Soul Mates 12
Episode 12 Begin Again
ആശയിൽ നിന്നും ആ പേര് കേട്ടതും ഞാൻ ശരിക്കും ഞെട്ടി പോയി..
പക്ഷേ ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെ ആണോ ഇവിടെ വന്നിരിക്കുന്നത് എന്ന് അറിയില്ലല്ലോ…
ഞാൻ എന്തോ ആലോചിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ആശ എൻ്റെ തോളിൽ തട്ടി ചോദിച്ചു..
“എന്താ വിനു..??”
“ഏയ്.. ഏയ് ഒന്നുമില്ല…”
“ഉം.. എന്നാ വാ.. മീറ്റിംഗ് ഉള്ളതല്ലേ ലേറ്റ് ആവണ്ട…”
മനസ്സിൽ ആയിരം ചോദ്യങ്ങളുമായി ഞാൻ ഓഫീസിൻ്റെ അകത്തേക്ക് കയറി..
കാബിനിൽ ഇരിക്കുമ്പോൾ പോലും എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു..
എല്ലാം കലങ്ങി തെളിഞ്ഞ് വന്നപ്പോൾ ആണ് അടുത്തത്..
പക്ഷേ അവൻ തന്നെ ആണ് ഇവിടെ വന്നിരിക്കുന്നത് എങ്കിൽ അവനെ വെറുതെ വിടാൻ പറ്റില്ല.. അത് അതിഥിക്ക് വേണ്ടി മാത്രമല്ല, അവൻ്റെ ചതിയിൽ വീണിട്ടുള്ള എല്ലാ പെൺകുട്ടികൾക്കും വേണ്ടി ആണ്…
കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി ഞാൻ വെറുതെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് ആരോ വന്ന് മീറ്റിംഗ് തുടങ്ങാൻ പോകുന്നു എന്ന് പറഞ്ഞത് കേട്ടാണ് ഞാൻ ആലോചനകൾ വിട്ട് ഉണർന്നത്…
ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് മീറ്റിംഗ് റൂമിലേക്ക് നടന്നു..
വാതിലിൻ്റെ അടുത്തേക്ക് ഓരോ ചുവട് വക്കുമ്പോളും എൻ്റെ ഹൃദയം നന്നായി മിടിക്കുന്നുണ്ടായിരുന്നു…
ഒരുപക്ഷേ ഈ മുറിക്കുള്ളിൽ ഉള്ള ആൾ ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെ ആണെങ്കിൽ… അണെങ്കിൽ എന്താണ് ചെയ്യേണ്ടത്.. അതിഥിയെ അറിയിക്കണോ.. അതോ അവളിൽ നിന്ന് മറച്ച് വെക്കണോ.. എന്തിന് മറച്ച് വക്കണം.. അവള് അറിയേണ്ട കാര്യം തന്നെ അല്ലേ…
രണ്ടും കൽപ്പിച്ച് ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി..
ടേബിളിൻ്റെ ഏറ്റവും അറ്റത്ത് ഇരിക്കുന്ന ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി…
പക്ഷേ ഭാഗ്യമോ നിർഭാഗ്യമോ ഞാൻ ഉദ്ദേശിച്ച് വന്ന ആൾ ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത്..
പക്ഷേ മനസ്സിനെ സമാധാനിപ്പിക്കാൻ ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഒരു തവണ കൂടി അതിഥി കാണിച്ച ആ ഫോട്ടോ വച്ച് നോക്കി.. പക്ഷേ രാവും പകലും തമ്മിൽ ഉള്ള മാറ്റം ഉണ്ട് രണ്ട് പേരും തമ്മിൽ..
അങ്ങനെ അധികം വൈകാതെ തന്നെ മീറ്റിംഗ് ആരംഭിച്ചു…
പ്രോജക്ടിന് കുറിച്ച് കൃത്യമായ ധാരണ ഉള്ള വളരെ നല്ല സ്വഭാവം ഉള്ള ഒരാളാണ് ഇവിടെ വന്നിരിക്കുന്ന കെവിൻ എന്ന് എനിക്ക് അദ്ദേഹത്തിൻ്റെ സംഭാഷണങ്ങളിൽ നിന്ന് തന്നെ വ്യക്തമായി.
അല്ലെങ്കിലും ഇതെൻ്റെ തെറ്റിദ്ധാരണ തന്നെ ആണ്.. ഏതൊരു കള്ളനും സ്വന്തം ഐഡൻ്റിറ്റി ഉപയോഗിച്ച് ഇത് പോലെ ഉള്ള തട്ടിപ്പുകൾക്ക് ഇറങ്ങില്ലല്ലോ…
മീറ്റിംഗ് വളരെ ഭംഗിയായി തന്നെ അവസാനിച്ചു…
ഹാളിൽ നിന്നും ഞാൻ പുറത്തേക്ക് നടക്കുമ്പോൾ ആണ് ആരോ എന്നെ പുറകിൽ നിന്ന് വിളിച്ചത്…
“എക്സ് ക്യൂസ് മി.
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കെവിൻ ആയിരുന്നു..
“എസ് സാർ…”
“സോറി.. ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും ഇവിടെ കണ്ടിട്ടില്ലല്ലോ…”
“ഞാൻ ലീവിൽ ആയിരുന്നു സാർ.. ഇന്നാണ് തിരികെ വന്നത്..”
“ഓ.. മലയാളി തന്നെ ആണല്ലേ ഞാൻ അറിയാതെ മലയാളം പറയുകയും ചെയ്തു…”
“മലയാളി തന്നെ ആണ് സാർ..”
“സാർ വേണ്ട.. കെവിൻ.. അത് മതി..”
“ഓകെ.. മുന്നേ ഉള്ള പുള്ളിക്ക് വേറെ എന്ത് പറഞ്ഞില്ലേലും ഡെയിലി ഒരു മൂന്ന് നാല് തവണ സാർ എന്ന് വിളിക്കണം..”
“ഹ.. ഹ.. പക്ഷേ എനിക്ക് അത് വേണ്ട..”
“ഓകെ കെവിൻ..”
“ഇവിടെ കൂടുതൽ മലയാളികൾ ആണല്ലേ..”
“അതെ.. ഹയർ ലെവൽ മുതൽ താഴെ വരെ മുഴുവൻ നമ്മുടെ ആൾക്കാർ തന്നെ ആണ്..”
“ഹും.. സോറി.. ഞാൻ പേര് ചോദിച്ചില്ല..”
“വിനോദ്..”
“ഓകെ.. വിനോദ് ഇപ്പൊ ഇവിടെ എത്ര നാളായി..??”
“ഞാൻ വന്നിട്ട് ഇപ്പൊ കുറച്ച് മാസം ആയിട്ടുള്ളൂ…”
“കൊറോണ ടൈമിൽ റീ ജോയിൻ ചെയ്തതാവും അല്ലേ..”
“അതെ.. മുന്നേ ഞാൻ ബാംഗ്ലൂരിൽ ആയിരുന്നു..”
“ആണോ.. ഞാനും ബാംഗ്ലൂർ ആയിരുന്നു.. ഇപ്പൊ അല്ല.. കുറച്ച് മുന്നേ.. അവിടെ നിന്നാണ് മുംബൈയിലേക്ക് മാറിയത്..”
“ഹൊ..”
“അപ്പോ ശരി വിനോദ് കാണാം..”
“ഓകെ കെവിൻ..”
അങ്ങനെ അദ്ദേഹം കാബിനിലേക്കും ഞാൻ എൻ്റെ കാബിനിലേക്കും തിരികെ പോന്നു…
പുള്ളി പറഞ്ഞത് അയാളും ബാംഗ്ലൂർ ഉണ്ടായിരുന്നു എന്നാണല്ലോ…
അതിഥിയുടെ ഡയറിയിൽ എഴുതിയത് പ്രകാരം അവളെ കണ്ട് കെവിൻ പിരിഞ്ഞത് മുംബൈയിൽ അത്യാവശ്യമായി പോകണം എന്ന് പറഞ്ഞാണ്..
പേരും സ്ഥലവും വർഷങ്ങളും എല്ലാം കൃത്യം.. പക്ഷേ ആൾ മാത്രം മാറി പോയി…
ഇനി വല്ല പ്ലാസ്റ്റിക്ക് സർജറിയും… ഏയ്.. വെറുതെ….
ഞാൻ സീറ്റിലേക്ക് ഇരുന്ന് ജോലികളിൽ മുഴുകി…
🌀🌀🌀🌀🌀🌀🌀🌀🌀
ദിവസങ്ങൾ പിന്നെയും കടന്നു പോയി…
കെവിനിൻ്റെ കൃത്യമായ പ്ലാനിംഗ് ഉള്ളതിനാൽ ഇത്ര വലിയ പ്രോജക്ട് ആയിട്ടും ജോലി ഭാരം തോന്നിയത് പോലും ഇല്ല…
അദ്ദേഹം ആളുകളോട് ഇടപഴകുന്ന രീതിയും മുകളിൽ ഉള്ളവരെ മുതൽ താഴെ ഉള്ളവരെ വരെ ഒരേ രീതിയിൽ നോക്കി കാണുന്നതും വളരെ പ്രശംസനീയം ആയിരുന്നു…
ഞാൻ മനസ്സിൽ കണ്ട കെവിൻ റിച്ചാർഡ് എന്ന പേരിൻ്റെ ഉടമ ഒരിക്കലും ഇത്തരത്തിൽ ഉള്ള ഒരാളായിരുന്നില്ല…
കെവിൻ എന്ന് വിളിക്കുമ്പോൾ ഉള്ള ഒരു ബുദ്ധിമുട്ട് ഒഴിച്ചാൽ എനിക്ക് അദ്ദേഹത്തോട് വളരെ മതിപ്പ് ആയിരുന്നു.
ഇന്ന് ഓഫീസിൽ നിന്ന് കുറച്ച് നേരത്തെ ഇറങ്ങി..
നീതു ചേച്ചി എന്തൊക്കെയോ ചില ആവശ്യങ്ങൾക്കായി ബാംഗ്ലൂരിൽ പോയിരിക്കുകയാണ്…
അതിഥിയെ കണ്ടിട്ട് കുറെ ആയിട്ടുണ്ട്..
അത് കൊണ്ട് അങ്ങോട്ട് ചെല്ലാം എന്ന് വച്ചു…
അതിഥിയുടെയും വിഷ്ണുവിൻ്റെയും കാര്യങ്ങള് ഏകദേശം തീരുമാനം ആയത് കൊണ്ട് ഇനി അങ്ങോട്ട് പോകാനോ അവരെ കാണാനോ നിൽക്കണ്ട എന്നായിരുന്നു തീരുമാനം..
പക്ഷേ ഒരു നല്ല സുഹൃത്ത് ബന്ധം നശിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി മാത്രം ആണ് ഇപ്പോഴും അങ്ങോട്ട് ഇടക്കൊക്കെ പോകുന്നത്..
അതിഥിയുടെ വീട്ടുകാർക്ക് അതിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
അങ്ങനെ ഞാൻ അതിഥിയുടെ വീട്ടിൽ എത്തി..
കോളിംഗ് ബെൽ അടിച്ചതും വാതിൽ തുറന്നത് ശങ്കരേട്ടൻ ആയിരുന്നു…
“ഹാ.. വിനു മോനെ.. ഇപ്പൊ ഇങ്ങോട്ട് ഒന്നും കാണാനേ ഇല്ലല്ലോ..”
“ഓഫീസിൽ ജോലി തിരക്കാണ് ചേട്ടാ.. അതിഥി ഇല്ലെ..??”
“ഉണ്ട്..മോള് മുറിയിലാണ്.. ഞാൻ വിളിക്കാം.. കുഞ്ഞ് ഇരിക്ക്…”
ഞാൻ സോഫയിലേക്ക് ഇരുന്നു…
അധികം വൈകാതെ തന്നെ അതിഥി മുകളിൽ നിന്ന് കോണി ഇറങ്ങി വരുന്നത് ഞാൻ കണ്ടു…
അവള് ഓടി വന്ന് എൻ്റെ കൂടെ സോഫയിൽ ഇരുന്നു…
“ഹായ്.. എന്താടോ ഈ വഴി ഒക്കെ മറന്നോ..??”
“മറന്നതൊന്നും അല്ല.. ജോലി തിരക്ക് ആയി പോയി..”
“ഉം… ആൻ്റി ബാഗ്ലൂർ പോയതാണ്..”
“അറിഞ്ഞു…”
“ഉം…”
“ഞാൻ തന്നോട് വേറൊരു കാര്യം പറയാൻ ആണ് വന്നത്..”
“എന്ത് കാര്യം..??”
ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുന്നേ അങ്ങോട്ട് മറ്റൊരാൾ കടന്ന് വന്നു…
വിഷ്ണു ആയിരുന്നു.. നല്ല സ്പീഡിൽ നടന്ന് വന്നിരുന്ന വിഷ്ണു, എന്നെയും അതിഥിയെ യും ഒരുമിച്ച് കണ്ടപ്പോൾ ഒരു നിമിഷം ഒന്ന് നിന്നതായി എനിക്ക് തോന്നി…
പക്ഷേ അവൻ അത് പുറത്ത് കാണിച്ചില്ല.. ചിരിച്ച് കൊണ്ട് തന്നെ ഞങ്ങളുടെ അടുത്തേക്ക് വന്നു…
“വിനോദ് ഇവിടെ ഉണ്ടായിരുന്നോ..??”
“ഞാൻ ജസ്റ്റ് ഇപ്പൊ വന്നതെ ഒള്ളു..”
വിഷ്ണു ഞങ്ങളുടെ കൂടെ സോഫയിൽ ഇരുന്നു…
അതിഥിയും വിഷ്ണുവും തമ്മിൽ അവർക്ക് മാത്രം അറിയാവുന്ന എന്തൊക്കെയോ കാര്യങ്ങള് സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു…
ഞാൻ ഇവിടെ ഇരിക്കുന്നുണ്ട് എന്ന കാര്യം ഒരുപക്ഷേ അവർ മറന്നിരിക്കാം…
പെട്ടന്ന് എന്തോ ഓർത്തത് പോലെ അതിഥി എന്നോട് ചോദിച്ചു…
“അല്ല.
“അത് അതിഥി.. എൻ്റെ ഓഫീസിൽ പുതിയ ഒരു ഹെഡ് വന്നിട്ടുണ്ട്.. പുള്ളി ആദ്യം ബാഗ്ലൂർ ആയിരുന്നു അതിനു ശേഷം മുംബൈയിൽ പോയി.. പേര്.. പേര് കെവിൻ റിച്ചാർഡ്…”
“കെവിൻ റിച്ചാർഡ്…!!!!!???”
അൽഭുതത്തോടെ ആണ് അതിഥി അത് ചോദിച്ചത്…
എല്ലാം കേട്ടപ്പോൾ വിഷ്ണുവും ചോദിച്ചു..
“അല്ല.. കെവിൻ എന്ന് പറയുമ്പോൾ..”
“നിങൾ ഉദ്ദേശിച്ച കെവിൻ അല്ല.. പക്ഷേ ബാക്കി എല്ലാ കാര്യങ്ങളും സെയിം ആണ്.. ആദ്യം ഞാനും വിചാരിച്ചത് ഇത് അയാൾ തന്നെ ആകും എന്നാണ്… പക്ഷേ ഇയാൾക്ക് അത്യാവശ്യം പ്രായമുണ്ട്…”
ഞാൻ ഫോൺ എടുത്ത് ഓഫീസിൽ ഉള്ള കേവിനിൻ്റെ ഫോട്ടോ അവരെ കാണിച്ചു…
“അല്ല.. ഇതല്ല വിനു…”
“അറിയാം…”
അതിഥിയും തറപ്പിച്ച് തന്നെ പറഞ്ഞു, അവളെ ചതിച്ച കെവിൻ റിച്ചാർഡ് ഇതല്ല എന്ന്…
അത് നേരത്തെ തന്നെ എനിക്ക് ബോധ്യമായത് ആണ്…
ഇനിയും അവരുടെ സ്വകാര്യ നിമിഷങ്ങൾ അപഹരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി…
എന്നെ കണ്ടപ്പോൾ വിഷ്ണുവിന് ഉണ്ടായ മാറ്റം കൂടി കണ്ടതോടെ അതിഥിയുടെ കാര്യത്തിൽ ഞാൻ കുറച്ച് കൂടി ശ്രദ്ധ ചെലുത്തണം എന്ന് എനിക്ക് തോന്നി…
🌀🌀🌀🌀🌀🌀🌀
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോകാൻ റെഡിയായി കണ്ണാടിയിൽ നോക്കി മുടി ഒതുക്കി നിൽക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്…
നോക്കിയപ്പോൾ അമ്മാവൻ ആയിരുന്നു..
അമ്മാവൻ എന്താ ഇത്ര നേരത്തെ…
“ഹലോ…??”
“വിനു.. നീ ഓഫീസിൽ ആണോ..??”
“അല്ല അമ്മാവാ.. ഞാൻ ഇറങ്ങുന്നെ ഒള്ളു.. പറഞ്ഞോളൂ..”
“മോനെ ആതു മോളുടെ കാര്യം പറയാൻ ആണ്.. അജയ് മോൻ്റെ വീട്ടുകാർ വിളിച്ചിരുന്നു.. അവന് രണ്ട് മാസം കഴിഞ്ഞാൽ ലീവ് ഉണ്ടെന്നാണ് പറഞ്ഞത് അപ്പോ ആ സമയത്ത് നല്ല വല്ല മുഹൂർത്തവും ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു..”
“അല്ല അമ്മാവാ.. രണ്ട് മാസം എന്നൊക്കെ പറയുമ്പോൾ.. ഇത്ര പെട്ടന്ന്…”
“പെട്ടന്നാണ് മോനെ.. പക്ഷേ ഇത് കഴിഞ്ഞാൽ പിന്നെ അവന് ഇപ്പൊ അടുത്ത് ഒന്നും ലീവ് കിട്ടില്ല എന്നാണ് പറഞ്ഞത്…”
“ഉം… ശരി..”
“ഞാൻ വിളിച്ചത് മറ്റൊരു കാര്യം കൂടി പറയാൻ ആണ്.. അവളുടെ അക്കൗണ്ടിന് എന്തോ കുഴപ്പം ഉണ്ട്.. അപ്പോ ഞാൻ കുറച്ച് പൈസ മോൻ്റെ അക്കൗണ്ടിൽ ഇടാം.. മോൻ അതൊന്നു എടുത്ത് അവളുടെ കയ്യിൽ കൊടുക്കാമോ..”
“അതിനെന്താ അമ്മാവാ.. ഞാൻ കൊടുത്തോളാം..”
“ശരി മോനെ.
“ശരി ഞാൻ.. വൈകുന്നേരം അവളെ കാണുമ്പോ കൊടുക്കാം..”
“ശരി മോനെ..”
ആതിരയുടെ കാര്യത്തിൽ എല്ലാം വളരെ ഫാസ്റ്റ് ആണല്ലോ.. കണ്ണടച്ച് തുറക്കും മുന്നേ ആണ് അവളുടെ കല്ല്യാണം ഉറപ്പിച്ചത്…
ഇപ്പൊ ഇതാ കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ കല്ല്യാണം ആയി എന്നും പറയുന്നു…
പക്ഷേ എനിക്ക് എന്തോ ഇതിൽ അത്ര വലിയ താല്പര്യം ഒന്നും ഇല്ല..
അതെന്താണ് എന്നറിയില്ല.. പക്ഷേ ഇതറിഞ്ഞപ്പോൾ മുതൽ എനിക്ക് അത്ര സന്തോഷം ഒന്നും ഇലായിരുന്നു…
അജയുടെ വീട്ടുകാരും, കേട്ടറിഞ്ഞത് വച്ച് അജയും നല്ല ആളുകൾ ആണ്..
പക്ഷേ അതല്ല പ്രശനം…
ഞാൻ എന്തായാലും അതിനു അതികം പ്രാധാന്യം കൊടുത്തില്ല…
ഇന്ന് പ്രോജക്ടിൻ്റെ ലാസ്റ്റ് ദിവസം ആണ്…
കമ്പനിക്ക് വലിയ പ്രതീക്ഷകൾ ഉള്ള ഒരു അഭിമാന പദ്ധതി ആണിത്…
കാര്യങ്ങള് വിചാരിച്ചതിലും പെട്ടന്ന് ഇത്ര സ്മൂത്ത് ആയി പരിഹരിക്കപ്പെട്ടത്തിന് ഒരേ ഒരു കാരണം കെവിൻ മാത്രമാണ്…
ഈ പ്രോജക്ട് റൺ ചെയ്ത ഇത്രയും കാലത്തിൻ്റെ ഉള്ളിൽ തന്നെ കേവിനും ആയി എനിക്ക് നല്ലൊരു ബന്ധം സ്ഥാപിക്കാൻ സാധിച്ചിരുന്നു…
അങ്ങനെ വിചാരിച്ചതിലും ഭംഗിയായി തന്നെ വർക്കുകൾ അവസാനിച്ചു…
ഓഫീസിൽ ഭയങ്കര ആഹ്ലാദ പ്രകടനങ്ങൾ ആയിരുന്നു.. ഈ പ്രോജക്ടിന് വേണ്ടി എല്ലാവരും അത്രയും കഷ്ടപെട്ടിരുന്നു…
പക്ഷേ അതിനേക്കാൾ ഉപരി ഈ വർക്ക് കൊണ്ട് കെവിൻ ഓഫീസിൽ സ്റ്റാർ ആയി മാറി…
ഉച്ചക്ക് തന്നെ പണം ക്രെഡിറ്റ് ആയി എന്നുള്ള മെസ്സേജ് എനിക്ക് വന്നിരുന്നു..
ഓഫീസ് ബിൽഡിംഗിൽ തന്നെ ഉള്ള എ ടി എമ്മിൽ നിന്ന് ഞാൻ കാശ് വിഡ്രോ ചെയ്തു…
പാർക്കിങ്ങിൽ എത്തിയപ്പോൾ ഞാൻ ഫോൺ എടുത്ത് ആതിരയെ വിളിച്ചു…
ഫോൺ ബിസി ആയിരുന്നു…
മിക്കവാറും അജെയും ആയി സംസാരിക്കുക ആവും…
ഞാൻ വീണ്ടും ഒരു തവണ കൂടി കോൾ ചെയ്തു…
ഇത്തവണ റിംഗ് ചെയ്യുകയും ഫോൺ അറ്റൻഡ് ചെയ്യുകയും ചെയ്തു…
“ഹലോ..”
“ഭയങ്കര ബിസി ആണല്ലോ…”
“അത് എൻ്റെ ഒരു ഫ്രണ്ട് ആയിരുന്നു…”
“ഹൊ.. ഞാൻ കരുതി അജയ് ആകും എന്ന്..”
“അല്ല…”
“ഉം.. നിൻ്റെ അച്ഛൻ വിളിച്ചിരുന്നു.. കാശ് തരാൻ.. നിൻ്റെ ഹോസ്റ്റലിലേക്ക് വന്നാൽ മതിയോ..??”
“അച്ഛൻ പറഞ്ഞിരുന്നു… ഹോസ്റ്റലിൽ വരണ്ട.. ഞാനും ഫ്രണ്ട്സും ഫുഡ് കഴിക്കാൻ പുറത്ത് വരുന്നുണ്ട്.. ഞാൻ ലൊക്കേഷൻ അയക്കാം…”
“ശരി…”
ഞാൻ വണ്ടിയിലേക്ക് കയറി ആതിര അയച്ച് തന്ന ലൊക്കേഷനിലേക്ക് പുറപ്പെട്ടു…
റെസ്റ്റോറൻ്റിന് മുന്നിൽ എത്തിയപ്പോൾ ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു…
“ഹലോ..”
“ഞാൻ താഴെ ഉണ്ട്… ”
“മുകളിലേക്ക് വാ..”
“അത് വേണോ..?? ”
“വാ.. എൻ്റെ ഫ്രണ്ട്സിനെ ഒക്കെ കാണാം..”
“ഓകെ.. ശരി…”
ഞാൻ വണ്ടി അവിടെ നിർത്തി മുകളിലേക്ക് ചെന്നു…
ഭയങ്കര ഫാൻസി ആയിട്ടുള്ള റസ്റ്റോറൻ്റ് ആണല്ലോ.. വെറുതെ അല്ല ഇവൾക്ക് കാശിനു ഇത്ര അത്യാവശ്യം.. ഓ.. ചിലപ്പോ കല്യാണത്തിൻ്റെ ട്രീറ്റ് ആയിരിക്കും…
ഞാൻ മുകളിൽ എത്തിയതും ആൾ കുറവായത് കൊണ്ട് പെട്ടന്ന് തന്നെ അവർ ഇരിക്കുന്ന സീറ്റ് കണ്ടെത്താൻ സാധിച്ചു…
ഞാൻ അവരുടെ അടുത്തേക്ക് ചെന്നു…
“ആ.. വാ ഇരിക്ക്…”
“വേണ്ട.. എനിക്ക് പോണം..”
അത് കേട്ടപ്പോൾ ആതിരയുടെ കൂട്ടുകാരികളും പറഞ്ഞു..
“ഇരിക്ക് ചേട്ടാ… ഞങ്ങൾ എത്ര നിർബന്ധിച്ചിട്ട് ആണെന്നറിയോ ഈ പിശുക്കി ഒരു ട്രീറ്റ് തരാം എന്ന് സമ്മതിച്ചത്..”
അത് കേട്ടപ്പോൾ ആതിര പറഞ്ഞു..
“എടി.. എടി.. മതിയെടി എനിക്കിട്ടു വച്ചത്…”
അത് പറഞ്ഞ് അവള് എന്നെ നോക്കി…
“ഇരിക്ക്.. എന്തായാലും പുറത്ത് നിന്ന് തന്നെ കഴികണ്ടെ ഒറ്റക്ക് പാചകം ചെയ്യാൻ ഒന്നും പോണിലല്ലോ…”
“ശരി..”
അങ്ങനെ ഞാനും അവരുടെ കൂടെ ഇരുന്നു…
പിസയും ബർഗറും അങ്ങനെ എന്തൊക്കെയോ സാധനങ്ങൾ എല്ലാവരും കൂടി ഓർഡർ ചെയ്ത് കഴിച്ചു…
ഇത്രേം പെൺകുട്ടികളുടെ നടുക്ക് ഒറ്റക്ക് ആയതിൻ്റെ ഒരു ചളിപ്പ് എനിക്ക് ഉണ്ടായിരുന്നു.. അത് മാത്രമല്ല അവർ പറയുന്ന കാര്യങ്ങള് ഒക്കെ എനിക്ക് അറിയാത്തതും ആണ്…
അങ്ങനെ ഒരുവിധം ഭക്ഷണം കഴിച്ച് തീർത്തു…
ബിൽ വന്നപ്പോൾ ഞാൻ പേഴ്സിൽ നിന്ന് പണം എടുത്ത് ആതിരയെ ഏൽപ്പിച്ചു…
അവള് അതിൽ നിന്ന് പണം എടുത്ത് ബിൽ അടക്കുകയും ചെയ്തു…
അങ്ങനെ ഫുടിങ് ഒക്കെ കഴിഞ്ഞ് ഞങൾ ഓരോ ജ്യൂസും എടുത്ത് സംസാരിച്ച് ഇരിക്കുകയായിരുന്നു… ആതിരയെ ഒന്ന് ഫ്രീയായി കിട്ടിയപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…
“ആതു…”
അവള് പെട്ടന്ന് ഞെട്ടി എന്നെ തിരിഞ്ഞ് നോക്കി…
“എന്താ വിളിച്ചെ..??”
“അല്ല.. അത്…”
“വേണ്ട ഉരുളണ്ട.. മുൻപും നീ എന്നെ ആതു എന്ന് വിളിച്ചിട്ട് മാറ്റി വിളിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്…”
“അത്.. അത് പണ്ടത്തെ ഓർമയിൽ…”
“അതെന്താ അങ്ങനെ.. പണ്ടത്തെ ആതു തന്നെ ആണ് ഇപ്പോ ഉള്ള ആതിര.. ആള് മാറിയിട്ടൊന്നും ഇല്ല…”
“എന്നിട്ടാണോ നീ എന്നെ വിനു.. എടാ.. പോടാ.. നീ …നിന്നെ.. എന്നൊക്കെ വിളിക്കുന്നത്… പണ്ട് നീ എന്നെ വിനു ഏട്ടാ എന്നല്ലേ വിളിച്ചിരുന്നത്…”
“അല്ല.. അത്.. അത്പിന്നെ അതൊക്കെ പണ്ട് അല്ലേ..??””
അതെ പണ്ട് തന്നെ.. പണ്ട് എനിക്ക് നിന്നെക്കാൾ 2 വയസ്സ് കൂടുതൽ ആയിരുന്നു.. ഇപ്പോഴും അതെ…”
“അല്ല.. അത്..”
“ആ അത് വിട്.. ഞാൻ പറയാൻ വന്നത് അതൊന്നും അല്ല…”
“പിന്നെ..??”
“അന്ന് നമ്മൾ ട്രയിനിൽ വച്ച് ഞാൻ നിന്നോട് ചോദിച്ചപ്പോ നീ പറഞ്ഞത് നിനക്ക് ബോയ് ഫ്രണ്ട് ഒന്നും ഇല്ലാത്തത് കൊണ്ട് ഈ വിവാഹത്തിന് പൂർണ സമ്മതം ആണെന്നാണല്ലോ.. പക്ഷേ അതിന് ശേഷം നിശ്ചയം കഴിഞ്ഞത് മുതൽ നിനക്ക് എന്തോ ഒരു മാറ്റം ഉണ്ടല്ലോ.. എന്താ അത്..??”
“എന്ത് മാറ്റം..?? ”
“ഞാൻ ചോദിക്കുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത്.. നിനക്ക് ഈ വിവാഹത്തിന് പൂർണ സമ്മതം അല്ലേ…??”
“അത്… ആണ്.. സമ്മതം ആണ്.. ഞാൻ എന്തിന് സമ്മതിക്കാതെ ഇരിക്കണം..”
“ഉം.. ശരി.. അജയ് എന്ത് പറയുന്നു..”
“എന്ത് പറയാൻ…. ഞാൻ ഇപ്പൊ പോയി എം ബി എ എക്സാം എഴുതിയാൽ ചിലപ്പോ ഈസി ആയി പാസ്സ് ആകും..”
“അതെന്താ..??”
“അയാൾക്ക് എപ്പോഴും ബിസിനസ്സ്.. ഫിനാൻസ്.. അങ്ങനെ ഉള്ള കാര്യങ്ങള് ഒക്കെ ആണ് സംസാരിക്കാൻ ഉള്ളത്..”
“ചിലപ്പോ ബിസിനസ്സുകാരനായത് കൊണ്ട് ആകും…”
“ആകും..”
“അമ്മാവൻ പറഞ്ഞു അജയ് രണ്ട് മാസം കഴിഞ്ഞാൽ വരും എന്നും മുഹൂർത്തം നോക്കാൻ ഒക്കെ ആരംഭിച്ചു എന്നും…”
“അച്ഛൻ എന്നോടും പറഞ്ഞു.. അജയ് വരുന്ന കാര്യം എന്നോട് ഒരിക്കൽ വിളിച്ചപ്പോ സൂചിപ്പിച്ചിരുന്നു…”
“അപ്പോ എങ്ങനാ പ്ലാൻ.. വിവാഹം കഴിഞ്ഞാൽ അമേരിക്കക്ക് പറക്കാൻ ആണോ..??”
“പിന്നെ.. എനിക്ക് അമേരിക്കയിൽ ഒന്നും പോണ്ട.. എനിക്ക് ഇവിടെ നാട്ടിൽ നിന്നാൽ മതി..”
“അത് ശരി.. അപ്പോ അവൻ അവിടെയും നീ ഇവിടെയും നിൽക്കാൻ ആണോ പ്ലാൻ..”
“അയാൾക്ക് വേണമെങ്കിൽ ഇവിടെ നിൽക്കട്ടെ..”
“അടിപൊളി.. ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലെ… ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ്…”
“അതൊന്നും അല്ല… ഒന്നുമില്ല…”
അപ്പോഴേക്കും അവളുടെ കൂട്ടുകാരികൾ വന്ന് ഞങൾ ഇറങ്ങാൻ തയ്യാറായി..
അവർ കാബ് വിളിച്ചാണ് പോകുന്നത് എന്ന് പറഞ്ഞു…
ഞങ്ങൾ താഴെ എത്തി..
ഞാൻ ബൈക്കിൽ കയറിയതും ആതിര എൻ്റെ അടുത്തേക്ക് വന്നു..
“അപ്പോ ശരി വിനു ഏട്ടാ…😊”
“ശരി ആതു…😊”
അവളുടെ മുഖത്തുള്ള പുഞ്ചിരി കണ്ടപ്പോൾ അറിയാതെ എൻ്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു… പക്ഷേ അതിനും മുന്നേ എൻ്റെ ഹൃദയത്തില് ഒരു നിറ പുഞ്ചിരി വിരിഞ്ഞിരുന്നു…
ഞാൻ വണ്ടിയിൽ നേരെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു…
റൂം തുറന്നു അകത്ത് കയറി ഫ്രഷ് ആയി ഞാൻ കട്ടിലിലേക്ക് കിടന്നു…
മനസ്സിൽ നിറയെ സന്തോഷം ഉണ്ട്.. പക്ഷേ ഒരു കോണിൽ നിറയെ ദുഃഖവും നിരാശയും ഭയവും എല്ലാം ആണ്…
പക്ഷേ ഒന്നിൻ്റെയും കാരണം വ്യക്തമല്ല താനും… ജീവിതം പലപ്പോഴും നമുക്ക് ചില അവസരങ്ങൾ തരും… ഓപ്ഷനുകൾ തരും..
അതിൽ നമ്മൾ ബുദ്ധിപരമായി ഉത്തരങ്ങൾ തിരഞ്ഞെടുത്തില്ല എങ്കിൽ അത് നമ്മുടെ ജീവിതത്തെ തന്നെ ആകും മാറ്റി മറിക്കുന്നത്…
എടുത്ത തീരുമാനം തെറ്റാണെങ്കിൽ വളരെ ചില അപൂർവ്വം സാഹചര്യങ്ങളിൽ വിധി നമുക്ക് ഒരു അവസരം കൂടി തരും.. ലാസ്റ്റ് ചാൻസ്… അതും നമ്മൾ പാഴാക്കുകയാണെങ്കിൽ പിന്നീട് ഒരു അവസരമോ പ്രതീക്ഷയോ ഉണ്ടായി എന്ന് വരില്ല…
പക്ഷേ ഇവിടെ അതല്ല പ്രശ്നം… മേൽപ്പറഞ്ഞ കാര്യങ്ങള് ഒക്കെ എൻ്റെ ജീവിതത്തിൽ എവിടെ ആണെന്നോ എവിടെ ആണ് തീരുമാനങ്ങൾ എടുക്കേണ്ടത് എന്നോ ഒരു ഐഡിയയും ഇല്ല…
പക്ഷേ ഒന്ന് മാത്രം അറിയാം.. എന്തോ ഒരു സന്തോഷം… ഒരു ആനന്ദം മനസ്സിൽ തോന്നുന്നു…
തലയിണ കെട്ടിപിടിച്ച് കൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വീണു…
🌀🌀🌀🌀🌀🌀🌀🌀🌀🌀
പിറ്റേന്ന് പതിവ് പോലെ എഴുന്നേറ്റ് ഓഫീസിലേക്ക് പുറപ്പെട്ടു..
പ്രോജക്ട് തീർന്നത് കൊണ്ട് ഇപ്പൊ പണിയൊന്നും ഇല്ല…
വെറുതെ കഥകൾ ഒക്കെ പറഞ്ഞ് ഇരിപ്പാണ് മെയിൻ പരിപാടി…
പലർക്കും പരദൂഷണം പറയാൻ നല്ല അവസരം ആണ് കിട്ടിയിരിക്കുന്നത്…
ഉച്ചക്ക് ലഞ്ച് കഴിച്ചു കഴിഞ്ഞ് കാൻ്റീനിൽ വെറുതെ ജനൽ വഴി പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ ആണ് പുറത്ത് ആരോ തട്ടി വിളിച്ചത്…
“വിനോദ്…”
നോക്കിയപ്പോൾ കെവിൻ ആയിരുന്നു…
“ഹായ് കെവിൻ..”
“എന്താ ഇവിടെ ഒറ്റക്ക് നിൽക്കുന്നത്.??”
“ഏയ്… വെറുതെ…”
“എന്തേലും പ്രശ്നം ഉണ്ടോ..??”
“പ്രശ്നമോ ഇല്ലല്ലോ.. എന്താ അങ്ങനെ ചോദിച്ചത്…??”
“നത്തിങ്.. വിനോദിനെ കണ്ടപ്പോ എനിക്ക് അങ്ങനെ തോന്നി…”
“ഏയ്… കുഴപ്പം ഒന്നും ഇല്ല..”
“നമുക്ക് അങ്ങോട്ട് ഇരുന്നാലോ..??”
“അതിനെന്താ ഇരിക്കാം..”
ഞങ്ങൾ ഒരുമിച്ച് കസേരകളിൽ ഇരുന്നു…
“പ്രോജക്ട് എല്ലാം ഭംഗിയായി തന്നെ അവസാനിച്ചു അല്ലേ വിനോദ്..”
“അതെ.. അതിൻ്റെ മെയിൻ രീസൺ കെവിൻ തന്നെ ആണ്..”
“ഏയ്.. അങ്ങനെ അല്ല വിനോദ്.. നമ്മുടെ ടീം… എല്ലാവരുടെയും ഹാർഡ് വർക്ക് അതാണ് അതിൻ്റെ കാരണം..”
“കെവിൻ ഇതേ പറയൂ എന്ന് എനിക്ക് ഉറപ്പായിരുന്നു…”
“വിനോദ് മാരീഡ് ആണോ..??”
“ഏയ് അല്ല..”
“ഉം… ”
“കെവിൻ മാരീഡ് ആണെന്ന് എനിക്കറിയാം… ”
“എങ്ങനെ..??”
“ഇത്രേം സ്മാർട്ട് ആയ ഒരു ടീം ഹെഡ് ഓഫീസിൽ എത്തിയാൽ പിന്നെ അയാളുടെ ജാതകം വരെ ഇവിടെ എല്ലാവരുടെയും കയ്യിൽ കാണും…”
“ഹ… ഹ.. ഹാ.. അത് ശരിയാ.. എത്ര ഒക്കെ കോർപ്പറേറ്റ് ആണെന്ന് പറഞ്ഞാലും ചില സമയത്ത് എല്ലാ ഐടി കമ്പനികളിലും പരദൂഷണവും അടുക്കള പുറത്തുള്ള പോലുള്ള സംഭാഷണങ്ങളും ഒക്കെ പതിവാണല്ലെ…”
“അത് ഈ ഫീൽഡിൽ മാത്രം അല്ല.. എല്ലാ മേഖലയിലും ഉണ്ടാകും.. മനുഷ്യൻ അല്ലേ..”
“അതെ.. പക്ഷേ എത്ര അന്വേഷിച്ചാലും ചാര പണി ചെയ്താലും കിട്ടാത്ത പല വിവരങ്ങളും ഉണ്ടാകും വിനു പലരുടെയും ജീവിതത്തിൽ…”
“മനസ്സിലായില്ല കെവിൻ…”
“ഞാൻ മാരീഡ് ആണോ എന്ന് വിനോദ് ചോദിച്ചില്ലെ..”
“അതെ..”
“വിനോദിൽ എനിക്കുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രം ആണ് ഞാൻ ഇത് പറയുന്നത്.. വളരെ കുറച്ച് പേർക്ക് മാത്രം അറിയാവുന്ന രഹസ്യം.. ചില സമയത്ത് ആരോടെങ്കിലും ഒക്കെ എല്ലാം തുറന്ന് പറയുമ്പോൾ ആണ് മനസ്സിന് ഒരു സമാധാനം കിട്ടുക…”
“കെവിൻ പറയുന്നത് എന്തായാലും അത് നമുക്കുള്ളിൽ മാത്രം നിൽക്കും.. എന്നോട് തുറന്ന് പറഞാൽ തനിക്ക് സമാധാനം കിട്ടും എങ്കിൽ ധൈര്യം ആയി പറഞ്ഞോളൂ…”
“ഉം… ഈ വിവാഹം എന്നൊക്കെ പറയുന്നത് പലപ്പോഴും ഭാഗികം ആയിട്ടെങ്കിലും നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കും.. ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കാനും ഇഷ്ടപ്പെട്ട സ്ഥലത്ത് ജീവിക്കാനും ഒക്കെ നമുക്ക് സാധിക്കും.. പക്ഷേ അതിനും അപ്പുറം നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ചില കാര്യങ്ങളും ഉണ്ട് വിനോദ്…
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങൾ ആയി.. വീട്ടുകാരും നാട്ടുകാരും എല്ലാം സാക്ഷിയായി വളരെ സന്തോഷത്തോടെ ആണ് ഞങൾ വിവാഹിതരായതും പുതിയ ഒരു ജീവിതത്തിലേക്ക് കടന്നതും… എല്ലാ സൗഭാഗ്യങ്ങളും എനിക്ക് ഉണ്ട് വിനോദ്.. നല്ല ജോലി.. വലിയ വീട്.. കാറുകൾ.. കുടുംബം.. സ്നേഹ നിധിയായ ഭാര്യ.. എല്ലാം…. പക്ഷേ ഇല്ലാത്തത് ഒന്ന് മാത്രം ആണ്… ഞങ്ങളെ സ്നേഹിക്കാൻ.. ഞങ്ങൾക്ക് സ്നേഹിക്കാൻ… ഞങ്ങളുടേത് എന്ന് പറയാൻ.. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ മാത്രം ദൈവം തന്നില്ല…”
കെവിൻ പറഞ്ഞത് കേട്ടപ്പോൾ എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.. ജീവിതത്തിൽ എത്ര എത്ര സൗഭാഗ്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങള് നമുക്ക് ഒരിക്കലും സഹിക്കാൻ ആവുന്നതല്ല…
എൻ്റെ മറുപടിക്ക് നിൽക്കാതെ തന്നെ കെവിൻ പറഞ്ഞ് തുടങ്ങി…
“കാണാത്ത ഡോക്ടർമാർ ഇല്ല.. കഴിക്കാത്ത മരുന്നുകൾ ഇല്ല.. ചെയ്യാത്ത ചികിൽസകൾ ഇല്ല… പക്ഷേ ഒന്നും ഫലം കണ്ടില്ല… വിനോദ് ഇപ്പൊ ചിന്തിക്കുന്നത് ഞങ്ങളിൽ ആർക്കാണ് പ്രശ്നം എന്നാകും അല്ലേ… പ്രശ്നം എനിക്ക് തന്നെ ആണ് വിനോദ്… അപൂർവ്വം ചിലരിൽ മാത്രം കാണുന്ന അപൂർവ്വമായ ഒരു അസുഖം.. അതല്ല രസം.. ഈ അവസ്ഥക്ക് നിലവിൽ ട്രീറ്റ്മെൻ്റ് ഒന്നും ലഭ്യമല്ല.. അതിനർത്ഥം ജീവിതകാലം മുഴുവൻ ഞാൻ ഇങ്ങനെ…”
“കെവിൻ… എന്താ ഇത്….”
ഞാൻ കേവിനിനെ തോളിൽ കൈ വച്ച് ആശ്വസിപ്പിച്ചു…
“ഞങ്ങളുടെ ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ ഒന്നും പരിപാടികൾക്ക് ഞങൾ ഇപ്പൊ പങ്കെടുക്കാർ ഇല്ല… ഓരോരുത്തരുടെ കുത്തി കുത്തി ഉള്ള ചോദ്യവും പരിഹാസവും സഹതാപ തരംഗംങ്ങളും ഒക്കെ കണ്ടും കേട്ടും മടുത്തു…”
“കെവിൻ… ചികിത്സ ഒന്നും ഇല്ലാത്ത സ്ഥിതിക്ക്.. നിങ്ങൾക്ക് ഒരു അടോപ്ഷനെ പറ്റി.. ചിന്തിച്ചു കൂടെ..”
“ഞാൻ അത് എൻ്റെ ഭാര്യയും ആയി സംസാരിച്ചതാണ് പക്ഷേ അതിന് അവള് പറഞ്ഞ മറുപടി.. അതാണ് എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ചത്… നമുക്ക് സ്നേഹിക്കാൻ നമ്മൾ മാത്രം മതി.. തനിക്ക് ഞാനും എനിക്ക് താനും ഉള്ളപ്പോൾ ഇനി നമുക്കിടയിലേക്ക് വേറെ ആരും വേണ്ട… അതായിരുന്നു അവള് എന്നോട് പറഞ്ഞത്… എൻ്റെ മാത്രം കുഴപ്പം ആയിരുന്നിട്ടും കൂടി.. ഒരിക്കൽ പോലും അവള് എന്നെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ കുറ്റപ്പെടുത്തിയിട്ടില്ല… ദൈവം ഒരു ഭാഗ്യം തന്നില്ല എങ്കിൽ മറ്റൊരു ഭാഗ്യം തരും എന്ന പോലെ എനിക്ക് കിട്ടിയ നിധി ആണ് അവള്…”
“കെവിൻ….”
“വേണ്ട വിനു.. താൻ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട.. എൻ്റെ പ്രശ്നങ്ങൾ കേട്ടിരുന്നല്ലോ അതിനു തന്നെ തന്നോട് വലിയ ഒരു നന്ദി പറയണം… തന്നോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയത് കൊണ്ടാണ് പറഞ്ഞത്… വാ നമുക്ക് അങ്ങോട്ട് പോകാം…”
“ശരി കെവിൻ…”
അങ്ങനെ ഞാനും കെവിനും തിരികെ ഓഫീസിലേക്ക് തന്നെ പോയി..
ജീവിതം പലരിലും പല പോലെ ആണ്…
പലപ്പോഴും നമ്മൾ പല സാഹചര്യങ്ങളിലും ഒരേ വഞ്ചിയിലെ യാത്രക്കാർ എന്ന് പറയും എങ്കിലും ആരും ആരോടും സമം അല്ല…
അത് മാത്രമല്ല, ജീവിതത്തിൽ നമ്മൾ എന്തൊക്കെ നേടിയാലും എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞ് അഹങ്കരിച്ചാലും നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ചില കാരണങ്ങൾ ചിലപ്പോൾ നമ്മളെ അടിമുടി പരാജയപ്പെടുത്തും…
ഞാൻ അറിയുന്ന ഈ കെവിൻ വളരെ നല്ലവൻ ആണ്.. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ സ്നേഹിക്കാനും അവരോട് കരുണയോടെ പെരുമാറാനും കഴിവുള്ള ആൾ… പക്ഷേ എന്നിട്ടും എന്ത് കൊണ്ട് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വിധി എന്നത് ഉത്തരം ഇല്ലാത്ത ചോദ്യം ആണ്…
ദൈവത്തിൻ്റെ പരീക്ഷണം.. വിധിയുടെ വിളയാട്ടം എന്നൊക്കെ പറഞ്ഞ് വേണമെങ്കിൽ നമുക്ക് അതൊക്കെ ഒഴിച്ച് വിടാം.. പക്ഷെ അനുഭവിക്കുന്നവർക്ക് അതൊക്കെ അവരുടെ മാത്രം പ്രശ്നങ്ങൾ ആണ്…
പെട്ടന്നാണ് മാനേജർ പുറത്തേക്ക് വന്ന് എല്ലാവരോടും ആയി ആ സന്തോഷ വാർത്ത പറഞ്ഞത്…
ഞങ്ങൾ അവസാനമായി ചെയ്ത പ്രോജക്ട് ക്ലൈൻ്റ് ലെവലിൽ അപ്രൂവ് ആയി എന്നും അവർ പ്രതീക്ഷിച്ചതിലും മുകളിൽ ക്വലിട്ടി വന്നിട്ടുണ്ട് എന്നും ആയിരുന്നു ആ വാർത്ത…
അത് വരെ ഉറക്കം തൂങ്ങി ഇരുന്നവർ എല്ലാം ചാടി എഴുന്നേറ്റ് കയ്യടിക്കാനും ആർപ്പ് വിളിക്കാനും തുടങ്ങി…
എല്ലാവരും കെവിനിനേ ആണ് അഭിനന്ദിക്കുന്നത്… അദ്ദേഹം അത് അർഹിക്കുന്നും ഉണ്ടായിരുന്നു…
ആ സന്തോഷങ്ങൾക്ക് എല്ലാം പുറമെ ആണ് മറ്റൊരു സന്തോഷ വാർത്ത കൂടി വന്നത്…
ഇന്ന് രാത്രി ഈ വിജയാഘോഷത്തിൻ്റെ ഭാഗമായി ഓഫീസിൽ വലിയ ഒരു പാർട്ടി നടക്കുന്നു… എല്ലാവർക്കും ഫാമിലിയും ആയി വന്ന് പാർട്ടിയിൽ പങ്കെടുക്കാം എൻജോയ് ചെയ്യാം…
ഫാമിലി ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മൾ തനിച്ച് തന്നെ വേണം പാർട്ടിയിൽ പങ്കെടുക്കാൻ…
അല്ലെങ്കിലും ഈ ഓഫീസ് പാർട്ടി അത്യാവശ്യം വെള്ളമടിക്കുന്നവർക്ക് മുതലാക്കാൻ പറ്റിയ അവസരം ആണ്..
ഞാൻ അങ്ങനെ കഴിക്കാറൊന്നും ഇല്ല.. മാക്സിമം ഒരു ബിയർ അത്രേ ഇത് വരെ ശീലം ഒള്ളു… ഇന്ന് രാത്രി എന്തായാലും ആ ശീലം തെറ്റിക്കാൻ പ്ലാൻ ഇല്ല…
ഓഫീസ് ടൈം കഴിഞ്ഞ് ഫ്ലാറ്റിൽ എത്തി.. കൂട്ടത്തിൽ നല്ല ഡ്രസ്സ് എടുത്ത് അണിഞ്ഞ് അത്യാവശ്യം കാണാൻ കുഴപ്പം ഇല്ല എന്ന് തോന്നുന്ന വിധത്തിൽ ആയപ്പോൾ ഞാൻ പാർട്ടി നടക്കുന്ന ഹോട്ടലിലേക്ക് പുറപ്പെട്ടു…
ഈ ഓഫീസിൽ വന്നതിനു ശേഷം ഉള്ള ആദ്യത്തെ പാർട്ടി ആണ്.. ഭയങ്കര ഗ്രാൻ്റ് ആണ്… ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സെറ്റപ്പ് ആണ്…
ഇവിടെ ഫാമിലി ആയി താമസിക്കുന്നവർ എല്ലാം അവരെയും കൂട്ടി ആണ് വന്നിരിക്കുന്നത്…
ഞാൻ ഒറ്റക്കായത് കൊണ്ട് എനിക്ക് ആരെയും പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല.. പക്ഷേ ഓരോരുത്തരും അവരവരുടെ ഭാര്യയെയും മക്കളെയും ഒക്കെ എനിക്ക് പരിചയപ്പെടുത്തി കൊണ്ടിരുന്നു…
ആവശ്യത്തിന് ഫുഡും ലിക്കറും എല്ലാം റെഡിയാണ്.. അടിച്ച് ഓഫാകേണ്ടവർക്ക് അതും ആകാം അല്ലാത്തവർക്ക് നല്ല ഫുഡും കഴിക്കാം…
ഞാൻ ഒരു ബിയർ മാത്രം എടുത്ത് കഴിച്ചു..
ഫുഡ് അൽപ നേരം കഴിഞ്ഞ് കഴിക്കാം എന്ന് വെച്ചു…
ഡാൻസ് ചെയ്യുന്ന ആളുകളെ നോക്കി ഞാൻ ഒരു കോർണറിൽ നിൽക്കുമ്പോൾ ആണ് കെവിൻ എൻ്റെ അടുത്തേക്ക് വന്നത്…
“വിനോദ്..”
“ഹായ് കെവിൻ..”
“ഞാൻ തനിക്ക് ഒരാളെ പരിചയപ്പെടുത്താൻ വന്നതാണ്…”
“ആരാ കെവിൻ??”
“എൻ്റെ ഭാര്യ.. മെർലിൻ റിച്ചാർഡ്…”
കേവിനിൻ്റ് കൂടെ ഉണ്ടായിരുന്നത് അദ്ദേഹത്തിൻ്റെ ഭാര്യ ആയിരുന്നു… കാഴ്ചക്ക് വളരെ സുന്ദരിയായ ഒരു സ്ത്രീ… ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ഉണ്ട്.. പക്ഷെ മലയാളി ആണ്.. അല്പം മോഡേൺ ആണെന്ന് തോന്നുന്നു…
ഞാൻ അവർക്ക് നേരെ കൈകൾ നീട്ടി…
“ഹായ്.. വിനോദ്..”
“ഹായ്.. മെർലിൻ…”
കെവിൻ പറഞ്ഞത് വച്ച് അവരോട് എനിക്ക് നല്ല ബഹുമാനം ആയിരുന്നു.. കെവിൻ്റെ കുറവുകൾ കാര്യമാക്കാതെ അവർ ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടല്ലോ..
ഞങ്ങൾ ഒരുമിച്ചിരുന്ന് പിന്നെയും ഒരുപാട് നേരം സംസാരിച്ചു.. പക്ഷേ സംസാരത്തിൻ്റെ ഇടയ്ക്ക് പലപ്പോഴും അവർ എന്നെ ഇടം കണ്ണിട്ട് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.. പക്ഷേ ആ നോട്ടം എനിക്കത്ര പന്തിയായി തോന്നിയില്ല…
അവസാനം ഞങൾ ഒരുമിച്ചിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു… കെവിൻ അത്യാവശ്യം മദ്യപിക്കുന്ന കൂട്ടത്തിൽ ആണെന്ന് മനസ്സിലായി..
പക്ഷേ അപ്പോഴും എന്നെ അലട്ടിയിരുന്നത് മെർലിൻ എന്നെ നോക്കുന്ന രീതി ആയിരുന്നു…
പരിപാടികൾ എല്ലാം കഴിഞ്ഞ് പിരിയൻ നേരം ഞങൾ എല്ലാവരും സെൽഫികൾ എടുക്കുന്നുണ്ടായിരുന്നു… മെർലിൻ പല തവണ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.. പക്ഷേ കെവിനും മറ്റുള്ളവരും ഒരുപാട് നിർബന്ധിച്ചപ്പോൾ അവർ ഒന്ന് രണ്ട് ഫോട്ടോകൾക്ക് പോസ് ചെയ്തു…
ചിലർക്ക് ഈ സെൽഫികൾ ഒന്നും ഇഷ്ടം ആകില്ലല്ലോ…
അങ്ങനെ പാർട്ടി ഒക്കെ കഴിഞ്ഞ് ഞാൻ ഫ്ലാറ്റിൽ തിരികെ എത്തി..
ഒരു ബിയറെ കഴിച്ചിട്ടുള്ളു പക്ഷേ നല്ല ക്ഷീണം… മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലാത്തതാണ്.. പക്ഷേ വേറെ വഴിയില്ലാതത് കൊണ്ടും അപകട സാധ്യത കുറഞ്ഞത് കൊണ്ടും ആണ് അതിനു നിന്നത്…
എടുത്ത ഫോട്ടോകളിൽ നല്ലത് എന്ന് തോന്നുന്ന ഒന്ന് രണ്ടെണ്ണം എടുത്ത് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി വെച്ചു…
നാട്ടിൽ ഉളളവർ ഒക്കെ ഒന്ന് കാണട്ടെ നമ്മുടെ റേഞ്ച് എന്താണെന്ന്…
നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഞാൻ വേഗം ഉറക്കത്തിലേക്ക് വീണു…
🌀🌀🌀🌀🌀🌀🌀🌀🌀
പിറ്റേന്ന് രാവിലെ ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്…
നോക്കിയപ്പോൾ അതിഥി ആയിരുന്നു…
ഇവൾ എന്താ ഇത്ര രാവിലെ.. ഞാൻ ഫോൺ എടുത്തു..
“ഹലോ അതിഥി…”
“വിനു… നിൻ്റെ സ്റ്റാറ്റസിൽ ഉള്ളതൊക്കെ ആരാ..??”
“അത് എൻ്റെ കൂടെ വർക്ക് ചെയ്യുന്നവര്.. എന്ത് പറ്റി അതിഥി…??”
“അതല്ല.. രണ്ടാമത്തെ ഫോട്ടോയിൽ ഉള്ളത്…”
“നിക്ക് നോക്കട്ടെ…”
ഞാൻ ഫോൺ കട്ട് ചെയ്യാതെ വാട്സ്ആപ് ഓപ്പൺ ആക്കി രണ്ടാമത്തെ സ്റ്റാറ്റസ് നോക്കി..
“അതോ.. അത് ഞാൻ പറഞ്ഞില്ലേ.. മറ്റെ കെവിൻ.. അയാളും അയാളുടെ ഭാര്യയും…”
“ഭാര്യയോ..??”
“അതെ.. അയാളുടെ വൈഫ്.. മെർലിൻ…”
“വിനു… വിനു.. അതാണ് സോണിയ… ബാംഗ്ലൂരിൽ വച്ച് കെവിൻ എനിക്ക് പരിചയപ്പെടുത്തിയ ഡ്രഗ് ഡീലിങ്സ് നടത്തുന്ന അവൻ്റെ കൂട്ടുകാരി…”
“ഹേ….!!!”
(തുടരും….)
Comments:
No comments!
Please sign up or log in to post a comment!