കല വിപ്ലവം പ്രണയം 6

“ഹരീ… നമുക്ക് എല്ലാം അവസാനിപ്പിക്കാം. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല. നിനക്ക് എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടും. അവളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കണം. നിനക്ക് ഞാൻ ചേരില്ല. അല്ലാ.. എനിക്ക് നീ.. ചേരില്ല.”

“Lets break up.”

അതൊരു വെളളിടിപോലെയാണ് എൻ്റെ കാതിൽ പതിഞ്ഞത്. കേട്ടതൊട്ടും വിശ്വസിക്കാനാവതെ ഞാൻ വീണ്ടുമവളോട് ചെറു വിക്കലോടെ ചോദിച്ചു.

“പാറു.. നീയെന്തായി പറയണത്. നീ തമാശ പറയാണോ?”

“ഞാൻ പറയുന്നത് തമാശയായിട്ട് ഹരിക്ക് തോന്നുന്നുണ്ടോ? ഞാൻ സീരിയസായിട്ട് തന്നെ പറഞ്ഞതാണ്.. ഇത് ശെരിയാവില്ല ഹരി… നമുക്ക് പിരിയാം.”

“നീയെന്താ മോളെ ഈ പറയണെ.. അങ്ങനെ നിന്നെ എനിക്ക് മറക്കാൻ പറ്റൂന്ന് നിനക്ക് തോന്നുന്നുണ്ടോ.. ? അതിനാണോ നമ്മൾ പരസ്പരം സ്നേഹിച്ചത്.”

“എനിക്കതൊന്നും അറിയില്ല. നമുക്കേതായാലും ഇതിവിടെ വെച്ച് നിർത്താം.. അത്രയെ എനിക്ക് ഇപ്പോ പറയാനുള്ളൂ..”

“അതിൻ്റെ കാരണമെങ്കിലുമെന്നോട് നിനക്ക് പറഞ്ഞൂടെ.”

“കാരണം.. അത്.. നീയൊന്നു നോക്കിക്കെ. എൻ്റെ വീട്ടിൽ നമ്മുടെ കാര്യം സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ഇല്ല. അതിലും നല്ലത് ഇപ്പോഴെ പിരിയുന്നതല്ലെ..”

“ഇത് നീ ഇപ്പോഴാണോ ചിന്തിക്കുന്നത്. ഇതെല്ലാം നീ മുൻപ് ആലോചിച്ചില്ലെ..”

ഞാൻ ചെറിയ ദേഷ്യത്തോടെ അവളോട് ചോദിച്ചു. ഒപ്പം മനസ്സ് നീറുന്നുമുണ്ടായിരുന്നു. എൻ്റെ ശബ്ദം പൊങ്ങിയതും ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുവാൻ തുടങ്ങി.

“തുറന്നു പറയാലോ.. എനിക്കിപ്പോ നിന്നോട് പഴയ ഇഷ്ടമൊന്നും തോന്നുന്നില്ല. അല്ലെതന്നെ ഞാനെവിടെ കിടക്കുന്നു നീയെവിടെ കിടക്കുന്നു.”

അവൾ മുഖമുയർത്താതെ അത്രയും പറഞ്ഞു നിർത്തി.

“പാറു…… നീ ഈ പറഞ്ഞതൊക്കെ എൻ്റെ മുഖത്തു നോക്കി പറയാൻ പറ്റോ..?”

അവൾ അതിനൊന്നും മറുപടി പറഞ്ഞില്ല. വീണ്ടും മൗനമായ് തലയുയർത്താതെ ഇരുന്നു.

“ഇങ്ങോട്ട് നോക്കടി..”

അവളുടെ താടിയിൽ പിടിച്ചു പൊക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

പെട്ടെന്നവളെയെന്നെയൊന്നു നോക്കി.. ശേഷം വേഗം തന്നെ എൻ്റെ കൈ തട്ടിമാറ്റി കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി..

ആ നിമിഷം അവളുടെ മുഖത്തു കണ്ട ഭാവം എന്താനെന്നെനിക്ക് മനസ്സിലായില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരിരുന്നോ..?

എന്തിനാണവൾ എന്നിൽ നിന്നും അകലുന്നത്. ദൈവമേ.. ഞാൻ സ്നേഹിക്കുന്നവരെല്ലാം എന്നെ വിട്ടു പോകുയാണല്ലോ ..

“എന്താ ചേട്ടാ കരയുന്നത്..”

തൊട്ടടുത്തിരുന്ന ഒരു ഫാമിലി അതു ചോദിച്ചപ്പോഴാണ് എനിക്ക് സ്ഥലകാല ബോധമുണ്ടായത്.

ചില ആളുകൾ എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട് വേഗം തന്നെ ഞാനവിടെ നിന്നും ഇറങ്ങി.

ചെയ്യുന്നതെല്ലാം വെറും യാന്ത്രികമായ് തോന്നി.

വണ്ടി കത്തിച്ചു വിടുന്നതിനിടയിൽ ആരിൽ നിന്നോ വന്ന തെറിയാണ് എന്നെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടു വന്നത്. എനിക്കെതിരെ വന്ന ബസ്സിൽ ഇടിക്കാൻ പോയപ്പോൾ ആ ബസ്സ് ഡ്രൈവർ വണ്ടി വെട്ടിച്ച് മാറ്റി തെറി പറഞ്ഞതാണ്.

ആ സന്ദര്ഭത്തിൽ മീറ്റർ സൂചി കുതിച്ചു കയറിയതോ.. ഗിയറുകൾ മാറുന്നതോ.. ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. എല്ലാം ഞാൻ പോലും അറിയാതെ സ്വയം നടന്നു കൊണ്ടിരുന്നു.

സ്വബോധം വീണ്ടെടുത്തിട്ടും ഞാൻ അടങ്ങിയില്ല.. വീണ്ടും എൻ്റെ കൈ ആക്സിലേറ്ററിൽ അമർന്നു. ആ സമയം ഞാൻ മരണത്തെപ്പോലും ഭയന്നിരുന്നില്ല എന്നു തന്നെ പറയാം.

കുറച്ചധികം ദൂരം പിന്നിട്ടശേഷം ബൈക്ക് ആളൊഴിഞ്ഞൊരിടത്ത് നിർത്തി.

ഒരു ഉള്ളുവഴിയാണ്. സ്ഥലം കൃത്യമായ് മനസ്സിലാവുന്നില്ല. വീടുകളോന്നും അധികം കാണാനില്ല.

വണ്ടിയിൽ നിന്നും ഇറങ്ങി അടുത്തു കണ്ട ഒരു മരത്തടിയിൽ ഇരുന്നു.

ഇപ്പോൾ ഞാൻ കരയുന്നില്ല. മറിച്ച് ഉള്ളിൽ ഒരു മരവിപ്പുപ്പോലെ

അവളുടെ ആ വാക്കുകൾ ഒന്നും എനിക്ക് വിശ്വസിക്കുവാൻ ആവുന്നില്ല.

അവൾ പറഞ്ഞ വാക്കുകൾ… അതവൾ വേണമെന്ന് വെച്ച് പറഞ്ഞതാണോ….??

ഞാനറിയുന്ന പാർവ്വതി ഇങ്ങനെയല്ല. അവൾക്കൊരിക്കലും ഇങ്ങനെയാവാൻ സാധിക്കുകയില്ല. അവൾ പലപ്പോഴായ് പല തവണകളായ് ആവർത്തിച്ചു പറഞ്ഞിരുന്ന വാക്കുകൾ ഞാൻ ഇന്നുമോർക്കുന്നു .

ഞാൻ ഒരിക്കലും എൻ്റെ വീട്ടുകാരെ ഇട്ടെറിഞ്ഞിട്ട് നിന്നോടൊപ്പം വരില്ല. പക്ഷെ.. എൻ്റെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് എൻ്റെ ഹരി മാത്രമായിരിക്കും. എൻ്റെ നെഞ്ചിൽ തലവെച്ചവൾ പറഞ്ഞ വാക്കുകൾ ഇന്നും എൻ്റെ കാതുകളിൽ മുഴങ്ങുന്നു.

“ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ

എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും

എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില് ഞാന്‍ ഉണ്ടെല്ലോ

നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലെല്ലോ

നീ ഉണര്‍ന്ന് നോക്കുമ്പോഴും നിന്റെ കൂടെ ഉണ്ടെല്ലോ

കസ്തുരി മാനെ തെടുന്നതാരെ നീ

നിന്നിലെ ഗന്ധം തെടുന്നതെങ്ങു നീ

ഓമലെ കണ്‍ തുറക്കു എന്‍ ഓമലെ കണ്‍ തുറക്കു.. ”

പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തപ്പോഴാണ് ഞാനാ ചിന്തകളിൽ നിന്നും ഉണർന്നത്.

മനസ്സില്ലാ മനസ്സോടെ ഞാൻ ജീൻസിൻ്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു.


നോക്കിയപ്പോൾ അമ്മയാണ് വിളിക്കുന്നത്. സംസാരിക്കാൻ പറ്റിയ മാനസികാവസ്ഥയല്ലെങ്കിൽ കൂടിയും ഞാനാ കോൾ അറ്റൻഡ് ചെയ്തു.

“ഹലോ..”

“നീയിത് രാവിലെ തന്നെ ആരോടും പറയാണ്ട് എങ്ങോട്ട് പോയതാടാ…”

“ഞാൻ. ഒരാളെ.. ഒരാളെ കാണാൻ ഉണ്ടായിരുന്നു.”

“എവിടെ പോണേണങ്കിലും ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടെ.. മറ്റുള്ളവരെ കൂടെ തീ തീറ്റിക്കാനായിട്ട്.”

( അന്നത്തെ ആ കത്തിക്കുത്തു കേസിനു ശേഷം അമ്മയ്ക്ക് എൻ്റെ കാര്യത്തിൽ വല്ലാത്ത ആധിയാണ്. കുറെ നേരം കാണാതെയായാൽ അപ്പൊ വിളിക്കും.)

“ഞാനിപ്പ വരാമ്മെ..”

“നിൻ്റെ ശബ്ദം എന്താ വല്ലാതിരിക്കുന്നെ… എന്തെ.. വല്ല പ്രശ്നവും ഉണ്ടോ..?”

“ഇല്ല. ഞാൻ ഫോൺ വെക്കുവാ.. വണ്ടി ഓടിക്കേണ്..”

“ആഹ്. പതിയെ ഓടിച്ചു വന്നാമതി.”

“മ്മ്..”

“ആഹ്. എന്നാ വെച്ചോ .”..

ഫോൺ കട്ടെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് ഞാൻ വണ്ടിയിൽ കയറി. അലസമായ് കിക്കറ്റിൽ ചവുട്ടിയതു കൊണ്ടാവാം .. കാല് തെന്നിപ്പോയി.. കിക്കർ റിട്ടേൺ വന്ന് കാലിൽ കൊണ്ടു.. ദോഷം പറയരുതല്ലോ.. കണ്ണീന്ന് പൊന്നീച്ച പാറി.

വേദനയൊന്ന് ശമിച്ചപ്പോൾ സാവധാനം സ്റ്റാർട്ട് ചെയ്തു വണ്ടി മുന്നോട്ടെടുത്തു. ഈ തവണ അധികം സ്പീഡിൽ ഒന്നുമല്ല ഞാൻ വണ്ടിയോടിച്ചത് . പക്ഷേ ഉള്ള് അപ്പോഴും മരവിച്ച അവസ്ഥയിൽ തന്നെയായിരുന്നു.

15 മിനിറ്റുകൊണ്ട് ഞാൻ വീടെത്തി .

“ആഹ്. നീയിത് പറയാതെ എവിടെ പോയതാടാ.. എത്ര തവണ പറഞ്ഞിരിക്കുന്നു .. എവിടേലും പേവുമ്പോൾ പറഞ്ഞേച്ചും പോണോന്ന്.. ചോറെടുക്കട്ടെ..”

“വേണ്ട . എനിക്ക് വിശപ്പില്ല .”

“ആ..ഇങ്ങനെ തിന്നാതെയും കുടിക്കാതെയും നടന്നോ… ഇവർക്ക് നേരാ നേരം വെച്ചുവിളമ്പി കൊടുക്കണ എന്നെ പറഞ്ഞാ മതിയല്ലോ.. ഒരു ദിവസം ഞാനങ്ങ് ഇല്ലാണ്ടായാൽ കാണാം..”

“അമ്മേ.. എനിക്ക് നല്ല തലവേദന എടുക്കുന്നു. ഞാനൊന്ന് കിടക്കട്ടെ..”

ഞാൻ ചെറിയ ഈർഷത്തോടെ പറഞ്ഞു.

എനിക്ക് ചെറിയ രീതിയിൽ മൈഗ്രയ്ൻ്റ ഇഷ്യൂ ഉള്ളതിനാൽ അമ്മ പിന്നെ അധികം ഒന്നും പറയാൻ നിന്നില്ല.

ഞാൻ വേഗം തന്നെ റൂമിൽ കേറി വാതിലടച്ചു. നേരെ ചെന്ന് കട്ടിലിൽ മലർന്ന് കിടന്നു. കണ്ണടയ്ക്കുമ്പോഴെല്ലാം അവളുടെ മുഖമാണ് മനസ്സിൽ തെളിയുന്നത്. അവളുടെ ആ ചിരിക്കുന്ന മുഖം.

ഹാഹ്. എല്ലാം കഴിഞ്ഞു. ഒരുപാട് കിനാക്കൾ കണ്ട ഞാൻ വെറും വിഡ്ഢി . അല്ലേലും പണക്കാർക്ക് ഇതെല്ലാം സർവ്വസാധാരണമാണ്. അവരുടെ നിലവാരത്തിനു ചേർന്നതല്ല എന്നു തോന്നിയാൽ ഒഴിവാക്കുന്നതാവും നല്ലെതെന്ന് അവൾക്കും തോന്നിയിട്ടുണ്ടാവും.
ഈ തിരിച്ചറിവ് അവൾ അൽപ്പം നേരത്തെ തോന്നിയിരുന്നെങ്കിൽ ഇന്ന് ഞാൻ ഇത്രയും സങ്കടപ്പെടേണ്ടി വരില്ലായിരുന്നു. ഇത് ഞാൻ അമ്മയോട് എങ്ങനെ പറയും. പാവം അവളെ ഒത്തിരി ഇഷ്ടമായിരുന്നു അമ്മയ്ക്ക്. പലപ്പോഴും അവളുടെ കാര്യങ്ങൾ തിരക്കാറുള്ളതല്ലെ…

ശ്യാമിനോട് വിളിച്ച് പറഞ്ഞാലോ.. വേണ്ട…

നാളെ കോളേജിൽ വച്ച് കാണുമ്പോൾ പറയാം .. നേരിട്ട് പറഞ്ഞാലെ.. ശെരിയാവോളൂ..

പിറ്റേന്ന് കോളേജിലേക്ക് പോകാൻ വലിയ ഉത്സാഹമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഞാൻ പതിയെ ഇറങ്ങി..

കോളേജ് കവാടവും കഴിഞ്ഞ് അകത്തേക്കു കടന്നതും ഇരുവശങ്ങളിൽ നിന്നും തണലേകി നിന്ന വാകമരത്തിൽ നിന്നും പൊഴിഞ്ഞു വീണ വാകപ്പൂക്കൾ വരെ എന്നെ സഹതാപത്തോടെ നോക്കുന്നതായി തോന്നിപ്പോയി..

മുൻപൊക്കെ ഈ ചുവന്ന പൂക്കൾ കാണുമ്പോൾ എന്നിൽ പ്രണയമായിരുന്നു നിറഞ്ഞു നിന്നിരുന്നത് എങ്കിൽ ഇന്നെനിക്ക് ഈ കൊഴിഞ്ഞു വീണപ്പൂക്കളെ കാണുമ്പോൾ നഷ്ടപ്രണയത്തിന്റെ ഓര്മകള്‍ മാത്രമാണ് എന്നെ തേടിയെത്തുന്നത്.

അല്ലേലും കൊഴിഞ്ഞു വീണപ്പൂക്കളെന്നും നഷ്ട പ്രണയങ്ങളെ ഓർമ്മപ്പെടുത്തുന്നതാണല്ലോ..

അവളുമായ് ഞാൻ എത്രയോ തവണ കൈ പിടിച്ചു നടന്ന വഴിയാണിത്..

ഇവിടെയുള്ള ഓരോ മൺതരിക്ക് വരെയറിയാം ഞങ്ങളുടെ പ്രണയത്തെക്കുറിച്ച്.

“ആ ദേ.. ടാ.. രമണനും ചന്ദ്രികയും വരുന്നു..”

പണ്ട് ഞങ്ങൾ ഈ വഴിയിലൂടെ കൈ കോർത്തു നടന്നു വരുന്നതു കണ്ട മലയാളം പ്രൊഫസര്‍ രാമദാസ് സാർ പറഞ്ഞ കമന്റ് ആയിരുന്നു അത്..

അത് ഏറ്റു പിടിക്കാൻ എന്നോണം അവിടെ കൂടി നിന്ന പിള്ളേരെല്ലാം ആ പാട്ടും കൂടെ പാടി.. സാറും അതിൽ കൂടി.

“കാനനഛായയിലാടുമേയ്ക്കാൻ

ഞാനും വരട്ടെയോ നിന്റെകൂടെ

പാടില്ലാ പാടില്ലാ നമ്മേനമ്മൾ

പാടേമറന്നൊന്നും ചെയ്തുകൂടാ

ഒന്നാവനത്തിലെ കാഴ്ചകാണാൻ

എന്നേയും കൂടൊന്നു കൊണ്ടുപോകൂ

നിന്നേയൊരിയ്ക്കല് ഞാൻ കൊണ്ടുപോകാം

ഇന്നുവേണ്ടിന്നുവേണ്ടോമലാളേ”

“മോളെ.. ചന്ദ്രികേ… നിന്റെ പ്രണനാഥനെ ആരും കൊണ്ടു പോവില്ല… നീ ഇടയ്ക്കൊക്കെ ഓന്റെ കൈയൊന്നു വിടു…”

എന്നോട് ചേർന്ന് എന്റെ കൈയും പിടിച്ച് എന്റെ തോളിൽ ചാരി നടന്ന അവളോടായ് സാർ അത് പറഞ്ഞതും നാണത്താൽ തുടുത്ത കവിളുമായ് എന്നെയൊന്നു നോക്കിയവൾ എന്നിൽ നിന്നും അകന്നു നടന്നതും… എല്ലാം എന്നിൽ ഇന്ന് മധുരമുള്ള ഒരുപിടി ഓർമ്മകളായ് അവശേഷിക്കുന്നു..

ഠോ..

പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ എൻ്റെ ബൈക്ക് എന്തിലോ ഇടിച്ചു നിന്നപ്പോഴാണ് ഞാനാ ഒർമ്മകളിൽ നിന്നും മോചിതനായത്.
നോക്കിയപ്പോൾ ഒരു റെഡ് കളർ പോളോ കാറിൻ്റെ പുറകിൽ എൻ്റെ ബൈക്ക് ഇടിച്ചു നിൽക്കുന്നു.. കാറിൻ്റെ ബമ്പർ പൊട്ടിയിട്ടുണ്ട്. വണ്ടി നമ്പർ കണ്ടപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്. അത് അവളുടെ കാറായിരുന്നു.

ശബ്ദം കേട്ടിട്ട് ആളുകളൊക്കെ നോക്കുന്നുണ്ട്..

ചിലരെക്കെ അടുത്തേക്ക് വരുന്നുമുണ്ട്. കൂട്ടത്തിൽ ശ്യാമും മീരയുമെക്കെയുണ്ട്.

“എന്താടാ.. എന്താ.. പറ്റിയെ.. നീ സ്പീഡായിരുന്നോ..?”

ശ്യാം വണ്ടിയേയും എന്നെയും മാറി മാറി നോക്കിക്കൊണ്ടു ചോദിച്ചു.

“ഇല്ലടാ.. സ്പീഡെനും അല്ലായിരുന്നു.. ഞാൻ പെട്ടെന്ന് വണ്ടി കണ്ടില്ല..”

“ഈ നേരെ കെടക്കണ വണ്ടി കണ്ടില്ലെന്നോ..? ഹാ.. സ്വപ്നം കണ്ടോണ്ട് വണ്ടിയെക്കെയോടിച്ചാൽ ഇങ്ങനെയിരിക്കും. ഹാ… എന്തായാലും പാർവ്വതിയുടെ വണ്ടിയായോണ്ട് കുഴപ്പയില്ല.. വേറെ വല്ലോരുടെ ആണേൽ നീ പെട്ടേനെ..”

“ഹാ.. അവൾടെ വണ്ടിയായതു തന്നെയാ ഏറ്റവും വല്യ കൊഴപ്പം..”

ശ്യാം പറഞ്ഞു നിർത്തിയതും ഞാൻ പതിയെ മുറുമുറുത്തു…

“എന്തോന്ന്.?”

ശ്യാം അത് കേട്ടന്നോണം ഒരു ചേദ്യഭാവേന എന്നെ ഒന്ന് നോക്കി.

“ഒന്നും പറഞ്ഞില്ല..”

ഞാൻ അതിന് ഒരു അലസ്സഭാവത്തോടെ മറുപടി നൽകി..

അൽപ്പ നേരത്തിനുള്ളിൽ അവിടെ കൂടി നിന്നവർക്കിടിയിൽ നിന്നും ഒരു തല പ്രത്യക്ഷമാവുന്നത് ഞാൻ കണ്ടു.

ആ ആളെ കണ്ടതും എൻ്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി.. ഇപ്പോഴത്തെ സാഹചര്യത്തിൽ അവളുടെ പ്രതികരണം എന്താവും എന്നു ഒരു തരം ഭയവും അതിലേറെ ആകാംക്ഷയും എന്നിൽ ഉടലെടുത്തു.

എന്നാൽ ഞാൻ പ്രതീക്ഷിച്ചതിലും കൂടുതലാണ് സംഭവിച്ചത്.

“യ്യോ.. ഇതെങ്ങനാ.. പറ്റിയെ..”

വന്നതും കാറിൻ്റെ അവസ്ഥ കണ്ടവൾ ചോദിച്ചു.

“എടി.. അത് ബൈക്കൊന്നു തട്ടിയതാ..”

ശ്യാമാണതിന് മറുപടി പറഞ്ഞത്.

“അത് സാരുല്ലടാ.. എന്തായാലും അടുത്ത ദിവസം സർവീസിന് കൊടുക്കണം. അപ്പോ അതിൻ്റെ കൂടെ മാറിക്കോളാം..”

“അയ്യോ.. അതിന് ഞാനല്ല ഇടിപ്പിച്ചത്.. നിൻ്റെ കാമുകനാ.. അങ്ങോട്ട് പറഞ്ഞോ..”

അവൾ ശ്യാമാണ് ഇടിപ്പിച്ചത് എന്ന് തെറ്റിദ്ധരിച്ചായിരുന്നു അത് പറഞ്ഞ്.

“കാമുകനോ.. ആരുടെ കാമുകൻ. കുറെ അഷ്ടിക്ക് വകയില്ലാതോര് ഇറങ്ങിക്കോളും.. കാശെള്ള വീട്ടിലെ പെമ്പിളേരെ വളയ്ക്കാനായിട്ട്.. അപ്പൊ.. പിന്നെ സുഖായല്ലോ.. ജീവിതകാലം മുഴുക്കെ സുഖായിട്ട് കഴിയാലോ.. ഇവന്മാരൊക്കെ മനസ്സുകൊണ്ടല്ല ബുദ്ധികൊണ്ടാ സ്നേഹിക്കുന്നത്.. ഹും.. കണ്ടില്ലേ.. ഇതു ശെരിയാക്കണേൽ എത്ര രൂപ വരുന്നോർത്താ..“

“നിർത്തടീ.. നീ കൊറെ നേരായല്ലോ.. കെടന്ന് ചെലക്കണൂ.. ഞാൻ കാരണം നിൻ്റെ വണ്ടിക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടേൽ അതിൻ്റെ നഷ്ടപരിഹാരം ഞാൻ വീട്ടിക്കോളാം.. അതിന് വേണ്ടി നീ ഇങ്ങനെ നാവിട്ട് ചെലക്കണമെന്നില്ല..,”

ഇതെല്ലാം കണ്ടു നിന്ന ശ്യാമും മീരയും പിന്നെ ഞങ്ങളെ അറിയാവുന്ന ആളുകളുമെല്ലാം സത്യത്തിൽ അന്തംവിട്ടു നിൽക്കുകയായിരുന്നു ആ സാഹചര്യത്തിൽ …

അവർ ഒരിക്കലും പാർവ്വതിയിൽ നിന്നും അങ്ങനെയൊരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതും പ്രത്യേകിച്ച് എന്നോട്.

അവർക്ക് അപ്പോഴെ മനസ്സിലായിട്ടുണ്ടാവണം ഞങ്ങൾ തമ്മിൽ എന്തോ ഇഷ്യൂ ഉണ്ടെന്നുള്ളത്.

അവൻ പതിയെ എൻ്റെ മുഖത്തേക്ക് നോക്കി എന്താ എന്ന് ചോദിക്കും പോലെ ആഗ്യം കാണിച്ചു.

ഞാൻ പിന്നെ പറയാം എന്നുള്ള രീതിയിൽ കണ്ണുകൾ അടച്ചു കാണിച്ചു.

“എനിക്ക് ആരുടെയും കാശെന്നും വേണ്ട .. അല്ലേലും എനിക്ക് നിങ്ങടെ നഷ്ടപരിഹാരമൊന്നും കിട്ടിയിട്ടു വേണ്ട എൻ്റെ വണ്ടി ശെരിയാക്കാൻ.”

“എനിക്ക് നിൻ്റെ ഔദാര്യമൊന്നും വേണ്ട.. ഞാൻ കാരണം നിനക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടേൽ അതിൻ്റെ തുക എത്രയാണെന്നു വെച്ചാൽ ഞാൻ വീട്ടും . നിനക്ക് ആ പണം വേണേൽ സ്വീകരിക്കാം .. ഇല്ലേൽ വെല്ല ആറ്റിലും കൊണ്ടെഴുക്കി കളാ…”

അത്രയും പറഞ്ഞു വണ്ടിയുമെടുത്ത് ഞാൻ പുറത്തേക്ക് പോയി..

നേരെ ചെന്നത് KK ഫിനാൻസ് എന്ന സ്വർണം പണയം വെക്കുന്ന ഒരു സ്ഥാപനത്തിലേക്കാണ്.

കഴുത്തിൽ കിടന്ന 1 പവൻ്റെ മാല ഊരിയെടുത്തു.

ചേട്ടാ.. ഇതൊന്നു പണയം വെക്കണം എത്ര കിട്ടും..

പുള്ളിയെന്നെയൊന്നു നോക്കി. ശേഷം മാല കൊടുക്കാനായി കൈ നീട്ടി.

മാല ഞാൻ പുള്ളിയുടെ കൈയിൽ കൊടുത്തു..

“ഒരച്ചു നോക്കണം.”

മാലയിൽ നിന്നും കണ്ണെടുത്ത ശേഷം എന്നെ നോക്കി പറഞ്ഞു.

“മ്മ്..”

ഞാൻ അതിന് ഒന്ന് മൂളുക മാത്രം ചെയ്തു.

പുളളി അടുത്തിരുന്ന ഒരു സോഡാ ഗ്ലാസ് എടുത്ത് മുഖത്ത് വെച്ചു കൊണ്ട് മാലയെടുത്ത് ഒരു കട്ടയിൽ ഇട്ട് ഒരയ്ക്കാൻ തുടങ്ങി.

പുള്ളിയുടെ ഒര കണ്ടതും എൻ്റെ നെഞ്ചിടിപ്പ് കൂടി .. ആ മാല മൊത്തം അയാൾ ഒരച്ചു തീർക്കുമെന്നു തോന്നിപ്പോയി..

ഒടുവിൽ ക്ഷമ നശിച്ചപ്പോൾ ഞാൻ പറഞ്ഞു.

എൻ്റെ ചേട്ടാ.. ഇത്രേം ഇട്ട് ഒരച്ചിട്ടും ചേട്ടന് മനസ്സിലായില്ലെ… ഇത് സ്വർണമാണോ അല്ലയോ.. എന്ന്..

“ആ.. അത് പിന്നെ .. അകത്ത് ചെമ്പുണ്ടേൽ അറിയാൻ പറ്റില്ല.. അതാ…”

“മ്മ്.. ഉവ്വ.”

പുള്ളി പതിയെ എന്നെ ഒന്ന് ഇടംകണ്ണിട്ടു നോക്കി.

“ഹാ.. 1 പവനോളം വരും.. പണയിത്തിനാവുമ്പോ.. 15000 രൂപ വരെ കിട്ടും..”

“അയ്യോ.. അത് പോരാ..”

“അതിൽ കൂടുതൽ കിട്ടില്ല.. എന്താ.. വെക്കുന്നോ പണയത്തിന്..?”

“വിക്കുവാണേൽ എത്ര കിട്ടും.”

“മാലയല്ലേ… അപ്പോ.. ഒരു 22000 വരെ കിട്ടോളു..”

“ആഹ്. എടുത്തോ..”

“ഒരു ID പ്രൂഫ് കാണിക്കണം.”

ഞാൻ എൻ്റെ ഡ്രൈവിങ് ലൈസൻസ് എടുത്തു കാട്ടി.

വീട്ടുകാർ വാങ്ങിത്തന്ന മാലയായിരുന്നു. അതും അവർ കുറേ കാലം സ്വരുകൂട്ടി വച്ച പണം കൊണ്ട്. അത് പെട്ടെന്ന് നഷ്ട്ടപ്പെടുമ്പോ ഉള്ളിലൊരു നീറ്റല്.

“ഇന്നാ ഇവിടെ ഒന്ന് ഒപ്പിട്ടെ..”

എൻ്റെ മുന്നിലേക്ക് ഒരു കടലാസു കഷ്ണം നീട്ടികൊണ്ടയാൾ പറഞ്ഞു.

ഞാനാ പേപ്പർ വാങ്ങി ഒപ്പിട്ടു കൊടുത്തു.

“ഇനി ഇത് പറഞ്ഞ തുകയുണ്ടോയെന്ന് എണ്ണി നോക്കിക്കോ..”

അതും പറഞ്ഞയാൾ കുറച്ചു പണം എൻ്റെ കൈയിലേക്ക് തന്നു.

ഞാനത് പറഞ്ഞ തുകയത്രയുമുണ്ടെന്ന് എണ്ണിയറപ്പു വരുത്തി.

“അപ്പോ.. ശെരി..”

അതും പറഞ്ഞു ഞാനവിടെ നിന്നുമിറങ്ങി.

പക്ഷേ ഇപ്പോൾ ക്ലാസ് തുടങ്ങിയിട്ടുണ്ടാവുമെന്നുള്ളതിനാൾ കുറച്ചു നേരം കഴിഞ്ഞാണ് ഞാൻ കോളേജിലേക്ക് പോയത്.

ഞാൻ കോളേജിലേക്ക് ചെല്ലുമ്പോൾ 1st ഇൻ്റർവെൽ തുടങ്ങിയിരുന്നു.

ബൈക്ക് കോളേജിലെ ഒരു മരച്ചോട്ടിൽ വെച്ച് ഞാൻ അവളെ നോക്കി നടന്നു.

“അനീറ്റേ.. നീ പാർവ്വതിയെ കണ്ടായിരുന്നോ..?”

“ആ.. അവള്.. ആ..ലൈബ്രറീടെ അങ്ങോട് പോണ കണ്ടായിരുന്നു.”

ഹാ.. ശെരിയെന്നും പറഞ്ഞ് ഞാൻ ലൈബ്രറി ലക്ഷ്യമാക്കി നടന്നു.

ലൈബ്രറിയിൽ കയറിയതും ഞാൻ ചുറ്റും കണ്ണോടിച്ചു.

അവിടെവിടെയായി കുറച്ചു പേർ ഇരിപ്പുണ്ട് കമിതാക്കളാണ് കൂടുതലും . ഒടുവിൽ ആ വലിയ ലൈബ്രറിയുടെ ഒരു മൂലയിലായ് ആളൊഴിഞ്ഞ ബെഞ്ചിൽ അവൾ തലചായ്ച്ചിരിക്കുന്നത് കണ്ടു.

“ഇന്നാ.. നിൻ്റെ കാശ്.. “

എന്നും പറഞ്ഞ് ഞാൻ പേപ്പറിൽ പൊതിഞ്ഞിരുന്ന പണം അവളുടെ മുൻപിൽ ഉള്ള ഡെസ്ക്കിലേക്ക് ഇട്ടു. മോന്തയ്ക്ക് വലിച്ചെറിയണം എന്നുണ്ടായിരുന്നു . പക്ഷെ എന്തോ.. എനിക്ക് അതിന് സാധിച്ചില്ല.

അവൾ എന്നെയും മുന്നിലിരിക്കുന്ന പണത്തേയും മാറി മാറി നോക്കി..

“എവിടെന്നാ.. ഇത്രയും. പണം.??”

“അതെന്തിനാ.. നീയറിയുന്നേ..? നിനക്ക് നിൻ്റെ നഷ്ടപരിഹാരം കിട്ടിയാൽപ്പോരെ..”

“വണ്ടി വിറ്റോ..?”

“ഇല്ല.. എൻ്റെ കിഡ്‌നി വിറ്റു.. എവിടെന്നായാലും നിനക്കെന്താ.. നിനക്ക് നിൻ്റെ പണം കിട്ടിയാൽ പോരെ..”

അത് പറഞ്ഞപ്പോൾ എൻ്റെ ശബ്ദം കുറച്ച് പൊന്തിയിരുന്നു. ചുറ്റുമുള്ളവർ ഞങ്ങളെ ശ്രെദ്ധിക്കാൻ തുടങ്ങി.

“ഹരിയിത് കൊണ്ടു പൊയ്ക്കോ.. കാർ ഞാൻ ശെരിയാക്കിക്കൊള്ളാം..”

അതും കൂടി കേട്ടതോടെ എൻ്റെ ദേഷ്യം പിന്നെയും വർദ്ധിച്ചു. എങ്കിലും ഞാനത് സ്വയം നിയന്ത്രിക്കാൻ ശ്രെമിച്ചു.

“എനിക്ക് നിൻ്റെ ഔദാര്യമൊന്നും വേണ്ട.. അത് ഞാൻ മുന്നേ പറഞ്ഞതുമാ.. വെറുതെ എന്നെ കലി കേറ്റരുത്. ദേ.. കെടക്കണു … നിൻ്റെ കാശ്.. കൊണ്ട് പുഴുങ്ങി തിന്നെടീ..”

അത്രയും പറഞ്ഞു ഞാൻ ലൈബ്രറിയിൽ നിന്നും പുറത്തേക്ക് നടന്നു. പെട്ടെന്ന് തോളിൽ ഒരു കൈ പതിഞ്ഞു. ഞാനാ നടത്തം നിർത്തി പിന്നിലേക്ക് നോക്കി ശ്യാമായിരുന്നു അത്.

വാ.. എന്നും പറഞ്ഞവൻ എൻ്റെ തോളിൽ കൈയുമിട്ട് എന്നെയും കൊണ്ട് നടന്നു.

ഞങ്ങൾ ചെന്നു നിന്നത് കോളേജിന് വെളിയിലുള്ള ജോർജേട്ടൻ്റെ ചായക്കടയുടെ മുൻപിലാണ് . പുള്ളി തന്നെയാണ് കോളേജ് കാന്റീനും നടത്തുന്നത്.

“ജോർജേട്ടാ.. ഒരു ലൈറ്റ്സ്…”

“എന്താടാ.. നിങ്ങടെ പ്രശ്നം..”

സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിക്കുന്ന കൂട്ടത്തിൽ ശ്യാം ചോദിച്ചു.

എന്നിട്ട് ഒരു പുകയൂതി വിട്ടു കൊണ്ട് എന്നെ നോക്കി.

“എന്താനോച്ചാൽ വാ തൊറന്ന് പറയടാ..”

എൻ്റെ മറുപടിയൊന്നും ലഭിക്കാതെ വന്നപ്പോൾ കർവ്വിച്ചുകൊണ്ടവൻ വീണ്ടും ചോദിച്ചു.

“അത് തന്നെയാ.. എനിക്കും അറിയാൻ പാടില്ലാത്തത്. ഞാൻ പിന്നെ എന്ത് പറയാനാ..”

ഞാനെൻ്റെ നിസഹായത വെളിപ്പെടുത്തി.

“എന്ത് ? ?”

അവൻ എന്നെ ഒരു ചോദ്യഭാവേന നോക്കിക്കൊണ്ടു ചോദിച്ചു.

ഞാൻ കോഫി ഷോപ്പിൽ വെച്ചു നടന്ന കാര്യങ്ങൾ എല്ലാം അവനോട് തുറന്നു പറഞ്ഞു.

കാര്യങ്ങൾ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ചെക്കൻ ആകെ കിളി പോയ അവസ്ഥയിലായിരുന്നു.

“എടാ.. ഇതൊക്കെ ഉള്ളതാണോ..? പാർവ്വതി ഇങ്ങനെ ചെയ്യും എന്ന് എനിക്ക് തോന്നണില്ല..”

“പിന്നെ ഞാൻ കള്ളം പറയുന്നതാണെന്നോ..? എടാ.. ഞാൻ ഇത് പറഞ്ഞിട്ട് നിനക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. അപ്പോ.. ആ സമയത്ത് ഞാൻ അനുഭവിച്ച മാനസ്സികാവസ്ഥ നീയൊന്ന് ചിന്തിച്ച് നോക്കിയേ…”

“എടാ.. എന്നാലും.. അവള് അങ്ങനെ ചെയ്യോ..?”

“അപ്പോ.. നിനക്ക് ഞാൻ പറഞ്ഞതൊന്നും വിശ്വാസമായില്ലെ..”

“അങ്ങനെയല്ലടാ.. ഞാൻ..”

അവൻ എന്തു പറയും എന്നറിയാതെ കുഴഞ്ഞു..

“ഹാ.. അത് വിട്.. എൻ്റെ വിധിയാണെന്ന് കരുതിക്കോളാം.. അല്ലാതെ എന്തു ചെയ്യാനാ..”

“ഇത് തേപ്പാ… തേപ്പ്..”

പെട്ടെന്ന് പുറകിൽ നിന്നും വന്ന പരിചയം ഇല്ലാത്ത ശബ്ദം കേട്ട് ഞങ്ങൾ ഇരുവരും തിരിഞ്ഞു നോക്കി.

ആളെ കണ്ടതും എൻ്റെ മുഖം വലിഞ്ഞു മുറുകി.

റാഷിദായിരുന്നുവത്.. എൻ്റെ ക്ലാസ്സിൽ തന്നെയുള്ള ഒരു പയ്യൻ.. ഞങ്ങളായിട്ട് വല്യ കമ്പനിയൊന്നുമില്ല. അവൻ കൂടുതലും പെൺകുട്ടികളുടെ ഒപ്പമാണ് ചങ്ങാത്തം. എന്ന് വെച്ച് ആളൊരു ചാന്തുപൊട്ടൊന്നുമല്ല കേട്ടോ..,

ഞങ്ങൾ അവനെ ഷാറൂഖാൻ എന്നാണ് കളിയാക്കി വിളിക്കുന്നത്. ആളുടെ നടത്തവും ഹെയർസ്റ്റൈലും ഒക്കെ ഏതാണ്ട് അതു പോലെയാണ്.

എനിക്ക് അവൻ്റെ വർത്താനം അത്രയ്ക്കങ്ങ് പിടിച്ചില്ലെങ്കിലും ഞാൻ എന്നെ തന്നെ സ്വയം നിയന്ത്രിച്ചു..

പക്ഷേ.. അവൻ വിടുന്ന ലക്ഷണമില്ലായിരുന്നു..

നീയായിട്ട് തന്നില്ലേൽ ഞാൻ ചോദിച്ചു വാങ്ങും എന്ന ലൈൻ ആയിരുന്നു പുള്ളിയുടെ..

അവൻ അടുത്തേക്ക് വന്നതും വീണ്ടും എന്നെ ചൊറിയാൻ തുടങ്ങി..

“എടാ.. അവള് നിന്നെ മനപ്പൂർവ്വം തേച്ചതാടാ…അവൾടെ അത്രയും സ്റ്റാറ്റസ് നിനക്കില്ലാ.. എന്ന് തോന്നിയപ്പോ… അവൾ നിന്നെ തേച്ചു… അല്ലേലും നിനക്കവള് ചേരില്ല.. ഏതാണ്ട് അലുവേം മത്തിക്കറിയും പോലെ..”

അവൻ ഉള്ളിൽ ചിരിച്ചു കൊണ്ടാണ് പറയുന്നതെന്ന് അവൻ്റെ മുഖത്ത് നിന്നും വ്യക്തമായിരുന്നു..

എനിക്കാകെ വിറഞ്ഞു കേറിയെങ്കിലും ഉള്ളിലെ സംങ്കടം മൂലം തിരിച്ച് ഒന്നും പറയാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല അപ്പോ..

“നീ പോയ് ആ അലീനയെ ഒക്കെ നോക്ക്.. അവളൊക്കെ ആരുടെ തോളിൽ ചായാം എന്ന് നോക്കി നടക്കുവാ…”

“ഒന്ന്.. നിർത്തീട്ട് പോടാ… മൈ#$%… കൊറെ.. നേരായ് അവൻ അവൻ്റെ അപ്പനെ കെട്ടിച്ച കഥ പറയണു.. നിന്നെ ഇപ്പോ ആരെങ്കിലും ഇതിൻ്റടേലോട്ട് ക്ഷെണിച്ചാ.. “

എനിക്ക് പറയാൻ സാധിക്കാതെ പോയത് ശ്യാം അവനെ നോക്കി പറഞ്ഞപ്പോൾ എനിക്ക് കുറച്ചു സമാധാനം തോന്നി.

ശ്യാമിനോട് മറുത്ത് ഒരു അക്ഷരം മിണ്ടാതെ അവൻ പയ്യെയവിടുന്നന് വലിഞ്ഞു. ഇഞ്ചി കടിച്ച പോലെയായിരുന്നു അന്നേരം അവൻ്റെ മോന്ത.

ശ്യാമിനോട് മുട്ടാൻ അവന് ഇച്ചിരി പേടിയാ..

കഴിഞ്ഞകൊല്ലം ആണെന്ന് തോന്നുന്നു..

ഒരു ദിവസം എല്ലാവരും കോളേജിന് വെളിയിൽ കൂടിനിക്കുമ്പോൾ അവൻ പെൺകുട്ടികളുടെ മുൻപിൽ ആളാവാൻ വേണ്ടി ശ്യാമിനെ നോക്കി എന്തോ കമൻ്റ് അടിച്ചു. ചെക്കനാണേൽ അത് കേട്ടതും ഓടിവന്ന് അവനെ ചവുട്ടി റോഡരികിലെ കാനേല്‍ ഇട്ടു.

ആ വീഴ്ച്ചയിൽ അവൻ്റെ മേലാകെ ഉരഞ്ഞു പൊട്ടി. പോരാത്തതിന് വഴിയെ പോയവരും സ്റ്റുഡൻ്റ്സും ഒക്കെ കണ്ടതിൻ്റെ നാണക്കേടും ഒക്കെ കൂടിയായപ്പോൾ അവൻ്റെ അസുഖം മാറി.

പിന്നെ അവൻ ശ്യാമിനെ ചൊറിയാൻ പോയിട്ട് നേരാവണ്ണം എന്തെങ്കിലുമൊന്ന് മിണ്ടുന്നത് പോലും ഞാൻ കണ്ടിട്ടില്ല.

നീ രണ്ട് സോഡ സർബത്ത് പറാ എന്നും പറഞ്ഞവൻ ആരോടോ ഉള്ള ദേഷം തീർക്കാൻ എന്നപ്പോലെ ചുണ്ടിൽ എരിഞ്ഞിരുന്ന സിഗററ്റ് ആഞ്ഞു വലിച്ചു.. എന്നിട്ടത് നിലത്തേക്കിട്ട് ചുട്ടി കിടത്തി പുകയൂതി വിട്ടു.

നീയെന്തായാലും അവളോട് ഒന്ന് തനിച്ച് സംസാരിക്ക്. എന്നിട്ട് പറഞ്ഞു തീർക്കാവുന്നതാണേൽ പറഞ്ഞു തീർക്ക്.അതും പറഞ്ഞവൻ കയ്യിൽ ഇരുന്ന സർബത്തിലൊന്ന് എനിക്കു നേരെ നീട്ടി.

കുറച്ചു നേരം ഞങ്ങളവിടെ ചുറ്റിപ്പറ്റി നിന്നു. ശേഷം കാശ് പറ്റിലെഴുതിക്കോളാൻ പറഞ്ഞ് തിരികെ ക്ലാസിലേക്ക് നടന്നു.

ക്ലാസിലേക്ക് വരുന്നില്ല എന്ന് ഞാൻ ശ്യാമിനോട് പറഞ്ഞതാണ്. പക്ഷേ അവൻ കേട്ടില്ല. എത്ര നാൾ നീ ഇങ്ങനെ ക്ലാസിൽ കേറാതെ നടക്കുമെന്നുള്ള അവൻ്റെ ഒറ്റ ചോദ്യത്തിനു മുൻപിൽ എനിക്ക് മറുപടിയുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഒന്നു മിണ്ടാതെ അവൻ്റെ കൂടെ പോവുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ..

ഞങ്ങൾ ക്ലാസിൽ എത്തിയപ്പോഴേക്കും ക്ലാസ് തുടങ്ങിയിരുന്നു.

“മ്മ്.. എവിടെ കറങ്ങി നടക്കുവായിരുന്നു രണ്ടാളും.. ക്ലാസ് തുടങ്ങി പകുതിയായപ്പോഴാണോ.. കേറി വരുന്നേ..”

ഞങ്ങൾ ക്ലാസ് വരാന്തയിൽ ചെന്നു നിന്നതും. ക്ലാസ്സെടുത്തു കൊണ്ടിരുന്ന മിസ് ഞങ്ങടെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു..

“ക്ലാസിൽ കേറിക്കോ.. പക്ഷെ രണ്ടെണ്ണത്തിനും അറ്റന്റൻസ് തരില്ല.”

അതു പറഞ്ഞ് ആ അദ്ധ്യാപിക ഞങ്ങൾക്കു മുൻപിൽ വഴി മാറി തന്നു.

ഞാനെൻ്റെ സീറ്റിലേക്ക് നടന്നു നീങ്ങിയതും നോക്കരുത് നോക്കരുത് എന്ന് എൻ്റെ മനസ്സ് പല തവണ പറഞ്ഞിട്ടും അറിയാതെ എൻ്റെ കണ്ണുകൾ അവളിരിക്കുന്ന ബെഞ്ചിലേക്ക് അറിയാതെ പാളി.

അവൾ എന്നെ ഒന്ന് മൈൻഡ് ചെയ്തതുപ്പോലുമില്ല. എന്തോ ബുക്കിൽ എഴുതിക്കൊണ്ടിരിക്കുകയാരുന്നു അവൾ.

അവൾടെ ഒരു ഒടുക്കത്തെ എഴുത്ത്.. ഹും..

മനസ്സിൽ പിറുപിറുത്തു കൊണ്ടു ഞാൻ എൻ്റെ സീറ്റിലേക്കിരുന്നു.

“ഹും. ഹും. ഇവിടെയെന്താ ഒരു സിഗററ്റിൻ്റെ സ്മെല്..”

മിസ്സ് ഞങ്ങൾ ബഞ്ചിലിരുന്നത് മിസ്സ് മണം പിടിച്ചു കൊണ്ട് ചോദിച്ചു.

“ഇല്ലേ.. പിളേളരെ.. ഒരു മണമില്ലേ..?”

മിസ്സ് ക്ലാസിലെ പിള്ളേരോടായ് വീണ്ടും ചോദ്യമാവർത്തിച്ചു.

പിളേളര് നല്ലതായതു കൊണ്ട് അവരൊന്നും മിണ്ടിയില്ല. എല്ലാവരും എനിക്കൊന്നുമറിയില്ലേ രാമനാരായണാ എന്ന ഭാവത്തിൽ ഇരിപ്പുണ്ട്.

ഞാൻ ശ്യാമിനെ നോക്കിയൊന്ന് ദഹിപ്പിച്ചു.

വിക്സ് മിട്ടായി വാങ്ങാൻ മറന്നു പോയിയളിയാ എന്നും പറഞ്ഞവൻ എന്നെ ഭയനീയമായ് നോക്കി.

“ഹരിയും ശ്യാമുമല്ലെ.. ഇപ്പോ.. വന്നെ.. നിങ്ങ ഒന്ന് എഴുന്നേറ്റേ.. നിങ്ങൾ വന്നേപ്പിന്നെയാ.. ഈ സ്മെല്ല് വന്നെ..”

പെട്ട്.

“ഡാ.. നീയാദ്യം ചെല്ല് .. നീ വലിച്ചില്ലല്ലോ.. നീ വേഗം ചെന്ന് ഊതിയിട്ട് വാ. നീ വലിച്ചിട്ടില്ലാ എന്ന് കാണുമ്പോ ചെലപ്പോ എന്നെയും ഊതിക്കില്ല.”

“ഹോ.. എന്തൊരു ഫുദ്ധി.😡😡😡 മിണ്ടാണ്ട് കൂടെ വാടാ.. മൈ..”

“വേണ്ട.. പറയാൻ വന്ന തെറി ഞാൻ ഊഹിച്ചോളം..”

അതു പറഞ്ഞവൻ എൻ്റെ വാ പൊത്തിപ്പിടിച്ചു.

“എന്താ.. രണ്ടും അവിടെക്കിടന്ന് തിരുവാതിര കളിക്കണേ… ഇങ്ങോട്ട് വരാൻ പറഞ്ഞോ.. രണ്ടിനോടും.”

ആ ദേ.. വരുന്നു മിസ്സെ… ന്നും പറഞ്ഞ് ഞാൻ തന്നെ മുൻപേ നടന്നു.

“ഊതിക്കെ..”

“ഹൂ…”

“മ്മ്.. ഹാ.. ഇയാള് പോയിരുന്നോ.. ഇനി ശ്യാം ഊതിക്കെ..”

“അയ്യോ.. മിസ്സേ.. ഞാൻ സിഗററ്റൊന്നും വലിക്കില്ല..”

“അതൊക്കെ ഞാൻ തീരുമാനിച്ചോളാം.. തന്നോട് ഊതാൻ പറഞ്ഞാൽ അത് ചെയ്താൽ മതി.”

ഒടുക്കം പെട്ടുവെന്ന് ഉറപ്പായതും അവൻ നല്ല വെടിപ്പായിട്ട് നീട്ടിയങ്ങ് ഊതി.

ഹോ.. ഇനി അതിൻ്റെ എങ്ങാനും മണമടിച്ചിട്ട് മിസ്സെങ്ങാനും ബോധം കെട്ട് വീഴണെങ്കിൽ വീഴട്ടെ എന്നോർത്ത് വെല്ലോമാണാ ഈ പടകാലൻ ഇങ്ങനെ ഊതിയത് എന്നുഞാൻ ചെറുതായി ആണേലും ഒന്ന് സംശയിക്കാതിരുന്നില്ല.

“ഹോ.. എൻ്റെ പൊന്നോ.. എന്തൊരു നാറ്റമാടോ ഇത്. തനിക്കൊന്ന് രാവിലെ പല്ലൊക്കെ തോച്ചിട്ട് പോന്നൂടെ.. മനുഷ്യൻ്റെ തല വരെ ചെകിടിച്ചു പോയ്. കുളിക്കാണ്ടും നനയ്ക്കാണ്ടും ഓരോന്ന് വന്നോളും. കോളേജിലേക്കാണെന്നും പറഞ്ഞ്. താൻ ഇനി വായ്നാറ്റം അറിയാണ്ടിരിക്കാൻ ആണോ സിഗററ്റ് വലിച്ചത്.. എനിക്ക് അങ്ങനൊരു ഡൌട്ട് ഉണ്ട്.. എന്തായാലും താൻ പോയ് പ്രിൻസിപ്പാളിനെ ചെന്ന് കണ്ടിട്ട് വാ..”

“ആ.. പിന്നെ .. പോണ വഴിക്ക് ആ വാ ഒന്ന് കഴുകിയേച്ചും പോ.. ഇല്ലേ ആ മനുഷ്യൻ ബോധം കെട്ടുവീഴും. അല്ലേ തന്നെ അങ്ങേർക്ക് ബോധം ഇല്ലെന്നാ പിള്ളേര് പറയുന്നത്. ”

ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് മിസ് ആരും കേൾക്കാത്ത രീതിയിൽ പയ്യെ ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും അടുത്തു നിന്നിരുന്ന ഞാനും ശ്യാമുമത് കേട്ടു.

“തന്നോട് പോവാൻ പറഞ്ഞോ..”

പുറത്തേക്ക് കൈ ചൂണ്ടി കൊണ്ട് മിസ്സ് അവനെ നോക്കിയലറി.

അത്രയും കേട്ടതും പിന്നെയവിടെ നിന്നിട്ട് കാര്യമില്ലയെന്ന് തോന്നിയ ശ്യാം പുറത്തേക്ക് നടന്നു.

ഞാൻ തിരിച്ച് എൻ്റെ സീറ്റിലേക്കും. അവൻ്റെ കാര്യമോർത്ത് എനിക്ക് ചെറിയ ടെൻഷനുണ്ടായിരുന്നു. പിന്നെ കൂടിപ്പോയാൽ പത്ത് ദിവസത്തേക്ക് സസ്പൻ്റ് ചെയ്യും. അതിപ്പുറം പോവില്ലെന്നെനിക്കുറപ്പായിരുന്നു. പിന്നെ സസ്പെൻഷൻ നമുക്ക് പുത്തരിയല്ലാത്തോണ്ട് കൊഴപ്പില്യ.

ഞാൻ അതൊക്കെയാേലോചിച്ച് പതിയെ ഡെസ്ക്കിൽ തല വെച്ച് കിടന്നു.

എൻ്റെയിടതു വശത്തായിട്ടായിരുന്നു ശ്യാമെപ്പോഴും ഇരുന്നിരുന്നത്. വലതു വശം ചേർന്ന് എബിയും. പക്ഷെ അവൻ എന്നോട് എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും അവൻ്റെ വേര്‍പാട് എന്നെ ഇന്നും അലട്ടുന്നു.

–(@)—-(@)—-(@)—-(@)—-(@)–

അതെ സമയം ക്ലാസിനു വെളിയിൽ ശ്യാം പ്രിൻസിപ്പാളിൻ്റെ ഓഫീസ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു.

“ഹും. ഒരൂസം പല്ല് തോച്ചില്ലേൽ എന്താ.. ആകാശം ഇടിഞ്ഞു വീഴോ.. മനപ്പൂർവ്വമൊന്നുമല്ലല്ലോ.. മറന്നു പോയിട്ടല്ലേ.. അല്ലേലും ഞാൻ പല്ല് തേച്ചില്ലെങ്കിലും ആ തള്ളയ്ക്കെന്താ.. എൻ്റെ പല്ലല്ലെ..”

എന്നൊക്കെ പറഞ്ഞവൻ നടന്നു .. പോണ വഴി ഒന്ന് വായും കഴുകാൻ മറന്നില്ല കക്ഷി.

ഓഫീസിലേക്ക് ചെല്ലുമ്പോഴേ.. കണ്ടു ഒരു വലിയ ചില്ലും കൂട്ടിനുള്ളിൽ കറങ്ങു കസേരയിൽ മലനിരുന്ന് ഫോണിൽ കാര്യമായ എന്തോ പണിയിലാണ് കക്ഷി.

മാക്സിമം വിനയം വാരിവിതറി കൊണ്ടവൻ വിളിച്ചു.

“സാർ..”

പുള്ളി എരുമ തല പൊക്കുന്നപ്പോലെ ഫോണിൽ നിന്നും കണ്ണെടുത്ത് അവനെയൊന്നു നോക്കി. എന്നിട്ട് പാറക്കല്ലിൽ ചിരട്ടയുരന്നപ്പോലുള ശബ്ദത്തോടെ അയാൾ തിരക്കി.

“മ്മ്.. എന്താ..”

“സാർ.. അത്.. ക്യാമ്പസിൽ സിഗററ്റ് വലിച്ചിട്ട് കേറി. മിസ്സ് പറഞ്ഞു സാറിനെ വന്ന് കാണാൻ.”

“ക്യാമ്പസിൽ സിഗററ്റ് വലിക്കാൻ പാടില്ലായെന്ന് അറിയില്ലേ..”

“അയ്യോ.. സാറെ.. ക്യാമ്പസിൽ സിഗററ്റ് വലിച്ചില്ല..”

“പിന്നെ. .?”

“പുറത്തു നിന്നാ.. വലിച്ചെ..”

“മ്മ്. .. രാവിലെ ഓരോന്ന് വന്നോളും കണ്ട കള്ളും കഞ്ചാവുമൊക്കെ വലിച്ച് കേറ്റിക്കൊണ്ട്.., ഹാ.. തൽക്കാലം ഞാൻ സസ്പെൻഷൻ ഒന്നു തരുന്നില്ല. ഓഫീസിൽ പോയി 500 രൂപ ഫൈൻ അടച്ചിട്ട് ക്ലാസ്സിൽ കേറിക്കോ..”

“ശെരി സാർ.”

“ആ.. പോ.. പോ..”

അതും പറഞ്ഞയാൾ വീണ്ടു കണ്ണ് ഫോണിലേക്ക് പായിച്ചു .

ഇതെന്തൊരു മറിമായം ദൈവമേ … ഇങ്ങേർക്ക് ഇതെന്തു പറ്റി…

ഇങ്ങേര് ഇത്രേം തങ്കപ്പെട്ട മനുഷ്യനായിരുന്നോ..?

ഹോ.. ഈ മനുഷ്യനെയാണോ ഞാൻ ഇത്രയും നാൾ പ്രാകി കൊണ്ടിരുന്നത്..

ഹും.. പുള്ളിയുടെ ഒരു ഫോട്ടോ വാങ്ങി വീട്ടിൽ തൂക്കണം.

അല്ലാ.. 500 രൂപ ഇപ്പോ എവിടെ പോയി ഇണ്ടാക്കാനാണ്…???

ഇനി അടയ്ക്കാതിരുന്നാലോ…??’ വേണ്ട വെറുതെ എന്തിനാ പണി വാങ്ങിക്കൂട്ടുന്നെ..

ആരോടെങ്കിലും തെണ്ടിയിട്ടാണെങ്കിലും കൊണ്ടോയ് അടയ്ക്കാം…

ആ പൈസേം കൊണ്ട് ആ മാനേജറ് തെണ്ടി വിഷൂന് പടക്കം വാങ്ങി പൊട്ടിച്ചു കളിക്കട്ടെ… ഒറ്റ പടക്കം പോലും പൊട്ടരുതേ.. ദൈവമേ… അങ്ങനെ എൻ്റെ കാശിന് അയാൾ ഇപ്പോ പൊട്ടിക്കണ്ട…

“താനെന്ത് ആലോചിച്ച് നിക്കാ… താനിത് വരെ പോയില്ലേ…”

പോയി ഫൈനടച്ച് ക്ലാസിൽ കേറാൻ നോക്കടോ…

പ്രിൻസിപ്പലിന്റെ ഒച്ച കേട്ടപ്പോഴാണ് അവൻ ഇത്രയും നേരം അങ്ങേരുടെ മുൻപിൽ നിന്നാണ് ഇതൊക്കെ ആലോചിച്ചു കൂട്ടിയത് എന്നുള്ള ബോധം അവന് വന്നത് ..

“ഹാ ..സാർ ദേ പോവ്വാണ് .”

ചെറുതായി ഒന്ന് ചമ്മിയെങ്കിലും അതൊന്നും ഓന് പുത്തരി അല്ലാത്തതിനാൽ വേഗം അവിടെന്ന് ഇറങ്ങി നടന്നു .

“ഹാ ..ലക്ഷ്മി …ഒന്ന് നിന്നെ …”

പ്രിൻസിപ്പാളി ന്റെ ഓഫീസിൽ നിന്നും ഇറങ്ങിയതും അവൻ വരാന്തയിലൂടെ നടന്നു നീങ്ങുന്ന പെൺകുട്ടിയെ നോക്കി വിളിച്ചു .

പെട്ടന്നവൾ നടത്തം നിർത്തിക്കൊണ്ട് ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കി .

“ഹാ ..നീയായിരുന്നോ ..?? എന്താടാ വിളിച്ചത് ..??”

“അതെ ..എടി ഒരു 500 രൂപ കടം തരാൻ ഉണ്ടാവോ …??? നാളെ തരാം .”

നിനക്കിനി ഞാൻ കടം തരുന്ന പ്രെശ്നം ഇല്ല മോനെ …

ആദ്യം നീ ഇപ്പൊ തരാം എന്നും പറഞ് വാങ്ങിച്ചോണ്ട് പോയ ആ 250 രൂപ താ …

“അയ്യോ ..അത് ഞാൻ തരും …എന്നെ നിനക്ക് വിശ്വാസം ഇല്ലേ ലക്ഷ്മി ….”

“ഇല്ലല്ലോ ..മോനെ …”

അവൾ അവനെ നോക്കിയൊന്ന് ആക്കിയ പോലെ പറഞ്ഞു .

“എന്താ ലക്ഷ്മി.. നീ ഇങ്ങനെ ഒരു സ്നേഹം ഇല്ലാത്തപ്പോലെ സംസാരിക്കണേ ..?? ലക്ഷ്മി എന്ന്‌ പറഞ്ഞാൽ തന്നെ ഐശ്വര്യവും സമ്പത്തും ഉള്ളവൾ എന്നല്ലെ … ആ നിനക്ക് 250 രൂപ ഒക്കെ ഒരു വിഷയമാണോ ..??? അല്ലേലും കോടിശ്വരനായ രാജൻ സാറിന്റെ മോൾക്ക് ഇതൊക്കെ ഒരു തുകയാണോ ..??”

മ്മ് ..അത് ഏറ്റു അപ്പനെയും മോളെയും ഒന്ന് പൊക്കിപ്പറഞ്ഞപ്പോൾ പെണ്ണ് ഫ്ലാറ്റ് .

ശ്യാം സ്വയം മനസ്സിൽ പിറുപിറുത്തു .

–(@)—-(@)—-(@)—-(@)—-(@)–

ബെഞ്ചിൽ തലവെച്ചു കിടന്നിട്ടും മനസ്സിന് ഒരു സ്വസ്ഥത കിട്ടുന്നുണ്ടായില്ല.

അടുത്ത് അവൾ ഉണ്ടെന്നുള്ളതും അവൾ എന്നെ ഒന്ന് മൈൻഡ് കൂടി ചെയ്യുന്നില്ല എന്നതും എല്ലാം എന്നെ അസ്വസ്ഥനാക്കി .

ഒടുവിൽ ആ പീരീഡ് ക്ലാസ്സിൽ ഇരിക്കേണ്ട എന്ന് തീരുമാനിച്ചു .

“മിസ്സ് ..”

“എന്താ ..ഹരി ??”

ഞാൻ വിളിച്ചതും പുസ്തകത്തിൽ നിന്നും തലയുയർത്തി എന്നെ നോക്കികൊണ്ട് ചോദിച്ചു .

“മിസ് എനിക്കൊന്ന് ടോയ്‌ലറ്റിൽ പോണം .”

“താൻ കുറച്ചു മുൻപല്ലേ ക്ലാസ്സിലേക്ക് വന്നത് .ഇപ്പൊ തന്നെ വീണ്ടും പോണോ ..??”

“അത് …മിസ്സെ .. അർജെന്റ് ആയതുകൊണ്ടാണ് ..”

“മ്മ് ..ശെരി പോയിട്ട് വാ …”

“വിടല്ലേ മിസ്സെ …അത് അവന്റെ അടവാണ് ..”

എന്നെ ചൊറിയാൻ എന്നവണ്ണം തൊട്ട് മുൻപിൽ ഇരുന്ന ഒരു തെണ്ടി ഇടയ്ക്ക് കേറി പറഞ്ഞു..

അത് കേട്ടപ്പോൾ എനിക്ക് അവനെ ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും ഞാൻ ഒഴിഞ്ഞുമാറാൻ എന്നവണ്ണം വീണ്ടും മിസ്സിന്റെ മുഖത്തേക്ക് നോക്കി പൊയ്ക്കോട്ടേ എന്ന് ചോദിച്ചു .

“എന്താണ് ഇടക്കിടയ്ക്ക് ബാത്‌റൂമിൽ പോക്ക് …ഏഹ് .”

ഒരു ആക്കിയ പോലെ ആ തെണ്ടി വീണ്ടും ചൊറിഞ്ഞോണ്ട് വന്നു ..

അവൻ വിടുന്ന ലക്ഷണം ഇല്ലെന്ന് കണ്ടതും ഞാനും അതിന് മറുപടി പറഞ്ഞു ..നല്ല പച്ച മലയാളത്തിൽ തന്നെ ..

“ബാത്റൂമിലോ …ബാത്‌റൂമിൽ നിന്റെ തന്ത ഇരട്ട പെറ്റ് കിടക്കേണ് എന്ന് കേട്ട് ഒന്ന് ണ് കാണാൻ പൊണെണ് എന്താ നിനക്കും പോരണോ …”

“കേക്കേണ്ടത് കേട്ടപ്പോ ..ചെക്കന്റെ ചൊറിച്ചിൽ നിന്നു”

അത് കൊണ്ട് ഒരു ഉപകാരം ഉണ്ടായി ..മിസ്സെന്നെ പുറത്തു പോവാൻ സമ്മതിച്ചു .ഇവിടെ ഒരു സീനുണ്ടാക്കണ്ട എന്ന് പുള്ളിക്കാരിക്കും തോന്നിയിട്ടുണ്ടാവും..

ഞാൻ പതിയെ കോളേജ് ഗ്രൗണ്ടിനു സമീപമുള്ള ഒരു മുത്തശ്ശി മാവിന്റെ ചുവട്ടിൽ ചെന്നിരുന്നു .

ഇവിടെ ആവുമ്പോൾ ആരുടേയും ശല്യം ഉണ്ടാവില്ല .

കുറച്ചു നേരം അങ്ങനെ ആ മരത്തിന്റെ തണലിൽ ഞാൻ അഭയം കണ്ടെത്തി ..

ചുറ്റും കിളികളുടെ കുറുകൽ ഒഴിച്ചാൽ വേറെ ശബ്ദങ്ങൾ ഒന്നും തന്നെയില്ല ..നല്ലൊരു ശാന്തമായ അന്തരീക്ഷം .

മുൻപൊക്കെ ഞാൻ അവളുമായി ഇവിടെ വന്നിരിക്കുമായിരുന്നു .

ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ പങ്കു വെച്ചിരുന്നത് ഇവിടെ വെച്ചായിരുന്നു .

അവൾ എനിക്കായ് ആദ്യ ചുംബനം തന്നതും ഇതേ മരത്തിന്റെ തണലിൽ വെച്ചുതന്നെയായിരുന്നു.

വളരെ മധുരമുള്ള ചുംബനം .അമൃതാണവൾ അന്ന് എന്നിലേക്ക് പകർന്നു തന്നത് .

രണ്ടുപേർ പരസ്പ്പരം ചുംബിക്കുമ്പോൾ രണ്ടു ഹൃദയങ്ങളും ഒന്നാവുന്നു എന്ന് ഞാൻ എവിടെയോ വായിച്ചത് ഓർക്കുന്നു .

എന്റെ ഹരിയാ എന്റെ മാത്രം എന്നു പറഞ്ഞുവൾ എന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞതും എല്ലാം ഇന്ന് എന്റെയുള്ളിലെ ഒരുപിടി ഓർമ്മകൾ മാത്രമായ് മാറുമോ ..???

ദിവസനങ്ങൾ കടന്നുപോയി.. അവൾ ഇപ്പോൾ എന്നെ തീരെ മൈൻഡ് ചെയ്യുന്നില്ല .

രണ്ടു ദിവസം ആയിട്ട് കോളേജിലേക്കും അധികം കണ്ടില്ല .

ചെറിയൊരു ഇടവേളക്ക് ശേഷം ഞാൻ വീണ്ടും പാർടൈം ജോലിക്കിറങ്ങി . ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ജോബ് .

വലിയ വരുമാനം ഒന്നുമില്ല. എങ്കിലും കിട്ടുന്നത് ആവട്ടേയെന്ന് കരുതിയിറങ്ങിയതാണ് .

പക്ഷെ ആ ദിവസം എനിക്കൊരിക്കലും മറക്കാൻ പറ്റാത്ത ദിനമായിരുന്നു .

രാവിലെ ജോലിക്കിറങ്ങി ഞാൻ നാല് ഓർഡേഴ്സ് കംപ്ലീറ്റ് ചെയ്തു . അഞ്ചാമത്തെ ഓർഡർ കിട്ടിയത് ഒരു വില്ലയിലേക്കായിരുന്നു .

ഞാനാവില്ലയുടെ പേര് വായിച്ചു നോക്കി. ന്യൂഎര്‍ത്ത് വില്ലാസ്. എവിടെയോ കേട്ട് നല്ല പരിചയം ഉള്ള പേര് . പക്ഷെ എത്ര ആലോചിച്ചിട്ടും അങ്ങട് മനസ്സിലാവുന്നുണ്ടായിരുന്നില്ല.

ഞാൻ ഓർഡർഎടുത്ത് ലൊക്കേഷൻ ലക്ഷ്യമാക്കി നീങ്ങി.

വില്ലയുടെ ഫ്രണ്ട്ഗേറ്റ് എത്തിയതും സെക്യൂരിറ്റി തടഞ്ഞു . പുള്ളിയോട് കാര്യം പറഞ്ഞപ്പോൾ എന്റെ നമ്പർ എഴുതി വാങ്ങിയ ശേഷം അകത്തേക്ക് കയറ്റിവിട്ടു. ദോഷം പറയരുതല്ലോ നല്ല ലക്ഷ്യൂറി വില്ലയായിരുന്നുവത് ..

അകത്തു കേറി അഡ്രസ്സിൽ കൊടുത്തിരുന്ന വീടിനു മുന്നിൽ ചെന്ന് ഞാൻ വണ്ടി നിർത്തി .

ശേഷം ഫുഡുമെടുത്ത് ചെന്ന് ബെല്ലടിച്ചു .

രണ്ടു തവണ ബെൽ അടിച്ച ശേഷമാണ് ഡോർ തുറന്നത് .

ഡോർ തുറന്ന ആളെ കണ്ട് ഞാൻ സത്യത്തിൽ ഷോക്കായിപ്പോയിരുന്നു..

അത് അവളായിരുന്നു പാർവ്വതി .

പക്ഷെ ഈ കാലമത്രയും ഞാൻ കണ്ട പാർവതിയെയായിരുന്നില്ല എനിക്കവിടെ കാണാൻ സാധിച്ചത് .

അവളുടെ തലയിൽ ഒരു തരി മുടി പോലും ഉണ്ടായിരുന്നില്ല. അത് മുണ്ഡനം ചെയ്യപ്പെട്ടിരുന്നു. കൂടാതെ അവൾ ആകെ ക്ഷീണിച്ചു കോലം കെട്ടുപ്പോയിരുന്നു എന്നുതന്നെ പറയാം…

സത്യത്തിൽ ഞാൻ ഞെട്ടിയത് അവളെ കണ്ടതുകൊണ്ടല്ലായിരുന്നു..

അവളുടെ അപ്പോഴത്തെ കോലം കണ്ടായിരുന്നു.

തല മൊട്ടയടിച്ചിരിക്കുന്നു..

ആകെ ക്ഷീണിച്ചു കോലം കെട്ടുപോയിരുന്നു അവൾ. അവളുടെ അപ്പോഴത്തെ കോലം കണ്ടിട്ട് തന്നെ എന്റെ ഉള്ള് നീറുന്നുണ്ടായിരുന്നു .

അവളും ഒരിക്കലും എന്നെയവിടെ പ്രതിക്ഷിച്ചിരുന്നില്ല. എന്നെ കണ്ടതും അവളും ഒന്നു ഞെട്ടിയിരുന്നു .അത് അവളുടെ മുഖത്തു നിന്നും വ്യക്തമായിരുന്നു . അവൾ വേഗം തന്നെ വാതിൽ കൊട്ടിയടച്ചു .ഞാനത് എത്ര തുറക്കാൻ ശ്രമിച്ചിട്ടും സാധിക്കുന്നുണ്ടായിരുന്നില്ല..

“പാറു ..പാറു .. വാതിൽ തുറക്ക് എനിക്ക് സംസാരിക്കണം .പ്ലീസ് ..”

എന്നും പറഞ്ഞു ഞാനാ വാതിലിൽ ശക്തിയായി മുട്ടാൻ തുടങ്ങി ..

“നിന്നോട് തുറക്കാനാണ് പറഞ്ഞത് . എനിക്ക് സംസാരിക്കാനുള്ളത് സംസാരിക്കാതെ ഞാനിവിടെന്ന് പോണ പ്രശ്നമില്ല ..”

“ഏയ് .. താൻ പുറത്തു പോണം .”

പിന്നിൽ നിന്നും വന്നൊരു സെക്യൂരിറ്റി എന്റെ കൈയിൽ കയറിപ്പിടിച്ചുകൊണ്ടു പറഞ്ഞു .

എനിക്ക് ഇവിടെ ഉള്ള ആളോട് സംസാരിക്കണം .അത് കഴിഞ്ഞു ഞാൻ പൊയ്ക്കോളാമെന്നു പറഞ്ഞുകൊണ്ട് ഞാൻ അയാളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു..

“ഇവിടുത്തെ ഹൌസ് ഓണർ തന്നെയാണ് പറഞ്ഞത് തന്നെ ഇവിടുന്ന് പറഞ്ഞു വിടാൻ . അത്കൊണ്ട് ഇവിടെ കിടന്ന് പ്രേശ്നങ്ങൾ ഉണ്ടാക്കാൻ നിക്കാതെ പോയെ ..”

അതും പറഞ്ഞയാൾ എന്നെയവിടുന്ന് ബലമായി പിടിച്ചിറക്കാൻ നോക്കി .

പുള്ളിയുടെ കരുത്തിന് മുൻപിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന് മനസ്സിലായതും എനിക്കവിടെ നിന്നും പിൻവാങ്ങേണ്ടി വന്നു .എങ്കിലും എന്നിൽ നൂറായിരം സംശയങ്ങൾ ഉടലെടുത്തിരുന്നു. ഒപ്പം ഭയവും .

ഞാൻ ഭയക്കുന്ന പോലെയൊന്നും ഉണ്ടാവല്ലേ ദൈവമേ ..എന്നുള്ള ഒറ്റ പ്രാർത്ഥനായിരുന്നു ആ നിമിഷങ്ങളിൽ മുഴുവനും .

ഞാൻ വേഗം തന്നെ ഫോണെടുത്ത് ശ്യാമിനെ വിളിച്ചു .

അവന്റെ ഫോൺ റിങ് ചെയ്യുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങൾ പോലെയാണ് എനിക്കനുഭവപ്പെട്ടത് . ഒപ്പം എന്നിലെ നെഞ്ചിടിപ്പേറിവന്നു ..

“ഹാലോ ..”

“ഡാ ..എനിക്ക് നിന്നെ അത്യാവശ്യം ആയിട്ട് കാണണം നിനക്ക് എന്ത് തിരക്കുണ്ടെങ്കിലും ശെരി എനിക്കിപ്പൊത്തന്നെ കാണണം . ഞാൻ അഞ്ചു മിനിറ്റിനുള്ളിൽ പാപ്പാളി ഗ്രൗണ്ടിൽ എത്തും നീ അവിടെ ഉണ്ടാവണം .”

മറുതലയ്ക്കൽ നിന്നും മറുപടിവന്നതും ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീര്‍ത്ത് അവന് പറയാനുള്ളത് പോലും കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു . ശേഷം വേഗം തന്നെ പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി വണ്ടി പായിച്ചു .

റോഡിലെ തിരക്കും കുണ്ടും കുഴിയുമൊന്നും എനിക്ക് ബാധകമായിരുന്നില്ല .

ശ്യാമിനെ കാണുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു എന്റെയുള്ളിൽ .

വണ്ടിയുടെ മുരൾച്ചയേറുന്നതോടൊപ്പം വാഹനം കുതിച്ചു പായാൻ തുടങ്ങി. പറഞ്ഞതിലും സമയത്തിനുള്ളിൽ ഞാനവിടെയെത്തി .

പക്ഷെ ശ്യാമവിടെ എത്തിയിട്ടുണ്ടായിരുന്നില്ല . ഞാൻ വേഗം തന്നെ ഫോണെടുത്ത് അവനെ തുരുതുരാ വിളിക്കുവാൻ തുടങ്ങി ..

ഫോൺ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല . അവൻ വരാൻ താമസിക്കുന്ന ഓരോ നിമിഷങ്ങളും ഞാൻ തീയിൽചവിട്ടി നിൽക്കുന്നപ്പോലെയായിരുന്നു .

അധികം വൈകാതെ അവൻ പറഞ്ഞ സഥലത്തേക്ക് വന്നു.

“എന്താടാ ..ചാവാൻ പോണപ്പോലെ കെടന്ന് വിളിച്ചത് .. എന്തെങ്കിലും ചോദിക്കണേക്ക് മുന്നേ ..അവൻ ഫോണും കട്ടേയ്യും ..”

ശ്യാം വണ്ടി നിർത്തി സ്റ്റാൻഡ് ഇടുന്ന കൂട്ടത്തിൽ പറഞ്ഞു .

“എന്താടാ..നിന്റെ മുഖത്തൊരു ടെൻഷൻ .”

എന്റെ മുഖഭാവം കണ്ടതും എന്തോ കാര്യമായ പ്രെശ്നമുണ്ടെന്നവനു മനസ്സിലായിരുന്നു .

“എടാ .. എടാ ..ഞാ..ഞാൻ പാറൂനെ കണ്ടെടാ … അവള് , അവളെ .. ”

ഞാൻ വാക്കുകൾ കിട്ടാതെ വിക്കാൻ തുടങ്ങി..

വേണ്ട. നീപറയാൻ പോണതെന്താന്ന് എനിക്കറിയാം.

“നീയിനി അവള്‍ടെ പുറകെ പോവണ്ട . അങ്ങനെ ഒരാൾ നിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്നുകരുതി അവളെ മറന്നേക്ക് .”

“നിയെന്തയൊക്കെയാടാ ഈ പറയുന്നേ .. എനിക്ക് പറ്റോ .. അങ്ങനെ അവളെ മറക്കാൻ . അല്ലെത്തന്നെ ഇപ്പൊ അതിനും വേണ്ടും എന്താ ഇവിടെ ഉണ്ടായെ…”

“നീയും ഇപ്പൊ അവൾടെ പക്ഷത്താണോ ..??? അവൾക്ക് എന്താപ്പറ്റിയെ ..അത് മാത്രം എനിക്കിപ്പോ അറിഞ്ഞാൽ മതി. പറാ …”

ഞാനവന്റെ ഇരു കോളറിലും കുത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു .

അവൻ മൗനം പാലിക്കുന്നത് കണ്ടതും പിന്നെയും എന്നിലെ അരിശം കൂടിവന്നുകൊണ്ടിരുന്നു .

“ഒന്ന് പറെടാ …മൈ@#$%^ ..അവൾക്കെന്താണെന്ന് .”

ഞാൻ അവനു നേരെയലറി ..

“എന്നാ ..കേട്ടോ … അവൾക്ക് ക്യാന്‍സറാ …. അതും തലച്ചോറിൽ . ലാസ്‌റ് സ്റ്റേജാ … ഡോക്ടർസ് ഒക്കെ കൈയൊഴിഞ്ഞു .”

സ്നേഹപൂർവം

കാളിദാസൻ

Comments:

No comments!

Please sign up or log in to post a comment!