വശീകരണ മന്ത്രം 7
(കഴിഞ്ഞ ഭാഗം)
ഈ സമയം ആൽമരത്തിന്റെ മറുപുറത്തു ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച് കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു.
പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ കൊണ്ടു നോക്കി നിമിഷനേരം അയാൾ എന്തോ ചിന്തയിൽ ആണ്ടു. പതിയെ എണീറ്റു മറുപുറം വന്നു അനന്തുവിൽ നിന്നും രണ്ടടി അകലത്തിൽ അയാൾ നിന്നു.
അനന്തുവിനെ സൂക്ഷിച്ചു നോക്കികൊണ്ട് കൈകൾ കെട്ടി വച്ചു അയാൾ ആടിക്കൊണ്ടിരുന്നു.കുറേ നേരമായുള്ള അയാളുടെ തുറിച്ചു നോട്ടം സഹിക്കവയ്യാതെ അനന്തു ഇടപെട്ടു.
“എന്താ ചേട്ടാ വേണ്ടേ? ”
അനന്തു ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഒടുവിൽ നീ ഈ മണ്ണിലേക്ക് തന്നെ തിരിച്ചെത്തിയല്ലേ? നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ? ”
അയാൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അത് കേട്ടതും അനന്തു നെറ്റിചുളിച്ചുകൊണ്ട് അയാളെ നോക്കി. പതിയെ അയാൾ അവിടെ നിന്നും സ്ഥലം കാലിയാക്കി.
അനന്തു അയാൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു. പതിയെ അവന്റെ മുഖ ഭാവം മാറി. ചുണ്ടിൽ തത്തി ക്കളിച്ചിരുന്ന പുഞ്ചിരി എങ്ങോ പോയി മറഞ്ഞു.
മുഖത്തെ പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകി. ചെന്നിയിലൂടെ വിയർപ്പ് ചാലുപോലെ ഒഴുകി. ചുണ്ടുകൾ വിറച്ചു. അനന്തുവിന്റെ എരിയുന്ന കണ്ണുകൾ പതിയെ രക്തമയമായി മാറി.
ക്രുദ്ധമായ ഭാവത്തോടെ മുഷ്ടി ചുരുട്ടിപിടിച്ചു അവൻ മുഖം താഴ്ത്തിയിരുന്നു.പതിയെ ആ ചുണ്ടുകളിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു വന്നു .
(തുടരുന്നു)
കുന്നത്ത് ദേവി ക്ഷേത്രത്തിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അലിഞ്ഞിരിക്കുകയാണ് അവിടുള്ള ഭക്ത ജനങ്ങൾ.
അമ്പലത്തിന്റെ മേൽക്കൂരയിൽ നിന്നും ഉച്ചഭാഷിണിയിലൂടെ ഒഴുകി പരക്കുന്ന സംഗീതം എല്ലാവരെയും കോൾമയിർ കൊള്ളിച്ചു.
ശ്രീകോവിലിൽ നിന്നും മണിയൊച്ചകളാലും നെയ് വിളക്കിന്റെ പ്രകാശത്താലും പൂരിതമായിരുന്നു. പൂജാരി മന്ത്രങ്ങൾ ഉരിയാടിക്കൊണ്ട് ദേവി വിഗ്രഹത്തിനു മുൻപിൽ താലത്തിലെ കുഞ്ഞു വിളക്കിൽ തിരി തെളിയിച്ചു വട്ടത്തിൽ ഉഴിഞ്ഞുകൊണ്ടിരുന്നു.
സോപാന സംഗീതം പൊഴിക്കുവാൻ തയാറെടുത്തുകൊണ്ട് ഒരാൾ ഇടക്കയും കയ്യിലേന്തി തയാറായി നിന്നു.
ശ്രീകോവിലിന്റെ മുൻപിൽ ഉള്ള ചുറ്റു വിളക്കിൽ ദീപം അണിയിക്കവേ സുന്ദരികളായ സ്ത്രീജനങ്ങളുടെ മുഖം പ്രകാശമേറ്റു വെട്ടി തിളങ്ങി.
ശങ്കരനും മാലതിയും സീതയും മീനാക്ഷിയും ശിവയും മുൻപിൽ തന്നെ ദേവിയുടെ ദർശനത്തിനായി കാത്തു നിന്നു. ഇടക്കിടക്ക് പുറകിലേക്ക് നോക്കി ആഞ്ജയോടെ പുറകിലെ തിക്കിനും തിരക്കിനും ശമനം വരുത്താൻ ശങ്കരൻ ശ്രമിച്ചുകൊണ്ടിരുന്നു.
പൊടുന്നനെ ശ്രീകോവിലിന്റെ വാതിൽ മലർക്കനെ തുറക്കപ്പെട്ടു. സർവാഭരണ വിഭൂഷിതയായ ദേവിയെ ഒരു നോക്ക് കാണാൻ എല്ലാരും തിരക്ക് കൂട്ടി.
ഭക്തർ കൂപ്പ് കൈകളോടെ പ്രാർത്ഥിച്ചുകൊണ്ട് തങ്ങളുടെ ആധിയും വ്യാധിയും അമ്മയിൽ അർപ്പിച്ചു നിർന്നിമേഷരായി നിന്നു.തേവക്കാട്ട് കുടുംബാംഗങ്ങൾ ദേവിയെ കണ്ണു നിറച്ചു കണ്ടു കൈകൾ കൂപ്പി പ്രാർത്ഥിച്ചു.
അമ്മേ, ദേവി, ഭഗവതി, എന്നിങ്ങനെയുള്ള അലയൊലികൾ അവിടമാകെ മാറ്റൊലി കൊണ്ടു
.പൂജാരി ശങ്കരന് ബഹുമാന പൂർവ്വം പ്രസാദവും മറ്റും ആദ്യമേ നൽകി. തുടർന്നു അത് ഭക്ത ജങ്ങൾക്കും കൊടുക്കപ്പെട്ടു.ഇല ചീന്തിൽ പുരണ്ടിരിക്കുന്ന ചന്ദനക്കുറി എല്ലാവരും വിരൽ കൊണ്ടു തോണ്ടിയെടുത്ത് നെറ്റിയിൽ ചാലിച്ചു.
സീത മാലതിക്കും ശിവയ്ക്കും ചന്ദനക്കുറി നെറ്റിയിൽ ചാലിച്ചു നൽകി. മാലതി മീനാക്ഷിയുടെ നെറ്റിയിൽ ചന്ദനം പുരണ്ട വിരൽ തൊട്ടുകൊടുത്തു.
ദർശനം കിട്ടിയ ജനങ്ങൾ ഒന്നൊന്നായി മാറി തുടങ്ങി.ശങ്കരനും മക്കളും പേരമക്കളും ഒന്നുകൂടി ദേവിയെ വണങ്ങി.
ഈ സമയം ക്ഷേത്ര മുറ്റത്തെ ആൽമരചുവട്ടിൽ കാറ്റേറ്റ് ഇരിക്കുകയായിരുന്നു അനന്തു. ഉച്ചഭാഷിണിയിൽ നിന്നുള്ള ഭക്തി ഗാനം അവനെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
എല്ലായിടത്തും കണ്ണോടിച്ചുകൊണ്ട് അവൻ സംയമനത്തോടെ ഇരുന്നു.സെറ്റ് സാരി ഉടുത്തു സുന്ദരികളായ സ്ത്രീകളും മുണ്ടും ഷർട്ടും അണിഞ്ഞ പുരുഷന്മാരും ബ്ലൗസും പാവാടയും അണിഞ്ഞ പെൺകുട്ടികളും അതിനിടയിൽ കാണുന്ന ഹാഫ് സാരീ അണിഞ്ഞ പെൺകുട്ടികളെ കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു അനന്തു.
ആ ഡ്രസ്സ് അവനു വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനൊരെണ്ണം അരുണിമ ഇട്ടിരുന്നെങ്കിൽ കാണാൻ നല്ല ചേലായിരുന്നേനെ എന്നവൻ ആത്മഗതം പറഞ്ഞുകൊണ്ട് ചിരിച്ചു.
“ഹലോ എന്താ ഒരു ചിരി ”
ശബ്ദം കേട്ട ഭാഗത്തേക്ക് അനന്തു തിരിഞ്ഞു നോക്കി.
മുഷിഞ്ഞ കാഷായവസ്ത്രവും ധരിച്ചു തോൾ സഞ്ചിയുമേന്തി നരച്ച മുടിയും പ്രായാധിക്യം വന്ന വരണ്ട ചർമ്മവും അയാളുടെ വിവശതയെ പുറത്തു കാണിച്ചു.
നീട്ടിവളർത്തിയ വെളുത്ത താടിരോമങ്ങളിൽ കൈകൊണ്ട് ഉഴിഞ്ഞു കൊണ്ടു ഒരാൾ തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു.
അയാളുടെ കണ്ണുകൾക്ക് വല്ലാത്ത തിളക്കം പോലെ ഉള്ളതായി അനന്തുവിന് തോന്നി. ഒരുപക്ഷെ അദ്ദേഹം സഞ്ചാരി ആകുമെന്ന് അവൻ നിനച്ചു.
“ഒന്നുമില്ല വെറുതെ ഓരോന്നു ഓർത്തിരുന്നതാ”
ആഗതനെ വിഷമിപ്പിക്കാത്ത മട്ടിൽ അനന്തു മറുപടി പറഞ്ഞു. ഞാൻ തനിയെ ചിരിക്കുന്നത് കണ്ട് തനിക്ക് വട്ടാണെന്ന് അയാൾ വിചാരിച്ചു കാണുമോ എന്ന പരിഭ്രമം അവന്റെ മുഖത്തു ഉണ്ടായിരുന്നു.
“ശരിയാ…. ആൽമരത്തിന്റെ ചുവട് മനസ്സിലെ ചിന്തകളുടെ കെട്ടുപാടുകളെ അഴിച്ചു വിടും. അവ ഒരു പ്രളയ സമാനമായി കുത്തിയൊഴുകും അല്ലേ ? ”
അയാൾ ചിരിയോടെ അനന്തുവിന് സമീപം വന്നിരുന്നു. പൊതുവെ ഈ സാഹിത്യം അനന്തുവിന് ഇഷ്ടമില്ലാത്ത വിഭാഗം ആയതുകൊണ്ട് അവനു അയാൾ പറഞ്ഞതിന്റെ പൊരുൾ ഒന്നും മനസിലായില്ല.
“ഈ പ്രായത്തിൽ ഒരുപാട് ചിന്തിക്കണം. നമ്മുടെ രാഷ്ട്രത്തിനു ഉത്തമരായ പൗരന്മാരെ വാർത്തെടുക്കുന്നതിൽ ചിന്തകൾക്കും സ്വപ്നങ്ങൾക്കും നിശ്ചയ ദാർഢ്യത്തിനും കഠിനാധ്വാനത്തിനും ബൃഹത്തായ സ്ഥാനം ഉണ്ട്.”
ആഗതന്റെ സാഹിത്യ കച്ചേരി കേട്ട് അനന്തു ദയനീയതയോടെ കണ്ണും മിഴിച്ചുകൊണ്ട് അയാളെ നോക്കി.
അവന്റെ വെപ്രാളം കണ്ട് അയാൾ പൊട്ടിചിരിച്ചുകൊണ്ട് അവന്റെ തോളിൽ കൈ വച്ചു.
“ഹേയ് എന്താ മോന്റെ പേര്? ”
“അനന്തു കൃഷ്ണൻ. ”
“എവിടെയോ കണ്ടു മറന്നപോലെ…… അതാ ഞാൻ മിണ്ടാൻ വന്നേ ”
“ഞാൻ ഈ നാട്ടിൽ ആദ്യമായിട്ടാ ചേട്ടാ.. എന്നെ മുൻപ് കണ്ടിട്ടുണ്ടാകാൻ വഴിയില്ല. ”
“സത്യമാണോ? പക്ഷെ എന്നോ കണ്ടു മറന്ന പ്രതീതി ആണ് എനിക്ക്. ”
ആഗതന്റെ കണ്ണുകൾ വല്ലാതെ വെട്ടി തിളങ്ങി. ഉഷ്ണം കാരണം അയാൾ അണിഞ്ഞിരുന്ന ജുബ്ബ വിയർത്തിൽ കുതിർന്നു.
അതിന്റെ കൈകൾ പതുക്കെ മടക്കി വച്ചു അയാൾ അവനെ ചുഴിഞ്ഞു നോക്കി.
“തൊഴുതിട്ട് വന്നിരിക്കുന്നതാണോ ഇവിടെ ? ”
“അല്ല…. ഞാൻ ഇവിടെ ചുമ്മാ ഇരിക്കുവായിരുന്നു….ഇപ്പൊ വന്നേയുള്ളു. ”
“ഹ്മ്മ് നല്ലത്….. ഞാനും ഒന്ന് തൊഴുതു ഇപ്പൊ പുറത്തേക്ക് വന്നതേയുള്ളു. അപ്പോഴാണ് ഇയാൾ മരച്ചുവട്ടിൽ എന്തോ ഗഹനമായ ചിന്തയിൽ ആണ്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് ”
അയാൾ ചിരിയോടെ പറഞ്ഞു. അനന്തു അയാളെ സാകൂതം നോക്കി.
“ചേട്ടൻ ഈ ദേശം ഗ്രാമത്തിൽ ഉള്ളതാണോ? ”
“അല്ല കുട്ടി.. ഞാൻ ഒരു സഞ്ചാരിയാണ്.ഈ നാട് മൊത്തം ചുറ്റി കാണുന്ന ഒരു പാവം യാത്രക്കാരൻ.
അയാൾ ഭക്തിയോടെ ക്ഷേത്രത്തിലേക്ക് നോക്കി തൊഴുതു. അനന്തു അയാളുടെ ഓരോ പ്രവൃത്തികളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
“ഈ അമ്പലത്തിന്റെ ചരിത്രത്തെ കുറിച്ചു അനന്തുവിന് അറിയുമോ? ”
“ഇല്ല ചേട്ടാ…. ഞാൻ കേട്ടിട്ടില്ല ”
അനന്തു തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. എങ്കിലും ഒരു ചരിത്രകഥ കേൾക്കാൻ പോകുന്നതിൽ അവൻ സന്തുഷ്ടനായിരുന്നു.
ആഗതൻ ഒരു ദീർഘ നിശ്വാസം വിട്ട ശേഷം ആ ക്ഷേത്രത്തിലേക്ക് ഉറ്റു നോക്കി. കഥ ഉൾക്കൊള്ളുവാൻ എന്നവണ്ണം മനസിനെ തണുപ്പിക്കാൻ ഒരു ഇളം കാറ്റ് അനന്തുവിനെ തൊട്ടു തലോടി കടന്നു പോയി.
അതോടെ ഉഷാറോടെ അനന്തു ചെവി കൂർപ്പിച്ചു ഇരുന്നു.
“മോനെ പണ്ട് ഈ ദേശം ഗ്രാമവും കുന്താളപുരവും ഒക്കെ അറിയപ്പെട്ടിരുന്നത് വേദാരണ്യം എന്ന പേരിൽ ആയിരുന്നു. പ്രാചീന ഗോത്ര വിഭാഗത്തിലെ ജനങ്ങൾ ആണ് ഇവിടെ വസിച്ചിരുന്നത്. പൂർവ കാലത്ത് ഒരു ശപിക്കപ്പെട്ട പ്രദേശമായിരുന്നു ഈ വേദാരണ്യം. ദാരിദ്ര്യംകൊണ്ടും മാറാ രോഗങ്ങൾകൊണ്ടും ഇവിടുത്തെ ജനങ്ങൾ വല്ലാതെ പൊറുതി മുട്ടി. മഴയുടെ ലഭ്യത കുറവ് കാരണം നദിയിലെ നീരൊഴുക്ക് കുറഞ്ഞത് മൂലം കൃഷിയും മറ്റും തകർച്ചയുടെ പടു കുഴിയിലേക്ക് വീണുപോയി.അങ്ങനെ ദുരിതങ്ങളും പേറി ഇവിടുത്തെ ജനങ്ങൾ കഷ്ടതയോടെ ജീവിതം മുന്നോട്ടേക്ക് നീട്ടി. ആ സമയത്താണ് അങ്ങ് ഉത്തര ദേശത്ത് നിന്നും ഒരു സന്യാസി ഈ പ്രദേശത്തേക്ക് എത്തി ചേർന്നത്. ഇവിടുത്തെ ജനങ്ങളുടെ ദുരിതവും കഷ്ട്ടപാടും കണ്ട് അയാളുടെ മനസ് നീറി. തികച്ചു ദേവി ഭക്തനായ അയാൾ ഇവിടുത്തെ കാവിനുള്ളിൽ കയറി കൊടും തപസ് ചെയ്ത് പാർവതി ദേവിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ സമർപ്പണത്തിൽ സംപ്രീതയായ ദേവി ആവശ്യമുള്ള വരം ആവശ്യപ്പെട്ടു. അദ്ദേഹം ദേവിയുടെ ദുർഗാ രൂപമായ ആധിപരാശക്തിയെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. ”
“എന്നിട്ടോ ദേവി ആ സന്യസിക്ക് ദർശനം നൽകിയോ ? ”
അനന്തു ആകാംക്ഷയോടെ ചോദിച്ചു.
മാലതിയുടെ മടിയിൽ കിടന്നു ഇത്തരം കഥകൾ കേൾക്കാൻ അനന്തുവിന് എപ്പോഴും ഇഷ്ട്ടമായിരുന്നു.
“ദർശനം കൊടുത്തു കുട്ടി.. ആ സന്യാസിക്ക് ദേവി ദർശനം നൽകി.അയാളുടെ തപസ്സിൽ സംപ്രീതയായ ദേവി അദ്ദേഹത്തോട് ആവശ്യമുള്ള വരം ചോദിച്ചു കൊള്ളാൻ ആവശ്യപ്പെട്ടു.അപ്പോൾ ആ സന്യാസി ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപാടുകളും ദുരിതങ്ങളും ദേവിയോട് പങ്കു വച്ചു.
എല്ലാ കഥകളെയും പോലെ തന്നെ സന്തോഷമായി അത് പര്യവസാനിച്ചല്ലേ, എനിക്ക് ഇഷ്ട്ടമാണ് ഇങ്ങനത്തെ നാടോടി കഥകൾ കേൾക്കാൻ അനന്തു കഥ തീർന്നുവെന്ന അനുമാനത്തിൽ ആഗതനെ നോക്കി പറഞ്ഞു. ഇല്ല മകനെ, പിന്നീടാണ് എല്ലാ പ്രശ്നങ്ങൾക്കും ഉള്ള തുടക്കം. എന്ത് പ്രശ്നമാ അത്? എന്താ ഉണ്ടായേ ആകാംക്ഷ കാരണം അനന്തുവിന്റെ ശബ്ദം ഉച്ചത്തിലായി. മനുഷ്യന്റെ അത്യാർത്തി, അല്ലാതെ എന്ത് ആഗതൻ നെടുവീർപ്പെട്ടു. എന്ത് അത്യാർത്തി എനിക്ക് ഒന്നും മനസ്സിലായില്ല അനന്തു ഒന്നും മനസിലാകാതെ തല ചൊറിഞ്ഞുകൊണ്ട് അയാളെ നോക്കി. ഹ്മ്മ് ഞാൻ പറഞ്ഞു തരാം. ആദ്യത്തെ രണ്ടു മൂന്ന് തലമുറകൾ ദേവിക്ക് വേണ്ടി സ്വയം സമർപ്പണം ചെയ്തിരുന്നുവെങ്കിലും പിന്നീട് വന്ന തലമുറകൾ ആ വാളും കാൽ ചിലമ്പും സ്വന്തമാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു.അതിനു വേണ്ടിയുള്ള അധികാര വടം വലി ആയിരുന്നുഅവർക്കിടയിൽ. ആ പൂജാരിമാരുടെ പിൻ തലമുറകൾ പരസ്പരം പോരടിച്ചും യുദ്ധം ചെയ്തും ക്ഷേത്ര ഭരണം കയ്യാളുവാനും മറ്റും ശ്രമിച്ചു. അതിൽ മനം നൊന്ത ദേവി ഈ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി പോയി. ദേവിയുടെ ചൈതന്യം നഷ്ടമായി ഈ ഗ്രാമക്കാർക്ക്. അങ്ങനെ വീണ്ടും ഇവിടെ പഴയപോലെ ആധിയും വ്യാധിയും കൊണ്ടു നിറയുവാൻ തുടങ്ങി.ഇതിൽ പൊറുതി മുട്ടിയ ജനങ്ങൾ പ്രശ്നം വച്ചു നോക്കി. അതിൽ ദേവിയുടെ ചൈതന്യം നഷ്ടപ്പെട്ടെന്നും ഇനിയും പഴയപോലെ ദുരിതങ്ങൾ ആ ഗ്രാമത്തിൽ പുനർസൃഷ്ടിക്കപെടും എന്ന് വെളിവായി അതിലൂടെ. പേടിച്ചരണ്ട ഗോത്ര നിവാസികൾ ഹിമാലയ സാനുക്കളിൽ നിന്നും പണ്ഡിതന്മാരെയും പുരോഹിതന്മാരെയും കൊണ്ടു വന്നു ഒരുപാട് പൂജകളും ഹോമങ്ങളും ചെയ്യിച്ചു.എല്ലാവരുടെയും മനമുരുകിയുള്ള പ്രാർഥനകൾ കേട്ട് ദേവീ ചൈതന്യം തിരിച്ചു ആ പ്രതിഷ്ഠയിലേക്ക് എത്തിച്ചേർന്നു.അങ്ങനെ ആ ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി അവർക്ക് ദേവീ ചൈതന്യത്തെ തിരിച്ചു കിട്ടുകയും ചെയ്തു.അങ്ങനെ പ്രശ്നം വച്ചപ്പോ കുറച്ചു കാര്യങ്ങൾ കൂടി അവർക്ക് മുൻപിൽ തെളിഞ്ഞു വന്നു. ”
“എന്തൊക്കെയാ അത് ? ”
മുഖം ചുളിച്ചു കൊണ്ടു അനന്തു ചോദിച്ചു.
“ആ പൂജാരിമാരുടെ പിൻ തലമുറക്കാർക്ക് ആ വാളിലും ചിലമ്പിലും പൂർണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും പക്ഷെ ഓരോ 20 വർഷങ്ങളിലുമായി അത് കൈ മറിഞ്ഞു വരുമെന്ന് തെളിഞ്ഞു വന്നു. ഈ ക്ഷേത്രവും പരിസരവും പുഴയും ഉള്ള ഭൂപ്രദേശത്തിനു ഭൂമി പൂജ ചെയ്യണമെന്നും അതിനു ശേഷം ഞാറ്റുവേലകൾക്ക് അനുസരിച്ചു ഒരു കാർഷിക ചക്രം രൂപീകരിക്കണമെന്നും തെളിഞ്ഞു വന്നു. അതിലുപരി ഭൂമി സൂര്യനെ ചുറ്റുന്ന പ്രദക്ഷിണ പാതയെ ഏകദേശം 13.5 ദിവസമുള്ള 27 ഭാഗങ്ങളായി തിരിച്ചു ഓരോന്നിനും ഓരോ പേര് നൽകണം. രാശി ചക്രത്തിന് നക്ഷത്ര ഭാഗം കടന്നു പോകാൻ സൂര്യന് വേണ്ട കാലയളവാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തി ഞാറ്റുവേലകൾ തരം തിരിക്കണം. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏത് നക്ഷത്രത്തിന്റെ അടുത്താണോ നിക്കുന്നത് ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല എന്നറിയപ്പെടും.. അശ്വതി മുതൽ രേവതി വരെയുള്ള 27 പ്രധാനപെട്ട നക്ഷത്രങ്ങളുടെ പേരിൽ ഓരോ ഞാറ്റുവേലകളും അറിയപ്പെടണം. ഓരോ ഞാറ്റുവേലകളുടെയും ശരാശരി ദൈർഖ്യം 13.5 ദിവസം ആണെങ്കിൽ തിരുവാതിര ഞാറ്റുവേലയുടേത് 15 ദിവസം ആയിരിക്കും. 27 ഞാറ്റുവേലകളിൽ 10 എണ്ണം നല്ല മഴ ലഭിക്കുന്നവ ആയിരിക്കും. രാത്രികളിൽ പിറക്കുന്ന ഞാറ്റുവേലകൾ അത്യുത്തമം ആയിരിക്കും. ഒന്നാം ഞാറ്റുവേലയായ അശ്വതി ഞാറ്റുവേലയിൽ നെല്ല് കൃഷി ചെയ്യുക. അതിനു ശേഷം വരുന്ന ഭരണി ഞാറ്റുവേലയിൽ വിത്ത് വിതയ്ക്കുക. പിന്നീട് വരുന്ന കാർത്തിക
ഞാറ്റുവേലയിൽ നിലങ്ങളിൽ ഒന്നാം വിളയായി തയാറാക്കിയ പൊടിഞ്ഞാറ് നടുന്ന കാലമാണ്. വട്ടം വിതച്ച നെല്ലിന് കള പറിച്ചു വളം ചേർക്കണം. രോഹിണി ഞാറ്റുവേലക്ക് ശേഷം കാലവർഷം വരവാകും. അതിനു ശേഷം വിത ഉചിതമല്ല. വെയിലും മഴയും ഇടവിട്ട് കിട്ടുന്ന തിരുവാതിര ഞാറ്റുവേലയിൽ എല്ലാ വിധ ഔഷധ സസ്യങ്ങളും നടാൻ ഉചിതമായ കാലമാണ്. കാർഷിക ജോലികൾക്ക് ഏറ്റവും ഉത്തമമായ കാലമായിരിക്കും ഇത്. തിരുവാതിര ഞാറ്റുവേലയിൽ 101 വീതം മഴയും വെയിലും ഉണ്ടാകും. ഫല വൃക്ഷങ്ങൾ നടുന്നതും ഉത്തമം. പൂയം ഞാറ്റുവേലയിൽ മൂപ്പ് കൂടിയ നെല്ലിനങ്ങൾ രണ്ടാം വിളയായി കൃഷി ചെയ്യാൻ ഞാറ് പാകാൻ പറ്റിയ കാലമാണ്. ആയില്യം ഞാറ്റുവേലയിൽ നെല്ലിന് വളപ്രയോഗം നടത്തുക, പതിനൊന്നാം ഞാറ്റുവേലയായ പൂരം ഞാറ്റുവേലയിൽ നിലങ്ങളിലെ ഒന്നാം വിളയുടെ കൊയ്ത്തിനു സമയം ആഗതമാകും. രണ്ടാം വിളയ്ക്ക് നിലം ഒരുക്കണം. രണ്ടാം വിളയ്ക്കായി ഞാറ് നടാൻ പറ്റിയ കാലമാണ്. ഉത്രാടം ഞാറ്റുവേലയിൽ രണ്ടാം വിളയായി നെൽകൃഷി തുടങ്ങുന്ന കാലമാണ്. ചോതി ഞാറ്റുവേലയിൽ രണ്ടാം വിളയ്ക്ക് വള പ്രയോഗം നടത്തണം. ഇരുപത്തി ഏഴാമതും അവസാനത്തതും ആയ ഞാറ്റുവേലയായ രേവതി ഞാറ്റുവേലയിൽ ഒന്നാം വിളയ്ക്കായി നിലം ഉഴുതിടണം. ശേഷം അത് വെയിൽ കായാനിടണം. മണ്ണിനെ അത് ചൂട് പിടിപ്പിക്കും.
ആ ചൂട് പിടിപ്പിച്ച മണ്ണിൽ അടുത്ത കൃഷിയ്ക്കായുള്ള ഭൂമി പൂജ ചെയ്യണം. 5 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളും ഉണ്ടാകും. ഇത്രയും ദിവസം കൃഷി ചെയ്തെടുത്ത നെല്ലിൽ നിന്നും തന്നെ ജനങ്ങൾക്ക് അന്നദാനവും നൽകണം. അവസാനത്തെ ദിവസം കൊയ്ത്തു കഴിഞ്ഞ പാടത്ത് ഒരുക്കുന്ന ഗോദയിൽ ഈ രണ്ടു തലമുറകളിൽ പെടുന്ന കണ്ണികൾ മത്സരത്തിൽ ഏർപ്പെടണം. പരസ്പരം പോരടിക്കണം. അതിൽ വിജയിക്കുന്ന ആളുടെ കുടുംബത്തിന്റെ കൂടെ 20 വർഷം ദേവിയുടെ ശക്തിയുടെ മറ്റൊരു അംശം നിലനിൽക്കും.കൂടാതെ ആ പള്ളിവാളും ചിലമ്പിലും അവകാശവും ഉണ്ടായിരിക്കും. ക്ഷേത്ര ഭരണവും അവർക്ക് കയ്യാളാൻ സാധിക്കും.അങ്ങനെ ഓരോ 20 വർഷങ്ങളിലും ഇവിടെ ഭൂമി പൂജ നടന്നു വന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം ഇന്നെത്തിയിരിക്കുന്നത് ഈ യുഗത്തിലാണ്.”
“ഈ യുഗത്തിലോ? ”
“അതേ ഈ യുഗത്തിൽ തന്നെ. ഏറിയാൽ 60 ദിനങ്ങൾക്ക് ഉള്ളിൽ ഇവിടെ 20 വർഷം കൂടുമ്പോൾ നടക്കുന്ന ആ മഹത്തായ ഉത്സവവും ആചാരവും നടക്കും. ഇവിടെ ഈ അമ്പല മുറ്റത്ത് നിർമ്മിക്കപ്പെടുന്ന ഗോദയിലെ ശക്തി പ്രകടന മത്സരം കാണാൻ ആണ് ആളുകൾ വീറോടെയും വാശിയോടെയും കാത്തിരിക്കുന്നത്. ”
“അതെന്തിനാണ് ഈ ഭൂമി പൂജയ്ക്ക് അവർ ഇത്രയും വീറും വാശിയും കാണിക്കുന്നേ ? ”
അനന്തു ചോദ്യഭാവേന ആഗതനെ നോക്കി.ആ പറഞ്ഞതിന്റെ പൊരുൾ അവനു മനസിലായില്ല.
“പറയാം മകനെ, ദേവ പ്രശ്നത്തിനു ശേഷം അതിൽ ചൂണ്ടി കാണിച്ച പോലെയാണ് ഇവിടുത്തെ ജനങ്ങൾ ജീവിച്ചത്. പൂജാരിമാരുടെ പിൻതലമുറക്കാർ ഒത്തൊരുമയോടെ ജീവിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞതും വീണ്ടും അവർക്കിടയിൽ പ്രേശ്നങ്ങൾ ഉടലെടുത്തു. രണ്ടു കുടുംബങ്ങൾ തമ്മിലും കുടിപ്പകയായി. ഭൂമി പൂജ അവരുടെ അഭിമാനത്തിന്റെ പ്രശ്നമായി മാറി. ഭൂമി പൂജയിൽ വിജയിച്ചു ദേവിയുടെ പള്ളി വാളും ചിലമ്പും സ്വന്തമാക്കാൻ അവർ പരസ്പരം മത്സരിച്ചു. അവരുടെ മത്സരം ഇവിടുത്തെ ജനങ്ങളും ഏറ്റെടുത്തു. ജനങ്ങൾ തമ്മിൽ തെറ്റി പിരിഞ്ഞു. ഒരു പൂജാരിയുടെ പിൻ തലമുറക്കാരെ പിന്തുണക്കുന്നവർ ദേശം ഗ്രാമത്തിലും മറ്റേ പൂജാരിയുടെ പിൻ തലമുറയെ പിന്തുണക്കുന്നവർ കുന്താള പുര ഗ്രാമത്തിലുമായി ഒതുങ്ങി. പരസ്പരം ശത്രുതയോടെ ആണ് ഇരു ഗ്രാമങ്ങളിലെ ജനങ്ങളും വസിക്കുന്നത്. കാലക്രമേണ ഈ കുടുംബങ്ങൾ സമ്പത്തിലും അധികാരത്തിലും ഉന്നതിയിലേക്ക് വളർന്നു വന്നു. ആർക്കും തകർക്കാൻ പറ്റാത്ത തരത്തിൽ വലിയ ആൾക്കാർ ആയി മാറി. ”
“അത് കൊള്ളാലോ.. ഏതൊക്കെയാ ആ കുടുംബങ്ങൾ? അവർ ഏത് പേരിലാ അറിയപ്പെടുന്നേ? “
“ആ രണ്ട് കുടുംബങ്ങൾ ഇവയൊക്കെയാണ്. കുന്താള പുരത്തെ തിരുവമ്പാടി എന്ന് അറിയപ്പെടുന്ന കുടുംബവും ദേശം ഗ്രാമത്തെ തേവക്കാട്ട് എന്ന കുടുംബവും. ”
തേവക്കാട്ട് എന്ന പേര് കേട്ടതും അനന്തു ഞെട്ടിപ്പോയി. ആഗതൻ ഇത്രയും നേരം പറഞ്ഞുകൊണ്ടിരുന്ന ചരിത്രം തന്റെ കുടുംബത്തിന്റെയും പൂർവികരേയും കുറിച്ചാണെന്നു ഞെട്ടലോടെ അവൻ മനസിലാക്കി.
അവനു തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല. പല കഥകളും അമ്മ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും തങ്ങളുടെ കുടുംബത്തെ പറ്റിയുള്ള ഇത്രയും ബൃഹത്തായ ചരിത്രം ഒരിക്കലും പറഞ്ഞു തന്നിട്ടില്ലെന്നു നിരാശയോടെ അവൻ ഓർത്തു.
ആകെ കിളി പാറിയ അവസ്ഥയിൽ ആയിരുന്നു അനന്തു. ആഗതൻ കഥ പറഞ്ഞ ക്ഷീണത്തിൽ തോൾ സഞ്ചിയിൽ നിന്നും വെള്ളം നിറച്ച കുപ്പിയുടെ അടപ്പ് തുറന്നു വായിലേക്ക് കമഴ്ത്തി.
ദാഹം തീരും വരെ മതി വരുവോളം കുടിച്ച അയാൾ ദാഹ ശമനത്തിന് ശേഷം കൈകൾ കൊണ്ടു ചിറി തുടച്ചു കുപ്പി സഞ്ചിയിലേക്ക് പൂഴ്ത്തി വച്ചു.
“എന്നിട്ട് ബാക്കി എന്തുണ്ടായേ ? ”
കഥയുടെ ബാക്കി അറിയാനുള്ള ത്വരയിൽ അനന്തു ഉത്സാഹത്തോടെ ചോദിച്ചു.
അനന്തു നല്ലൊരു ശ്രോതാവായി മാറിയെന്നു ആഗതന് മനസിലായി. അയാൾ എന്തോ പറയാനാഞ്ഞതും അപ്പുറത്ത് നിന്നും ശബ്ദം കേട്ടു.
“അനന്തൂട്ടാ……. ”
ശബ്ദം കേട്ട ഭാഗത്തേക്ക് അനന്തു മുഖം വെട്ടിച്ചു നോക്കി. സീത അമ്മായി അവനോട് പോകാം എന്ന അർത്ഥത്തിൽ കൈ കാട്ടി വിളിച്ചു. പോകാൻ താല്പര്യമില്ലാത്ത മട്ടിൽ അനന്തു എണീറ്റു.
“എന്റെ അമ്മായി ആണ്. ഞാൻ പൊക്കോട്ടെ.. കഥയുടെ ബാക്കി കേൾക്കാൻ എനിക്ക് ഭാഗ്യം ഇല്ലാന്ന് തോന്നുന്നു. ”
വല്ലാത്തൊരു സങ്കടത്തോടെയാണ് അനന്തു പറഞ്ഞത്. അത് കേട്ടതും ആഗതനും ആകെ ധർമ്മ സങ്കടത്തിലായി.
ഇത്രയും നിമിഷം കൊണ്ടു ഊരും പേരും അറിയാത്ത ഈ ആഗതനോട് വല്ലാത്ത ഒരു വൈകാരികമായ ബന്ധം ഉടലെടുത്തെന്നു അവനു തോന്നിപോയി.അവൻ നിസ്സഹായതയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.
“സാരമില്ല മകനെ.. പൊയ്ക്കോളൂ.. അവരെ മുഷിപ്പിക്കണ്ട … ഇനി ഒരിക്കൽ കാണാം. ”
ആഗതൻ ആശ്വാസത്തിന്റെ സ്വരത്തിൽ അനന്തുവിനോട് പറഞ്ഞു.അനന്തു അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി. അതിനു ശേഷം പിന്തിരിഞ്ഞു സീത അമ്മായിയുടെ സമീപത്തേക്ക് പോയി.
അവൻ നടന്നു പോകുന്നത് അയാൾ നോക്കികണ്ടിരുന്നു. അനന്തു അടുത്ത് വന്നതും സീത അവന്റെ കയ്യിൽ ചുറ്റിപിടിച്ചു.
“എവിടെക്കാ അനന്തൂട്ടാ പോയേ? ”
“എങ്ങോട്ടും ഇല്ല അമ്മായി. ഞാൻ ആ ആൽമര ചുവട്ടിൽ ഇരിക്കുവായിരുന്നു. ”
“അവിടെന്താടാ ഒറ്റയ്ക്ക് ഇരുന്നേ ”
“ഒറ്റക്ക് അല്ല അമ്മായി, വേറൊരു പുള്ളിയും ഉണ്ടായിരുന്നു. ”
“എന്തിയെ അവിടെ ആരെയും കാണുന്നില്ലല്ലോ? ”
സീതയുടെ കണ്ണുകൾ ആൽമര ചുവട്ടിൽ പരതിക്കൊണ്ട് സംശയത്തോടെ ചോദിച്ചു. അനന്തു ചിരിയോടെ ആൽമര ചുവട്ടിലേക്ക് കൈ നീട്ടിക്കൊണ്ട് തിരിഞ്ഞു.
എന്നാൽ അവിടം ശൂന്യമായിരുന്നു. ആരും അവിടെ ഉണ്ടായിരുന്നു. അനന്തു പരിഭ്രമത്തോടെ എല്ലായിടത്തും നോക്കി.
കഷായവസ്ത്രവും തോൾ സഞ്ചിയും അണിഞ്ഞ ആ വൃദ്ധനെ അവിടെങ്ങും അവനു കാണാൻ സാധിച്ചില്ല. ഈ സമയംകൊണ്ട് അങ്ങേരു ഇതെങ്ങോട്ട് മാഞ്ഞു പോയി എന്ന് അവൻ ചിന്തിച്ചുകൊണ്ടിരുന്നു.
“എന്താ അനന്തൂട്ടാ നോക്കുന്നെ? ”
“ഒന്നുല്ല അമ്മായി ഞാൻ എന്തോ ഓർത്തു പോയതാ ”
“ആണോ, എങ്കിൽ വാ നമുക്ക് പോയേക്കാം. മുത്തശ്ശൻ നിന്നെ കാത്തിരിക്കുവാ ”
സീത അനന്തുവിന്റെ കൈപിടിച്ച് മുന്നോട്ടേക്ക് നടന്നു. പോകുന്ന പോക്കിൽ അനന്തു തല ചരിച്ചു ഒന്നു കണ്ണോടിച്ചെങ്കിലും ആ ആഗതനെ കണ്ടെത്തുവാൻ സാധിച്ചില്ല.
തിരക്കിനിടയ്ക്ക് അദ്ദേഹത്തിന്റെ പേര് പോലും ചോദിക്കാൻ വിട്ടുപോയെന്നു അവൻ സങ്കടത്തോടെ ഓർത്തു. സീതയുടെ കയ്യും പിടിച്ചു പടവുകളിറങ്ങി അവർ റോഡ് സൈഡിലേക്ക് എത്തി.
അനന്തു വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയി. ഈ സമയം ശങ്കരനും മക്കളും പേരമക്കളും റോഡിലേക്കിറങ്ങി വന്നു.
ക്ഷേത്രത്തിലേക്ക് വന്നു പോകുന്നവർ തേവക്കാട്ട് കുടുംബങ്ങളെയും ശങ്കരനെയും ബഹുമാനത്തോടെ വണങ്ങുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു.
കുറേ പേരുമായി മാലതി പരിചയം പുതുക്കുന്നത് സീത കണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം പരിചയക്കാരെ വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൾ എന്ന് സീതക്ക് തോന്നിപോയി.
കണ്ടത്തിൽ നിന്നും കാർ എടുത്ത അനന്തു അമ്പലത്തിനു മുൻപിൽ റോഡരികിൽ ഓടിച്ചു കൊണ്ടു വന്നു നിർത്തി. ശങ്കരൻ മുൻപിലെ സീറ്റിലും ബാക്കിയുള്ളവർ പുറകിലുമായി കയറി.
മീനാക്ഷിയ്ക്ക് മുൻപിൽ ഇരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മുത്തശ്ശൻ ചാടികയറിയതിനാൽ നിരാശയോടെ അവൾ പിന്നിൽ കയറി. എല്ലാവരും കയറിയെന്നു ഉറപ്പ് വരുത്തിയ ശേഷം അനന്തു കാർ തറവാട് ലക്ഷ്യമാക്കി ഓടിച്ചു.
തമാശകൾ പറഞ്ഞും കളിച്ചു ചിരിച്ചും അവർ മനയിലേക്ക് എത്തിച്ചെന്നു.വണ്ടിയിൽ നിന്നും ചാടിയിറങ്ങി എല്ലാവരും മനയിലേക്ക് കേറിപോയി.
അനന്തു വണ്ടിയിൽ നിന്നും ഇറങ്ങി ടയറിൽ കാറ്റ് കുറവാണോ എന്ന് നോക്കുന്നതിനിടക്ക് പെട്ടെന്നു പുറകിൽ ഒരു ശബ്ദം കേട്ടു.
“ഭും ”
അനന്തു ഞെട്ടി പുറകിലേക്ക് നോക്കി. അവിടെ സാരീയുടെ മുന്താണി കയ്യിൽ കറക്കികൊണ്ട് നാവ് കൂർപ്പിച്ചു ചുണ്ടിനിടയിലൂടെ വെളിയിലേക്ക് കാണിച്ചു നിക്കുവാണ് മീനാക്ഷി.
ആൾ ആകെ ദേഷ്യത്തിൽ ആയിരുന്നു. അവൾ അനന്തുവിനെ തുറിച്ചു നോക്കി. കാര്യമെന്താണെന്നു മനസിലാവാതെ അവൻ നിന്നു.
മീനാക്ഷിയുടെ വിയർപ്പ് പൊടിഞ്ഞ അധരങ്ങൾക്ക് വല്ലാത്തൊരു ഭംഗി ഉണ്ടെന്നു അവനു തോന്നിപോയി.സാരി തുമ്പ് ഇടുപ്പിൽ കുത്തിവച്ചു അവൾ അവന്റെ അടുത്ത് വന്നു നിന്നു.
“ആരായിരുന്നു അനന്തു ആ പെണ്ണ്? ”
“ഏത് പെണ്ണ് ? ”
അനന്തു ഒന്നും മനസിലാവാതെ അവളെ സൂക്ഷിച്ചു നോക്കി.
“അനന്തുവിന്റെ ദേഹത്തു തട്ടി വീണ പെണ്ണില്ലേ, അവൾ? ”
മീനാക്ഷിയുടെ മുന കുത്തിയ ചോദ്യം കേട്ടപ്പോഴാണ് അമ്പലത്തിൽ വച്ചു അരുണിമയെ പോലെയുള്ള ആ പെൺകുട്ടിയുമായി കൂട്ടിയിടിച്ച കാര്യം അവന്റെ ബോധ മണ്ഡലത്തിലേക്ക് വരുന്നത് തന്നെ.
“എനിക്ക് അറിഞ്ഞൂടാ മീനാക്ഷി അതാരാണെന്ന് ? ”
“സത്യം ആണോ? ”
വിശ്വാസം വരാതെ മീനാക്ഷി അവനെ ചുഴിഞ്ഞു നോക്കി. ഒരുമാതിരി പൊലീസുകാരെ പോലെ മീനാക്ഷി ചോദ്യം ചെയ്യുന്നത് അവനു ഇഷ്ടപ്പെട്ടില്ല.
“സത്യം. എനിക്ക് അറിഞ്ഞൂടാ അതാരാണെന്ന്.”
“അപ്പൊ പിന്നെ നിങ്ങൾ തമ്മിൽ മിണ്ടുന്നതു ഞാൻ കണ്ടല്ലോ? എന്തായിരുന്നു അത് ? ”
മീനാക്ഷി വിടാൻ ഭാവം ഇല്ലാന്ന് അനന്തുവിന് മനസിലായി.
“അതൊന്നുമില്ല… ആ കുട്ടിയെ മുൻപരിചയം ഉള്ളപോലെ എനിക്ക് തോന്നി. പക്ഷെ എനിക്ക് തെറ്റിപോയതാ.അത് ഞാൻ വിചാരിച്ച ആളല്ല”
“ഹ്മ്മ് ഞാൻ വിശ്വസിച്ചു. ഇനി അങ്ങനെ ആരേലുമായി കൂട്ടിയിടിച്ചാൽ കൊല്ലും ഞാൻ… കേട്ടല്ലോ…”
ഒരു തമാശ എന്നപോലെ മീനാക്ഷി പറഞ്ഞ കാര്യം കേട്ട് അനന്തു ചിരിച്ചു. അവനു മുഖം നൽകാതെ അവൾ തിരിഞ്ഞു തറവാട്ടിലേക്ക് കയറിപ്പോയി. വല്ലാത്തൊരു പെണ്ണ് തന്നെ ഇതെന്ന് അവനു തോന്നിപോയി.
ഈ സമയം പടിപ്പുര കഴിഞ്ഞു തിരുവമ്പാടി മനയുടെ മുറ്റത്തേക്ക് ഇരമ്പി വന്ന കാർ ഡ്രൈവർ ചവിട്ടി നിർത്തി. അതിന്റെ പുറകിലെ സീറ്റിൽ നിന്നും ഡോർ തുറന്നു ഇറങ്ങിയ ദക്ഷിണ നേരെ മനയുടെ പൂമുഖത്തേക്ക് നടന്നു വന്നു.
കയ്യിൽ ഉള്ള പൂക്കൂട പൂമുഖപ്പടിയിൽ വച്ചു ഒരു യന്ത്രത്തെ പോലെ അവൾ നടന്നു. വേറേതോ ലോകത്ത് ആയിരുന്നു അവൾ.
അകത്തളത്തിൽ നിന്നും മുറിയിലേക്ക് അവൾ യാന്ത്രികമായി നടന്നുപോയി. ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ ചിന്താ മഗ്നയായി നടന്നു മുറിയിലേക്ക് കയറിയ അവൾ വാതിൽ അടച്ചു വച്ചു.
അല്പം മാറി നിന്നു ദക്ഷിണയെ വീക്ഷിച്ചുകൊണ്ട് ഒരാൾ നിന്നിരുന്നു.അയാൾ തന്റെ ഊന്നുവടിയുടെ പിടിയിൽ വിരലുകൾ അമർത്തി മുറുകെ പിടിച്ചു.
വലതു കൈകൊണ്ട് അയാൾ കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷ മാലയിൽ അമർത്തി പിടിച്ചു. സംഭ്രമം നിറഞ്ഞു നിന്നിരുന്ന ആ മുഖത്തു വല്ലാത്തൊരു പൗരുഷം നിറഞ്ഞു നിന്നിരുന്നു.
കണ്ണുകൾ ബലമായി പൂട്ടി വച്ചു അയാൾ നാല് വരി മന്ത്രം ചൊല്ലി. അതിനു ശേഷം അയാൾ പതുക്കെ കണ്ണുകൾ തുറന്നു. അതിനു ശേഷം പൂജാമുറിയിലേക്ക് അയാൾ നടന്നു.
പൂജാമുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറിയ അയാൾ വാതിൽ കൊട്ടിയടച്ചു. മുറിയിലെ കട്ടിലിലേക്ക് മലർന്നു വീണ ദക്ഷിണ ബെഡിന്റെ പതുപതുപ്പിൽ സുഖത്തോടെ മലർന്നു കിടന്നു.
തന്റെ ഏകാന്തതയെ മറി കടക്കാൻ തലയ്ക്കൽ ഉള്ള തലയിണയെ കെട്ടിപിടിച്ചു മറ്റാരോ ആയി മനസ്സിൽ ഉപമിച്ചു അവൾ മുഖം പൂഴ്ത്തി കിടന്നു.
ഉത്തരത്തിൽ സ്വയം ഭ്രമണം ചെയ്യുന്ന ഫാനിൽ നിന്നും ഉത്ഭവിക്കപ്പെടുന്ന തണുത്ത കാറ്റ് അവളുടെ ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിച്ചു. മനസിലെ ചിന്താ ഭാരം കാരണം കമിഴ്ന്നു കിടന്ന ദക്ഷിണ ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ കട്ടിലിന്റെ തലക്കൽ ഉള്ള മേശപ്പുറത്ത് നിന്നും ഒരു ഡയറി വലിച്ചെടുത്തു.
കാറ്റടിച്ചു ഡയറിലേക്ക് ഉതിർന്നു വീഴുന്ന മുടിയിഴകൾ അവൾ കഷ്ട്ടപെട്ടു ഒതുക്കി വച്ചു. ഡയറിയുടെ പേജ് മറിച്ചു കൊണ്ടു അവൾ മറു കയ്യിൽ ഉള്ള പേനയുടെ അറ്റം വായിലിട്ട് കടിച്ചു പിടിച്ചു വച്ചു.
അവൾ കാലുകൾ ഉയർത്തിയതും ഉടുത്തിരുന്ന സാരി താഴേക്ക് മുട്ടുകാൽ വരെ ഊർന്നിറങ്ങി വന്നു. അതോടൊപ്പം അവളുടെ വാക്‌സ് ചെയ്ത സുന്ദരമായ വെളുത്തു തുടുത്ത കാലുകൾ പുറത്തേക്ക് അനാവൃതമായി.
അവൾ അവ താളത്തോടൊപ്പം ഉയർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ടിരുന്നു. വെണ്ണക്കൽ പോലെ മിനുസമാർന്ന പാദങ്ങളും ചുവന്ന ക്യൂടെക്സ് അണിഞ്ഞ കാൽ വിരലുകൾക്ക് പോലും ആരെയും ഭ്രമിപ്പിക്കുന്ന മനോഹാരിത ഉണ്ടായിരുന്നു.
രണ്ടു മലയിടുക്കുകൾക്ക് സമാനമായി ഉയർന്നു താഴ്ന്നു നിൽക്കുന്ന അവളുടെ നിതംബം ആയിരുന്നു ദക്ഷിണയുടെ ഭ്രമിപ്പിക്കുന്ന ആകാരവടിവിനു മാറ്റ് കൂട്ടിയത്.
ഡയറിയിലെ ഒഴിഞ്ഞ താള് കണ്ടെത്തിയ അവളുടെ പൂച്ചക്കണ്ണുകൾ എന്തോ എഴുതുവാനായി അവൾ ചുണ്ടുകൾക്കിടയിൽ ബദ്ധപ്പെട്ടു കിടന്നിരുന്ന പേനയെ മോചിപ്പിച്ച ശേഷം നേരെ ഡയറിയിലേക്ക് കൊണ്ടു വന്നു.
ദക്ഷിണയുടെ ചോര ചുണ്ടുകളുടെ സ്പർശനവും ചൂടുള്ള ഉമിനീരും പറ്റിയ ആ പേന കണ്ടിരുന്നേൽ തീർച്ചയായും ആർക്കും ആ പേന കൈ വരിച്ച സൗഭാഗ്യത്തെ ഓർത്തു അസൂയപെടുമായിരുന്നു.
പേന വിരലിലിട്ട് കറക്കികൊണ്ട് എന്തോ ആലോചിച്ച ശേഷം ചെറു ചിരിയോടെ അവൾ തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി.
“പ്രണയമാണ് പ്രിയനേ..എന്നിലെ നിന്നോട് ഒരു പാതി നീയും … മറു പാതി ഞാനും രണ്ടും ചേർന്നാൽ നാമെന്ന പ്രണയവും തിരു നെറ്റിയിലെ സിന്ദൂര ചുവപ്പും നീ എന്നിലെ പാതി ഹൃദയ താളവും നീ എന്നിലലിഞ്ഞ പ്രണയ മഴയും നീ ”
ദക്ഷിണ താൻ എഴുതിയ വരികൾ പല ആവർത്തി ഉരുവിട്ടു വായിച്ചു. അതിനു ശേഷം ഒരു ചിരിയോടെ അവൾ ആ ഡയറിയിലേക്ക് പതിയെ തല ചായ്ച്ചു കിടന്നു.
അഞ്ജലിയുടെ മുറിയിലേക്ക് കയറി ചെന്ന അനന്തു കാണുന്നത് ജനാലയിൽ തല വച്ചു കിടക്കുന്ന അവളെയാണ്.ആള് എന്തൊക്കെയോ ഗഹനമായ ചിന്തയിൽ ആണെന്ന് അനന്തുവിന് തോന്നി.
അവൻ പമ്മി പമ്മി അവളുടെ അടുത്തേക്ക് കൈ വിടർത്തി ചെന്നു.
“നന്ദുവേട്ടാ എന്താ ഒരു ചുറ്റിക്കളി? ”
തിരിഞ്ഞു നോക്കാതെ പുറത്തേക്ക് കണ്ണും നട്ട് അഞ്‌ജലി ചോദിച്ചു.
“എന്റെ പൊന്നോ ഇതെങ്ങനെ ? ”
അത്ഭുതത്തോടെ അനന്തു ചോദിച്ചു.
“എനിക്ക് സിക്‌സ്ത് സെൻസ് ഉണ്ടല്ലോ അതാ”
അഞ്‌ജലി മുഖം വെട്ടിച്ചു അവനെ നോക്കി.
“ഇയാൾ ആരാ ഏഴാം അറിവിലെ ബോധിധർമനോ? ”
അനന്തു കളിയാക്കുന്ന മട്ടിൽ ചോദിച്ചു.
“അതേ വത്സാ…. നാം ബോധിധർമന്റെ പുനർജന്മം ആകുന്നു. നമ്മുടെ ശിഷ്യത്വം സ്വീകരിച്ചാലും ”
അഞ്‌ജലി അവനു നേരെ കൈപ്പത്തി ഉയർത്തി കാണിച്ചു അനുഗ്രഹിക്കുവാനായി ഒരുങ്ങി.
“ബോധിധർമ്മാ… എനിക്ക് മറ്റേ ആ പൊടിപടലങ്ങളും കാറ്റും ഒക്കെ കൈകൊണ്ട് കറക്കി വിടാൻ പഠിപ്പിക്കുമോ ? ”
അനന്തു കണ്ണിറുക്കികൊണ്ട് പറഞ്ഞു.
“നാം പഠിപ്പിക്കാം വത്സാ ”
അഞ്‌ജലി ചുണ്ടിൽ തത്തി വന്ന ചിരി കടിച്ചു പിടിച്ചു അവന്റെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചു.
“ബോധിധർമൻ നീണാൾ വാഴ്ക ”
അനന്തു കൈകൾ കൂപ്പി കൊണ്ടു പറഞ്ഞു.
നിയന്ത്രണം വിട്ട അഞ്ജലി പൊട്ടിചിരിച്ചു.അനന്തു കസേരയിലേക്ക് ചാഞ്ഞിരുന്ന് അവളെ നോക്കി.
“എന്താ ഇവിടെ പരുപാടി? ”
അനന്തുവിന്റെ ചോദ്യം കേട്ട് അഞ്ജലി അല്പ നേരം അവനെ നോക്കി. അതിനു ശേഷം വിദൂരതയിലേക്ക് കണ്ണ് നട്ടിരുന്നു.
“ഒന്നുല്ല നന്ദുവേട്ടാ… ഞാൻ വെറുതെ പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടിരിക്കുവായിരുന്നു. ”
“അഞ്‌ജലി പുറത്തോട്ട് ഇറങ്ങിയിട്ട് ഇപ്പൊ എത്ര കാലമായി? ”
“ഞാൻ കഴിഞ്ഞ കൊല്ലം എങ്ങാണ്ട് ഇറങ്ങിയതാ… പിന്നെ ഇറങ്ങിയിട്ടില്ല.”
അഞ്ജലിയുടെ ചിലമ്പിച്ച സ്വരത്തിലുള്ള മറുപടി അവന്റെ കാതിൽ പതിഞ്ഞു.വല്ലാത്തൊരു നിസ്സഹായാവസ്ഥ ആ കണ്ണുകളിൽ അവനു കാണാൻ കഴിഞ്ഞു.
ഈ മുറിയുടെ 4 ചുവരിനുള്ളിൽ ഒതുങ്ങി കൂടാൻ വിധിക്കപ്പെട്ടൊരു പെണ്മനസിന്റെ ശപിക്കപ്പെട്ട ജന്മത്തെ അവൻ നോക്കി കാണുകയായിരുന്നു.
അനന്തു അവളുടെ കയ്യിൽ മുറുകെ പിടിച്ചു.കൂടെയുണ്ട് എന്ന് അവൻ മിഴികൾ ചിമ്മി കാണിച്ചു. അഞ്‌ജലി ഒരു ചിരിയോടെ പുറത്തേക്ക് കണ്ണുകൾ നട്ടു.
“നമുക്ക് ഒന്നു പുറത്തേക്കൊക്കെ പോയി വന്നാലോ? “
“നമ്മളോ? എങ്ങനെ പോകും? എന്റെ വയ്യായ്ക നന്ദുവേട്ടൻ കണ്ടില്ലേ? ”
അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ല എന്ന അർത്ഥത്തിൽ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
“വയ്യായ്ക നിന്റെ ശരീരത്തിനല്ലേ മനസിനല്ലല്ലോ? ആ വയ്യായ്ക ഒക്കെ മാറാനാ നമ്മൾ പോകുന്നേ, മനസിലായോ ? ”
അനന്തു അവളുടെ കണ്ണിലേക്കു ഉറ്റു നോക്കി.അവന്റെ പിടയ്ക്കുന്ന നീലക്കണ്ണുകൾക്ക് വല്ലാത്തൊരു കാന്തികശക്തി ആണെന്ന് അവൾക്ക് തോന്നിപോയി.
അനന്തു അവളുടെ അടുത്തേക്ക് എണീറ്റു വന്നു. പൊടുന്നനെ ഇരു കൈകൾകൊണ്ട് അഞ്ജലിയെ കോരിയെടുത്തു.
അഞ്ജലിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാൻ കുറച്ചു സമയം എടുത്തു.അപ്പോഴേക്കും അവളെയുംകൊണ്ട് അനന്തു നടന്നു നടു മുറ്റത്തേക്ക് എത്തിയിരുന്നു.
അഞ്‌ജലി ചമ്മലോടെ കണ്ണുകൾ ഇറുകെ പൂട്ടി. അവന്റെ നാസികയിൽ നിന്നും പൊഴിയുന്ന ചുടുനിശ്വാസം അവളെ കോരിത്തരിപ്പിച്ചു.
ഇടുപ്പിൽ പതിഞ്ഞിരിക്കുന്ന കരതലസ്പർശം അവളുടെ ഓരോ രോമരാജികളെ തൊട്ടുണർത്തി. നാണത്തോടെ അവന്റെ ഇടം നെഞ്ചിലേക്ക് അഞ്ജലി മുഖം പൂഴ്ത്തി.
നടുമുറ്റത്ത് നിന്നും അകത്തളത്തിലേക്ക് എത്തിയതും അഞ്ജലിയെയും കൊണ്ട് നടന്നു വരുന്ന അനന്തുവിനെ കണ്ട് എല്ലാരും മൂക്കത്ത് വിരൽ വച്ചു. സീത ഓടി വന്ന് അഞ്ജലിയുടെ കവിളിൽ പിച്ചി വലിച്ചു.
“ആഹ് സീതമ്മേ….”
അഞ്‌ജലി ചിണുങ്ങിക്കൊണ്ട് അവനെ ഇറുകെ പിടിച്ചു. സീത ചിരിച്ചു കൊണ്ടു അവളുടെ നെറുകയിൽ പതിയെ തലോടി.
“എങ്ങോട്ടാ ഈ പൂച്ചക്കുഞ്ഞിയെയും കൊണ്ട്? ”
പൂച്ചക്കുഞ്ഞിക്ക് വീട്ടിൽ ചടഞ്ഞിരുന്ന് മടുത്തെന്ന്.അപ്പൊ പുറത്തൊക്കെ കാണാൻ പോകുവാ”
അനന്തു പറയുന്നത് കേട്ട് അഞ്‌ജലി ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.
“ശരി ശരി വേഗം പോയിട്ട് വാ.. പൂച്ചക്കുഞ്ഞിനെ നല്ലോണം നോക്കിക്കോണേ…”
“ഞാൻ നോക്കിക്കോളാം അമ്മായി.”
അനന്തു സീതയെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.
ഈ സമയം അകത്തളത്തിലേക്ക് എത്തിയ മീനാക്ഷി അനന്തുവിനെയും അഞ്ജലിയെയും കണ്ട് പൊടുന്നനെ തറഞ്ഞു നിന്നു.അഞ്ജലിയെ അസൂയയോടെ നോക്കിയ അവൾ വെട്ടി തിരിഞ്ഞു നേരെ മുറിയിലേക്ക് പോയി.
മുറിയിൽ കയറിയ അവൾ ദേഷ്യത്തിൽ വാതിൽ കൊട്ടിയടച്ചു.അനന്തു അവളെയുംകൊണ്ട് പൂമുഖത്തേക്ക് എത്തിയതും ഷൈല നിറകണ്ണുകളോടെ അവരെ അനുഗമിച്ചു.
“മക്കളെ ഞാനുമുണ്ട്.. ന്റെ കൈ പിടിച്ചോ”
മുത്തശ്ശി ഷൈലയ്ക്ക് നേരെ കൈ നീട്ടി.ഷൈല കാർത്യായനിയെ പടികൾ ഇറങ്ങുവാനായി സഹായിച്ചു.
അനന്തു അഞ്ജലിയെയും കൊണ്ടു നേരെ കുളപ്പടവ് ലക്ഷ്യമാക്കി നടന്നു.മനയുടെ രണ്ടാം നിലയുടെ കിളി വാതിലിലൂടെ ലക്ഷ്മിയുടെ കണ്ണുകൾ അവരെ തുറിച്ചു നോക്കികൊണ്ടിരുന്നു.
അഞ്ജലിയെയും കോരിയെടുത്തുകൊണ്ടു നടക്കുന്ന അനന്തുവിനെ കണ്ടതും എന്തൊക്കെയോ ഓർമ്മകൾ അവളുടെ ബോധമണ്ഡലത്തിലേക്ക് പൊടുന്നനെ വന്നു.
അവൾ കണ്ണുകൾ പിൻവലിച്ചു നേരെ ബെഡിലേക്ക് വന്നു കിടന്നു. നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ അവളുടെ അനുവാദം കൂടാതെ തുളുമ്പി.
അവളുടെ ഓർമകളുടെ ചൂട് ആവാഹിച്ച അശ്രുകണങ്ങൾ തലയിണയിൽ പെയ്തിറങ്ങി അഭയം പ്രാപിച്ചു.ദേവന്റെ നെഞ്ചിൽ കിടക്കുന്നത് പോലെ തലയിണയിലേക്ക് മുഖം പൂഴ്ത്തി അവൾ സ്വന്തം സങ്കടങ്ങളും വിഷമങ്ങളും തലക്കനവും ഇറക്കി വച്ചു.മനസിലെ ഭാരം ഒന്നു ഒഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി.
കുളപ്പടവിലേക്ക് എത്തിയ അനന്തു അഞ്ജലിയെ പതുക്കെ അവിടെ കണ്ട പടവിലേക്ക് ഇരുത്തി. ഈ സമയം ഷൈലയുടെ കൈ പിടിച്ചു കാർത്യായനിയും അങ്ങോട്ടേക്ക് നടന്നെത്തി.
എല്ലാവരും കല്പടവുകളിൽ അമർന്നിരുന്നു. അനന്തു അഞ്ജലിയോട് ചേർന്നിരുന്ന് വെള്ളത്തിലേക്ക് കാല് നീട്ടി വച്ചു.
അനന്തുവിന്റെ കണ്ണുകളിൽ ഉറ്റു നോക്കിയ ശേഷം അവൾ നോട്ടം കുളത്തിലെ നിറഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചു.ഒരുപാട് നാളുകൾക്ക് ശേഷം വീടിനു പുറത്തിറങ്ങിയതിന്റെ ഉത്സാഹത്തിലായിരുന്നു അവൾ.
അഞ്‌ജലി തന്റെ നാസിക വിടർത്തി ശുദ്ധ വായു ആവോളം ശ്വസിച്ചുകൊണ്ടിരുന്നു.കുളത്തിലെ നീല ജലത്തിലേക്ക് ഒരു മത്സ്യ കന്യകയെ പോലെ എടുത്തു ചാടി കുളിക്കുവാൻ അവൾ അതിയായി ആഗ്രഹിച്ചു.
എന്നാൽ തനിക് ഇപ്പൊ അതിനു പറ്റില്ലെന്നുള്ള ചിന്ത വന്നതും അഞ്ജലിയുടെ സന്തോഷമെല്ലാം എങ്ങോ പോയി.പണ്ട് ഈ കുളത്തിൽ ഒരുപാട് നീരാടിയിട്ടുള്ള കാര്യങ്ങൾ ഓർമ വന്നതും അവൾ വേദനയോടെ വിങ്ങുന്ന മനസുമായി മുഖം താഴ്ത്തിയിരുന്നു.
ഇത് കണ്ടതും അനന്തു അവളുടെ താടിയിൽ വിരൽ കൊണ്ടു താങ്ങി പിടിച്ചുയർത്തി.
“എന്തായെ അഞ്ജലിക്കുട്ടി ? ”
പുരികം ഉയർത്തിക്കൊണ്ട് അനന്തു ചോദിച്ചു.
“ഒന്നുല്ല നന്ദുവേട്ടാ.. വെറുതെ ഓരോന്ന് ഓർത്തുപോയതാ”
അഞ്‌ജലി കണ്ണുകൾ അടച്ചുകൊണ്ടു പറഞ്ഞു.അഞ്‌ജലി എന്തോ ഒളിക്കുന്നുണ്ടെന്നു അവനു തോന്നി.
ഒരുപക്ഷെ പഴയ ഓർമകളുടെ ഒരു വേലിയേറ്റം തന്നെ ഇപ്പൊ അവളുടെ മനസ്സിൽ നടക്കുന്നുണ്ടായിരിക്കുമെന്നു അവൻ ഊഹിച്ചു. ഏതായാലും അവൾ കുറച്ചു സമയം ഈ ഒരു അന്തരീക്ഷത്തിൽ എല്ലാം മറന്നിരിക്കട്ടെ എന്ന് അവൻ തീരുമാനിച്ചു.
അവളോട് കൂടുതൽ കാര്യങ്ങൾ ചികഞ്ഞു ചോദിക്കാൻ അവൻ തുനിഞ്ഞില്ല. പുറകിൽ കല്പടവിൽ ഇരുന്ന കാർത്യായനിക്ക് പിന്നിലായി ഷൈല സ്ഥാനം ഉറപ്പിച്ചു.
അവൾ കാർത്യായനിയുടെ മുടി പതിയെ കോതിയൊതുക്കി വിരലുകൾ വച്ചു പേനിനെ ചികയാൻ തുടങ്ങി. ഒരു കുറ്റാന്വേഷണ ഗവേഷകയെ പോലെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഷൈല തന്റെ ജോലി തുടർന്നു.
അഞ്‌ജലി വെള്ളത്തിൽ മുക്കി വച്ചിരിക്കുന്ന തന്റെ മരവിച്ചു പോയ കാലിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.വെള്ളത്തിന്റെ നനുത്ത സ്പർശമോ ഇളം കുളിരോ ഒന്നും അവൾക്ക് അനുഭവിച്ചറിയാൻ പറ്റുന്നില്ലായിരുന്നു.
പടവുകളിലേക്ക് തള്ളി കയറുന്ന വെള്ളത്തിലേക്ക് അവൾ നിരാശയോടെ കൈ ഓടിച്ചു കൊണ്ടിരുന്നു.
“മോനെ അനന്തു അമ്പലമൊക്കെ ഇഷ്ട്ടപെട്ടോ നിനക്ക് ? ”
മുത്തശ്ശി അവനോട് ചോദിച്ചു.
“ഇഷ്ട്ടപെട്ടു മുത്തശ്ശി.. നല്ല സ്ഥലം, ചുറ്റുപാട്, ആൾക്കാർ… ഒക്കെ എനിക്ക് ഇഷ്ട്ടമായി.ഈ നാടിനു ഒരു വല്ലാത്ത ഫീൽ ആണ്. എന്താന്നു അറിഞ്ഞൂടാ.. ഇവിടം വിട്ട് പോകാനും തോന്നുന്നില്ല. എന്തൊക്കെയോ എന്നെ ഇവിടെ പിടിച്ചു നിർത്തുന്ന പോലെ ”
അനന്തു ഒന്ന് നെടുവീർപ്പെട്ടു.
“മോൻ എങ്ങട്ടും പോണ്ട .. പോവാൻ ഈ മുത്തശ്ശി സമ്മതിക്കില്ല. എപ്പളും എന്റെ മോളും പേരമക്കളും എന്റെ കൂടെ ഉണ്ടാവണം.
എന്റെ കണ്ണടയണ വരെ. അനന്തുവിന്റെ തോളിൽ ആശ്രയത്തിനെന്നവണ്ണം മുത്തശ്ശി മുറുകെ പിടിച്ചു. ആ ഒരു കരുതലിൽ അനന്തു ആകെ അലിഞ്ഞുപോയി.
തന്റെ മക്കൾ തന്നെ വിട്ടു പോകുമോ എന്നുള്ള ഒരു വൃദ്ധ മാതാവിന്റെ ആധി ആ ഒരു സ്പര്ശനത്തിലൂടെ അവൻ അറിഞ്ഞു. അനന്തു മുത്തശ്ശിയെ സമാധാനിപ്പിക്കുവാനായി തോളിൽ പതിഞ്ഞിരിക്കുന്ന അവരുടെ കൈകളിൽ അവൻ മുറുകെ പിടിച്ചു.
“ഇല്ല മുത്തശ്ശി ഞങ്ങൾ എങ്ങോട്ടും പോകില്ല. എന്നും ഈ മുത്തശ്ശിയുടെ കൂടെ ഞങ്ങൾ കാണും… കേട്ടോ.. ”
അനന്തുവിന്റെ വാക്കുകൾ കാർത്യായനിയിൽ അല്പം ആശ്വാസം ചൊരിഞ്ഞു. ഷൈല ഈ സമയം നിശബ്ദമായി ഇരുന്നു കാർത്യായനിയുടെ മുടിയിഴകൾക്കിടയിൽ വിരലുകൾകൊണ്ട് ഉഴുതു മറിക്കുന്ന തിരക്കിൽ ആയിരുന്നു.
“ഷൈലമ്മായി എന്താ ഒന്നും പറയാത്തെ? ”
പുറകിൽ അമ്മായി ഉണ്ടോ എന്നറിയാൻ അവൻ അന്വേഷിച്ചു.
“ഒന്നുല്ല അനന്തു…. ഞാൻ പേൻ നോക്കുന്ന തിരക്കിൽ ആയിപോയി.”
ഷൈല വീണ്ടും പേൻ നോക്കുന്നതിൽ വ്യാപൃതയായി.
“മുത്തശ്ശി പറയുന്നത് ഷൈലമ്മായിയും കേട്ടില്ലേ? “
“കേട്ടു മോനെ ”
“എന്നിട്ട് എന്താ അമ്മായി ഒന്നും പറയാത്തെ? ഞങ്ങൾ ഇവിടെ നിക്കുന്നത് അമ്മായിക്ക് ഇഷ്ട്ടാണോ? ”
അനന്തു ഷൈലയുടെ മനസിലിരുപ്പ് അറിയാൻ വെറുതെ ഒന്നു എറിഞ്ഞു നോക്കി.
“അയ്യോ മോനെ എനിക്കും നിന്റെ മുത്തശ്ശിയെ പോലെ മാലതിയും മക്കളും ഇവിടെ നിക്കുന്നത് തന്നാ ഇഷ്ട്ടം. ഇത് നിങ്ങടെയും കൂടി വീട് ആണ് കേട്ടോ ”
ഷൈല ഒരു ഓര്മപെടുത്തൽ എന്നപോലെ പറഞ്ഞു. അനന്തു വെറുതെ തലയാട്ടി.
“നന്ദുവേട്ടാ ഇന്ന് അമ്പലത്തിലേക്ക് മീനാക്ഷി ചേച്ചി വന്നിനോ? ”
“വന്നു അഞ്‌ജലി.. എന്തേ ? ”
ഒന്നും മനസിലാകാത്തപോലെ അനന്തു അവളെ നോക്കി.
“ഏയ്യ് പുള്ളികാരിക്ക് എന്റെ നന്ദുവേട്ടനോട് ഒരു ലബ് ഇല്ലേ എന്ന് എനിക്ക് സംശയം ഉണ്ട് ”
അഞ്‌ജലി മുഖത്തു ഒരുപാട് വികാരം വാരിപ്പൂശിക്കൊണ്ട് പറഞ്ഞു.
“ആരാണെന്ന പറഞ്ഞേ എന്റെ നന്ദുവേട്ടനോ? ”
അനന്തു അവളെ നോക്കി വളിച്ച ചിരി സമ്മാനിച്ചു. അഞ്‌ജലി നാവിൽ പറ്റിപോയ വികട സരസ്വതിയെ മനസ്സിൽ പഴിച്ചുകൊണ്ട് അവനെ പാളി നോക്കി.
അഞ്ജലിയുടെ മുഖത്തു വിരിയുന്ന നാണം കണ്ട് അനന്തുവിന് ചിരിപൊട്ടി. കവിളൊക്കെ ചുവന്നു തുടുത്തു ആപ്പിൾ പോലെ ആയെന്നു അവനു തോന്നി. മുത്തശ്ശിയുടെ അതേ സൗന്ദര്യവും ഛായയും ആണ് അവൾക്ക് കിട്ടിയിരിക്കുന്നതെന്നു അത്ഭുതത്തോടെ അവൻ ഓർത്തു.
ആരെയും കൊതിപ്പിക്കുന്ന അവളുടെ റോസിതൾ പോലുള്ള അധരങ്ങളും അതിൽ വിരിയുന്ന പാൽ പുഞ്ചിരിയുമാണ് അവളുടെ അഴകിനെ വർധിപ്പിക്കുന്നതെന്നു അനന്തുവിന് തോന്നി.
“ഹാ അതേ എന്റെ നന്ദുവേട്ടൻ.. എന്തേ പിടിച്ചില്ലേ? ”
“പിന്നേ… എനിക്ക് ക്ഷ പിടിച്ചിരിക്കുന്നു. ”
അനന്തു പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു. അഞ്ജലിക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ തോന്നി.
പൊട്ടിചിരിച്ചുകൊണ്ടിരുന്ന അനന്തു പൊടുന്നനെ അത് നിർത്തി. എന്തോ ആലോചിച്ച ശേഷം അവൻ മുഖം വെട്ടിച്ചു അവളെ നോക്കി.
“നീ എന്താ എന്നോട് പറഞ്ഞേ? മീനാക്ഷിയ്ക്ക് എന്നോട് ലബ് ആണെന്നോ? ”
“ആന്നേ ”
“അതായത് എന്നോട് പ്രേമമോ? ”
വിശ്വാസം വരാതെ അനന്തു ഉറക്കെ ചോദിച്ചു. മീനാക്ഷി അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു പതുക്കെ പറയാൻ ആവശ്യപ്പെട്ടു. അനന്തു നാക്ക് കടിച്ചു പിടിച്ചു അബദ്ധം പിണഞ്ഞ പോലെ അവളെ സാകൂതം നോക്കി.
“അതേ നന്ദുവേട്ടാ.. മീനാക്ഷി ചേച്ചിക്ക് നിങ്ങളോട് കട്ട പ്രേമം ആന്ന് ”
“ചുമ്മാ ഓരോന്ന് പറയാതെ അഞ്ജലിക്കുട്ടി”
മുഖത്തു അല്പം ഗൗരവം വരുത്തിക്കൊണ്ട് അനന്തു ചോദിച്ചു.
“അല്ല നന്ദുവേട്ടാ.. ഇപ്പൊ നമ്മൾ പോരാൻ നിക്കുമ്പോ പുള്ളിക്കാരി സ്റ്റെപ് ഇറങ്ങി വന്നായിരുന്നു. എന്നെയും പൊക്കിപ്പിടിച്ചു നിക്കുന്ന നിങ്ങളെ കണ്ട് കുശുമ്പടിച്ചിട്ടാ ചേച്ചി തിരിച്ചു പോയേ ”
അഞ്‌ജലി കാര്യമായിട്ട് എന്തോ കണ്ടു പിടിച്ച പോലെ പറഞ്ഞു.അനന്തു പൊടുന്നനെ മീനാക്ഷിയെ കുറിച്ച് ചിന്തിച്ചു. തന്നെക്കാളും പ്രായകൂടുതൽ ഉള്ള ചേച്ചി ഒരിക്കലും ഇങ്ങനൊരു പണിക്ക് നീക്കില്ലെന്ന് അവനു ഉറപ്പായിരുന്നു.
“ഹാ അതെന്തേലും ആവട്ടെ, നമുക്ക് വേറെന്തെലും സംസാരിക്കാം. ”
വിഷയം തിരിച്ചു വിടാനായി അനന്തു ശ്രമിച്ചു.
“നന്ദുവേട്ടാ ”
“എന്താ അഞ്‌ജലിക്കുട്ടി ”
“എന്നെയും കൊണ്ടു ഈ വെള്ളത്തിലേക്ക് ഇറങ്ങുമോ ഇപ്പൊ”
“ഇപ്പൊ തന്നെ വേണോ? ”
“വേണം ”
അഞ്‌ജലി അനന്തുവിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി. അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി. വേറൊന്നും ചിന്തിക്കാതെ അനന്തു പതിയെ വെള്ളത്തിലേക്ക് ഇറങ്ങി.
അതിനു ശേഷം അഞ്ജലിക്ക് തൊട്ടു മുൻപിൽ ഉള്ള വഴുക്കൽ ഉള്ള പടവിൽ ആയാസപ്പെട്ട് നിന്നു. അതിനു ശേഷം അവൻ അഞ്ജലിയെ ഇരു കൈകൾ കൊണ്ടു കോരിയെടുത്ത് പതിയെ വെള്ളത്തിലേക്കിറങ്ങി.
ഇത് കണ്ടതും ഷൈല ഒരു നിലവിളിയോടെ നെഞ്ചിൽ കൈ വച്ചു ചാടിയെണീറ്റു. അപ്പോഴേക്കും അഞ്ജലിയെയും കൊണ്ട് അനന്തു വെള്ളത്തിലേക്ക് ഇറങ്ങിയിരുന്നു.
ഒരുപാട് നാളുകൾക്ക് ശേഷം വീട്ടുകുളത്തിൽ വീണ്ടും ഇറങ്ങാൻ പറ്റിയതിന്റെ കൃതാർത്ഥതയിൽ ആയിരുന്നു അഞ്‌ജലി. ആ ഒരു നിമിഷം അവൾ ആവോളം ആസ്വദിച്ചുകൊണ്ടിരുന്നു.
“അയ്യോ മോനെ അനന്തു കേറിപ്പോര്, അഞ്‌ജലി മോളെ നോക്കണേ, ഇങ്ങോട്ട് വാ ”
ഷൈലയുടെ ഒച്ചപ്പാടും വെപ്രാളവും അവിടമാകെ നിറഞ്ഞു നിന്നു.അവൾ പടവുകൾ ഇറങ്ങി വന്ന് അഞ്ജലിയെ പിടിച്ചു കയറ്റാനായി മുന്നിലേക്ക് കൈകൾ നീട്ടി.
“അമ്മേ എനിക്ക് ഒന്നുല്ല… ഇച്ചിരി നേരം ഞാൻ നന്ദുവേട്ടന്റെ കൂടെ വെള്ളത്തിൽ കളിച്ചോട്ടെ? ”
അനന്തു അവളെ വെള്ളത്തിൽ മുങ്ങി പൊന്തിയ ശേഷം അഞ്‌ജലി ഉറക്കെ വിളിച്ചു പറഞ്ഞു.
“എന്നാലും വേണ്ട മോളെ… ഇങ് കേറിപോര് ”
ഷൈലയുടെ വെപ്രാളത്തിന്റെ അലയൊലികൾ അവർ ഇരുവരുടെയും കാതുകളിൽ പതിച്ചു.
“എൻറെ പൊന്നമ്മയല്ലേ… പ്ലീച്ച് ”
അഞ്‌ജലി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“പിള്ളേര് കളിച്ചോട്ടെ ഷൈല.. നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ “
മുത്തശ്ശിയുടെ പ്രോത്സാഹനം കിട്ടിയതും ഷൈലക്ക് വേറെ മാർഗം ഇല്ലാതായി. അവൾ തലയാട്ടിക്കൊണ്ട് മൗനാനുവാദം നൽകി.
അഞ്‌ജലി സന്തോഷത്തോടെ അവനിലേക്ക് കൂടുതൽ പറ്റിച്ചേർന്നു. അനന്തു അഞ്ജലിയെയുംകൊണ്ടു വെള്ളത്തിലൂടെ നീന്തിയും മുങ്ങി നിവർന്നും സമയം കഴിച്ചു.
നനഞ്ഞു കുതിർന്നു നിൽക്കുന്ന അവളെ കണ്ടാൽ ഒരു കൊച്ചു ദേവത ആണെന്ന് ആർക്കും തോന്നി പോകുമെന്ന് അവനു മനസിലായി.അനന്തുവിന്റെ കയ്യിൽ കിടന്ന അഞ്‌ജലി വേറേതോ ലോകത്തായിരുന്നു.
അനന്തുവുമായുള്ള ഓരോ നിമിഷങ്ങളും സ്വർഗതുല്യമായിരുന്നു അവൾക്ക്. നന്ദുവേട്ടനുമായി വല്ലാത്തൊരു ആത്മബന്ധവും ഇഷ്ടവും അവൾക്ക് അപ്പോഴേക്കും തോന്നി തുടങ്ങിയിരുന്നു.
പക്ഷെ ആ ഇഷ്ട്ടം ഒരിക്കലും തെറ്റായ രീതിയിൽ മാറുകയില്ലെന്നു അവൾ ശഠിച്ചിരുന്നു.എന്നും നന്ദുവേട്ടന്റെ കൂട്ടുകാരിയായി ഒപ്പം നിൽക്കുവാൻ അവളുടെ മനസ് വെമ്പി.
അഞ്‌ജലി അനന്തുവിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ജലകണങ്ങൾ പറ്റി പിടിച്ചിരിക്കുന്ന കണ്പീലികൾക്കിടയിലൂടെ പിടയ്ക്കുന്ന നീല കണ്ണുകൾ കാണുന്ന മാത്രയിൽ മനസ് കൈ വിട്ടു പോകുമോ എന്ന ഭയം അവളിൽ നിഴലിച്ചിരുന്നു.
അതുകൊണ്ട് തന്നെ അവൾ കണ്ണുകൾ ഇറുകെ പൂട്ടി അവന്റെ കൈകളിൽ ശയിച്ചു.വെള്ളത്തിലെ കേളിക്ക് മുത്തശ്ശിയുടെ ആജ്ഞ പ്രകാരം പരിസമാപ്തി വന്നതും അഞ്ജലിയെയും കൊണ്ടു അനന്തു പടവിലേക്ക് നടന്നു വന്നു.
അവിടെ ഉള്ള കല്പടവിൽ അവളെ ഇരുത്തിയതും ഷൈല ഉടുത്തിരുന്ന സാരിയുടെ മുന്താണി കയ്യിലെടുത്തു അഞ്ജലിയുടെ തല തോർത്തി കൊടുത്തു കൊണ്ടിരുന്നു.അനന്തു ഈറനോടെ കല്പടവിൽ അമർന്നിരുന്നു.
“വലിയ പെണ്ണായി എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല ഇതുവരെ ”
ഷൈല അവളുടെ തല തുവർത്തുന്നതിനിടയിൽ പറഞ്ഞു.അഞ്‌ജലി ചുണ്ട് കൂർപ്പിച്ചു ഷൈലയെ കോപത്തോടെ നോക്കി.
“എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ? ഉള്ളതല്ലേ പറഞ്ഞേ, ഇനിയും പറയും”
ഷൈല കണ്ണുരുട്ടി അവളെ പേടിപ്പിച്ചു.
“എന്റെ പൊന്നമ്മേ ഒന്നു വായടക്ക് ”
അഞ്ജലി ഗതികെട്ട് വിളിച്ചു പറഞ്ഞു. അനന്തുവിന്റെ മുൻപിൽ നിന്നും ഇങ്ങനെ ഓരോന്ന് പറയുന്നത് നിർത്തിക്കേണ്ടത് അവളുടെ ആവശ്യമായിരുന്നു.
അല്ലേൽ അവളുടെ എല്ലാ തല്ലുകൊള്ളിത്തരവും അമ്മ വിളമ്പുമെന്നു അവൾ ഭയപ്പെട്ടു.
“മതി തോർത്തിയത്.. ഞാൻ പോകുവാ ഷൈലയുടെ കൈകൾ തട്ടി മാറ്റി മുഖം വീർപ്പിച്ചു അവൾ ഗൗരവത്തോടെ ഇരുന്നു.”
“മോനെ അനന്തു മോളെയും കൊണ്ടു മുറിയിലേക്ക് പൊക്കോ.. ഞങ്ങ വന്നോളാം”
മുത്തശ്ശി അവനോടായി പറഞ്ഞു.അനന്തു തലയാട്ടിക്കൊണ്ട് എണീറ്റു നേരെ അഞ്ജലിക്ക് സമീപം വന്നു നിന്നു.അഞ്‌ജലി അവൻ എടുക്കുന്നതിനായി തയാറായി നിന്നു.
അനന്തു നിലത്തേക്ക് ഇരുന്നു അവളെ കൈകളിൽ കോരിയെടുത്തു. പതുക്കെ പടവുകൾ കയറി അനന്തു തറവാട്ടിലേക്ക് നടന്നു.
ഷൈല അപ്പൊ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.ഒരുപാട് നാളുകൾക്ക് ശേഷം അഞ്‌ജലിയുടെ സ്വഭാവത്തിൽ വന്ന മാറ്റം അവളെ മറ്റൊരു അവസ്ഥയിൽ എത്തിച്ചു.
ഇത്രയും കാലം ഒരു പാവയെ പോലെ ആ മുറിയിൽ ചടഞ്ഞു കൂടിയിരുന്ന തന്റെ മകൾ ഇന്ന് ഉഷാറോടെ പഴയ മാനസികാവസ്ഥയിലേക്ക് തിരിച്ചു വരുന്നത് ആ മാതാവിനെ സംബന്ധിച്ചിടത്തോളം ഹൃദയം വല്ലാതെ സന്തോഷം കൊണ്ടു തുടിക്കുന്നതിനു തുല്യം ആയിരുന്നു.
നിറഞ്ഞു വന്ന കണ്ണുകൾ ഷൈല കൈകൾകൊണ്ട് ഒപ്പിയെടുത്തു.അവളുടെ കയ്യിൽ മുറുകെ പിടിച്ചു കാർത്യായനി പടികൾ പതുക്കെ ചവിട്ടി കയറി.
ഈ സമയം കൊണ്ടു അനന്തു അഞ്ജലിയെയും കൊണ്ടു അവളുടെ മുറിയിൽ എത്തിയിരുന്നു. അഞ്ജലിയെ ബെഡിലേക്ക് പതിയെ ഇരുത്തിയ ശേഷം അനന്തു ഒന്നു മൂരി നിവർന്നു.
“ഹോ കോലു പോലെ ഉള്ളൂ എങ്കിലും ഒടുക്കത്തെ വെയിറ്റ് ആണല്ലോ ?”
അനന്തു കണ്ണിറുക്കി ചിരിച്ചു കാണിച്ചു.
“പിന്നെ പറയുന്ന കേട്ടാൽ തോന്നും ഞാൻ പത്തു നൂറ് കിലോ ഉണ്ടെന്ന് ”
പുച്ഛത്തോടെ അവൾ ചിറി കോട്ടി പിടിച്ചു.
അഞ്‌ജലിയുടെ കുട്ടിക്കളിയൊക്കെ കണ്ട് അനന്തു ആകെ അത്ഭുതത്തിൽ ആയിരുന്നു. ഈ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾക്ക് ഇത്രയും മാറ്റം ഉണ്ടെങ്കിൽ കുറച്ചു ദിവസങ്ങൾക്കൊണ്ട് തന്നെ അവൾ പഴയ പോലെ ആകുമെന്ന് അവനു ഉറപ്പായിരുന്നു.
“നന്ദുവേട്ടാ ഇങ്ങു വാ ”
അഞ്‌ജലി അവനെ കൈ കാട്ടി വിളിച്ചു. അനന്തു എന്താണെന്ന അർത്ഥത്തിൽ തലയാട്ടി.
അതിനു ശേഷം അവൾക്ക് നേരെ മുഖം നീട്ടി. അക്ഷമയോടെ അവളുടെ വാക്കുകൾ കേൾക്കാനായി അവൻ കാത് കൂർപ്പിച്ചു വച്ചു.
“ഉമ്മാാ ”
അഞ്‌ജലി അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചുറ്റിവച്ചു അവന്റെ താടി രോമങ്ങൾ കൊണ്ടു ആനാവൃതമായ കവിളിൽ അവളുടെ വിറയ്ക്കുന്ന അധരങ്ങൾ ചേർത്തു വച്ചു.
ചുണ്ടുകൾ അമർന്നെന്നു മനസ്സിലായതും അവൾ പൊടുന്നനെ അവനെ ആ ബന്ധനത്തിൽ നിന്നും സ്വന്തന്ത്രനാക്കി.നാണത്തോടെ അവൾ മുഖം താഴ്ത്തി.
അനന്തുവിന് മുഖം കൊടുക്കാൻ അവൾക്ക് മനസ് വന്നില്ല. അനന്തു നല്ല ചൂടുള്ള ചുംബനം കിട്ടിയതിന്റെ ആലസ്യത്തിൽ ആയിരുന്നു. അവൻ സ്വബോധം വീണ്ടെടുത്ത ശേഷം അവളുടെ കവിളിൽ പതിയെ പിച്ചി വലിച്ചു. അതിനു ശേഷം മുറി വിട്ടിറങ്ങി പോയി.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
നദീതീരത്തെ പർണശാലക്ക് സമീപമുള്ള തൊഴുത്തിലെ ക്ടാവിനെ തൊട്ടും തലോടിയും ഇരിക്കുകയാണ് സ്വാമിനി മായാമോഹിനി.
കഷായ വസ്ത്രധാരികളായ സ്ത്രീകൾ ഇട്ടു കൊടുത്ത കച്ചി ആ ക്ടാവ് ആർത്തിയോടെ തിന്നുകയായിരുന്നു. അഞ്ചോ ആറോ പേര് ആ തൊഴുത്തിൽ ഓരോ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
മായാമോഹിനിക്ക് സമീപം അവരുടെ ശിഷ്യൻ നിൽപ്പുണ്ട്. ക്ടാവിനെ തൊട്ടും തലോടിയും കൊഞ്ചിച്ചും സ്വാമിനി സമയം ചിലവഴിച്ചു. നേരം സന്ധ്യയോട് അടുത്തതും അവർ പൂജയ്ക്കായി എഴുന്നേറ്റു.
സമീപം നിക്കുന്ന ശിഷ്യന്റെ മുഖം ചിന്താധീനനായി കാണപെട്ടതും അവരുടെ അധരങ്ങളിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു.
“എന്താണ് എന്റെ ശിഷ്യന്റെ മനസിനെ തളം തെറ്റിക്കുന്ന ചിന്തകൾ..? പറഞ്ഞാലും ,
മായാമോഹിനി അയാൾക്ക് അഭിമുഖമായി നിന്നു.അവരുടെ മുഖത്തു വല്ലാത്തൊരു ഐശ്വര്യം നിറഞ്ഞു നിന്നിരുന്നു.
പ്രായം നാല്പതിനോടടുത്ത ആ ശരീരത്തിൽ ഇപ്പോഴും ഒരു യുവതിയുടെ ചുറുചുറുക്കും സൗന്ദര്യവും നിലനിൽക്കുന്നു.കൊഴുപ്പ് നിറഞ്ഞ തടിച്ച ശരീരത്തിൽ കഷായവസ്ത്രത്തിനുള്ളിൽ വീർപ്പു മുട്ടി നിൽക്കുന്ന മാറിടങ്ങളും ചാടിയ വയറും ആകൃതിയൊത്ത നിതംബവും അവരുടെ സൗന്ദര്യത്തെ ഇരട്ടിയാക്കി.
“സ്വാമിനി… ഞാൻ അവരെ കുറിച്ച് ചിന്തിക്കുകയായിരുന്നു.. ആ യുവാവും പിന്നെ അയാൾ കണ്ടു മുട്ടിയ ഒരുപോലെ ഉള്ള രണ്ട് യുവതികളും. അന്ന് സ്വാമിനി പറഞ്ഞപോലെ അയാളുടെ കൂടെ പുനർജനിച്ചവരാണോ ആ യുവതികളും? ”
“അതേ ശിഷ്യാ.. അവരും അയാളുടെ കൂടെ പുനർജനിച്ചവർ തന്നെയാണ്.. ദൈവത്തിന്റെ ഓരോ ലീലകൾ ”
മായാമോഹിനി ശങ്കയേതുമില്ലാതെ മറുപടി പറഞ്ഞു.
“ഹോ എന്തൊരു സൗഭാഗ്യമാണല്ലേ അവർക്ക് കിട്ടിയത്.. 3 പേരും ഒരേ പോലെ വീണ്ടും പുനർജനിച്ചിരിക്കുന്നു.അതേ രൂപവുമായി അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അല്ലേ?”
ശിഷ്യൻ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു.
“താങ്കൾക്ക് തെറ്റ് പറ്റി ശിഷ്യാ… 3 പേരല്ല, 4 പേരാണ് പുനർജനിച്ചിരിക്കുന്നത്.”
ഭാവഭേദമൊന്നുമില്ലാതെ മായാമോഹിനി പറഞ്ഞു. അത് കേട്ടതും ശിഷ്യൻ ഒന്നു ഞെട്ടി. അയാൾ വിശ്വാസം വരാതെ കണ്ണു മിഴിച്ചു അവളെ നോക്കി.
“സ്വാമിനി 4 പേരോ? ഇതെങ്ങനെ സംഭവ്യമായി.. എന്തൊക്കെയാണ് ആ യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.? ഇത്രയും പേർ പുനർജനിക്കാൻ കാരണഭൂതനായിട്ടുള്ള ആ യുവാവുമായി മറ്റുള്ളവർക്ക് എന്താണ് ബന്ധം? ഇത്രയും വലിയൊരു സൗഭാഗ്യം അയാൾക്കെങ്ങനെ കിട്ടി? നാലാമത്തെ പുനർജ്ജന്മം ആരുടേതാണ്? ”
ചോദ്യ ശരങ്ങൾ എയ്തുകൊണ്ടു അയാൾ കിതച്ചു. ഇത്രയും സങ്കീർണമായ ഒരു മനുഷ്യജീവിതത്തെ അയാൾ നേരിട്ട് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.സ്വാമിനിയുടെ വെളിപ്പെടുത്തൽ അയാളിൽ ശരിക്കും ഒരു ഞെട്ടലുണ്ടാക്കി.
“ശിഷ്യാ… ആ നാലാമത്തെ ആൾ ആ യുവാവിന്റെ പ്രതിയോഗി ആണ്.ആ യുവാവിനെ ഈ ജന്മത്തിൽ വധിക്കുവാൻ വേണ്ടി ജന്മം കൊണ്ട ആൾ. സമയം ആഗതമാകുമ്പോഴേക്കും യുവാവിനെ വധിക്കുവാനായി ആ പുനർജ്ജന്മ രൂപി എത്തി ചേരും. അയാൾ തന്റെ ലക്ഷ്യം നേടിയ ശേഷമേ മടങ്ങുകയുള്ളു. അതുപോലെ തന്നെ ആ യുവാവിന്റെ പുനർജ്ജന്മം അതൊരു രഹസ്യമാണ്.. അയാളുടെ നിയോഗം എന്താണെന്നു ഇപ്പൊ എനിക്ക് അത് വെളിപ്പെടുത്താൻ സാധിക്കില്ല. കാലക്രമേണ താങ്കൾക്ക് അത് മനസിലാക്കുവാൻ സാധിക്കും. അയാളുടെ പൂർവ്വജന്മം അത്രക്കും സവിശേഷമായ ഒന്നായിരുന്നു.പല ലക്ഷ്യങ്ങളും നേടാനായാണ് അയാൾ വീണ്ടും പുനർജനിച്ചത്. അയാളുടെ പൂർവ്വജന്മം എന്താന്നു വച്ചാൽ…. ”
സ്വാമിനി പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ ആകാശത്ത് വലിയൊരു ഇടി മുഴക്കം ഉണ്ടായി. അത് തുടരെ തുടരെ മുഴങ്ങി അവിടമാകെ പ്രകമ്പനം കൊള്ളിച്ചു.
കാതടപ്പിക്കുന്ന ഇടിയൊച്ച കേട്ട് ശുഷ്യൻ ഭയന്ന് കാതുകളിൽ പൊത്തി വച്ചു. സംശയം തോന്നിയ മായാമോഹിനി തൊഴുത്തിന് പുറത്തേക്കിറങ്ങി വന്നു ആകാശത്തേക്ക് ഉറ്റു നോക്കി.
ആ സമയം ആകാശത്ത് വലിയൊരു കൊള്ളിയാൻ മിന്നി. അതിനു ശേഷം
ഇരുണ്ടു മൂടിയ ആകാശത്ത് ധനുസ്സിന്റെ രൂപത്തിൽ കൊള്ളിയാൻ മിന്നി.
അതിൽ നിന്നും ഒരു അസ്ത്രം എയ്യുന്ന പോലെ ഒരു കൊള്ളിയാനും തുടരെ മിന്നി. പ്രകൃതി കാണിച്ചു തന്ന സൂചനകൾ കണ്ടതും മായാമോഹിനി കണ്ണുകൾ അടച്ചു മുഖം താഴ്ത്തി ഒരു ക്ഷമാപണം എന്നപോലെ.
“നാമിന് മനസിലായി. നാക്കുപിഴ സംഭവിച്ചതാണ് ഇനി ഒരിക്കലും ആവർത്തിക്കില്ല. നമ്മോട് ക്ഷമിച്ചാലും അഥർവ്വാ …. ”
ആകാശത്തേക്ക് നോക്കി മായാമോഹിനി ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു. അല്പ സമയത്തിന് ശേഷം മാനത്തെ കൊള്ളിയാന് ശമനം വന്നു.
ഇടി മുഴക്കത്തിന്റെ തോത് കുറഞ്ഞു വന്നു.ഇതൊക്കെ കണ്ട് ശിഷ്യൻ ഭയന്ന് വിറച്ചു സ്വാമിനിയുടെ പിന്നിൽ നിന്നു. പ്രകൃതി തനിക്ക് മാപ്പ് നൽകിയെന്ന് മനസ്സിലായതും മായാമോഹിനി അന്തരീക്ഷത്തിലേക്ക് നോക്കി കൈകൾ കൂപ്പി വണങ്ങി. അതിനു ശേഷം അവർ പർണശാലയിലേക്ക് മടങ്ങി…
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
അകത്തളം കഴിഞ്ഞു പൂമുഖത്തേക്ക് എത്തിയ അനന്തു ആദ്യമേ കണ്ടത് മുറ്റത്തേക്ക് ഇരമ്പി വന്നു നിൽക്കുന്ന ശിവജിത്തിന്റെ കാർ ആണ്. കാറിൽ നിന്നും ശിവജിത്തും ബലരാമനും വിജയനും ഇറങ്ങി വന്നു.
അനന്തുവിനെ കണ്ടതും കുരിശ് കണ്ട ചെകുത്താനെ പോലെ ശിവജിത്ത് നിലത്തു ഉറഞ്ഞു ചവിട്ടികൊണ്ട് ഉള്ളിലേക്ക് കയറിപ്പോയി. ബന്ധം കൊണ്ടു സ്വന്തം ചേട്ടൻ ആണെങ്കിലും ഈ ഒരു പെരുമാറ്റം അനന്തുവിനെ തെല്ലൊന്നു വിഷമിപ്പിച്ചു.
അമ്മയും ഞാനും ശിവയും വലിഞ്ഞു കേറി വന്നപോലെ ആയിരുക്കുമോ ജിത്തുവേട്ടൻ കാണുക എന്ന് അവൻ ശങ്കിച്ചു. അനന്തുവിന്റെ മുഖം കണ്ടതും ബലരാമൻ പടികൾ കയറി വന്നു അവന്റെ തോളിൽ കരം അമർത്തി.
“അനന്തൂട്ടാ അവന്റെ പെരുമാറ്റം കണ്ട് മോൻ വിഷമിക്കണ്ടാട്ടോ.. അവൻ അങ്ങനാ.. ഭയങ്കര ദേഷ്യമാ.. ആർക്കും കണ്ട്രോൾ ചെയ്യാൻ പറ്റൂല അവനെ അതാ.. തെളിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ തെളിക്കാം എന്ന് കേട്ടിട്ടില്ലേ, ഞാൻ അവനെ അവന്റെ ഇഷ്ടത്തിന് അങ്ങ് വിട്ടു കൊടുത്തു. എന്തേലും കാണിക്കട്ടെ.. മോൻ അതോർത്തു വിഷമിക്കണ്ടട്ടോ ”
ബലരാമൻ അവനെ സാന്ത്വനിപ്പിക്കുവാനായി പറഞ്ഞു.
“എന്നാലും ബലരാമൻ അമ്മാവാ ജിത്തുവേട്ടന്റെ അങ്ങനൊരു പെരുമാറ്റം കാണുമ്പോൾ വല്ലാതെ വിഷമം ആവുന്നു.. എന്തിനാ ഞങ്ങളോട് അത്രയും ദേഷ്യം? ”
“പോട്ടെടാ മോനെ … നീ അത് കാര്യാക്കണ്ട… ഒന്നും മനസ്സിൽ വെയ്ക്കല്ലേട്ടോ. ഞാൻ മോനോട് മാപ്പ് ചോദിക്കുവാ ”
ബലരാമൻ ക്ഷമാപണത്തോടെ അവനെ നോക്കി.
“അയ്യോ അമ്മാവാ അത് പോട്ടെ… സാരുല്ല.. ഞാൻ അത് എപ്പോഴേ മറന്നു.. ”
അനന്തു അമ്മാവനെ പറഞ്ഞു വിശ്വസിച്ചു.
“ശരി മോനെ ഞങ്ങൾ നിന്റെ മുത്തശ്ശനെ കണ്ടിട്ട് വരാം.. മുത്തശ്ശൻ എവിടുണ്ട്? ”
“മുത്തശ്ശൻ ഔട്ട് ഹൌസിൽ ഉണ്ട് അമ്മാവാ ”
“ശരി ”
ബലരാമൻ തിരിഞ്ഞു പടികളിറങ്ങി വന്നു. വിജയൻ ഒന്നും ഉരിയാടാതെ അയാളെ അനുഗമിച്ചു.
ഔട്ട് ഹൌസിൽ എത്തിയതും ശങ്കരൻ അവിടെ കസേരയിൽ ചാരിയിരുന്നു തന്റെ ഇരട്ട കുഴൽ തോക്ക് തുണി കോണ്ട് തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ ആയിരുന്നു.
അപ്പോഴാണ് മുറിയിലേക്ക് കടന്നു വന്ന ബാലരാമനെയും വിജയനെയും അയാൾ ശ്രദ്ധിച്ചത്.
“ഹാ എന്തുണ്ട് മക്കളെ വാർത്ത? ”
തോക്ക് തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ ശങ്കരൻ ചോദിച്ചു.
“ഭൂമി പൂജയ്ക്ക് വേണ്ടി തിരുവമ്പാടിക്കാർ കാര്യമായി കോപ്പ് കൂട്ടുന്നുണ്ട്. ”
“ഹ്മ്മ് ” ശങ്കരൻ ഒന്നു ഇരുത്തി മൂളി.
“അച്ഛാ മുംബൈയിന്നു ആ രഘുവരനും അയാളുടെ പേരകുട്ടിയും ഇങ്ങോട്ടേക്കു എത്തിയിട്ടുണ്ട് ”
“ആര് ശ്രീനിവാസന്റെ മോളോ? ”
ശങ്കരൻ തലയുയർത്തി അവരെ നോക്കി
“അതേ അച്ഛാ.. നമ്മുടെ ചില ശിങ്കിടികൾ ചോർത്തിയ വിവരമാ.. എത്രത്തോളം സത്യം ഉണ്ടെന്നു ഉറപ്പില്ല.. ”
“എല്ലാവരും വരട്ടെടാ… അപ്പോഴല്ലേ നമ്മുടെ ഉത്സവമൊക്കെ പൊടി പൊടിക്കൂ ”
ശങ്കരൻ പൊട്ടിചിരിച്ചുകൊണ്ട് തോക്ക് തുടക്കുന്നതിൽ കർമ്മ നിരതനായി.
“അച്ഛാ ജിത്തുവിന് വേണ്ട സുരക്ഷയ്ക്ക് നമ്മുടെ ആളുകളെ നിർത്തിയിട്ടുണ്ട്. അവനു എന്തേലും അബദ്ധം പിണഞ്ഞാൽ അവരു ഓടിയെത്തും അവനെ രക്ഷിക്കാൻ.വേറാർക്കും അവനെ തൊടാൻ പോലും ആവില്ല ”
ചിരിയോടെ ബലരാമൻ പറഞ്ഞു.
“ജിത്തുവിന് മാത്രമല്ല, അനന്തുവിനും സുരക്ഷയ്ക്ക് ആളെ നിർത്തണം ”
പെട്ടെന്നു എന്തോ ഓർത്ത പോലെ ശങ്കരൻ പറഞ്ഞു. അച്ഛൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു വച്ചിരിക്കുന്നുവെന്നു ബലരാമന് തോന്നി.
“എന്തിനാ അച്ഛാ അനന്തൂട്ടനും വേണമെന്ന് പറഞ്ഞത്.? ”
സങ്കോചത്തോടെ അയാൾ ചോദിച്ചു.
“അനന്തുവിന്റെ മുഖം തന്നെ കാരണം … ആ മുഖം കണ്ടാൽ പഴയ ശത്രുക്കൾ തല പൊക്കുമോ എന്ന് എനിക്ക് ഒരു പേടിയുണ്ട് ”
“ഇല്ലച്ഛാ അവനു ഒന്നും സംഭവിക്കില്ല.. അനന്തൂട്ടന് വേണ്ടിയും ഞാൻ ആളെ നിർത്താം. ഒന്നും ഓർത്തു പേടിക്കണ്ട ”
ബലരാമൻ ശങ്കരനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു. പക്ഷെ അയാളുടെ മനസ് പ്രക്ഷോഭമായ ഒരു കടലിനു തുല്യമായിരുന്നു. പതിവ് പോലെ കുപ്പി പൊട്ടിക്കുന്ന കലാപരിപാടിയിലേക്ക് അവർ തിരിഞ്ഞു.
ഈ സമയം തറവാട്ടിൽ മുത്തശ്ശിയുടെ മടിയിൽ കിടക്കുകയായിരുന്നു അനന്തു.മുത്തശ്ശിക്ക് സമീപം ശിവയെ മടിയിൽ കിടത്തി മാലതിയും ഇരിപ്പുണ്ട്.
മുത്തശ്ശിയുടെയും അമ്മയുടെയും പഴം പുരാണം കേട്ടു കൊണ്ടിരിക്കുകയായിരുന്നു അനന്തു. അവനു ആകെ വല്ലാതെ ബോറടിച്ചു.
മുറിയിലേക്ക് എണീറ്റു പോയാലോ എന്ന് വരെ അവൻ ചിന്തിച്ചു. അവരുടെ പുരാണം പറച്ചിലിന് ഉടനെ ഒന്നും അന്ത്യം ഉണ്ടാവില്ലെന്ന് അവനു ഉറപ്പായിരുന്നു.
“മാലതി നമുക്ക് അനന്തുവിനു ഒരു പെണ്ണ് കണ്ടു പിടിച്ചാലോ ? ”
കാർത്യായനി അവന്റെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ഈ കാട്ടുമാക്കാനൊക്കെ എവിടുന്ന് പെണ്ണ് കിട്ടാനാ? “
ശിവ പുച്ഛത്തോട്ട് അവനെ നോക്കി ഇളിച്ചു.
“അനന്തു ദേഷ്യത്തോടെ അവളെ നോക്കി പല്ലിറുമ്മി.
“കുറച്ചു വയസ്സ് മൂപ്പുണ്ടായിരുന്നേൽ മീനാക്ഷിയെക്കൊണ്ട് ഇവനെ കെട്ടിക്കായിരുന്നു. പക്ഷെ അവൾക്ക് നല്ലോണം വയസില്ലേ ഇവനെക്കാളും ? ”
മാലതി നിരാശയോടെ പറഞ്ഞു.
“അത് നല്ല ബന്ധമായിരുന്നു മാലതി.. മീനാക്ഷിനെ നമുക്ക് എല്ലാവർക്കും അറിയുന്നതല്ലേ,എന്റെ പേരക്കുട്ടി. അപ്പൊ അവളെയും ഇവനെയും അങ്ങ് ഒന്നിപ്പിക്കായിരുന്നു.
“അതിനെന്താ അമ്മൂമ്മേ സച്ചിൻ സച്ചിന്റെ ഭാര്യയെക്കാളും വയസിനു മൂത്തതല്ലേ… അതുപോലെ ഫഹദും നസ്രിയയും…. ”
ശിവ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ അനന്തു ഇടപെട്ടു.
“മതി… ഒന്ന് നിർത്ത്… കേട്ട് മടുത്തു ഈ ഉദാഹരണങ്ങൾ… ഒന്ന് മാറ്റി പിടിക്ക് മോളെ”
അനന്തു തല വെട്ടിച്ചു പുച്ഛത്തോടെ അവളെ നോക്കി.
“സമയമാകുമ്പോ അവന്റെ പെണ്ണ് വരുമെന്ന് എന്റെ മനസ് പറയുന്നു.. അതുവരെ നമുക്ക് നോക്കാം അല്ലേ? ”
മുത്തശ്ശി ഒരു തത്വജ്ഞാനിയെ പോലെ പറഞ്ഞു.
“അതേ അമ്മേ, സമയമാകുമ്പോൾ ആ പെണ്ണ് വരട്ടെ ”
മാലതി കാർത്യായനിയെ പിന്താങ്ങി. പിന്നീട് അവർ മറ്റു ചർച്ചകളിൽ വ്യാപൃതരായി. പക്ഷെ അനന്തു അപ്പോൾ ആലോചിച്ചിരുന്നത് ആ രണ്ട് പൂച്ചക്കണ്ണുകളെ കുറിച്ചായിരുന്നു.
എപ്പോ ഓർക്കുമ്പോഴും മുൻപെങ്ങോ കണ്ട് പരിചയമുള്ള പോലെ ഒരു അനുഭവം അവനു തോന്നി. ആദ്യായിട്ട് ഒരു പെൺകുട്ടി, പ്രേമം എന്ന വികാരത്തോടെ മനസിൽ ഇടം പിടിച്ചുവെന്ന സത്യം ഞെട്ടലോടെ അനന്തു മനസിലാക്കി.
വീണ്ടും വീണ്ടും ആ കണ്ണുകൾ തന്നെ നോക്കിയിരിക്കാൻ അനന്തുവിന് കൊതി തോന്നി. അപ്പോഴാണ് അവനു അമ്പലത്തിൽ വച്ചു കൂട്ടിയിടിച്ച പെണ്ണിനെ കുറിച്ച് ഓർമ വന്നത്.
അപ്പോഴും അവനു അത് അരുണിമയാണോ എന്ന സംശയം നില നിന്നിരുന്നു.നാളെ ഒന്ന് അരുണിമയുടെ വീട് വരെ പോയി നോക്കാൻ അവൻ നിശ്ചയിച്ചു.
ഇനി തന്നെ കണ്ട് ആ മൂധേവി പടവാൾ എടുക്കുമോന്ന് അവൻ ശങ്കിച്ചെങ്കിലും പോകുവാനായി തന്നെ തീരുമാനമെടുത്തു. അത്താഴത്തിനു ശേഷം അനന്തു മുറിയിലേക്ക് പോയി.
വാതിൽ ഭദ്രമായി അടച്ച ശേഷം അനന്തു കട്ടിലിലേക്ക് മലർന്നു കിടന്നു. ദേവൻ അമ്മാവന്റെ ഡയറി വായിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മനസ് അനുവദിച്ചില്ല.
അതുകൊണ്ടു വായനക്ക് തല്ക്കാലം വിട ചൊല്ലി അവൻ അരുണിമയുടെ ഓർമകളുമായി നല്ലൊരു നിദ്രയിലേക്ക് യാത്രയായി.
പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം അനന്തു മുറിയിൽ കിടക്കുകയായിരുന്നു. ഇവിടെ വന്നിട്ട് സ്‌നേഹയെയും രാഹുലിനെയും വിളിച്ചിട്ട് ദിവസങ്ങളായി എന്ന് അവൻ ഓർത്തു.
അവരെ വിളിക്കുവാനായി അവൻ ഫോൺ എടുത്തതും മുത്തശ്ശൻ മുറിയിലേക്ക് കടന്നു വന്നതും ഒരുമിച്ചായിരുന്നു.അനന്തു ഫോൺ ബെഡിലേക്കിട്ട് വേഗം ചാടിയെണീറ്റു.
“മോനെ ദേവാ ”
“മുത്തശ്ശാ ‘
“മോൻ ഇപ്പൊ തിരക്കിലാണോ? ”
“അല്ല മുത്തശ്ശാ.. പറഞ്ഞോ “
“എങ്കിലേ മോൻ ഒരു കാര്യം ചെയ്യണം. നമ്മുടെ വില്ലജ് ഓഫീസറെ വില്ലേജ് ഓഫീസിൽ ചെന്നു കൂട്ടിയിട്ട് നേരെ നമ്മുടെ കമ്പനിയിലേക്ക് പോണം.പോകേണ്ട വഴി പുള്ളിക്കാരൻ പറഞ്ഞു തരും…. കേട്ടോ ”
“ശരി മുത്തശ്ശാ… ഞാൻ പോകാം ”
“എന്തേലും സംശയമുണ്ടേൽ എന്നെയോ ബാലരാമനെയോ വിളിക്കണേ.. മറക്കല്ലേ. ”
“ഞാൻ വിളിച്ചോളാം മുത്തശ്ശാ… പേടിക്കണ്ട ”
അനന്തു മുത്തശ്ശനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു.ശങ്കരനും അവനെ ഒറ്റക്ക് വിടാൻ മനസ്സില്ലായിരുന്നു.പിന്നെ എല്ലാവരും ഓരോ തിരക്കിലായതുകൊണ്ടാണ് അനന്തുവിനെ തേടി അദ്ദേഹം എത്തിയത്.
“ബൈക്ക് എടുത്തോട്ടോ ”
“ശരി മുത്തശ്ശാ ”
അനന്തു ആകെ ഉത്സാഹത്തിലായിരുന്നു. ആദ്യമായിട്ടാണ് ഇവിടെ വന്നതിനു ശേഷം മുത്തശ്ശൻ അവനോട് ഒരു ജോലി ചെയ്യാൻ ആവശ്യപ്പെട്ടത്.
അതുകൊണ്ട് തന്നെ ഈ ജോലി നല്ല വെടിപ്പായിട്ട് ചെയ്യണമെന്ന് അവൻ മനസ്സിൽ കണക്ക് കൂട്ടി. കുളി കഴിഞ്ഞ ശേഷം ഒരു ജീൻസും കാപ്പി കളർ ഷർട്ടും വലിച്ചു കയറ്റി ചാവിയുമെടുത്ത് അവൻ വീടിനു പുറത്തേക്ക് ബദ്ധപ്പെട്ടു ഇറങ്ങി വന്നു
“അതേയ് ”
പുറകിൽ ഒരു ശബ്ദം കേട്ട് ബൈക്കിലേക്ക് കയറാനായി എടുത്തു വച്ച കാൽ പഴയപോലെ ആക്കി അനന്തു തിരിഞ്ഞു നോക്കി. അവിടെ സംഹാര രുദ്രയെ പോലെ നിക്കുന്ന ലക്ഷ്മിയെ കണ്ട് അവൻ ഒന്ന് ഭയന്നു.
“എങ്ങോട്ടാ ഇതും കൊണ്ട് ? ”
ബുള്ളെറ്റിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ലക്ഷ്മി ഉറക്കെ ചോദിച്ചു.
“ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ ലക്ഷ്മി ആന്റി ”
അനന്തു ഒഴിഞ്ഞ മട്ടിൽ പറഞ്ഞു. ശേഷം അവൻ ബുള്ളെറ്റിലേക്ക് കേറാൻ തുനിഞ്ഞു.
“എങ്ങോട്ടാ എന്റെ ദേവേട്ടന്റെ വണ്ടിയും കൊണ്ട്? അതിൽ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും”
കണ്ണുകൾ ഒക്കെ ചുവന്നു മുഖമൊക്കെ വലിഞ്ഞു മുറുകി ഉച്ചത്തിൽ ലക്ഷ്മി വിളിച്ചു പറഞ്ഞു. മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം അടക്കാനാവാതെ അവൾ കിതച്ചു. അവളുടെ ഒച്ചപ്പാട് കേട്ട് എല്ലാവരും ഇറയത്തേക്ക് ഓടി വന്നു.
“എന്താ ഇവിടെ പ്രശ്നം? എന്താ മോളെ ഉണ്ടായേ? ”
ശങ്കരൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു അവളെ ചേർത്തു പിടിച്ചു.
“കണ്ടില്ലേ അച്ഛാ… ഈ ദുഷ്ടൻ എന്റെ ദേവേട്ടന്റെ വണ്ടിയുംകൊണ്ട് പോകുന്നത്. ”
“മോളെ അത് ഞാൻ അനന്തുവിന് സന്തോഷത്തോടെ കൊടുത്ത സമ്മാനമാ.. അങ്ങനൊന്നും പറയല്ലേ ”
“എന്തിനാ അച്ഛാ എന്നോട് ഈ ചതി ചെയ്തേ? എന്റെ അനുവാദം ഇല്ലാതെ ദേവേട്ടന്റെ മുറിയും സാധങ്ങളും ഇവന് കൊടുത്തു. ഈ വണ്ടിയും എന്തിനാ കൊടുത്തേ അവന്? ദേവേട്ടന്റെ ജീവനായിരുന്നില്ലേ ഇത്? അത് വേറാർക്കേലും കൊടുക്കാനുള്ളതാണോ ഇങ്ങനെ ? ”
ലക്ഷ്മി കോപം നിയന്ത്രിക്കാനാവാതെ ഉറഞ്ഞു തുള്ളി. അതോടൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
കരച്ചിലിന്റെ ലാഞ്ഛനയുളള ആ വാക്കുകൾ എല്ലാവരുടെയും ഹൃദയത്തിൽ തറച്ചു കയറി.അതോടെ അവൾ ശങ്കരന്റെ മാറിൽ കിടന്ന് വിങ്ങിപ്പൊട്ടി.
“ഇത് മറ്റാരുമല്ലല്ലോ മോളെ ,നമ്മുടെ മാലതിയുടെ മോനല്ലെ? നമ്മുടെ അനന്തു.. ദേവൻ നോക്കിയിരുന്ന പോലെ തന്നെ അവനും ഈ വണ്ടി പൊന്നുപോലെ നോക്കും. ”
ശങ്കരൻ അവളെ അശ്വസിപ്പിക്കുവാനായി പറഞ്ഞു.വെള്ളപ്പാച്ചിൽ പോലെ ഒഴുകി തുടങ്ങിയ കണ്ണുനീർ അയാളുടുത്തിരുന്ന ഷർട്ടിലേക്ക് പറ്റിപ്പിടിച്ചു.
“ഇല്ലച്ഛാ ഒരാൾക്കും ദേവേട്ടനെ പോലെ ആ വണ്ടിയെ സ്നേഹിക്കാൻ പറ്റില്ല. കൊണ്ടു നടക്കാൻ പറ്റില്ല. എന്റെ ദേവേട്ടനെ പോലെയാകാൻ വേറാർക്കും പറ്റില്ല.”
വിതുമ്പിക്കൊണ്ട് ലക്ഷ്മി പറഞ്ഞു.
“സാരുല്ല മോളെ, നീയത് വിട്.. വാ ഭക്ഷണം കഴിക്കാം.”
ശങ്കരൻ അവളെയും കൊണ്ട് പോകാൻ തുനിഞ്ഞു. ഇതൊക്കെ കേട്ട് അനന്തു ആകെ പ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു.
ആ ബുള്ളറ്റ് ഓടിച്ചു അവന് കൊതി തീർന്നിരുന്നില്ല. അപ്പോഴാണ് ലക്ഷ്മിയുടെ രോദനം പ്രശ്നത്തെ രൂക്ഷമാക്കിയത്. അവർ തന്നിൽ നിന്നും ഈ ബുള്ളറ്റിനെ പിടിച്ചു വാങ്ങുമോ എന്നവൻ വൃഥാ സങ്കടപ്പെട്ടു.
“അച്ഛാ ആ വണ്ടി ഇങ്ങ് പിടിച്ചു വാങ്ങിക്ക് ”
ലക്ഷ്മി ദയാ ഭാവത്തോടെ അയാളെ നോക്കി.
“അതെനിക്ക് പറ്റില്ല മോളെ, അത് ഞാൻ അവന് സമ്മാനമായി കൊടുത്തതാ… ഇനി എനിക്ക് അത് തിരിച്ചു വാങ്ങാൻ പറ്റൂല… മോള് എന്നോട് ക്ഷമിക്ക് ”
ശങ്കരൻ നിസ്സഹായതയോടെ പറഞ്ഞു. അതുകേട്ടതും ലക്ഷ്മി കോപത്തോടെ അയാളിൽ നിന്നും കുതറി മാറി വിതുമ്പലോടെ ഉള്ളിലേക്ക് ഓടിപോയി.
എല്ലാവരും ആകെ പരവേശത്തിൽ ആയിരുന്നു. ലക്ഷ്മിയുടെ ഈയൊരു സ്വഭാവം എല്ലാവരെയും വല്ലാതെ വേദനിപ്പിച്ചു. ആകെ ശ്മാശാന മൂകതക്ക് സമാനമായി മാറിയിരുന്നു അവിടം . അല്പ സമയം കഴിഞ്ഞതും ശങ്കരൻ അനന്തുവിന് നേരെ തിരിഞ്ഞു.
“അനന്തൂ മോൻ പൊക്കോ.. വൈകണ്ട ”
ശങ്കരൻ പറഞ്ഞു. അതുകേട്ടതും ആശ്വാസത്തോടെ അനന്തു ബുള്ളറ്റ് എടുത്തു പറപ്പിച്ചു. അവൻ പോയി കഴിഞ്ഞതും മാലതിയും സീതയും ശങ്കരനു സമീപം വന്നു നിന്നു.
“എന്താ അച്ഛാ അവൾക്കിത്ര വാശി എല്ലാത്തിനോടും? ”
മാലതി ചോദിച്ചു
“അറിഞ്ഞൂടാ മോളെ, അനന്തുവിനെ കണ്ടതിൽ പിന്നെയാ അവൾക്ക് ഈ മാറ്റം”
ശങ്കരൻ ഓർമയിൽ നിന്നും ചികഞ്ഞെടുത്തു.
“അതിപ്പോ അനന്തൂട്ടന്റെ തെറ്റല്ലല്ലോ ദേവേട്ടന്റെ ഛായയുമായി ജനിച്ചത്. അതിനു ഇങ്ങനെ ദേഷ്യപ്പെടണോ? ”
സീത അനന്തുവിന്റെ പക്ഷം ചേർന്നു പറഞ്ഞു.
“പെണ്ണിന് രണ്ട് തല്ലു കിട്ടാത്ത കുഴപ്പമാ”
മാലതി കൈ തിരുമ്മിക്കൊണ്ട് പറഞ്ഞു
“ഏയ് നിങ്ങളങ്ങനൊന്നും കരുതണ്ട.. അവളെ ഒറ്റക്ക് വിട്ടേക്ക്.. കുറച്ചു
കഴിയുമ്പോ ശരിയായിക്കോളും ലക്ഷ്മി മോൾക്ക് ”
ശങ്കരൻ അവരെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.
ഇതൊന്നും അറിയാതെ ലക്ഷ്മി മുറിയിലെ കട്ടിലിൽ കിടന്നു വിതുമ്പുകയായിരുന്നു.അവൾക്ക് എല്ലാവരോടും വല്ലാത്തൊരു ഈർഷ്യയും കോപവും തോന്നി.
അതിന്റെ ഇരട്ടിയായിട്ട് അനന്തുവിനോടും തോന്നി.ദേവേട്ടനെക്കാളും പ്രാധാന്യം ഇപ്പൊ ഇന്നലെ വലിഞ്ഞു കേറി വന്നവനാണെന്നു ഓർത്തപ്പോൾ അവൾക്ക് സങ്കടം വന്നു.
പതിയെ പതിയെ എല്ലാരും ദേവേട്ടനെ മറന്നു പോകുമോ എന്നും അവൾ ഭയപ്പെട്ടു.ദേവേട്ടന്റെ അച്ഛൻ പോലും ജീവിതത്തിൽ ആദ്യമായി തന്നെ ധിക്കരിച്ചത് ഓർത്തു അവളുടെ മനസ് തേങ്ങി.
ഇപ്പൊ മാലതിയുടെ മോനോട് ദേഷ്യപ്പെടാൻ പോയപ്പോൾ പോലും ആ മുഖത്തേക്ക് നോക്കാൻ തനിക്ക് ത്രാണിയില്ലാതായിരുന്നു .എല്ലാവരും കൂടി അനന്തുവിനെ സ്നേഹിക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
അവൾ എണീറ്റു നേരെ അനന്തു ഉപയോഗിക്കുന്ന ദേവന്റെ മുറിയിലേക്ക് പോയി. മുറിയുടെ വാതിൽ തള്ളി തുറന്നു അവൾ ഉള്ളിലേക്ക് കയറി.
ഭിത്തിയിൽ തൂക്കിയിരിക്കുന്ന ദേവന്റെ ചിത്രത്തിലേക്ക് അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.ദേവന്റെ ചിരിയുടെയും നീല കണ്ണുകളുടെയും കാഴ്ച അവളുടെ മനസിലെ സങ്കടങ്ങളുടെ വേലിയേറ്റത്തിന്റെ ആഘാതം കുറച്ചു.
അവൾ മേശയിൽ ഉള്ള ദേവന്റെ ഫോട്ടോ എടുത്തു നേരെ സ്വന്തം മുറിയിലേക്ക് പോയി. അതിനു ശേഷം ആ ഫോട്ടോ നെഞ്ചോട് ചേർത്തു വച്ചു അവൾ കട്ടിലിൽ അമർന്നു കിടന്നു.അർദ്ധ നിദ്രയിലും അവളുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു..
“ദേവേട്ടൻ…… ദേവേട്ടൻ…… ദേവേട്ടൻ ”
മുത്തശ്ശൻ പറഞ്ഞതനുസരിച്ചു വില്ലേജ് ഓഫീസറെ കൂട്ടാൻ അനന്തു ബുള്ളറ്റ് ശര വേഗത്തിൽ പറപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമത്തിന്റെ അതിർത്തിയിൽ ഉള്ള ആശുപത്രിക്ക് സമീപം ആണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
അരുണിമയെയും കൊണ്ടു മുൻപ് പോയതിനാൽ വഴിയൊക്കെ അവന് മനഃപാഠമായിരുന്നു. തെങ്ങും തോപ്പുകളും പാടങ്ങളും മറി കടന്നു ഒരുപാട് കച്ചവട സ്ഥാപനങ്ങൾ ഇരുവശത്തും സ്ഥിതി ചെയ്യുന്ന റോഡിലൂടെ അവൻ ബുള്ളറ്റ് പറപ്പിച്ചു.
കുറേ ദൂരം മുന്നോട്ടേക്ക് എത്തിയതും മുൻപിൽ വഴി രണ്ടായി ഭാഗിക്കപെട്ടിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. ആശുപത്രിയിൽ പോയ ഓർമയിൽ അനന്തു ബുള്ളറ്റ് വലത്തോട്ടുള്ള വഴിയിലേക്ക് കയറി പോകാൻ ഹാൻഡിൽ തിരിക്കാൻ ശ്രമിച്ചതും ബുള്ളറ്റ് ഇടതു വശത്തേക്ക് തനിയെ കേറി പോയി.
ആ റോഡിലൂടെ ബുള്ളറ്റ് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു. അനന്തു ഞെട്ടലോടെ വണ്ടി ചവിട്ടി നിർത്താൻ നോക്കി. എന്നാൽ അത് പ്രവർത്തനരഹിതമായിരുന്നു.
ആ സമയം അവന്റെ നട്ടെലിലൂടെ മിന്നൽ പിണർ പാഞ്ഞു. അനന്തു വെപ്രാളത്തോടെ ഫ്രന്റ് ബ്രേക്കും പിടിച്ചു നോക്കി.എന്നാൽ അതും പ്രവർത്തനരഹിതമായിരുന്നു.
അവൻ ഭയത്തോടെ ആക്‌സിലേറ്ററിൽ നിന്നും കയ്യെടുത്തു. ആ സമയം വണ്ടിയുടെ വേഗത കുറഞ്ഞെങ്കിലും പൊടുന്നനെ ആക്‌സിലേറ്റർ മറ്റാരുടെയോ പ്രേരണ പോലെ തനിയെ വീണ്ടും തിരിഞ്ഞു. അതോടെ ബുള്ളറ്റിന്റെ കുറഞ്ഞ വേഗത കൂടിയതായി മാറി.
ബുള്ളറ്റ് സ്വയം ഗിയർ മാറ്റി മുന്നിലേക്ക് ചാട്ടുളി പോലെ കുതിച്ചു. അനന്തു പേടിയോടെ ബ്രേക്കിൽ ആഞ്ഞു ചവുട്ടിക്കൊണ്ടിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം.
മറ്റാരുടെയോ പ്രേരണയിൽ ബുള്ളറ്റ് മുന്നിലേക്ക് നീങ്ങി.വണ്ടിയിൽ നിന്നും എടുത്തു ചാടിയാലോ എന്നവൻ ചിന്തിച്ചു. എന്നാൽ ബുള്ളറ്റിനു എന്തേലും പറ്റിയാൽ ആ മൂധേവി തന്നെ ബാക്കി വച്ചേക്കില്ലെന്നു അവന് ഉറപ്പായിരുന്നു.
ഏതായാലും മരണം മുന്നിലെത്തിയെന്നു അവന് മനസിലായി. കൊല്ലങ്ങളായിട്ട് ഓടാതെ കിടന്നിരുന്ന ഒരു ബൈക്ക് എടുക്കാൻ പോയ നിമിഷത്തെ അവൻ ശപിച്ചു.
ഏതേലും കുഴിയിലോ അല്ലേൽ മരത്തിലോ ഈ വണ്ടി പോയി ഇടിക്കുമെന്നു അവന് ഏകദേശം ഉറപ്പായി. എങ്കിലും അവസാന ശ്രമമെന്നോണം ബ്രേക്കിൽ ഒന്നുകൂടി ആഞ്ഞു ചവിട്ടികൊണ്ടിരുന്നു.
പക്ഷെ ഒന്നും നടന്നില്ല.അടിക്കടി ഗിയർ മാറുന്നതും ആക്‌സിലേറ്റർ തിരിയുന്നതുമായ ശബ്ദം മാത്രം അവൻ ഇടക്കിടക്ക് കേട്ടുകൊണ്ടിരുന്നു.വളവും തിരിവും ബുള്ളറ്റ് അനായാസത്തോടെ സ്വയം വെട്ടിച്ചെടുത്തു.
മരിക്കാൻ സമയമായെന്ന് മനസിലായതോടെ അനന്തുവിന്റെ മുൻപിൽ അമ്മ മാലതിയുടെയും ശിവയുടെയും അച്ഛന്റെയും അച്ഛച്ചന്റെയും മുഖങ്ങൾ ഓരോന്നായി ഓർമ വന്നു.
അനന്തു വിറയലോടെ കണ്ണുകൾ അടച്ചു. റോഡിലൂടെ അനായാസം ഓടിയ ബൈക്ക് ഒരു ചകിരി ഫാക്ടറിയുടെ ഉള്ളിലേക്ക് കയറിപ്പോയി. അതിന്റെ മധ്യത്തിൽ എത്തിയതും ബുള്ളറ്റ് തനിയെ നിന്നു.
ഒന്ന് രണ്ട് തവണ മുക്രയിട്ട ശേഷം അവന്റെ കുഡു കുടു ശബ്ദം പതിയെ നിലച്ചു.അപ്പോഴത്തെ പ്രകമ്പനം കാരണം അവിടെ ജോലി ചെയ്തോണ്ടിരുന്ന 2, 3 പേർ അവനെ എത്തി നോക്കിയ ശേഷം തിരിച്ചു ജോലിയിൽ വ്യാപൃതരായി.
അനന്തു കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ചകിരിയും കയറും ഒക്കെ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലത്ത് എത്തിയതായിട്ടാണ് കണ്ടത്. അപ്പോഴാണ് അവന് ബുള്ളറ്റിന്റെ മുകളിൽ ഇരിക്കുകയാണെന്ന ബോധം വന്നത്.
അവൻ അതിൽ നിന്നും ചാടിയെണീറ്റു. അതിനുശേഷം ദേഹമാകെ അവൻ കയ്യോടിച്ചുകൊണ്ട് പരിശോധിച്ചു. ശരീരത്തിൽ മുറിവോ ചതവോ ഒന്നുമില്ലെന്ന് അവൻ ഉറപ്പാക്കി.
എവിടെയും വീഴാതെ അഞ്ചു മിനിറ്റോളം ബുള്ളറ്റ് തനിയെ ഇങ്ങോട്ട് ഓടി വന്നതോർത്തു അവന് അതിശയം തോന്നി. കിതപ്പടങ്ങാനായി അവൻ ശ്വാസം വലിച്ചു വിട്ടു.
എളിയിൽ കൈ കുത്തി ചുറ്റുപാടും അവനൊന്നു കണ്ണോടിച്ചു. എന്നാൽ എവിടെയാണ് ഇപ്പൊ എത്തിച്ചേർന്നതെന്ന് അവന് മനസിലായില്ല.
എങ്കിലും ജീവൻ തിരിച്ചു കിട്ടിയഒരു ആശ്വാസത്തിൽ ആയിരുന്നു അവൻ. ഒരു നെടുവീർപ്പോടെ അനന്തു സാവധാനം ബുള്ളറ്റിൽ കേറാൻ നോക്കി.
“കൂയ് എന്താ അവിടെ? ”
പുറകിൽ ഒരാളുടെ ഗാംഭീര്യമുള്ള ശബ്ദം കേട്ട് അനന്തു തിരിഞ്ഞു നോക്കി. കൈലി മുണ്ടും ഷർട്ടും അണിഞ്ഞു ചകിരി നാരിൽ കുളിച്ചിരിക്കുന്ന ഒരാൾ തന്നെ നോക്കി നിക്കുന്നത് അവൻ കണ്ടു. അവിടെ ജോലി ചെയ്യുന്ന ആളാണെന്നു അവന് മനസിലായി.
“ഒന്നുല്ല ചേട്ടാ വഴി തെറ്റിയതാ ”
അനന്തു ഒരു ക്ഷമാപണമെന്നപോലെ അയാളെ കൈയുയർത്തി കാണിച്ചു. അതിനു ശേഷം അവൻ വീണ്ടും ബൈക്കിൽ കേറാൻ തുനിഞ്ഞു.
“ഡോ ഇങ്ങോട്ട് തിരിഞ്ഞേ “
അയാൾ പുറകിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു. പൊന്തിച്ച കാൽ താഴ്ത്തി വച്ചു ഈർഷ്യയോടെ അനന്തു അയാളെ നോക്കി.
അനന്തുവിനെ കണ്ടതും അയാൾ മടക്കി കുത്ത് അഴിച്ചു വച്ചു അവനെ സൂക്ഷ്മതയോടെ നോക്കി. അയാളുടെ കണ്ണുകൾ ഇരയെ കണ്ട ചെന്നായയെ പോലെ തിളങ്ങി..
“നീ അവനല്ലേ ? ”
അനന്തുവിന് നേരെ കൈ ചൂണ്ടി അയാൾ ആക്രോശിച്ചു.
“ആര്? എന്താ ചേട്ടാ പ്രശ്നം? ”
അനന്തു ആകെ അങ്കലാപ്പിലായി.അവന് ഒന്നും മനസിലായില്ല.
“ഡാ നീയന്ന് തീർന്നതാണെന്നാ ഞാൻ വിചാരിച്ചേ? അപ്പൊ നീ ചത്തില്ലല്ലേ? ഇന്ന് നിന്റെ അവസാനമാ”
അയാൾ അലറിക്കൊണ്ട് അവനു നേരെ ഓടി വന്നു.അനന്തുഎന്തെങ്കിലും പറയുന്നതിനു മുൻപ് തന്നെ അവന്റെ ചെകിട്ടത്ത് അയാളുടെ തഴമ്പിച്ച കൈകൾ പതിഞ്ഞിരുന്നു.
“പ്ഠേ ”
മുഖത്തിനിട്ട് ഊക്കിൽ അടി കിട്ടിയ ആഘാതത്തിൽ അനന്തു പുറകിലേക്ക് തെറിച്ചു വീണു. അയാൾ ഒരു വഷളൻ ചിരിയോടെ കൈകൾ തിരുമ്മിക്കൊണ്ട് അവന്റെ മുൻപിൽ വന്നു നിന്നു.
അനന്തു കവിള് തിരുമ്മിക്കൊണ്ട് പതിയെ എണീറ്റു. അടികൊണ്ട ഭാഗത്ത് 5 കൈ വിരലുകൾ അമർന്നതിന്റെ തിണിർത്ത പാട് തെളിഞ്ഞു വന്നു.അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ചേട്ടാ നിങ്ങൾക്ക് ആള് …..”
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞൊരു ചവിട്ട് കിട്ടി. അവൻ പുറകിലേക്ക് മലച്ചു വീണു. അതോടൊപ്പം അയാൾ ബുള്ളറ്റ് ഉന്തിയിട്ടു.
അത് നിലത്തേക്ക് വലിയ ശബ്ദത്തിൽ ചരിഞ്ഞു വീണു. ഒച്ചപ്പാട് കേട്ട് നാലു ഭാഗത്ത് നിന്നും കുറേ ഗഡാ ഗഡിയന്മാർ ഓടി വന്നു.
എല്ലാവരും നല്ലൊരു അടിപിടി കാണാനുള്ള ഉത്സാഹത്തിൽ വട്ടം ചുറ്റി നിന്നു.
“രാഘവേട്ടാ ആ ഗേറ്റ് അടച്ചേക്ക് ”
തലയിൽ ചുവന്ന തോർത്ത് കെട്ടി ബീഡി വലിച്ചുകൊണ്ടിരുന്ന ഒരു മധ്യവയസ്കനോട് അയാൾ അലറി. വലിച്ചുകൊണ്ടിരുന്ന ബീഡി കുറ്റി നിലത്തേക്ക് വലിച്ചെറിഞ്ഞ് അയാൾ ഓടി പോയി ഫാക്ടറിയുടെ ഇരുമ്പ് ഗേറ്റ് കഷ്ടപ്പെട്ട് വലിച്ചടച്ചു.
ഈ സമയം അനന്തു ചുമച്ചു കൊണ്ട് പിടഞ്ഞെണീറ്റു.നെഞ്ചിൽ കിട്ടിയ ചവിട്ട് അത്രയ്ക്കും ശക്തിയുള്ളതായിരുന്നു.
ഞരക്കത്തോടെ അവൻ അയാളെ നോക്കി. അയാൾ കോപം കത്തുന്ന കണ്ണുകളോടെ അനന്തുവിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു.അതിനു ശേഷം അവിടെ കെട്ടുകളായി വച്ചിരിക്കുന്ന ചാക്ക് കൂനയിലേക്ക് അവനെ ചേർത്തു പിടിച്ചു.
അയാളുടെ ഇരുമ്പ് പോലുള്ള കൈയുടെ പിടുത്തം കഴുത്തിൽ മുറുകിയതും അനന്തു പ്രാണരക്ഷാർത്ഥം അയാളെ തള്ളി മാറ്റാൻ നോക്കി.എന്നാൽ ശില പോലെ അയാൾ നിന്നതും അവൻ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി.
മറ്റുള്ളവരുടെ സഹായത്തിനായി അനന്തു കേണു. എന്നാൽ വായിൽ നിന്നും ഒരക്ഷരം പോലും ഉരിയാടാൻ അവന് കഴിഞ്ഞില്ല. ആരും തിരിഞ്ഞു നോക്കാതായതോടെ അയാളുടെ കൈപ്പിടിയിൽ കിടന്ന് ഒടുങ്ങുമെന്ന് അവന് ഉറപ്പായി.
ശ്വാസം കിട്ടാതെ അനന്തുവിന്റെ കണ്ണുകൾ പുറത്തേക്കുന്തി. കണ്ണുകൾ നിറഞ്ഞ് തുളുമ്പി. മുഖത്തെ പേശികൾ വലഞ്ഞു മുറുകി.ഹൃദയതാളം ദ്രുതഗതിയിൽ വർധിച്ചതും ഇരയെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള മോഹത്തോടെ അയാൾ അവനെ പിടുത്തത്തിൽ നിന്നും വിടുതൽ നൽകി.
അയാൾ കൈയെടുത്തതും അനന്തു ഉറക്കെച്ചുമച്ച് കൊണ്ട് നിലത്തേക്ക് കുനിഞ്ഞിരുന്നു. നെഞ്ചിൽ തടവിക്കൊണ്ട് ആഞ്ഞ് ശ്വാസം വലിച്ചു വിട്ടു.പതിയെ തലക്കറക്കത്തിന് ശമനം വന്നതും ആ നരകത്തിൽ നിന്നും എങ്ങനേലും രക്ഷപ്പെടാൻ അവന്റെ മനസ് വെമ്പി.
ഒന്നുകൂടി ആഞ്ഞ് ശ്വാസം വലിച്ച് അവൻ എണീറ്റ് ഓടാൻ ശ്രമിച്ചു. എന്നാൽ അവന്റെ കാലുകൾ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്ന പോലെ അവന് തോന്നി.ഓരോ അടി വയ്ക്കുമ്പോഴും കാലുകൾ തളർന്നു പോകുന്ന പോലെ തുടങ്ങിയതും വേച്ചു വച്ച് അവൻ നടക്കാൻ ശ്രമിച്ചു.
അനന്തുവിന്റെ നിസഹായത കണ്ട് ചിലരിൽ സഹതാപവും മറ്റു ചിലരിൽ ഹരവും ഉടലെടുത്തു. ആ സമയം കൂട്ടാളികളിൽ നിന്നും ഒരാൾ അയാൾക്കു നേരെ ഒരു മരക്കഷണം എറിഞ്ഞു കൊടുത്തു.
അത് ചാടിപ്പിടിച്ച അയാൾ വേദനയോടെ വേച്ചു നടക്കുന്ന അനന്തുവിനെ ക്രൂരമായ ചിരിയോടെ നോക്കി. അതിനു ശേഷം അവന്റെ തലയുടെ പിൻഭാഗം ലക്ഷ്യമാക്കി അയാൾ മരക്കഷ്ണം ശക്തിയിൽ വീശി.
“പ്ഠക് ”
തലയ്ക്കു പിന്നിൽ ശക്തമായ പ്രഹരമേറ്റ അനന്തു നിലത്തേക്ക് തെറിച്ചു വീണു.
“ആഹ് ”
അനന്തു പ്രാണൻ പോകുന്ന വേദനയിൽ അലറിക്കരഞ്ഞു.തലപ്പൊട്ടിപ്പുളയുന്ന വേദനയിൽ അവൻ കൈ കാലുകൾ നിലത്തിട്ടടിച്ചു.
പതിയെ അവന്റെ കണ്ണുകളിൽ ഇരുൾ വ്യാപിച്ചു.അനന്തുവിന്റെ കണ്ണുകൾ തനിയെ അടഞ്ഞു വന്നു.
അവിടെ കൂടി നിന്നവരുടെ അടക്കം പറച്ചിലോ ഹർഷാരവങ്ങളോ അല്ല അവന്റെ കാതിൽ മുഴങ്ങിയത് പകരം മറ്റൊന്നായിരുന്നു.ഒരു പെൺകുട്ടിയുടെ നനുത്ത സ്വരം
“ദേവേട്ടാ… ദേവേട്ടാ ”
അനന്തു പൊടുന്നനെ ഞെട്ടിയെണീറ്റു നിന്നു.അവൻ തലയുടെ പുറകിൽ കൈകൊണ്ട് തടവി നോക്കി.
അവന് വേദനയോ യാതൊരു ബുദ്ധിമുട്ടോ തോന്നിയില്ല.കഴുത്തിൽ കൈ വച്ചു അമർത്തി. യാതൊരു വിധ വേദനയോ നീറ്റലോ ഇല്ല.
അനന്തു സന്തോഷത്തോടെ കണ്ണു മിഴിച്ചു ചുറ്റും നോക്കിയപ്പോഴാണ് താൻ ഒരു കുന്നിൻ ചരുവിൽ ആണെന്ന് അവന് മനസിലായത്. ആ ചരുവിൽ ആകമാനം നീല നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ഒറ്റ നോട്ടത്തിൽ തന്നെ അവനു അത് നീലക്കുറിഞ്ഞി പൂവ് ആണെന്ന് മനസിലായി.കുന്നിൻ ചരുവിലാകെ നീല ചായം വാരി വിതറിയ പോലെ അവ അങ്ങനെ പടർന്നു കിടക്കുന്നു.
ആരെയും വശീകരിക്കുന്ന മനോഹാരിതയും സൗന്ദര്യവും അനന്തു തെല്ല് നേരത്തേക്ക് നോക്കി നിന്നു പോയി. എല്ലാം മറന്നു ആ കാഴ്ചകളിൽ അവൻ ലയിച്ചിരുന്നു.
അവൻ പതിയെ പൂക്കളെ വകഞ്ഞു മാറ്റി മുന്നിലേക്ക് നടക്കാൻ തുടങ്ങി. അല്പം നടന്നതും തൊട്ടു മുൻപിലായി ഒരു പെൺകുട്ടി നീല നിറത്തിലുള്ള സാരിയും ബ്ലൗസും അണിഞ്ഞു കയ്യിലുള്ള കൂടയിലേക്ക് നീലക്കുറിഞ്ഞി പൂക്കളിറുത്തെടുത്ത് നിക്ഷേപിച്ചു കൊണ്ടിരുന്നു.
പുറം തിരിഞ്ഞു നിൽക്കുന്ന ആ പെൺകുട്ടിയുടെ പ്രവൃത്തിയെ അല്പ നേരം വീക്ഷിച്ച ശേഷം അനന്തു മാറി പോകാനായി തുനിഞ്ഞു. അപ്പോഴാണ് ആ പെൺകുട്ടി അവളുടെ മുഖം അവന് ദർശനം നൽകിയത്.
അത് കണ്ടതും അനന്തു സന്തോഷത്തോടെ അവളുടെ അടുത്തേക്ക് ഓടി വന്നു..
“കല്യാണീ…. ”
അനന്തു അവളെ നോക്കി ഉച്ചത്തിൽ അലറി. ആ അലർച്ച കേട്ട് അവൾ ഞെട്ടിപിടഞ്ഞെണീറ്റു.
എന്നിട്ട് ചുറ്റും പാടും തല ചരിച്ചു നോക്കി. അനന്തുവിനെ കണ്ടതും അവൾ അത്ഭുതത്തോടെ അവനെ നോക്കി വിളിച്ചു.
“ദേവേട്ടാ….. ”
“കല്യാണീ…. ”
അനന്തു വിശ്വാസം വരാതെ അവളെ തന്നെ ഉറ്റു നോക്കി.അവളുടെ പിടയ്ക്കുന്ന പൂച്ചക്കണ്ണുകൾക്കും വിറയ്ക്കുന്ന അധരങ്ങൾക്കും തന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി.
അപ്പോഴേക്കും കല്യാണി അനന്തുവിനെ കണ്ട സന്തോഷത്തിൽ കൈകൾ നീട്ടി അവനെ മാടി വിളിച്ചു. കല്യാണിയുടെ നിറഞ്ഞ മാറിൽ മുഖം പൂഴ്ത്തി വക്കാൻ കൊതിച്ചു അനന്തു അവളുടെ അടുത്തേക്ക് വരാൻ തുനിഞ്ഞതും കല്യാണിയുടെ തലയ്ക്ക് പിന്നിൽ മരക്കഷ്ണം വച്ച് പ്രഹരം കിട്ടിയതും ഒരുമിച്ചായിരുന്നു.
തലയ്ക്ക് പിറകിൽ ആഘാതമേറ്റ അവൾ നിലത്തേക്ക് കുഴഞ്ഞു വീണു.പിന്നിൽ ഒരു വഷളൻ ചിരിയോടെ കൈലിമുണ്ടും ഷർട്ടുമണിഞ്ഞ അതേ ആൾ നിൽക്കുന്നത് കണ്ട് അനന്തു ഞെട്ടി.
“കല്യാണി…. മോളെ ”
അനന്തു അലറിക്കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നിരുന്നു. നിലത്തിരുന്ന് കല്യാണിയുടെ തലയെടുത്ത് മടിയിലേക്ക് വച്ച് അവൻ വിങ്ങിപ്പൊട്ടി.
“കല്യാണിക്കുട്ടി…. മോളെ… ”
അനന്തു അലറിക്കൊണ്ട് അവളുടെ ചോര കിനിഞ്ഞു വന്ന കവിളുകളിലും നെറുകയിലും പതിയെ തലോടി.
“ദേവേട്ടാ….ക… കല്യാണി…ക്ക്… വേദനി…ക്കുണു ”
വാക്കുകൾ കിട്ടാതെ അവൾ വിക്കി
“എന്റെ മോളെ നിനക്ക് ഒന്നുല്ലട്ടോ.. നിന്റെ ദേവേട്ടനല്ലെ കൂടെയുള്ളേ, എന്റെ കല്യാണിക്ക് ഒന്നുല്ലാട്ടോ ”
അനന്തു വിതുമ്പിക്കൊണ്ട് പറഞ്ഞു. ചോരയിൽ കുളിച്ച മുഖവുമായുള്ള കല്യാണിയുടെ കിടപ്പ് കണ്ട്, അവൾ സഹിക്കുന്ന വേദന കണ്ട് അനന്തുവിന്റെ നെഞ്ച് പിടച്ചു.
“ദേവേ… ട്ടാ നിക്ക്”
“മോളെ കല്യാണി”
“ദേവ……. “പറഞ്ഞു തീരുംമുമ്പേ കല്യാണിയുടെ ശരീരത്തിൽ നിന്നും ജീവന്റെ അവസാന കണികയും പറന്നകന്നിരുന്നു.
അവളുടെ അനക്കമറ്റ ശരീരത്തെ നോക്കി അനന്തു ഒരു മരപ്പാവയെ പോലെയിരുന്നു. ജീവന്റെ പാതി തന്നിൽ നിന്നും വേർപെടുന്നതിന്റെ വേദന സഹിക്കാനാവാതെ അവൻ പൊട്ടി കരഞ്ഞു.
തന്റെ പ്രിയതമ മരണത്തെ പുൽകിയെന്ന പ്രപഞ്ച സത്യം ഉൾക്കൊള്ളാനാവാതെ അവളുടെ ചലനമറ്റ പൂച്ചക്കണ്ണുകളിലേക്ക് അവൻ ഉറ്റു നോക്കിക്കൊണ്ടിരുന്നു.
തന്റെ സഖിയുടെ ആത്മാവ് തന്നിൽ നിന്നും വേർപെട്ടു പോകാതിരിക്കാൻ ആ മൃതദേഹത്തെ അവൻ വൃഥാ കൈകൾ കൊണ്ടു ചുറ്റി വരിഞ്ഞുകൊണ്ടിരുന്നു.
കല്യാണിയെ നെഞ്ചോട് ചേർത്തു പിടിച്ചു അനന്തു മുകളിലേക്ക് നോക്കി സർവ്വ നിയന്ത്രണങ്ങളും വിട്ട് പൊട്ടി കരഞ്ഞു
“ആാാാാഹ് ”
നഷ്ട്ടപെട്ടു കൊണ്ടിരുന്ന സ്വബോധം വീണ്ടെടുത്ത് അനന്തു ചാടിയെണീറ്റു. അടഞ്ഞു പോയ കണ്ണുകൾ അവൻ വലിച്ചു തുറന്നു.
ശ്വാസം വലിച്ചെടുത്തു അവൻ മുഷ്ടി ചുരുട്ടി പിടിച്ചു. ക്രോധം കൊണ്ടു അവന്റെ കണ്ണുകൾ ചോരമയമായി തീർന്നു. അവന്റെ ശരീരത്തിലെ ഓരോ പേശികളും വലിഞ്ഞു മുറുകി.
അനന്തു എണീറ്റത് കണ്ടത് ഫാക്ടറിയിൽ ചുറ്റും കൂടി നിന്നവരിൽ പലരും അത്ഭുതത്തോടെ മൂക്കത്ത് വിരൽ വച്ചു. അനന്തു എണീറ്റത് കണ്ട് നേരത്തെ അവനെ കണക്കറ്റ് ഉപദ്രവിച്ചയാൾ ക്രൂരമായ ചിരിയോടെ തന്റെ ഇരയെ വീണ്ടും ചാടി പിടിക്കാൻ വെമ്പൽ കൊണ്ടു.
പുറകിൽ അയാളുടെ സാന്നിധ്യം അവന്റെ ആറാം ഇന്ദ്രിയം തിരിച്ചറിഞ്ഞതും അവൻ ഒരു കണ്ണിറുക്കി പിടിച്ചു കാലുകൊണ്ട് അഭ്യാസത്തിലൂടെ നിലത്തു കിടക്കുന്ന മരക്കഷ്ണം അവന്റെ കയ്യിൽ എത്തിച്ചു.
കയ്യിൽ എത്തിയതും നൊടിയിടയിൽ അനന്തു പുറകിലേക്ക് തിരിഞ്ഞു അയാളുടെ മുഖം ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു. കണ്ണിമ ചിമ്മുന്നത്തിനു മുൻപ് ആ മരക്കഷ്‌ണം അയാളുടെ മുഖം തകർത്തു കൊണ്ടു തെറിച്ചു പോയി.
“ഹാാാ ”
വേദനയോടെ അയാൾ നിലത്തേക്ക് തെറിച്ചു വീണു.മറ്റുള്ളവർ കണ്ണടച്ച് തുറക്കും മുൻപ് എതിരാളി നിലത്തു വീണു കിടക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി വിറച്ചു.
അപ്പോഴേക്കും ഇടത് ഭാഗത്ത് നിന്നു ഒരാൾ ആൾക്കാരെ വകഞ്ഞു മാറ്റി അനന്തുവിന്റെ അടുത്തേക്ക് ഓടി വന്നു. അടുത്തെത്തിയതും അയാൾ മുഷ്ടി ചുരുട്ടി അവന് നേരെ നീട്ടി.
അനന്തു അത് കൈപ്പിടിയിൽ ഒതുക്കിയ ശേഷം അയാളുടെ മുഷ്ടിയിൽ പിടിച്ചു ശക്തിയിൽ വലിച്ചു. നിയന്ത്രണം വിട്ട അയാൾ മുന്നിലേക്ക് ആഞ്ഞതും അനന്തു കൈ മടക്കി പിടിച്ചു അയാളുടെ മുഖം നോക്കി വീശി.
ധക്
മുഖത്തിനിട്ട് ശക്തിയിൽ പ്രഹരം കിട്ടിയ അയാൾ നിലത്തേക്ക് നടുവും തല്ലി വീണു.
ഡാാാാ
കൂട്ടത്തിൽ നിന്നും ഒരു തടിയൻ അലറി വിളിച്ചു കൊണ്ടു ഓടി വന്നു
അനന്തുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു തള്ളി.പിന്നിലേക്ക് ആഞ്ഞു പോയ അനന്തു സർവ്വശക്തിയുമെടുത്ത് മുന്നിലേക്ക് ആഞ്ഞു മുഷ്ടി ചുരുട്ടി തടിയന്റെ വയറ്റിൽ ഉഗ്രൻ താഡനം നൽകി.
ഓർക്കാപ്പുറത്ത് വയറ്റിൽ ഇടി കിട്ടിയ അയാൾ ചുമച്ചുകോണ്ട് വേദന സഹിക്കാനാവാതെ വയറു പോത്തി നിലത്തിരുന്നു. അനന്തു ഒരു കാലിൽ നിന്നു ബാലൻസ് ചെയ്തു മറു കാല് കൊണ്ടു അയാളുടെ മുഖത്തേക്ക് ഊക്കിൽ വീശി.
പ്ധക്
മുഖത്തു ഉഗ്രൻ പ്രഹരം കിട്ടിയ അയാൾ നിലത്തേക്ക് തെറിച്ചു വീണു. അപ്പോഴേക്കും ആദ്യം അനന്തുവിനെ തല്ലിയ അയാൾ മുഖത്തെ ചോരയൊക്കെ കൈകൊണ്ട് തുടച്ചു മാറ്റി അവന് നേരെ അടിവച്ചടി വച്ചു നടന്നു.
അനന്തു പൊടുന്നനെ പുറകിലേക്ക് ആഞ്ഞു വായുവിൽ ഉയർന്നു അയാളുടെ കഴുത്തിനു നേരെ കാലു വീശി.കൂടം കൊണ്ടു അടി കിട്ടിയ പോലെ കഴുത്തൊടിഞ്ഞു അയാൾ നിലത്തേക്ക് വീണു.
വലിയ വായിൽ അയാൾ അലറി കരഞ്ഞുകൊണ്ട് നിലത്തു കിടന്ന് പിടച്ചുകൊണ്ടിരുന്നു.അയാളുടെ കടവായിലൂടെ കട്ട ചോര പുറത്തേക്കൊഴുകി.
അനന്തു പതുക്കെ അയാളുടെ അടുക്കലേക്ക് നടന്നു വന്നു
“എന്റെ കല്യാണിയെ നീ കൊല്ലുമല്ലെടാ നായെ”
രോഷത്തോടെ നിലത്തു കിടന്നു പിടയ്ക്കുന്ന അയാളുടെ കഴുത്ത് നോക്കി അവൻ ആഞ്ഞു ഒരു ചവിട്ടു കൂടി നൽകി. കഴുത്തിൽ ശക്തിയേറിയ താഡനമേറ്റതും അയാൾ ബോധരഹിതനായി.
അരിശം തീരാതെ അനന്തു വീണ്ടും വീണ്ടും അയാളുടെ ഒടിഞ്ഞ കഴുത്തിൽ ആഞ്ഞു ചവിട്ടിക്കൊണ്ടിരുന്നു. അയാൾ പ്രതികരിക്കാനാകാതെ മൂളിക്കൊണ്ട് നിസ്സഹായതയോടെ നിലത്തു കിടന്നു.
അനന്തുവിന്റെ പരാക്രമം കണ്ട് അവിടെ ചുറ്റും കൂടി നിന്നവർ ഭയന്ന് വിറച്ചു.അനന്തു മുരണ്ടുകൊണ്ട് അവരെ തുറിച്ചു നോക്കി.
എല്ലാവരും ഭയന്ന് പിറകിലേക്ക് പിന്മാറി. നിലത്തു അമർത്തി ചവിട്ടികൊണ്ട് അനന്തു നേരെ ബുള്ളറ്റിനു അരികിലേക്ക് പോയി. നിലത്തു വീണു കിടക്കുന്ന ബുള്ളറ്റ് അവൻ പൊക്കിയെടുത്തു.
അതിനു ശേഷം അതിൽ കയറിയിരുന്നു കിക്കർ ചവിട്ടി ഓൺ ആക്കി. ഉറക്കം വിട്ടെണീറ്റ അവന്റെ പടക്കുതിര മുക്രയിട്ടു കൊണ്ടു അവിടമാകെ പ്രകമ്പനം കൊള്ളിച്ചു.
ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടതും എല്ലാവരും ഭയന്ന് അനന്തുവിനെ നോക്കി. വണ്ടി മുന്നോട്ടെടുക്കാൻ തുനിഞ്ഞതും ഭിത്തിക്ക് സമീപമുള്ള എന്തിലോ അവന്റെ കണ്ണുകൾ തറഞ്ഞു.
അവൻ ആക്‌സിലേറ്ററിൽ രണ്ടു തിരി തിരിച്ച ശേഷം വണ്ടി ഓഫ് ചെയ്തു. അതിൽ നിന്നും ചാടിയിറങ്ങിയ അവൻ ആ ഭിത്തിക്ക് സമീപത്തേക്ക് നടന്നു.
അത് കാണുന്തോറും ഉള്ളിൽ നുരഞ്ഞു പൊന്തിയിരുന്ന പക പതിയെ ആകാംക്ഷയായി മാറിക്കൊണ്ടിരുന്നു. ഭിത്തിയിൽ ചാരി വച്ചിരിക്കുന്ന വലിയ കണ്ണാടി ചില്ലിലൂടെ കാണുന്ന തന്റെ പ്രതിബിംബത്തെ നോക്കി കാണുകയായിരുന്നു അനന്തു.
അപ്പോഴാണ് അവന് അയാൾ തന്നെ ആദ്യം കണ്ടപ്പോൾ നീ അവനല്ലേ എന്ന് ചോദിച്ചത് അവന്റെ ബോധമണ്ഡലത്തിലേക്ക് വന്നത്.അപ്പോഴാണ് അനന്തുവിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായത്.
അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി.
“അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്… ആരാണ് അവർ?”
അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു.
മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ ബുള്ളറ്റിൽ വന്നിരുന്നു. എവിടുന്ന് തുടങ്ങണം, എപ്പോ തുടങ്ങണം എന്ന ചോദ്യങ്ങളുടെ നടുക്ക് കിടന്ന് ചക്രശ്വാസം വലിച്ചുകൊണ്ട്………
(തുടരും)
Nb : ഒരുപാട് വൈകിയത് കൊണ്ടു എല്ലാവരോടും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഈ പാർട്ടിന് വേണ്ടി എല്ലാവരും കാത്തിരിക്കുന്നുണ്ടെന്നു അറിഞ്ഞുകൊണ്ട് പെട്ടെന്നു എഴുതി തീർത്തതാട്ടോ.. എത്രത്തോളം നന്നായെന്ന് അറിഞ്ഞൂടാ.. കുറവുകൾ ഉണ്ടേൽ പരിഹരിക്കാട്ടോ.. തിരക്കിൽ ആയിപോയതോണ്ടാട്ടോ നല്ലോണം വൈകിയേ.. സ്നേഹിതൻ ബ്രോ…. ഞാൻ വന്നൂട്ടോ മുത്തേ 😍 സ്നേഹത്തോടെ ചാണക്യൻ… !!!
Comments:
No comments!
Please sign up or log in to post a comment!