Soul Mates 9

ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങൾ തന്ന പ്രോത്സാഹനങൾക്ക് ഒരുപാട് നന്ദി.. ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ദയവായി ആ ഭാഗങ്ങൾ വായിക്കുക..

Episode 09 Escape

തിരികെ ഞാൻ എന്തെങ്കിലും പറയുന്നതിനോ ചോദിക്കുന്നതിനോ മുന്നേ ആ കോൾ കട്ടായി…

പേരോ വിവരങ്ങളോ ഒന്നും പറഞ്ഞില്ല എങ്കിലും എന്നെ വിളിച്ചിരിക്കുന്നത് സന്ധ്യയുടെ ആരോ ആണെന്ന് എനിക്ക് മനസ്സിലായി…

ശേ.. ഏത് നേരത്താണാണോ അവളെ കേറി അടിക്കാൻ തോന്നിയത്… എന്നാലും ഇത്ര പെട്ടന്ന് അവള് അത് അവളുടെ വീട്ടിൽ പോയി പറഞ്ഞോ…

ഇനി ഏതായാലും വരുന്നിടത്ത് വച്ച് കാണാം.. ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു…

കുറച്ച് ദൂരം പൊന്നപോൾ തന്നെ ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി.. ചെറിയ ടെൻഷനോടെ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി ഫോൺ പുറത്തെടുത്തു…

നോക്കിയപ്പോൾ ഒപ്പോസിറ്റ് ഫ്ലാറ്റിലെ പിള്ള ചേട്ടൻ ആയിരുന്നു

“ഹലോ ചേട്ടാ..”

“നീ എവിടെയാ വിനു..??”

“ഞാൻ ഒന്ന് ഓഫീസ് വരെ പോന്നതാ.. എന്ത് പറ്റി ചേട്ടാ…”

“ഇവിടെ ഫ്ലാറ്റിൽ ആകെ പ്രശനം ആണ് നീ ഇപ്പൊ ഇങ്ങോട്ട് വരണ്ട…”

“പ്രശ്നമോ..?? എന്ത് പ്രശനം..??”

“ആ രാമ സ്വാമി നായ്ക്കരുടെ ആളുകൾ വന്ന് ഇവിടെ മൊത്തം അരിച്ച് പെറുക്കിയിട്ടാ പോയത്.. നിന്നെ അന്വേഷിച്ച് ആണ് അവർ വന്നത്.. അല്ല നീയും അവരും തമിൽ എന്താ പ്രശനം…??”

രാമ സ്വാമി നായ്ക്കർ ആരാണെന്ന് മനസ്സിലായില്ലെങ്കിലും ഈ അവസ്ഥയിൽ അത് സന്ധ്യയുടെ അച്ഛൻ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു…

കാര്യങ്ങള് ഇത്രക്കും പ്രശനം ആകും എന്ന് സത്യം പറഞാൽ കരുതിയിരുന്നില്ല.. ഫ്ലാറ്റിലേക്ക് ഇപ്പൊ പോയാൽ പണി കിട്ടും എന്ന് ഉറപ്പാണ്..

“ശരി ചേട്ടാ.. ഞാൻ.. ഞാൻ നോക്കി കൊളാം…”

“അവരെ ഒക്കെ അറിയാവുന്നത് കൊണ്ട് പറയുവാ മോനെ… വല്ല കുഴപ്പവും ഉണ്ടെങ്കിൽ അത് പെട്ടന്ന് സോൾവ് ചെയ്യാൻ നോക്ക്.. അവരൊന്നും അത്ര ശരിയല്ല എന്തും ചെയ്യാൻ മടി ഇല്ലാത്തവരാണ്…”

“ഹും.. ശരി ചേട്ടാ…”

ഞാൻ ഫോൺ കട്ട് ചെയ്ത് ഒരു ദീർഘ ശ്വാസം എടുത്തു… ഫ്ലാറ്റിലേക്ക് പോവാൻ പറ്റില്ല… ഈ അവസ്ഥയിൽ ഇനി ഓഫീസിലേക്ക് ചെല്ലുനതും സേഫ് അല്ല..

അങ്ങനെ മറ്റൊന്നും ആലോചിക്കാതെ ഞാൻ വണ്ടി നേരെ അതിഥിയുടെ വീട്ടിലേക്ക് ഓടിച്ചു…

അധികം താമസിയാതെ ഞാൻ അതിഥിയുടെ വീട്ടിൽ എത്തി.. വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ നേരെ ചെന്നത് സിറ്റ് ഔട്ടിൽ ഇരിക്കുന്ന ശങ്കരേട്ടൻ്റെ അടുത്തേക്കാണ്…

“ചേട്ടാ…”

“മോൻ പോയിട്ട് ഇനി ഇന്ന് വരില്ല എന്ന് പറഞ്ഞിട്ട്…”

“അത്.

. അത് ഞാൻ പറയാം ചേട്ടാ.. എനിക്ക് ആദ്യം ഒരു കാര്യം അറിയണം..”

“എന്ത് കാര്യം..”

“ആരാ ഈ രാമ സ്വാമി നായ്‌ക്കർ..??”

“നായ്ക്കരോ.. അയാള് ഇവിടെ ഉള്ള ഒരു വലിയ മുതലാളി അല്ലേ.. നമ്മുടെ നാട്ടിൽ ഈ ജന്മി എന്നൊക്കെ പറയില്ലേ അത് പോലെ ഒക്കെ ഒരു സെറ്റപ്പ് ആണ്.. ആളും പണവും പവറും വേണ്ടുവോളം ഉണ്ട്.. എല്ലാ തരം ബിസിനസ്സും ഉണ്ട് കൂട്ടത്തിൽ ചെറിയ ചില തരികിട പരിപാടികളും… ചെന്നൈയില് എന്നല്ല തമിഴ്നാട്ടിൽ പുള്ളിയോട് മുട്ടി നിക്കാൻ ആർക്കും അത്ര എളുപ്പം ആവില്ല.. ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട് ഒന്ന് രണ്ട് വട്ടം.. പക്ഷേ പരിചയം ഒന്നും ഇല്ല.. നല്ല സ്വഭാവം ഉള്ള വ്യക്തി ആണ്.. പാവങ്ങളെ സഹായിക്കാൻ അങ്ങേരെ കഴിഞ്ഞേ വേറെ ആരും ഒള്ളു.. അഭയം ചോദിച്ച് വരുന്നവരെ ഒരിക്കലും തിരിച്ചയച്ച ചരിത്രമെ ഇല്ല…”

“ഹൊ.. അപ്പോ പുള്ളി ആളൊരു നല്ല മനുഷ്യൻ ആണല്ലേ..??”

“പിന്നെ.. അങ്ങേരു ആളൊരു നല്ല മനുഷ്യൻ ആണ്… പക്ഷേ കുഴപ്പക്കാരൻ പുള്ളീടെ അനിയൻ ആണ് രാജ സ്വാമി നായ്ക്കർ… ഇത്രേം വൃത്തി കെട്ട ഒരു മനുഷ്യൻ വേറെ കാണില്ല..”

“ഇതിൽ ആർക്കെങ്കിലും പെൺമക്കൾ ഉണ്ടോ..??”

“രാമസ്വാമിക്ക് ഒരു മകൾ ഉണ്ട്.. രാജസ്വാമി കല്യാണം ഒന്നും കഴിച്ചിട്ടില്ല.. ഇനി കല്യാണം കഴിക്കാതെ എവിടെ എങ്കിലും മക്കൾ ഉണ്ടോ എന്നൊന്നും അറിയില്ല… അല്ല മോൻ എന്താ ഇതൊക്കെ ഇപ്പൊ ചോദിക്കാൻ…”

“ഒരു പ്രശ്നം ഉണ്ട്.. ഞാൻ പറയാം.. ആദ്യം ഞാൻ അകത്തോട്ടു ഒന്ന് ചെല്ലട്ടെ…”

കേട്ട വിവരങ്ങൾ വച്ച് നോക്കുമ്പോൾ സന്ധ്യയുടെ അച്ഛൻ ആളൊരു നല്ല മനുഷ്യൻ ആണ്..

കുഴപ്പക്കാരൻ പുള്ളിയുടെ അനിയൻ ആണ്.. സ്വാഭാവികം ആയും എന്നെ വിളിച്ചത് അങ്ങേർ തന്നെ ആവും…

ഞാൻ എന്തായാലും നീതു ചേച്ചിയെ കാണാൻ അകത്തേക്ക് ചെന്നു… എൻ്റെ ഭാഗ്യത്തിന് അവിടെ അതിഥിയുടെ അച്ഛനും ഉണ്ടായിരുന്നു…

അങ്ങനെ എല്ലാവരെയും സാക്ഷിയാക്കി തന്നെ ഞാൻ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അവരോട് പറഞ്ഞു…

എല്ലാം കേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു ഭാവം ആയിരുന്നില്ല ആരുടെയും മുഖത്ത് കണ്ടത്.. അതിഥിയുടെ അച്ഛൻ വലിയ നിലയിൽ ഉള്ള ആൾ ആയതുകൊണ്ടും സ്വാഭാവികം ആയും നിരവധി കോൺടാക്ട് ഉള്ളത് കൊണ്ടും കാര്യങ്ങള് എല്ലാം പെട്ടന്ന് പരിഹരിക്കാം എന്നാണ് ഞൻ കരുതിയത്..

പക്ഷേ അവരുടെ മുഖത്ത് കണ്ട ഭാവങ്ങൾ എൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു… എല്ലാം കേട്ട അതിഥിയുടെ അച്ഛൻ സോഫയിൽ നിന്ന് എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു…

“വിനു.
. നീ പോയി ചാടി ഇരിക്കുന്നത് വലിയ ഒരു കെണിയിൽ ആണ്…”

“അങ്കിൾ…”

“വേറെ എന്ത് പ്രശനം ആണെങ്കിലും പുഷ്പം പോലെ നിന്നെ ഞാൻ സേഫ് ആക്കിയേനെ… പക്ഷേ.. പക്ഷേ.. ഈ ഒരു അവസ്ഥയിൽ.. ഈ നാട്ടിലെ മിക്ക രാഷ്ട്രീയക്കാരും പോലീസിൽ ഉന്നത നിലയിൽ ഇരിക്കുന്നവരും ഒക്കെ അവരുടെ ബന്ധുക്കൾ ആണ്.. നമ്മൾ കൂട്ടിയാൽ ഇത് എങ്ങും എത്തില്ല…”

എല്ലാം കേട്ട അതിഥി മുന്നോട്ട് വന്ന് അവളുടെ അച്ഛനോട് പറഞ്ഞു…

“അച്ഛാ.. നമുക്ക് അവരെ കണ്ട് ഒന്ന് സംസാരിച്ചാലോ..??”

അതിഥി എനിക്ക് വേണ്ടി ആണ് അത് പറഞ്ഞത് എങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല എന്ന് മനസ്സിലായപ്പോൾ ഞാൻ അതിനെ എതിർത്തു…

“വേണ്ട അതിഥി… ഞാൻ മനസ്സിലാക്കി എടുത്തോളാം കാര്യങ്ങള് അത്ര സേഫ് അല്ല… എൻ്റെ ഈ പ്രശ്നത്തിൽ നിങ്ങളെ വലിച്ചിഴക്കുന്നത് ശരിയല്ല….”

ഞാൻ അത് പറഞ്ഞപ്പോൾ അതിഥിയുടെ അച്ഛൻ ഇടയ്ക്ക് കയറി പറഞ്ഞൂ..

“ഹേയ്.. നീ അങ്ങനെ ഒന്നും ചിന്തിക്കേണ്ട കാര്യം ഇല്ല… നമുക്ക് ഒന്ന് നോക്കാം..”

“അത് വേണ്ട അങ്കിൾ.. അത് ശരിയാവില്ല…”

പെട്ടന്നാണ് എൻ്റെ ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ ആതിര ആയിരുന്നു… ഞാൻ മുറ്റത്തേക്ക് ഇറങ്ങി ഫോൺ അറ്റൻ്റ് ചെയ്തു…

“ഹലോ…”

“വിനു നീ ഇത് എന്തൊക്കെയാ കാണിച്ച് കൂട്ടുന്നത്… സന്ധ്യയും ആയിട്ട് എന്താ പ്രശനം…??”

“അത്.. പിന്നെ…”

ഞാൻ നടന്ന കാര്യങ്ങള് ആതിരയോട് പറഞ്ഞു…

“എടാ.. അവള് എന്നെ വിളിച്ചിരുന്നു.. അവളുടെ വീട്ടുകാർ ഒക്കെ ആകെ പ്രാന്ത് ഇളകി നടക്കാണു… നീ വേഗം എന്തെങ്കിലും ഒക്കെ ചെയ്യ്…”

“ഹും.. ഞാൻ ഇപ്പൊ നിന്നെ അങ്ങോട്ട് വിളിക്കാം…”

ഞാൻ ഫോൺ കട്ട് ചെയ്തു…

സിനിമ സ്റ്റൈൽ ഫൈറ്റും മാസ് ഡയലോഗും ഒന്നും ജീവിതത്തിൽ നടക്കില്ലല്ലോ…

പണ്ടത്തെ തമിഴ് സിനിമകൾ ഒക്കെ കാണുന്ന പോലെ പത്ത് അൻപത് വെള്ള ടാറ്റാ സുമയും വെള്ളയും വെള്ളയും ഇട്ട അരിവാൾ പിടിച്ച ആളുകളും ഒക്കെ എൻ്റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു…

പെട്ടന്നാണ് അമ്മാവൻ പറഞ്ഞ കാര്യങ്ങൽ എൻ്റെ മനസ്സിലൂടെ വന്നത്.. നാളെ ആതിരയെ കൂട്ടി നാട്ടിലേക്ക് വരാൻ ആണ് അമ്മാവൻ പറഞ്ഞത്… നാളത്തെ ആ യാത്ര ഇന്ന് ആക്കിയാൽ… തൽക്കാലം ഇവിടെ പ്രശ്നങ്ങൾ ഒക്കെ തീർന്നിട്ട് തിരികെ വന്നാൽ മതിയല്ലോ…

ഞാൻ ഇക്കാര്യം പറയാൻ അകത്തേക്ക് ചെന്നു…

എന്നെ കണ്ടതും എല്ലാവരും എൻ്റെ അടുത്തേക്ക് വന്നു..

“എന്താ വിനു ഇനി പ്ലാൻ.
.??”

“എൻ്റെ അമ്മാവൻ്റെ മകൾ ഇവിടെ കോളേജിൽ പഠിക്കുന്നുണ്ട്.. അവളെയും കൂട്ടി നാളെ നാട്ടിൽ പോകാൻ ഇരിക്കുവാരുന്നു.. ആ യാത്ര ഇന്നാക്കിയാലോ എന്ന് ആലോചിക്കുവാ…”

“ഹ.. അതേതായാലും നല്ലതാ.. എന്നാ നിങൾ അതിൻ്റെ കാര്യങ്ങൽ ഒക്കെ നോക്ക്.. നാട്ടിൽ എത്തിയാൽ പിന്നെ ഒന്നും പേടിക്കണ്ടല്ലോ… ടിക്കറ്റിൻ്റെ കാര്യങ്ങള് ഒക്കെ ഞാൻ നോക്കാം…”

“താങ്ക്സ് അങ്കിൾ…”

ഏതായാലും ഫ്ലാറ്റിലേക്ക് ഇനി പോകാൻ പറ്റില്ല… ഇനി ആതിരയെ പിക്കു ചെയ്ത് നേരെ സ്റ്റേഷനിലേക്ക് വിടണം.. 7.30ക്ക് ആണ് ട്രയിൻ.. നാട്ടിൽ എത്തിയാൽ പിന്നെ എത് നായ്ക്കർ വന്നാലും നമുക്ക് എന്താ…

അങ്ങനെ ഞാൻ ഫോൺ എടുത്ത് ആതിരയെ വിളിച്ചു…

“ഹലോ…”

“ആ.. ആതു…”

“എന്താ..??!!”

“അല്ല.. ആതിരാ.. നീ പെട്ടന്ന് റെഡിയായി നിക്ക് ഞാൻ ഹോസ്റ്റലിലേക്ക് വരാം.. നമുക്ക് നാട്ടിലേക്ക് പോണം…”

“നാളെ അല്ലേ പോവുന്നത്..??”

“നാളെ അല്ല.. ഇന്ന്.. ഇവിടെ നിന്നാൽ എനിക്കും നിനക്കും പ്രശ്നം ആണ്.. സോ ഇപ്പൊ നമ്മൾ ഇവിടെ നിന്ന് പോവുന്നതാണ് നല്ലത്..”

“ഹും.. ശരി.. ഞാൻ ഹോസ്റ്റലിൽ നിക്കാം..”

“ഓകെ…”

ഞാൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ അതിഥി എൻ്റെ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു…

അവളുടെ മുഖത്ത് സങ്കടവും ഭയവും നിഴലിച്ചു നിന്നിരുന്നു…

“വിനു…”

“എന്താ അതിഥി..??”

“പോണം എന്ന് നിർബന്ധം ആണോ..??”

“പോണം.. ഇവിടെ നിന്നാൽ ഞാൻ കാരണം നിങ്ങളും ആതിരയും ഒക്കെ കുഴപ്പത്തിൽ ആവും..”

“ഹും.. ഇനി.. ഇനി എന്നാ ഇങ്ങോട്ട് തിരികെ വരുകാ..??”

“അറിയില്ല…. എല്ലാം ഓകെ ആയാൽ പെട്ടന്ന് വരാം…”

അതിഥി ഒന്നും പറയാതെ എൻ്റെ കണ്ണിലേക്ക് തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു…

ഞങ്ങൾക്ക് രണ്ടുപേർക്കും സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ തോന്നി…

അപ്പോഴാണ് അവളുടെ അച്ഛനും നീതു ചേച്ചിയും അങ്ങോട്ട് വന്നത്…

“വിനു.. വാ.. ഞാൻ കൂടെ വരാം നിങ്ങളുടെ കൂടെ സ്റ്റേഷനിലേക്ക്..”

“ശരി അങ്കിൾ.. എൻ്റെ വണ്ടി ഇവിടെ ഇരിക്കട്ടെ..”

“ഹും..”

പെട്ടന്നാണ് ഇടയ്ക്ക് കയറി അതിഥി പറഞ്ഞത്..

“. ഞാനും വരാം.. കൂടെ..”

“അത് വേണോ അതിഥി..??”

“വേണം.. ഞാനും വരാം..”

അങ്ങനെ അതിഥിയുടെ അച്ഛനും അവളും ഞാനും അവരുടെ കാറിൽ ആതിരയുടെ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു… ഹോസ്റ്റലിനു കുറച്ച് മുന്നിൽ ആയി കാർ നിർത്തി ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു…

“ഹലോ.
. ഞങൾ നിൻ്റെ ഹോസ്റ്റലിൻ്റെ മുന്നിലെ ആ പോക്കറ്റ് റോഡിൽ ഉണ്ട് അങ്ങോട്ട് വാ..”

“ഹാ..ദാ വരുന്നു… ”

കുറച്ച് കഴിഞ്ഞപ്പോൾ അവള് നടന്നു വരുന്നത് കണ്ടു… അവളും വന്ന് കാറിലേക്ക് കയറിയതും മുന്നിൽ ഇരിക്കുന്ന അതിഥിയെയും അവളുടെ അച്ഛനെയും കണ്ട് അവള് ആദ്യം ഒന്ന് അമ്പരന്നു..

അവള് കയറിയതും അങ്കിൾ വണ്ടി മുന്നോട്ട് എടുത്തു…

“ആതിരെ ഇത് ജയരാജ് അങ്കിൾ… ഇത് അങ്കിളിൻ്റെ മകൾ ആണ് അതിഥി…”

എല്ലാവരും പരസ്പരം ഹായ് പറഞ്ഞു… സ്റ്റേഷൻ എത്തുന്ന വരെ ആരും അധികം ഒന്നും സംസാരിച്ചില്ല…

എല്ലാവർക്കും ടെൻഷൻ ഉള്ളത് കൊണ്ട് ആയിരിക്കും.. പക്ഷേ അതിഥിയിൽ ഞാൻ കണ്ടത് നല്ല സങ്കടം ആയിരുന്നു…

അധികം വൈകാതെ തന്നെ കാർ സ്റ്റേഷനിൽ എത്തി… കാറിൽ നിന്ന് ഇറങ്ങിയതും ഞങൾ അതിത്യോടും അച്ഛനോടും യാത്ര പറഞ്ഞു..

അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ഓരോ എസി ടിക്കറ്റുകൾ റെഡിയാക്കി വച്ചിരുന്നു…

അതിഥിയോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് എനിക്ക് കാണാമായിരുന്നു…

എന്ത് പറയണം എന്നറിയാത്ത കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയാതെ അതിരയെ കൂട്ടി പ്ലാറ്റ്ഫോമിലേക്ക് നടന്നു…

ട്രയിൻ വരാൻ ഇനിയും സമയം ഉണ്ട്.. മുൻപത്തെ പോലെ അല്ല ആതിര കൂടെ ഉള്ളതാണ് അതുകൊണ്ട് നല്ല ശ്രദ്ധ വേണം..

ട്രയിനിൽ കയറിയാൽ പിന്നെ പേടിക്കേണ്ട കാര്യം ഇല്ല… ചുറ്റും നോക്കി ഞാനും അവളും പ്ലാറ്റ്ഫോമിൽ ഒരു ബഞ്ചിൽ ഇരുന്നു…

“അല്ല നിനക്ക് ബാഗ് ഒന്നും ഇല്ലെ..??”

“ഇല്ല.. എല്ലാം ഫ്ലാറ്റിൽ ആണ്.. അങ്ങോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്…”

“ഹും…”

കുറച്ച് സമയം കൂടെ കഴിഞ്ഞതും ട്രയിൻ വന്നു… ടിക്കറ്റിൽ സീറ്റ് നമ്പർ നോക്കി ഞങൾ അകത്തേക്ക് കയറി.. എനിക്ക് ലോവർ ബെർത്ത് ആണ്.. അവൾക്ക് മിഡിൽ ബെർത്തും…

തൽക്കാലം ഞങൾ താഴെ തന്നെ ഇരുന്നു… എങ്കിലും ട്രയിൻ മൂവ് ആവുന്ന വരെ നല്ല ടെൻഷൻ ആയിരുന്നു ഉള്ളിൽ..

അങ്ങനെ അവസാനം ട്രയിൻ പ്ലാറ്റ് ഫോമിൽ നിന്ന് ചലിച്ച് തുടങ്ങി… ഇപ്പോഴാണ് കുറച്ച് സമാധാനം ആയത്… ഫോണിൽ നോക്കി ഇരിക്കുന്ന ആതിരയെ നോക്കി ഞാൻ പറഞ്ഞു…

“വീട്ടിലേക്ക് വിളിച്ച് പറ.. നമ്മൾ ഇന്നാണ് വരുന്നത് എന്ന്..”

“കാരണം ചോദിച്ചാൽ എന്ത് പറയും..?”

“പ്രത്യേകിച്ച് ഒന്നും പറയണ്ട.. രണ്ടാൾക്കും തിരക്ക് കുറവായതുകൊണ്ട് ആണെന്ന് പറഞാൽ മതി…”

“ഹും..”

അങ്ങനെ അവള് വീട്ടിലേക്ക് വിളിച്ച് ഞങൾ വരുന്ന വിവരം അറിയിച്ചു… ഫോൺ വച്ച് അവള് എന്നോട് ചോദിച്ചു..

“നമ്മൾ രാവിലെ എപ്പോഴാ എത്തുക..??”

“8 മണി 9 മണി ഒക്കെ ആകാൻ ചാൻസ് ഉണ്ട്..”

“ഹും… എന്നാലും എന്തൊക്കെയാ ഈ കുറഞ്ഞ സമയം കൊണ്ട് നടന്നത് അല്ലേ..”

“അതെ.. എല്ലാം ആ സന്ധ്യ കാരണം ആണ്…”

“ഹും.. ശരിയാണ്.. പക്ഷേ അവളാണ് എന്നെ വിളിച്ച് നിന്നോട് സൂക്ഷിക്കണം എന്ന് പറയാൻ പറഞ്ഞത്…”

“അതുകൊണ്ട്…??”

“എനിക്ക് തോന്നുന്നത് അവൾക്ക് ശരിക്കും നിന്നെ ഇഷ്ടം ആണെന്നാണ്… അതുകൊണ്ടാവും അവള് അങ്ങനെ പെരുമാറിയത്..”

“എടി അവൾക്ക് എന്നെ ഇത്ര ഇഷ്ടപ്പെടാൻ മാത്രം എന്താ ഉണ്ടായത്..??”

“ചിലപ്പോ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരിക്കും….”

“എന്ത് കോപ്പായാലും ശരി അവളെ അങ്ങനെ കാണാൻ എനിക്ക് പറ്റില്ല…”

“നിനക്ക് താല്പര്യം അതിഥിയോട് അല്ലേ..??”

“നീ അങ്ങനെ ഒക്കെ ചോദിച്ചാൽ.. ഞാൻ എന്താ പറയാ.. എസ് ആൻഡ് നോ..”

“എസ് ആൻഡ് നോ..??”

“അതെ.. അവളെ എനിക്ക് ഇഷ്ടം ആണ്.. പക്ഷേ എന്നാല് അങ്ങനെ ഒരു ഇഷ്ടം.. അത്.. മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ആണ്..”

“പക്ഷേ പോരാൻ നേരത്തെ അവളുടെ നോട്ടവും പെരുമാറ്റവും ഒക്കെ കണ്ടിട്ട് അവൾക്ക് നിന്നോട് ഒരു താല്പര്യം ഉള്ള പോലെ തോന്നുന്നുണ്ട്… പക്ഷേ ഉറപ്പിക്കാൻ പറ്റില്ല.. ചിലപ്പോ അവള് നിന്നെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടാവും കാണുന്നത്..”

“ഹും.. സൺഡേ അല്ലേ നിന്നെ പെണ്ണ് കാണാൻ വരുന്നത്..?”

“അതെ..”

“നിനക്ക് ബോയ് ഫ്രണ്ട്സ് ആരും ഇല്ലെ അപ്പോ…??”

“ഇല്ല…”

“അതെന്താ..??”

“ആ.. എനിക്കറിയില്ല… എനിക്ക് ആരോടും അങ്ങനെ തോന്നിയിട്ടില്ല…”

“ഹും…”

ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ ചാർജ് 5% മാത്രമേ ഒള്ളു… ഈ തിരക്കിൻ്റെ ഒക്കെ ഇടയിൽ ഫോൺ ചാർജ് ചെയ്യാൻ വിട്ട് പോയി.. ശേ…

ആതിരയെ നോക്കിയപ്പോൾ അവള് ഹെഡ്സെറ്റ് ചെവിയിൽ വച്ച് ഏതോ വീഡിയോ കാണുകയായിരുന്നു…

ട്രയിൻ നല്ല വേഗത്തിൽ ആണ് പോവുന്നത്.. എനിക്കാണെങ്കിൽ ബോറഡിക്കുന്നും ഉണ്ട്.. അത്യാവശ്യം വിശപ്പും ഉണ്ട്.. ഉച്ചക്ക് കഴിച്ച ബിരിയാണി ഒക്കെ ഏത് വഴി പോയി എന്ന് പോലും അറിയില്ല…

“നിൻ്റെ കയ്യിൽ പവർ ബാങ്ക് ഉണ്ടോ..??”

“ഇല്ല.. എന്തിനാ..??”

“പവർ ബാങ്ക് എന്തിനാ..??”

“ചാർജ് ചെയ്യാൻ..”

“അതിനു തന്നെ…”

“ഹും.. എൻ്റെ കയ്യിൽ ഇല്ല…”

ഹും…”

അവള് പിന്നെയും ഹെഡ്സെറ്റ് ചെവിയിൽ വച്ചു… എല്ലാവരും ഫോണിൽ ആണ്.. അല്ലാത്തവർ കിടന്നുറങ്ങുന്നു… സൂപ്പർ ഫാസ്റ്റ് ആയതുകൊണ്ട് അടുത്തടുത്ത് സ്റ്റേഷൻ പോലും ഇല്ല..

പിന്നെയും ഇരുന്ന് ബോറടിച്ചപ്പോൾ ഞാൻ അവളെ തോണ്ടി വിളിച്ചു…

“അതെ..”

“എന്താ..??”

“നിനക്ക് ബോറടിക്കുന്നുണ്ടോ..??”

“ഇല്ല.. ഞാൻ സിനിമ കാണുന്ന കണ്ടില്ലേ.. കുറെ നാളായി കാണാൻ മാറ്റി വച്ച പടമാ..”

“ഏതാ..??”

“വരനെ ആവശ്യമുണ്ട്..”

“അത് കുറച്ച് പഴയത് ആയില്ലേ…??”

“അതല്ലേ പറഞ്ഞത് കുറെ നാളായി മാറ്റിവച്ചത് ആണെന്ന്..”

“ഞാനും കണ്ടിട്ടില്ല ഈ പടം.. വേണേൽ.. നമുക്ക്.. ഒരുമിച്ച് കണ്ടാലോ..??”

“മോന് ബോർ അടിക്കുന്നുണ്ടല്ലെ..”

“ചെറുതായിട്ട്…”

“ഹും കൂടിക്കോ…”

അവള് ഒരു സൈഡിലെ ഹെഡ്സെറ്റ് എടുത്ത് എനിക്ക് നേരെ നീട്ടി… ഞാൻ അത് എൻ്റെ ചെവിയിൽ വച്ച് അവളോട് ചേർന്നിരുന്നു…

കുട്ടിക്കാലത്ത് മിക്ക സമയങ്ങളിലും ആതിരയും ഞാനും ഇങ്ങനെ ആയിരുന്നു.. എല്ലാ കാര്യത്തിലും ഒരുമിച്ച്.. എന്നാല് എല്ലാ കാര്യത്തിലും മുട്ടൻ വഴക്കും…

പിന്നീട് സ്വത്തിൻ്റെ പേരിൽ ഉണ്ടായ ഒരു ചെറിയ സൗന്ദര്യ പിണക്കത്തിൽ അമ്മയും അമ്മാവനും പിനങ്ങിയതോടെ ഞങൾ തമ്മിൽ ഉണ്ടായിരുന്ന സൗഹൃദവും ഇല്ലാതായി…

സ്കൂളിൽ എൻ്റെ താഴെ ക്ലാസിൽ ആയിരുന്നു ആതിര… ഒന്നിച്ചായിരുന്നു വരവും പോക്കും എല്ലാം.. പിന്നീട് അതും ഇല്ലാതായി…

എല്ലാം കഴിഞ്ഞ് കൗമാര പ്രായത്തിലേക്ക് വന്നതോടെ ചിന്തകളും പ്രവർത്തികളും ഒക്കെ വേറെ വഴിക്ക് പോയി…

അത് കഴിഞ്ഞ് യൗവനം പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ളതായി…

എല്ലാം കഴിഞ്ഞ് ഈ അടുത്ത കുറച്ച് കാലങ്ങളിൽ ആണ് വീണ്ടും അവളുമായി കൂടുതൽ അടുക്കുന്നത്… കൃത്യമായി പറഞാൽ ആ ബാംഗ്ലൂർ യാത്രക്ക് ശേഷം…

ചെറുപ്പത്തിൽ കാട്ട് വള്ളികൊണ്ട് മാല ഉണ്ടാക്കി ചാർത്തുകയും അച്ഛനും അമ്മയും കളിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്…

പക്ഷേ മുറപ്പെണ്ണ് ആയിരുന്നിട്ടും കൂടി ആതിരയെ ഞാൻ വേറൊരു രീതിയിൽ നോക്കിയിട്ടില്ലായിരുന്നു…

സിനിമ ഇൻ്റർവെൽ ആയതും ഞങ്ങളുടെ ട്രയിൻ സ്റ്റേഷനിൽ എത്തിയതും ഒരുമിച്ച് ആയിരുന്നു…

അപ്പോഴേക്കും നല്ല വിശപ്പ് തുടങ്ങിയിരുന്നു… ഞാൻ ഹെഡ്സെറ്റ് എടുത്ത് മാറ്റി ആതിരയെ നോക്കി പറഞ്ഞു…

“ഞാൻ പോയി ഫുഡ് വാങ്ങിയിട്ട് വരാം.. നിനക്ക് എന്താ വേണ്ടത്..ബിരിയാണി അല്ലേ..??”

“അതെ…”

“ഹും ശരി…”

“അതെ.. വെള്ളവും കൂടെ വാങ്ങിച്ചോ..”

“ആ…”

ഞാൻ പുറത്തേക്ക് ഇറങ്ങി… അത്യാവശ്യം തിരക്കുണ്ട് പ്ലാറ്റ് ഫോമിൽ.. ഇതും തമിഴ്നാട് തന്നെ ആണ്… ഇവിടെയും അത്ര സേഫ് ഒന്നും അല്ല… ഇനി അവരെങ്ങാനും എൻ്റെ ലുക്ക് ഔട്ട് നോട്ടീസോ വല്ലതും ഇറക്കിയിട്ടുണ്ടെങ്കിൽ പണി കിട്ടിയത് തന്നെ…

അതുകൊണ്ട് ഞാൻ വേഗം കടയിലേക്ക് ചെന്ന് രണ്ട് പൊതി ബിരിയാണിയും രണ്ട് വെള്ള കുപ്പിയും വാങ്ങി അകത്തേക്ക് കയറി…

ഞാൻ നേരെ ചെന്ന് ആതിരയുടെ അടുത്ത് ഇരുന്നു..

“കഴിക്കാം????”

“ഹും..”

ബിരിയാണി കണ്ടപ്പോൾ തന്നെ അവളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു…

ചെറുപ്പം മുതലേ ഭക്ഷണം എന്ന് കേട്ടാൽ ജീവനാണ് അവൾക്ക്.. പ്രത്യേകിച്ച് ബിരിയാണിയും പലഹാരങ്ങളും…

പണ്ട് മിക്ക ദിവസങ്ങളിലും ഒഴിവ് കിട്ടിയാൽ വീട്ടിലേക്ക് ഓടി വരും.. അമ്മ ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കാൻ.. അമ്മക്ക് ആണെങ്കിൽ ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടം ആണ്… ഇവൾക്ക് കഴിക്കാനും..

അങ്ങനെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങൾ കൈ കഴുകി… അപ്പോഴേക്ക് ട്രയിൻ നീങ്ങി തുടങ്ങിയിരുന്നു…

അവൾക്ക് ബാത്ത്റൂം യുസ് ചെയ്യാൻ ഞാൻ പുറത്ത് നിന്ന് കൊടുത്തു ..

അങ്ങനെ എല്ലാം കഴിഞ്ഞ് ഞങൾ വീണ്ടും സീറ്റിലേക്ക് വന്നിരുന്നു… പഴയത് പോലെ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ച് ഞങൾ സിനിമ കാണാൻ ആരംഭിച്ചു…

സിനിമ നല്ല രസമുണ്ട് കാണാൻ.. പക്ഷേ ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു ഇടക്കിടക്ക് എൻ്റെ കണ്ണ് പാളി പോകുന്നുണ്ട്…

ഒന്ന് രണ്ട് തവണ ഇത് തുടർന്നപ്പോൾ ആണ് ഞാൻ ആതിരയെ ശ്രദ്ധിക്കുന്നത്… സത്യത്തിൽ അവള് ഫോണും കയ്യിൽ പിടിച്ച് എൻ്റെ തോളിൽ തലയും ചായ്ച്ച് നല്ല ഉറക്കം ആണ്…

അത് ശരി.. ഇത്ര നേരം എൻ്റെ മേലെ കിടന്ന് നല്ല ഉറക്കം ആയിരുന്നല്ലെ…

പക്ഷേ ഉറങ്ങുന്നത് കണ്ടപ്പോൾ എന്തോ വിളിക്കാൻ തോന്നിയില്ല… ഞാൻ ഫോണും ഹെഡ് സെറ്റും എടുത്ത് അവളുടെ ബാഗിലേക്ക് വച്ചു…

ശരിക്കും താഴെ എൻ്റെ സീറ്റ് ആണ്.. ഇനി സാരമില്ല… ഞാൻ അവളെ സീറ്റിലേക്ക് കിടത്തി ബാഗ് എടുത്ത് തലക്ക് ഭാഗത്ത് വച്ച് കൊടുത്തു…

ഇങ്ങനെ കിടതുന്നത് ശരിയല്ലല്ലോ… ഞാൻ അവളുടെ ബാഗിൽ ഒന്ന് കൂടി നോക്കിയപ്പോൾ ഒരു തുണി കിട്ടി… പുതപ്പ് അല്ല.. പക്ഷേ പുതപ്പായി ഉപയോഗിക്കാം… ചിലപ്പോ അവള് ഈ ആവശ്യത്തിന് എടുത്തത് തന്നെ ആവും…

ഞാൻ ആ തുണി പുറത്തേക്ക് എടുത്ത് അവളുടെ മേലെ ഇട്ട് കൊടുത്തു.. എന്നിട്ട് താഴോട്ട് ചെന്ന് അവളുടെ കാലിൽ നിന്ന് ചെരുപ്പുകൾ അഴിച്ച് മാറ്റി… അവളുടെ കാലിലെ സ്വർണ കൊലുസ് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു… ഞാൻ വെറുതെ അതിൽ ഒന്ന് തൊട്ട് നോക്കി…

വേണ്ട.. ഉറക്കം ഉണർന്നാൽ പണി കിട്ടും… അങ്ങനെ അവളെ പുതപ്പിച്ച് കിടത്തിയശേഷം ഞാൻ മുകളിലേക്ക് കയറി കിടന്നു…

സാധാരണ പുതപ്പ് തരേണ്ടത് ആണല്ലോ.. പക്ഷേ ഇതിൽ ഇല്ല… നല്ല തണുപ്പ്… തലയിണ ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ല… അങ്ങനെ ഒരു വിധം ഞാൻ ഉറക്കത്തിലേക്ക് വീണു… 🌀🌀🌀🌀🌀🌀🌀

ഇടയ്ക്ക് എപ്പോഴോ ഞാൻ ഉറക്കം ഉണർന്നു… ട്രയിൻ നല്ല വേഗത്തിൽ കുതിച്ച് പായുകയാണ്…

വാച്ചിൽ നോക്കിയപ്പോൾ സമയം 4 മണി ആവുന്നത് ഒള്ളു.. എല്ലാവരും നല്ല ഉറക്കമാണ്… ഞാൻ താഴെ ആതിരയെ നോക്കാൻ താഴേക്ക് ഇറങ്ങി…

അവളുടെ ഒപ്പോസിട്ട് സീറ്റ് കാലി ആയിരുന്നു…

നോക്കുമ്പോൾ അവളുടെ ദേഹത്ത് ഇട്ട പുതപ്പ് ഒക്കെ എങ്ങോ പോയിട്ടുണ്ട്.. തണുതിട്ടാണ് തോന്നുന്നു കൂനി പിടിച്ചാണ് കിടക്കുന്നത്…

ഞാൻ പുതപ്പ് എടുത്ത് അവളെ പുതപ്പിക്കൻ ഒരുങ്ങി.. പെട്ടന്നാണ് എൻ്റെ കണ്ണിൽ അത് പെട്ടത്…

മാറി കിടക്കുന്ന ചുരിദാറിൻ്റെ സൈഡിലൂടെ അവളുടെ അരയിലെ വെള്ളി അരഞ്ഞാണം…

പെട്ടന്ന് എന്തോ ഓർത്ത പോലെ ഞാൻ അവളുടെ ഡ്രസ്സ് നേരെ ആക്കി കൊടുത്തു… എന്നിട്ട് പുതപ്പ് കൊണ്ട് വീണ്ടും പുതപ്പിച്ചു…

ഇവള് ഇപ്പോഴും അരഞ്ഞാണം ഒക്കെ ഇടുന്നുണ്ടോ…?? എന്താ ഇപ്പോ ഇട്ടാൽ.. നല്ല ഭംഗി ഉണ്ടല്ലോ കാണാൻ… ശേ.. ഞാൻ എന്തൊക്കെയാ ഈ ആലോചിക്കുന്നത്… അല്ല ഞാൻ ആരെ പറ്റിയാ ഈ ഓർക്കുന്നത്… ഇത് അവളല്ലേ… ആ വഴക്കാളി ആതിര…

കുട്ടികാലത്ത് ചെയ്തതിനും ചെയ്യത്തതിനും ഒക്കെ എന്നെ ഒറ്റി കൊടുത്ത് എനിക്ക് തല്ല് വാങ്ങി തരുന്നവൾ…

ഇവളും ഞാനും എക്ദേഷം ഒരേ പ്രായം ആയതുകൊണ്ട് എല്ലാവരും ഞങ്ങളെ ഒരേ പോലെ ആയിരുന്നു കണ്ടിരുന്നത്..

എൻ്റെ അമ്മ ഇവളെ മടിയിൽ വക്കുമ്പോഴും കൊഞ്ചിക്കുമ്പോഴും ഒക്കെ എൻ്റെ അമ്മയുടെ സ്നേഹം തട്ടി എടുക്കാൻ വന്ന വില്ലത്തി ആയിട്ടായിരുന്നു ഞാൻ ഇവളെ കണ്ടിരുന്നത്…

ട്രയിൻ ചൂളം വിളിച്ച് കൊണ്ട് ചീറി പായുകയാണ്.. അവൾക്ക് അപ്പുറത്തുള്ള ആരുടെയോ ഒഴിഞ്ഞ സീറ്റിൽ ഇരുന്ന് അറിയാതെ ഞാനും ഉറക്കത്തിലേക്ക് വീണു… 🌀🌀🌀🌀🌀🌀🌀🌀

ഉറക്കത്തിൽ ഞാൻ വളരെ രസകരമായ ഒരു സ്വപ്നം കണ്ടു… ഞാനും അതിഥിയും നമ്മുടെ വണ്ടർലയിൽ ഒക്കെ കാണുന്ന പോലത്തെ ഒരു റോളർ കോസ്റ്റർ റെയ്ഡിൽ ഇരിക്കുന്നു…

അത് ഞങ്ങളെയും കൊണ്ട് അതിൻ്റെ ട്രാക്കിലൂടെ താഴേക്കും മേലേക്കും ഉയർന്ന് പായുന്നു…

ഞാനും അതിഥിയും സന്തോഷം കൊണ്ടും ഭയം കൊണ്ടും ആർത്ത് വിളിക്കുന്നു…

ഞങ്ങൾ രണ്ടാളും കൈകൾ പരസ്പരം കോർത്ത് പിടിച്ച് ആ റെയ്ഡ് നന്നായി എൻജോയ് ചെയ്യുകയാണ്…

അതിഥിയെ ഇത്ര സന്തോഷത്തോടെ ഞാൻ മുൻപ് കണ്ടിട്ടില്ല..

പെട്ടന്ന് മുൻപിലേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി…

ട്രാക്ക് ഇവിടെ അവസാനിക്കുന്നു… മുൻപോട്ട് ട്രാക്ക് ഇല്ല.. പകരം വലിയ ഒരു ഗർത്തം… അതിൽ ഇരുട്ടാണ്… ഉള്ളിൽ എന്താണെന്ന് അറിയില്ല…

ഞാനും അതിഥിയും ഉറക്കെ നിലവിളിച്ചു… ആരും കേട്ടില്ല… ഒടുവിൽ പാലം അവസാനിക്കുന്ന ഭാഗത്ത്.. എത്തിയതും…

ഞാൻ കണ്ണ് തുറന്നു…

ഹൊ.. വല്ലാത്ത ഒരു സ്വപ്നം… നല്ല തണുപ്പായിട്ടും ഞാൻ നന്നായി വിയർക്കുന്നുണ്ട്…

എന്താ ഇപ്പോ ഇങ്ങനെ ഒരു സ്വപ്നം.. അതും ഈ സാഹചര്യത്തിൽ അതും അതിഥിയെ ബന്ധപ്പെടുത്തി…

ഞാൻ വീണ്ടും ഉറങ്ങാനായി ശ്രമിച്ചു…

ഉള്ളിലേക്ക് പല പല കാര്യങ്ങളും തികട്ടി വരുന്നുണ്ട്…

എവിടെ ഒക്കെയോ എന്തൊക്കെയോ പിഴവുകൾ വന്നിട്ടുണ്ട് എന്ന് എൻ്റെ മനസ്സ് എന്നോട് പറയുന്ന പോലെ…

ഭൂതകാലത്തിൽ ഞാൻ സ്വീകരിച്ച എന്തൊക്കെയോ തീരുമാനങ്ങൾ തെറ്റായിരുന്നു എന്നും തിരുത്താൻ ഇനിയും സമയം ഉണ്ടെന്നും എൻ്റെ മനസ്സ് എന്നോട് പറയുന്നു..

പക്ഷേ ചെയ്ത തെറ്റ് എന്തെന്ന് അറിയാതെ ഞാൻ എങ്ങനെ തിരുത്തും..??

എവിടെ ആണ് എനിക്ക് തെറ്റ് പറ്റുന്നത്..?? അതിഥിയുടെ കാര്യത്തിൽ ആണോ..?? അതോ സന്ധ്യയുടെ കാര്യത്തിൽ ആണോ..??

അതോ മറ്റെന്തെങ്കിലും കാര്യത്തിൽ ആണോ..??

തിരിഞ്ഞു മറിഞ്ഞും ഞാൻ അങ്ങനെ കിടന്നു..

ട്രയിൻ നല്ല വേഗത്തിൽ സഞ്ചരിക്കുന്നു… കുറച്ച് നേരം ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു…

ജനൽ പൂർണമായും തുറക്കാൻ പറ്റില്ല.. നല്ല തണുത്ത കാറ്റാണ്.. അല്ലെങ്കിൽ തന്നെ പുതപ്പ് പോലും ഇല്ല..

ഞാൻ ജനൽ കുറച്ച് ഉയർത്തി വച്ച് പുറത്തേക്ക് നോക്കി ഇരുന്നു… ഇത് കേരളം ആണ്..

ഇനി സന്ധ്യയുടെ ആൾക്കാരുടെ ഭീഷണി ഒന്നും ഒരു പ്രശ്നമേ അല്ല.. അവർ ടാറ്റാ സുമോയിൽ അല്ല ലോറിയിൽ വന്നാൽ പോലും എൻ്റെ നാട്ടിൽ വച്ച് എൻ്റെ ദേഹത്ത് തൊടാം എന്ന് കരുതണ്ട..

പക്ഷേ ചെന്നൈയിലേക്ക് ഉള്ള മടങ്ങി പോക്കും അതിഥിയെ കാണുന്ന കാര്യത്തിലും കമ്പനിയിൽ പോവുന്ന കാര്യത്തിലും ഒക്കെ എന്ത് ചെയ്യും എന്ന് അറിയില്ല…

ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങി തീരാൻ എത്ര സമയം എടുക്കും എന്നും അറിയില്ല…

ഒളിച്ചോട്ടം ഒന്നിനും ഒരു പ്രതിവിധി അല്ലാലോ… സംസാരിച്ച് തീർക്കാതെ ഈ പ്രശനം എന്തായാലും സോൾവ് ആവാൻ പോവുന്നില്ല…

പക്ഷേ ആരു പോയി സംസാരിക്കും… എനിക്ക് എന്തായാലും പറ്റില്ല… എന്നെ കണ്ടാൽ തല വെട്ടി എടുക്കാൻ ആവും ഒരുപക്ഷേ സന്ധ്യയുടെ ചെറിയച്ചൻ്റെ ഓർഡർ..

അങ്ങനെ ഉള്ളപ്പോൾ അങ്ങേരുടെ മുന്നിലേക്കോ അങ്ങേരുടെ ആളുകളുടെ മുന്നിലേക്കോ ചെല്ലാൻ പറ്റില്ലല്ലോ…

എന്തായാലും എങ്ങനെ എങ്കിലും ഒക്കെ ഒരു വഴി കണ്ടു പിടിക്കണം.. ഇനി ഒരു വഴിയും കിട്ടിയില്ലെങ്കിൽ സന്ധ്യ വഴി തന്നെ ശ്രമിച്ച് നോക്കേണ്ടി വരും…

പക്ഷേ അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് അറിയില്ലല്ലോ…

എന്നാലും എന്ത് കണ്ടിട്ടാവും ആ പെണ്ണ് കയറി എന്നെ പ്രേമിച്ചത്…

ഇത് മുൻപ് ഒന്നും പതിവില്ലാത്ത ത് ആണലോ…

കോളേജിൽ ഒക്കെ പഠിക്കുമ്പോൾ നമ്മളെ ആരെങ്കിലും ഒന്ന് പ്രേമിച്ച് കിട്ടിയാൽ മതി എന്നെ ഒള്ളു…

ഇപ്പൊ നമുക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഒക്കെ വന്നപ്പോ നമ്മുടെ ഇഷ്ടത്തിന് മാച്ച് ആവാത്തവർ ആണ് വന്ന് പോവുന്നവർ എല്ലാം…

ഇടയ്ക്ക് ട്രയിൻ ഒന്ന് സ്ലോ ആയി…

സിഗ്നൽ ആണെന്ന് തോന്നുന്നു…

കാരണം ഇവിടെ വേറെ സ്റ്റേഷൻ ഒന്നും കാണാൻ ഇല്ല…

ഇനി ആരെങ്കിലും ചെയിൻ വലിച്ച് കാണുമോ..??

ഏയ്.. എന്നെ പോലെ ഈ നേരത്ത് ആരു ഉണർന്നിരിക്കാനാ… നേരം 4.45 ആയല്ലോ..

അപ്പോ ചിലപ്പോ ആളുകൾ ഉണർന്നു കാണും…

ഏതായാലും ഇവിടെ ആതിര ഉൾപ്പടെ എല്ലാവരും നല്ല ഉറക്കമാണ്…

എനിക്ക് ഒപ്പോസിറ്റ് സൈഡിലേക്ക് ചെരിഞ്ഞാണ് അവള് കിടക്കുന്നത്..

ഇപ്പോഴും പുതപ്പ് അവളുടെ ശരീരത്തിൽ നിന്ന് മാറി ആണ് കിടക്കുന്നത്…

ഇവൾ എന്താ ഇത് വച്ച് കാണിക്കുന്നത്..

ബോംബ് പൊട്ടിയാൽ പോലും അറിയില്ല.. അമ്മാതിരി ഉറക്കം ആണ്..

കൂർക്കം വലിക്കുന്നുണ്ടോ..?? ഏയ് ഇല്ല..

ഞാൻ പുതപ്പെടുത്ത് നേരെ പുതപ്പിച്ചതും അവളുടെ തോളിൽ നിന്ന് മാറി കിടക്കുന്ന ചുരിദാറിൻ്റെ കൈക്ക് ഇടയിലൂടെ ഞാൻ അവളുടെ പുറത്ത് ഉള്ള ആ പാട് കണ്ടു…

എൻ്റെ ഓർമകൾ പതിനാറു വർഷം പുറകിലേക്ക് പോയി…..

🌀🌀🌀🌀🌀🌀🌀

അന്ന് ഞാൻ അഞ്ചാം ക്ലാസിലും ആതിര നാലാം ക്ലാസിലും പഠിക്കുന്നു…

(തുടരും…..)

Comments:

No comments!

Please sign up or log in to post a comment!