ശ്രീഭദ്രം ഭാഗം 8
മിന്നാരം സിനിമയിൽ മണിയൻപിള്ള രാജു കുട്ടിയുടെ പേര് മല എന്ന് വിളിച്ചുപറഞ്ഞതാവും ആ സമയത്ത് ക്ലാസ്സിലെ എല്ലാവർക്കും ഓർമ വന്നത്. ഏറെക്കുറെ പുള്ളിയുടെ അതേ ഭാവത്തിലായിരുന്നു എന്റെയും കണ്ടുപിടുത്തം. പക്ഷേ കിട്ടുന്ന റിസൾട്ടും മിന്നാരം പോലെയായിപ്പോകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ലന്ന് മാത്രം. !!!
വർദ്ധിച്ച സന്തോഷത്തോടെ…., അവളെ അടക്കി നിർത്താൻ കിട്ടിയ ഗോൾഡൻ ചാൻസ് പരമാവധി മുതലാക്കാനുള്ള വെപ്രാളത്തോടെ അതിനേക്കാളെല്ലാമപ്പുറം എന്റെ പെണ്ണിനെ സ്വന്തമാക്കാനുള്ള അവസാന അവസരം വിജയിച്ചതിന്റെ ആഹ്ലാദത്തോടെയാണ് ഞാനാ പേരപ്പോൾ വിളിച്ചു പറഞ്ഞത്. എന്റെയാ വിളിച്ചു കൂവലിൽ അവളൊന്നു പകയ്ക്കുന്നത് കൂടിക്കണ്ടതോടെ മനസ്സിനുള്ളിൽ പൂത്തിരി കത്തി. പക്ഷേ…. !!!
നാണവൊണ്ടോടാ നാറീ… ???
തൊട്ടടുത്തു നിന്നുള്ള ചോദ്യമായിരുന്നു അവളെന്തെങ്കിലും പറയുന്നതിന് മുന്നേ കേട്ടത്. ഞാൻ ഡിബിനെ പകപ്പോടെ നോക്കി. അവനെന്നെ തെറിവിളിച്ചത് എന്തിനാണെന്ന് എനിക്കൊരൈഡിയയും ഇല്ലായിരുന്നു. ഞാനവനെ നോക്കുന്നത് കണ്ടിട്ടും അവനെന്നെയൊന്നു ശ്രദ്ധിച്ചത് പോലുമില്ലെന്നത് എന്നെയൊന്ന് അമ്പരപ്പിച്ചു. പക്ഷേ വല്ലാതെ വലിഞ്ഞുമുറുകിയ മുഖമായിരുന്നു അവന്. എന്നോടൊന്ന് മിണ്ടുക പോലും ചെയ്യാതെ അവൻ അവളോടാണ് സംസാരിച്ചത്.
സോറി ഭദ്രേ… നീ പറഞ്ഞത് ശെരിയാ… ഇനി നിന്റെ പുറകേ നടക്കാൻ ഇവന്റെ കൂടെ ഞാൻ വരില്ല. ഇവന്റെകൂടെക്കൂടി നിന്നോടങ്ങനെയൊക്കെ പറഞ്ഞതിന് ഒരായിരം സോറി. അല്പമെങ്കിലും ഇവന് നിന്നെക്കുറിച്ചറിയാമെന്നാ ഞാൻ കരുതിയത്. തെറ്റിപ്പോയി… മാപ്പ്… !!!
ഞാനെന്തോ വലിയ അപരാധം ചെയ്തതുപോലെ മാപ്പും പറഞ്ഞ് അവളെ നോക്കി കൈയ്യുംകൂപ്പിക്കാണിച്ച് അവൻ പെട്ടന്ന് ബാഗുമെടുത്തു പുറത്തേക്ക് നടന്നിട്ടും ഒന്നും മനസ്സിലാവാത്ത അവസ്‌ഥയിലായി ഞാൻ.
ടാ ….
ഒന്നും മനസ്സിലാവാതെ ഞാനവന്റെ കയ്യിൽ കേറിപ്പിടിച്ചതും അതും തട്ടിയെറിഞ്ഞുകൊണ്ട് അവനെന്നെ നോക്കി ഒറ്റ അലർച്ച.
തൂക്കിയിട്ടൊണ്ട് നടന്നാൽ മാത്രം പോരടാ മൈരേ ആണാവാൻ…. പ്രേമിക്കുന്ന പെണ്ണിന്റെ വീടോ പോട്ടെ… മൂന്നാലു കൊല്ലം പൊറകെ നടന്നിട്ടും അവളുടെ തന്തേടെ പേരുപോലും അറിയില്ലാത്ത നീയൊക്കെയെന്തിനാടാ പ്രേമിക്കാൻ നടക്കുന്നെ… ??? ഇനിയീക്കാര്യത്തിന് നിന്റെ കൂടെ നടക്കാൻ എന്നെക്കിട്ടില്ല. പോയി ചത്തൂടെടാ നാറീ… ???!!!
ആ ഒറ്റവരി മാത്രം പറഞ്ഞ് എന്റെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് കടന്നുപോയ അവനെ ഒരുനിമിഷം ഞാൻ നോക്കിനിന്നു.
ശ്രീഹരീ…
അവളുടെ പിന്നിൽ നിന്നുള്ള വിളിയാണെന്നെ ഉണർത്തിയത്. ഞാനവളെ തിരിഞ്ഞു നോക്കിയത് തികച്ചും നിർവികാരനായിട്ടായിരുന്നു. കണ്ണൊക്കെ അറിയാതെ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഒരു തുള്ളിപോലും പുറത്തേക്ക് വീഴാതെ എന്റെ കണ്ണുകൾ എന്നെ സഹായിച്ചുകൊണ്ടിരുന്നു…!!!. അവളുടെ മറുപടി എന്താവുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നതിനാൽ മറ്റൊരത്ഭുതവും ഞാനപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കേൾക്കാൻപോകുന്ന മറുപടി ഏറ്റുവാങ്ങാൻ എന്റെ മനസ്സ് അപ്പോഴേക്കും പാകപ്പെട്ടിരുന്നു… !!!.
ശ്രീഹരീ… ലുക്ക് അറ്റ് റ്റു മീ…
അവളുടെ വിളി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കാത്തതിനാലുള്ള വിളിയാണത്. കേൾക്കാൻ പോകുന്ന മറുപടി അവളുടെ വാക്കുകളിൽ കൂടിയല്ലാതെ മുഖത്തു നിന്നുകൂടി കേൾക്കാൻ ശക്തിയില്ലായിരുന്നതിനാൽ ഞാൻ മുഖം കുനിച്ചാണ് നിന്നിരുന്നത്.
ലുക്ക് അറ്റ് റ്റു മൈ ഐസ് ശ്രീഹരീ…
അവളുടെ ശബ്ദം വീണ്ടും. ഞാൻ മുഖമുയർത്തി. അവളെയൊന്ന് നോക്കി. പരിഹാസമോ പുച്ഛമോ ദേഷ്യമോ ആഹ്ലാദമോ ഒക്കെ പ്രതീക്ഷിച്ചിടത്ത് ഭാവമാറ്റങ്ങൾ ഒന്നുമില്ല. തികഞ്ഞ ശാന്തത…!!!. എന്നിട്ടും ഞാനറിയാതെ നോട്ടം മാറ്റിപ്പോയി. എന്തോ… അവളുടെ മുഖത്തേക്ക് നോക്കിനിൽക്കാൻ കഴിയാത്തതുപോലെ… അവളെ നോക്കുമ്പോൾ ഉള്ളിലെ ശക്തിയെല്ലാം ചോർന്നുപോകുന്നപോലെ…!!!.
എന്റെ കണ്ണിൽ നോക്കി സംസാരിക്കുന്നവരെയാ എനിക്കിഷ്ടം…
വീണ്ടും അവളുടെ സ്വരം. അതോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ കാണുന്നത് പരിഹാസത്തിന്റെ ലാഞ്ചനയാണോന്നായിരുന്നു എനിക്കറിയേണ്ടത്. അല്ല, അതിൽ നിറഞ്ഞുനിന്നത് സഹതാപമായിരുന്നു… ആയുധങ്ങളെല്ലാം നഷ്ടപ്പെട്ട് തന്റെമുന്നിൽ നിരുപാധികം കീഴടങ്ങിപ്പോയ ശത്രുവിനോട് ഏതൊരു യോദ്ധാവിനും തോന്നിപ്പോകുന്ന തരത്തിലുള്ള ഒരുതരം സഹതാപം… !!!.
സേതുവെന്നു ഇനീഷ്യൽ കണ്ടപ്പോൾ അതെന്റെ അച്ഛന്റെ പേരാണെന്നു കരുതിയല്ലേ… ???
അവളുടെ തികഞ്ഞ ശാന്തതയോടെയുള്ള ചോദ്യത്തിന് മുഖം കുനിച്ചു നിന്നുള്ള നിശബ്ദതയായിരുന്നു എന്റെ മറുപടി.
ഇനീഷ്യലെല്ലാം അച്ഛന്റെ പേരല്ല ശ്രീഹരീ… സേതുവെന്നത് എന്റെ അമ്മയുടെ പേരാണ്… സേതു… സേതുലക്ഷ്മി… !!!. എനിക്കച്ഛനില്ല… !!!
ഒട്ടും കൂസലില്ലാതെയാണ് അവളത് പറഞ്ഞതെങ്കിലും, എനിക്കച്ഛനില്ലന്ന് പറയുമ്പോൾ അവളുടെ സ്വരമൊന്നു ചിലമ്പിച്ചിരുന്നു. കണ്ണ് ചെറുതായിട്ടൊന്ന് നനഞ്ഞിരുന്നു.
സോ… അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ശ്രീ… തനിക്ക് ചേരുന്ന പെണ്ണല്ലടോ ഞാൻ… തന്തയില്ലാത്തൊരു പെണ്ണിനെയെന്തായാലും ശ്രീഹരിക്ക് വേണ്ട… !! അത്…. അത് ശെരിയാവില്ലടോ… !!!
അത്രമാത്രം പറഞ്ഞിട്ട് അവളിറങ്ങിപ്പോയപ്പോൾ ഒന്നും മിണ്ടാനാവാതെ പകച്ചു കണ്ണുമിഴിച്ചു നിൽക്കുകയായിരുന്നു ഞാൻ…. !!! എന്താണവൾ പറഞ്ഞിട്ട് പോയതെന്ന് കുറച്ചു മിനിട്ടുകൾക്ക് ശേഷമാണ് എനിക്കു പൂർണ്ണമായും മനസ്സിലായത് തന്നെ. ഞാൻ പകപ്പോടെ ചുറ്റും നോക്കി. അവൾ പോയ പിറകേ ഭൂരിഭാഗം പിള്ളേരും പോയിട്ടുണ്ട്. പിന്നെ വളരെക്കുറച്ച് പിള്ളേരെ ബാക്കിയുള്ളൂ. അതിൽ ചിലരുടെ മുഖത്ത് നേരിയ പരിഹാസം… ചിലർക്ക് സഹതാപം…. !!!. പക്ഷേ ആർക്കുമൊന്നും പറയാനില്ല. മരണവീട്ടിൽ എത്തിപ്പെട്ട ആംബുലൻസ് ഡ്രൈവറെപ്പോലെ ഒരു ഭാവ വ്യത്യാസവുമില്ലാതെ ഒരു നോട്ടം മാത്രം. ചിരിക്കാനോ കരയാനോ വയ്യാത്തപോലെ… !!!
അന്ന് വീട്ടിലെത്തിയത് എങ്ങനെയാണെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. വണ്ടിയിലിരിക്കുമ്പോൾ ആകെയൊരു മരവിപ്പോ സങ്കടമോ ദേഷ്യമോവൊക്കെയായിരുന്നു. അവളെന്നോട് പറഞ്ഞ കാര്യങ്ങളേക്കുറിച്ചോർക്കുമ്പോൾ ഉള്ളിലൊരു പുകച്ചിലായിരുന്നു. അവളെയെനിക്ക് കിട്ടില്ലാനുള്ള തിരിച്ചറിവ്… അതെന്നേ വല്ലാതെ തളർത്തിക്കൊണ്ടിരുന്നു…!!! അച്ഛനില്ലെന്നുള്ളത് വല്ലാത്തൊരു കാരണമായിക്കാണുന്ന അവളോട് പിടിച്ചുനിൽക്കാൻ മറ്റൊരു കാരണവുമില്ലാത്ത അവസ്ഥയായിരുന്നു എനിക്ക്. നേരിയൊരു പ്രതീക്ഷ തന്നത് ആ പേരായിരുന്നു. അതും പോയി. ഒന്നലറിക്കരയാൻ പോലുമാകാത്ത അവസ്ഥ. ഞാൻ മൂലം… എന്റമാത്രം എടുത്തുചാട്ടം മൂലം… അതുകൊണ്ട് മാത്രമാണ് എനിക്കവളെ കിട്ടാതിരുന്നതെന്നെനിക്കു തോന്നി… !!!
ശെരിയാണ്… അവൾ പറഞ്ഞതുപോലെ… ഡിബിൻ തെറിവിളിച്ചതുപോലെ… ഞാനൊരു വെറും പൊട്ടനാണെന്നെനിക്കു തോന്നി. അല്ലെങ്കിൽ നോക്കുന്ന പെമ്പിള്ളേരുടെ അടിവസ്ത്രത്തിന്റെ അളവുപോലും മനഃപാഠമാക്കിയ വൺസൈഡ്കാമുകന്മാരുള്ള ഈ നാട്ടിൽ സ്നേഹിക്കുന്ന പെണ്ണിന്റെ വീടോ നാടോ അച്ഛന്റെ പേരോ അറിയാത്ത ഞാൻ… ശെരിക്കും ഞാനൊരു അമൂൽബേബി തന്നെയാണ്… !!!
അറിയാതെ കണ്ണു നിറഞ്ഞുകൊണ്ടിരുന്നു… തുടച്ചു മാറ്റുന്തോറും ഉള്ളിലെ വിഷമത്തെ പുറന്തള്ളാനെന്നവണ്ണം അത് വീണ്ടും വീണ്ടും ഒലിച്ചൊലിച്ചു വന്നുകൊണ്ടിരുന്നു….
ആ വരികൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്തോറും അവളും ഞാനും തമ്മിലുള്ള അന്തരമെനിക്കു മനസ്സിലാവുകയായിരുന്നു. അച്ഛനില്ലാത്തതല്ല, മറിച്ച് ഇത്രയും സാമ്പത്തികമുള്ള എന്നോട് സ്വന്തമായിട്ടൊരു അച്ഛൻ പോലുമില്ലാത്ത അവൾ ചേരില്ലെന്നവൾ ഉറച്ചു വിശ്വസിക്കുന്നു… അല്ല അതാണ് സത്യവും. അല്ലെന്ന് തെളിയിക്കാൻ എനിക്ക് വേറെ മാർഗ്ഗങ്ങളില്ല…!!! ആകെയുണ്ടായിരുന്ന മാർഗം അവളെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയുക എന്നത് മാത്രമായിരുന്നു… പക്ഷേ അതിലും ഞാൻ പരാജയപ്പെട്ടിരിക്കുന്നു… !!! അവളെ മനസ്സിലാക്കാൻ പാടുപെട്ട ഞാൻ അവളെന്നത് അവളുടെ ചുറ്റുപാടുകളാണെന്നത് മനസ്സിലാക്കിയില്ല… !!!. തോൽവി… ഇനിയൊരിക്കലും ജയിക്കാനാവാത്ത വിധത്തിലുള്ള തോൽവി…
എനിക്കാകെ ഭ്രാന്തുപിടിക്കുന്നത് പോലെയാവുകയായിരുന്നു… കൂട്ടത്തിൽ എന്നെയേറെ മനസ്സിലാക്കിയെന്നു ഞാൻ തെറ്റിദ്ധരിച്ച ഡിബിൻ പോലുമെന്നെ ഒറ്റപ്പെടുത്തിയപ്പോൾ എനിക്കെന്റെ നിയന്ത്രണംതന്നെ നഷ്ടമാവുകയായിരുന്നു. അവളെ കിട്ടാതിരിക്കാനുള്ള ഏറ്റവും വലിയ കാരണം ഞാനവളെ മനസ്സിലാക്കാത്തതിനേക്കാളുപരി എന്റെ എണ്ണമറ്റ സ്വത്തുക്കളാണെന്ന തോന്നൽ ആക്സിലേറ്റർ ചവിട്ടിപ്പറിക്കാനുള്ള തോന്നലിലേക്കെന്നെ നയിക്കുകയായിരുന്നു… എന്റെ ദേഷ്യം മുഴുവനും ഏറ്റുവാങ്ങിക്കൊണ്ട് ബെൻസ് വീട്ടിലേക്ക് മിന്നൽ വേഗത്തിൽ പാഞ്ഞു.
വന്ന വേഗത്തിലാണ് വീടിന്റെ ഗെയിറ്റ് കടന്നത്. തുറന്നിട്ടിരുന്നതിനാൽ ഇടിച്ചു കയറിയില്ലെന്നു മാത്രം. അല്ലെങ്കിൽ ഞാനത് ഇടിച്ചുപൊളിച്ചേ അകത്തേക്ക് കയറുമായിരുന്നുള്ളൂ. എന്തിനെന്നറിയാതെ… എല്ലാം നശിപ്പിക്കാനുള്ള മൂഡായിരുന്നു എനിക്കപ്പോൾ… !!! അവളെയെനിക്ക് കിട്ടാതിരിക്കാനുള്ള ഏക കാരണം… ഈ സമ്പത്തു മുഴുവൻ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കണമെന്നെനിക്കു തോന്നിയിരുന്നു… അവയെക്കളെല്ലാമേറെ അവളെയായിരുന്നു ഞാനിഷ്ടപ്പെട്ടിരുന്നത്… അല്ല…, അവളായിരുന്നു എനിക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും വിലപിടിപ്പുള്ള രത്നം.. !!!
വണ്ടിയെന്തായാലും ഇടിച്ചല്ല നിർത്തിയത്. അത്രയും ബോധമെനിക്കെന്തായാലുമുണ്ടായി.
ഈക്കണക്കിനാ പോക്കും വരവുമെങ്കിൽ ഒരു വണ്ടിയല്ല, സർവ വണ്ടീം താമസിയാതെ പണിയേണ്ടി വരും. എവടെ നോക്കിയാടാ നീ വണ്ടിയോടിക്കുന്നെ… കാശെത്രയാ ഇനിയാ വണ്ടി പണിയാൻ വേണ്ടതെന്നറിയാവോ… ??? ഇനി മേലാലൊരു വണ്ടിയേലും നീ തൊട്ടേക്കരുത്… !!!
കൊണ്ടോയി കത്തിച്ചുകള… !!!
പറഞ്ഞതും ഞാൻ താക്കോലൊറ്റ ഏറായിരുന്നു. അച്ഛന്റെ തലേലാണോ അതോ പുറത്തൊട്ടാണോ എറിഞ്ഞതെന്നെനിക്ക് ഓർമയില്ല. അത്രക്ക് ദേഷ്യത്തിലായിരുന്നു ഞാൻ.
അവൻ വണ്ടിപോയ വിഷമത്തിൽ വരുമ്പോ പിന്നേം തൊടങ്ങുവാണോ… ???
അമ്മയച്ഛനെ ശാസിക്കുന്നത് കേട്ടു. അച്ഛനെന്തോ മറുപടി പറയുന്നതും കേട്ടു. പക്ഷേ ആ മറുപടി വ്യക്തമാകും മുമ്പേ ഞാൻ മുറിയിൽക്കയറി വീട് കുലുങ്ങുന്നപോലെ ഡോറടച്ചിരുന്നു. എന്നിട്ട് ബാഗും വലിച്ചെറിഞ്ഞ് ഡ്രെസ്സ്പോലും മാറാതെ ബെഡിലേക്ക് കേറിക്കിടന്നു. ആരോടോ ഉള്ള ദേഷ്യത്തിന് തനിയേകിടന്നു പല്ലിറുമ്മി… കുറേനേരം കണ്ണുമടച്ച് തലയിണയിൽ കടിച്ചുപിടിച്ചു കിടന്നപ്പോൾ ദേഷ്യമൊന്നു കുറഞ്ഞു. മനസൽപ്പമൊന്നു ഫ്രീയായപ്പോൾ ഡിബിനെ വിളിക്കണമെന്ന് തോന്നി. എന്റെ മനസ്സ് അവനെയെങ്കിലും എനിക്കറിയിക്കണമെന്നു തോന്നി. പക്ഷേ…
വിളിച്ചപ്പോൾ അവൻ കോള് ബിസിയാക്കിയത് കുറച്ചൊന്നുമല്ലെന്നെ ദേഷ്യം പിടിപ്പിച്ചത്. ആ ദേഷ്യത്തിന് രണ്ടുമൂന്നു തവണകൂടി വിളിച്ചു. മൂന്നാമത്തെ തവണ വിളിച്ച നമ്പർ സ്വിച്ചോഫാണെന്ന മറുപടി ശെരിക്കും കേട്ടുകൂടിയില്ല. അതിനുമുന്നേ പുതിയ ഐഫോൺ ഭിത്തിയെ ചുംബിച്ചിരുന്നു. ഒന്നൊന്നര ലക്ഷം രൂപ വെറുതെ പൊട്ടിച്ചിതറുന്നത്പോലും നോക്കാതെ ഞാൻ കട്ടിലിലേക്ക് കമിഴ്ന്നുകിടന്ന് ചെവിരണ്ടും പൊത്തിപ്പിടിച്ചുകൊണ്ട് കിടന്നുറങ്ങി.
പിറ്റേന്ന് എഴുന്നേറ്റപ്പോൾ മണി എട്ട്. കോളേജിൽ പോകുന്നില്ലേയെന്നും ചോദിച്ചുകൊണ്ടുള്ള അമ്മയുടെ വിളിയും വാതിലിലുള്ള കൊട്ടും കേട്ടാണ് എഴുന്നേറ്റത്. ചത്തിട്ടില്ലെന്നറിയിക്കാൻ ഒന്ന് മൂളി. അമ്മയുടെ സ്വരം അകന്നുപോകുന്നതുകൂടി കേട്ടിട്ടാണ് എഴുന്നേറ്റത്. ബാത്രൂമിലൊന്ന് പോയിട്ട് ഇറങ്ങി ഹാളിലേക്ക് ചെന്നു. കാർന്നോപ്പടി നേരത്തേ പോയെന്ന് തോന്നുന്നു.
അവിടെയെങ്ങും കണ്ടില്ല. ആ ധൈര്യത്തിൽ ഉമ്മറത്തെ ആട്ടുകട്ടിലിൽ പോയിരുന്നു. ഒന്നിനുമൊരു ഉത്സാഹം തോന്നുന്നില്ല. കോളേജിൽ പോകാൻ ഒട്ടും തോന്നുന്നില്ല. ആരെക്കാണാനാ പോകുന്നത്… ??? അവിടെയാരിരിക്കുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു മനസ്സിൽ. അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടപോലെയുള്ളൊരു ഫീലിംഗായിരുന്നു മനസ്സിനുള്ളിൽ.
നീയിന്ന് കോളേജിൽ പോണില്ലേ…. ???
പെട്ടന്ന് പുറകിൽനിന്നൊരു ചോദ്യം. വെട്ടിത്തിരിഞ്ഞു നോക്കി. ദൈവമേ ഇങ്ങേര് പോയില്ലാരുന്നോ… ???
ങ്ങുഹും…
ഞാനൊന്നു മൂളിയിട്ട് നൈസായിട്ടു സ്‌കൂട്ടാവാൻ നോക്കി. ഇനീം ഇവിടിരുന്നാൽ പണി പാലുംവെള്ളത്തിൽ കിട്ടുമെന്നത് എനിക്കാരും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ… !!!
ഉം… ???
പക്ഷേ രക്ഷപെടും മുമ്പേ മൂളലിലുള്ള ചോദ്യം വന്നു. പെട്ടു. ഞാനുറപ്പിച്ചു. ഇനിയിപ്പോ ഉപദേശത്തിന്റെ വരവാണ്…!!!
അ… അതുചുമ്മാ… അല്ല വണ്ടി കൊണ്ടോയി പണിയാൻ…
ഞാൻ വരുംവരായ്കകൾ ഓർക്കാതെ പെട്ടന്നൊരു കാരണമങ്ങു പറഞ്ഞു. അല്ലാതെ വൺസൈഡ്ലൗ പൊട്ടിയ വിഷമത്തിൽ പോകാത്തതാണെന്ന് പറയാൻ പറ്റൂല്ലല്ലോ… !!!!. പക്ഷേ പറഞ്ഞു കഴിഞ്ഞാണ് ആ ഉത്തരത്തിലെ അപകടം ഞാനോർത്തത്. ദൈവമേ എന്നെതല്ലാനുള്ള വടി ഞാൻതന്നെ ഒടിച്ചുകൊടുത്തോ…???!!!.
ഉം…
അതിനുമൊരു മൂളലായിരുന്നു മറുപടി. അത് കേട്ടപ്പോഴാണ് ശ്വാസമൊന്നു നേരെവീണത്. മിസ്സിസ് വൈജയന്തി നന്നായി ട്യൂഷനെടുത്തെന്നു തോന്നുന്നു. അല്ലെങ്കിലൊരിക്കലും ഇങ്ങനെയൊരു മറുപടി വരൂല്ലാ… !!!… മൈ ഡിയർ മമ്മീ… യൂ ആർ സോ സ്വീറ്റ്… !!!. മനസ്സിൽ അറിയാതെ ഒരുമോക്ഷം മുത്തങ്ങൾ ഞാൻ നൽകി. പക്ഷേ വേണ്ടായിരുന്നുവെന്നു ഒറ്റ സെക്കന്റ് കഴിഞ്ഞതേ മനസ്സിലായി. ഇംഗ്ലീഷ് യക്ഷിപ്പടങ്ങളിലെ പ്രേതങ്ങൾ ഒറ്റ സെക്കന്റിനുള്ളിൽ വേഷം മാറുന്നപോലെ അമ്മ പെട്ടന്ന് വില്ലത്തിയായി വേഷം മാറി.
ചായയ്ക്ക് കടി കൊണ്ടുവെക്കുന്നപോലെ ഞങ്ങൾക്കിടയിലേക്ക് പെട്ടന്നാണൊരു പാത്രവുമായിട്ടമ്മ നീങ്ങിയെത്തിയത്. എന്നിട്ടെന്നെയൊരു നോട്ടവും.
ഞങ്ങൾക്കിടയിൽക്കിടന്ന ചെറിയ ടീപ്പോയിൽ കൊണ്ടുവെച്ച ആ പാത്രത്തിലേക്ക് ഒറ്റ നോട്ടമേ ഞാൻ നോക്കിയുള്ളൂ. അടുത്ത അടി അപ്പഴേ ഞാനുറപ്പിച്ചു. ഇന്നലെ ഒരാവേശത്തിന് എടുത്തെറിഞ്ഞ എന്റെ ആപ്പിൾകുഞ്ഞിനെ പല കഷ്ണങ്ങളായി റൂമിൽനിന്ന് പെറുക്കിയെടുത്തതായിരുന്നു അത്… !!!.
സമാധാനമായല്ലോ… ??? ആദ്യം ഒന്നരയെ പോയൊള്ളാരുന്നു… ഇപ്പൊ മൂന്ന് പോയില്ലേ… ??? സമാധാനമായല്ലോ… ???
എന്നെയും പ്ലെറ്റിലെ ഫോൺ കഷ്ണങ്ങളെയും മാറിമാറി നോക്കിക്കൊണ്ടിരുന്ന അച്ഛനെ നോക്കി അമ്മയുടെ ദേഷ്യം നിറഞ്ഞ ചോദ്യമെത്തി. അതോടെ എനിക്കുവന്ന തെറിയങ്ങോട്ടൊഴിവായി. ഒന്നും മിണ്ടാതെ അച്ഛനെഴുന്നേറ്റു പോയതും അമ്മയും പോയി. ഞാൻ വീണ്ടും ഒറ്റയ്ക്കായി.
ലാളിച്ചു ലാളിച്ചു വെക്കുവല്ലേ… മക്കള് നന്നാവണമെങ്കിലേ… ആദ്യം തന്തേംതള്ളേം നന്നാവണം… അതെങ്ങനെയാ… തന്തേടെയല്ലേ മോന്…
അമ്മ പോകുന്ന വഴിയേ തന്നെത്താൻ പിറുപിറുക്കുന്നത് കേട്ടു. പിറുപിറുക്കളൊന്നുമല്ല… നല്ല ഉച്ചത്തിൽ ഞാൻ കേൾക്കാനായിത്തന്നെ പറഞ്ഞതാണ്. നല്ല ദേഷ്യമുണ്ടെന്നെനിക്കു മനസ്സിലായി. കുറച്ചു കഴിഞ്ഞാലുടനേ ഇതിനുള്ള പോർവിളി ഉറപ്പാണ്. അച്ഛനുള്ളതുകൊണ്ടാണ് ഇപ്പോഴൊന്നും പറയാത്തത്. പറഞ്ഞാൽ അമ്മയുടെ കൂടെ അച്ഛനും കൂടും. അതുപിന്നെ ഞാൻ വീണ്ടും എന്തെങ്കിലുമൊക്കെ തല്ലിപ്പൊട്ടിക്കുന്നതിലേ അവസാനിക്കൂ… ഇനി ബാക്കിയുള്ളതുംകൂടി നശിപ്പിക്കണ്ടല്ലോന്നോർത്താണ് മിണ്ടാത്തത്… എന്തൊരു കരുതൽ… !!!
കുറേനേരം കൂടി ഞാൻ അതേ ഇരിപ്പിരുന്നു. സ്‌കൂളിലേക്ക് പിള്ളേര് പോണ കലപില ശബ്ദം കേട്ടതും വീണ്ടുമവളുടെ മുഖവും സ്വരവുമോർമവന്നു. അതോടെ വീണ്ടുമെന്റെ നിയന്ത്രണം പോകുമെന്ന് തോന്നിയതും ഞാൻ വേഗം മുറിയിലേക്ക് നടന്നു. വീണ്ടും പോയിക്കിടന്നു. കിടന്നിട്ടും ഒരു സമാധാനവും കിട്ടിയില്ല. കണ്ണടച്ചാൽ ക്ലാസ്സാണ് മനസ്സിൽ. ഇന്ന് ഞാൻ ചെന്നില്ലെങ്കിൽ അവിടെന്തൊക്കെ സംഭവിക്കുമെന്നുള്ള തോന്നൽ… ആരേലും അന്വേഷിക്കുമോന്നുള്ള ചോദ്യം… അതേസമയത്ത് ആരന്വേഷിക്കാനെന്ന മറുചോദ്യം…!!!
അങ്ങനെ ഓരോന്നാലോചിച്ചു കിടന്നൊന്നു മയങ്ങിപ്പോയി. ഉറക്കം തെളിഞ്ഞപ്പോഴേക്കും മനസ്സൊന്നു ശാന്തമായിരുന്നു. രണ്ടു ദിവസമായി അതുതന്നെയോർത്തോർത്തു വിഷമിച്ചിരുന്നത് കൊണ്ടാവാം അത്രക്കങ്ങോട്ടു നീറ്റലൊന്നും പിന്നെയനുഭവപ്പെട്ടില്ല. ഫോൺ പോയ സങ്കടമാണ് ആ സമയത്താകെ മനസ്സിലുണ്ടായത്. ഈ നിസാര കാര്യത്തിനൊക്കെ ഫോൺ തല്ലിപ്പൊട്ടിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നൊന്ന് ഞാൻ എന്നൊടുതന്നെ ചോദിച്ചുപോയി. സ്വന്തം മനസാക്ഷിതന്നെ തന്തക്ക് വിളിച്ചതോടെ വീണ്ടും ഞാൻ പ്ലിങ്ങായി. അങ്ങനെ ഒരു കുളിയൊക്കെ പാസാക്കി ചുമ്മാ ടീവിയും ഓണാക്കി ഹാളിൽ ചെന്നിരുന്നു. സ്ഥിരം സീരിയൽ നടിയായി ചാനലും മാറ്റിക്കളിച്ചോണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മവന്ന് വണ്ടിപണിയാൻ പോണില്ലേയെന്നു ചോദിച്ചപ്പോഴാണ് അങ്ങനെയൊന്നുണ്ടല്ലോന്നോർത്തത്.
എന്നാൽ അതേ നിമിഷംതന്നെ അവളുടെ മുഖവും മനസ്സിലേക്ക് വന്നു. അതുകൊണ്ടുതന്നെ ഇന്ന് കൊണ്ടുചെല്ലാണ്ടാന്നാണ് ഷോറൂമീന്ന് പറഞ്ഞതെന്നൊരു കള്ളം പറയാനാണ് അപ്പോൾ തോന്നിയത്. പക്ഷേ അത് കൂനിന്മേൽ കുരുവായിട്ടാണ് മാറിയത്. എന്നാപ്പിന്നെ കോളേജിൽ പൊക്കൂടെയെന്നായി. ഒന്നോരണ്ടോ പിരീഡ് പോയാലും ബാക്കിയുള്ള പോർഷൻസ് കവർ ചെയ്യാമല്ലോന്ന്.
എനിക്കാകെ വിറഞ്ഞു കയറി. ഒന്നാമതേ അവളെയെങ്ങനെ ഫേസ് ചെയ്യുമെന്നറിയാത്തതുകൊണ്ടാണ് വണ്ടി പണിയണമെന്ന കാരണം പറഞ്ഞ് ലീവെടുത്തത്. ആ എന്നൊടുതന്നെ അവൾടെ കാലിന്റെടെലോട്ടു പോകാൻ പറയുന്നോ… ???!!!. പക്ഷേ ആദ്യമൊന്നും മിണ്ടിയില്ല. ഞാൻ മിണ്ടാതിരിക്കുന്നത് കണ്ടതും അമ്മ വീണ്ടും വീണ്ടും അതുതന്നെ ചോദിച്ചു. കൂട്ടത്തിൽ ഹാജർ നഷ്‌ടപ്പെട്ടാലുണ്ടാകാവുന്ന പ്രശനങ്ങൾ കൂട്ടിക്കലർത്തി ഒരുനീക്ക് ഉപദേശവും. എന്റെ സർവ നിയന്ത്രണവും പോയി.
കോളേജിലെന്താ ആരേലും പെറ്റുകെടക്കുന്നുണ്ടോ… ഇരുപത്തിനാലു മണിക്കൂറും അങ്ങോട്ടോടാൻ…. ??? ഒരു കോളേജ്… ഹും…
ഞാനൊരൊറ്റ അലർച്ച. അമ്മയ്ക്കൊന്നും മനസ്സിലായില്ല. ഈ ചെക്കനെന്നാ വട്ടായോ എന്നുമാത്രം ചോദിച്ചുകൊണ്ട് ഇറങ്ങിയങ്ങു പോയി. പക്ഷേ ആ പോക്കുകൊണ്ടൊരു ഗുണവുമുണ്ടായി. പിന്നെപ്പറയാൻ മാറ്റിവെച്ച അമ്മയുടെ വക ഉപദേശവും തെറിയും ഒഴിവായിക്കിട്ടി. പിന്നെ അന്നത്തെ ദിവസം അമ്മയെന്നോട് മിണ്ടിയതേയില്ല. എന്നുവെച്ചാൽ മൗനവൃതമൊന്നുമല്ലാട്ടോ… ചോറുണ്ണുന്നില്ലേ… കുളിക്കുന്നില്ലേ… അങ്ങനെയുള്ള സ്ഥിരം സംസാരം മാത്രമേ ഉണ്ടായുള്ളൂ. അമ്മയ്ക്ക് നല്ല വിഷമമുണ്ടെന്നെനിക്കു മനസ്സിലായി. സാധാരണ ഞാൻ അമ്മയോടുമാത്രം ദേഷ്യപ്പെടാറില്ല. അഥവാ അബദ്ധത്തിലെങ്ങാനും എന്തെങ്കിലും പറഞ്ഞുപോയാലും ഉടനെതന്നെ പോയി സോപ്പിടാറുണ്ട്. കാരണം അമ്മയുടക്കിയാൽ നമ്മടെ പോക്കറ്റ്മണിയും കഞ്ഞികുടിയും മുട്ടിപ്പോകില്ലേ… !!!.
തന്നെയുമല്ല എന്തോ… അമ്മയോട് മാത്രം പിണങ്ങിയിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു എന്നതാണ് സത്യം. പക്ഷേ അന്നെനിക്ക് അമ്മയോട് മിണ്ടാൻതന്നെ പേടിയായിരുന്നു. മറ്റൊന്നും കൊണ്ടല്ല, ജീവിതത്തിൽ ഞാനാകെ അമ്മയോട് മറച്ചുവെച്ചിട്ടുള്ള ഏക കാര്യമാണ് അവളുടേത്. അതുപക്ഷേ അമ്മയെന്തെങ്കിലും പറയുമൊന്നു പേടിച്ചിട്ടൊന്നുമല്ലാട്ടോ. മറ്റാരൊക്കെ സമ്മതിച്ചില്ലെങ്കിലും അമ്മ സമ്മതിക്കുമെന്ന് എനിക്കുറപ്പാണ്. അവളെ വളച്ചൊടിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുവന്ന് ദേ നിങ്ങടെ മരുമോളെന്നും പറഞ്ഞ് പരിചയപ്പെടുത്തണമെന്നായിരുന്നു എനിക്ക്. ആ സമയത്തെ അമ്മയുടെയാ ആശ്ചര്യം നിറഞ്ഞ മുഖം കാണാനുള്ള കൊതികൊണ്ടാണ് അമ്മയോട് ഇക്കാലമത്രയും ഇതൊന്നും പറയാതിരുന്നത്.
ആ ഞാൻ ഇനിയെങ്ങനെ ഇത് പറയും… ??? രണ്ടുമൂന്നു കൊല്ലമായി ഞാൻ ഇക്കാര്യം അമ്മയോട് പറഞ്ഞിരുന്നില്ലെന്നറിയുമ്പോ അമ്മയെന്നോട്
പിണങ്ങില്ലേ എന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ. ഞാനുദ്ദേശിച്ചപോലെ നടന്നിരുന്നുവെങ്കിൽ അവളെക്കിട്ടിയ സന്തോഷത്തിൽ അമ്മയെല്ലാം വിട്ടുകളഞ്ഞേനെ. പക്ഷേ ഇന്നത് പറ്റില്ലാലോ… മാത്രവുമല്ല ഇത്രേം കള്ളത്തരം ഞാൻ കാണിച്ചിട്ടും അവള് വളഞ്ഞില്ലെന്നറിയുമ്പോ കളിയാക്കി കൊല്ലുകയും ചെയ്യും. കളിയാക്കുന്ന കാര്യത്തിൽ അമ്മയ്ക്ക് നൂറുനാവാണ്. അതുകൊണ്ടുതന്നെയാണ് പിണക്കം മാറ്റാൻ ഞാനൊട്ടും മിനക്കിടാത്തതും. ചങ്ക് തകർന്നിരിക്കുമ്പോ അമ്മയുടെ കളിയാക്കൽ കൂടി സഹിക്കാനെനിക്കു വയ്യായിരുന്നു. മറ്റാരൊക്കെ ഇക്കാര്യത്തിൽ കളിയാക്കുന്നതിനെക്കാളും അമ്മ കളിയാക്കിയാലെനിക്കു വേദനിക്കുമായിരുന്നു. അതിന്റെ കൂട്ടത്തിൽ അമ്മയോട് നേരത്തേ പറയാമായിരുന്നു എന്നൊരു കുറ്റബോധവും എന്നിൽ നിറഞ്ഞിരുന്നുവന്നതാണ് സത്യം. !!!
എന്തായാലും കുറേനേരം കിടന്നുറങ്ങിയും കുറേനേരം ലാപ്പിൽ സിനിമ കണ്ടോണ്ടിരുന്നുമൊക്കെ എങ്ങനെയൊക്കെയോ വൈകുന്നേരം വരെ ഞാൻ തള്ളിനീക്കി. ഒരു അഞ്ചു മണിയാകാറായപ്പോ പതിവില്ലാതെ അമ്മയുടെയൊരു വിളി. നിനക്ക് ചായയൊന്നും വേണ്ടേടാന്ന്. ഇതെന്താ ഈ സമയത്തൊരു വിളിയെന്നറിയാതെ ഞാനൊന്നമ്പരന്നു. സാധാരണ ആറാറരയാകുമ്പോഴാണ് എന്റെ കാപ്പികുടി. കോളേജിൽ നിന്നൊക്കെ വന്നിട്ട് ഒരു കുളിയൊക്കെ പാസാക്കി കുറേനേരം ഗെയിമൊക്കെ കളിച്ചതിന് ശേഷം. വീട്ടിലുള്ള ദിവസങ്ങളിലും ഏറെക്കുറെ ആ സമയത്താണ് കാപ്പികുടി. അതുകൊണ്ടുതന്നെ ഇന്നെന്താ പതിവില്ലാത്തൊരു കാപ്പികുടിയെന്നു ചിന്തിച്ചോണ്ടാണ് ഡൈനിങ് റൂമിലേക്ക് ചെന്നത്.
ചെന്നതേ കണ്ട ആ തിരുമുഖം കണ്ട് ഞാൻ നന്നായിട്ടൊന്നു ഞെട്ടി. വരാരുമല്ല…, ആ അലവലാതി തന്നെ. ഇന്നലെ എന്നോട് തമ്മിതല്ലി ഇറങ്ങിപ്പോയവൻ യാതൊരു നാണവുമില്ലാതെയിരുന്ന് അമ്മയുടെ സ്‌പെഷ്യൽ കുഴലപ്പവും ചിപ്സുമൊക്കെ വെട്ടിവിഴുങ്ങുന്നു… !!!.
കണ്ട പുറമ്പോക്കിനൊക്കെ ഇവിടിരുത്തിയാണോ തീറ്റ കൊടുക്കുന്നെ… ???
തലേന്നത്തെതിന്റെ കലിപ്പിൽ ഞാൻ ചെന്നതേ അരങ്കമങ്ങു വെട്ടി. അതുകേട്ടിട്ടും അവനൊരു കുലുക്കവുമില്ല. മുമ്പിലിരുന്ന ചിപ്സിൽനിന്ന് ഒരുകൈ വാരി അതപ്പാടെ തന്റെ വായിലേക്കിട്ടു ചവചരച്ചിട്ടാണ് അവനതിന് മറുപടി പറഞ്ഞത്.
കണ്ട പുറമ്പോക്കുകളെ നോക്കുന്നവന്റെ വീട്ടിലിരുന്ന് ഏത് പുറമ്പോക്കിനും തിന്നാം… !!!
ഒറ്റ ഡയലോഗിന് എന്റെ വായടഞ്ഞുപോയി. ഞാനൊരു ഞെട്ടലോടെ നോക്കിയത് അമ്മയ്ക്കെന്തെങ്കിലും മനസ്സിലായൊന്നാരിരുന്നു. ഇല്ല… അമ്മ
വേറെന്തോ ആലോചിച്ചു നിൽക്കുകയാണ്. അത് കണ്ടതും ഉള്ളിലൊരു സമാധാനം. ഞാനവനെ നോക്കിയൊന്നു കണ്ണുരുട്ടിയെങ്കിലും അവനത് കണ്ടില്ല. അതിന് മുന്നേ മുന്നിൽ കൊണ്ടുവെച്ചിരുന്ന ചിപ്സിന്റെ ഭരണിയിൽ നിന്ന് കുറേക്കൂടി സ്വന്തം പാത്രത്തിലേക്ക് മറിച്ചിട്ടുകൊണ്ട് അവന്റെ ചോദ്യം വന്നിരുന്നു.
എന്തിയേടാ നിന്റെ ഫോൺ… ???
എന്ത് പറയണമെന്നറിയാതെ ഞാനൊന്നു കുഴങ്ങിയപ്പോഴേക്കും സംഗതി കൈവിട്ടുപോയിരുന്നു. ദേയിരിക്കുന്നൂന്നും പറഞ്ഞ് രാവിലെ അച്ഛന്റെ മുന്നിലേക്ക് നീട്ടിവെച്ചപോലെ അമ്മയാ പാത്രമവന്റെ മുന്നിലേക്കെടുത്തുവെച്ചു. അതുകണ്ടതും അവന്റെ നോട്ടം ഒറ്റ നിമിഷമെന്റെ മുഖത്തോട്ടും ഫോണിലേക്കുമൊന്നു മാറിമാറി നീങ്ങി.
ഏ… ഇതെന്നാ പറ്റി ജയാമ്മേ… ???
ഫോണെടുത്തു നോക്കിക്കൊണ്ടവൻ ചോദിച്ചതും കൂട്ടുകാരനോട് തന്നെ ചോദിക്ക്… കാശിന്റെ വെലയറിയൂല്ലല്ലോ ചെക്കന്…. എന്നൊരു ഡയലോഗ് അമ്മ വിട്ടുകഴിഞ്ഞിരുന്നു.
ങ്ങേ…. ഇതുമിവൻ തല്ലിപ്പൊട്ടിച്ചതാണോ… ???
അമ്മയുത്തരം പറഞ്ഞില്ല. പകരം എന്നെ കലിപ്പോടെയൊരു നോട്ടം. പിന്നെയൊന്നും വേണ്ടിവന്നില്ല. നിനക്കിത് എന്നാത്തിന്റെ കഴപ്പാടാ പൂറാന്നും ചോദിച്ചായിരുന്നു തെറി. ആദ്യമായിട്ടാണ് അവൻ അമ്മയുടെ മുന്നിൽവെച്ചെന്നെ തെറി വിളിക്കുന്നത്. അതിന് അമ്മയുടെ വഴക്കവൻ കേൾക്കുമെന്നു കരുതി ഞാനമ്മയെ പ്രതീക്ഷയോടെ നോക്കിയപ്പോൾ അമ്മ ദേ എന്നെ നോക്കി കലിപ്പിക്കുന്നു. അടിപൊളി…. ആ നാറി… അവൻ എരിതീയിൽ എണ്ണയല്ല, പെട്രോളാണ് ഒഴിച്ചുകൊടുത്തത്. ഏതാണ്ട് അവന്റെ ഫോണുഞാൻ തള്ളിപ്പൊട്ടിച്ച പോലെയാണ് ആ നാറിയെന്നെ തെറിവിളിച്ചത്. കാശിന്റെ വിലയറിയാവോടാ നിനക്കെന്നൊക്കെ ചോദിച്ചോണ്ടുള്ള അവന്റെ തെറിവിളിക്ക് ചൂട്ടും കത്തിച്ചുപിടിച്ച് അമ്മ കൂട്ടുനിന്നു. സ്വയം പറയാൻ പറ്റാത്തതിനാൽ പറയാനുള്ളത് മുഴുവൻ ആ നാറിയെക്കൊണ്ടമ്മ പറയിപ്പിച്ചു. കൂട്ടത്തിൽ എനിക്കിട്ടുള്ള ഒരാറ്റൻ പണിയും… !!!
ഈ ലോകത്തിലെ നമ്മുടെ ഏറ്റവും വലിയ ശത്രു, അത് നമ്മുടെ കൂടേതന്നെയാണെന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്. അതുപക്ഷേ നമ്മളെത്തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാൽ എന്റെ കാര്യത്തിൽ അതീ നാറിയാണെന്നെനിക്കു തോന്നുന്നു. കൂടെനടന്നിട്ട് അമ്മാതിരി പണിയാണ് ഇവനെനിക്കു തന്നോണ്ടിരിക്കുന്നത്. അതിന്റെ പരകോടിയിലുള്ള പണിയാണ് ഇപ്രാവശ്യം തന്നതെന്നു മാത്രം. അവന്റെ തെറിവിളിയുടെ
അവസാനമായിരുന്നു കാളകൂടവിഷം പോലെ അവനാ പണി പുറത്തേക്ക് തുപ്പിയത്.
അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ… എത്രലക്ഷം രൂപയാടാ ആ മറ്റവള് കാരണം നീ നശിപ്പിച്ചു കളയുന്നേ… ??? ഇതിനുമാത്രം എന്നാ മൈരാടാ അവൾക്കുള്ളെ… ??? അവന്റെയൊരൊടുക്കത്തേ പ്രേമം… !!!
മറ്റവളോ ഏത് മറ്റവള്…. ???
ആ ഭദ്രയേ… !!!.
എനിക്കെന്തെങ്കിലും ഇടയ്ക്കുകയറി പറയാൻ സാധിക്കുന്നതിന് മുന്നേ അമ്മയുടെ വക ചോദ്യവും ഒന്നുമാലോചിക്കാതുള്ള ഡിബിന്റെ ഉത്തരവും വന്നുകഴിഞ്ഞിരുന്നു. പറഞ്ഞുകഴിഞ്ഞാണ് ഡിബിനും ബോധം വന്നത്. ചിപ്സ് തിന്നുന്നതിനിടയിൽ ആ ഫ്ലോയിൽ അവനെങ്ങനെ പറഞ്ഞുപോയതാണ്. പറഞ്ഞുകഴിഞ്ഞ് പണിപാളിയോ എന്ന മട്ടിൽ പെട്ടന്ന് തലയുയർത്തിയെന്നെ നോക്കിയ അവൻ കണ്ടത് തലയിൽ കൈവെച്ചു നിൽക്കുന്ന എന്നെ. !!!. ഇന്നുനിന്റെ അന്ത്യമാടാ എന്ന മട്ടിൽ ഞാനും, ഞാനെന്നാ ചെയ്തിട്ടാ എന്നൊരു നിഷ്‌കു ഭാവത്തിൽ അവനും പരസ്പ്പരമൊന്നു നോക്കി. എന്നിട്ട് ഞങ്ങളിരുവരും അമ്മയുടെ മുഖത്തേക്ക് നോക്കി. വല്ലതും മനസ്സിലായോ എന്ന മട്ടിൽ. ഞങ്ങളുടെ മഹാഭാഗ്യത്തിന് എല്ലാം മനസ്സിലായെന്ന മട്ടിൽ ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു അമ്മ… !!!.
ആരാടാ ഭദ്ര… ???
ചോദ്യം എന്നോടല്ല, ഡിബിനോടായിരുന്നു. എന്നെ പരിപൂർണ്ണമായും ഒഴിവാക്കിയ മട്ട്. ഞാനൊന്നിടയ്ക്കുകയറി ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ നിന്നോടല്ല, ഇവനോടാ ചോദിച്ചത് എന്നുള്ള കട്ടക്കലിപ്പ് ഡയലോഗിൽ എന്റെ വായടപ്പിച്ചു കളഞ്ഞു. ഡിബിനാകട്ടെ ഇനിയെന്നാ പറയുക എന്നമട്ടിൽ എന്നെയൊന്നു നോക്കി. നിന്ന നിൽപ്പിലൊന്നു ചത്തൂടെടാ എന്നമട്ടിൽ ഞാനുമൊരു മറുപടിനോട്ടം നോക്കി.
ഡിബിനേ നിന്നോടാ ചോദിച്ചത്… ആരാടാ ഭദ്ര… ???
അമ്മ ഒട്ടും ക്ഷമയില്ലാത്തപോലെ തന്റെ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു. അതും എന്നെയൊന്നു ചുഴിഞ്ഞു നോക്കിക്കൊണ്ടായിരുന്നു ചോദ്യം. മകന്റെ കള്ളത്തരം കണ്ടുപിടിക്കാൻ വെമ്പുന്ന ഒരമ്മയുടെ എല്ലാ ഭാവവുമുണ്ടായിരുന്നു അപ്പോഴമ്മയുടെ മുഖത്ത്. പിടിക്കപ്പെട്ട കുട്ടിക്കുറ്റവാളിയുടെ ഭാവത്തിൽ ഞാനും നിന്നു. പക്ഷേ ഡിബിൻ വല്ലാത്ത നന്ദിയുള്ളവനായിരുന്നു. പക്ഷേ അസ്ഥാനത്തായിരുന്നൂന്നു മാത്രം…!!!. അത്രേം ഒപ്പിച്ചു വെച്ചിട്ട് ആ നിമിഷം ആ നാറി എന്റെ കയ്യീന്ന് വാങ്ങിക്കഴിച്ച മിൽക്ക് ഷെയ്ക്കിന്റെയും ചായേടേമൊക്കെ നന്ദി കാണിക്കാൻ നോക്കി. അതും ഭദ്രയോ…..??? ഏത് ഭദ്രാ എന്നൊക്കെ ചോദിച്ച് ഉരുണ്ടുകളിച്ചുകൊണ്ട്… !!!!. പോരേ പൂരം. നീ സത്യത്തിൽ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോന്നു
ചോദിക്കണമെന്നെനിക്കു തോന്നിപ്പോയി. അല്ല… മണ്ടനല്ല… !!! അല്പമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ മണ്ടനെന്നെങ്കിലും വിളിക്കാമായിരുന്നു… !!!
ഇതിപ്പോ സമയോം സന്ദർഭോം അവന്റെ മണ്ടത്തരം കേൾക്കുന്ന ആളും മാറിപ്പോയി. മനസ്സുവായിച്ചു ഉള്ളിലുള്ളത് കണ്ടുപിടിക്കുന്ന എന്റെ അമ്മയുടെ മുമ്പിലാണ് അവന്റെ ഉരുണ്ടുകളി. അമ്മയുടെ വക ഒറ്റ അലർച്ചകൂടി വന്നതേ ഡാം പൊട്ടിച്ചുവിട്ടപോലെ സത്യങ്ങൾ പുറത്തേക്കൊഴുകി. തലയിൽ കൈവെച്ചുകൊണ്ട് ഞാൻ ഡൈനിങ് ടേബിളിന്റെ കസേരയിലേക്കുമിരുന്നു…. !!!
അവൻ ഓരോന്ന് പറയുന്തോറും അമ്മയെന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. നിനക്കുള്ളത് തരാട്ടോ എന്നമട്ടിൽ. ഞാനാകട്ടെ അടുത്തതെന്തെന്ന മട്ടിലുമിരുന്നു. അവൻ പറഞ്ഞു തീരുന്നതുവരെ അമ്മ ക്ഷമയോടെ കാത്തിരുന്നു. പക്ഷേ എന്റെ മഹാഭാഗ്യത്തിനെന്തായാലും അവൻ അവളെന്നോട് നോ പറഞ്ഞിടത്തുവരെ തന്റെ വിശദീകരണം തുടർന്നെങ്കിലും പ്രധാനപ്പെട്ട ഒരുകാര്യം മാത്രം മിണ്ടിയില്ല. അവളാണ് വണ്ടി തല്ലിപ്പൊട്ടിച്ചതെന്നുവെല്ലോം അവൻ പറയുമോന്നായിരുന്നു എന്റെ പേടി. എന്തായാലും അതുമാത്രം അവൻ പറഞ്ഞില്ല. ഒന്നുകിൽ അത് പറയാതിരിക്കാനുള്ള ബുദ്ദിയവനുണ്ട്. അല്ലെങ്കിൽ ആ മണ്ടൻ അത് പറയാൻ മറന്നുപോയി… !!!. അതെങ്ങാനും പറഞ്ഞാൽ ഈ പ്രേമം ഇന്നിവിടെ അവസാനിക്കുമെന്ന് എനിക്കുനല്ല ഉറപ്പായിരുന്നു… !!!. പക്ഷേ എന്റെയാ ആശ്വാസത്തിനും ഒട്ടും ആയുസുണ്ടായിരുന്നില്ല. അതിനുമുന്നേ അമ്മയുടെ ചോദ്യം പുറപ്പെട്ടിരുന്നു…
അല്ലാ അവള് കാരണമാ വണ്ടിയുടെ കാശും പോയതെന്ന് നീ പറഞ്ഞകേട്ടല്ലോ… ?? എന്താ അവളോടുള്ള കലിപ്പിന് ഇവൻതന്നെ തല്ലിപ്പൊട്ടിച്ചതാണോ അതും… ??? എന്നാലിന്നിവന്റെ അന്ത്യമാ… !!!
ഏയ്… അതവളു തന്നെ തല്ലിപ്പൊട്ടിച്ചതാ… !!!
അവളോ…. ???? ഭദ്രയോ…???? ങേ… അവളാണോ വണ്ടിതല്ലിപ്പൊട്ടിച്ചേ… ???
അമ്മയുടെ ആശ്ചര്യവും അതിലേറെ ഞെട്ടലും നിറഞ്ഞ ചോദ്യത്തിന് എന്ത് മറുപടിപറയുമെന്നറിയാതെയൊന്നു പകച്ചെങ്കിലും പ്രത്യേകിച്ച് വേറൊരു കള്ളവും ഉണ്ടാക്കി പറയാനുള്ള ബുദ്ധിയവനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതെയെന്ന മട്ടിലൊന്നു തലയാട്ടുന്നതിനൊപ്പം ബാക്കിയുള്ള സർവ സത്യങ്ങളും കൂടി അവനങ്ങു വിളമ്പിക്കൊടുത്തു. തൃപ്തിയായി മോനെ എന്ന അവസ്ഥയിൽ ഞാനും. കാമുകിപോലും ആവുന്നതിന് മുന്നേ സ്വന്തം വീട്ടിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ പെണ്ണിനെ ഏതൊരമ്മയും സ്വന്തം മരുമോളാക്കാൻ രണ്ടാമതൊന്നാലോചിക്കാതെ തീരുമാനിക്കുമല്ലോ… !!!. ആ ചിന്ത മനസ്സിൽ നിറഞ്ഞിരുന്നതിനാൽ ആഹാ എന്തായാലും മരണം ഉറപ്പായെന്ന മട്ടിൽ വളരെയധികം സന്തോഷത്തിലായിരുന്നു ഞാൻ… !!! എല്ലാം കേട്ടുകഴിഞ്ഞിട്ടുള്ള അമ്മയുടെ കുറേനേരത്തെ നിശബ്ദത കൂടിയായായപ്പോൾ അതുഞാൻ ഉറപ്പിക്കുകയും ചെയ്തു… !!!
പക്ഷേ……
അമ്മ നമ്മളാലോചിച്ച ആളല്ല സാർ എന്നു പറയത്തക്ക ഡയലോഗാണ് അമ്മയുടെ വായിൽനിന്ന് വന്നതെന്ന് മാത്രം. അത്രേം നേരം കലിതുള്ളി നിന്നിട്ട് സ്വയം മറന്നുള്ളൊരു പൊട്ടിച്ചിരിയായിരുന്നു ആദ്യം. കൂട്ടത്തിൽ പൊട്ടൻ എന്നുപറഞ്ഞ് എന്റെ തലക്കിട്ടൊരു കൊട്ടും… !!! എനിക്കൊന്നും മനസ്സിലായില്ല. അവനും. ഞങ്ങളിരുവരും പരസ്പ്പരം നോക്കി. ഇനി പറഞ്ഞത് അമ്മയ്ക്ക് മനസ്സിലായില്ലേ എന്ന മട്ടിലായിരുന്നു ഞങ്ങള് രണ്ടാളും. അതേ സമയത്ത് മൂട്ടില് തീ കത്തുമ്പോ അതീന്ന് ബീഡി കത്തിക്കുന്ന പോലെയുള്ള സന്ദർഭത്തിന് തീരെച്ചേരാത്ത ആ ചിരി എന്നെ നന്നായിത്തന്നെ ദേഷ്യം പിടിപ്പിക്കുന്നുമുണ്ടായിരുന്നു. പക്ഷേ ആരുടെയോ ഭാഗ്യത്തിന് ഞാനത് കടിച്ചുപിടിച്ചു നിന്നു. ആവശ്യം നമ്മുടേതാണല്ലോ… !!!.
ഇതിനാണോടാ പൊട്ടാ നീയിവിടെ മിണ്ടാവൃതം നടത്തീത്… ???
മിണ്ടാവൃതം നടത്തിയോ… ??? ആര്… ??? ഇവനോ… ???
ചിരിയുടെ അവസാനം എന്നെ നോക്കിയുള്ള അമ്മയുടെ ആക്കിയ ചോദ്യത്തിന് ഡിബിന്റെ മറുചോദ്യമായിരുന്നു മറുപടി. കൊല്ലാനാണോ വളർത്താനാണോന്നറിയാത്തതുകൊണ്ട് ഞാനൊന്നും മിണ്ടാതെ നിന്നതേയുള്ളൂ. പക്ഷേ അമ്മയുടെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് ചെറിയൊരു പോസിറ്റീവ് സിഗ്നലാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നതെന്നു മാത്രം. പക്ഷേ ഉറപ്പിക്കാൻ പറ്റൂല്ല… ചിലപ്പോൾ ഓന്ത് നിറം മാറുന്നതുപോലെ നിറം മാറിക്കളയും. അതുകൊണ്ട് വല്ലോ ഭാവമാറ്റോം വരുന്നുണ്ടോന്നറിയാൻ ഞാൻ സസൂക്ഷ്മം നോക്കിനിന്നു. എന്തായാലും അതികം കാത്തിരിക്കേണ്ടി വന്നില്ല. തിരുവാ തുറന്നു… !!!
എടാ പൊട്ടാ… ഇങ്ങനെയാണോടാ ഒരു പെണ്ണിനെ വളയ്ക്കുന്നത്… ??? ഇതൊക്കെ എന്നോട് ചോദിച്ചിട്ട് ചെയ്താൽ പോരായിരുന്നോ… ??? ഞാൻ സെറ്റാക്കി തരൂല്ലാരുന്നോ… ???…
എന്റെ പൊന്നോ… ഇതാണമ്മ… !!! ഈശ്വരാ എനിക്ക് കിട്ടീല്ലല്ലോ ഇതുപോലൊരമ്മയെ… !!! സ്വന്തം മോന് പ്രേമിക്കാൻ വഴി പറഞ്ഞുകൊടുക്കുന്നൊരമ്മ. സിനിമേൽപോലും കാണില്ല ഇതുപോലൊരെണ്ണം… !!! ഇതുപോലൊരമ്മയുണ്ടായിട്ടാണോടാ പൊട്ടാ നീയിത്രേം കാലം അവളുടെ പുറകെ മണപ്പിച്ചു നടന്നത്… ??? ഞാനെങ്ങാനുമായിരിക്കണം… എന്നാ അവളിപ്പോ കെട്ടുംകഴിഞ്ഞീ വീട്ടിലിരുന്നേനെ… !!!.
അമ്മയുടെ ഡയലോഗ് വന്നതും നിന്നനിൽപ്പിലാ നാറി കളംമാറ്റിച്ചവിട്ടി. എന്റെയമ്മ എന്താണെന്ന് ഇത്രയേറെ അറിഞ്ഞിട്ടാണ് ഈ മലക്കം
മറിച്ചിലെന്നതാണ് ഏറ്റോം വലിയ കൗതുകം. അമ്മേടെ നിഴൽവെട്ടം കണ്ടാൽ ആ ഭാഗത്തേക്കടുക്കാത്തവനാണ് ഇപ്പഴീ ഡയലോഗ് വിട്ടത്. ഇത്രേം കാലം അമ്മയോടിക്കാര്യം പറയാതിരുന്നതിന് എന്നെ ആക്കിയതാന്നും അടുത്തത് തെറിയാണ് വരാൻ പോകുന്നതെന്നും അറിയാഞ്ഞിട്ടല്ല, സ്വന്തം ഭാഗം സെയിഫാക്കാനുള്ള വ്യഗ്രതയാണാ നാറിക്ക്. ശെരിയാക്കിത്തരാടാ…
അമ്മയ്ക്കൊരു സസ്പെൻസ് കൊടുക്കാൻ വേണ്ടീട്ടല്ലേ ഞാനിത്രേം കാലം അമ്മയോട് പറയാണ്ടിരുന്നെ… !!! അവളേം വിളിച്ചോണ്ടുവന്ന് ദേ അമ്മേടെ മരുമോളെന്നും പറഞ്ഞു കാണിച്ചു കൊടുക്കാൻ… !!!. അല്ലാ അമ്മയോടിത്രേം സ്നേഹമുള്ള നീയെന്നാടാ ഇക്കാലമത്രയും അമ്മയോടിക്കാര്യം പറഞ്ഞു കൊടുക്കാത്തേ… ??? സാധാരണ സർവ കാര്യോം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കുന്നതാണല്ലോ… ???!!!.
ഒറ്റയടിക്ക് ഞാനാ ബോളവന്റെ നെഞ്ചത്തോട്ടു വെച്ചുകൊടുത്തു. അതുംകൂടി കേട്ടതോടെ അത്രേംനേരം വല്ലാതെ കഷ്ടപ്പെട്ട് മുഖത്തു വെച്ചുകെട്ടി വെച്ചിരുന്ന ചിരിയെല്ലാം എടുത്തുകളഞ്ഞ് യഥാർത്ഥ വൈജയന്തിയായി അമ്മേം അവനെ കണ്ണുരുട്ടി നോക്കിയതോടെ പെട്ടുപോയി ബാലകൃഷ്ണാനുള്ള അവസ്ഥയിലായവൻ.
അ… അതുപിന്നെ… അ… അത് നീ പണ്ടേ പറഞ്ഞു കാണൂല്ലൊന്നോർത്താ… !!!
ഉവ്വേ… അല്ലെങ്കിൽ നീയങ്ങു മല മറിച്ചേനെ… എടാ ഇവനേക്കാളും വലിയ ഊടായിപ്പാ നീ… ഇവനെ സർവ ഏടാകൂടത്തിലും കൊണ്ടിടുന്നതും നീയാ… എനിക്കൊന്നും അറിഞ്ഞൂടാന്നാ നിന്റെ വിചാരം… ???
അമ്മ അപ്പഴേ അവനുള്ളത് കൊടുത്തു. അത് കണ്ട് ഞാനൊന്നു സന്തോഷിച്ചു വന്നതും നീയും മോശമല്ല… എന്നൊരു ഡയലോഗ് എനിക്കിട്ടും കിട്ടി. അതോടെ ഞാനും പ്ലിങ്ങായി. വലിയ കലിപ്പ് മോഡൊന്നുമല്ലാത്തതിനാൽ അമ്മയെക്കൊണ്ട് ഇപ്പോതന്നെ സമ്മതിപ്പിക്കുക എന്നതായിരുന്നു അടുത്തതായി എന്റെ ശ്രമം. എന്തായാലും നാറി, എന്നാപ്പിന്നെ ഉള്ളതൊക്കെയങ്ങു തുറന്ന് പറഞ്ഞ് അമ്മേനെ സോപ്പിട്ടാൽ എന്തേലുമൊക്കെ ഐഡിയ കിട്ടിയാലോ… അല്ല അങ്ങനെകിട്ടിയ ചരിത്രമുണ്ടേ… !!!
അമ്മാ… ഒരു വഴി പറയമ്മാ…
ഞാൻ രണ്ടും കല്പിച്ച് ചെറിയ തമിഴ് ശൈലിയിൽ കൊഞ്ചുന്നപോലെ വെച്ചുകാച്ചി. അമ്മയ്ക്ക് പണ്ടേ തമിഴിനോടുള്ള ചെറിയ ഇഷ്ടം മുതലാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. അമ്മ എണീറ്റുപോകാതിരുന്നപ്പോൾതന്നേ അമ്മയ്ക്കവളോട് പ്രത്യേകിച്ച് കലിപ്പൊന്നും വന്നിട്ടില്ലാന്നുള്ളത് എനിക്ക് മനസ്സിലായിരുന്നു. അല്ലെങ്കിൽ പണ്ടേയ്ക്കുപണ്ടേ ദേഷ്യപ്പെട്ടുകൊണ്ട് എണീറ്റു പോയേനെ. എണീറ്റുപോയാലും കുറച്ചു കഴിയുമ്പഴേ ഇങ്ങോട്ട് വരുമെന്നുള്ളത്
വേറെ കാര്യം. ഇതിപ്പോൾ ചെറിയൊരു സഹായ മനഃസ്ഥിതിയാണ്. രണ്ടൂന്നു കൊല്ലമായിട്ടു ഞാൻ നോക്കുന്നതെന്നൊക്കെ പറഞ്ഞപ്പോൾ ചെറിയൊരു താത്പര്യമൊക്കെ വന്നു കാണണം. അല്ലേലും എന്റെയൊരിഷ്ടത്തിനും അമ്മയിതുവരെ എതിരു നിന്നിട്ടുമില്ല… അതായിരുന്നു ഏക പ്രതീക്ഷ !!!.
വഴിയോ… എന്ത് വഴി… ??? അവൾടെ കാര്യത്തിലാണെങ്കി ഒരു പ്രതീക്ഷയും വേണ്ട മോനെ… ഇവിടുത്തെ മുതല് നശിപ്പിക്കുന്നൊരു പെണ്ണിനെ ഇങ്ങോട്ട് വേണ്ട… !!!
അയ്യോ… അങ്ങനെ ഒറ്റയടിക്ക് പറയല്ലേ…. എന്റെ പൊന്നമ്മയല്ലേ…
ഞാനൊന്നു സോപ്പിടാൻ നോക്കി. പക്ഷേ ഏറ്റില്ലെന്നു മാത്രമല്ല അറുത്തുമുറിക്കുന്നപോലെയൊരു നോയും കിട്ടി. അതോടെ ഞാനെന്റെ അവസാന അടവെടുത്തു. അമ്മേനെ അടിയറവ് വെയ്പ്പിക്കാനുള്ള എന്റെ അവസാനത്തെ അടവ്…
അപ്പൊ മേനോനാവാം… എനിക്ക് പറ്റൂല്ലാല്ലേ… ???
സ്വന്തം തന്തേടെ പ്രേമകഥ പറഞ്ഞ് അമ്മേനെ ബ്ലാക്ക്മെയില് ചെയ്യുന്ന ലോകത്തിലെ ഏക മകൻ… അതാണീ ഞാൻ. വേറെ എന്തിലൊക്കെ വീണില്ലെങ്കിലും അതിലമ്മ വീഴുമെന്നെനിക്ക് നല്ല ഉറപ്പായിരുന്നു. ഉദ്ദേശിച്ചത് പോലെതന്നെ നടന്നു. ഒറ്റ സെക്കന്റിൽ ആള് ഫ്യൂസ്… !!!. ഒന്നും മിണ്ടാതെ തലയിൽ കൈവെച്ചോണ്ടുള്ള ആ ഇരിപ്പുതന്നെ മതിയായിരുന്നു എനിക്കത് മനസ്സിലാക്കാൻ.
പാവം അമ്മ. ഏത് നേരത്താണോ സ്വന്തം കെട്യോന്റെ പ്രേമകഥ മോനോട് പറയാൻ തോന്നിയതെന്നാവും അപ്പോളാ മനസ്സിൽ… !!!. പാവം… !!! അബദ്ധത്തിൽ പറഞ്ഞുപോയത് അവസാനം ഇത്രെംവലിയ കുരിശാകുമെന്ന് പറഞ്ഞപ്പോൾ ചിന്തിച്ചിട്ടുണ്ടാവില്ല. അച്ഛന്റെ പ്രേമകഥ ഞാനറിഞ്ഞെന്ന് അച്ഛനോട് പറയുമെന്നും പറഞ്ഞാണ് എന്റെ മെയിൻ ബ്ലാക്ക്‌മെയിലിങ്. ഇതേ ഡയലോഗ് വെച്ച് എത്രവട്ടം ബ്ലാക്ക്മെയില് ചെയ്തിട്ടുണ്ടെന്നതിന് എനിക്കുതന്നെ കണക്കില്ല. പാവം… വടികൊടുത്ത് അടിവാങ്ങാനും വേണം ഒരു യോഗം… !!!. ഞാനൊരു ചെറുചിരിയോടെ നോക്കിനിൽക്കുന്നത് കണ്ടതും ഡിബിന്റെ ഒരാവശ്യവുമില്ലാത്ത സംശയം പുറത്തേക്ക്‌വന്നു.
ങേ… മേനോൻ സാറിന് പ്രേമമോ… ???
അതെന്താടാ എന്റെ തന്തക്ക് പ്രേമിക്കാനും പാടില്ലേ… ???
അല്ല… സാറൊക്കെ പ്രേമിക്കുകാന്ന് പറഞ്ഞാ…
ഒന്ന് നിർത്തുന്നുണ്ടോ രണ്ടെണ്ണോം… ??? അല്ലേ രണ്ടുമെന്റെ കയ്യീന്നിന്നു മേടിക്കും.. !!!
ഞാനുമവനും പരസ്പരം പോരടിക്കാനാരംഭിച്ചപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ പോരാളിയതിന് ഒരലർച്ചയോടെ ബ്ലോക്കിട്ടു. അതോടെ രണ്ടാളും പെട്ടന്ന് നിശ്ശബ്ദരായി. അവനാകെ പകച്ചെങ്കിലും സ്ഥിരം ഭാവമാറ്റമായതിനാൽ എനിക്കതിൽ വലിയ ഞെട്ടലൊന്നും അനുഭവപ്പെട്ടില്ല. മറിച്ച് ഒരൂറിയ ചിരിയാണ് പുറത്തേക്ക് വന്നത്. അതുംകൂടി കണ്ടതും നുമ്മടെ പോരാളി നിലവും ചവിട്ടിപ്പൊളിച്ചുകൊണ്ട് അകത്തേക്ക് പാഞ്ഞു.
അതേയ്… ഒരു തീരുമാനം പറഞ്ഞിട്ട് പോ മാഡം….. അതോ ഞാനിനി മേനോനോട് പോയി ചോദിക്കണോ… ??? !!!
എന്നാന്നാ പോയി ചെയ്യ്… പ്രേമിക്കുവോ… കെട്ടുവോ എന്നാന്നാ … ഹോ… എന്റെയൊരു തലവിധി… !!!
ഞാൻ ചിരിയോടെ വിളിച്ചുകൂവിയതിന് പോണപോക്കിൽ വെട്ടിത്തിരിഞ്ഞുനിന്നിട്ടായിരുന്നു മറുപടി. എന്നിട്ട് അതേപോലെ തന്നെയങ്ങു പോയി. എന്നിട്ട് ആ കലിപ്പുമൊത്തം അടുക്കളയിലെ പാത്രങ്ങളോട് തീർത്തു. അതുങ്ങളുടെ കൂട്ടിയിടിച്ചിട്ടുള്ള നിലവിളി അടുക്കളയിൽ നിന്നുയർന്നെങ്കിലും പ്രതീക്ഷിച്ച മറുപടി തന്നെ വന്നതോടെ ഞാനൊരു വിജയച്ചിരിയങ്ങു ചിരിച്ചു. അതോടെയവന്റെ സംശയോം കൂടി.
അല്ലടാ… സത്യത്തിൽ നിന്റച്ഛന് പ്രേമമൊണ്ടാരുന്നോ… ????
അമ്മ വരുന്നുണ്ടൊന്നും കേൾക്കുന്നുണ്ടോന്നുമൊക്കെ നോക്കിയിട്ട് എന്നോട് ചേർന്നിരുന്ന് എന്തോവലിയ രഹസ്യം ചോദിക്കുന്നതുപോലെയുള്ള അവന്റെ ചോദ്യം കേട്ടതും പ്രതീക്ഷിച്ചിരുന്നതാണെങ്കിൽകൂടി എനിക്കു ചിരിവന്നു.
ഉണ്ടാരുന്നെങ്കി… ???
അല്ലാ… പുള്ളിയൊക്കെ പ്രേമിച്ചൂന്ന് കേട്ടപ്പോ എന്തോ ഒരിത്… ഈ സ്വഭാവോം വെച്ച് ആരാടെ അങ്ങേരെയൊക്കെ പ്രേമിക്കാൻ നടക്കുന്നേ… ??? എന്നാ കൊണച്ച സ്വഭാവാ… ???!!!. എന്റപൊന്നോ… അല്ലാ അഥവാ ആരേലും വീണാൽതന്നെ മിക്കവാറും പൊട്ടിയും കാണും… സത്യം പറയെടാ… തേപ്പല്ലേ… ??? അതല്ലേ ജയാമ്മയിത്രയ്ക്ക് കലിപ്പാകുന്നേ… ??
അവൻ വല്ലാത്തയെന്തോ കണ്ടുപിടുത്തം നടത്തിയപോലെ എന്നെ നോക്കി. കാര്യം ഞാനും എന്റെ തന്തേനെ കുറ്റമൊക്കെ പറയുമെങ്കിലും പക്ഷേ ഇപ്രാവശ്യം എനിക്കുനല്ല കലിപ്പ് വന്നു. ഒന്നുമില്ലേലും എന്റച്ഛനെ പ്രേമിക്കാൻപോലും കൊള്ളുല്ലാന്നല്ലേ അവനാ പറഞ്ഞത്… ???
പോടാ നാറീ… എടാ മൈരേ… എന്റെ തന്തക്കാകെ ഒരൊറ്റ തേപ്പെ കിട്ടീട്ടുള്ളൂ… അതാണീ ഞാൻ… !!!. ഒറ്റ പ്രേമമേ ഉണ്ടായിട്ടുള്ളൂ… അതാണ് ഇപ്പഴാ അകതൊട്ടു പോയ മൊതല്… !!! കേട്ടോടാ പട്ടീ…
ഞാൻ എണീറ്റുനിന്ന് ഒറ്റ അലർച്ച. അതിന്റെ ഒച്ചയിത്തിരിയെന്നല്ല, നല്ലപോലെ കൂടുതലായിരുന്നൂന്ന് അമ്മയുടെ അലർച്ച അടുക്കളയിൽ നിന്ന് കേട്ടപ്പോഴാണ് മനസ്സിലായത്. ഓടിക്കോടാന്നൊന്നു പറഞ്ഞത് മാത്രമെനിക്കോർമയുണ്ട്. പറഞ്ഞു തീരും മുന്നേ ഞാൻ പറഞ്ഞ സത്യംകേട്ട് ഉണ്ടക്കണ്ണുംതള്ളിയിരുന്ന ആ നാറിയേം വലിച്ചോണ്ടു ഞാൻ മുറിയിലെത്തിയിരുന്നു… !!!.
(തുടരും)
ഹൃദയപൂർവ്വം
ജോ
Comments:
No comments!
Please sign up or log in to post a comment!