്മതം നൽകിയില്ല.ഗായത്രിയെ ശ്രദ്ധിക്കുക എന്ന് മാത്രമാണ് വീണ പറഞ്ഞത്.
ഇരുട്ടാണ്,ഒരു ജീവൻ ഉള്ളിലുണ്ട്, പ്രതീക്ഷിക്കാതെയുള്ള ചില സംഭവവികാസങ്ങൾ,എങ്ങോട്ട് എന്നറിയില്ല,കൂടെയുള്ളയാളെ വിശ്വസിക്കാമോ എന്നുമറിയില്ല. വീണയുടെ പോക്ക് കണ്ട സുരക്ക് ഒന്നും ചെയ്യാനുമായില്ല.ഗായത്രി പരിഭ്രാന്തയായി.നടന്ന കാര്യങ്ങൾ മാധവനെ വിളിച്ചറിയിക്കാൻ അധികം വൈകിയതുമില്ല.ഒരു കാര്യം മാത്രം അവർക്ക് ആശ്വാസം നൽകി,സുരയൊ മറ്റാരെങ്കിലുമോ തനിക്ക് കൂട്ട് വരണ്ട എന്നവൾ പറഞ്ഞെങ്കിലും വകതിരിവോടെയുള്ള ഇരുമ്പിന്റെ പെരുമാറ്റം മാധവന്റെ അഭിനന്ദനത്തിന് അയാളെ പ്രാപ്തനാക്കി.
തനിക്ക് കാവലായി സുരയുടെ ആൾക്കാരുണ്ടെന്നറിയാതെ, താൻ ഇപ്പോഴും അവരുടെ സർക്കിളിലാണെന്നുള്ളത് ചിന്തിക്കാതെയുമുള്ള വീണയുടെ ആ യാത്ര ചെന്നുനിന്നത് പത്രോസിന്റെ മുന്നിലും.
“നിങ്ങൾ വരില്ലെന്ന് ഞാൻ കരുതി “വീണ കാറിൽ നിന്നിറങ്ങുന്നത് കണ്ട് അവൾക്കരികിലേക്ക് വന്ന പത്രോസ് പറഞ്ഞു.ഹൈവെയിൽ അവർക്കായി കാത്തുനിൽക്കുകയായിരുന്നു അയാൾ.
“വന്നല്ലേ പറ്റൂ.ആവശ്യം എന്റേത് കൂടിയല്ലെ.”വീണ പറഞ്ഞു.എന്നിട്ട് പരിസരം ഒന്ന് ശ്രദ്ധിച്ചശേഷം പത്രോസിനൊപ്പം അയാളുടെ വണ്ടിയിലേക്ക് കയറി. ഹൈവെയിൽ സ്വന്തം കാറിൽ ചെട്ടിയാർ അവരെ പിന്തുടർന്നു.
വീണ പുറപ്പെട്ടതിന് ശേഷം ഏതാനും മിനിറ്റിനുള്ളിൽ അവർ സുരയുടെ കൺവെട്ടത്തുതന്നെ ആയി.അവരുടെ ഓരോ നീക്കവും അപ്പോഴപ്പോൾ സുരയെ കൂട്ടാളികൾ അറിയുന്നുമുണ്ട്.
“അപ്പൊ എങ്ങനാ പത്രോസ് സാറെ ബാക്കി കാര്യങ്ങൾ?”വണ്ടി ഓടുന്നതിനിടയിൽ വീണ ചോദിച്ചു.
“എന്റെ ഡിമാൻഡ് ഞാൻ പറഞ്ഞു.എന്റെ നിലനിൽപ്പ്,അത് എനിക്കുറപ്പിക്കണം.”അതും പറഞ്ഞൊരു വഷളൻ നോട്ടം അയാൾ നോക്കുകയും ചെയ്തു.
“സാറെ പത്രോസേ….താൻ പട്ടിണി ആണെന്നൊക്കെ എനിക്കറിയാം. കെട്ടിയോൾക്ക് തന്റെ വിശപ്പ് തീർക്കാൻ കഴിയാത്തതും.എന്ന് കരുതി അങ്ങനെ വേണമെന്നല്ല. പുറത്ത് നിന്നുള്ള ഭക്ഷണത്തിന് എന്താ കുറവ്.പക്ഷെ അതിനുള്ള സ്ഥലം തത്കാലം വേറെ നോക്ക്. എനിക്കതിനുള്ള സാഹചര്യവും അല്ല,അതിന് തനിക്ക് യാതൊരു യോഗ്യതയുമില്ല.”അയാളുടെ നോട്ടം മനസിലാക്കിയ വീണ പറഞ്ഞു.
പത്രോസ് ഒന്ന് ചമ്മി എന്നത് സത്യം.അയാൾക്കവളിൽ ഒരു നോട്ടവുമുണ്ടായിരുന്നു.പക്ഷെ ഒന്ന് ചൂണ്ടയിട്ടു നോക്കിയപ്പോൾ മുഖത്തടി കിട്ടിയതുപോലെയും ആയി.പയ്യെ തിന്നാൽ പനയും തിന്നാം എന്നതിൽ വിശ്വസിച്ച് മുന്നോട്ട് നീങ്ങുന്ന പത്രോസ്
വേഗം തന്നെ ഹൈവേയിൽ നിന്ന് ഉള്ളിലേക്കുള്ള വഴിയേ തങ്ങളുടെ റൂട്ട് മാറ്റിപ്പിടിച്ചു.പിന്നാലെ ചെട്ടിയാരും.
അവരുടെ പോക്ക് ഓരോ സെക്കന്റിലും അറിഞ്ഞുകൊണ്ടിരുന്ന സുരക്ക് എന്തോ സംശയങ്ങൾ തോന്നിത്തുടങ്ങി.
ഒടുവിൽ ആ മീറ്റിങ് പ്ലേസിൽ എത്തിച്ചേരുമ്പോൾ അവരെയും കാത്ത് ആ വ്യക്തി അവിടെ ഉണ്ടായിരുന്നു. ***** ആകെ തല പുകഞ്ഞു നിൽക്കുകയാണ് ചന്ദ്രചൂഡൻ. തന്റെ കൺസന്റ് റൂട്ട് മാറിയിരിക്കുന്നു.അതിന്റെ കാരണം വ്യക്‌തവുമല്ല.വീട്ടിലും പോവാൻ കഴിയാത്തയവസ്ഥ. കാലങ്ങളായി നടക്കുന്ന തന്റെ ഇടപാടിൽ സംഭവിച്ച പിഴവിന്റെ കാരണമറിയാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു അയാൾ.
വീണ കളിക്കുകയാണ്.അവളുടെ തീരുമാനം നടപ്പിലാക്കാൻ ചെട്ടിയാരും എന്തിനും പിൻബലം നൽകിക്കൊണ്ട് എംപയർ ഗ്രൂപ്പും. അത് മനസിലാക്കിയ അയാൾ ദേഷ്യം കൊണ്ട് പല്ല് കടിച്ചു.എന്ത് സംഭവിച്ചാലും അവളുടെ മുന്നിൽ പരാജയപ്പെടാനോ മുന്നിൽ ചെന്ന് യാചിക്കാനോ അയാളെ മനസ്സ് അനുവദിച്ചില്ല.എന്ത് ചെയ്യും എന്ന് അയാൾ ചിന്തിച്ചുകൊണ്ടിരുന്നു. എന്തും ചെയ്യും എന്നയവസ്‌ഥ. പക്ഷെ ചെട്ടിയാരുടെ കൃത്യമായ ഇടപെടലുകൾ ചന്ദ്രചൂഡന്റെ നീക്കങ്ങളുടെ മുനയൊടിച്ചു.
ചന്ദ്രചൂഡന് തന്റെ ഇടപാടുകളിൽ നിന്നും മാറിനിൽക്കുക എളുപ്പമായിരുന്നില്ല. അത്രയെളുപ്പം സാധ്യമാകുന്ന ഒന്നല്ലായിരുന്നു അത്.പക്ഷെ ഏറ്റ തോൽവി അയാളെ പിന്നിലേക്ക് വലിച്ചു.പ്രത്യാഘാതങ്ങൾ അയാളെ തേടിയെത്തും എന്ന സ്ഥിതി.
കൺസന്റ് കൈമോശം വന്ന ശേഷം അത് തിരിച്ചെടുക്കാൻ നടത്തിയ ശ്രമത്തിൽ പോലും പരാജയമായിരുന്നു ഫലം.ഒടുക്കം ആ മാർഗവും പരാജയപ്പെട്ടപ്പോൾ അയാളാകെ അസ്വസ്ഥനായി.എങ്ങനെയും തടി കഴിച്ചിലാക്കാനുള്ള തത്രപ്പാടിലാണയാൾ.
ചന്ദ്രചൂഡന്റെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് പണം അയച്ചവരുടെയും അത് കിട്ടേണ്ടവരുടെയും വിളികൾ വന്നുകൊണ്ടിരുന്നു.ഉന്നതമായ കണ്ണികളുടെ വക വേറെ.മേജർ കാരിയർ താണെന്നഹങ്കരിച്ച ചന്ദ്രചൂഡന് ഓർക്കാപ്പുറത്തേറ്റ അടിയായി അത്. ചോദിക്കുമ്പോൾ തികച്ചും ചൈൽഡിഷായ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിയെടുക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. അതധികസമയം വിലപ്പോയുമില്ല.
ഒടുവിൽ നിരാശയോടെ എന്തും വരട്ടെ എന്നുകരുതി ടെൻഷൻ പിടിച്ച ഒരു രാത്രിയിൽ നൈറ്റ് ഡ്രൈവിനിടയിൽ എപ്പോഴോ റോഡരികിൽ വണ്ടിയൊതുക്കി അത്രനേരമുള്ള അലച്ചിലിന്റെ ക്ഷീണമകറ്റുന്നതിനിടയിലാണ് അവിചാരിതമായി പോലീസ് വണ്ടി അതുവഴി വരുന്നതും നോ എൻട്രിയിൽ വാഹനം പാർക്ക് ചെയ്ത ചന്ദ്രചൂഡന്റെ ഫോർച്യുണർ കാണുന്നതും.
ഒന്ന് പെറ്റിയടിച്ചു വിടാം എന്നെ കരുതിയുള്ളൂ അവർ.പക്ഷെ ആകെ അസ്വസ്ഥനായിരുന്ന ചന്ദ്രചൂഡന്റെ പരസ്പരബന്ധം ഇല്ലാതെയുള്ള ഉത്തരങ്ങളിൽ സംശയം തോന്നിയ പോലീസ് ഉടൻ തന്നെ കസ്റ്റടിയിലെടുത്തു. എത്തിച്ചത് കോശിയുടെയും പീറ്ററിന്റെയും മുന്നിൽ. ***** തെളിവുകളില്ല എന്ന വിക്രമന്റെ സമ്മതം മാത്രം മതിയായിരുന്നു വിനോദിന്റെ ആശങ്കയകറ്റാൻ.
പക്ഷെ വിക്രമൻ ഓടും.താനും അയാൾക്കൊപ്പമോടണം.തന്റെ വഴിയിലേക്ക് വിക്രമൻ വരാതെ നോക്കുകയും വേണം.
ഇതൊരു മത്സരമാണ്. കുതിര പന്തയത്തേക്കാൾ ഹരം നൽകുന്നത്.പക്ഷെ ഇവിടെ പണയവസ്തു കുറച്ചു ജീവിതങ്ങളാണ്.അതാണ് വിനോദിന്റെ ആശങ്കക്ക് കാരണം
തനിക്കോ മറ്റുള്ളവർക്കോ എന്ത് വന്നാലും കുഴപ്പമില്ല എന്ന മനസ്ഥിതിയിലാണ്.പക്ഷെ വീണ അങ്ങനെയല്ല.ഒരുപാട് സഹിച്ച അവളെ ഇനിയും ദുരിതങ്ങൾക്ക് നടുവിലേക്ക് വലിച്ചെറിയാൻ വിനോദിന് സാധിക്കുമായിരുന്നില്ല
ഇപ്പോൾ സംഭവിക്കുന്നതെല്ലാം വീണയുടെ നിർബന്ധമാണ്. അല്ലെങ്കിൽ തീർത്തുകെട്ടിയേനെ താൻ എന്ന് വിനോദ് സ്വയം കരുതിയിട്ടുണ്ട്,ചിലപ്പോഴെങ്കിലും ഭാര്യയോട് പറഞ്ഞിട്ടുണ്ട്.
വിനോദിന്നിപ്പോൾ മനസിലാവുന്നില്ല വീണയെ. പക്ഷെ അവളുടെ ലക്ഷ്യം….ഒന്നും കാണാതെ പ്രവർത്തിക്കുന്നവൾ അല്ല വീണ എന്ന വിശ്വാസം…… അതാണ് മറുത്തൊരു ചോദ്യം ചോദിക്കാൻ വിനോദിനെ പ്രേരിപ്പിക്കാത്തതും.അവസാനം വിളിച്ചപ്പോഴും വീണ പറഞ്ഞത് അവസാന കളിക്ക് സമയമായി, ഒരുങ്ങിയിരിക്കൂ എന്നാണ് എന്നതും വിനോദ് ഓർത്തെടുത്തു.
പക്ഷെ മറുവശത്ത് വിക്രമനാണ്. തോൽക്കാൻ മനസ്സില്ലാത്ത ജന്മം. അത് വിനോദും കൂട്ടരും സരളമായി കണ്ടു.ഒരു പക്ഷെ വിക്രമൻ എന്ന മനുഷ്യന്റെ ജനിതക ഘടന മനസ്സിലാക്കിയ ആരും അയാളെ പുച്ഛിച്ചു തള്ളില്ല എന്ന സത്യം വിനോദ് കാര്യമാക്കിയില്ല എന്നതും വസ്ഥവം. ***** ചിത്ര പുറത്തിറങ്ങാൻ പോലും കഴിയാതെ വീട്ടിൽ തന്നെയാണ്. ജോലിയും പോയി ആകെ നാറുകയും ചെയ്തു.ഇനിയെന്ത് എന്ന ചോദ്യവുമായി നിക്കുന്ന അവളെ തേടി അവരെത്തി.കൂരാ കൂരിരുട്ട്.കാലം തെറ്റിയുള്ള മഴ. മേഘം ഗാർജിക്കുകയാണ്. മിന്നൽ ആ രാത്രിക്ക് വെളിച്ചം പകരുന്നു.അതിന്റെ ഫലമെന്നവണ്ണം ഇരുളിനോട് കൂട്ടുകൂടിയാണ് അവളുടെ ഇരുപ്പ് പോലും.
ഡോറിൽ ശക്തിയോടെ തട്ടുന്ന ശബ്ദം കേട്ട് അവൾ ഭയന്നു. വല്ലാതെ പകച്ചുപോയി അവൾ. ഒരുവേള പേടിച്ച് അല്പം പിന്നോട്ട് ഇരുന്നുപോയി ചിത്ര.
വാതിലിൽ തട്ടുന്നതിന്റെ ശബ്ദം ഏറിവന്നു.ചിത്രയുടെ കൈ നിലത്ത് തന്റെ കയ്യെത്തും ദൂരത്തായി വച്ചിരുന്ന കത്തിയിൽ ചെന്നുനിന്നു.
അവളുടെ പിടിയതിൽ മുറുകി. ജീവിതം തന്നെ ഇനിയെന്തിന് എന്ന ചിന്തയിലിരിക്കുന്ന തനിക്കിനി എന്ത് നോക്കാൻ. എന്തും വരട്ടെ എന്നവൾ കരുതി. ഒരു വേള മരണം തന്നെ പുൽകിയാലും ആശ്വാസം എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ചിത്ര തന്റെ ചുവടുകൾ വച്ചു.
അവളുടെ ചുവടുകൾ കരുതി തന്നെയാണ്.എങ്കിലും ഒരു ഭയം അവളിലുണ്ട്.കത്തി മുറുകെ പിടിച്ച്,ചെറിയൊരു ടോർച്ചിന്റെ വെളിച്ചത്തിൽ അവൾ ഡോറിന് പിന്നിൽ പതുങ്ങിനിന്നുകൊണ്ട് പുറത്തേക്ക് കാത് കൂർപ്പിച്ച് ശ്രദ്ധിച്ചു.പക്ഷെ മഴയുടെ ശബ്ദം പുറത്തുള്ളവരുടെ ശബ്ദം തിരിച്ചറിയുവാനുള്ള അവളുടെ ശ്രമം വിഭലമാക്കി.
വന്നവർ ഡോർ തള്ളിത്തുറക്കാൻ ശ്രമിക്കുന്നുണ്ട്.രണ്ടും കല്പിച്ചു തന്നെ അവൾ വാതിലിന്റെ കൊളുത്തെടുത്തു.നേരിടുക തന്നെ എന്നുറപ്പിച്ച അവൾ കത്തി മുന്നിലേക്ക് പിടിച്ചിരുന്നു.
ഇടിവെട്ടി പെയ്യുന്ന മഴയിൽ കുളിച്ച്,മിന്നലിന്റെ വെളിച്ചത്തിൽ വന്നവരെ അവൾ തിരിച്ചറിഞ്ഞു.
************ തുടരും ആൽബി
Comments:
No comments!
Please sign up or log in to post a comment!