Soul Mates 7
അങ്ങനെ ഞാൻ ആദ്യമായി ആ വീടിൻ്റെ ഡൈനിങ് റൂമിലേക്ക് നടന്നു…
എനിക്ക് മുന്നിൽ ഉള്ള വലിയ തീൻ മേശയും അതിൽ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങളും കണ്ടപ്പോൾ തന്നെ എൻ്റെ വയറു പകുതി നിറഞ്ഞിരുന്നു…
പെട്ടന്നാണ് എന്തോ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്..
Episode 07 Changes
(Include explicit language and suicide contents. Viewer discretion is adviced)
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കിയപ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്..
വീൽ ചെയറിൽ ഒരു സ്ത്രീ ഇരിക്കുന്നു.. അവരെ അവിടുത്തെ സേർവൻ്റ് ആണെന്ന് തോന്നുന്നു മറ്റൊരു സ്ത്രീ ഡൈനിങ് ടേബിളിൻ്റെ അടുത്തേക്ക് ഉന്തി കൊണ്ട് വന്നു…
അരക്ക് കീഴോട്ട് തളർന്നു പോയ അതിഥിയുടെ അമ്മയാവും അതെന്ന് എനിക്ക് തോന്നി…
നീതു ചേച്ചി അവരെ ടേബിളിൻ്റെ വശത്തേക്ക് ശരിക്കും ഇരുത്തി…
എന്നെ കണ്ടതും അവർ അതിശയത്തോടെ നീതു ചേച്ചിയോട് ചോദിച്ചു..
“ആരാ നീതു ഇത്..??”
“ഏട്ടത്തി ഞാൻ പറഞ്ഞില്ലേ എൻ്റെ കൂടെ ബാംഗ്ലൂർ ഉണ്ടായിരുന്ന ഒരു കുട്ടിയെ കുറിച്ച് അവൻ ആണ്.. വിനോദ്…”
അവർ എന്നെ നോക്കി പുഞ്ചിരിച്ചു..
ഞാനും തിരിച്ച് അവരോട് ചിരിച്ച് കാണിച്ചു…
നല്ല ഐശ്വര്യം ഉള്ള മുഖം.. കാഴ്ചക്ക് അതിഥിയെ പോലെ സാമ്യം ഉണ്ട്..
അങ്ങനെ അധികം വൈകാതെ എല്ലാവരും ഭക്ഷണം കഴിക്കാൻ ആരംഭിച്ചു..
ഞാൻ അതിഥിയിൽ ആയിരുന്നു ശ്രദ്ധിച്ചത് മുഴുവൻ.. വളരെ അടുക്കോടെയും ചിട്ടയോടും കൂടി ആയിരുന്നു അവള് ഭക്ഷണം കഴിച്ചിരുന്നത്…
അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞങൾ അൽപ നേരം സംസാരിക്കാൻ ഇരുന്നു..
പക്ഷേ അതിഥി ഈ നേരം വായിക്കാൻ ആയി അവളുടെ മുകളിലെ മുറിയിലേക്ക് പോയി..
ഇനിയും അവളുടെ പുറകെ നടന്ന് ശല്യം ചെയ്യണ്ട എന്ന് കരുതി ഞാൻ തൽക്കാലം അവളെ വായനയിലേക്ക് തന്നെ വിട്ടു..
അത് മാത്രമല്ല അവളുടെ മുറിയിലേക്ക് ഒന്നും ചെല്ലാൻ ഉള്ള അനുവാദം ഒന്നും ഇല്ലല്ലോ…
അങ്ങനെ അൽപ നേരം കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് തിരികെ പോരാൻ തയ്യാറായി..
അതിഥിയുടെ അച്ഛൻ വന്നിട്ട് പോവാം എന്ന് നീതു ചേച്ചി പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം മീറ്റിംഗ് ഒക്കെ കഴിഞ്ഞ് വരുമ്പോൾ ഒരുപാട് സമയം വൈകും എന്നുള്ളതിനാൽ ഞാൻ അവിടെ നിന്ന് ഇറങ്ങി…
തിരികെ റൂമിലേക്ക് വരുമ്പോൾ ആണ് ഓഫീസിൽ എന്ത് നടക്കുന്നു എന്നറിയാൻ ഉള്ള ആകാംക്ഷ മനസ്സിലേക്ക് വന്നത്…
ഇൻഫോ ചെയ്യാതെ ലീവ് എടുത്തിട്ടും ആരും വിളിച്ചതും അന്വേഷിച്ചതും ഒന്നും ഇല്ലല്ലോ…
ഇനി നീതു ചേച്ചി പറഞ്ഞ പോലെ ഞാൻ ചെന്നില്ല എങ്കിലും എനിക്ക് അറ്റൻ്റൻസ് കിട്ടുമോ…
അതോ ഇനി അവിടുന്ന് ചവിട്ടി പുറത്താക്കി കാണുമോ.
അങ്ങനെ ഞാൻ ഓഫീസ് ബിൽഡിംഗിൽ എത്തി…
പാർക്കിങ്ങിൽ വണ്ടി നിർത്തി ഞാൻ ലിഫ്റ്റിന് നേരെ നടക്കുമ്പോൾ ആണ് പുറകിൽ നിന്ന് ആരോ വിളിച്ചത്..
“വിനോദ്..”
തിരിഞ്ഞ് നോക്കിയപ്പോൾ ആശ ആയിരുന്നു…
എൻ്റെ ടീമിൽ തന്നെ ഉള്ള കുട്ടിയാണ് ആശ… ഒരു പാവം പാലക്കാട് കാരി…
“ആശാ.. താൻ ഇത് എവിടെ പോയിട്ട് വരുവാ..??”
“ഒരു ചെറിയ പേപർ വെരിഫിക്കേഷൻ ഉണ്ടായിരുന്നു അതിനു പോയതാ..”
ഞങ്ങൾ സംസാരിച്ച് കൊണ്ടുതന്നെ ലിഫ്ട്ടിലേക്ക് കയറി…
“ഓകെ.. എങ്ങനെ ഉണ്ട് ഉള്ളിലെ അവസ്ഥ ….”
“ഉള്ളിൽ പഴയ പോലെ തന്നെ… ഇപ്പൊ പ്രഷർ ഒന്ന് കൂടി കൂടിയിട്ടുണ്ട്..”
“അതെന്ത് പറ്റി..??”
“മുംബൈ ബ്രാഞ്ചിൽ നിന്ന് ഒരു ഹെവി പ്രോജക്ട് ഇങ്ങോട്ട് ട്രാൻസ്ഫർ ആയിട്ടുണ്ട്.. അതിൻ്റെ പ്രഷർ ആണ്.. മിക്കവാറും ഹെഡ് വിങ്ങിൽ പുതിയ പോസ്റ്റിംഗ് ഒക്കെ ഉണ്ടാകും…”
“ഹും നടക്കട്ടെ…”
“നിനക്ക് പിന്നെ പ്രശനം ഇല്ലല്ലോ നീ ഇപ്പൊ ഫുൾ ഫ്രീ അല്ലേ…”
സത്യത്തിൽ എന്താണ് നടക്കുന്നത് എന്ന് അറിയില്ലെങ്കിലും തൽക്കാലം കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാൻ ഞാൻ ആശയോട് ഒന്ന് ചിരിച്ച് കാണിക്കുക മാത്രം ആണ് ചെയ്തത്…
മുകളിൽ എത്തിയതും എനിക്ക് യാത്ര പറഞ്ഞ് ആശ ഓഫീസിനകത്ത് കയറി.. ഞാൻ തൽക്കാലം ഉള്ളിലേക്ക് പോകണ്ട എന്ന് കരുതി കഫേയിലെക്ക് ആണ് പോയത്…
ഒരു കപ്പ് കോഫി എടുത്ത് ഞാൻ ഒരു ഒഴിഞ്ഞ ടേബിളിൽ പോയി ഇരുന്നു…
വേറെ പല ഓഫീസിൽ ഉള്ള ആളുകൾ ഒക്കെ ഈ നേരത്ത് കഫേയിൽ ഉണ്ടാകും..
ഞാൻ വെറുതെ ഫോൺ എടുത്ത് ഇൻസ്റ്റാഗ്രാമിൽ സന്ധ്യ അയച്ച മെസ്സേജുകൾ തുറന്ന് നോക്കി…
ഞാൻ വിചാരിച്ച പോലെ തന്നെ കുറെ ഹായ്,ഗുഡ് മോണിംഗ്,ഗുഡ് ആഫ്റ്റർ നൂൺ തുടങ്ങിയ മെസ്സേജുകൾ മാത്രം ആണ് ഉള്ളത്…
ഏതായാലും വെറുതെ ഞാൻ ഒരു ഹായ് മാത്രം അവൾക്ക് അയച്ച് കൊടുത്തു..
ആരോ അടുത്ത് വന്ന് ഇരുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ഫോണിൽ നിന്ന് മുഖം ഉയർത്തി നോക്കി…
മുൻപ് ഞാൻ കണ്ടിട്ടുള്ള ആൾ തന്നെ ആണ്.. താഴെ ഓഫീസിൽ ഉള്ളതാണെന്ന് തോന്നുന്നു…
അവൻ എന്നെ നോക്കി സംസാരിച്ച് തുടങ്ങി…
“ഹായ് ബ്രോ…”
“ഹായ്…”
“നീൻകേ ഇന്ത ഫ്ലോറാ..??”
“ആമാ..”
“ഉൻക ലക്ക് ബ്രോ.. സെയിം ഫ്ളോർ ലെ കഫെ കെടച്ചിരുക്ക്…”
“ആമാ ബ്രോ..”
“യൂ ആർ ഫ്രം കേരള.. റൈറ്റ്..??”
“എസ് ബ്രോ..”
“പാതാലെ തെരിയുത്.. നിങ്കെ കേരള ബോയ്സ് ആൻഡ് ഗേൾസ് സെമ ഗ്ലാമർ ബ്രോ…”
“താങ്ക്സ് ബ്രോ.
“ഇത് വന്ത് ഐടി കമ്പനി താനാ ബ്രോ..”
“എസ് ബ്രോ.. ഐടി താ..”
“അത്.. താൻ.. ഐടി നാ ഗത്ത് ബ്രോ… എങ്ക ഫീൽഡ് പാരുങ്കെ.. കോൾ സെൻ്റർ.. സുമ്മ കണ്ടവൻകെ തെറി കേക്കണും ബ്രോ..”
“എല്ലാത്തിനും നെഗറ്റീവ് ഇറുക്ക് ബ്രോ..”
“അതെല്ലാം ശരി താ…”
കപ്പിലെ കോഫി കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു..
“ഓകെ.. പാക്കലാം ബ്രോ.. എനക്ക് ടൈം ആയിടിച്ച്..”
“ഓ… ഓകെ ബ്രോ..”
അങ്ങനെ ഞാൻ അവിടെ നിന്ന് നേരെ മുറിയിലേക്ക് ആണ് പോന്നത്…
കണ്ട് തീർക്കാൻ ബാക്കി വച്ച ഏതൊക്കെയോ സിനിമകൾ എടുത്ത് വച്ച് കണ്ടു…
എല്ലാം കഴിഞ്ഞപ്പോൾ ഏകദേശം ഭക്ഷണം കഴിക്കാൻ ഉള്ള സമയം ആയി..
സ്ഥിരം കടയിൽ പോയി നല്ല ദോശയും കറിയും കഴിച്ചു…
തിരികെ റൂമിൽ വന്നപ്പോൾ ഇനി നാളെ എങ്ങനെ തുടങ്ങും എന്ന ടെൻഷൻ ആയി..
ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ ആണ് അതിഥിയുടെ കൂടെ ചിലവഴിക്കാൻ സമയം കിട്ടിയത്..
അത് പോലെ ഒരു അവസരം നാളെ കൂടി കിട്ടിയിരുന്നെങ്കിൽ…
അങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്.. ആതിര ആയിരുന്നു…
“ഹലോ…”
“രാവിലെ ഒരു കാര്യം പറഞ്ഞ് വിളിച്ചിരുന്നില്ലെ..”
“അതെന്തായി..??”
“ഞാൻ ചെറുതായിട്ട് ഒക്കെ ഒന്ന് അന്വേഷിച്ചു നോക്കി..”
“എന്നിട്ട്..??”
“നമ്മുടെ കുടുംബവുമായി യോജിച്ച് പോകാൻ ചാൻസ് കുറവാണ്… പക്ഷേ കുഴപ്പം ഇല്ല.. പിന്നെ ഹെവി റിച്ച് ആണ്.. ഒറ്റ മോൾ ആണ്.. പിന്നെ കാശ് ഉള്ളതിൻ്റെ ചെറിയ ചില അഹങ്കാരം ഒഴിച്ചാൽ വേറെ പ്രശനം ഒന്നും ഇല്ല…”
“അല്ല… നിന്നോട് ഞാൻ എനിക്ക് പെണ്ണ് ആലോചിക്കാൻ ആണോ പറഞ്ഞത്..”
“അല്ലേ..??”
“എടി കഴുതെ… അവള് എന്തിനാ എന്നെ ഫോളോ ചെയ്യുന്നത് എന്ന് അറിയാൻ അല്ലേ ഞാൻ നിന്നോട് പറഞ്ഞത്…”
“അത് അവളോട് നേരിട്ട് ചോദിച്ചാൽ പോരെ…”
“ഞാൻ അമ്മാവനെ വിളിച്ച് നേരിട്ട് ഒരു കാര്യം പറയട്ടെ…”
“ഇത് ഭീഷണി ആണ് കേട്ടോ…”
“ആണ്.. നീ പണ്ട് എന്തൊക്കെ പറഞ്ഞ് എന്നെ ഭീഷണി പെടുതിയിട്ടുണ്ട്…”
“അതൊക്കെ പണ്ട് അല്ലേ…”
“ഞാൻ അതൊന്നും മറന്നിട്ടില്ല…”
“ശരി.. ഞാൻ ഇപ്പൊ എന്താ വേണ്ടേ.. സന്ധ്യയ്ക്ക് നിന്നെ ഇഷ്ടമാണോ എന്നറിയണം.. അത്ര അല്ലേ ഒള്ളു..”
“ഡയറക്റ്റ് ആയി പറഞാൽ അത് തന്നെ…”
“അയ്യോ മോൻ്റെ ഒരു പൂതി.
“എടി എടി അസൂയ പെട്ടിട്ട് കാര്യം ഇല്ലെടി.. കാണാൻ കൊള്ളാവുന്നവർ എവിടെ പോയാലും ഇത് പോലെ ഫാൻസ് ഉണ്ടാകും..”
“അത് കാണാൻ കൊള്ളവുന്നവർ അല്ലേ..”
“എന്താ..??”
“ഒന്നില്ല.. ഞാൻ അന്വേഷിച്ചിട്ട് നാളെ പറയാം.. പോരെ..”
“ആ മതി…”
ഫോൺ കട്ട് ചെയ്ത് ഞാൻ ഉറക്കത്തിലേക്ക് കടന്നു…
🌀🌀🌀🌀🌀🌀🌀🌀
പതിവ് പോലെ നേരത്തെ എഴുന്നേറ്റു.. പക്ഷേ പോകേണ്ടത് ഓഫീസിലേക്ക് അല്ലല്ലോ അതിഥിയുടെ വീട്ടിലേക്ക് അല്ലേ…
രാവിലെ മുതൽ വൈകുന്നേരം വരെ കോഡ് എഴുതണ്ട എന്നതൊഴിച്ചാൽ ഈ പണിയും അത്ര എളുപ്പം ഒന്നുമല്ല…
പിന്നെ അതിഥിയുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റും എന്നുള്ളത് മാത്രം ആണ് ഒരു ആശ്വാസം..
അങ്ങനെ ഒരുക്കങ്ങൾ ഒക്കെ പൂർത്തിയാക്കി ഞാൻ അതിഥിയുടെ വീട്ടിലേക്ക് പുറപ്പെട്ടു..
ട്രാഫിക്ക് ബ്ലോക്കും, തിക്കും തിരക്കും ഒക്കെ കഴിഞ്ഞ് ഞാൻ ആ വലിയ വീട്ടിൽ എത്തി…
ഇത്തവണ ഗേറ്റിൽ എന്നെ ആരും തടഞ്ഞില്ല…
ഞാൻ നേരെ വീടിനടുത്തേക്ക് നടന്നു…
സിറ്റ് ഔട്ടിൽ തന്നെ നീതു ചേച്ചിയും അതിഥിയുടെ അച്ഛനും ഉണ്ടായിരുന്നു…
എന്നെ കണ്ടതും വളരെ സന്തോഷത്തോടെ തന്നെ അവർ ചിരിച്ച് കൊണ്ട് എഴുന്നേറ്റു…
നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..
“ടാ.. നീ എന്ത് മാജിക്ക് ആണ് ഇന്നലെ ചെയ്തത്..??”
“മാജിക്കോ..??”
“അതെ..??”
“ചേച്ചി എന്താ പറയുന്നത്..??”
നീതു ചേച്ചിക്ക് മുന്നേ അതിഥിയുടെ അച്ഛൻ എൻ്റെ അടുത്തേക്ക് വന്ന് സംസാരിച്ച് തുടങ്ങി..
“വിനോദ് ഇന്നലെ പോയതിനു ശേഷം രാത്രി അതിഥിയിൽ വലിയ ഒരു മാറ്റം ഉണ്ടായി.. സാധാരണ രാത്രി ഭക്ഷണം കഴിച്ചാൽ മറ്റൊന്നിനും നിൽക്കാതെ മുറിയിലേക്ക് പോകുന്ന അവള് ഇന്നലെ പോയത് മിന്നു മോളുടെ അടുത്തേക്ക് ആണ്… മിന്നുവിനോട് പോലും വളരെ കുറച്ച് മാത്രം സംസാരിക്കുന്ന അതിഥി ഇന്നലെ ഒരുപാട് നേരം അവളോട് ഒപ്പം ഇരുന്ന് ആ പേപ്പർ രൂപങ്ങൾ ഉണ്ടാക്കി…”
അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ എനിക്കും അൽഭുതം ആണ് തോന്നിയത്…
കുറച്ച് കടലാസ് കഷ്ണം കൊണ്ട് ഞാൻ ഉണ്ടാക്കിയ ആനക്കും പൂമ്പാറ്റക്കും ഒക്കെ ഇത്രക്ക് ഡിമാൻഡ് ഉണ്ടാകും എന്ന് ഞാൻ വിചാരിച്ചത് പോലും ഇല്ല…
“എന്നിട്ട് അതിഥി എവിടെ..??”
“മുറിയിൽ ആണ്.. ഇത് വരെ താഴോട്ട് വന്നിട്ടില്ല… നിങൾ സംസാരിക്ക് ഞാൻ ഇപ്പൊ വരാം.
“ശരി സാർ..”
അതിഥിയുടെ അച്ഛൻ അകത്തേക്ക് പോയതും നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നു …
“ടാ അതിഥി സൂപർ ആയിട്ട് ഇമ്പ്രസ് ആയിട്ടുണ്ട്…”
“അവള് ഇംബ്രസ് ആയത് ആ പേപ്പർ മോഡലിൽ ആണ് ചേച്ചി.. അല്ലാതെ എൻ്റെ ക്യാരക്ടറിൽ അല്ല…”
“അതെ.. പക്ഷേ ഇത് പോലെ ഒരുപാട് ട്രിക്ക് നിൻ്റെ കയ്യിൽ ഉണ്ടെന്ന് അറിയുമ്പോൾ അത് നിന്നിലേക്ക് ആയിക്കൊളും…”
“അത് ശരിയാണ്.. പക്ഷേ ഇനി എൻ്റെ കയ്യിൽ ട്രിക്കുകൾ ഒന്നും ഇല്ലല്ലോ…”
“ഓഹോ.. അങ്ങനെ ആണെങ്കിൽ.. നിനക്ക് പാട്ട് പാടാൻ അറിയാമോ..??”
“ഒന്ന് പോ ചേച്ചി.. പിന്നെ.. പാട്ട്.. ഞാൻ ഒരു മൂളിപ്പാട്ട് പോലും പാടാറില്ല.. അല്ലെങ്കിലും എൻ്റെ ഈ ശബ്ദത്തിന് പാട്ട് ചേരും എന്ന് തോന്നുന്നുണ്ടോ..?”
“പിന്നെ എന്ത് ചെയ്യും…”
“അങ്ങനെ പ്ലാൻ ഒന്നും വേണ്ട.. ഇത് പോലെ എന്തെങ്കിലും അവസരം വരുമ്പോ നമുക്ക് അതിൽ പിടിച്ച് കയറാം…”
“ഹും.. ശരി.. അകത്തേക്ക് വാ…”
ഞാനും നീതു ചേച്ചിയും അകത്ത് സോഫയിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് അതിഥി താഴേക്ക് ഇറങ്ങി വന്നത്..
എപ്പോഴും കാണുന്നത് പോലെ നല്ല രീതിയിൽ വസ്ത്രങ്ങൾ എല്ലാം ധരിച്ച് വെൽ ഗെറ്റപ്പിൽ ആയിരുന്നു അവള്…
അവളെ കണ്ടതും ഞാൻ എഴുന്നേറ്റ് വിഷ് ചെയ്തു…
“ഗുഡ് മോണിംഗ് അതിഥി…”
“ഗുഡ് മോണിംഗ് വിനോദ്.. ഇന്നലെ എനിക്ക് താങ്ക്സ് പറയാൻ പറ്റിയില്ല..”
“എന്തിന്..??”
“എന്നെ ആ പേപ്പർ മോഡലുകൾ ഉണ്ടാക്കാൻ പഠിപ്പിച്ചതിന്…”
“ഹൊ.. അതോ.. അതൊക്കെ ചെറിയ കാര്യം അല്ലേ..”
“പക്ഷേ എനിക്കത് നന്നായി ഇഷ്ടപ്പെട്ടു…”
“ഓകെ…”
അവള് നീതു ചേച്ചിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…
“ആൻ്റി ഞാൻ ഒന്ന് ലൈബ്രറി വരെ പോകുന്നു…”
“ശരി മോളെ..”
പെട്ടന്നാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്…
“അതിഥി ഇവിടെ അടുത്തുള്ള ലൈബ്രറിയിലേക്ക് അല്ലേ…??”
“അതെ..”
“എങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം…”
“താങ്ക്സ് വിനോദ്.. പക്ഷേ എനിക്ക് ബൈക്കിൽ യാത്ര ചെയ്യാൻ ഇഷ്ടമല്ല…”
“ഹൊ…”
ആ പ്ലാൻ അദി ധാരുണം ആയി പാളിയത് കൊണ്ട് അടുത്തത് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് നീതു ചേച്ചി രക്ഷകയായി വന്നത്…
“നിനക്ക് കാർ ഓടിക്കാൻ അറിയുന്നതല്ലെ വിനു.. ഇവിടത്തെ കാർ എടുത്ത് പോവാലോ…”
“ഹാ.. എനിക്ക് ഓകെ ആണ് ചേച്ചി…”
അങ്ങനെ പ്ലാൻ വീണ്ടും ഓൺ ആയി..
ഞാനും അതിഥിയും പുറത്തേക്ക് ഇറങ്ങി..
നീതു ചേച്ചി എനിക്ക് ഒരു ഓൾ ദി ബെസ്റ്റ് കാണിച്ചു…
നല്ല പുതു പുത്തൻ ബെൻസ് കാർ ആണ്..
നാട്ടിൽ മാരുതിയും ആൾട്ടോയും ഒക്കെ ഓടിച്ച് നടന്ന നമ്മൾ ഇങ്ങനെ ഒരു വണ്ടി ഒക്കെ ഓടിക്കും എന്ന് സ്വപ്നത്തില് പോലും കരുതിയതല്ല…
അങ്ങനെ ഞാനും അതിഥിയുടെ കൂടെ വണ്ടിയിലേക്ക് കയറി..
പക്ഷേ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നപ്പോൾ ആണ് പണി കിട്ടിയോ എന്നൊരു ഭയം ഉള്ളിൽ വന്ന് തുടങ്ങിയത്…
ഗിയർ ഇല്ലാത്ത വണ്ടിയാണ്… നാട്ടിൽ ഒരു കൂട്ടുകാരൻ്റെ ഗിയർ ഇല്ലാത്ത ഒരു വണ്ടി ഒരു തവണ ഓടിച്ച ഒരു പരിചയം മാത്രമേ ഒള്ളു…
ഇതാണെകിൽ കണ്ടിട്ട് തന്നെ ആകെ കൂടെ കൺഫ്യൂഷൻ ആവുന്നു..
അന്തം വിട്ടു ഞാൻ ഇരിക്കുന്നത് കണ്ടിട്ടാവണം അതിഥി എന്നോട് ചോദിച്ചു…
“എന്ത് പറ്റി വിനോദ്..??”
“ഇല്ല.. ഒന്നുമില്ല.. പോവാം…”
“ഹും.. പോവാം.. ലേറ്റ് ആവുന്നുണ്ട്…”
അങ്ങനെ ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ച് വണ്ടി മുന്നോട്ട് എടുത്തു…
വിചാരിച്ച പോലെ അല്ല.. കുറച്ച് ദൂരം ഇങ്ങ് പോന്നപ്പോൾ നല്ല കണ്ട്രോൾ
കിട്ടുന്നുണ്ട്.. എന്നാലും എടുത്തടിച്ച് അങ്ങ് ഓടിക്കാൻ ഉള്ള ധൈര്യം ആയിട്ടില്ല…
ഇത്രേം വില ഒക്കെ ഉള്ള വണ്ടിയാണ്.. ഇതെങ്ങാനും എവിടെ എങ്കിലും ഉരസി വല്ല പെയിൻ്റോ മറ്റോ പോയാൽ അതോടെ എൻ്റെ കട്ടയും പടവും മടങ്ങും…
അങ്ങനെ ഒരു വിധം ഞങൾ ലൈബ്രറിയിൽ എത്തി.. യാത്രക്കിടയിൽ ശ്രദ്ധ പോവാതെ ഇരിക്കാൻ ഞാൻ ഒന്നും മിണ്ടാൻ പോയില്ല…
അങ്ങോട്ട് ഒന്നും മിണ്ടാത്തത് കൊണ്ട് അതിഥിയുടെ ഭാഗത്ത് നിന്നും യാതൊരു സംഭാഷണവും ഉണ്ടായില്ല…
അങ്ങനെ വണ്ടിയിൽ നിന്ന് ഞാനും അതിഥിയുടെ കൂടെ ലൈബ്രറിയിലേക്ക് നടന്നു…
ഇതിന് മുൻപ് എപ്പോഴാണ് ഞാൻ ഒരു ലൈബ്രറിയിൽ ഒക്കെ കയറിയത് എന്ന് എനിക്ക് ഓർമ പോലും ഇല്ല…
പണ്ട് നാട്ടിൽ ഒരു കൊച്ച് വായനശാല ഉണ്ടായിരുന്നു..
അതിൻ്റെ മുന്നിൽ ഒരു വലിയ ബദാം മരവും…
അതിൽ നിന്ന് ബദാം എറിഞ്ഞ് ചാടിച്ച് ഞാനും ചേട്ടനും അമ്മുവും ആതിരയും കൂട്ടുകാരും ഒക്കെ കൂടി കഴിക്കുന്നത് ഇപ്പോഴും മനസ്സിൽ ഉണ്ട്..
ബാല്യ കാലം ഓർമകളാൽ സമ്പുഷ്ടായിരുന്നു…
ജീവിതത്തിൻ്റെ പല ഘട്ടത്തിലും വന്ന് ചേർന്ന തിരക്കുകൾ ആ കാലമെല്ലാം വെറും ഓർമകൾ ആക്കി മാറ്റി…
അകത്തെത്തിയതും ഭയങ്കര നിശബ്ദത..
ഓരോരുത്തരും ഓരോരോ മേഷകളിൽ ഇരുന്നു ഏതൊക്കെയോ പുസ്തകങ്ങൾ സൂഷ്മമായി വായിക്കുന്നു..
ഇവർക്കൊന്നും വേറെ പണിയില്ലെ..
നേരം വെളുക്കുമ്പോൾ ഇവിടെ വന്നിരുന്നു പുസ്തകം വായിക്കുന്നു…
അതിഥി എന്നെ മൈൻഡ് പോലും ചെയ്യാതെ ഏതോ റാക്കുകളിൽ ഏതൊക്കെയോ പുസ്തകങ്ങൾ തിരഞ്ഞ് നടക്കുകയാണ്…
അവസാനം പ്രതീക്ഷിച്ച പുസ്തകം കിട്ടിയപ്പോൾ ആണെന്ന് തോന്നുന്നു അവള് ഒരു ഒഴിഞ്ഞ ടേബിളിൽ പോയി ഇരുന്നു..
കയ്യിൽ പുസ്തകം ഒന്നും ഇല്ലാതെ അവളുടെ അടുത്ത് ചെന്നിരിക്കുന്നത് ശരിയല്ലല്ലോ.. അതുകൊണ്ട് ഞാൻ എൻ്റെ മുന്നിലെ റാക്കിൽ ഉണ്ടായിരുന്ന ഒരു പുസ്തകം കയ്യിൽ എടുത്തു…
ലവ് ഓർ ഹേറ്റ്… കൊള്ളാം.. പേരിനു ഒരു ഗുമ്മുണ്ട്…
ഞാനും അതും കയ്യിൽ എടുത്ത് അതിഥിയുടെ അടുത്ത് ചെന്നിരുന്നു…
ഞാൻ വന്നിരുന്നപ്പോൾ അവള് എന്നെയും എൻ്റെ കയ്യിൽ ഉള്ള പുസ്തകത്തിലും ഒന്ന് നോക്കി..
ആ നോട്ടം എനിക്ക് അത്ര പന്തിയായി തോന്നിയില്ല..
“എന്ത് പറ്റി .??”
“ഈ ബുക്ക് ആണോ വായിക്കുന്നത്..??”
“അതെ..”
“വേസ്റ്റ് ഓഫ് ടൈം…”
“അതെന്താ അങ്ങനെ പറഞ്ഞത്..??”
“ഞാൻ വായിച്ചതാണ്.. ക്ലൈമാക്സ് കൊള്ളില്ല…”
“ഓഹോ.. പക്ഷേ പേര് കൊള്ളാം അല്ലേ..”
“ഹും.. ഒരിക്കലും ഒരു പുസ്തകത്തെ അതിൻ്റെ പുറം ചട്ട കണ്ട് ജഡ്ജ് ചെയ്യരുത്.. അത് നല്ല രീതിയിൽ ആയാലും മോശം രീതിയിൽ ആയാലും…”
“താൻ എപ്പോഴും ഇങ്ങനെ ആണോ?.??”
“എങ്ങനെ..??”
“ഇങ്ങനെ ആർക്കും മനസ്സിലാകാത്ത രീതിയിൽ മാത്രമേ സംസാരിക്കൂ…”
“ആയിരിക്കും…”
“ഓഹോ…”
“വിനോദ്..”
“ഹും..”
“തനിക്ക് ശരിക്കും വായിക്കാൻ ഇഷ്ടമാണോ..??”
“പിന്നെ.. എനിക്ക് വായിക്കാൻ ഭയങ്കര ഇഷ്ടം ആണ്…”
അവള് മറുപടി ഒന്നും പറയാതെ എൻ്റെ കയ്യിലേക്ക് നോക്കി…
അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്.. ഞാൻ ആ പുസ്തകം വിരലിൽ വച്ച് കറക്കി കൊണ്ടാണ് ഇത്ര നേരം അവളോട് സംസാരിച്ച് കൊണ്ടിരുന്നത്…
“അല്ല… അത് ഞാൻ…”
“വിനോദ്.. ഏതായാലും താൻ എൻ്റെ അച്ഛനും ആൻ്റിയും പറഞ്ഞത് പ്രകാരം എൻ്റെ കൂടെ തൻ്റെ വിലപ്പെട്ട സമയം സപെൻ്റ് ചെയ്യുകയല്ലെ… എനിക്ക് തന്നോട് കുറച്ച് കാര്യങ്ങള് ചോദിക്കണം..”
അതിഥി ആ പറഞ്ഞതിൽ ഞാൻ ചെറിയ അപകട സൂചനകൾ മണത്തിരുന്നു..
പക്ഷേ തൽക്കാലം പുറത്ത് കാണിച്ചില്ല…
“അതിനെന്താ.. ചോദിച്ചോളൂ…”
“തനിക്ക് എന്നെ പറ്റി എന്തറിയാം..??”
“അതിഥി…!!”
അവളുടെ ആ ഒരു ചോദ്യം കേട്ടപ്പോൾ എനിക്ക് ഒന്നുറപ്പയി.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ എന്തോ വലിയ അപകടം വരാൻ പോകുന്നു എന്ന്…
“വിനോദ്.. എൻ്റെ വീട്ടുകാർ പറഞ്ഞ എൻ്റെ പഴയ കാലവും ഇപ്പൊൾ താൻ കണ്ടു കൊണ്ടിരിക്കുന്ന എൻ്റെ ഈ അവസ്ഥയും അല്ലാതെ എന്നെ പറ്റി തനിക്ക് എന്തറിയാം…??”
അവളുടെ മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ ആവാതെ.. അവളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ആവാതെ അന്തം വിട്ട് നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ…
പക്ഷേ അവള് അപോഴും പറഞ്ഞു കൊണ്ടിരുന്നു…
“താൻ ഡ്രഗ്സ് യൂസ് ചെയ്തിട്ടുണ്ടോ..??”
ഒന്ന് ഞെട്ടി എങ്കിലും അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തന്നെ ഞാൻ തീരുമാനിച്ചു…
“ഇല്ല…”
“മദ്യപിച്ചിട്ടുണ്ടോ..??”
“ഇല്ല…”
“പുക വലിച്ചിട്ടുണ്ടോ..??”
“ഇല്ല…”
“ഏതെങ്കിലും ഒരു സ്ട്രെഞ്ചർൻ്റെ കൂടെ സെക്സ് ചെയ്തിട്ടുണ്ടോ..??”
“ഇല്ല…”
“അതൊക്കെ പോട്ടെ… താൻ ജീവിതത്തിൽ ഡിപ്രഷൻ അനുഭവിച്ചിട്ടുണ്ടോ..??”
“ഇല്ല എന്നാണ് എൻ്റെ വിശ്വാസം..”
“തനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ..??”
“ഒരിക്കലും ഇല്ല…”
“സ്വന്തം ശരീരം മുറിപ്പെടുത്തി അതിൽ നിന്നും ആനന്ദം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ…??”
“ഇല്ല…”
അടുത്തതായി എന്നെ ഞെട്ടിച്ചു കൊണ്ട് അതിഥി അവളുടെ ഫ്രോക്ക് അവളുടെ കാൽ മുട്ടുകളിൽ നിന്ന് കുറച്ച് മേലേക്ക് പൊക്കി വച്ചു…
അവളുടെ തുടകളിൽ നിറയെ മുറിപ്പാടുകൾ ആയിരുന്നു… പല വലിപ്പത്തിൽ പല ആകൃതിയിൽ ഉള്ള മുറിപ്പാടുകൾ…
“ഇവ എന്നെങ്കിലും മാഞ്ഞ് പോകും എന്ന് തനിക്ക് തോന്നുന്നുണ്ടോ..??”
“അത്… ചിലപ്പോ കാലങ്ങൾ കഴിയുമ്പോൾ….”
“മാഞ്ഞ് പോയേക്കാം അല്ലേ…”
“ഹും…”
“ഇത് പോലെ അനവധി മുറിപ്പാടുകൾ എൻ്റെ മനസ്സിലും ഉണ്ട് വിനോദ്… ഒരു കാലത്തിനും മായ്ക്കാൻ പറ്റാത്ത അനവധി മുറിപ്പാടുകൾ…”
അതിഥിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു…
“മറ്റുള്ളവർ പറഞ്ഞ് കേട്ട എൻ്റെ കഥയിലെ ആരും കേൾക്കാത്ത ഭാഗങ്ങൾ തനിക്ക് കേൾക്കണ്ടേ…”
ഒന്നും പറയാതെ അന്തം വിട്ട് നിൽക്കുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവള് വീണ്ടും പറഞ്ഞു..
“ഡയറിയിൽ ഇല്ലാത്ത പല കാര്യങ്ങളും ഉണ്ട് വിനോദ്…”
അത് എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു.. ഞാൻ ആ ഡയറി വായിച്ചത് എങ്ങനെ അവള് അറിഞ്ഞു…
“താൻ ഇപ്പൊ ചിന്തിക്കുന്നത് ഞാൻ എങ്ങനെ താൻ എൻ്റെ ഡയറി വായിച്ച കാര്യം അറിഞ്ഞു എന്നല്ലേ… അന്ന് മാളിൽ വച്ച് താൻ നീതു ചേച്ചിക്ക് കൊടുത്ത ബാഗിൽ ആ ഡയറി ഞാൻ കണ്ടിരുന്നു… അവർ എന്നെ കാണാതെ ഒളിച്ചു വച്ചതായിരുന്നു… തൻ്റെ കയ്യിൽ ഇത്ര ദിവസം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി താൻ അത് വായിച്ച് കാണും എന്ന്… പക്ഷേ എങ്കിലും ഒരു സംശയം ഉണ്ടായിരുന്നു.. ഇപ്പൊ താൻ എന്നെ സഹായിക്കാൻ തയ്യാറായി വന്നപ്പോൾ ആ സംശയം മാറി കിട്ടി…”
“അതിഥി.. അയാം സോറി.. ഞാൻ അത്….”
“അത് സാരമില്ല… എൻ്റെ കഥ മറ്റുള്ളവർ അറിഞ്ഞു എന്ന് കരുതി എനിക്കൊരു പ്രശ്നവും ഇല്ല വിനോദ്…”
മറുപടി ഒന്നും പറയാൻ എനിക്ക് അപ്പോഴും സാധിച്ചില്ല…
“എൻ്റെ വീട്ടുകാർ തന്നെ ഏൽപ്പിച്ച ദൗത്യം… ഞാൻ ഇപ്പൊൾ ഉള്ള ഈ ലോകത്ത് നിന്ന് എന്നെ പഴയ ലോകത്തേക്ക് കൊണ്ട് വരിക എന്നതല്ലേ..”
“തന്നോട് ഞാൻ ഒന്നും മറച്ച് വെക്കേണ്ട കാര്യം ഇല്ലല്ലോ… നടക്കുമോ ഇല്ലയോ എന്ന് പോലും അറിയാതെ ഞാൻ ഏറ്റെടുത്ത ഒരു ദൗത്യം ആണിത്… പക്ഷേ എനിക്ക് ഇപ്പൊ ഒരു സംശയം ഉണ്ട്..”
“എന്ത് സംശയം..”
“താൻ ശരിക്കും ഇങ്ങനെ അല്ലെങ്കിൽ പിന്നെ എന്തിനാ എല്ലാവരുടെയും മുന്നിൽ, ഐ മീൻ ഡോക്ടറുടെ മുന്നിൽ പോലും ഇങ്ങനെ ഒരു മുഖം മൂടി ഇട്ട് ജീവിക്കുന്നത്…”
“പിന്നെ ഞാൻ എങ്ങനെ ജീവിക്കണം..?? വീണ്ടും പഴയ പോലെ സ്മാർട്ട് ആയി എല്ലാവരോടും കൊഞ്ചി കുഴഞ്ഞ് വർത്തമാനം ഒക്കെ പറഞ്ഞു ലൈഫ് ആസ്വദിച്ച് നടക്കണോ..??”
“അത്രക്ക് ഒന്നും വേണം എന്ന് ഞാൻ പറയുന്നില്ല.. പക്ഷേ ഈ പ്രോഗ്രാമിഡ് ലൈഫ് സ്റ്റൈൽ ഒന്ന് അവസാനിപ്പിചൂടെ..?? വീട്ടുകാരുടെ മുന്നിൽ എങ്കിലും..”
“എനിക്കറിയാം വിനോദ്.. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ ഒന്ന് പുഞ്ചിരിച്ച് കാണിച്ചാൽ പോലും എൻ്റെ വീട്ടുകാർക്ക് ഉണ്ടാകുന്ന സന്തോഷത്തെ പറ്റി… പക്ഷ അവിടെ ആണ് ഞാൻ നേരത്തെ പറഞ്ഞ മനസ്സിൻ്റെ മുറിവുകൾ എന്നെ പുറകോട്ട് വലിക്കുന്നത്…”
“ക്ലീഷെ ആണെന്ന് അറിയാം.. പക്ഷേ.. ഈ ഒരു അവസരത്തിൽ ഇതിലും
നല്ലൊരു ഡയലോഗ് എനിക്ക് കിട്ടുന്നില്ല…. എല്ലാം കഴിഞ്ഞില്ലേ അതിഥി… ഇനി എങ്കിലും…”
“അതെ.. എല്ലാവർക്കും എല്ലാം കഴിഞ്ഞു… പക്ഷേ എൻ്റെ ഉള്ളിൽ മാത്രം ഇപ്പോഴും ഒന്നും കഴിഞ്ഞിട്ടില്ല വിനോദ്…”
“എന്നെക്കാൾ പഠിപ്പും വിവരവും ജീവിതാനുഭവങ്ങളും ഒക്കെ ഉള്ള തന്നെ ഉപദേശിക്കാൻ പോലും ഞാൻ ആളല്ല.. പക്ഷേ ചില കാര്യങ്ങള് പറഞ്ഞല്ലെ പറ്റൂ… താൻ ഇപ്പൊൾ ചെയ്യുന്നത് നല്ല ഒന്നാം തരം മണ്ടത്തരം ആണ്…”
അതിഥി അന്തം വിട്ട് എന്നെ നോക്കി…
“അതെ.. എടോ.. അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ചെയ്ത തെറ്റിനുള്ള ശിക്ഷ ഇത്രയും കാലം താൻ അനുഭവിചില്ലെ… ഇനിയും എന്തിനാ ഇത്… ഒരുപക്ഷേ തനിക്ക് ഈ ജീവിത രീതി കൊണ്ട് സന്തോഷവും സമാധാനവും കിട്ടുന്നുണ്ടാവും.. പക്ഷേ തൻ്റെ ചുറ്റുമുള്ളവരെ ഒന്ന് നോക്ക്… തൻ്റെ അച്ഛൻ അമ്മ ആൻ്റി മറ്റ് ബന്ധുക്കൾ കൂട്ടുകാർ എല്ലാവരും തന്നെ ഓർത്ത് ഓരോ നിമിഷവും വേദന അനുഭവിക്കുന്നു… ആദ്യമായി തൻ്റെ വീട്ടിൽ വന്ന് തൻ്റെ അച്ഛനോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകളിൽ ഞാൻ കണ്ട പ്രതീക്ഷയുടെ തിളക്കം ഇപ്പോഴും എൻ്റെ മുന്നിൽ ഉണ്ട്.. ഭക്ഷണം കഴിക്കുമ്പോൾ വീൽചെയറിൽ ഇരുന്നു കൊണ്ട് സ്വന്തം മകൾ ഒരു തവണ എങ്കിലും തന്നെ ഒന്ന് നോക്കണേ എന്ന് പ്രതീക്ഷയോടെ നോക്കുന്ന ആ അമ്മയുടെ മുഖം ഇപ്പോഴും എൻ്റെ മനസ്സിൽ ഉണ്ട്…”
അതിഥിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി…
“ഇനി തനിക്ക് അറിയാത്ത ഒരു കാര്യം ഞാൻ അങ്ങോട്ട് പറയട്ടെ.. ഒരിക്കലും പറയണ്ട എന്ന് കരുതിയതാണ്… പക്ഷേ പറയാതിരിക്കാൻ ഈ അവസരത്തിൽ പറ്റുന്നില്ല… നമ്മൾ ആദ്യമായി കണ്ട ആ രാത്രി തനിക്ക് ഓർമയുണ്ടോ…?? അന്ന് തൻ്റെ കാറിലേക്ക് കയരുമ്പോൾ.. ആദ്യമായി തന്നെ കാണുമ്പോൾ.. ആ ഒരൊറ്റ കാഴ്ചയിൽ തന്നെ എനിക്ക് തന്നെ.. തന്നോട് വല്ലാത്ത ഒരു അട്രാക്ഷൻ തോന്നിയിരുന്നു… പക്ഷേ അന്നത്തെ തൻ്റെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ താൻ വെറും ഒരു ജാടക്കാരി പെണ്ണാണ് എന്ന് മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ… പക്ഷേ അന്ന് എൻ്റെ സുഹൃത്തിൻ്റെ ചേച്ചിയുടെ കല്യാണത്തിൽ താനും വന്നിരുന്നു എന്നറിഞ്ഞപ്പോൾ ആ അട്രാക്ഷൺ എന്നെ വീണ്ടും കീഴ്പ്പെടുത്തി.. അങ്ങനെ അവരോടെല്ലാം അന്വേഷിച്ചപ്പോൾ അവരുടെ പരിമിതമായ അറിവിൽ നിന്ന് താൻ ഒരു സാധാരണ പെൺകുട്ടി അല്ല എന്നും തൻ്റെ സ്വഭാവം ഒക്കെ കുറച്ച് വിത്യസ്ത ആണെന്നും എനിക്ക് മനസ്സിലാക്കാൻ പറ്റി.. സത്യം അറിയാതെ ആണെങ്കിൽ പോലും അപ്പോഴും തൻ്റെ ആ സ്വഭാവത്തിൽ എനിക്ക് വീണ്ടും ആകർഷണം ആണ് തോന്നിയത്… അങ്ങനെ എല്ലാം കഴിഞ്ഞ് ബാംഗ്ലൂരിൽ എത്തിയ ഞാൻ വളരെ യാദൃശ്ചികമായി ആണ് തന്നെ ബാംഗ്ലൂരിൽ വച്ച് കാണുന്നത്.. പക്ഷേ അവിടെ വച്ച് കഥ മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു…. ഞാൻ ഇത് വരെ കണ്ടതല്ല യഥാർത്ഥ അതിഥി എന്നും അവൾക്ക് പുറകിൽ വലിയ ഒരു കഥ തന്നെ മറഞ്ഞിരിപ്പുണ്ട് എന്നും ഞാൻ മനസ്സിലാക്കി… ഇനി ഞാൻ മറ്റൊരു കാര്യം പറയാം.. ഞാനാദ്യമായി തന്നെ കാണുന്നത് ഈ കഥകൾ ഒക്കെ കേട്ടതിനു ശേഷം ആണെങ്കിൽ ഒരിക്കലും എനിക്ക് ആ ട്രാക്ഷൻ തൊന്നിലായിരിക്കാം… പക്ഷേ അതിഥി… താൻ ഇങ്ങനെ ഒരു ലൈഫ് അർഹിക്കുന്നില്ല… താൻ ജീവിക്കണം.. പഴയ പോലെ.. ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത.. അച്ഛനും അമ്മക്കും എല്ലാവർക്കും പ്രിയങ്കരിയായ പഴയ അതിഥിയായി… പ്ലീസ്.. മറ്റുള്ളവർക്ക് വേണ്ടി മാത്രമല്ല.. തനിക്ക് കൂടി വേണ്ടി.. ”
ഏതോ നിമിഷത്തിൽ എൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു…
ഞാൻ പോക്കറ്റിൽ നിന്ന് ടവ്വൽ എടുത്ത് അതിതിക്ക് നേരെ നീട്ടി…
പക്ഷേ അവള് അത് സ്വീകരിക്കാതെ ഇപ്പോഴും കരയുകയാണ്…
ഞാൻ സ്വയം ആ ടവ്വൽ ഉപയോഗിച്ച് അവളുടെ കവിളിലെ കണ്ണുനീർ ഒപ്പി…
അതിഥിയുടെ മാനസികാവസ്ഥ ശരിയല്ല എന്ന് കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു…
“നമുക്ക് ഇവിടെ നിന്ന് ഇറങ്ങിയാലോ..??”
മറുപടിയായി അവള് ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്.. അങ്ങനെ ഞാനും അതിഥി യും അവിടെ നിന്ന് ഇറങ്ങി..
കാറിലേക്ക് കയറുമ്പോൾ അതിഥിയെ കൂട്ടി വീട്ടിലേക്ക് അല്ല പോകേണ്ടത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു…
ഞാൻ വണ്ടി നേരെ അടുത്തുള്ള ബീച്ചിലേക്ക് ആണ് ഓടിച്ചത്…
ബീച്ചിൽ എത്തിയപ്പോൾ എന്താ ഇവിടെ എന്ന അർത്ഥത്തിൽ അവള് എന്നെ നോക്കി.
ഞാൻ അവളോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു…
അങ്ങനെ ഞാനും അതിത്യുടെ കൂടെ ആ മണൽ പരപ്പിലൂടെ നടന്നു…
ഈ സമയത്ത് നല്ല വെയിൽ ആണ്..
എങ്കിലും അത്യാവശ്യം ആളുകൾ ഒക്കെ ഉണ്ട് ബീച്ചിൽ..
അതിഥി സ്വാഭാവികം ആയും വലിയ ആലോചനകളിൽ ആയിരിക്കും എന്ന് അറിയുന്നത് കൊണ്ട് ഞാൻ അവളെയും കൂട്ടി കുറച്ച് മാറി ഒരു തണലിൽ ബെഞ്ചിൽ പോയി ഇരുന്നു…
അവള് എന്നെ നോക്കുന്നില്ല.. ദൂരെ ആർത്തലച്ചു വരുന്ന സമുദ്രം നോക്കി ഇരിപ്പാണ്..
അവളുടെ മനസ്സിൽ ഇപ്പൊൾ ഇതിനേക്കാൾ വലിയ ഒരു സമുദ്രം ആർത്തലക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു…
നിശബ്ദത ഭേദിച്ച് കൊണ്ട് അതിഥി സംസാരിച്ച് തുടങ്ങി…
“വിനോദ്.. തനിക്ക് ഡിപ്രഷൻ എന്താണ് എന്നറിയാമോ…??”
“ശരിക്കും അറിയില്ല… പക്ഷേ.. ജീവിതത്തോട് തോന്നുന്ന ഒരു തരം മടുപ്പ് ആണെന്ന് തോന്നുന്നു…”
“ആ മടുപ്പ് എവിടെ നിന്ന് ഉണ്ടാകുന്നു എന്നറിയാമോ..??”
“തീർച്ചയായും അവരുടെ ജീവിതാനുഭവങ്ങൾ തന്നെ ആവും..”
“ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ തോന്നുന്നത് എപ്പോൾ ആണെന്ന് അറിയാമോ..??”
“സെയിം ആൻസർ.. ജീവിതത്തിനോട് ഉള്ള മടുപ്പ്.. അല്ലെങ്കിൽ പ്രശ്നങ്ങൾ നേരിടാനുള്ള ഭയം…”
“വിനോദിന് പ്രശ്നങ്ങൾ നേരിടാൻ ഭയം ഇല്ലെ..??”
“ഇല്ല.. എൻ്റെ ജീവിതത്തില് എന്ത് പ്രശ്നം വന്നാലും അത് നേരിടാൻ ഞാൻ പൂർണമായും തയ്യാറാണ്…”
“ഹും.. ”
“അതുകൊണ്ട് തന്നെ എനിക്ക് ഇതാ വരെ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടില്ല… ആഫ്റ്റർ ആൾ അതൊരു ക്രിമിനൽ ഒഫൻസ് കൂടി അല്ലേ…”
“വിനോദ് ഇപ്പൊ നിൽക്കുന്നത് ഒരു അഞ്ച് നില കെട്ടിടത്തിൻ്റെ മുകളിൽ ജനാലക്കു അരികിൽ ആണെന്ന് വിചാരിക്കുക.. തനിക്ക് ആ ജനലിലൂടെ പുറത്തേക്ക് ചാടാൻ തോന്നുമോ..??”
“അഫ്കോഴ്സ് നോ.. അങ്ങനെ ഒക്കെ നോർമൽ ആയ ആർക്കെങ്കിലും തോന്നുമോ.. എനിക്ക് ആണെങ്കിൽ ഹൈറ്റ് ഒക്കെ ഇത്തിരി പേടിയാ…”
“ഹും.. ആ കെട്ടിടത്തിൻ്റെ ഉള്ളിൽ തീ കൊണ്ട് നിറഞ്ഞാൽ…?? മിനിറ്റുകൾക്കുള്ളിൽ ആ തീ വിനോദിനെ വിഴുങ്ങും എന്ന അവസ്ഥ വന്നാൽ…?? ചാടുമോ അതോ ആ തീയിൽ സ്വയം ജീവൻ ഒടുക്കുമോ..??”
അതിഥിയുടെ ആ ചോദ്യം എന്നെ തീർത്തും കൺഫ്യൂഷനിൽ ആക്കി..
“അങ്ങനെ ചോദിച്ചാൽ ചിലപ്പോ… ചിലപ്പോ ചാടുമായിരിക്കും…”
“അതെ.. ആ ഒരു അവസ്ഥയാണ് വിനോദ് ഒരാള് ആത്മഹത്യ ചെയ്യാൻ പോകുമ്പോൾ ഉണ്ടാകുന്നത്… റോഡിൽ നിൽക്കുന്ന ആൾ ചിലപ്പോ ചാടരുത് എന്ന് പറഞ്ഞേക്കാം.. പക്ഷേ ഉള്ളിലെ തീയുടെ ചൂട് അധികരിക്കുമ്പോൾ നമ്മൾ ചാടാൻ നിർബന്ധിതരായി മാറും… ഒരിക്കൽ എങ്കിലും ആ തീ അനുഭവിച്ചവർ മാത്രമേ ആ വേദന മനസ്സിലാകൂ…”
അതിഥിയുടെ വാക്കുകൾ എന്നെ വല്ലാത്ത ആശയ കുഴപ്പത്തിൽ ആക്കി..
പക്ഷേ എൻ്റെ ചിന്തകളെ മുറിച്ച് അതിഥി വീണ്ടും സംസാരിച്ച് തുടങ്ങി…
“വിനോദ് ഏതെങ്കിലും കാൻസർ ഹോസ്പിറ്റലിൽ പോയിട്ടുണ്ടോ..?? അല്ലെങ്കിൽ വെബ്സൈറ്റുകൾ അല്ലെങ്കിൽ ക്ലാസുകൾ സന്ദർശിച്ചിട്ടുണ്ടോ..??”
“ഇല്ല… ഒരിക്കൽ ബാംഗ്ലൂരിൽ ആ കുട്ടികളുടെ അടുത്ത് പോയിട്ടുണ്ട്…”
“ഹും.. അവിടെ മിക്ക ഇടങ്ങളിലും കാണാൻ പറ്റുന്ന ഒരു വാചകം ആണ് കാൻസറിൻ്റെ ഏറ്റവും വലിയ സൈഡ് എഫക്റ്റ് ആണ് ഡിപ്രഷൻ എന്ന്…”
“അത് ശരിയല്ലേ..??”
“അല്ല.. ഡിപ്രഷൻ കാൻസറിൻ്റെ സൈഡ് എഫ്‌ക്റ്റ് അല്ല… മറിച്ച് മരണത്തിൻ്റെ.. അല്ലെങ്കിൽ താൻ മരിക്കാൻ പോകുന്നു എന്നറിയുമ്പോൾ ഉള്ള സൈഡ് എഫക്റ്റ് ആണ്…”
അതിഥിയുടെ ഓരോ വാക്കുകളും മുള്ള് പോലെ എന്നിൽ തറച്ചു…
പക്ഷേ അവള് അപ്പോഴും തുടർന്ന് കൊണ്ടിരുന്നു…
“കളർ ബ്ലൈൻഡ് നസ് ഉള്ള ആളുകളോട് ഈ ലോകം എത്ര കളർഫുൾ ആണ് എന്ന് പറയുന്ന പോലെ ആണ് ഒരു വിഷാദ രോഗിയോട് ഈ ലോകം എത്ര വിശാലം ആണെന്ന് പറയുന്നത്… വിനോദ്.. എനിക്ക് ഇനി മാറാൻ കഴിയില്ല എന്നൊന്നും ഞാൻ പറയുന്നില്ല… പക്ഷേ.. ഇപ്പൊ ഈ ഒരു അവസ്ഥയിൽ അത് ശരിയാവില്ല.. ഐ നീഡ് സം മോർ ടൈം.. ടൂ തിൻക്…”
“ഓകെ അതിഥി.. ശരി.. താൻ… താൻ ആലോചിക്ക്…”
“താക്സ്…”
പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല… ഞാനും അതിഥിയും നേരെ വീട്ടിലേക്ക് പോരാൻ ആയി കാറിൻ്റെ അടുത്തേക്ക് ചെന്നു…
പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങൾ രണ്ട് പേരും ഫോൺ എടുത്തിരുന്നില്ല… കാറിൽ തന്നെ ആയിരുന്നു വച്ചത്..
ഉള്ളിൽ കയറി ഞാൻ ഫോണിൽ വെറുതെ നോക്കിയതും നീതു ചേച്ചിയുടെ 11 മിസ്ഡ് കോൾ കണ്ടു…
എന്തോ പ്രശനം ഉണ്ടെന്ന് എൻ്റെ മനസ്സ് പറഞ്ഞു…
അതെന്താണെന്ന് അറിയാൻ ഞാൻ നീതു ചേച്ചിയെ തിരിച്ച് വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഫോണിലേക്ക് നീതു ചേച്ചിയുടെ ആ മെസ്സേജ് വന്നത്
“വിനു.. എവിടെയാ നിങൾ..?? അപ്പോളോ ഹോസ്പിറ്റലിലേക്ക് അതിഥിയെ കൂട്ടി പെട്ടന്ന് വാ…”
(തുടരും….)
Comments:
No comments!
Please sign up or log in to post a comment!